ജൂലി ഡി എം

Published: 10 April 2025 ട്രോൾ വിമർശനം

കപട ദേശീയതയും എസ് സിതാരയുടെ ‘ശത്രുവും’

മതദേശീയതയും മുതലാളിത്തവും സാമ്രാജ്യത്വവും കൂട്ടുകക്ഷിയാവുകയും അധികാരമുറപ്പിക്കാനും പണം കുന്നു കൂട്ടാനുമുള്ള ഭരണകക്ഷിയാവുകയും ഔദ്യോഗികമായി തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുമ്പോൾ, അപരമത- ദേശീയ തീവ്രവാദ പ്രവർത്തനങ്ങൾ

അനൗദ്യോഗികമായി ലോകമെമ്പാടും ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. ഭരണകൂടങ്ങൾ ദേശീയമായും പ്രാദേശികമായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും വമ്പൻ കോർപ്പറേറ്റുകൾ അതിനു ധനസഹായം ചെയ്യുകയും ചെയ്യുന്ന കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഓൺലൈൻ ഗെയിമുകളും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഇരകളെ കണ്ടെത്തുന്ന വേദികളാവുകയും ചെയ്യുന്നുണ്ട്. മത ദേശീയതയ്ക്ക് വേണ്ടി കൃത്യമായി ഫണ്ടിംഗ്  നടത്തി തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കപ്പെടുന്ന തൊഴിൽരഹിതരായ ചെറുപ്പക്കാരെ,”മുകളിൽ” നിന്നുള്ള നിർദ്ദേശപ്രകാരം ഇരയായി തിരഞ്ഞെടുക്കപ്പെട്ടവന്റെ അടുക്കലേക്ക് സ്വന്തം ഭാര്യയെ കാമുകിയാക്കി തീവ്രവാദ പ്രവർത്തനത്തിന് പറഞ്ഞയക്കുന്ന ഭർത്താവിനെ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട “അമ്മി”യെ കാത്ത് ക്യാമ്പിൽ കഴിയുന്ന കുഞ്ഞുങ്ങളെ, ആരൊക്കെയോ തയ്യാറാക്കി നിയന്ത്രിക്കുന്ന ഓൺലൈൻ ഗെയിമിലെ സ്വേച്ഛകൾ  നടപ്പാക്കാനാവാത്ത കളിക്കാരെ,അഭയാർത്ഥികളാക്കപ്പെടുന്ന അശരണരായ മനുഷ്യരെ-

ഒപ്പിയെടുത്തവതരിപ്പിക്കുന്ന കഥയുടെ സാറ്റലൈറ്റ് കാഴ്ചയാണ് ദേശാഭിമാനിയിൽ (ഫെബ്രുവരി 16, 2025) വന്ന എസ് സിതാരയുടെ ‘ശത്രു.’ കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്ന ചോയ്സുകൾ നൽകി ആരോ ചമച്ച ഓൺലൈൻ ഗെയിമിലെ യഥാർത്ഥ മനുഷ്യ ജീവിതങ്ങളായി മാറുന്ന, ആരോ കാണിച്ചുതന്ന ശത്രുവിനെ ശത്രുവായി സ്വീകരിച്ച് യുദ്ധം ചെയ്ത് ജയിക്കേണ്ട അവസ്ഥയിലുള്ള രണ്ടു മനുഷ്യ ജീവിതങ്ങളെയാണ് ശത്രു എന്ന കഥയിൽ സിതാര അവതരിപ്പിക്കുന്നത്. ആർക്കോ ജയിക്കാൻ വേണ്ടി തയ്യാറാക്കിയ ഗെയിമിൽ, സ്നേഹം ഭാവിച്ച് ,ചതിയും വഞ്ചനയും മൂലധനമാക്കി, കപട ദേശീയതയ്ക്ക് വേണ്ടി രണഭൂമിയിൽ ഇറങ്ങുന്ന യോദ്ധാക്കളായി ഭവീഷും മെഹക്കും മാറുന്നു.പണം കൊടുത്ത് തൊഴിൽരഹിതരും അശരണരുമായ

മനുഷ്യ ജീവിതങ്ങളെ വിലയ്ക്ക് വാങ്ങുകയും മതദേശീയതയ്ക്കും അതിനെ നിലനിർത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്ന ആഗോളവ്യാപകമായ കാഴ്ചകളെ കഥ വരച്ചിടുന്നു.

