
ഇസ്മത്ത് ഹുസൈൻ
Published: 10 July 2025 കവര്‍സ്റ്റോറി
ലക്ഷദ്വീപിന് എന്താണ് വേണ്ടത്…?
ഓർമ്മവെച്ച നാൾ മുതൽ ഞാൻ ചിന്തിക്കുന്ന ഒരു വിഷയമാണിത്. എന്റെ ദ്വീപുകൾക്ക് എന്താണ് വേണ്ടത് എന്ന്. കടലിനു നടുവിൽ ഒറ്റപ്പെട്ട് ഓരോ രാജ്യം പോലെ എഴുപതിനായിരം ജനങ്ങൾ ജീവിക്കുന്ന 34 ദ്വീപുകളുടെ സമൂഹം. (ഏളി കൽപ്പേനിയും അതുപോലുള്ള മൺതിട്ടകളേയും ചേർത്ത് കണക്ക് തികക്കാതിരിക്കാനാണ് എണ്ണത്തിൽ രണ്ടു കുറച്ചത്) ആയിരക്കണക്കിന് വർഷങ്ങളുടെ ജനജീവിതത്തിന്റെയും കടൽലനുഭവങ്ങളുടേയും ചരിത്രവും സംസ്കാരവും വാമൊഴികളും- പാട്ട് പാരമ്പര്യങ്ങളും കടലോട്ട ശാസ്ത്രങ്ങളും സൂഫി പാരമ്പര്യങ്ങളുംകൊണ്ട് സമ്പന്നമായ അടിവേരുകളുള്ള ദ്വീപുകൾക്ക് എന്ത് വേണം എന്നതാണ് ചോദ്യം.
തൊണ്ണൂറുകൾ മുതൽ രൂപീകൃതമായ ഐലന്റ് കൗൺസിൽ മുതൽ പട്ടേൽ വന്ന് കരുതി കൂട്ടി നിർത്തിക്കളഞ്ഞ പഞ്ചായത്ത് രാജ് സംവിധാനങ്ങൾ വരെ നീണ്ട മുപ്പത്തിയഞ്ചു വർഷത്തെ കാല പരിധിയുണ്ട്. എന്താണ് ഈ കാലയളവിൽ നമ്മുടെതായി ഉണ്ടാക്കിയെടുത്ത പദ്ധതികൾ എന്ന് ചോദിച്ചാൽ എല്ലാവരും കൈമലർത്തും. ഒരു ദ്വീപ് എങ്ങനെയായിരിക്കണം എന്നോ, ആ നാടിന്റെ ആവശ്യങ്ങൾ വെച്ചു കൊണ്ടുള്ള ഒരു രൂപരേഖയോ പദ്ധതികളോ നാളിതുവരെയായി ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ഉണ്ടാക്കീട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രീയം കയ്യാളിയ ഉദ്യോഗസ്ഥ പ്രഭുക്കന്മാരേയും ചേർത്ത് തന്നെയാണിതു പറഞ്ഞത്.
