ലിലിൻ വി.ഭാസ്‌കരൻ

Published: 10 August 2025 പുസ്തകപഠനം

ചരിത്രവും ഭാവനയും ‘സ്വാതിതിരുനാളി’ൽ

കേവലമായ ചരിത്ര പ്രതിപാദനമല്ല ചരിത്ര നോവൽ. നോവലിസ്റ്റിന്റെ ഭാവനയ്ക്ക് അതിൽ വലിയ പ്രാധാന്യമുണ്ട്. ഭാവനയുടെയും ചരിത്രത്തിന്റെയും ഇഴുകിച്ചേരലിലൂടെയാണ് ചരിത്രനോവൽ ശില്പം അതിന്റെ പൂർണ്ണത കൈവരിക്കുന്നത്. വൈക്കം ചന്ദ്രശേഖരൻ നായർ ‘സ്വാതിതിരുനാൾ’ എന്ന നോവലിൽ തന്റെ ഭാവനയും ചരിത്രസംഭവങ്ങളും സമർത്ഥമായി കൂട്ടിയോ ജിപ്പിച്ചിരിക്കുന്നു.
സ്വാതിതിരുനാളിന്റെ ജനനം മുതൽ മരണം വരെയുള്ള തിരുവിതാം കൂറിന്റെ ചരിത്രവും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിലുണ്ടായ പരിഷ്‌ക്കരണങ്ങളും വൈക്കം തന്റെ നോവലിൽ ചിത്രീകരിക്കുന്നു. അവ താഴെപ്പറയുന്നു.
സ്വാതിതിരുനാൾ ജനിച്ച ദിവസം ഭാവി ഭാഗ്യത്തിന്റെ സൂചനയായി വനത്തിൽനിന്നും ഒരു വെള്ളാനയെ ലഭിച്ചു. ഇക്കാര്യം ഒന്നാമത്തെ അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് പറഞ്ഞിരിക്കുന്നു.
 
നാലുമാസം പ്രായമുള്ള
സ്വാതിതിരുനാളിനെ തിരുവിതാംകൂറിന്റെ രാജാവായി ബ്രിട്ടീഷ് റസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. ഇത് നോവലിന്റെ രണ്ടാം അദ്ധ്യായത്തിൽ ചിത്രീകരിക്കുന്നു.
ബാലരാമവർമ്മയുടെയും ലക്ഷ്മിഭായിയുടെയും കാലത്ത് ദിവനായിരുന്ന ഉമ്മിണിത്തമ്പിയെ റസിഡന്റ് കേണൽ മൺറോ രാജ്യദ്രോഹത്തിന് ജയിലിൽ അടയ്ക്കുന്നു. തമ്പിയും കൂട്ടാളികളും ചേർന്ന് മഹാറാണിയായ പാർവ്വതിഭായിക്കും റസിഡന്റ് കേണൽ മൺറോയ്ക്കുമെതിരെ നടത്തുന്ന ഉപജാപവും തുടർന്നുണ്ടായ തമ്പിയുടെ കാരാഗൃഹവാസവും നോവലിൽ വിശദമായി പ്രതിപാദിക്കുന്നു.
മദ്രാസിലെ ബ്രിട്ടിഷ് പട്ടാളത്തിന്റെ മേധാവിയായ കേണൽ വെൽഷിന്റെ തിരുവിതാംകൂർ സന്ദർശനം. (പുറം 38-41)
സ്വാതിതിരുനാളിന്റെ കിരീടധാരണം. ഗുരുനാഥൻ കൂടിയായ സുബ്ബരായരുടെ ദിവാൻ പദവിയിലുള്ള നിയമനം, മദ്രാസ് ഗവർണറായിരുന്ന ലൂഷിംങ്ടണിന്റെ തിരുവിതാംകൂർ സന്ദർശനം തുടങ്ങിയ തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ നോവലിൽ സവിസ്തരം പ്രതിപാദിച്ചി രിക്കുന്നു.
രാജ്യത്ത് നിലനിന്നിരുന്ന പ്രാകൃതമായ ശിക്ഷാനടപടികൾ സ്വാതി രാജാവ് നിർത്തലാക്കി. വിഷപരീക്ഷയുടെ നിരർത്ഥകത വാമനൻ പോറ്റിയുടെ വിചാരണയിലൂടെ അദ്ദേഹം ഇളയമ്മയേയും ഉദ്യോഗസ്ഥരേയും ബോദ്ധ്യപ്പെ ടുത്തി (പന്ത്രണ്ടാം അദ്ധ്യായം, പു 84-89).
 
