
ജൂലി ഡി എം
Published: 10 May 2025 ട്രോൾ വിമർശനം
മലയാളിയുടെ കാല്പനിക പ്രണയ സങ്കല്പത്തെ തലതിരിച്ചിട്ട, സരസ്വതിയമ്മയുടെ പ്രേമഭാജനം
നിലവിലെ വ്യവസ്ഥയെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന ഒരു നോവൽ രചിക്കുക. മലയാള നോവലിൽ അന്നോ ഇന്നോ കണ്ടുമുട്ടാൻ കഴിയാത്ത ഒരു നായികയെ സൃഷ്ടിക്കുക.
വ്യവസ്ഥക്കെതിരെ ഉന്നയിക്കാൻ പറ്റുന്ന വിമർശനമെല്ലാം നോവലിലൂടെ പറഞ്ഞുവെക്കുക. മലയാള സാഹിത്യത്തിൽ തിരസ്കൃതയായ, ക്രൂരമായി അവഗണിക്കപ്പെട്ട, കെ. സരസ്വതിയമ്മയുടെ പ്രേമഭാജനം എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുരുഷവിദ്വേഷത്തിന്റെ കഥകളെഴുതിയെന്ന് പറഞ്ഞ് മുഖ്യധാരാ സാഹിത്യം മാറ്റിനിർത്തിയ സരസ്വതിയമ്മ, പുരുഷന്മാരോട് ആഭിമുഖ്യം പുലർത്തിയ ഒരു നായികയെ സൃഷ്ടിച്ച് പുരുഷാധിപത്യത്തിന്റെ ശാസനകളെ വിറളിപിടിപ്പിക്കുന്ന കാഴ്ച, പ്രേമഭാജനം എന്ന നോവലിൽ കാണാം.പുരുഷാധിപത്യത്തിന്റെ സദാചാര സംഹിതകളെ, കുടുംബം എന്ന സ്ത്രീവിരുദ്ധ സ്ഥാപനത്തെ, പാതിവ്രത്യത്തെ, പുരാണ മഹത്വങ്ങളെ, സ്വർഗ്ഗനരകങ്ങളെയെല്ലാം നിശിതവിമർശനത്തിനും പരിഹാസത്തിനും ഇരയാക്കുന്ന മലയാളത്തിലെ അപൂർവങ്ങളിലപൂർവമായ നോവലാണ് ‘പ്രേമഭാജനം.’മലയാളത്തിലെ നവോത്ഥാന കാഥികന്മാരായ ബഷീറും പി. കേശവദേവും നോവലിൽ പിച്ചവെക്കുന്ന 1944-ൽ തന്നെയാണ് കെ. സരസ്വതിയമ്മ
‘പ്രേമഭാജന’വും എഴുതുന്നത്.
വ്യതിരിക്തമായ ഒരു ഭാവുകത്വം മലയാള നോവലിൽ സൃഷ്ടിച്ചിട്ടും സൃഷ്ടികർത്താവിനും സൃഷ്ടിക്കും നേരിടേണ്ടിവന്നത് ക്രൂര തിരസ്കാരമാണ്.
പ്രേമഭാജനം
കാല്പനികപ്രണയത്തിന്റെ കാപട്യങ്ങളെ തന്റെ കഥയിൽ കണക്കിന് പരിഹസിച്ച കെ. സരസ്വതിയമ്മയുടെ ഏക നോവലാണ് പ്രേമഭാജനം.അച്ഛനോടൊപ്പം ഇംഗ്ലണ്ടിൽ താമസിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ലൂയിസയാണ് നോവലിലെ നായിക.രണ്ടുമൂന്ന് മദാമ്മ പ്രണയിനികൾ ഉണ്ടായിരുന്ന അച്ഛനോടായിരുന്നു,
അവൾക്ക് അമ്മയേക്കാൾ കൂറ്.ഇംഗ്ലീഷ് ഭാഷയും സംസ്കാരവും ജീവിതരീതികളും ശീലിച്ച അവൾ അച്ഛന്റെ മരണശേഷം നാട്ടുമ്പുറത്തെ യൂറോപ്യൻ മട്ടിൽ പണിതതെങ്കിലും പാരമ്പര്യത്തിൽ നിന്ന് അണുവിട ചലിക്കാത്ത ജീവിത സാഹചര്യങ്ങളുള്ള ഒരു വീട്ടിൽ ജീവിക്കാൻ നന്നേ പ്രയാസപ്പെട്ടു.
