ജൂലി ഡി എം

Published: 10 June 2025 ട്രോൾ വിമർശനം

തൊഴിൽ പ്രതിസന്ധിക്കാലത്തെ സ്ത്രീയും ഷിനിലാലിന്റെ ‘സസ്തനി’യും

വമ്പൻ കോർപ്പറേറ്റുകൾ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന, തൊഴിലാളികൾ എത്ര മണിക്കൂർ ജോലി ചെയ്യണമെന്ന് മുതലാളിമാർ തീരുമാനിക്കുന്ന,ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടേണ്ട മാധ്യമങ്ങളെ മുതലാളിമാർ കൈപ്പിടിയിലൊതുക്കുന്ന,
മനുഷ്യാധ്വാനവും അന്തസ്സും ഹനിക്കപ്പെടുന്ന, ലോകം മൊത്തത്തിൽ പിന്നിലേക്ക് സഞ്ചരിക്കുന്ന ഒരു കാലത്ത് പുരോഗമനപക്ഷത്ത് നിൽക്കുന്നു എന്നു ഭാവിക്കുന്ന എഴുത്തുകാർ എന്തെഴുതുന്നു എന്ന പരിശോധന ഉണ്ടാവേണ്ടതാണ്. സമൂഹമുണ്ടാക്കി വെച്ചിരിക്കുന്ന ജെൻഡർ റോളുകൾ പൊളിച്ച് സ്ത്രീകൾ തങ്ങളുടെ അഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കാൻ മതത്തിനും പാട്രിയാർക്കൽ
പൊതുബോധത്തിനുമെതിരെ പൊരുതുമ്പോൾ, നമ്മുടെ പുരോഗമന എഴുത്തുകാരുടെ കൃതികളിലെ സ്ത്രീ ആവിഷ്കരണങ്ങളും തീർച്ചയായും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.കുടുംബം എന്ന സ്ത്രീവിരുദ്ധ സ്ഥാപനത്തിനകത്തും തൊഴിലാളിവിരുദ്ധ നയങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങളിലും വലിയ പ്രതിസന്ധികളും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന സ്ത്രീകളെ നമ്മുടെ എഴുത്തുകാർ തങ്ങളുടെ കൃതികളിൽ എങ്ങനെയാണ് ആവിഷ്കരിക്കുന്നത് ?
സമൂഹം കല്പിച്ചുവച്ചിരിക്കുന്ന ജെൻഡർ റോളുകൾക്കും പിന്നിലേക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ഭാവന ചെയ്യുകയാണ് നമ്മുടെ ‘പുരോഗമന’ എഴുത്തുകാർ ! മെയ് നാലിന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വി. ഷിനിലാലിന്റെ ‘സസ്തനി’ എന്ന കഥയിൽ ഐ. ടി. പ്രൊഫഷണൽ ആയ സ്ത്രീയെ കാളിയും സമസ്ത സസ്തനിജാലത്തിന്റെ മാതാവുമാക്കി പരിണമിപ്പിക്കുന്ന ഭാവനാ വിലാസം കാണാം. 1940- കളിൽ തന്നെ മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയായ കെ.സരസ്വതിയമ്മ തള്ളിക്കളഞ്ഞ മാതൃത്വ മാഹാത്മ്യങ്ങളെ 2025- ലും വലിയ സംഭവമായി ആവിഷ്കരിക്കുകയും സസ്തനി വർഗ്ഗത്തിന്റെ മുഴുവൻ മാതാവായി സ്ത്രീയെ കാണുന്ന ചീഞ്ഞ കാല്പനികത വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് കയ്യുടനെ തന്നെ മറുപടി കൊടുക്കേണ്ടതുണ്ട്.ഇതിനു മുൻപ് ദേശാഭിമാനിയിൽ എഴുതിയ ചൂണ്ടുWILL എന്ന കഥയിൽ പ്രോജക്ട് മാനേജരായ ഐ.ടി.എൻജിനീയറെ ദളിതനും ജാത്യധിക്ഷേപം നേരിട്ടതിനാൽ കാട്ടാളനുമാക്കി മാറ്റുന്ന ഭാവനാവിലാസം കാഴ്ചവച്ച കഥാകൃത്ത്, ‘സസ്തനി’എന്ന കഥയിൽ ഐ.ടി.എൻജിനീയറായ സ്ത്രീയെ സമസ്ത സസ്തനിജാലത്തിന്റെയും മാതാവാക്കുന്ന ഭാവനാ വിലാസമാണ് കാഴ്ചവയ്ക്കുന്നത്.ഐ. ടി. രംഗത്ത് പണിയെടുക്കുന്നവർ അസംഘടിത തൊഴിലാളികളായതിനാലാകണം കഥാകൃത്ത് സോഫ്റ്റ്‌വെയർ
എൻജിനീയർമാരെ ടാർജറ്റ് ചെയ്യുന്നതെന്ന്
ന്യായമായും സംശയിക്കാം !

