
ഡോ.ലാലു വി.
Published: 10 August 2025 സാഹിത്യ പഠനം
കുറ്റാന്വേഷണ സാഹിത്യത്തിൻ്റെ ജനപ്രിയത – ഒരപഗ്രഥനം
മനുഷ്യർ അന്വേഷണ കുതുകികളാണ്. അന്വേഷണങ്ങളി ലൂടെയാണ് മനുഷ്യർ തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ആരംഭിക്കുന്നത്. സുഖമാണോ? എന്തു ചെയ്യുന്നു? എന്തുണ്ട് വിശേഷം? ഇത്തരത്തിലുള്ള ചോദ്യ ങ്ങളെല്ലാം മറ്റുള്ളവർ എന്തു ചെയ്യുന്നു, അവരുടെ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമാണ്. ഭൂലോകത്ത് മനുഷ്യർ ഉണ്ടായ കാലം മുതൽ തന്നെ മനുഷ്യരിൽ ഈ അന്വേഷണത്വര പ്രകടമായിരുന്നു. മറ്റുള്ളവരെ കുറിച്ച് അറിയാനുള്ള ആകാംക്ഷ എല്ലാകാലത്തും എല്ലാ മനുഷ്യരിലും നിലനിൽക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങൾ മറ്റുള്ളവരുടെ നന്മകളും കഴിവുകളും കുറ്റങ്ങളും കുറവുകളുമൊക്കെ മനസ്സിലാക്കുന്നതിൽ മനുഷ്യർക്കുള്ളഅതിയായ താല്പര്യമാണ് വ്യക്തമാക്കുന്നത്. ഒരാളോട് നേരിട്ട് ചോദിച്ചറിയുന്നത് സത്യമാ ണോ എന്ന് മനസ്സിലാക്കാൻ വേണ്ടി അയാൾക്ക് പരിചിതരായവരോട് അന്വേഷിച്ച് സത്യം കണ്ടെത്താനുള്ള ഒരു അന്വേഷണത്വരയും മനുഷ്യനിലുണ്ട്. സത്യം കണ്ടെത്തുന്നതിനുള്ള മനുഷ്യൻ്റെ ആഗ്രഹമാണ് കുറ്റാന്വേഷണസാഹിത്യം അടിത്തറയാക്കുന്നത്. സംശയം, തെളിവ്,നീതി ,നിയമം തുടങ്ങിയ ആശ യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ സാഹിത്യശാഖ ജ്ഞാനോല്പാദനത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും സഹായത്തോടെ യുക്തിപൂർവ്വമായ അന്വേഷണരീതിയാണ് സ്വീകരിക്കുന്നത്. മനുഷ്യനിലെ സഹജമായ ഈ അന്വേഷണ സ്വഭാവമാണ് കുറ്റാ ന്വേഷണസാഹിത്യം എന്ന ശാഖയ്ക്ക് പ്രചുരപ്രചാരം നേടിക്കൊടുത്തത്. ഇന്ന് ഏറ്റവും ജനപ്രിയമായ ഒരു സാഹിത്യവിഭാഗമായി കുറ്റാന്വേഷണസാഹിത്യം മാറിയിരിക്കുന്നു.കുറ്റാന്വേഷണസാഹിത്യത്തിന്റെ ജനപ്രിയതയുടെ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം.
താക്കോൽ വാക്കുകൾ: കുറ്റാന്വേഷണ സാഹിത്യം, ജനപ്രിയത, സസ്പെൻസ്, നിഗൂഢത, രഹസ്യാത്മകത, ഫോറൻസിക് സയൻസ്.
മനുഷ്യമനസ്സിലെ കൗതുക ത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേ ഷണ കൃതികൾ. ആദിമകാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുന്നവയാണിവ. കുറ്റാന്വേഷണ പുസ്തകങ്ങളിൽ മാത്രമല്ല കുറ്റകൃത്യങ്ങൾ ഉള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അതാസ്വദിക്കുന്ന ആളുകൾ ലോകം മുഴുവനുണ്ട്. ലോകത്തിലെ എല്ലാ സംഘർഷങ്ങളിലും ഒരുപക്ഷം നിരാശപ്പെടു മ്പോൾ മറുപക്ഷം ആ കുറ്റകൃത്യം ആസ്വദി ക്കുന്നുണ്ട്. ആ വാസന എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നു. പൗരാണികകാലം മുതൽ തന്നെ കുറ്റാന്വേഷണം സാഹിത്യത്തിനു വിഷയമായിട്ടുണ്ട്. മഹാഭാരതത്തിൽ പ്രസേനൻ്റെ മരണവും അതിനെ തുടർന്നുള്ള അപവാദപ്രചരണങ്ങളും ശ്രീകൃഷ്ണൻ നടത്തുന്ന അന്വേഷണവും കുറ്റാന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. വായനക്കാരിൽ അസാധാരണമായ രീതിയിൽ ആകാംക്ഷയും ഉദ്വേഗവും ഉൽക്കണ്ഠയും ജനിപ്പിച്ചുകൊണ്ടാണ് കുറ്റാന്വേഷണകഥകൾ മുന്നേറുന്നത്. ലോക സാഹിത്യത്തിലും മലയാളസാഹിത്യത്തിലും ഈ സാഹിത്യശാഖ വളരെ സമ്പന്നമായി നിലനിൽക്കുന്നു.