ശത്രു എന്ന നിർമ്മിതി

രണ്ട് രാജ്യത്തെ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത മതത്തിൽപ്പെട്ട ഒരാണിന്റെയും പെണ്ണിന്റെയും പ്രണയകഥ പറയുന്ന മട്ടിൽ ആരംഭിക്കുന്ന കഥ

ഉദ്വേഗജനകമായ സംഭവ വികാസങ്ങളിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

കൊടുമുടികൾക്കിടയിൽ വിളറിയ തൂവൽ പോലെ പൊഴിഞ്ഞു കിടക്കുന്ന ഭൂമിയുടെ ഒരു കഷ്ണം ആയിരുന്നു മെഹക്കിന്റെ നാട്. മഞ്ഞിന്റെ തുണ്ടുകൾ വെയിൽ പോലെ ചിന്നുന്ന വിളറിയ പുഴകൾ, കരിങ്കൽ ചീളുകൾ കൊണ്ടുണ്ടാക്കിയ പതിഞ്ഞ വീടുകൾ, സ്നേഹത്തിന്‍റെ കാറ്റുപിടിച്ച ജലനൗകകൾ ഒക്കെയുള്ള വർഷത്തിൽ എല്ലാ മാസവും തണുപ്പുള്ള ഒരു നാട്ടിലാണ് അവൾ ജനിച്ചു വളർന്നത്.അവിടെ നിന്നാണ് ഒരു ഓൺലൈൻ ഗെയിമിലൂടെ ഒരു അന്യ രാജ്യക്കാരനുമായി പ്രണയത്തിലായി ആദ്യം നേപ്പാളിലേക്കും അവിടെ നിന്ന് വിസ ഒപ്പിച്ച് അവന്റെ നാട്ടിലേക്കും അവൾ എത്തുന്നത്.പണ്ട് പബ്ജി കളിയിൽ നിന്നും തട്ടിക്കൂട്ടിയ ഹിന്ദി വെച്ചാണ് ഭവീഷ് അവളോട് സംസാരിച്ചിരുന്നത്; മെഹക്കാകട്ടെ ഉറുദുവിലും. അവളുടെ രാജ്യത്തിന്റെ പേര് കേട്ടപ്പോൾ സത്യത്തിൽ ആദ്യം ഒന്ന് ഞെട്ടി എന്ന് പറയുന്ന അവനോട് രാജ്യത്തിന്റെ പേര് കേട്ട് ഇത്ര ഞെട്ടാനെന്തിരിക്കുന്നു എന്ന് അവൾ തിരിച്ചു ചോദിക്കുന്നു. പതിനേഴാം വയസ്സിൽ വിവാഹിതയായെങ്കിലും

ഭർത്താവിന്റെ ഉപദ്രവം കാരണം അയാളിൽ  നിന്നും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ ഒഴിഞ്ഞുപോയ ഭർത്താവ് വീണ്ടും അയാളോടൊപ്പം പോകാൻ വേണ്ടി ശല്യപ്പെടുത്താൻ തുടങ്ങിയെന്നും  പഞ്ചായത്തിൽ നിന്നും അയാൾക്ക് അനുകൂലമായി വിധി വന്നുവെന്നും  അവൾ അവനോട് പറയുന്നു. ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ അയാളുടെ കൈകൊണ്ടുള്ള മരണം ഇതാണ് അവളുടെ മുന്നിലുള്ളതെന്ന് കേൾക്കുമ്പോൾ എങ്ങനെയെങ്കിലും നേപ്പാളിലെത്താൻ അവൻ പറയുന്നു. കുറച്ചു ദിവസങ്ങളിലെ യാചനകൾ, നിരാസങ്ങൾ, സംശയങ്ങൾ എന്നിവയ്ക്കൊടുവിൽ അവൾ വീട് വിട്ടുറങ്ങുന്നു.ഒന്നരമാസത്തെ അഭയാർത്ഥി യാത്രകൾക്കൊടുവിലാണ് അവർ ഒന്നിച്ചത്. ഇപ്പോഴും പ്രതിസന്ധികളും അപകടങ്ങളും ഒഴിഞ്ഞിട്ടില്ല

