വി.രവികുമാർ

Published: 10 August 2025 ലോകസാഹിത്യവിവർത്തനങ്ങൾ

ഗുന്തർഗ്രാസിൻ്റെ കവിതകൾ

വിവ: വി.രവികുമാർ

(1999ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ജർമ്മൻ നോവലിസ്റ്റും കവിയുമായ ഗുന്തർ ഗ്രാസിൻ്റെ ചില കവിതകൾ.)

കുടുംബകാര്യങ്ങൾ

ഞങ്ങളുടെ കാഴ്ചബംഗ്ലാവിൽ
-ഞങ്ങൾ എല്ലാ ഞായറാഴ്ചയും
അവിടെ പോകാറുണ്ട്‌-
പുതിയൊരു വിഭാഗം തുറന്നിരിക്കുന്നു;
അവിടെ
ഞങ്ങൾ ഗർഭത്തിലേ ഛിദ്രം ചെയ്ത കുഞ്ഞുങ്ങൾ
വിളറിയ, ഗൗരവക്കാരായ ഭ്രൂണങ്ങൾ
കണ്ണാടിഭരണികൾക്കുള്ളിലിരുന്ന്
തങ്ങളുടെ അച്ഛനമ്മമാരുടെ ഭാവിയെക്കുറിച്ചോർത്തു
വ്യാകുലപ്പെടുന്നു.

ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ…

കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ പാഞ്ഞൊളിക്കുകയാണ്‌.
തക്ളിക്കറിയുന്നില്ല
ആരുടെ വിരലിൽ തറച്ചുകയറണമെന്ന്,
അച്ഛൻ ഛേദിച്ചുകളഞ്ഞ പെൺകുട്ടിയുടെ കൈകൾക്ക്
കടന്നുപിടിക്കാൻ ഒരു മരം പോലുമില്ല,
മൂന്നാമത്തെ ആഗ്രഹം ആരുമുച്ചരിക്കുന്നില്ല.
കുട്ടികളെ കാണാതെയാകുന്നില്ല.
ഏഴെന്നാൽ കൃത്യം ഏഴെന്നേയുള്ളു.
ആളുകൾ കാടുകളെ കൊല്ലുകയാണെന്നതിനാൽ
യക്ഷിക്കഥകൾ നഗരങ്ങളിലേക്കോടുകയാണ്‌,
മോശമായൊരു പര്യവസാനത്തിലേക്ക്.

ജീവിതത്തിൻ്റെ മദ്ധ്യത്തിൽ

ഞാൻ മരിച്ചുപോയവരെക്കുറിച്ചോർക്കുന്നു,
കണക്കിൽ പെടാത്തവരെയും പേരുള്ളവരേയും.
അപ്പോഴല്ലേ ദൈനന്ദിനം വാതിലിൽ മുട്ടുന്നു,
വേലിക്കു മുകളിലൂടെ
പഴത്തോട്ടം വിളിച്ചുപറയുന്നു:
ചെറിപ്പഴങ്ങൾ പാകമായി!

പ്രവാചകന്മാരുടെ ഭക്ഷണം

വെട്ടുക്കിളികൾ ഞങ്ങളുടെ നഗരം കൈയേറിയപ്പോൾ,
വാതിൽക്കൽ പാൽക്കുപ്പികളെത്താതായപ്പോൾ,
പത്രങ്ങൾക്കു ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ
എല്ലാ പ്രവാചകന്മാരെയും മോചിപ്പിക്കാന്‍
ഞങ്ങളുടെ ജയിലുകളുടെ കവാടങ്ങള്‍ തുറന്നു.
തെരുവുകളിലൂടവരൊഴുകി,
3800 പ്രവാചകന്മാർ,
വിലക്കുകളില്ലാതെ പ്രസംഗിച്ചും ഉപദേശിച്ചും കൊണ്ട്,
ഞങ്ങൾ പ്ളേഗെന്നു വിളിക്കുന്ന,
നിറം കെട്ടതും ചാടുന്ന പ്രകൃതവുമായ ഭക്ഷണം
വയറു നിറയെ കഴിച്ചുംകൊണ്ട്.
അങ്ങനെ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത്
എല്ലാം ഭംഗിയായി നടന്നു.