തഞ്ചാവൂരിലെ ശരഭോജി രാജാവും ബ്രിട്ടീഷുകാരുമായി നടന്ന അധികാരതർക്കം നോവലിൽ സൂചിപ്പിക്കുന്നുണ്ട്.
സ്വാതിതിരുനാൾ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സംഗീതജ്ഞന്മാരെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും അവർക്ക് പാരിതോഷിക ങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. സ്വാതിതിരു നാളിന്റെ സദസ്സിലെ ഇരയിമ്മൻതമ്പി, മേരുസ്വാമി, ഷഡ്കാല ഗോവിന്ദ മാരാർ, സുഗന്ധവല്ലി, കുട്ടിക്കുഞ്ഞുതങ്കച്ചി, കിളിമാനൂർ വിദ്വാൻ കോയി ത്തമ്പുരാൻ, വടിവേലു നട്ടുവൻ തുടങ്ങിയവരെല്ലാം നോവലിൽ കഥാപാത്ര ങ്ങളാവുന്നുണ്ട്.
തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറൽ കല്ലനുമായി രാജാവിന് പല കാര്യങ്ങളിലും അഭിപ്രായഭിന്നത ഉണ്ടായിരുന്നു. റസിഡന്റിന്റെ ഭരണകാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണ് രാജാവിന്റെ അവ സാനകാലത്തെ ദുരിതപൂർണ്ണമാക്കിയത്. കല്ലനും സ്വാതിതിരുനാളുമായുള്ള സംഘർഷഭരിതമായ അവസ്ഥ നോവലിൽ ഉടനീളം പ്രതിഫലിക്കുന്നു.
 
സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമിക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഏർപ്പെടുത്തിയത്. ഇതും നോവലിൽ പറയുന്നു.
തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായ വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം, വേലുത്തമ്പിയുടെ ആത്മഹത്യ, വേലുത്തമ്പിയുടെ സുഹൃത്തുകൂടിയായ ഇളയരാജാവ് കേരളവർമ്മയുടെ തിരുവിതാംകൂർ സിംഹാ സനത്തിനു മേലുള്ള അവകാശവാദം, വേലുത്തമ്പിയുടെ മരണത്തെത്തുടർന്നുണ്ടായ കേരളവർമ്മയുടെ കാരാഗൃഹ വാസം, മരണം തുടങ്ങിയ സംഭവ ങ്ങൾ ‘സ്വാതിതിരുനാളി’ൽ സൂചിപ്പിക്കുന്നു.
നാഞ്ചിനാട്ടെ ചാന്നാന്മാർക്കിടയിലുണ്ടായ കലാപം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. കലാപപ്രദേശം രാജാവ് നേരിട്ടു സന്ദർശിച്ചു. 
അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായിരുന്നു സ്വാതി തിരുനാൾ. അദ്ദേഹത്തിന്റെ കാലഘട്ടത്തിനു മുൻപുവരെ അമ്മവീടുകൾ രാജാവിനും പ്രജകൾക്കുമിടയിലുള്ള ഇടനിലയായി വർത്തിച്ചിരുന്നു. സ്വാതി തിരുനാൾ അത് നിർത്തൽ ചെയ്തു. ശിക്ഷയിൽനിന്നും രക്ഷപ്പെടാനായി നാരായണിപ്പിള്ളക്ക് പാരിതോഷികം നൽകിയ ഇമ്മിണിയെ തഹസിൽദാരു ദ്യോഗത്തിൽ നിന്നും പിരിച്ചയയ്ക്കുന്നത് ഇതിന് ഉദാഹരണമാണ്. 
സ്വാതിതിരുനാളിന്റെ പ്രധാന ഭരണനേട്ടങ്ങളായ നക്ഷത്രബംഗ്ലാവ്, മൃഗശാല, ധർമ്മാശുപത്രി, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, ഇംഗ്ലീഷ് വിദ്യാലയം, സർക്കാർ അച്ചുകൂടം തുടങ്ങിയവയെപ്പറ്റി വൈക്കം തന്റെ നോവലിൽ പറയുന്നു.
സ്വാതിതിരുനാളിന്റെ ഗുരുനാഥൻ കൂടിയായിരുന്നു ദിവാൻ സുബ്ബരായർ. രായർ ക്രമേണ അഴിമതിയും സ്വജനപക്ഷപാതവും ശീലമാക്കി. ഇതേത്തുടർന്ന് രാജാവ് രായരെ ദിവാൻസ്ഥാനത്തുനിന്നും പിരിച്ചയച്ചു. എങ്കിലും സുബ്ബരായർ പിന്നീട് ബ്രിട്ടീഷുകാരുടെ ആനുകൂല്യത്തോടെ ദിവാൻ ഉദ്യോഗത്തിൽ തിരിച്ചു വന്നു. ഇക്കാര്യവും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.
 
