
വി.സി.ശ്രീജൻ
Published: 10 May 2025 സംസ്കാരപഠനം
ബ്രിട്ടീഷുകാരെ സ്തുതിക്കുന്ന കോൺഗ്രസ് കാരനായ മാധവൻ
– ഇന്ദുലേഖയിലെ 18-ാം അധ്യായത്തിലേക്ക് വീണ്ടും
ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം
പതിനെട്ടാം അദ്ധ്യായത്തിൽ നോവൽകാരൻ സൂചിപ്പിക്കുന്ന പല സംഗതികൾക്കും ഉറവിടം പറഞ്ഞിട്ടില്ല. അന്നത്തെ മലയാളികൾക്കിടയിൽ വ്യാപിക്കുന്നതായി കണ്ട അനാവശ്യപ്രവണതകൾക്കു തടയിടാനാണ് ഈ അദ്ധ്യായം ചന്തുമേനോൻ എഴുതിയത്.ഈ അദ്ധ്യായം എഴുതാൻ ആവശ്യമായ ചില പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നു വരുത്തേണ്ടി വന്നതിനാൽ നോവലിന്റെ എഴുത്ത് അല്പം താമസിച്ചു എന്ന് ചന്തു മേനോൻ എഴുതിയിട്ടുണ്ട്. അല്ലെങ്കിൽ അപ്പോൾ എഴുതിത്തീർന്ന 1889 ഓഗസ്ത് 17നു മുമ്പെ ജൂലായ് 10നു തന്നെ നോവൽ എഴുതിത്തീരുമായിരുന്നു എന്നും പറയുന്നു. റഫറൻസ് പുസ്തകങ്ങൾ എത്താനും വായിക്കാനും എഴുതാനും എല്ലാം കൂടി അഞ്ച് ആഴ്ചകൾ വേണ്ടിവന്നിരിക്കണം. പതിനെട്ടാം അദ്ധ്യായത്തിൽ നോവൽകാരൻ പേരെടുത്തു പറയുന്ന (ചാൾസ്) ബ്രാഡ്‌ലാ, (ചാൾസ്) ഡാര്‍വിന്‍, (റ്റോമസ് ഹെൻറി) ഹക്സ്‌ലി, (ആൽഫ്രഡ് റസൽ) വാലസ്, (ഹെർബർട്) സ്പെന്‍സര്‍ എന്നിവരുടെ പുസ്തകങ്ങൾ ആയിരിക്കണം ചന്തുമേനോൻ ബിലാത്തിയിൽ നിന്ന് വരുത്തിയത്, അല്ലെങ്കിൽ അവരെപ്പറ്റിയുള്ള പുസ്തകങ്ങൾ. ഈ ചിന്തകരുടെയും ശാസ്ത്രജ്ഞരുടെയും പുസ്തകങ്ങൾ ഗോവിന്ദൻകുട്ടി മേനോൻ കാണാതായ മാധവനെ തിരഞ്ഞ് വടക്കേ ഇന്ത്യയിലേക്കു പോകുമ്പോൾ തുകൽപ്പെട്ടിയിൽ കൂടെ കൊണ്ടുപോയിരുന്നു. ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ വാലസ് പരിണാമവാദിയും ഡാർവിന്റെ അനുയായിയും ആയിരുന്നുവെങ്കിലും ജീവികളുടെ പരിണാമപ്രക്രിയയിൽ ഉയർന്ന ഒരു ബുദ്ധിതത്ത്വത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് വിശ്വസിച്ചിരുന്നു.
ഇവിടെ,
“ഇംക്ലീഷ് പഠിച്ചു ഇംക്ലീഷ് സമ്പ്രദായമാവുന്നതുകൊണ്ടു നുമ്മടെ നാട്ടുകാരായ സ്ത്രീകൾക്ക് അത്യാപത്ത് വരുന്നു എന്നു കാണിക്കാൻ ഇവിടെ വടക്കെ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്തകം എഴുതീട്ടുണ്ട്”
എന്ന് നോവൽകാരൻ പറയുന്നു. ഏതാണ് ഈ പുസ്തകം എന്ന് ഗ്രന്ഥകാരൻ പറയുന്നില്ല. ഇത് മലയാളത്തിലെ സ്ഥിരംശൈലിയാണ്. മറ്റൊരാൾ പറഞ്ഞത് ഉദ്ധരിക്കുന്ന ലേഖകൻ ആര് എവിടെ പറഞ്ഞു എന്ന് വ്യക്തമാക്കില്ല. ആശയം സ്വന്തമാണ് എന്ന് ലേഖകൻ അവകാശപ്പെടുന്നില്ല എന്നേ വായനക്കാർക്ക് മനസ്സിലാവൂ. ഏതോ ഒരാൾ എവിടെയോ പറഞ്ഞു എന്നിങ്ങനെയാണ് ഉദ്ധരണികൾ പലതും. പറഞ്ഞത് അങ്ങനെ തന്നെയോ എന്ന് ഉറപ്പിക്കാൻ വഴിയില്ല. എഴുത്തുകാരൻ ജീവിച്ചിരിക്കുമ്പോൾ അയാളോട് ചോദിച്ച് കാര്യം മനസ്സിലാക്കാം. മരിച്ചു പോയാൽ ഉദ്ധരണികളുടെ ഉറവിടം കണ്ടെത്തുക അസാദ്ധ്യം.
ഡ്യൂമർഗിനുള്ള കത്തിൽ ചന്തുമേനോൻ ഇങ്ങനെ എഴുതുന്നു:
‘’എന്റെ ചില മലയാളി സുഹൃത്തുക്കളുടെ പ്രത്യേകഅഭ്യർത്ഥന മാനിച്ചാണ് 18ɔo അദ്ധ്യായം എഴുതിയത്.അതിന്റെ ഒരു പകുതി വിദ്യാസമ്പന്നരായ മലയാളികൾക്കിടയിൽ നിലനിൽക്കുന്ന നിരീശ്വരവാദത്തിന്റെ, അഥവാ ആധുനികഅവിശ്വാസത്തിന്റെ പരിഗണന യ്ക്കായി നീക്കിവച്ചിരിക്കുന്നു. മറ്റേ പകുതി ഇൻഡ്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചർച്ചചെയ്യുന്നു.”
