ജൂലി ഡി എം

Published: 10 September 2025 ട്രോൾ വിമർശനം

സാഹിത്യസമ്മേളനപീഡനം: ‘മഞ്ചലി’ലെ കാഴ്ചകൾ

ചരിത്രകഥയായോ ഹാസ്യകഥയായോ പ്രണയകഥയായോ വായിക്കാവുന്ന നോവലാണ് വി കെ എന്നിന്റെ മഞ്ചൽ.മറ്റു വി കെ എൻ കൃതികളിൽ എന്നതുപോലെ സ്ഥലകാലങ്ങളും സംഭവവികാസങ്ങളും യാതൊരു വ്യവസ്ഥയുമില്ലാതെ മാറിമറിയുകയും ആ കുഴമറിച്ചിൽ മഞ്ചലിൽ ചിരിയുടെ അസാധാരണ ലോകം തീർക്കുകയും ചെയ്യുന്നു. ചരിത്രം, തത്വചിന്ത, സാഹിത്യവിദ്വത്സദസ്സുകളിലെ കോലാഹലങ്ങൾ എന്നിവയെ തൊലിയുരിഞ്ഞു നിർത്തി അതിന്റെ പൊള്ളത്തരങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പരിഹസിക്കുകയും പ്രഹരിക്കുകയും ചെയ്യുന്നു.മഞ്ചൽ എന്ന കൃതി സവർണ്ണ ബുദ്ധിജീവിനാട്യങ്ങളെയും വീരപരിവേഷങ്ങളെയും പരിഹാസം കൊണ്ട് പൊളിച്ചടുക്കാൻ കാണിക്കുന്ന ധൈര്യവും സാമർഥ്യവും എഴുത്ത് ലോകത്ത്, സ്തുതിപാടലും വിനീത വിധേയത്വവും മാത്രം കണ്ട് ശീലിച്ച വായനക്കാരെ അദ്ഭുതപ്പെടുത്തും.അധികാരം കാലത്തെയും ചിന്താഗതികളെയും നിലപാടുകളെയും മനുഷ്യ ജീവിതത്തെ തന്നെയും എങ്ങനെ മാറ്റിമറിക്കുന്നുവെന്നും മഞ്ചൽ കാണിച്ചുതരുന്നു.