അനുജത്തിയായിരുന്നു അവൾക്ക് ഏക കൂട്ട്.നിരീശ്വരവാദത്തോട് അടുപ്പമുണ്ടായിരുന്ന അവളുടെ വേഷം, ഭാഷ, ആചാരം, മനോഭാവം ഇതെല്ലാം ഇംഗ്ലീഷ് മട്ടായിരുന്നു.ലൂയിസയുടെ അനിയത്തിയാണ് കഥയുടെ ആഖ്യാതാവ്. അവൾ ചേച്ചിയെ ബൂനി എന്നാണ് വിളിച്ചിരുന്നത്. അമ്മയുടെ കൂടി മരണശേഷം എല്ലാ സ്വത്തിനും അവകാശിയായി തീർന്ന ബൂനി ആൺ വർഗ്ഗത്തോട് പ്രത്യേക പ്രതിപത്തി കാട്ടി.തൂലികാമിത്രങ്ങളെ സമ്പാദിച്ചു തുടങ്ങിയ ബൂനിയുടെ പുരുഷ സൗഹൃദ വലയങ്ങൾ വിപുലമാവുകയും അനേകം പ്രണയബന്ധങ്ങൾ ഉടലെടുക്കുകയും ചെയ്തു.പല പ്രണയബന്ധങ്ങളും വഴിയിലുപേക്ഷിക്കുകയും പുതിയത് തിരയുകയും ചെയ്യുന്നുണ്ട്, നായിക.തോമസ് ഹാർഡിയുടെ ‘ദി വെൽ ബിലവഡി’ലെ നായകന്റെ അവസ്ഥയാണ് തനിക്കെന്ന് അവൾ അനിയത്തിയോട് പറയുകയും ചെയ്യുന്നു.സ്വാതന്ത്ര്യവും സമത്വവും ആഗ്രഹിക്കുന്ന ബൂനി
തന്നോട് ആത്മൈക്യമുള്ള തന്റെ നേർപകുതിയെ തിരയുകയാണ് ചെയ്യുന്നത്.അങ്ങനെ
ഒരു പുരുഷനെ ജീവിതത്തിലും സാഹിത്യത്തിലും അംഗീകരിക്കാൻ കഴിയുന്ന സമൂഹത്തിനും സഹൃദയ ലോകത്തിനും അങ്ങനെ ഒരു സ്ത്രീയെ ജീവിതത്തിലൊ സാഹിത്യത്തിലൊ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഉത്തമ ബോധ്യമുള്ളപ്പോൾ തന്നെ, അങ്ങനെ ഒരു സ്ത്രീയെ സാഹിത്യത്തിൽ സാക്ഷാത്കരിക്കാനുള്ള ധൈര്യം, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് – 1944-ൽ
കെ സരസ്വതിയമ്മ കാണിച്ചു. തനിക്ക് ചേർന്ന ഒരു നേർപകുതിയെ നായിക കണ്ടെത്തിയെങ്കിലും തുടർന്നുള്ള ജീവിതം വ്യവസ്ഥാപിത കുടുംബജീവിതത്തിൽ കുടുങ്ങിയാകരുതെന്ന് ചിന്തിച്ച അവൾ പങ്കാളിയോടൊപ്പം മരണത്തിൽ അഭയം പ്രാപിക്കുകയാണ്. വിവാഹശേഷം സ്ഥാപനവത്കരിക്കപ്പെടുന്ന കുടുംബത്തിന്റെ അധികാര-ആധിപത്യ മനോഭാവങ്ങൾക്ക് അടിമപ്പെട്ട് വിധേയത്വവും അനുസരണയും ശീലമാക്കി ചത്തതിനൊപ്പം ജീവിക്കുന്നതിനേക്കാൾ ചാവുന്നതാണ് നല്ലതെന്ന് ആ പ്രണയികൾ തീരുമാനിക്കുകയായിരുന്നു.