പാരമ്പര്യ സംരക്ഷണം :
നമ്മൾ ആരാണെന്നും നമ്മുടെ വേരുകൾ എവിടന്നാണെന്നും ചരിത്രവും പരിസ്ഥിതിയും സംസ്കാരവും എന്താണെന്നും തിരിച്ചറിവുള്ള ഒരു സമൂഹത്തിനാണ് ഏത് പ്രതിസന്ധിയേയും മറികടക്കാനും പൊരുതാനുമാവൂ. പറങ്കികൾക്കെതിരെ പൊരുതിനിന്ന പാരമ്പര്യം ഉള്ള മനുഷ്യരാണ് ദ്വീപുകളിലുള്ളതെന്ന് അമിനിദ്വീപിലെ പാമ്പിൻമ്പള്ളി മുൻ നിർത്തി നമുക്ക് പറയാൻ കഴിയണമെങ്കിൽ ആ ചരിത്രത്തിന്റെ അടിവേര് അറിയണം. അമിത നികുതി ഈടാക്കാൻ വന്ന അറക്കൽ പട്ടാളത്തിനു മുമ്പിൽ തന്റെ ജീവൻ ബലിയർപ്പിച്ച് ധീര രക്തസാക്ഷിത്വം വഹിച്ച ബലിയ ഇല്ലം കുറഞ്ഞിയഹ്മദ് കാര്യക്കാരനെ നമ്മിൽ എത്രപേർക്കറിയാം ?. നികുതി പിരിച്ച് അക്രമം അഴിച്ചുവിട്ട അറക്കൽ കാര്യക്കാരനേയും കൂട്ടരേയും പിടിച്ച് കെട്ടി ഓടത്തിന്റെ കള്ളിയിലിട്ട് ശ്രീരംഗപട്ടണത്തിൽ കൊണ്ടുപോയി ഹാജരാക്കി തങ്ങളെ അറക്കൽ രാജഭരണത്തിൽ നിന്നും രക്ഷിക്കണം എന്ന് അഭ്യർത്ഥിച്ച ധീരദേശാഭിമാനികളുടെ നാട് കൂടിയാണ് നമ്മുടേത്. കടലിന്റെ ഭാവമാറ്റങ്ങളെ മനസിലാക്കി, കാറ്റിന്റെ ദിശാവ്യതിയാനങ്ങളെ ഗ്രഹിച്ച് കരകാണാ കടലിൽ ലക്ഷ്യം പിഴക്കാതെ കപ്പലോടിച്ചിരുന്ന നാവിക പാരമ്പര്യമുള്ള ജനതയായിരുന്നു ദ്വീപിലേത്. മൂവായിരം വർഷം മുമ്പെ ജനവാസം ഉണ്ടെന്ന് തെളിയിക്കപ്പെട്ട ഒരു സംസ്കൃതി കൂടി ദ്വീപുകൾക്കുണ്ടെന്ന് മനസിലാക്കുമ്പോളാണ് സംസ്കാരവും ചരിത്രവും സംരക്ഷിച്ച് നിർത്തേണ്ടതിന്റെ ആവശ്യകത നമുക്ക് മനസിലാവൂ. ആവശ്യങ്ങൾ പറയുന്നതിന് മുമ്പ് ചില പാരമ്പര്യ ചിന്തകൾ പറഞ്ഞ് കൊണ്ട് ആവശ്യത്തിലേക്ക് വരാം.
സ്വാതന്ത്ര്യസമരവും ലക്ഷദ്വീപും
ചരിത്രം അടയാളപ്പെടുത്തിവെക്കാൻ നമ്മൾ കാണിച്ച വിമുഖത പല മൂല്യവത്തായ ചരിത്രങ്ങളും നമുക്ക് നഷ്ടമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ദ്വീപുകൾക്കെന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ എടുത്ത് കാണിക്കാൻ തെളിവുകൾ ഉണ്ടാവില്ല. എന്നാൽ അതിന്റെ ആവേശം നെഞ്ചിലേറ്റിയ ഒരുപിടി മനുഷ്യർ ഈ ദ്വീപുകളിലുണ്ടായിരുന്നു എന്നതാണ് ശരി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റങ്ങൾ ശക്തി പ്രാപിച്ച ഘട്ടത്തിൽ സ്വാതന്ത്ര്യം കിട്ടി എന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ പതാക നെഞ്ചിലമർത്തിപ്പിടിച്ച് കവരത്തി ദ്വീപിലെ വെള്ള മണൽതിട്ടയിലേക്ക് ചാടി ഇറങ്ങിയ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ചക്കയക്കീർ ഖാലിദ് എന്നായിരുന്നു. അദ്ദേഹത്തെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സിൽബന്ധികൾ പിടിച്ച് കെട്ടി മലബാർ കലക്ട്ടറുടെ കോടതിയിൽ ഹാജരാക്കിയതിന്റെ രേഖകൾ നിലവിലുണ്ടായിരുന്നു. കവരത്തി ദ്വീപിലെ കൗരാംകാക്കാട അബ്ദുൾഖാദറും ആലിമാൽമിയുമെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ കരുത്ത് നെഞ്ചിലേറ്റിയവരായിരുന്നു.