അത്യാവശ്യമായി ഒരു യാത്ര പോകാനുണ്ടെന്ന് പറഞ്ഞ് ധൃതിപ്പെട്ട് ഇറങ്ങിയ “പണിയും തൊരവും” ഇല്ലാത്ത

മകൻ ആഴ്ചകൾക്ക് ശേഷം ഭാര്യ എന്നും പറഞ്ഞ് അന്യരാജ്യക്കാരിയും അന്യമതക്കാരിയുമായ ഒരുവളെയും കൂട്ടി വന്നതു കണ്ടു കൗസുവമ്മ എന്ന ഭവീഷിന്റെ അമ്മ അരിശപ്പെടുന്നു.നേപ്പാളിലെ അമ്പലത്തിൽ പോയി മംഗലം കഴിച്ചിട്ടാണ് നാട്ടിലേക്ക് വന്നത് എന്ന മകന്റെ വാദമൊന്നും അവരിൽ ഏശിയില്ല.

 അവൾ ശത്രു രാജ്യക്കാരിയാണെന്നും നാട്ടിൽ വേറെ മാപ്ലയും കുട്ട്യോളുമുണ്ടെന്നും രഹസ്യം ചോർത്താൻ വന്ന ചാരത്തിയാണെന്നുമൊക്കെ നാട്ടുകാർ പറയുന്നത് കേട്ട് അവർ അന്തംവിട്ടിരിപ്പാണ്. നാട്ടിലെ ചൂടും ഭക്ഷണരീതിയുമൊന്നും തീരെ പിടിക്കാതെ കൂനിക്കൂടിയിരിപ്പാണ് മിക്കപ്പോഴും മെഹക്ക്. അവളെ സന്തോഷിപ്പിക്കാൻ അവളുടെ രുചികൾ യൂട്യൂബിൽ തിരഞ്ഞ് അതൊക്കെ അവൻ ഏർപ്പാടാക്കി കൊടുക്കുന്നുണ്ട്.

അനധികൃതതാമസക്കാർ ഉണ്ടെന്ന പരാതിയിന്മേൽ അന്വേഷിക്കാനെത്തുന്ന പോലീസുകാരന്റെ ജാതകവും രാഷ്ട്രീയവും ചികഞ്ഞെടുത്തതിനു ശേഷം പറയുന്ന, “മറ്റൊരു നാട്ടിലെ വേറെ സംസ്കാരത്തില് വളർന്ന ഒരു പെണ്ണിനെ നമ്മുടെ രാജ്യത്തിന്റെ തനത് സംസ്കാരത്തിലേക്ക് കൊണ്ടുവരാനായത് നല്ലൊരു കാര്യമല്ലേന്ന് ഞാനും കരുതി.” എന്ന അവന്റെ വാക്കുകൾ ശരിക്കും ഉന്നത്തിൽ തന്നെ കൊള്ളുന്നു.

“നാട്ടില് കൊറേ നല്ല നല്ല അമ്പലങ്ങള് ണ്ടല്ലോ, ഓളേം കൂട്ടീറ്റ് പോയി വാ. നാട്ടുകാർക്കും ഒരു സമാധാനാവട്ടെ. മനസ്സിലായിനോ?”എന്ന പോലീസുകാരന്റെ വാക്കുകൾ അവനിൽ ആശ്വാസവും ആത്മവിശ്വാസവും നൽകുന്നു.രാത്രി കിടക്കുമ്പോൾ ഇടയ്ക്ക് കറണ്ട് പോയപ്പോൾ ചൂടെടുത്ത് ചാടിയെണീറ്റ് മെഹക്ക് എന്തോ പ്രാക്ക് പഷ്തോയിൽ ഉരുവിടുമ്പോൾ അറിയാതെ പോലും

പഷ്തോയിൽ ഒരു വാക്ക് പോലും മിണ്ടരുതെന്ന് അവൻ വിലക്കുന്നു.