ഇത് മാധവനും മാധവന്റെ പിതാവും മാധവന്റെ മച്ചുനനും തമ്മിലെ സംഭാഷണമായി അവതരിപ്പിക്കുന്നു. മാധവന്റെ മച്ചുനൻ ബിരുദധാരിയും എന്നാൽ കോൺഗ്രസ് വിരുദ്ധനും നിരീശ്വരവാദിയുമാണു്. മാധവൻ മിതവാദിയായ കോൺഗ്രസുകാരനാണ്, നിരീശ്വരവാദിയല്ല. മാധവന്റെ അച്ഛൻ മതാന്ധനായ ഒരു ഹിന്ദുവാണ്. മൂന്നു പേരും മതത്തെക്കുറിച്ച് എങ്ങനെ ചിന്തിച്ചുവെന്നും ഗോവിന്ദൻകുട്ടി മേനോൻ എങ്ങനെ കോൺഗ്രസ്സിനെ നിന്ദിച്ചുവെന്നും കോൺഗ്രസിനെ മിതമായി പിന്തുണച്ച മാധവൻ അതിന്റെ ഭരണഘടനയിലും പ്രവർത്തനങ്ങളിലും ഉള്ള തെറ്റുകൾ എങ്ങനെ കണ്ടെത്തിയെന്നും ഈ സംഭാഷണം വ്യക്തമാക്കുന്നു. ഈ തെറ്റുകൾ തിരുത്തുവാനായി കോൺഗ്രസ്സിനെ ഉപദേശിക്കാൻ മാധവൻ ഒരുക്കവുമാണു് (xxiv).
കോൺഗ്രസ്സിനെ ഉപദേശിക്കാൻ പറ്റിയ ആൾ തന്നെ മാധവൻ! ഇന്ദുലേഖ ഒഴികെ മറ്റൊരു വിഷയത്തെക്കുറിച്ചും അഭിപ്രായമില്ലാത്ത കഥാപാത്രമാണ് മാധവൻ എന്ന് എം. ആർ. നായർ (സഞ്ജയൻ) എഴുതുന്നു(സാഹിത്യനികഷം ഒന്നാം ഭാഗം 132). അന്നത്തെ യുവതലമുറയെപ്പറ്റി ചന്തുമേനോനു വേണ്ടത്ര അറിവുണ്ടായിരുന്നില്ല എന്നും തനിക്കു കൂടുതൽ പരിചയം നോവലിലെ മുൻതലമുറയെ ആയിരുന്നു എന്നും നായർ കൂട്ടിച്ചേർക്കുന്നു. കൂടാതെ,
“മതത്തെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും ചില വാദങ്ങൾ മാധവനെക്കൊണ്ട് പതിനെട്ടാമദ്ധ്യായത്തിൽ ചന്തുമേനോൻ ചെയ്യിക്കുന്നുണ്ട്. പക്ഷെ അവ താൻ ആലോചിക്കാതിരുന്ന ഒരു വിഷയത്തെക്കുറിച്ച് പെട്ടെന്നു തീർപ്പു കല്പിക്കാൻ നിർബ്ബദ്ധനായ സ്കൂൾപഠിപ്പുമാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ചില ചില്ലറ യുക്തികളെന്ന നിലയിലാണ് ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നതു് “
എന്നും നായർ എഴുതുന്നു(132).
മേലെ ഉദ്ധരിച്ച ഖണ്ഡികയിൽനിന്നു വ്യക്തമാവുന്നത് 18ɔo അദ്ധ്യായം നോവലിന്റെ അവിഭാജ്യഘടകമല്ല എന്നു തന്നെയാണ്. താൻ എഴുതുന്നത് മലയാളത്തിലെ ആദ്യത്തെ നോവലാണ്. അതിൽ എന്തെല്ലാം ഉൾപ്പെടുത്താം എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നു തീരുമാനിക്കാൽ കീഴ്വഴക്കങ്ങൾ ഒന്നും നിലവിലില്ല. അതുകൊണ്ട് തന്റെ ഉദാരമനഃസ്ഥിതിയാൽ ചന്തുമേനോൻ സുഹൃത്തുക്കളുടെ ആവശ്യം അംഗീകരിച്ചു. ഇങ്ങനെ ചെയ്യുന്നതിനു പകരം നോവലിനെ വെറുതെ വിട്ട്, വേറെ ഓരോ നിരീശ്വരവാദവിരുദ്ധ/മിതവാദകോൺഗ്രസ് ലഘുലേഖകൾ എഴുതിയാൽ മതിയാകുമായിരുന്നു. നിരൂപകരല്ലാതെ സാമാന്യവായനക്കാർ ആദ്യവായനയിൽ 18ɔo അദ്ധ്യായം മുഴുവൻ വായിക്കുമോ എന്നു സംശയമാണു്. ഈ അദ്ധ്യായത്തെ, “കഥാപ്രവാഹത്തെ പ്രതി രോധിക്കുന്ന ഒരു ശിലാഖണ്ഡം” എന്ന് എം. പി. പോൾ വിശേഷിപ്പിക്കുന്നു (നോവൽസാഹിത്യം 199). കഥാനിർവ്വഹണത്തിന് ഈ അദ്ധ്യായം ആവശ്യമാണോ അല്ലയോ എന്നു വിധിക്കുവാൻ ഒരു പരീക്ഷ മാത്രം മതിയെന്നാണ് പോളിന്റെ അഭിപ്രായം. ഈ ഭാഗം കഥയിൽനിന്ന് വേർപെടുത്തുക, എന്നിട്ട് കഥയുടെ നിർവ്വഹണത്തിന് അതുകൊണ്ട് ഹാനിയെന്തെങ്കിലും വരുന്നുണ്ടോ എന്നു നോക്കുക. ഇങ്ങനെ നോക്കിയാൽ അഭിവന്ദ്യമായ ഈ കൃതിക്ക് പതിനെട്ടാം അദ്ധ്യായം ഒരു കളങ്കമാണെന്നു സമ്മതിക്കേണ്ടിവരും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിജ്ഞാനപ്രദമായ ഒരു പ്രബന്ധമായി പതിനെട്ടാം അദ്ധ്യായത്തെ കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നിരിക്കിലും പ്രതിഭാശാലിയായ ഒരു നിരൂപകന് തന്റെ സർഗ്ഗശേഷികൊണ്ട് ഈ അദ്ധ്യായത്തെ മറ്റൊരു വിധത്തിൽ വായിച്ച് നോവലിന്റെ അവിഭാജ്യഘടകമായി പുനഃസ്ഥാപിക്കാൻ സാധിച്ചേക്കാം, അത്തരമൊരു സാദ്ധ്യത ഇനിയുമുണ്ടു്.
