
ഡോ.ഡി.വി. അനിൽകുമാർ
Published: 10 Navomber 2025 പ്രഭാഷണം
സോഹ്രാൻ മംദാനിയുടെ വിജയപ്രസംഗം
(ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്രാൻ മംദാനി (Zohran Mamdani) 1991 ഒക്ടോബർ 18-ന് ഉഗാണ്ടയിലെ കാംപ്ലയിലാണ് ജനിച്ചത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായികയായ മീരാ നായരുടെയും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറായ മഹ്മൂദ് മംദാനിയുടെയും മകനാണ് അദ്ദേഹം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഡെമോക്രാറ്റിക് പാർട്ടി അംഗമായ മംദാനി, 2025 നവംബറിൽ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ചരിത്രം സൃഷ്ടിച്ചു. ന്യൂയോർക്കിന്റെ ആദ്യത്തെ മുസ്ലീം മേയർ, ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വംശജനായ മേയർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അദ്ദേഹം, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ്. ഇസ്രയേൽ-ഗാസ യുദ്ധത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിജയം രാജ്യമെമ്പാടുമുള്ള പുരോഗമന രാഷ്ട്രീയത്തിന് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.അദ്ദേഹം നടത്തിയ വിജയ പ്രസംഗത്തിൻ്റെ സമ്പൂർണ്ണപരിഭാഷയാണിത്)
എന്റെ സുഹൃത്തുക്കളേ, നന്ദി. ഇന്ന് വൈകുന്നേരം നമ്മുടെ നഗരത്തിന്മേൽ സൂര്യൻ അസ്തമിച്ചിരിക്കാം, പക്ഷേ യൂജിൻ ഡെബ്സ് ഒരിക്കൽ പറഞ്ഞതുപോലെ, “മനുഷ്യരാശിയുടെ ഒരു നല്ല ദിവസത്തിന്റെ പ്രഭാതം എനിക്ക് കാണാൻ കഴിയും.”
നമുക്ക് ഓർമ്മിക്കാൻ കഴിയുന്നിടത്തോളം, ന്യൂയോർക്കിലെ അധ്വാനിക്കുന്ന ജനതയോട് സമ്പന്നരും സ്വാധീനമുള്ളവരും പറഞ്ഞിരുന്നത് അധികാരം അവരുടെ കൈകളിൽ ഇരിക്കേണ്ട ഒന്നല്ല എന്നാണ്.
ഗോഡൗൺ നിലത്ത് പെട്ടികൾ ഉയർത്തിയതിലൂടെ ചതഞ്ഞ വിരലുകൾ, ഡെലിവറി ബൈക്കിന്റെ ഹാൻഡിൽ ബാറിൽ തഴമ്പിച്ച കൈപ്പത്തികൾ, അടുക്കളയിലെ പൊള്ളലുകൾ കൊണ്ട് പാടുകളുള്ള വിരൽമുട്ടുകൾ: ഇവയൊന്നും അധികാരം കൈവശം വെക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള കൈകളായിരുന്നില്ല. എന്നിട്ടും, കഴിഞ്ഞ 12 മാസമായി, നിങ്ങൾ കൂടുതൽ മഹത്തരമായ ഒന്നിനായി ധൈര്യത്തോടെ കൈ നീട്ടി.
ഇന്ന് രാത്രി, എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ, നമ്മൾ അത് പിടിച്ചടക്കിയിരിക്കുന്നു. ഭാവി നമ്മുടെ കൈകളിലാണ്. എന്റെ സുഹൃത്തുക്കളേ, നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെ മറിച്ചിട്ടിരിക്കുന്നു.
