
ഷൂബ. കെ. എസ്.
Published: 10 Navomber 2025 കവര്‍സ്റ്റോറി
മുന്നുര
Navomber 10, 2025
ഹനുമാന്റെ കയ്യിലെ മരുന്നുമലയും
ഇട്ടി അച്യുതനും
ഇന്ത്യൻ വൈദ്യശാസ്ത്രം: ചരിത്രം, രാഷ്ട്രീയം, തത്ത്വചിന്ത
1.
രാമായണത്തിൽ,ഇന്ദ്രജിത്തിൻ്റെ ശക്തിയേറിയ അസ്ത്രമേറ്റ് ലക്ഷ്മണൻ മൃതപ്രായനായപ്പോൾ, അദ്ദേഹത്തെ ചികിത്സിക്കാൻ ലങ്കയിലെ വിദഗ്ദ്ധനായ വൈദ്യൻ സുഷേണൻ ആണ് എത്തുന്നത്. സൈനിക ചികിത്സ( Military Medicine) പ്രധാന വിഷയമായിരുന്നു.സൈന്യത്തോടൊപ്പം വൈദ്യസംഘങ്ങൾ ഉണ്ടായിരുന്നു. മുറിവുണക്കാനും എല്ലുകൾ കൂട്ടിച്ചേർക്കാനുമുള്ള ഔഷധസസ്യങ്ങളെ കുറിച്ച് അവർക്ക് അറിയാമായിരുന്നു. ഹനുമാൻ കൊണ്ടുവരുന്ന ഔഷധ സസ്യങ്ങളുടെ മല അതാണ് വ്യക്തമാക്കുന്നത്.ശസ്ത്രക്രിയാ സംഘങ്ങളും യുദ്ധരംഗത്തെ മാനസികാഘാതം കുറയ്ക്കാനുള്ള സംഘങ്ങളും -ട്രോമ കെയർ (Trauma Care)-ഉണ്ടായിരുന്നു.ശസ്ത്രക്രിയയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വിശദവുമായ രേഖകളിൽ ഒന്നാണ് സുശ്രുത സംഹിത.125-ലധികം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.
8 തരം ശസ്ത്രക്രിയാ നടപടിക്രമങ്ങളെ (ഉദാഹരണത്തിന്, ഛേദനം- മുറിക്കൽ, ഭേദനം- കീറൽ, ലേഖനം- ചുരണ്ടൽ) കുറിച്ച് വിശദീകരിക്കുന്നു.കണ്ണിൻ്റെ തിമിര ശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ (പ്ലാസ്റ്റിക് സർജറി), പ്രത്യേകിച്ച് റൈനോപ്ലാസ്റ്റി (മൂക്ക് വെച്ചുപിടിപ്പിക്കൽ) എന്നിവയെക്കുറിച്ച് വിശദമായ വിവരണങ്ങൾ ഇതിലുണ്ട്.കണ്ണ്, ചെവി, മൂക്ക്, തൊണ്ട (E.N.T) എന്നിവയുടെ ചികിത്സാരീതികൾ (ശലക്യതന്ത്രം),വിഷബാധയും അതിനുള്ള പ്രതിവിധികളും, വിഷചികിത്സ (Agada Tantra), കായചികിത്സ (Internal Medicine), കൗമാരഭൃത്യം (Pediatrics) എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു.ഈ ഗ്രന്ഥത്തിൽ മൊത്തം 186 അധ്യായങ്ങളുണ്ട്. 1,120 രോഗങ്ങളെ വിവരിക്കുന്നു. ശരീരം/ആത്മാവ് ഇതിനെ വിഭജിക്കപ്പെട്ട രീതിയിൽ പരിഗണിക്കുന്ന ദർശനങ്ങളൊന്നുമല്ല സ്വാഭാവികമായും സുശ്രുതനെ നിയന്ത്രിച്ചത്.ശാരീരിക രോഗങ്ങൾ മാനസിക രോഗങ്ങളെയും മറിച്ചും നിർണ്ണയിക്കുമെന്ന് അറിയാമായിരുന്നു.സുശ്രുത സംഹിതയിൽ, രോഗത്തെ പലപ്പോഴും “ദുഃഖം നൽകുന്നത്” അഥവാ “ദുരിതത്തിന് കാരണമാകുന്നത്” എന്ന അർത്ഥത്തിൽ നിർവചിക്കുന്നു. ശാരീരികമോ മാനസികമോ ആയ വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന ഏതൊരു അവസ്ഥയും രോഗമാണ്.ശസ്ത്രക്രിയക്ക് പ്രാധാന്യം നൽകിയതിനാൽ, ക്ഷതങ്ങൾ (Trauma), മുറിവുകൾ (Vrana), ഒടിവുകൾ (Bhagna) തുടങ്ങിയ ബാഹ്യ കാരണങ്ങളാൽ ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങളെയും അദ്ദേഹം രോഗമായി നിർവചിക്കുന്നു.സുശ്രുത സംഹിതയിൽ ശവപഠനത്തിൻ്റെ (മൃതദേഹ ഛേദനം/വിച്ഛേദനം – Cadaver Dissection) പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ട്.
സുശ്രുതൻ തൻ്റെ ശിഷ്യന്മാരോട് ശരീരശാസ്ത്രപരമായ അറിവ് നേടുന്നതിന് (Anatomy), ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചാൽ മാത്രം പോരാ, മറിച്ച് മനുഷ്യശരീരം ഛേദിച്ച് (dissect) നേരിട്ട് പഠിക്കണം എന്ന് നിഷ്കർഷിച്ചിരുന്നു.
ഛേദനത്തിനായി ഉപയോഗിക്കേണ്ട മൃതദേഹത്തിന് 100 വയസ്സിൽ കൂടുതൽ പഴക്കമില്ലാത്തതും, വിഷബാധ ഏൽക്കാത്തതും, പൂർണ്ണാവയവങ്ങൾ ഉള്ളതുമായിരിക്കണം.സുശ്രുതൻ നിർദ്ദേശിച്ച ഛേദന രീതി വളരെ ശാസ്ത്രീയമാണ്.മൃതദേഹം പുഴയിലോ വെള്ളത്തിലോ ഒഴുകിപ്പോകാത്ത ഒരു സ്ഥലത്ത് പുല്ലുകൊണ്ട് ഉണ്ടാക്കിയ കൂട്ടിലോ (Cage) മറ്റ് ഉപകരണങ്ങളിലോ വെച്ച്, വേരുകളോ നാരുകളോ ഉള്ള പുല്ലുകൊണ്ട് ശരീരം മൂടി കെട്ടിവെക്കണം.
ശരീരം അഴുകി മൃദുലമാകുമ്പോൾ, അതിലെ അവയവങ്ങളും സിരകളും മാംസപേശികളും വ്യക്തമാകും. ഈ സമയത്ത്, വെള്ളത്തിൽ മുങ്ങി നിന്നുകൊണ്ട് മുളയുടെ ചീളുകളോ മറ്റ് മൂർച്ചയില്ലാത്ത ഉപകരണങ്ങളോ ഉപയോഗിച്ച് (മൂർച്ചയുള്ള കത്തി ഉപയോഗിക്കരുത്) പാളികളായി ഉരച്ചുമാറ്റി അവയവങ്ങൾ നേരിട്ട് നിരീക്ഷിക്കണം.
സുശ്രുതൻ ക്രി.മു. 6-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ബുദ്ധൻ (ക്രി.മു. 623/563 – ക്രി.മു. 543/483) ജീവിച്ചിരുന്നതും ഈ കാലഘട്ടത്തിലാണ്. ഇരുവരും പ്രാചീന ഇന്ത്യയിൽ (കാശി അല്ലെങ്കിൽ വാരാണസിക്ക് സമീപം) പ്രവർത്തിച്ചിരിക്കാൻ സാധ്യതയുണ്ട്.
ഈ കാലഘട്ടത്തിൽ ബ്രാഹ്മണികമല്ലാത്ത ചിന്താധാരകൾ (ബുദ്ധമതം, ജൈനമതം) ശക്തമായി വളർന്നു വരുന്നുണ്ടായിരുന്നു.ബുദ്ധൻ, മഹാവീരൻ തുടങ്ങിയവർ എതിർത്ത ബലി കർമ്മങ്ങളെയും മൃഗങ്ങളെ കൊല്ലുന്നതിനെയും സുശ്രുതൻ നിരുത്സാഹപ്പെടുത്തിയിരുന്നതായും ചില വ്യാഖ്യാനങ്ങളുണ്ട്.സുശ്രുത സംഹിതയിലെ പല ചികിത്സാ നിർദ്ദേശങ്ങളും പിൽക്കാല ബുദ്ധമത ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്നുണ്ട്.ബുദ്ധ പ്രസ്ഥാനം ആയുർവേദത്തെ വളരെയധികം ഉപയോഗിക്കുകയും അതിൻ്റെ പ്രചരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.
ബുദ്ധമതവും ആയുർവേദവും തമ്മിൽ ശാരീരികവും മാനസികവുമായ ദുരിതങ്ങൾ ഇല്ലാതാക്കുക എന്ന പൊതു ലക്ഷ്യം പങ്കുവെച്ചതിനാൽ ഇവ പരസ്പരം സ്വാധീനിക്കുകയും, പലപ്പോഴും ഒരുമിച്ച് നിലനിൽക്കുകയും ചെയ്തു.ഗൗതമ ബുദ്ധൻ തൻ്റെ ഉപദേശങ്ങളിൽ മനുഷ്യൻ്റെ ദുരിതത്തെ (ദുഃഖം) ഒരു രോഗമായി കണക്കാക്കുകയും, അതിൽ നിന്ന് മുക്തി നേടാനുള്ള അഷ്ടാംഗ മാർഗ്ഗം ഒരു ചികിത്സയായി നിർദ്ദേശിക്കുകയും ചെയ്തു.ഇക്കാരണത്താൽ, ബുദ്ധനെ ‘മഹാഭിഷക്’ (മഹാവൈദ്യൻ) അല്ലെങ്കിൽ ‘ഭൈഷജ്യഗുരു’ (രോഗശാന്തിയുടെ ഗുരു) എന്ന് ബുദ്ധമതക്കാർ വിശേഷിപ്പിച്ചു.ബുദ്ധമതത്തിൻ്റെ പ്രചരണ കാലഘട്ടത്തിൽ, ബുദ്ധവിഹാരങ്ങളും സന്യാസിമാരുടെ വാസസ്ഥലങ്ങളും വൈദ്യശാസ്ത്ര പഠനത്തിൻ്റെയും ചികിത്സയുടെയും കേന്ദ്രങ്ങളായി വളർന്നു.സന്യാസിമാർ ആയുർവേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവ് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.വിഹാരങ്ങളിൽ ആശുപത്രികളും രോഗികൾക്കുള്ള പരിചരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നു.ബുദ്ധന്റെ വ്യക്തിഡോക്ടറായിരുന്ന ജീവകൻ (ജീവക കൊമരഭച്ഛ) പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. അദ്ദേഹം തക്ഷശിലയിൽ നിന്നാണ് വൈദ്യം അഭ്യസിച്ചത്.പ്രധാന ആയുർവേദ ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും രചിച്ച വാഗ്ഭടൻ ഒരു ബുദ്ധമത വിശ്വാസിയായിരുന്നു എന്നും കരുതപ്പെടുന്നു.ബുദ്ധമതത്തെ പിന്തുണച്ച അശോകൻ (ക്രി.മു. 3-ാം നൂറ്റാണ്ട്), തൻ്റെ രാജ്യമെമ്പാടും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി ആശുപത്രികളും ഔഷധത്തോട്ടങ്ങളും സ്ഥാപിച്ചു. ഇത് ആയുർവേദത്തിൻ്റെ വളർച്ചയ്ക്കും പ്രചരണത്തിനും സഹായകമായി. ഒരു പക്ഷെ രാജകീയ – സൈനിക ആവശ്യങ്ങൾക്ക് വേണ്ടിരൂപം കൊണ്ട വൈദ്യം പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും പ്രാപ്യമാകുന്ന രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു.രാഷ്ട്രീയ സ്ഥാപനത്തിനുള്ള പ്രധാന ഉപാധി വൈദ്യമാണ്. മനുഷ്യൻ്റെ മാനസികവും ശാരീരികവുമായ ദു:ഖങ്ങളെ അകറ്റുക എന്നതാണ് ഏതു രാഷ്ട്രീയആശയ പ്രസ്ഥാനങ്ങളും തങ്ങളുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തിയത്.ജീവിത ദു:ഖങ്ങൾക്ക് കാരണം മുൻ ജന്മ കർമ്മവും ദൈവവുമാണ്, പരിഹാരം പ്രാർത്ഥനയും യാഗകർമ്മങ്ങളുമാണ് എന്നു പറയുന്ന ആശയസംഹിതകളെ പരാജയപ്പെടുത്താൻ ആയുർവേദ ചികിത്സയെ ബൗദ്ധപ്രസ്ഥാനം ഉപയോഗപ്പെടുത്തിയിരിക്കണം.
2.
സുശ്രുത സംഹിതയിലായാലും ആ കാലത്തോ അല്പം മുമ്പോ രൂപപ്പെട്ടു എന്നു കരുതുന്ന ‘ഭേല സംഹിത’യിലായാലും ശരീരത്തെ, ആരോഗ്യത്തെയും ചികിത്സയെയും ഒരു പ്രവർത്തനമായി നിർവ്വചിക്കുന്നുണ്ട്.ഈ സംഹിതയുടെ ഏക കൈയെഴുത്തുപ്രതി തെലുങ്ക് ലിപിയിൽ, തഞ്ചാവൂർ കൊട്ടാരം ലൈബ്രറിയിൽ നിന്നാണ് ലഭിച്ചത്. ഇത് 1650 എ.ഡി.യിൽ എഴുതപ്പെട്ടതായി കരുതപ്പെടുന്നു. കൈയെഴുത്തുപ്രതി അപൂർണ്ണവും ചിലയിടങ്ങളിൽ മനസ്സിലാക്കാൻ കഴിയാത്തതുമാണ്.ഭേല സംഹിത എട്ട് ഭാഗങ്ങളായാണ് (സ്ഥാനങ്ങൾ) ക്രമീകരിച്ചിരിക്കുന്നത്.
സൂത്ര-വിമാന-ശാരീര സ്ഥാനങ്ങൾ (The Foundational Texts)
സൂത്രസ്ഥാനത്തിൽ (30 അധ്യായങ്ങൾ), ആരോഗ്യ തത്വങ്ങൾ, ദിനചര്യ, രോഗപ്രതിരോധ മാർഗ്ഗങ്ങൾ, പഞ്ചകർമ്മ ചികിത്സയുടെ അടിസ്ഥാനങ്ങൾ (വമനം, വിരേചനം, ബസ്തി), ദോഷങ്ങളുടെ സ്വഭാവം, വിഷചികിത്സ, ഭക്ഷണരീതി, ത്രിവർഗ്ഗ ലക്ഷ്യങ്ങൾ (ധർമ്മം, അർത്ഥം, കാമം), പത്തു പ്രാണാശ്രയങ്ങൾ, ഋതുഭേദമനുസരിച്ചുള്ള ചികിത്സാ ക്രമങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.
വിമാനസ്ഥാനത്തിൽ (8 അധ്യായങ്ങൾ), രസങ്ങളുടെ ഗുണദോഷങ്ങൾ, ദോഷങ്ങളുമായി അവയുടെ സാമ്യം, ദഹന ശക്തി (അഗ്നി)യുടെ തരങ്ങൾ (ദുർബല, വിഷമ, സമ, മന്ദ, അത്യഗ്നി), രോഗിയുടെയും പ്രകൃതിയുടെയും പരിശോധനാ രീതികൾ, വാതാദി പ്രകൃതിയുടെ ലക്ഷണങ്ങൾ, ഋതുഭേദമനുസരിച്ചുള്ള ആഹാരക്രമങ്ങളും ചികിത്സാ നിയമങ്ങളും എന്നിവയെക്കുറിച്ച് വിശദമാക്കുന്നു.
ശാരീരസ്ഥാനത്തിൽ (8 അധ്യായങ്ങൾ), ശരീരഘടന, ഇന്ദ്രിയങ്ങളുടെ സ്വഭാവം, ഗർഭധാരണ രീതികൾ (പുരുഷൻ, സ്ത്രീ, നപുംസകം, ഇരട്ടകൾ എങ്ങനെ ഉണ്ടാകുന്നു), ജഠരാഗ്നി, ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചാ ഘട്ടങ്ങൾ, സത്വങ്ങൾ (സാത്വിക, രാജസ, താമസ), എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
നിദാന-ഇന്ദ്രിയ-ചികിത്സാ സ്ഥാനങ്ങൾ (Diagnosis and Treatment)
നിദാനസ്ഥാനം (8 അധ്യായങ്ങൾ), രോഗനിർണ്ണയത്തിനാണ് പ്രാധാന്യം നൽകുന്നത്. നാല് തരം ക്ഷയങ്ങൾ (സാഹസജ, സന്ധാരണജ, അതിമൈഥുനജ, വിഷമാശനജ), അഞ്ച് തരം ഗുൽമങ്ങൾ, അഞ്ച് തരം കാസങ്ങൾ (ചുമ), കുഷ്ഠത്തിൻ്റെ കാരണങ്ങളും തരങ്ങളും, പ്രമേഹങ്ങൾ, ഉന്മാദം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളും കാരണങ്ങളും ഇതിൽ വിശദീകരിക്കുന്നു.
