ഡോ. ഷൂബ. കെ.എസ്.

Published: 10 May 2025 സാഹിത്യ പ്രതിചരിത്ര പരമ്പര

കെ.പി.കറുപ്പൻ ( 1885-1938)
 

“ശ്രീശങ്കരാചാര്യസ്വാമി മുന്നം കാശിയിൽവച്ചുകുളികഴിഞ്ഞു, ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ പേശലിതുകേൾക്ക യോഗപ്പെണ്ണെ!-അതു മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!

തിങ്കൾത്തലയൻപറയനുമായ് ശങ്കരിയന്നുപറച്ചിയുമായ് ശങ്കരാചാര്യർ വരുന്നവഴിമധ്യേ
ശങ്കയെന്ന്യേനിന്നു യോഗപ്പെണ്ണേ!-തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണേ!

കെട്ടിയപെണ്ണുമായ് മാർഗ്ഗമദ്ധ്യം
മുട്ടിച്ചിടാതെ വഴിമാറെടാ കട്ടിയിലിങ്ങനെയാചാര്യസ്വാമികൾ തട്ടിക്കേറിയല്ലോ യോഗപ്പെണ്ണേ!-നാടൻ മട്ടിതല്ലൊയിന്നും ജ്ഞാനപ്പെണ്ണേ!

ആട്ടിയനേരത്തു ചണ്ഡാളൻ മട്ടൊന്നുമാറിമുഖം കറുത്തു
പെട്ടെന്നുചൊല്ലി; ഞാൻ കാര്യം ഗ്രഹിക്കാതെ വിട്ടൊഴികില്ലൊടൊ, യോഗപ്പെണ്ണെ – ഇതു മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ

ജാതിഹീനൻ നീപറയനല്ലൊ
ജാതിയിൽ മുമ്പൻഞാൻ ബ്രാഹ്മണനും ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ,
നീതികൈകൂപ്പണ്ടെ? യോഗപ്പെണ്ണെ-നിൻ്റെ ഖ്യാതിക്കതുകൊള്ളാം ജ്ഞാനപ്പെണ്ണെ

എല്ലാവരും നമ്മൾമാനുഷന്മാ-
രല്ലാതെമാടും മരവുമല്ല; വല്ലായ്മപോക്കുക, ശാസ്ത്രീയമാം ജാതി ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ -ഒരു നല്ലജാതിയതു ജ്ഞാനപ്പെണ്ണെ “ (ജാതിക്കുമ്മിയിലെ ആദ്യഭാഗം.1905-ൽ (1080) ആണ് എഴുതിയത് എന്നും അച്ചടിച്ചത് 1912ൽ എന്നും ജീവചരിത്രത്തിൽ ടി.എം.ചുമ്മാർ. ചെറിയ വ്യത്യാസത്തോടെ കുറച്ചു ഭാഗം ‘ബാലാകലേശം’ നാടകത്തിൽ ഉദ്ധരിക്കുന്നുണ്ട്.)

‘’അതുരവനത്തിൽ ജനിച്ചൊരു പെണ്ണേ
തിമി തിമിന്തം.
തേവകി അവളാടി വളർന്തേ തിമി തിമിന്തം.

മൂക്ക് കുത്തിമുള്ളിരിമ്പിട്ടേ തിമി തിമിന്തം.
തേവകി അവളാടി വളർന്തേ.
തിമി തിമിന്തം.

കാതിലോല കണ്ഡലമിട്ടേ തിമി തിമിന്തം.
തേവകി അവളാടി വളർന്തേ. തിമി തിമിന്തം.

രാമദേവൻ്റടുക്കൽ ചെല്ലുന്നേൻ
തിമി തിമിന്തം.

രാമദേവൻ മാല വെക്കേണം
തിമി തിമിന്തം.

കേട്ടുടനെ പറഞ്ഞു രാമനുമേ
തിമി തിമിന്തം.

എനിക്കു ഭാര്യയായി വിധിച്ചു സീതേനെ
തിമി തിമിന്തം.

ലക്ഷ്മണൻറടുക്കൽ ചെല്ലടി
തിമി തിമിന്തം. ദേവകിയവളാടി വളർന്തേ തിമി തിമിന്തം.

(‘പഞ്ചവടി’ എന്ന നാടകത്തിനുള്ളിലെ കവിത. ശൂർപ്പണഖയുടെ പാട്ട്-ചൂപ്പണകതമ്പ്രാട്ടിയുടെ പാട്ട് – എന്നു പറഞ്ഞ് കുയിലും പൂമാലയും എന്ന വനവാസികളായ പെൺകുട്ടികൾ പാടുന്ന പാട്ടായാണ് നാടകത്തിൽ)

“കൊള്ളാം നല്ലൊരു ശീമവെങ്കളിനിറം
ചുറ്റീടുവാനൊററമു-

ണ്ടില്ലാ ചെന്നണയുന്നിടത്തഖിലവും സാപ്പാടിനേർപ്പാടിടും സോല്ലാസം ചില നൃത്തവും സതതമാ
കെട്യാളു സർക്കീട്ടിലും പൊല്ലാപ്പീവകയോർത്തുകാൺകിലവിട-
ന്നാരാണു യൂറോപ്യനോ.
(‘ശിവൻ യൂറോപ്യനോ ‘- എന്ന പേരിലുള്ള മുക്തകം )

“മാനസത്തിന്നുപാരം-കരുണയും
ദീനതയും വളർക്കും
ഗാനമതെങ്ങുനിന്നെ-ന്നറയുവാൻ
താനങ്ങു ഗൗനിക്കവെ.

ഓലച്ചുമലെഴുന്ന – ദയനീയ വാലക്കുടിലിനുള്ളിൽ നീലത്തഴക്കുഴലാ-ളാകുന്നൊരു വാലത്തിയുണ്ടുകാണ്മൂ.

ദാരിദ്ര്യമുണ്ടെങ്കിലും-സാധാരണ നാരിമാരെന്നപോലെ നാറിപ്പറിഞ്ഞവസ്ത്രം -ധരിക്കലാ-
വേരിച്ചൊല്ലാളിനില്ല.

പൊങ്കസവില്ലെങ്കിലു- മന്നാവിക മങ്കപേറുംവസനം തിങ്കളിൻ തൂനിലാവിൻ-ധവളിമ- യുങ്കവർന്നുള്ളതല്ലോ.

വാരസോപ്പിൻകഷണം -കൊണ്ടിങ്ങൊരു കാരയ്ക്കാമല്ലുപോലും കാശപ്പൂപോലെയാക്കാ- നവൾക്കുള്ള കൗശലമൊന്നു വേറെ.

അങ്ങനെയെങ്ങനെയോ ലഭിച്ചുള്ളോ-
രംബരം കൊണ്ടുമെയ്യും മംഗലാപാംഗി മൂടി- ശയിക്കുന്നു
മാരദാരങ്ങൾ പോലെ.

