
ജൂലി ഡി എം
Published: 10 August 2025 ട്രോൾ വിമർശനം
നളചരിതം: വി കെ എൻ വേർഷൻ
നളചരിതം: വി കെ എൻ വേർഷൻ
മഹാഭാരതം നളോപാഖ്യാനത്തിന് വിഖ്യാതമായ പുനരാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.ശ്രീഹർഷന്റെ നൈഷധീയം, മഴമംഗലത്തിന്റെ ഭാഷാനൈഷധം, ഉണ്ണായിവാര്യരുടെ നളചരിതം, നമ്പ്യാരുടെ നളചരിതം കിളിപ്പാട്ട് എന്നിങ്ങനെയുള്ള വിഖ്യാത കൃതികൾ ഉദാഹരണമായി എടുത്തുകാട്ടാം.ഈ പറഞ്ഞവയെല്ലാം തന്നെ കാവ്യങ്ങളായിരുന്നു. എന്നാൽ മലയാള കഥാ- നോവൽ സാഹിത്യത്തിൽ ആധുനികത അതിന്റെ വിശ്വരൂപം കാട്ടിയ കാലത്ത് നളചരിതം ഒരു ലഘു നോവലായി പുനരവതരിക്കുക എന്ന അപൂർവതയാണ് നളചരിതം മൂലം എന്ന വി. കെ. എൻ നോവലറ്റ്. പ്രഖ്യാത ഇതിവൃത്തത്തെ പ്രഹസനമാക്കി ആവിഷ്കരിക്കുന്ന വിലക്ഷണക്കാഴ്ചയുടെ സൗന്ദര്യമാണ് വി. കെ. എന്നിന്റെ നളചരിതം. സ്വത:സിദ്ധമായ രീതിയിൽ പുരാണകഥയെ ഹാസ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മറ്റാർക്കും സൃഷ്ടിക്കാനാവാത്ത അസാധ്യ നിർമ്മിതിയായി മാറുന്നുണ്ട് പ്രസ്തുത കൃതി. കാവ്യമായും ആട്ടക്കഥയായും മാത്രം മലയാളി അറിയുന്ന നളചരിതം ഹാസ്യ നോവലായി മാറുന്ന അസാധാരണ ചിരിക്കാഴ്ചയാണ് വി. കെ. എന്നിന്റെ നളചരിതം മൂലം എന്ന നോവലറ്റ്.
വി. കെ. എൻ. നളചരിതം ഒന്നാം ദിവസം
“ ഇടവപ്പാതിക്കും വേനൽക്കും ഭാരത വർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാർ ഉണ്ടായിരുന്നു. പുറമെ നളനും. ഇയാളാണ് പിന്നീട് കലിയായത്.”എന്ന പ്രസ്താവനയോടെയാണ് വി. കെ. എന്നിന്റെ നളചരിതം തുടങ്ങുന്നത്. നിഷധ രാജനായ നളൻ വി. കെ. എന്നിന്റെ നളചരിതത്തിലെത്തുമ്പോൾ നിഷാദനായി മാറുന്നു ! മാ നിഷാദാ, എന്ന് വാല്മീകിയുടെ വിലക്കുണ്ടായിട്ടും വ്യാപാരമേ ഹനനമാം വനവേടനായിട്ടാണ് നളനെ ചരിത്രം ചിത്രീകരിക്കുന്നതെന്നാണ് നോവലിസ്റ്റ് രേഖപ്പെടുത്തുന്നത്. സൗന്ദര്യം, സൽസ്വഭാവം, സ്വഭാവോക്തി, സ്വകാര്യ സമ്പത്ത്, മൂലധനം, കുതിര, മുതിരവിള എന്നിവയിലും നളനെ വെല്ലാൻ അക്കാലം വേറൊരു രാജാവേ ഉണ്ടായിരുന്നുള്ളൂ. അതും നളനായിരുന്നുവെന്ന് വി. കെ. എൻ സാക്ഷ്യപ്പെടുത്തുന്നു.എ. ഡി. 1956-ൽ പ്രവിശ്യകളുടെ പുനർവിഭജനകാലത്ത് മഹാരാഷ്ട്ര ഏകീകരൺ സമിതിയോടും കേന്ദ്രസർക്കാരിനോടും പൊരുതി വിദർഭത്തെ പ്രത്യേക സ്റ്റേറ്റ് ആക്കി നിർത്തിയ സിക്കുകാരനായ മഹാരാജാവായാണ് വി. കെ. എൻ ദമായന്തിയുടെ പിതാവായ ഭീമനെ അവതരിപ്പിക്കുന്നത്.1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായപ്പോൾ മഹാരാഷ്ട്ര സംസ്ഥാനത്തോട് ചേരാതെ 1960 വരെ വിദർഭ പ്രത്യേകം സ്റ്റേറ്റ് ആയി തുടർന്ന കാര്യം ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണിവിടെ.