ആൻഡ്രൂ കുവോമോക്ക് സ്വകാര്യ ജീവിതത്തിൽ ഞാൻ എല്ലാ ആശംസകളും നേരുന്നു. പക്ഷേ, ഇന്നു രാത്രി ഞാൻ അദ്ദേഹത്തിന്റെ പേര് അവസാനമായി ഉച്ചരിക്കട്ടെ, കാരണം നമ്മളിൽ പലരെയും ഉപേക്ഷിക്കുകയും ചുരുക്കം ചിലർക്ക് മാത്രം മറുപടി നൽകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിലെ പേജിനെ നമുക്ക് മറിക്കാം. ന്യൂയോർക്ക് നഗരം, ഇന്ന് രാത്രി നൽകിയിരിക്കുന്നത് മാറ്റത്തിനായുള്ള ഒരു വിധിയാണ്. ഒരു പുതിയ തരം രാഷ്ട്രീയത്തിനായുള്ള ഒരു വിധിയാണ്. നമുക്ക് താങ്ങാനാവുന്ന ഒരു നഗരത്തിനായുള്ള ഒരു ജനവിധിയാണ്. അത് കൃത്യമായി നടപ്പാക്കാൻ കഴിയുന്ന ഒരു സർക്കാരിനായുള്ള ഒരു ജനവിധിയാണ്.
ജനുവരി 1-ന്, ഞാൻ ന്യൂയോർക്ക് സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്യും. അത് നിങ്ങൾ കാരണമാണ്. അതിനാൽ മറ്റെന്തെങ്കിലും പറയുന്നതിനുമുമ്പ്, ഞാൻ ഇത് പറയണം: നന്ദി. മെച്ചപ്പെട്ട ഭാവിക്കായുള്ള വാഗ്ദാനം കഴിഞ്ഞ കാലത്തെ ഒരു അവശിഷ്ടമായിരുന്നു എന്ന് അംഗീകരിക്കാൻ വിസമ്മതിക്കുന്ന അടുത്ത തലമുറ ന്യൂയോർക്കുകാർക്ക് നന്ദി.
രാഷ്ട്രീയം നിങ്ങളോട് മേധാവിത്വബോധം ഇല്ലാതെ സംസാരിക്കുമ്പോൾ, നമുക്ക് ഒരു പുതിയ യുഗത്തിലെ നേതൃത്വത്തെ കൊണ്ടുവരാൻ കഴിയുമെന്ന് നിങ്ങൾ കാണിച്ചുതന്നു. ഞങ്ങൾ നിങ്ങൾക്കുവേണ്ടി പോരാടും, കാരണം ഞങ്ങൾ നിങ്ങളാണ്.
അല്ലെങ്കിൽ, സ്റ്റൈൻവേയിൽ നമ്മൾ പറയുന്നതുപോലെ, ana minkum wa alaikum.(ഏവർക്കും സമാധാനം പുലരട്ടെ).
നമ്മുടെ നഗരത്തിലെ രാഷ്ട്രീയം പലപ്പോഴും മറന്നുപോയ, ഈ പ്രസ്ഥാനത്തെ സ്വന്തമാക്കിയവരോട് നന്ദി. യെമനി ബൊഡേഗ (ചെറുകടകൾ) ഉടമകളെയും മെക്സിക്കൻ അബൂലകളെയും (മുത്തശ്ശിമാർ) കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. സെനഗലീസ് ടാക്സി ഡ്രൈവർമാരെയും ഉസ്ബെക്ക് നഴ്സുമാരെയും ട്രിനിഡാഡിയൻ ലൈൻ കുക്കുകളെയും എത്യോപ്യൻ ആന്റിമാരെയും കുറിച്ചാണ്.
കെൻസിംഗ്ടണിലെയും മിഡ്‌വുഡിലെയും ഹണ്ട്‌സ് പോയിന്റിലെയും ഓരോ ന്യൂയോർക്കുകാരോടും, ഇത് അറിയാം: ഈ നഗരം നിങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യം നിങ്ങളുടേതുമാണ്. ഈ കാമ്പയിൻ വെസ്‌ലിയെപ്പോലുള്ള ആളുകളെക്കുറിച്ചാണ്, വ്യാഴാഴ്ച രാത്രി എൽമ്ഹർസ്റ്റ് ഹോസ്പിറ്റലിന് പുറത്ത് വെച്ച് ഞാൻ കണ്ടുമുട്ടിയ 1199 ഓർഗനൈസർ. വാടക ഈ നഗരത്തിൽ വളരെ കൂടുതലായതിനാൽ പെൻസിൽവാനിയയിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്ത് ഇവിടെ ജോലിക്ക് വരുന്ന, മറ്റെവിടെയോ താമസിക്കുന്ന ഒരു ന്യൂയോർക്കർ.