കുറ്റാന്വേഷണം ലോകസാഹിത്യത്തിൽ
‘എഡ്ഗാർ അലൻ പോ’ എന്ന അമേരിക്കൻ എഴുത്തുകാരനാണ് കുറ്റാ ന്വേഷണസാഹിത്യം അഥവാ അപസർപ്പക സാഹിത്യം എന്ന ശാഖയ്ക്ക് ലോകസാഹിത്യ ത്തിൽ തുടക്കം കുറിക്കുന്നത്.1841 ൽ ‘The Murder in the Rue Morgue’ (റൂമെർഗിലെ കൊലകൾ) എന്ന പേരിൽ ഫിലഡെൽഫിയയിലെ ഒരു മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച കഥയാണ് ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണകഥ എന്നു കരുതപ്പെടുന്നു. കുറ്റാന്വേഷണ പ്രക്രിയയുടെ തത്ത്വപരവും പ്രായോഗികവുമായ വശങ്ങൾ ഈ കഥയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. തുടർന്ന് 1842 ൽ ആ കഥയുടെ തുടർച്ച എന്ന നിലയിൽ മറ്റൊരു കഥയും പ്രകാശിതമായി. 1845 ൽ മൂന്നാമതൊരു കഥ കൂടി അദ്ദേഹം രചിച്ചു. ഈ മൂന്നു കഥകളും ചേർത്ത് ‘Tales’(കഥകൾ) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തെയാണ് ആദ്യത്തെ കുറ്റാന്വേഷണ സാഹിത്യപുസ്തകമായി സാഹിത്യ ചരിത്രകാരന്മാർ വിശേഷിപ്പിക്കു ന്നത്. ലോകസാഹിത്യത്തിലെ തന്നെ ആദ്യത്തെ കുറ്റാന്വേഷകൻ ഈ കഥയിലെ നായകനാണെന്ന് പറയാം. നായകൻ്റെ വിദഗ്ധവും സാഹസികവുമായ അന്വേഷണങ്ങളുടെ ചിത്രീകരണമാണ് ഈ കഥകളിൽ ഭൂരിഭാഗവും. തുടർന്ന് അമേരിക്കൻ സാഹിത്യത്തിൽ അനവധി കുറ്റാന്വേഷണ കഥകൾ പ്രത്യക്ഷപ്പെട്ടു. ഈ കഥകൾക്ക് ജനങ്ങൾക്കിടയിൽ വൻ പ്രചാരം ലഭിച്ചു.
‘എമിൽ ഗാബോറിയൻ’എന്ന എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്നു ഫ്രഞ്ച് സാഹിത്യത്തിലെ കുറ്റാന്വേഷണസാഹിത്യത്തിൻറെ പിതാവ്. ’L Affaire Lerogue’(1866) ആണ് ഫ്രഞ്ചിലെ ആദ്യത്തെ കുറ്റാന്വേഷണകഥ. ‘Madam Lerogue’ ൻ്റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തുന്നതും കൊലപാതകകേസ് അന്വേഷിക്കാൻ Gevol എന്ന ഇൻസ്പെക്ടറും തുടർന്ന് Tabaret ഇന്ന് പ്രൊഫഷണൽ രഹസ്യാന്വേഷകനും എത്തിച്ചേരുന്നു. അന്വേഷണത്തിനിടെ മറഞ്ഞു കിടക്കുന്ന നിരവധി വ്യക്തിഗത സാമൂഹിക കുടുംബപരമായ രഹസ്യങ്ങൾ, സാമൂഹിക വിവേചനങ്ങൾ, അവകാശ പോരാട്ടങ്ങൾ എന്നിവ പുറത്തുവരുന്നു. അധികാരി വർഗ്ഗത്തിന്റെയും സാധാരണക്കാരുടെയും ലോകങ്ങൾ തമ്മിലുള്ള വിടവാണ് കഥയുടെ ഹൃദയം.’കുറ്റാന്വേഷണകഥാസാഹിത്യത്തിന് നിയാമകമായ തത്ത്വങ്ങളും നിയമങ്ങളുമെല്ലാം അലംഘനീയമാണെന്ന് തോന്നും വിധം ആവിഷ്കരിച്ചു എന്നതാണ് ഈ കഥയുടെ അസാധാരണമായ പ്രത്യേകത’ എന്ന് ‘ഹെൻറി ഡഗ്ലസ് തോംസൺ’ എന്ന നിരൂപകൻ പ്രസ്താവിക്കുന്നു. (Masters of mystery: A study of the detective story)
