എസ്സ്.സുധീഷ്
Published: 8 August വിവര്‍ത്തനകവിത
വിശുദ്ധിയുടെ അപശ കുനങ്ങൾ
വില്യം ബ്ലേക്ക്
വിവർത്തനം: എസ്സ്.സുധീഷ്
വില്യം ബ്ലേക്ക്
വിവര്‍ത്തനം: എസ്സ്.സുധീഷ്
(നിഷ്‌കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവും ഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷില്‍ എഴുതപ്പെട്ട ആദ്യ തൊഴിലാളിവര്‍ഗ്ഗ കവിതയില്‍ വ്യാപിക്കുന്നത് നോക്കുക .ബ്ലേക്കിന്റെ കവിതയുടെ ഗൂഢ സൗന്ദര്യത്തിന്റെ ഇന്ധനം ഈ പീഡിത വര്‍ഗ്ഗ പക്ഷപാതമാണ് )
പ്രപഞ്ചത്തെ
ഒരു മണല്‍ത്തരിയില്‍
പറുദീസയെ ഒരു കാട്ടുപൂവില്‍
അനന്തതയെ നിന്റെ
കൈവെള്ളയ്ക്കുള്ളില്‍
അനശ്വരതയെ
ഒരു നാഴികയ്ക്കുള്ളില്‍
ഒതുക്കുമ്പോള്‍ ,
നെഞ്ചില്‍ ചുവപ്പടയാളം വീണ
കുഞ്ഞു കുരുവി
ഒരു കൂട്ടിനുള്ളില്‍
അടയ്ക്കപ്പെട്ടിരിക്കുന്നു
അത്
എല്ലാ അത്യുന്നതങ്ങളെയും
പിടിച്ചുലയ്ക്കുന്നു .
പെണ്‍ ചിറകുകളും ആണ്‍ചിറകുകളും
കൊത്തിപ്പിണയുന്ന
പ്രാവിന്‍ കൂടുകള്‍
എല്ലാ നരക മുഖങ്ങളെയും
വിറകൊള്ളിക്കുകയാണ്.
യജമാനഹര്‍മ്മ്യത്തിന്റെ കാവല്‍ നായ
വിശന്നുവെന്ത നാവുകൊണ്ട്
ഭരണകൂടത്തിന്റെ വിനാശം
പ്രവചിക്കുന്നു
തെരുവില്‍ മുറിവേറ്റുകിടക്കുന്ന
പീഡിതനായ കുതിര
മനുഷ്യ രക്തത്തിനായി
സ്വര്‍ഗസ്ഥാനങ്ങളെ നോക്കി
അലറി വിളിക്കുകയാണ്
വേട്ടയാടപ്പെട്ട
മുയല്‍ക്കൂട്ടങ്ങളില്‍ നിന്ന്
പൊട്ടിത്തെറിക്കുന്ന
ഓരോ മൃത്യുരോദനവും
ശരീരത്തില്‍ അള്ളിപ്പിടിക്കുന്ന
സിരാപടലത്തിന്റെ വേരുകളെ
ചിതറിച്ചു കളയുന്നു ;
ചിറകുകള്‍ മുറിച്ചു വീഴ്ത്തപ്പെട്ട
വാനമ്പാടി;
മാലാഖക്കുഞ്ഞുങ്ങളുടെ സംഗീതത്തെ
അതിശയിക്കുന്നു
ചിറകുകള്‍ വരിഞ്ഞു
ആയുധമണിയിച്ചു
യുദ്ധത്തിനായി ഇറക്കിവിട്ട
പോരുകോഴി
ഉദയസൂര്യനെ
ഭയവിവര്‍ണ്ണമാക്കുന്നു
ഗര്‍ജ്ജിക്കുന്ന
ഓരോ ചെന്നായയും സിംഹവും
നരകത്തില്‍ നിന്ന്
ഒരു മനുഷ്യാത്മാവിനെ ഉയിര്‍പ്പിക്കുന്നു
കാട്ടില്‍ അതുമിതും കടിച്ചു
ചുറ്റിത്തിരിയുന്ന കലമാന്‍
മനുഷ്യാത്മാവിനു
ഭയരഹിതമായ സഞ്ചാരങ്ങളുടെ
വനസ്ഥലികള്‍ കാണിച്ചു കൊടുക്കുന്നു
അയിത്തവല്‍ക്കരിക്കപ്പെട്ട
ആട്ടിന്‍കുട്ടിയില്‍ നിന്ന്
കലഹങ്ങള്‍ പ്രജനനം ചെയ്യപ്പെടുന്നു;
എന്നാല്‍ അറവുകാരന്റെ കത്തിക്ക്
പാപമോക്ഷം ലഭിക്കുന്നു.