ഇന്ദ്രിയസ്ഥാനം (12 അധ്യായങ്ങൾ), ആയുസ്സിൻ്റെ ദൈർഘ്യം, അൽപ്പായുസ്സിൻ്റെ ലക്ഷണങ്ങൾ, മരണത്തിന്റെ സൂചനകൾ, മരിക്കുന്നതിന് മുമ്പുള്ള ലക്ഷണങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
ചികിത്സാസ്ഥാനമാണ് (30 അധ്യായങ്ങൾ) ഗ്രന്ഥത്തിലെ ഏറ്റവും വലുത്. പനി (ജ്വരം), രക്തപിത്തം, ശോഷം (ക്ഷയം), ഗുൽമം, കുഷ്ഠം, പ്രമേഹം, ഉന്മാദം, അപസ്മാരം, അതിസാരം, ഉദരം, വാതരക്തം, അർശ്ശസ്സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സാ രീതികളും വിവിധ ഔഷധ പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കല്പ-സിദ്ധി സ്ഥാനങ്ങൾ (Pharmaceuticals and Procedures)
കല്പസ്ഥാനം (7 അധ്യായങ്ങൾ), പഞ്ചകർമ്മ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ (ഉദാഹരണത്തിന്, മദനകല്പം, ഇക്ഷ്വാകുകല്പം, ധാമർഗ്ഗവകല്പം, കുടജകല്പം, ശംഖിനീകല്പം) നിർമ്മാണവും ഉപയോഗക്രമവും പ്രതിപാദിക്കുന്നു.
സിദ്ധിസ്ഥാനത്തിൽ (12 അധ്യായങ്ങൾ), വമനവിരേചനങ്ങളുടെയും നസ്യം, ബസ്തി (വസ്തി) എന്നിവയുടെയും ശരിയായ ഉപയോഗക്രമം, ലക്ഷണങ്ങൾ, അയോഗാതിയോഗ ദോഷങ്ങൾ, ചികിത്സാവിധാനം എന്നിവ സമഗ്രമായി വിവരിക്കുന്നു.
ഈ ഗ്രന്ഥത്തിൽ ചികിത്സാ ചതുഷ്പാദം (വൈദ്യൻ, രോഗി, മരുന്ന്, പരിചാരകൻ) ചികിത്സയുടെ പ്രധാന ഘടകങ്ങളാണെന്ന് പറയുന്നു.
നിശ്ചലമായ അവസ്ഥയല്ല ആരോഗ്യം. നടന്നു കയറി എത്തുന്ന ഉന്നതമായ സ്ഥലമോ നിശ്ചലമായ നന്മ നിറഞ്ഞ മോക്ഷ സ്ഥലമോ അല്ല ആരോഗ്യം.വൈരുധ്യങ്ങളുടെ അഭാവമോ അദ്വൈതമോ അല്ല ആരോഗ്യം. ദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ്.അതു നിശ്ചലമല്ല. പ്രവർത്തനത്തിൻ്റെയും പരിവർത്തനത്തിൻ്റെയും സന്തുലിതത്വമാണ്. നിശ്ചലത മരണമാണ്. അസന്തുലിതത്വം രോഗവും.ദോഷങ്ങളുടെ സന്തുലിതമായ പ്രവർത്തനം ആണ് ആരോഗ്യം. ആരോഗ്യം അതിൽ തന്നെ നിലകൊള്ളുന്ന സത്തയല്ല, നിഷേധങ്ങളിലൂടെ രൂപപ്പെടുന്ന പ്രവർത്തനമാണ് ( being) എന്നതാണ് ഈ ചികിത്സാപദ്ധതിയുടെ ഓന്റോളജി.
ആയുർവേദത്തിന് പിന്നിലുള്ള അടിസ്ഥാന തത്ത്വചിന്ത പഞ്ചമഹാഭൂത സിദ്ധാന്തം, ത്രിദോഷ സിദ്ധാന്തം, സത്താവസായി വിവേചനം, ലോക-പുരുഷ സിദ്ധാന്തം എന്നിവയിൽ അധിഷ്ഠിതമാണ്. ആരോഗ്യം എന്നത് പ്രകൃതിയുമായും പ്രപഞ്ച ഘടകങ്ങളുമായും താളത്തിലുള്ള അവസ്ഥയായി ഇത് കാണുന്നു.
1. ലോക-പുരുഷ സിദ്ധാന്തം (The Cosmic and Human Principle)
പ്രപഞ്ചത്തിൽ (ലോകം) കാണപ്പെടുന്ന എല്ലാ ഘടകങ്ങളും മനുഷ്യശരീരത്തിലും (പുരുഷൻ) അടങ്ങിയിരിക്കുന്നു എന്നതാണ് ഈ തത്ത്വം. പ്രപഞ്ചത്തിൽ കാണപ്പെടുന്ന ഭൗതിക ഘടകങ്ങൾ തന്നെയാണ് മനുഷ്യശരീരത്തിൻ്റെയും അടിസ്ഥാനം. ഈ സിദ്ധാന്തം മനുഷ്യനെയും പ്രകൃതിയെയും ഒരൊറ്റ യൂണിറ്റായി കാണുന്നു.
2. പഞ്ചമഹാഭൂത സിദ്ധാന്തം (The Five Great Elements Theory)
ഈ തത്ത്വമനുസരിച്ച്, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ജീവനുള്ളതും അല്ലാത്തതുമായ എല്ലാം അഞ്ച് അടിസ്ഥാന ഘടകങ്ങളാൽ നിർമ്മിതമാണ്:
പൃഥ്വി (ഭൂമി): ഖരരൂപം, സ്ഥിരത, ഭാരം എന്നിവ നൽകുന്നു.
ആപ് (ജലം): ദ്രാവക രൂപം, സ്നിഗ്ദ്ധത, ഒട്ടിപ്പിടിക്കാനുള്ള കഴിവ് എന്നിവ നൽകുന്നു.
തേജസ്സ് (അഗ്നി): താപം, ദഹനം, പരിവർത്തനം എന്നിവ നൽകുന്നു.
വായു : ചലനം, ശ്വാസം, വരൾച്ച എന്നിവ നൽകുന്നു.
ആകാശം (ഈഥർ): ശൂന്യത, ഇടം, സുഷിരം (പോറോസിറ്റി) എന്നിവ നൽകുന്നു.
ഈ പഞ്ചമഹാഭൂതങ്ങൾ വ്യത്യസ്ത അനുപാതത്തിൽ സംയോജിച്ചാണ് ശരീരത്തിലെ ത്രിദോഷങ്ങൾ രൂപപ്പെടുന്നത്.
ത്രിദോഷ സിദ്ധാന്തം (The Three Doshas Theory)
ആയുർവേദത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക തത്ത്വചിന്തയാണ് ഇത്. പഞ്ചമഹാഭൂതങ്ങൾ മനുഷ്യശരീരത്തിൽ ജൈവ ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെട്ട് വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളായി നിലകൊള്ളുന്നു.
വാതം: (വായു + ആകാശം) – ചലനം, നാഡീവ്യൂഹം, വിസർജ്ജനം എന്നിവ നിയന്ത്രിക്കുന്നു.
പിത്തം: (തേജസ്സ് + ജലം) – ദഹനം, ഉപാപചയം, താപം എന്നിവ നിയന്ത്രിക്കുന്നു.
കഫം: ( ഭൂമി + ജലം) – ഘടന, സ്ഥിരത, സ്നിഗ്ദ്ധത എന്നിവ നൽകുന്നു.
ഈ മൂന്ന് ദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ് പ്രകൃതി (വ്യക്തിഗത ആരോഗ്യം). ഈ സന്തുലിതാവസ്ഥ തെറ്റുമ്പോൾ രോഗങ്ങൾ ഉണ്ടാകുന്നു. അതിനാൽ ചികിത്സ ലക്ഷ്യമിടുന്നത് ദോഷങ്ങളെ വീണ്ടും സന്തുലിതാവസ്ഥയിൽ എത്തിക്കാനാണ്.
സത്താവസായി വിവേചനം (The Mind-Body Principle)
ആയുർവേദം ശരീരത്തെയും (ശരീരം) മനസ്സിനെയും (സത്ത) പരസ്പരം ബന്ധിപ്പിച്ചാണ് കാണുന്നത്. മനുഷ്യൻ്റെ മാനസികവും ആത്മീയവുമായ അവസ്ഥ രോഗത്തിന്റെ ഉത്ഭവത്തിലും ചികിത്സയിലും വലിയ പങ്ക് വഹിക്കുന്നു. സത്വരജത മോഗുണങ്ങളുടെ സന്തുലിതാവസ്ഥയാണ് ആരോഗ്യം.
ഇതിലെ ഗുണ സങ്കല്പം പ്രാചീനസാംഖ്യത്തിലേയും പ്രപഞ്ചപുരുഷ സങ്കല്പം പ്രാചീനശൈവത്തിലേതുമാണ്. സത്വരജതമോഗുണങ്ങളിൽ ഏതെങ്കിലും ഒന്നിന് പ്രാമുഖ്യം ഉണ്ടാവണമെന്നല്ല സാംഖ്യസിദ്ധാന്തം.രജോഗുണം സ്വയം ചലിക്കുകയും മറ്റ് ഗുണങ്ങളെ ചലിപ്പിക്കുയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു എന്നു സാംഖ്യകാരികയിൽ തന്നെയുണ്ട്. ഉപനിഷത്ത് കാലഘട്ടത്തിനും മുൻപ് തന്നെ ഈ സാംഖ്യസിദ്ധാന്തത്തിൻ്റെ അടിസ്ഥാന ആശയങ്ങൾ നിലനിന്നിരുന്നു. സാംഖ്യ സൈദ്ധാന്തികനായ കപിലൻ്റെ കാലം ബുദ്ധകാലത്തിനും മുൻപാണ്. രാമായണത്തിൽത്തന്നെ കപിലപരാമർശം ഉണ്ട്.രാമായണത്തിലെ ബാലകാണ്ഡത്തിൽ സഗര രാജാവിൻ്റെ പുത്രന്മാർ അശ്വമേധയാഗത്തിലെ ഹോമയശ്വത്തെ അന്വേഷിച്ച് ഭൂമി തുരന്നുപോവുകയും, പാതാളത്തിൽ കപില മഹർഷിയുടെ അടുത്ത് വെച്ച് കുതിരയെ കാണുകയും ചെയ്യുന്നു. തങ്ങളെ ശല്യപ്പെടുത്തിയതിലുള്ള കോപം കൊണ്ട് കപിലൻ തൻ്റെ ഹുംകാരത്തിലൂടെ സഗര പുത്രന്മാരെ ഭസ്മമാക്കുന്നു.
ചാതുർവർണ്യ വ്യവസ്ഥയുടെ കാലവും തത്വചിന്തയുമാണ് സാംഖ്യദർശനത്തിലെ ഗുണത്രയപരിണാമത്തെ ഗുണശ്രേണിയാക്കി മാറ്റിയത്. സത്വം / തമസ്-ഗുണത്തെ വിപരീതമായിവേർതിരിച്ച് സത്വഗുണ പ്രധാനമാക്കി സാംഖ്യത്തെ സ്ഥാപന വല്കരിച്ചു. സത്വഗുണം – ബ്രാഹ്മണൻ, രജോഗുണം -വൈശ്യ ക്ഷത്രിയർ, തമോഗുണം – ശുദ്രർ ഇത്തരത്തിൽ ഗുണശ്രേണിയെ നിർമ്മിച്ചത് രാഷ്ട്രീയാവശ്യത്തിനായിരുന്നു. പ്രാചീന ശൈവത്തിലെ ദ്വൈതം പിൽക്കാലത്ത് അദ്വൈതമായി, കാശ്മീരി ശൈവാദ്വൈതമായി മാറിയപ്പോഴും ഈ വിപരീതവത്കരണം നടന്നു.സാംഖ്യത്തെ ഇല്ലാതാക്കിയാൽ മറ്റെല്ലാം തകർക്കാൻ കഴിയുമെന്ന് ശങ്കരാചാര്യർ പറഞ്ഞു.( അവതാരിക, സാംഖ്യകാരിക, ദേശമംഗലം പ്രസ്, 1085). ഭഗവദ് ഗീതയിലെ സാംഖ്യവും ചാതുർവർണ്യ വ്യവസ്ഥയ്ക്ക് വേണ്ടി വിപരീതമായി സ്ഥാപനവൽക്കരിച്ച സാംഖ്യമാണ്.ആയുർവേദത്തോളമോ അതിനേക്കോളോ പഴക്കം അവകാശപ്പെടുന്ന തമിഴ്സിദ്ധവൈദ്യത്തിൻ്റെയും അടിസ്ഥാന സങ്കല്പം പ്രാചീന ശൈവവും പ്രാചീന സാംഖ്യവുമാണ്.(1) എന്നാൽ പിൽക്കാല ആയുർവേദത്തിൽ ഗുണത്രയപരിണാമ സങ്കല്പം നഷ്ടപ്പെടുകയും ഗുണത്രയ ശ്രേണീസങ്കല്പം കടന്നു വരികയും ചെയ്തു.ബ്രാഹ്മണാധിപത്യത്തിൻ്റെ രാഷ്ട്രീയമാണ് ഇതിനു കാരണം. ആസ്തികേതര ശാസ്ത്രീയ പാരമ്പര്യത്തിൽ നിന്നുമുണ്ടായ ആയുർവേദത്തെ മതവിശ്വാസ പദ്ധതികളുമായി കൂട്ടിക്കുഴയ്ക്കുകയാണ് പിൽക്കാലത്ത് ചെയ്തത്. അതു വൈദ്യഗവേഷണത്തിൽ വലിയ നിശ്ചലത ഉണ്ടാക്കി.
3.ഇതു വൈദ്യശാസ്ത്രത്തിലെ വൈദേശിക ഇടപെടലുകൾ സുസാധ്യമാക്കി.ഇന്ത്യൻ വൈദ്യശാസ്ത്രത്തോടുള്ള വൈദേശിക ശക്തികളുടെ സമീപനം സങ്കീർണ്ണവും പല ഘട്ടങ്ങളിലായി മാറ്റം വന്നതുമാണ്. തദ്ദേശീയ വൈദ്യത്തെ തരംതാഴ്ത്തുകയും എന്നാൽ തദ്ദേശീയ വൈദ്യജ്ഞാനത്തെ തങ്ങൾക്ക് ഉപയോഗപ്രദമാം വിധം സ്വീകരിക്കുകയും ചെയ്തു. ഇവിടത്തെ ഉഷ്ണമേഖലയിൽ വിദേശികൾക്ക് പിടിപെട്ട രോഗങ്ങൾക്ക് ഇവിടന്നു തന്നെ ഔഷധങ്ങൾ അവർക്ക് കണ്ടെത്തണമായിരുന്നു.യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും, ഇന്ത്യൻ മരുന്നുകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും സാധ്യതകളിൽ വലിയ താൽപ്പര്യം കാണിച്ചു.ഈ സസ്യങ്ങളെ യൂറോപ്പിൽ കൃഷി ചെയ്യാനും ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും വേണ്ടി തദ്ദേശീയ വൈദ്യന്മാർക്കും സസ്യശാസ്ത്രജ്ഞർക്കും ഒപ്പം ചേർന്ന് വിവരങ്ങൾ ശേഖരിച്ചു. ഈ താൽപ്പര്യം തദ്ദേശീയ വൈദ്യത്തെ അംഗീകരിക്കുന്നതിന് വേണ്ടിയായിരുന്നില്ല, മറിച്ച് പാശ്ചാത്യ ചികിത്സയ്ക്കായി അസംസ്കൃത വസ്തുക്കൾ കണ്ടെത്താൻ വേണ്ടിയായിരുന്നു.ബ്രിട്ടീഷ് സൈന്യത്തിലെ ഡോക്ടർമാർ കോളറ, മലേറിയ തുടങ്ങിയ ഉഷ്ണമേഖലാ രോഗങ്ങൾ ചികിത്സിക്കാൻ ക്വിനൈൻ (കൊയ്‍ന), നീലയമരി തുടങ്ങിയ പ്രാദേശിക ചികിത്സകൾ ഉപയോഗിച്ചു.മദ്രാസ് മെഡിക്കൽ സർവീസസ് പോലുള്ള സ്ഥാപനങ്ങളിൽ പ്രാദേശിക ചികിത്സാ രീതികളെക്കുറിച്ചുള്ള പഠനങ്ങൾ നടന്നു.
