
എസ്സ്.സുധീഷ്
Published: 10 August 2025 സംസ്‌കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-4
മൂന്ന്:
പ്രതിയാഥാർത്ഥ്യം (വെർച്വൽ റിയാലിറ്റി ) എന്നതാണ് യാഥാർത്ഥ്യം, യാഥാർത്ഥ്യം പാദാർത്ഥികമായ പ്രതിഭാസമല്ല എന്ന വാദം ആധുനികോത്തരന്മാർ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. പ്രതിയാഥാർത്ഥ്യത്തിനാസ്പദമായി പാദാർത്ഥികാധാരം (ഒറിജിനൽ) ഇല്ല എന്നുകൂടി അവർ അഭിപ്രായപ്പെടുന്നുണ്ട്. പ്രതിയാഥാർത്ഥ്യത്തെപ്പറ്റി അന്റോണിൻ ആർത്താഡ് പറഞ്ഞതിന് നേർവിപരീതമായ ദിശയിലാണ് ആധുനികോത്തരന്മാർ ചെന്നെത്തി നിൽക്കുന്നത്. വെർച്വൽ റിയാലിറ്റി (പ്രതി-യാഥാർത്ഥ്യം) ഐന്ദ്രജാലിക റിയലിസം (മാജിക്ക് റിയലിസം) എന്നിവയെപ്പറ്റി ആർത്താഡും ക്രിസ്റ്റഫർകോഡ്വലും വിവരിക്കുമ്പോൾ അതിനെ പൊതുവായി ബന്ധിപ്പിക്കുന്ന തത്വമുണ്ട്.നിരന്തരമായി ചലിക്കുകയും രാസപരിണാമത്തിന് വിധേയമായി തീരുകയും ചെയ്യുന്ന ഭൗതികപദാർത്ഥത്തെ മുൻനിർത്തി, പ്രകൃതി നിയമത്തിന്റെ അതിരുകളെ തകർത്തുകൊണ്ട് സംഭവിക്കുന്ന പ്രക്രിയകളെ സാക്ഷ്യപ്പെടുത്തുവാനാണ് ആർത്താഡും കോഡ്വലും ആൽക്കെമി എന്ന രസതന്ത്ര പരിണാമ വിദ്യയെ ഉപജീവിക്കുന്നത്. ഐന്ദ്രജാലിക യാഥാർത്ഥ്യമെന്നത്, ആൽക്കെമിയിൽ എന്നപോലെ സംഭവിക്കാവുന്ന ഒരു പദാർത്ഥ ഗുണപരിണാമമാണ് എന്നാണ്കോഡ്വലിൻ്റെ ചിന്തകളിൽ നിന്നും വ്യക്തമാകുന്നത്. ഇന്ദ്രജാലം എന്നത് ദിവ്യാത്ഭുത പ്രവർത്തനം അല്ല.കോടാനുകോടി യുഗങ്ങളുടെ രാസപരണാമപ്രക്രിയയിലൂടെ സഞ്ചരിച്ച് ഇന്ന് നാം എത്തിച്ചേർന്നിരിക്കുന്ന ജീവിതരസതന്ത്രത്തിലും ഗുണപരമായ മാറ്റത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നു. ഈ സാധ്യതകളെ,ആൽക്കെമിയെ, മാർക്വിസിനെ പോലെയുള്ള എഴുത്തുകാർ ഒരു ബൃഹദ് രൂപകമായി വികസിപ്പിച്ചു കൊണ്ടുവരുന്നു. അതിനെയാണ് മാജിക്ക് റിയലിസം എന്ന് വിളിക്കുന്നത്. പ്രകൃതിനിയമം അനുസരിച്ച് സംഭവിക്കാവുന്നതിന്റെ അതിരുകളെ ഭേദിച്ചുകൊണ്ട് ഇന്നലെയുടെ അസംഭവ്യ കൗതുകങ്ങൾ ഇന്നിൻ്റെ സംഭവ്യതകളായി മാറുന്നു. പ്രകൃതിനിയമമനുസരിച്ച് ജലത്തിലും ആകാശത്തിലും സഞ്ചരിക്കാൻ പ്രാപ്തനല്ലാത്ത മനുഷ്യൻ,ആകാശ സഞ്ചാരവും അതിവേഗജലസഞ്ചാരവും അവൻ്റെ സംഭവ്യതാനിയമങ്ങളും പ്രകൃതിയുമാക്കി മാറ്റുന്നു. പക്ഷികളുടെയും ജലജീവികളുടെയും പ്രകൃതി ഘടനയെ അനുകരിച്ചു കൊണ്ടുള്ള സങ്കേതങ്ങളിലൂടെയാണ് മനുഷ്യൻ അവന്റെ സാധ്യതകളെ മെച്ചപ്പെടുത്തുന്നത്. പ്രകൃതിപരമായ അസംഭവ്യതകളെ സംഭവ്യം ആക്കി തീർക്കുന്നത്. ബാഹ്യതലത്തിലെ ഈ പരിവർത്തനം ആന്തരിക രാസഘടനയുടെ തന്നെ മർമ്മമായതുകൊണ്ടാണല്ലോ ഭൂമിയിൽ വലിയൊരു ജീവജാലസഞ്ചയം പരിണാമത്തിന് വിധേയമായത്. പ്രത്യക്ഷ സംഭവ്യതാനിയമങ്ങളെ (what is probable by the law of nature) തിരുത്തിമറിക്കുന്ന രസതന്ത്രശക്തി ഭൗതികപദാർത്ഥത്തിനുള്ളിൽ ഉണ്ട്. ചില ബാഹ്യചോദനങ്ങളിലൂടെ ആ ശക്തി പ്രകാശിപ്പിക്കുവാൻ കഴിയും.