
സലാഹുദ്ധീൻ പീച്ചിയത്ത്
Published: 10 July 2025 കവര്‍സ്റ്റോറി
ലക്ഷദ്വീപു കടലില്‍ വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍
കഴിഞ്ഞ വർഷം സ്‌പൈസ് ജെറ്റ് കമ്പനി ലക്ഷദ്വീപിലെ അഗതി ദ്വീപിലേക്ക് കടൽ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടത്തി. അഗതിയിൽ ലാൻഡ് ചെയ്തതിന് ശേഷം ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ ഒരു യോഗം വിളിച്ചു കൂട്ടി. ലക്ഷദ്വീപ് ഞങ്ങൾ മാലിദ്വീപ് ആക്കും വികസനം വരും എന്നൊക്കെയുള്ള വലിയ വാദങ്ങൾ ഉയർത്തിക്കൊണ്ട് പലരും പ്രസംഗിച്ച ആ പരിപാടിയിൽ പൊതു ജനങ്ങൾക്കുള്ള ചോദ്യോത്തര വേളയിൽ ലക്ഷദ്വീപിലെ പ്രശസ്ത ഇൻസ്റ്റാ വ്ലോഗ്ഗെർ സാബിത് ഒരു ചോദ്യം ചോദിച്ചു.
നിങ്ങൾക്ക് ദിവസേന കടൽ വിമാനം ഇറക്കാനും പറക്കാനും എത്ര വിസ്തീർണത്തിൽ ലഗൂൺ ആവശ്യം വരും എന്നായിരുന്നു ചോദ്യം ? ചെറുതായൊന്നു ഞെട്ടിയെങ്കിലും സ്‌പൈസ് ജെറ്റ് സ്റ്റാഫ് ഉടനെ ഉത്തരം നൽകി. ഒരു കിലോമീറ്റർ നീളവും ഇരുപത് മീറ്റർ വീതീയും. ഉടനെ ചെറുപ്പക്കാരന്റെ മറു ചോദ്യം ലഗൂണിന്റെ ഇത്രയും ഭാഗം നിങ്ങൾ കയ്യടക്കിയാൽ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ അവരുടെ മത്സ്യ ബന്ധനത്തിനത്യാവശ്യമായ ബൈറ്റ് ഫിഷുകൾക്കെവിടെപ്പോകും ? ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ മത്സ്യ ബന്ധന രീതികളിലൊന്നായ പോൾ & ലൈൻ രീതിയിലാണ് ലക്ഷദ്വീപിൽ മത്സ്യബന്ധനാം നടക്കുന്നത്. ഇവർ ആദ്യം ലഗൂണുകളിൽ നിന്നും ചെറിയ മീനുകളെ പിടിക്കുകയും അതുപയോഗിച്ചു വൻകടലിൽ പോയി ചൂര മത്സ്യങ്ങളെ പിടിക്കുകയുമാണ് ചെയ്യുന്നത്. ലഗൂൺ കടൽ വിമാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിടം നഷ്ടപ്പെടും. കടൽ വിമാനങ്ങൾക്കിറങ്ങാൻ സ്ഥലം നൽകിയിട്ട് മത്സ്യത്തൊഴിലാളികൾ തൊഴിലിടം വിട്ടിറങ്ങിപ്പോകണോ ? അവർക്ക് വേറെ എന്താണ് വഴിയാണുള്ളത് ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം. ഇതോടെ ഡെപ്യൂട്ടി കളക്ടർ ഇടപെട്ട് ഒരു രീതിയിൽ പരിപാടി അവസാനിപ്പിച്ചെങ്കിലും ആ ചോദ്യം പല ലക്ഷദ്വീപുകാരന്റെ മനസ്സിലൂടെയും കടന്നു പോകുന്ന ഒന്നായിരുന്നു. മത്സ്യത്തൊഴിലാളികളെ ബന്ധപ്പെട്ട് മാത്രമല്ല വൻകരയിലെ വലതു പക്ഷ മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്ന മാലിദ്വീപാക്കും സിംഗപ്പൂറാക്കും എന്നൊക്കെയുള്ള വാദങ്ങൾക്കിടയിൽ ലക്ഷദ്വീപു ജനതയ്ക്കെന്താണ് സംഭവിക്കുക ??
