
ഡോ.പ്രമോദ് കുമാർ ഡി.എൻ.
Published: 10 June 2025 സാഹിത്യ പഠനം
ചന്ദ്രമതിയുടെ ഒരു നോവലും അനുബന്ധപ്രശ്നങ്ങളും

ചന്ദ്രമതിയുടെ ഒരുപിടി പെൺകുട്ടികൾ എന്ന നോവലിനെ കുറിച്ച് പറയുമ്പോൾ മൂന്നു കാലഘട്ടങ്ങൾ പരിഗണനയിൽ വരേണ്ടതുണ്ട്. അത് എഴുതിയ കാലം, ട്രയലിൽ പ്രസിദ്ധീകരിക്കുന്ന കാലം, പുസ്തകം പുറത്തിറങ്ങിയ കാലം. ഇത്തരമൊരു പരിഗണനയ്ക്ക് കാരണം ഈ നോവലിന് ചന്ദ്രമതി എഴുതിയ “ഒരുപിടി പെൺകുട്ടികളുടെ ദുരന്തഗാഥയ്ക്ക്” എന്ന മുഖവുരയാണ്. ആ മുഖവുരയെ അവിശ്വസിക്കേണ്ടതില്ല എന്നത് ഏറ്റവും പ്രധാനവുമാണ്. 1970 കളിൽ എഴുതിത്തുടങ്ങിയ നോവലാണ് ഒരു പിടി പെൺകുട്ടികൾ. അവിവാഹിതയായ ഒരു പെൺകുട്ടിക്ക് അനുവദിക്കപ്പെട്ട വിഷയങ്ങൾക്കപ്പുറം പോയതിന് തൻ്റെ പിന്നാലെ കുടുംബവും സമൂഹവും വിലങ്ങുകളുമായി വന്നപ്പോൾ എതിർത്തെങ്കിലും ഒടുവിൽ തൂലിക വലിച്ചെറിയേണ്ടി വന്നു. അങ്ങനെ നോവൽ രചന നിന്നു. എൺപതുകളിലാണ് ആ നോവൽ പൂർത്തിയാക്കുന്നത്. ബി.കെ.ചന്ദ്ര എന്ന പേരിൽ കലാകൗമുദിക്ക് കൊടുത്തു. ദുരന്തത്തിൻ്റെ ഗാഥ എന്ന് പേരും മാറ്റി. പക്ഷേ എം.പി.നാരായണ പിള്ള ചന്ദ്രമതിയുടെ അനുവാദമില്ലാതെ എഴുത്തുകാരിയുടെ പേരും നോവലിൻ്റെ പേരും മാറ്റി( ബി.കെ. സരോജിനീ ദേവി, കിനാവുകളുടെ തീരത്ത്) അന്നത്തെ പൾപ്പ് വീക്ക് ലി ആയിരുന്ന ട്രയലിൽ പ്രസിദ്ധീകരിച്ചു. 2021 ൽ ആദ്യത്തെ പേരിൽ ഡി.സി.ബുക്സ് വഴി ഈ നോവൽ പ്രസിദ്ധീകരിച്ചു; ഇതെല്ലാം തുറന്നു പറയുന്ന നട്ടെല്ലുള്ള ഒരു മുഖവുരയോടെ.
ആധുനികതയുടെ ബലൂണുകൾ
ഈ നോവൽ എഴുതിത്തുടങ്ങുന്ന 70 കൾ
മലയാളത്തിലെ ആധുനികതയുടെ പുഷ്കലകാലമായിരുന്നു . എഴുതിത്തുടങ്ങുന്ന ടീനേജുകാരെ പ്രകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്ന, ടീനേജ് സിരകളെ ചൂടുപിടിപ്പിക്കുന്ന, വ്യവസ്ഥാവിരുദ്ധതയും അരാജകത്വവും മുഖമുദ്രയായിരുന്ന കാലം.
ഗദ്യം ആയിരുന്നു അതിൻറെ മുൻനിരയിൽ നിന്നിരുന്നത്. ഖസാക്കിന്റെ ഇതിഹാസം 1969 ൽ പുറത്തുവന്നു. ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു 1972 ലും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ 1974ലും വന്നു. മലയാളത്തിലെ ആധുനികതയ്ക്ക് പ്രത്യയശാസ്ത്ര അടിത്തറ സ്ഥാപിക്കാനായി എം.മുകുന്ദൻ എഴുതിയ എന്താണ് ആധുനികത 1976 ലും. കാക്കനാടന്റെ സാക്ഷി, വസൂരി, ഉഷ്ണമേഖല എന്നിവയൊക്കെ പുറത്തുവന്നുകഴിഞ്ഞിരുന്നു. ആനന്ദിൻ്റെ ആൾക്കൂട്ടവും മരണസർട്ടിഫിക്കറ്റും അതുപോലെതന്നെ. എം. ഗോവിന്ദൻ്റെ അനിഷേധ്യമായ നേതൃത്വം ഇതിനെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിച്ചു. 1968ൽ എം ഗോവിന്ദൻ്റെ സർപ്പം പുറത്തുവന്നു. നവവരന്റെ ആദ്യ രാത്രിയിലെ, ബൗദ്ധികകേളിയുടെ മറവിലുള്ള ഇക്കിളിക്കാമത്തിന് വാൻഗോഗും ഫ്രോയ്ഡും കാവുങ്ങൽ ശങ്കരപ്പണിക്കരും ന്യൂട്ടനും ഒക്കെ കൂട്ടിനു വന്ന ആ രചന ഒരു ബൗദ്ധികപൈങ്കിളിയും ആധുനികതയുടെ പിന്നീടുള്ള യാത്രയുടെ വഴികാട്ടിയും ആയിരുന്നു. ഒരു തലമുറ അതിൻറെ ചുഴിയിൽ ചുറ്റിത്തിരിഞ്ഞു. ചന്ദ്രമതി തൻ്റെ നോവലിനെക്കുറിച്ചും ആ കാലത്തെക്കുറിച്ചും എഴുതുന്നു, “ഇത് 70 കളിൽ തുടങ്ങി 80കളിൽ അവസാനിച്ച രചനയാണ് . അന്നത്തെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. അസ്തിത്വദുഃഖവും ദുരൂഹതയും സാഹിത്യത്തിൽ നിറഞ്ഞു നിന്നിരുന്നു. കള്ളും കഞ്ചാവും ബുദ്ധിജീവികളുടെ നിലനിൽപ്പിന് വേണ്ടതാണെന്ന് സാഹിത്യവും യുവസമൂഹവും അംഗീകരിച്ചിരുന്നു. മലയാള കഥാസാഹിത്യത്തിൽ ആകെ ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒറ്റപ്പെടലുകളും സെക്സിന്റെ അതിപ്രസരവും ഉണ്ടായിരുന്നു.”