സായാഹ്നമൊടുങ്ങുമ്പോള്‍
ചിറകടിച്ചു മറയുന്ന കടവാതില്‍
അവിശ്വാസത്തിന്റെ മസ്തിഷ്‌കഭാരത്തോടു
വിട പറഞ്ഞിരിക്കുന്നു ;
രാത്രികാലസന്ദര്‍ശകനായ കൂമന്‍
അവിശ്വാസികളുടെ ആകസ്മിക
ഭയവ്യാകുലതകളെപ്പറ്റി
സംസാരിക്കുന്നു .
ചെറു കിളികളെ
കൊന്നു വീഴ്ത്തുന്നവന്‍
പുരുഷന് അഹിത്യനാവുന്നു;
വണ്ടിക്കാളയുടെ വരിയുടയ്ക്കുന്നവനു
സ്ത്രീയുടെ പ്രണയം അസാധ്യമാവുന്നു;
തുമ്പികളെ കൊല്ലുന്ന വികൃതിചെക്കന്‍
ചിലന്തികളുടെ ആക്രമണത്തെ
ഭയക്കുന്നു ;
പ്രേതച്ചിറകുകളുമായി
അസ്വസ്ഥനായിമുരളുന്ന കരിവണ്ടിന്റെ
നിദ്രാരഹിതമായ രാത്രി,
ഒടുവില്‍,
അവനു ഒരു രതിശയനതല്പം
ഒരുക്കിവച്ചിരിക്കുന്നു.
ഇലത്തളിരിലെ ചിത്രശലഭപ്പുഴു
നിന്നോട്
നിന്റെ അമ്മയുടെ ദുഃഖങ്ങള്‍
ആവര്‍ത്തിച്ചു
പറഞ്ഞു കൊണ്ടിരിക്കുന്നു
മുട്ടയെയോ പുഴുവിനെയോ കൊല്ലരുത്
എന്തെന്നാല്‍ ,
അന്തിമ വിധിയുടെ ദിവസം
ആസന്നമായിരിക്കുന്നു ;
യുദ്ധത്തിനായി
സ്വന്തം കുതിരയെ തയ്യാറെടുപ്പിക്കുന്നവന്‍
ഒരിക്കലും
ധ്രുവക്കരടിയെ വീഴ്ത്തുന്നില്ല ;
യാചകന്റെ പട്ടിയും
വിധവയുടെ പൂച്ചയും :——
അവയെ തീറ്റുക;
നിങ്ങളുടെ ശരീരം തഴച്ചു വളരും.
ഈയാം പാറ്റകളുടെ
വേനല്‍ക്കാല ഗീതങ്ങളില്‍
അപവാദങ്ങളുടെ
വിഷം പുരണ്ട നാവുകള്‍;
വിഷപ്പാമ്പും തേളും
അസൂയയുടെ കാലുകളില്‍
മന്ത് പിടിപ്പിക്കുന്നു
കവിയുടെ അസൂയ
രാജകുമാരന്റെ അലങ്കാരവസ്ത്രങ്ങളും
ധനവാന്റെ നാണയക്കുടത്തിലെ
വിഷക്കുമിളുകളുമാവുന്നു;
അത് നിങ്ങള്‍ നിര്‍മിക്കുന്ന
പെരും നുണകളെക്കാള്‍ നീചമാവുന്നു;
അത് അങ്ങനെ ആകണം
എന്നതാണ് ശരി.
എന്തെന്നാല്‍ മനുഷ്യന്‍
സുഖ- ദുഃഖസങ്കലനമായി
ഭൂമിയില്‍ സംഭവിച്ചിരിക്കുന്നു
ഇക്കാര്യം നാം
ശരിക്കും ഉള്‍ക്കൊള്ളുമ്പോള്‍
ലോകജീവിതം
അപായരഹിതമായിത്തീരുന്നു
ആനന്ദവും സന്താപവും കൊണ്ട്
അഴകായി ഇഴതുന്നിയ
ഉടുവസ്ത്രമാണ്
ദൈവികാത്മാവിന്റേത്;
ഓരോ ദുരിതത്തിനും
സ്വപ്നഭംഗത്തിനും
താഴെ
ആനന്ദത്തിന്റെ കസവു നൂലിഴ
തുന്നിപ്പിടിപ്പിച്ചിരിക്കുന്നു
ഈ മാനവിക ഭൂതലത്തില്‍
വെളിപ്പെടുന്ന ശിശു
അതിനെ അണിയിക്കുന്ന
പട്ടുതൊങ്ങലുകളുടെ പ്രൗഢിയെ
അതിശയിക്കുന്ന പ്രപഞ്ചസ്പന്ദനമാണ് .