സസ്തനി

ജീവലോകത്തിന്റെ താഴെത്തട്ടിലുള്ള ജീവികളിൽ സസ്തനികളുണ്ടോ എന്ന് ഗവേഷണം നടത്തുന്ന സർവ്വകലാ സംഘത്തിൽ, പ്രതിഫലമൊന്നും വേണ്ടായെന്ന വ്യവസ്ഥയിൽ ഡാറ്റാ അനലിസ്റ്റായി മീര എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ ജോലിക്ക് കയറുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്
സസ്തനി എന്ന കഥയുടെ പ്രമേയം. ദേവ പ്രകാശ് എന്ന പ്രൊഫസറും ആലിഹസൻ എന്ന അസിസ്റ്റൻറ് പ്രൊഫസറും ഷാൻ എന്ന ഗവേഷക വിദ്യാർഥിയും കാടിനെ നന്നായറിയുന്ന ആദിച്ചൻ
എന്ന സഹായിയും ചേർന്ന നാൽവർ സംഘത്തോടൊപ്പമാണ് മീര എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടി ചേരുന്നത്. രണ്ടര വയസ്സുള്ള കുഞ്ഞിനെ പങ്കാളിയെ ഏൽപ്പിച്ച്,കൊതുകും അട്ടയും വന്യമൃഗങ്ങളുമുള്ള കാട്ടിൽ ചൂടും തണുപ്പും സഹിച്ച്, കിട്ടുന്നത് ഭക്ഷണമായി സ്വീകരിച്ച്, യാതൊരു പ്രതിഫലവും വാങ്ങാതെ സംഘാംഗമായി ചേരുന്നത് കാടിനെ അടുത്തറിയാനാണെന്നാണ് കഥാനായിക പറയുന്നത്.അവരുടെ ക്യാമ്പിന്റെ തൊട്ടടുത്തായി കാടുമൂടി കിടന്നിരുന്ന ഒരു കാളീക്ഷേത്രമുണ്ടായിരുന്നു. നാലുപേരും കാട്ടിൽ ഗവേഷണത്തിനായി പോയിക്കഴിഞ്ഞാൽ മീര കാട്ടിലെ ക്ഷേത്രത്തിലേക്ക് പോകും.
കാളി അവൾക്കൊരു ആശ്വാസമായിരുന്നു.
കാളിയെ കണ്ടപ്പോൾ കുട്ടിക്കാലത്ത് അച്ഛന്റെ സുഹൃത്തായ ഒരു പ്രൊഫസറോടൊപ്പം പടയണി കാണാൻ പോയതും അച്ഛൻ ഭൈരവിക്കോലത്തിന്റെ കഥ പറഞ്ഞതും അവൾ ഓർക്കുന്നു.ചെളിയും മണ്ണും ഭസ്മവും കൊണ്ട് കുഴഞ്ഞ്, കാടുമൂടിക്കിടന്ന
കാളീവിഗ്രഹത്തെ അവൾ കുളിപ്പിച്ച് വൃത്തിയാക്കിയൊരുക്കിയെടുക്കുന്നു.
