ഡോ.അരുൺ മോഹൻ പി.

Published: 10 August 2025 കവര്‍‌സ്റ്റോറി

കണക്കതികാരം മലയാളത്തിൽ

കേരളത്തിലാകമാനം ഗണിതപഠനത്തിനുപയോഗിച്ചിരുന്നതും ഇന്നത്തെ പാഠപുസ്തകങ്ങൾക്കു സമാനമായതുമായ താളിയോല ഗ്രന്ഥങ്ങളാണ് കണക്കതികാരം എന്നറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ലാതെ മറ്റ് ദ്രാവിഡ ഭാഷകളിലും കണക്കതികാരങ്ങളുണ്ട്. ജ്യോതിഷഗണിതം, ജ്യോതിശ്ശാസ്ത്രഗണിതം എന്നിവയിൽ നിന്നും ഭിന്നമായി നിത്യജീവിതത്തിൽ ഉപയുക്തമായ അടിസ്ഥാന ഗണിതമാണ് കണക്കതികാരത്തിൽ ഉൾപ്പെടുന്നത്. സി.ഇ. പന്ത്രണ്ടാംനൂറ്റാണ്ടിൽ ഭാസ്‌കരാചാര്യൻ രചിച്ച ലീലാവതിയും സി.ഇ.പതിനാറാംനൂറ്റാണ്ടിൽ ജ്യേഷ്ഠദേവൻ രചിച്ച യുക്തിഭാഷയും കണക്കതികാരമെന്ന പാഠപുസ്ത‌കസമാനമായ ഗ്രന്ഥത്തിൽ നിർണ്ണായക സ്വാധീനമായിട്ടുണ്ട്. കണക്കതികാരത്തിന്റേതായി 5 ഗ്രന്ഥങ്ങൾ കാലിക്കറ്റ് സർവകലാശാല മലയാളകേരളപഠനവിഭാഗത്തിന്റെ ഭാഗമായ തുഞ്ചൻസ്‌മാരക താളിയോല ഗ്രന്ഥപ്പുരയിൽ സംരക്ഷിച്ചിട്ടുണ്ട്. തിരൂർ ചമ്രവട്ടത്തെ കുറ്റിച്ചേരി മനയിലെ കെ. രാമൻനമ്പൂതിരിയിൽ നിന്നും ശേഖരിച്ച 23 ഓലകളുള്ള ഗ്രന്ഥം, കല്ലേക്കുളങ്ങര കൃഷ്‌ണപ്പിഷാരടിയിൽ നിന്നും ശേഖരിച്ച 12 ഓലകളുള്ള ഗ്രന്ഥം, ചേർത്തല പുതിയാട്ടു വീട്ടിൽ ജാനകിയമ്മയിൽ നിന്നും ശേഖരിച്ച 44 ഓലകളുള്ള ഗ്രന്ഥം, പാലക്കാട് കടമ്പഴിപ്പുറം മണ്ണാഴിവീട്ടിൽ ശങ്കരഗുപ്തനിൽ നിന്നും ശേഖരിച്ച 15 ഓലകളുള്ള ഗ്രന്ഥം, ഇരിങ്ങാലക്കുട നെടുമ്പുള്ളി താനാനെല്ലൂർ മനയിൽ പത്മനാഭൻ രാമലുവിൽ നിന്നും ശേഖരിച്ച 77 ഓലകളുള്ള ഗ്രന്ഥം എന്നിവയാണവ. ഇവയിലെ ഓലകളുടെ എണ്ണം കൊണ്ട് ഇടത്തരം ഗ്രന്ഥമായ 1307-ബി നമ്പറിലുള്ളതും ചമ്രവട്ടത്തു നിന്നും ശേഖരിച്ചതുമായ ഗ്രന്ഥത്തെയാണീ പ്രബന്ധത്തിന് മുഖ്യമായും ആധാരമാക്കിയിട്ടുള്ളത്. ഇതിൽ 23 ഓലകളുടെ ഇരുപുറത്തുമായെഴുത്തുണ്ട്. ചില ഓലകളിൽ പതിനൊന്നും പതിമൂന്നും വരികളിലെഴുതിയിട്ടുണ്ടെങ്കിലും കൂടുതലോലകളിലും 12 വരികളിലാണെഴുത്ത്. ഗ്രന്ഥകാരനെക്കുറിച്ച് സൂചനകളില്ല. അതിനുകാരണം പരക്കെ എഴുതി ഉപയോഗിച്ച് കൈമാറിവന്നതുകൊണ്ട് കൂടിയാണ്. ഗ്രന്ഥാവസാനം അകപ്പകുണകുറ്റ്യചേരിഗ്രന്ഥം എന്നൊരു പരാമർശം ഉണ്ട്. തുഞ്ചൻ താളിയോലഗ്രന്ഥപ്പുരയിലെ എല്ലാ കണക്കതികാര ഗ്രന്ഥങ്ങളും ഗദ്യപദ്യമിശ്രമാണ്. ഗണിതം അല്ലെങ്കിൽ ചോദ്യം പദ്യരൂപത്തിലും നിർധാരണം അഥവാ വഴിയും ഉത്തരവും ഇതിൻ പൊരുൾ എന്ന മുഖവാചകത്തോടുകൂടി ഗദ്യത്തിലുമായിരിക്കും. ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു എന്ന മംഗള വാചകത്തോടെയാണ് പാലക്കാടു നിന്നും ലഭിച്ചതല്ലാത്ത 4 ഗ്രന്ഥങ്ങളും ആരംഭിക്കുന്നത്. പാലക്കാട് ഗ്രന്ഥത്തിൽ ഹരിഃ എന്നു മാത്രമാണുള്ളത്. അക്ഷരം, പദം, വാക്യം എന്നിങ്ങനെ ഗ്രന്ഥങ്ങൾക്കു തമ്മിൽ പാഠഭേദവുമുണ്ട്.
കണക്കതികാരത്തിന്റെ എല്ലാ ഓലപ്പകർപ്പുകളിലും ഒന്നാമത്തെ പദ്യം പണക്കരി നാഗമീടും എന്നു തുടങ്ങുന്നതാണ്.
പണക്കരി നാഗമീടും പടർചിടെ ശിവന്നു പൊലും
പിണക്കരുതാത വണ്ണം പെരിമ ചെർന്തൊളി വിളംകും
കണക്കതികാരമെന്നും കവിത കെറ്റിയംപുവാനായിതു
തുണെക്ക നൽ കരിമുകത്തൊൻ തുയർ കെടുമാറു വന്തെ.
ഇതിൻ പൊരുൾ പണംകളിലരിയ പണമുടയ നാഗത്തെ പടർചിടയിൽ ചൂടിയിരുന്നരുളുന്ന ശ്രീ മഹാദെവന്നു പൊലും പിണക്കരുതാത വണ്ണം പെരിമ ചെർന്തൊളി വിളംകിയിരിക്കുന്ന കണക്കതികാരമാകുന്ന കവിതയെപ്പടിച്ചു ചൊല്ലുവാനായ്കൊണ്ട് തുണ ചെയ്യൂതാക കരിമുഖനാകുന്ന ഗണപതി താനെന്ന വാറ്.
വ്യാഖ്യാനം: ഫണങ്ങളിൽ വച്ചേറ്റവും ശ്രേഷ്‌ഠമായ ഫണത്തിന് ഉടമയാണ് സർപ്പം. പണത്തെ സംബന്ധിച്ച് അത് നാഗമാണിക്യത്തെയാണ് ഉദ്ദേശിക്കുന്നത്; പക്ഷേ, ദ്രാവിഡ രീതിയില്‍ അതിഖരമൃദുഘോഷാദികളെ ഒഴിവാക്കി ‘പ’വര്‍ഗ്ഗത്തിലെ ഖരത്തെ ഇവിടെ യുക്തിപരമായി ഉപയോഗിച്ചിരിക്കുന്നു. അത്തരത്തിലുള്ള നാഗത്തെ തന്റെ വലിയ ജഡയിൽ അലങ്കാരമായി അണിഞ്ഞിരിക്കുന്ന ശിവന് പോലും പിണക്കാൻ കഴിയാത്ത വിധത്തിലുള്ള പ്രശസ്തി ചേർന്നതിനാൽ ഒളി വിളങ്ങുന്ന കണക്കതികാരം എന്ന കവിതയെ പഠിച്ചു ചൊല്ലുന്നതിന് ഗജമുഖനായ ഗണപതി തുണയ്ക്കണം. ഇവിടെ നാഗമാണിക്യത്തക്കാൾ വിലയേറിയതാണ് കണക്കതികാരമെന്ന ഗ്രന്ഥം എന്നാണ് സൂചിപ്പിക്കുന്നത്.
ഇതിനുശേഷമുള്ള ദേവതാസ്‌തുതിപരങ്ങളായ ശ്ലോകങ്ങൾ താളിയോലയിലേക്ക് ഗ്രന്ഥം പകർത്തിയവരുടെ താത്‌പര്യങ്ങളേയും ദേവതാപ്രീതിയേയും ഗണിതാവബോധത്തേയും അടിസ്ഥാനമാക്കിയുള്ളതുമാണ്. ഈ ഗ്രന്ഥത്തിലെ അഞ്ചാം പദ്യത്തിൽ ഉള്ളടക്കസംബന്ധിയായ സൂചനകളുണ്ട്.
ആതിനിലം പൊന്നെല്ലരിശി അകിലിടത്തിൽ
നീതി തരും കല്ലും നെരിഴയായി
ഒതയറുപ്പതുമാകച്ചൊന്നെൻ ഒന്നൊഴിയാതവണ്ണം
മെതിലറുപതു കാതൽക്കെ അടെത്തു ചൊന്നെനെന്നവാറെ.
ഇതിൻ പൊരുൾ ആതിനിലത്തുക്കിന്ന് 12 പൊന്നിന്ന് 20 നെല്ലിന്ന് 6 അരിശിക്ക് 3 (േ)കാൽക്കൽ 3 കല്ലിന്നൊന്നു പൊതുവായുള്ള മരക്കണക്കിൻ വഴി 5 എന്നിങ്ങനെ വഴിക്കണക്കിന്റെ ആധാരത്തെച്ചൊന്നവാറ്.
വ്യാഖ്യാനം: വഴിക്കണക്കിന്റെ ആധാരത്തെ പറയുന്നു. ആദ്യം നിലം അളക്കുന്ന കണക്ക് ഇതിന് 12 വഴികൾ, പൊൻകണക്കിന് 20 വഴികൾ, നെൽക്കണക്കിന് 6 വഴികൾ, അരിക്കണക്കിന് 2 വഴികൾ, കോൽക്കണക്കിന് 3 വഴികൾ, കൽക്കണക്കിന് വഴി 1, മരക്കണക്കിന് 5 വഴികൾ.
ആദ്യം നിലവുമായി ബന്ധപ്പെട്ട കണക്കിനേയും തുടർച്ചയായി പൊന്ന്, നെല്ല്, അരി, കല്ല്, കോല്, മരം എന്നിവയെ സംബന്ധിക്കുന്ന കണക്കുകളുമാണുള്ളതെന്നതാണീ സൂചന. പിന്നീട് ഈ വഴിക്കണക്കിനുള്ള അളവുതൂക്കങ്ങളെ സംബന്ധിക്കുന്ന സൂചനയാണ്.
ഒന്നു കഴഞ്ചു കലമൊരു കൊൽ കാതം നാൾ
നിന്ന പടിയൂരെപ്പൻ നെരിഴയായി
കുന്നായ്മയിലിളന്തലകത്തിയിലുന്ന
എണ്ണിൻ വഴി വന്തതെല്ലാം പകുത്തു.
ഇതിൻ പൊരുൾ ഒന്നെന്നും കഴഞ്ച് എന്നും കലമെന്നും കോലെന്നും കാതമെന്നും നാളെന്നും എന്നിങ്ങിനെ 6 വഴിക്കണക്കിനുടെ ആധാരത്തെച്ചൊന്നവാറ്.
വ്യാഖ്യാനം: വഴിക്കണക്കിന്റെ ആധാരങ്ങൾ ആറെണ്ണമാണ്. 1. ഒന്ന് 2. കഴഞ്ച് 3. കലം 4. കോൽ 5. കാതം 6. നാൾ എന്നിവയാണവ.