തൊഴിലിടങ്ങളിൽ നിന്നും കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ
നമ്മൾ ലക്ഷദ്വീപെന്നു ഇൻസ്റ്റാഗ്രാമിലടിച്ചാൽ കാണാൻ പറ്റുന്ന വെളുത്ത മണലുകളും നീലക്കടലും മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളാണ്. ഇന്ന് വികസനങ്ങളെന്ന പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന മിക്ക നടപടികളിലും ഏറ്റവുമാദ്യം ബുദ്ധിമുട്ടനുഭവിക്കുന്നതും മത്സ്യത്തൊഴിലാളികളാണ്. വിവാദ അഡ്മിൻസ്റ്റാർട്ടർ പ്രഫുൽ പട്ടേൽ 2020 ഇൽ ചാർജെടുത്തതിന് ശേഷം അന്നത്തെ കളക്ടർ ആയിരുന്ന അസ്‌കർ അലി ഐ എ എസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ പൊളിക്കൽ നടപടി കവരത്തിയിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു മാറ്റിയതാണ്. ഈയടുത്തിടെ കവരത്തി സിറ്റി സെന്റെറിന്റെ നിർമാണത്തിന്റെ പേരിൽ പാർക്ക് ചെയ്ത ബോട്ടുകൾ എടുത്തുമാറ്റിക്കുകയും മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളൂം കടൽത്തീരത്തേക്ക് കടക്കുന്നത് വിലക്കി വേലി കെട്ടുകയും നോട്ടിസ് പതിക്കുകയും ചെയ്തു. ചൂരമത്സ്യത്തിന്റെ വില കുറയുകയും പ്രധാന മാർക്കറ്റായ ശ്രീലങ്കയിൽ രാഷ്ട്രീയഅസ്‌ഥിരത ഉണ്ടാകുകയും ചെയ്തത് കാരണം വർഷങ്ങൾക്ക് മുൻപേ തന്നെ പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖലയിൽ നിന്നും പ്രഫുൽ പട്ടേലിന്റെ വരവോട് കൂടി പലരും തൊഴിലുപേക്ഷിക്കുകയാണ്.നിരവധി പേരാണ് ലക്ഷദ്വീപിൽ നിന്നും പോയി മാലിദ്വീ വ്സിലെ ഫിഷിങ് വെസ്സലുകളിൽ ജോലി ചെയ്യുന്നത്. കടൽ വിമാനങ്ങൾ പൂർണമായും സർവിസ് ആരംഭിച്ചു കഴിഞ്ഞാൽ ലക്ഷദ്വീപ് പൂർണമായും ‘വികസി’ച്ചു കഴിഞ്ഞാൽ മത്സ്യത്തൊഴിലാളി എവിടെക്കിടന്നുറങ്ങുമെന്നു ഒരു പദ്ധതിയിലും സൂചിപ്പിക്കുന്നില്ല.