വിദർഭയിലെ സിക്കുകാരൻ രാജാവായ ഭീമന്റെ പുത്രി അനുപമ സുന്ദരിയായ ദമയന്തിയെക്കുറിച്ച് വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദമയന്തിയിൽ കമ്പം കയറിയ, സൗരമണ്ഡലത്തിൽ കുടിയേറിപ്പാർക്കുന്ന വാനോരം കർഷകരായ ഇന്ദ്രാദി ദേവന്മാർ അവളെ പ്രതി തമ്മിൽ ഗുസ്തി പിടിക്കുക പതിവായിരുന്നുവത്രെ. എന്നാൽ “ചോരയും കരിമ്പിൻനീരുമുള്ള” മനുഷ്യനോടായിരുന്നു അവൾക്കു മമത.ഉച്ച മുതൽ ഉച്ചവരെ ഉച്ചഭാഷിണിയിൽ നിന്ന് നളന്റെ “ഗുണ സന്നിപാതം” ദമയന്തിയും ദമയന്തിയെക്കുറിച്ച് നളനും കേട്ട് തുടങ്ങി.ഇതിനുപുറമേ രണ്ടാളും പരസ്പരം കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും സ്വപ്നം കാണാനും ആൽഫ്രഡ് പ്രൂഫ്റോക്കിന്റെ പ്രേമഗീതം പാടാനും തുടങ്ങി.രണ്ടാളും ഉണ്ടാൽ ഉറങ്ങാതായി. ഉറങ്ങിയാൽ ഉണരാതായി. പരസ്പരം കണ്ടില്ലെങ്കിലും മൂന്നാമതൊരാൾ രണ്ടുപേരെയും കണ്ടാലേ കുണ്ഠിതമകലൂ എന്ന ശണ്ഠയായി.നളൻ പള്ളിവേട്ട നിർത്തി കൊട്ടാരം പൂന്തോപ്പിൽ കുത്തിയിരിപ്പ് തുടങ്ങി.ഒരു ഞായറാഴ്ച വൈകുന്നേരം കൊട്ടാരം പൂന്തോപ്പിൽ രാജാപാർട്ടിൽ ഉലാത്തുന്ന നളന്റെ മുന്നിലേക്ക് ഒരുപറ്റം സൈബീരിയക്കാരായ അരയന്നങ്ങൾ പറന്നിറങ്ങി.നളന്റെ മട്ട് മാറി. നോൺ വെജിന്റെ സ്വാദ് അദ്ദേഹത്തിന്റെ നാക്കുയർത്തി.വറുത്തോ കറി വച്ചോ കഴിക്കാമെന്ന് വിചാരിച്ചു ഒന്നിനെ ഓടിച്ചിട്ട് പിടിച്ചു.പരിഭ്രമം ഏതുമില്ലാതെ സൈബീരിയക്കാരൻ അന്നം ഇങ്ങനെ പറഞ്ഞു. “നള ! പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് ഇശ്ശി കാലം മുമ്പ് പാസ്സായ ഒരു എഭ്യശിരോമണിയാണ് താൻ. അല്ലെങ്കിൽ നോനെ ഹിംസിക്കാൻ ശ്രമിക്കില്ല…”
“വളരെക്കാലം മുമ്പ് ഒരു ജന്മത്തിൽ വലിയ കോലോത്തെ കാര്യസ്ഥനായിരുന്നു നോം.തമ്പുരാൻ പടിക്കൽ അമ്പു നമ്പൂരീന്ന് കേട്ടിട്ടുണ്ടോ? ”എന്ന് ചോദിച്ചു.ഓടിച്ചിട്ട് കറിവയ്ക്കാൻ പിടിച്ച ഹംസം, നമ്പൂതിരിയാണെന്നറിഞ്ഞ നളൻ “അടിയൻ അറിഞ്ഞില്ല.” എന്ന് കുണ്ഠിതപ്പെട്ടു ! ജീവൻ തിരിച്ചുകിട്ടിയ ഹംസം നമ്പൂതിരി “വിദർഭത്തെ ഭീമന്റെ മഹൾക്ക് തന്നോട് ശ്ശി കമ്പാണ്. ധരിച്ച്ട്ട്ണ്ടോ?” എന്ന് ചോദിക്കുന്നു. എന്നാൽ തിരുമേനി അതൊന്നു ശരിയാക്കിത്തരണമെന്നായി നളൻ.