കപ്പൽ നിർമ്മാണ വൈദഗ്ധ്യം
ഒരു ഭരണാധികാരി വന്ന് കരുതിക്കൂട്ടി ജനങ്ങളെ കഷ്ടപ്പെടുത്താൻ തീരുമാനിച്ചപ്പോൾ കപ്പൽ ടിക്കറ്റ് കിട്ടാതെയും യാത്ര ചെയ്യാനാവാതെയും കുടുങ്ങി നിലവിളിക്കുന്ന പുതിയ കാലത്തെ ജനതയെ കാണുമ്പോൾ തീർച്ചയായിട്ടും നമ്മുടെ പൂർവ്വികരെ ഓർക്കേണ്ടതുണ്ട്. ദ്വീപിൽ സുലഭമായ മരങ്ങൾ മുറിച്ച് പലകയാക്കി, കയർ പിരിച്ച് മരങ്ങൾ തമ്മിൽ അടുപ്പിച്ച് ചകിരി വെച്ച്കെട്ടി, കൽഫാത്ത് പൂശി മൽസ്യ എണ്ണയും താറും ചേർത്ത് കള്ളിയിലൊഴിച്ച്, പായ കെട്ടി, അലറുന്ന കടലിനെ മറികടന്ന് വിജയിച്ച ഒരു സമൂഹം ജീവിച്ച നാടിന്റെ പേര് കൂടിയാണ് ലക്ഷദ്വീപ്. പത്തിൽ കൂടുതൽ ജലവാഹനങ്ങൾ സ്വന്തമായിട്ടുള്ള ദ്വീപുകളായിരുന്നു എല്ലാം തന്നെ. കടൽവാഹനം സ്വന്തമായി നിർമ്മിച്ച് സ്വന്തമായി ഓടിച്ച് ആവശ്യങ്ങൾ നിറവേറ്റിയിരുന്ന ഒരു സമൂഹം. അവരുടെ പിൻഗാമികളാണ് ടിക്കറ്റ് കിട്ടാതെ ഇന്നിവിടെ നരകിക്കുന്നത്. ആത്മാഭിമാനത്തോടെ സ്വന്തം പാരമ്പര്യത്തേയും ചരിത്രത്തേയും നെഞ്ചിലേറ്റി പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുമ്പോൾ ഒരിക്കലും നമുക്ക് പിന്തിരിയേണ്ടി വരില്ല.
നാട്ടു പാരമ്പര്യത്തിന്റെ ഗുരുകുലം
തമിഴ്നാട്ടിലെ കായൽപട്ടണം കേന്ദ്രീകൃതമായി മതപഠനം തുടങ്ങിയ കാലം മുതൽക്കെ ദ്വീപ് വിദ്യാർത്ഥികൾ വിദ്യ തേടി വൻകരയിലേക്ക് യാത്ര തുടങ്ങിയിരുന്നു. കായൽപട്ടണവും ദ്വീപുമായിട്ടുള്ള ആത്മീയ ബന്ധം ഇതിനുദാഹരണമാണ്. പിന്നീട് പൊന്നാനി മതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ഉയർന്നപ്പോൾ ദ്വീപ് വിദ്യാർത്ഥികൾ പൊന്നാനിയിൽ പഠിച്ചുതുടങ്ങി. പൊന്നാനി മാതൃകയിൽ ദ്വീപുകളിലും മതപഠനവും മാൽമിക്കണക്ക് പഠനവും ഉണ്ടായിരുന്നു. പലകയിൽ ചേടി അരച്ച് തേച്ച് ‘എഴുതി പഠിപ്പിക്കുന്ന’ ഖുർആൻ പഠനം മുതൽ അഖീദ അഥവാ അദ്ധ്യാത്മികം, റാത്തീബ് പരിശീലനം, ഇങ്ങനെ ഒരു അലിഖിത സിലബസിലായിരുന്നു ഗുരുകുലം മുന്നോട്ട് പോയിരുന്നത്. എന്റെ നാടായ കിൽത്താൻ ദ്വീപിൽ മറ്റു ദ്വീപുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്റെ നാടിനെ ചെറിയ പൊന്നാനി എന്നുവിളിക്കുന്നതും അതുകൊണ്ടാണ്.