ഉത്തമയാകുമവൾ -കൊടുങ്കയ്യി- ലുത്തമാംഗത്തെയേന്തി ചിത്തത്തിനൊത്തപോലെ മാറോടുതൻ പുത്രനെച്ചേർത്തെഴുന്നു.

വൃത്തിയ്ക്കു കേഴുന്നോർക്കും – വെടുപ്പുമാ-
വൃത്തിയും വേണമെങ്കിൽ സാധിക്കുമെന്നവളെ -കാണുന്നോർക്കു ബോധിക്കുമെന്നുനൂനം.

ഉണ്ണിക്കരച്ചിൽതീർപ്പാ- നുള്ളമലി-
ഞ്ഞുണ്ണിമാൻ നേർമിഴിയാൾ കല്ലുമലിഞ്ഞുപോകും-മാറീവണ്ണം കണ്ണീരും വാർത്തുപാടി:-

“ആരിരം രാരാരോ-ഉറങ്ങുക ആരിരാ രാരാരോ ആരോമലേയുറങ്ങൂ-പൊന്നുമക
നാരിരാ രാരാരോ.

വിമ്മിക്കരഞ്ഞിടാതെ- അമ്മതരു
മമ്മിഞ്ഞയും നുകർന്നു അമ്മിണിക്കുട്ടനുറ -ങ്ങുറങ്ങെൻ്റെ
കൺമണി നീയുറങ്ങൂ.

അങ്കത്തിലേറ്റിവയ്ക്കാ- മെടുത്തുകൊ-
ണ്ടങ്കണത്തിൽ ചരിക്കാം തിങ്കളെക്കാട്ടിത്തരാം-ഉറങ്ങുക
തങ്കമേ! നീയുറങ്ങൂ.

കോളുപിടിച്ചിളകും കടലിൻ്റെ
മൂളൽ നീ കേൾക്കുന്നില്ലേ? ഓളം പുഴയിലിപ്പോൾ മദമാർന്ന കാളകൾ ക്കൊക്കുമല്ലൊ.

കൂററനിടിമുഴക്കം-കൊടിയൊരാ-ക്കാറും സഹിച്ചുകൊണ്ടു ആററിൻനടുവിലച്ഛൻ നമുക്കുള്ള കൊററിനായ് പ്പോയ്ക്കിടപ്പൂ
(ഒരു താരാട്ട് അഥവാ ധീവര തരുണിയുടെ വിലാപം- എന്ന കവിതയിലെ ഒരു ഭാഗം)

ശ്വാസോച്ഛ്വാസത്തിൽ പോലും സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്നു ഉച്ചരിച്ച ഒരാൾ ഭാഷയിൽ നടത്തിയ സാംസ്കാരികഅധ്വാനത്തെയാണ് കെ.പി.കറുപ്പൻ്റെ കവിത എന്നു വിളിക്കുന്നത്. വെള്ളത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കും പോലെ ദത്തമായ പ്രകൃതിയിലും സാംസ്കാരികപ്രകൃതിയിലും ഭാഷാപ്രകൃതിയിലും ഉണ്ടാക്കുന്ന ജ്വലനത്തെയാണ് സർഗ്ഗാത്മക പ്രവർത്തനം എന്നു പറയുന്നത്. ഒരു വട്ടി നെയ്യുമ്പോലെ ഭാഷ നെയ്തെടുക്കുന്ന, ഒരു സമൂഹത്തെ നെയ്തെടുക്കുന്ന പ്രവർത്തനമാണത്. അധ്വാനവും അവശ്യവസ്തുവിൻ്റെ നിർമ്മാണവും കവിതയുടെ നിർമ്മാണവും പുതിയ അനുഭവങ്ങളുടെ സൃഷ്ടികർമ്മവും പുതിയ ഭാഷയുടെ നിർമ്മാണവും ഗാനാലാപനവും രാഷ്ട്രീയപ്രവർത്തനവും ഒന്നായി മാറുകയാണ് ഇവിടെ. കെ.പി.കറുപ്പൻ്റെ ‘സാമുദായിക ഗാന കലകൾ ‘ എന്ന പുസ്തകത്തിൽ വട്ടിപ്പാട്ട് എന്നു പേരു നൽകി ഉദ്ധരിക്കുന്ന പാട്ടിൽ, ചാമ്പത്തണ്ട് കീറി നൊട്ടനും തുച്ചനും ഇട്ട് (നെടിയനും കുറിയതുമായി കോർത്ത് )കരിമീനിൻ്റെ ആകൃതിയിൽ പുള്ളികളൊപ്പിച്ച് മനോഹരമായി നെയ്യുന്നതിനെക്കുറിച്ചു കാണാം.”ചാമ്പക്കാച്ചാലിൽ ച്ചെന്നേ- തെയ്യന്താരോ / ചാമ്പക്കാച്ചാലിൽ ച്ചെന്നേ- തെയ്യന്താരാ / വെയലത്തും മഞ്ഞത്തിട്ടേ – തെയ്യന്താരാ / ഏഴല്ലാ നാരെടുത്തേ – തെയ്യന്താരാ / ഏഴായി കീറുന്നുണ്ടേ -തെയ്യന്താരാ “ എന്നിങ്ങനെ തുടങ്ങി ‘’വട്ടിയും നോക്കിക്കണ്ടേ -തെയ്യന്താരാ / എന്നെക്കുറിപറഞ്ചേ-തെയ്യന്താരാ”എന്നിങ്ങനെ അവസാനിക്കുന്ന പാട്ടിൻ്റെ ഒടുക്കം, കെ.പി.കറുപ്പൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു:” പണിമൂപ്പൻ്റെ പേരിൽ കുറ്റമില്ല, അതുപോലെ മനോഹരമായ കരകൗശലത്തിൻ്റെ വിധാത്രിയായ ഒരു തൊഴിലാളി വനിത, മൂപ്പനെപ്പോലെയുള്ള രസികന്മാർ ഉള്ളപ്പോൾ എന്തിനു നിത്യകന്യകാത്വം അനുഭവിക്കണം?” വട്ടി കണ്ട് മൂപ്പൻ വിവാഹം ആലോചിച്ചു എന്നാണ് പാട്ടിൽ പറയുന്നത്. വട്ടിയിൽ നിറയെ അരി അളക്കുക മാത്രമല്ല, സൗന്ദര്യവും കവിതയും പ്രണയവും അളക്കുന്നു. പ്രണയത്തിൻ്റെ അടയാളവും വിനിമയവുമായി വട്ടി ഇവിടെ മാറുന്നു. അധ്വാന പ്രവർത്തനം, നിർമ്മാണപ്രവർത്തനം പുതിയ അനുഭവത്തിൻ്റെ, പ്രണയത്തിൻ്റെ നിർമ്മാണം കൂടിയായി, കാവ്യഭാഷാനിർമ്മാണം കൂടിയായി മാറുന്നു.”നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റി/കുന്നാം കോഴി കുളക്കോഴിതത്തിത്തത്തിച്ചാടുന്നേ / നേരം പോയ നേരത്തും കൊല്ലാക്കൊല കൊല്ലണിയോ/ അര മുറിക്കരിക്കും തന്നു കൊല്ലാക്കൊല കൊല്ലണിയോ/അരത്തൊണ്ടുകള്ളും തന്നു കൊല്ലാക്കൊല കൊല്ലണിയോ/ ഞാൻ പോയ നേരത്ത് ഈടില്ല മൂടില്ല/ ഞാനവിടെച്ചെന്നേപ്പിന്നെ വെട്ടാക്കുളം വെട്ടിച്ചു / ഞാനവിടെച്ചെന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചു “ ഈ കവിതയാണ് കെ.പി.കറുപ്പൻ മേൽപ്പറഞ്ഞ തൻ്റെ പുസ്തകത്തിൽ ഒന്നാമതായി ഉദ്ധരിച്ചു വ്യാഖ്യാനിക്കുന്നത്. മഹാകവി ഭാരവിയുടെ സൂര്യാസ്തമയ വർണ്ണന ചൂണ്ടിക്കാട്ടിയിട്ട് സൂര്യൻ വൈകുന്നേരം പർവ്വതപ്രദേശത്ത് അസ്തമിക്കുന്നത് എഴുത്തച്ഛനും അതുപോലെ ഭൂമിശാസ്ത്രമറിയാവുന്ന പല മഹാകവികളും മനോഹരമായി വർണ്ണിച്ചിട്ടുണ്ട് എന്നു പറയുന്നു. ഉഴവ് നടത്തുന്ന ഒരു ചെറുമന് വയലിൻ്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള പൂക്കൈത ചക്രവാളമായി അവതരിപ്പിച്ചത് പക്ഷെ എന്തു സ്വാഭാവികം എന്നു കെ.പി. കറുപ്പൻ എഴുതുന്നു. സൂര്യാസ്തമയത്തെ പൂക്കൈത മറപറ്റി മുങ്ങാങ്കോഴി തത്തി തത്തി കളിക്കുന്നതായി വർണ്ണിക്കണമെങ്കിൽ കേവലമായ ഭൂമിശാസ്ത്രപഠനം മതിയാകില്ല. കവിതയുടെ ലാൻ്റ്സ്കേപ്പ് മറ്റൊന്നാണ്. അതു മറ്റൊരു വീക്ഷണ കോൺ (view point) ആണ്. മണിമാളികയിലിരുന്നു പ്രകൃതിയെ നോക്കുന്നതും പണിയിടത്തു നിന്നു പണി ചെയ്തു തളർന്നു പ്രകൃതിയെ നോക്കുന്നതും രണ്ടാണ്. പണിയാളൻ്റെ നോട്ടവും ലാൻ്റ് സ്കേപ്പുമാണ് കവിത. ഞാൻ പോയ നേരത്ത് ഈടില്ല മൂടില്ല എന്നു പറയുമ്പോൾ വേലിയും മരവും തിരിച്ചറിയാത്തത്ര രാവിലെയാണ് പോയതെന്നും തങ്ങളെ മറ്റുള്ളവർ പീഡിപ്പിക്കുകയാണെന്നും കവിത തിരിച്ചറിയുന്നു.”ഇതു തൊഴിലാളിയുടെ നേരെ മുതലാളികൾ കാണിച്ചിരുന്ന നിർദാക്ഷിണ്യത്തിൻ്റെ ഉത്തമോദാഹരണ”മാണെന്നു കെ.പി.കറുപ്പൻ എഴുതുന്നു. അധ്വാനത്തെ അപഹരിക്കാൻ പണിചെയ്യുന്നവരെ അടിമയാക്കാൻ മനുഷ്യനെ വംശീയസ്വത്വമാക്കി നിർവ്വചിക്കുക ഒരു വഴിയാണ്.ഇവിടെ ജാതിവത്കരണം അതിനുള്ള വഴിയായിരുന്നു. മേൽ പറഞ്ഞ ചെറുമർപാട്ടാണ് പ്രാചീനകവിത എങ്കിലും എഴുത്തച്ഛനാണ് മലയാള ഭാഷയുടെ പിതാവായി കരുതുന്നത്. ഭരണകൂടഅക്കാദമിക പ്രവർത്തനം എപ്പോഴും അധീശ പ്രവർത്തനമാകുന്നതു കൊണ്ടാണ് അതു സംഭവിക്കുന്നത്.കവിത എന്നാൽ ഭാഷാമാത്രകൗശലം ആണ് എന്നു സ്ഥാപിക്കുന്നത്, സംസ്കാരത്തിനു പിന്നിലെ അധികാരത്തെയും സാമ്പത്തികപ്രവർത്തനത്തെയും മറച്ചു പിടിക്കാനാണ്. ഭാഷയ്ക്ക് മാത്രമായി ഒരിക്കലും ഒരിടത്തും ഒരു പിതാവ് ഉണ്ടാകില്ല.സംസ്കാരത്തെ സ്വേച്ഛാപര (Arbitrary)മായി നിർവ്വചിക്കുകയാണിവിടെ. ഉത്തരാധുനികരും സംസ്കാരത്തെ സാമ്പത്തിക അടിത്തറയിൽ നിന്നും സ്വതന്ത്രമായ ഒരു മണ്ഡലമായി കരുതുന്നു. പഴയ അധികാരവ്യവസ്ഥയ്ക്ക് സൗജന്യ തൊഴിൽ പ്രവർത്തനത്തിന് വേണ്ടി ജാതിഅടിമകളെ വേണമായിരുന്നു എന്നതുപോലെ മുതലാളിത്തത്തിനും അവകാശങ്ങളില്ലാത്ത തൊഴിലാളികളെ വേണം. ജനങ്ങളെ ഡേറ്റകളായി മാത്രമേ മുതലാളിത്തം പരിഗണിക്കുന്നുള്ളു. അതിലേക്കുള്ള വഴി എന്ന നിലയിലാണ് ദളിതിസം, ഫോക് ലോറിസം,സബാൾട്ടേൺസ്റ്റഡി, സ്ത്രീതന്മാത്രാവാദം പാരിസ്ഥിതികതന്മാത്രാവാദം തുടങ്ങിയവ ഉയർത്തിക്കൊണ്ടു വരുന്നത്.ഇവിടെ കെ.പി.കറുപ്പൻ നവോത്ഥാന കാലത്ത് മനുഷ്യനെ ജാതിശരീരത്തിൽ നിന്നും തൊഴിൽശരീരത്തിലേക്ക് മാറ്റിയെടുക്കുന്ന പ്രവർത്തനമാക്കി കവിതയെയും ജീവിതത്തെയും നിർവ്വചിക്കുകയാണ്. അസ്പൃശ്യതയുടെ കാരണത്തെക്കുറിച്ച്, ‘ശൂദ്രർ ആരായിരുന്നു?’ എന്ന ദീർഘപഠനത്തിൽ വംശീയസിദ്ധാന്തങ്ങളെ മുഴുവൻ അംബേദ്കർ തള്ളിക്കളയുന്നുണ്ട്. ബൗദ്ധരാഷ്ട്രീയത്തോടുള്ള അധികാരതർക്കമാണ് കാരണമെന്നു കണ്ടെത്തുന്നുണ്ട്.അസ്പൃശ്യരെ ഗ്രാമത്തിൻ പുറത്തേക്ക് നയിച്ചത് ജാതിയോ തൊഴിലോ കാരണം അല്ല എന്നു അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അധികാരത്തിനു വേണ്ടിയുള്ള ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ബ്രാഹ്മണ മതം ജാതിശ്രേണീവത്കരണത്തെ ഉപയോഗിക്കുകയാണ്. ഒരു ജനതയുടെ അധ്വാനത്തെ അപകർഷമാക്കി തൊഴിൽ ശേഷിയെ ചൂഷണം ചെയ്യാനാണ് വംശീയവത്കരണം ഉപയോഗപ്പെടുക.നവോത്ഥാന കവിയായ കെ.പി.കറുപ്പനെ വരെ ദളിതിസ്റ്റാക്കി തൊഴിച്ചു താഴെയിടുന്ന ഒരു കാലത്താണ് നാം നിൽക്കുന്നത്.