ബ്രിട്ടീഷുകാരനായ കാൽഡിക്കട്ടിനെ നക്ഷത്ര ബംഗ്ലാവിന്റെ ചുമതലക്കാ രനാക്കുന്നു. ഇക്കാര്യം നോവലിൽ സൂചിപ്പിക്കുന്നു. 
ജോൺ റോബർട്ട്‌സിനെ ഇംഗ്ലീഷ് സ്‌കൂളിന്റെ ചുമതലക്കാരനാക്കുന്നു.
കണ്ടൻമേനോന്റെ നേതൃത്വത്തിൽ നടന്ന നീതിന്യായ പരിഷ്‌കരണം. ദിവാൻ സുബ്ബരായർക്ക് മേനോനോടുണ്ടായ അമർഷം ഇവ നോവലിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
ജനറൽ കല്ലന്റെ വിശ്വസ്തനായിരുന്ന കൃഷ്ണരായർ ദിവാൻ പദവിക്കു വേണ്ടി നടത്തിയ ഉപജാപങ്ങളും തുടർന്നുള്ള അദ്ദേഹത്തിന്റെ ദിവാൻ പദവിയിലേക്കുള്ള വരവും നോവലിനെ സംഘർഷഭരിതമാക്കുന്നു. 
ഇരയിമ്മൻ തമ്പിയുടെ പ്രധാനപ്പെട്ട കൃതികളെയും പദങ്ങളെയും നോവലിൽ പരാമർശിക്കുന്നു. അദ്ദേഹം രചിച്ച ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ…’ എന്നു തുടങ്ങുന്ന ശൃംഗാരകാവ്യത്തെ നാരായണപിള്ള ആലപിക്കുന്നത് മുപ്പത്തി ഒന്നാമത്തെ അദ്ധ്യായത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
 
സ്വാതി മഹാരാജാവിന്റെ അവസാനകാലഘട്ടം സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം രാജ്യഭാരം പൂർണ്ണമായും കൈയൊഴിഞ്ഞു. അധികാരമെല്ലാം ദിവാൻ സുബ്ബരായരെ ഏൽപ്പിച്ചു. അവസാനകാലത്താണ് അദ്ദേഹം തന്റെ പ്രസിദ്ധ സംഗീതകൃതികളായ ‘സ്യാനന്ദൂരപുരവർണ്ണനം’, ‘ഭക്തിമഞ്ജരി’ തുടങ്ങിയവ രചിച്ചത്. ഇക്കാല ഘട്ടത്തിൽ പത്മനാഭസ്വാമിയിൽ മനസ്സർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ മാനസിക സംഘർഷം കുറയ്ക്കാൻ ശ്രമിച്ചത്. ഈ സംഗതികളെല്ലാം വൈക്കം തന്റെ നോവലിൽ വരച്ചുകാട്ടുന്നു.
ജനറൽ കല്ലനുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടർന്ന് രാജാവ് ദിവാന്റെ ആശ്രിതൻ കൃഷ്ണരായരെ ഉദ്യോഗത്തിൽനിന്നും പിരിച്ചയയ്ക്കുകയും തിരുവിതാംകൂറിൽനിന്ന് നാടുകടത്തുകയും ചെയ്തു. കോപാകുലനായ കല്ലൻ സ്വാതിതിരുനാളിന്റെ ഗുരുകൂടിയായ മുൻ ദിവാൻ സുബ്ബരായരെ തിരുവിതാം കൂറിൽനിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു.
ബ്രിട്ടീഷുകാരുമായി ഇടഞ്ഞ സ്വാതിതിരുനാൾ ജനപിൻതുണ നേടാനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനുമായി രാജ്യം മുഴുവൻ സഞ്ചരിച്ചു.
സ്വാതിതിരുനാളിനെ പ്രിയപ്പെട്ടവരുടെ മരണങ്ങൾ വല്ലതെ ഉലച്ചി രുന്നു. അമ്മ, പിതാവ്, ഭാര്യ നാരായണിപ്പിള്ള, സുഹൃത്ത് വിദ്വാൻ കോയിത്ത മ്പുരാൻ, കണ്ടൻ മേനോൻ, സഹോദരി രുഗ്മിണിഭായി തുടങ്ങിയവരുടെ മരണവും അവയെ തുടർന്നുണ്ടായ രാജാവിന്റെ മാനസിക സംഘർഷവും നോവലിൽ ദൃശ്യമാണ്.
 