നാട്ടുകാരുടെ മുന്നിൽ അവൾ ഉർദു മാത്രം അറിയാവുന്ന നേപ്പാളിയാണെന്ന കാര്യം മറക്കരുതെന്ന് അവൻ താക്കീത് ചെയ്യുന്നു. പിന്നീട്, അവൾ ഗാഢനിദ്രയിലായി എന്ന് ഉറപ്പുവരുത്തിയശേഷം

മുറിക്കപ്പുറത്തുള്ള ചായ്പ്പിലേക്കാണ് ഭവീഷ് പോകുന്നത്.

മേശപ്പുറത്തായി പഴയൊരു

ടേപ്പ് റെക്കോർഡറിന്റെ സ്ക്രൂകൾ ഇളക്കിമാറ്റി ഒരുക്കിവെച്ച ആശയവിനിമയ യന്ത്രത്തിലേക്ക് ആദ്യത്തെ സിഗ്നൽ

വരുമ്പോൾ അവൻ എണീറ്റുപോയി അവൾ ഉറങ്ങുകയാണെന്ന കാര്യം ഒന്നു കൂടി ഉറപ്പിക്കുന്നു.മെഹക്കിനോട്

തപ്പിത്തടഞ്ഞ് ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന ഭവീഷ് എതിർവശത്തുള്ള ആളോട് സ്ഫുടമായ ഉറുദുവിൽ സംസാരിച്ചു തുടങ്ങി.അവസാനം മിഷൻ കഴിഞ്ഞ് നിങ്ങൾ ഇങ്ങോട്ട് വരുന്നതുവരെ, അല്ലെങ്കിൽ അവൾ അവിടെ

ചിതറിത്തീരുന്നതുവരെ, നല്ല കരുതൽ വേണമെന്ന മറുപുറത്തെ നിർദ്ദേശങ്ങൾ അവൻ ശ്രദ്ധയോടെ മൂളി കേൾക്കുന്നു. അവന്റെ യൂട്യൂബ് ചാനൽ ലൈവ് ആക്കി അവളെയും കൂട്ടി ആരാധനാലയങ്ങളിൽ പോകുന്നതടക്കമുള്ള ഫാമിലി വ്ലോഗുകൾ ചെയ്യാനും അവൾക്ക് മാക്സിമം വിസിബിലിറ്റി കൊടുക്കാനും നിർദ്ദേശിക്കപ്പെടുന്നു. ഭർത്താവിന്റെ രാജ്യത്തെ സംസ്കാരത്തെ നെഞ്ചിലേറ്റി പുണരുന്ന ആദർശ സ്ത്രീയാക്കി സോഷ്യൽ മീഡിയ വഴി അവതരിപ്പിക്കുക എന്ന ദൗത്യത്തോടൊപ്പം മിഷൻ കംപ്ലീറ്റ് ആക്കാനുള്ള ശ്രമവും അവൻ നടത്തണം.”അവളുടെ മുഖം എത്രത്തോളം ജനങ്ങൾക്ക് പരിചിതമാകുന്നുവോ, അവൾ ചെയ്യാൻ പോകുന്നതിന്റെ ആഘാതം അത്രയും കൂടും. ഒപ്പം അവളുടെ രാജ്യത്തോടുള്ള വെറുപ്പും. ഇരുനാടുകൾക്കും ഇടയിലെ സംഘർഷം കൂട്ടാൻ അത് മതി. അതാണ് എന്നെയും നിന്നെയും ഒക്കെ ഫണ്ട് ചെയ്യുന്ന മുകളിലുള്ളവരുടെ ലക്ഷ്യവും. എല്ലാം ശരിക്ക് നടന്നാൽ, അല്ലെങ്കിൽ പരാജയപ്പെട്ടാൽ തന്നെ, നിന്റെ സുരക്ഷയ്ക്കും പിന്നീടുള്ള സുഖ ജീവിതത്തിനും വേണ്ടതെല്ലാം അവർ ചെയ്യും.” എന്ന നിർദ്ദേശങ്ങളും മോഹന വാഗ്ദാനങ്ങളും അവന് ലഭിക്കുന്നു. തിരിച്ചു വന്ന് മുറിയിൽ അടച്ചുവെച്ച ജീരകവെള്ളം എടുത്ത് കുടിച്ച്