ഇംഗ്ലീഷ് സാഹിത്യത്തിൽ കുറ്റാന്വേഷണ കഥകളുടെ തുടക്കം കുറിക്കുന്നത് വിൽക്കി കോളിൻസ് രചിച്ച ‘ചന്ദ്രകാന്തം’ (The moonstone)എന്ന കഥയാണ്. ഇത് 1868 ലാണ് പ്രസിദ്ധീകരിക്കു ന്നത്. രഹസ്യം, വെളിപ്പെടുത്തലുകൾ, സസ്പെൻസ്, തെറ്റായ സംശയങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന് വായനക്കാരെ ആകർഷിക്കുന്ന ഒന്നാണ് ഈ കൃതി. ഇതിലെ ‘സാർജന്റ് കഫ്’ എന്ന കുറ്റാന്വേഷകന്റെ പാത പിന്തുടർന്നാണ് ഷെർലക് ഹോംസ് (ആർതർ കോനൻ ഡോയൽ), ഹെർക്കുലെ പൊയറോ (അഗതാ ക്രിസ്റ്റി) തുടങ്ങിയ കഥാപാത്ര ങ്ങൾ ഉണ്ടാകുന്നത്.
കുറ്റാന്വേഷണ കഥാലോകത്ത് ഏറ്റവും പ്രശസ്തനും വിദഗ്ധനുമായ എഴുത്തുകാരനാണ് ആർതർ കോനൻ ഡോയൽ. പ്രത്യേകമായ കുറ്റാന്വേഷണ ശൈലിയും പരിണാമ ഗുപ്തിയും നിലനിർത്തിക്കൊണ്ട് അദ്ദേഹം സൃഷ്ടിച്ച കഥകൾ ലോകസാഹിത്യത്തിലെ കുറ്റാന്വേഷണകൃതികളുടെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഈ കാലഘട്ടത്തിലും അദ്ദേഹത്തിൻ്റെ കൃതികൾ വായനക്കാരെ ആകർഷിച്ച് മുന്നേറുന്നു.’ഷെർലക് ഹോംസ്’ എന്ന പ്രശസ്ത കുറ്റാന്വേഷകൻ്റെ സ്രഷ്ടാ വാണ് അദ്ദേഹം. നിരീക്ഷണ ബുദ്ധിയും വിശ കലന ശേഷിയും രഹസ്യങ്ങൾ തിരിച്ചറിയാ നുള്ള സാമർത്ഥ്യവും കൂടുതലുള്ള കുറ്റാന്വേ ഷകനാണ് ‘ഷെർലക് ഹോംസ്’. ഒരുപക്ഷേ തൻ്റെ സ്രഷ്ടാവിനെക്കാൾ അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത് ഈ കഴിവുകൾ ആകാം.
കുറ്റാന്വേഷണ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയയായ മറ്റൊരു എഴുത്തുകാരിയാണ് അഗതാ ക്രിസ്റ്റി. അത്ഭുതകരമായ ദീർഘ ദർശനവും കഥപറയലിന്റെ മായാജാലവുമാണ് അവരുടെ കഥകളെ അനശ്വരമാ ക്കിയത്.’Queen of crime’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവരുടെ കൃതികളിൽ കുറ്റാന്വേഷണ കഥയ്ക്ക് വേണ്ട എല്ലാ ചേരുവകളും പാകത്തിൽ കൂടിച്ചേർന്നി രുന്നു. വ്യത്യസ്ത ഭാഷകളിലേക്ക് അവരുടെ കൃതികൾ വിവർത്തനം ചെയ്യപ്പെടുകയും അങ്ങനെ ലോകമെമ്പാടും ആരാധകരുള്ള ഒരു എഴുത്തുകാരിയായി അവർ മാറുകയും ചെയ്തു. 1934 ൽ പ്രസിദ്ധീകരിച്ച ‘murder on the Orient express’, ‘The murder of Roger Ackroyal’(1926) ‘And then there were None’(1939) എന്നിവ അഗതാ ക്രിസ്റ്റിയുടെ ഏറ്റവും ശ്രദ്ധേയമായ കുറ്റാന്വേഷണകൃതി കളാണ്.