മലയാളിയുടെ കാല്പനിക പ്രണയ സങ്കല്പത്തെ തലതിരിച്ചിടുന്ന വിധം
യൂറോപ്യൻ സംസ്കാരത്തിനനുസരിച്ചു വളർത്തപ്പെട്ട ‘പ്രേമഭാജന’ത്തിലെ ബൂനിക്ക് നാട്ടിലെ ജീവിത രീതിയുമായി ഒട്ടും പൊരുത്തപ്പെടാനാവുമായിരുന്നില്ല. മകളെ കോളേജിലയച്ചു പഠിപ്പിക്കാൻ അമ്മ തീരുമാനിക്കുന്നു. എന്നാൽ പട്ടണത്തിലെ കോളേജിൽ പഠിക്കാൻ പോയ ബൂനി മൂന്നാം ദിവസം പോയതുപോലെ തിരിച്ചുവരുന്നു. തിരികെ വന്നതിന്റെ യഥാർത്ഥ കാരണം അവൾ അനിയത്തിയോട് മാത്രമാണ് വെളിപ്പെടുത്തുന്നത്- “അവിടെ എങ്ങനെയിരിക്കും അനിയത്തീ ? അങ്ങറ്റമിങ്ങറ്റം എല്ലാം പിന്നിയിട്ട തലകൾ; സാരിയുടുത്ത ദേഹങ്ങൾ. ഒരൊറ്റ ഷർട്ടിട്ട ശരീരം, ക്രാപ്പ് ചെയ്ത ഒരൊറ്റ തല, ശിപായിമാരുടെതല്ലാതെ അതിനകത്ത് കണ്ടെങ്കിൽ എങ്ങനെയും ഞാനവിടെ കഴിച്ചേനെ.” എന്ന നായികയുടെ വാക്കുകൾ 40-കളിലെ സഹൃദയ ലോകത്തിന് എങ്ങനെ ദഹിക്കാനാണ്?
ഒളിവും മറയുമില്ലാത്ത പ്രേമമായിരുന്നു, ബൂനി എന്ന് വിളിക്കപ്പെടുന്ന ലൂയിസയുടേത്. ചേച്ചിയുടെ രീതികൾ നാട്ടുനടപ്പനുസരിച്ചുള്ളതല്ലല്ലോ എന്ന് കണ്ട് “ബൂനി ഇങ്ങനെ പലരിലും അലഞ്ഞു നടക്കുന്നതെന്തിന് ? ഒരു കല്യാണം കഴിച്ച് അടങ്ങിയൊതുങ്ങി താമസിക്കരുതോ?” എന്ന് ചോദിക്കുന്ന അനിയത്തിയോട് “അയ്യോ! അനിയത്തീ, എപ്പോഴും ഒരേ കുറ്റങ്ങളും കുറവുകളും കണ്ടുകൊണ്ടിരിക്കുന്നത് എങ്ങനെ ? മനുഷ്യർ മാറിക്കൊണ്ടിരുന്നാൽ നാം കാണുന്ന കുറ്റങ്ങൾക്കും രീതിഭേദം കാണും.”എന്ന നായികയുടെ വാക്കുകൾ അന്നത്തെ സഹൃദയ ലോകത്തിന് മാത്രമല്ല ഇന്നത്തെ സഹൃദയ ലോകത്തിനും താങ്ങാനാവില്ല.അനിയത്തിയെ ഉദ്ദേശിച്ച് “നിന്റെ പ്രണയം മുഴുവൻ ഈശ്വരന് കൊടുത്തിരിക്കുകയല്ലേ? എനിക്കങ്ങനെ ഒരാളുണ്ടെന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ലല്ലോ. ഗീത ഉപദേശിക്കുന്ന വായും ഓടക്കുഴലൂതുന്ന ചുണ്ടും സങ്കല്പത്തിലെങ്കിലും സദാപി കണ്ടുകൊണ്ടിരിക്കുന്നവർക്ക് സാധാരണക്കാരോട് ഇഷ്ടം തോന്നുമോ? അത്ര ഉയർന്ന രസത്തിൽ എത്താൻ എനിക്ക് കഴിയാത്തതുകൊണ്ട് ഞാൻ ഈ താഴ്ന്ന രസം അന്വേഷിക്കുന്നെന്ന് വെച്ചോളൂ.” എന്ന ലൂയിസയുടെ വാക്കുകൾ പുരുഷാധിപത്യ സദാചാരബോധത്തിനും വിശ്വാസങ്ങൾക്കും കൊടുക്കുന്ന അടി ചെറുതല്ല. തന്റെ പ്രണയസങ്കല്പം വ്യക്തമാക്കാനായി നായിക അനിയത്തിയോട് പണ്ട് വായിച്ച് ഒരു കഥ പറയുന്നു.