മെഹക്കിനരികിൽ അവളുടെ ദേഹത്ത് കൈ ചേർത്ത് കിടക്കവെ അവന് പൊള്ളുന്നു.അവളോട് സഹതാപം തോന്നുന്ന സ്വന്തം തലയിലെ ചിന്തകളെ അവൻ കുടഞ്ഞെറിയുന്നു “എന്റെ മാത്രം രാജ്യത്തിന്റെ മാനം ഉയർത്താൻ ഞാനെന്ന എനിക്ക് ഞാൻ തന്നെ നൽകുന്ന സമ്മാനം. കിട്ടാൻ പോകുന്ന അനേകായിരം സ്വർഗ്ഗരാജ്യങ്ങളുടെ താക്കോൽ മാത്രമാണ് കത്തിച്ചിതറാൻ പോകുന്ന ഈ ശരീരം.” എന്ന് അവൻ സമാധാനിക്കുന്നു.അവൻ മയക്കത്തിലേക്ക് വീഴുമ്പോൾ അവൾ കണ്ണു തുറക്കുന്നു.തിരിഞ്ഞു കിടന്നുറങ്ങുന്ന അവന്റെ തലമുടിയിൽ പതുക്കെ തലോടുന്ന അവളുടെ വിരലുകൾ ക്രമേണ ആ മുടിയിഴകൾ

അറപ്പോടെ മുറുക്കി ചുഴറ്റുന്നു. പല്ല് കടിച്ച് കൊണ്ട് അവള്‍ “ സാലാ” എന്നു വിളിക്കുന്നു.അവനെ ഒരു ചത്ത പാറ്റയെ എന്നോണം ,കിടക്കയിലേക്ക് വശം മറിച്ചിടുമ്പോഴും കുടിച്ച ജീരകവെള്ളത്തിൽ ചേർത്ത തുള്ളിമരുന്ന്

വീര്യം കാട്ടിത്തുടങ്ങിയതിനാൽ അവനതൊന്നും അറിയുന്നില്ല. പുറത്തിറങ്ങി പകുതി പൊളിഞ്ഞ മൂത്രപ്പുരയ്ക്കകത്തു കയറി കാതിൽ അണിഞ്ഞിരുന്ന നക്ഷത്ര കമ്മൽ അഴിച്ച് ചെവിയിൽ വയ്ക്കുമ്പോൾ “മലയാളിയെ സ്നേഹിച്ച നേപ്പാളി പെൺകുട്ടീ” എന്ന വിളി മൈക്രോഫോണിലേക്ക് ഒഴുകിവരുന്നു. “കാര്യങ്ങളൊക്കെ എങ്ങനെയുണ്ട് ?” എന്ന ചോദ്യത്തിന് “കാര്യങ്ങളൊക്കെ നന്നായി പോകുന്നു.” എന്ന് മലയാളത്തിൽ തന്നെ അവൾ മറുപടി പറയുന്നു. പിന്നീട്