ഈ കാലഘട്ടത്തിൻറെ മറ്റൊരു സവിശേഷത എഴുത്തുകാരികളുടെ സാന്നിധ്യവും അവർ നേരിട്ട പ്രതിസന്ധികളും ആയിരുന്നു. പുരുഷബോധത്തിൽ രൂപപ്പെട്ട അധികാരവ്യവസ്ഥകൾക്ക് നേരെ കലാപക്കൊടി ഉയർത്തിയ കെ. സരസ്വതി അമ്മ വളരെ നേരത്തെ എഴുത്തു നിർത്തുകയും 1975 ൽ മരിക്കുകയും ചെയ്തിരുന്നു. രാജലക്ഷ്മി ആകട്ടെ 1965 ൽ ആത്മഹത്യ ചെയ്തു. എന്നാൽ ഗദ്യത്തിൽ പുതിയൊരു പെൺ തലമുറ കടന്നുവന്നു
“എഴുത്തുകാരികൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലെ എഴുപതുകൾ. ഫെമിനിസമോ പെണ്ണെഴുത്ത് സംവരണവാദമോ ഒന്നും തന്നെ ഇവിടെ എത്താതിരുന്നിട്ട് പോലും ഒരുപാട് സ്ത്രീകൾ എഴുത്തിന്റെ രംഗത്ത് ഉണ്ടായിരുന്നു. മാധവിക്കുട്ടി, രാജലക്ഷ്മി, വസന്ത, സാറാ തോമസ്, സാറ ജോസഫ്, പി. വത്സല, എം.ഡി. രത്നമ്മ, പി.ആർ. ശ്യാമള തുടങ്ങിയ ലബ്ധപ്രതിഷ്ഠർക്കൊപ്പം അനേകം പുതുനിരക്കാരും രംഗത്ത് വന്നു. എല്ലാ കൂട്ടുകാരികളുടെയും പേര് ഓർമ്മ വരുന്നില്ല. ലത, വി.കെ. കുമാരി, ബി.സുനന്ദ, ഇന്ദിര, മാനസി, ഗീതാ ഇടപ്പള്ളി, ഗ്രേസി, ഗീതാ പോറ്റി (ഹിരണ്യൻ), എം. ഡി. രാധിക, ശോഭാ വാരിയർ, ഗീതാ ഇടമറുക്, കെ. എം. രാധ, നളിനി ബേക്കൽ, എം. പി. പത്മജ, എം. പി. ഗിരിജ, സുമിത്രാ വർമ്മ, അഷിത തുടങ്ങിയവരുടെ നിരയിൽ കുമാരി ചന്ദ്രികയിൽ നിന്ന് ചന്ദ്രികയായി മാറിയ ഞാനും ഉണ്ടായിരുന്നു.
ഞങ്ങളിൽ പലർക്കും ഒരുപാട് പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. അതുകൊണ്ടാവാം എൻ്റെ സഹ എഴുത്തുകാരികളിൽ പലരും നിശബ്ദതയിലേക്ക് ഉൾവലിഞ്ഞത്. ചിലർ തിരിച്ചുവന്നു. ചിലർ തിരിച്ചുവരാൻ ശ്രമിച്ചു പരാജയപ്പെട്ടു. മറ്റുള്ളവർ ഒരു മടങ്ങിവരവിനേ ശ്രമിച്ചില്ല. ഈ നോവലിനെ ചന്ദ്രികയുടെ മടങ്ങിവരവിനുള്ള ശ്രമമെന്നു പറയാമോ എന്നറിയില്ല ;ഈ നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു പ്രതികൂല സാഹചര്യമാണ് ഞാൻ പങ്കുവയ്ക്കുന്നത്.”
എന്ന് ചന്ദ്രമതി മുഖവുരയിൽ എഴുതുന്നു. ഇതിൽ എടുത്തു പറയേണ്ട ഒന്ന് “എൻ്റെ കഥ”യുടെ കടന്നുവരവാണ്. 1971 സെപ്റ്റംബറിൽ മലയാള നാട്ടിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത് മുതൽ വലിയ വിവാദങ്ങൾ ഉണ്ടായി. സ്ത്രീയുടെ തുറന്നെഴുത്ത് വിമർശിച്ചവർ പുരുഷൻറെ അശ്ലീലരചനകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ആസ്വദിക്കുകയും ചെയ്തു. ശിവരാമൻ നായരുടെ പാടത്തിൽ കൊയ്യുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമില്ല എന്ന പ്രശ്നം ഉന്നയിക്കുന്ന സഖാക്കളോട് അത് നല്ലതല്ലേ എന്നു പറയുന്ന ജന്മിത്ത മനസ്സുള്ള ഖസാക്കിലെ രവി ആരാധിക്കപ്പെട്ടു. ഗുണ്ടയായ അച്ചുവിനെ വിവാഹം കഴിക്കേണ്ടി വന്ന ഗിരിജ ആദ്യരാത്രിയിൽ പുറത്തുനിന്നപ്പോൾ അവളെ അയാൾ തൂക്കിയെടുത്ത് അകത്തു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. പിറ്റേദിവസം മുതൽ ഗിരിജയുടെ പൊട്ടിച്ചിരികളും വളകിലുക്കങ്ങളും കേട്ടു തുടങ്ങി എന്ന് എഴുതിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (എം.മുകുന്ദൻ) ആഘോഷിക്കപ്പെട്ടു.
ഇതൊക്കെ തിരിച്ചറിയുകയും ഖസാക്കിന്റെ ഇതിഹാസം ദാർശനിക പൈങ്കിളിയും സ്ത്രീവിരുദ്ധവുമാണെന്നും വി.കെ.എന്നിലാണ് (1969ൽ തന്നെയാണ് ആരോഹണവും പുറത്തിറങ്ങുന്നത്.) എഴുത്തിന്റെ മൗലികതയുള്ളതെന്നും അന്നേ തിരിച്ചറിഞ്ഞ എസ്.സുധീഷിനെ പോലുള്ള വിമർശകർ ഉണ്ടായിരുന്നെങ്കിലും ഒച്ചപ്പാടുകൾക്കിടയിൽ അത്തരം ശബ്ദങ്ങൾ നമസ്കരിക്കപ്പെട്ടു. ആർക്കുമെതിരെ എന്ത് അതിക്രമവും കാണിക്കാമായിരുന്ന ജന്മിത്തകാലഘട്ടം നഷ്ടപ്പെട്ടു പോയതിലുള്ള മോഹഭംഗമാണ് മലയാളത്തിലെ ആധുനികതയിൽ ഉള്ളത് എന്ന് അയ്യപ്പപ്പണിക്കരെ മുൻനിർത്തി പറഞ്ഞ തായാട്ട് ശങ്കരനും (ആധുനിക കവിതയുടെ ഒരു ജീർണ്ണമുഖം) വരട്ടു വാദി എന്ന കള്ളിയിൽ ഒതുക്കപ്പെട്ടു. അങ്ങനെ യാഥാസ്ഥിതികമായ സ്ത്രീവിരുദ്ധതയും ആധുനികമായ സ്ത്രീവിരുദ്ധതയും ചേർന്ന് ഉണ്ടാക്കിയ മനുഷ്യവിരുദ്ധമായ അന്തരീക്ഷമാണ് എന്റെ കഥയ്ക്ക് നേരെ ഉയർന്ന ആക്രോശങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്.