1.ഒന്ന്

ഈ 6 ആധാരങ്ങളെയും സൂക്ഷ്‌മമായി രേഖപ്പെടുത്തുകയാണിനി. ഒന്ന് വെറുമൊരൊന്നല്ല എന്ന പാഠം ഈ ഘട്ടത്തിൽ കണക്കതികാരം നമ്മെ ബോധിപ്പിക്കുന്നു. 7 അണു = 1 ഇമ്മി, 21 ഇമ്മി = 1 കീഴ്‌മുന്തിരി, 2 കീഴ്‌മുന്തിരി = 1 കീഴരക്കാണി, 2 കീഴരക്കാണി = 1 കീഴ്ക്കാണി, 2 കീഴ്ക്കാണി = 1 കീഴരമ, 2 കീഴരമ = 1 കിഴൊരുമ, 5 കിഴൊരുമ = 1 കിഴുക്കാൽ, 4 കിഴുക്കാൽ = 1 കീഴൊന്ന്, 2 കീഴൊന്ന് = 1 മുന്തിരിക, 320 മുന്തിരിക = 1 എന്ന സംഖ്യ. 92 മാത് = 1 ചവതം. 92 ചവതം – 1 ഒശ, 22 ഒശ = 1 അണുമാവ്, 21 അണുമാവ് = 1 അണു. ഇവിടെ സൂചിപ്പിച്ച അണുവിലും ചെറിയ ഘടകങ്ങളുണ്ട്. 880 അതൃട്ടം = 1 തൃട്ടം, 306 തൃട്ടം = 1 തുളി (ധൂളി), 247 തുളി (ധൂളി) = 1 തരി, 25 തരി = 1 അണു. സൂക്ഷ്മ‌ത ഇവിടെയും അവസാനിക്കുന്നില്ല. 51 ചതിരണ = 1 ത‌ല്പരം, 21 തല്പരം = തിമിരം, 21 തിമിരം = 1 അണുമാവ്, 21 അണുമാവ് = 1 അണു. സൂക്ഷ്‌മത തുടരുന്നു. 9 തക്ക = 1 തന്ത, 27 തന്ത = 1 ചിന്നി, 17 ചിന്നി = 1 മുത്ത്, 19 മുത്ത് = 1 അണുമാവ്, 21 അണുമാവ് = 1 അണു. ഈ സൂക്ഷ്മ‌തയിൽ 7 അണു ചേർന്ന് ഒരു ഇമ്മിയും 320 മുന്തിരിക ചേർന്ന് ഒന്നും ആകുന്നു. അഥവാ 320 ഇമ്മി ചേർന്നതാണ് ഒരൊന്ന്. ഇപ്രകാരമുള്ള സംഖ്യാരൂപങ്ങൾക്ക് 127 സ്ഥാനങ്ങളുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. ഒന്ന്, പത്ത്, നൂറ്, ആയിരം, പത്തായിരം, നൂറായിരം, കോടി, മഹാകോടി, ചങ്ക്, മഹാചങ്ക്, പൂവ്വ്, മഹാപൂവ്വ്, കല്പം, മഹാകല്പം, ലക്ഷം, മഹാലക്ഷം, ദണ്‌ഡം, മഹാദണ്ഡ‌ം, ധൂളി, മഹാധൂളി, വെള്ളം, മഹാവെള്ളം, പ്രളയം എന്നിവയുൾപ്പെട്ടാണ് ഈ 27 സ്ഥാനങ്ങൾ. 8 മുതൽ 13 വരെയുള്ള പദ്യ-ഗദ്യങ്ങൾ ഈവിധം സംഖ്യാ സംബന്ധിയാണ്.

2.കഴഞ്ച്
വിവിധങ്ങളായ തൂക്കത്തിനുള്ള കണക്കാണടുത്തത്. 1 വീശത്തൂക്കം = 1 നെല്ലിട, 2 നെല്ല് = 1 മുളക് (കുരുമുളക്), 2 മുളക് = 1 കുന്നി, 2 കുന്നി = 1 മഞ്ചാടി, 5 മഞ്ചാടി = 1/4 (കാൽ) കഴഞ്ച്. 4കാൽ കഴഞ്ച് = 1 കഴഞ്ച്, അഥവാ 20 മഞ്ചാടി = 1 കഴഞ്ച്. കഴഞ്ചിൽ നിന്നും കുരുതത്തിലേക്കുള്ളതാണടുത്ത ഗണം. 4 കഴഞ്ച് = 1 കയിശ, 6 കയിശ = 1 ഒക്കിയ, 9 ഒക്കിയ = 1 തുണ്ടായം, 200 തുണ്ടായം = 1 മന്നം, 256 മന്നം = 1 ഇടങ്ങഴിനീർ നാഴി, 37 ഇടങ്ങഴിനീർ നാഴി = 1 കുരുതം. കുരുതം മനസ്സിലാക്കിയതിനുശേഷം വാരത്തൂക്കം പറയുന്നു: 16 വീശം = 1 കാണം, 10 കാണം = 1 കഴഞ്ച്, 12 കഴഞ്ച് = 1 പലം, 100 പലം = 1 തുലാം, 20 തുലാം = 1 വാരം. ഒരു വാരത്തൂക്കം എന്തിനെല്ലാം സമമാണെന്നതാണ് അടുത്തതായി പറയുന്നത്. 20 തുലാം = 1 വാരം, 2000 പലം = 1 വാരം, 24000 കഴഞ്ച് = 1 വാരം, 280,000 പണമിട = 1 വാരം. ഇതോടൊപ്പം മറ്റു രൂപങ്ങളെ പറയുന്നു; 100 മണം = 1 തൂമം, 100 തൂമം = 1 പാൽ, 6 പാൽ = 1 നെയ്യ്, 12 നെയ്യ് = 1 ഇണചലം, 100 ഇണചലം = 1 കുണംകണം, 100 കുണംകണം = 1 വിന്തു. 18 വിന്തു – 1 തുരുവം. 14 മുതൽ 19 വരെയുള്ള പദ്യ-ഗദ്യങ്ങൾ ഈ വിധമുള്ള തൂക്കങ്ങളുടെ സൂക്ഷ്‌മ വിവരണമാണ്.

3. കലം
നെല്ല്, അരി ഇത്യാദികൾക്കുള്ള അളവു തൂക്കാദികളാണടുത്തതായി പറയുന്നത്. 5 ചകിട (ചവിട) = ആഴക്ക് 1, 2 ആഴക്ക് = 1 ഉഴക്ക്, 4 ഉഴക്ക് = 1 നാഴി, ഉഴക്കിനും നാഴിക്കുമിടയിലുള്ള ഉരിയെക്കുറിച്ചും 4 നാഴി ചേർന്ന് 1 ഇടങ്ങഴിയെന്നതും പരാമർശിക്കുന്നില്ല. 8 നാഴി = 1 കുറണി, 2 കുറണി = 1 പതക്ക്, 2 പതക്ക് = 1 തൂണി. 10 തൂണി = 1 പറ, 10 പറ = 1 കലം. ഇനി ഒരു നാഴിയിൽ കൊള്ളുന്നവയുടെ തൂക്കം (കനം) പലക്കണക്കിൽ പറയുന്നു; നാഴി നെല്ല് = 11 പലം, നാഴി അരി = 12 1/2 പലം, നാഴി ഉപ്പ് = 16 പലം, നാഴി മണ്ണ് = 17 പലം, നാഴി മണൽ = 20 പലം, 20, 21 എന്നീ പദ്യ-ഗദ്യങ്ങളിലാണിവ രേഖപ്പെടുത്തിയിട്ടുള്ളത്.
4.നാൾ
നാൾക്കണക്കിൽ സമയത്തിനാണ് പ്രാധാന്യം. 1 നാൾ (ദിവസം) = 60 നാഴിക, 1 നാഴിക = 60 വിനാഴിക, 1 വിനാഴിക = 5 വീർപ്പ്, 1 വീർപ്പ് = 10 കണിതം, 1 കണിതം = 4 മാത്ര, 1 മാത്ര = 8 കണ്ണിമ / കൈനൊടി. ഇനി സൂക്ഷ്മ സമയങ്ങളുണ്ട്; 30 കാലം = 1 കാട്ട, 30 കാട്ട = 1 കല, 30 കല = 1 തുടി, 30 തുടി = 1 അല്പം, 2 അല്പ‌ം = കാലം 10/ കാന്തി / മുഹൂർത്തം/ലവം. ലവം ഏറ്റവും സൂക്ഷ്‌മമാണ്. ലവം കണ്ടെത്തണമെങ്കിൽ ഇളംതാമരയിലകൾ ഒന്നിനുമുകളിലൊന്നായടുക്കി വച്ച്, കൈവേഗമുള്ളൊരാൾ കൂർത്ത സൂചിമുനകൊണ്ട് അതിവേഗം കുത്തുക. കുത്തുമ്പോൾ സൂചി ഒരിലയിൽ നിന്നും മറ്റൊരിലയിലെത്തുന്നതിനിടയിലുള്ള സമയമാണ് 1 ലവം. 22, 23 എന്നീ പദ്യ-ഗദ്യങ്ങളിലാണ് നാൾക്കണക്ക്.