നൂറു ഡിഗ്രി സെൻ്റിഗ്രേഡിൽ വെള്ളം തിളപ്പിച്ചാൽ വെള്ളം നീരാവിയായി ആകാശത്തേക്ക് ഉയരും (മാർക്വിസിന്റെ കഥാപാത്ര രൂപകങ്ങളെ പോലെ) ഇതൊരു ഗുണപരമായ മാറ്റത്തിന്റെ ദൃശ്യമാണ്. ഇത്തരം ദൃശ്യങ്ങളാണ് നാടകങ്ങളിൽ അവതരിപ്പിക്കുന്നത്; നാടകാവതരണത്തിൽ ഭൗതിക ഗുണപരിണാമത്തിന്റെ ഭാവുകത്വം പ്രസാധനം ചെയ്യുന്ന ‘ആൽക്കമിക്ക് ‘ പരിസരം ഉണ്ടാകുമ്പോൾ അതിനെ വെർച്വൽ റിയാലിറ്റി എന്നു വിളിക്കാമെന്നും അൻ്റോണിൻ ആർത്താഡ് പറയുന്നു. ബാഹ്യപ്രകൃതി നിയമമനുസരിച്ച് സംഭവിക്കാവുന്നതിന്റെ അതിരുകൾ മുറിക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രഭാവുകത്വത്തെ മുൻനിർത്തിയാണ്, ആർത്താഡ് നാടകത്തിൻ്റെ പരിവർത്തനശക്തി ബോധ്യപ്പെടുത്തിയത്.ചെമ്പിൽ നിന്നും സ്വർണം ഉണ്ടാക്കാൻ വേണ്ടിയുള്ള ബാഹ്യസാങ്കേതിക പ്രവർത്തനം പോലെയുള്ള ഒരു ആൽക്കെമിക് ഭാവുകത്വ സങ്കേതമാണ് നാടകത്തിൽ പ്രയോഗിക്കുന്നത്. മഞ്ഞ് വെള്ളമായും വെള്ളം നീരാവിയായും മാറിമറിയുന്നത്, മഞ്ഞുകട്ട അപ്രത്യക്ഷമാവുന്നത് ഒരർത്ഥത്തിൽ ഇന്ദ്രജാലവും എന്നാൽ യാഥാർത്ഥ്യവുമാണ്. ഈ ഇന്ദ്രജാലഗുണം പ്രകൃതിയിൽ നിക്ഷിപ്തമാണ് അത് എപ്പോഴും പുറത്തുവരണമെന്നില്ല. ബാഹ്യതലത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുകയും ആഭ്യന്തര വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് പരിചിതമായ സംഭവ്യതാനിയമങ്ങളുടെ അതിരുകൾ മുറിച്ചുകൊണ്ട് ഗുണപരിവർത്തനം സംഭവിക്കുന്നത്. സ്ഫിൻക്സിൻ്റെ സമസ്യക്ക് ഉത്തരം നൽകുകയും രാജാവിനെ വധിക്കുകയും ചെയ്യുന്നവന് രാജ്ഞിയും രാജ്യവും സ്വന്തം എന്നത് തീബ്സിൻ്റെ സംഭവ്യതാസാമൂഹിക നിയമാണ്. ആ നിയമത്തെ ഇളക്കിമറിക്കുന്ന പ്രവർത്തനമാണ് സോഫോക്ലിസ് നിർവഹിക്കുന്നത്. ആവശ്യങ്ങളുടെ നവീന യുക്തി രൂപപ്പെടുത്തുന്ന ഒരു വൈകാരിക രസതന്ത്ര പ്രവർത്തനമാണ് പ്രേക്ഷക മനസ്സിൽ സംഭവിക്കുന്നത്. ഇതിനെ അരിസ്റ്റോട്ടിൽ കത്താർസിസ് എന്നും മാർക്സ് ഗുണപരമായ മാറ്റം എന്നുമൊക്കെ വിശേഷിപ്പിക്കുന്നുണ്ട്.
വെർച്വൽ റിയാലിറ്റി എന്നത് ആധുനികോത്തരന്മാർ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതു പോലെ കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യയിൽ നിന്നു പുറത്തുവരുന്ന ഒരു ദൃശ്യശ്രാവ്യാഖ്യാനം അല്ല. ഭൗതികപാദാർത്ഥിക നിരാസവും അല്ല അത്. ഭൗതികപാദാർത്ഥിക തലത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതും അതിൽ നിന്ന് അന്യവത്കരിക്കപ്പെടുന്നതുമായ ഒരു പെർഫോമൻസ് അല്ല അത്. വെർച്വൽ റിയാലിറ്റി യെ ‘കലാസങ്കേതം’ എന്നു വിളിക്കുന്നത്,വെള്ളത്തെ അദൃശ്യനീരാവിയാക്കി തീർക്കുന്നതിനുള്ള തീയും ചൂടുമായി അതു പ്രവർത്തിക്കുന്നു എന്നതുകൊണ്ടാണ്. അത് അതിൽ തന്നെ പൂർണമാവുന്ന യാഥാർത്ഥ്യമല്ല ,മറിച്ച് പദാർത്ഥത്തിന്റെ ആഭ്യന്തര ഊർജ്ജഘടനയെ മാറ്റി മറിക്കുന്ന സങ്കേതമാണ്.