ബെഞ്ചമിൻ ബെയ്‌ലിയുടെ നിഘണ്ടു മഹാരാജാവിന് സമർപ്പിച്ച വിവരം നോവലിൽ കാണാം.
സ്വാതിതിരുനാളിന്റെ നാടുനീങ്ങലും തുടർന്നുണ്ടായ രാജകുടുംബങ്ങ ളുടെയും പ്രജകളുടേയും മുറവിളിയും നോവലിന്റെ അവസാനഭാഗത്ത് വിവിരിക്കുന്നു.
‘സ്വാതിതിരുനാൾ’ എന്ന നോവലിൽ വൈക്കം തന്റെ ഭാവന നന്നായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തിൽ ഇല്ലാത്ത പല സന്ദർഭങ്ങളും കല്പനകളും നമുക്ക് നോവലിൽ കണ്ടെത്താൻ കഴിയും. ഇവയൊന്നും ചരിത്ര സന്ദർഭങ്ങളെ ലംഘിക്കുന്ന തരത്തിലുള്ളവയല്ല. പലപ്പോഴും പൂരിപ്പിക്കുന്ന വിധത്തിലുള്ള വയാണ്.
 
സ്വാതിതിരുനാളിന്റെ അസാമാന്യമായ ബുദ്ധിശക്തിയും സാമർത്ഥ്യവും വരച്ചുകാട്ടാൻ വൈക്കം പല സന്ദർഭങ്ങളും തന്റെ നോവലിൽ ഉപയോ ഗിച്ചിട്ടുണ്ട്. കുട്ടിയായ സ്വാതി രാജകുമാരൻ കനകാംബരപുഷ്പത്തെ നോക്കി ഇളയമ്മയായ പാർവ്വതിഭായിയോട് ആ പൂവിന്റെ പേര് ‘ലജ്ജാവതി’ എന്നാണെന്നു പറയുന്നു. രാജകുമാരൻ തലകുനിച്ചു നിൽക്കുന്ന പൂവിൽ നാണിച്ചു തലതാഴ്ത്തി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഭാവവാഹാദികൾ കണ്ടെത്തുന്നു. ഈ സംഭവത്തിന്റെ ചിത്രീകരണത്തിലൂടെ ബാല്യത്തിൽ തന്നെ ജീവിതത്തിന്റെ സമസ്തഭാവങ്ങളെയും തിരിച്ചറിയാനുള്ള ശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് അനുവാചകരെ ബോധിപ്പിക്കാൻ സഹായിക്കുന്നു.
കുട്ടിക്കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ‘ഓംകാരനാദം’ തിരിച്ചറിയുന്നതും സ്വാതിയുടെ അസാമാന്യ പ്രതിഭ ഉയർത്തി ക്കാട്ടാൻ സഹായിക്കുന്നു. സംഗീതത്തിലും നൃത്തത്തിലും മുഴുകുമ്പോൾ തന്നെ ത്തന്നെ മറക്കുന്ന സ്വാതിതിരുനാളിനെയാണ് നോവലിൽ കാണാൻ കഴിയു ന്നത്. സുഗന്ധവല്ലിയുടെ ന്യത്തം കൊട്ടാരസദസ്സിൽ അരങ്ങേറുമ്പോഴും, പിന്നീട് നാരായണിപ്പിള്ളയുടെ വീണവായന കേൾക്കുമ്പോഴും സ്വയംമറന്ന് അവിടെനിന്നും ഓടിപ്പോകുന്ന സ്വാതിതിരുനാളിനെ നമുക്ക് നോവലിൽ കാണാൻ കഴിയും.
 