വർഷങ്ങൾക്ക് മുമ്പ് Bx33-ൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ഒരു സ്ത്രീയെക്കുറിച്ചാണ് ഇത്, അവർ എന്നോട് പറഞ്ഞു, “ഞാൻ ന്യൂയോർക്കിനെ സ്നേഹിച്ചിരുന്നു, പക്ഷേ ഇപ്പോൾ ഇത് ഞാൻ താമസിക്കുന്ന ഒരിടം മാത്രമാണ്.” സിറ്റി ഹാളിന് പുറത്ത് 15 ദിവസത്തെ നിരാഹാര സമരം ഞാനും ചേർന്നു നടത്തിയ ടാക്സി ഡ്രൈവറായ റിച്ചാർഡിനെക്കുറിച്ചാണ് ഇത്, അദ്ദേഹം ഇപ്പോഴും ആഴ്ചയിൽ ഏഴ് ദിവസവും തന്റെ കാബ് ഓടിക്കണം. എന്റെ സഹോദരാ, നമ്മളിപ്പോൾ സിറ്റി ഹാളിലാണ്.
ഈ വിജയം അവർക്കെല്ലാം വേണ്ടിയാണ്. ഈ കാമ്പയിനെ തടയാനാവാത്ത ശക്തിയാക്കി മാറ്റിയ ഒരു ലക്ഷത്തിലധികം വരുന്ന സന്നദ്ധപ്രവർത്തകരായ നിങ്ങൾക്കെല്ലാം വേണ്ടിയാണ്. നിങ്ങളെക്കൊണ്ട്, അധ്വാനിക്കുന്ന ആളുകൾക്ക് വീണ്ടും സ്നേഹിക്കാനും ജീവിക്കാനും കഴിയുന്ന ഒരു നഗരമായി നമ്മൾ ഇതിനെ മാറ്റും. മുട്ടിയ ഓരോ വാതിലിലും, നേടിയ ഓരോ നിവേദന ഒപ്പിലും, കഠിനാധ്വാനം ചെയ്ത ഓരോ സംഭാഷണത്തിലും, നമ്മുടെ രാഷ്ട്രീയത്തെ നിർവചിക്കാൻ വന്ന വിശ്വാസമില്ലാത്ത ചിന്താഗതിയെ നിങ്ങൾ ഇല്ലാതാക്കി.
ഇപ്പോൾ, കഴിഞ്ഞ ഒരു വർഷമായി ഞാൻ നിങ്ങളോട് ഒരുപാട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എനിക്കറിയാം. നിങ്ങൾ എന്റെ ആവശ്യങ്ങൾക്ക് വീണ്ടും വീണ്ടും ഉത്തരം നൽകി – പക്ഷേ എനിക്ക് അവസാനമായി ഒരു അഭ്യർത്ഥനയുണ്ട്. ന്യൂയോർക്ക് സിറ്റി, ഈ നിമിഷം ശ്വാസമെടുക്കുക. നമുക്കറിയുന്നതിലും കൂടുതൽ കാലം നമ്മൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
പരാജയഭീതിയിൽ നമ്മൾ അത് അടക്കിപ്പിടിച്ചു, എണ്ണിയാലൊടുങ്ങാത്ത തവണ നമ്മുടെ ശ്വാസം നിലച്ചുപോയതുകൊണ്ട് നമ്മൾ അത് അടക്കിപ്പിടിച്ചു, ശ്വാസം പുറത്തുവിടാൻ നമുക്ക് കഴിയാത്തതുകൊണ്ട് നമ്മൾ അത് അടക്കിപ്പിടിച്ചു. ഒരുപാട് ത്യാഗം ചെയ്ത എല്ലാവർക്കും നന്ദി. പുനർ ജനിച്ച ഒരു നഗരത്തിന്റെ വായു നമ്മൾ ശ്വസിക്കുകയാണ്.
എന്റെ കാമ്പയിൻ ടീമിനോട്, മറ്റാരും വിശ്വസിക്കാത്തപ്പോൾ വിശ്വസിക്കുകയും ഒരു തിരഞ്ഞെടുപ്പ് പ്രോജക്റ്റിനെ അതിലുമപ്പുറമായി മാറ്റുകയും ചെയ്തതിന്: അവരോട് എന്റെ നന്ദിയുടെ ആഴം എനിക്ക് ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇപ്പോൾ ഉറങ്ങാം.