മലബാറിലെ സസ്യങ്ങളെക്കുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്. ഇന്ത്യൻ വൈദ്യശാസ്ത്രത്തോടുള്ള വൈദേശിക സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (VOC) മലബാർ ഗവർണറായിരുന്ന അഡ്മിറൽ ഹെൻഡ്രിക് വാൻ റീഡ് (Hendrik van Rheede) ആണ് ഇതിന്റെ നിർമ്മാണത്തിന് മുൻകൈ എടുത്തത്.1678 മുതൽ 1693 വരെയായി ലാറ്റിൻ ഭാഷയിൽ 12 വാല്യങ്ങളായി ഇത് ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ചു.മലബാർ തീരത്ത് കാണപ്പെടുന്ന 742 സസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.എഴുവൈദ്യൻ ഇട്ടി അച്യുതൻ, കൊങ്കിണി ബ്രാഹ്മണരായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നിവർ തദ്ദേശീയ അറിവുകൾ (പ്രത്യേകിച്ച് ആയുർവേദ അറിവുകൾ) ഗ്രന്ഥത്തിനായി നൽകി.ഈ ഗ്രന്ഥത്തിൽ ഓരോ സസ്യത്തിന്റെയും പേര് മലയാളം, അറബി, ലാറ്റിൻ, കൊങ്കിണി ഭാഷകളിൽ നൽകിയിട്ടുണ്ട്.ഏഷ്യയിലെ ഉഷ്ണമേഖലാ സസ്യങ്ങളെക്കുറിച്ച് പാശ്ചാത്യ ശൈലിയിൽ തയ്യാറാക്കിയ ആദ്യത്തെ സമഗ്ര ഗ്രന്ഥങ്ങളിൽ ഒന്നാണിത്.കേരളത്തിലെ ആയുർവേദ വൈദ്യന്മാർ തലമുറകളായി കൈമാറിവന്ന വിജ്ഞാനം രേഖപ്പെടുത്താൻ ഇത് സഹായിച്ചു.ഗ്രന്ഥം പല യൂറോപ്യൻ സസ്യശാസ്ത്രജ്ഞർക്കും ഫാർമസിസ്റ്റുകൾക്കും ഇന്ത്യൻ സസ്യങ്ങളെ പരിചയപ്പെടുത്തുകയും, അതിലൂടെ പല സസ്യങ്ങളും പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ പ്രവേശിക്കുകയും ചെയ്തു.
പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് ഗോവയിൽ, ആദ്യത്തെ യൂറോപ്യൻ ശൈലിയിലുള്ള ആശുപത്രികളും “ഹോളി ഹൗസസ് ഓഫ് മെർസി” (Misericórdias) പോലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളും സ്ഥാപിച്ചത്.ക്രിസ്ത്യൻ മിഷനറിമാർക്ക് വേണ്ടി മാത്രമല്ല, പോർച്ചുഗീസ് നാവികർക്കും സൈനികർക്കും ചികിത്സ നൽകാനാണ് ഇവ പ്രധാനമായും സ്ഥാപിച്ചത്.ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള മെഡിക്കൽ സ്കൂളുകളിൽ ഒന്നായ ഗോവ മെഡിക്കൽ സ്കൂളിന് (Goa Medical College) 1600-കളിലാണ് പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ തുടക്കമിട്ടത്. ഇത് പിന്നീട് പാശ്ചാത്യ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായി മാറി.ഉരുളക്കിഴങ്ങ്, തക്കാളി, പപ്പായ, ചോളം (മെയ്‌സ്) തുടങ്ങിയ അനേകം പുതിയ വിളകൾ പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിച്ചു. ഈ സസ്യങ്ങൾ പിന്നീട് ഇന്ത്യൻ ഭക്ഷണക്രമത്തിലും ചില പരമ്പരാഗത ചികിത്സാ രീതികളിലും ഭാഗമായി.
ഫ്രഞ്ചുകാർ അവരുടെ പ്രധാന കോളനികളിൽ, പ്രത്യേകിച്ച് പോണ്ടിച്ചേരിയിൽ, ‘ലെ സർവീസ് ഡി സാന്റേ ഡി ലാ മറീൻ’ (നാവിക ആരോഗ്യ സേവനം) സ്ഥാപിച്ചു. നാവികർക്ക് സ്കർവി പോലുള്ള രോഗങ്ങൾക്ക് ചികിത്സ നൽകാനായിരുന്നു ഇത്.പോണ്ടിച്ചേരി ഫ്രഞ്ച് വൈദ്യശാസ്ത്ര പഠനത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ഇന്ത്യയിലെ ഫ്രഞ്ച് ഡോക്ടർമാർ വഴി,റെനെ ലാനെക് (സ്റ്റെതസ്കോപ്പിൻ്റെ ഉപജ്ഞാതാവ്), ലൂയി പാസ്ചർ തുടങ്ങിയ ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളുംരോഗങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും പ്രചരിച്ചു.
ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും ആഴത്തിലുള്ളതും സ്വാധീനമുള്ളതുമായ ഇടപെടലുകൾ നടത്തിയത് ബ്രിട്ടീഷുകാരാണ്.ഇന്ത്യയിലെ ആദ്യത്തെ ആധുനിക മെഡിക്കൽ കോളേജുകൾ കൊൽക്കത്ത (1835), മദ്രാസ് (1835), ബോംബെ (1845) എന്നിവിടങ്ങളിൽ സ്ഥാപിച്ചു. ഇത് പാശ്ചാത്യ ശൈലിയിലുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും സൃഷ്ടിക്കുന്നതിന് വഴിയൊരുക്കി.
സാനിട്ടേഷൻ (ശുചിത്വം), ക്വാറൻ്റൈൻ നിയമങ്ങൾ എന്നിവ ബ്രിട്ടീഷുകാർ കൊണ്ടുവന്നു. കോളറ, വസൂരി, പ്ലേഗ്, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ പൊതുജനാരോഗ്യ വകുപ്പുകളും (Public Health Departments) വലിയതോതിലുള്ള വാക്സിനേഷൻ പദ്ധതികളും ആരംഭിച്ചു.ബാക്ടീരിയോളജി ലാബുകൾ, ട്രോപ്പിക്കൽ മെഡിസിൻ സ്കൂളുകൾ (ഉഷ്ണമേഖലാ രോഗങ്ങൾ) എന്നിവ സ്ഥാപിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) മുൻരൂപത്തിലുള്ള നിരവധി ഗവേഷണ സംവിധാനങ്ങൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടു.
ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ മാതൃക പിന്തുടർന്ന് നഴ്‌സിംഗ് പരിശീലനം ആരംഭിച്ചതും ഈ കാലഘട്ടത്തിലാണ്.
ചുരുക്കത്തിൽ, പോർച്ചുഗീസുകാർ ആദ്യത്തെ ആശുപത്രികൾ സ്ഥാപിച്ചു, ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിൽ ഒരു പഠന കേന്ദ്രമായി പ്രവർത്തിച്ചു, എന്നാൽ ബ്രിട്ടീഷുകാരാണ് ആധുനിക വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും, സ്ഥാപനവൽക്കരിച്ച പൊതുജനാരോഗ്യ സംവിധാനത്തിന്റെയും പിൽക്കാല അടിത്തറ ഇന്ത്യയിലുടനീളം പാകിയത്.
4.
മറ്റ് പല മേഖലയിലും ഇന്ത്യനറിവുകൾ അതിൻ്റെ സ്ഥാപനവല്കരണത്തെ ഭേദിച്ചു തദ്ദേശീയരീതിയിൽ ആധുനിക വല്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വൈദ്യശാസ്ത്ര അറിവുകളും അതിൻ്റെ ഓൻ്റോളജിയും നവോത്ഥാനാനന്തരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നു പ്രത്യക്ഷത്തിൽ തോന്നുകയില്ല. പാശ്ചാത്യ മാതൃക പൂർണ്ണമായും പിൻതുടർന്നു എന്നു തോന്നാം.എന്നാൽ രോഗത്തെ സംബന്ധിക്കുന്ന വിശ്വാസാധിഷ്ഠിത പൂർവ്വ നവോത്ഥാന സങ്കല്പങ്ങൾ നവോത്ഥാന സമരങ്ങളിലൂടെയാണ് ചോദ്യം ചെയ്യപ്പെട്ടത്. അതിൻ്റെ തുടർച്ചയായാണ് ബൗദ്ധകാലത്തെ ഓർക്കും വിധം എല്ലാവർക്കും ഉള്ള സൗജന്യആരോഗ്യ ശ്രുശ്രുഷാകേന്ദ്രങ്ങളുടെ ഘടന രൂപം കൊണ്ടത്.സംസ്ഥാനത്ത് പ്രാഥമികതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഒരു ത്രിതല ആരോഗ്യ പരിരക്ഷാ ശൃംഖല നിലവിൽ വന്നു.
പ്രൈമറി (PHC, FHC)സെക്കൻഡറി ,(താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ)ടെർഷ്യറി ( മെഡിക്കൽ കോളേജുകൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ (റീജിയണൽ കാൻസർ സെൻ്റർ പോലുള്ളവ) എന്നീ ഘടന രൂപം കൊണ്ടു.രാജഭരണകാലത്ത് തന്നെ, തിരുവനന്തപുരം, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിലുള്ള (അന്നത്തെ നിലവാരത്തിൽ) വലിയ ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. ഇത് ടെർഷ്യറി തലത്തിലുള്ള പരിചരണത്തിൻ്റെ ആദ്യരൂപമായിരുന്നു.
ഈ മാറ്റത്തിന് രാഷ്ട്രീയ സമരങ്ങളാണ് കാരണമായത്. ദൈവകോപമാണ് രോഗകാരണമെന്നാണ് നവോത്ഥാനപൂർവ്വകാല വിശ്വാസം.കേരളത്തിലെ നാടോടി വിശ്വാസങ്ങളിലും ആരാധനാരീതികളിലും അമ്മ ദൈവങ്ങൾക്കും കാവുകളിലെ ദേവതകൾക്കും വലിയ സ്ഥാനമുണ്ടായിരുന്നു. വസൂരി (Smallpox), കോളറ തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ, അത് ഈ ദേവതകളുടെ അപ്രീതി കാരണമാണെന്ന് വിശ്വസിച്ചിരുന്നു.അതു പോലെ രോഗം പാപഫലമായും കണ്ടു.ഒരാൾ ചെയ്ത പാപങ്ങളുടെയോ ശാപങ്ങളുടെയോ ഫലമാണ് രോഗങ്ങൾ എന്നും, ക്ഷേത്രാചാരങ്ങൾ തെറ്റിക്കുന്നത് ദൈവകോപത്തിന് കാരണമാവുമെന്നും വിശ്വസിച്ചിരുന്നു. രോഗം ശമിക്കുന്നതിനും ദൈവകോപം ഒഴിവാക്കുന്നതിനും വേണ്ടി പ്രത്യേക വഴിപാടുകൾ, പൂജകൾ, തുള്ളലുകൾ എന്നിവ നടത്തുന്നത് അക്കാലത്തെ പ്രധാന ആചാരമായിരുന്നു. പല രോഗങ്ങൾക്കും പേര് നൽകിയിരുന്നത് തന്നെ ഈ ദേവതകളെ അടിസ്ഥാനമാക്കിയായിരുന്നു (ഉദാഹരണത്തിന്, ‘മാരിയമ്മൻ’ പോലുള്ള ദേവതകളെ വസൂരിയുമായി ബന്ധപ്പെടുത്തി കണ്ടിരുന്നു). ഈ രോഗങ്ങളെ ഭൂതങ്ങൾ, പ്രേതങ്ങൾ, അല്ലെങ്കിൽ ദുഷ്ടശക്തികൾ എന്നിവയുടെ പ്രവർത്തനഫലമായും ഉണ്ടാകുന്ന വ യെന്നു കരുതപ്പെട്ടു. വലിയ പകർച്ചവ്യാധി ദുരന്തങ്ങളാണ് രോഗത്തെ ഒരു സാമൂഹിക പ്രശ്നമായി കാണാൻ പ്രേരിപ്പിച്ചത്.പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം ബാധിച്ച മാരകമായ പകർച്ചവ്യാധിയാണ് കോളറ.കോളറ പോലെ തന്നെ, ബ്രിട്ടീഷ് ഭരണകാലത്തും അതിനു മുൻപും കേരളത്തിൽ വ്യാപകമായിരുന്ന ഒരു മഹാമാരിയായിരുന്നു വസൂരി. രോഗം ഒരു അധികാര പ്രശ്നമായി പരിഗണിക്കാൻ നവോത്ഥാന സമരങ്ങൾ കാരണമായി. രുദ്രാക്ഷം ശക്തി നൽകുന്ന അത്ഭുതമല്ല, വെള്ളത്തിൽ അരച്ചു കുടിക്കാവുന്ന ഔഷധമാണെന്ന് നാരായണ ഗുരു ഒരു സംഭാഷണത്തിൽ പറഞ്ഞു. വിശ്വാസത്തിൻ്റെ കാവുകളെ നാരായണ ഗുരു വെട്ടി വൃത്തിയാക്കുന്നുണ്ട്.ഗുരുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) ക്ഷേത്രങ്ങളോടൊപ്പം തന്നെ ആതുരാലയങ്ങളും (ആശുപത്രികൾ) സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകി.ഗുരുവിൻ്റെ ശിഷ്യരിൽ പലരും ആയുർവേദത്തിലും മറ്റ് ചികിത്സാരീതികളിലും പ്രാവീണ്യം നേടിയവരായിരുന്നു. ഗുരു തന്നെ ഒരു വൈദ്യനായിരുന്നു.’മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശത്തിലൂടെ സാമൂഹിക ശുചിത്വത്തിൻ്റെയും വ്യക്തിശുചിത്വത്തിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ശുചിത്വത്തെ മതപരമായ അനുഷ്ഠാന വിശുദ്ധബോധത്തിൽ നിന്നും ഗുരു മോചിപ്പിച്ചു. ശുചിത്വത്തെ ക്ലിനിക്കൽ ആവശ്യത്തിലേക്ക് കൊണ്ടുവന്നു.സിദ്ധ പാരമ്പര്യത്തെയും ശൈവ വൈദ്യ ആയുർവേദപാരമ്പര്യത്തെയും ആണ് ഗുരു പുനരുദ്ധരിക്കാൻ ശ്രമിച്ചത്.തിരുവിതാംകൂർ സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന പല്പു, പിന്നാക്ക സമുദായക്കാർക്ക് സർക്കാർ സർവീസുകളിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും അവസരം ലഭിക്കാൻ വേണ്ടി ശക്തമായി വാദിച്ചു. രോഗത്തിലെ വിശ്വാസത്തെ പ്രശ്നവത്കരിക്കുന്ന ‘അശ്വമേധം’ പോലുള്ള കൃതികൾ ഉണ്ടായി. ‘’രോഗം കുറ്റമല്ല ‘’ എന്നു കുഷ്ഠരോഗത്തെ മുൻനിർത്തി ആ നാടകം വിളിച്ചു പറഞ്ഞു.
5.