ഒക്കെ ശരിയാക്കാം എന്ന് പറഞ്ഞ് വെറ്റില മുറുക്കിത്തുപ്പി പറന്നുപോയ നമ്പൂരി ഹംസവും കൂട്ടരും ദമയന്തിയുടെ പൂന്തോപ്പിൽ പറന്നിറങ്ങുന്നു. നമ്പൂതിരിയെ കണ്ട് പേടിച്ച് തോഴിമാർ ചിതറിയോടിയപ്പോൾ ദമയന്തിയോട് അവൾ സദാ സ്വപ്നം കാണുന്നവൻ നളനാണെന്നും ഭീംസിങ്ങിനോട് പറഞ്ഞ് അവനെ കെട്ടിക്കോ നേരമ്പോക്കാവുമെന്നും പറയുന്നു.അങ്ങനെയാണ് ദമയന്തീ സ്വയംവരത്തിനായി അഷ്ടദിക്കുകളിലുള്ള രാജാക്കന്മാരെയും ഭീമൻ ടെലക്സ് വഴി വിവരം അറിയിക്കുന്നത്. ഉപഗ്രഹം വഴിപോയ വാർത്തയറിഞ്ഞ ഇന്ദ്രാദികൾ സൂപ്പർ സോണിക്ക് വിമാനങ്ങൾ ഷെഡ്‌ഡിലിട്ട് ഭൂമിയിലേക്ക് തിരിക്കുന്നു. ഭീംജി മഹാരാജ് ആണവായുധ നിരോധനക്കരാറിൽ ഒപ്പുവച്ചിരുന്നില്ല! തങ്ങളുടെ വിമാനത്തിന്റെ സ്കെച്ചും പ്ലാനും മനുഷ്യനൊരുവൻ മോഷ്ടിച്ചാലോയെന്ന് ഭയന്നാണ് ദൈവപുത്രന്മാർ രഥത്തിലേറി വന്നത്! യാത്രാമധ്യേ നളനെ കാണുന്ന ദേവന്മാർ നളനോട് “ഒരു മുണ്ടെയ്ക്കൽ സന്ദേശം കൊണ്ടുപോകാമോ?” എന്ന് ചോദിക്കുകയും ദേവന്മാരായ നാൽവർസംഘം ദമയന്തിയുടെ സ്വയംവരത്തിന് വരുന്നുവെന്നും അതിലൊരുവനെ കാന്തനായി വരിച്ച് “കണ്ടക്ട് ആൻഡ് എൻജോയ് ” എന്ന് ചെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.ദമയന്തിയുടെ ലൗ സ്റ്റോറിയിലായ താനും ഈ വേലക്കാണ് വന്നിരിക്കുന്നതെന്നും അതുകൊണ്ട് വേറെ വല്ല കുട്ടിച്ചാത്തനേയും നിയോഗിക്കാൻ പറഞ്ഞു നോക്കിയെങ്കിലും നിർവാഹമുണ്ടായില്ല. അന്ത:പുരത്തിൽ എത്തിയ നളൻ “ഇന്ദ്രൻ തൊട്ട് യമൻ വരെയുള്ള നാല് ഭൂതത്താന്മാർക്ക് നിന്നെ കെട്ടണം. ഒരാളെ നീയും വീഴ്ത്ത്.” എന്ന് പറയുമ്പോൾ “അവന്മാരെ ഞാൻ കെട്ടത്തില്ല. തന്നെയാണ് ഭാവം.” എന്നവൾ മറുപടി പറയുന്നു. അമാനുഷന്മാരുടെ സന്ദേശവാഹകനായ താൻ എങ്ങനെയാണ് “നിന്റെ ഫുൾടൈം ചെട്ടിയാരാവുക?” എന്ന് നളൻ ചോദിക്കുമ്പോൾ “സ്വയംവരത്തിന് താനും വാ.നോക്കാം. ” എന്ന മറുപടിയാണവൾ കൊടുക്കുന്നത്.സ്വയംവരവേദിയിൽ അഞ്ചു നളന്മാരെ കണ്ട ദമയന്തി ഇന്ദ്രാദികളെ മരത്തിൽ കെട്ടിയിട്ട് ഭേദ്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞെട്ടിപ്പോയ ദേവന്മാർ തങ്ങളുടെ പത്രാസ് തിരിച്ചെടുത്തു സ്വയം വെളിപ്പെടുകയും കഥകളി താരത്തെപ്പോൽ ശോഭിച്ച നളനെ ദമയന്തി കഴുത്തിൽ പൂമാല കുരുക്കി വരനായി സ്വീകരിക്കുകയും ചെയ്യുന്നു.