എന്റെ മാതാപിതാക്കളോട്, മാമയും ബാബയും: നിങ്ങൾ എന്നെ ഇന്നത്തെ ഈ മനുഷ്യനാക്കി മാറ്റി. നിങ്ങളുടെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ അതുല്യയായ ഭാര്യ രമ (എന്റെ ജീവിതം): ഈ നിമിഷത്തിലും എല്ലായിപ്പോഴും എന്റെ അരികിൽ മറ്റാരെക്കാളും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നവൾ.
ഓരോ ന്യൂയോർക്കുകാരോടും – നിങ്ങൾ എനിക്കോ, എന്റെ എതിരാളികളിൽ ഒരാൾക്കോ വോട്ട് ചെയ്താലും, അല്ലെങ്കിൽ വോട്ട് ചെയ്യാൻ കഴിയാത്തത്ര നിരാശനായിരുന്നാലും – നിങ്ങളുടെ വിശ്വാസത്തിന് ഞാൻ യോഗ്യനാണെന്ന് തെളിയിക്കാൻ അവസരം നൽകിയതിന് നന്ദി. ഓരോ പ്രഭാതത്തിലും ഞാൻ ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉണരും: ഈ നഗരത്തെ നിങ്ങൾക്കായി ഇന്നലത്തെക്കാൾ മികച്ചതാക്കാൻ.
ഈ ദിവസം ഒരിക്കലും വരില്ല എന്ന് പലരും കരുതി, ഓരോ തിരഞ്ഞെടുപ്പിലും നമ്മൾ ഭാവി മുരടിച്ചവരായി കൂടുതൽ കാലം ഒരേപോലെ തുടരാൻ മാത്രം വിധിക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടു.
ഇന്നും, പ്രതീക്ഷയുടെ കിരണങ്ങളെ ഇപ്പോഴും കത്തിച്ചു കളയാൻ കഴിയുന്നത്ര ക്രൂരമാണ് രാഷ്ട്രീയം എന്ന് കാണുന്നവരുമുണ്ട്. ന്യൂയോർക്ക്, നമ്മൾ ആ ഭയങ്ങൾക്ക് ഉത്തരം നൽകിയിരിക്കുന്നു.
ഇന്ന് രാത്രി നമ്മൾ വ്യക്തമായ ശബ്ദത്തിൽ സംസാരിച്ചിരിക്കുന്നു. പ്രതീക്ഷയ്ക്ക് ജീവനുണ്ട്. നമ്മെ ആക്രമിക്കുന്ന തുടരെത്തുടരെയുള്ള പരസ്യങ്ങൾക്കിടയിലും, ഓരോ ദിവസവും, ഓരോ സന്നദ്ധപ്രവർത്തന ഷിഫ്റ്റിന് ശേഷവും പതിനായിരക്കണക്കിന് ന്യൂയോർക്കുകാർ എടുത്ത ഒരു തീരുമാനമാണ് പ്രതീക്ഷ. ജനാധിപത്യത്തിന്റെ കണക്കു പുസ്തകം പൂരിപ്പിക്കാനായി നമ്മളിൽ ഒരു ദശലക്ഷത്തിലധികം പേർ നമ്മുടെ പള്ളികളിലും, ജിംനേഷ്യങ്ങളിലും, കമ്മ്യൂണിറ്റി സെന്ററുകളിലും നിന്നു.
നമ്മൾ തനിച്ചാണ് ബാലറ്റുകൾ രേഖപ്പെടുത്തിയതെങ്കിലും, നമ്മൾ ഒരുമിച്ച് പ്രതീക്ഷ തിരഞ്ഞെടുത്തു. പീഡനത്തിനു മുകളിൽ പ്രതീക്ഷ. വലിയ പണത്തിനും ചെറിയ ആശയങ്ങൾക്കും മുകളിൽ പ്രതീക്ഷ. നിരാശയ്ക്ക് മുകളിൽ പ്രതീക്ഷ. അസാധ്യമായത് സാധ്യമാക്കാൻ കഴിയുമെന്ന് ന്യൂയോർക്കുകാർ സ്വയം പ്രതീക്ഷിക്കാൻ അനുവദിച്ചതുകൊണ്ടാണ് നമ്മൾ വിജയിച്ചത്. രാഷ്ട്രീയം എതിരെ ചെയ്യുന്ന ഒന്നായിരിക്കില്ല എന്ന് നമ്മൾ ഉറപ്പിച്ചതുകൊണ്ടാണ് നമ്മൾ വിജയിച്ചത്. ഇപ്പോൾ, ഇത് നമ്മൾ ചെയ്യുന്ന ഒന്നാണ്.
നിങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ, ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു: “ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം വരുന്നു, അപ്പോൾ നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തു വെക്കുന്നു, ഒരു യുഗം അവസാനിക്കുമ്പോൾ, ദീർഘകാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് പ്രകടമാവുന്നു.”
ഇന്ന് രാത്രി നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. അതിനാൽ, ഈ പുതിയ യുഗം എന്ത് നൽകും, ആർക്കുവേണ്ടി നൽകും എന്നതിനെക്കുറിച്ച് തെറ്റിദ്ധരിക്കാൻ കഴിയാത്തവിധം വ്യക്തതയോടും ബോധ്യത്തോടും കൂടി നമുക്ക് ഇപ്പോൾ സംസാരിക്കാം.
നമ്മൾ ഒന്നിനും ശ്രമിക്കാതെ ഭീരുക്കളായി ഒഴികഴിവുകളുടെ ഒരു ലിസ്റ്റ് അവതരിപ്പിക്കുന്നതിനുപകരം, ന്യൂയോർക്കുകാർ നമ്മൾ എന്ത് നേടും എന്നതിനെക്കുറിച്ചുള്ള ധീരമായ ഒരു ദർശനം അവരുടെ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു യുഗമായിരിക്കും ഇത്. ഫിയോറെല്ലോ ലാ ഗാർഡിയയുടെ കാലം മുതലേ ഈ നഗരം അനുഭവിച്ചുവരുന്ന ഏറ്റവും വലിയ ജീവിതച്ചെലവ് എന്ന പ്രതിസന്ധിയെ രണ്ടു ദശലക്ഷത്തിലധികം വാടക നിയന്ത്രിത താമസക്കാരുടെ വാടക മരവിപ്പിക്കുക, ബസുകൾ വേഗതയുള്ളതും സൗജന്യവുമാക്കുക, നമ്മുടെ നഗരത്തിലുടനീളം യൂണിവേഴ്സൽ ശിശു സംരക്ഷണം നൽകുക എന്നിവയിലൂടെ നേരിടുകയായിരിക്കും പ്രധാന അജണ്ട.
വർഷങ്ങൾക്കുശേഷം, ഈ ദിവസം വരാൻ ഇത്രയധികം വൈകിയതിൽ മാത്രമായിരിക്കട്ടെ നമ്മുടെ ഖേദം. ഈ പുതിയ യുഗം ഇടതടവില്ലാത്ത വളർച്ചയുടേതായിരിക്കും. നമ്മൾ ആയിരക്കണക്കിന് അധ്യാപകരെക്കൂടി നിയമിക്കും. ഒരു തിന്നു കൊഴുത്ത ബ്യൂറോക്രസിയിൽ നിന്ന് നമ്മൾ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കും. NYCHA-യുടെ കെട്ടിടങ്ങളിൽ വളരെക്കാലമായി മിന്നിമറയുന്ന ലൈറ്റുകൾ വീണ്ടും പ്രകാശിക്കാൻ നമ്മൾ അവിശ്രമം പ്രവർത്തിക്കും.
നമ്മൾ പോലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കുറ്റകൃത്യങ്ങൾ കുറയ്ക്കുകയും മാനസികാരോഗ്യ പ്രതിസന്ധികളെയും ഭവനരഹിതരുടെ പ്രതിസന്ധികളെയും നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി സുരക്ഷാ വകുപ്പ് സൃഷ്ടിക്കുകയും ചെയ്യുമ്പോൾ സുരക്ഷയും നീതിയും ഒരുമിച്ച് പോകും. മികവ് എന്നത് സർക്കാരിലുടനീളം ഒരു പ്രതീക്ഷയായി മാറും, ഒരു അപവാദമായിരിക്കില്ല. നമ്മൾ നമുക്കായി സൃഷ്ടിക്കുന്ന ഈ പുതിയ യുഗത്തിൽ, ഭിന്നിപ്പിലും വിദ്വേഷത്തിലും വ്യാപാരം നടത്തുന്നവരെ നമ്മൾക്ക് പരസ്പരം അകറ്റാൻ അനുവദിക്കില്ല.