5. കോല്‍
ചെറിയ അളവിൽ നിന്നും ഏറ്റവും അകലത്തെ നിർണ്ണയിക്കുന്നതിനുള്ള കണക്കിന്റെ വഴികളുണ്ട്. 8 അണു = 1 വഞ്ചിത്തൂളി, 8 വഞ്ചിത്തൂളി = 1 തെർത്തുകൾ, 8 തെർത്തുകൾ = 1 മയിർമുന, 8 മയിർമുന = 1 മുന്മണൽ, 8 മുന്മണൽ = 1 പരിമണൽ, 8 പരിമണൽ = 1 ചെറുകടുക്, 8 ചെറുകടുക് = 1 എള്ള്, 8 എള്ള് = 1 നെല്ല്, 8 നെല്ല് = 1 തൊരവിരൽ, 6 തൊരവിരൽ = 1 ചാർണം, 2 ചാർണം = 1 മുഴം, 2 മുഴം = 1 മുഴക്കോൽ, 4 മുഴക്കോൽ = 1 തെണ്ടുകോൽ, 5 തെണ്ടുകോൽ = 1 കൂവീട്, 4 കൂവീട് – 1 കാതം, 8 1/2 കാതം = 1 യോജന. 24, 25 എന്നീ പദ്യ-ഗദ്യങ്ങളിലാണ് കോൽക്കണക്ക്.
6. കാലം
31ആം പദ്യത്തിൽ ചതുർയുഗാദികളേയും അവ ഓരോന്നും എത്ര വർഷമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ബ്രഹ്മാവിന്റെ ഒരു പകലിനെ ഒരു കല്പ‌കാലമെന്നു വിളിക്കുന്നു. ഒരു കല്പകാലത്തിൽ 14 മനുക്കൾ വാണ് മുടിയും; അഥവാ പൂര്‍ത്തിയാകും. ഒരു മനുവെന്നാൽ നാല് ചതുർയുഗം. കൃത, ത്രേത, ദ്വാപര, കലിയെന്നിവയാണവ. കൃതയുഗത്തിൽ 4800 ഉം ത്രേതായുഗത്തിൽ 3000 ഉം ദ്വാപരയുഗത്തിൽ 2400 ഉം കലിയുഗത്തിൽ 1200 ഉം വർഷങ്ങളുണ്ട്. ആകെ 12000 വർഷം. ഇവ ദേവ വർഷങ്ങളാണ്. മനുഷ്യരുടെ ഒരുവർഷത്തിൽ 360 ദിവസങ്ങളാണുള്ളത്. മനുഷ്യരുടെ 360 വർഷങ്ങൾ ചേർന്നാലൊരു ദേവ വർഷമായി. ഇത്തരം 12000 വർഷങ്ങൾ ചേരുന്നതിനെ പതയുഗമെന്നും വിളിക്കുന്നു.

ഗണിത മാതൃകകള്‍
ഈ ഗ്രന്ഥത്തിന്റെ ഗണിതപരമായ ഘടനയെ അല്പം മനസ്സിലാക്കാനാണ് ഇനിയുള്ള ശ്രമം. ഇഷ്ടദേവതാ സ്തു‌തിപരങ്ങളായ ആദ്യത്തെ 4 പദ്യങ്ങൾ കഴിഞ്ഞാൽ 5 മുതൽ 24 വരെയുള്ള പദ്യങ്ങളിൽ വഴിക്കണക്കിനുള്ള ആധാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 26ആം പദ്യം ഒരു സംഖ്യയുടെ സംകലിതം കാണുന്നതിനുള്ള വഴി പറഞ്ഞുതരുന്നു.
പത്തിറ കലിതമാന പടിതെടും
അങ്കതറിവെണ്ടിനതിനെങ്കളുമതിമ്പിൻ
വന്തതവയൊക്കയു മീരാറിനൊടുമാറി
തങ്കിനതൊരാറിനുടനിയ്യ വരുമാരെ.

ഇതിൻ പൊരുൾ സംകലിത കണക്ക് പിടിച്ചാൽ സംകലിതം വരുത്തുവാൻ കണക്ക് പത്തിന് സംകലിതമെങ്ങിനെയെന്നാൽ പത്തിനെപ്പാതിയാക്ക 10ഉം 5ഉം പെരുക്ക 50 പാതിയാക്കിയ 5ഉം കൂട്ടുക 55 അപ്പൊൾ പത്തിന് സംകലിതം 55 എന്നറിക.
വ്യാഖ്യാനം: സംകലിതം കണക്കാക്കേണ്ട വിധം; 10 ന്റെ സംകലിതം കണക്കാക്കുന്നതിനായി 10നെ പകുതിയാക്കുക, അപ്പോള്‍ 5. ഈ 5 ഉം 10 ഉം തമ്മിൽ പെരുക്കുക 5 x 10 = 50. നേരത്തേ 10 നെ പകുതിയാക്കിതിൽ ബാക്കിയുണ്ടായിരുന്ന 5 ഈ 50 നോട് കൂട്ടുക 5 + 50 = 55. അപ്പോൾ 10ന് സംകലിതം 55 എന്നറിയുക.
സംകലിത ഗണിതത്തിനുള്ള ഉദാഹരണമാണ് 27ആം പദ്യം.