ഏതുതരം ഭാഷാപ്രവർത്തനത്തെയും രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുകയാണ് കെ.പി.കറുപ്പൻ ചെയ്തത്. അദ്ദേഹം രാജാവിനെ സ്തുതിച്ചു കൊണ്ട് കവിതകൾ എഴുതിയത് തൻ്റെ കവിതകൾ ജനങ്ങൾ മാത്രം വായിച്ചാൽ പോരാ രാജാവ് കൂടി വായിക്കണം രാഷ്ടീയമനസ്സിൻ്റെ പരിവർത്തനമാണ് കാവ്യപ്രയോജനം എന്നു നന്നായിട്ടു അറിയാവുന്നതുകൊണ്ടായിരുന്നു. പ്രഭാത ഗീതങ്ങൾ(അന്ധമാം വിശ്വാസമെങ്ങുന്നും നീങ്ങട്ടെ! / കാന്തിയും ശാന്തിയും വാച്ചിടട്ടെ! – പ്രഭാതഗീതം ), പ്രാർത്ഥനകൾ, സ്തോത്രങ്ങൾ (തൂണുപോലെ തുലയുന്ന ഞങ്ങളെ കുറിച്ചു പറഞ്ഞു കൊണ്ട് താണവർക്കു തണലേകാൻ, ജനിച്ച ‘കുമാര സംഭവ’ങ്ങളെ അഭിസംബോധന ചെയ്തു – കുമാരപഞ്ചകം – 1910) വ്യക്തി മാഹാത്മ്യഗീതങ്ങൾ (ഏതു ഭാഷ പഠിച്ചാലും ഏതു വേഷം ധരിച്ചാലും / നീതിബോധം ബുദ്ധിയിലാഴണം – നബി ഗീതം 1922 or23) മുക്തകങ്ങൾ (തൻ്റെ ഉദരരോഗത്തെക്കുറിച്ച്, കൊച്ചുണ്ണി തമ്പുരാന് നല്കിയ ശ്ളോകത്തിൽ തൻ്റെ വയറ്റിലെ അഗ്നി ഭഗവാനും മുഖം നോക്കിത്തുടങ്ങി പാവങ്ങളുടെ നെല്ലരി ഭക്ഷിക്കുന്നില്ല എന്നു പറയുന്നു) മംഗളശ്ലോകങ്ങൾ, രാജസ്തുകൾ, ഖണ്ഡകാവ്യങ്ങൾ, നാടകങ്ങൾ, താരാട്ടുപാട്ടുകൾ, പുരാണ പുനരാഖ്യാനങ്ങൾ, കത്തുകൾ, പ്രബോധനങ്ങൾ തുടങ്ങി എല്ലാറ്റിനും ഒരേ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു:തൊഴിൽ ജീവിതത്തെ നിർവ്വചിച്ചെടുക്കുക, അധികാരം ഒഴിവാക്കുന്നവരെ അറിയുക. ജാതി ശരീരത്തിൽ നിന്നും വ്യത്യസ്തമായി പുതിയ ശരീരത്തെയും പുതിയ മനസ്സിനെയും നിർമ്മിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം.പുരാണപ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു തന്നെയായിരുന്നു ഉള്ളിൽ. ‘പഞ്ചവടി’ എന്ന നാടകത്തിൽ ഞാൻ അങ്ങയെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നു എന്നു ശൂർപ്പണഖ പറയുമ്പോൾ, പഠിപ്പും പരിഷ്കാരവുമുള്ള ഒരാളും ദാസ്യത്തെ ആഗ്രഹിക്കുന്നില്ല എന്നും ഈ ലോകം മുഴുവൻ സ്വാതന്ത്ര്യത്തെ ആഗ്രഹിക്കുമ്പോൾ ഭവതി ദാസ്യത്തെ ആഗ്രഹിക്കുന്നത് വിഡ്ഢിത്തമാണെന്നുമാണ് ലക്ഷ്മണൻ പറയുന്നത്. കറുപ്പൻ്റെ പഞ്ചവടി മനോഹരമാകുന്നത് വേടന്മാരും കാട്ടുവാസി സ്ത്രീകളും അവരുടെ പാട്ടും ഉള്ളതുകൊണ്ടാണ്.