സർക്കാർ നടത്തുന്ന ഭൂമി കയ്യേറ്റങ്ങൾ
മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു തുടങ്ങിയ ഭരണകൂട ഭീകരത മുതലാളിത്ത മൂലധനത്തിന്റെ സുഗമമായ ഒഴുക്കു സാധ്യമാക്കാനുള്ള യജ്ഞത്തിൽ ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നതിലാണ് പിന്നീട് ശ്രദ്ധിക്കുന്നത്. ഇന്ന് അമിനിയിലും കല്പേനിയിലും സർക്കാർ പൊളിക്കൽ നടപടികൾ തുടരുന്നു. അമ്മിനിയിൽ പൊളിക്കൽ നടപടികൾ തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നൂറോളം കേസുകളിലായി നാലായിരത്തോളം ഹർജിക്കാർ ഇന്ന് ഭൂമി വിഷയത്തിൽ സർക്കാരിനെതിരെ നിയമനടപടികൾ നടത്തുകയാണ്. പണ്ടാരം ഭൂമി എന്നറിയപ്പെടുന്ന പണ്ട് അറക്കൽ രാജവംശം ലക്ഷദ്വീപുകാരിൽ നിന്നും അനധികൃതമായി പിടിച്ചെടുത്ത ദ്വീപുകാർക്ക് തന്നെ പാട്ടത്തിന് നൽകിയ ഭൂമി പിന്നീട് ബ്രിട്ടീഷുകാർ പാട്ടത്തിനു നൽകുകയും . ഇന്ത്യയോടൊപ്പം ചേർന്നപ്പോൾ ആദ്യം പാട്ടത്തിന് ജനങ്ങൾക്ക് കൊടുത്തെങ്കിലും 2020-ൽ ജനങ്ങൾ കൈ വശം വെച്ച ഈ ഭൂസ്വത്തുക്കൾ ജനങ്ങൾക്ക് തന്നെ പതിച്ചു നൽകാൻ ഉത്തരവിട്ടതായിരുന്നു. എന്നാൽ വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തി ഈ ജനങ്ങൾക്ക് പതിച്ചു നൽകാൻ വേണ്ടി ലക്ഷദ്വീപ് ടെനൻസി റെഗുലേഷൻ 1965 ഇൽ എഴുതിച്ചേർത്ത സെക്ഷൻ 15A പിൻവലിപ്പിച്ചു അതോടെ അഞ്ചു ദ്വീപുകളിലെ ഏകദേശം അറുപത് ശതമാനത്തോളം ഭൂമി സർക്കാരിന്റേതാണെന്നുള്ള വാദം വീണ്ടും ഉയർന്നു വന്നു. കളക്ടർ ഇത്രയും ഭൂമി ഞങ്ങളുടേതാണെന്നും ജനങ്ങൾ ഇറങ്ങിത്തരണമെന്നും ഉത്തരവിട്ടു. ഇപ്പോൾ കേസ് കോടതിയിലാണ്. ഒരു മറു വിധി വലിയൊരു ദുരന്തമാണ് ലക്ഷദ്വീപിൽ ഉണ്ടാക്കുക. അത് കൂടാതെ ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർന്ന് കൊണ്ടിരിക്കുന്നു. ആൾതാമസമില്ലാത്ത തിണ്ണകര ദ്വീപിൽ അനധികൃതമായി ഭൂമി കയ്യേറുന്നത് തടയാൻ ഒരു സൗകര്യവുമില്ലാത്ത ദ്വീപിൽ പോയി താമസിക്കുകയാണ്.ഒരു ഭരണകൂടത്തിൽ നിന്നും സംരക്ഷിക്കാൻ ജനങ്ങൾ വൈദ്യുതി പോലുമില്ലാത്ത ദ്വീപിൽ ഭൂമിക്ക് കവലിരിക്കണ്ട അവസ്ഥയാണ്.