മൈസൂർ വ്യാഘ്രം ഹൈദരലിയുടെ മലബാർ ആക്രമണം പരാമർശിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. പാലക്കാട് കോട്ടയിൽ ടിപ്പു ദർബാർ നടത്തിയ ഹാളിൽ ഇപ്പോൾ വിക്ടോറിയ രാജ്ഞിയുടെ പ്രതിപുരുഷനായ തുക്ടി സായിപ്പാണ് ഭരണം നടത്തുന്നത്.തുക്ടിയുടെ അനേകം അംശം അധികാരികളിൽ ഒരാളാണ് കണ്ടർ മേനോൻ. കണ്ടർ മേനോന്റെ അളിയൻ ബ്രഹ്മ തേജസ്വിയും പണ്ഡിതനുമായ നാണു നമ്പൂതിരിയായിരുന്നു. നമ്പൂതിരി പുടവ കൊടുത്ത കണ്ടരുടെ പെങ്ങളാണ് കുഞ്ഞിമാളു.സുന്ദരിയായ കുഞ്ഞിമാളുവിന്റെ കാമുകൻ കുട്ടിരാമൻ.കുഞ്ഞിമാളുവിന്റെ അമ്മയുടെ മരണശേഷം കുഞ്ഞിമാളുവിന്റെയും കണ്ടർ മേനോന്റെയും സംരക്ഷണാർത്ഥം രംഗപ്രവേശം ചെയ്യുന്ന കണ്ടരുടെ അകന്ന വലിയമ്മയാണ് ഉണ്ണുനീലി.ഉണ്ണുനീലിയുടെ സംബന്ധക്കാരനായ വാര്യരും മറ്റൊരു ഭർത്താവുമായ കോമൻ നായർ.ഇവരാണ് മഞ്ചലിലെ പ്രധാന കഥാപുരുഷന്മാരും ‘പുരുഷി’കളും.കുഞ്ഞിമാളുവും കാമുകൻ കുട്ടിരാമനും തമ്മിലുള്ള പ്രണയകഥ പറഞ്ഞു പോകുന്നതിനിടയ്ക്ക് കുഞ്ഞി മാളുവിന്റെ അമ്മ ട്ടിച്ചിരിയുടെയും അവരുടെ സംബന്ധക്കാരൻ നമ്പൂതിരിയുടെയും കുഞ്ഞിമാളുവിന്റെ വലിയമ്മ ഉണ്ണുനീലിയുടെയും സംഭവബഹുലമായ ജീവിതകഥകളും കടന്നു വരുന്നുണ്ട്. കുഞ്ഞിമാളുവിനെ സംബന്ധം കഴിക്കാൻ മധ്യവയസ്കനായ നാണു നമ്പൂതിരി വരുന്നു എന്ന വിവരമറിഞ്ഞാണ് വലിയമ്മ ഉണ്ണുനീലിയുടെ എല്ലാ ഒത്താശയോടും കൂടി കുഞ്ഞിമാളു കുട്ടിരാമനുമായി പ്രണയത്തിലാവുന്നത്. ഒടുവിൽ നമ്പൂതിരിയുമായി പരസ്യബന്ധവും കുട്ടിരാമനുമായി രഹസ്യബന്ധവും ഉണ്ടാക്കി ജീവിതം കഴിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ  കുഞ്ഞിമാളു നമ്പൂതിരിയെയും കുട്ടിരാമനെയും ഉപേക്ഷിച്ച് അധികാരിയായ ഉഗ്രൻ നമ്പ്യാരെ ഭർത്താവായി സ്വീകരിച്ച് മഞ്ചലിലേറി കോട്ടയിലേക്ക് പോകുന്നതാണ് മഞ്ചൽ എന്ന നോവലിന്റെ പ്രമേയം.ഒരു സാധാരണ പ്രണയകഥയായോ പ്രണയ വഞ്ചനയുടെ കഥയായോ പറഞ്ഞു പോകാവുന്ന ഒരു കഥയെ കഥ നടന്ന കാലഘട്ടത്തിന്റെ സാഹിത്യ- സാമൂഹ്യ- രാഷ്ട്രീയ- ചരിത്ര സംഭവവികാസങ്ങളുമായി രസകരമായി ഇഴകോർത്ത് ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് വി കെ എൻ.

ബുദ്ധിജീവി നാട്യങ്ങൾക്കു കിട്ടുന്ന പ്രഹരം

പണ്ഡിതരും ബുദ്ധിജീവികളുമെന്നു നടിക്കുന്നവർ നടത്തുന്ന ഉപരിപ്ലവമായ കാവ്യ ചർച്ചകളുടെയും ബൗദ്ധിക വ്യാപാരങ്ങളുടെയും അടിയിൽ ഒളിഞ്ഞിരിക്കുന്നത് ‘ഉദരപൂരണ’വും സ്ത്രീലമ്പടത്വവുമാണെന്ന പരമമായ യാഥാർഥ്യം വി കെ എൻ മഞ്ചലിൽ വെളിപ്പെടുത്തുന്നു.അതിന് പത്തൊമ്പതാം നൂറ്റാണ്ടിലായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായാലും മാറ്റമൊന്നും ഇല്ലെന്നാണ് സമകാലിക സാഹിത്യക്കൂട്ടങ്ങൾ നടത്തുന്ന സാഹിത്യ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പൊങ്ങി വരുന്ന വിവാദങ്ങളും ആരോപണങ്ങളും തെളിയിക്കുന്നത്. ബൗദ്ധിക ചർച്ചകൾ ചെന്നവസാനിക്കുന്നത്, സ്ത്രീ വിഷയങ്ങളിലാണെന്ന് സമർത്ഥിക്കുന്ന മഞ്ചലിലെ ഒരു രംഗം നോക്കുക: പണ്ഡിതനായ നാണു  നമ്പൂതിരിയെ കാണാൻ ശിഷ്യനായ കണ്ടർ മേനോൻ എത്തുന്നതാണ് സന്ദർഭം.

“നാട്ടുകാര്യങ്ങൾ, കാലാവസ്ഥ, ‘കുളക്കോഴികൾ’, കാവ്യേഷു മാഘം, കവി കാളിദാസൻ എന്നിവയെക്കുറിച്ചെല്ലാം ദീർഘനേര ചർച്ചകൾ കഴിഞ്ഞപ്പോൾ നാണു നമ്പൂതിരി ചോദിച്ചു :

ആ പെണ്ണിന് വല്ലതും ആയോ?