ഫാൻറസി,ആശ്ചര്യം, മാജിക്, വിശ്വസ്തത തുടങ്ങി വിവിധവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലോകപ്രശസ്ത സീരീസ് ആണ് ‘ഹാരി പോട്ടർ’. ലോകമെമ്പാടും ആരാധകരുള്ള പ്രശസ്ത ബ്രിട്ടീഷ് എഴു ത്തുകാരിയായ ‘ജെ.കെ.റൗളിംഗ് ‘ആണ് ഈ സീരീസിന്റെ കർത്താവ്. പ്രായഭേദമന്യേ പുസ്തക പ്രേമികളുടെ മനസ്സിൽ അദ്വിതീയ മായ സ്ഥാനമാണ് ഹാരി പോട്ടറിനുള്ളത്. ജി. കെ.ചെസ്റ്റർട്ടൻ, ഇ.സി. ബെൻ്റ്ലി തുടങ്ങിയ വരുടെ കുറ്റാന്വേഷണരചനകളും സാഹിത്യ മൂല്യത്തിന്റെ കാര്യത്തിൽ പ്രസിദ്ധമായവയാ ണ്. ഇന്ന് ലോകസാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ ഒരു സാഹിത്യ ശാഖയായി കുറ്റാന്വേഷണസാഹിത്യം മാറി യിരിക്കുന്നു.
കുറ്റാന്വേഷണം മലയാളസാഹിത്യത്തിൽ
അച്ചടിയുടെയും കടലാസിന്റെയും കടന്നുവരവോടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വ്യാപകമാവുകയും പത്രമാസികകൾ പ്രചാരം നേടുകയും ചെയ്തതോടെയാണ് മലയാളസാഹിത്യം വിപുലമാകാൻ തുടങ്ങു ന്നത്. പത്രങ്ങൾ,ആനുകാലികങ്ങൾ, മാസി കകൾ തുടങ്ങിയവയിൽ പ്രസിദ്ധീകരിക്ക പ്പെട്ട സാഹിത്യ വ്യവഹാരങ്ങൾ ജനതയെ വലിയ രീതിയിൽ സ്വാധീനിക്കുകയുണ്ടായി. വിവർത്തന കൃതികളുടെ കടന്നുവരവും ഈ കാലഘട്ടത്തിൽ ഉണ്ടായി. വിവർത്തനത്തി ലൂടെയാണ് പല കുറ്റാന്വേഷണ നോവലുക ളും മലയാളത്തിലേക്ക് കടന്നുവന്നത്. എഡ് ഗാർ അലൻ പോ, ആർതർ കോനൻ ഡോയൽ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ ആശയങ്ങളെ കടം കൊണ്ട് അതിനെ കഴിയുന്നത്ര മലയാളീക രിച്ച് അവതരിപ്പിക്കാനാണ് മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ എഴുത്തുകാർ ശ്രമിച്ചത്. ഒരു കള്ളന്റെ കഥയെ ആധാര മാക്കി ‘വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ’ 1891ൽ ‘വിദ്യാവിനോദിനി’യിൽ പ്രസിദ്ധീകരിച്ച ‘വാസനാവികൃതി’ എന്ന ചെറുകഥയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയും ആദ്യത്തെ കുറ്റാന്വേഷണ കഥയും. ഷെർലക് ഹോംസ് കഥകളുടെ സ്വാധീനത്തിലാണ് ‘വേങ്ങയിൽ’ ഈ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. ‘മേനോക്കിയെ കൊന്നതാര്’ എന്നൊരു കുറ്റാന്വേഷണകഥയും അദ്ദേഹ ത്തിൻറെതായുണ്ട്. സത്യം തെളിഞ്ഞു (ഒടുവിൽ) കണ്ണിപ്പറമ്പിലെ കൊലപാതകം (എം.ആർ.കെ.സി.) തുടങ്ങിയവ ആദ്യകാല അപസർപ്പക കഥകളിൽ ശ്രദ്ധേയങ്ങളായവ യാണ്. ‘അപ്പൻ തമ്പുരാൻ’ 1905 ൽ പ്രസിദ്ധീ കരിച്ച ‘ഭാസ്കരമേനോൻ’ആണ് മലയാള ത്തിൽ ആദ്യം പുറത്തുവന്ന കുറ്റാന്വേഷണ നോവൽ. തരവത്ത് അമ്മാളു അമ്മയാണ് മലയാളത്തിലെ ആദ്യത്തെ സ്ത്രീ കുറ്റാന്വേ ഷണ സാഹിത്യകാരി. 1914 ൽ അവർ രചിച്ച ‘കമലാഭായി’ അഥവാ ‘ലക്ഷ്മിവിലാസത്തി ലെ കൊലപാതകം’ എന്ന കൃതിയാണ് ഒരു സ്ത്രീ രചിച്ച ആദ്യ മലയാള കുറ്റാന്വേഷണ നോവൽ.ഒ.എം. ചെറിയാന്റെ ‘കാലന്റെ കൊലയറ’ കാരാട്ട് അച്യുതമേനോന്റെ ‘വിരുതൻ ശങ്കു’ തുടങ്ങിയവ ആദ്യകാല ത്തുണ്ടായ കുറ്റാന്വേഷണകൃതികളിൽ പ്രധാനപ്പെട്ടവയാണ്. എം.ആർ.മാധവവാരി യർ,എം. ആർ. വേലുപ്പിള്ള ശാസ്ത്രി, സി.മാ ധവൻ പിള്ള, അനുജൻ തിരുവാങ്കുളം, കെ.എ.ദാമോദരമേനോൻ തുടങ്ങിയവർ മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യ ത്തെ മുന്നോട്ടു നയിച്ചവരിൽ പ്രധാനികളാ ണ്.