മണ്ണിൽച്ചാലവളർനാട്ടിൽ മാരിപെരുകിയുഴുത
ഒരു നാട്ടിൽ ഒരു കലം വിത്തിട്ടു പൊന്നൊനൊരുവൻ
കണ്ണക്കാണപ്പെട്ടീലെ വന്നുണ്ണും പൊതൊരുവൻ ഒരു
മണ്ണുംകട്ടകൊണ്ട് കടിയ കുരുവിനെ ഒന്നെറിന്താൻ അതും കൊണ്ടണ്ണിരെ.
ഇതിൻ പൊരുൾ മണ്ണിൽച്ചാലവളർനാട്ടിൽ മാരിപെരുകിയുഴുത ഒരു നിലത്ത് ഒരു കലം വിത്തു വിതച്ചാനൊരുവൻ അതൊക്കക്കുരുപ്പെറുക്കിക്കളഞ്ഞു അക്കുരുപ്പെറുക്കുന്നപ്പൊൾ ഉടയവൻ കണ്ട് ഒടിക്കൂടി ഒരു മണ്ണുംകട്ടകൊണ്ടളന്നെറിന്താൻ അത് ഒരു കുരുവിന് കൊണ്ട് ആ കുരു ചത്തു ആ കുരു ചാകുന്നപ്പൊൾ ചൊല്ലി ഇനിക്ക് മൂന്നു വിത്തുമണി അകപ്പെട്ടു ഉള്ളു എന്നാൽ എല്ലാക്കുരുവിനും മൂമൂന്നു വിത്തുമണി അകപ്പെട്ടാൽ എത്തിന കുരുക്കൂടിപ്പെറുക്കിക്കളെഞ്ഞു എന്ന് ചൊല്ലുക കലമാവത് 100 ഇടങ്ങഴി ഇടങ്ങഴി 1 ന്ന് ചെറുനാഴി 4 ചെറുനാഴി 1 ന് മണി 14000 400ററിൽപ്പെരുക്ക 50 700,000 60,000 (അമ്പത്തേഴുലക്ഷത്തി അറുപതിനായിരം) മണി അതിനെ 3ൽ കിഴിക്ക് 19 100,000 ഉം 20,000 ഉം (പത്തൊമ്പത് ലക്ഷത്തി ഇരുപതിനായിരം)മപ്പൊൾ 19 100,000, 20,000 (പത്തൊമ്പത് ലക്ഷത്തി ഇരുപതിനായിരം) കുരുക്കൂടിപ്പെറുക്കിക്കളെഞ്ഞു എന്നു ചൊൽക

വ്യാഖ്യാനം: 