എറാൻ. ഒന്നുമായില്ല.കണ്ടർ പറഞ്ഞു.

എത്ര വയസ്സായി?

കല്പിച്ച് ഇരുപത്.

ഇരുപതായിട്ടും വെറുതെ ഇരിപ്പാണ്, അല്ലേ ?

എറാൻ. തരം പോലെ ഒന്നും വരുന്നില്ല.

നാണു നമ്പൂതിരി ചോദിച്ചു: നമ്മെ ബുദ്ധിമുട്ടിക്കാൻ തന്നെയാണ് ഭാവം, അല്ലേ?

എറാൻ, അങ്ങനെ കല്പിക്കാൻ തോന്നിയത് അടിയന്റെ ഭാഗ്യം.

എന്നാൽ നോം തന്നെ ആയിക്കളയാം. കല്പിച്ച് അടിയനു സമ്മതമാണ്…”

വി കെ എൻ അവതരിപ്പിക്കുന്നതിനേക്കാൾ  ജീർണാവസ്ഥയിലാണ് സമകാലിക സാഹിത്യ ചർച്ചകളും അതുമായി ബന്ധപ്പെട്ട സംഭവികാസങ്ങളുമെന്ന കാര്യം ആർക്കും മനസ്സിലാവുന്ന  കാര്യമാണ്.അത്തരം ചൂഷണ സാഹിത്യ ജീവികൾക്ക് കൂടി ചെന്നുകൊള്ളുന്നുണ്ട് വി കെ എന്നിന്റെ  വാക്കുകൾ.

ഒരർഥവുമില്ലാതെ സവർണ സാഹിത്യ സദസ്സുകൾ പതിറ്റാണ്ടുകൾ ചർച്ച ചെയ്ത കാവ്യ കോലാഹലങ്ങളെ മഞ്ചൽ എന്ന കൃതി കണക്കിന് പരിഹസിക്കുന്നു. പ്രാസവുമായി ബന്ധപ്പെട്ട് ദീർഘകാലം മലയാള കവിതയിൽ നടന്ന സംവാദങ്ങളുടെ നിരർത്ഥകതയും പരിഹാസ്യതയും കുഞ്ഞിമാളുവിന്റെ അച്ഛൻ നമ്പൂതിരി മകൾക്ക് പേരിടാൻ നേരിടുന്ന പ്രയാസങ്ങളുമായി ചേർത്ത് നിർദയം കളിയാക്കുന്നു.മകൾക്ക് കാളി എന്നല്ലാതെ മറ്റൊരു പേരിടണമെന്നതാണ് നമ്പൂതിരിയെ കുഴപ്പിച്ച ബൗദ്ധിക പ്രശ്നം !  പ്രാസമില്ലാതെ അതും ദ്വിതീയാക്ഷര പ്രാസമില്ലാതെ, ‘ള’എന്ന അക്ഷരമില്ലാതെ ഒരു പദം നമ്പൂതിരിക്ക് വയ്യ! അക്ഷരം‘ള’ ആയതുകൊണ്ട് അതത്ര എളുപ്പമൊന്നുമല്ല. കവികൾക്ക് മാത്രമേ അതിന്റെ ‘ഷഡ്ഗവ്യം’ മനസ്സിലാവൂ. (ഷഡ്ഗവ്യം- പശുവിൽ നിന്ന് കിട്ടുന്ന ആറ് സാധനങ്ങൾ !)പറ്റിയ പദം കിട്ടാത്തതിനാൽ അരിശം മൂത്ത് നാലുകെട്ടിനു ചുറ്റും മണ്ടി നടക്കണോ, അതോ ഇവിടെ കുളപ്പുര മാളികക്ക് ചുറ്റും മതിയോ എന്ന് ചിന്തിച്ച് നമ്പൂതിരി കുഴങ്ങുന്നു. ആകെ കുഴപ്പത്തിലായ തിരുമേനി ഒരു യാമത്തിന്റെ പകുതിയിലധികം ചിന്തിച്ചു. കിട്ടാഞ്ഞ് ആധിയായി. മൂന്നാം യാമം അവസാനിച്ച് നാലാം യാമാരംഭത്തിൽ നമ്പൂതിരി അറ്റകയ്യായി വാഗീശ്വരിയെ സ്തുതിച്ചപ്പോൾ കിട്ടിയ നാമമാണ് ഒടുവിൽ മകൾക്കിട്ടത് – മാളു. ശൂദ്രഭാര്യ പേരിന് നിർദേശിക്കുന്ന പാഠഭേദമായ കുഞ്ഞിമാളു എന്ന പേര് നമ്പൂതിരിക്ക് ഇഷ്ടമാവുന്നത് തന്നെ ള അന്ത്യപ്രസം ആയിട്ടുണ്ട് എന്നതിനാലാണ്.