ഉപകരണ സാമഗ്രികള്‍
കരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്
എന്നാല്‍
നിര്‍മിതിയുടെ കരങ്ങള്‍
ബീജസംയോഗത്താല്‍
സംഭവിക്കുന്നതാകുന്നു.
ഓരോകണ്ണില്‍ നിന്നടരുന്ന
കണ്ണീര്‍ത്തുള്ളിയും
മൃത്യുഞ്ജയനായ ശിശു ആണെന്ന്
ഓരോ കര്‍ഷകനും അറിയുന്നു ;
അമ്മമാരുടെ പ്രകാശഗര്‍ഭമായ മനസ്സ്
ശിശുവിനെ മാറോടു പിടിച്ചു ചേര്‍ത്തു
അതിനെ
ചിദാനന്ദത്തിലേക്ക് ആശ്ലേഷിച്ചെടുക്കുന്നു
ആടിന്റെ കരച്ചിലും, നായയുടെ കുരയും,
പോത്തിന്റെ അമര്‍ച്ചയും,
സിംഹത്തിന്റെ അലര്‍ച്ചയും
സ്വര്‍ഗപദങ്ങളില്‍ ശബ്ദസ്‌ഫോടനം
സൃഷ്ടിക്കുന്നു
അധികാര ദണ്ഡിന്റെ പ്രഹരമേറ്റ ശിശു
മൃത്യുവിന്റെ ദേശപ്പരപ്പുകളില്‍
പ്രതികാരം
എഴുതിപ്പിടിപ്പിക്കുന്നു .
വായുവില്‍ പറന്നു മാറുന്ന
യാചകരുടെ ഉടുതുതുണികള്‍
സ്വര്‍ഗ്ഗരാജ്യഭിത്തികളെ വലിച്ചു കീറുന്നു .
വാത നീരു പിടിച്ച
തോക്കുകളും വാളുകളും ധരിച്ച
സൈനികര്‍,
വേനല്‍ സൂര്യനെതിരെ
വെടിയുതിര്‍ക്കുന്നു.
ദരിദ്രന്റെ വറചട്ടിയിലെ നാണയച്ചില്ലി
ആഫ്രിക്കന്‍ കരകളിലെ സ്വര്‍ണ്ണ
നിക്ഷേപങ്ങളെക്കാള്‍
മഹിമയാര്‍ന്നതാണ്
പണിയാളന്റെ കൈകളില്‍ നിന്ന് പിഴിഞ്ഞെടുത്ത
നാണ്യം കൊണ്ട്
ലുബ്ധനായ ധനവാന്‍
ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തുന്നു
അതുമല്ല, ധനവാന്‍ അത്യുന്നതങ്ങളില്‍ നിന്ന്
സംരക്ഷിക്കപ്പെടുന്നുവെങ്കില്‍
അവന്‍
രാജ്യത്തെയാകെ കച്ചവടം ചെയ്യുന്നു
ശിശുവിന്മേലുള്ള വിശ്വാസത്തെ
പരിഹസിക്കുന്നവര്‍
വാര്‍ധക്യത്തിലും മരണത്തിലും
പരിഹസിക്കപ്പെടും
ശിശുവില്‍ സംശയങ്ങള്‍ അഭ്യസിപ്പിക്കുന്നവര്‍
അഴുകിയ ശവക്കല്ലറയില്‍ നിന്ന്
ഒരിക്കലും
പുറത്തു കടക്കുകയില്ല;
ശിശുവിന്റെ മൗലികത്വത്തെ
ആദരിക്കുന്നവന്‍
നരകത്തേയും മരണത്തെയും
അതിജീവിക്കും
കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും
വൃദ്ധന്റെ യുക്തിചിന്തകളും
ഋതുദൂരങ്ങളില്‍ വിളയുന്ന ഫലങ്ങളാണ്
കുതന്ത്ര ശാലിയായ ചോദ്യകര്‍ത്താവിനു
ഒന്നിനും
ഉത്തരം നല്‍കാനാവില്ല
സംശയത്തിന്റെ വാക്കുകള്‍കൊണ്ട്
ഉത്തരംനിര്‍മ്മിക്കുന്നവന്‍
അറിവിന്റെ തീനാളം
ഊതിക്കെടുത്തുന്നു
എക്കാലത്തെയും
ഉഗ്ര മൃത്യുകാരിയായ വിഷം
സീസറിന്റെ