ആദ്യകാലത്ത് മനുഷ്യൻ ആണും പെണ്ണും ഒന്നിച്ചു ചേർന്ന-ഇരയെയും അട്ടയെയും പോലെ- ഉഭയ ലിംഗ ജീവിയായിരുന്നു.നാല് കൈയും നാല് കാലുമായി നടന്നിരുന്ന ആ ജീവി ക്രമേണ സംഖ്യ വർദ്ധിച്ചതോടെ മഹാശല്യമായി മാറി. ശാശ്വത സ്ത്രീപുരുഷ സംയുക്ത ഭാവം നശിപ്പിച്ചാൽ ശക്തി കുറയുമെന്ന് കരുതി ദൈവം വാളെടുത്ത് ഓരോ ജീവിയെയും രണ്ടായി കീറി.ശേഷം ഓരോ പകുതിയും മറ്റേ പകുതിയോടുചേരാൻ വെമ്പലോടെ ശ്രമിച്ചു. പക്ഷേ എണ്ണക്കൂടുതൽ കൊണ്ട് ഒന്നിനും സാധിച്ചില്ല. പൂർവിക രക്തത്തോടൊപ്പമുള്ള കലർപ്പുകാരണം ജന്മങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും അന്നത്തെ പകുതിയെ അന്വേഷിച്ചിപ്പോഴും മനുഷ്യർ വെമ്പുന്നു. ആ വെമ്പലാണ് സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ആകർഷണത്തിന് കാരണം. യുക്തിവാദിയായിട്ടും ദൈവം ഉൾപ്പെടുന്ന ഒരു കെട്ടുകഥയിൽ വിശ്വസിക്കുന്നതിന് അവൾക്ക് പറയാൻ അവളുടെതായ ന്യായങ്ങളുണ്ട്.
പാതിവ്രത്യത്തിന്റെയും ചാരിത്ര്യത്തിന്റെയും പേരിൽ സ്ത്രീകളെ മഹത്വവത്കരിച്ച് കഥകളിലാവിഷ്കരിക്കുന്നതിനെ പരിഹസിക്കുന്ന നോവലിസ്റ്റ് പുരാണങ്ങളിലെ പഞ്ചകന്യകമാർക്കും ദേവലോക നാരികൾക്കും ശാപാനുഗ്രഹ ശക്തി കിട്ടുന്നത് എങ്ങനെയെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു.ഭർത്താവിന്റെ രൂപത്തിൽ വന്നവനെ പ്രാപിച്ച അഹല്യക്കും, അഞ്ചു ഭർത്താക്കന്മാരുള്ള ദ്രൗപദിക്കും നിത്യം ഓരോ ഭർത്താക്കന്മാരെ സ്വീകരിക്കുന്ന സുരലോക വേശ്യകൾക്കും ശാപാനുഗ്രഹശക്തി കിട്ടുന്നത് തീക്ഷ്ണമായ സദാചാരനിഷ്ഠ കൊണ്ടല്ലെന്നും മറിച്ച് ശരിയായ
പ്രവൃത്തിയാണ് താൻ ചെയ്യുന്നതെന്നുള്ള ആത്മവിശ്വാസം കൊണ്ടാണെന്നുമുള്ള നായികയുടെ വാക്കുകൾ പുരാണ വിശ്വാസികളുടെ തലയ്ക്കടിക്കാൻ ശേഷിയുള്ളതാണ്. താരയുടെ പതിഭക്തി സിംഹാസനത്തിലിരിക്കാൻ യോഗമുണ്ടാകുന്ന വാനര രാജാവിലാണെന്നും അവൾ സ്ഥാപിക്കുന്നുണ്ട്. ഇതൊക്കെ