സംഘാംഗങ്ങൾ കാടേറിക്കഴിഞ്ഞ് കാളീ ക്ഷേത്രത്തിലേക്ക് പോയ മീര ഒരു അത്ഭുതക്കാഴ്ച കാണുന്നു.കൂട്ടംപിരിഞ്ഞ ഒരു മാൻകുട്ടി ചുറ്റിനും പരിഭ്രമത്തോടെ നോക്കി പുൽനാമ്പുകളെ നക്കിയും ഘ്രാണിച്ചും കാളീവിഗ്രഹത്തിനടുത്ത് എത്തുകയും തുടർന്ന് കാളിയുടെ മുല കുടിക്കാൻ മുതിരുകയും ചെയ്യുന്നു. ഈ കാഴ്ച കണ്ട് “അയ്യോ” എന്ന് വിളിക്കുന്ന കഥാനായികയുടെ മുലകൾ ചുരക്കുകയും അനുതാപത്തോടെ അവൾ മാൻകിടാവിനെ പാലൂട്ടുകയും ചെയ്യുന്നു.പിറ്റേന്ന് മറ്റൊരു കുഞ്ഞുമാൻ കൂടി പാൽ കുടിക്കാനായി എത്തുന്നു.പിന്നെ ഇതൊരു പതിവായത്രെ. പാൽ കുടിച്ചു കഴിഞ്ഞാൽ മാൻ കുഞ്ഞുങ്ങൾ പുൽമേടുകളിൽ അപ്രത്യക്ഷമാകും.കാടരിക്കാൻ പോകാത്ത ഒരു ദിവസം ക്യാമ്പ് ഫയർ ഉണ്ടാക്കി ഒന്നിച്ചിരിക്കുമ്പോൾ ഗവേഷക വിദ്യാർഥി മാൻകിടാങ്ങളെ കഥാനായിക
മുലയൂട്ടുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ലാപ്ടോപ്പിൽ മറ്റുള്ളവരെ കാണിക്കുന്നു. അപമാനിതയായി ഉടലാകെ വിറകേറിയ നായിക ആളിക്കത്തിക്കൊണ്ടിരുന്ന വിറകുകൊള്ളി വലിച്ചെടുത്ത് സംഹാര രുദ്രയായി ഗവേഷക വിദ്യാർത്ഥിയെ നേരിടുന്നു.ദാരിക നിഗ്രഹത്തിന് ഒരുങ്ങിയ ഭൈരവിയായി മാറിയ നായികയുടെ ഓരോ കോശങ്ങളിൽ നിന്നും കൂളികൾ ഉദ്ഭവിക്കുന്നു..നെടുനാവ് നീട്ടി” ചോര, ചോര” എന്ന് ആർത്തട്ടഹസിച്ച അവളെ
മറ്റ് മൂന്നുപേരും ചേർന്ന് ബലമായി പിടിച്ചുനിർത്തുകയും പരിസരത്തുണ്ടായിരുന്ന തെളിഞ്ഞ കുളത്തിൽ അവളെക്കൊണ്ട് സ്വന്തം മുഖം നോക്കിക്കുകയും തന്റെ മുഖത്തിന്റെ ബീഭത്സത കണ്ട് നായിക തന്നെ ഭയന്നു
പോവുകയും ചെയ്യുന്നു. ക്രമേണ ശാന്തയായ നായികയോട് ഗവേഷക വിദ്യാർഥി മാപ്പ് ചോദിക്കുകയും ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന താക്കീതോടുകൂടി അവൾ അവന് മാപ്പു നൽകുകയും ചെയ്യുന്നു. അപ്പോൾ നേരം വെളുക്കാറായിരുന്നു.അന്നേരം കഥാനായിക “ഇനി നിങ്ങൾ പൊയ്ക്കോളൂ. കുഞ്ഞുങ്ങൾ വരാറായി.” എന്ന് പറയുന്നു. മറ്റുള്ളവർ ക്യാമ്പിലേക്ക് തിരികെപ്പോകുമ്പോൾ കുഞ്ഞു കുളമ്പുകളുടെ ശബ്ദം കേട്ടു തുടങ്ങുന്നു.അത്യപൂർവ ഭാവനാ വിലാസം കൊണ്ട് രമണീയമാണ് കഥ എന്ന് പറയാതെ വയ്യ !