അതേസമയം അത്തരം ഒരു തുറന്നെഴുത്തിന്റെ കച്ചവട മൂല്യവും മറുവശത്തുണ്ട്. “ ഇത്ര ധീരമായി, ഇത്ര സത്യസന്ധമായി, ഇത്ര തുറന്നതായി ആരും ഒരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല.വിസ്ഫോടകമായ ഈ മാസ്മര മന്ദിരത്തിലേക്ക് പ്രിയപ്പെട്ട വായനക്കാരേ, സ്വാഗതം” എന്നാണ് ഇതിന്റെ ആദ്യലക്കത്തിന് വാരിക മുഖക്കുറിപ്പ് എഴുതിയത്. ഇതിന്റെ പരസ്യം വന്നത് മുതൽ വാരികയുടെ സർക്കുലേഷൻ കൂടിയെന്നും കൂടുതൽ കോപ്പികൾ ഏജന്റുമാർ ആവശ്യപ്പെട്ട് തുടങ്ങിയെന്നും അവർ മുൻകൂട്ടി കോപ്പികൾ ബുക്ക് ചെയ്യണമെന്നും ഒക്കെ ഇതിനു മുൻപുള്ള ലക്കത്തിൽ വാരിക അറിയിപ്പ് കൊടുത്തു. കുടുംബത്തിൽ നിന്ന് ഉൾപ്പെടെയുള്ള എതിർപ്പുകൾ മാധവിക്കുട്ടി നേരിട്ടു. ഒടുവിൽ അനാരോഗ്യം കാരണം എഴുതാൻ പറ്റാത്ത സാഹചര്യമാണ് എന്ന അവസ്ഥയിൽ എൻ്റെ കഥ നിർത്തിവച്ചു. പിന്നീട് അതൊക്കെ തൻ്റെ വെറും ഭാവനയായിരുന്നു എന്ന് മാധവിക്കുട്ടി പറയുകയും ചെയ്തു. 1978 പമ്മന്റെ ഭ്രാന്ത് എന്ന നോവൽ മലയാളനാട്ടിലൂടെ പുറത്തുവന്നു, “ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ നോവലിന് ബന്ധമില്ല” എന്ന വാരികയുടെ പ്രസ്താവനയോടെ. അതിലെ സൂചന മാധവിക്കുട്ടിയുടെ നേർക്കായിരുന്നു നീണ്ടത്. ഭ്രാന്തിലെ അമ്മുക്കുട്ടി, മാധവിക്കുട്ടി തന്നെയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. മാധവിക്കുട്ടിയുടെ അഭ്യർത്ഥനകൾക്കും ശാപവാക്കുകൾക്കും പ്രസ് കൗൺസിൽ ഒരു വായനക്കാരി നൽകിയ പരാതിക്കും ഒന്നും തടയാൻ ആകാതെ ഭ്രാന്തിന്റെ പ്രസിദ്ധീകരണം തുടർന്നു. പിന്നീട് മാധവിക്കുട്ടിയുടെ മകൻറെ പിന്തുണയിൽ പമ്പരം എന്ന മാസിക തുടങ്ങുകയും അതിൽ ഉലക്കനാട് വാരിക എന്ന നോവൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാള നാടിനെയും എസ് കെ നായരെയും ആണ് അത് ഉന്നം വച്ചത് എന്ന് വ്യക്തം. (അവലംബം: അമർനാഥ്, മലയാളസാഹിത്യത്തിന് ഭ്രാന്ത് പിടിച്ചപ്പോൾ, അഴിമുഖം ഡോട്ട് കോം) മാധവിക്കുട്ടി അതിൽ ഒന്ന് പതറിയെങ്കിലും ശക്തമായി എഴുത്തുവഴിയിൽ തിരിച്ചുവന്നു. അന്ന് കേരളത്തെ പിടിച്ചു കുലുക്കിയ സാഹിത്യ വിവാദമായിരുന്ന അതിന്റെ പിന്നിലും കൃത്യമായ സ്ത്രീവിരുദ്ധത പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആധുനികതയിലും അതിനെ പിൻപറ്റി അന്നത്തെ സാഹിത്യാന്തരീക്ഷത്തിലും നിലനിന്നിരുന്ന ഈ സ്ത്രീവിരുദ്ധതയെ മറയ്ക്കുന്ന രീതിയിൽ ആധുനികതയിൽ ദാർശനികതയുടെ ഊതി വീർപ്പിച്ച വർണ്ണ ബലൂണുകൾ ഉണ്ടായിരുന്നു. അതിൽ ആകൃഷ്ടരായി ഒരു തലമുറ ബാലകേളികളാടി.
അതിനു മുൻപ് തന്നെ പൈങ്കിളി എന്ന് ആക്ഷേപിക്കപ്പെട്ട ഒരു ജനപ്രിയ സാഹിത്യം സമാന്തരമായി ശക്തി പ്രാപിച്ചിരുന്നു. മുട്ടത്തുവർക്കി ഉദ്ഘാടനം ചെയ്തതും മാത്യു മറ്റത്തിനെ പോലുള്ളവർ വളർത്തി വലുതാക്കിയതുമായ ആ പ്രസ്ഥാനവും 70കളുടെ ഭാവുകത്വത്തിന്റെ മറ്റൊരു അറ്റത്ത് ഉണ്ടായിരുന്നു. അതിൻ്റെ തന്നെ ദാർശനികവൽക്കരിക്കപ്പെട്ട രൂപം മാത്രമായിരുന്നു അന്നത്തെ ആധുനിക സാഹിത്യം എന്ന് അധികമാരും അറിയാതെ പോയി.
വി.കെ.എന്നിനേയും എം.ടി.യേയും ഒക്കെ മറികടന്നു കൊണ്ട് പുരുഷന്റെ ദാർശനിക വ്യഥയുടെ മൂടുപടം അണിഞ്ഞ ലൈംഗിക/ ലഹരി വീരസ്യങ്ങൾ ആദർശവൽക്കരിക്കപ്പെട്ടു. ഇതിനു സമാന്തരമായി തന്നെയാണ് സ്ത്രീയുടെ തുറന്നെഴുത്തുകൾ ഒരുവശത്ത് വിമർശിക്കപ്പെട്ടപ്പോൾ മറുവശത്ത് ആഘോഷിക്കപ്പെട്ടത്. സ്ത്രീയെഴുത്തിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നത് അതിന്റെ കൃത്യമായ ഉദാഹരണമാണ്. ജേക്കബ് വർഗ്ഗീസ് എന്ന വ്യക്തി മറിയമ്മ എന്ന പേരിൽ എഴുതിയ കഥകൾ ഉദാഹരണം.എഴുത്തുകാരികൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലെ 70 കൾ എന്ന ചന്ദ്രമതി പറയുന്നതിന് ആ ഒരു അർത്ഥം കൂടിയുണ്ട്.
എങ്കിലും അതുമാത്രമായിരുന്നില്ല സ്ത്രീകളുടെ എഴുത്ത് എന്ന് നമുക്ക് അറിയാം. ഈ രണ്ടുധാരകളും മറികടന്ന ഒരുകൂട്ടം എഴുത്തുകാരികൾ അന്നുണ്ടായിരുന്നു എന്ന് ചന്ദ്രമതി സാക്ഷ്യപ്പെടുത്തുന്നു. തകഴിയുടെ ‘ബലൂണുകൾ’(1982) എന്നൊരു നോവൽ ഉണ്ട്. ആധുനികതയുടെ കാലത്തെ ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന കൃതി. അതിൻ്റെ മുഖവുരയിൽ തകഴി പറയുന്നു, “ഇന്നത്തെ തലമുറ ആകെ അങ്കലാപ്പിലാണ്. അവർക്ക് പറയാൻ കാര്യങ്ങൾ ഉണ്ട്. ഭൂമിയോട് ബന്ധിച്ചിരുന്ന നൂലുകൾ പൊട്ടി ബലൂണുകൾ ആകാശത്തിൽ പറക്കുകയാണ്.” ആധുനിക സാഹിത്യം ഇങ്ങനെ പറന്ന ബലൂണായിരുന്നു. അന്നത്തെ പ്രഖ്യാത കൃതികൾ എല്ലാം ജീവിതത്തിന്റെ തീർത്തും അരാഷ്ട്രീയമായ ആഖ്യാനങ്ങളായിരുന്നു. “പ്രണയവും ഡ്രഗ്സും കാമവും തുടങ്ങി, രാഷ്ട്രീയത ഒഴികെയുള്ള സമകാലികതകൾ എല്ലാം ചേർത്തുവച്ചായിരുന്നു എഴുത്ത്” എന്ന് ഈ നോവലിന്റെ രചനാരീതിയെക്കുറിച്ച് ചന്ദ്രമതി പറയുന്നുണ്ട്. ഈ അരാഷ്ട്രീയത അന്നത്തെ യുവതലമുറയുടെ ഒരു സംഘർഷം കൂടിയായിരുന്നു. നോവലിൽ ഉടനീളം ആവർത്തിക്കപ്പെടുന്ന ‘To be or not to b’എന്ന ഹാംലെറ്റ് വാക്യം ആ സംഘർഷത്തിന്റെ പ്രതിഫലനമാണ്. പൂർണ്ണമായും ആധുനികതയുടെ ചുഴിയിലേക്ക് വീഴാതെ ചന്ദ്രമതിയെ പോലുള്ള എഴുത്തുകാരെ പിടിച്ചുനിർത്തിയത് ആ സന്ദേഹങ്ങൾ ആയിരുന്നു എന്നത് ഈ നോവലിനെ ഗുണപരമായി സ്വാധീനിച്ച ഒരു ഘടകം കൂടിയാണ്.