അവൾ അവളുടെ ഭാഷയായ പഷ്തോയിലേക്ക് മാറുന്നു.”അവൻ വിചാരിച്ചതിനേക്കാൾ ബുദ്ധിയുള്ളവനാണ്.ഒരുവിധത്തിലും സംശയത്തിനിട കൊടുക്കരുത്. അവന്റെ കണ്ണിൽ നീ നിന്റെ തന്നെ രാജ്യം ഉപയോഗിക്കാൻ പോകുന്ന ഒന്നുമറിയാത്ത ബലിയാടാണ്.അത് അങ്ങനെ തന്നെ വേണം ” എന്ന സ്വന്തം ഭർത്താവിന്റെ നിർദ്ദേശങ്ങൾ അവൾ മൂളി കേൾക്കുന്നു.തനിക്ക് ആ ബോറന്റെ കൂടെയുള്ള പ്രണയ നാടകം മടുത്തു എന്ന്

അവൾ പറയുമ്പോൾ “ഒരു രാജ്യസ്നേഹി അങ്ങനെ പറഞ്ഞുകൂടാ…. ഇത് നമ്മുടെ മിഷന്റെ ഭാഗമാണ്.”എന്നയാൾ താക്കീത് ചെയ്യുന്നു.”അവനെ അവന്റെ തന്നെ രാജ്യത്തിനെതിരായി നാം ചിതറി വീഴ്ത്തും. അവന്റെ രാജ്യദ്രോഹിപ്പട്ടം ഉറപ്പിക്കാനായി നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന നിരവധി തെളിവുകൾ യാദൃശ്ചികം എന്നോണം ഓരോന്നായി പുറത്തു വരുമ്പോൾ ഒരു രാജ്യത്തിന്റെ വിശ്വാസം ഒന്നാകെ തകരും. പകയോടെ, സംശയത്തോടെ, അവർ പരസ്പരം നോക്കും.നമ്മൾ ജയിക്കും.”

തങ്ങളുടെ മിഷൻ വിജയിക്കുമെന്ന കാര്യത്തിൽ അയാൾക്ക് സംശയമില്ല.

കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നും ക്യാമ്പിൽ ഉണ്ടെന്നും അവരുടെ അമ്മി വരുന്നത് കാത്തിരിക്കുകയാണെന്നും അയാൾ കൂട്ടിച്ചേർക്കുന്നു. സംഭാഷണം അവസാനിപ്പിച്ച് തിരികെ വന്ന് ആർക്കൊക്കെയോ വേണ്ടി പരസ്പരം വഞ്ചിച്ച്, പകയുടെ കൊടിയണിഞ്ഞ രണ്ട് രാജ്യങ്ങളായി, നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ വേണ്ടി, പിന്നീടപ്പോഴോ പൊട്ടിത്തെറിക്കേണ്ട ശരീരങ്ങളായി അവർ പുണർന്നു കിടന്നുറങ്ങുമ്പോൾ കഥ അവസാനിക്കുന്നു.

കഥയുടെ സാറ്റലൈറ്റ് കാഴ്ച

 ലോകം അഭിമുഖീകരിക്കുന്ന ഒരു ആഗോള പ്രശ്നത്തിന്റെ സാറ്റലൈറ്റ് കാഴ്ചകളാണ് ശത്രു എന്ന കഥയിലൂടെ സിതാര വായനക്കാർക്ക് കാണിച്ചു തരുന്നത് വ്യക്തത കിട്ടാൻ വായനക്കാർ കഥയെ സൂം ചെയ്തു നോക്കേണ്ടിവരും.അങ്ങനെ സൂം ചെയ്തു നോക്കുമ്പോൾ ആദ്യം കാണുന്നത് ഭവിഷും മെഹക്കും കൗസുമ്മയും നിറയുന്ന കാഴ്ചകൾ ആയിരിക്കും.എന്നാൽ വിശാലമായി ചിന്തിക്കുന്നവർക്ക് മത ദേശീയതയെയും ആഗോള സാമ്രാജ്യത്വത്തെയും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന മുതലാളിത്തത്തെയും കാണാൻ സാധിക്കും.ഇരയാക്കപ്പെടുന്ന മനുഷ്യരും അവരെ ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്ന മനുഷ്യനിർമ്മിത ദുരന്തങ്ങളും മാത്രം മാധ്യമ വാർത്തകളിലും ചാനൽ ചർച്ചകളിൽ നിറയുമ്പോൾ യഥാർത്ഥ

ബുദ്ധികേന്ദ്രങ്ങളും നടത്തിപ്പുകാരും അടുത്ത ദുരന്തം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും.