പതിനെട്ടാം അദ്ധ്യായം എഴുതാൻ ആവശ്യമായ ചില പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നു വരുത്തേണ്ടി വന്നതിനാൽ നോവലിന്റെ എഴുത്ത് അല്പം താമസിച്ചു എന്ന് ചന്തുമേനോൻ എഴുതിയിട്ടുണ്ട്.അല്ലെങ്കിൽ അപ്പോൾ എഴുതിത്തീർന്ന 1889 ഓഗസ്ത് 17നു മുമ്പെ ജൂലായ് 10നു തന്നെ നോവൽ എഴുതിത്തീരുമായിരുന്നു എന്നും പറയുന്നു. റഫറൻസ് പുസ്തകങ്ങൾ എത്താനും വായിക്കാനും എഴുതാനും എല്ലാം കൂടി അഞ്ച് ആഴ്ചകൾ വേണ്ടിവന്നിരിക്കണം. പതിനെട്ടാം അദ്ധ്യായത്തിൽ നോവൽകാരൻ പേരെടുത്തു പറയുന്ന (ചാൾസ്) ബ്രാഡ്‌ലാ, (ചാൾസ്) ഡാര്‍വിന്‍, (റ്റോമസ് ഹെൻറി) ഹക്സ്‌ലി, (ആൽഫ്രഡ് റസൽ) വാലസ്, (ഹെർബർട്) സ്പെന്‍സര്‍ എന്നിവരുടെ പുസ്തകങ്ങൾ ആയിരിക്കണം ചന്തുമേനോൻ ബിലാത്തിയിൽനിന്ന് വരുത്തിയത്, അല്ലെങ്കിൽ അവരെപ്പറ്റിയുള്ള പുസ്തകങ്ങൾ. ഈ ചിന്തകരുടെയും ശാസ്ത്രജ്ഞരുടെയും പുസ്തകങ്ങൾ ഗോവിന്ദൻ കുട്ടിമേനോൻ കാണാതായ മാധവനെ തിരഞ്ഞ് വടക്കേ ഇന്ത്യയിലേക്കു പോകുമ്പോൾ തുകൽപ്പെട്ടിയിൽ കൂടെ കൊണ്ടുപോയിരുന്നു. ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ വാലസ് പരിണാമവാദിയും ഡാർവിന്റെ അനുയായിയും ആയിരുന്നുവെങ്കിലും ജീവികളുടെ പരിണാമപ്രക്രിയയിൽ ഉയർന്ന ഒരു ബുദ്ധിതത്ത്വത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് വിശ്വസിച്ചിരുന്നു. “കുട്ടികളേ ഇംഗ്ലീഷ് പഠിച്ച നിങ്ങൾക്ക് ഈശ്വരവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് എനിക്കു തോന്നുന്നു, നമുക്ക് അതിനെപ്പറ്റി സംസാരിക്കാം” എന്നിങ്ങനെ മാധവന്റെ പിതാവ് ഗോവിന്ദപ്പണിക്കർ പതിനെട്ടാം അദ്ധ്യായത്തിലെ ദാർശനികചർച്ച ഉദ്ഘാടനം ചെയ്യുന്നു. മതസംബന്ധമായ അനുഷ്ഠാനങ്ങൾ തനിക്കില്ലെങ്കിലും താൻ ഈശ്വരവിശ്വാസിയാണ് എന്ന് മാധവനും അജ്ഞേയവാദിയാണ് താൻ എന്ന് ഗോവിന്ദൻകുട്ടി മേനോനും പറയുന്നു. ഇതെല്ലാം നമ്മളുടെ ഗ്രാഹ്യത്തിൽ ഒതുങ്ങുന്ന കാര്യങ്ങളല്ല എന്നിങ്ങനെ ഗോവിന്ദപ്പണിക്കർ താൻ തുടങ്ങിവെച്ച ചർച്ച ഉപസംഹരിക്കുകയും ഇനി നമുക്ക് കോൺഗ്രസ്സിനെപ്പറ്റി സംസാരിക്കാം എന്നിങ്ങനെ രണ്ടാമത്തെ സംഭാഷണം തുടങ്ങുകയും ചെയ്യുന്നു. ഈ ഭാഗത്ത് വൈസ്‌റോയ് ലോർഡ് ഡഫ്രീൻ, സർ ലെപ്പൽ ഹെൻറി ഗ്രിഫിൻ, സർ ഓക്‌ലൻഡ് കോൾവിൻ, എ. ഓ. ഹ്യൂം എന്നീ രാഷ്ട്രീയപ്രതിനിധികളെക്കുറിച്ചും പറയുന്നു. ഇന്ത്യയെക്കുറിച്ചും കോൺഗ്രസ്സിനെക്കുറിച്ചും ഈ രാഷ്ട്രീയക്കാർ വെച്ചുപുലർത്തിയ അഭിപ്രായങ്ങൾ എന്താണ് എന്ന് ചന്തുമേനോന്റെ സമകാലികരായ മലയാളികൾക്ക് അറിയാമായിരുന്നിരിക്കാം. ഞങ്ങൾ കുട്ടികൾക്ക് അവരെയൊന്നും അറിയില്ല. എ. ഓ. ഹ്യൂമിനെപ്പറ്റി സ്കൂൾ ക്ലാസ്സിൽ പഠിച്ചിട്ടുണ്ടു്. ശാസ്ത്രജ്ഞരിൽ ഡാർവിനെപ്പറ്റി കേട്ടിട്ടുണ്ട്, പക്ഷെ ബ്രാഡ്‌ലായെ അറിയില്ല. പതിനെട്ടാം അദ്ധ്യായത്തിലെ ഈ ഉന്നതശീർഷരെയും അറിയില്ല. അവർ എഴുതിയ പുസ്തകങ്ങളോ ലഘുലേഖകളോ അറിയില്ല. ഇന്ദുലേഖയ്ക്ക് മൂന്നോ നാലോ ഇംഗ്ലീഷ് തർജ്ജമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലൊന്നും ഈ പേരുകൾ കാണുന്നില്ല. ഇംഗ്ലിഷിൽനിന്ന് ചന്തുമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് തിരികെ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുകയല്ലാതെ ചന്തുമേനോൻ ഉപയോഗിച്ച ഇംഗ്ലിഷ് മൂലരൂപം കണ്ടെത്തി അവ ഇംഗ്ലിഷ് വിവർത്തനത്തിൽ ഉൾപ്പെടുത്താൻ ഇംഗ്ലിഷ് വിവർത്തകർ ആരും ശ്രമിച്ചിട്ടില്ല. ഇങ്ങനെ ചെയ്യാൻ ഏറ്റവും എളുപ്പം ഡ്യൂമർഗിനായിരുന്നു. മൂലകൃതികൾ ഏവയെന്ന് ചന്തുമേനോനോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കാൻ തനിക്കായിരുന്നു കൂടുതൽ സൌകര്യം.
പതിനെട്ടാം അദ്ധ്യായത്തിൽ എന്താണ് നിരീശ്വരമതം എന്ന് വിശദമാക്കാൻ ഗോവിന്ദൻകുട്ടി മേനോൻ ഉദ്ധരിക്കുന്ന,
“ഞാൻ ദൈവം ഇല്ലെന്നു പറയുന്നില്ല; നിങ്ങൾ ദൈവം എന്നു പറയുന്നതിന്റെ അർത്ഥം എനിക്കു മനസ്സിലാവുന്നില്ല എന്നു ഞാൻ പറയുന്നു. ദൈവം ഇല്ലെന്ന് പറയണമെങ്കിൽ നിങ്ങൾ പറയുന്ന ദൈവം എന്ന സാധനം എന്താണെന്നറിഞ്ഞിട്ടുവേണ്ടേ?”(226–7)
എന്ന ഭാഗം ബ്രാഡ്‌ലായുടെ ‘എ പ്ലീ ഫോർ അഥീസം’ എന്ന ലഘുലേഖയിൽനിന്ന് എടുത്തതാണു്. “ശാസ്ത്രജ്ഞൻ ഇയ്യെടെ ഒരു ഗ്രന്ഥം ഉണ്ടാക്കിയതിൽ പറഞ്ഞിട്ടുള്ളതിന്റെ സാരം” എന്ന മുഖവുരയോടെ ഗോവിന്ദൻ കുട്ടി മേനോൻ ഉദ്ധരിക്കുന്ന നീണ്ട ഖണ്ഡിക എവിടെനിന്ന് എടുത്തതാണെന്നോ, ‘ശാസ്ത്രജ്ഞൻ’ ആരെന്നോ അറിയില്ല.
“ആദാം തെറ്റുചെയ്തതിന് അവന്റെ സന്താനങ്ങൾ കൂടി എന്തിന് ഈ മഹാപാപം അനുഭവിക്കുന്നു?”
എന്നു ഗോവിന്ദൻകുട്ടി മേനോൻ പറയുന്നത് ഏകദേശം ബ്രാഡ്‌ലാ എഴുതിയ ‘അറ്റോൺമെന്റ്’ എന്ന ലഘുലേഖയിലെ ആശയമാണ്.മിസ്റ്റർ ബ്രാഡ്‌ലാവിന്റെ പുസ്തകത്തിൽ അധികവും ക്രിസ്ത്യാനിവേദത്തിൽ ജഗൽസൃഷ്ടി ഉണ്ടായ സ്വഭാവത്തെയും കാലത്തെയും പറയുന്നത് എല്ലാം ശുദ്ധമേ കളവും അസംഭവ്യവുമാണെന്നു കാണിക്കാനുള്ള സംഗതികളെയാണ് പറഞ്ഞിട്ടുള്ളതു്.’ദ ബൈബിൾ വാട് ഇറ്റ് ഇസ് ‘എന്ന ബ്രാഡ്‌ലാവിന്റെ പുസ്തകത്തെപ്പററിയാണ് ഈ സൂചന.
“ഒരു ശാസ്ത്രജ്ഞൻ ഒരു ഗ്രന്ഥം ഉണ്ടാക്കിയതിൽ പറഞ്ഞിട്ടുള്ളതിന്റെ സാരം” ഗോവിന്ദൻകുട്ടി മേനോൻ ഒരിടത്ത് അവതരിപ്പിക്കുന്നു(228–230). ആരാണ് ശാസ്ത്രജ്ഞൻ എന്നോ ഏതാണ് ഗ്രന്ഥം എന്നോ അറിയാൻ വഴിയില്ല. പരിണാമവാദത്തെപ്പറ്റിയും ഡാർവിനെപ്പറ്റിയും പതിനെട്ടാം അദ്ധ്യായത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം(232–3). എന്നാൽ അതിനിടയിൽ കൊടുത്ത, താനേ ജനിക്കുന്ന ചിതലിന്റെയും വേട്ടാളന്റെയും ഉദാഹരണം നോവൽകാരന്റേതാണെന്നു തോന്നുന്നു.