രണ്ടാം ദിവസം
ദൈവങ്ങൾ നാൽവരും ഉടലോടെ സ്വർഗ്ഗത്തിലേക്ക് പോകുമ്പോൾ കറുത്തിട്ടും ഇരുനിറത്തിലും രണ്ടുപേർ- കലിയും ദ്വാപരനും- അവർക്കെതിരെ വരുന്നു.ദമയന്തിയെ നളൻ പരിണയിച്ച കഥയറിഞ്ഞ കലി ദേവന്മാരായ നാലുപേരിരിക്കെ, ഒരു ഹോമോസാപ്പിയൻസിനെ പരിണയിച്ച കുറ്റകൃത്യത്തിന് “ അവൾ അനുഭവിച്ചു താൻ ആഹണം.അവനും. ” എന്നു കയർക്കുന്നു. നളനെയും നളത്തിയെയും തൊട്ടുകളിച്ചാൽ നാശം കലിക്കായിരിക്കുമെന്ന് താക്കീത് ചെയ്ത് ദേവന്മാർ യാത്രയായി. “മാങ്ങോട്ടു മുത്തിയാണേ ഞാൻ ഇതിന് പകരം ചോദിക്കും.നളനിൽ ആവേശിച്ച് അവന്റെ രാജ്യം ഞാൻ കൈക്കലാക്കു”മെന്നിങ്ങനെ കലി ആവേശം കൊണ്ടു. ഒരു വ്യാഴവട്ടക്കാലം കലിയും ദ്വാപരനും നളന്റെ കൊട്ടാരത്തിനു ചുറ്റും തക്കം പാർത്തു നടന്നു.നളനിൽ എന്തെങ്കിലും സ്വഭാവദൂഷ്യം കണ്ടാൽമാത്രമേ ആവേശം മൂത്ത് മുദ്രാവാക്യം വിളിക്കാൻ കഴിയുമയിരുന്നുള്ളു!ഒരു ദിവസം നളൻ തലകുനിക്കാതെ കുറിയിട്ട് നാമം ചൊല്ലുമ്പോൾ കലി കള്ളനെ കയറിപ്പിടിച്ചു.അവനിൽ ആവേശിച്ചു.നളനെ ചൂതിന് വിളിക്കാൻ പുഷ്കരന് തോന്നിച്ചു.ദ്വാപര സഹായത്താൽ ചൂത്, പകിട, ഗോലി, കബഡി, ചീട്ട് എന്നിങ്ങനെ എല്ലാറ്റിലും ജയിച്ച പുഷ്കരൻ നളനെ ആട്ടിയിറക്കി.
നളനും പെണ്ണിനും അന്നാഹാരം കൊടുക്കുന്നവരുടെ റേഷനരി റദ്ദാക്കുമെന്ന് പുഷ്കരൻ വിജ്ഞാപനമിറക്കിയതിനാൽ നാട്ടിൽ നിന്ന് പച്ചവെള്ളം പോലും കിട്ടിയില്ല.നാലാം ദിനം വിന്ധ്യന്റെ താഴ് വരയിൽ കായ്കനികൾ ചുട്ടുതിന്നും വൈറ്റ് വൈൻ കുടിച്ചുമിരിക്കുമ്പോൾ കുറെ കാട്ടുകോഴികൾ അവർക്കരികിൽ വന്നു. നളനിലെ കുക്ക് കൂവിയാർത്തുകൊണ്ട് ഉടുമുണ്ട് വലയായി വീശി.’തന്തൂരി’ എന്നു പറയുന്നതിന് മുമ്പേ കോയികൾ ഉടുമുണ്ടും പറിച്ചു പറന്നുപോയി.അതുകണ്ട് കലി കയറിയ ദമയന്തി ഭർത്താവിനോട് ഇങ്ങനെ തട്ടിക്കയറി “എന്നാലും അച്ചായൻ ഒരു കോണാൻ പോലും ഉടുക്കാതെ…?” അവനെ ഫിറ്റ് ചെയ്താൽ തനിക്ക് ശ്വാസം മുട്ടുമെന്നും ബ്രഹ്മചര്യത്തിന്റെ മുദ്രാവാക്യമായ കൗപീനത്തിന്റെ മാഹാത്മ്യം താൻ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞുമാണ് നളൻ തടിതപ്പിയത്. ”ആ കാണുന്നതാണ് ഭവതിയുടെ പിതാവിന്റെ സ്റ്റേറ്റ് ക്യാപ്പിറ്റലിലേക്കുള്ള ഹൈവേ.” എന്ന് രക്ഷപ്പെടാനുള്ള മാർഗം കാണിച്ചു കൊടുത്തെങ്കിലും പോവാൻ തയ്യാറാവാതിരുന്നത് കൊണ്ട് അവൾ ഉറങ്ങിക്കിടക്കെ,“ദമയന്തിക്കെന്തിനാണ് ഒരു ഫുൾ സാരി? പാതി മതി.” എന്ന് ചിന്തിച്ച് സാരിയുടെ പകുതി മുറിച്ച് നാണം മറച്ച് നളൻ ഓടി മറയുന്നു. ഉറക്കമുണർന്ന് നളനെ കാണാതായ ദമയന്തി കോട്ടുവായിട്ട് “എന്നാൽ പോടോ.” എന്ന് പറഞ്ഞ് പിതാവിന്റെ ദൂതന്മാരുടെ കൂടെ സ്വന്തം കൊട്ടാരത്തിലെത്തുന്നു.