വിദ്വത്സദസ്സുകളും കുളക്കോഴി വാദവും !

പാണ്ഡിത്യത്തിന്റെ അളവ് കോലുകളെയും പ്രമാണപത്രങ്ങളെയും ഇങ്ങനെ പരിഹസിച്ച എഴുത്തുകാരില്ല . കോമൻ നായർ സർവജ്ഞനായ കഥ വി കെ എൻ ഇങ്ങനെ വർണ്ണിക്കുന്നു. സർവ്വജ്ഞൻ എന്ന് കർണാടകത്തിലും മലയാളത്തിലും എഴുതിയ ഒരു പീഠം കോമന്റെ ഗുരുവായ സന്യാസി ശിഷ്യനു സമ്മാനിച്ചു. ഈ പീഠവും കൊണ്ട് കോമൻ വടക്കോട്ട് ഗോകർണ്ണം വരെ പോയി. വഴിക്ക് പണ്ഡിതന്മാരെ വാഗ്വാദത്തിന് വിളിച്ചു. പീഠം കാണേണ്ട താമസം, അവരെല്ലാം മണ്ടി. എന്നാൽ ഇനി കന്യാകുമാരി വരെ സഞ്ചരിച്ചു കളയാമെന്ന് കരുതി പീഠവുമേന്തി തെക്കോട്ട് തിരിച്ചു. കോഴിക്കോടെത്തി. അവിടെ സാമൂതിരി കോവിലകത്തെത്തി.  രാജാവ് പതിനെട്ടരക്കവികളുമായി വിദ്വത്സദസ്സ് നടത്തുകയായിരുന്നു. സദസ്സിനെ മൂന്നേമുക്കാൽ നാഴികനേരം  കൊണ്ട് കോമൻ നായർ ഇടിച്ചു പപ്പടമാക്കി! എന്തുവേണ്ടു എന്നറിയാതെ സാമൂതിരിപ്പാട് അന്തംവിട്ടു. അപ്പോൾ കോമൻ പറഞ്ഞു: ഹന്ത !

കാര്യം മനസ്സിലാക്കിയ സാമൂതിരിപ്പാട് ഉടനെ ഒരു പട്ട് സമ്മാനിച്ചു !! പട്ടുടുത്ത് പീഠത്തിൽ കയറി പിന്നെ തെക്കോട്ട് വെച്ചടിച്ചു. തെക്കോട്ട് വരുന്ന വഴിക്ക് ഉദ്ധണ്ഡ ശാസ്ത്രികൾ എതിരെ വന്നു. കോമൻ വരുന്നത് പാവം ശാസ്ത്രികള്‍ അറിഞ്ഞിരുന്നില്ല.നിരത്തിൽ ഒരു വളവ് തിരിഞ്ഞപ്പോഴാണ് രണ്ടുപേരും തമ്മിൽ കണ്ടത്. ശാസ്ത്രികൾ പിന്തിരിഞ്ഞോടി കടലിൽ എടുത്തുചാടിയത്രെ! തൃപ്പൂണിത്തുറ എത്തിയപ്പോൾ രാജ സദസ്സിലെ പണ്ഡിതർ തങ്ങൾ മുൻകൂറായി തോറ്റിരിക്കുന്നു എന്ന് അറിയിച്ചതിനാൽ പീഠം ഉപയോഗിക്കേണ്ടി വന്നില്ല! തിരുവിതാംകൂറിൽ എത്തുമ്പോൾ തിരുമേനി വീരശൃംഖലയുമായി കാത്തിരിപ്പുണ്ടായിരുന്നു. ജനങ്ങൾ ഭയന്നിരിക്കുന്നതിനാൽ വാദം വേണ്ടെന്ന അറിയിപ്പുണ്ടായി. പീഠവുമായി കാശ്മീരം വരെ പോയി വരണമെന്നതാണ് കോമന്‍ നായരുടെ നിറവേറ്റാനുള്ള ആഗ്ര ഹം.അവിടെ വച്ചാണ് പീഠം കയറേണ്ടത് !

