
ഡോ. ഷൂബ. കെ.എസ്.
Published: 10 July 2025 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത (ലക്ഷദ്വീപ് കവിത )
“അക്കാറ്റും കാറ്റില്ല
ഇക്കാറ്റും കാറ്റില്ല കീളാവടക്കേ പോയി വീശിയടി കാറ്റേ.
അല്ലാ കൊളളൂ കാറ്റേ.
കാറ്റേ കാറ്റേ കാറ്റേ *ലെങ്കണി കാറ്റേ നീയുണ്ടോ ഞങ്ങളെ പൂവോടം കണ്ടോ?
ഞാൻ കണ്ട ഞാൻ കണ്ട മംഗലാപുരത്ത്. മംഗലാപുരത്തെല്ലാം എന്ന് ശീയിണ്ട?
പൊന്നും പേശിപ്പേശി മുടയേറ്റിണ്ട. മൂടയുമേറ്റിക്കൊണ്ട് *എപ്പ വരുവാം?
അല്ലാ കൊളളൂ കാറ്റേ. പട്ടാണിയുണ്ടെങ്കിൽ നാളെ വരുമേ
പട്ടുനൂലുണ്ടെങ്കിൽ ഇന്ന് വരുമേ
അല്ലാ കൊളളൂ കാറ്റേ.”
——
*ലെങ്കണിക്കാറ്റ്-ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചു വരുന്ന കാറ്റ്, പൂവോടം – ഒരു ഓടത്തിൻ്റെ പേര്, ശിയിണ്ട – ചെയ്യുന്നു, പൊന്നും പേശി – സ്വർണാഭരണങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട്, എപ്പ- എപ്പോൾ
(ആവേദക കെ. പൂവ്, കവരത്തി (ഡോ.എം മുല്ലക്കോയ, ലക്ഷദ്വീപിലെ നാടൻ പാട്ടുകൾ)
“ബിരിശപ്പൂ സുഹൃത്തുക്കൾക്കായിട്ടൊരു കഥ
പറയട്ടെ സബൂറായിരീക്കണെ
ബരിശത്തിൽ ഒരു ദിനം നമ്മള മക്കളബാപ്പാ
ബില്ലത്തിൽ മാഞ്ഞാൻ ബപ്പാനായിട്ടേ
തിരക്കാലെ ചെറിയൊരു ഓടം ഇളിച്ചല്ലോ
തുള രണ്ടും ചുണ്ടൽ നൂലും ഏറ്റിയേ
ഇര അപ്പൽ എവിടന്നോ ഇരന്നതാണുറപ്പ്
ഇരികാലൻ അതിനുള്ളിൽ മാറക്കുന്നതാണുറപ്പ്
മൂപ്പർ അങ്ങനെ തണ്ട് തുഴഞ്ഞാനെ
കാറ്റും കോളും കേമത്തോടെ മൂത്ത് വരുന്നാനെ
രാപ്പകലിൽ ഇരുട്ട് കേറി മേഘമിൽ ഇരുട്ട് പൊങ്ങി തൗബനിറഞ്ഞൊരു മക്കളെ ബാപാ
ബലിച്ചല്ലോ മേല അളിവിൻ്റെ തക്കെങ്കയ്യിൽ
ചെറിയൊരു മാഞ്ഞാൻ കല്ലിന്റോരത്ത്
വിലങ്ങനെ നിറുത്തി അയ്യോടം ഇരുമ്പിട്ട് ബൽപാനായി മക്കള ബാപാനൂലിട്ടെ
എറിഞ്ഞിട്ടും കൊത്തുന്നില്ലാ നൂലം ഇത് ഹിമാർ
നൂലം ഇത് ബൗസിന്ന് ബരുന്നില്ലാ ബൗസ്
നൂറത് ബട്ടം നൂലു ബലിച്ചിട്ടും
നല്ലത് പോലെ ഇരയത് കുത്തിട്ടും
മീനിതൊന്നും കൊത്തുന്നില്ലാ ഇന്ന് തീരെ ബൗസില്ലാ
എന്തൊരു കഷ്‌ടം ബന്ന് ബവിത്ത് ബിരിശപൂ സുഹൃത്തുക്കൾക്കായ്ട്ടൊരു കഥ…
പറയട്ടെ സബൂറായിരിക്കണേ ബരിശത്തിൽ നമ്മള മക്കള ബാ…
സബൂറാലെ ഇരിക്കുന്ന നേരം അതാ ചുണ്ടൽ
ചട പട വിറക്കുന്നു റാഹത്താൽ
ചിരിച്ചും കൊണ്ടെണീറ്റെല്ലൊ
നമ്മള മക്കള ബാപാ സന്തോഷം വലിച്ചല്ലോ നൂലിതാ
ബലിച്ചിട്ടും വരുന്നില്ലാ
ഇത് മാഞ്ഞാനല്ലല്ലോ
ബലിയൊരു സാധനമല്ലോ പിടിച്ചതാണെന്നുറപ്പ് കച്ചമുറുക്കീ നൂല് ബലിച്ചിട്ടും
നല്ലത് പോലെ ഇരയത് കുത്തീട്ടും കേറ്റിക്കള്ളിക്കിടും നേരം കണ്ടതെന്തജബാലെ
മൊഞ്ച് നിറഞ്ഞ മൂപ്പര വീടർ പിരിശപ്പുസുഹൃത്തുക്ക… ബരിശത്തിൽ നമ്മള…
(ആ വേദക: പി.എസ്.ഹംസത്ത്, ചമയം ഹാജാ ഹുസൈൻ, ലക്ഷദ്വീപ് സംസ്കൃതി )
ഞോളയും ചൂണ്ടലും
* എന്നവിട് എന്നവിട്
ഏ *ഗുണിസാ
കരയിൽ നിന്നവനോട്
*പറേ ഗുണിസാ.
എന്നാ ഉമ്മാ എന്നോട് കൂറുന്നു-
മോനേ നീ പോയൊരു ഞൊളയെങ്കിലും ബറ്റോണ്ടും ബാ.
ഞാൻ പിന്നെ കോമ്പൊക്കെ പെറുക്കീട്ട്, ഞാള വൽക്കാനായി
കടലിൽ പോയി.
ആദ്യത്തെ ഇരയൊന്നുമിട്ടപ്പോൾ- എന്റെ
ചൂണ്ടലിൽ ഒരു ഞോള കുടുങ്ങിപ്പോയി.
ഞോള ചൂണ്ടലോട് കൂറുന്നു- അളിയാ
എന്നാ വാ ബര്ത്തങ്ങാകിണ്ട.
ഞാൻ വിചാരിച്ചാൽ പറ്റൂല്ലാ- മോളേ
കരയിൽ നിനക്കൊരുത്തൻ നിന്നിട്ടുണ്ട്.
ഓനോട് പറഞ്ഞാൽ മാത്രമേ-നിന്നെ പെട്ടെന്നിളക്കാൻ സാധിക്കൂ.
——
*എന്നവിട് – എന്നെ വിടുക
ഗുണിസാ – ഞോളമത്സ്യത്തിന് കവി കൊടുത്തിരിക്കുന്ന പേര് പറേ-പറയുക.
(ആവേദകൻ- കെ.സി. കരീം, കിൽത്താൻ, ലക്ഷദ്വീപിലെ പാട്ടുകൾ)
“കണ്ണൂർ കടൽപ്പുറം കാറ്റുമുഖത്ത്
കാറ്റത്ത് നിൽക്കിണ്ടോൻ ആദിലായാവ്
കണ്ടോണ്ട് ബന്നിന ബാലുവക്കാരൻ.
‘എന്നത് മുഷിപ്പുണ്ട് ആദിലായാവേ?’
‘കത്ത് പോകും നാട്ടിൽ പെണ്ണില്ല പോലോ
ആള് പോകും നാട്ടിൽ പെണ്ണില്ല പോലോ
കുതിര പോകും നാട്ടിൽ പെണ്ണില്ല പോലോ
ആന പോകും നാട്ടിൽ പെണ്ണില്ല പോലോ!’
പകരം പറയിണ്ടാൻ ബാലുവക്കാരൻ
കേട്ടോണ്ട് നിന്നിന ആദിലായാവ്.
‘പൊന്നായ പൊന്നെല്ലാം കണ്ണൂർ നാട്ടിൽ
പെണ്ണായ പെണ്ണെല്ലാം അമ്മേനി നാട്ടിൽ
അമ്മേനി നാട്ടിൽ പുറക്കാട്ടകത്ത്
പെണ്ണിലും പെണ്ണായ പെണ്ണുണ്ട് പോലോ
ഓമനപ്പൂവെന്ന് പേരുണ്ട് പോലോ
പറവഞ്ഞാലിക്കിളി ചേലുണ്ട് പോലോ
അത്തിപ്പളത്തിന്റെ ചുണ്ടുണ്ട് പോലോ ചെത്തിപ്പളത്തിൻറെ കവിളുണ്ട് പോലോ
നസ്‌കത്തിരത്തിൻ്റെ കണ്ണുണ്ട് പോലോ
വണ്ടിൻ്റിറകൊത്ത മുടിയുണ്ട് പോലോ
കൽബകം കണ്ട കിനാവത് പോലോ
കണ്ണ് കുളിർപ്പിക്കും ഓമനപ്പൂവ്!’
കുത്ത് കടലാസ് മുന്നല് വെച്ച്
മയ്യും ഹലമെല്ലാം മുന്നല് വെച്ച്
വായിച്ചിള് തിണ്ടാൻ ആദിലായാവ്
‘വെന്തോരു ചോറ് ബെയിപ്പാനുമില്ല
വേകാത്ത ചോറിനി കാപ്പാനുമില്ല
വന്നേനാ മേല് നീ കേറി വാ പൂവേ
പൂവേ പുറക്കാട്ട ഓമനപ്പൂവേ “
(ഓമനപ്പൂവ്, ആവേദകൻ, കരക്കൊച്ച യൂസുഫ്, അഗത്തി, ഡോ.മുല്ലക്കോയ, ലക്ഷദ്വീപിലെ നാടൻ പാട്ടുകൾ)
നിങ്ങൾ ഇന്ത്യയുടെയോ കേരളത്തിൻ്റെയോ ഭൂപടം വരയ്ക്കുമ്പോൾ ഇടാതെ പോകുന്ന കുത്തുകൾ ഒഴിവാക്കുന്നത് കുറേ ഇന്ത്യൻമനുഷ്യജീവിതങ്ങളെയാണ്, ,അവരുടെ പ്രദേശത്തെയാണ്.ഇന്ത്യ സ്വതന്ത്രമായി എന്ന വിവരം ലക്ഷദ്വീപ് ജനത അറിഞ്ഞത് മൂന്നു മാസം കഴിഞ്ഞാണ്. കടലിൽ അനാഥമായി പൊങ്ങിക്കിടക്കുന്ന ഈ തുണ്ടുഭൂമിയിലെ ജീവിതം മറ്റെവിടെത്തേക്കാളും സംഘർഷാത്മകമാണ്. വിഴുങ്ങാൻ ഒരുങ്ങി നിൽക്കുന്ന കടലിൻ്റെ നെറുകയിൽ ഇരിക്കുന്ന ഒരു ജനതയുടെ പേടിസ്വപ്നങ്ങളും ഉണർച്ചകളുമാണ് ലക്ഷദ്വീപ് കവിത.
അഗത്തി, അമിനി ദ്വീപ്, ആന്ത്രോത്ത്, ബിത്ര, ചെത്ത് ലത്ത്,കടമത്ത്, കവരത്തി, കൽപ്പേനി,കിൽത്താൻ ,മിനിക്കോയി തുടങ്ങിയ ദ്വീപുകളിലായി വ്യാപിച്ചുകിടക്കുകയാണ് ലക്ഷദ്വീപ്.ഈ പേരിനെക്കുറിച്ച് പല കഥകളുണ്ട്. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് പോകും വഴി കണ്ട കായൽ പോലത്തെ ദ്വീപുകളെ നോക്കി ലാക്കാഡീവ്സ് (ലാക്ക് എന്നാൽ കായൽ )എന്നു വിളിച്ചു എന്നും അതു ലക്ഷദ്വീപ് ആയി എന്നും ഒരു കഥ.സാന്ത്വനം നിറഞ്ഞ ഒരു അധിനിവേശ കഥയാണ് മറ്റൊന്ന്. അറക്കൽ രാജാവ് ദ്വീപ് ഭരിച്ചു കൊണ്ടിരിക്കെ കൽപ്പേനി ദ്വീപിലെത്തിയ റോബിൻസൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ദ്വീപിലെ ചൂടി ( കയർ ) യുടെ ലോക കയറ്റുമതി സാധ്യതയെക്കുറിച്ച് റിപ്പോർട്ടു കൊടുക്കുന്നു. അങ്ങനെയാണ് കച്ചവട നോട്ടം ലക്ഷദ്വീപിൽ പതിയുന്നത്.അങ്ങനെയിരിക്കെ 1848 ൽ വീശിയടിച്ച കൊടുങ്കാറ്റ് ദ്വീപിൽ വലിയ തോതിൽ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കി. കപ്പൽ ഇല്ലാത്തതിനാൽ അറക്കൽ ഭരണകൂടം ബ്രിട്ടീഷുകാരോട് സഹായം അഭ്യർത്ഥിച്ചു.കണ്ണൂർ രാജാവ് പറഞ്ഞതിനപ്പുറം സഹായം ബ്രിട്ടീഷുകാർ ചെയ്തു. അതിനേക്കാൾ വലിയ കണക്കുമായി, ലക്ഷത്തിൽപരം പൈസയുടെ കണക്കുമായി ചിറയ്ക്കൽ രാജാവിനെ വെട്ടിലാക്കി. കൊടുക്കാൻ പണമില്ലാതെ സ്വമേധയാ ദ്വീപുകൾ ബ്രിട്ടീഷുകാർക്ക് കൈമാറി.ലക്ഷത്തിൽപരം പണത്തിന് വിറ്റ ദ്വീപ് ലക്ഷം ദ്വീപായി മാറുന്നു. സുനാമിയും പ്രളയവും പകർച്ചവ്യാധികളും ഉണ്ടാകുമ്പോഴോ ഉണ്ടാക്കപ്പെടുമ്പോഴോ ആശ്വാസരൂപത്തിലെത്തി, ധൃതരാഷ്ട്രാലിംഗനത്തിലൂടെ ആ പ്രദേശം കൈക്കലാക്കുന്ന, സ്വന്തം ലാഭസ്ഥലമാക്കി മാറ്റുന്ന രീതി പുതിയ ദുരന്തമുതലാളിത്ത (Disaster capitalism) ത്തിന് മാത്രമല്ല പഴയ സാമ്രാജ്യത്തിനുമുണ്ട്.ഇതിനെ ആലിംഗനാധിനിവേശമെന്നു വിളിക്കാം. പ്രകൃതിയോടും ചേർന്നും എതിരിട്ടും മനുഷ്യരുടെ ആലിംഗനാധിനിവേശങ്ങളിൽ പെട്ടും പിടഞ്ഞു മാറിയും ആണ് തങ്ങളുടെ ജീവിതവും കവിതയും ലക്ഷദ്വീപ് ജനത നട്ടുപിടിപ്പിച്ചത്.