മണ്ണിൽച്ചാല വളർന്നാട്ടിൽ മഴ പെരുകിയപ്പോളുഴുത ഒരു നിലത്ത് ഒരാൾ ഒരു കലം വിത്ത് വിതച്ചു. അതെല്ലാം കുരുവികൾ പെറുക്കിക്കളഞ്ഞു. കുരുവികൾ വിത്ത് പെറുക്കുന്നതു കണ്ട് ഓടി വന്ന ഉടമസ്ഥൻ ഒരു മണ്ണുംകട്ടകൊണ്ട് അളന്നെറിഞ്ഞത് ഒരു കുരുവിയുടെ ദേഹത്തു കൊണ്ടു. ചാകുമ്പോൾ ആ കുരുവി പറഞ്ഞു – ഇനിക്ക് 3 മണി വിത്ത് അകപ്പെട്ടു – അങ്ങനെയെങ്കിൽ എല്ലാ കുരുവികളും മുമ്മൂന്ന് വിത്തുമണി വീതം അകത്താക്കിയെങ്കിൽ എത്ര കുരുവികൾ ചേർന്നാണ് വിത്ത് പെറുക്കിക്കളഞ്ഞതെന്ന് പറയുക? കലമെന്നു പറയുന്നത് 100 ഇടങ്ങഴിയാണ്. 4 ചെറുനാഴിക്ക് സമമാണ് 1 ഇടങ്ങഴി. 1 ചെറുനാഴിയിൽ 14000 മണി വിത്തുണ്ടാകും. 14000 നെ 400 കൊണ്ട് പെരുക്കുക 14000 x 400 = 5,8000,000, അമ്പത് അറുനൂറായിരം (അമ്പത്താറുലക്ഷം, ഗ്രന്ഥത്തിൽ അമ്പത്തേഴുലക്ഷത്തി അറുപതിനായിരം (57,60,000) ആണ് കൊടുത്തിട്ടുള്ളത്) മണി. അതിനെ 3 കൊണ്ട് കിഴിക്കുക പതിനെട്ട് ലക്ഷത്തി അറുപത്താറായിരത്തി അറുപത്താറ് (18,66,666.66666), (ഗ്രന്ഥ ത്തിൽ ഉള്ള കണക്കു പ്രകാരം അമ്പത്തേഴു ലക്ഷത്തി അറുപതിനായിരത്തെ മൂന്നു കൊണ്ട് കിഴി ച്ചാൽ പത്തൊമ്പത് ലക്ഷത്തി ഇരുപതിനായിരം എന്നാണ് ഉത്തരം) കുരുവികൾ ചേർന്ന് പെറുക്കിക്കളഞ്ഞെന്ന് ഉത്തരം പറയുക. ഈ ഗണിതം സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ടെങ്കിലും പഠിതാവിന്റെയോ പകര്‍ത്തിയ വ്യക്തിയുടെയോ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ച തെറ്റീ ഗണിതത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തി.
29ആം പദ്യം മലയാള ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കതികാരത്തിന്റെ ദേശാടിസ്ഥാനത്തിലുള്ള തരതമഭേദങ്ങളുമായി ബന്ധമുള്ളതാണ്.
ഒരു പലമതിനുള്ളാ പണമിട ചൊൽവൻ
ഒരൊ തുറകളിൽ വെവ്വെറെ ചൊല്ലാം ക്രമമായ്
ചൊൽവാൻ വലിയ തുറ മുതലായി ചെറിയതിനൊളം
ചൊല്ലുവനിപ്പൊൾ 280 പണമിടയൊന്നിനു
മുപ്പത്തുരണ്ടര കുറയുമതിമ്പിൻ 225 ഉള്ള
മൂന്നാം കൊൽക്ക് 214 മതവും 1 160 പണമിട
അഞ്ചാം കൊൽക്ക് നൂറൊടു നാല്പതുമാറാമതുവും.
ഇതിൻ പൊരുൾ വെളിയംകൊട്ട് കൊൽക്ക് പലം ഒന്നിനു പണമിട 280 കൊഴിക്കൊട്ട് കൊൽക്ക് പലം ഒന്നിന്ന് പണമിട 247 കൊച്ചിയിൽ കൊൽക്ക് പലമൊന്നിന്നു പണമിട 225 പാലൂകൊൽക്ക് പലമൊന്നിനു പണമിട 210 പാലക്കാട്ടുചെരി കൊൽക്ക് പലമൊന്നിനു പണമിട 160 കുളമുക്കൻ കൊൽക്ക് പലമൊന്നിനു പണമിട 140 ഇങ്ങിനെ കൊലാറിനുടെയും പണമിടയെന്നറിക.
വ്യാഖ്യാനം: ഓരോ ദേശത്തേയും കോലിൻ്റെ തൂക്കം പലമൊന്നിന് പണമിടക്കണക്കിൽ പറയുന്നു. ഈ പദ്യത്തിലെ വ്യത്യസ്‌ത പ്രദേശങ്ങളിലെ കോലുകൾക്ക് പലത്തിന്റെ കണക്കില്‍ തൂക്കം കണക്കാക്കുമ്പോൾ പണമിടയിലുള്ള വ്യത്യാസം ഈ ഗ്രന്ഥത്തിനും അതിന്റെ പ്രയോഗമേഖലയുടെ വ്യാപനത്തിനുമുള്ള വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഈ കണക്കു പ്രകാരം വെളിയംകോട്, കോഴിക്കോട്, കൊച്ചി, പാലൂർ (തൃശൂര്‍ ചാവക്കാടടുത്തെ പാലയൂർ/ പാലക്കാട് പാലൂർ), പാലക്കാട്ടു ചേരി, കുളമുക്ക് എന്നിവിടങ്ങളിലെ കോലുകളുടെ പലമൊന്നിനുള്ള തൂക്കം പണമിടയിൽ നല്കിയിരിക്കുന്നതീവിധമാണ്. വെളിയംകോട്ടെ കോൽ പലം 1 = പണമിട 280. കോഴിക്കോട്ടെ കോൽ പലം 1 = പണമിട 247. കൊച്ചിയിലെ കോൽ പലം 1 = പണമിട 225. പാലൂർ കോൽ പലം 1 = പണമിട 210. പാലക്കാട്ടു ചേരി കോൽ പലം 1 = പണമിട 160 കുളമുക്കൻ കോൽ പലം 1 = പണമിട 140. ഇതുപ്രകാരം ഈ ഗ്രന്ഥത്തിലുൾപ്പെടുന്ന വിവരങ്ങൾ തെക്ക് കൊച്ചിരാജ്യം മുതൽ പാലക്കാടടക്കം വടക്ക് കോഴിക്കോട് രാജ്യം വരെ പ്രചാരമുള്ളതായിരുന്നെന്നു മനസ്സിലാക്കാം.
