കെ.കെ. ശിവദാസ്

Published: 10 April 2025 വിവര്‍ത്തനകവിത

എൻ്റെ നെഞ്ചിന് കാവലില്ല

ജൂപക സുഭദ്ര

വിവർത്തനം: കെ.കെ. ശിവദാസ്

(കൊങ്ങു നാബോച്ചെമിദ കാവലുണ്ടെ ബൊന്ത പൊഗ്ഗാദു ( എൻ്റെ നെഞ്ചിന് കാവലില്ല) എന്ന കവിതയുടെ ആശയാനുവാദമാണിത്.’ഈ സാരി കത്തിക്കൂ’ എന്ന മുഖ്യധാരാ ഫെമിനിസ്റ്റ് ജയപ്രഭയുടെ കവിതയോടുള്ള പ്രതികരണമാണ് ഈ കവിത. കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന ജൂപക സുഭദ്ര വാറങ്കലിലെ കാകതീയ സർവ്വകലാശാലയിൽ നിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഹൈദരാബാദ് സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയായിരുന്നു. തെലങ്കാനയിലെഗ്രാമീണാനുഭവങ്ങൾ കവിതകളിലും കഥകളിലും ആവിഷ്കരിച്ചു സാമൂഹ്യ സേവന രംഗത്തും ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെയും ദലിത് പ്രസ്ഥാനത്തിൻ്റെയും തെലങ്കാന മൂവ്മെൻ്റിൻ്റെയും ഭാഗമായിരുന്നു തെലുഗിലെ ഭൂമിക, മുൽകി, സോയി, നിഘ എന്നീ പ്രസിദ്ധീകരണങ്ങളിൽ നിരവധി കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

മൈസമ്മാദേവിയുടെ പുറപ്പാട് പോലെ വയറിനു ചുറ്റിയുള്ള മുന്താണി എൻ്റെ വിശപ്പിനെ പിടിച്ചു കെട്ടുന്നു.

വേല ചെയ്തു വിയർപ്പൊഴുകുമ്പോൾ ഇളം തെന്നൽപോലെൻ്റെ വിയർപ്പൊപ്പുന്നു.

നക്ഷത്രാലംകൃതമായ ചന്ദ്രനെപ്പോലവൾ തിളങ്ങുന്നു.

പച്ചക്കറിയും ധാന്യങ്ങളും മറ്റു വീട്ടുസാമാനങ്ങളും കെട്ടി മുന്താണിയിൽ കടത്തി, തലച്ചുമടെടുക്കുമ്പോൾ
വയലിൽ പണിയെടുത്ത് തളരുമ്പോൾ വെറും നിലത്ത് വിരിക്കാൻ കട്ടിയുള്ള ഷീറ്റാകുന്നു എൻ്റെ മുന്താണി

ദുഃഖങ്ങൾ കണ്ണിൽ നിന്ന് ആകാശത്തേക്ക് കണ്ണീരൊഴുക്കാനിടയാക്കുമ്പോൾ, നനഞ്ഞ മുന്താണി കണ്ണുകൾ തുടക്കുന്നു.
അമ്മയെന്ന പോൽ നെഞ്ചിൽ വെച്ച് എന്നോട് സംസാരിക്കുന്നു.

വെണ്ണക്കട്ടയെന്ന പോലെ,
കോപത്തോലോ ഇഷ്ടത്താലോ ഭർത്താവ് എൻ്റെ നേർക്കണയുമ്പോൾ
അയാളാദ്യം എൻ്റെ മുന്താണി കാണുന്നു.

മുന്താണി
അവൾ ഒരു തുണിക്കഷണം വീട്ടിനകത്തും പുറത്തും എന്നെ വലിച്ചിട്ടു വേദനിപ്പിക്കുന്ന പുരുഷൻ്റെ കയ്യാലുളള ആദ്യ അപകടം.

അളിഞ്ഞ മഴയിൽ തണുത്തുഗ്രമായ കടുവ
ചുടുകാറ്റിൽ തിളച്ചുമറിയുന്ന താപം
മുന്താണി എൻ്റെ മുഖവും ചെവികളും പൊതിയുന്നു.