ഒരു പിടി പെൺകുട്ടികൾ
രണ്ടു പെൺമക്കൾ ഉള്ള ഒരുവളുടെ ഓർമ്മകൾ എന്ന് നിലയിലാണ് ഈ നോവൽ നമ്മളോട് സംസാരിക്കുന്നത്. പാകം വന്ന പ്രായത്തിൽ നിന്നുകൊണ്ട് പഴയ അനുഭവങ്ങളുടെ തീച്ചൂളയിലേക്കുള്ള ഒരു സജീവ സഞ്ചാരം. ഒരു പിടി പെൺകുട്ടികളിലെ ഒരാൾ ആഖ്യാതാവായ വിമല തന്നെ. പിന്നെ മേരി, സാലി, രാഗിണി, നിലീന തുടങ്ങിയവർ. ദേവദാസ് ,ഹരീഷ് എന്നിങ്ങനെ ഒരുപിടി പുരുഷന്മാരും.
വിമലയുടെ ഓർമ്മകളിലൂടെയാണ് മറ്റെല്ലാ കഥാപാത്രങ്ങളും അനാവൃതരാകുന്നത്. യാഥാസ്ഥിതികം, അരാജകത്വം, മാധ്യമമാർഗ്ഗം എന്നീ മൂന്ന് അവസ്ഥകളിൽ നിന്ന് സ്വന്തമായ വ്യക്തിത്വം രൂപീകരിക്കാൻ വെമ്പുന്നവളാണ് വിമല. കുടുംബത്തിൻറെ യാഥാസ്ഥിതിക ചുറ്റുപാടുകളിൽ നിന്ന് രൂപപ്പെട്ട ഒരു ഭയം, മറ്റുള്ളവർ എന്തു ചിന്തിക്കും എന്ന ഭയം, വിമലയെ വലയം ചെയ്യുന്നത് കാണാം. മേരിയോട് സഹകരിക്കുന്ന പല സന്ദർഭങ്ങളിലും ദേവദാസുമായുള്ള ഇടപെടലുകളിലും ഒക്കെ കുലസ്ത്രീ സങ്കല്പം വിമലയെ അലട്ടുന്നു. മേരിയാണ് അരാജകത്വത്തിന്റെ ലോകം അവൾക്ക് മുന്നിൽ തുറന്നിടുന്നത്. അതിനോട് നിരന്തരം കലഹിക്കുമ്പോഴും വിലോഭനീയമായ ഒരു ആകർഷണം അവൾക്കുണ്ട്. പക്ഷേ അവൾ അതിനെ മറികടക്കുന്നു. മധ്യമമാർഗ്ഗം എന്നത് കോളേജ് അന്തരീക്ഷമാണ്. എന്നാൽ സൗഹൃദം പരിമിതപ്പെടുത്തി അവൾ അതിൻറെ പിടിയിൽ നിന്ന് കുതറിമാറുന്നു. ബാക്കിയുള്ളതെല്ലാം അവളുടെ മൗലികമായ ജീവിതാനുഭവങ്ങളാണ്. ആർ. വിമലാദേവി എന്ന പേര് വിമലയാക്കി അവൾ വെട്ടിച്ചുരുക്കുന്നു.” മനസ്സിൽ ഞാൻ ശസ്ത്രക്രിയ ചെയ്തു മാറ്റിയെടുത്ത പേരാണ് വിമല” എന്ന് അവൾ ഓർമിക്കുന്നു.”കുമാരിയോ ദേവിയോ? ഒരു ഇംഗ്ലീഷ് അക്ഷരം എങ്കിലും?” എന്നീ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ പതറിയില്ല. മറ്റൊന്ന് അനുഭവങ്ങളോടുള്ള അഭിനിവേശമാണ്. ജീവിതാനുഭവങ്ങളെ അവൾ ആർത്തിയോടെ നോക്കി. ഓരോ വ്യക്തിയേയും ഓരോ അജ്ഞാതഭൂഖണ്ഡമായി കണ്ട് അവിടേക്ക് പര്യടനം നടത്താൻ ഒരുങ്ങി.
‘ഉരുക്കിൽ വാർത്തെടുത്ത കൂർത്ത കുമിളകൾ പതിച്ച വാതിലുകൾ കൊണ്ട് കന്യകാത്വം ഭദ്രമാക്കി ഉയർന്നു നിൽക്കുന്ന പ്രാകാരങ്ങൾ കണ്ടിട്ടില്ലേ. അതുപോലെയായിരുന്നു മേരിയുടെ വ്യക്തിത്വം. പ്രകാരത്തിനുള്ളിൽ കടക്കുക അങ്ങേയറ്റം ദുഷ്കരമായ പ്രവൃത്തി ആയിരുന്നു. ഭീമാകാരൻ സ്തൂപങ്ങളിൽ ഭാരം എറിഞ്ഞ് രഹസ്യങ്ങൾ ഉള്ളിലൊതുക്കി മാനത്തേയ്ക്ക് ഉയർന്നു നിൽക്കുന്ന കോട്ട. അതിൻറെ നടുമുറ്റങ്ങളിൽ കാമവിറയുടെ ചൂടു കയറിയ ഭരണാധികാരി പാപങ്ങളുടെ ലഹരിയിൽ ഉരുണ്ടു കളിക്കുകയാണോ അതോ ചെറിയ അഴിക്കൂടിൽ ഒറ്റയ്ക്കിരുന്ന് ഒരു പച്ചത്തത്ത ശോക മധുരമായി പാടുകയാണോ എന്ന് ഞാൻ എങ്ങനെയാണ് അറിയുക?
തുടർന്നുള്ള എൻറെ ദിവസങ്ങൾ ആകെ ആ ശ്രമത്തിൽ മുഴുകി. പിടിതരാതെ വഴുതി മാറിക്കൊണ്ടിരുന്ന മേരിക്ക് പിന്നാലെ വലകൾ കോർത്തെറിഞ്ഞു ഞാൻ നടന്നു. ഒടുവിൽ കോട്ടമതിലിലെ ആദ്യത്തെ കല്ല് ഇളകിവീണു. ശരീരം ചുരുക്കി സൂക്ഷ്മമാക്കി വിടവിലൂടെ ഞാൻ
മേരി ജോസഫിനുള്ളിൽ കടന്നു”
വിമലയിലെ എഴുത്തുകാരി എന്ന വ്യക്തിത്വം രൂപപ്പെടുന്നത് അങ്ങനെയാണ്. ഓരോ വ്യക്തിയേയും സൂക്ഷ്മമായി പഠിക്കുകയും വിശലകനം ചെയ്യുകയും ചെയ്തു കൊണ്ട് അവളിലെ എഴുത്തുകാരി മുന്നേറി. അതേസമയം തന്നെ അവൾ ഏകാന്തതയെ ശുശ്രൂഷിക്കുകയും തന്നിലേക്ക് ആരും കടക്കാതിരിക്കാൻ കരുതൽ എടുക്കുകയും ചെയ്തു. പക്ഷേ ജീവിതം എന്ത് എന്ന് അവളെ പഠിപ്പിച്ചത് പ്രണയമാണ്. പ്രണയവും ദുരന്തവും കഴിയുമ്പോൾ പുതിയൊരു കാഴ്ച അവളിൽ ഉണരുന്നു. ദേവനുമുന്നിൽ ശാരീരികമായി കീഴടങ്ങേണ്ടി വന്നതിലുള്ള ദുഃഖം നിറയുമ്പോൾ അതൊരു കുലസ്ത്രീയുടെ ദുഃഖം അല്ല എന്നു പറയുന്നത് അതുകൊണ്ടാണ്. അത്തരമൊരു മൗലികമായ അനുഭവമാണ് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത്.