പതിനാലാം നൂറ്റാണ്ടിലെ പാച്ചല്ലൂർപതികത്തിലും മറ്റ് വാമൊഴിഗാനങ്ങളിലും പൊട്ടൻതെയ്യത്തിലും കാണുന്ന ജാതിവിരുദ്ധവികാരവും തത്ത്വചിന്തയും പണിയാളപക്ഷ നിലപാടും അധികാരവിമർശനവും നവോത്ഥാനകാലത്ത് ശക്തമായി ആവർത്തിക്കുന്ന കൃതികളായിരുന്നു കറുപ്പൻ്റേത്.ജാതിക്കുമ്മി അത്തരത്തിൽ പ്രധാനപ്പെട്ട കൃതിയാണ്.( ആശാൻ്റെ കൃതികൾ അതിൻ്റെ തുടർച്ചയായിരുന്നു).ശങ്കരാചാര്യരുടേതെന്നു പറയപ്പെടുന്ന മനീഷാപഞ്ചകവും ജനതയുടെ പ്രതിഷേധസൂചകമായ കൃതിയാണ്.ശങ്കരാചാര്യരുടെ അദ്വൈതചിന്തയും അനന്തരം രൂപപ്പെട്ട ക്രൂരമായ ജാതിവ്യവസ്ഥയും ചരിത്രത്തിൽ പലരാലും നിഷേധിക്കപ്പെട്ടിരുന്നു. അതിൻ്റെ പിതൃത്വവും പിടിച്ചെടുക്കുന്നതിനാവണം പ്രസ്തുത കൃതി ശങ്കരാചാര്യരുടെ പേരിൽ അറിയപ്പെടുന്നത്. എന്നാൽ ജാതിക്കുമ്മി കാലികമായി, കേരളീയജനകീയ ഈണത്തിൽ, മലയാളഭാഷയിൽ പുനരവതരിപ്പിക്കുകയാണ്. ജ്ഞാനം കൊണ്ടാണ് മഹത്വം ഉണ്ടാവുന്നതെങ്കിൽ, ബ്രാഹ്മണത്വം ഉണ്ടാകുന്നതെങ്കിൽ, ജ്ഞാനിക്ക് തീണ്ടൽ ആചാരം ഉണ്ടാവേണ്ടതില്ല, ജ്ഞാനത്തിൻ്റെ ആഹ്ളാദം മാത്രമേ ഉണ്ടാവേണ്ടതുള്ളു. ജപ്പാനിലോ, ബ്രിട്ടണിലോ ഇന്ത്യയിൽത്തന്നെ മറ്റ് പലയിടങ്ങളിലുമോ ഇല്ലാത്ത തീണ്ടലിനെതിരെയുള്ള രൂക്ഷമായ പ്രതികരണമാണ് കവിത. കാഷ്ഠം ഭുജിക്കുന്ന പട്ടിക്കു സമീപം നടക്കാം മനുഷ്യരുടെ അരികിലൂടെ നടക്കില്ല.നാല്കാലികളിലും താഴെ മനുഷ്യരെ കാണുന്ന അവസ്ഥയെയാണ് വിമർശിക്കുന്നത്.വാല-പുലയ -പറയ സമുദായത്തിൽ പെട്ടവർ ഇതു ചൊല്ലിയിരുന്നു എന്നും പ്രസ്തുത കൃതി ആരംഭം മുതൽ അവരിൽ സ്വാതന്ത്ര്യബോധവും അഭിമാനബോധവും വളർത്തിയിരുന്നു എന്നും കറുപ്പൻ്റെ ജീവചരിത്രകാരനായ ടി.എം. ചുമ്മാർ ചൂണ്ടിക്കാട്ടുന്നു.