“കോമ പണ്ഡിതന് ഇപ്പോൾ എത്ര വയസ്സുണ്ട്? ” എന്ന കാരണവരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: “എനിക്ക് ഏഷ്യാ വൻകരയുടെ വയസ്സാകുന്നു… എന്നാൽ എന്റെ ഭൗതികവശിഷ്ടങ്ങൾക്ക് 40 വർഷത്തെ പഴക്കമേയുള്ളൂ.” ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അമാനുഷ പരിവേഷങ്ങൾ വാരിയണിയുകയും അവതാര പുരുഷൻ എന്ന പ്രതിച്ഛായ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയാവതാരങ്ങളിൽ വരെ ചെന്ന് കൊള്ളുന്നുണ്ട് വി കെ എന്നിന്റെ വാക്കുകൾ.

കോഴിക്കോട് സാമൂതിരി രാജാവിന്റെ അധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസായ രേവതി പട്ടത്താനം പോലുള്ള വിദ്വത്സദസ്സുകളെ വി.കെ.എൻ കുളക്കോഴി വാദം എന്ന പേരിൽ പാരഡിയാക്കി പരിഹസിക്കുന്നു.ആഢ്യ ബ്രാഹ്മണ പണ്ഡിതസദസ്സുകളിലെ നിരർത്ഥക വാദകോലാഹലങ്ങൾ പതിറ്റാണ്ടുകൾ ഭാഷയിലും സാഹിത്യത്തിലും ചരിത്രത്തിലും ചെലുത്തിയ അപഹാസ്യമായ സ്വാധീനത്തെ അതർഹിക്കുന്ന  ക്രൂരതയോടെ എടുത്തുനിലത്തടിക്കുന്നു.ജന്മനാ പണ്ഡിതനായിരുന്ന നാണു നമ്പൂതിരിയുടെ പ്രശസ്തി എമ്പാടും പരന്നത് വിഖ്യാതമായ ‘കുളക്കോഴിവാദ’ത്തിനുശേഷമാണ്. മലയാളത്തിലെ ബ്രാഹ്മണ പണ്ഡിതർക്കിടയിൽ നടന്ന ഒരു പ്രത്യേക വാദമായിരുന്നു ‘കുളക്കോഴിവാദം.’ഏതോ പണ്ഡിതൻ ഏതോ സ്ഥലത്ത് വെച്ച് ഉന്നയിച്ച കുളക്കോഴി കൂകുന്നതിന്റെ ശബ്ദം ക്വ ക്വ എന്നോ ഗ്വ ഗ്വ എന്നോ – എന്നതായിരുന്നു പണ്ഡിതരെ കുഴപ്പിച്ച ബൗദ്ധിക പ്രശ്നം! യുദ്ധം ഒരു കൊല്ലത്തേക്ക് നീണ്ടു നിന്നത്രേ! പണ്ഡിതക്കോഴികൾ ചേരിതിരിഞ്ഞ് കൂവി. ഇത് കേട്ട് ഒരു താക്കീതെന്ന നിലയിൽ പോലീസ് വായുവിൽ മൂന്നുവട്ടം വെടിവെച്ചു!! ഭക്ഷണം കഴിക്കലും വാദപ്രതിവാദങ്ങളും ഒരേസമയമാണ് നടക്കുന്നത്.കുമാരസംഭവത്തിൽ മേഘത്തെപ്പറ്റി കാളിദാസൻ പറയുന്ന ‘സന്നിപാതം ക്വ മേഘ:’ എന്ന പദത്തെക്കുറിച്ച് നമ്പൂതിരി ആരാഞ്ഞതും സദസ്സ് നിശ്ശബ്ദമായി !

“കൂട്ടമരണം ഉണ്ടായാലേ ഇത്രയും നിശ്ശബ്ദതയുണ്ടാവൂ” എന്ന് വി കെ എൻ എഴുതുന്നു. എന്തായാലും കുളക്കോഴിയുടെ കൂവൽ ഗ്വ ഗ്വ എന്നാണെന്ന നമ്പൂതിരിയുടെ അന്തിമ പ്രഖ്യാപനം വന്നതോടുകൂടി യുദ്ധത്തിന് അറുതിയായി. അർഥമോ ആശയമോ അറിയാത്ത സംസ്കൃത ശ്ലോകങ്ങൾ ഉദ്ധരിച്ച് നടന്നുവന്ന നിരർഥക ചർച്ചകളുടെ ഉള്ളിലുള്ളത്, ഉദരപൂരണവും സ്ത്രീലമ്പടത്വവുമാണെന്ന് വി. കെ. എൻ. അടിവര ഇടുന്നു.

