
സാന്ദ്ര കെ.
Published: 10 Navomber 2025 കവര്‍സ്റ്റോറി
കേരളത്തിന്റെ നാട്ടുവൈദ്യ ചരിത്രം: പാരമ്പര്യ വൈദ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അപഗ്രഥനം
ആധുനികവൈദ്യം പ്രചരിക്കുന്നതിന് മുമ്പുള്ള, കേരളത്തിന്റെ ആരോഗ്യ പരിപാലന ചരിത്രം, സംസ്കൃതം അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ആയുർവേദത്തിന്റെയും പ്രാദേശികമായി വളർന്നു വികസിച്ച നാട്ടുവൈദ്യത്തിന്റെയും സങ്കീർണ്ണമായ സങ്കലനമാണ്. ഈ പ്രാദേശികവൈദ്യം വൈവിധ്യമാർന്ന പാരമ്പര്യചികിത്സാ സമൂഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വേലൻമാർ, മണ്ണാൺമാർ , പാണൻമാർ, പറയൻമാർ, കണക്കർ, ഈഴവർ ,വാര്യൻമാർ, നമ്പൂതിരിമാർ,വിവിധ സമുദായങ്ങളിലെ വിഷവൈദ്യന്മാർ , ആദിവാസി ഗോത്രചികിത്സകർ, മുസ്ലീം ചികിത്സകർ എന്നിവരെല്ലാം ഈ വൈദ്യസമൂഹത്തിൽ ഉൾപ്പെട്ടിരുന്നു. തദ്ദേശീയ പാരമ്പര്യങ്ങളുടേതായ അതിജീവനപദ്ധതികളുടെ പരിണതികൂടിയാണ് നാട്ടുവൈദ്യം. ഈ പ്രബന്ധം കേരളീയനാട്ടുവൈദ്യത്തിന്റെ ചരിത്രപരമായ വേരുകൾ, അതിന്റെ തനത് ശാഖകൾ, സാമൂഹികമായ പങ്ക്, എന്നിവ വിശദമായി പരിശോധിക്കുന്നതിനൊപ്പം നാട്ടുവൈദ്യത്തിലെ പ്രധാന കണ്ണികളിലൊന്നായ പാണരുടെ ചികിത്സാപദ്ധതിയെക്കുറിച്ച് സവിശേഷമായി പഠിക്കുകയും ചെയ്യുന്നു.
ചരിത്രപശ്ചാത്തലവും നിർവചനങ്ങളും
തലമുറകളായി വാമൊഴിയിലൂടെ കൈമാറി വരുന്നതും, പ്രാദേശിക പരിസ്ഥിതിയിൽ ലഭ്യമായ ഔഷധസസ്യജാലങ്ങളെയും അനുഭവജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതുമായ ചികിത്സാരീതിയാണിത്. ഒറ്റ ഘടനയായല്ല ജാതിപരമായി നിരവധി തട്ടുകളിലായാണ് കേരളീയ പരിതസ്ഥിതിയിൽ വൈദ്യം കാണപ്പെടുന്നത്. ഈഴവ മുതൽ താഴേക്കുള്ള പഴയജാതി ശ്രേണികളിൽ വളരെ പ്രാദേശികമായ സസ്യപ്രകൃതിയുടെയും മറ്റ് ജൈവ-അജൈവ പ്രകൃതിയുടെയും ചികിത്സയിലുള്ള ഉപയോഗം വളരെ പ്രകടമാണ്. അതിനനുസരിച്ചുള്ള നിരന്തര പരിണാമിയായ ഒരു തത്വസംഹിത അവർ പിന്തുടരുകയും ചെയ്യുന്നു;അത് ഔപചാരികമല്ല. ഈഴവരിലെ തന്നെ ഒരു വിഭാഗത്തിൻ്റെയും മൂസ്സത്, നമ്പൂതിരിമാർ തുടങ്ങിയവരുടെയും വൈദ്യത്തിൽ സംസ്കൃത ഗ്രന്ഥങ്ങളുടെ ചിട്ടയായ അനുശീലനവും പ്രാദേശികം മാത്രമല്ലാത്ത മരുന്നറിവുകളും അസംസ്കൃത വസ്തുക്കളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സയും കാണാം. ചരക സുശ്രുതസംഹിതകളും അഷ്ടാംഗഹൃദയവും അതിനുപയോഗപ്പെടുത്തുന്നതിനാൽ പ്രാദേശിക വൈദ്യം എന്ന ഗണത്തിൽ പെടുമ്പോഴും ഇത് ഔപചാരികമായ ആയുർവ്വേദ ചികിത്സയായി അറിയപ്പെടുന്നു. എന്നാൽ ആദ്യം പറഞ്ഞ അടിത്തട്ട് സമൂഹത്തിന്റെ ചികിത്സയെയാണ് ഇവിടെ നാട്ടുവൈദ്യം എന്ന് വ്യവഹരിക്കുന്നത്. നാട്ടറിവുകളാണ് ഈ സമ്പ്രദായത്തിൻ്റെ കാതൽ. ഭക്ഷണ രീതികളും മന്ത്രവാദവും ഉടനടി മരുന്നുകളും പ്രതീതി ചികിത്സയും രോഗശാന്തിക്കായി ഇതിൽ ഉപയോഗിച്ചിരുന്നു.
നാട്ടുവൈദ്യത്തിന്റെ ഒരു പ്രധാന പ്രത്യേകത, അതിൽ ഉപയോഗിക്കുന്ന ചെടി,മറ്റ് അസംസ്കൃതവസ്തുക്കൾ എന്നിവയെയും അതുപയോഗിച്ച് നിർമിച്ച പ്രയോഗസജ്ജമായ കൂട്ടിനെയും മരുന്ന് എന്ന ഒരേ പദം കൊണ്ട് സൂചിപ്പിക്കുന്നു എന്നതാണ്. ഇത് നാട്ടുവൈദ്യത്തിൽ മരുന്നുകളുടെ സംസ്കരണ രീതികൾ താരതമ്യേന ലളിതമാണ് എന്നതിന്റെ നേർസൂചനയാണ്.നാടൻ ചികിത്സാ രീതികൾ കേവലം ലളിതമായ വീട്ടുചികിത്സകൾ എന്നതിലുപരി, പ്രത്യേക പ്രാദേശിക കാലാവസ്ഥയ്ക്കും, പരിസ്ഥിതിക്കും, ഭക്ഷ്യവസ്തുക്കൾക്കും, രോഗങ്ങൾക്കും അനുയോജ്യമായ, പാരമ്പര്യമായി കാത്തുസൂക്ഷിച്ച അറിവുകളുടെ ഒരു കലവറയായിരുന്നു. വാമൊഴിയിലൂടെ പകരുന്ന ഈ അറിവ് പുതിയ പ്രയോഗസന്ദർഭത്തിൽ അടുത്ത തലമുറ കൂടി പഠിക്കുകയാണ് ചെയ്യുന്നത്. ഈ പ്രാദേശിക അറിവുകളെ പിൽക്കാലത്ത് പലതരത്തിൽ ആയുർവേദം തത്വസംഹിതകളിലേക്ക് ഉൾക്കൊള്ളുകയും, നാട്ടുവൈദ്യം ആയുർവേദത്തെ പ്രാദേശികവൽക്കരിക്കുന്നതിൽ ഒരു ‘വിഭവ സ്രോതസ്സ്’ (Resource Base) ആയി വർത്തിക്കുകയും ചെയ്തു.
നാട്ടുവൈദ്യവും ശാസ്ത്രീയ ആയുർവേദവും: സങ്കലനവും വേർതിരിവും
6-ഉം 7-ഉം നൂറ്റാണ്ടുകൾക്കിടയിൽ വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിന്റെ വരവോടെയാണ് കേരളത്തിലെ ആയുർവേദത്തിന് ഒരു പുതിയ ഗതി ലഭിക്കുന്നത്. ഈ ഗ്രന്ഥം സംസ്കൃതഭാഷ അറിയുന്ന, അന്നത്തെ ഉന്നത ജാതിയിലുള്ള ചികിത്സകർ തങ്ങളുടെ പ്രധാന പഠന സ്രോതസ്സായി സ്വീകരിക്കുകയും, ഇത് കേരളീയ ആയുർവേദ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറുകയും ചെയ്തു.
