
അനശ്വര പി പങ്കജ്
Published: 10 April 2025 കവിത
ചത്തു പോകില്ലെന്ന്

അടുക്കും തോറും അങ്കലാപ്പേറുന്നുണ്ടോ?
ഞാൻ ചവറു വാരുന്ന കുറ്റി ചൂലിൽ നിന്ന്
ഈർക്കിലികൾ വലിച്ചൂരി നിങ്ങൾ ജാവലിനുകളാക്കുന്നു.
ഞാൻ വീണ്ടും തെങ്ങേ കേറി,
പച്ച സത്യങ്ങളുടെ
ഉണങ്ങിയ ചരിത്രയോലകൾ
ചീന്തിയെടുത്ത് ചൂലിനു പണിയും.
എന്റെ കുടിയിൽ നീ കലാപങ്ങളുടെ കരച്ചിലോ, പ്രാർത്ഥനകളോ തിരഞ്ഞു വരുമ്പോൾ,
ഞാനവിടെ നിയമങ്ങളുടെ കാളിയായ്
നിന്റെ വാളിൽ തിയ്യാട്ട് നടത്തുന്നുണ്ടാവും.
ഉഴാവ് കൊണ്ട് വളർന്നവരോട് നുണകള് പറഞ്ഞ് നീ ബോധിപ്പിക്കും മുൻപ്, അവർ നിന്നെ മിഴാവ് കൊണ്ടുള്ള പാട്ടിന്റെ ഉണ്മകളിൽ കൊണ്ടിടും.
മണ്ണിനടീന്ന് നീ കൊന്നവർ വാക്കുകളായി പൊങ്ങിവരുന്നു.
ആണിയിട്ട് തളച്ചാൽ പോകുമെന്ന് നീ കരുതിയ
പ്രേതമല്ല,
അണികളായി ചേർന്ന് അലകളായ കലകളാണിന്നു
ഞങ്ങൾ.
എന്റെ കവിത സെൻസറ് ചെയ്തേക്കു.
കാലമിതു വായിച്ചു കഴിഞ്ഞു.
നീ പേടിച്ചതും വിയർത്തതും എന്റെ തലമുറ കണ്ടു കഴിഞ്ഞു.
നീ കൊന്നൊടുക്കൊമ്പോൾ,അടിച്ചമർത്തലും അടിമവേലയും തുടങ്ങുമ്പോൾ..
ചത്തു പോവാതിരിക്കാൻ ഞങ്ങൾ തിരിച്ചടിക്കുന്നു,
ആയുധം,തമ്മിൽ അൻപ് നിറക്കലാണ്!
ഭീരുക്കളല്ല അനുകമ്പയുള്ള കൈയൊപ്പുകളാണ് നാളെകൾ!
അടുക്കും തോറും അങ്കലാപ്പേറുന്നുണ്ടോ?
വെട്ടിച്ചുരുക്കാനാവില്ല വിപരീതങ്ങളെ !

അനശ്വര പി പങ്കജ്
മൂന്നാം വർഷ ബി എ ഇംഗ്ലീഷ് സാഹിത്യം തുഞ്ചത്തെഴുത്തച്ഛൻ കോളേജ്, എലവഞ്ചേരി, പാലക്കാട്

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്