മതത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ജനസംഖ്യ ബ്രാഡ്‌ലാ തന്റെ ഒരു പുസ്തകത്തിൽ അവതരിപ്പിച്ചതായി ഗോവിന്ദൻകുട്ടി മേനോൻ പറയുന്നു.
ഇങ്ങനെ:
405 കോടി 6 ലക്ഷം ബുദ്ധമതക്കാർ
399 കോടി 2 ലക്ഷം ക്രിസ്തുമതക്കാർ
204 കോടി2 ലക്ഷം മഹമ്മദീയമതക്കാർ
174 കോടി 2 ലക്ഷം ഹിന്തുമതക്കാർ
50 ലക്ഷം ജൂതമതക്കാർ
118 കോടി വിഗ്രഹാരാധനക്കാർ(234)
ബ്രാഡ്‌ലായുടെ ഏതു പുസ്തകത്തിലാണ് ഈ വിവരം എന്നു കണ്ടെത്താൻ കഴിയുന്നില്ല. ഇതു ശരിയാണെങ്കിൽ എല്ലാം കൂടി അന്ന് ലോകത്തിൽ 130062 ലക്ഷം മനുഷ്യർ കാണണം, അതായത് 13 ബില്യൻ. എന്നാൽ അത്രയും പേർ ഇക്കാലത്തു പോലും ഭൂമിയിൽ ഇല്ല. ലോകജനസംഖ്യ 1830ൽ 1 ബില്യനും 1930ൽ 2 ബില്യനും ആയിരുന്നു. പാശ്ചാത്യരുടെ മില്യൻ, ബില്യൻ സംഖ്യകളുടെ സ്ഥാനത്ത് ചന്തുമേനോൻ കോടിയും ലക്ഷവും ഉപയോഗിച്ചതു കൊണ്ടു വന്ന പിശകാണ്. ചന്തുമേനോൻ എഴുതിയ കോടിയുടെ സ്ഥാനത്ത് മില്യൻ എന്നെഴുതിയാൽ പ്രശ്നം തീരും. ആകെക്കൂടി 13 ബില്യൻ എന്നു പറയുന്നതിന്റെ സ്ഥാനത്ത് 1.3 ബില്യൻ എന്നാകും. ഇത് അന്നത്തെ ലോകജനസംഖ്യയ്ക്കു ഒത്തുവരും.
പതിനെട്ടാം അദ്ധ്യായത്തിൽ അഗ്നോസ്റ്റിസിസം എന്ന ആശയത്തെ നോവൽകാരൻ പരിചയപ്പെടുത്തുന്നു(240). ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വാദിക്കാതെ ആ പ്രശ്നം മാറ്റിവെക്കുന്ന പദ്ധതിയാണ് അജ്ഞേയവാദം എന്നു വിവർത്തനം ചെയ്യാവുന്ന അഗ്നോസ്റ്റിസിസം. ഹക്സ്‌ലിയാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതു്. എന്നാൽ അതു സൂചിപ്പിക്കുന്ന ആശയം മുമ്പേ നിലവിൽ ഉണ്ടായിരുന്നു. നിരീശ്വരവാദിയുമല്ല സേശ്വരവാദിയുമല്ല എന്നാണ് അജ്ഞേയവാദിയുടെ നിലപാട്. നിരീശ്വരവാദിയായ ബ്രാഡ്‌ലാ ഇതേ പേരിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഹക്സ്‌ലിയും ഇതേ പേരിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. നിരീശ്വരവാദത്തിന്റെ പേരിൽ ബ്രാഡ്‌ലായെ ഹക്സ്‌ലി നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ നിരീശ്വരവാദം തന്നെയാണ് അഗ്നോസ്റ്റിസിസം എന്നായിരുന്നു ബ്രാഡ്‌ലായുടെ നിലപാട്.
ഗോവിന്ദൻകുട്ടിമേനവന്റെ നിരീശ്വരവാദത്തിനെതിരായി മാധവൻ ഹക്സ്‌ലിയുടെ ഒരു ഉദ്ധരണി കൊണ്ടുവരുന്നത് ശ്രദ്ധേയമാണു്. ആ ഉദ്ധരണി കേട്ടാൽ ഹക്സ്‌ലി നിരീശ്വരവാദിയല്ല എന്നു ബോദ്ധ്യമാവും എന്ന് മാധവൻ വിചാരിക്കുന്നു. അതിതാണ്:
‘’നിർഭാഗ്യവശാൽ ഇതുവരെ വായിക്കേണ്ടി വന്നുപോയിട്ടുള്ള യുക്തിശൂന്യമായും സാരമില്ലാത്തതായുമുള്ള ചില പ്രസംഗങ്ങളിലും കവനങ്ങളിലും വച്ചു ദൈവ ത്തിന്റെ സ്വഭാവത്തേയും ചേഷ്ടകളേയും സ്വരൂപത്തേയും അവസ്ഥയേയും കുറിച്ചു ചില വിദ്വാന്മാർ അറിഞ്ഞു എന്നു നടിച്ച് അതുകളെ തെളിയിക്കുന്നവയാണെന്ന് ഉദ്ദേശിച്ച് എഴുതീട്ടുള്ള ചില സംഗതികളെപ്പോലെ അബദ്ധമായും അയുക്തിയായും പരിഹാസയോഗ്യമായും ഞാൻ വേറെ ഒരു സാധനം മാത്രമേ വായിച്ചിട്ടുള്ളു. അതു ദൈവം ഇല്ലെന്നു തെളിയിക്കാൻ മുൻപറഞ്ഞവരുടെ പ്രതികൂലതന്ത്രക്കാരായ ചില നിരീശ്വരമതക്കാർ എഴുതീട്ടുള്ള ഭോഷത്വങ്ങളേയും ദുര്യുക്തികളേയും ആകുന്നു. ഈ ദുര്യുക്തികൾ ഞാൻ മുമ്പിൽ പറഞ്ഞ വിദ്വാന്മാ രുടെ ദുര്യുക്തികളേക്കാൾ പക്ഷേ, അധികരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു.”(237–238).