അഷ്ടവൈദ്യന്മാർ എന്ന് അറിയപ്പെടുന്ന ചികിത്സകർ ഈ പാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ പറയുന്ന എട്ട് ശാഖകളിൽ (അഷ്ടാംഗങ്ങൾ) പ്രാവീണ്യമുള്ള വൈദ്യന്മാരാണ് അഷ്ടവൈദ്യന്മാർ. ഈ എട്ട് ശാഖകളിൽ കായ (പൊതു ചികിത്സ), ബാല (ശിശുരോഗ ചികിത്സ), ഗ്രഹ (മനോരോഗം), ഊർധ്വാംഗ (നേത്ര, കർണ്ണ, നാസാ), ശല്യ (ശസ്ത്രക്രിയ), ദംഷ്ട്ര (വിഷ ചികിത്സ/Toxicology), ജര (രസായനം), വൃഷ (വാജീകരണം) എന്നിവ ഉൾപ്പെടുന്നു. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളുമായി ബന്ധപ്പെട്ടവരാണ് അഷ്ടവൈദ്യ പാരമ്പര്യത്തിൽ പ്രമുഖർ. ആലത്തിയൂർ നമ്പി, ഇളയിടത്ത് തൈക്കാട്ട് മൂസ്സ്, തൃശ്ശൂർ തൈക്കാട്ട് മൂസ്സ്, കുട്ടഞ്ചേരി മൂസ്സ്, വയസ്കര മൂസ്സ്, ചിരട്ടമൺ മൂസ്സ്, വെളുത്ത മൂസ്സ്, പുലാമന്തോൾ മൂസ്സ് എന്നിവരാണ് പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന എട്ട് കുടുംബങ്ങൾ. ഇവരിൽ ഇന്ന് നാല് കുടുംബങ്ങൾ മാത്രമാണ് ഈ ശാഖ സജീവമായി പരിശീലിക്കുന്നത്.
വിജ്ഞാനത്തിന്റെ ഈ വർഗ്ഗീകരണം കേരളീയ ചികിത്സാ സമ്പ്രദായത്തിൽ ഒരു ‘എലൈറ്റ് – പോപ്പുലർ’ വിഭജനം സൃഷ്ടിച്ചു.നാട്ടുവൈദ്യം താഴ്ന്ന ജനവിഭാഗങ്ങളുടെയും ആയുർവ്വേദം സവർണരുടേതുമായി ഇക്കാലങ്ങളിൽ നിലനിന്നു.മിക്ക അഷ്ടവൈദ്യ കുടുംബങ്ങളുടെയും പരദേവത ധന്വന്തരിയോ (മഹാവിഷ്ണുവിൻ്റെ രൂപം) ദക്ഷിണാമൂർത്തിയോ (പരമശിവന്റെ രൂപം) ആയിരിക്കുമ്പോൾ , നാട്ടുവൈദ്യത്തിലെ ചികിത്സകൾ പലപ്പോഴും പ്രാദേശിക ദൈവങ്ങളുമായും (പറക്കുട്ടി,ചേക്കുട്ടി, കരിങ്കുട്ടി) അടിയാള ആചാരങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. അനുഷ്ഠാനപരമായ ചികിത്സാ രീതികളും (മന്ത്രവാദം, ഏലസ്സുകൾ) ഇതിലുൾപ്പെടുന്നു. ചികിത്സയിൽ ശാരീരിക അകലം പാലിക്കാൻ കഴിയാത്തതിനാൽ പ്രബലമായ ജാതി വ്യവസ്ഥക്കടിസ്ഥാനമായി സവർണ-അവർണ വൈദ്യ പാരമ്പര്യം രൂപപെട്ടു. ഉച്ച – അവച വിശ്വാസധാരകൾക്കനുസരിച്ച് ഇവിടെ ചികിത്സാ സമ്പ്രദായങ്ങളും മരുന്നുകളും വളരെ വ്യത്യസ്തമായി ഒരേ കാലത്ത് തന്നെ പ്രയോഗിക്കപ്പെട്ടു.
വേലൻമാരുടെയും മണ്ണാന്മാരുടെയും പങ്ക്: പ്രസവചികിത്സയും ആത്മീയ രോഗശാന്തിയും
ആദിമ നാട്ടുവൈദ്യ പാരമ്പര്യത്തിൽ കേരളത്തിൽ പല പ്രദേശങ്ങളിലും പ്രധാനസാന്നിധ്യമായിരുന്നു മണ്ണാന്മാരും വേലൻ ചികിത്സകരും. മണ്ണാൻ ജാതിയിലെ സ്ത്രീകൾ പരമ്പരാഗതമായി അലക്കുകാരായി പ്രവർത്തിച്ചിരുന്നതിനൊപ്പം മലബാർമേഖലയിലെ പ്രസവചികിത്സയിൽ (midwifery) സുപ്രധാന പങ്ക് വഹിച്ചിരുന്നു.
വേലൻമാർ, പ്രസവം സുഗമമാക്കാൻ ഗർഭിണികളെ ഔഷധ എണ്ണകൾ പൂശി ചികിത്സിച്ചിരുന്നതിനെക്കുറിച്ച് സംഘകാലകൃതികളിൽ വരെ സൂചനകളുണ്ട്.ഔദ്യോഗിക ആയുർവേദത്തിന് ബാലചികിത്സ (ശിശുരോഗ ചികിത്സ) ഒരു അഷ്ടാംഗം ആയിരിക്കുമ്പോൾ , നാട്ടുവൈദ്യത്തിലെ മണ്ണാത്തിമാർ ആധുനിക പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് എന്നിവയുടെ അടിസ്ഥാന ധർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നതായി കാണാം . കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക മരുന്നുകൾ, ദഹനപ്രശ്‌നങ്ങൾ ചർമ്മരോഗങ്ങൾ എന്നിവയുടെ ചികിത്സ എന്നിവയിലെല്ലാം വിദഗ്ധരായിരുന്നു ഇവർ
നാട്ടുവൈദ്യത്തിന്റെ സവിശേഷതയായ ആത്മീയ ചികിത്സയിലും ഇവർക്ക് പങ്കുണ്ടായിരുന്നു. നവജാതശിശുക്കളെ ദുരാത്മാക്കളിൽ നിന്ന് സംരക്ഷിക്കാൻ ഏലസ്സുകൾ നൽകുക, പേടി സ്വപ്നങ്ങളാൽ കഷ്ടപ്പെടുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ അനുഷ്ഠാനങ്ങൾ നടത്തുക എന്നിവ ഇവരുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു; മണ്ണാൻ സമുദായത്തിലെ പുരുഷന്മാർ മന്ത്രവാദക്രിയകൾ ചെയ്യുന്നവരായിരുന്നു.
പാണരുടേയും പറയരുടേയും പങ്ക്: ഒറ്റമൂലിയും, മന്ത്രവാദവും
പൊതുവെ ഈ രണ്ടു കൂട്ടരും കൃഷിപ്പണി ചെയ്തു ജീവിക്കുന്നവരായി പറയുന്നുണ്ടെങ്കിലും ,പറയ സമുദായക്കാർ മുള കൊണ്ടുള്ള ഉപകരണങ്ങൾ – കുട്ട, വട്ടി, മുറം മുതലായ നിർമ്മിച്ചും, പാണർ ഓല (കുടപ്പന, കൈത ) കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ചും ഉപജീവനം നടത്തുന്നതായും കാണുന്നു. ഇതിനോടൊപ്പം തന്നെ ഗാർഹിക വൈദ്യവും, അമ്മൂമ്മ വൈദ്യവും, ചില ഒറ്റമൂലികളും, ഒടിയും, മന്ത്രവാദത്തിലൂടെയുള്ള ചികിത്സയും ഇക്കൂട്ടർ നടത്തുന്നതായി കാണാം. പുതിയ കാലത്ത് കഷായം, അരിഷ്ടം, ആയുർവ്വേദ ഗുളികകൾ മുതലായവ കൊണ്ട് ചികിത്സിക്കുന്ന പാണകുടുംബങ്ങളുണ്ട്.പാരമ്പര്യവൈദ്യം പിന്തുടർന്ന് പിൽക്കാലത്ത് ആയുർവ്വേദവും മരുന്നുകളും എല്ലാവർക്കും പ്രാപ്യമായ സമയത്ത് അവർ അതു കൂടി പ്രയോജനപ്പെടുത്തിയ ഒരു ഘട്ടമായിരുന്നു ഇത്. ഇവരിൽ ചിലർ ഉഴിച്ചിൽ, പിഴിച്ചിൽ,നസ്യം, ധാര തുടങ്ങിയ ആയുർവ്വേദക്രിയകളും മർമ ചികിത്സയും ചെയ്യുന്നു. മാനസികമായ അസ്വസ്ഥതകൾക്ക് ചരട് കെട്ടുക, ഏലസ്കെട്ടുക,ഊതുക, ഉഴിഞ്ഞു കളയുക, വിലക്കുക, മുതലായ മന്ത്രവാദരീതികളും ഇവർ ചെയ്യുന്നു. ഒപ്പം അസുഖവും അപകടവും ഉണ്ടാക്കുന്ന ഒടിവിദ്യ കൂടെ പാണരുടെ പാരമ്പര്യത്തിലുണ്ട്.ചികിത്സ മാത്രമല്ല സാമൂഹികമായ അതിജീവനത്തിന് ഭയം എന്ന അസുഖപരമായ അവസ്ഥ സൃഷ്ടിക്കുക കൂടിയാണ് ഒടി,മാട്ട്,മാരണം എന്നിവയുടെ ഉദ്ദേശ്യം .രോഗത്തെ സംബന്ധിച്ച വളരെ വ്യത്യസ്തമായ തത്വചിന്തയാണ് പാണരടക്കമുള്ള ജാതിസമൂഹങ്ങൾ പുലർത്തിയിരുന്നതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം .അതിൽ അസുഖം മാറ്റുക മാത്രമല്ല ഉണ്ടാക്കുക കൂടി ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ് .
