
ഡോ. സൈനബ എം
Published: 10 August 2025 കവര്‍സ്റ്റോറി
വട്ടെഴുത്ത് അക്കങ്ങൾ
അക്കങ്ങളുടെ ആശയ സംഹിതയാണ് ഗണിതശാസ്ത്രം. മനുഷ്യന്റെ പ്രധാന കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് അക്ക നിർമ്മിതി. കേരളത്തിൽ പല രീതിയിലുള്ള അക്ക സമ്പ്രദായങ്ങളും നിലനിന്നിരുന്നു. പ്രാചീന ഹസ്തലിഖിതങ്ങളിൽ അക്ഷരപല്ലി,അങ്കപല്ലി, കടപയാതി നന്നന്യാദി,വട്ടെഴുത്ത് തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിച്ചിരുന്ന അക്ക സമ്പ്രദായങ്ങൾ. ഇവയിൽ വട്ടെഴുത്ത് അക്കങ്ങൾ ആണ് കേരളത്തിലെ വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഹസ്ത ലിഖിതങ്ങളിൽ പൊതുവെ ഉപയോഗിച്ചുവന്നിരുന്നത്. വട്ടെ ഴുത്ത് അക്കങ്ങളെ കുറിച്ചുള്ള ഒരു സാമാന്യ പരിചയമാണ് ഈ പ്രബന്ധത്തിൽ സാധ്യമാക്കുന്നത്.
കേരളത്തിൽ നിലനിന്നിരുന്ന പ്രാചീന ലിപിയാണ് വട്ടെഴുത്ത്. പതിനാറാം നൂറ്റാണ്ട് വരെയും കേരളത്തിൽ വട്ടെഴുത്ത് ലിപി പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ വട്ടെഴുത്തു ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള കൃതികളിൽ മാത്രമല്ല വട്ടെഴുത്ത് അക്കങ്ങൾ ഉപയോഗിച്ചിരുന്നത്. പ്രാചീന മലയാള ലിപിയിലുള്ള രേഖകളിലും വട്ടെഴുത്തക്കങ്ങൾ സാർവത്രികമായി ഉപയോഗിച്ചു പോന്നിരുന്നു.
സ്ഥാന വില നിർണയിച്ചുകൊണ്ടുള്ള അക്കനിർണ്ണയ രീതിയാണ് വട്ടെഴുത്തിൽ സ്വീകരിച്ചിരുന്നത്. ഗണിതശാസ്ത്രത്തിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് കാരണമായത് പൂജ്യത്തിന്റെ കണ്ടെത്തലാണ്. വട്ടെഴുത്തക്കങ്ങളിൽ പൂജ്യം ഇല്ല. അതായത് പൂജ്യം കണ്ടുപിടിക്കുന്നതിന് മുമ്പായിരിക്കണം വട്ടെഴുത്തക്കങ്ങൾ പ്രയോഗിച്ചുതുടങ്ങിയത്. ഏതു വലിയ സംഖ്യയെയും സൂചിപ്പിക്കാൻ വട്ടെഴുത്തക്കങ്ങൾക്ക് കഴിയുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒന്നു മുതൽ ഒൻപത് വരെയുള്ള അക്കങ്ങൾക്കുശേഷം 10,100,1000 ഇവയ്ക്ക് പ്രത്യേക അക്കങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് വട്ടെഴുത്തക്കങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ആയിരത്തിനു ശേഷം വരുന്ന അക്കങ്ങളെല്ലാം ആയിരത്തിന്റെ പെരുക്കങ്ങൾ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്.
ഇതാണ് ഒന്നു മുതൽ 10 വരെയുള്ള വട്ടെഴുത്ത് അക്കങ്ങൾ. 0 കണ്ടുപിടിക്കുന്നതിനു മുന്നേയുള്ള അക്കസമ്പ്രദായ രീതി ആയതുകൊണ്ട് തന്നെ 10 എന്നത് പ്രത്യേകം ചിഹ്നം ഉപയോഗിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. തുടർന്നുള്ള അക്കങ്ങൾ സ്ഥാന വില നിർണയിക്കുന്ന രീതിയിലാണ് ഉപയോഗിച്ചുവന്നിരുന്നത്. ഉദാഹരണത്തിന് 11 എന്ന് എഴുതുന്നതിന് 10 എന്ന അക്കത്തോടൊപ്പം 1 എന്ന അക്കം ചേർത്താണ് എഴുതിയിരുന്നത്. ഒന്നിൽ കൂടുതൽ അക്കങ്ങൾ വരുമ്പോൾ അക്കങ്ങൾ അടുത്തടുത്തായി എഴുതുന്ന രീതിയും കൂട്ടിച്ചേർത്തു കൊണ്ട് എഴുതുന്ന രീതിയും നിലവിലുണ്ടായിരുന്നു.