കിരീട പത്രക്കൊടിയില്‍ നിന്ന്
ഉല്പന്നമായതാണ് ,
യുദ്ധക്കവചത്തിലെ ഇരുമ്പു പട്ടകള്‍ പോലെ
ദൃഢതയാര്‍ന്ന മനുഷ്യരാശിയുടെ
രൂപച്ഛിദ്രം അസാദ്ധ്യമാണ്
ഉഴവുകാരന്റെ മഴുവില്‍
സ്വപ്നവും രത്‌നവും
ജ്വലിക്കുമ്പോള്‍
കവി അഹന്ത വെടിഞ്ഞു
എളിമയുടെ സംഗീതത്തിന്
തല കുനിക്കുന്നു
ഒരു സമസ്യ
അല്ലെങ്കില്‍
ഒരു പുല്‍ച്ചാടിയുടെ കരച്ചില്‍
സംശയങ്ങള്‍ക്ക് ഉചിതമായ ഉത്തരമാകുന്നു
ഇഞ്ചുകള്‍ മാത്രംനീളുന്ന കുഞ്ഞുറുമ്പിന്‍ നിരകളും
മൈലുകളോളം പറന്നു പരക്കുന്ന ഗരുഡന്‍ ചിറകുകളും
മുടന്തന്‍ തത്വചിന്തയെ പരിഹസിക്കുന്നു
കണ്ണുകള്‍ കൊണ്ട് അറിയുന്നതിനെ
സംശയിക്കുന്നവന്‍
നിങ്ങള്‍ക്ക് പ്രിയംകരമായതൊന്നിനെയും
വിശ്വാസത്തിലെടുക്കുകയില്ല
സൂര്യന്റെയും ചന്ദ്രന്റെയും അസ്തിത്വം
സംശയിക്കപ്പെട്ടു എന്നാല്‍
അവ പൊടുന്നനെ അപ്രത്യക്ഷമാകും
ഒരു തീക്ഷ്ണവികാരവായ്പില്‍
നിങ്ങള്‍
സ്വയമര്‍പ്പണം ചെയ്യുമ്പോള്‍
നിങ്ങള്‍ക്ക് നന്മ ചെയ്യാനാവും
പക്ഷെ ആസക്തി
സ്വാര്‍ത്ഥമാവുമ്പോള്‍
നന്മ നിങ്ങള്‍ക്കന്യമാവുന്നു
ഭരണകൂടത്തില്‍ നിന്ന് നിയമാനുമതി ലഭിച്ച
ചൂതാട്ടക്കാരനും അഭിസാരിണിയും
രാഷ്ട്രഭാവി നിര്‍ണ്ണയിക്കുന്നു
തെരുവുകളില്‍ നിന്ന്
തെരുവകളിലേക്കു പടര്‍ന്നിറങ്ങുന്ന
വേശ്യാവിലാപങ്ങള്‍
പൗരാണിക ഇംഗ്ലണ്ടിന്റെ
മൃതശരീരത്ത പുതപ്പിക്കുന്ന
ശവക്കച്ചയാവുന്നു
വിജയികളുടെ ഉന്മാദ ഘോഷങ്ങളും
പരാജിതരുടെ ശാപവിലാപങ്ങളും
ഇംഗ്ലണ്ടിന്റെ ശവവണ്ടിക്കു ചുറ്റും
നൃത്തം ചവിട്ടുന്നു .
ഓരോ രാവും പകലും
കുറേപ്പേര്‍ ദുരിതഗര്‍ഭങ്ങളില്‍
പിറന്നു വീഴുന്നു;
ചിലര്‍ സുഖസമ്പുഷ്ടമായ
സദാനന്ദത്തിലേക്കും
ചിലര്‍ അനന്തമായ അന്ധകാരത്തിലേക്കും
പിറന്നു വീഴുന്നു
സ്വന്തം കണ്ണുകളിലൂടെ
കാണാന്‍ കഴിയാതെ വരുമ്പോള്‍
ഒരു രാത്രിയില്‍ ജനിച്ചു
ഒരു രാത്രിയില്‍ മരിക്കുന്ന
പെരും നുണയുടെ
വിശ്വാസ വഴിയിലേക്ക്
നാം ആട്ടിത്തെളിക്കപ്പെടുന്നു
ആത്മാവ്
പ്രകാശ വലയങ്ങളില്‍ഉറങ്ങുമ്പോള്‍
ദൈവം
അമൂര്‍ത്താനുഭവമായി
പ്രത്യക്ഷമാവുന്നു
എന്നാല്‍
പകലുകളുടെ രാജ്യത്തില്‍
ഇരുട്ടില്‍ അധിവസിക്കുന്ന
ഏഴകളുടെ ആത്മാവിനു
ദൈവം
മനുഷ്യന്റെ മൂര്‍ത്തരൂപത്തില്‍
പ്രത്യക്ഷമാവുന്നു