32 മുതൽ 45 വരെയുള്ള പദ്യ-ഗദ്യങ്ങൾ പൊൻകണക്കിനെ സംബന്ധിക്കുന്നവയാണ്. ഭാസ്കരാചാര്യരുടെ ലീലാവതിയിലെ സുവർണ ഗണിതഃ എന്ന അധ്യായമാണിതിനാധാരം. പൊന്നിന്റെ മാറ്ററിയുന്നതിനുള്ള സൂത്രവാക്യങ്ങളിൽ ശ്രദ്ധേയമായ ഒന്ന് പൊന്നിൽ കിഴിച്ചത് മാറ്റാകും എന്ന പ്രസ്താവനയാണ്. 46 മുതൽ 55 വരെയുള്ള പദ്യ-ഗദ്യങ്ങൾ മരക്കണക്കാണ്. ലീലാവതിയിലെ ക്രകചവ്യവഹാരഃ എന്ന അധ്യായമാണിതിനാധാരം. 46ആം പദ്യത്തിൽ മരക്കണക്കിന്റെ വിധങ്ങളെപ്പറയുന്നു. വിരൽ, തൂമരം, കണ്ടി എന്നിവ കണക്കാക്കുന്ന വിധമാണിത്. വെട്ടിപ്പൊളിച്ച മരത്തിനെ ഒരു നൂലു കൊണ്ട് ചുറ്റുക. ആ നൂലിനെ നാലാക്കി മടക്കി അതിലെ മൂന്നു കൂറും കളഞ്ഞ് അവശേഷിക്കുന്ന കൂറാണ് വിരൽ ഇതിന്റെ വർഗ്ഗം കാണുക. ഒരു സംഖ്യയെ അതുകൊണ്ടു തന്നെ പെരുക്കിയാൽ കിട്ടുന്ന തുകയാണതിൻ്റെ വർഗ്ഗം. ഈ വർഗ്ഗം കണ്ട തുകയെ മരത്തിൻ്റെ നീളത്തോട് കൂട്ടുക. ഇങ്ങനെ കിട്ടുന്ന തുകയെ 144 കൊണ്ട് ഹരിക്കുക അപ്പോൾ ലഭിക്കുന്നതാണ് തൂമരം. തൂമരത്തെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് കണ്ടി. 56 മുതൽ 63 വരെയുള്ള പദ്യ-ഗദ്യങ്ങൾ നിലക്കണക്കിനെ സംബന്ധിക്കുന്നതാണ്. കണക്കതികാരത്തിലെ നെൽക്കണക്കിന് ലീലാവതിയിലെ രാശീവ്യവഹാരഃ എന്ന അധ്യായമാണാധാരം.
ചൈനീസ് ഗണിതത്തിലുള്ളതും ഭാരതീയ ഗണിതത്തിലേക്ക് പ്രവേശിച്ച് ലീലാവതിയിൽ ഉൾപ്പെടുത്തിയതുമായ ഒരു ഗണിതചോദ്യം കണക്കതികാരത്തിലുണ്ട്. ചൈനീസ് ഗണിതത്തിൽ; 10 ചീ (1 ചീ – ഏകദേശം 23 സെന്റീമീറ്റർ) ഉയരമുള്ള മുള ഇടയ്ക്കു വെച്ചൊടിഞ്ഞു മുളഞ്ചുവട്ടിൽ നിന്ന് 3 ചീ മാറി കുത്തുന്നു. എന്തുയരത്തിൽ വെച്ചാണ് മുള ഒടിഞ്ഞത്. ഒമ്പതാം ശതകത്തിൽ മാഹാവീരൻ മുതൽ പന്ത്രണ്ടാം ശതകത്തിലെ ഭാസ്‌കരാചാര്യർ വരെ പല പ്രതിഭകളും ഈ ഗണിതം ഉപയോഗിച്ചിട്ടുണ്ടെന്ന് മയൂരശിഖയിൽ ജോർജ് ഗീവർഗീസ് ജോസഫ് രേഖപ്പെടുത്തുന്നു. ഭാരതത്തിലൂടെയും അറേബ്യയിലൂടെയും പടിഞ്ഞാറൻ കുടിയേറ്റം നടത്തി ഈ ചോദ്യം പാശ്ചാത്യ കൃതികളിലും സ്ഥാനം പിടിച്ചതായി അദ്ദേഹം വിലയിരുത്തുന്നു. ഇതിന്റെ ഉത്തരം കാണുന്ന രീതി എയും ബി + സിയും തന്നിട്ടുണ്ട്. ബി കാണുക എന്നതാണ് പ്രശ്നം. നിർധാരണം; മുളഞ്ചുവട്ടിൽ നിന്ന് ഒടിഞ്ഞ് തറയിൽ കിടക്കുന്ന ഇടം വരെയുള്ള അകലത്തിന്റെ വർഗം കാണുക. ഇതിനെ മുളയുടെനീളം കൊണ്ട് ഹരിക്കുക. ഹരണ ഫലത്തെ മുളയുടെ നീളത്തിൽ നിന്ന് കുറയ്ക്കുക. അന്തരത്തിന്റെ പകുതി എടുക്കുക ഇതാണ് ഒടിഞ്ഞ സ്ഥാനം വരെയുള്ള ഉയരം. ഇതേ ഗണിതം ആധുനിക രീതിയിൽ;
എ = മുളഞ്ചുവടും ഒടിഞ്ഞുകുത്തിയയിടവും തമ്മിലുള്ള അകലം.
ബി + സി = മുളയുടെ ഉയരം.
ബി = ഒടിഞ്ഞ മുളയുടെ ഉയരം.
നിർധാരണം;
ബി = ½ (10-9/10) = 91/20 ചീ (ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്: 2013, 219-220)
ഭാസ്കരാചാര്യരുടെ ലീലാവതിയിൽ ക്ഷേത്രവ്യവഹാരഃ എന്ന അധ്യായത്തിൽ പ്രസ്തുത ഗണിതം ഇപ്രകാരമാണ്.
യദി സമഭൂവി വേണൂർദ്വിത്രിപാണിപ്രമാണോ
ഗണക! പവനവേഗാദേകദേശ സ ഭഗ്നഃ!
ഭൂവി നൃപമിതഹസ്‌താദ്ദുരതസ്സ്യാത്തദഗ്രം
കഥയകതിഷുമുലാദേഷ ഭഗ്നഃ കരേഷു.
ആശയത്തെ ഇപ്രകാരം സംക്ഷേപിക്കാം; അല്ലയോ ജ്യോതിശ്ശാസ്ത്രജ്ഞ! സമനിരപ്പായ ഭൂമിയിൽ നിൽക്കുന്നതും മുപ്പത്തിരണ്ടുകോൽ ഉയരമുള്ളതും ആയ ഒരു മുള കാറ്റിന്റെ ശക്തി കൊണ്ട് ഏതാനും ഉയരത്തിൽ ഒടിഞ്ഞിട്ട് ആ മുളയുടെ അഗ്രം (ഇളന്തല)മുരട്ടു(വേര്) നിന്ന് പതിനാറുകോൽ ദൂരത്തുള്ള ഭൂമിയിൽ തട്ടി എങ്കിൽ ആ മുള മുരട്ടു നിന്ന് എത്ര കോൽ ഉയരത്തിലാകുന്നു ഒടിഞ്ഞതെന്ന് നീ പറയുക. (അരീക്കുളങ്ങര നാരായണപ്പണിക്കര്‍: 2010, 441)
കണക്കതികാരത്തിൽ ഈ ഗണിതം ഇങ്ങനെയാണ്;
ഒരു മുളച്ചതു കൊൽ കൊടിഞ്ഞു കരമതു
വർഗ്ഗിച്ചാ മുള നീളത്താലിഴിവതു മുല്ലതന്നിൽ
കൂട്ടിയ ഒരു കൂറിന്നു കളഞ്ഞു മരെച്ചാൽ
ഒത്തിടുമതിനുടെ ഖണ്ഡം കൊടിയും.
ഇതിൻ പൊരുൾ 32 ¼ കോല്‍ നീളമുള്ള മുള ഒടിഞ്ഞ് 16 കൊൽ അകലെ കുത്തി എന്നാൽ എത്തിന കൊൽ ഒടിഞ്ഞു എന്നു കെട്ടാൽ ചൊല്ലുംപടി 16 നെ വർഗ്ഗിക്ക 256 അതിനെ 32 ൽ കിഴിക്ക 8 32 ഉം കൂട്ട 40 അതിനെ അതിനെ പാതിയാക്ക 20 അത് ഖണ്ഡമെന്നും 32 ൽ 8 കളെക 24 അതിനെ പാതിയാക്ക 12 അത് കൊടി എന്നറിഞ്ഞ് 32 ¼ മെൽ ഒടിഞ്ഞ 16 കൊൽ അകലക്കുത്തിയ ഖണ്ഡം 20 എന്നറിക.