മൂന്നങ്കങ്ങളുള്ള നാടകമാണ് ബാലാകലേശം.ബാലാ നായികയും (കൊച്ചീരാജ്യം) കലേശൻ (കൊച്ചീരാജാവ്) നായകനുമായിട്ടുമുള്ള സിംബോളിക് രാഷ്ട്രീയനാടകമാണിത്.രാജ്യം തന്നെ കഥാപാത്രമായി വരുന്നു.വിദേശങ്ങളിൽ നിന്നും വളർത്തുന്ന പക്ഷികൾക്ക് നാട്ടുപക്ഷികളുടെ പകുതി സ്വരവാസനയുണ്ടോ എന്നു നായിക നായകനോട് ചോദിക്കുമ്പോൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് സ്വദേശീയർക്കു ഉദ്യോഗം നല്കാത്തതിലുള്ള പ്രതിഷേധമാണ്. അതൊരു ‘മലയാളി മെമ്മോറിയ ‘ലാണ്.( ‘ഉദ്യാന വിരുന്ന്’ കവിതയിലെ മിശ്രഭോജന സമരപ്രസ്ഥാനമാണ്)കൃതിയെ രാഷ്ട്രീയ പ്രക്ഷോഭസ്ഥലമാക്കി മാറ്റുകയാണ് കറുപ്പൻ. തീണ്ടൽനിയമം തെറ്റിച്ച കൊച്ചാലുപ്പുലയനല്ല നാടകത്തിൽ ശിക്ഷിക്കപ്പെടുന്നത്. അയാളെ കൈയേറ്റം ചെയ്ത കാർന്നോരെയാണ് വിചാരണ ചെയ്യുന്നത്.കൊച്ചാലുപ്പുലയൻ ജാതിക്കുമ്മി പാടി ജാതിയുടെ നിരർത്ഥകത സ്ഥാപിക്കുന്നു. കാർന്നോരെ നാടുകടത്തുകയും ഉപരിവർഗ്ഗത്തിൽപ്പെട്ട പൊളിപ്പറമ്പൻ, തേനക്കോടൻ എന്നിവരെ തൂക്കിലേറ്റാൻ വിധിക്കുകയും ചെയ്യുന്നു. കൊച്ചീരാജാവിൻ്റെ ഷഷ്ടിപൂർത്തിക്ക് നാടകമത്സരത്തിൽ എഴുതി സമ്മാനം നേടിയ കൃതിയാണിത് .രാജാവിനെ മാപ്പുസാക്ഷിയാക്കി ബ്രാഹ്മണമതനീതികളെ രൂക്ഷമായി എതിർക്കുകയായിരുന്നു കവി.രാജാക്കന്മാർ പലപ്പോഴും പാവത്തങ്ങളാണ് എന്നു അഭിജ്ഞാനശാകുന്തളത്തിലെ ദുഷ്യന്തനെക്കുറിച്ചു പറയുമ്പോൾ കറുപ്പൻ പറയുന്നുണ്ട്. കാളിദാസൻ മുക്കുവനെ മോശമായിത്തന്നെ അവതരിപ്പിക്കുമ്പോഴും മുക്കുവന് സമ്മാനങ്ങൾ കൊടുത്ത് ജാതി അയിത്തം ഇല്ലാതാക്കുന്ന രാജാവിനെ ഇതിൽ കാണാമെന്നു അദ്ദേഹം പറയുന്നുണ്ട്‌. പക്ഷെ ഈ കാലത്തെ കൊച്ചിയുടെ അവസ്ഥയല്ല,തിരുവിതാംകൂർ. അവിടെ ഈ കാലത്ത് ഇങ്ങനെ ഒരു നാടകത്തിന് സമ്മാനം കിട്ടില്ല. അതാണ് ഇതെഴുതിയ ആൾ സർവ്വീസിൽ ഉണ്ടോ എന്ന് ഡോ. പൽപ്പു നാടകം വായിച്ചിട്ട് ചോദിച്ചത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാകട്ടെ കറുപ്പനെ രൂക്ഷമായി വിമർശിച്ചു.
”ദിവാൻ ഭരണത്തെ രൂക്ഷമായി വിമർശിച്ചതിനാൽ രാജദ്രോഹ കുററം ചുമത്തി നാടുകടത്തപ്പെട്ട പത്രാധിപരായിരുന്നുവല്ലോ ‘സ്വദേശാഭിമാനി’.അതേ സ്വദേശാഭിമാനിയാണു, തീണ്ടലാചരിച്ച സവർണ്ണരിൽ ചിലരെ നാടു കടത്തണമെന്നും, മററു ചിലരെ തൂക്കിക്കൊല്ലണമെന്നും ന്യായാധിപനെക്കൊണ്ടു വിധിപ്പിച്ച കറുപ്പനിൽ രാജദ്രോഹകുററം ചുമത്തിയത് എന്ന വസ്തുത നമ്മെ ചിന്താകുലരാക്കുന്നു.” (എം.പി. അപ്പൻ, അവതാരിക, ജാതിക്കുമ്മിയും ഉദ്യാനവിരുന്നും എൻ. ബി. എസ്. പതിപ്പ് 1980) ബ്രാഹ്മണമതത്തെ എതിർക്കാൻ രാജാവിനെ ഉപയോഗിക്കുന്ന കെ.പി. കറുപ്പൻ പുലയ മഹാസഭ കൂടാൻ രാജാവ് സ്ഥലം നിഷേധിച്ചപ്പോൾ എറണാകുളംകായലിൽ വച്ച് സമ്മേളനം സംഘടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തീണ്ടൽ വീഴ്ത്തുന്ന രാജാവ് വാഴുക എന്നാണ് കറുപ്പൻ പറഞ്ഞത്. തീണ്ടൽ മാറിയപ്പോൾ രാജാവും ആ ജ്ഞാനവ്യവസ്ഥയും തകർന്നു വീഴുന്നു. വ്യാവസായികആധുനികതയുടെ ജ്ഞാനവ്യവസ്ഥയെ കറുപ്പൻ ഉപയോഗിക്കുന്നുണ്ട്. തീവണ്ടിയും കപ്പലും പണവ്യവസ്ഥയും ജന്മിത്ത-ബ്രാഹ്മണമത മൂല്യവ്യവസ്ഥയെ എതിർക്കാൻ ഉപയോഗിക്കുന്നു.’’ വേദവും വൃത്തിയും നശിപ്പിക്കുന്ന തീവണ്ടി’’ എന്ന പ്രയോഗം ‘ബാലാകലേശ’ത്തിൽ ഉണ്ട്. ഇടയിലുള്ള വെള്ളം കുടിയും ഉൾപ്പഴുപ്പും നിലവിളിയും ഇടയിൽ മൂത്രമൊഴിപ്പുമുള്ള പ്രമേഹരോഗി എന്നാണ് നമ്പൂതിരി തീവണ്ടിയെ ശ്ലോകത്തിൽ നിർവ്വചിക്കുന്നത്. തീവണ്ടി സ്റ്റേഷൻ തന്നെ നാടകത്തിലെ രണ്ടാം അങ്കത്തിൻ്റെ പശ്ചാത്തലമാണ്.അയിത്തമില്ലാത്ത ആധുനിക സ്ഥലമായി തീവണ്ടി മാറുന്നു. തീവണ്ടിയിൽ ടിക്കറ്റുകൊടുക്കുന്ന ക്ലർക്ക് നമ്പൂതിരിയോട് ഇങ്ങനെ പറയുന്നു: ‘’ ഞങ്ങൾ ടിക്കറ്റുകൊടുക്കുന്നതു ബ്രഹ്മസ്വവും ദേവസ്വവും നോക്കിയല്ല ഉറുപ്പിക നോക്കിയാണ്. യഥാർത്ഥബ്രാഹ്മണ്യമുള്ള അനുഭവസിദ്ധന്മാരോടും ഇവിടെ കാശു വാങ്ങിക്കും.”ജന്മവും ജാതിയും മാനദണ്ഡമാകുന്ന ജ്ഞാനവ്യവസ്ഥയെയും പണം മാനദണ്ഡമാകുന്ന ഒരു ജ്ഞാനവ്യവസ്ഥയെയും മുഖാമുഖം നിർത്തുകയാണിവിടെ. എറണാകുളത്ത് തുറമുഖം വരുന്നതിനെ സൂചിപ്പിക്കുന്ന സംഭാഷണവും നടകത്തിലുണ്ട്. കപ്പൽ വന്നാൽ എത്ര സുഖമാണ് എന്നു പറയുന്ന മകനെ നാടകത്തിൽ അവതരിപ്പിക്കുന്നു.

എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടി വ്യാവസായിക ആധുനികതയെ കണ്ണടച്ച് പുൽകുന്ന സമീപനമല്ല കെ.പി കറുപ്പനെ നിയന്ത്രിച്ചത്.അന്തസ്സുള്ള വസ്ത്രങ്ങളണിഞ്ഞ് ഞെളിയണ്ട;പക്ഷെ വൃത്തിയുള്ള വസ്ത്രമണിയുക, പണമാണ് ഗുണം എന്നല്ല;പക്ഷെ പണം ശേഖരിച്ചു വയ്ക്കണം, വിവാഹമരണകർമ്മങ്ങളുടെ ചെലവു കുറയ്ക്കണം, മദ്യം വർജിക്കണം, ജാതികൂട്ടായ്മകൾ അല്ല, സംഘടനകളാണ് വേണ്ടത്, ആചാരപദങ്ങൾ ഉപയോഗിക്കരുത്, വിവാഹത്തിൽ പെണ്ണിൻ്റെയും ആണിൻ്റെയും മനസ്സാണ് പ്രധാനം എന്നിവ ‘ആചാര ഭൂഷണം’പോലുള്ള കൃതികളിൽ പറയുന്ന നിർദ്ദേശങ്ങൾ ആണ്. വ്യാവസായിക ആധുനികതയുടെ ജ്ഞാനവ്യവസ്ഥയെ ഉപയോഗപ്പെടുത്തുമ്പോഴും അതിനെ ചെറുക്കുന്നതും കാണാം. അത്തരം വൈരുധ്യാത്മകത നവോത്ഥാന ആധുനികതയുടെ സവിശേഷത അതായിരുന്നു. ജാതിയെ മറികടക്കാൻ ബ്രിട്ടീഷുകാരെയും രാജാവിനെയും വ്യാവസായിക ആധുനികതയുടെ ചിഹ്നവ്യൂഹങ്ങളെയും ഉപയോഗിക്കുമ്പോൾത്തന്നെ അതു മറ്റൊരു അധികാരമാണെന്നും കെ. പി. കറുപ്പൻ മനസ്സിലാക്കുന്നു. ഡിജിറ്റൽ മുതലാളിത്ത വ്യവസ്ഥയിലും ജാതിപ്രശ്നം പ്രധാനപ്രശ്നമായി ഉയർത്തിക്കൊണ്ട് വരുന്ന ദളിത് നവയാഥാസ്ഥിതിക പ്രസ്ഥാനം ഓർക്കേണ്ടത് അധികാരം ആണ് അസ്പൃശ്യതയെ നിർമ്മിച്ചത് ജാതിയല്ല എന്ന അംബേദ്കർ പറഞ്ഞകാര്യമാണ്.കറുപ്പൻ്റെ കാലത്തു തന്നെ അധ:സ്ഥിതനെ വീണ്ടും അധ:സ്ഥിതമാക്കുന്ന ബ്രാഹ്മണമതേതരമായ പുതിയ അധികാരൂപങ്ങൾ ഉണ്ടായി വന്നു.’ഒരു താരാട്ട് അഥവാ ധീവരതരുണിയുടെ വിലാപം’ എന്ന കവിത വ്യാവസായികഅധിനിവേശത്തിനെതിരെയുള്ള ഹൃദയഭേദകമായ നിലവിളിയും നിഷേധമാണ്. 1920-ൽ കൊച്ചി ഹാർബറിൻ്റെ രൂപരേഖ സർ റോബർട്ടു ബ്രിസ്റ്റോ തയ്യാറാക്കിയതോടെ പ്രവർത്തനങ്ങൾ തുടങ്ങി.അഴിമുഖപ്രാന്തങ്ങളിൽ വലകെട്ടി മത്സ്യം പിടിക്കുവാൻ വാലന്മാർ ( ധീവരന്മാർ) തറച്ചിരുന്ന ഊന്നി കുറ്റികൾ (Fishing stakes) നിരുപാധികമായി നീക്കം ചെയ്യപ്പെടണമെന്ന ഗവൺമെൻ്റു തീരുമാനം എറണാകുളം, തൂശം, അഴീക്കൽ എന്നീ സ്ഥലങ്ങളിൽ താമസിച്ചിരുന്ന വാലന്മാർക്കെല്ലാം ഒരു മിസൈൽ ആക്രമണം പോലെയായിരുന്നു. മത്സ്യത്തൊഴിലാളികൾ കടുത്ത ദാരിദ്യത്തിലേക്ക് ചെന്നു വീണു. ഭയങ്കരമായ കാറ്റും ഇരുട്ടും നിറഞ്ഞ സന്ധ്യക്ക് എറണാകുളത്തു നിന്നും മട്ടാഞ്ചേരിയിലേക്കുള്ള ബോട്ടുകിട്ടാതെ നിൽക്കുന്ന യാത്രികൻ വാലക്കുടിലിൽ നിന്നും കുഞ്ഞിനെ ഉറക്കുന്ന ധീവര യുവതിയുടെ താരാട്ട് പാട്ടു കേൽക്കുന്ന രീതിയിൽ എഴുതപ്പെട്ടതാണ് ഈ കാവ്യം.കല്പാന്തകാലത്തു മാത്രം ഉണ്ടാകുന്ന കൊടുങ്കാറ്റു വീശുന്നു. ആഴിയിൽ സൂര്യൻ വീണു മറഞ്ഞു. ഉള്ളിൽ ഇരുൾ ഭയമേറ്റിക്കൊണ്ട് വഴികളിൽ വിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. ആവിബോട്ടുകളെല്ലാം പോയൊഴിഞ്ഞു. തോണിക്കായി വന്ന യാത്രികൻ കരുണവും ദീനവുമായ പാട്ടു കേട്ടു സ്തംഭിച്ചു നിൽക്കുന്നു. ദാരിദ്ര്യമെങ്കിലും അലക്കിയ വസ്ത്രം ധരിച്ച ആ യുവതി കോളു പിടിച്ച കടൽ ഇളകി മറിയുമ്പോൾ കുഞ്ഞിനായി ഉറക്കുപാട്ടു പാടുന്നു. കൊറ്റിനായി പോയി ആറ്റിൻ നടുവിൽപ്പെട്ട, കുട്ടിയുടെ അച്ഛൻ മടങ്ങി വന്നിട്ടില്ല. കാറ്റിലോടം മറിഞ്ഞാൽ ജീവിക്കുവാൻ കായലിൽ നിന്നിടുന്ന കുറ്റികൾ നീക്കുവാൻ ഗവൺമെൻ്റ് കല്പിച്ചിരിക്കുന്നു. നമ്മോട് അല്പം അൻപു തോന്നി കൊച്ചിയിലെ പഴയ തമ്പുരാക്കന്മാർ നാട്ടിയ കമ്പുകളാണ് ഇല്ലാതായത്.ഇനി തെണ്ടുകയേ നിവൃത്തിയുള്ളു. “ യുറോപ്യന്മാർക്ക് വേണ്ടി – നമ്മളുടെ / ചോറു കളഞ്ഞതാരോ?” കാട്ടുമൃഗങ്ങൾ മ്യൂസിയത്തിലിരമ്പും പോലെ മണ്ണുമാന്തുന്നു, കപ്പൽ വന്നു കൂടുന്നു.. എല്ലാം ശരിയാകുമായിരിക്കും എന്നു പറഞ്ഞ് കുട്ടിയെ ഉറക്കുന്ന അമ്മയിലാണ് കവിത അവസാനിക്കുന്നത്. വ്യാവസായികവും വൈദേശികവുമായ അധീശത്വത്തിൽ വഴിയാധാരമായി ഉറക്കം നഷ്ടപ്പെട്ട ഒരു ജനതയുടെ രാഷ്ട്രീയമായ ഉണർവ്വിൻ്റെ പാട്ടാക്കി തരാട്ടുപാട്ടു എന്ന കാവ്യശാഖയെ കെ.പി.കറുപ്പൻ വികസിപ്പിക്കുന്നു. നാടു വികസിക്കുമ്പോൾ, തുറമുഖങ്ങൾ ഉയരുമ്പോൾ മണ്ണുമാന്തിയന്ത്രങ്ങൾ വന്യമൃഗങ്ങൾ പോലെ ഇരമ്പി എത്തി ഒരു മാധ്യമത്തിലും ഇടം പിടിക്കാത്തവരുടെ നെഞ്ചു കുഴിച്ചു മുന്നേറുമ്പോൾ, പിടയുന്ന ജീവിതങ്ങളിൽ നിന്നുമുയരുന്നതാണ് അലമുറയാണ് കവിത എന്നു കറുപ്പൻകാട്ടിത്തരുന്നു.പഴയ ജാതി വ്യവസ്ഥയുടെ പഴയ കുപ്പായങ്ങൾ അലക്കി വെളുപ്പിച്ച് അധ:സ്ഥിതൻ ഉയർന്നെഴുനേൽക്കുമ്പോൾത്തന്നെ പഴയ തമ്പുരാക്കന്മാരേക്കാൾ ക്രൂരരായ പുതിയ തമ്പുരാക്കന്മാർ എത്തുന്നത് കെ.പി.കറുപ്പൻ തിരിച്ചറിയുന്നതു കൊണ്ടാണ് എന്നത്തേയും വലിയ കവിയായി അദ്ദേഹം മാറുന്നത്.പുതിയ ബോട്ടിലും പഴയ തോണിയിലും കയറാനാവാതെ, -എല്ലാറ്റിൽ നിന്നും പുറത്താക്കപ്പെട്ട് -നിൽക്കുന്ന ഒരു ജനതയെയാണ് കറുപ്പൻ അഭിസംബോധന ചെയ്തത്. അതുകൊണ്ടാണ് അവ കവിതയായി തീർന്നത്.