“ഗ്വ ഗ്വ എന്നാം കുളക്കോഴി

നാടൻ കോഴികളും തഥാ

 ഇട്ടുണ്ണൂലികൾ ഇല്ലെങ്കിൽ

നേരമ്പോക്കുകളും തഥാ ”

എന്ന വി.കെ.എൻ നിർമ്മിച്ച പാരഡി, ഒരുകാലത്ത് ഭാഷയിലും ചരിത്രത്തിലും സാഹിത്യത്തിലും അടയാളപ്പെട്ട പണ്ഡിത സദസ്സുകൾക്കും പരിഹാസ്യ വാദകോലാഹലങ്ങൾക്കും നൽകുന്ന തലയ്ക്കടി ചെറുതല്ല.

ബുദ്ധിയുള്ള പെണ്ണുങ്ങൾ

നല്ല ചിന്താശേഷിയും ബുദ്ധിയും കഴിവും പ്രാപ്തിയുമുള്ള രസികത്തികളായ പെണ്ണുങ്ങളാണ് മഞ്ചലിന്റെ എടുത്തുപറയേണ്ട ഒരു  പ്രത്യേകത.”ദീർഘമായി ആലോചിച്ചില്ലെങ്കിൽ ചിലപ്പോൾ സ്ത്രീകൾ ഹ്രസ്വമായിപ്പോകും” എന്ന തിരിച്ചറിവുള്ള പെണ്ണുങ്ങൾ ! ആരെയും കൂസാത്ത, പുരുഷൻമാരെ വരച്ച വരയിൽ നിര്‍ത്തുന്ന, ഒന്നിലധികം പുരുഷന്മാരെ സ്നേഹിക്കുന്ന, വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുന്ന, മറ്റൊരാളെ സ്വീകരിക്കുന്ന അസാധാരണരായ പെണ്ണുങ്ങളാണ് മഞ്ചലിൽ  ഉള്ളത്.പ്രധാനമായും മഞ്ചലില്‍ മൂന്ന് സ്ത്രീകള്‍ കടന്നുവരുന്നുണ്ടെങ്കിലും എടുത്തുപറയേണ്ട രണ്ടു പേര്‍ കുഞ്ഞിമാളുവും ഉണ്ണുനീലിയുമാണ്. വിഡ്ഢി സാമ്രാട്ടും ‘കുളക്കോഴിവീരനു’മായ നാണു നമ്പൂതിരി പുടവ കൊടുത്ത, കുട്ടി രാമനെ പ്രേമിച്ച് മനസ്സും ശരീരവും പങ്കുവെച്ച ശേഷം അധികാരിയായ ഉഗ്രൻ നമ്പ്യാരുടെ ഭാര്യയാകുന്ന കുഞ്ഞിമാളുവാണ് പ്രധാന സ്ത്രീകഥാപാത്രം.തനിക്ക് പുടവ തരാന്‍ നാണു നമ്പൂതിരി വരുന്നുവെന്ന് വല്യമ്മ ഉണ്ണുനീലിയിൽ നിന്നറിഞ്ഞ കുഞ്ഞുമാളു ‘ആര് നിശ്ചയിച്ചു?’ എന്ന് ചോദിക്കുന്നു.ഏട്ടൻ കണ്ടർ മേനോൻ ആണെന്നറിയുമ്പോൾ എന്നാൽ ‘ഏട്ടൻ പുടവ മേടിച്ചോട്ടെ’എന്ന് പറയാൻ ധൈര്യം കാണിക്കുന്നവളാണ് പെണ്‍കൊടി. നമ്പൂതിരിയെ ഒഴിവാക്കാനായാണ് വല്യമ്മയുടെ നിർദ്ദേശപ്രകാരം കളിക്കൂട്ടുകാരനായ കുട്ടിരാമനുമായി പെൺകിടാവ് പ്രണയത്തിലാവുന്നത്. അന്നത്തെ രീതിയനുസരിച്ച് നമ്പൂതിരിയുമായി പരസ്യബന്ധവും കുട്ടിരാമനുമായി രഹസ്യബന്ധവും ആകാമായിരുന്നു. പക്ഷേ, കുഞ്ഞുമാളു അതിന് ഒരുക്കമല്ലായിരുന്നു.