രാജാവിന്റെ പ്രജാക്ഷേമത്തിലുള്ള താത്പര്യവും അഴിമതിയോടുള്ള എതിർപ്പും നോവലിൽ ഉടനീളം കാണാൻ സാധിക്കും. നടുവം വിളാകത്ത് ലക്ഷ്മിപ്പിള്ള എന്ന സാധുസ്ത്രീയെ അനാവശ്യമായി ദ്രോഹിച്ച ഇമ്മിണി എന്ന തഹസിൽ ദാരെ ഉദ്യോഗത്തിൽനിന്നും പിരിച്ചയയ്ക്കുന്നു. ഈ സംഭവം നോവലിൽ ഉൾപ്പെടുത്തിയത് രാജാവിന്റെ നിശ്ചയദാർഡ്യത്തെ എടുത്തുകാട്ടുന്നതിന് സഹായിക്കുന്നു.
തന്റെ ശേവുകക്കാരെ അന്യായമായി ബ്രിട്ടീഷ് പട്ടാളക്കാർ കൊലപ്പെടു ത്തിയത് സ്വാതിതിരുനാളിനെ കോപാകുലനാക്കുന്നു. ബ്രിട്ടീഷുകാരുടെ അപ്രീതിയെ അവഗണിച്ചുകൊണ്ട് രാജാവ് ശേവുകക്കാരുടെ ശവസംസ്‌കാര ത്തിൽ പങ്കെടുക്കുന്നു. ഇളയമ്മയുടെ എതിർപ്പ് അദ്ദേഹം വകവയ്ക്കുന്നില്ല. ഇതുപോലെ തന്നെ ഇളയരാജാവായ കോട്ടയം കേരളവർമ്മയുടെ ശവസംസ്‌കാരം ബ്രിട്ടീഷുകാരുടെ എതിർപ്പിനെ തൃണവത്ഗണിച്ചുകൊണ്ട് നടത്തുന്നു. ഈ സംഭവങ്ങളുടെ ചിത്രീകരണത്തിലൂടെ സ്വാതിതിരുനാളിന്റെ ധീരതയും കൂസലില്ലായ്മയുമാണ് വെളിപ്പെടുന്നത്. രാജധാനിയിൽ നിന്നും തന്റെ ഭവനത്തിലെത്തിയ സ്വാതിതിരുനാളിന്റെ ഗുരുവായ വാര്യർക്ക് ശ്രീകൃഷ്ണ  സവിധത്തിൽനിന്നും മടങ്ങിയത്തിൽ കുചേലന്റെ അനുഭവമാണുണ്ടായത്. മഹാരാജാവിന്റെ ആശ്രിതവാത്സല്യം നാരായണിപ്പിള്ളയുടെ ജ്യേഷ്ഠത്തി പാറുക്കുട്ടിപ്പിള്ളയും വാമനൻ പോറ്റിയുമായുണ്ടായ വ്യവഹാരം, തുടർന്നുണ്ടായ പാറുക്കുട്ടിപ്പിള്ളയുടെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങൾ നോവലിൾ ഉൾപ്പെടു ത്തിയത്‌രാജാവിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റുകൂട്ടാൻ സഹായിച്ചിട്ടുണ്ട്.
ഇളയതമ്പുരാനായ കേരളവർമ്മയെ ബ്രിട്ടീഷുകാർ തടവിൽനിന്നും വിട്ടയ യ്ക്കുന്നു. തക്കലക്കൊട്ടാരത്തിൽ എത്തിയ കേരളവർമ്മയെ സ്വാതിതിരു നാൾ നേരിട്ട് സന്ദർശിക്കുന്നു. അവർ തമ്മിലുണ്ടായ സംഭാഷണം സംഘർഷം നിറഞ്ഞതാണ്. തന്റെ അമ്മയെക്കുറിച്ച് അപവാദം പറഞ്ഞ ആളായിരുന്നിട്ടു കൂടി വളരെ ദയാപൂർവ്വമാണ് സ്വാതിരാജാവ് അദ്ദേഹത്തോട് പെരുമാറുന്നത്. രാജാവും കേരളവർമ്മയുമായുള്ള കണ്ടുമുട്ടൽ ഉൾപ്പെടുത്തിയത് നോവലിന് നാടകീയത നൽകാൻ സഹായിക്കുന്നു.
 