ശരീരത്തെയും മനസിനെയും ഒരു പ്രവർത്തനമായി കാണുകയും അതു സാമൂഹിക പ്രവർത്തനത്തിൻ്റെ തന്നെ ഒരു ഉപചിഹ്നമായി കണക്കാക്കുകയും ചെയ്യുന്നതാണ് സാംഖ്യ ചിന്തയുടെ തത്ത്വചിന്തയെ ഉപയോഗിച്ചു കൊണ്ട് രൂപപ്പെട്ട ആയുർവേദം ചെയ്തത്. അതിലെ ഗുണ സങ്കല്പം മനസിലും ശരീരത്തിലും സമൂഹത്തിലും പ്രപഞ്ചത്തിലും വച്ച് നിർണ്ണയിക്കപ്പെട്ടതായിരുന്നു.എന്നാൽ വൈദ്യം വിശ്വാസ പദ്ധതിയായി മാറിയപ്പോൾ രോഗം വ്യക്തി മനസിൽ വച്ച് സ്ഥിതമാക്കപ്പെട്ടു. അവിടെ വ്യക്തിശരീരം അയിത്ത വസ്തുവായി മാറി. പൊളിറ്റിക്കൽ ക്വാറൻ്റൈൻ എന്നു പറയാവുന്ന വർണ്ണവ്യവസ്ഥയുടെ ന്യായീകരണത്തിനായാണ് സത്വഗുണം ( ബ്രാഹ്മണ്യം ) ആരോഗ്യമായി നിർവ്വചിക്കപ്പെട്ടത്. അപ്പോൾ പ്രപഞ്ചവും സമൂഹവും വ്യക്തിശരീരവും അയിത്ത വസ്തുവായി, രോഗമായി മാറി. ഇ ഹലോകജീവിതം തന്നെ രോഗവും മിഥ്യയുമായി മാറി.”ജന്മമൃത്യുജരാവ്യാധി-ദുഃഖദോഷാനുദർശനം” എന്നു ഭഗവദ് ഗീതയിൽ പരാമർശിക്കുന്നു.ഭൗതിക ജീവിതം സ്വയം ഒരു രോഗാതുരമായ അവസ്ഥയാണെന്നും അതിൽ രോഗവും വാർദ്ധക്യവും ഉൾപ്പെടുന്നു എന്നും അർജുനനെ ഉപദേശിക്കുന്ന ഭാഗമാണിത്. ഈ ദുരിതങ്ങളിൽ നിന്നുള്ള മോചനമാണ് മോക്ഷം. സത്വഗുണമാണ് മോക്ഷത്തിലേക്ക് എത്താനുള്ള ഏറ്റവും നല്ല പടി. പക്ഷേ, ആത്യന്തികമായി, സത്വബന്ധനത്തെയും മറികടന്ന് ഗുണാതീതനാകുക എന്നതാണ് പരമമായ ലക്ഷ്യം. വർണ്ണങ്ങൾ രൂപപ്പെടുന്നത് ഗുണങ്ങളുടെയും (പ്രകൃതിയുടെ) കർമ്മങ്ങളുടെയും (ജോലി) അടിസ്ഥാനത്തിലാണ് എന്ന്ശ്രീകൃഷ്ണൻ സ്ഥാപിക്കുന്നു.ബ്രാഹ്മണൻ (സത്വപ്രധാനം), ക്ഷത്രിയൻ (സത്വവും രജസ്സും), വൈശ്യൻ (രജസ്സും തമസ്സും), ശൂദ്രൻ (തമസ്സ്) എന്നിങ്ങനെ വർണ്ണങ്ങൾ രൂപപ്പെടുന്നത് ഗുണങ്ങളെയും അവരവരുടെ കർമ്മങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട്, ഏറ്റവും ശുദ്ധമായ സത്വഗുണം സ്വാഭാവികമായി ബ്രാഹ്മണന്റെ ധർമ്മങ്ങളിൽ പ്രകടമാകുന്നു. ഇത്തരത്തിൽ ആരോഗ്യം എന്നത് ബ്രാഹ്മണനായിരിക്കുക, മറ്റെല്ലാവരെയും താരതമ്യേന രോഗികളായി നിർവ്വചിക്കുക എന്നതായിരുന്നു ബ്രാഹ്മണമതം സ്വീകരിച്ച രീതി. സത്യത്തിൽ ജനിതകമിശ്രണമാണ് ആരോഗ്യം എന്നു ഇന്നത്തെ DNA പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യൻ വർണ്ണ വ്യവസ്ഥയാണ് ഇന്ത്യക്കാരുടെ ജനിതകരോഗങ്ങളുടെ പ്രധാന കാരണം. സത്വഗുണമല്ല ആരോഗ്യം. പ്രാചീന സാംഖ്യത്തിൽ പറയുമ്പോലെ ഗുണ സങ്കലനവും ഗുണ പരിണാമവുമാണ് ആരോഗ്യം.ANI (Ancestral North Indians – പൂർവ്വിക ഉത്തരേന്ത്യക്കാർ).ASI (Ancestral South Indians – പൂർവ്വിക ദക്ഷിണേന്ത്യക്കാർ) എന്നിങ്ങനെ ഇന്ത്യൻ ജനിതക പാരമ്പര്യത്തെ മനസിലാകുന്ന പുസ്തകമാണ് David Reich-ൻ്റെ “Who We Are and How We Got Here: Ancient DNA and the New Science of the Human Past”. പുരാതന DNA പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെക്കുറിച്ച് ഈ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ പ്രധാനമാണ്.ANI, ASI ജനവിഭാഗങ്ങൾ തമ്മിലുള്ള വലിയ തോതിലുള്ള സങ്കലനം ഏകദേശം 4,200 മുതൽ 1,900 വർഷങ്ങൾക്ക് മുമ്പ് വരെ ഒരു നിശ്ചിത കാലയളവിൽ “ആകസ്മികമായി” (convulsively) സംഭവിച്ചതായി Reich-ൻ്റെ പഠനങ്ങൾ പറയുന്നു. എന്നാൽ, ഏകദേശം 1,900 വർഷം മുമ്പ്, ഈ ജനസംഖ്യാ മിശ്രിതം ഏതാണ്ട് പൂർണ്ണമായി നിലച്ചു. അതായത്, അക്കാലം മുതൽ ഇന്ത്യയിൽ ജാതികളുടെയും സമൂഹങ്ങളുടെയും അതിരുകൾക്കകത്ത് മാത്രം വിവാഹം കഴിക്കുന്ന ‘എൻഡോഗമി’ (Endogamy) എന്ന സമ്പ്രദായത്തിലേക്ക് ഒരു സമൂലമായ മാറ്റം സംഭവിച്ചു.എൻഡോഗമി നിലവിൽ വന്ന ഈ കാലഘട്ടം, ഹൈന്ദവ മതഗ്രന്ഥങ്ങളിൽ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള നിയമങ്ങൾ (Codes of Caste System) രേഖപ്പെടുത്തിയ കാലവുമായി ഒത്തുപോകുന്നു. ജാതിവ്യവസ്ഥ മൂലമുള്ള എൻഡോഗമിയാണ്, ഇന്ത്യയിലെ ജനവിഭാഗങ്ങൾക്കിടയിൽ ജനിതകപരമായ വ്യത്യാസങ്ങൾ ശക്തമായി നിലനിർത്താൻ കാരണമായതെന്നും Reich ചൂണ്ടിക്കാണിക്കുന്നു. ജാതി വ്യവസ്ഥ തീർത്ത എൻ്റൊഗമിയാണ് ഇന്ത്യൻ ജനിതകരോഗങ്ങളുടെ കാരണം. ജാതി വ്യവസ്ഥ തീർത്ത, എൻ്റൊഗമി തീർത്ത, പൊളിറ്റിക്കൽ ക്വാറൻ്റൈൻ ആണ് ഇന്ത്യൻ മാനസിക രോഗങ്ങളുടെ കാരണം. ജാതിസങ്കരഭീതിയും പ്രണയലൈംഗിക നിരാസവുമാണ് യക്ഷി ഗന്ധർവ്വ ഭയങ്ങളും ഭൂതപ്രേത പിശാചു ഭീതികളും ഭ്രാന്തും ഉണ്ടാക്കിയത്.പൗരോഹിത്യം ഉണ്ടാക്കിയ ഭീതികൾ പൗരോഹിത്യം തന്നെ ആണിയടിച്ച് തറച്ചു പരിഹരിക്കുന്നു. രോഗം ഉണ്ടാക്കുന്നതും ചികിത്സിക്കുന്നതും ഒരു കൂട്ടർ തന്നെയായി മാറുന്നു. സർപ്പക്കളങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ജാതിവ്യവസ്ഥ തീർത്ത സങ്കര ഭീതിയുടെയും ലൈംഗിക നിരാസത്തിൻ്റെയും താല്കാലികമനശ്ശാസ്ത്രചികിത്സാ പദ്ധതികളായിരുന്നു. ‘അണലിപ്പാമ്പ് കണക്ക് നിദ്രയി’ലായിരുന്ന ലൈംഗികതയുടെ തല ഉയർത്തലും ഗുണ പരിണാമവുമാണ് നവോത്ഥാന കാല സാഹിത്യ കൃതികളിൽ കാണുന്നത്.സാഹിത്യം ഒരു ചികിത്സാ പദ്ധതി (Literary Therapy)യായി മാറി. (2).അനുഷ്ഠാനങ്ങളും ഉപരിപ്ലവ കൃതികളും പൊളിറ്റിക്കൽ ക്വാറൻ്റൈൻ തീർത്ത ഭീതിയുടെ സാത്വിക അഭയങ്ങളാണെങ്കിൽ മികച്ച കൃതികൾ ആ ഭയത്തിൻ്റെ ഗുണ പരിണാമങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും നൽകുന്നു.സത്വഗുണം നല്ലത്, തമോഗുണം മോശം എന്ന വിപരീത നിശ്ചലാവസ്ഥ ആയുർവേദത്തിൻ്റെ പ്രചീനഅടിസ്ഥാന സങ്കല്പത്തിൽ രോഗമാണ്.സാത്വിക ( ബ്രാഹ്മണ ) പ്രധാനമായ വർണ്ണവ്യവസ്ഥ രോഗമാണ്. അതിനെ ചലിപ്പിക്കുന്ന, സ്വയം ചലിക്കുന്ന രജോഗുണം പ്രവൃദ്ധമാകുന്നതാണ് ചികിത്സ. ദോഷങ്ങളുടെ പ്രവർത്തനാത്മകമായ സന്തുലിതത്വമാണ്, പാരിണാമമാണ് ആരോഗ്യം.ഇന്ത്യയിലെ ക്ലാസിക് കൃതികളെല്ലാം ഇത്തരം ചികിത്സാ പദ്ധതികളായിരുന്നു.സാത്വികനായ ശിവനെയും (കുമാര സംഭവം) ദിവാകരനെയും ഉപ ഗുപ്തനെയും (നളിനി, കരുണ) എല്ലാം പരിവർത്തിക്കപ്പെടുന്ന, തേടിച്ചെല്ലുന്ന സ്ത്രീയ്ക്കുളള തമോഗുണ പരിവേഷം പരിവർത്തിക്കപ്പെടുന്ന മനശ്ശാസ്ത്ര ചികിത്സകളായിരുന്നു കാളിദാസന്റെയും ആശാൻ്റെയും കൃതികൾ. പ്രണയം, സ്വയം ചലിക്കുകയും മറ്റു ഗുണങ്ങളെ ചലിപ്പിക്കുകയും ചെയ്യുന്ന രജോഗുണ പ്രതിനിധാനമായി മാറുന്നു. എന്തുകൊണ്ട് മദനന്മാർ (ലീല) ഭയം കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നതിൻ്റെ തിരിച്ചറിവായിരുന്നു അത്. വർണ്ണവ്യവസ്ഥ തീർത്ത, എൻ്റൊഗമി തീർത്ത, പൊളിറ്റിക്കൽ ക്വാറൻ്റൈൻ തീർത്ത സാത്വിക – തമ:( സ്ത്രീ-പുരുഷ) സങ്കരഭീതിയാണ് ഇന്ത്യൻ മനസിലെ ഭയത്തിന് അടിസ്ഥാനം. നളൻ ദമയന്തിയെ ഉപേക്ഷിക്കുന്നതും ഈ ഭയം കൊണ്ടാണ്( ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിൽ).നളദമയന്തിമാർക്കു മുന്നിൽ ഒരേ സമയം പാമ്പ് കടന്നു വരുന്നതും ബാഹുകൻ എന്ന സങ്കര സൃഷ്ടി ഉണ്ടാകുന്നതും കുതിരാലയവാസവും (ഋതുപർണ്ണ തേരാളി ജീവിതം നളന്) യാത്രയും ( കച്ചവടസംഘയാത്ര ദമയന്തിക്ക് ) നിർദ്ദേശിക്കപ്പെടുന്നതും വർണ്ണാശ്രമധർമ്മം തീർത്ത, പൊളിറ്റിക്കൽ ക്വാറൻ്റൈൻ തീർത്ത സങ്കരഭീതി മറികടക്കാനുള്ള മനശ്ശാസ്ത്രചികിത്സാ പദ്ധതികളാണ്.( വൈദ്യശാസ്ത്ര സംജ്ഞയായ ‘കഥാർസിസി’ലൂടെ അരിസ്റ്റോട്ടിൽ പറയാൻ ശ്രമിച്ചത് ഇവിടെ കാണുന്ന രീതിയിൽ ഭയം, കരുണം എന്നിവയുടെ പരിവർത്തന മാകണം. )മികച്ച കൃതികൾ ചികിത്സാ പദ്ധതികൾ ആണ്.
6.
അതായത് ആരോഗ്യം ( സാത്വിക ഗുണം) എന്നു ബ്രാഹ്മണമതം പറഞ്ഞത് രോഗമായിരുന്നു.ആർ. പോൾ തോംസൺ, റോസ് ഇ.ജി. അപ്‌ഷർ എന്നിവർ രചിച്ച “Philosophy of Medicine: An Introduction” എന്ന പുസ്തകത്തിൽ രോഗ നിർവ്വചനത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.ഈ പുസ്തകം വൈദ്യശാസ്ത്ര തത്വശാസ്ത്രത്തെ ശാസ്ത്ര തത്വശാസ്ത്രത്തിൻ്റെ (Philosophy of Science) ഒരു ഉപമേഖലയായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, പ്രധാനമായും എപ്പിസ്റ്റമോളജി (അറിവ്), മെറ്റാഫിസിക്സ് (യാഥാർത്ഥ്യം), ലോജിക് (യുക്തി) എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.മെഡിക്കൽ നിഘണ്ടുക്കൾ ‘രോഗത്തെ’ നിർവ്വചിക്കുന്നത്, ശരീരത്തിന്റെ ഒരു ഭാഗത്തിൻ്റെയോ, അവയവത്തിൻ്റെയോ, വ്യവസ്ഥയുടെയോ സാധാരണ ഘടനയിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന വ്യതിയാനം അല്ലെങ്കിൽ തടസ്സമായിട്ടാണ്.രോഗം’, ‘ആരോഗ്യം’, ‘വൈകല്യം’ എന്നീ ആശയങ്ങളെ മനസ്സിലാക്കുന്നതിൽ ‘സാധാരണ’ (Normal) എന്ന ആശയം വളരെ നിർണായകമാണ്. അതൊരു മൂല്യപരമായ പ്രശ്നം കൂടിയാണ്.ലോകാരോഗ്യ സംഘടന (WHO) ‘ആരോഗ്യത്തെ’ നിർവ്വചിക്കുന്നത്, “പൂർണ്ണമായ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം ഉള്ള അവസ്ഥ” എന്നും “രോഗങ്ങളോ ബലഹീനതകളോ ഇല്ലാത്ത അവസ്ഥ മാത്രമല്ല” എന്നുമാണ്.ഈ നിർവ്വചനം ‘ക്ഷേമം’ (Well-being) എന്നതിനെ ആശ്രയിച്ചിരിക്കുന്നു.സന്തുഷ്ടി’, ‘ഐശ്വര്യം’ പോലുള്ള കാര്യങ്ങൾ ഓരോ വ്യക്തിയുടെയും മൂല്യങ്ങളെയും സന്ദർഭങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാൽ, WHO യുടെ നിർവചനം പൂർണ്ണമായും മൂല്യങ്ങളെ ആശ്രയിച്ചുള്ളതാണ്.രോഗം’, ‘ആരോഗ്യം’, ‘വൈകല്യം’ എന്നീ ആശയങ്ങളെ മനസ്സിലാക്കുന്നതിൽ ‘സാധാരണ’ (Normal) എന്ന ആശയം വളരെ നിർണായകമാണ്.ഒരു ജനസംഖ്യയിലെ ശരാശരിയെ (Statistical Mean) സാധാരണയായി കണക്കാക്കിയാൽ, ഭൂരിഭാഗം ആളുകളും ‘അസാധാരണരായിരിക്കും’. അതിനാൽ, ഒരു നിശ്ചിത സ്റ്റാൻഡേർഡ് ഡീവിയേഷന് (Standard Deviation – \sigma) ഉള്ളിൽ വരുന്നവരെ സാധാരണയായി കണക്കാക്കിയാലും, ആ പരിധി നിശ്ചയിക്കുന്നത് ആത്മനിഷ്ഠമാണ് (Subjective). കൂടാതെ, ഇത് രോഗത്തെ നിർവ്വചിക്കാൻ സഹായിക്കുന്നതിനുപകരം, രോഗത്തെക്കുറിച്ചുള്ള അറിവിനെ മുൻകൂട്ടി അനുമാനിക്കുന്നു.ഒരു കോശമോ, അവയവമോ, ജീവിവർഗ്ഗമോ, പരിണാമപരമായി പ്രവർത്തിക്കാൻ രൂപപ്പെട്ട രീതിയാണ് സാധാരണ പ്രവർത്തനം എന്ന് വാദിക്കുന്നവരുണ്ട്.പരിണാമം ലക്ഷ്യമില്ലാത്ത ഒരു പ്രക്രിയയാണ്. അതിനാൽ, പരിണാമപരമായി ‘സാധാരണം’ എന്ന് ഒന്നില്ല.പരിണാമപരമായ ‘സാധാരണ പ്രവർത്തനം’ സന്ദർഭത്തെ (പരിസ്ഥിതിയെ) ആശ്രയിച്ചിരിക്കുന്നു.ചില സാഹചര്യങ്ങളിൽ, ഒരു രോഗം വ്യക്തിഗത തലത്തിൽ പ്രശ്നകരമാണെങ്കിൽ പോലും, ജനസംഖ്യാ തലത്തിൽ (Population Level) അത് ഒരു അതിജീവനപരമായ നേട്ടം (Survival Advantage) നൽകിയേക്കാം. സിക്കിൾ സെൽ അനീമിയയുടെ കാര്യത്തിൽ ഈ പ്രതിഭാസം കൃത്യമായി കാണാൻ കഴിയും.മിതമായ സിക്കിളിംഗ് (Mild Sickling) ഉള്ള വ്യക്തികൾക്ക്, മലേറിയയിൽ നിന്ന് ശക്തമായ സംരക്ഷണം ലഭിക്കുന്നു. ഇത് അവരുടെ അതിജീവന വിജയത്തിനുള്ള (Reproductive Success) സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, മലേറിയ ബാധിത ജനസംഖ്യയിൽ, സിക്കിൾസെൽരോഗവാഹകരാണ് ഏറ്റവും ‘ഫിറ്റ്’ ആയ വിഭാഗം. അതായത് രോഗമുണ്ടായിരിക്കുക “സാധാരണ”മായിരിക്കുന്നു.ഇത് ഒരു അവസ്ഥയെ ‘രോഗം’ എന്ന് മാത്രം വിളിക്കുന്നത്, ജീവശാസ്ത്രപരമായ വസ്തുനിഷ്ഠതയ്ക്ക് (Biological Objectivity) അപ്പുറം മനുഷ്യ മൂല്യങ്ങളെയും (Human Values) പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലിനെയും ആശ്രയിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കുന്നു. ബ്രാഹ്മണമതത്തിൻ്റെ കാലത്ത് സാത്വികത രോഗമല്ലെങ്കിലും നവോത്ഥാന കാലത്ത് അത് രോഗമാണ്. കേരളം ഭ്രാന്താലയമാണ് എന്നു വിളിക്കപ്പെട്ടത് അതാണ്. ബ്രാഹ്മണരുടെ അമിതശുചിത്വവും കുളിയും മാനസിക രോഗമാണെന്ന്(Obsessive-Compulsive Disorder – OCD) ഇന്ന് മനസിലാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സാത്വികാവസ്ഥയായി, ആരോഗ്യമായാണ് കണക്കാക്കപ്പെട്ടത്.( ആവർത്തിച്ചുള്ള കൈ കഴുകൽ എന്താണെന്ന് മാക്ബത്ത് വായിച്ചിട്ടുള്ളവർക്ക് അറിയാം). ബ്രാഹ്മണമതം ( ഏതാണ്ട് എല്ലാ മതങ്ങളും)സാത്വിക ഗുണത്തിനും ആത്മാവിനും അഥവാ മനസിനും വിശുദ്ധമുൻഗണന നൽകി, മനസിനെയും ശരീരത്തെയും നിശ്ചലമായി പരിഗണിച്ചു. നേരേ മറിച്ച് തമോഗുണത്തിനും ശരീരത്തിനും വിശുദ്ധമുൻഗണന നൽകി, മനസിനെയും ശരീരത്തെയും നിശ്ചലമായി പരിഗണിക്കുകയാണ് മുതലാളിത്ത തത്വശാസ്ത്രങ്ങൾ ചെയ്യുന്നത്.ബ്രാഹ്മണമതത്തിൻ്റെ ആത്മീയ സാത്വിക വിശുദ്ധി ശാരീരിക അമിതവിശുദ്ധിയായി ചിഹ്ന രൂപം പ്രാപിക്കും പോലെ, മുതലാളിത്തത്തിൻ്റെ ഭൗതികശാരീരിക തമോവിശുദ്ധി ആത്മീയ വിശുദ്ധിയായി രൂപം പ്രാപിക്കും. ഫൂക്കോയുടേത് രോഗത്തെ സംബന്ധിക്കുന്ന മുതലാളിത്ത യുക്തിയാണ്. പുതിയ കാലത്ത് രോഗം ‘സ്ഥല’പരമായി നിർവചിക്കപ്പെടുന്നു എന്നാണ് ഫൂക്കോ പറയുന്നത്.രോഗം ശരീരത്തിലെ യഥാർത്ഥ അവയവങ്ങളിൽ (real organs) സ്ഥാനം പിടിക്കുന്നു. രോഗിയിൽ നിന്ന് ശരീരത്തിലേക്ക് (body) രോഗത്തിന്റെ ശ്രദ്ധ മാറി.രോഗം കേവലം ഉപരിതലത്തിലുള്ള ഒന്നല്ല; അത് ആഴത്തിലും വ്യാപ്തിയിലും (depth and volume) നിലനിൽക്കുന്നു. ശരീരഛേദനം ( ശവശരീരങ്ങളെ പഠിക്കാൻ തുടങ്ങിയത് )ഈ ആന്തരിക സ്ഥലത്തെ (internal space) ദൃശ്യമാക്കി.ലക്ഷണങ്ങളും (symptoms) അവയുടെ ശരീരഘടനാപരമായ കാരണങ്ങളും (anatomical causes) തമ്മിലുള്ള ദൂരം (distance) അളക്കാൻ ക്ലിനിക്കൽ നോട്ടത്തിന് കഴിഞ്ഞു. ഈ ദൂരം മനസ്സിലാക്കുന്നതിലൂടെ, രോഗത്തെക്കുറിച്ചുള്ള പൂർണ്ണമായ വിജ്ഞാനം കൈവരിക്കാൻ കഴിഞ്ഞു.