ഗ്രാമീണ ജനങ്ങൾക്കിടയിൽ കുറ്റാന്വേഷണസാഹിത്യത്തെ സജീവമാ ക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരാണ് കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, മെഴുവേലി ബാബുജി തുടങ്ങിയവർ. കുറ്റാ ന്വേഷണ സാഹിത്യത്തെ ജനകീയമാക്കുന്ന തിൽ ഇവരുടെ രചനകൾക്ക് വലിയ പങ്കുണ്ട്. പൈങ്കിളി പ്രസിദ്ധീകരണങ്ങൾ എന്ന് നിരൂപകർ ആക്ഷേപിച്ച ‘മ’ പ്രസിദ്ധീക രണങ്ങളിലായിരുന്നു ഇവരുടെ സാഹിത്യ കൃതികൾ വെളിച്ചം കണ്ടത്. ഒരുകാലത്ത് കേരളത്തിൻറെ ഗ്രാമഗ്രാമാന്തരങ്ങളിൽ സാക്ഷരതയിലും വായനാസംസ്കാരത്തി ലും ഇത്തരം പ്രസിദ്ധീകരണങ്ങൾ ചെലു ത്തിയസ്വാധീനം ശക്തമായിരുന്നു. മന്ത്രവാദവും സസ്പെൻസും നിഗൂഢതയും അന്വേഷ ണാത്മകതയും നിലനിർത്തിക്കൊണ്ട് ഈ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന കുറ്റാന്വേഷണകൃതികൾ ആ കാലഘട്ടത്തിലെ ജനതയുടെ ഭാവുകത്വത്തെ ശക്തമായി സ്വാധീനിച്ചു. തുടർന്ന് മുഖ്യധാരാസാഹിത്യ കാരന്മാരും കുറ്റാന്വേഷണകൃതികൾ രചി ക്കുകയുണ്ടായി. ബെന്യാമിന്റെ ‘മഞ്ഞ വെ യിൽ മരണങ്ങൾ’, ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’, ‘പച്ച മഞ്ഞ ചുവപ്പ്’ തുടങ്ങിയ കൃതികൾ പുതിയകാലത്തെ കുറ്റാന്വേഷണ ശൈലിയിലുള്ള നോവൽ രചനകൾ കൂടിയാണ്.
ബംഗാളി,ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നും ധാരാളം കുറ്റാന്വേഷണ നോവലുകളും കഥകളും വിവർത്തനത്തിലൂ ടെ മലയാളത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനായ അലക്സ് മൈക്കിലിഡ്സ് 2019 ൽ പ്രസിദ്ധീകരിച്ച സൈക്കോളജിക്കൽ ത്രില്ലറാണ് ‘ദി സൈലൻറ് പേഷ്യൻസ്’. വളരെയധികം നിഗൂഢത നിറഞ്ഞ ഒരു ഇംഗ്ലീഷ് വിവർത്തിത കൃതിയാണിത്. ദിവസേന പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും കുറ്റകൃത്യങ്ങളെ സംബന്ധിച്ച വാർത്തകൾ നമ്മൾ വായിക്കാറുണ്ട്.എന്നാൽ അവ എങ്ങനെ തെളിയിക്കപ്പെടുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ആ ചോദ്യത്തിനുള്ള മറുപടിയാ ണ് ഈ കൃതി. ടി.പി.രാജീവന്റെ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം’ വ്യത്യസ്തമായ മറ്റൊരു കുറ്റാന്വേഷണ രചന യാണ്. ടി.പി.രാജീവൻ, ജി.ആർ. ഇന്ദുഗോ പൻ തുടങ്ങിയവരുടെ കുറ്റാന്വേഷണകൃതി കൾ സാഹിത്യപരമായി ഉന്നതനിലവാരം പുലർത്തുന്നവയാണ്. സൂക്ഷ്മ നിരീക്ഷണ വും വേറിട്ട രചനാശൈലിയുമുള്ള എഴുത്തു കാരായ ലാജോ ജോസ്, സുരേന്ദ്രൻ മങ്ങാട് തുടങ്ങിയവർ കുറ്റാന്വേഷണ സാഹിത്യ ത്തിൽ സാമൂഹിക ജീവിതത്തെയും ചരിത്ര ത്തെയും കുടുംബബന്ധങ്ങളെയും അവലം ബിച്ച് രചനകൾ നടത്തിയവരാണ്. സുരേ ന്ദ്രൻ മങ്ങാടിന്റെ ‘രാജമുദ്ര കേസ് ഡയറി’, ‘കാലത്തിൻ്റെ തലേ വരകൾ’ തുടങ്ങിയവ ശ്രദ്ധേയമാണ്. ലാജോ ജോസിന്റെ ‘കോഫി ഹൗസ്’, ‘ഓറഞ്ച് തോട്ടത്തിലെ അതിഥി’, ‘റൂത്തിന്റെ ലോകം’, ‘കന്യാമരിയ’,’ഹൈഡ്രേ ഞ്ചിയ’തുടങ്ങിയ കൃതികൾ കുറ്റാന്വേഷണ നോവലെഴുത്തിന്റെ നവീന രീതികൾ ഉൾ ക്കൊള്ളുന്നവയാണ്. പ്രമേയ സ്വീകരണത്തിലെ വൈവിധ്യം കൊണ്ട് ഓരോ നോവ ലും ഒന്നിനൊന്നു മികച്ചതാക്കാൻ അദ്ദേഹ ത്തിന് കഴിയുന്നു. അൻവർ അബ്ദുളള, അനുരാഗ് ഗോപിനാഥ്, ആദർശ്.എസ്, റിഹാൻ റഷീദ്, ജിസ ജോസ്, ശ്രീ ജേഷ് ടി.പി, ശിവൻ എടമന തുടങ്ങി പുതിയ കുറ്റാന്വേ ഷണ നോവലെഴുത്തുകാരുടെ പട്ടിക ഇനിയും നീണ്ടു കിടക്കുന്നു.
കുറ്റാന്വേഷണസാഹിത്യത്തിൻ്റെ ജനപ്രിയത
എല്ലാം മനുഷ്യരിലും രഹസ്യ ങ്ങളും രഹസ്യങ്ങൾ അറിയാനുള്ള വാസന യും ഉണ്ട് . അതാണ് കുറ്റാന്വേഷണ കൃതിക ളിൽ പ്രതിഫലിക്കുന്നത്. കുറ്റാന്വേഷണ കൃതികളെ ജനപ്രിയമാക്കുന്ന ഒരു ഘടകം രഹസ്യങ്ങൾ അറിയാനുള്ള ഈ ജന്മവാസനയാണ്. ഒരു കുറ്റകൃത്യത്തിന് പിന്നിലെ രഹസ്യങ്ങൾ തേടി പോവുകയും അതിൻറെ ചുരുളഴിയുകയും ചെയ്യുമ്പോൾ വായനക്കാ രന്റെ ആകാംക്ഷ പൂർത്തീകരിക്കപ്പെടുന്നു. ആഖ്യാനത്തിന്റെ സവിശേഷതകളാണ് കുറ്റാന്വേഷണ നോവലുകളുടെ ജനപ്രിയത യുടെ മറ്റൊരു ഘടകം. വായനക്കാരിൽ ജിജ്ഞാസ ഉണർത്തുകയും അത് അവസാനം വരെ നിലനിർത്തുകയും ചെയ്യുന്ന കഥനരീതിയും, വായനക്കാരുടെ വിചാരത്തെ മറികടന്നുള്ള അപ്രതീക്ഷിതമായ സംഭവങ്ങളുടെ കടന്നുവരവും, കഥാപാത്രങ്ങളുടെ വ്യക്തിത്വ സങ്കീർണതകളുമൊക്കെ ഈ ജനപ്രിയത യ്ക്ക് കാരണമാണ്. കഥയിലെ ചില സന്ദർഭങ്ങളെ വായനക്കാരുടെ ഊഹത്തിനനുസരിച്ച് വിട്ടുകൊടുത്ത് , കഥയു ടെ നിയന്ത്രണം എഴുത്തുകാരൻ ഏറ്റെടുക്കുകയും; വായനക്കാരന്റെ ധാരണകളെ കവച്ചു വെച്ചുകൊണ്ടും ബുദ്ധിസാമർത്ഥ്യത്തെ വെ ല്ലുവിളിച്ചുകൊണ്ടും കഥാഗതിയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വായനക്കാരന്റെ ബുദ്ധിസാമർത്ഥ്യത്തെയും ഊഹങ്ങളെയും അസ്ഥാനത്താക്കി കൊണ്ടുള്ള കഥയുടെ ആകർഷകത്വം വായനക്കാരെ കുറ്റാന്വേഷ ണ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പി ക്കുന്നു. വൈവിധ്യമാർന്ന ജീവിതങ്ങളെയും സംഭവവികാസങ്ങളെയും വിശദമായി അവ തരിപ്പിക്കുവാനുള്ള സൗകര്യം നോവലെന്ന സാഹിത്യരൂപം എഴുത്തു കാർക്ക് നൽകുന്നു ണ്ട്. അതുകൊണ്ടാണ് കുറ്റാന്വേഷണ സാഹി ത്യത്തിൽ നോവലുകൾക്ക് ഇത്രയധികം പ്രചാരം ലഭിച്ചത്. ആദിമകാലം മുതൽ നില നിൽക്കുന്ന കുറ്റകൃത്യം എന്ന മനുഷ്യൻ്റെ അടിസ്ഥാനവാസനയെ ആവിഷ്കരിക്കുകയാണ് കുറ്റാന്വേഷണ കൃതികൾ ചെയ്യുന്നത്. മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർ ത്തുന്ന ഈ രചനകൾ എല്ലാ മനുഷ്യരിലും താൽപര്യം ജനിപ്പിക്കുന്നു.