ലൈംഗിക പാപത്തിൽ അലഞ്ഞ് വീണ്ടും ലൈംഗിക പാപത്തിൽ മുഴുകുന്ന രവിയുടെ പെൺപതിപ്പാണ് മേരി; അവരുടെ അനുഭവങ്ങൾക്ക് തമ്മിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും. മോഡേണിസത്തിന്റെ ചായം ചാലിച്ച കഥാപാത്രമാണത്. കുറ്റബോധത്തോടെ മുഖവുരയിൽ ചന്ദ്രമതി ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഹരീഷിന്റെ വന്യമായ പ്രണയത്തെ ആദർശവൽക്കരിക്കുന്ന മേരി വിമലയുടെ പ്രണയത്തെ പൂച്ചക്കുട്ടിക്കാമുകനുമായുള്ള കറങ്ങി നടക്കൽ ആയി പുച്ഛിക്കുന്നു.
പതിവ് പാറ്റേണിലുള്ള കഥാപാത്രങ്ങളാണ് സാലിയും രാഗിണിയും.ദുരന്തങ്ങളെ, മരണത്തെ പോലും ചിരിച്ചുകൊണ്ടു നേരിടുന്ന സാലി; ദുരന്തങ്ങളെ പ്രായോഗികതയിലൂടെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന രാഗിണി. എന്നാൽ പൈങ്കിളി സാഹിത്യത്തിലെ പതിവ് ടൈപ്പുകൾ ആയി തീരാതെ വ്യക്തിത്വം കൈവരിക്കുന്ന കഥാപാത്രങ്ങളായി ഇവർ മാറുന്നുണ്ട്.
മേരിയുടെ ആൺ പതിപ്പാണ് ഹരീഷ്. ആധുനികത സൃഷ്ടിച്ചെടുത്ത കളിമണ്ണിൽ കുഴച്ചുണ്ടാക്കിയ കഥാപാത്രം. അസ്തിത്വ ദുഃഖവും ദുരൂഹതയും കള്ളും കഞ്ചാവും കാമവും ഒക്കെ ചേർന്ന അന്നത്തെ ആദർശ ബുദ്ധിജീവിയുടെ പ്രതിരൂപമാണ് അയാൾ. ദേവദാസ് ആകട്ടെ പ്രായോഗിക മതിയായ പകുതി ബുദ്ധിജീവിയാണ്. കാപട്യത്തിന്റെയും നിസ്സഹായതയുടെയും അംശങ്ങൾ എഴുത്തുകാരി അയാളിൽ ഉൾ ചേർത്തിട്ടുണ്ട്.ഒരു പെൺകുട്ടിയോട് പ്രണയ ചാപല്യങ്ങൾ കാണിച്ചിട്ട് അത് പ്രായത്തിന്റെ ജിജ്ഞാസയാണ് എന്ന് പറഞ്ഞ് ഒഴിയാനുള്ള കാപട്യവും പ്രായോഗികതയും അയാൾക്കുണ്ട്. തൻറെ ബുദ്ധിനിലവാരത്തിനു ചേർന്നവളല്ല എന്നു പറഞ്ഞ് അവളെ ഉപേക്ഷിക്കാനും അയാൾക്കറിയാം. വിമലയോടുള്ള പ്രണയത്തിലും ഈ തന്ത്രപരത അയാൾ കാണിക്കുന്നുണ്ട്. അയാളുടെ പല ചലനങ്ങളും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നില്ലേ എന്ന് വിമല പിന്നീട് സംശയിക്കുന്നുണ്ട്. അതേസമയം അത്തരം സംശയങ്ങൾ പ്രസക്തമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു നിസ്സഹായാവസ്ഥയും ആ കഥാപാത്രത്തിൽ ചേർത്തിട്ടുണ്ട്. അതേസമയം കല്യാണക്കത്ത് വരെ അടിച്ച ശേഷം നിലീനയെ കല്യാണം കഴിക്കാൻ അനുവാദം ചോദിച്ച് വിമലയുടെ മുന്നിൽ നിൽക്കുന്ന ദേവനെ അവതരിപ്പിച്ചുകൊണ്ട് ആ നിസ്സഹായാവസ്ഥയുടെ വൈരുദ്ധ്യവും എഴുത്തുകാരി കാണിച്ചുതരുന്നു. 1974 ൽ പുറത്തിറങ്ങിയ ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന സിനിമയിലെ (വെട്ടൂർ രാമൻനായരുടെ നോവൽ, സംവിധാനം കെ.എസ്. സേതുമാധവൻ) നായകനെ ഓർമിപ്പിക്കുന്ന (അനുകരണം എന്ന നിലയിൽ അല്ല) കഥാപാത്രമാണ് ദേവൻ. എം.ടി.യുടെ രചനകളിൽ സ്ഥിരം കാണുന്ന, രണ്ടു സ്ത്രീകളുടെ ഇടയിൽ പെട്ടു നിൽക്കുന്ന ആൺ കഥാപാത്രത്തെയും ഇവിടെ ഓർക്കാം. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി നിസ്സഹായനാണോ തന്ത്രശാലി ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ദുരൂഹമാക്കുന്നു എന്നതാണ് ദേവൻറെ കഥാപാത്രസൃഷ്ടിയിലുള്ള മികവ്.
മിന്നി മാഞ്ഞുപോകുന്ന അനേകം കഥാപാത്രങ്ങൾ ഈ നോവലിൽ ഉണ്ട്. സ്വന്തം ചേച്ചിക്ക് വേണ്ടി പോരാടുന്ന നിഷ,ടീച്ചറോടുള്ള സ്വവർഗ്ഗ പ്രണയത്തിൽ മുഴുകിയ സരള, മകളെ ഓർത്ത് നീറുകയും അതേസമയം അവൾക്ക് താങ്ങായി നിൽക്കുകയും ചെയ്യുന്ന വിമലയുടെ അച്ഛൻ, മേരിയുടെ ആദ്യകാല കാമുകൻ സുരേഷ് വർമ്മ ഇങ്ങനെ ഒന്ന് തല കാണിച്ച് കടന്നുപോകുന്ന ഓരോ കഥാപാത്രത്തിനും ജീവനും വ്യക്തിത്വവും നൽകാൻ ചന്ദ്രമതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതൊരു പൈങ്കിളി നോവലാണോ?
“ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു പൈങ്കിളിയായിരുന്നു എന്റെ പ്രണയകഥ എന്നോർത്ത് ഞാൻ ലജ്ജിച്ചു പോകുന്നു. ഒരുപക്ഷേ പൈങ്കിളികളിലൂടെ കടന്നാവണം ക്ലാസിക്കുകൾ പിറക്കുക.“ ഇത് നോവലിലെ വിമലയുടെ ചിന്തയാണ്. ഇതോടെ നോവൽ അവസാനിക്കുകയുമാണ്. അതേസമയം ചന്ദ്രമതിയുടെ ആശങ്കയുമാണത്; തൻറെ പിൽക്കാല രചനകളെ കുറിച്ചുള്ള അഹന്തയും. അപർണയുടെ തടവറകൾ (അശ്വതിയുടേതും) എന്ന നോവലിൽ പൈങ്കിളി എന്ന സങ്കൽപ്പത്തെ ചന്ദ്രമതി അഭിസംബോധന ചെയ്യുന്നുണ്ട്. ട്രെയിനിൽ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപർണയും ഒരു യുവാവും. അവർ അപരിചിതരാണ്. മുല്ലപ്പൂവിൽപനക്കാരൻ “മാഡത്തിനു മുല്ലപ്പൂ വാങ്ങി കൊടുക്കണം സാർ” എന്ന് അയാളോട് പറയുന്നു. അയാൾ തല ഉയർത്തി നോക്കുകപോലും ചെയ്തില്ല. തുടർന്ന് ചന്ദ്രമതി എഴുതുന്നു. “അതുകാരണം പെട്ടി മുറിയിൽ നിന്ന് ഒരു പൈങ്കിളി ഒരുപാട് സാധ്യതകൾ ഉള്ള ഒരു കഥയും കൊത്തി പറന്നുപോയി.” അതായത് ഉപരിതലസ്പർശിയായ ഒരു പ്രണയത്തിൻറെ, എൻറെ കഥയിൽ മാധവിക്കുട്ടി പറയുന്നതുപോലെ കാമുകിയുടെ ബ്രഷ് കാമുകൻ കാണുമ്പോൾ തീരുന്ന ഒരു പ്രണയത്തിൻറെ, അവസ്ഥയെയാണ് ചന്ദ്രമതി പൈങ്കിളി എന്ന് വിവക്ഷിക്കുന്നത്. എന്നാൽ അതിൻറെ സാധ്യതകളിലേക്ക് കടക്കുമ്പോൾ പൈങ്കിളിയായി തോന്നിയത് അതല്ലാതെയായി മാറുകയും ചെയ്യാം.
ഈ നോവലിന്റെ പ്രമേയത്തിന് ഒരു പൈങ്കിളി സ്വഭാവമുണ്ട്. ഒരു കോളേജ് വിദ്യാർഥിനിയുടെ സാധാരണ പ്രണയമാണത്. മേമ്പൊടിയായി കുറച്ചു കവിതയും സാഹിത്യവും ഉണ്ട്. എന്നാൽ അതുകൊണ്ടുമാത്രം അത് പൈങ്കിളി ആവണമെന്നുണ്ടോ? മനുഷ്യമനസ്സിനെയും സാമൂഹ്യബന്ധങ്ങളെയും ഉപരിപ്ലവവുമായി മാത്രം സമീപിക്കുന്ന രചനകളാണ് പൈങ്കിളി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നത്. മുട്ടത്ത് വർക്കിയുടെയും മാത്യുമറ്റത്തിന്റെയും മറ്റും നോവലുകൾ വായിക്കുമ്പോൾ അത് ബോധ്യമാവുകയും ചെയ്യും. അത് മറികടക്കാനുള്ള ശ്രമം ആയിരിക്കാം മേരിയുടെയും ഹരീഷിന്റെയും വന്യമായ ജീവിതം നോവലിസ്റ്റ് കൊണ്ടുവന്നിരിക്കുക. എന്നാൽ അതാണ് ഈ നോവലിൻറെ ഒരേയൊരു പൈങ്കിളിത്തം. മലയാളത്തിലെ ആധുനിക സാഹിത്യത്തിൻറെ പൈങ്കിളിത്തമാണ് അതിൽ കാണാനാവുക. മറിച്ച് വിമലയുടെ ജീവിതത്തിലേക്ക് കടക്കുമ്പോൾ തീർത്തും സ്വാഭാവികവും ആഴത്തിലുള്ളതുമായ കാഴ്ച കാണാനാകും. ഒരു പെൺകുട്ടിയുടെ ചിന്തകളും വികാരങ്ങളും വളരെ സൂക്ഷ്മമായും തീവ്രമായും ആവിഷ്കരിക്കാൻ നോവലിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു മികച്ച എഴുത്തുകാരിയുടെ ആദ്യകാല കൃതി എന്നതിൽ കവിഞ്ഞ പ്രാധാന്യം ഈ നോവലിനുണ്ട്. അന്നത്തെ ദാർശനിക പൈങ്കിളികൾക്ക് നേരെ ഉയർന്ന ജീവിതത്തിന്റെ മൗലികതയാണ് ഈ നോവൽ എന്നുള്ളതാണ് അത്.
വിമലയും വിമലയും
വിമല എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരിക എം.ടി.യുടെ മഞ്ഞിലെ നായികയാണ്. സുധീർകുമാർ മിശ്രയുടെ വഞ്ചനയ്ക്കിരയായിട്ടും “വരും, വരാതിരിക്കില്ല” എന്നു കാത്തിരിക്കുന്ന സ്കൂൾ ടീച്ചർ മലയാളിയുടെ ഭാവുകത്വത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാളിയുടെ ആസ്വാദനത്തിന്റെ പൈങ്കിളിബോധത്തെ ആധുനികത എന്നതുപോലെ ദാർശനികമായി തൃപ്തിപ്പെടുത്തിയ കൃതിയായിരുന്നു മഞ്ഞ്. 1964ലാണ് മഞ്ഞ് പുറത്തുവരുന്നത്. മഞ്ഞിന്റെ സ്വാധീനം ഉണ്ടാവാമെങ്കിലും (പ്രത്യേകിച്ചും നായികാ നായകന്മാർ ശാരീരികമായി അടുക്കുന്ന രംഗത്തിന്റെ ചിത്രീകരണത്തിൽ) അതിൻറെ അനുകരണം ആണ് ‘ഒരുപിടി പെൺകുട്ടികൾ ‘ എന്ന് പറയാൻ ആവില്ല; രണ്ടിലും വിമലയും പ്രണയവും വഞ്ചനയും ഒക്കെ ഉണ്ടെങ്കിലും. നിർമ്മൽ വർമ്മയുടെ ’പരിന്തെ‘ എന്ന കൃതിയുടെ അനുകരണമാണ് മഞ്ഞ് എന്ന് ആരോപണം ഉണ്ടായിട്ടുണ്ട്. അതിലെ ലതികയും സ്കൂൾ ടീച്ചർ ആണ്. പ്രണയഭംഗവും മഞ്ഞും അതിലും ഉണ്ട്. എങ്കിലും അതൊരു അനുകരണം അല്ല. മഞ്ഞിനെ മലയാളി വായിച്ച രീതി തെറ്റായിരുന്നു എന്നേയുള്ളൂ. മഞ്ഞുപോലെ ലോലമായ ഒരു രചനയാണ് അതെന്നും കാത്തിരിപ്പിന്റെ സുഖകരമായ വേദനയാണ് അതിൻറെ കാതൽ എന്നുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. എം.ടി.യും അങ്ങനെ ചിന്തിച്ചിരുന്നു. മഞ്ഞിന്റെ ആമുഖത്തിൽ ഉരുളക്കിഴങ്ങ് എന്ന പദം നോവലിൽ ഉപയോഗിച്ചാൽ അതിൻറെ ലോലഘടന തകരുമോ എന്ന ആശങ്കയുണ്ടായിരുന്നതായി എം ടി പറയുന്നുണ്ട്. എന്നാൽ അങ്ങനെ തൊട്ടാൽ പൊട്ടുന്ന ഒരു നോവൽ അല്ല മഞ്ഞ്. അതിനു കാരണം പ്രണയവും കാത്തിരിപ്പും മരണവും ഒന്നുമല്ല; അത് വേശ്യയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നൈനിറ്റാളിന്, അവിടുത്തെ നിസ്സഹായരായ മനുഷ്യർക്ക്, ടൂറിസം സമ്മാനിച്ച ദുരന്തമാണ്.