മൂന്നാം ദിവസം
ദമയന്തിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയ നളൻ “നളോ, ഓടിവാ ചങ്ങായ്. തിജ്ജ് !” എന്ന നിലവിളി കേട്ട് ഓടിച്ചെല്ലുന്നു. തീയിൽപ്പെട്ട നാഗാ റെബലായ നാഗത്താനെ രക്ഷിച്ച മാത്രയിൽ ദംശനമേൽക്കുകയും കാഫ്കയുടെ മെറ്റമോർഫോസിസിലെന്ന പോലെ രൂപം മാറുകയും ചെയ്യുന്നു. രൂപം മാറിയതിനാൽ ആരും തിരിച്ചറിയില്ലെന്നും കോസല രാജ്യത്തെ റിതുപർണ്ണന്റെ അടുക്കൽ പോയി അശ്വജ്ഞാനം കൊടുത്ത് അയാളുടെ പകിടകൾ സ്വന്തമാക്കാനും നാഗത്താൻ ഉപദേശിക്കുന്നു.പഴയ രൂപം എപ്പോൾ തിരിച്ചു കിട്ടണമൊ അപ്പോൾ ധരിക്കാനായി നൂറു കൊല്ലത്തെ പഴക്കോം ദുർഗന്ധോം ഉള്ള ജീൻസാണ് ധരിക്കാൻ കൊടുക്കുന്നത്. നളനെ രാജാവ് തന്റെ കുതിരകൾക്കും ലായത്തിനും ആശാനാക്കി ‘കുതിരാലയം’ എന്നൊരു വീട് വെച്ച് കുതിരവട്ടത്ത് പാർപ്പിച്ചു! ബാഹുകൻ എന്ന മതത്തിലും ചേർത്തു. ഭട്ടന്മാരെ ഓടിച്ചിട്ട് പുരാണത്തെ പാരായണം ചെയ്യിക്കുന്ന പതിവ് അന്ന് വിദർഭത്തിൽ ഉണ്ടായിരുന്നു. ദമയന്തി ഉദരംഭരികളായ ഭട്ടന്മാരെ വിളിച്ച് കുറച്ച് ശ്ലോകങ്ങൾ ചൊല്ലി പഠിപ്പിച്ച് നളനെ കണ്ടുപിടിക്കാനായി വിവിധ രാജ്യങ്ങളിലേക്കയക്കുന്നു.
“ശ്ലോകം കേട്ട് ആരെങ്കിലും തല ചൊറിഞ്ഞു നിങ്ങളെ സമീപിക്കുകയാണെങ്കിൽ അവനെ പൊതിരെ തൽക. കൊൽകരുത്.പിടിച്ചുകെട്ടി നമുക്ക് മുന്നിൽ ഹാജരാക്കുക.” എന്നിങ്ങനെ നിർദേശങ്ങളും നൽകി. ദിവസങ്ങൾ കഴിഞ്ഞ് ഒരു പട്ടർ റിതുപർണ്ണന്റെ കൊട്ടാരത്തിൽ ചെന്ന് ശ്ലോകം ചൊല്ലിയപ്പോൾ ചണ്ഡാലനെപ്പോലിരിക്കുന്ന ബാഹുകൻ എന്നു പേരുള്ള ഒരുവൻ ശ്ലോകത്തിന് മറുപടി പറഞ്ഞ കാര്യം വന്നറിയിക്കവേ, ദമയന്തിക്ക് ഹരം അഭിനയിക്കാൻ രസങ്ങളില്ലാതായി. വിവരമറിഞ്ഞ അമ്മ മഹാറാണി സുകർണ്ണനെ വിളിച്ച്, ദമയന്തീ ഭർത്താവിന്റെ ലാവണം നാലുവർഷമായി ഒഴിഞ്ഞു കിടക്കുന്നതിനാൽ അവൾ വീണ്ടും ഒരു കേളച്ചനെ അന്തിക്കൂട്ടിന് പൊക്കാൻ പോകുന്നുവെന്ന വിവരം കോസല രാജനായ റിതുപർണനെ അറിയിക്കാൻ ഉത്തരവിടുന്നു. വിവരമറിഞ്ഞ റിതുപർണൻ ചേങ്ങില കൊട്ടി “ആകൃതികണ്ടാലതിരംഭേയം ആരുടെ കൃതിയിതു നഹി നിശ്ചേയം എന്നാലവൾ തൻ അധരം പേയം. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ഉപ്പും തിരുമ്മി ഒറ്റവീർപ്പിന് പേയം…” എന്ന് പാടി ! ശേഷം ബാഹുകനെ വിളിച്ച് നാളെ പുലർച്ച ദമയന്തിയുടെ സ്വയംവരം സെക്കൻഡ് ഷോയാണ്. ഇന്ന് വൈകുന്നേരത്തിനു മുമ്പ് നമുക്ക് വിദർഭയിൽ എത്തണമെന്ന് പറയുന്നു..