വ്യക്തിപരമായ ഉത്കണ്ഠകളെ സാമൂഹിക ഉത്കണ്ഠകളാക്കിയാണ് ,സമൂഹഗാനമാക്കി മാറ്റിയാണ് മനുഷ്യർ അതിനെ മറികടക്കുന്നത്. അതാണ് കവിതയുടെ കാരണവും പ്രയോജനവും.അന്യ ദ്വീപിലേക്ക് ഇളകി മറിയുന്ന കടലിലൂടെ ചെറിയ കെട്ടുവള്ളത്തിൽ യാത്ര പോയവർ മടങ്ങിയെത്താൻ വൈകുമ്പോൾ കാറ്റിനെ വരുതിയിലാക്കാൻ, അനുകൂലമാക്കാൻ കൂട്ടമായി സ്ത്രീകൾ പാടുന്നു. കുനിഞ്ഞും നിവർന്നും തിരമാലകളുടെ താളത്തിൽ പട്ടുറുമാൽ വീശി പാടിക്കൊണ്ട് കാറ്റിനെ ഒഴുക്കിവിടുന്നു. അതാണ് കാറ്റു വിളിപ്പാട്ട്.(അക്കാറ്റും കാറ്റില്ല/ഇക്കാറ്റും കാറ്റില്ല…. ) എത്താറാവുന്ന ഓടത്തിൻ്റെ പാമരത്തിൽ കയറി നല്ല കാഴ്ച ഉള്ള ആൾ നാടുകാണാൻ ഉറ്റുനോക്കും. അതാണ് ‘നാടു നോക്കൽ’. ഓടത്തെ പാടി കരയ്ക്കടുപ്പിക്കുന്നവരും ഓടത്തിൻ്റെ പാമരത്തിലുരുന്ന് കരയിലേക്ക് ഉറ്റുനോക്കുന്നവരും കവിയുടെയും കേൾവിക്കാരുടെയും പ്രതീകമായിത്തന്നെ മാറുന്നു.എല്ലാ കവിതകളും “കാറ്റു വിളിപ്പാട്ടാ”ണ്, എല്ലാ കവികളും ‘’ നാടു നോക്കൽ’’ ആണ് ചെയ്യുന്നത്.