അതുകൊണ്ട് ആത്മഹത്യയ്ക്കും പെൺകിടാവ് ശ്രമിച്ചില്ല.ഒളിച്ചോടാനൊ മരിക്കാനൊ നമ്പൂതിരിയെ വധിക്കാനൊ ധൈര്യമില്ലാത്ത ഭീരുവായ കാമുകന് നമ്പൂതിരിയുമായുള്ള ബന്ധം വിഷയമല്ലായിരുന്നു.സംബന്ധത്തിന് വന്ന നമ്പൂതിരിയെ ‘അശുദ്ധ’മാണെന്ന് പറഞ്ഞ് തിരിച്ചയച്ച കുഞ്ഞിമാളു അടുത്ത തവണ എന്തുപായം പ്രയോഗിക്കുമെന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് തുക്ടിസായിപ്പിന്‍റെ ശിരസ്തദാരായ ഉഗ്രൻ നമ്പ്യാരുടെ രംഗപ്രവേശം.ഭാര്യക്ക് നമ്പൂതിരി സംബന്ധം ഉണ്ടാകുന്നത് പ്രശ്നമല്ലാതിരുന്ന കാമുകനെ വിട്ട് കുഞ്ഞിമാളു നമ്പൂതിരിയുടെ ബഹുസംബന്ധം തന്നെ  നിർത്തലാക്കാൻ അധികാരമുള്ള പുരുഷനെ തിരഞ്ഞെടുക്കുന്നു. പിടിച്ചുകൊടുത്തിട്ടും നമ്പൂതിരിയുടെകൂടെ പോവാത്ത വിപ്ലവകാരിപ്പെണ്ണായാണ് ഉഗ്രന്‍ നമ്പ്യാര്‍ കുഞ്ഞിമാളുവിനെ കാണുന്നത്. ഗദ്യത്തിലും പദ്യത്തിലും നാടൻ ഭാഷയിലും ജനം സ്തുതി ഗീതങ്ങൾ പാടിയിരുന്ന ബഹു സുന്ദരിയായിരുന്നു കുഞ്ഞിമാളുവിന്റെ വല്യമ്മ ഉണ്ണുനീലി.അമ്പലവാസിയായ ഒരു വാര്യർ ആയിരുന്നു ഉണ്ണുനീലിയുടെ ആദ്യ സംബന്ധക്കാരൻ ഭർത്താവ്. ആ ബന്ധത്തിൽ മക്കളില്ലാതിരുന്ന ഉണ്ണുനീലി ഭർത്താവിനോട് താനൊരു വാരിയ പ്രജയെ നൽകാത്തതിൽ കുണ്ഠിതമുണ്ടല്ലേ, എന്ന് ചോദിക്കുന്നു.കുപിതനായ വാരിയർ നായർ സ്ത്രീയിൽ എങ്ങനെയാണ് വാരിയ പ്രജ ഉണ്ടാകുന്നതെന്നും നായർ പ്രജയാണ് സംഭവിക്കുക എന്നും തിരുത്തുന്നു. വാരിയന്റെ ചിറിക്കിട്ട് ഒന്ന് പൂശാനാണ് അവൾക്ക് തോന്നിയത്. ജാതിയെ അപമാനിച്ച് സംസാരിക്കരുതെന്ന് പുലമ്പിയ വാര്യരെ കണ്ട് പുരുഷന്മാർക്ക് സൗന്ദര്യം മാത്രം ഉണ്ടായാൽ പോരാ, ബുദ്ധി കൂടി വേണമെന്നും  തലയിൽ അന്നം കഷ്ടിയായ ഒരുവന്റെ കളിപ്പാട്ടമാകേണ്ടി വന്നല്ലോയെന്നും അവള്‍  പരിതപിക്കുന്നു.ഭാര്യയുടെ മനസ്സ് വായിക്കാൻ അറിയാത്ത വാര്യരെ ഉടന്‍ തന്നെ വധിക്കാനാണ് തോന്നിയതെങ്കിലും പോസ്റ്റ്മോർട്ടത്തിന്റെയും മറ്റും ബുദ്ധിമുട്ടോര്‍ത്ത് തൽക്കാലമത് മാറ്റി വയ്ക്കുകയായിരുന്നത്രേ !ഭർത്താവിനോട് മുഷിഞ്ഞിരുന്ന ഉണ്ണുനീലിയെ അനുനയിപ്പിക്കാൻ ‘എന്താണ് വേണ്ടതെ’ന്ന  നിർബന്ധിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒരു വാരിയപ്രജ മതി എന്നവൾ ആവര്‍ത്തിക്കുന്നു. കലി കയറിയ വാരിയർ സംബന്ധം അവസാനിപ്പിച്ച് പോകാനൊരുങ്ങുമ്പോൾ ഉണ്ണുനീലി കോട്ടുവായിട്ട് തിരിഞ്ഞു കിടന്ന് സുഖമായി ഉറങ്ങുകയാണ്.