കൊല്ലാനും കൊല്ലപ്പെടാതിരിക്കാനുമായി കളിക്കുന്ന ഓൺലൈൻ ഗെയിമിലെ കളിക്കാരായി തൊഴിൽരഹിതരും പൗരത്വം ഇല്ലാത്തവരും പട്ടിണിയിലായവരും മാറുന്ന ജീവിതക്കാഴ്ചകളാണ് ‘ശത്രു’വിൽ ഉള്ളത്. “മുകളിൽ” നിന്നുള്ള നിർദ്ദേശപ്രകാരം സാധ്യമായ അനേകം ഇരകളിൽ

നിന്ന് അരിച്ചെടുത്ത ഏറ്റവും അനുയോജ്യനായ ഇരയെ കണ്ടെത്തി ഇരയെന്ന് അവൻ കരുതുന്ന വേട്ടക്കാരിക്കരികിലേക്ക് സ്വാഭാവികമായി എത്തിക്കാനുള്ള ചരട് വലികൾ, ഒരു ഇഴയും വിട്ടു പോകാതെ നെയ്തെടുക്കപ്പെട്ട പശ്ചാത്തലങ്ങൾ, അതിനായുള്ള യാത്രകൾ എന്നിവയൊക്കെ ഓൺലൈൻ ഗെയിമുകളിലെ വിവിധ ലെവലുകളെ അനുസ്മരിപ്പിച്ചുകൊണ്ട് കഥയുടെ കാഴ്ചകളാകുന്നു.കഥയിൽ നാം ആദ്യം കാണുന്ന ഭവീഷിനെയൊ

മെഹക്കിനെയൊ അല്ല കഥാവസാനത്തിൽ  കാണാൻ കഴിയുന്നത്.വ്യത്യസ്ത രാജ്യങ്ങളിലുള്ള വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത സാംസ്കാരിക-ജീവിത പരിസരങ്ങളിൽ ഉള്ള രണ്ടുപേരുടെ മാനസിക വ്യാപാരങ്ങളും സാറ്റലൈറ്റ് ചിത്രത്തിൽ എന്നപോലെ തെളിഞ്ഞും മങ്ങിയും അനാവൃതമാകുന്നു.