വൈകിയില്ല, ഞങ്ങളുടെ പാൽക്കുപ്പികൾ വീണ്ടുമെത്തി,
ഞങ്ങളുടെ പത്രങ്ങൾ വീണ്ടുമിറങ്ങി,
പ്രവാചകന്മാർ വീണ്ടും ഞങ്ങളുടെ ജയിലുകൾ നിറയ്ക്കുകയും ചെയ്തു.

നുണ
നിങ്ങളുടെ വലതുചുമൽ ഇടിഞ്ഞിരിക്കുന്നു,
എൻ്റെ തയ്യൽക്കാരൻ പറഞ്ഞു.
ഞാനെൻ്റെ സ്കൂൾബാഗ് തൂക്കിയിരുന്നത്
വലതുചുമലിലായിരുന്നു,
മുഖം ചുമന്നുകൊണ്ട് ഞാൻ പറഞ്ഞു.

സ്വത്ത്

എൻ്റെ ദൈവം, നിൻ്റെ ദൈവം, നമ്മുടെ…
എത്രയെത്ര അവകാശവാദങ്ങൾ.
വെടിവട്ടം കഴിയുമ്പോഴാകട്ടെ,
കാലിയായ കുപ്പികൾ മാത്രം,
മുകളിലേക്കു ചൂണ്ടുന്ന പള്ളിമേടകളും.

കൂമൻ്റെ നോട്ടം

വിരണ്ടോടുന്ന ചുണ്ടെലിയ്ക്കും
ചുരുണ്ടുകൂടുന്ന പുഴുവിനുമപ്പുറം
അവൻ്റെ തുറിച്ചുനോട്ടം
പ്രതിഫലിപ്പിക്കുന്നതു നമ്മളെ,
ചോദ്യങ്ങൾക്കുത്തരം തേടി
ഞായറാഴ്ചകളിൽ മൃഗശാല സന്ദർശിക്കുന്നവരെ.

പൊയ്പോയി

അടുത്തിടെ ഞാനൊരലമാര തുറന്നുനോക്കി
എത്രയോ കാലം മുമ്പേ താഴിട്ടുപൂട്ടിയത്

ഉള്ളിൽ ഹാംഗറുകൾ തൂങ്ങിക്കിടന്നിരുന്നു
ഒന്നും താങ്ങാനില്ലാതെ

ഓരോരോ ഹാംഗറിലും ഞാൻ തൂക്കിയിട്ടു
മരിച്ചുപോയ സ്നേഹിതരുടെ കോട്ടുകൾ

എന്നുമവ ഉണ്ടാവണമെന്നതിനായി
കീശകളിൽ ഞാൻ പാറ്റാഗുളികകളും ഇട്ടുവച്ചു

ഒരു ഹാംഗർ ശൂന്യമായി ശേഷിച്ചു
അതെനിക്കുള്ളതാവണം

പിന്നെ ഞാൻ അലമാര താഴിട്ടുപൂട്ടി
താക്കോൽ വിഴുങ്ങുകയും ചെയ്തു

സന്തോഷം

ആളൊഴിഞ്ഞ ഒരു ബസ്
താരാവൃതമായ രാത്രിയിലൂടെ ഇരച്ചുപായുന്നു
ഡ്രൈവർ പാടുന്നുണ്ടാവാം
പാടുന്നതു കൊണ്ടയാൾക്കു സന്തോഷം കിട്ടുന്നുമുണ്ടാവാം

വി.രവികുമാർ

കൂടാക്കിൽ, വടക്കുംഭാഗം, ചവറ സൗത്ത്, കൊല്ലം-691584 9446278252

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ratheesh r
Ratheesh r
1 month ago

Good

1
0
Would love your thoughts, please comment.x
()
x