പാവം മാനവ ഹൃദയവും ലോ ബ്ലഡ് പ്രഷർ കുക്കറുമായ നളന് തന്റെ ചങ്ക് പൊട്ടുമോ എന്ന് തോന്നി. സംഭവം ഒട്ടും വിശ്വസിച്ചില്ലെങ്കിലും റിതുപർണ്ണന്റെ കൂടെ പോയി ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥം രചിച്ചുകളയാം എന്ന് തീരുമാനിച്ച് “മന്നരേ, നമുക്ക് പാം.” എന്നു പറയുന്നു. റിതുപർണ്ണൻ ഒഴിച്ചുകൊടുത്ത സ്കോച്ച് വിസ്കി കമഴ്ത്തി ഒരു പച്ചമുളകും തിന്ന് റിതുവെ രഥത്തിലേറ്റി വേഗത കുതിരക്കു നൽകി വായുവിനോട് അറ്റൻഷനിൽ നിൽക്കാൻ പറഞ്ഞു.രഥം പറക്കവേ, എതിരെ വന്ന എഫ്- 16 പോർ വിമാനങ്ങൾ ഭസ്മമായി.ഇടയ്ക്ക് രഥം നിർത്തിയ ബാഹുകൻ അടുത്തുനിൽക്കുന്ന പുളിമരത്തിൽ എത്ര ഇലയുണ്ടെന്ന് ചോദിക്കുന്നു. വിസ്കി തലക്കു പിടിച്ചെന്ന് മനസ്സിലായ,ദമയന്തി തലക്കു പിടിച്ച റിതുപർണ്ണൻ കൃത്യം എണ്ണം പറയുകയും ഫയർ ബ്രിഗേഡിനെ വിളിച്ച് മരം മുറിച്ചിടാനും ബാഹുകനോട് എണ്ണിത്തിട്ടപ്പെടുത്താനും ആവശ്യപ്പെടുന്നു. എണ്ണം കൃത്യമാണെന്ന് ബോധ്യപ്പെട്ട ബാഹുകൻ അശ്വഹൃദയം റിതുവിനു നൽകുകയും കള്ളം കളിച്ച് ചൂതിൽ ജയിക്കേണ്ട വിധം പകരം വാങ്ങുകയും ചെയ്തു. “അതോടെ നളനെ വലച്ചിരുന്ന കലിദിനസംഖ്യ കളവ് പോയി.”
നാലാം ദിവസം
കൊട്ടാരമുറ്റത്ത് കുളമ്പടിയൊച്ച കേട്ട് മട്ടുപ്പാവിൽ കയറി നളന്റെ വിരൽ മാത്രമുള്ള ബാഹുക രൂപം കണ്ട ദമയന്തിയുടെ പ്രതീക്ഷ തലകുത്തി. സ്വയംവരാഘോഷമെന്നും കാണാതെ റിതുപർണ്ണനും കുരുക്കിലായി. റിതുപർണ്ണനെ കണ്ട ഭീമസേനൻ “ഈ രാജ്യത്തെ ഇന്റലിജൻസിനും പ്രോട്ടോക്കോളിനും എന്തു സംഭവിക്കുന്നു?” എന്ന് അന്തം വിട്ടു. ചേട്ടനെ കണ്ട് ‘റാം റാം’ എന്ന് പറയാമെന്ന് വച്ചാണ് വന്നതെ”ന്ന് പറഞ്ഞ് റിതു തടിയൂരുന്നു. ഒരു മൂലക്ക് കുത്തിയിരുന്ന ബാഹുകന്റെ അടുത്ത് കൊട്ടാരം തൂപ്പുകാരിയായ പാർവതിക്കുഞ്ഞമ്മ ബി. എ എത്തുകയും “ഈ നേരം കെട്ട നേരത്ത് റിതുവും നിങ്ങളും എന്തിനാണ് ഇവിടേക്ക് കെട്ടിയെടുക്കപ്പെട്ടിരിക്കുന്നത് ?” എന്ന് ചോദിക്കുകയും ചെയ്യുന്നു.സ്വയംവരത്തിന് എത്തിയതാണെന്ന് പറയുന്ന ബാഹുകനോട് മുൻപ് ദമയന്തി പറഞ്ഞുവിട്ട ശ്ലോകത്തിന് നൽകിയ മറുപടി ഒന്നുകൂടി പറയാനാവശ്യപ്പെടുന്നു. ചൊല്ലിയാടി കേട്ട മറുപടിയുമായി പാറു പറന്നു ചെന്ന് ദമയന്തിയോട് കാര്യം ഉണർത്തിക്കുന്നു. മറ്റൊരു ചാരൻ കൊടുത്ത ബാഹുകന്റെ സ്‌കിൽസ് വിവരിക്കുന്ന റിപ്പോർട്ട് കൂടി വായിച്ച ശേഷം റിപ്പോർട്ടിന്റെ മാർജിനിൽ അവൾ “ഇവൻ നളൻ തന്നെ.” എന്നെഴുതി. പിന്നെ ബാഹുകനെ വരുത്തി ചോദ്യം ചെയ്യുന്നു. ചോദ്യോത്തരങ്ങൾക്കൊടുവിൽ ആകാശത്ത് നിന്നും ശംഖുപുഷ്പം വർഷിക്കുകയും അശരീരി ഇങ്ങനെ പറയുകയും ചെയ്തു- “ ദമയന്തി കേമി.