18-ാം നൂറ്റാണ്ടിലെ ക്ലിനിക്കൽ നോട്ടം, രോഗങ്ങളെ അതിന്റെ ലക്ഷണങ്ങളുടെ ഉപരിതലത്തിൽ (surface of symptoms) മാത്രം കേന്ദ്രീകരിച്ചു. ഈ നോട്ടത്തിന് ശരീരത്തിന്റെ ആഴത്തിലുള്ള, മറഞ്ഞിരിക്കുന്ന ഘടനകളിലേക്ക് (deep, hidden structures of the body) കടന്നുചെല്ലാൻ കഴിഞ്ഞില്ല. പണ്ട് രോഗം എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനേക്കാൾ, എന്താണ് രോഗം എന്നതിലാണ് ക്ലിനിക്കൽ നോട്ടം ശ്രദ്ധ കേന്ദ്രീകരിച്ചത്. രോഗത്തെ വർഗ്ഗീകരണ പുസ്തകങ്ങളിലെ (nosological tables) ഒരു അസ്തിത്വമായിട്ടാണ് (entity) കണ്ടത്, അല്ലാതെ ശരീരത്തിെന്റെ ഒരു പ്രത്യേക സ്ഥലത്തിലെ മാറ്റമായിട്ടല്ല. ഇന്നത്തെ ക്ലിനിക്കൽ നിരീക്ഷണത്തിന്റെ കാതൽ എന്നത് കർശനമായ നിഷ്പക്ഷത (rigorous neutrality) പാലിക്കുക എന്നതാണ്.ഡോക്ടറുടെ നോട്ടം (Gaze) രോഗിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളോ (theories) മുൻധാരണകളോ ഇല്ലാതെ, യാഥാർത്ഥ്യത്തെ അത് എങ്ങനെയാണോ അങ്ങനെ (as they are) സ്വീകരിക്കുന്നു. നിരീക്ഷകൻ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, മൗനം (silence) പാലിക്കുകയും ചെയ്യുന്നു. ഫൂക്കോയുടെ “ദ ബർത്ത് ഓഫ് ദ ക്ലിനിക്” എന്ന പുസ്തകത്തിലെ ഇത്തരം വിശദീകരണങ്ങൾ ഉപരിപ്ലവമാണ് എന്നു വ്യക്തമാണല്ലോ.സുശ്രുതൻ ഒരേ സമയം ശരീരത്തിലും മനസിലും ദൃഷ്ടി പായിച്ചിരുന്നു എന്നും എവിടെയാണ് രോഗം എന്നു അറിഞ്ഞിരുന്നു എന്നും വിശദീകരിച്ചല്ലോ. വൈദ്യത്തിെന്റെ മത വത്കരണമാണ് രോഗം എവിടെ എന്ന തിനേക്കാൾ രോഗം എന്ത് എന്നു മാത്രം നിർവ്വചിച്ചത്.അതു പോലെ വൈദ്യത്തിൻ്റെ മുതലാളിത്തവത്കരണമാണ് രോഗം എന്ത് എന്നതിനേക്കാൾ എവിടെ എന്നതിൽ കൊണ്ടെത്തിച്ചത്. ഫൂക്കോ പഴയ മതങ്ങളെ പോലെ ആത്മാവ് / ശരീരം എന്നീ ദ്വന്ദ്വത്തിൽ മാത്രം നിലകൊള്ളുന്നു. [ഫ്രഞ്ചു വിപ്ലവം മുന്നോട്ട് വച്ച മൂല്യങ്ങളെ മുതലാളിത്ത മൂല്യങ്ങളുമായി ഇടകലർത്തി അലസിപ്പിക്കുക എന്ന ദൗത്യമാണ് ഫൂക്കോ നിർവ്വഹിക്കുന്നത്. വ്യക്തിയെ വസ്തുവൽക്കരിക്കുന്ന അന്യൻ്റെ “നോട്ടം” ( Gaze) എന്ന സാർത്രിൻ്റ ആശയത്തെ വികലമായി ഫൂക്കോ അനുകരിക്കുന്നു.]
ഫുക്കോയുടെ വിശകലനം വിശ്വാസകാല ചികിത്സാസങ്കല്പത്തെയോ മുതലാളിത്ത ചികിത്സാസങ്കല്പത്തെയോ – ഏതെങ്കിലും ഒന്നിനെ സ്വീകരിപ്പിക്കുന്നു.ആധുനിക ചികിത്സ അവയവനിഷ്ഠവും പരിശോധനാഉപകരണനിഷ്ഠവും ആണ് സമഗ്രതയിൽ അധിഷ്ഠിതമല്ല എന്നു പറയുമ്പോൾ, മുതലാളിത്ത ചികിത്സയെയും വിശ്വാസ ചികിത്സാവിപണിയെയും ഒരു പോലെ സ്വീകരിക്കാനുള്ള പ്രേരണയായി മാറുന്നു. വിശ്വാസ പദ്ധതികൾക്കെതിരായ മുന്നേറ്റവും മനുഷ്യനെ കൂടുതൽ നന്നായി മനസിലാക്കാനുള്ള ശ്രമവും മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നും അത്തരം ശ്രമങ്ങൾ പ്രാചീന കാലത്തും ഉണ്ടായിരുന്നു എന്നും ഉള്ള കാര്യം – മറ്റൊരു രീതിയിൽ പറഞ്ഞാൽ ചരിത്രം, ചരിത്രം എന്നിങ്ങനെ പറയുന്ന കാര്യം ഫൂക്കോ മറച്ചു പിടിക്കുന്നു. ചരിത്രത്തിന് വൈരുധ്യങ്ങളും അതിൻ്റെ ആവർത്തനങ്ങളും നിറഞ്ഞ സ്പൈറൽ ഘടനയാണുള്ളത്.ചരിത്രത്തെ വൈരുധ്യങ്ങളില്ലാത്ത ചെറു ഖണ്ഡങ്ങളാക്കുന്ന രീതിയാണ് പതിവുപോലെ ഇവിടെയും ഫൂക്കോ സ്വീകരിക്കുന്നത്.
സ്പെഷ്യലൈസേഷനും രോഗം കണ്ടെത്താനുള്ള ശരീര അറിവു പരിശോധനയും പണ്ടുമുതലേ ഉണ്ട്.അതിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നത് രോഗിയെ കൂടുതൽ സമഗ്രമായി അറിയാനാണ്. എന്നാൽ ഇവ വിപണി ലക്ഷ്യം മാത്രമാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അതു സവിശേഷമായി മനസിലാക്കേണ്ടവയാണ്. ചാതുർവർണ്ണ്യ വ്യവസ്ഥയുടെ മറ്റൊരു തരം ആവർത്തനമാണ് മുതലാളിത്തവും മുന്നോട്ട് വയ്ക്കുന്നത്. സത്വം / തമസ്സ്,ആത്മാവ് / ശരീരം – എന്നീ ദ്വന്ദ്വനിർമ്മിതിയാണ് മുതലാളിത്തവും മുന്നോട്ട് വയ്ക്കുന്നത്. ഫുക്കോ സമഗ്രവ്യക്തി/സ്ഥല ശരീരം – എന്നീ ദ്വന്ദ്വനിർമ്മിതിയിൽ നിന്നു കൊണ്ട് വൈദ്യ ചരിത്രം വിശദീകരിക്കുന്നത് ഉദാഹരണമാണ്. മതകാലം രൂപപ്പെടുത്തുന്ന അപരസ്ഥലത്തെ, സത്വം / തമസ്സ്, ആത്മാവ് / ശരീരം – എന്നീ ദ്വന്ദ്വങ്ങളിലെ തമസ്, ശരീരം എന്നിവയെ അതിലെ വൈരുധ്യങ്ങളെ പരിഗണിക്കാതെ മുതലാളിത്താനുകൂലമായി വിശുദ്ധീകരിച്ചെടുക്കുകയാണ് മുതലാളിത്തതത്ത്വചിന്തകർ ചെയ്തത്. ആത്മീയ സാംസ്കാര സത്വഗുണ പ്രധാന മനസിനുള്ളിൽത്തന്നെയുള്ളതാണ്, അഥവാ അതിൻ്റെ തന്നെ സൃഷ്ടിയാണ് കോംപ്ളക്സുകളും മനോരോഗങ്ങളും രതിവ്യതിയാനങ്ങളും തമോഗുണങ്ങളും എന്നു പറയുകയാണ് ഫ്രോയിഡ് ചെയ്തത്. അമ്മ- മകൻ, അച്ഛൻ – മകൾ രക്തബന്ധ ലൈംഗികതകൾ, രതി വ്യതിയാനങ്ങൾ, മറ്റ് മനോരോഗങ്ങൾ തുടങ്ങിയവയുടെ സൃഷ്ടിക്ക് സ്വത്വഗുണ പ്രാമുഖ്യ മത അധികാരഘടന (ഇന്ത്യയിൽ ചതുർവർണ്ണ്യ വ്യവസ്ഥ സൃഷ്ടിച്ച എൻ്റൊഗമി) കാരണമാണ്. മനോരോഗങ്ങൾക്ക് കാരണമായ അധികാരഘടന ഫ്രോയിഡ് സംബോധന ചെയ്തില്ല. അതിനെ പൂരിപ്പിക്കാനും വിമർശിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ എം.എൻ.വിജയനും എസ്.സുധീഷും ഉദാഹരണമാണ്.