തന്റെ പൂർവ്വികരുടെ ചെയ്തികളിലെ ന്യായാന്യായങ്ങൾ വേർതിരിച്ചു പരിശോധിക്കുന്ന ഒരു മഹാരാജാവായാണ് സ്വാതിതിരുനാളിനെ വൈക്കം നമുക്കുമുൻപിൽ അവതരിപ്പിക്കുന്നത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരോട് കാട്ടിയ ക്രൂരതകൾ ശരിയായിരുന്നില്ലെന്ന് സ്വാതി രാജാവ് തിരിച്ചറിയുന്നു. മാർത്താണ്ഡവർമ്മ തുറകയറ്റിയ എട്ടുവീട്ടിൽപിള്ള മാരുടെ പിൻമുറക്കാരിൽ ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവരെ സംരക്ഷിക്കണമെന്ന് രാജാവ് തീരുമാനിക്കുന്നു. ഇതിനായി തുറയിൽനിന്നും മുക്കുവരുടെ നേതാവായ ഓനാസുകയ്യാനെ ആളയച്ചു വരുത്തുന്നു. നിർഭാഗ്യമെന്നു പറയട്ടെ എട്ടുവീട്ടിൽപ്പിള്ളമാരുടെ പിൻമുറക്കാരാരും തന്നെ അവശേഷിച്ചി രുന്നില്ല.
നോവലിൽ ഭാര്യയായ പാറുക്കുട്ടിപ്പിള്ളയോടും സുഗന്ധവല്ലിയോടുള്ള സ്‌നേഹത്തിനിടയിൽപ്പെട്ട് ഉഴലുന്ന സ്വാതിതിരുനാളിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. സുഗന്ധവല്ലിയെ ഉപേക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. എന്നാൽ സുഗന്ധവല്ലിയോടുള്ള ബന്ധം ഭാര്യയായ നാരായണി പ്പിള്ളയെ വളരെയധികം ദുഃഖിപ്പിക്കുമെന്നോർത്ത് അദ്ദേഹം വ്യസനിക്കുന്നു. എന്നാൽ നാരായണിപ്പിള്ള ഭർത്താവിനെ മനസ്സിലാക്കുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന അവർ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് സുഗന്ധവല്ലിക്കായി ഗൃഹം നിർമ്മിച്ചു നൽകുന്നു. സുഗന്ധവല്ലിയെ കാണാ നായി നാരായണിപ്പിള്ള ചെല്ലുന്ന രംഗം ഹൃദയസ്പർശിയാണ്. ഭർത്താവിന്റെ പ്രണയിനിയെ വളരെ അനുതാപപൂർവ്വമാണ് നാരായണിപ്പിള്ള സമീപിക്കു ന്നത്. നാരായണി പ്പിള്ളയുടെയും രാജാവിന്റെയും എതിർപ്പിനെ വകവയ്ക്കാതെ സുഗന്ധവല്ലി മടങ്ങിപ്പോകാൻ തീരുമാനിച്ചു. സ്വാതിതിരുനാളും സുഗന്ധവല്ലിയു മായുള്ള അവസാന കൂടിക്കാഴ്ചയും അവർ തമ്മിൽ നടന്ന സംഭാഷണവും സുഗന്ധ വല്ലിയുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു.
 
നോവലിൽ സുഗന്ധവല്ലി സ്വാതിതിരുനാളിന്റെ പ്രണയിനി മാത്രമാണ്. എന്നാൽ യഥാർത്ഥത്തിൽ സുഗന്ധവല്ലി സ്വാതിതിരുനാളിന്റെ ഭാര്യയാണ്. ആദ്യഭാര്യയായ പാറുക്കുട്ടിപ്പിള്ളയുടെ മരണശേഷമാണ് സുഗന്ധവല്ലിയെ വിവാഹം കഴിക്കുന്നത്. ഇവർ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയാണ്. ‘സുഗന്ധവല്ലി’ എന്ന പേരിനുപകരം ഡോ.വി. എസ്. ശർമ്മയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയും1 സുന്ദരലക്ഷ്മി എന്ന പേരാണ് ഉപയോഗിക്കുന്നത്. ഈ പേരിന്റെ കാര്യത്തിലും അവ്യക്തതയുണ്ട്. ‘’സുന്ദര ലക്ഷ്മി, സുഗന്ധലക്ഷ്മി, സുഗന്ധവല്ലി എന്നീ മൂന്ന് തഞ്ചാവൂർ നർത്തകിമാരെ ക്കുറിച്ച് ചരിത്രകാരന്മാർ പറയുന്നു.’’2 സ്വാതിതിരുനാൾ സുന്ദരലക്ഷ്മി എന്ന നർത്തകിയെ ഭാര്യയായി സ്വീകരിച്ചുവെന്നും അവർക്കായി നിർമ്മിച്ചതാണ് തിരുവനന്തപുരത്തെ തിരുവട്ടാർ അമ്മവീടെന്നും ഡോ.വി.എസ്. ശർമ്മ (ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും) പറയുന്നു. അവരുടെ പിൻമുറക്കാർ ഇന്നും തഞ്ചാവൂർ അമ്മവീട്ടിൽ താമസിക്കുന്നു. നോവലിലെ സുഗന്ധവല്ലി ഹൃദയവേദനയോടെ സ്വാതിതിരുനാളിനെ ഉപേക്ഷിച്ച് നാഗർകോവിലിലേക്ക് മടങ്ങിപ്പോകുന്നു. സ്വാതിതിരുനാളിന്റെ രണ്ടാമത്തെ ഭാര്യയായ നങ്ങേലി നീലമ്മപ്പിള്ളയെക്കുറിച്ച് നോവലിൽ സൂചനയില്ല. യഥാർത്ഥത്തിൽ ഭാര്യയായ സുന്ധവല്ലിയെ പ്രണയിനിയായി നോവലിൽ ചിത്രീകരിച്ചതിലൂടെ നോവലിനെ കൂടുതൽ സംഘർഷഭരിതമാക്കാൻ വൈക്കത്തിന് കഴിഞ്ഞു.
ഉണ്ണിരവിയുടെയും അച്ഛനായ സർവ്വാധിയുടെയും മരണം വൈക്കത്തിന്റെ ഭാവനാസൃഷ്ടിയാണ്. സുഗന്ധവല്ലി സർവ്വാധിയുടെ ജഡത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന രംഗം ആരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതാണ്. 
 