മാധവൻ പറയുന്ന ഈ ഭാഗം ജോൺ ടിൻഡാലിന് 1874 ജൂലായ് 22ന് ഹക്സ്‌ലി എഴുതിയ കത്തിൽനിന്നുള്ളതാണ്. മൂലരൂപം താഴെ:
“Of all the senseless babble I have ever had occasion to read, the demonstrations of these philosophers who undertake to tell us all about the nature of God would be the worst, if they were not surpassed by the still greater absurdities of the philosophers who try to prove that there is no God“(Huxley, Life and Letters, 1908, Vol 2: 133).
കർശനമായ ദാർശനികാർത്ഥത്തിൽ താൻ നിരീശ്വരവാദിയോ സേശ്വരവാദിയോ അല്ല എന്നാണ് ഹക്സ്‌ലി പറയുന്നതു്. ഇതിൽ, താൻ നിരീശ്വരവാദിയല്ല എന്ന ഭാഗം അടർത്തി മാറ്റി, അതിൽനിന്ന് നിരീശ്വരവാദിയല്ല എന്നു പറയുന്നവർ സേശ്വരവാദികളാകാം എന്ന് അനുമാനിച്ചുകൂടാ. മാധവൻ ചെയ്യുന്നത് അതാണ്.എന്നിട്ട്, “അതി ബുദ്ധിമാന്മാരായ ബിലാത്തിക്കാർ ആർക്കും ഇപ്പോൾ നിരീശ്വരമതമില്ല” എന്നു സമാധാനിക്കുന്നു(238). ഇങ്ങനെ നിരീശ്വരവാദത്തെ ഖണ്ഡിക്കുകയെന്ന കടമ താൻ നിറവേറ്റുന്നു. നിരീശ്വരവാദത്തെ ഖണ്ഡിച്ചതുകൊണ്ട് സേശ്വരവാദം സ്ഥാപിതമാവില്ല. സേശ്വരവാദം സ്ഥാപിക്കാൻ സേശ്വരവാദത്തെ സ്ഥാപിക്കുകതന്നെ വേണം.
സായിപ്പന്മാരുടെ യന്ത്രങ്ങളെക്കുറിച്ചും ഫാക്ടറികളെക്കുറിച്ചും പറയുന്നതിനിടയിൽ കേശവൻ നമ്പൂതിരി ഒരു ‘തലവെട്ടിപ്പളളി’യെപ്പറ്റി പറയുന്നുണ്ട്.സായിപ്പന്മാരുടെ കഴിവുകൾക്കു പിറകിൽ കേരളത്തിലെ ശാക്‍തേയം പോലെ നിഗൂഢമായ അനുഷ്ഠാനങ്ങൾ ഉണ്ട് എന്നതിന് ഉദാഹരണമാണ് ഈ ‘തലവെട്ടിപ്പള്ളി’:
“ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്ന് ഇവർ പുറത്താക്കെ പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടു പോയപ്പോൾ ഒരു രാജാവിന്റെ കൂടെ വണ്ടിയിൽ കടപ്പുറത്തു സവാരിക്കു പോയി. കടവത്തു സമീപം ഒരു ചെറിയ ബങ്കളാവു കണ്ടു. അത് എന്താണെന്നു ചോദിച്ചപ്പോൾ സായിപ്പന്മാർ ശാക്‍തേയം കഴിക്കുന്ന സ്ഥലമാണെന്നു രാജാവു പറഞ്ഞു. തലവെട്ടിപ്പള്ളിയെന്നാണ് അതിന്റെ പേര്. ആ പള്ളിയിൽ ചെയ്യുന്ന ശാക്‍തേയത്തിന്റെ വിവരം ആരെങ്കിലും പുറത്തുപറഞ്ഞാൽ അവരെ തലവെട്ടിക്കളവാനാണത്രെ വെള്ളക്കാരന്റെ കൽപന. ഈ ശാക്‍തേയം അവർ ചെയ്ത് ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നമ്മളുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കി ഇട്ടു. എന്നിട്ടും നുമ്മളോട് ഒക്കെ യാതൊരു മന്ത്രവും തന്ത്രവും ഇല്ലെന്നു വെറുതെ പറയുന്നു. ഇതു നല്ല മാതിരി അല്ലെ?
ലക്ഷ്മിക്കുട്ടിഅമ്മ: ഈ തലവെട്ടിപ്പള്ളിയിൽ നാട്ടുകാരെ ചേർക്കാമൊ?
കേശവൻ നമ്പൂതിരി: അതു ഞാൻ അറിയില്ലാ. ചേർക്കാൻ സംഗതിയില്ലാ”(78).