അതിലെ പൈങ്കിളി പ്രണയത്തെ നെഞ്ചേറ്റി നടന്നപ്പോൾ ടൂറിസത്തിന്റെ ക്രൂരമായ നഖങ്ങൾ ഒരു ദേശത്തെയും മനുഷ്യമനസ്സുകളെയും മാന്തിപ്പൊളിച്ചത്തിന്റെ ദുരന്ത ചിത്രമാണ് വിമലയിലും ഗോരസാഹിബിലും ഒക്കെ ഉള്ളത് എന്ന് മിക്കവരും കാണാതെ പോയി. ഇത്തരം പൈങ്കിളി ആസ്വാദന പാരമ്പര്യമാണ് പിന്നീട് ആധുനികതയുടെ ആരാധകരാക്കി മലയാളികളെ മാറ്റിയത്. സൂക്ഷിച്ചു നോക്കിയാൽ എം.ടി.യുടെ ഷെർലക്കിന് ചന്ദ്രമതി ലൂസിഫർ എന്ന കഥയിലൂടെ ഒരു ബദൽ ആഖ്യാനം ചമച്ചതിന്റെ പൂർവരൂപം ഈ നോവലിൽ കാണാം. വിമല എന്ന പേര് അതിൻറെ സൂചകമാണ്. ടൂറിസ്റ്റ് ആയി വന്നു പോകുന്ന ഒരാളിനെ കാത്തിരിക്കുന്ന വിമലയ്ക്ക് ബദലായി, പ്രണയ വഞ്ചന നേരിട്ട് അതിൻറെ ദുരന്തത്തിൽ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ അതിജീവിക്കുന്ന ഒരു വിമലയെ, കാമുകനെ യുക്തിപൂർവ്വം വിശകലനം ചെയ്യുന്ന ഒരു വിമലയെ ചന്ദ്രമതി മുന്നോട്ടുവയ്ക്കുന്നു. മഞ്ഞിലെ വിമലയുടെ പ്രണയത്തെക്കാൾ എത്രയോ മൗലികവും സങ്കീർണവും ആണ് ഈ നോവലിലെ വിമലയുടെ അനുഭവം എന്ന് പറയാം. എന്നാൽ ആ തലത്തിനപ്പുറം ടൂറിസ്റ്റ് ദുരന്തത്തിൻറെ ആഴമുള്ള അനുഭവങ്ങൾ തരുന്നത് കൊണ്ടാണ് മഞ്ഞ് മികച്ച കൃതിയായി മാറുന്നത് എന്ന യാഥാർത്ഥ്യം അവിടെയുണ്ട് താനും.
അധികാരപ്രയോഗവും പ്രതിരോധവും
“എഴുത്തുകാരാ, നിങ്ങൾ ബൂർഷ്വാ പ്രസാധകനിൽ നിന്ന് സ്വതന്ത്രനാണോ?” എന്ന ലെനിന്റെ ഇടിമുഴക്കം പോലുള്ള ചോദ്യം ഇന്നും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. കെ.പി.അപ്പൻ തിരസ്കാരത്തിൽ ഈ ചോദ്യത്തെ മറികടക്കാനുള്ള ഒരു വിഫല ശ്രമം നടത്തുന്നുണ്ട്. ഇന്ന് ആ ശ്രമം ഒരു ഫലിതം മാത്രമാണ്. വിവിധതരത്തിൽ പ്രോഗ്രാം ചെയ്യപ്പെട്ട തലച്ചോറുമായി ഒരാൾ എഴുതുമ്പോൾ, ആ വ്യക്തി ഉപയോഗിക്കുന്ന ഓരോ വാക്കിലും ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഭാരം കയറ്റി വെച്ചിരിക്കുന്നത് അറിയണമെന്നില്ല എന്നേയുള്ളൂ. എഴുത്തിൻ്റെ വേള പോലും സ്വതന്ത്രമല്ല എന്നർത്ഥം. അത് കഴിഞ്ഞുള്ള ഓരോ ഘട്ടത്തിലും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും പല പല അവസ്ഥകളിലൂടെ എഴുത്തുകാർക്ക് കടന്നു പോകേണ്ടിവരും. ബഷീർ തൻറെ എഴുത്തിലൂടെ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നമാണിത്. എന്നാൽ കുത്തക പ്രസാധകന്റെ കയ്യിൽ തന്റെ രചന എത്തിയാൽ സാഫല്യമായി എന്ന് ചിന്തിക്കുന്നവരും ഉണ്ട്. മൗലികതയുള്ള എഴുത്തുകാർ ഇതിനെതിരെ കലഹിച്ചുകൊണ്ടിരിക്കും. എഴുത്തുകാരുടെ വ്യക്തിത്വത്തെ പരിഗണിക്കാത്ത, പ്രസാധനം ഒരു അധികാരസ്ഥാപനമായിത്തീരുന്ന വ്യവസ്ഥയ്ക്കെതിരെയുള്ള കലഹം. അത്തരം ഒരു കലഹത്തിന്റെ സാക്ഷ്യമാണ് ഒരുപിടി പെൺകുട്ടികൾ എന്ന നോവലിന് ചന്ദ്രമതി എഴുതിയ മുഖവുര. എഴുപതുകളിൽ അന്നത്തെ പ്രമുഖമായ വാരികകളിൽ എല്ലാം കഥകൾ എഴുതിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു ചന്ദ്രമതി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളനാട്, കഥ തുടങ്ങിയവയിൽ എല്ലാം അവർ കഥകൾ എഴുതി. 1972 മുതൽ 1978 വരെ പതിമൂന്നോളം കഥകൾ ശ്രദ്ധേയമായ വാരികകളിലൂടെ പുറത്തുവന്നു. അതിനിടയിലാണ് ഒരുപിടി പെൺകുട്ടികൾ എഴുതിത്തുടങ്ങുന്നത്. അവർ നിശബ്ദതയിലേക്ക് പോയപ്പോൾ നോവലും നിശബ്ദമായി. പിന്നീട് വിവാഹശേഷമാണ് ആ നോവൽ പൂർത്തിയാക്കി കലാകൗമുദിക്ക് കൊടുക്കുന്നത്. അന്ന് ട്രയലിന്റെ എഡിറ്റർ ആയിരുന്ന എം. പി. നാരായണപിള്ള ഫസലുദ്ദീന്റെ കൈയിൽനിന്ന് നോവലിൻറെ കോപ്പി വാങ്ങി ആളും പേരും മാറ്റി പ്രസിദ്ധീകരിക്കുകയായിരുന്നു. ഒരു എഴുത്തുവ്യക്തിത്വത്തോട് പ്രസാധകസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഈയൊരു നെറികേട് കാണിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും എങ്ങനെയുണ്ടായി എന്ന ചോദ്യം പ്രധാനമാണ്. ഫസലുദ്ദീൻ ചന്ദ്രമതിക്ക് നൽകിയ മറുപടിയിൽ അതുണ്ട്. ‘ “ഇതൊക്കെ മാറ്റിയത് എം.പി.നാരായണപിള്ളയാണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ. സാഹിത്യത്തിലെ അദ്ദേഹത്തിൻറെ സ്ഥാനം അറിയാമല്ലോ. എന്തെങ്കിലും പറയുന്നത് ആലോചിച്ചു വേണം” എന്നാണ് ആ മറുപടി. ഇതൊരു ഭീഷണി കൂടിയാണ്.