ആർത്താഡിൻ്റെ വെർച്വൽറിയാലിറ്റിയുടെ വ്യാഖ്യാനവും കോഡ്വലിൻ്റെ മാജിക്ക് റിയലിസത്തിൻ്റെ വ്യാഖ്യാനവും ‘ആൽക്കെമി’യെ ഉദാഹരിക്കുന്നുണ്ട്. ആൽക്കെമി അസംഭവ്യമായതിനെ സംഭവ്യമാക്കിത്തീർക്കാനുള്ള ഇച്ഛാശക്തിയുടെ സങ്കേതമായിരുന്നു. ചെമ്പിനെ എങ്ങനെ സ്വർണ്ണമാക്കി മാറ്റാം എന്നുള്ളതിന്റെ അന്വേഷണമായിരുന്നു ആൽക്കെമിസ്റ്റിൻ്റെ മുഖ്യപ്രശ്നം. ചെമ്പ് സ്വർണ്ണമായി മാറിയാലും ഇല്ലെങ്കിലും അങ്ങനെ ഒരു മാറ്റത്തിന്റെ ശക്തി ഉപദർശനം ചെയ്തുകൊണ്ട് മനുഷ്യൻ നടത്തിയ യജ്ഞമാണ് പിൽക്കാലത്ത് രസതന്ത്രം അഥവാ കെമിസ്ട്രി വിജ്ഞാനശാഖയ്ക്ക് രൂപം കൊടുത്തത് എന്നു കോ ഡ്വൽ പറയുന്നു. മാജിക്ക് റിയലിസം എന്നത് കേവലം ഒരു ചെപ്പടി വിദ്യയല്ല. പ്രകൃതിയിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നതും, മനുഷ്യന് കരവേലയുടെ ഇച്ഛാശക്തി കൊണ്ട് പ്രകാശിതമാക്കാൻ കഴിയുന്നതുമായ പ്രക്രിയയാണ് .പ്രകൃതി നിയമമനുസരിച്ച് സംഭവിക്കാവുന്ന ‘യാഥാസ്ഥിതിക ‘തയുടെ നിരാസമാണ്. റോബർട്ട് ഫ്രോസ്റ്റിൻ്റെ കവിതയിൽ പറയുന്നതുപോലെ ഞാനും എൻ്റെ അയൽക്കാരനും ഞങ്ങളുടെ സ്വകാര്യഭൂമിയെ വേർതിരിക്കുന്നതിന് പാറകൾ കൊണ്ട് മതിൽ പണിത് ഉയർത്തി ഒന്ന് തിരിയുന്നതിന് മുമ്പ് അതിർത്തിയിലെ പാറകൾ ചിതറി വീഴുന്നു. അതിർത്തിയിലെ മതിലുകളെ തള്ളി താഴെയിടുന്ന എന്തോ ഒരു ശക്തി പ്രകൃതിയിൽ ഉണ്ട്. അത് ഉദ്ധരിക്കുക ആ മാജിക്കിനെ മനുഷ്യൻ്റെ ഇച്ഛാശക്തിയുമായി സംയോജിപ്പിച്ചു കൊണ്ടാണ് യാഥാസ്ഥിതികത്വത്തിന് അന്യമായ ഒരു യാഥാർത്ഥ്യം നിർമ്മിക്കുന്നത് .കോഡ്വലിൻ്റെ സങ്കല്പത്തിലുള്ള മാജിക്ക് റിയലിസം ഇതാണ്; അൻ്റോണിൻ ആർത്താഡിൻ്റെ വെർച്വൽ റിയാലിറ്റിയെ സംബന്ധിച്ച സങ്കല്പവും ഇതാണ്. ആൽക്കെമിയെ സംഭവ്യതയുടെ യാഥാസ്ഥിതികതാ നിയമങ്ങളെ ഭേദിക്കുന്ന ഗുണപരമായ മാറ്റത്തിനു വേണ്ടിയുള്ള ഇച്ഛ എന്നാണ് ആർത്താഡും കോഡ്വലും കാണുന്നത്.ചുരുക്കത്തിൽ പദാർത്ഥ പരിവർത്തനവുമായി ,വ്യവസ്ഥാ പരിവർത്തനവുമായി ബന്ധപ്പെടുന്ന യാഥാർത്ഥ്യത്തിൻ്റെ തത്ത്വത്തെ സ്ഥാപിത യാഥാസ്ഥിതികതയെ ഭേദിക്കുന്ന തരത്തിൽ ദൃശ്യ ശ്രാവ്യ ബിംബങ്ങളുടെ സഹായത്തോടെ ആ വിഷ്കരിക്കുന്ന സമ്പ്രദായത്തെയാണ് ക്രിസ്തഫർകോഡ്വൽ മാജിക്ക് റിയലിസമെന്നും ആർത്താഡ് പ്രതി യാഥാർത്ഥ്യം (Virtual Reality) എന്നും വിവക്ഷിക്കുന്നത്.