തകർക്കപ്പെടുന്ന വിദ്യാഭ്യാസ മേഖല
ഇത്രയും ഭൂമി ഒരു തർക്ക ഭൂമി ആയത് കൊണ്ട് തന്നെ കൂട്ട പിരിച്ചു വിടലുകൾക്കും ഭൂമി കയ്യേറ്റത്തിനും ഇപ്പോൾ ഗൂഢാലോചന നടക്കുന്നത് വിദ്യാഭ്യാസരംഗത്താണ്. സ്കൂളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. 2020-ൽ പ്രഫുൽ പട്ടേൽ ചാർജ് എടുക്കുമ്പോൾ 63 കെട്ടിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ലക്ഷദ്വീപിലെ സ്കൂളുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് 32 കെട്ടിടങ്ങളിലായിട്ടാണ്. അടച്ചു പൂട്ടലുകൾ തുടർന്നു കൊണ്ടിരിക്കുന്നു. കുട്ടികളുടെ എണ്ണം കുറയ്ക്കുന്നു, കെട്ടിടങ്ങൾ ചുരുക്കി കൂടുതൽ കുട്ടികളുള്ള ക്ലാസ് മുറികളുണ്ടാക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്ന വ്യാജേന മിക്ക ദ്വീപുകളിലെയും സ്കൂൾ കെട്ടിടങ്ങൾ തകർത്തു. കവരത്തിയിലെ വർഷങ്ങളോളം പഴക്കമുള്ള സ്കൂൾ കെട്ടിടം തകർത്തു പക്ഷെ പകരം നിർമിക്കുമെന്ന് പറഞ്ഞ ആ കെട്ടിടം നിർമാണം തുടങ്ങിയിട്ട് പോലുമില്ല. അതു കൊണ്ട് തന്നെ ഈ അധ്യയനവർഷത്തിൽ എല്ലാവരും കൂടി ആകെയുള്ള വടക്കു ഭാഗത്തുള്ള സ്‌കൂളിൽ അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ്.
സ്കൂൾ തുറക്കുമ്പോഴത്തേക്കും കുട്ടികൾക്കിരിക്കാൻ ക്ലാസ് മുറികളില്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലൊന്നായി ഈ വർഷം ലക്ഷദ്വീപ് മാറി. അഗതി ദ്വീപിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ സെക്രെട്ടറി വിക്രാന്ത് രാജയെ വരവേറ്റത് സ്കൂളടച്ചതിൽ പ്രധിഷേധിക്കുന്ന രക്ഷിതാക്കളാണ്. സൗകര്യങ്ങൾ കൂടിപ്പോയി എന്ന വാദമുയർത്തി സ്കൂൾ കെട്ടിടങ്ങൾ അടച്ചു പൂട്ടി ഒരു ദ്വീപിൽ ഒരു സ്കൂൾ മാത്രമാക്കാനുള്ള ശ്രമം നടത്തുമ്പോൾ പക്ഷെ ആ ഒരൊറ്റ കെട്ടിടത്തിൽ അല്ലെങ്കിൽ ബാക്കിയുള്ള കെട്ടിടങ്ങളിൽ ദ്വീപിലെ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം ഉണ്ടോ എന്നുള്ള ഒരു പരിശോധനയും നടത്തുന്നില്ല. കേരളാ സ്റ്റേറ്റ് ഇംഗ്ലീഷ് മീഡിയം നിരോധിക്കുന്നു, പിന്നീട് മലയാളം മീഡിയം വേണ്ട CBSE മാത്രം മതി എന്ന് വെക്കുന്നു ആ തീരുമാനം ഇപ്പോൾ ഹൈ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ത്രിഭാഷാ പന്ധതി നടപ്പിലാക്കാനാണെന്ന വ്യാജേന അറബി പഠിപ്പിക്കുന്നത് നിർത്തലാക്കുന്നു.
കെട്ടിടങ്ങളുടെ എണ്ണം കുറക്കുന്നതിലൂടെ അഡ്മിനിസ്ട്രേറ്ററുടെ ഇഷ്ട വിനോദമായി കെട്ടിട നിർമാണത്തിന് കൂടുതൽ സ്ഥലം ലഭിക്കുന്നു. ഒരേ കെട്ടിടത്തിൽ കുറെ കുട്ടികളുണ്ടാകുമ്പോൾ അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. അതു കൊണ്ട് തന്നെ പിരിഞ്ഞ് പോകുന്ന അദ്ധ്യാപകർക്ക് പകരം വേറെ ഒരാളെ നിയമിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നു. അഞ്ച് വർത്തിൽ കൂടുതൽ ഒരു തസ്തിക ഒഴിച്ചിടുമ്പോൾ അത് റദ്ദാക്കിയതായി കണക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. ലക്ഷദ്വീപിലെ ഓൺലൈൻ ന്യൂസ് പോർട്ടലായ Thebelaram.com പുറത്തു വിട്ട കണക്കനുസരിച് 2171 സ്ഥിരം തസ്തികകൾ ലക്ഷദ്വീപ് ഭരണകൂടം ഒഴിച്ചിട്ടിരിക്കുകയാണ്.