പാണരുടെ ചികിത്സയും അസുഖങ്ങളും
ശ്രേണീകരിക്കപ്പെട്ട നാട്ടുവൈദ്യ പാരമ്പര്യത്തിൽ ഏറ്റവും താഴെതട്ടിൽപ്പെടുന്ന സമൂഹമാണ് പാണസമുദായം. മരുന്നിനൊപ്പം മന്ത്രവാദം കൂടിക്കലരുന്ന ചികിത്സാവിധികളെയാണ് ഇക്കൂട്ടർ കൂടുതലായും പിൻതുടരുന്നത്. വൈദ്യത്തിനും മന്ത്രവാദത്തിനും കരിങ്കുട്ടി ,കാരനീലി മുതലായ മൂർത്തികളെ ഇവർ കുലദൈവങ്ങളായി കണ്ട് ആരാധിച്ചു വരുന്നു. ജാതീയമായ ശ്രേണീകരണത്തിൽ താഴത്തെ അടരിലായ ഇക്കൂട്ടർ പിന്നീട് പലയിടങ്ങളിലും ധന്വന്തരിയെ ഉച്ചദൈവ സങ്കൽപ്പത്തിൽ കണ്ട് ഉത്തമത്തിൽ ആരാധിച്ച് പൂജ ചെയ്യുന്നതായും കാണാം . അതിനാൽ തന്നെ മരുന്നുകൾക്കും, ചികിത്സാ വിധിക്കും ആയുർവ്വേദത്തിന്റെ പഥ്യക്രമം പാലിക്കുന്നതായും കാണാം (മത്സ്യം, മാംസം, മദ്യം മുതലായവ ഒഴിവാക്കുന്നു). ഇത് ക്ലാസിക്ക് ആയുർവേദത്തോടുള്ള ആഭിമുഖ്യം മൂലം പിൽക്കാലത്ത് കൂട്ടി ചേർക്കപ്പെട്ടതു തന്നെയാവാനാണ് സാധ്യത. പാണ സമുദായത്തിന്റെ ചികിത്സാവിധിയിലെ കലർപ്പിനെ വേർതിരിക്കുമ്പോൾ അതിൽ മരുന്നു കൊണ്ടു മാറ്റാവുന്നതും, മന്ത്രം കൊണ്ട് മാറ്റാവുന്നതും, മരുന്നും മന്ത്രവും ചേർന്നതുമായ ചികിത്സകൾ ഉള്ളതായി കാണാം.
വിഷചികിത്സ
പാണരുടെ വിഷചികിത്സയിൽ ,ചിലന്തിയുടേയോ, പഴുതാരയുടേയോ വിഷമേറ്റാൽ പച്ചയോ ,ഉണങ്ങിയതോ ആയ വെളുത്ത അയ്പലവേരോ, അയങ്കോല വേരോ അരച്ച് കടിയേറ്റ ഭാഗത്ത് തേയ്ക്കുന്നു. പട്ടികടിച്ചാൽ അയങ്കോല വേര് അരച്ച് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുകയും ആ മുറിവിൽ അരച്ച് തേക്കുകയും ചെയ്യുന്നു;പട്ടി കടിയും വിഷമായാണ് കണക്കാക്കുന്നത്. പാമ്പ്, ഊറാമ്പല്ലി, തേൾ, പഴുതാര, എലി, പൂച്ച മുതലായ ജീവികളിൽ നിന്നേൽക്കുന്ന വിഷബാധയും ഇത്തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. എരുക്കിൻ കായ , ഉമ്മത്തിൻ കായ , വിഷമുള്ള് എന്നിവയിൽ നിന്നും വിഷമേൽക്കാം. വയറിനകത്ത് പെടുന്ന വിഷം പെട്ടെന്ന് പുറംതള്ളാൻ പച്ചമഞ്ഞൾ അരച്ച് കലക്കിയോ, വെളിച്ചെണ്ണയോ കുടിക്കാൻ കൊടുത്ത് ശർദ്ദിപ്പിക്കുന്നു. തുടർന്ന് വയറ്റിലെ പുണ്ണ് മാറാൻ അരിഷ്ടസമാനമായ മരുന്നു പാനീയങ്ങൾ നൽകുന്നു. പാമ്പിന്റെ വിഷം പോവാൻ ശംഖുപുഷ്പത്തിന്റെ വേര് പാലിൽ കലക്കി കുടിക്കുന്നു.പാമ്പിൻ വിഷത്തിന്റെ ചികിത്സ നാട്ടുവൈദ്യത്തിൽ ആയുർവ്വേദത്തിന്റെയത്ര വിപുലമല്ല. രക്ഷപെടുത്താനാവാത്തവിധം മരണം സംഭവിക്കുന്നു എന്നതിനാലാവാമത്. അടിയാളരിലെ നാഗാരാധന ഇതിന് ഒരു ബദലാണ് .പാമ്പുകടി അത്രമാരകമായതിനാൽ പാമ്പിന്റെ ഉപദ്രവമില്ലാതെ നോക്കുക,പ്രീതിപ്പെടുത്തുക എന്ന രീതിയാണ് അവർ അവലംബിച്ചു കാണുന്നത്.
മുറിവ് ചികിത്സ
രക്തം വാർന്നു കൊണ്ടിരിക്കുന്ന മുറിവിൽ മുളയുടെയോ, തെങ്ങിന്റെയോ മൊരി (തൊലി പുറത്തെ പൊടി) യോ, മഞ്ഞൾപ്പൊടിയോ ഇടുന്നു. മുറിവ് ഉണക്കുന്നതിന് മുറികൂടി ഇലയോ , വള്ളിപ്പാല ഇലയോ അരച്ച് പുരട്ടുന്നു. തലയിൽ പേൻ ശല്യം മൂലം വരുന്ന മുറിവുകൾക്ക് (കൂടുതലായും കുട്ടികളിൽ കാണുന്നത്) കൊട്ടയുടെ ഇലയോ , പാടവള്ളിയോ അരച്ച് താളിയായി തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നു. വിഷം തട്ടിയുണ്ടാവുന്ന മുറിവുകൾക്ക് അയ്ങ്കോലവേര് അരച്ച് തേക്കുന്നു. പൊള്ളലേറ്റുണ്ടായ മുറിവുകൾക്ക് ചങ്ങലംവള്ളി, കറുക എന്നിവയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നു.
മന്ത്രവാദ ചികിത്സ , പ്രതീതി ചികിത്സ
മന്ത്ര ചികിത്സയും മന്ത്രവാദവും തമ്മിൽ ബന്ധമുണ്ട്. മാനസികമായ അസ്വസ്ഥതകൾക്ക് മന്ത്രവാദവും, ശാരീരിക അസ്വസ്ഥതകൾക്ക് മന്ത്രചികിത്സയുമാണ് ഉള്ളത്. മന്ത്ര ചികിത്സയിൽ ജപിച്ച് ഊതി കൊണ്ടാണ് ചികിത്സ
പല്ലിന് ഊതുക- ജനിച്ച് 6 മാസം മുതൽ 16 വയസു വരെയുള്ള കുട്ടികളിലാണ് ഈ അസുഖം കാണുന്നത്. മൂർദ്ധാവിൽ ഒരു മുഴ വരുന്നു, അല്ലെങ്കിൽ ഒരു കുഴിയുണ്ടാവുന്നു. പല്ലു മുളക്കുംപോലെ പൊങ്ങുന്നു എന്ന നിലക്കാണിതിനെ “പല്ല്സൂക്കേട് “ എന്നു പറയുന്നത്.ചെറിയ കുട്ടികൾ മുലപ്പാൽ കുടിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും , പനി , ശർദ്ദി, വയറിളക്കം എന്നിവ ഉണ്ടാവുകയും ചെയ്താൽ ഇതിന്റെ ലക്ഷണമായി കരുതാം. ഇതിനായി മന്ത്രം ചൊല്ലി 21 തവണ ഊതുന്നു. ദിവസത്തിൽ രാവിലെയും, വൈകീട്ടും , 2 ദിവസം ഊതിയാൽ ഈ അസുഖം മാറും എന്നാണ് വിശ്വാസം. വാവിനോടനുബന്ധിച്ചാണ് ഇതുണ്ടാവുക.ഊതിയാൽ താൽകാലിക പരിഹാരം ഉണ്ടാവുന്നു. 16 വയസു കഴിഞ്ഞാൽ ഇത് തനിയെ നിൽക്കും.