കാറ്റിലും കോളിലും അകപ്പെട്ടു പോയ ദ്വീപോടത്തിൻ്റെ ദുഃഖഗാഥയും വിൽക്കാനൊരുങ്ങുമ്പോൾ തടയുന്ന മകളുടെ കണ്ണീർ ഗാഥയും ലക്ഷദ്വീപ് കവിതയിൽ പെടുന്നതാണ്. തെങ്ങിനെ ഇല്ലാതാക്കുന്ന, കൃഷിയെ തകർക്കുന്ന എലിയെ വേട്ടയാടാൻ ഉപയോഗിക്കുന്ന പാട്ടുമുണ്ട്. കടലിനു മുകളിൽ പറക്കുന്ന പറവമീനിനെ പിടിക്കാൻ തോണിയിറക്കി പോകുന്ന പാട്ടാണ് പറവ മാല എന്നറിയപ്പെടുന്നത്.രാജാക്കമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും ജനങ്ങൾ ഒളിക്കുന്നതും പ്രതിരോധിക്കുന്നതും കവിതകളിൽ കാണാം. ഓടവുമായി ഭർത്താക്കന്മാർ വൻകരകളിലേക്ക് പോകുമ്പോൾ ഭരണ പ്രതിനിധികളായ കരിയക്കാരന്മാർ ഭർത്താവ് അപകടപ്പെട്ടു എന്നു വ്യാജംപറഞ്ഞ് ഭാര്യമാരെ വശത്താക്കാൻ ശ്രമിക്കുന്ന പ്രമേയം വരുന്ന പാട്ടുകളുണ്ട്.(മുത്താം ചിരാക്ക) ഒരു ദ്വീപിൽ കപ്പൽ തകർന്നു കിടക്കുന്നതായി സ്വപ്നം കണ്ടതുകൊണ്ട് ഒരു ഓടത്തിൻ്റെ ഉടമസ്ഥൻ കൂട്ടുകാരെയും കൂട്ടി ദ്വീപിലേക്ക് പുറപ്പെടുന്നതായി പറയുന്നതുമായ കാവ്യമാണ് ‘പൂവോടക്കേയി’. ഓടം വിൽക്കാനുള്ള പിതാവിൻ്റെ നീക്കത്തെ ചോദ്യം ചെയ്യുന്ന മകളുടെ കഥ പറയുന്ന കാവ്യമാണ് ‘ഓമനപ്പൂവി ‘. വർഷകാലത്ത് കാറ്റും കോളുമുള്ള ഒരവസരത്തിൽ മക്കളുടെ വിശപ്പടക്കാൻ വേണ്ടി ലഗൂണിനകത്ത് മീൻപിടിക്കാൻ പോയ കിഴവൻ്റെ അത്ഭുതകരമായ കഥയും ഉണ്ട്. വലയിട്ടിട്ടും ഒന്നും കിട്ടുന്നില്ല. ഒടുവിൽ എന്തോ ചൂണ്ടയിൽ തടയുന്നു. കരയിൽ കയറ്റിയപ്പോൾ കണ്ടത്: ‘’മൊഞ്ച് നിറഞ്ഞ മൂപ്പര വീ ടർ’’ സുന്ദരിയായ തൻ്റെ ഭാര്യ. തൻ്റെ തന്നെ ജീവിതത്തെ ചൂണ്ടയിട്ടു പിടിക്കുന്ന ലക്ഷദ്വീപ് ജീവിതങ്ങളെ മറ്റൊരു രീതിയിൽ എങ്ങനെയാണ് അവതരിപ്പിക്കുക.
‘ഞോളയും ചൂണ്ടലും ‘ എന്ന കവിത ചൂണ്ടയിൽ കുടുങ്ങിയ മത്സ്യം ചൂണ്ടയോട് നടത്തുന്ന സംഭാഷണമാണ്. ചൂണ്ട തറച്ച് വായ നൊന്തു പിടയുന്നു. തന്നെ മോചിപ്പിക്കണം – കടലിൽ വച്ച് ചൂണ്ടയിൽ കുടുങ്ങിയമീൻ ചൂണ്ടയോട് അഭ്യർത്ഥിക്കുന്നു. കരയിൽ ഇരിക്കുന്നവൻ്റെ പിടിയിലാണ് പക്ഷെ രണ്ടു പേരും എന്നു മീൻ പറയുന്നു.ഇരവാദമല്ല,ഇരയെയും വേട്ടക്കാരനെയും നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രത്തെയാണ് കവിത ഉന്നയിക്കുന്നത്. ചൂണ്ടയിലെ ഇരയായ മീനും ആ ഇരയിട്ട് പിടിക്കപ്പെട്ട മീനും തമ്മിലുള്ള സംവാദമാണ്. പാമ്പിൻ്റെ വായിലകപ്പെട്ട തവള ഇര തേടുന്നതു പോലെയാണ് ഈ ലോകം. അങ്ങനെയാണ് എഴുത്തച്ഛനും ദൈവശാസ്ത്രങ്ങളും നിർവ്വചിച്ചത്.പക്ഷെ ഈ ഇരകളുടെ ഇര തേടലിനെ സൃഷ്ടിക്കുന്നത്, സംസാരസാഗരത്തെ നിയന്ത്രിക്കുന്നത് കരയിലിരിക്കുന്ന കയ്യുകളാണ് എന്നു ലക്ഷദ്വീപിലെ ജനതയ്ക്കറിയാം,കവികൾക്കറിയാം. അധികാരത്തെ എഴുത്തച്ഛൻ മറച്ചു പിടിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുമ്പോൾ ഭൂമിയിലെ പിടയുന്ന ജീവിതങ്ങൾ ഈ സംസാരമാം സാഗരത്തിലം സാന്തം മുങ്ങിക്കൊണ്ട് ദുരന്തങ്ങൾക്ക് പിന്നിലെ അധികാരത്തെ സ്വയംമുറിവേറ്റുകൊണ്ട് കണ്ടെത്തുന്നു.ഇത്തരത്തിൽ ജീവിതത്തിൻ്റെ കടലാഴങ്ങളിൽ ചെന്നു തൊടുന്ന ഒരു തരം മിത്തിക്കൽ റിയലിസമാണ് ലക്ഷദ്വീപുകവിതകളിൽ കാണുന്നത്.