കെ.പി കറുപ്പൻ: എറണാകുളം പട്ടണത്തിന് വടക്കു ചേരാനല്ലൂർ ഗ്രാമത്തിൽ 24.5.1885-ൽ ജനിച്ചു. വിഷവൈദ്യൻ ആയിരുന്ന പിതാവ് സ്വാമി ആനന്ദ സ്വാമി എന്നറിയപ്പെട്ടു. കൊടുങ്ങല്ലൂർ കോവിലകത്തു അവർണ്ണക്കായുള്ള ഉപഭവനത്തിൽ പഠനം. കൊച്ചി രാജാവിൻ്റെ ഇടപെടലിൽ എറണാകുളം മഹാരാജാസ് കോളേജിലെ സംസ്കൃതം അധ്യാപകൻ കെ രാമപ്പിഷാരടി ഗുരുവായി. എറണാകുളം സെൻ്റ് തെരേസാസ് കോൺവെൻ്റ് സ്കൂളിൽ സംസ്കൃത അധ്യാപകൻ,1911 ൽ ഫിഷറി സ്പെഷൽ ഓഫീസറുടെ ഗുമസ്തൻ, 1912 ൽ എറണാകുളം സവർണ്ണബാലികാ പാഠശാലയിൽ സംസ്കൃത അധ്യാപകൻ, 1917 മുതൽ 21 വരെ തൃശ്ശൂർ വി.ജി. (വിക്ടോറിയ ജൂബിലി )ഹൈസ്കൂളിൽ അധ്യാപകൻ, 1925 ലെ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിൽ വാല സമുദായ പ്രതിനിധി, 1927 ൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള അധ:കൃതോപസംരക്ഷൻ എന്ന തസ്തികയിൽ നിയമനം, 1931 ൽ നാട്ടുഭാഷാ സൂപ്രണ്ട് എന്ന തസ്തികയിൽ നിയമനം, 1932-ൽ മലയാളവിഭാഗം ലക്ചറർ – ഇങ്ങനെയാണ് ഔദ്യോഗിക ജീവിതം.1909 ൽ പനമ്പുകാട് ചൂതം പറമ്പിൽ കറുമ്പൻ്റെ മകൾ കുഞ്ഞമ്മയുമായി വിവാഹം.1926 ൽ അബലാശരണം ഗേൾസ് മോഡൽ സ്കൂൾ സ്ഥാപിച്ചു.

കൃതികൾ: ശാകുന്തളം, ജാതിക്കുമ്മി, ഒരു താരാട്ട്, ഉദ്യാന വിരുന്ന്, കുമാരസംഭവം, തിരുനാൾക്കുമ്മി, ശകുന്തള, വള്ളോർക്കവിത, ചിത്രലേഖ തുടങ്ങിയ ഖണ്ഡകൃതികൾ. ബാലാകലേശം, പഞ്ചവടി, എഡ്വേർഡ് വിജയം ,സംഗീത നൈഷധം, ധ്രുവചരിതം തുടങ്ങിയ നാടകങ്ങൾ. പുറമേ അനേകം സ്തോത്രങ്ങൾ, ശ്ലോകങ്ങൾ, കത്തുകൾ, മംഗളാശംസകൾ, ലഘു കവിതകൾ, ചരമഗീതങ്ങൾ, ഗദ്യ ലേഖനങ്ങൾ, നിയസഭാപ്രസംഗങ്ങൾ, ‘ഫോക് സോംഗ്സ് ഓഫ് മലബാർ – സാമുദായിക ഗാന കലകൾ ‘ എന്ന സമാഹാരം.
(അവലംബം: കവിതിലകൻ പണ്ഡിറ്റ് കെ.പി.കറുപ്പൻ്റെ സമ്പൂർണ്ണ കൃതികൾ വാല്യം 1 & 2 ജ്ഞാനോദയം സഭ,കൊച്ചി, 1992.കവി തിലകൻ കെ. പി.കറുപ്പൻ ജീവചരിത്രം – ടി.എം.ചുമ്മാർ)

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
മുജീബ് റഹിമാൻ എ
മുജീബ് റഹിമാൻ എ
6 months ago

പ്രതി ചരിത്രവും പ്രതിരോധ സാഹിത്യവും അനിവാര്യമായ കാലമാണിത്
സത്യാനന്തരകാലത്ത് ഇത്തരം പ്രതി ചരിത്ര സാഹിത്യങ്ങൾ പരിചയ
പ്പെടുത്തുക തന്നെ വേണം. ചരിത്രം ചരിത്രമായി അവ
തരിപ്പിക്കപെടുമോൾ അതൊരു അക്കാദമിക താല്പര്യവും ഉൾക്കൊള്ളാതാ
വാത്ത വിഷയവുമായി പിരിണമിയ്ക്കുന്നു

പരിത്രത്തെ ഇങ്ങനെ പ്രതി ചരിത്ര സാഹിത്യമായി കൊണ്ടുവരുമ്പോൾ അതിന് ആസ്വാദകത്വം മാത്രമല്ല അതൊരു ചിരിത്ര നിർമിതി കൂടിയാണ്

ഇന്ന് പ്രതി ചരിത്രം തമസ്കരിക്കുകയോ ബോ ധൂർവം തമസ്ക്കരിക്കപ്പെ
ടുകയും ചെയ്യുന്നുണ്ട്

നമുക്ക നമ്മുടെ ചരിത്രമുണ്ട്.
അതിൽ എല്ലാം ഉൾച്ചേർന്നു കിടക്കുന്നു. പാലിൽ വെണ്ണ പോലെ. നാടോടി വിജ്ഞാനീയം മുതൽ ആധുനിക മനുഷ്യൻ്റെ സംത്രാസങ്ങൾ വരെ

മാഷ് ഈ മേഖലയിൽ
കൂടുതൽ ജാഗരൂകമാവുക

മുജീബ് റഹിമാൻ ‘എ

1
0
Would love your thoughts, please comment.x
()
x