തലവേദന- ചെന്നിക്കുത്ത്, തലേക്കുത്ത് എന്നെല്ലാം പറയുന്ന ഈ തലവേദന മരുന്നു കൊണ്ടു മാറില്ല എന്നാണ് വിശ്വാസം . ഇതിന് ‘വിലക്കുക’ എന്ന മന്ത്രവാദരീതി ഉപയോഗിക്കുന്നു. തലവേദനക്കുള്ള മന്ത്രം 21 തവണ ചൊല്ലി കാരമുള്ള് കൊണ്ട് മാണി തട്ടയി (വാഴക്കൂമ്പ് )ലോ, കള്ളി തലയിലോ തറച്ച് വയറവള്ളി കൊണ്ട് കെട്ടി പുകയത്ത് തൂക്കുക. വൈദ്യന് തിരിച്ചു കുത്താതിരിക്കാൻ കീഴാർനെല്ലി വേരോടെ പറിച്ച് ഞണ്ടിൻമടയിൽ തലകീഴായി സ്ഥാപിക്കുന്നു.ഇതിലെല്ലാം വേദനയുടെ പ്രതീതി, മുള്ളുകുത്തൽ ,ഞണ്ടിറുക്കൽ എന്നിവയിൽ ആരോപിച്ച് അതിനെ പ്രീതിപ്പെടുത്തിയോ കൈകാര്യം ചെയ്തോ പ്രതീകാത്മകമായി പരിഹാരം കാണുന്ന സവിശേഷ ചികിത്സാ രീതി കാണാം
മുള്ളിന്- വിഷ ചികിത്സയിൽ വരുന്ന ഒന്നാണ് മുള്ള് . ഇതിന് മുള്ളിന്റെ മന്ത്രം 21 തവണ ജപിച്ച് ഊതുന്നു. 3 വട്ടം ഊതിയാൽ വിഷം നീങ്ങി മുറിവ് ഉണങ്ങും എന്താണ് വിശ്വാസം
പേടി- വെള്ളത്തിൽ നിന്നോ,ചുടലയിൽ നിന്നോ നട്ടുച്ചക്കോ ,രാത്രിയോ പേടി തട്ടാം. ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുക, പിച്ചും പേയും പറയുക, ഇടവിട്ട് പനിക്കുക. ഇതെല്ലാം ഇതിന്റെ ലക്ഷണമാണ്. ഇതിനായി 21 പ്രാവശ്യം മന്ത്രം ജപിച്ച് കെട്ടിട്ട നൂൽ മഞ്ഞളും ചുണ്ണാമ്പും തേച്ച് ചുമപ്പിച്ച് കയ്യിലോ അരയിലോ കെട്ടുന്നു. ചിലർ തകിടിൽ മന്ത്രം എഴുതി ഏലസ്സായും കെട്ടുന്നു. ഇതിൽ ഒതുങ്ങാത്തതിനെ മന്ത്രവാദം ചെയ്ത് ഒഴിപ്പിക്കുകയോ, കുടിയിരുത്തുകയോ ചെയ്യുന്നു.
കൊതി- ഭക്ഷണം കഴിക്കുമ്പോൾ പുളിച്ചതും, കൊഴുത്തതുമായ വെള്ളം ഛർദ്ദിക്കുക, പുളിച്ച് തികട്ടുക എന്നിവ കൊതിയുടെ ലക്ഷണമായി പറയുന്നു. ഇതിനായി ചെറിയ ഉള്ളിയും ഉപ്പും കൊതിക്കുള്ള മന്ത്രം ജപിച്ച് രോഗിക്ക് കഴിക്കാൻ കൊടുക്കുന്നു.ചിലപ്പോൾ കൊതിക്ക് ജപിച്ച് ഊതുകയും ചെയ്യും .
നാവൂറ് / കണ്ണേറ്റ്- എന്തെങ്കിലും ജോലി ചെയ്യുമ്പോൾ ശരീരം കുഴഞ്ഞു പോവുക, ക്ഷീണം അനുഭവപ്പെടുക ഇതെല്ലാം നാവൂറിന്റെ ലക്ഷണമായി പറയുന്നു. നാവൂറിന് മന്ത്രം ചൊല്ലി ഊതുക, ജപിച്ച കറുത്ത ചരട് ദേഹത്ത് കെട്ടുക, ജപിച്ച വെള്ളം കുടിക്കുക, ജപിച്ച വെള്ളം കൊണ്ട് മുഖം കഴുകുക എന്നിവ ചെയ്യുന്നു.
മരുന്നും മന്ത്രവും
ചില രോഗങ്ങൾക്കുള്ള മരുന്ന് ചില മന്ത്രങ്ങൾക്കൊപ്പം നൽകിയാൽ മാത്രമേ അതിനു ഫലം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം. മരുന്നിലും മന്ത്രത്തിലും ഒതുങ്ങാത്തതായി ഒന്നുമില്ല എന്ന പഴമൊഴി തന്നെ ഇതിനെ സാധൂകരിക്കുന്നു.
ചീറ്- മുമ്പ് പല്ലിനെ കുറിച്ച് പറഞ്ഞല്ലോ, അതുമായി ബന്ധപ്പെട്ട് വരുന്ന ഒരു രോഗമാണ് ചീറ് . കുട്ടിക്ക് പച്ചയും മഞ്ഞയും കലർന്ന വെള്ളം വയറിളകി പോവുന്നുണ്ടെങ്കിൽ അത് ചീറാണ്. അതിനായി പച്ചമഞ്ഞളും, വെളുത്തുള്ളിയും, പേരുരിയാടാതെ പറിച്ച ഇലയും സമാസമം ചേർത്ത് അരച്ച് കോട്ടൺ തുണിയിൽ കെട്ടി അമ്മക്കും കുട്ടിക്കും അരയിൽ കെട്ടാം(ഇതെല്ലാം ഉരിയാടാതെയാണ് ചെയ്യുക). ഇത് 3 ദിവസം നനയാൻപാടില്ല. ഈ 3 ദിവസം ഇതിനൊപ്പം ചീറിന്റെ മന്ത്രം ചൊല്ലി കുട്ടിയേയും അമ്മയേയും ഊതുകയും ചെയ്യും. അതുപോലെ ചത്ത എത്തു കാലിയെ കത്തിച്ച് ആ കരി വെളിച്ചെണ്ണയിൽ മൂപ്പിച്ച് കുട്ടിയുടെ ശിരസിലും ഇരു ചെവിക്കു പിറകിലും തലയിലെ ഉയർന്ന രണ്ടു ഭാഗത്തും തേയ്ക്കുന്നു ( മരുന്നുണ്ടാക്കുമ്പോഴും പ്രയോഗിക്കുമ്പോഴും ഉരിയാടില്ല).
കരപ്പൻ- ഇതൊരു തരം മുറിവാണ്. എൺപത്തിയൊന്നോളം കരപ്പൻ ഉണ്ടെന്നാണ് പറയുന്നത്.ഓരോ കരപ്പനും ഓരോ തരം ചികിത്സയാണ്. കരപ്പന് മന്ത്രം ജപിച്ച് ഊതുന്നതിനൊപ്പം തന്നെ , പല മരുന്നുകളും പുരട്ടുന്നു . കരിമുരിക്കാദി,പഞ്ചാമ്ലാദി (വാളൻ പുളി , കൊടം പുളി, ഇരുമ്പം പുളി, ആശാരി പുളി, പൽച്ച പുളി ) എന്നീ എണ്ണകൾ തേച്ചാൽ കരപ്പൻ മാറും എന്നാണ് വിശ്വാസം.