എന്നാൽ പ്രതിയാഥാർത്ഥ്യതത്വം നിയോ-കൊളോണിയൽ ബുദ്ധിജീവികൾ എടുത്തു പ്രയോഗിക്കുമ്പോൾ, അത് പാദാർത്ഥിക യാഥാർത്ഥ്യത്തിൽ നിന്ന് തികച്ചും അന്യവൽക്കരിക്കപ്പെടുന്ന, സംഭവ്യതാനിയമങ്ങളുടെ നിരാസമായി തീരുന്നു. ഏറ്റവുമൊടുവിൽ അത് സംഭവ്യതാ നിയമങ്ങളെ (What is probable by the law of the nature) തള്ളിക്കളയുന്ന കമ്പ്യൂട്ടറിന്റെ കൗശല ബുദ്ധിയായി കണക്കാക്കപ്പെടുന്നു. പദാർത്ഥികവസ്തു ലോകത്തിനെതിരെ നിബന്ധിക്കപ്പെടുന്ന ഒരു പ്രത്യയശാസ്ത്രാഖ്യാനമോ പ്രത്യയശാസ്ത്രാനുഭവമോ ആയി മാറുന്നു. ആർത്താഡ് ചലച്ചിത്രം ഒരു കലയല്ല എന്ന് സിദ്ധാന്തിക്കുന്നത്, ഛായാഗ്രഹണം ഒരു യാന്ത്രിക സങ്കേതം ആയതുകൊണ്ടാണ്. ഈ അഭിപ്രായം കാഴ്ചയുടെ രസതന്ത്രത്തെ പരിഗണിക്കുന്നില്ല എന്നതുകൊണ്ട് തന്നെ സ്വീകാര്യമല്ല എങ്കിൽ പോലും, സാങ്കേതികവിദ്യയുടെ ഉത്പന്നമാണ് യാഥാർത്ഥ്യം എന്നും, ‘വർച്ചൽ റിയാലിറ്റി ‘ എന്നു വിളിക്കുന്ന ഈ ഉൽപ്പന്നമല്ലാതെ മറ്റൊന്നും യാഥാർത്ഥ്യമല്ല എന്നുമുള്ള ഉത്തരാധുനികരുടെ നിലപാടിന്റെ വിപരീതത്തിൽ ആർത്താഡിൻ്റെ വീക്ഷണം ചെന്നെത്തി നിൽക്കുന്നു എന്നത് വളരെ പ്രസക്തമായ കാര്യമാണ്.
ബോദ്രിലാദിന്റെ പ്രതി യാഥാർത്ഥ്യ സിദ്ധാന്തവും, അതി യാഥാർത്ഥ്യ സിദ്ധാന്തവും, ഭൗതിക പ്രകൃതിയെ പിന്തള്ളുന്ന ഒരു യാഥാർത്ഥ്യ കൽപ്പനയെയാണ് പൊന്തിച്ചു കൊണ്ടുവരുന്നത്. സാങ്കേതികവിദ്യ എന്നപോലെ സാങ്കേതികവിദ്യാ നിർമ്മിതമായ അന്തരീക്ഷവും പ്രകൃതിയിൽ നിന്ന് ലഭ്യമാകുന്ന യാഥാർത്ഥ്യത്തെക്കാൾ മെച്ചപ്പെട്ട യാഥാർത്ഥ്യം നമുക്ക് നൽകുന്നു എന്ന് ബോദ്രിലാദ് അമ്പർട്ടോ എക്കോയും സിസെക്കും ഉൾപ്പെടെയുള്ള ഉത്തരാധുനികന്മാർ അഭിപ്രായപ്പെടുന്നു. സാങ്കേതികവിദ്യയും സാങ്കേതികവിദ്യയിൽ നിന്ന് ഉൽപ്പന്നമാകുന്ന അന്തരീക്ഷവും എന്നത് പ്രകൃതിയുമായുള്ള താരതമ്യത്തിന് വിധേയമാക്കുന്നതിൽ തന്നെ യുക്തിരാഹിത്യമുണ്ട്. ഭൗതിക പ്രകൃതിയെ അനുഭവിക്കുന്നതിനുള്ള ഉപാധിയായ സാങ്കേതികവിദ്യ ഭൗതിക പദാർത്ഥികതയുടെ നിരാസമാകുന്നില്ല. ടെലിഫോണിൽ സംസാരിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്നത് ഭൗതിക യാഥാർത്ഥ്യമല്ല, പ്രതിയാഥാർത്ഥ്യമാണ് എന്നു വാദിക്കുന്നതിൻ്റെ യുക്തി, ടെലിഫോണിൻ്റെ എതിരറ്റത്തിരിക്കുന്ന മനുഷ്യൻ നിങ്ങൾക്ക് അദൃശ്യനായി ഇരിക്കുന്നുവെങ്കിലും നിങ്ങൾ അയാളെ ‘’ യാഥാർത്ഥ്യ’’മായി പരിഗണിച്ച് അയാളോട് സംസാരിക്കുന്നു എന്നതാണ്. നിങ്ങൾ ദൂരദർശിനിയിലൂടെ നക്ഷത്രത്തെ നോക്കിക്കാണാമ്പോഴും, നിങ്ങൾ മോട്ടോർ വാഹനത്തിലോ വിമാനത്തിലോ സഞ്ചരിക്കുമ്പോഴും, നിങ്ങളുടെ പാദാർത്ഥിക സ്ഥലകാലങ്ങൾ പരിവർത്തിക്കപ്പെടുന്നു. സമയത്തിൻ്റെയും ദൂരത്തിൻ്റെയും അളവുകൾ മാറ്റിമറിക്കപ്പെടുന്നു എന്നതുകൊണ്ട്, അതൊക്കെയും പ്രകൃതിയിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റി നിങ്ങളെ മറ്റൊരു യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് കരുതുന്നത് വങ്കത്തരമാണ്. ഇത്തരം സാങ്കേതികവിദ്യ ക്രമങ്ങൾ നിങ്ങൾക്ക് സാങ്കൽപ്പികമായി ആഗ്രഹപൂരണം നൽകുകയും, നിങ്ങളുടെ പകൽക്കിനാവുകളെ ‘സാക്ഷാത്കരി’ക്കുകയും ചെയ്യുന്നുണ്ട് എന്നും, അത് ഒരു റാപ്പർ കൊണ്ട് ടോയ്ലറ്റ് സോപ്പിനെ ഭൗതികപാദാർഥിക മണ്ഡലത്തിൽ നിന്ന് അന്യവൽക്കരിച്ച്, അതിനെ മറ്റൊരു യാഥാർത്ഥ്യം എന്ന നിലയിൽ പരിവർത്തിപ്പിച്ച് ഉപഭോക്താവിനെ സുഖിപ്പിക്കുന്നു എന്നും അങ്ങനെ നിങ്ങളെ സുഖിപ്പിക്കുന്ന യാഥാർത്ഥ്യം ഭൗതികപാദാർത്ഥിക യാഥാർത്ഥ്യത്തെക്കാൾ വിശേഷപ്പെട്ടതാണ് എന്നും ഉത്തരാധുനിക വിചാരതസ്കരൻ മാർ സിദ്ധാന്തിക്കുന്നു.
പ്രതിയാഥാർത്ഥ്യം/ അതീത യാഥാർഥ്യം എന്നത് ഭൗതിക പാദാർത്ഥികയാഥാർത്ഥ്യത്തെക്കാൾ വിശേഷപ്പെട്ട യാഥാർത്ഥ്യമെന്ന നിലയിൽ മനുഷ്യരെ ബാധിക്കുന്നു എന്നും, അതാണ് യഥാർത്ഥ യാഥാർത്ഥ്യമെന്നുമുള്ള വാദത്തിൽ യാതൊരു പുതുമയും ഇല്ല. പ്രതിയാഥാർത്ഥ്യത്തെ സംബന്ധിച്ച് ആർത്താഡും കോഡ്വലും നൽകുന്ന വ്യാഖ്യാനത്തിന് നേർ വിപരീതമാണ് ഈ നിലപാട് എന്നതാണ് ആദ്യത്തെ കാര്യം. നാടകം അല്ലെങ്കിൽ കല ഭൗതിക പദാർത്ഥികമായ ഒരു യാഥാർത്ഥ്യമല്ല. എന്നാൽ അത് യാഥാർത്ഥ്യമായി തീരുന്നത്, അതിൽ ഭൗതികപാദാർത്ഥികതയുടെ അന്തരീക്ഷവും ഗുണവും സന്നിവേശിപ്പിക്കുന്നു എന്നതുകൊണ്ടാണ് എന്ന് അവർ പറയുന്നു. സംഭവ്യതയുടെ ബാഹ്യ നിയമപദ്ധതികളെ ഭേദിക്കുന്ന ആന്തരിക രസതന്ത്രം പദാർത്ഥത്തിൽ ഉണ്ട് എന്നും അതിനെ ഉത്തേജിപ്പിക്കുന്ന ബാഹ്യ നിർമ്മിതിയാണ് നാടകം എന്നും ആർത്താഡ് പറയുന്നു. പ്രകൃതി നിയമമനുസരിച്ച് മനുഷ്യന് ആകാശസഞ്ചാരം സാധ്യമല്ല എന്നും എന്നാൽ ആ പ്രകൃതിനിയമത്തെ ഭേദിക്കുന്ന രസതന്ത്ര പ്രേരണ മനുഷ്യനിൽ ഉണ്ട് എന്നും ആകാശ വിമാനം എന്ന നിർമ്മിതി ആ പ്രേരണയെ സാക്ഷാത്കരിക്കുന്നു എന്നും നമ്മൾ അറിയുന്നു.കലാകൃതി ഒരു സാങ്കേതികവിദ്യയാണ് എന്ന് കരുതിയാൽ പോലും അതിൻ്റെ ദൗത്യം പരിണാമപരമായ രസതന്ത്രസാധ്യതകളെ ഉത്തേജിപ്പിക്കുകയും, സംഭവ്യമായതിനെ സംഭവ്യമാക്കിത്തീർക്കുക എന്നതുമാണ്. അത് ഭൗതിക പാദാർഥിക യാഥാർത്ഥ്യത്തിന്റെ വികാസമാണ്. അല്ലാതെ ഭൗതികപാദാർത്ഥിക യഥാർത്ഥ്യത്തോട് താരതമ്യം ചെയ്യാവുന്നതും അതിനേക്കാൾ വിശേഷപ്പെട്ടതുമായ യാഥാർത്ഥ്യം അല്ല.