വ്യാഖ്യാനം: 32 1/4 കോൽ നീളമുള്ള മുളയൊടിഞ്ഞ് 16 കോൽ അകലെ കുത്തിയെന്നാൽ എത്ര കോലൊടിഞ്ഞു എന്നു ചോദിച്ചാൽ ഉത്തരം പറയേണ്ട വിധം; 16 ന്റെ വർഗ്ഗം കാണുക 16 x 16 = 256 ഇതിനെ 32 കൊണ്ട് കിഴിക്കുക 256 ÷ 32 = 8 ഇതും 32 ഉം കൂട്ടുക 32 + 8 = 40 ഇതിനെ പകുതിയാക്കുക 40 ÷ 2 = 20 ഇതാണ് ഖണ്ഡം. 32 ൽ നിന്നും 8 കളയുക 32 – 8 = 24 ഇതിനെ പകുതിയാക്കുക 24 ÷ 2 = 12 ഇത് കൊടിയെന്നറിഞ്ഞ് 12 ¼ കോൽ ഒടിഞ്ഞ് 16 കോൽ അകലെ കുത്തിയ ഖണ്‌ഡം 20, (32 ¼ – 12 ¼ = 20)
ലീലാവതിയിലെ ക്ഷേത്രവ്യവഹാരഃ എന്ന അധ്യായത്തിൽ നിന്നുതന്നെ എടുത്തു ചേർത്ത കണക്കതികാരത്തിലെ മറ്റൊരു ഗണിതം ഇനി ഉദാഹരിക്കാം, ആദ്യം ലീലാവതിയിലെ പ്രസ്തുത ഗണിതം;
വൃക്ഷാദ്ധസ്തശതോച്ഛ്രാതയുഗേ വാപിം കപിഃ കോപ്യഗാ
ദുത്തീര്യാഥ പരോ ദ്രുതം ശ്രുതിപഥാ പ്രോഡ്ഡീയ കിഞ്ചിദ്രുമാൽ!
ജാതൈവം സമതാ തയോര്യദി ഗതാവുഡ്ഡീനമാനം കിയ-
ദ്വിദംശ്ചേൽ സുപരിശ്രമോ£സ്‌തി ഗണിതേ ക്ഷിപ്രം തദാചക്ഷ്വമേ
ആശയത്തെ ഇപ്രകാരം സംക്ഷേപിക്കാം; നൂറു കോൽ ഉയരമുള്ള വ്യക്ഷത്തിന്മേൽ നിന്ന് ഒരു വാനരൻ ആ മരത്തിലൂടെ കീഴ്‌പോട്ട് ഇറങ്ങി അവിടെ നിന്ന് ഇരുനൂറ് കോൽ ദൂരത്തുള്ള കുളത്തിൽ ചെന്നു ചേർന്നു. മറ്റൊരു വാനരൻ ആ വ്യക്ഷത്തിന്മേൽ നിന്ന് അല്പം മേല്പോട്ട് ചാടി കർണ മാർഗമായി ആ കുളത്തിൽ തന്നെ ചെന്നു ചേർന്നു. അപ്പോൾ ആ രണ്ടു വാനരന്മാരുടെയും യാത്രയയിൽ ഉള്ള വഴിയുടെ ദൂരം സമമായിത്തീർന്നു. എന്നാൽ, അല്ലയോ വിദ്വാനേ, നിയ്യ് ഗണിതത്തിൽ ഏറ്റവും പരിശ്രമിക്കുന്നവനാണെങ്കിൽ ആ രണ്ടാമത്തെ വാനരൻ ആ വൃക്ഷത്തിന്റെ മുകളിൽ നിന്ന് ചാടിയ ഉയരം എത്രയാണെന്ന് എന്നോട് വേഗത്തിൽ പറയുക. (അരീക്കുളങ്ങര നാരായണപ്പണിക്കര്‍: 2010, 451-451)