തൊഴിൽ പ്രതിസന്ധിക്കാലത്തെ സ്ത്രീയെ സസ്തനി വർഗ്ഗത്തിന്റെ മാതാവാക്കുന്ന ഭാവന !

സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി പ്രതിഫലമൊന്നും വേണ്ടെന്നുവച്ച് കൊതുകും അട്ടയും വന്യമൃഗങ്ങളുമുള്ള കാട്ടിൽ ഗവേഷകസംഘത്തോടൊപ്പം ഡാറ്റാ അനലിസ്റ്റായി പോകാമെന്ന് തീരുമാനിക്കുന്നത്, നിലവിലെ തൊഴിൽ സാഹചര്യം വെച്ച് ജോലിസമ്മർദം താങ്ങാനാവാത്തത് കൊണ്ടാവും എന്നായിരിക്കും വായനക്കാർ ഊഹിക്കുന്നത്. എന്നാൽ കാടിനെ അടുത്തറിയാനാണെന്നാണ് നായികയെക്കൊണ്ട് കഥാകൃത്ത് പറയിക്കുന്നത്. കഥയുടെ തുടക്കത്തിൽ സസ്തനികൾ എല്ലാം ഒറ്റ കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രൊഫസർ ദേവപ്രകാശ് പറയുന്നുണ്ട്. “എങ്കിൽ കാളിയാണ് നമ്മുടെ പൂർവിക.” എന്ന്
കഥാനായിക മറുപടി പറയുന്നു. പണ്ട് കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പടയണി കാണാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന പ്രൊഫസറാണ് ഗവേഷകസംഘത്തലവൻ എന്ന കാര്യം കഥയുടെ അവസാനമാണ് നായിക തിരിച്ചറിയുന്നത്.
“രോഷത്തിൽ നിന്നാണ് കാളി പിറന്നത്. രോഷം മാത്രമായിരുന്നു അവളുടെ ഭാവം.ദാരികനെ നിഗ്രഹിച്ച കാളി
രോഷമടങ്ങാതെ ഭൂമിക്കുമേൽ അലറി വിളിച്ചുകൊണ്ടോടി.സകല പ്രപഞ്ചവും അവളുടെ രൗദ്രത താങ്ങാനാവാതെ വിറച്ചു. ആർക്കും അവളെ നോക്കാൻ പോലും ശേഷിയില്ലാതായി. അപ്പോൾ ശിവഭൂതങ്ങൾ ആയിരം കണ്ണാടികൾ കൊണ്ടുവന്ന് അവളുടെ നേരെ പിടിച്ചു. തന്റെ രൗദ്രരൂപം കണ്ട് കാളിക്കു തന്നെ ഭയമുണ്ടായി. അങ്ങനെ നോക്കി നിന്ന് അലിഞ്ഞ് അവൾ ആർദ്രയായി. പിന്നെ ചിരിച്ചു.” എന്നിങ്ങനെ അച്ഛൻ ഭൈരവിക്കോലത്തിന്റെ
കഥ പറഞ്ഞത് കേട്ടപ്പോൾ മുതൽ കഥാനായികക്ക് കാളി ആരാധനാ പാത്രമാണ്.അങ്ങനെയാണ് അവൾ കാളീ വിഗ്രഹത്തെ കാടെല്ലാം നീക്കി