ആരോഗ്യ മേഖലയിലെ നിർമാണ സ്വപ്‌നങ്ങൾ
ഗതാഗതമേഖലയിലെ പ്രതിസന്ധികൾ സ്ഥിരം ചർച്ച ചെയ്യപ്പെടുന്നതാണെങ്കിലും ഗതാഗത സംവിധാനങ്ങളുടെ പ്രത്യേകിച്ചും അത്യാഹിത ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വൻകരയിലെത്തിപ്പെടാനാകാതെ മരണപ്പെടുന്ന രോഗികളുടെ അവസ്ഥയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചേതലത് ദ്വീപിൽ സമയത് ഹെലികോപ്റ്റർ സർവീസ് ലഭിക്കാത്ത മൂലം രോഗി മരിച്ചു പോയ വാർത്ത ദ്വീപ് ഡയറി കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വൻകരയിലേക്ക് പോകാനുള്ള ഹെലികോപ്റ്റർ ലഭിക്കാതെ മാസത്തിൽ ഒരു മരണമെങ്കിലും നടക്കുന്ന സഥലമാണ് ലക്ഷദ്വീപ്. ആരോഗ്യ മേഖലയുടെ ഗ്രൊഫും താഴേക്ക് തന്നെയാണ് പോകുന്നത്. പല ദ്വീപുകളിലും ഹോസ്പിറ്റൽ നിർമിക്കുമെന്ന് വീരവാദം സർക്കാർ നടത്തുന്നുണ്ടെങ്കിലും ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ഹോസ്പിറ്റലിന്റെ നിർമാണം നിർത്തി വെപ്പിച്ചിരിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ. നിലവിലുള്ള ആശുപത്രികളിൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കാത്ത ഭരണകൂടം പുതിയ ആശുപത്രികൾ നിർമിക്കുമെന്ന് വീരവാദം മുഴക്കുമ്പോൾ കെട്ടിട നിർമാണത്തിൽ നിന്നും ഉണ്ടാക്കാൻ പോകുന്ന ഭീമമായ കമ്മീഷൻ തുകയാണോ ലക്‌ഷ്യം വെക്കുന്നത് – ഇത് ലക്ഷദ്വീപുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ ശമ്പളം വരെ മുടങ്ങിപ്പോകുന്ന സാഹചര്യമുള്ള ലക്ഷദ്വീപിൽ ഒരു വിദ്യാഭ്യാസസ്‌ഥാപനം നിർമിക്കാൻ കോടികൾ മുടക്കാൻ സർക്കാർ തയ്യാറാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആശയക്കുഴപ്പത്തിലായ ജനങ്ങൾ
കെട്ടിട നിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകൾക്കും പൊളിച്ചു മാറ്റൽ നടപടികൾക്കുമിടയിൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നറിയാതെ ഉഴലുകയാണ് ലക്ഷദ്വീപിലെ പൊതു സമൂഹം. പരസ്പര വിശ്വാസമില്ലായ്മയിൽ നില നിൽക്കുന്ന കക്ഷി രാഷ്ട്രീയ ചേരിതിരിവുകൾ ലക്ഷദ്വീപിലുണ്ടാകേണ്ട അനിവാര്യമായ ചെറുത് നില്പിനെ അതിസങ്കീർണ്ണമാക്കിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങൾ നടത്തുക എന്നത് അസംഭവ്യമാക്കുന്ന രീതിയിലുള്ള രീതിയാണ് ലക്ഷദ്വീപ് ഭരണകൂടം പിന്തുടരുന്നത്. കലാപ ബാധിത പ്രദേശങ്ങളിൽ മാത്രം നടപ്പിലാക്കുന്ന ഇന്ത്യൻ പോലീസ് ആക്ടിന്റെ സെക്ഷൻ 30 എല്ലാ 90 ദിവസവും പുതുക്കി നടപ്പിലാക്കികൊണ്ടിരിക്കുകയാണ് ലക്ഷദ്വീപിൽ. ഇതനുസരിച്ചു നാല്പത്തെട്ട്‍ മണിക്കൂറിനു മുൻപ് സ്ഥലത്തെ പോലീസ് സൂപ്രണ്ടിന്റെ അനുവാദമില്ലാതെ ഒരു പ്രതിഷേധമോ പൊതു പരിപാടിയോ നടത്താൻ സാധിക്കില്ല. ഏകാധിപത്യ ഭരണസംവിധാനത്തിന്റെ കീഴിൽ ജനാധിപത്യ മര്യാദകളോടെ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയും ദിവസേന അപമാനിക്കപ്പെടുകയും സ്വന്തം നാട്ടിൽ നില നിൽപിന് തന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള നിയമങ്ങൾ അടിച്ചേല്പിക്കപ്പെടുമ്പോൾ അനുസരിക്കാൻ നിർബന്ധിക്കപ്പെടുകയുമാണ് ഇവിടത്തെ ജനങ്ങൾ.
ജനജീവിതം ദുസ്സഹമാക്കുന്നതും കോർപറേറ്റുകളുടെ കടന്നു കയറ്റം എളുപ്പമാക്കുന്നതുമായ നിയമങ്ങൾ അണിയറയിൽ തയ്യാറാകുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സേവ് ലക്ഷദ്വീപ് കാലത് ഏറെ ചർച്ച ചെയ്യപ്പെട്ട ലക്ഷദ്വീപ് ഡെവലോപ്മെന്റ് അതോറിറ്റി റെഗുലേഷൻ(LDAR)ഇന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകരം ലഭിക്കാത്തതിനാൽ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ എന്ന പേരിൽ പുതിയ ഒരു പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് ഭരണകൂടം. തദ്ദേശ വാസികളുടെ ഭൂമിക്കു മേലുള്ള അവകാശങ്ങൾക്ക് തുരങ്കം വെക്കുന്ന ഇത്തരം നിയമങ്ങൾ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ കടൽ വിമാനങ്ങൾ പറന്നിറങ്ങുമ്പോഴേക്കും പങ്കുവെച്ചെടുക്കാൻ വേണ്ടി ലക്ഷദ്വീപിനെ പാകപ്പെടുത്തിയെടുക്കുകയാണ്. സ്‌പൈസ് ജെറ്റ് കമ്പനി കഴിഞ്ഞയാഴ്ച ലക്ഷദ്വീപ് ഒന്ന് കൂടി സന്ദർശിച്ചിരുന്നു അതിവിദൂരമല്ലാത്ത ഭാവിയിൽ അവർ സർവീസ് ആരംഭിക്കും. കടൽവിമാനങ്ങളിൽ പറന്നെത്തുന്നവർക്ക് കാണാൻ ലക്ഷദ്വീപിൽ കുറച്ചു ജനജീവിതങ്ങളും കൂടി ബാക്കി കാണട്ടെ എന്ന് പ്രത്യാശിക്കുന്നു.

സലാഹുദ്ധീൻ പീച്ചിയത്ത്

ഫോട്ടോ
മുഹമ്മദ് സാദിഖ് , ലക്ഷദ്വീപ് വ്ലോഗർ