വയനാട്ടിലെ ബ്രിട്ടീഷ് പ്ലാൻടർമാർ കോഴിക്കോട് കടപ്പുറത്ത് 1866ൽ സ്ഥാപിച്ച ഫ്രീ മേസൺ ലോഡ്ജ് അഥവാ ടെംപ്ൾ ആണ് കേശവൻ നമ്പൂതിരി പറയുന്ന ‘തല വെട്ടിപ്പള്ളി.’ ഉത്പന്നങ്ങൾ കയറ്റി അയക്കാനായി പ്ലാൻടർമാർ ഒത്തുചേരുന്ന സ്ഥലം ആയതുകൊണ്ടാണ് ലോഡ്ജ് കോഴിക്കോട്ട് സ്ഥാപിച്ചത്. നമ്പൂതിരി വിചാരിച്ചതു പോലെയല്ല. നാട്ടുകാരെ ചേർക്കാൻ തടസ്സമില്ല. പക്ഷെ അന്ന് നാട്ടുകാർ അംഗങ്ങളായിരുന്നുവോ എന്ന് അറിയില്ല. പേര് ‘ലോഡ്ജ് കേരളാ’. അതിന്റെ പഴയ ഒരു ഫോട്ടോ ‘ഫ്രീ മേസൺ ലോഡ്ജ്, കാലിക്കറ്റ്’ എന്ന പേരിൽ ബാസൽ മിഷൻ പിക്ചർ ആർക്കെവിൽ കണ്ടതോർക്കുന്നു. ചതുരാകൃതിയിൽ വെള്ളനിറത്തിൽ ചെറിയ ഒരു കെട്ടിടം ആയിരുന്നു അത്. ഫോട്ടോ ഇപ്പോൾ കാണാനില്ല. കോഴി ക്കോട് ലോഡ്ജ് ഇപ്പോൾ പ്രവർത്തിക്കുന്നത് വെസ്റ്റ് ഹില്ലിൽ ആണ്. കേരളത്തിലെ ആദ്യത്തെ ഫ്രീ മേസൺ ലോഡ്ജ് 1806ൽ കൊല്ലത്ത് തുടങ്ങിയ ‘ട്രാവൻ കൂർ യൂനിയൻ’ ആയിരുന്നു. നോവൽകാരൻ നിരീശ്വരവാദത്തിന്റെ വക്താവ് എന്ന നിലയിൽ പരിചയപ്പെടുത്തിയ ബ്രാഡ്‌ലാ ഒരു ഫ്രീ മേസൺ ആയിരുന്നു. യുനൈറ്റിഡ് ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇംഗ്ലൻഡിന്റെ ഗ്രാൻഡ് മാസ്റ്റരായി 1874ൽ അന്നത്തെ വെയിൽസ് രാജകുമാരനെ തെരഞ്ഞെടുത്തതുകൊണ്ട് ഫ്രീ മേസൺറിയിൽ നിന്നു ബ്രാഡ്‌ലാ രാജിവെക്കുകയായിരുന്നു. ഇന്ത്യയുടെ പ്രശ്നങ്ങളിൽ ഏറെ തത്പരനായിരുന്ന ബ്രാഡ്‌ലാ 1889ൽ ഇന്ത്യ സന്ദർശിക്കുകയും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ബോംബെ സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു. 1891ൽ ബ്രാഡ്‌ലാ മരണമടഞ്ഞു. വോക്കിങ് സെമിത്തേരിയിലായിരുന്നു സംസ്കാരം. അതിൽ 3000 ത്തോളം പേർ പങ്കെടുത്തു. അന്ന് ഇംഗ്ലണ്ടിൽ പഠിക്കുകയായിരുന്ന മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും അവിടെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഇരുപത്തിയൊന്നുകാരനായ മോഹൻദാസ് ഗാന്ധി എന്ന ഇന്ത്യൻ വിദ്യാർത്ഥിയും. ഏതാനും ക്രിസ്ത്യൻ പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുത്തു. അവർ മടങ്ങുമ്പോൾ പുരോഹിതന്മാരെ പിടിച്ചു നിർത്തി ഒരു യുക്തിവാദി പരിഹാസമായി ആത്മാവിനെപ്പറ്റി അവരോട് തർക്കിച്ചത് ഗാന്ധി ഓർമ്മിക്കുന്നു. നിരീശ്വരവാദം പഠിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥിയായ ഗാന്ധി ബ്രാഡ്‌ലായുടെ ഒരു പുസ്കകം വായിച്ചിരുന്നു. ബ്രാഡ്‌ലായുടെ പേരും ആശയ ങ്ങളും എല്ലാ ഇന്ത്യാക്കാർക്കും പരിചിതമായിരുന്നു എന്നും ഗാന്ധി എഴുതുന്നു(എന്റെ സത്യാന്വേഷണപരീക്ഷകൾ 69).
1985ഡിസംബറിൽ ഇൻഡ്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ചു. ചന്തു മേനോൻ ഇന്ദുലേഖ എഴുതുമ്പോൾ കോൺഗ്രസ് രൂപംകൊണ്ടിട്ട് നാലുകൊല്ലം ആവുന്നതേയുള്ളൂ. ആ സംഘടന രൂപംകൊണ്ടപ്പോൾതന്നെ ഇന്ത്യയിലെ ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥർ അതിനെതിരെ തിരിഞ്ഞതായി നോവലിൽ കാണാം. ഡഫ്രീൻ പ്രഭു, സർ ഓക്‌ലൻഡ് കോൾവിൻ എന്നിവരുടെ അഭിപ്രായങ്ങൾ ഏകദേശമായി നോവൽകാരൻ പതിനെട്ടാം അദ്ധ്യായത്തിൽ വിവരിക്കുന്നു. നോവൽകാരനും അവരുടെ ഭാഗത്താണ്. പണ്ടത്തെ നാട്ടുരാജാക്കന്മാരുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കുറേയെങ്കിലും ഇംഗ്ലീഷുകാരുടെ വരവോടെ ഇല്ലാതായി എന്നു നോവൽകാരൻ കാണുന്നു. നാട്ടുരാജാക്കന്മാരുടെ അക്രമങ്ങൾ അതേ പോലെ ഇംഗ്ലീഷുകാരും തുടർന്നിരുന്നുവെങ്കിൽ പണ്ടേ അവരെ ഇവിടെനിന്നു കെട്ടുകെട്ടിക്കുമായിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് അധികാരികളെ പ്രകോപിപ്പിക്കുമാറ് അത്രയും രൂക്ഷമായി കോൺഗ്രസ്സുകാർ പ്രസംഗിക്കേണ്ടിയിരുന്നില്ല എന്നു മാധവൻ പറയുന്നു.