കണക്കതികാരത്തിലെ പ്രസ്‌തുത ഗണിതം;
നൂററു കരണ്ടള വാനര ദിക്കിലകത്തു നിന്നവനെക്കുമെൽ
നൂറു കൊൽ ഉയരത്തി ഇരുന്നവ രണ്ടു വാനര വീരന്മാർ
വീറു കൊണ്ടു കുതിച്ചു ചാടിയുമൊന്നിറങ്ങി നടന്ന് പൊയ്
വീഴ്ചയൊടവരൊക്കവെ പുനലും കുടിച്ചളവയിന്നും
വീറുമവ്വണ്ണമെ ഈന്തലത്തിലൊപ്പമണണ്ടതും കുറുവിൻ
വടിവൊത്ത വാചകം ചൊല്ലുമാകിലവർക്കു ഞാൻ വെറില്ലാത
വിരൽക്കു മൊതിരം നാലുകൂട്ടമിടിയിപ്പൻ വെന്നി മൂത്ത കണക്കു
ചൊല്ലുകിൽ വീരരാമവർ നാമവും.
പനയുടെ ഉയരം വർഗ്ഗഞ്ചെയ്‌വു പുഴയുടെ നീളകൊണ്ടരിപ്പു
പനയുടെ മെൽപ്പെട്ട് എത്തിന പൊങ്ങ് പരിചൊടു പുഴയുടെ നെർവഴി പായീന്ത.
ഇതിൻ പൊരുൾ 100 കൊലുയരമുള്ള പനയുടെ മുകളിൽ നിന്ന് രണ്ടു വാനരന്മാർ കൂടി പനയുടെ കടെക്കെന്ന് 200 കൊലകലത്തുള്ള വെള്ളം കുടിപ്പാനായി ഒരുത്തൻ പനയുടെ മെൽ നിന്നു ഇറങ്ങി നടന്നു വന്നാൽ ഒരുത്തൻ പനമെൽ നിന്ന് മെൽപ്പെട്ടു ചാടി അവിടുന്നു വെള്ളത്തിംകലേക്കുള്ളാ സൂത്രത്തിനു തക്കവണ്ണം ചാടിനാൻ ഇരിവർക്കും വേഗമൊപ്പമാനാൽ ഇരിവരും കൂടി വെള്ളം കുടിച്ച് മുംപിലെപ്പോലെ തന്റെ തന്റെ വഴിക്ക് പനമെലുമൊപ്പമെത്തിനാർ എന്നാൽ എത്തിരാ പൊങ്ങിയൊന്ന് കെട്ടാൽ ചൊല്ലുംപടി പനയുടെയുയരം 100റ്റിനെ വർഗ്ഗിക്ക 10000 അതിനെ പുഴയുടെ അകലം 200റ്റിൽ കിഴിക്ക 50 അപ്പൊൾ 50 കൊൽ മെല്പട്ടു ചാടി എന്നു ചൊൽക.
വ്യാഖ്യാനം: 100 കോലുയരമുള്ള പനയുടെ മുകളിൽ നിന്ന് വാനരന്മാർ കൂടി പനയുടെ കട ഭാഗത്ത് നിന്നും 200 കോൽ അകലെയുള്ളിടത്തേക്ക് വെള്ളം കുടിക്കാൻ പോയി. ഒരു വാനരൻ പനയുടെ മുകളിൽ നിന്നും ഇറങ്ങി നടന്നു. എന്നാൽ രണ്ടാമത്തെ വാനരൻ പനയുടെ മുകളിൽ നിന്നും വെള്ളത്തിലേക്കുള്ള സൂത്രത്തിനു തക്കവണ്ണം ചാടി. ഇരുവർക്കും വേഗം ഒപ്പമാണെങ്കിൽ ഇരുവരും കൂടി വെള്ളം കുടിച്ച് മുമ്പിലേ പോലെ അവരവരുടെ വഴിക്ക് പനയുടെ മുകളിലേക്കും ഒപ്പം തന്നെയെത്തിയെങ്കിൽ ചാടിയ വാനരൻ പൊങ്ങിയ ഉയരം എത്രയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട വിധം: പനയുടെ ഉയരം 100 ന്റെ വർഗ്ഗം കാണുക 100 x 100 = 10000, ഇതിനെ പനയുടെ ഉയരം 200 കൊണ്ട് കിഴിക്കുക 10000 ÷ 200 = 50. അപ്പോൾ 50 കോൽ മുകളിലേക്ക് ചാടിയെന്ന് പറയുക.
മേൽപ്പറഞ്ഞ 2 ഗണിതങ്ങളും കണക്കതികാരത്തിലെ 67, 68 പദ്യ-ഗദ്യങ്ങളാണ്. 69 മുതൽ 73 വരെയുള്ള പദ്യ-ഗദ്യങ്ങളിലും 86 മുതൽ 94 വരെയുള്ള പദ്യ-ഗദ്യങ്ങളിലും പലിശക്കണക്കാണ് പ്രതിപാദ്യം. 75 മുതൽ 82 വരെയുള്ള പദ്യ-ഗദ്യങ്ങളിൽ പണത്തിന്റെ വിനിമയമൂല്യവുമായി ബന്ധമുള്ള കണക്കുകളാണുള്ളത്. 85ആമത്തെ പദ്യ-ഗദ്യം സമയ സംബന്ധിയായ ഗണിതമാണ്. 94 മുതൽ 100 വരെയുള്ള പദ്യ-ഗദ്യങ്ങളിൽ നെല്ല്, അരി എന്നിവയാണ് കണക്കിനാധാരം. 101, 102 എന്നിവ രാശിക്കണക്കും 103 പണക്കണക്കുമാണ്. ഇപ്രകാരം ആകെ 103 പദ്യ-ഗദ്യങ്ങളുടെ സമാഹാരമാണീ കണക്കതികാരം. പദ്യ-ഗദ്യ സംഖ്യയിൽ മറ്റ് ഗ്രന്ഥങ്ങളിൽ സ്വാഭാവികമായും വ്യത്യാസങ്ങളുണ്ട്.

സഹായക ഗ്രന്ഥങ്ങൾ
1. കണക്കതികാരം (താളിയോലഗ്രന്ഥം), തു‍ഞ്ചന്‍സ്മാരക താളിയോല ഗ്രന്ഥപ്പുര, കാലിക്കറ്റ് സര്‍വകലാശാല.
2. മയൂരശിഖ, ജോർജ് ഗീവർഗീസ് ജോസഫ്, വിവ: പ്രൊഫ. പി. രാമചന്ദ്രമേനോൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, പതിപ്പ് 2, 2013
3. ലീലാവതി, ഭാസ്കരാചാര്യൻ, സാരബോധിനി ഭാഷാവ്യാഖ്യാനം, അരിക്കുളങ്ങര നാരായണപ്പണിക്കർ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, പതിപ്പ് 2, 2010.

ഡോ.അരുൺ മോഹൻ പി.

ഡോ. അരുണ്‍ മോഹന്‍ പി. അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.

4.3 3 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x