‘’പിതൃരതിബന്ധനത്തെയും മാതൃരതിബന്ധനത്തെയും സംബന്ധിച്ച് ഫ്രോയ്‌ഡ് നൽകുന്ന വ്യാഖ്യാനത്തിന്റെ പരാധീനതകൾ വലുതാണ്. പിതാവിനോട് പുത്രിക്കും മാതാവിനോട് പുത്രനും ലൈംഗികമായ താല്‌പര്യമുണ്ട് എന്നും അത്തരമൊരു താല്‌പര്യത്തിൻ്റെ തീവ്രസ്ഥാനമാണ് രതിബന്ധനം എന്നും ഫ്രോയ്‌ഡ് പറയുന്നു. വളരെ പരിമിതമായ തലത്തിൽ മാത്രമേ ഈ വാദം നിലനിൽക്കുകയുള്ളൂ. കാരണം ജന്തു ശാസ്ത്രപരമായിത്തന്നെ പുത്രിയും പുത്രനും മാതാവിൽ നിന്നും പിതാവിൽനിന്നും വേർപിരിഞ്ഞു പോവാനുള്ള പ്രവണത കാണി ക്കുന്നുണ്ട്. മാതാവിൻ്റെയോ പിതാവിൻ്റെയോ ഭാഗത്തുനിന്നു തന്നെ കുട്ടികളെ കൊത്തിപ്പിരിക്കാനുള്ള മുൻകൈ ഉണ്ടാവാറുമുണ്ട്. ഇതു ഭൗതികവും ജീവശാസ്ത്രപരവുമായ ആവശ്യമാണ്. ഉദാഹരണത്തിന് ഒരു തള്ളക്കോഴി പറക്കമുറ്റുന്ന കുഞ്ഞുങ്ങളെ കൊത്തിപ്പിരിക്കുന്നതിനു ഭൗതികമായ കരണങ്ങളാണുള്ളത്. വലിയ ചിറകിനുള്ളിൽ ഒരു വലിയ കൂട്ടം കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന പക്ഷി, പറക്കമുറ്റുമ്പോൾ കുഞ്ഞുങ്ങൾ സ്വന്തം ചിറകിൻ കീഴിൽ ഒതുങ്ങുന്നില്ല എന്നതുകൊണ്ടാണ് കൊത്തിപ്പിരിക്കുന്നത്. “
“മാതൃ-പിതൃ-ഭ്രാതൃ രതിബന്ധനങ്ങളെ, മനുഷ്യചരിത്രത്തിലെ അധികാര വിധേയത്വപരമായ പ്രതിഗമനപ്രവണതകളുടെ രൂപകങ്ങൾ എന്ന നിലയിൽ വിലയിരുത്താവുന്നതാണ്. അവയ്ക്ക് അലങ്കാരശാസ്ത്രപരമായ പ്രസക്തിയാണുള്ളത് എന്നാണ് അതിന്റെ അർത്ഥം. “
(എസ്.സുധീഷിൻ്റ ‘ചരിത്രവും രതിബന്ധനവും – ഫ്രോയിഡിയൻ വായനകൾ ‘ എന്ന പുസ്തകത്തിൽ നിന്നും)
ഇങ്ങനെ ഒക്കെ ഫ്രോയിഡ് വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുതലാളിത്തതത്ത്വചിന്തകർ ഫ്രോയിഡിനെ വിമർശിക്കുന്നു എന്ന രീതിയിലും അല്ലാതെയും, ഫ്രോയിഡ് മനസിലെ സത്വഗുണത്തിൻ്റെ അപരമായി അവതരിപ്പിച്ച മനോരോഗങ്ങളുടെ തമോ ഭാഗത്തെ, അഥവാ അബോധത്തെ അപ്പാടെ മഹത്വവത്കരിക്കുന്ന രീതിയാണ് സ്വീകരിച്ചത്.(അതുകൊണ്ടാണ് അബോധത്തിൻ്റെ വ്യവസായവത്കരണമാണ് ഉത്തരാധുനികത എന്നു ഈ ലേഖകൻ, ‘നവോത്ഥാന ആധുനികതയും വ്യാവസായിക ആധുനികതയും’’ എന്ന കൃതിയിൽ നിരീക്ഷിക്കുന്നത്.) ദെല്യൂസ് (Gilles Deleuze)-ഉം ഫെലിക്സ് ഗ്വാത്താരി (Félix Guattari)-യും ചേർന്നെഴുതിയ ‘ആൻ്റി-ഈഡിപ്പസ്: മുതലാളിത്തവും സ്കിസോഫ്രീനിയയും’ (Anti-Oedipus: Capitalisme et Schizophrénie) (1972) എന്ന കൃതി മുതലാളിത്തതത്ത്വചിന്തയ്ക്ക് ഉദാഹരണമാണ്. മതതത്ത്വചിന്ത നിർമ്മിച്ച സാത്വിക ആത്മീയ ഗുണത്തിനുള്ള അപരമാണ് “ശാരീരിക ആഗ്രഹങ്ങൾ”. ദെല്യൂസും ഗ്വാത്താരിയും അതിനെ അപ്പാടെ മഹത്വവത്കരിക്കുന്നു.അവയവങ്ങളില്ലാത്ത ശരീര (The Body without Organs) ത്തെക്കുറിച്ച് ഇവർ പറയുന്നുണ്ട്.ഇത് കേവലം ജീവശാസ്ത്രപരമായ ശരീരമല്ല, മറിച്ച് ശുദ്ധമായ ഊർജ്ജത്തിൻ്റെയും സാധ്യതകളുടെയും ഒരു മണ്ഡലമാണ്, യാതൊരുവിധ ചിട്ടപ്പെടുത്തലുകൾക്കോ, സാമൂഹിക നിയമങ്ങൾക്കോ, അധികാര ശ്രേണികൾക്കോ വിധേയമാകാത്ത ഒരു അവസ്ഥയാണിത്. എന്നൊക്കെ പറയുന്നത് പുതിയ മുതലാളിത്തത്തിനു അനുകൂലമാകുന്ന പഴയ “മത ശരീര “ത്തെയാണ്. പഴയ മത ശരീരത്തിൻ്റെ “ആഗ്രഹം ” (Desire) ഉപഭോഗ മുതലാളിത്തത്തിന് സ്വാഭാവികമായും പ്രിയപ്പെട്ടതാണ്.സിഗ്മണ്ട് ഫ്രോയിഡിൻ്റെ മനോവിശ്ലേഷണത്തിൻ്റെ കേന്ദ്രബിന്ദുവായ ഈഡിപ്പസ് കോംപ്ലക്‌സിനെ (Oedipus Complex) ഇവർ നിശിതമായി വിമർശിക്കുന്നു. ഈഡിപ്പസ് വെറുമൊരു മാനസിക പ്രതിഭാസമല്ല, മറിച്ച് മുതലാളിത്ത സമൂഹത്തിൻ്റെ ആഗ്രഹത്തെ നിയന്ത്രിക്കാനുള്ള ഒരു ഉപകരണമാണ് എന്നാണ് വിമർശനം.മനോവിശ്ലേഷണം ആഗ്രഹത്തിൻ്റെ ഈ ‘സാമൂഹിക നിക്ഷേപങ്ങളെ’ (Social Investments) അവഗണിക്കുകയും, അതിനെ കുടുംബത്തിൻ്റെ (അച്ഛൻ, അമ്മ, ഞാൻ) ഇടുങ്ങിയ ത്രികോണത്തിലേക്ക് (ട്രൈയാംഗിൾ) ചുരുക്കുകയും ചെയ്യുന്നു.ആഗ്രഹത്തെ ഈഡിപ്പസ് ത്രികോണത്തിൽ ഒതുക്കി നിർത്തുന്നതിലൂടെ, അത് ആഗ്രഹത്തിൻ്റെ ഉത്പാദനപരമായ (productive) ശക്തിയെ അടിച്ചമർത്തുന്നു. ഈഡിപ്പസ് കോംപ്ലക്സ്, ആഗ്രഹത്തെ സാമൂഹിക പ്രവാഹങ്ങളിൽ നിന്ന് വേർപെടുത്തി, ‘കുറ്റബോധം, വിലക്ക്, അഭാവം’ (Guilt, Prohibition, Lack) എന്നീ വികാരങ്ങളുമായി ബന്ധിപ്പിക്കുന്നു.ഈഡിപ്പസ് ത്രികോണത്തിൻ്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, സാമൂഹിക നിയമങ്ങൾക്കും വിലക്കുകൾക്കും കീഴ്പ്പെട്ട്, ആഗ്രഹത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിൻ്റെ ഫലമാണ് ന്യൂറോസിസ്. ഇവിടെ വ്യക്തി നിയന്ത്രിതവും കുടുംബ കേന്ദ്രീകൃതവുമായ ഒരു ലോകത്ത് തളച്ചിടപ്പെടുന്നു.സ്കിസോഫ്രീനിക് വ്യക്തി ഈഡിപ്പസ് ത്രികോണത്തിൻ്റെ പരിധികളെ തകർക്കാൻ ശ്രമിക്കുന്നു. അവൻ/അവൾ ആഗ്രഹത്തെ വീണ്ടും വിശാലമായ സാമൂഹിക മണ്ഡലത്തിലേക്ക് തുറന്നുവിടാൻ ശ്രമിക്കുന്നു. ഇത് ആഗ്രഹത്തിൻ്റെ പ്രവാഹങ്ങളെ ‘ഡീടെറിറ്റോറിയലൈസ്’ (Deterritorializes) ചെയ്യുകയും, സാമൂഹിക വ്യവസ്ഥിതിയുടെ ചിട്ടപ്പെടുത്തലുകളെ തകർക്കുകയും ചെയ്യുന്നു.ദെല്യൂസും ഗ്വാത്താരിയും സ്കിസോഫ്രീനിയയെ ഒരു രോഗമായിട്ടല്ല, മറിച്ച് മുതലാളിത്തത്തിൻ്റെ പരമാവധി സാധ്യതയായിട്ടാണ് കാണുന്നത്. മുതലാളിത്തം അതിൻ്റെ സ്വഭാവമനുസരിച്ച് പണത്തിൻ്റെയും ചരക്കുകളുടെയും പ്രവാഹങ്ങളെ നിയന്ത്രണമില്ലാതെ തുറന്നുവിടുന്നു (ഡീടെറിട്ടോറിയലൈസേഷൻ). ഇത് അതിൻ്റെ അങ്ങേയറ്റത്തെ അവസ്ഥയിൽ സ്കിസോഫ്രീനിക് പ്രവാഹത്തിന് തുല്യമാണ്. മതാധികാരം സൃഷ്ടിച്ച, സാത്വിക -തമോഗുണദ്വന്ദ്വ സങ്കല്പമാണ്, ഇന്ത്യയെ സംബന്ധിച്ച് ചാതുർവർണ്ണ്യ അധികാര സങ്കല്പമാണ് കോംപ്ലക്സുകളെയും മനോരോഗങ്ങളെയും സൃഷ്ടിച്ചത് എന്നു വിശദീകരിച്ചല്ലൊ. അതു കൊണ്ട് ഈഡിപ്പസ് ത്രികോണത്തിൻ്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, സാമൂഹിക നിയമങ്ങൾക്കും വിലക്കുകൾക്കും കീഴ്പ്പെട്ട്, ആഗ്രഹത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിൻ്റെ ഫലമാണ് ന്യൂറോസിസ് എന്ന് ഇവർ പറയുന്നത് ശരിയായി തോന്നാം.എന്നാൽ തത്ത്വചിന്താപരമായ തട്ടിപ്പാണിത്. ഫ്രോയിഡിന് ശേഷമുള്ള, മുതലാളിത്ത കാല മനോരോഗങ്ങൾ പഴയ മതകാലത്തെ അടിച്ചമർത്തൽ കൊണ്ടു ഉണ്ടാവുന്നവയല്ല. മറിച്ച് മതകാലത്തെ തമോപക്ഷത്തെ, ശരീരപക്ഷത്തെ പുനരുദ്ധരിച്ചു കൊണ്ട് മുതലാളിത്തം ഉത്പാദിപ്പിക്കുന്ന “ആശ ” (desire) എന്ന “യന്ത്ര”മാണ് അതിന് കാരണം. മുതലാളിത്തഫാക്ടറികൾ നിർമ്മിക്കുന്നത് ഉത്പന്നങ്ങളല്ല, “ആശ “യാണ്.അതുകൊണ്ടാണ് എം എൻ വിജയൻ ഇങ്ങനെ പറഞ്ഞത്:
“ഫാക്ടറിയിൽ ഉത്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ അതുവാങ്ങാനുള്ള കൊതി കൂടി നിർമ്മിക്കണമെന്ന് മുതലാളിത്തത്തിന് നന്നായറിയാം. കൊതിയും ഒരുത്പന്നമാണ്. മനുഷ്യേച്ഛയുടെ അപാരമായ തലങ്ങളെ കൈയടക്കാനുള്ള ഈ വ്യവസായ സംരംഭം പുതിയ വ്യാവസായിക സമുദായത്തിന്റെ ഭാഗമായി ആവിർഭവിച്ചിരിക്കുന്നു. മുടിയുടെ നിറം, തൊലിയുടെ ചുളിവ്, വായുടെ ഗന്ധം, വസ്ത്രത്തിന്റെ യുക്തി, വിവാഹത്തിൻ്റെ ഒരുക്കം എല്ലാം പഠിപ്പിക്കുന്നത് മുതലാളിത്തത്തിൻ്റെ വാണിജ്യ വകുപ്പാണ്.” (എം.എൻ.വിജയൻ്റെ ലോകങ്ങൾ )
അമ്മയുടെ മടിത്തട്ടിലേക്ക്, തിന്നുകയും കുടിക്കുകയും മാത്രം ചെയ്യുന്ന ഓറൽ ജീവിതത്തിലേക്ക് കൊണ്ടു പോകുന്നത്, ബ്രാഹ്മണചര്യയിലുള്ള ശുദ്ധി പോലെ വീണ്ടും വീണ്ടും സാനിറ്റൈസർ ഉപയോഗിച്ചു കൈ കഴുകി രോഗാണുവിമുക്തമാക്കണമെന്നു പറയുന്നത്, കാമുകൻ്റെ അടുത്തേക്ക് പോകാതെ ജുവലറി പരസ്യത്തിലെ മകൾ അച്ഛനെ കെട്ടിപ്പിടിക്കുന്നത് കാണിക്കുന്നത് (ഈഡിപ്പൽ ബന്ധം)എല്ലാം ഉത്പന്ന നിർമ്മാതാക്കളാണ്, പഴയ പുരോഹിതന്മാരല്ല. ചാതുർവർണ്ണ്യകാലത്തേത് പോലുള്ള മറ്റൊരു തരം എൻ്റൊഗമിയാണ് മുതലാളിത്തം തീർക്കുന്നത്. ഇന്നത്തെ മനോരോഗങ്ങൾ മുതലാളിത്തത്തിൻ്റെ “ആശാ ” നിർമ്മാണത്താൽ ഉണ്ടാകുന്നതാണ്. സ്ത്രീപുരുഷസങ്കര ഭീതി മുതലാളിത്തവും നിർമ്മിക്കുന്നു. പ്രണയലൈംഗികത അസാധുവാക്കുകയും അതിനെ ഉത്പന്നമാക്കുകയുമാണ് മുതലാളിത്തം ചെയ്യുന്നത്.സ്ത്രീ പുരുഷ പ്രണയബന്ധത്തെ അപകർഷപ്പെടുത്താൻ ജാതിയും മതവും പൗരോഹിത്യവും ചടങ്ങുകളും പഴയ കാലത്ത് ഉണ്ടായപ്പോൾ മുതലാളിത്തം അതിനെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ക്യാമറാ കാല വ്യാവസായിക പുതിയചടങ്ങുകൾ സൃഷ്ടിച്ചു.ലൈംഗികതയെ ലൈംഗികദൃശ്യവിപണിയാക്കി പരിവർത്തിപ്പിച്ചു. സൈബർ സ്ഥലം മതങ്ങൾ നിർദ്ദേശിച്ച “ആശ “യുടെയും സ്വാതന്ത്ര്യത്തിൻ്റെയും “തമോയിട”മാക്കി സ്വീകരിച്ചു.അതു പുതിയ സ്വർഗ്ഗ നിർമ്മിതിയായി മാറി. രതിവ്യതിയാനങ്ങൾ വലിയ വിപണിയായി മാറി. ഫൂക്കോ മതകാലത്തിൻ്റെ വ്യതിയാനങ്ങളെ മഹത്വവത്കരിക്കുന്നത് അതു മുതലാളിത്താനുകൂലമാണ് എന്നതുകൊണ്ടാണ്.പതിനേഴാം നൂറ്റാണ്ടുമുതൽ (പ്രത്യേകിച്ച് വിക്ടോറിയൻ കാലഘട്ടത്തിൽ) പാശ്ചാത്യ സമൂഹം ലൈംഗികതയെ അടിച്ചമർത്തുകയും (repress), അതിനെക്കുറിച്ച് സംസാരിക്കുന്നത് നിരോധിക്കുകയും ചെയ്തു എന്ന സിദ്ധാന്തത്തെ ഫൂക്കോ നിരാകരിക്കുന്നു. അദ്ദേഹം വാദിക്കുന്നത്, ആധുനിക സമൂഹം ലൈംഗികതയെ അടിച്ചമർത്തുകയായിരുന്നില്ല, മറിച്ച് അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയും (Discourse) കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ്.വിക്ടോറിയൻ കാലഘട്ടം മുതൽ ആളുകൾ ലൈംഗികതയെക്കുറിച്ച് ‘സംസാരിക്കാൻ നിർബന്ധിതരാവുകയായിരുന്നു’ എന്നാണ് ഫൂക്കോ പറയുന്നത്.ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് നിരോധിക്കുന്നതിനുപകരം, പള്ളി, ഡോക്ടർമാർ, മനശാസ്ത്രജ്ഞർ, അധ്യാപകർ തുടങ്ങിയ സ്ഥാപനങ്ങൾ ലൈംഗികതയുടെ ഓരോ കോണുകളെക്കുറിച്ചും സംസാരിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. (ഉദാഹരണത്തിന്, ‘കുറ്റസമ്മതം’ (Confession) എന്ന മതപരമായ ആചാരം). ലൈംഗികനിരാസത്തിൻ്റെ തന്നെ (സത്വഗുണം ) അപരരൂപമാണ് ലൈംഗികസംസാരം സ്വവർഗ്ഗാനുരാഗം, രക്തബന്ധ ലൈംഗികത, വിവിധയിനം കോംപ്ലക്സുകൾ ( തമോഗുണം) എന്നതു മറച്ചു പിടിച്ചു കൊണ്ട് ലൈംഗികമുതലാളിത്തത്തിനനുകൂലമായി അവയെ ഫൂക്കോ മഹത്വവത്കരിച്ചു. ഇതു തന്നെയാണ് സ്കിസോഫ്രീനിയ മനോരോഗത്തെ മഹത്വവത്കരിക്കുന്ന ദെല്യൂസ് – ഗ്വാത്താരികളും ചെയ്യുന്നത്.
ഇത്തരം നിലപാടുകൾ,സത്വം / തമസ്- എന്നീ ഗുണദ്വന്ദ്വങ്ങളിൽ വീണ്ടും തളച്ചിടുകയാണ് ചെയ്യുന്നത്. കൊറോണ വ്യാജ രോഗഭീതി നിർമ്മിതി, പഴയ വർണ്ണ വ്യവസ്ഥയെ ഓർമ്മിപ്പിക്കുന്ന മുതലാളിത്തത്തിൻ്റെ പൊളിറ്റിക്കൽ ക്വാറൻ്റൈനെ കൂടുതൽ ദൃശ്യപ്പെടുത്തി. “രോഗമുള്ളവർ വീട്ടിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക “ – ഈ നിർദ്ദേശത്തിൽ ഒടുവിൽ അവസാനിച്ച ഒരു രോഗത്തെ സാമൂഹിക ഉപരോധത്തിൻ്റെ ഉപാധിയാക്കി, സൈബർ വ്യവസായലോകത്തെ പുഷ്ടിപ്പെടുത്തിയ സംഭവം, മുതലാളിത്തത്തിൻ്റെ ലക്ഷ്യങ്ങളെ കൂടുതൽ വേഗവും സമീപസ്ഥവുമാക്കി. നമ്മുടെ ജീവിതത്തെ പിടിച്ചെടുക്കുന്ന സ്വർഗ്ഗീയ സ്ഥലമായി മൊബൈൽ ഫോൺ മാറി. ജീവിതം നരകവും. അതുകൊണ്ടാണ് കൊറോണാനന്തര ഒ.ടി.ടി.സിനിമകളിൽ ഫോണും ഉത്പന്നങ്ങളും ഭയപ്പെടുത്തുന്ന യക്ഷികളായി മാറിയത്. പഴയ സാത്വിക പതിവ്രതാ വിശുദ്ധജീവിതം അഭിനയിച്ചത് മൊബൈൽ ഫോണായിരുന്നു.(പഴയ കാലത്തെ ആവർത്തനങ്ങൾ പോലെ യക്ഷി – ഹൊറർ – പുരാവൃത്ത സിനിമകളുടെ ആവർത്തനം പുതിയ കാലത്ത് കാണുന്നത് അതുകൊണ്ടാണ്.ഇപ്പോൾ ഉണ്ടാകുന്ന സിനിമകളിൽ വൈറസ് ബാധിച്ച യക്ഷികളും രക്തം ഫ്രിഡ്ജിൽ വച്ച് കുടിക്കുന്ന യക്ഷികളും ഉണ്ടാകുന്നതും ഈ പുതിയ ഭീതി നിമിത്തമാണ്. പഴയ കാലയക്ഷികളെപ്പോലെ പൗരോഹിത്യം അല്ല ഇതിൻ്റെ നിർമ്മാതാക്കൾ എന്നതിനാൽ പഴയ പുരോഹിതന്മാർക്ക് പുതിയകാലയക്ഷികളെ തളയ്ക്കാൻ കഴിയില്ല.മെൻ്റലിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പുരോഹിതന്മാരുടെ റോൾ നിർവ്വഹിക്കും.)