“അധികം ഗുണങ്ങൾ കിട്ടാൻ വേണ്ടി അതുവരെ കിട്ടിയ ഗുണങ്ങൾ ഒന്നും സാരമില്ലെന്ന് ഒരുവൻ തന്റെ യജമാനനോടു പറയുമ്പോൾ അദ്ദേഹത്തിന്നു സുഖക്കേട് ഉണ്ടാവുന്നതു മനുഷ്യസ്വഭാവമല്ലേ?”
എന്നു മാധവൻ ചോദിക്കുന്നു. ഇങ്ങനെ “ചില ദോഷങ്ങൾ നുമ്മടെ ചില ആളുകൾക്ക് ഉണ്ടായിരുന്നില്ലെങ്കിൽ കോൺഗ്രസ്സ് ഇതിനു മുമ്പ് ഇതിലും ശക്തിയുള്ളതായിത്തീരുമായിരുന്നു” എന്ന് നോവലിൽ പറയുന്നുണ്ടെങ്കിലും നാലുകൊല്ലമെന്ന ചെറിയ കാലയളവ് അതിനൊന്നും മതിയാവുമായിരുന്നില്ല. ഇക്കൂട്ടത്തിൽ എ. ഓ. ഹ്യൂമും സർ ഓക്‌ലൻഡ് കോൾവിനും തമ്മിലെ ചില കത്തിടപാടുകളെപ്പറ്റി നോവലിൽ പറയുന്നു. ഈ കത്തുകൾ കോൾവിന്റെ അനുവാദത്തോടെ ഹ്യൂം ഒരു ലഘുലേഖയായി പ്രസിദ്ധീകരിക്കുകയുണ്ടായി(ഓഡി ആൾടെറം പാർടെം, ബീയിങ് ടു ലെറ്റേർസ് ഓൺ സെർടൻ ആസ്പെക്ട്സ് ഓഫ് ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മൂവ്മെൻറ്, കൽക്കത്ത, സ്റ്റേഷൻ പ്രസ്, 1888. ‘ഓഡി ആൾടെറം പാർടെം’ എന്നതിന് ‘മറുപക്ഷം പറയുന്നതു കൂടി കേൾക്കണം’ എന്ന് അർത്ഥം). ഇന്ദുലേഖയിൽ പറയുന്ന കത്തുകൾ ഇതിലാണുള്ളത്.
ചന്തുമേനോൻ തന്റെ രാഷ്ട്രീയം വെളിവാക്കുന്നത് മാധവനിലൂടെയാണ്. തന്റെ മാനസപുത്രനാണ് മാധവൻ. ചന്തുമേനോന്റെ മകന്റെ പേര് ‘മാധവൻ’ എന്നായിരുന്നു, മുഴുവൻ പേര് ‘കാഞ്ഞുള്ളി മാധവമേനോൻ ബി. എ, ബി. എൽ.’ അതേ പേര്, അതേ ബിരുദങ്ങൾ! വീട്ടുപേര് അമ്മ വഴിയ്ക്ക് ‘കാഞ്ഞുള്ളി’യായി. ‘കാഞ്ഞുള്ളി’ ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ചന്തുമേനോന്റ ആദ്യപത്നി. ഇന്ദുലേഖ ആറാം അച്ചടിപ്പ് പ്രസിദ്ധീ കരിച്ചത് മാധവമേനോൻ ആണ്. ബ്രിട്ടീഷ് സർക്കാറിന്റെ ഉദ്യോഗസ്ഥനായിരുന്ന ചന്തുമേനോന് അന്നത്തെ വ്യവസ്ഥിതിയെ പിന്തുണക്കാതിരിക്കാൻ കഴിയുമായി രുന്നില്ല.
കഥാനായകനായ മാധവൻ പറയുന്നു:
എന്നാൽ ഞാൻ പറഞ്ഞ സ്ഥിതിയിൽ നിന്നു കോൺഗ്രസ്സ് വിട്ട് അനാവശ്യമായും അസത്യമായും ബ്രിട്ടീഷ് ഗവർമ്മെണ്ടിനെ നിന്ദിക്കുന്ന കാലം ഞാൻ കോൺഗ്രസ്സിന്റെ സ്നേഹിതൻ ആയിരിക്കയില്ല. നിശ്ചയം. സർ ഓക്‌ലണ്ട് കോൾവിൻ സായ്‌വവർകളുടെ കത്തിൽ പറയുന്ന പ്രകാരമുള്ള ചീത്തയായ നടവടികൾ ഈ സഭയ്ക്ക് എനിയും ഉണ്ടാവുന്നുണ്ടെങ്കിൽ അതു സഭയുടെ അധഃപതനത്തിന്റെ ഹേതുവായി വരുമെന്നു ഞാൻ വിചാരിക്കുന്നു(261).
കോൾവിനുള്ള മറുപടിയിൽ ബ്രിട്ടീഷ് ഭരണകൂടത്തെ സ്തുതിക്കുകയല്ല കോൺഗ്രസ്സിന്റെ ഉദ്ദേശ്യം എന്ന് ഹ്യൂം പറയുന്നു. ബ്രിട്ടീഷുകാരെ സ്തുതിക്കണം എന്നാണ് മാധവന്റെ നിലപാട്. അങ്ങനെ ചെയ്തില്ലെങ്കിൽ താൻ കോൺഗ്രസ്സിന്റെ സ്നേഹിതൻ ആയിരിക്കില്ല എന്നു പ്രഖ്യാപിക്കുന്നു. കോൺഗ്രസ്സ് ബ്രിട്ടീഷ് ഭരണകൂടത്തെ സ്തുതിച്ചു കൊണ്ടേയിരുന്നില്ല. മാധവനെപ്പോലുള്ളവർ കോൺഗ്രസ്സിന്റെ സ്നേഹിതർ ആകാതെ മാറിയിരുന്നിട്ടും ആ സഭ അധഃപതിച്ചില്ല എന്നതു ചരിത്രം.