‘ഓമനപ്പൂവ്’എന്ന ദീർഘമായ കഥാകാവ്യം ഏറെ പ്രസിദ്ധമായതാണ്. അറയ്ക്കൽ രാജാവ് പെണ്ണ് തേടി അമ്മേനി നാട്ടിൽ ആളെ അയക്കുന്നു. പൊന്നായ പൊന്നെല്ലാം കണ്ണൂർ നാട്ടിൽ പക്ഷെ പെണ്ണായ പെണ്ണെല്ലാം അമ്മേനി നാട്ടിൽ. അമ്മേനിയിൽ പുറക്കാട്ടകത്ത് ഓമനപ്പൂവ് എന്ന പേരുള്ള പെണ്ണുണ്ട്. അത്തിപ്പഴത്തിൻ്റെ ചുണ്ട്, ചെത്തിപ്പഴത്തിൻ്റെ കവിള്.പെണ്ണിനെത്തേടി രാജപ്രതിനിധി ബാലുവക്കാരൻ എത്തുന്നു. ഞാനൊരു പൂവിനെ പെറ്റോളുമില്ല, പൂവെന്നു ചൊല്ലി പേരിട്ടതുമില്ല – എന്നു അമ്മ രക്ഷയ്ക്ക് വേണ്ടി കള്ളം പറഞ്ഞു. പക്ഷെ കോപിച്ച രാജാവ് കുടുംബം കുത്തിക്കിളച്ചായാലും പെണ്ണിനെ കൊണ്ടുവരാൻ സൈന്യത്തെ അയക്കുന്നു. ഓമനപ്പൂ വിനെ പിടിച്ചോണ്ട് പോകുന്നു.’’ എന്നെ മറന്നു കളയായേ പൂവേ / എന്നെ മറന്നിട്ടുറങ്ങായേ പൂവേ! / ഇത്തിരി അടയ്ക്കാതാ ഓമനപ്പൂവേ… “എന്നിങ്ങനെ വിലപിച്ചു കൊണ്ട് ഓമനപ്പൂ വിൻ്റെ ഭർത്താവ് പിരിയുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഓമനപ്പൂവ് അമ്മേനി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ രാജാവും ഓമനപ്പൂവും അമ്മേനി ദ്വീപിൽ എത്തി. അവിടെ രാജാവ് ഓമനപ്പൂവിനോട് ഓടാൻ പറഞ്ഞു. ഓമനപ്പൂവ് ഓടിയ നാടെല്ലാം ഓമനപ്പൂവിന് സ്വന്തമായി രാജാവ് പതിച്ചു കൊടുത്തു. ഇതാണ് കഥ.
സ്വന്തം സ്ഥലത്തെ പുറത്തു നിന്നു വന്നവർ ആക്രമിച്ച് കീഴ്പ്പെടുത്തുന്നു. തദ്ദേശീയർ അതിനെ ചെറുത്ത് സ്വന്തം സ്ഥലം വീണ്ടും സ്വന്തമാക്കുന്നു. അധിനിവേശ ചരിത്രത്തിൽ ഇതു സംഭവ്യമാണ്.ഇതിൻ്റെ മിത്തിക്കൽ അവതരണമാണ് ഓമനപ്പൂവ്.ഓമനപ്പൂവ് ഓടിയ സ്ഥലം ഓമനപ്പൂ വിന് നല്കുന്നു എന്നു പറയുന്നത് പ്രശ്നമുണ്ടാക്കി തങ്ങൾക്ക് അനുകൂലമായി പ്രശ്നം പരിഹരിക്കുന്ന സവിശേഷതരം അധിനിവേശ രീതിയാണ്. നമ്മെ കീഴ്പ്പെടുത്തുമ്പോഴും നമ്മെ ആനന്ദിപ്പിക്കുന്നതായി തോന്നിപ്പിക്കും. നമ്മുക്കവകാശപ്പെട്ടത് തട്ടിയെടുത്തിട്ട് നമ്മുക്ക് അതു ദാനം ചെയ്യും.ലക്ഷദ്വീപിന് മേൽ നടക്കുന്ന ആലിംഗനാധിനിവേശത്തിൻ്റെ കാവ്യപ്രതിനിധാനമാണ് ഓമനപ്പൂവ്.