കൊറോണാകാലത്ത് രോഗികളുടെ എണ്ണം വർദ്ധിപ്പിച്ച് ഭീതി ഉണ്ടാക്കാൻ ശരീരത്തിൽ രോഗാണു സാന്നിധ്യമുണ്ടെങ്കിൽ തന്നെ “ രോഗി “ എന്ന നിർവ്വചനമുണ്ടാക്കി. ശരീരത്തെ ഒരു പ്രവർത്തനമായും രോഗത്തെ അതിനെ തടസ്സപ്പെടുത്തുന്ന മറ്റൊരു പ്രവർത്തനമായും ചികിത്സയെ മറ്റൊരു സാമൂഹിക പ്രവർത്തനമായും അല്ല മുതലാളിത്തം കാണുന്നത്. രോഗലക്ഷണങ്ങളെയും രോഗിയെയും രോഗത്തെയും ചികിത്സാ വിജയത്തെയും ഡേറ്റയായാണ് മുതലാളിത്തം രേഖപ്പെടുത്തുന്നത്.ഏറ്റവും കൂടുതൽ രോഗികളുള്ള ഡോക്ടറാണ് ഏറ്റവും വലിയ ഡോക്ടർ. രോഗികളുടെ എണ്ണം കുറയ്ക്കുകയല്ല മുതലാളിത്ത ആരോഗ്യ വ്യവസായത്തിൻ്റെ ലക്ഷ്യം. രോഗവും രോഗഭീതിയും നൽകുന്നതും രക്ഷിക്കുന്നതും മുതലാളിത്തം തന്നെ. പഴയ കാലത്ത് യക്ഷി ഭീതി ഉണ്ടാക്കുന്നതും പരിഹരിക്കുന്നതും പൗരോഹിത്യം തന്നെയാണ് എന്നു പറഞ്ഞ പോലെ.മുതലാളിത്തം നിർമ്മിക്കുന്ന പൊളിറ്റിക്കൽ ക്വാറൻ്റൈൻ തീർക്കുന്ന മാനസികരോഗം ചികിത്സിക്കാൻ ഡോക്ടർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും വലിയ നിര ഉയർന്നു വരും.എന്നാൽ സാമൂഹിക മാറ്റങ്ങൾ കൊണ്ടോ, ആ തിരിച്ചറിവുകൾ കൊണ്ടോ അതു പരിഹൃതമാകു. വർണ്ണ വ്യവസ്ഥയുടെ രോഗങ്ങൾ അതിൻ്റെ തകർച്ചയിലൂടെ മാത്രമേ ഇല്ലാതായുള്ളൂ.
7.
കോളനീകരണത്തിൻ്റെ, അധിനിവേശത്തിൻ്റെ ഏറ്റവും ഫലപ്രദമായ വഴിയാണ് രോഗവും ചികിത്സയും.എന്നാൽ കോളനീകരണങ്ങളെ ചെറുക്കുന്ന വൈദ്യശാസ്ത്ര പാരമ്പര്യങ്ങളും ഉണ്ട് എന്നാണ് ഇന്ത്യൻ വൈദ്യചരിത്ര പഠനത്തിൽ നിന്നും മനസിലാകുന്നത്. സത്വ-തമോഗുണദ്വന്ദ്വങ്ങളുടെ മാറി മാറിയുള്ള സ്ഥിതപ്പെടൽ രോഗമാണ് എന്നാണ് മനസിലാകുന്നത്. വർണ്ണവ്യവസ്ഥ പോലെ മുതലാളിത്തവും രോഗമാണ്. അതിനെ മറികടക്കുന്ന രജോഗുണം, സ ത്വതമോഗുണദ്വന്ദ്വങ്ങൾ തീർക്കുന്ന ഗുണശ്രേണികളെ അട്ടിമറിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് വ്യക്തിയുടെയും രാഷ്ട്രീയവ്യക്തിയുടെയും ആരോഗ്യം എന്നാണ് ഇന്ത്യൻ വൈദ്യശാസ്ത്രത്തിൻ്റെ തത്ത്വചിന്തയും ചരിത്രവും വ്യക്തമാക്കുന്നത്. അറിവുകൾ ഉണ്ടാകുന്നതും അങ്ങനെ തന്നെയാണ്. എന്നാൽ പിൽക്കാലത്ത് വൈദ്യശാസ്ത്രം വിശ്വാസപദ്ധതിയാകുമ്പോഴോ ലാഭത്തിനു വേണ്ടിയുള്ള ഡേറ്റയാകുമ്പോഴോ ഇതു രണ്ടും കൂടി ചേരുമ്പോഴോ ആണ് അതു ജനവിരുദ്ധമാകുന്നത്.
രാവണൻ്റെ വൈദ്യൻ ആണ് ലക്ഷ്മണനെ ജീവിപ്പിച്ചത്, മരുന്നുമലകൊണ്ടു കൊടുത്തത് ഹനുമാനാണ് എന്ന കഥാകല്പനയിൽ വൈദ്യശാസ്ത്ര പാരമ്പര്യം ആരുടെതാണ് എന്നു വ്യക്തമാണ്. രാവണൻ ശിവപാരമ്പര്യമുള്ളയാളാണ്. ശൈവ-സിദ്ധ പാരമ്പര്യമാണ് ഇന്ത്യൻവൈദ്യശാസ്ത്ര ഉറവിടം. എന്നാൽ പല സങ്കരങ്ങളിലൂടെയാണ് വൈദ്യ ചിന്ത ആരോഗ്യം വയ്ക്കുന്നത്. അറിവുകൾ ആരുടെയും തറവാട്ട് സ്വത്തല്ല എന്നർത്ഥം. എന്നാൽ എവിടെയോ വച്ച് അറിവുകൾ നിർമ്മിക്കുന്നവർ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ ഹനുമാൻ്റെ ഔഷധമല കൊണ്ട്, രാക്ഷസ ഡോക്ടറുടെ കരവൈഭവം കൊണ്ടും അവരെ കൊല്ലാൻ വന്നവർ ജീവൻ വയ്ക്കുന്നതു പോലെയാണ്,ഇട്ടി അച്യുതന്മാരുടെ അറിവുകൾ കൊണ്ട് വൈദേശികഅധിനിവേശ ഭരണാധികാരികൾ ജീവൻ രക്ഷ നേടിയത്.അങ്ങനെ തദ്ദേശീയ കോളനി രാജ്യങ്ങളുടെ അറിവുകളെ ഉപയോഗിക്കുകയും അപകർഷമാക്കുകയും അവരെ തലയിൽ ചവുട്ടി പാതാളത്തിലോടിക്കുകയും ചെയ്തു.സാംഖ്യ ദർശനം എഴുതിയ കപില മഹർഷിയെ പരാമർശിക്കുന്ന ഒരു രാമായണ സന്ദർഭത്തെ ആദ്യം സൂചിപ്പിച്ചല്ലോ:
രാമായണത്തിലെ ബാലകാണ്ഡത്തിൽ സഗര രാജാവിൻ്റെ പുത്രന്മാർ അശ്വമേധയാഗത്തിലെ ഹോമയശ്വത്തെ അന്വേഷിച്ച് ഭൂമി തുരന്നുപോവുകയും, പാതാളത്തിൽ കപില മഹർഷിയുടെ അടുത്ത് വെച്ച് കുതിരയെ കാണുകയും ചെയ്യുന്നു. തങ്ങളെ ശല്യപ്പെടുത്തിയതിലുള്ള കോപം കൊണ്ട് കപിലൻ തൻ്റെ ഹുംകാരത്തിലൂടെ സഗര പുത്രന്മാരെ ഭസ്മമാക്കുന്നു ഇതാണ് കഥ.
അറിവുകൾ വിപരീതമായി പിടിച്ചെടുത്ത് അതുണ്ടാക്കിയ വരെ പാതാളത്തിലേക്ക് തള്ളി ,അധികാരത്തിൻ്റെ അശ്വമേധങ്ങൾ തീർക്കുമ്പോഴും ഒരു ഭയം നമ്മെ പിൻതുടരും. ആ ഭയമാണ് രോഗം. അതു കൊണ്ടാണ് സ്നേഹമാണ് എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ എന്നു പറയുന്നത്.
കുറിപ്പുകൾ:
1.തമിഴ് സിദ്ധവൈദ്യം ഭാരതത്തിലെ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ദ്രാവിഡ സന്യാസിമാരാൽ ഉരുത്തിരിഞ്ഞുവന്ന ഒരു പുരാതന ചികിത്സാ സമ്പ്രദായമാണ്. ആയുർവേദത്തിന് സമാനമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പരമ്പരാഗത ചികിത്സാരീതികളിൽ ഒന്നായി സിദ്ധവൈദ്യം കണക്കാക്കപ്പെടുന്നു. തെക്കൻ കേരളത്തിലും ഇതിന് വേരുകളുണ്ട്.
‘സിദ്ധർ’ എന്ന വാക്കിൽ നിന്നാണ് ‘സിദ്ധവൈദ്യം’ എന്ന പേര് വന്നത്. അഷ്ടസിദ്ധികൾ (എട്ട് മഹാശക്തികൾ) നേടിയവരാണ് സിദ്ധർ. ഈ ചികിത്സാ സമ്പ്രദായത്തിന്റെ വികാസത്തിൽ 18 സിദ്ധർക്ക് (പതിനെട്ട് സിദ്ധന്മാർക്ക്) നിർണായകമായ പങ്കുണ്ട്. അഗസ്ത്യൻ, തിരുമൂലർ തുടങ്ങിയ സിദ്ധന്മാർ ചികിത്സാരീതികളെക്കുറിച്ച് തമിഴിൽ ഗ്രന്ഥങ്ങൾ രചിച്ചു. സിദ്ധവൈദ്യത്തെക്കുറിച്ചുള്ള മൂലഗ്രന്ഥങ്ങളെല്ലാം തമിഴ് ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
സിദ്ധവൈദ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു. ഇവയെ ‘ഉയിർ ധാതു’ എന്ന് പറയുന്നു.
* വലി (വാതം): ചലനം, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ടത്.
* അഴൽ (പിത്തം): ചൂട്, ഉപാപചയം (Metabolism) എന്നിവയുമായി ബന്ധപ്പെട്ടത്.
* ഇയം (കഫം): തണുപ്പ്, ദ്രാവക സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടത്.
ഈ മൂന്ന് ധാതുക്കളുടെയും (ത്രിദോഷങ്ങൾ-വാതം, പിത്തം, കഫം-ന് സമാനമായി) സന്തുലിതാവസ്ഥയാണ് ആരോഗ്യത്തിന് ആധാരം. ഈ സന്തുലിതാവസ്ഥയിലുള്ള വ്യതിയാനമാണ് രോഗങ്ങൾക്ക് കാരണമാകുന്നത്. കൂടാതെ, മനുഷ്യശരീരം അഞ്ച് മൂലകങ്ങളാൽ (പഞ്ചഭൂതങ്ങൾ-ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിർമ്മിതമാണെന്നും സിദ്ധവൈദ്യം വിശ്വസിക്കുന്നു.
ചികിത്സാ രീതികൾ:
* ഔഷധങ്ങൾ (മരുന്നുകൾ): സസ്യങ്ങൾ, ധാതുക്കൾ, ലോഹങ്ങൾ എന്നിവ ശുദ്ധീകരിച്ച് തയ്യാറാക്കുന്ന മരുന്നുകളാണ് സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്നത്. രസം (മെർക്കുറി), ഗന്ധകം (സൾഫർ) എന്നിവ ചേർത്തുള്ള “രസായന ചികിത്സ” ഇതിൽ പ്രധാനമാണ്.
* വകഭേദ ചികിത്സകൾ:
* വർമം (Varmam): മർമ്മസ്ഥാനങ്ങളിൽ നൽകുന്ന പ്രത്യേകതരം മസാജും ചികിത്സയും.
* യോഗയും പ്രാണായാമവും: ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ.
* പഥ്യം (ഭക്ഷണക്രമീകരണം): രോഗത്തിനനുസരിച്ചും ശരീര പ്രകൃതിക്കനുസരിച്ചുമുള്ള ഭക്ഷണ ക്രമീകരണം.
സിദ്ധവൈദ്യത്തിന്റെ ശാഖകൾ:
സിദ്ധവൈദ്യത്തിൽ ആറ് പ്രധാന ശാഖകളുണ്ട്:
* മരുതുവം: ജനറൽ മെഡിസിൻ (General Medicine).
* ഗുണപാഠം: ഫാർമക്കോളജി (Pharmacology).
* സിറപ്പ് മരുതുവം: സ്പെഷ്യൽ മെഡിസിൻ (Special Medicine).
* കുഴന്തൈ മരുതുവം: പീഡിയാട്രിക്സ് (Pediatrics-ശിശുരോഗ ചികിത്സ).
* നൊയ് നാടൽ: സിദ്ധ പാത്തോളജി (Pathology-രോഗ നിർണയം).
* നബുന്തൂലും നീതിനൂലും: ടോക്സിക്കോളജി ആൻഡ് മെഡിക്കൽ ജൂറിസ് പ്രൂഡൻസ്.
കേവലം രോഗചികിത്സയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുമിച്ച് കണക്കിലെടുക്കുന്ന ഒരു സമഗ്ര ചികിത്സാ രീതിയാണ് സിദ്ധവൈദ്യം. തമിഴ് സിദ്ധവൈദ്യം ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ളതും, പ്രകൃതിദത്തമായ ചേരുവകളെയും സമഗ്രമായ ജീവിതശൈലിയെയും അടിസ്ഥാനമാക്കിയുള്ളതുമായ ഒരു പാരമ്പര്യ ചികിത്സാ ശാസ്ത്രമാണ്.
2.ലിറ്റററി തെറാപ്പി അഥവാ ബിബ്ലിയോതെറാപ്പി എന്നത്, പുസ്തകങ്ങളുടെയും എഴുത്തിന്റെയും ശക്തി ഉപയോഗിച്ച് വൈകാരികവും മാനസികവുമായ മാറ്റങ്ങൾ വരുത്തുന്ന ഒരു ക്രിയാത്മക കലാചികിത്സാ രീതിയാണ്. ഇതിന്റെ വേരുകൾ പുരാതന കാലത്ത് ഗ്രീക്ക് ലൈബ്രറികളിൽ വരെ കാണാമെങ്കിലും, ആധുനിക മനഃശാസ്ത്രത്തിന്റെ ചട്ടക്കൂടിലാണ് ഇത് വികസിച്ചത്.
ലിറ്റററി തെറാപ്പി പ്രധാനമായും അതിന്റെ ഫലപ്രാപ്തി നേടുന്നത് മനഃശാസ്ത്രത്തിലെയും സാഹിത്യവിമർശനത്തിലെയും ചില അടിസ്ഥാന സിദ്ധാന്തങ്ങളെ ആശ്രയിച്ചാണ്.
1. മനഃശാസ്ത്രപരമായ അടിത്തറ (Psychological Foundations)
* സൈക്കോഡൈനാമിക് സമീപനം (Psychodynamic Approach):
വായനക്കാരൻ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും (Identification), അവരുടെ വികാരങ്ങളിലൂടെ കടന്നുപോകുമ്പോൾ കാഥാർസിസ് (Catharsis) അഥവാ വികാരവിരേചനം നടക്കുകയും ചെയ്യുന്നു. സിഗ്മണ്ട് ഫ്രോയിഡിന്റെയും മറ്റും സിദ്ധാന്തങ്ങൾ അനുസരിച്ച്, അടിച്ചമർത്തപ്പെട്ട വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പുറത്തുവിടാൻ സാഹിത്യം സഹായിക്കുന്നു.
കഥാപാത്രങ്ങളുടെ പ്രശ്നപരിഹാര ശ്രമങ്ങൾ നിരീക്ഷിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ച (Aha! moments) നേടുന്നതിലൂടെ വ്യക്തിഗത വളർച്ച സാധ്യമാകുന്നു.
* കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) സമീപനം:
പ്രത്യേക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാശ്രയ ഗ്രന്ഥങ്ങൾ (Self-Help Books / Manuals) ഉപയോഗിക്കുന്ന രീതിയാണിത്. CBT യുടെ തത്വങ്ങളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത പുസ്തകങ്ങൾ വായിക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ തെറ്റായ ചിന്താരീതികളെ (Cognitive Distortions) തിരിച്ചറിയാനും, പുതിയ പെരുമാറ്റരീതികൾ പഠിക്കാനും സാധിക്കുന്നു. ഇത് ക്ലിനിക്കൽ ബിബ്ലിയോതെറാപ്പിയുടെ ഒരു പ്രധാന ഭാഗമാണ്.