കേട്ടുനിൽക്കുന്ന കാര്യസ്ഥന്റെ “കുഞ്ഞേ വെറുതെ മഹാപാപം വലിച്ചു വയ്ക്കാതെ. മരിച്ചങ്ങ് ചെല്ലുമ്പോൾ സ്വർഗ്ഗം കിട്ടണ്ടേ? എന്ന ചോദ്യത്തിന് നായികയുടെ മറുപടി ഇങ്ങനെയാണ്: “അയ്യോ! വേണ്ടേ വേണ്ട.നരകത്തിലെ വാർപ്പിൽ കിടന്നു പൊരിഞ്ഞാലും വേണ്ടില്ല. സ്വർഗ്ഗത്തെങ്ങനെ കഴിഞ്ഞുകൂടും? ഇന്ദ്രൻ വിളിക്കുമ്പോഴങ്ങോട്ട്-
ചിത്രാംഗദൻ വിളിക്കുമ്പോഴിങ്ങോട്ട്- അവരുടെയൊക്കെ മക്കൾ വിളിക്കുന്നിടത്തെല്ലാം- ഇങ്ങനെ കൂത്താടാൻ ഞാനില്ലേ ഇല്ല. എന്തു വൃത്തികെട്ട സ്വർഗം! എപ്പോഴും ഒന്നുകിൽ ആണും പെണ്ണും കൂടി കൂത്താട്ടം ; അല്ലെങ്കിൽ മദ്യസേവ…ഇവിടത്തെ ഏറ്റവും വലിയ പതിവ്രതയെ സ്വർഗ്ഗത്തിലെ ഒന്നാം വേശ്യയാക്കിയായിരിക്കും ദൈവം അനുഗ്രഹിക്കുന്നത്.” അവനോന്റെ ആത്മവിശ്വാസത്തിലാണ് പുണ്യ പാപങ്ങൾ സ്ഥിതിചെയ്യുന്നതെന്ന നായികയുടെ യുക്തി ഏതുകാലത്തെയും വിശ്വാസികൾക്കു നൽകുന്ന പ്രഹരം ചെറുതല്ല.മതാചാരങ്ങളിലും മത വേഷങ്ങളിലും കുടുക്കി പെൺകുട്ടികൾക്ക് സ്വർഗം വാഗ്ദാനം ചെയ്യുന്ന മതമേലാളന്മാർക്ക് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ തന്റെ നായികയെക്കൊണ്ട് ചുട്ട മറുപടി കൊടുപ്പിക്കുന്നുണ്ട്, സരസ്വതിയമ്മ.
അത്യുത്കൃഷ്ട ജീവികളായി സങ്കൽപ്പിക്കപ്പെട്ടിരിക്കുന്ന
ദേവർക്കെന്തുമാകാമെങ്കിൽ അതിനേക്കാൾ എത്രയോ താഴെ ചേറ്റിൽ കിടക്കുന്ന മനുഷ്യന്റെ തെറ്റുകൾ വകവയ്ക്കുന്നതെന്തിനെന്നും അമാനുഷരുടെ തെറ്റിൽ സാധുത്വം കാണുന്നവർ സാധാരണക്കാരുടെ ദൗർബല്യങ്ങൾ ശ്രദ്ധിക്കാതെ വിടേണ്ടതല്ലെയെന്നുമുള്ള ചോദ്യങ്ങൾ നോവലിലെ ആഖ്യാതാവിനെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്യുന്നു.തനിക്ക് പറ്റിയ ഇണയെ കിട്ടാൻ നിരവധി പുരുഷന്മാരുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്ന ഒരു നായികയെ സൃഷ്ടിച്ചവതരിപ്പിച്ചതിലൂടെ, ഒരു സ്ത്രീ അന്യപുരുഷനുമായി സംസാരിക്കുന്നത് കണ്ടാൽ തന്നെ അവരെ അപവാദം പറഞ്ഞു മൂടിക്കളയുന്ന ഒരു സമൂഹത്തെ പരിഹസിക്കുകയും പ്രകോപിപ്പിക്കുകയുമാണ്, പ്രേമഭാജനം എന്ന നോവലിലൂടെ കെ. സരസ്വതിയമ്മ ചെയ്തത്.സ്വന്തം നിയന്ത്രണത്തിനപ്പുറം മനസ്സ് പോവില്ല എന്ന് നിശ്ചയമുള്ള,