സ്വന്തം സ്ഥലവും സ്വാതന്ത്ര്യവും സമരം ചെയ്തു നേടുകയോ നിലനിർത്തുകയോ ചെയ്ത അധിനിവേശ വിരുദ്ധ ചരിത്രത്തെയാണ് ‘’ഓമനപ്പൂവ് ഓടി നേടിയ സ്ഥലം “ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആക്രമിക്കപ്പെട്ട് നാടുകടത്തപ്പെട്ട ഓമനപ്പൂ വിന് സ്വന്തം സ്ഥലം സ്വന്തം ആവശ്യപ്രകാരം പതിച്ചു കൊടുത്തു എന്ന കഥ സ്വമേധയാ ബ്രിട്ടീഷുകാർക്ക് കൊടുക്കപ്പെട്ട ലക്ഷദ്വീപ് ചരിത്രത്തെത്തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.
സ്വയമേവ തികഞ്ഞ സൽക്കാര പ്രിയരാണെങ്കിലും ചിലപ്പോൾ അതിഥികൾ തങ്ങളുടെ ജീവിതത്തെ ചവിട്ടിത്താഴ്ത്തുന്ന ദൈവങ്ങളാണെന്നു ലക്ഷദ്വീപുകാർക്ക് അറിയാം. ഇതിനെക്കുറിച്ച് ലക്ഷദ്വീപ്നോവലിസ്റ്റും ഗവേഷകനുമായ അലിക്കുട്ടി ബീരാഞ്ചിറ ഇങ്ങനെ എഴുതുന്നു:
“പലകാലങ്ങളിൽ പലതരം അധിനിവേശങ്ങൾക്ക് ഈ ദ്വീപസമൂഹം വിധേയമായിട്ടുണ്ട്. ചിറക്കൽ, അറക്കൽ, പോർച്ചുഗീസ്, ടിപ്പു, ബ്രിട്ടീഷ് എന്നിങ്ങനെ അധികാരത്തിന്റെ കേന്ദ്രങ്ങൾ മാറിമാറിവന്നു. പുതിയരൂപത്തിൽ ഭരണകൂട താൽപര്യങ്ങളോടെ അധിനിവേശം ഇപ്പോഴും തുടരുന്നു. ഓടിയൊളിക്കാൻ കടലിനപ്പുറം ഒരു ഇടമില്ലാതിരുന്നതുകൊണ്ട് എല്ലാതരം ആധിപത്യങ്ങളെയും ദ്വീപുകാർക്ക് അംഗീകരിക്കേണ്ടിവന്നു. എന്നാൽ പോർച്ചുഗീസ് അതിക്രമങ്ങൾ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. മലബാറിലെ മുസ്ലീങ്ങളോടു കാണിച്ച ക്രൂരതകൾ അതിലുംഭീകരമായി പറങ്കികൾ ലക്ഷദ്വീപിലും നടപ്പിലാക്കി.അമിനി, ചെത്ത്‍ലാത്ത്, കടമം, കിൽത്താൻ, ആന്ത്രോത്ത്, കല്പേനി തുടങ്ങിയ ദ്വീപുകളിലെല്ലാം പോർച്ചുഗീസുകാരുടെ ക്രൂരതകൾ അരങ്ങേറി. യുദ്ധതന്ത്രങ്ങളോ ആയോധനമുറകളോ പരിശീലിച്ചിട്ടില്ലാത്ത സാധാരണമനുഷ്യരാണ് സായുധരായ പോർച്ചുഗൂസുകാരോട് എതിരിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലൊന്നും കൃത്യമായി രേഖപ്പെടുത്താത്ത വലിയ പോരാട്ടങ്ങളായിരുന്നു അവ. ദ്വീപുകാർ നടത്തിയ ധീരമായ ഈ ചെറുത്തുനിൽപ്പുകളുടെ സ്മാരകങ്ങൾ പല ദ്വീപുകളിലും നിലനിൽക്കുന്നുണ്ട്. അവയിൽ ഏറ്റവും ചരിത്രപ്രാധാന്യമുള്ളവയാണ് അമിനിദ്വീപിലെ പാമ്പുംപള്ളിയും ആന്ത്രോത്തിലെ പറങ്കിയ അറുത്തകുന്നും.”(https://wtplive.in/Special-Stories/alikutty-beeranchira-writes-dweep-bishalam6-2160)
അതിഥി സൽക്കാരമായിരുന്നു പോർട്ടുഗീസുകാർക്ക് എതിരായ ദ്വീപുകാരുടെ സമരമാർഗ്ഗം.ആയിരത്തിഅഞ്ഞൂറുകളിൽ പോർച്ചുഗീസുകാർക്കായി അമിനിദ്വീപിൽ ഒരുക്കിയ സത്കാരത്തെക്കുറിച്ചാണ് പറയുന്നത്.