അങ്ങനെയിരിക്കെയാണ് പണ്ഡിതനായ കോമൻ നായരുമായി ഉണ്ണു നീലി പ്രണയത്തിലാവുന്നത്. സംഭവമറിഞ്ഞ വാരിയർ,’ കോമൻ നായർ നിനക്ക് രഹസ്യമുണ്ടെന്ന് നാടുമുഴുവൻ പാട്ടാണ്’ എന്ന് പറയുമ്പോൾ, പാട്ടിന്‍റെ രാഗം എന്താണ് എന്നാണ് ഉണ്ണുനീലിയുടെ മറുചോദ്യം !ഒടുവിൽ സംഭവം ഉണ്ണു നീലിയുടെ കോർട്ടിൽ തന്നെ തീർപ്പിനായി എത്തുന്നു.ആറുമാസം വാരിയർ, ആറുമാസം കോമൻ നായർ- എന്നതായിരുന്നു വിധി! തീർപ്പ് കല്പിച്ച കോടതിവിധിക്കെതിരെ അപ്പീലുണ്ടോ എന്ന് ഉണ്ണുനീലി  വാര്യരോട് ചോദിക്കുന്നു. ഉണ്ടെന്നു വാര്യർ. എങ്കിൽ അതും തന്റെ കോടതിയിൽ തന്നെ എന്ന് പ്രഖ്യാപിച്ച സുന്ദരി മുൻവിധി സ്ഥിരീകരിച്ചിരിക്കുന്നതായി ഉത്തരവ് പുറപ്പെടുവിക്കുന്നു.സദ്യയും സംബന്ധവും മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്ന ഇരപിടിയന്മാരായ നമ്പൂതിരിമാരെ പൂട്ടാനുള്ള ഉപായം അധികാരമുള്ള പുരുഷനോട് നയത്തിൽ നിർദ്ദേശിക്കാനും അവർക്ക് കഴിയുന്നുണ്ട്. സംബന്ധത്തിന് നമ്പൂതിരിമാർ മിനക്കെടുന്നത്, ഒരു പണിയുമില്ലാതെ ഇരിക്കുന്നതിനാൽ ആണെന്നും അവർക്കും തൊഴിൽ ക്യാമ്പുകൾ ഏർപ്പെടുത്തണമെന്നും അണകെട്ടുകയോ തോട് കീറുകയോ വിറകു വെട്ടുകയോ ചെയ്യട്ടെ എന്നുമുള്ള വിപ്ലകരമായ നിർദ്ദേശവും ഉണ്ണുനീലി മുന്നോട്ട് വയ്ക്കുന്നുണ്ട്.

സാഹിത്യവും കലയും സാധാരണ മനുഷ്യരിൽ നിന്നകലുകയും സവർണ്ണ മേലാളന്മാരുടെ കെട്ടിലകങ്ങളിൽ ശ്വാസംമുട്ടി ചത്തുപോവുകയും ചീഞ്ഞുനാറുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് ചരിത്രത്തിൽ നിന്ന് വി കെ എൻ കണ്ടെടുക്കുന്നത്.മണ്ണും പെണ്ണും സാഹിത്യവും ഈ തരത്തിൽ അധിനിവേശത്തിന് ഇരയാകുന്നതിന്റെ ചരിത്ര കാഴ്ചകൾ ഹാസ്യത്തിന്റെ വെടിക്കെട്ടാവുന്നതിന്റെ ശബ്ദസന്നിവേശം ചെയ്ത ദൃശ്യ ചിത്രങ്ങളാണ് ‘മഞ്ചലി’ൽ വായനക്കാർ കാണുന്നത്.

ജൂലി ഡി എം

അദ്ധ്യാപിക

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x