* കഥാപരമായ ചികിത്സ (Narrative Therapy):
ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ഒരു കഥയായി കാണുന്ന ചികിത്സാരീതിയാണിത്. കവിതകളും കഥകളും വായിക്കുന്നതിലൂടെയോ എഴുതുന്നതിലൂടെയോ ആളുകൾക്ക് അവരുടെ ജീവിതകഥകളെ പുനരാഖ്യാനം ചെയ്യാനും (Re-authoring life stories), പ്രശ്നങ്ങളെ തങ്ങളിൽ നിന്നും അന്യവൽക്കരിക്കാനും (Externalizing the problem) സാധിക്കുന്നു.
2. സാഹിത്യപരമായ അടിത്തറ (Literary Foundations)
സാഹിത്യം എന്നത് ഒരു വ്യക്തിയുടെ അനുഭവങ്ങളെ മറ്റൊരാളിലേക്ക് കൈമാറാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ്. വായനക്കാരൻ അനുഭവിക്കുന്ന ഏകാന്തത, ദുഃഖം, ആഹ്ളാദം തുടങ്ങിയ വികാരങ്ങൾ സാഹിത്യത്തിലൂടെ സാർവ്വത്രികമാക്കപ്പെടുന്നു.
* ഭാവനാത്മക പ്രതികരണം (Aesthetic Response): സാഹിത്യകൃതിയുടെ സൗന്ദര്യാത്മകത, ചിന്താപരമായ ഇടപെടൽ എന്നിവ വ്യക്തിയുടെ ചിന്തകളെയും വൈകാരിക പ്രതികരണങ്ങളെയും ഉത്തേജിപ്പിക്കുന്നു. ഇത് സഹാനുഭൂതിയും (Empathy) ലോകത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും വളർത്താൻ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള നിരവധി സ്ഥാപനങ്ങളും ഓർഗനൈസേഷനുകളും ലിറ്റററി തെറാപ്പിക്ക് ഔദ്യോഗിക പദവി നൽകുകയും പരിശീലനം നൽകുകയും ചെയ്യുന്നു.
1. നാഷണൽ അസോസിയേഷൻ ഫോർ പോയട്രി തെറാപ്പി (NAPT)
അമേരിക്കയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളിലൊന്നാണിത്.
കവിതയെയും സാഹിത്യത്തെയും ചികിത്സാ ഉപകരണമായി ഉപയോഗിക്കുന്ന പോയട്രി തെറാപ്പി (Poetry Therapy), അഥവാ കാവ്യചികിത്സയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നു.
ഈ മേഖലയിലെ തെറാപ്പിസ്റ്റുകൾക്ക് സർട്ടിഫിക്കേഷനും ലൈസൻസുകളും നൽകുന്ന സ്ഥാപനങ്ങളിൽ ഇത് പ്രധാനപ്പെട്ടതാണ്.
2. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ബിബ്ലിയോ/പോയട്രി തെറാപ്പി (IFBPT)
ബിബ്ലിയോതെറാപ്പിസ്റ്റുകൾക്കും പോയട്രി തെറാപ്പിസ്റ്റുകൾക്കും വേണ്ടിയുള്ള അന്തർദേശീയ തലത്തിലുള്ള ഏകീകൃത അംഗീകാര സമിതിയാണിത്. NAPT യുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഈ ഫെഡറേഷൻ, ഈ ചികിത്സാരീതിയുടെ പ്രൊഫഷണൽ നിലവാരം നിലനിർത്താൻ സഹായിക്കുന്നു.
3. സിറ്റി ലിറ്റ്, ലണ്ടൻ (City Lit, London)
ബ്രിട്ടണിലെ പ്രമുഖമായ അഡൽട്ട് എജ്യുക്കേഷൻ കോളേജുകളിൽ ഒന്നായ സിറ്റി ലിറ്റ്, ലിറ്ററേച്ചർ ആസ് തെറാപ്പി (Literature as Therapy) എന്ന പേരിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗത വളർച്ചയ്ക്കും വെൽബീയിങ്ങിനുമായി സാഹിത്യം എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ പഠിപ്പിക്കുന്നു.
4. ലൈബ്രറി അസോസിയേഷനുകൾ (Library Associations)
അമേരിക്കൻ ലൈബ്രറി അസോസിയേഷൻ (ALA) പോലുള്ള സ്ഥാപനങ്ങൾ, ഡെവലപ്‌മെന്റൽ ബിബ്ലിയോതെറാപ്പിക്ക് വലിയ പ്രാധാന്യം നൽകുന്നു. കുട്ടികളിലും കൗമാരക്കാരിലും സാധാരണ ജീവിത പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനായി പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ലൈബ്രേറിയൻമാരെ സഹായിക്കുന്നതും ഈ സ്ഥാപനങ്ങളാണ്.
ലിറ്റററി തെറാപ്പി എന്നത്, മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ കഥപറച്ചിലിലും (Storytelling) കേൾവിക്കാരനാകാനുള്ള ആഗ്രഹത്തിലും അധിഷ്ഠിതമായ ഒരു ശാസ്ത്രമാണ്. മാനസികാരോഗ്യ സംരക്ഷണത്തിൽ സാഹിത്യം ഒരു സഹായക ചികിത്സാ രീതിയായി (Adjunctive Therapy) പ്രവർത്തിക്കുന്നു. സൈക്കോഡൈനാമിക് തത്വങ്ങളുടെയും CBT സമീപനങ്ങളുടെയും പിൻബലത്തോടെ, NAPT, IFBPT പോലുള്ള സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ഈ ചികിത്സാശാഖ ലോകമെമ്പാടും അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു.
ലിറ്റററി തെറാപ്പിക്ക് ഔപചാരികമായ അടിത്തറ നൽകുന്നതിലും അതിനെ ഒരു ചികിത്സാ ശാഖയായി വളർത്തുന്നതിലും ചില വ്യക്തികൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
* സാമുവൽ ക്രൂഗ് സ്പേസ് (Samuel Crothers):
ബിബ്ലിയോതെറാപ്പി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രൂഗ് സ്പേസ് ആണ് (1916-ൽ). ഒരു ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം, വായനയുടെ “ചികിത്സാപരമായ ശക്തിയെ” കുറിച്ച് എഴുതുകയും, മനസ്സിന് ആശ്വാസം നൽകുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു വ്യവസ്ഥാപിത ചിന്തയ്ക്ക് തുടക്കമിടുകയും ചെയ്തു.
* ഡോ. കാൾ മെനിംഗർ (Dr. Karl Menninger):
പ്രശസ്തനായ ഈ സൈക്യാട്രിസ്റ്റ്, മാനസികാരോഗ്യ ചികിത്സയിൽ പുസ്തകങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. രോഗികളെ അവരുടെ അവസ്ഥ മനസ്സിലാക്കാനും അതിലൂടെ കടന്നുപോകാനും സഹായിക്കുന്നതിന് വേണ്ടി വായിക്കാൻ പുസ്തകങ്ങൾ നിർദ്ദേശിച്ചു. മനഃശാസ്ത്രജ്ഞർ വായനയെ ചികിത്സാ പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇത് കാരണമായി.
* ആലീസ് ഐ. ബ്രൂക്സ് (Alice I. Brooks):
ലൈബ്രറി സയൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇവർ, 1930-കളിൽ ബിബ്ലിയോതെറാപ്പിയെ ഒരു പഠനശാഖയായി നിർവചിക്കുകയും, ലൈബ്രേറിയൻമാർ ഈ പ്രക്രിയയിൽ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വ്യക്തിഗത വികസനത്തിന് വായനയെ എങ്ങനെ ഉപയോഗിക്കാം എന്ന് അവർ സ്ഥാപിച്ചു.
* നിക്കോളാസ് മസസ (Nicholas Mazza):
ഇദ്ദേഹമാണ് ആധുനിക പോയട്രി തെറാപ്പിക്ക് (കാവ്യചികിത്സ) വ്യക്തമായ സൈദ്ധാന്തിക അടിത്തറ നൽകിയത്. കവിതയുടെയും മറ്റ് ക്രിയാത്മക എഴുത്തുകളുടെയും ശക്തി ഉപയോഗിച്ച് എങ്ങനെ ചികിത്സ നടത്താമെന്ന് അദ്ദേഹം വിശദീകരിച്ചു. Poetry Therapy: Theory and Practice എന്ന പുസ്തകം ഈ വിഷയത്തിലെ പ്രധാന ഗ്രന്ഥമാണ്.
ലിറ്റററി തെറാപ്പിയിൽ പ്രധാനമായും മൂന്ന് തരം പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്: സൈദ്ധാന്തിക ഗ്രന്ഥങ്ങൾ, സ്വയം-സഹായ ഗ്രന്ഥങ്ങൾ, സാഹിത്യകൃതികൾ.
1. സൈദ്ധാന്തികവും മാർഗ്ഗനിർദ്ദേശപരവുമായ ഗ്രന്ഥങ്ങൾ
ഈ പുസ്തകങ്ങൾ തെറാപ്പിസ്റ്റുകൾക്ക് ചികിത്സാരീതിയുടെ ഘടനയും പ്രയോഗവും മനസ്സിലാക്കാൻ സഹായിക്കുന്നു:
* ‘Poetry Therapy: Theory and Practice’ (നിക്കോളാസ് മസസ): കാവ്യചികിത്സയുടെ തത്വങ്ങൾ, തെറാപ്പിയിലെ ഘട്ടങ്ങൾ, വിവിധ മാനസിക പ്രശ്നങ്ങൾക്ക് കവിത എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
* ‘Bibliotherapy: The Interactive Process’ (ആർലോ ബെക്ക്): ബിബ്ലിയോതെറാപ്പി എന്നത് വായനക്കാരൻ, പുസ്തകം, തെറാപ്പിസ്റ്റ് എന്നിവർക്കിടയിലെ ഒരു സംവേദനാത്മകമായ പ്രക്രിയയാണ് എന്ന് ഈ ഗ്രന്ഥം സ്ഥാപിക്കുന്നു.
2. സ്വയം-സഹായ ഗ്രന്ഥങ്ങൾ (Self-Help Bibliotherapy)
വ്യക്തിഗതമായി വായിക്കാനും, പ്രത്യേക പ്രശ്നങ്ങളെ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള മനഃശാസ്ത്ര തത്വങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുസ്തകങ്ങളാണിവ:
* ‘Feeling Good: The New Mood Therapy’ (ഡേവിഡ് ബേൺസ്): വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതും CBT യുടെ അടിസ്ഥാന തത്വങ്ങൾ ലളിതമായി പഠിപ്പിക്കുന്നതുമായ ലോകപ്രശസ്തമായ പുസ്തകമാണിത്. ക്ലിനിക്കൽ ബിബ്ലിയോതെറാപ്പിയിൽ ഇത് സാധാരണയായി നിർദ്ദേശിക്കപ്പെടാറുണ്ട്.
3. വൈകാരിക ഉൾക്കാഴ്ച നൽകുന്ന സാഹിത്യകൃതികൾ
വായനക്കാരന് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാനും, കാഥാർസിസ് നേടാനും, ജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നേടാനും സഹായിക്കുന്ന ഫിക്ഷൻ, നോൺ-ഫിക്ഷൻ കൃതികൾ:
* ‘Man’s Search for Meaning’ (വിക്ടർ ഫ്രാങ്കിൾ): ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും അർത്ഥം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം ഊന്നിപ്പറയുന്നു. ഇത് ദുരിതങ്ങളിൽ കഴിയുന്നവർക്ക് വലിയ ആശ്വാസവും ഉൾക്കാഴ്ചയും നൽകാൻ ശേഷിയുള്ളതാണ്.
* ‘The Little Prince’ (Antoine de Saint-Exupéry): കുട്ടികൾക്കുള്ള പുസ്തകമാണെങ്കിലും, ഇത് ഏകാന്തത, നഷ്ടം, ബന്ധങ്ങളുടെ മൂല്യം തുടങ്ങിയ സങ്കീർണ്ണമായ മനുഷ്യ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രമുഖമാണ്. മുതിർന്നവർക്ക് പലപ്പോഴും ഇത് ആഴമായ വൈകാരിക പ്രതികരണങ്ങൾ നൽകുന്നു.
ഈ സൈദ്ധാന്തികരും അവരുടെ കൃതികളും ചേർന്നാണ് ലിറ്റററി തെറാപ്പിയെ ഒരു ആധുനിക ചികിത്സാ രീതിയായി വളർത്തിയത്.
സാഹിത്യം ചികിത്സയാണ് എന്ന ആശയത്തിൻ്റെ വിപണിവത്കരണമാണിത് എന്നും പറയാം. കൃതി മോക്ഷത്തിനുള്ള ബ്രഹ്മാനന്ദ സഹോദരമാണ് എന്നു പറഞ്ഞ പോലെ മുതലാളിത്ത അനുഷ്ഠാന പ്രവർത്തനമായും ഇതു മാറാം.
ഉപയോഗിച്ച പുസ്തകങ്ങൾ:
മലയാളം
* സുധീഷ് എസ്. ചരിത്രവും രതിബന്ധനവും. പാഠം ബുക്സ്, 2019.
* ഷൂബ കെ.എസ്. നവോത്ഥാന ആധുനികതയും വ്യാവസായിക ആധുനികതയും. ആത്മ ബുക്സ്, 2023.
* ഷൂബ കെ.എസ്. (സമാഹരണം, പOനം). എം എൻ വിജയൻ്റെ ലോകങ്ങൾ. ആത്മ ബുക്സ്, കോഴിക്കോട്, 2022.
സംസ്‌കൃതം
* Bhela. Bhela Samhita: Sanskrit Text. Edited by Asutosh Mookerjee, University of Calcutta, 1921.
* Charaka. Charaka Samhita: Text with English Translation and Critical Exposition Based on Chakrapani Datta’s Ayurveda Dipika. Translated by R. K. Sharma and Vaidya Bhagwan Dash, 7 vols., Chowkhamba Sanskrit Series Office, 2012.
* Susruta. Susruta Samhita. Edited and Translated by Kunja Lal Bhishagratna, 3 vols., Kegan Paul, Trench, Trubner and Co., 1907.
ഇംഗ്ലീഷ്
* Burns, David D. Feeling Good: The New Mood Therapy. William Morrow and Company, 1980.
* Deleuze, Gilles, and Félix Guattari. Anti-Oedipus: Capitalism and Schizophrenia. Translated by Robert Hurley, Mark Seem, and Helen R. Lane, Viking Press, 1977.
* Foucault, Michel. The Birth of the Clinic: An Archaeology of Medical Perception. Translated by A.M. Sheridan Smith, Vintage Books, 1994.
* Foucault, Michel. The History of Sexuality, Volume 1: An Introduction. Translated by Robert Hurley, Vintage Books, 1990.
* Frankl, Viktor E. Man’s Search for Meaning. Beacon Press, 2006.
* Hynes, Arleen McCarty, and Mary Hynes-Berry. Bibliotherapy: The Interactive Process: A Handbook. North Star P, 2012.
* Mazza, Nicholas. Poetry Therapy: Theory and Practice. 2nd ed., Routledge, 2017.
* Reich, David. Who We Are and How We Got Here: Ancient DNA and the New Science of the Human Past. Pantheon, 2018.
* Rheede tot Drakenstein, Hendrik van. Van Rheede’s Hortus Malabaricus (Malabar Garden): With Annotations and Modern Botanical Nomenclature. Translated and Annotated by K. S. Manilal, University of Kerala, 2003.
* Saint-Exupéry, Antoine de. The Little Prince. Translated by Katherine Woods, Harcourt, Brace & World, 1943.
* Thompson, R. Paul, and Ross E. G. Upshur. Philosophy of Medicine: An Introduction. Routledge, 2012.
ലാറ്റിൻ
* Van Rheede, Hendrik. Hortus Malabaricus. Edited by Itty Achuthan, 12 vols., Sumptibus Johannis van Someren, et al., 1678–1693.
തമിഴ്
* അഗസ്ത്യമുനിവർ. സൗമ്യസാഗരം – 1200. സമാഹർത്താവ്: 1. തുറൈസാമി മുതലിയാർ. പെരിയസാമി പ്രസ്സ്, 1935.
(രാമായണം, ഭഗവദ് ഗീത, നളചരിതം ആട്ടക്കഥ, നളിനി, ലീല, ചിന്താവിഷ്ടയായ സീത,കുമാരസംഭവം തുടങ്ങിയ കൃതികളും പരാമർശിച്ചിട്ടുണ്ട് )

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

വളരെ അറിവു പകരുന്ന ചിന്തോദ്ദീപകമായ ലേഖനം.പ്രത്യേകിച്ച് മാനസികാരോഗ്യത്തെ പരാമർശിക്കുന്ന ഭാഗം.(ശരീരത്തിന് അസുഖം ബാധിക്കുന്നപോലെ തന്നെ മനസിനും അസുഖം വരാം. പൊതുവെ മനസിനും വരുന്ന അസുഖത്തെ ഇന്നും പരിഹാസത്തോടെ കാണുന്ന രീതി യാണുളളത്.) വളരെ വിജ്ഞാനപ്രദം