രാഷ്ട്രീയപരമായ ഈ ഇരുണ്ട നിമിഷത്തിൽ, ന്യൂയോർക്ക് വെളിച്ചമായിരിക്കും. ഇവിടെ, നമ്മൾ സ്നേഹിക്കുന്നവർക്കുവേണ്ടി നിലകൊള്ളുന്നതിൽ നമ്മൾ വിശ്വസിക്കുന്നു, നിങ്ങൾ ഒരു കുടിയേറ്റക്കാരനോ, ട്രാൻസ് കമ്മ്യൂണിറ്റിയിലെ അംഗമോ, ഡൊണാൾഡ് ട്രംപ് ഒരു ഫെഡറൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നിരവധി കറുത്ത വർഗ്ഗക്കാരിൽ ഒരാളോ, പലചരക്ക് സാധനങ്ങളുടെ വില കുറയാൻ ഇപ്പോഴും കാത്തിരിക്കുന്ന ഒറ്റ അമ്മയോ, അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആകട്ടെ. നിങ്ങളുടെ പോരാട്ടം ഞങ്ങളുടേത് കൂടിയാണ്.
ജൂത ന്യൂയോർക്കുകാർക്കൊപ്പം ഉറച്ചുനിൽക്കുകയും ആൻറി സെമിറ്റി സിസം എന്ന വിപത്തിനെതിരായ പോരാട്ടത്തിൽ പതറാതെ നിൽക്കുകയും ചെയ്യുന്ന ഒരു സിറ്റി ഹാൾ നമ്മൾ നിർമ്മിക്കും. ഒരു ദശലക്ഷത്തിലധികം മുസ്ലിങ്ങൾക്ക് തങ്ങൾക്ക് സ്ഥാനമുണ്ടെന്ന് അറിയാവുന്ന ഒരിടം – ഈ നഗരത്തിലെ അഞ്ച് മുൻസിപ്പാലിറ്റികളിൽ (boroughs) മാത്രമല്ല, അധികാരത്തിന്റെ ഇടനാഴികളിലും.
ഇനി, മുസ്ലിം വിരോധത്തിൽ വ്യാപാരം നടത്താനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും കഴിയുന്ന ഒരു നഗരമായി ന്യൂയോർക്ക് ഉണ്ടാകില്ല. ഈ പുതിയ യുഗം പാടവവും (competence) അനുകമ്പയും (compassion) കൊണ്ട് നിർവചിക്കപ്പെടും, അവ രണ്ടും വളരെക്കാലമായി പരസ്പരം വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടിരുന്നു. സർക്കാരിന് പരിഹരിക്കാൻ കഴിയാത്തത്ര വലിയ പ്രശ്‌നങ്ങളില്ലെന്നും, ശ്രദ്ധിക്കാൻ കഴിയാത്തത്ര ചെറിയ ആശങ്കകളില്ലെന്നും നമ്മൾ തെളിയിക്കും.
വർഷങ്ങളായി, സിറ്റി ഹാളിലുള്ളവർ അവരെ സഹായിക്കാൻ കഴിയുന്നവരെ മാത്രമേ സഹായിച്ചിട്ടുള്ളൂ. എന്നാൽ ജനുവരി 1-ന്, എല്ലാവരെയും സഹായിക്കുന്ന ഒരു സിറ്റി സർക്കാരിനെ നമ്മൾ കൊണ്ടുവരും.