ഇതിവൃത്തത്തിലും ആഖ്യാനത്തിലും പരിണാമഗുപ്തിയിലും വ്യത്യസ്തത പുലർത്തുന്ന കുറ്റാന്വേഷണ കൃതികളെ മാത്രമേ വായനക്കാർ സ്വീകരിക്കുകയുള്ളൂ. ഇവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാനുള്ള വൈദഗ്ധ്യം ഉണ്ടെങ്കിൽ മാത്രമേ കുറ്റാന്വേഷണ സാഹിത്യകാരന് സാഹിത്യലോകത്ത് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ലളിത മായ ഭാഷയിൽ യുക്തിഭദ്രമായി കഥ പറ ഞ്ഞു കൊണ്ട് വായനക്കാരനിൽ ആകാംക്ഷ ഉണർത്തിക്കൊണ്ട് മുന്നേറുക എന്നത് കു റ്റാന്വേഷണ എഴുത്തുകാരന്റെ വെല്ലുവിളിയാ ണ്. ഭാവന സമ്പന്നനായ ഒരാൾക്കു മാത്രമേ അനുവാചകനെ ആ ഭാവനാ ലോകത്തേക്ക് ആകർഷിക്കാൻ കഴിയൂ.
കുറ്റാന്വേഷണ സാഹിത്യത്തിൻ്റെ ഘടനയിൽ കുറ്റകൃത്യം, അന്വേഷണം, വിധി എന്നീ മൂന്ന് ഘട്ടങ്ങളാണുള്ളത്. കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണവും തുടർന്നു ള്ള വിധിയുമാണ് കഥാഘടന. വായനക്കാ രുടെ മുന്നിൽ ചില സമസ്യകൾ അവതരിപ്പി ച്ചു കൊണ്ടാണ് കുറ്റാന്വേഷണനോവൽ ആരംഭിക്കുന്നത്. വർത്തമാനകാലമേത് ഭൂതകാലമേത് എന്ന സംശയം ഉണ്ടാക്കാതെ അതിവിദഗ്ധമായി അനുവാചകനെ കൃതിയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ കുറ്റാന്വേഷണ എഴുത്തുകാർക്ക് കഴിയുന്നു.