ഒരു ടെലിഫോൺ സംഭാഷണം പ്രതിയാഥാർത്ഥ്യം എന്ന നിലയിൽ ഭൗതിക-പാദാർത്ഥിക യാഥാർത്ഥ്യത്തെക്കാൾ വിശേഷപ്പെട്ടതാണെന്ന് വാദിക്കുമ്പോൾ ടെലിഫോൺ സംഭാഷണം ഭൗതിക പദാർത്ഥിക യാഥാർത്ഥ്യം തന്നെയാണ് എന്ന വസ്തുതയാണ് നിരാകരിക്കപ്പെടുന്നത്. ദൂരത്തിന് മുകളിലൂടെ സമയത്തിന്റെ ദൈർഘ്യം വെട്ടി കുറച്ചുകൊണ്ട് മനുഷ്യൻ നടത്തുന്ന സംവേദനപ്രവർത്തനമാണ്.(ഭൗതികപ്രപഞ്ചം – പ്രക്രിയകളുടെ സംഘാതമാണെന്ന് നിർവചനം ഓർക്കുക) ഇത് ഭൗതിക യാഥാർത്ഥ്യത്തെക്കാൾ വിശേഷപ്പെട്ട മറ്റൊരു യാഥാർത്ഥ്യം ആകുമെങ്കിൽ ഒരാൾ മറ്റൊരാൾക്ക് അയക്കുന്ന കത്തും പദാർത്ഥിക യാഥാർത്ഥ്യത്തെക്കാൾ വിശേഷപ്പെട്ട യാഥാർത്ഥ്യമാകും. കത്തിൽ നിന്ന് ടെലിഫോണിലേക്ക് കടക്കുമ്പോൾ, ശബ്ദം ‘ എന്ന പദാർത്ഥിക യാഥാർഥ്യത്തെ പരസ്പരം നേരിട്ട് അറിയുന്നു, അദൃശ്യതയുടെയും അസാനിധ്യത്തിൻ്റെയും തീവ്രത കുറയുന്നു എന്നാണ് കാണുന്നത്. രാജാവ് നേരിട്ട് ചെല്ലുന്നതിനു പകരം ദൂതനെ അയക്കുന്നതോ ദൂതവാഹകനെ അയക്കുന്നതോ ആ സംബ്രദായം പണ്ട് ഉണ്ടായിരുന്നു. അവിടെ സന്ദേശമയക്കുന്ന രാജാവ് അദൃശ്യനായിരിക്കുന്നു എന്നതുകൊണ്ട്, അവിടെയും വിശേഷപ്പെട്ട പ്രതിയാഥാർത്ഥ്യം ഉൽപ്പന്നം ആകുന്നു എന്ന് വാദിക്കുന്നത് കമ്പോള ദാസന്മാർക്ക് മാത്രം ഓമനിക്കാൻ കഴിയുന്ന ശുംഭത്തമാണ്.ബഷീറിൻറെ ‘മതിലു’കളിൽ സ്ത്രീയും പുരുഷനും മണം പിടിക്കുന്നതും സവേദനം നടത്തുന്നതും പരസ്പരം അദൃശ്യരായി നിന്നുകൊണ്ടാണ്.കാണാമറയത്ത് നിന്നു കൊണ്ട് പരസ്പരം സംസാരിക്കുക എന്നത് നിത്യജീവിതത്തിൽ സാധാരണയായിട്ടുള്ള സംഭവമാണ്. സമയത്തിനും ദൂരത്തിനും വ്യാപ്തി വർദ്ധിക്കുമ്പോൾ അത്തരം സംവേദനത്തിന് സങ്കേതം ആവശ്യമായി വരുന്നു. അവിടെ സങ്കേതം മനുഷ്യനെ നിർമ്മിക്കുകയല്ല മറിച്ച് മനുഷ്യൻ മനുഷ്യനിർമ്മിതമായ പാദാർഥികസങ്കേതത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് .ഇവിടെയൊക്കെ ഉത്തരാധുനികന്മാർ സാങ്കേതികവിദ്യാ ‘മാധ്യമ’ പെരുമയെ ഒരു വലിയ സംഭവമായി അവതരിപ്പിക്കുകയും സാങ്കേതികവിദ്യ അതിൻ്റേതായ യാഥാർത്ഥ്യം നിർമ്മിക്കുന്നു എന്നും അത് ഭൗതികവും പദാർത്ഥികവുമായ പ്രകൃതിയിൽ നിന്നും ഭിന്നമായ മുന്തിയ ഒരുതരം യാഥാർത്ഥ്യമാണ് എന്ന് നിശ്ചയിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ സങ്കേതങ്ങളും ഭൗതികവും പദാർത്ഥവുമായ യാഥാർത്ഥ്യത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണ് എന്ന് സ്ഥലസമയങ്ങളെ പുനർനിർണ്ണയം ചെയ്തുകൊണ്ട് ഭൗതികവും പാദാർത്ഥികവുമായ പ്രക്രിയകളിൽ ഇടപെടുക മാത്രമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.അതുകൊണ്ട് ടെലിഫോണിനെ കത്തിന്റെയോ സന്ദേശ വാഹകന്റെയോ മാധ്യമസ്ഥാനത്തു നിർത്തുമ്പോൾ അത് മാനുഷികവും പ്രകൃതി – പാദാർത്ഥികവുമായ മനോസംവേദന പാരമ്പര്യത്തിന്റെ ഭൗതികമായ ഉപകരണം മാത്രമാണ് എന്നും, അതിയാഥാർത്ഥ്യത്തിന്റെ സാനിധ്യമല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്.