സൂഫി ജ്ഞാനം
കേട്ടറിവിനും പഠിച്ചറിവിനും അപ്പുറത്താണ് ധ്യാനാത്മക ജ്ഞാനം. ദ്വീപിലെ സൂഫി പാരമ്പര്യം ജ്ഞാനാത്മക സാംസ്കാരികതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇപ്പോഴും നശിക്കാതെ തുടരുന്ന ആ തുടർച്ച ആഴമുള്ള ഒരു സമൂഹമായി നിലനിൽക്കാൻ പ്രാപ്തമാക്കുന്നു. കോലസിരി മാല, കൽവൈര മാല, തൗഹീദ് മാല തടങ്ങി ഒട്ടനേകം ജ്ഞാനാത്മക രചനകൾ നൂറ്റാണ്ടുകൾ മുമ്പ് മുതലെ ദ്വീപുകളിൽ നിന്നും എഴുതപ്പെട്ട് വന്നിട്ടുണ്ട്.
കടൽ പാരമ്പര്യത്തിന്റെ ഉൺമ
കടലറിവുകളും കടലോട്ട ശാസ്ത്രവും കടൽവൈദ്യവും മൽസ്യബന്ധന പാരമ്പര്യവും അവനിൽ വരുത്തിയ തിരിച്ചറിവ് കാരണം ദ്വീപുകളെ ഒരു ഓഷ്യനോ സംരക്ഷണ സമൂഹം എന്ന് വിളിക്കാനാവും. ഒരിക്കലും കടലിനോ അതിന്റെ നിലനിൽപ്പിനോ വിഘാതമാവുംവിധം ദ്വീപുകാർ മൽസ്യബന്ധനം നടത്താറില്ല. അവന്റെയും അവന്റെ പരിസ്ഥിതിയേയും പരിഗണിച്ച് കൊണ്ടാണ് ദ്വീപിലെ മീൻപിടുത്തം എന്നും നിലനിന്നത്. കടൽയാത്രയില്ലാത്തൊരു ജീവിതം അവനില്ലാത്തതുകൊണ്ടു് അവനറിയാതെതന്നെ കടൽ അവന്റെ ജീവിതത്തിൽ കയറി ഇടപെടുന്നു.
ഞാൻ പറഞ്ഞ് വന്നത് ഇത്രയധികം ചരിത്ര സാംസ്ക്കാരിക പാരമ്പര്യമുള്ള ഒരു സമൂഹം അധിനിവേശത്തിനാൽ പൊറുതിമുട്ടുമ്പോൾ എന്താണ് നിസംഗമായി നോക്കി നിൽക്കുന്നതെന്നാണ്. ഈ കാര്യങ്ങൾ വെച്ചുകൊണ്ടാണ് ലക്ഷദ്വീപിന് എന്താണ് വേണ്ടത് എന്ന ചോദ്യം ചോദിക്കേണ്ടത്.
ആദ്യമായി ഞങ്ങളുടെ സാംസ്ക്കാരിക ചരിത്ര സൂക്ഷിപ്പുകളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം. അവ ഞങ്ങളുടെ വിദ്യാർത്ഥികൾ പഠിക്കുന്ന സിലബസ്സിൽ ഉൾപ്പെടുത്തുകയും വേണം.
സ്വന്തമായ സിലബസ്സ്
ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രവും സംസ്കാരവും ചരിത്രവും ഉൾക്കൊള്ളുന്ന സിലബസ്സുകൾ അടങ്ങിയ വിദ്യാഭ്യാസ നടത്തിപ്പുകളാണ് വേണ്ടത്. സ്വന്തം ചുറ്റുപാടുകളിൽ നിന്നാണ് കുട്ടി അറിവ് സ്വാംശീകരിക്കേണ്ടതെന്നും മാതൃഭാഷയിലാണ് അവൻ കാര്യങ്ങൾ ഗ്രഹിക്കേണ്ടതുമെന്നൊക്കെയുള്ള ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ ദ്വീപുകാർക്ക് അന്യമാണ്. പരമ്പരാഗത നാവികശാസ്ത്രവും കടലറിവുകളും മൽസ്യ ബന്ധന രീതികളും ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് ദ്വീപുകാർക്ക് വേണ്ടത്. ഡിഗ്രി കോളേജുകളോടൊപ്പം ഫിഷറീസ് ഓഷ്യനോ യൂണിവേഴ്സിറ്റികളാണ് ദ്വീപുകളിൽ സ്ഥാപിക്കപ്പെടേണ്ടത്.