പുതിയ കാലഘട്ടത്തിലും കുറ്റാ ന്വേഷണ കൃതികൾക്ക് ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നു. കുറ്റാന്വേഷണ കൃതികളിൽ വ്യത്യസ്തമായ ആശയങ്ങളും പുതിയ ശൈലിയും പ്രയോഗങ്ങളും കടന്നുവന്നു. ആകാംക്ഷ, നിഗൂഢത,വഴിത്തിരിവ്എന്നിവ കുറ്റാന്വേഷണത്തിലെ ഏറ്റവും കൗതുകക രമായ വിഭാഗങ്ങളാണ്. സോഷ്യൽ മീഡിയയുടെ വ്യാപനം, ടെലിവിഷൻ, പോഡ് കാസ്റ്റുകൾ, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയവ കുറ്റാന്വേഷണകൃതികളെ കൂടുതൽ ജനകീയ മാക്കുകയാണ് ചെയ്തത്. ഈ കാലഘട്ടത്തിലെ കുറ്റാന്വേഷണകൃതികളിൽ കുറ്റാ ന്വേഷണവും കണ്ടെത്തലുകളും വിശകലന ങ്ങളും മാത്രമല്ല പ്രമേയമായി വരുന്നത്. സൈബർ ക്രൈം, ഹാക്കിങ്, ശാസ്ത്രസാ ങ്കേതിക രംഗത്തെ കുറ്റകൃത്യങ്ങൾ വൈദ്യ ശാസ്ത്രരംഗത്തെ ക്രൈമുകൾ, തട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങളും പ്രമേയമാകുന്നു. വൈദ്യശാസ്ത്ര രംഗത്തും ശാസ്ത്രസാങ്കേ തികരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധുനികവൽക്കരണം മനുഷ്യചിന്തകൾ ക്കും അപ്പുറമാണ്. ഇന്നത്തെ കുറ്റാന്വേഷണ കൃതികളിൽ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഫോറൻസിക് സയൻസ്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന എല്ലാ തെളിവുകളും (വിരലടയാളം, വിയർപ്പ്, മുടി തുടങ്ങിയവ) ശേഖരിക്കുകയും വിശദമായ പരിശോധനയിലൂടെ സംശയിക്കുന്ന ആളുക ളിലേക്കോ പ്രതിയിലേക്കോ എത്തുന്നതിന് പോലീസിനെ ഇത് സഹായിക്കുകയും ചെയ്യുന്നു. ആദ്യകാല കുറ്റാന്വേഷണങ്ങളിൽ ശാസ്ത്രീയമായ രീതികൾ ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് പ്രതിയെ കണ്ടെത്തിയിരു ന്നത്. വിരലടയാളങ്ങൾ പരിശോധിക്കപ്പെട്ടി രുന്നടുത്തുനിന്ന് ഗ്ലൗസ് പ്രിന്റിൽ നിന്നുവരെ പ്രതിയിലേക്ക് എത്തിച്ചേരുന്ന സ്ഥിതിയിലേക്ക് ഫോറൻസിക് സയൻസ് വികാസം പ്രാപി ക്കുകയുണ്ടായി.
പുതുതലമുറയെ കുറ്റാന്വേഷണ കൃതികളിലേക്ക് ആകർഷിക്കുന്നതിൽ കുറ്റാന്വേഷണ സിനിമകൾക്ക് നിർണായകമായ പങ്കുണ്ട്. കൊറിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലെ കുറ്റാന്വേഷണസിനിമകളെ അവർ ഗൗരവത്തോടെ സ്വീകരിച്ചു. കുറ്റാന്വേഷണ വെബ് സീരീസുകളെ കുട്ടികളും യുവാ ക്കളും മുതിർന്നവരും ഒന്നടങ്കം സ്വീകരിച്ചു. ഇവ സൃഷ്ടിച്ച ഭീതിയുടെയും അന്വേഷണ ത്തിന്റെയും ലോകത്തിലേക്ക് മലയാളത്തിലെ കുറ്റാന്വേഷണസാഹിത്യവും ചുവടു മാറ്റി.ഗവേഷണ കുതുകിയായ മനുഷ്യൻ്റെ അന്വേഷണാത്മക സ്വഭാവത്തെയും നിഗൂഢത കളുടെ ഉള്ളറിയാനുള്ള ആഗ്രഹത്തെയും നിരീക്ഷണസാമർത്ഥ്യത്തെയും യുക്തിചിന്തയെയും ജിജ്ഞാസയെയും പൂരിപ്പിക്കുന്നു എന്നതുകൊണ്ടു തന്നെ കുറ്റാന്വേഷണ സാഹിത്യം എല്ലാക്കാലത്തും ജനപ്രിയമായി നിലകൊള്ളും.
ഗ്രന്ഥസൂചി
ഉമാദത്തൻ ബി (ഡോ.) ക്രൈം കേരളം: കേരളത്തിൻറെ കുറ്റാന്വേഷണ ചരിത്രം, ഡി.സി. ബുക്സ്, കോട്ടയം,2024
തരകൻ, കെ. എം. മലയാള നോവൽ സാഹിത്യ ചരിത്രം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 1978
ബഷീർ,എം.എം ചെറുകഥാ സാഹിത്യ ചരിത്രം ,കേരള സാഹിത്യ അക്കാദമി, തൃശൂർ 2002
രാജശ്രീ,ആർ അപസർപ്പകാഖ്യാനങ്ങൾ ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ് ,പാലക്കാട്, 2018
ശ്രീകുമാർ,എം.ജി (എഡി.) ജനപ്രിയ സാഹിത്യം മലയാളത്തിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 2014
ഹമീദ് , അപസർപ്പകനോവലുകൾ മലയാളത്തിൽ ,കേരള സാഹിത്യ അക്കാദമി തൃശൂർ,2015

ഡോ.ലാലു.വി
അസോസിയേറ്റ് പ്രൊഫസർ മലയാളവിഭാഗം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