ആയുർവ്വേദത്തിന്റെ പിൽക്കാലസ്വാധീനങ്ങൾ
നാട്ടുവൈദ്യത്തിൽ മരുന്നിനൊപ്പം ചിലപ്പോഴൊക്കെ മാത്രമാണ് ഇന്നയിന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കരുത് പോലുള്ള ഭക്ഷണവിലക്കുകളും മറ്റു ചിട്ടകളും കാണുന്നത്. ഗുൽഗുലു എന്ന വൃക്ഷത്തിന്റെ കറ ചേർത്തുണ്ടാക്കുന്ന മരുന്നുകൾക്ക് നാട്ടുവൈദ്യത്തിൽ ഭക്ഷണവിലക്കുള്ളതായിക്കാണാം . ഇത് കഴിക്കുമ്പോൾ മത്സ്യം, മാംസം, മരപ്പുളി (പച്ചപ്പുളി, പച്ചമാങ്ങ, നെല്ലിക്ക), മോര് മുതലായവ കഴിക്കാൻ പാടില്ല; മോര് കാച്ചിയും, ഉണക്ക പുളിയും ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. ഇവ വിരുദ്ധ ഫലം ചെയ്യുകയോ, മറ്റ് അസുഖങ്ങളിലേക്ക് നയിക്കുകയോ ചെയ്യും എന്നിങ്ങനെ പാണവൈദ്യത്തിൽ നിഷ്കർഷയുള്ളതായിക്കാണാം . ആയുർവ്വേദത്തിലെ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയതു മുതൽ അവയുടെ പഥ്യവും ഈ നാട്ടുചികിത്സകർ പാലിച്ചും നിർദ്ദേശിച്ചും തുടങ്ങിയതായിക്കാണാം
പഞ്ചലവണം (കല്ലുപ്പ്, കാരുപ്പ്, വെടിയുപ്പ്, ഇന്ദുപ്പ്, വിളയുപ്പ് ) കഴിച്ചാൽ വയറിലെ കൊഴുപ്പ് നീങ്ങുമെന്ന അറിവ്, മരുന്നുകൾക്ക് ഉള്ള പഥ്യം, വിരുദ്ധാഹാരം, നിഷിദ്ധാഹാരം തുടങ്ങിയ അറിവുകൾ, എന്നിവയെല്ലാം ആയുർവ്വേദത്തിന്റെ സ്വാധീനങ്ങളാണ് . നെയ്യ് – വെണ്ണ, മത്സ്യം -മാംസം, പാല് – തൈര്, തൈര് – മാംസം, മോര് – മത്സ്യം ഇവ ഒരുമിച്ച് കഴിച്ചാൽ പിത്തം കോപിച്ച് (കൂടിയോ, കുറഞ്ഞോ ) ദഹനക്കേടുണ്ടാവുന്നു. രാത്രി ഭക്ഷണത്തിൽ തൈരും, മോരും ഉപയോഗിച്ചാൽ പിത്തം കോപിക്കും. മഞ്ഞപിത്തംബാധിച്ചയാൾ ഉപ്പ് കഴിക്കാൻ പാടില്ല. ചെറിയ ഉള്ളി , ഇടിച്ചക്ക, ചെറുപഴം എന്നിവ പ്രമേഹ രോഗത്തെ കുറക്കുന്നു, വലിയ ഉള്ളി ( വേവിച്ചത്) , ചക്ക, നേന്ത്രപ്പഴം എന്നിവ പ്രമേഹം കൂട്ടുന്നു എന്നിങ്ങനെ നിരവധി ഭക്ഷണപാലനങ്ങൾ ആയുർവ്വേദത്തിൽ നിന്ന് കടന്നുകൂടിയതായിക്കാണാം
മാപ്പിള വൈദ്യവും മറ്റും
മലബാർ പ്രദേശത്തെ മുസ്ലിങ്ങളായ മാപ്പിളമാരിൽ ഹിന്ദുമതത്തിലുള്ളതുപോലെ സങ്കീർണമായ ജാതി സമ്പ്രദായം ഇല്ലെങ്കിലും ജാതിസമാനമായ തരംതിരിവുകളുണ്ട് . മണ്ണാൻ സമുദായത്തിലെ സ്ത്രീകളെ പോലെ പരമ്പരാഗതമായി പ്രസവചികിത്സകരും ( mid Wifery) അലക്കുകാരികളുമായിരുന്നു ഒസ്സാൻ / ഒത്താൻ എന്നെല്ലാം അറിയപ്പെടുന്ന മുസ്ലിം വിഭാഗം . ഇവരുടെ സ്ത്രീകളെ ഒത്താച്ചി, ബ്ണാത്തി (തോഴി എന്ന അർത്ഥത്തിൽ ) എന്നെല്ലാം വിളിക്കുന്നു.
പ്രവാചകനായ മുഹമ്മദ്‌നബിയുടെ പിന്മുറക്കാർ എന്ന് വിശ്വസിക്കപ്പെടുന്ന കുടുംബങ്ങളാണ് തങ്ങൾമാർ. ഇവർക്ക് സമുദായത്തിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നതിനൊപ്പം ഒരു സിദ്ധപരിവേഷവും കേരളീയപരിതസ്ഥിതിയിലുണ്ട്. ഉറുക്ക് കെട്ടുക, ഏലസുകെട്ടുക , വെള്ളം ഊതുക (ജപിക്കുക), തുടങ്ങിയ മാന്ത്രിക വിധികളിലൂടെ ഇവർ രോഗശാന്തി വരുത്തുന്നു.സിദ്ധൻമാരുടെ യാറം (ഖബർസ്ഥാനം), പള്ളികൾ, എന്നിവ കേന്ദ്രീകരിച്ചും ഈ ചികിത്സ രീതി നടക്കുന്നു. ഇതെല്ലാം വിശാലാർത്ഥത്തിലുള്ള മുസ്ലിം മതത്തിൽ നിന്ന് വേറിട്ട തനത് പ്രാദേശികരീതികളാണ് .പെരിന്തൽമണ്ണക്കടുത്തുള്ള കാപ്പിലെ ‘കുഞ്ഞിത്തങ്ങൾ തമ്പുരാന്റെ’ മഖാമിൽ പോയാൽ, അവിടുന്നു കിട്ടുന്ന വെളിച്ചെണ്ണയും മണ്ണും കൊണ്ട് ബാലചികിത്സ നടത്തുന്നു. ആ മണ്ണ് കുട്ടികളുടെ നാവിലിട്ടാൽ പിന്നീടവർ മണ്ണു തിന്നില്ല. കുട്ടികളുടെ ഉറക്കമില്ലായ്മ, കരച്ചിൽ , അസ്വസ്ഥത മുതലായവ മാറാൻ ഈ വെളിച്ചെണ്ണ നെറുകയിലോ , ദേഹത്തോ തേച്ചു കൊടുക്കുന്നു.മുസ്ലിം സമുദായത്തിലെ മർമ്മചികിത്സ നടത്തുന്ന കുരിക്കൾ(ഗുരിക്കൾ)കുടുംബങ്ങൾ പുലാമന്തോൾ, ചെമ്മലശ്ശേരി ഭാഗങ്ങളിലുണ്ട്.
മലബാർ പ്രദേശത്ത് വൈദ്യ പാരമ്പര്യമുള്ള ഈഴവ കുടുംബങ്ങളും നിരവധിയുണ്ട്. കള്ളുചെത്താണ് ഇവരുടെ കുലത്തൊഴിലെങ്കിലും , വടക്ക് കളരി പാരമ്പര്യമുള്ള കുടുംബങ്ങളിൽ മർമ്മ ചികിത്സയിലും, പട്ടാമ്പി പള്ളിപ്പുറം ഭാഗത്ത് ബാല ചികിത്സ, നേത്രരോഗചികിത്സ എന്നിവയിലും കേരളത്തിന്റെ പലഭാഗങ്ങളിൽ അതത് പ്രദേശങ്ങൾക്കനുസരിച്ചുള്ള ചികിത്സാരീതികളിലും വിദഗ്ധരായ ഈഴവരുണ്ട്. ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻറീഡിനെ ”ഹോർത്തൂസ് മലബാറിക്കസ് “എന്ന ഗ്രന്ഥം തയ്യാറാക്കാൻ പതിനേഴാം നൂറ്റാണ്ടിൽ സഹായിച്ച ആലപ്പുഴക്കാരനായ ,ഇട്ടി അച്യുതൻ എന്ന ഈഴവവൈദ്യന്റെ സാന്നിധ്യം ആ നൂറ്റാണ്ടുകളിലെല്ലാം സജീവമായിരുന്ന ഈഴവവൈദ്യത്തെ സൂചിപ്പിക്കുന്നതാണ്.
ജാതി-മത ഭേദമില്ലാതെ പല സമുദായത്തിനകത്തും നാട്ടുവൈദ്യത്തിന്റെ പാരമ്പര്യമുള്ള കുടുംബങ്ങൾ ഉണ്ടായിരുന്നു. നേരിട്ടും ,അല്ലാതെയുമുള്ള അനുഭവത്തിലൂടെ നേടിയ അറിവുകളിലൂടെ പലരും മുറിവൈദ്യവും, സ്വയം ചികിത്സയും നടത്തി. ഇത്തരത്തിലുള്ള അപക്വമായ ഇടപെടലുകൾ നാട്ടുവൈദ്യത്തിന്റെ ആധികാരികതയെയും , ഫലപ്രാപ്തിയെയും ചോദ്യം ചെയ്യാൻ കാരണമായി തീർന്നു.