സാക്ഷാൽ പതിവ്രത. ദേശസാത്കൃത ചാരിത്ര്യത്തിന്റെ കസ്റ്റോഡിയൻ.” നാലുവർഷം മുമ്പ് നാഗത്താൻ കൊടുത്ത ജീൻസിൽ ബാഹുകൻ കയറിയതോടെ സമ്പൂർണ്ണ നളനായി മാറി. പിറ്റേന്ന് നളൻ നിഷാദത്തിന് പോയി. കൈമോശം വന്ന സിംഹാസനത്തിന് പകരം വട്ടം കറങ്ങുന്ന വലിയൊരെണ്ണം വാങ്ങി അതിൽ കയറി കുറെ നേരം വിലസി. വീഡിയോ റെക്കോർഡർ വാങ്ങിക്കുകയും ശേഷം ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തു!പിന്നെ ദമയന്തിയേയും പിള്ളേരേയും കൂട്ടിക്കൊണ്ടുവരുന്നു. “ഈ വരികൾ അച്ചടിയിൽ വരുമ്പോഴേക്കും നളചരിതം തുടങ്ങിയിട്ടുണ്ടാവും.” എന്ന വരികളിലാണ് വി കെ എന്നിന്റെ നളചരിതം കോമഡി അവസാനിക്കുന്നത്.
വി. എൻ. എൻ. നളചരിതത്തിലെ ഹാസ്യത്തിന്റെ അവസ്ഥാന്തരങ്ങൾ
എന്തിലും ഹാസ്യം കാണുന്ന ഒരു ഭാവന മഹാഭാരതത്തിലെ ഒരു വിഖ്യാത കഥയെ ആദ്യന്തം ചിരിയുടെ വ്യത്യസ്ത രുചിക്കൂട്ടുകളിൽ ആവിഷ്കരിക്കുന്ന കാഴ്ചയാണ് വി. കെ.എന്നിന്റെ നളചരിതത്തിൽ കാണാൻ കഴിയുന്നത്. വി.കെ.എൻ. കൃതികൾ വായിച്ചു രസിക്കാൻ, അദ്ദേഹം എഴുതിയിരുന്ന കാലത്തെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് നല്ല ധാരണയും നല്ല ഭാഷാശേഷിയും സാഹിത്യ പരിചയവുമൊക്കെ അത്യാവശ്യമാണ്. സ്ഥലകാല ബന്ധമില്ലാത്ത കാര്യങ്ങളും പ്രയോഗങ്ങളും ഭാഷയുമെല്ലാം ഒരു പുരാണകഥയിൽ കൂട്ടിച്ചേർത്താണ് വി. കെ.എൻ. ഹാസ്യം സൃഷ്ടിക്കുന്നത്.
നിഷധ രാജ്യത്തെ രാജാവായ നൈഷധനെ (നളനെ) നിഷാദ (കാട്ടാളൻ) നാക്കുന്ന നോവലിസ്റ്റ് ,വാല്മീകിയുടെ മാ നിഷാദ, എന്ന വിലക്കുണ്ടായിട്ടും വേട്ടയാടാനിറങ്ങിയ വനവേടന്മാരുടെ മൂപ്പനായിട്ടാണ് നളനെ രേഖപ്പെടുത്തുന്നത്.ദമയന്തിയുടെ പിതാവും വിദർഭയിലെ രാജാവുമായ ഭീമനെ, ഭീമസേനനും വൃകോദരനുമാക്കി മാറ്റുന്നുമുണ്ട്.ഇദ്ദേഹമാകട്ടെ വിദർഭത്തെ പ്രത്യേക സ്റ്റേറ്റാക്കി നിലനിർത്താൻ കേന്ദ്രസർക്കാരിനോട് പൊരുതിയ സിക്കുകാരൻ രാജാവുമാണ് ! ദമയന്തീ സ്വയംവരത്തിനെത്തുന്ന ഇന്ദ്രാദിദേവന്മാർ ദമയന്തിക്ക് വേണ്ടി ഗുസ്തി പിടിക്കുന്ന വാനോരം കർഷകരാണ്.ദൂതു പോകുന്ന ഹംസമാകട്ടെ, വലിയ കോലോത്തെ കാര്യസ്ഥനായിരുന്ന ഒരു അമ്പു നമ്പൂരിയാണ്! ഋതുപർണ്ണൻ റിതുപർണ്ണനാകുന്നു.ഇങ്ങനെ കഥയെയും കഥാപാത്രങ്ങളെയും അതിന്റെ വാർപ്പ് മാതൃകകളെയും പൊളിക്കുകയും ഹാസ്യത്തിന്റെ അസാധാരണ നിർമ്മിതിയാക്കി നളചരിതത്തെ മാറ്റുകയുമാണ് വി. കെ. എൻ ചെയ്യുന്നത്.