ഭരണ സംവീധാനത്തിൽ ജനകീയ പങ്കാളിത്തം വേണം.
ലക്ഷദ്വീപിൽ ഉദ്യോഗസ്ഥന്മാർ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും പഞ്ചായത്ത് സംവീധാനങ്ങളുമാണുള്ളത്.കേന്ദ്രഭരണപ്രദേശമായത് കൊണ്ടുതന്നെ ദ്വീപുകാരെക്കുറിച്ചോ അവരുടെ ജീവിതക്രമത്തെക്കുറിച്ചോ അറിയാത്ത ഉത്തരേന്ത്യൻ അഡ്മിനിസ്ട്രേറ്റർമാരാണ് നാളിതുവരെയായി ദ്വീപുകൾ ഭരിച്ചുവന്നത്. അതുകൊണ്ടുതന്നെ ദ്വീപിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ നീക്കങ്ങൾ ഉണ്ടായില്ല. ഐലന്റ് കൗൺസിൽ, പ്രദേശ് കൗൺസിൽ സംവിധാനങ്ങളായിരുന്നു ഒരു പരിധിവരെ അധികാരങ്ങൾ അനുവദിച്ചത്. എന്നാൽ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ അതിന്റെ നിയമാവലി ഉണ്ടാക്കിയ ഉദ്യോഗസ്ഥൻ നാമമാത്രമായ അധികാരങ്ങളിൽ അതിനെ കുടുക്കിയിട്ടു. സ്വന്തം പ്രദേശത്തിന് എന്താണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന ഒരു നേതൃത്ത്വത്തെ വാർത്തെടുക്കാനാണ് രണ്ട് രാഷ്ട്രീയ പാർട്ടികളും ശ്രമിക്കേണ്ടത്. വെള്ളയും വെള്ളയുമിട്ട് സ്റ്റേജിൽ കയറി നിന്ന് അസഭ്യം പറയലല്ല രാഷ്ട്രീയമെന്നും നാടിനും നാട്ടാർക്കും വേണ്ടി സാമൂഹ്യ ബോധത്തോടെയും നീതിപൂർവ്വമായും പ്രവർത്തിക്കലാണ് രാഷ്ട്രീയം എന്നും അവർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം രാഷ്ട്രീയം കാണുന്നവരിൽ നിന്നും മൂല്യബോധമുള്ള മനുഷ്യത്വത്തിലേക്ക് അവരെ പരിവർത്തനപ്പെടുത്തി എടുക്കേണ്ടതുണ്ട്.
സ്വയംഭരണം എന്ന ആവശ്യം
എല്ലാനിലക്കും ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ എല്ലാ പ്രദേശങ്ങൾക്കും അനുവദിച്ച് കൊടുക്കുന്ന സ്വയം ഭരണ സംവിധാനം ലക്ഷദ്വീപിലും നടപ്പിൽ വരേണ്ടതുണ്ട്. ജനാധിപത്യവും സ്വയംഭരണവും എന്നു പറയുമ്പോൾ ദ്വീപിലെ ഇപ്പോഴുള്ള പരിമിതമായ സാമ്പത്തിക സ്ഥിതിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്ര സവിശേഷതകൾ വെച്ച് വികസിപ്പിക്കാൻ കഴിയുന്ന ഒട്ടനേകം വ്യവസായ സംരംഭങ്ങൾ ഉണ്ടുതാനും. ശാസ്ത്രീയാടിസ്ഥാനത്തിൽ ഗതാഗതവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി മുന്നോട്ടുപോയാൽ കോടികൾ സമ്പാദിക്കുന്നവിധം കാര്യങ്ങൾ നടപ്പിലാക്കാനാവും. കടൽ മീൻ കൃഷിയും ടൂറിസവും അതിൽ ചിലതു മാത്രമാണ്.