ആയുർവേദത്തിന്റെ സംയോജനവും അഷ്ടവൈദ്യ പാരമ്പര്യവും
സി.ഇ. 6-ഉം 7-ഉം നൂറ്റാണ്ടുകളിൽ വാഗ്ഭടന്റെ അഷ്ടാംഗഹൃദയം കേരളത്തിൽ എത്തിയതോടെ നിലവിലുള്ള പ്രാദേശിക ചികിത്സാ രീതികളെ ഉൾക്കൊണ്ടുകൊണ്ട് ഒരു പുതിയ ചികിത്സാ സംസ്കാരം വികസിച്ചു. ഈ സംയോജനം വഴി, നിലവിലുണ്ടായിരുന്ന നാടൻ വിഷചികിത്സ, കളരിപ്പയറ്റിലെ ശാരീരിക ചികിത്സാ രീതികൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രാദേശിക രീതികൾ ക്ലാസിക്കൽ ആയുർവേദത്തിന്റെ ഭാഗമായി മാറാൻ തുടങ്ങിയതാവണം
ഈ സംയോജനത്തിന്റെ ഏറ്റവും വലിയ തെളിവാണ് അഷ്ടാംഗങ്ങളിൽ ദംഷ്ട്ര ചികിത്സ (വിഷചികിത്സ/Toxicology) ഉൾപ്പെടുന്നത്. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുസൃതമായ, പാമ്പുകടിയും മറ്റ് വിഷബാധകളും സാധാരണമായ ഒരു പ്രദേശത്ത് , ഈ നാട്ടറിവുകളെ ക്ലാസിക്കൽ ഫ്രെയിംവർക്ക് അംഗീകരിക്കുകയും നിയമപരമാക്കുകയും ചെയ്തു. സംസ്കൃത പണ്ഡിതന്മാരായ അഷ്ടവൈദ്യന്മാർ പോലും പ്രാദേശിക വിജ്ഞാനങ്ങളെ ആശ്രയിച്ചു എന്നതിന്റെ സൂചനയാണിത്. ചരകസംഹിത, സുശ്രുത സംഹിത പോലുള്ള ക്ലാസിക്കൽ കൃതികളെ പാരമ്പര്യ വൈദ്യർക്ക് മനസിലാക്കാനും അറിയാനും സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ട് – പ്രധാനമായും സംസ്കൃത ഭാഷയിലൂന്നിയ വിദ്യാഭ്യാസ മായിരുന്നു പ്രശ്നം. അതിനാൽ തന്നെ അവർ ചികിത്സാമഞ്ജരി, ബാലചികിത്സ മുതലായ മലയാളഗ്രന്ഥങ്ങളെ പിന്നീട് പിൻതുടരുന്നതായി കാണുന്നു (പ്രമോദ് 54 )
കളരിപ്പയറ്റും മർമ്മ ചികിത്സയും
മർമ്മ ചികിത്സയുടെ ഉത്ഭവം കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ടതാണ്. കളരിപ്പയറ്റിലെ ഗുരുക്കൾക്ക് ആയോധനകല അഭ്യസിപ്പിക്കുന്നതിനൊപ്പം പരിക്കുകൾ ചികിത്സിക്കുന്ന ഒരു ചികിത്സകന്റെ ഇരട്ട ധർമ്മമുണ്ട്. മർമ്മം എന്നത് ‘രഹസ്യം’ അല്ലെങ്കിൽ ‘മറഞ്ഞത്’ എന്നർത്ഥം വരുന്ന ഒരു വാക്കാണ്. ശരീരത്തിലെ 107 ജീവശക്തി കേന്ദ്രങ്ങളെ സൂചിപ്പിക്കുന്നതാണിത്. പേശികൾ, ഞരമ്പുകൾ, അസ്ഥികൾ, രക്തക്കുഴലുകൾ എന്നിവ സന്ധിക്കുന്നിടത്താണ് മർമ്മസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. മർമ്മസ്ഥാനങ്ങളിൽ ഏൽക്കുന്ന ക്ഷതം മാരകമായി തീരാൻ സാധ്യതയുണ്ട്.
മർമ്മ ചികിത്സ കേവലം ശാരീരിക ചികിത്സയല്ല, മറിച്ച് പ്രാണപ്രവാഹം (Pranic flow) പുനഃസ്ഥാപിച്ചുകൊണ്ട് ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം ലക്ഷ്യമിടുന്നു. കളരി സമ്പ്രദായത്തിൽ, ഗുരുക്കൾക്ക് ഒരു മർമ്മത്തെ എങ്ങനെ വേദനിപ്പിക്കാമെന്നും, അതിനെ എങ്ങനെ പ്രതിവിധിയിലൂടെ (Counter-application) സുഖപ്പെടുത്താമെന്നും അറിവുണ്ടായിരിക്കണം. ആയുധ പരിശീലനത്തിന്റെ ഭാഗമായി വരുന്ന ഈ അറിവ്, നാട്ടുവൈദ്യത്തിന്റെ പ്രയോഗക്ഷമതയും ആഴത്തിലുള്ള ശരീരശാസ്ത്രപരമായ അറിവും (Deep anatomical wisdom) വ്യക്തമാക്കുന്നു.
കളരി ചികിത്സ: ഒടിവ്, ചതവ്, ഉളുക്ക്, പേശീരോഗങ്ങൾ, നാഡീ-പേശി സംബന്ധമായ അവസ്ഥകൾ എന്നിവ ചികിത്സിക്കാൻ പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് കളരി ചികിത്സ. ഇവയുടെ മരുന്നുകൾ പരമ്പരാഗതമായി കൈമാറി വരുന്ന ‘രഹസ്യ കൂട്ടുകൾ’ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്. കളരി ചികിത്സ ആയുർവേദ തത്വങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ആയോധനകലയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങൾക്കായി പ്രത്യേക ചേരുവകളും രീതികളും ഉപയോഗിക്കുന്നു. കളരിപ്പയറ്റ് ഗുരുക്കന്മാരുടെ പ്രായോഗികവും ആഴത്തിലുള്ളതുമായ മർമ്മജ്ഞാനമാണ് ഈ ചികിത്സയുടെ പ്രത്യേകത.
നാട്ടുവൈദ്യത്തിൽ മർമ്മചികിത്സയിൽ ഉഴിച്ചിൽ പിഴിച്ചിൽ മുതലായ രീതികളാണു കടന്നു വരുന്നത്. മർമ്മസ്ഥാനത്തെ കുറിച്ച് തികഞ്ഞ ധാരണയോടെ മാത്രമേ ഈ ചികിത്സാ രീതി നടത്താൻ സാധിക്കൂ അതിനാലാവാം ഇതിനെ മർമ്മചികിത്സ എന്നും, ഇതു ചെയ്യുന്നയാളെ വൈദ്യർ, ഗുരുക്കൾ, ഉഴിച്ചിലുകാരൻ തിരുമ്മലുകാരൻ എന്നും വിളിക്കുന്നത് (പ്രമോദ് 157)
വിഷചികിത്സാ പാരമ്പര്യം
പാമ്പുകളും മറ്റ് വിഷജീവികളും ധാരാളമുള്ള കേരളത്തിലെ പരിസ്ഥിതിയിൽ, വിഷചികിത്സാ പാരമ്പര്യം നാട്ടുവൈദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയായിരുന്നു. ഇവിടെ വിഷം എന്നത് പാമ്പുകടിയിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് തേൾ, ചിലന്തി, മറ്റ് പ്രാണികൾ, എലികൾ, നായകൾ, കുരങ്ങുകൾ, പൂച്ചകൾ, ഭക്ഷ്യവിഷബാധ എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന പൊതുവായ പദമാണ്.
വിഷചികിത്സാ വിദഗ്ധർ പാരമ്പര്യ ചികിത്സകരായിരുന്നു. ഏറ്റവും ശ്രദ്ധേയമായ വസ്തുത, ഈ വിഷവൈദ്യന്മാർ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളിൽ പെട്ടവരായിരുന്നു എന്നതാണ്. പാലക്കാട് ജില്ലയിലെ അലനല്ലൂരിനടുത്ത് , കുളപറമ്പിൽ ‘കാരാട്ട് എന്ന മുസ്ലിം കുടുംബവും, കേരളത്തിലെ തന്നെ പ്രസിദ്ധമായ വിഷവൈദ്യകുടുംബമായ അവണപ്പറമ്പ് മനയും (പ്രമോദ് 126 ) ഇതിനുദാഹരണമാണ്. വിഷചികിത്സകരെപ്പോലുള്ള നിർണ്ണായക നാട്ടുവൈദ്യ ശാഖകൾ വ്യത്യസ്ത സമുദായങ്ങളിൽ വ്യാപകമായി പരിശീലിച്ചിരുന്നു എന്ന വസ്തുത, നാട്ടുവൈദ്യം സാമൂഹിക ശ്രേണിക്ക് അതീതമായി, ഫലപ്രാപ്തിക്ക് പ്രാധാന്യം നൽകി വളർന്ന ഒരു പൊതു സമ്പ്രദായമായിരുന്നു എന്ന് തെളിയിക്കുന്നു. ഇത് അഷ്ടവൈദ്യ പാരമ്പര്യത്തിന്റെ (പ്രധാനമായും ബ്രാഹ്മണസമൂഹം) പ്രത്യേകതകളിൽ നിന്നും വ്യത്യസ്തമാണ്. ഈ ചികിത്സകർക്ക് കാർഷിക മേഖലകളിലും വനമേഖലകളിലും ജീവൻ രക്ഷിക്കാൻ സാധിച്ചത് അവരുടെ സാമൂഹിക പ്രാധാന്യം വർദ്ധിപ്പിച്ചു.