കഥാനിർമ്മാണ കൗശലം

 ആനുകാലികങ്ങളിൽ വരുന്ന മികച്ച കഥകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറാണ് പതിവ്. എന്നാൽ അങ്ങനെ ചർച്ചയായ കഥയല്ല സിതാരയുടെ ‘ശത്രു.’ കാലിക പ്രസക്തിയുള്ള പ്രമേയം, ആവിഷ്കരണത്തിലെ പുതുമ, ഉദ്വേഗം നിറഞ്ഞ അന്തരീക്ഷസൃഷ്ടി, സ്വഭാവികമായ സംഭാഷണങ്ങൾ, ഭാഷയിലും അവതരണത്തിലുമുള്ള തികഞ്ഞ കയ്യടക്കം എന്നിവയിലൂടെ മലയാള കഥയിലെ തന്റെ സ്ഥാനം ഇളക്കം തട്ടാതെ ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട് കഥാകാരി.വളരെ നിഷ്കളങ്കമായ ഒരു പ്രണയകഥ എന്ന മട്ടിൽ പറഞ്ഞു തുടങ്ങുന്ന കഥ അവസാനം എത്തുമ്പോഴേക്കും സംഭ്രമജനകമായ അന്തരീക്ഷത്തിലേക്ക് അടിമുടി മാറുന്ന കാഴ്ചയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്.കഥയിൽ നായകനെക്കാൾ ഒരു പടി മുന്നിലാണ് നായിക.നായകന് അവൾ ഇരയാണെന്നേ അറിയാവൂ. എന്നാൽ അവൾക്ക് അവൻ തന്നെ ഇരയാക്കാൻ വന്നവനാണെന്ന കാര്യം കൃത്യമായി അറിയാം.തന്നെ ഇരയാക്കാൻ വന്നവനെ, അവന്‍റെ തന്നെ രാജ്യത്തിനെതിരെ ചിതറിത്തെറിപ്പിക്കേണ്ട ദൗത്യമാണ് അവൾക്ക് നിറവേറ്റേണ്ടത്.അങ്ങനെ ഒരു ദൗത്യത്തിനായി തന്നെ നിയോഗിച്ചവരാൽ താൻ ഉപയോഗിക്കപ്പെടുകയല്ല എന്ന് ഉറപ്പുവരുത്തും വരെ തനിക്ക് കാത്തിരിക്കേണ്ടതുണ്ട് എന്ന സ്വയം കരുതൽ അവൾ എടുക്കുന്നുമുണ്ട്.എന്നാൽ താൻ ഇരയാക്കപ്പെടുമെന്നോ ഉപയോഗപ്പെടുമെന്നോ ഉള്ള ചിന്ത നായകന് വരുന്നില്ല.ആരൊക്കെയോ നിശ്ചയിച്ച് പ്രാവർത്തികമാക്കുന്ന മിഷന്റെ ഭാഗമായി പോകുമ്പോഴും ഉള്ളിൽ വെറുപ്പും അറപ്പും സൂക്ഷിക്കുമ്പോഴും പരസ്പരം വഞ്ചിച്ച് പകയുടെ കൊടിയണിഞ്ഞ അതിർത്തികൾ രഹസ്യമായി കാക്കുമ്പോഴും എപ്പോഴൊക്കെയോ സ്നേഹിക്കുകയും കാമിക്കുകയും സഹതപിക്കുകയും ചെയ്യുന്നുണ്ടവർ.ഭാഷയുടെയും ദേശത്തിന്റെയും അതിർത്തി കടന്നുള്ള പ്രണയകഥ ചതിയുടെയും വഞ്ചനയുടെയും കയ്പ്പ് നിറച്ച്, അപരമത വിദ്വേഷം ആളിക്കത്തിക്കുന്ന കപട ദേശീയതയ്ക്ക് നേർക്ക് വായനക്കാരുടെ കണ്ണുതുറപ്പിക്കും.അരക്ഷിതരും പൗരത്വമില്ലാത്തവരും തൊഴിൽരഹിതരുമായ മനുഷ്യരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന “മുകളിലുള്ളവർ” ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ പ്രത്യക്ഷപ്പെടാത്തതു പോലെ കഥയിലും പ്രത്യക്ഷപ്പെടുന്നില്ല.ആരൊക്കെയോ നിർമ്മിച്ചു നിയന്ത്രിക്കുന്ന ഓൺലൈൻ ഗെയിമിലെ റിവാർഡിനു വേണ്ടി കളിക്കുന്ന, കൊന്നും നശിപ്പിച്ചും നേടുന്ന കളിക്കാരെ പോലെ യഥാർത്ഥ ജീവിതത്തിൽ കൊല്ലാനും കൊല്ലപ്പെടാതിരിക്കാനുമായി ചതിയും വഞ്ചനയും മൂലധനമാക്കി ആർക്കൊക്കെയോ വേണ്ടി അപകടകരമായ ഗെയിമിൽ ഏർപ്പെടുന്നവരായി മനുഷ്യർ മാറുന്ന കാഴ്ചയാണ് ‘ശത്രു’വിലുള്ളത്.ആഗോള പ്രസക്തിയുള്ള ഒരു വിഷയം തന്മയത്വത്തോടെ  അവതരിപ്പിക്കുന്ന ഈ കഥ വലിയ വായന അർഹിക്കുന്നുണ്ട്.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Rajani Vellora
Rajani Vellora
10 days ago

Good review💜

1
0
Would love your thoughts, please comment.x
()
x
×