ദ്വീപിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ ഉൾകൊള്ളുന്ന, ദ്വീപിലെ പരിസ്ഥിതിയെ കുറിച്ചു മനസ്സിലാക്കാൻ ശേഷിയുള്ള, ദ്വീപുജനതയുടെ പങ്കാളിത്തത്തോടെ ജനാധിപത്യരീതിയിൽ ഉള്ള ഒരു പഞ്ചായത്ത് സംവിധാനം നിലവിൽ വരണം. അതിന്റെ മുകളിൽ ജില്ലാ പഞ്ചായത്ത് സംവിധാനവും മിനി അസംബ്ലിയും വരേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രാഷ്ട്രീയപാർട്ടികളും ആസൂത്രിതമായ രൂപരേഖയുണ്ടാക്കി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും അത് നടപ്പിലാവുന്നതാണെന്ന് ഉറപ്പ് വരുത്തി വിജയിപ്പിക്കുകയും വേണം.
ഏത് വിധമാവണം പഞ്ചായത്ത്
നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി അവതരിപ്പിച്ച പഞ്ചായത്ത് രാജ് കൃത്യമായി നടപ്പിലാക്കിയാൽ തന്നെ സ്വയം പര്യാപ്തമായ പഞ്ചായത്തിൽ നമുക്കെത്തിച്ചേരാനാവും. ഒരു മന്ത്രിസഭയുടെ മിനിയേച്ചർ രീതിയിൽ പഞ്ചായത്തിനെ ക്രമീകരിക്കണം. നാടിന്റെ ആവശ്യങ്ങളായിട്ടുള്ള തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികം, ഗതാഗതം, കാർഷികം തുടങ്ങിയ വകുപ്പുകളെല്ലാം വേർതിരിച്ച് ഭരണപക്ഷ മെമ്പർമാർക്ക് ചുമതലകൾ നൽകാം. അവരവർക്ക് കിട്ടിയ വകുപ്പുകളിൽ ശാസ്ത്രീയമായി എന്തെല്ലാം ചെയ്യാനാവും എന്ന് റിസർച്ച് ചെയ്ത് പദ്ധതികൾ അവതരിപ്പിക്കലാണ് ആദ്യ ഘട്ടം. അതിന്റെ വരും വരായ്കകൾ വിലയിരുത്തി പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ പ്രാക്റ്റികൽ വശങ്ങൾ അന്വേഷിച്ച് നടപ്പിൽ വരുത്തുന്നതോടെ സ്വയം പര്യാപ്തതയിലേക്കുള്ള അടിത്തറ ഇടാനാവും. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കുന്ന അടിത്തറയിൽ നമുക്ക് നമ്മുടെ സ്വപ്നങ്ങൾ പടുത്തുയർത്താനാവും.
ദ്വീപിലെ പ്രശ്നങ്ങളും അത് പരിഹരിക്കേണ്ടതും സംബന്ധിച്ച്
2020 മുതലാണ് ദ്വീപിലെ സാധാരണ ജീവിതം തകിടം മറിയുന്നത്. ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്കൊണ്ട് ഒരു ഭരണാധികാരി വന്നിറങ്ങുന്നതോടെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. എത്രയോ കാലമായി ദ്വീപുകാർ സ്വന്തമാക്കി അനുഭവിച്ച് വീട് വെച്ച് താമസിച്ച് വരുന്ന പണ്ടാരഭൂമി കണ്ടുകെട്ടി സ്വന്തമാക്കാനുള്ള ശ്രമം, മൂവായിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടും യാത്രാക്കപ്പലുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചും വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചും അരക്ഷിതാവസ്ഥ ഉണ്ടാക്കിയും മുന്നോട്ട് പോവുന്ന നിലവിലെ ഭരണകൂട സംവിധാനങ്ങൾക്ക് മാറ്റം വരണം. ഇന്ത്യ ഒരു സ്വതന്ത്ര- ജനാധിപത്യ രാഷ്ട്രമാണ്. ലക്ഷദ്വീപും ആ രാഷ്ട്രത്തിന്റെ ഭാഗമാണ്. ഞങ്ങളെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഭരണകൂടം അനുവദിക്കണം.

ഇസ്മത്ത് ഹുസൈൻ

ഫോട്ടോ
മുഹമ്മദ് സാദിഖ് , ലക്ഷദ്വീപ് വ്ലോഗർ