ഇപ്രകാരം 19 വരെ എഴുതിയതിനുശേഷം 20 എന്ന് എഴുതുന്നത് 2 എന്ന അക്കവും 10 എന്ന അക്കവും കൂട്ടിച്ചേർത്താണ്. 21 എഴുതുന്നത് 2, 10, 1 എന്നീ അക്കങ്ങൾ കൂട്ടിച്ചേർത്താണ്. ഇപ്രകാരം 99 വരെ എഴുതാനാകും
100 എന്നതിന് പ്രത്യേകം അക്കമുണ്ട്
101 മുതൽ 999 വരെ എഴുതുന്നത് സ്ഥാനവിലകൾക്ക് അനുസരിച്ചിട്ടുള്ള അക്കങ്ങൾ എഴുതിയാണ്. ഉദാഹരണമായി 245 എന്ന് എഴുതണമെങ്കിൽ 2,100,4,10,5 എന്നീ അക്കങ്ങൾ ചേർത്ത് എഴുതണം.
999 ന് ശേഷം 1000 എന്നത് പ്രത്യേകം അക്കത്തിലൂടെ സൂചിപ്പിക്കുന്നു.
ആയിരത്തിനു ശേഷം ആയിരത്തിന്റെ പെരുക്കങ്ങൾ ഉപയോഗിച്ചുകൊണ്ട് എത്ര വലിയ സംഖ്യയും എഴുതാനാകുമായിരുന്നു സ്ഥാനവില നിർണയിച്ചുകൊണ്ടുള്ള ഈ അക്കസമ്പ്രദായത്തിന്റെ ഏറ്റവും വലിയ പരിമിതി സംഖ്യയുടെ വില കൂടുന്നതനുസരിച്ച് എഴുത്തിന്റെ നീളവും വളരെയധികം കൂടുന്നു എന്നുള്ളതാണ്.
പൂജ്യത്തിന്റെ കണ്ടെത്തലോടെ വട്ടെഴുത്ത് അക്കസമ്പ്രദായത്തിന്റെ പ്രാബല്യം കുറയുകയും വട്ടെഴുത്തിലെ ഒൻപത് വരെയുള്ള അക്കങ്ങളോടൊപ്പം പൂജ്യം സ്വീകരിച്ചുകൊണ്ട് മലയാള അക്കങ്ങൾ രൂപപ്പെടുകയും ചെയ്തു. പ്രാചീന മലയാള അക്കങ്ങൾ ആകട്ടെ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള മലയാളത്തിലെ രേഖകളിലും സാഹിത്യ ചരിത്രങ്ങളിലും വർഷങ്ങൾ രേഖപ്പെടുത്തുന്നതിന് സാർവത്രികമായി ഉപയോഗിച്ചിരുന്നു. വട്ടെഴുത്തക്കങ്ങളും പ്രാചീന മലയാള അക്കങ്ങളും ഒന്നാണ് എന്ന ധാരണ പൊതുവേ വ്യാപകമാണ്. എന്നാൽ വട്ടെഴുത്തിലെ 9 വരെയുള്ള അക്കങ്ങൾ നിലനിർത്തിക്കൊണ്ട് പൂജ്യം ചേർത്ത് രൂപപ്പെട്ടതാണ് പ്രാചീന മലയാള അക്കങ്ങൾ. പൂജ്യം ഇല്ലാതെയും സുഘടിതമായ ഒരു അക്കവ്യവസ്ഥ രൂപപ്പെടുത്താൻ വട്ടെഴുത്തക്കങ്ങൾക്ക് കഴിഞ്ഞു എന്നതും ഏറെ ശ്രദ്ധേയമാണ്.


പുതിയ അറിവ് എഴുത്തുകാരിക്കും ജ്ഞാന ഭാഷയ്കും നന്ദി
ഭാഷയിൽ വട്ടെഴുത്ത് അക്ഷരങ്ങൾ ഉണ്ടോ? ഏതൊക്കെ ആണ്?
“വട്ടെഴുത്തു മുപ്പത്തൊന്നും”
എന്ന് എവിടെയോ വായിച്ചതായി ഓർമ്മ.