വെള്ളക്കാരുമായി യുദ്ധം ചെയ്ത് അന്ത:സ്സായി മരിക്കാൻ ആഗ്രഹിക്കുന്ന സ്വാതിതിരുനാളിനെയാണ് നോവലിൽ കാണുന്നത്. നോവലിലെ സ്വാതിതി രുനാൾ വേലുത്തമ്പിയോട് വളരെയധികം അനുഭാവം പ്രകടിപ്പിക്കുന്ന ആളാണ്. ഇളയരാജാവായ കേരളവർമ്മയുടെ അഭിപ്രായങ്ങളോടും അദ്ദേഹ ത്തിന് യോജിപ്പാണ്. എങ്കിലും ഇളയമ്മയുടെ കരച്ചിൽ അദ്ദേഹത്തെ യുദ്ധത്തിൽനിന്നും പിന്നോട്ടുവലിക്കുന്നു.
 
അന്ത്യകാലഘട്ടത്തിൽ ഏതാണ്ടൊരു ഉന്മാദാവസ്ഥയിൽ എത്തുന്നു സ്വാതിതിരുനാൾ. അദ്ദേഹം മരണത്തോട് അടുത്തിരിക്കുന്നതായി സൂചിപ്പി ക്കാൻ ‘ത്യാഗരാജസ്വാമിയുടെ സ്വപ്നദർശന’ത്തിന്റെ ചിത്രീകരണം സഹായി ക്കുന്നു. മരിച്ചുപോയ സ്വാമികളുടെ ദർശനം സ്വപ്‌നം കണ്ടതിനാൽ രാജാവിന് മരണം അടുത്തിരിക്കുന്നതായി സൂചന നൽകുന്നു.
ചരിത്രത്തിൽനിന്നും വ്യത്യസ്തമായ നിരവധി രംഗങ്ങൾ വൈക്കം ചന്ദ്ര ശേഖരൻനായർ ‘സ്വാതിതിരുനാൾ’ എന്ന നോവലിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. ഈ കല്പനകൾ എല്ലാംതന്നെ ചരിത്രവുമായി വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ചേർന്നു നിൽക്കുന്നു. ഇവ നോവൽ ശില്പത്തെ കൂടുതൽ മികവുറ്റതാക്കുന്നു.
 
ഈ കല്പിത സംഭവങ്ങൾ ചരിത്രത്തിന്റെ അന്തഃസത്തയ്ക്ക് പൂർണ്ണമായും യോജിക്കുന്ന തരത്തിലുള്ളതാണ്. നോവലിസ്റ്റ് നോവലിൽ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ (ഉദാ: സുഗന്ധവല്ലിയുമായുള്ള പ്രണയം, ഇളയരാജാവു മായുള്ള കൂടിക്കാഴ്ച) സ്വാതിതിരുനാളിന്റെ വ്യക്തിത്വത്തെ കൂടുതൽ ഉജ്ജ്വല മാക്കുവാൻ സഹായിക്കുന്നു. സുഗന്ധവല്ലിയും നാരായണിപ്പിള്ളയു മായുള്ള കണ്ടുമുട്ടലിന്റെ ചിത്രീകരണം നാരായണിപ്പിള്ളയുടെ വ്യക്തിത്വം കൂടുതൽ മിഴിവുറ്റതാകാൻ സഹായിക്കുന്നു. സുഗന്ധവല്ലി നാട്ടിലേക്കു മടങ്ങിപ്പോയതായി നോവലിൽ പറയുന്നു. നാട്ടിലേക്കു മടങ്ങാതെ സ്വാതിയുടെ കാമുകിയോ ഭാര്യയോ ആയി സുഗന്ധവല്ലി തുടർന്നിരുന്നെങ്കിൽ അവരുടെ വ്യക്തിത്വത്തിന് ഇടിവ് സംഭവിക്കുമായിരുന്നു. അതുപോലെ സർവ്വാധിയുടെ ജഡത്തെ കെട്ടിപ്പിടിച്ചു കരയുന്ന സുഗന്ധവല്ലി അനുവാചകന്റെ ഹ്യദയത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. വൈക്കത്തിന്റെ ഭാവന ഇത്തരം രംഗങ്ങൾക്ക് രൂപം നല്കിയില്ലായിരുന്നുവെങ്കിൽ  ‘സ്വാതിതിരുനാൾ’ നോവൽ അനുഭവം നൽകുമായിരുന്നില്ല.
 