ഗുരു-ശിഷ്യ ബന്ധവും അറിവ് സംരക്ഷണവും
പാരമ്പര്യ നാട്ടുവൈദ്യത്തിലും ഔദ്യോഗിക ആയുർവേദത്തിലും വിജ്ഞാനം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് ഗുരുമുഖത്തു നിന്നുള്ള അറിവുസമ്പാദന സമ്പ്രദായത്തിലൂടെയാണ്.ആയുർവ്വേദത്തിൽ ഇത് കേവലം പുസ്തകങ്ങളിലെ അറിവ് പഠിപ്പിക്കലായിരുന്നില്ല, മറിച്ച് വൈദ്യന്റെ നിരീക്ഷണങ്ങൾ, അനുഭവങ്ങൾ, രഹസ്യ കൂട്ടുകൾ, പ്രായോഗിക പരിശീലനം എന്നിവ ഉൾക്കൊള്ളുന്ന ആഴത്തിലള്ള പരിശീലനമായിരുന്നു. ഒപ്പം വേദങ്ങളിൽ പറയപ്പെടുന്ന ഒരു ഗുരുകുല സമ്പ്രദായവുമായിരുന്നില്ല ഇത് .മിക്കവാറും ഈ ശിഷ്യർ മക്കളോ, മരുമക്കളോ, അനന്തരവൻമാരോ, പേരക്കുട്ടികളോ ആവും.
നാട്ടുവൈദ്യത്തിൽ ഇതിന് ആയുർവ്വേദത്തിന് സമാനമായ ഘടനയൊന്നും ഇല്ലെങ്കിലും നിരന്തരമായ നേരിട്ടുള്ള പരിശീലനവും തലമുറകളിലൂടെയുള്ള അറിവ് കൈമാറ്റവുമുണ്ട്;പുസ്തകങ്ങളില്ലെങ്കിലും മുൻതലമുറയിലെ അംഗത്തിൽ നിന്നുള്ള വാമൊഴിയറിവുകൾ പാട്ടുരൂപത്തിലോ ചൊല്ലു രൂപത്തിലോ മറ്റ് വാങ്മയങ്ങളായോ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടുന്നു.അതീവരഹസ്യസ്വഭാവം ഓരോ സമുദായവും അവരുടെ വൈദ്യം അടക്കമുള്ള സമുദായ അറിവുകളിൽ പുലർത്തിയിരുന്നു. “മന്ത്രം പാട്ടായാൽ മണ്ണാൻ വെളിച്ചത്തായി ” എന്ന പഴമൊഴി ഈ രഹസ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്.
ആധുനികവൽക്കരണത്തിന്റെ ഭാഗമായി ആയുർവേദ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ആധുനികമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വിജ്ഞാന കൈമാറ്റം പാഠ്യപദ്ധതിക്ക് അനുസൃതമായി മാറേണ്ടി വരികയും ആധുനികവൈദ്യത്തിന് സമാനമായി ആയുർവ്വേദവും ഒരു സർട്ടിഫിക്കറ്റ് കോഴ്സായി വിഭാവനം ചെയ്യപ്പെടുകയും ചെയ്തു. പരമ്പരാഗത രോഗനിർണ്ണയ രീതികൾ ഉപേക്ഷിച്ച് പകരം ആധുനിക ബയോമെഡിക്കൽ പദങ്ങളും വിശകലന രീതികളും ഉപയോഗിക്കപ്പെട്ടു.
സ്ത്രീകൾ നാട്ടുവൈദ്യത്തിൽ
നാട്ടുവൈദ്യത്തിൽ സ്ത്രീകൾക്ക് ചരിത്രപരമായി പ്രാധാന്യമുണ്ടായിരുന്നു, പ്രത്യേകിച്ച് പ്രസവചികിത്സകരായും ഗൃഹചികിത്സകരായും.മണ്ണാത്തിമാരെപ്പോലുള്ള സ്ത്രീ ചികിത്സകർ സമൂഹത്തിൽ സുപ്രധാന സ്ഥാനം വഹിച്ചിരുന്നു. ഗൃഹവൈദ്യം, അമ്മൂമ്മവൈദ്യം എന്നിവിടങ്ങളിൽ സ്ത്രീകൾക്കായിരുന്നു മേൽക്കൈ. കുട്ടികളിൽ കാണുന്ന പല്ലിനും ചീറിനും ഊതാൻ പാണസമുദായത്തിനകത്ത് സ്ത്രീകൾക്കായിരുന്നു അധികാരം. പുരുഷൻമാർ ചെയ്താൽ അവയ്ക്ക് ഫലം കിട്ടില്ല എന്ന വിശ്വാസം സ്ത്രീകളുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കുന്നു.
കൊളോണിയൽ ഭരണകൂടവും തദ്ദേശീയ വൈദ്യശാഖകളുടെ അടിച്ചമർത്തലും
ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കേരളത്തിലെ തദ്ദേശീയ വൈദ്യശാസ്ത്രത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ പല നയങ്ങളും ആവിഷ്കരിച്ചു. കൊളോണിയലിസം ആരോഗ്യ രംഗത്ത് വരുത്തിയ മാറ്റം കേവലം പുതിയ ആശുപത്രികൾ സ്ഥാപിക്കുക എന്നതിലുപരി, തദ്ദേശീയ വിജ്ഞാനത്തിന്റെ മൂല്യം കുറച്ചുകൊണ്ട് പാശ്ചാത്യ മാതൃകകളെ സാമൂഹികമായി ഉയർന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സാംസ്കാരിക മേധാവിത്വമായിരുന്നു. ഇത് ആയുർവ്വേദത്തിന് മാത്രമല്ല നാട്ടുവൈദ്യത്തിനും പ്രതികൂലമായിരുന്നു. ഈ അടിച്ചമർത്തലിന്റെ ഫലമായി, പല പാരമ്പര്യ നാട്ടുവൈദ്യന്മാർക്കും തങ്ങളുടെ കുടുംബപൈതൃകം ഉപേക്ഷിക്കേണ്ടിവന്നു. ചിലർക്ക് നിയമപരമായ അംഗീകാരമില്ലാത്തതിനാൽ, മന്ത്രവാദം പോലുള്ള അനുഷ്ഠാന ചികിത്സകളിൽ മാത്രം ഒതുങ്ങേണ്ടി വന്നു.
ഉപസംഹാരം
കേരളത്തിന്റെ നാട്ടുവൈദ്യ ചരിത്രം എന്നത് തനതായ ആദിമ ഗോത്ര ചികിത്സകൾ, വേലൻ-മണ്ണാൻ, പാണൻ, പറയൻ,പാരമ്പര്യങ്ങൾ, കളരിപ്പയറ്റിലെ മർമ്മജ്ഞാനം, മതേതര വിഷചികിത്സ,എന്നിങ്ങനെയുള്ള ധാരകളുടെ സമഗ്രതയാണ്. തദ്ദേശീയമായ ഈ ചികിത്സാ പാരമ്പര്യങ്ങൾ കേരളീയസമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി നിർണ്ണായക പങ്ക് വഹിച്ചു.
ആയുർവ്വേദം ശാലകളിലൂടെ അവയുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയതും ഗവൺമെന്റ് ആയുർവ്വേദത്തെ ഒരു ചികിത്സാവകുപ്പായി അംഗീകരിച്ചതും അതിന്റെ ജനകീയത കൂട്ടിയതോടെ നാട്ടുവൈദ്യത്തിലെ ചികിത്സകൾക്ക് ബദലായ ചികിത്സകൾ എളുപ്പം ലഭ്യമായി തുടങ്ങി. ഇതിലൂടെ കൂടുതൽ ആയുർവ്വേദകലർപ്പുകൾ ഈ ഘട്ടത്തിൽ എല്ലാ ജാതിവൈദ്യങ്ങളിലും സംഭവിച്ചു.പാണരുടെ വൈദ്യത്തിൽ പറഞ്ഞതു പോലെ കഷായം ,അരിഷ്ടം ,ലേഹ്യം ,ചൂർണം ,വടകം ,ഗുളികകൾ എന്നിവയുടെ നിർമാണവും ഉപയോഗവും അതിന്റെ സ്വാംശീകരിച്ച അറിവുകളുടെ പുനഃപ്രയോഗവും നാട്ടുവൈദ്യവക്താക്കൾ ചെയ്തതൊടെ അതിന്റെ പഴയ രൂപങ്ങൾ നഷ്ടപ്പെട്ടു തുടങ്ങി.എഴുത്തു രൂപമില്ലാത്ത അറിവുകൾ പലതും നഷ്ടപ്പെട്ടു.