പുരാണകഥയിൽ ഉപയോഗിക്കുന്ന ഭാഷയോടും പ്രയോഗങ്ങളോടുമൊപ്പം വർത്തമാനകാലത്ത് ഉപയോഗിക്കുന്ന ഭാഷയും പ്രയോഗങ്ങളും കൂട്ടിക്കലർത്തി പുരാണാന്തരീക്ഷത്തെ അട്ടിമറിച്ച് വായനക്കാരെ ഹാസ്യത്തിന്റെ അസാധാരണ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ദമയന്തിയെ കാട്ടിലുപേക്ഷിച്ചു പോകാൻ തീരുമാനിക്കുന്ന നളൻ ദുഃഖഭാരത്തോടെ ചിന്തിക്കുന്ന രംഗം വി. കെ. എൻ ഇങ്ങനെ വർണ്ണിക്കുന്നു – ”അഹോ! അതാ കിടപ്പു നമ്മുടെ പട്ടമഹിഷി. പട്ടയടിച്ച വിധം. ഉണരുമ്പോൾ സ്വാധി എന്തുചെയ്യും? ഹാങ്ങോവർ ഉണ്ടാവുമോ ? തല വേദനിക്കുമോ ? ഒരു ചെയ്സർ വേണമെന്ന് പറയുമോ ? തന്നെ കണ്ടില്ലെങ്കിൽ കരയുമോ? അതോ കോട്ടുവായിട്ട് മറുവശം തിരിഞ്ഞു കിടക്കുമോ ? …” പുഷ്കരനുമായി നളൻ ചൂതുകളിച്ച് സർവവും നഷ്ടപ്പെടുത്തുന്ന സന്ദർഭം ഇങ്ങനെ ആവിഷ്കൃതമാകുന്നു:” നളന്റെ രാജ്യം പോയി. ബാങ്കിലെ സമയബന്ധിത നിക്ഷേപം പോയി. കുതിരകൾ പോയി. മുതിരകൾ പോയി. പുഷ്കരൻ പറഞ്ഞു: ബ്രദർ, ഇനി കളിക്കാൻ തന്റെ കയ്യിൽ ദ്രവ്യം എന്തുണ്ട് ? ദമായന്തിയോ ? എന്നാൽ ഓളെ വിളി. ഉണ്ടിരിക്കുന്ന നളന് ഒരു വിളി തോന്നിയാൽ ഇങ്ങനിരിക്കും…” പുരാണകഥാപാത്രങ്ങളെ അവരുടെ പുരാണ പരിവേഷങ്ങൾ അഴിച്ചു കളഞ്ഞ് വർത്തമാനകാലത്തിലേക്ക് ഇറക്കിക്കൊണ്ട് വരികയും സാധാരണ മനുഷ്യരാക്കുകയും ചെയ്തു കൊണ്ടാണ് വി.കെ എൻ.വായനക്കാരെ ചിരിപ്പിക്കുന്നത്.പുരാണകഥകൾ പല കാലങ്ങളിൽ പലവിധ മാറ്റങ്ങളോടെ പുനരവതരിച്ചിട്ടുണ്ട്. പക്ഷേ, പുരാണകഥയുടെയും കഥാപാത്രങ്ങളുടെയും അലൗകിക പരിവേഷങ്ങൾ അഴിച്ചെറിഞ്ഞ് ഹാസ്യത്തിൽ മുക്കി കോമഡിയാക്കി അവതരിപ്പിക്കാൻ അസാധാരണമായ നർമ്മബോധവും അസാധ്യ ഭാവനാശേഷിയും വേണം. അത്തരമൊരു സിദ്ധി വി.കെ. എന്നിൽ എത്രത്തോളം നൈസർഗികമായി ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ‘നളചരിതം മൂലം’ എന്ന അദ്ദേഹത്തിന്റെ നോവലറ്റ്.

ജൂലി ഡി എം
അദ്ധ്യാപിക

സൂപ്പർ