പോർട്ടുഗീസുകാർ ജനങ്ങളുടെ സ്വത്തുക്കൾ അപഹരിക്കുകയും നാട്ടുകാരെയും സ്ത്രീകളെയും പലനിലയ്ക്ക് ഉപദ്രവിക്കുകയും ചെയ്തു. ദ്വീപിന്റെ പടിഞ്ഞാറെതീരത്ത് ഒരു കോട്ട പണിത് കടലിനുനടുവിലെ പറങ്കികളുടെ സൈനിക താവളമാക്കി അമിനിയെ മാറ്റി. പൊറുതിമുട്ടിയ ജനങ്ങൾ മലബാറിലെത്തി കോലത്തിരിയെ വിവരമറിയിച്ചെങ്കിലും പോർച്ചുഗീസുകാരോടെതിരിടാനുള്ള സൈനികശക്തി ചിറക്കലിനുണ്ടായിരുന്നില്ല. പക്ഷെ, പോർച്ചുഗീസുകാരെ ഏതുവിധേനയും ദ്വീപിൽ നിന്നകറ്റാനുള്ള തന്ത്രങ്ങൾ അദ്ദേഹം ആലോചിച്ചു. അങ്ങനെയാണ് പുറക്കാട്ടുനിന്നും കാതൻ തഞ്ചക്കാരൻ എന്നു വിളിപ്പേരുള്ള ഒരാൾ രാജാവിന്റെ ആശീർവാദത്തോടെ അമിനിയിലെത്തുന്നത്. പോർച്ചുഗീസുകാർ സാധാരണ ഉപയോഗിക്കാറുള്ള വസ്തുക്കളുമായാണ് ഒരു കച്ചവടക്കാരന്റെ വേഷത്തിൽ അദ്ദേഹം അവിടെയെത്തുന്നത്. തങ്ങളുടെ ഇഷ്ടവസ്തുക്കളുമായി എത്തിയ കച്ചവടക്കാരനെ പറങ്കികൾ കുറച്ചുനാൾ അമിനിയിൽ കഴിയാൻ അനുവദിച്ചു. പറങ്കികളുമായി ചങ്ങാത്തത്തിലായ അയാൾ ഒരു ദിവസം കോട്ടയിൽ കഴിയുന്ന എല്ലാവർക്കുമായി ഒരു പാർട്ടി നിശ്ചയിച്ചു. വിഭവസസമൃദ്ധമായിരുന്നു ആ സത്കാരം. നേരത്തെ കരുതിവെച്ചിരുന്ന മൂർഖൻപാമ്പിന്റെ വിഷം കലർത്തിയ പാനീയങ്ങളും പലഹാരങ്ങളും തീൻമേശയിൽ ഒരുങ്ങി. കച്ചവടക്കാരനോടുള്ള ആദരസൂചകമായി എല്ലാവരും വിരുന്നിനെത്തി ഭക്ഷണം കഴിച്ചു. സ്നേഹവിരുന്നിൽ പങ്കെടുത്ത മുഴുവൻ പറങ്കികളും വിഷം ഉള്ളിൽചെന്നു മരിച്ചുവെന്നതാണ് ചരിത്രം.
ഇങ്ങനെ പല രീതിയിൽ ചെറുത്തു നിന്നു പുലർന്നു പോന്ന ജനതയ്ക്ക് മേൽ ഇന്നും അധിനിവേശങ്ങൾ തുടരുന്നു. സ്വാതന്ത്ര്യം കിട്ടി എന്ന വാർത്ത മൂന്നു മാസം കഴിഞ്ഞ് ലക്ഷദ്വീപ് ജനത അറിഞ്ഞു. എന്നാൽ ജനാധിപത്യനീതി ഇനിയും അവരുടെ അടുത്ത് എത്തിയിട്ടില്ല.ലക്ഷദ്വീപ് കവിത ആലിംഗനാധിനിവേശങ്ങൾക്ക് അതേ അളവിൽ നൽകുന്ന മറുപടിയായി മാറുന്നു. രാജാവിന് വേണ്ടി ഓടി നേടിയ സ്ഥലമല്ല , എതിരിട്ട സ്ഥലമാണ് നമ്മുടേത് എന്നു കവിതയും ചരിത്രവും ബോധ്യപ്പെടുത്തുന്നു. സ്വന്തം ജീവിതം ചൂണ്ടയിട്ട് പിടിക്കുന്ന ഒരു വൃദ്ധൻ ലക്ഷദ്വീപ് കവിതയിൽ ഉറങ്ങാതിരിക്കുന്നുണ്ട്.

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

👌👌👌👌🔥🔥