എങ്കിലും ഫസ്റ്റ് എയിഡ് എന്ന നിലയ്ക്ക് ഉപയോഗിക്കപ്പെട്ട മരുന്നുകളുടെ അറിവുകൾ കൂടുതലും നാട്ടുവൈദ്യത്തിൽ നിന്നുള്ളവയായിരുന്നു.സെപ്റ്റിക് ആവുമെന്ന ഭയം ഇതിൽ പല വസ്തുക്കളുടെയും ഉപയോഗം ആധുനികവൈദ്യത്തിലെ പ്രാഥമികമരുന്നുകളിലേക്ക് മാറി .ഇരുപതാം നൂറ്റാണ്ട് മുതലാണ് ഈ രണ്ടുമാറ്റങ്ങളും പ്രധാനമായും സംഭവിച്ചു തുടങ്ങുന്നത്.
ആധുനികവൈദ്യത്തിന്റെ പ്രചാരവും മന്ത്ര-മരുന്നുപ്രയോഗങ്ങളുള്ള ബ്ലാക് കൾട്ടിന്റെ, ജാതീയമായ അധമസ്വഭാവം മൂലം പുതിയ തലമുറ അതിൽ നിന്ന് അകന്നു നിന്നതും നവീനവിദ്യാഭ്യാസത്തിന്റെ യുക്തിയിൽ അതിനെ ചോദ്യം ചെയ്തതും സ്വഭാവികമായും അവയെ ഇല്ലാതാക്കി. ഇത്തരത്തിൽ സമഗ്രമായ ഒരു നാട്ടറിവും ഭൂതകാല അടിയാളജീവിതത്തിന്റെ അതിജീവനവഴിയുമായ നാട്ടുവൈദ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏതാണ്ട് മൃതഫോക്ലോർ എന്ന നിലയിലേക്ക് പരിണമിച്ചെത്തിയിരിക്കുന്നു.ജാതിപരമായി നിലനിന്ന ഈ അറിവുകൾ ജാതിഘടനയുടെ പഴയ തൊഴിലനുബന്ധമായതും ദൈനംദിനവുമായ പരിതസ്ഥിതി നഷ്ടപ്പെട്ടതിനാൽ തന്നെ പ്രയോഗസാധ്യത നഷ്ടപ്പട്ടവയാണ്. പുതിയ ഗവേഷണങ്ങളിലൂടെ ശാസ്ത്രീയമായ പുന:രുപയോഗമാണ് ഈ രംഗത്ത് വേണ്ടത്.
ഗ്രന്ഥസൂചി
1. Untitled – Ziauddin University Libraries, https://lib.zu.edu.pk/ebookdata/Eastern%20Medicine/Hereditary%20Physicians%20of%20Kerala_%20Traditional%20Medicine%20and%20Ayurveda%20in%20Modern%20India-by%20Indudharan%20Menon.pdf
2. നാട്ടുവൈദ്യം-2 | ആരോഗ്യം – Health – Vikaspedia, https://health.vikaspedia.in/viewcontent/health/d06d30d17d4dd2fd35d3fd35d30d19d4dd19d7e/d28d3ed1fd4dd1fd41d35d48d26d4dd2fd02-2?lgn=ml
3. നാട്ടുവൈദ്യം | ആരോഗ്യം – Health – Vikaspedia, https://health.vikaspedia.in/viewcontent/health/d06d2fd41d37d4d/d28d3ed1fd4dd1fd41d35d48d26d4dd2fd02?lgn=ml
4. The Ashtavaidya physicians of Kerala: A tradition in transition – PMC, https://pmc.ncbi.nlm.nih.gov/articles/PMC3117315/
5. Ashtavaidya – Wikipedia, https://en.wikipedia.org/wiki/Ashtavaidya
6. Ashtavidya Tradition – Ayurveda Mana, http://ayurvedamana.com/ayurveda/Ashtavidya-Tradition
7. Chera dynasty – Wikipedia, https://en.wikipedia.org/wiki/Chera_dynasty
8. The Legacy of Traditional Vaidyas in Kerala: A Journey Through Time – Sanjeevanam, https://sanjeevanam.com/blog/the-legacy-of-traditional-vaidyas-in-kerala-a-journey-through-time/
9. Marma 101: the oldest touch therapy for energy healing – Kerala Ayurveda Academy, https://www.keralaayurveda.us/courses/blog/marma-101-the-oldest-touch-therapy-for-energy-healing/
10. Marma chikitsa | Marma therapy – Kalari Ayurveda Centre, https://www.kalariayurveda.com.au/marma-chikitsa/
11. Why traditional medicine making is part of Kalaripayattu training – Kalari Ayurveda Centre, https://www.kalariayurveda.com.au/traditional-medicine-making/
12. മർമ്മചികിത്സയെക്കുറി, https://jaihindtv.in/%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%AF%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF/
13. Experience the Healing Power of Kalari Marma Chikithsa, https://sakmc.in/kalari/
14. INTRODUCTION OF COLONIAL MEDICINE IN MALABAR – IJRAR.org, https://ijrar.org/papers/IJRAR23D1539.pdf
15. The changing role of a Vaidya (non-codified traditional doctor) in the community health of Kerala, Southern India – PubMed Central, https://pmc.ncbi.nlm.nih.gov/articles/PMC4702384/
16. The Legal Status of Ayurveda and Traditional Medicine: A Comprehensive Analysis, https://bhattandjoshiassociates.com/the-legal-status-of-ayurveda-and-traditional-medicine-a-comprehensive-analysis/
17. നാടോടിവൈദ്യം – ഒരു ഫോക്ലോർ പഠനം ,പ്രമോദ് ടി.എം,ഗവേഷണ പ്രബന്ധം
മലയാള-കേരള പഠനവിഭാഗം ,കാലിക്കറ്റ യൂണിവേഴ്‌സിറ്റി ,2009
18.ശങ്കുണ്ണി, കൊട്ടാരത്തില്‍. ഐതിഹ്യമാല, കറന്റ് ബുക്സ്, കോട്ടയം, 1996

സാന്ദ്ര കെ.
ഗവേഷക, മലയാളവിഭാഗം ശ്രീ നീലകണ്ഠ ഗവ: സംസ്കൃത കോളേജ്,പട്ടാമ്പി.

നാട്ടുവൈദ്യത്തെ കുറിച്ചും അത് സിദ്ധിയും സാധനയുമായി കൊണ്ടുനടക്കുന്ന (നടന്നിരുന്ന) ജാതി ശ്രേണികളെ കുറിച്ചും സാന്ദ്ര കെ. എഴുതിയ ലേഖനം കമ്പോട് കമ്പ് വായിച്ചു. കാമ്പുറ്റ ലേഖനം.
ഈ അടുത്ത കാലത്തൊന്നും ഈ വിഷയത്തിിലുള്ള ലേഖനം വായിച്ചിട്ടില്ല
ചികിത്സയുടെ വേരുകൾ ആഴത്തിലേയ്ക്ക് പോകുമ്പോൾ എത്നിക് വംശ പാരമ്പര്യ
ങ്ങളുടെ അടരുകൾ കണ്ടെത്തുന്നുണ്ട്. ചികിത്സ ഓരോ വിഭാഗങ്ങളിലുംഉണ്ടെങ്കിലും പൊതുസ്വഭാവത്തിൽ നിന്ന്വ്യക്തിരിക്തമായി
തനത് സ്വത്വത്തിലേയ്ക്ക് എത്തുന്നു. ഇതാണ് അതിൻ്റെ കാതലായ വശം എന്ന് വ്യക്തമാകുന്നു.
എൻ്റെ നാട്ടിൽ മണ്ണാൻ വിഭാഗത്തിൽ പെട്ട പാരമ്പര്യ വൈദ്യ കുടുംബമുണ്ട്. പക്ഷെ ഇന്ന് അതിൻ്റെ തുടർക്കണ്ണിൽ നഷ്ടമായി നിലച്ചു പോയിട്ടുണ്ട്. അഞ്ച് തലമുറകൾ അവർ ഉണ്ടായിരുന്നു ആണുങ്ങൾ ചികിത്സ നടത്തുമ്പോൾ തന്നെ അവരിലെ. സ്ത്രീകൾ പ്രസവാനന്തര ചികിത്സയും നടത്തിയിരുന്നു.
പാരമ്പര്യ അറിവു കൈമാറ്റങ്ങളുടെ അഭാവമാണ് ഈ തുടർച്ച നിലച്ചുപോകാ
നുണ്ടായ കാരണമായി മനസ്സിലാക്കുന്നത്. ഇത്തരം വൈദ്യ പാരമ്പര്യ തുടർച്ചകൾ ഇല്ലാതാകുന്നതിൻ്റെ മറ്റൊരു കാരണം ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കടന്നു
കയറ്റം കൂടി കാണാവുന്നതാണ്.
നാട്ടുവൈദ്യം അതിജീവിക്കപ്പെടണമെങ്കിൽ
അതിൽ വ്യാപൃതമാകുന്നവർക്ക്പ്രോ
ൽസാഹനം നൽകേണ്ടതുണ്ട്.
മുജീബ് റഹ്മാൻ എ
അഴിക്കോട്ടിൽ
മംഗലം, മലപ്പുറം’ 676561