ടെലിഫോൺ ഉൽപ്പാദിപ്പിക്കുന്ന വിശേഷ യാഥാർത്ഥ്യം – ഭൗതിക പദാർത്ഥികയാഥാർത്ഥ്യ ത്തിൽ നിന്നുള്ള വിട്ടുമാറലാണ് എന്ന വാദത്തിലും യുക്തി സാധ്യതകൾ തീരെയില്ല. മതിലുകളെപ്പറ്റിപ്പറഞ്ഞു. അവിടെ ജയിൽ എന്ന സാമൂഹികനൈതിക സ്ഥാപനത്തിനിരുപുറത്തുമായാണ് സ്ത്രീയും പുരുഷനും നിൽക്കുന്നത്. അതുകൊണ്ടും അവിടുത്തെ സന്ദേശ സംവേദനത്തിന് ഒരു ടെലിഫോൺ സംഭാഷണത്തേക്കാൾ ആഴമുള്ള യാഥാർത്ഥ്യ പരിസരമുണ്ട്. ഒരു മേഘസന്ദേശത്തിൽ സ്ത്രീയും പുരുഷനും, പരസ്പരം അദൃശ്യരായിരിക്കുന്നു. അവിടെയും തടവറയുടെ ബന്ധനത്തിന്റെ ഒരു പരിസരമുണ്ട്. അതിനെ ഭേദിക്കുന്ന മേഘം, ഖരത്തിന്റെയും ദ്രവത്തിന്റെയും, പദാർത്ഥികാവസ്ഥ തന്നെയാണ് എങ്കിലും ഒരു ടെലിഫോണിനെ പോലെ തണുത്തുറഞ്ഞ ഒരു ഖര ഭൗതിക പദാർത്ഥമല്ല. മേഘസന്ദേശത്തിലൂടെ ഉത്തേജിക്കപ്പെടുന്ന യാഥാർത്ഥ്യം ആശാൻ്റെ ഭാഷയിൽ പറഞ്ഞാൽ ‘നിയമം വിട്ടൊരു തെന്നൽ ‘ പോലെയാണ്. അവിടെ ഉത്പന്നമാകുന്ന യാഥാർത്ഥ്യം പ്രകൃതിപരവും കാമ്പോളിക ഉൽപന്നമായ ടെലിഫോണിനേക്കാൾ യാഥാർത്ഥ്യത്തിന്റെ സാധ്യതകളെ തീവ്രമായി പ്രചോദിപ്പിക്കുന്നു. അതുകൊണ്ട് മനുഷ്യനിർമ്മിതമായ സാങ്കേതികവിദ്യയുടെ ജീവിതാന്തരീക്ഷം നിശ്ചയമായും അഭിലഷണീയമാണ്, അത് യാഥാർത്ഥ്യത്തിന്റെ സാമൂഹികചലനങ്ങളിൽ കൃത്യമായ മാറ്റം വരുത്തുന്നു എങ്കിലും അത് പ്രകൃതിപരമായ പാഥാർത്ഥിക യാഥാർത്ഥ്യത്തെ തരംതാഴ്ത്തുന്ന മുന്തിയ ഇനം യാഥാർത്ഥ്യമാണ് എന്ന് അംഗീകരിക്കാൻ ആവില്ല. പ്രകൃതിയുടെ വിപരീതമുഖം എന്ന നിലയിൽ അത് പദാർത്ഥികയാഥാർത്ഥ്യ ഘടനയിലെ സാധ്യതകളെ മൂർച്ഛിപ്പിക്കുന്നു. എന്നാൽ അത് മറ്റൊരിനം യാഥാർത്ഥ്യമാകുന്നില്ല. എയർകണ്ടീഷൻ മുറികളിലെ കുളിർമ, കുളിർമയുള്ള കടൽക്കാറ്റിനെ പോലെ സുഖദായകം തന്നെയാണ്. ഇതിൽ ഒന്ന് മനുഷ്യനിർമ്മിതമായ പദാർത്ഥികതയും മറ്റൊന്ന് പ്രകൃതിഭാഗവുമാണ്. പ്രകൃതി അതിന്റെ കുളിർമ അനുവദിച്ചു തരാത്ത ഇടങ്ങളിലേക്ക് കൂടി കുളിർമ എന്ന ഭൗതിക അനുഭവം വ്യാപിപ്പിക്കുന്ന പ്രവർത്തനമാണ് ഇത്. എയർകണ്ടീഷണറിൽ നിന്നും ഉൽപ്പന്നമാകുന്നത് മുന്തിയ തരം യാഥാർഥ്യമാണ് എന്നു പറയുന്നത് അബദ്ധമാണ്. കാരണം അത് പ്രകൃതിപരമായ പദാർത്ഥികതയുടെ തന്നെ അപൂർണ്ണമായ അനുകരണവും എന്നാൽ അതിൻ്റെ തന്നെ അനുഭവ വ്യാപനവുമാണ്. എയർ ക്കണ്ടീഷൻ എന്നത് സാങ്കേതിക വിദ്യാ സ്ഥലമായിരിക്കുമ്പോൾ ത്തന്നെ അത് ഉത്പാദിപ്പിക്കുന്നത് പാദാർത്ഥി കാനു ഭവത്തിൻ്റെ അനുബന്ധമാണ്. പക്ഷിയെ അനുകരിച്ച് വിമാനം നിർമ്മിച്ച് ആകാശ സഞ്ചാരം നടത്തുന്ന മനുഷ്യൻ്റെ ആകാശ അനുഭവം ,പക്ഷിയുടെ ആകാശ അനുഭവത്തെക്കാൾ മുന്തിയ യാഥാർത്ഥ്യമല്ല. മറിച്ച് മനുഷ്യന് പ്രകൃതി നിയമം അനുവദിച്ചു തരാത്തതും എന്നാൽ മനുഷ്യനിർമ്മിതവുമായ ആകാശ സഞ്ചാരം മാത്രമാണ്. ഇവിടെയൊക്കെ പാദാർത്ഥ പ്രകൃതിക്കും മനുഷ്യനും മധ്യേ പ്രത്യക്ഷപ്പെടുന്ന മാധ്യമം, മാത്രമാണ് സാങ്കേതിക വിദ്യ. സാങ്കേതിക വിദ്യ മനുഷ്യൻ്റെ ആവശ്യാനുഭവ വികാസത്തിൻ്റെ, ആവശ്യ നിയമ സാധ്യതകളുടെ ഉപാധിമാത്രമാണ്. പ്രകൃതി നിയമത്തിനു മതീതമായ അനുഭവമണ്ഡലം യാഥാർത്ഥാമായി തീരുന്നത് അതു മനുഷ്യൻ്റെ ആവശ്യാനുഭവത്തിൽ ചെന്നു തൊടുമ്പോഴാണ്. പുഷ്പകവിമാന രൂപത്തിൽ ആയിരിക്കുമ്പോൾ അത് പ്രകൃതിസംഭവ്യതാനിയമത്തെ മറികടക്കുന്ന ആഗ്രഹപൂരണവും അയാഥാർത്ഥവുമാണ്. എന്നാൽ ആകാശ വിമാനത്തിന്റെ കാലമെത്തുമ്പോൾ സംഭവ്യതാനിയമത്തെ മറികടന്നുകൊണ്ട് മനുഷ്യൻ്റെ ആവശ്യ നിയമങ്ങളിൽ ചെന്ന് തൊടുകയും അങ്ങനെ യാഥാർത്ഥ്യമായി തീരുകയും ചെയ്യുന്നു. മനുഷ്യനിർമ്മിതമായ യാഥാർത്ഥ്യമായിത്തീരുന്നു. അത് മുന്തിയ യാഥാർത്ഥ്യമാണ് എന്ന് ഒരാൾ വാദിക്കുന്നത് സാമാന്യം സാമ്പത്തികശേഷിയുള്ള ആൾക്ക് മാത്രമേ ആ ആവശ്യം അവന്റേതാക്കി തീർക്കാൻ കഴിയുകയുള്ളൂ എന്നതുകൊണ്ടാണ്.ദരിദ്ര നാരായണന്, അതവന്റെ ജീവിതവ്യവഹാര ഭാഗമാക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണ്.അങ്ങനെ വരുമ്പോൾ ഉത്തരാധുനികതത്ത്വവിചാര പെട്ടിപ്പാട്ട് സംഘം മുന്തിയ ഇനം യാഥാർത്ഥ്യം എന്ന് സാങ്കേതികവിദ്യാനുഭവത്തെ വിവരിക്കുന്നത് അത് ജനസാമാന്യത്തിന് ആകെ ഒരുപോലെ അനുഭവിക്കാൻ കഴിയാത്തതും ഉയർന്ന സാമ്പത്തികവർഗ്ഗത്തിന്റെ സുഖഭോഗ നിർണ്ണയഘടകവും ആയതുകൊണ്ടാണ്. യാഥാർത്ഥ്യത്തെ നിർവചിക്കുന്നതിന് ഉത്തരാധുനികന്മാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്ത് എന്ന് ഇവിടെ വ്യക്തമാണ്.സാങ്കേതികവിദ്യയിൽ നിന്നും ഉല്പന്നമാകുന്ന യാഥാർത്ഥ്യം മുന്തിയതാണ് എന്നു പറയുന്നതിന് കാരണം സങ്കേതികവിദ്യയുടെ ഉടമസ്ഥതയും അധികാരവും അനുഭവിക്കുന്ന വർഗ്ഗത്തോടുള്ള ഉദാരമായ വിധേയത്വമാണ്. ആകാശ വിമാനം ഇന്നു ഇടത്തരക്കാരൻ്റെ ആവശ്യവും മൊബൈൽ ഫോൺ നിത്യ ജീവിതത്തിന്റെ ഭാഗവുമാണ്. അതുകൊണ്ട് അവ മുൻകാലങ്ങളിൽ എന്നപോലെ ഒന്നിലധികം കൈകളും പത്തുതലകളും ഉള്ള മനുഷ്യന് ചെയ്യാൻ കഴിയുന്ന പ്രകൃത്യതീതമായ ‘’യാഥാർത്ഥ്യ’’മല്ല, മനുഷ്യജീവിതത്തിൻ്റെ പാദാർത്ഥിക പ്രകൃതിയിൽ ലയിച്ചു കഴിഞ്ഞ യാഥാർത്ഥ്യമാണ്.


ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുള്ള നാട്ടിൽ എന്തിനാണ് ഈ സിദ്ധാന്തങ്ങൾ ഇറക്കുമതി ചെയ്ത് അതിൻ്റെ പിന്നാലെ പായുന്നത്