കുളിപ്പിച്ചൊരുക്കിയെടുക്കുന്നത്. കാളിയെ ഒരുക്കുമ്പോൾ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി നാരായണഗുരുവിന്റെ കാളിനാടകത്തിലെ വരികളാണ് മൂളുന്നത്. ഗവേഷണ സംഘം ശേഖരിക്കുന്ന വിവരങ്ങളെ അതുവരെ ലഭ്യമായ അറിവുമായി താരതമ്യം ചെയ്യുന്നതിനിടെ “സാർ എന്തിനാ ഈ സൂക്ഷ്മജീവികളുടെ പിന്നാലെ പോകുന്നത്?” എന്ന് അവൾ
പ്രൊഫസറോട് ചോദിക്കുന്നുണ്ട്.
അതിന്, ”ഞാൻ നമ്മുടെ കുടുംബത്തെ വലുതാക്കാൻ നോക്കുകയാണ്. സസ്തനി കുടുംബം.” എന്നാണ് പ്രൊഫസറുടെ മറുപടി. അങ്ങനെ സസ്തനി കുടുംബം വലുതാക്കുക എന്ന നിയോഗം ഏറ്റെടുത്താണ് കഥാനായിക മാൻകിടാങ്ങൾക്ക് പാലൂട്ടുക എന്ന കർമ്മത്തിലേക്ക് കടക്കുന്നത്. കാളിയുടെ മുല തേടി വന്ന മാൻകിടാങ്ങൾ മുൻപും ഏതോ സ്ത്രീയുടെ മുലകുടിച്ചായിരിക്കും
കഴിഞ്ഞത് ! മനുഷ്യസ്ത്രീയുടെ മുല കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന മാൻകിടങ്ങളാണ് അവ എന്ന് വ്യക്തം.
“സസ്തനികൾക്കെല്ലാം കൂടി ഒരമ്മ മതി. ഏത് സ്തനം ചുരത്തുന്നതും ഏത് കുഞ്ഞിനും ഉതകും.” എന്ന് കഥാകൃത്ത് പ്രസ്താവിക്കുന്നുമുണ്ട്. പ്രസ്താവന സമസ്ത സസ്തനികൾക്കും വേണ്ടിയുള്ളതാണെങ്കിലും കഥയിൽ മാൻകിടങ്ങൾ മാത്രമാണ്
പാലുകുടിക്കാനായി വരുന്നത്. ‘അതെന്താ, ഞങ്ങളെ തവിടു കൊടുത്തു വാങ്ങിയതാണോ?’ എന്ന് ചോദിച്ച് കടുവയും കാണ്ടാമൃഗവുമൊന്നും വരാഞ്ഞത് ഭാഗ്യം ! മാൻകിടങ്ങൾക്ക് മുല കൊടുക്കുമ്പോൾ കാലങ്ങളായി പുരുഷ എഴുത്തുകാർ എഴുതിയെഴുതി തേഞ്ഞുപോയ അന്ത
“അനിർവചനീയമായ ആനന്ദം” കഥാനായികക്ക് ഉണ്ടാകുന്നു. മൃഗങ്ങൾക്ക് പാലൂട്ടുമ്പോൾ അനിർവചനീയമായ ആനന്ദം അനുഭവിക്കുന്ന നായിക കഥയിലൊരിടത്തും സ്വന്തം കുഞ്ഞിനെ ഓർക്കുകയോ ആ കുഞ്ഞിന് പാലൂട്ടാനാവാത്തതിൽ വിഷമിക്കുകയോ ചെയ്യുന്നില്ല. എന്നാൽ മാൻകിടങ്ങൾക്ക് പാലൂട്ടുന്ന കാര്യത്തിൽ ബദ്ധശ്രദ്ധയാണു താനും! ഒരു പ്രത്യേകതരം മാതൃത്വം! അഥവാ, വിശ്വമാകെ നിറഞ്ഞുനിൽക്കുന്ന മാതൃത്വമാണ് കഥാകൃത്ത് വിഭാവനം ചെയ്യുന്നതെന്ന് പറയാം !!