കൊന്നപ്പൂ പോലെ എൻ്റെ മുകളിൽ കുടയാകുന്നു.
അവളെൻ്റെ മുടി തണുപ്പിക്കുന്നു

നിഴൽതരും മരം പോൽ
അവളെനിക്ക് സാന്ത്വനമേകുന്നു.

ഞാൻ വെള്ളം കൊണ്ടുവരുമ്പോൾ കുടത്തിന് താഴെയെൻ തലയിൽ അവൾ തെരികയാകുന്നു.

സ്റ്റൗവിൽ ചൂടുള്ള തുണിക്കഷണമായി
അവളെരിയുന്നു.

വയലിൽ പണിയെടുക്കുമ്പോൾ
മാടത്തിൽ പിടിച്ച മൺവിളക്കുപോൽ അവളെൻ്റെ കുഞ്ഞിനെത്താങ്ങുന്നു.

കുഞ്ഞ് ദിനം മുഴുവനും പൊടിയിൽ കളിക്കുന്നു

അവൾ കുഞ്ഞിൻ്റെ ദേഹത്തെ പൊടി വൃത്തിയാക്കുന്നു
പിറന്നുവീണ കുഞ്ഞിനെ പശു നക്കിത്തോർത്തും പോൽ അവളെന്നെച്ചുറ്റും.

മൂടുന്നുഓലക്കുടിൽ പോൽ പൊതിഞ്ഞ് ആർത്തവത്തിൻ്റെ ചുവപ്പ്

പാമ്പു നിശ്ചലംകുഴൽ വിളിക്കാരൻ്റെ പാട്ടിനനുസരിച്ച് നിൽക്കുമ്പോൽ അരക്കെട്ടിന് ചുറ്റും ദൃഢമായി ചുറ്റുന്നു മുന്താണി

പറിച്ചുനടുകയോ, വെട്ടുകയോ, കളപറിക്കുകയോ, മെതിക്കുകയോ എന്തു ചെയ്താലുമങ്ങനെ.തൊഴിലിലും പാട്ടിലും വീട്ടിലുമങ്ങനെ

കാലിലെ പ്പൊടി പോലെ അവൾ എന്നോടടുത്തവൾ
വിയർക്കുമ്പോഴും ഉറങ്ങുമ്പോഴും പണിയിലും വിശ്രമത്തിലും നിറവിലും പ്രയാസത്തിലും.

എൻ്റെ നെഞ്ചിനു ചുറ്റും പൊതിയാൻ അവൾക്കെവിടെ നേരം, അടിമയെപ്പോലെ നനഞ്ഞ് മുന്താണി നിറുത്താതെ പണിയിലാണ് എൻ്റെ നെഞ്ചിന് അവൾ കാവലല്ല എൻ്റെ ഹൃദയത്തിനു ഭാരവുമല്ല

അവൾക്കു ചീത്തപ്പേരുണ്ടാക്കും വിധം എനിക്കവളെപബ്ലിക്കായി ഉപേക്ഷിക്കാനാവില്ല അവൾക്ക് തീ കൊളുത്തിയാൽ
ഞാനെങ്ങനെ അതിജീവിക്കും?

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ubaid
Ubaid
10 days ago

ഓർമ്മയിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ ചില ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഈ കവിത ആ ദൃശ്യങ്ങൾക്ക് പിന്നിൽ ഒരു കഥയുണ്ട് . മനുഷ്യ ജീവിതത്തിൻ്റെ മൂകമായ ഒരു അവസ്ഥാവിശേഷം ‘അത് ഒരു അക്ഷരമായല്ല. ജീവതാളമായി മനസിലേക്ക് നേരെ ഒഴുകി വരുന്നു. ലളിതമായ വാക്കുകൾ ‘ഒരു ജീവിതം പോട്ടേയിറ്റ് പെയിൻ്റിം പോലെ എന്തെല്ലാമോ ഇനിയും കണ്ടെത്താൻ വായനക്കാരനെ ഫുൾ സ്റ്റോപ് ഇടാതെ വെച്ച് മനോഹരമാണ് ‘ എഴുതിയവർക്കും മാസികയ്ക്കും പൂണ്ടെണ്ടുകൾ

1
0
Would love your thoughts, please comment.x
()
x
×