എന്നാൽ വിവരണാത്മക ചരിത്രവും അതിന് അനുബന്ധമായി മാറുന്ന ഭാവനയും മാത്രമാണോ നോവൽ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. രാജാധികാരത്തെത്തന്നെ ചോദ്യം ചെയ്ത ജനങ്ങളുടെ രാഷ്ട്രീയം എങ്ങനെ കൃതി മറവ് ചെയ്തിരിക്കുന്നു എന്നും അന്വേഷിക്കാവുന്നതാണ്. ചരിത്രവും ഭാവനയും നോവൽ കലയിൽ (എസ്.സുധീഷ്) ഇത്തരം കൃതികൾ അതാണ് ചെയ്യുന്നത്.അങ്ങനെ അന്വേഷിക്കുമ്പോൾ ചരിത്രം, ഭാവന എന്നീ വാക്കുകൾ പുനർനിർവ്വചിക്കപ്പെടാം, നോവൽ മറ്റൊരു രീതിയിൽ വായിക്കപ്പെടാം. നോവൽ എഴുതുന്ന കാലത്തിൻ്റെ (1970)രാഷ്ടീയവും അന്വേഷിക്കപ്പെടാം.

സഹായകഗ്രന്ഥങ്ങൾ
1. ഉമാമഹേശ്വരി, എസ്., തൃപ്പടിദാനം, ശ്രീ ഉത്രാടം തിരുനാൾ മാർത്താ ണ്ഡവർമ്മയുടെ രാജസ്മരണകൾ, മാതൃഭൂമി ബുക്‌സ്, 2011
2. കുഞ്ഞൻപിള്ള, വി.എൻ, ശൂരനാട്, തിരുവിതാംകൂറിലെ മഹാന്മാർ, വി.വി.ബുക്കുഡിപ്പോ, ചാല, തിരുവനന്തപുരം, കൊ.വ. 1121.
3. കുഞ്ഞൻപിള്ള, വി.എൻ, ശൂരനാട്, സ്വാതിതിരുനാൾ, കേരളീയ മഹാത്മാക്കൾ, സീരീസ് നമ്പർ: 7, കൾച്ചറൽ പബ്ലിക്കേഷൻസ്, ഡിപ്പാർട്ട്‌മെന്റ് ഗവൺമെന്റ് ഓഫ് കേരള, തിരുവനന്തപുരം, 2004,
4. ചന്ദ്രശേഖരൻ നായർ, വൈക്കം, സ്വാതിതിരുനാൾ, കൈരളി മുദ്രാലയം, കോട്ടയം, 1989,
5. നാരായണപ്പണിക്കർ, ആർ., തിരുവിതാംകൂർ ചരിത്രം.
6. ബാലകൃഷ്ണൻ, കല്പറ്റ, ചരിത്രനോവൽ മലയാളത്തിൽ, കേരളസാഹിത്യ അക്കാദമി, തൃശൂർ, 2005.
7. ശങ്കുണ്ണിമേനോൻ, പി.. (തർജ്ജുമ ഡോ. സി.കെ. കരീം), തിരുവിതാംകൂർ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റyqട്ട്, തിരുവനന്തപുരം, 1994.
8. ശർമ്മ, വി.എസ്., ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും, സ്റ്റേറ്റ് ഇൻസ്റ്റിറ്റyqട്ട് ഓഫ് ലാംഗ്വേജസ്, തിരുവനന്തപുരം, 2012.
9. ശർമ്മ, വി.എസ്., തിരുവിതാംകൂർ രാജവംശം, കേരളപ്രഭ, 1992.

10.എസ്.സുധീഷ് ചരിത്രവും ഭാവനയും നോവൽ കലയിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2016

ലിലിൻ. വി.ഭാസ്‌കരൻ

അസിസ്റ്റന്റ് പ്രൊഫസർ മലയാളവിഭാഗം ശ്രീനാരായണകോളേജ് ചെമ്പഴന്തി

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x