ശക്തി സ്വരൂപിണിയാക്കി കൊടുക്കപ്പെടും !

മലയാള സാഹിത്യത്തിൽ ‘സ്ത്രീശാക്തീകരണ യജ്ഞം’ തുടങ്ങിയിട്ട് കാലങ്ങളായി. അടിച്ചമർത്തുക, ശാക്തീകരിക്കുക. ഇതുതന്നെ പരിപാടി! എന്നാൽ യഥാർത്ഥ ജീവിതത്തിൽ ശാക്തീകരിക്കപ്പെട്ട സ്ത്രീകളോടൊപ്പം ജീവിക്കാൻ പറ്റിയ പുരുഷന്മാരുണ്ടോ എന്ന് ചോദിച്ചാൽ, അതില്ല! എന്തായാലും കഥയിലും കവിതയിലുമൊക്കെ ശാക്തീകരണം മുറയ്ക്ക് നടക്കുന്നുണ്ട്. പിന്നെ കഥാകൃത്ത് ഷിനിലാലിനെങ്ങനെ മാറി നിൽക്കാൻ കഴിയും?! ദാരികനെ കൊന്ന് കലിയടങ്ങാത്ത കാളി കുട്ടിക്കാലത്തേ മനസ്സിൽ കയറിയ നായികയാണ് സസ്തനി എന്ന കഥയിലുള്ളത്. കഥാവസാനത്തിൽ കഥാകൃത്ത് നായികയെ കാളിയാക്കി
പരിണമിപ്പിക്കുകയും ചെയ്യുന്നു.
മാൻകിടാങ്ങൾക്ക് മുലയൂട്ടുന്ന രംഗങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചു മറ്റുള്ളവരെ കാണിക്കുന്ന ഗവേഷക വിദ്യാർഥിയെ കാളിയായി നേരിടുകയാണ് നായിക. പശ്ചാത്തല സംഗീതമെന്നോണം കാളിനാടകത്തിലെ വരികളും ഉദ്ധരിച്ച് ചേർത്തിട്ടുണ്ട്! ദാരികനെ കൊന്ന കാളിയെ ശിവഭൂതഗണങ്ങൾ ശാന്തയാക്കിയത് പോലെ കാളിയായി പരിണമിച്ച കഥാനായികയെ പ്രൊഫസറും സംഘവും ശാന്തയാക്കുന്നു.കാളിയായി മാറുമ്പോൾ നായിക പറയുന്ന വാക്കുകൾ
കോമഡിയായിട്ടാണ് അനുഭവപ്പെടുക.
“ യൂ ബിച്ച്.മനുഷ്യജീവിതത്തിലെ ഉദാത്തമായ ഒരു നിമിഷത്തിലേക്ക് നീ ഒളിഞ്ഞു നോക്കിയതെന്തിന് ? നിന്നെ കൊല്ലുകയല്ലാതെ തരമില്ല…. എന്റെ
ദിവ്യമായ നിമിഷത്തെ നീ തട്ടിയെടുത്തു. മനുഷ്യസാന്നിധ്യം കൊണ്ട് എന്റെ ദൈവത്വത്തെ നീ ഇല്ലാതാക്കി.”
മാതൃത്വം ദിവ്യമാണെന്നും അതിലൂടെ ദൈവത്വത്തിലേക്ക് ഉയർത്തപ്പെടുകയാണെന്നും വിളംബരം ചെയ്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതപ്രഭാഷകർ ‘നിങ്ങളു കുട്ട്യോളെ നോക്കി പൊരേലിരിക്കിൻ’ എന്ന് സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന കാലത്ത് പുരോഗമന കാഥികർ ഒരു പടികൂടി കടന്ന് സസ്തനി വർഗത്തിന്റെ മുഴുവൻ മാതാവായി സ്ത്രീയെക്കാണുന്ന കാല്പനികത വിളമ്പുന്നുവെന്നത് എന്തൊരു ദുരന്തമാണ്! സ്ത്രീകൾക്ക് അന്തസ്സും അഭിമാനവും ഉള്ള ഒരു ജീവിതത്തിന് അവസരം കൊടുക്കാത്ത ഒരു വ്യവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നിങ്ങളെ കടുവയും ചെന്നായും കാളിയുമാക്കിത്തരാമെന്ന് പറഞ്ഞ് സാഹിത്യസൃഷ്ടി നടത്തുന്ന ഏർപ്പാടിൽ നിന്ന് നമ്മുടെ എഴുത്തുകാർ ഇനിയെങ്കിലും പിന്മാറണം. അവർ കടുവയും ചെന്നായും ഭദ്രകാളിയുമൊന്നും ആകാതെ മനുഷ്യ സ്ത്രീകളായി ജീവിച്ചു മരിച്ചോട്ടെ.