എം. പി. നാരായണപിള്ളയെ സംബന്ധിച്ച് ഇത്തരമൊരു കഥ പറയപ്പെടുന്നുണ്ട്. അദ്ദേഹം തൻറെ ആത്മകഥയുടെ ഒരു സാമ്പിൾ അധ്യായം എഴുതി എസ്. ജയചന്ദ്രൻ നായർക്ക് (കലാകൗമുദി) അയച്ചുകൊടുത്തെന്നും അദ്ദേഹം ഉന്മാദത്തിൻ്റെ ഹരിശ്രീ എന്ന ആ സാമ്പിൾ കഥയായി ഓണപ്പതിപ്പിൽ കൊടുത്തു എന്നും അതോടെ ആത്മകഥയെഴുത്ത് അവസാനിച്ചു എന്നുമാണ് ആ കഥ. (ഉന്മാദത്തിന്റെ ഹരിശ്രീ – എം.പി. നാരായണപിള്ളയുടെ ആത്മകഥയുടെ ആദ്യ അദ്ധ്യായം കഥയായപ്പോൾ, എം.ജി. രാധാകൃഷ്ണൻ, Literature,Mathrubhumi.com) ഇത് വേണമെങ്കിൽ തുല്യനിലയിലുള്ള രണ്ടുപേർ തമ്മിലുള്ള സൗഹൃദത്തിൻറെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാം. എന്നാൽ ചന്ദ്രമതിയുടെ അവസ്ഥ അതല്ല. അവിടെ കൃത്യമായ ഒരു അധികാരപ്രയോഗമാണ് കാണാനാവുക. അത് അന്ന് ആധുനികത ഉണ്ടാക്കിക്കൊടുത്ത ഒരു സാഹിത്യാന്തരീക്ഷത്തിന്റെ സൃഷ്ടി കൂടിയാണ്. പണ്ടെന്നതുപോലെ, സാഹിത്യത്തിൽ തമ്പുരാക്കന്മാർ ഉണ്ടായിത്തീരുകയും അവർ അടിയാളന്മാരെ സൃഷ്ടിക്കുകയും ഒരു ജന്മികുടിയാൻ ബന്ധം രൂപപ്പെടുകയും ചെയ്തിരുന്നു. “സാഹിത്യത്തിൽ അദ്ദേഹത്തിൻറെ സ്ഥാനം അറിയാമല്ലോ” എന്ന ഭീഷണിയുടെ അർത്ഥം അതാണ്. ആ വ്യവസ്ഥയ്ക്ക് പുറത്തു നിൽക്കുന്നവരെ, എതിർക്കുന്നവരെ കൈകാര്യം ചെയ്യും എന്നും അത് പറയാതെ പറയുന്നു. എം. ഗോവിന്ദന് ശേഷം ആധുനികതയുടെ പുതിയതരം ബുദ്ധിജീവിയായി നാരായണപിള്ള വാഴ്ത്തപ്പെട്ടു കൊണ്ടിരുന്ന കാലം കൂടിയാണത്. അത് ഒരു വ്യക്തിയുടെ അധികാര പ്രയോഗം മാത്രമല്ല; അന്നത്തെ ആധുനികതയുടെ പൊതുബോധം നിർമ്മിച്ചുകൊടുത്ത ഒന്നു കൂടിയാണ്. “ആധുനിക അസ്തിത്വദാർശനികൻ നടത്തുന്ന ഈ സവർണ്ണ പൈങ്കിളി കയ്യേറ്റത്തെയാണ് മുഖ്യധാര ആധുനികത എന്ന് വിളിച്ചത്. പൈങ്കിളിയുടെ ദാർശനികവൽക്കരണത്തിനും പൈങ്കിളി കർതൃത്വത്തിന്റെ നിർമ്മിതിക്കും വില്പനയ്ക്കും വേണ്ടി എഴുത്തുകാരികളെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ് ഇവിടത്തെ അസ്തിത്വ ആണെഴുത്ത് ദാർശനികർ ചെയ്തത്. പെണ്ണെഴുത്തുകാർക്കും അധഃസ്ഥിതപക്ഷ എഴുത്തുകാർക്കും ആ സവർണ്ണ പുനരുദ്ധാരണ വിമോചനസമരത്തിൽ പിടിച്ചുനിൽക്കാനായില്ല”, എന്ന് ഈ വിഷയം മുൻനിർത്തി ഷൂബ കെ.എസ്.എഴുതുന്നുണ്ട്. (ആധുനികതയുടെ കാലത്തെ പെണ്ണെഴുത്തുകാർക്ക് എന്തു സംഭവിച്ചു?, പൂന്താനവും ദുരന്തമുതലാളിത്തവും)
മൗനം കൊണ്ടാണെങ്കിലും അതിനു വഴങ്ങിയില്ല എന്നതാണ് ചന്ദ്രമതിയുടെ മികവ്. ആധുനികത തെളിച്ചുകൊണ്ടുപോയ ആട്ടിൻപറ്റങ്ങളിൽ ഒരു കുഞ്ഞാട് ആയിരിക്കുന്നതിനേക്കാൾ സ്വന്തം വഴിതെളിച്ച് നടക്കാനാണ് അവർ മുതിർന്നത്. അന്നത്തെ മാനസികത്തകർച്ചയ്ക്കുശേഷം ഇച്ഛാശക്തിയും പ്രതിഭയും കൊണ്ട്, തിരിച്ചുവരവിൻ്റെ കാലത്തെ പെരുമ്പാതയായ ഫെമിനിസത്തിന്റെ വഴിയിൽ നിന്നും മാറി, സ്വന്തമായ ഒരു വഴിയിലൂടെ അവർ മുന്നേറി. തൻറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ഘട്ടത്തിൽ ഒരു പ്രതികാരം എന്നോണം തന്റെ ആദ്യ നോവൽ ആദ്യപേരിൽ തന്നെ പ്രസിദ്ധീകരിച്ചു. മാത്രമല്ല അന്നത്തെ സംഭവങ്ങൾ മുഖവരയിലൂടെ തുറന്നു പറയുകയും ചെയ്തു. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ അധികാര വ്യവസ്ഥകൾ എങ്ങനെയാണ് പുതുതലമുറയെ മെരുക്കാൻ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗ്രത പുലർത്തേണ്ടത് എങ്ങനെയെന്നും ആ മുഖവരയിലൂടെ വ്യക്തമാക്കി. ഇതൊരു പഴയ കഥയല്ല തുടർച്ചയാണ് എന്നും എം.പി. നാരായണപിള്ളമാർ ഇന്നും വിരാജിക്കുന്നുണ്ട് എന്നും പറഞ്ഞു വെച്ചു. അത് ഒറ്റയ്ക്ക് തുടങ്ങിവയ്ക്കുന്ന പ്രതിരോധ പ്രവർത്തനമാണ്. ആധുനികതയിൽ നിന്നും ഫെമിനിസത്തിൽ നിന്നും മറ്റ് ഉത്തരാധുനികഫാൻസികളിൽ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ട് പുതുതലമുറ എഴുത്തുകാർക്ക് , അപ്പപ്പോൾ നിലനിൽക്കുന്ന അധികാരശക്തികളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കലാണ് ഈ പഴയ നോവലിൻ്റെ പ്രസാധനവും അതിന്റെ മുഖവുരയെഴുത്തും. ഒരുപക്ഷേ അഞ്ചാമൻ്റെ വരവിലെ സാവിത്രിയുടെ ദീർഘനിശ്വാസം പോലെ, അധികാരത്തിന്റെ ഹുങ്കുമായി ചൂളം വിളിച്ചു പോകുന്ന പെരും വണ്ടികളെ അത് ചുഴറ്റിയെറിഞ്ഞേക്കാം.

ഡോ.പ്രമോദ് കുമാർ ഡി.എൻ.
പ്രൊഫസർ, മലയാള വിഭാഗം, ഗവ.കോളേജ്, പത്തിരിപ്പാല