ഒരു പാത്രത്തിൽ നിന്നും വെള്ളം വാർത്തു കളയുന്നതിനേക്കാൾ എളുപ്പം തന്റെ മനസ്സിൽ നിന്നും പുരുഷനോടുള്ള മമത മാറ്റി കളയാൻ സാധിക്കുമെന്ന ആത്മവിശ്വാസമുള്ള,പ്രേമം കൊണ്ടാടുന്നതിനൊക്കെ ഒരതിരു നിശ്ചയിച്ചിട്ടുള്ള ഒരസാധാരണ നായികയായിരുന്നു പ്രേമ ഭാജനത്തിലെ ബൂനി എന്ന് വിളിക്കപ്പെടുന്ന ലൂയിസ. തന്നെക്കാൾ പ്രായം കുറഞ്ഞ കാമുകന്മാരെ തനിക്കു പറ്റിയ തല്ലെന്നറിഞ്ഞാൽ ഉടനടി ഉപേക്ഷിക്കുന്ന, തന്റെ നിലപാടുകൾ സമർത്ഥിക്കാൻ പുരാണ സതീരത്നങ്ങളെ ക്രൂരമായി പരിഹസിക്കുന്ന, സ്വർഗ്ഗനരകങ്ങളെ കീഴ്മേൽ മറിച്ചിടുന്ന ഒരു നായികയെ കൊണ്ടാടുന്ന നോവലിനെ,
ചങ്ങമ്പുഴയുടെ രമണനിലെ കാല്പനിക പ്രണയ ദുരന്തം ആഘോഷമാക്കിയ ഒരു സഹൃദയ ലോകം എങ്ങനെ ഉൾക്കൊള്ളാനാണ്! മാതൃത്വത്തെ പ്രകീർത്തിച്ചുകൊണ്ട് ഒരു കഥ പോലും എഴുതിയിട്ടില്ലാത്ത കെ. സരസ്വതിയമ്മ പ്രേമഭാജനം എന്ന നോവലിലൂടെ മഹത്വവത്കരിച്ച മാതൃത്വത്തിനേല്പിക്കുന്ന പ്രഹരം ചെറുതല്ല. ഇത്രയും നാൾ മാതൃത്വത്തെ വാഴ്ത്തിപ്പാടിയിരുന്നവർ ഇനി അതിന്റെ മറുപുറവും കാണണമെന്ന് തന്റെ നായികയെകൊണ്ട് പറയിക്കുകയും ചെയ്യുന്നു. അവിവാഹിതത്വത്തെ പ്രകീർത്തിക്കാനും മാതൃത്വത്തെ നിരാകരിക്കാനുമായി, നാല് അധ്യായങ്ങളുള്ള നോവലിൽ ഒരധ്യായം പൂർണമായും മാറ്റിവെക്കുകയും
ചെയ്യുന്നുണ്ടവർ.
കാലത്തെ അതിജീവിക്കുന്ന കൃതികൾക്കേ മാറുന്ന കാലത്തും വായനക്കാരുണ്ടാവൂ.
ജീവിച്ചിരുന്ന കാലത്ത് കെ. സരസ്വതിയമ്മയുടെ കൃതികളെ പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞ നിരൂപകലോകത്തിനും വായനാലോകത്തിനും മറുപടിയെന്നോണം ആ കൃതികൾ വായനയിലും എഴുത്തിലും സോഷ്യൽ മീഡിയാ കാലത്തും മുന്നേറുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം
വഹിക്കുന്നത്. തിരസ്കൃതരും നാടുകടത്തപ്പെട്ടവരും
പുറമ്പോക്കിലേക്കാട്ടിയോടിക്കപ്പെട്ടവരും തങ്ങൾക്കർഹതപ്പെട്ടയിടങ്ങളിലേക്ക് കുറച്ചു വൈകിയാണെങ്കിലും തിരിച്ചു
വരിക തന്നെ ചെയ്യും.

ജൂലി ഡി എം
അദ്ധ്യാപിക