മാതൃഭൂമിയുടെ ഇരട്ടത്താപ്പ്

അന്തർദേശീയ തൊഴിലാളി ദിനത്തിന്റെ നൂറ്റിമുപ്പത്തിയാറാം വാർഷികത്തിൽ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഷിനിലാലിന്റെ സസ്തനി എന്ന കഥ പ്രസിദ്ധീകരിച്ചു വന്നത്.
മെയ്ദിനത്തോടനുബന്ധിച്ച് സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത
എം.എ.ബേബിയുമായി മനോജ് മേനോൻ നടത്തിയ അഭിമുഖവും കെ സഹദേവന്റെ ‘അൽഗരിതം അടിമത്വവും ഡിജിറ്റൽ കാലത്തെ തൊഴിൽ ബന്ധങ്ങളും’ എന്ന ലേഖനവും അനൂപ് ദാസ്.കെയുടെ ‘ശമ്പളം വാങ്ങുന്ന അടിമകൾ’ എന്ന ഫീൽഡ് റിപ്പോർട്ടും ആദ്യ പേജുകളിലായി നൽകിയിട്ടുണ്ട്. ഡിജിറ്റൽ കാലത്തെ മാറുന്ന തൊഴിൽ ബന്ധങ്ങളും തൊഴിൽ മേഖലയും തൊഴിലാളികളെ ഏതെല്ലാം വിധത്തിൽ ചൂഷണം ചെയ്യുന്നുവെന്നും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതമായ തൊഴിൽ സാഹചര്യവും അടിസ്ഥാന വേതനവും ലഭിക്കാതെ പ്രതിസന്ധിയിലായ തൊഴിൽ
മേഖലയെയുമാണ് കെ. സഹദേവന്റെ ലേഖനം അഭിസംബോധന ചെയ്യുന്നത്. കൊട്ടിഘോഷിക്കപ്പെട്ട നവ ഉദാരീകരണ നയങ്ങളുടെ പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്ന പശ്ചാത്തലത്തിൽ, തൊഴിലാളികളും കർഷകരും ബഹുജനങ്ങളും ഉൾക്കൊള്ളുന്ന ശക്തമായ സമരങ്ങൾക്ക് തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളും സാമൂഹിക മുന്നേറ്റവും ഉണ്ടാക്കാൻ കഴിയുമെന്ന് ലേഖകൻ പ്രത്യാശിക്കുന്നു.സംഘടിക്കാൻ അവകാശമില്ലാത്ത, മതിയായ ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ രാവും പകലും പണിയെടുക്കേണ്ടി വരുന്ന വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ അനുഭവങ്ങൾ കുറിക്കുന്ന ഫീൽഡ് റിപ്പോർട്ടാണ് അനൂപ് ദാസിന്റേത്. ഇങ്ങനെ നീറുന്ന തൊഴിലാളി പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പുറത്തിറങ്ങിയ മാതൃഭൂമിയുടെ മെയ്ദിന ലക്കത്തിലാണ് വലിയ തൊഴിൽ ചൂഷണവും തൊഴിൽ പ്രതിസന്ധിയും നേരിടുന്ന ഐ.ടി രംഗത്തെ സോഫ്റ്റ് വെയർ എൻജിനീയറായ സ്ത്രീയെ സമസ്ത സസ്തനി വർഗ്ഗത്തിന്റെയും മാതാവായി അവതരിപ്പിക്കുന്ന സസ്തനി എന്ന കഥയും പ്രസിദ്ധീകരിച്ചു വന്നത്.ദിവസം പതിനാലും അതിൽ കൂടുതലും മണിക്കൂറുകൾ പണിയെടുക്കേണ്ടി വരുന്നതുകൊണ്ടുള്ള തൊഴിൽ സമ്മർദവും എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടാമെന്നുള്ള ഭീഷണിയും തൊഴിലാളികൾക്ക് അർഹതപ്പെട്ട
ഒരാനുകൂല്യവും നൽകാതെ കമ്പനി പൂട്ടി മുതലാളിമാർ പോവുകയും ചെയ്യുന്ന ചൂഷണവ്യവസ്ഥയിൽ പണിയെടുക്കേണ്ടി വരുന്ന മനുഷ്യർ അഭിമുഖീകരിക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ്. ഇതേ സാഹചര്യത്തിൽ കുടുംബത്തെയും കുട്ടികളെയും കൂടി ചുമക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ അവസ്ഥ പരമദയനീയമാണ്. മറ്റൊരു മാർഗ്ഗവുമില്ലാതെ ആത്മഹത്യ ചെയ്യേണ്ടി
വന്ന ഐടി- ബാങ്കിംഗ് മേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഐടി എൻജിനീയർമാരുടെ പ്രതിനിധിയായ ഒരു സ്ത്രീയെ സമസ്ത സസ്തനി വർഗ്ഗത്തിന്റെയും മാതാവാക്കി തൊഴിൽ സമ്മർദം ‘ലഘൂകരിച്ചു’ കൊടുക്കുന്ന കഥയാണ് അന്തർദേശീയ തൊഴിലാളി ദിന സ്പെഷ്യലായി മാതൃഭൂമി നൽകിയത് ! തൊഴിൽ, കുടുംബം എന്നിവിടങ്ങളിൽ ‘ബഹുമുഖപ്രതിഭ’യാവാൻ കഴിയാത്തതിനാൽ തൊഴിലുപേക്ഷിച്ചു കുടുംബത്തിരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് മികച്ച ‘വഴികാട്ടി’യാവുന്ന സസ്തനി എന്ന കഥ തൊഴിലാളി ദിനത്തിൽ തന്നെ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ!

കഥ അവസാനിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ വായനക്കാർക്കുണ്ടാവും.
ഏതാനും ആഴ്ചകളുടെ ഗവേഷണം കഴിഞ്ഞ് കഥാനായിക തിരികെപ്പോയാൽ മാൻകിടാങ്ങൾ എന്തുചെയ്യും ?
വീട്ടിൽ തിരിച്ചെത്തുന്ന നായികക്ക് സ്വന്തം കുഞ്ഞിന് പാലൂട്ടാനാകുമോ?
മാൻകിടാങ്ങളെ തേടി അവൾ വീണ്ടും കാട്ടിലെത്തുമോ,അതോ
മാൻകിടാങ്ങൾ സോഫ്റ്റ് വെയർ എൻജിനീയറെ തേടി നഗരത്തിലെ ഫ്ലാറ്റിലെത്തുമോ ?
ഈ ചോദ്യങ്ങൾ വായനക്കാരുടെ മനസ്സിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഇടയുണ്ട്! വായനക്കാരുടെ ആകാംക്ഷ ശമിപ്പിക്കാൻ കഥയെ നോവലാക്കി പരിണമിപ്പിക്കുകയോ ടി വി സീരിയലാക്കുകയോ ചെയ്യാവുന്നതാണ് !! ഭാഷയിലോ ആവിഷ്കരണത്തിലോ തരിമ്പിന്റെ പുതുമയില്ലെങ്കിലും കാളിദാസനെ അതിശയിപ്പിക്കുന്ന പ്രമേയമാണെന്ന കാര്യം എടുത്തു പറയണം! മണിപ്രവാള കാവ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം സ്തന പരാമർശങ്ങളാൽ സമൃദ്ധവുമാണ് കഥാ ശരീരം.”ദിവ്യമായ” പാലൂട്ടൽ രംഗങ്ങളെ ഒളിക്യാമറയുടെ മസാലയിൽ കുഴച്ചെടുത്തും ശ്രീനാരായണഗുരുവിന്റെ കാളിനാടകം മേമ്പൊടിയായി ചേർത്തും നായികയെ കാളിയായി പരിണമിപ്പിക്കുന്ന ക്യാമ്പ് ഫയറിൽ മൊരിച്ചെടുത്തും അവതരിപ്പിക്കുന്ന ‘സസ്തനി’ വായനക്കാരുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല!

ജൂലി ഡി എം

അദ്ധ്യാപിക

3.5 2 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
നയൻതാര എസ് എം
നയൻതാര എസ് എം
1 month ago

“വമ്പൻ കോർപ്പറേറ്റുകൾ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന, തൊഴിലാളികൾ എത്ര മണിക്കൂർ ജോലി ചെയ്യണമെന്ന് മുതലാളിമാർ തീരുമാനിക്കുന്ന,ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടേണ്ട മാധ്യമങ്ങളെ മുതലാളിമാർ കൈപ്പിടിയിലൊതുക്കുന്ന,
മനുഷ്യാധ്വാനവും അന്തസ്സും ഹനിക്കപ്പെടുന്ന, ലോകം മൊത്തത്തിൽ പിന്നിലേക്ക് സഞ്ചരിക്കുന്ന ഒരു കാലത്ത് പുരോഗമനപക്ഷത്ത് നിൽക്കുന്നു എന്നു ഭാവിക്കുന്ന എഴുത്തുകാർ എന്തെഴുതുന്നു എന്ന പരിശോധന ഉണ്ടാവേണ്ടതാണ്.”

സത്യത്തിൽ ഇങ്ങനെയുള്ള എഴുത്തുകാർ ഇല്ലാത്തതാണ് നമ്മുടെ ദുരന്തം. എഴുത്തുകാർ മാധ്യമ മുതലാളിത്തത്തിൻ്റെ അടിമകളായതിനാൽ അവർ ഇക്കാര്യം അറിയുന്നതു കൂടിയില്ല.. ഇതു അറിയാനും വിളിച്ചു പറയാനുമുള്ള ധീരതയിൽ സന്തോഷം.ജൂലി ഡി എമ്മിനെ പോലുള്ള എഴുത്തുകാരിലും ജ്ഞാന ഭാഷ പോലുള്ള മാധ്യമങ്ങളിലുമാണ് പ്രതീക്ഷ.

കുഞ്ചാളി
കുഞ്ചാളി
30 days ago

എന്നിട്ട് ജെൻഡർ ബോധ്യമുള്ള എഴുത്തുകാരിയുടെ ചിത്രകഥയിൽ വായനക്കാരൻ എന്നാണ് ക്യാപ്ഷൻ. അടിപൊളി.. ബാ പുവ്വാം…

2
0
Would love your thoughts, please comment.x
()
x