ഇപ്പോൾ, തെറ്റിദ്ധാരണയുടെ പ്രിസത്തിലൂടെ മാത്രമാണ് പലരും ഞങ്ങളുടെ സന്ദേശം കേട്ടതെന്ന് എനിക്കറിയാം. യാഥാർത്ഥ്യത്തെ പുനർനിർവചിക്കാനും ഈ പുതിയ യുഗം അവരെ ഭയപ്പെടുത്തേണ്ട ഒന്നാണെന്നും അവരെയും നമ്മുടെ അയൽക്കാരെയും ബോധ്യപ്പെടുത്താൻ പതിനായിരക്കണക്കിന് ഡോളർ ചെലവഴിച്ചു. പലപ്പോഴും സംഭവിച്ചതുപോലെ, മണിക്കൂറിന് 20 ഡോളർ സമ്പാദിക്കുന്നവരാണ് തങ്ങളുടെ ശത്രുക്കൾ എന്ന് മണിക്കൂറിന് 30 ഡോളർ സമ്പാദിക്കുന്നവരെ ബോധ്യപ്പെടുത്താൻ ശതകോടീശ്വര വർഗ്ഗം ശ്രമിച്ചു.
അവർ ആളുകൾ പരസ്പരം പോരാടണമെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ ഒരുപാട് കാലമായി തകർന്ന ഒരു വ്യവസ്ഥിതിയെ പുതുക്കിപ്പണിയുന്നതിൽ നിന്ന് നമ്മൾ ശ്രദ്ധ തിരിച്ച് പോകാതിരിക്കാൻ. കളിയുടെ നിയമങ്ങൾ അവർ നിർണ്ണയിക്കുന്നത് ഇനി നമ്മൾ അനുവദിക്കില്ല. അവർക്ക് നമ്മളെയെല്ലാം പോലെ ഒരേ നിയമങ്ങൾ അനുസരിച്ച് കളിക്കാം.
നമ്മൾ ഒരുമിച്ച് ഒരു തലമുറയുടെ മാറ്റം കൊണ്ടുവരും. ഈ ധീരമായ പുതിയ പാതയെ നമ്മൾ സ്വീകരിക്കുകയാണെങ്കിൽ, അതിൽ നിന്ന് ഒളിച്ചോടാതെ, ഏകാധിപത്യത്തോടും സ്വേച്ഛാധിപത്യത്തോടും അത് ഭയപ്പെടുന്ന ശക്തിയോടെ നമുക്ക് പ്രതികരിക്കാൻ കഴിയും, അത് കൊതിക്കുന്ന അനുരഞ്ജനത്തോടെയല്ല.
എല്ലാത്തിനുമുപരി, ഡൊണാൾഡ് ട്രംപിനാൽ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന് അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കണമെന്ന് കാണിച്ചുകൊടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് അദ്ദേഹത്തിന് ഉയർച്ച നൽകിയ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, അത് അയാൾക്ക് അധികാരം സമാഹരിക്കാൻ അനുവദിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്.
ഇതുവഴി നമ്മൾ ട്രംപിനെ മാത്രമല്ല തടയുന്നത്; അയാളെപ്പോലുള്ള അടുത്തയാളെയുമാണ്.അതിനാൽ, ഡൊണാൾഡ് ട്രംപ്, നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാവുന്നതുകൊണ്ട്, നിങ്ങളോട് പറയാൻ എനിക്ക് നാല് വാക്കുകളുണ്ട്: (മൈക്കിന്റെ ശബ്ദം കൂട്ടുക.)
നമ്മൾ മോശം ഭൂവുടമകളെ കണക്കിലെടുക്കും, കാരണം നമ്മുടെ നഗരത്തിലെ ഡൊണാൾഡ് ട്രംപുമാർ അവരുടെ വാടകക്കാരെ മുതലെടുക്കുന്നതിൽ വളരെയധികം അവസരം കണ്ടെത്തിയിരിക്കുന്നു. നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും ട്രംപിനെപ്പോലുള്ള ശതകോടീശ്വരന്മാരെ അനുവദിച്ച അഴിമതിയുടെ സംസ്കാരം നമ്മൾ അവസാനിപ്പിക്കും. നമ്മൾ യൂണിയനുകൾക്കൊപ്പം നിലകൊള്ളുകയും തൊഴിൽ സംരക്ഷണം വിപുലീകരിക്കുകയും ചെയ്യും, കാരണം അധ്വാനിക്കുന്ന ആളുകൾക്ക് ഇരുമ്പ് ഉറപ്പുള്ള അവകാശങ്ങൾ ഉണ്ടാകുമ്പോൾ, അവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന യജമാനന്മാർ വളരെ ചെറുതായി പോകുമെന്ന് ഡൊണാൾഡ് ട്രംപിനെപ്പോലെ ഞങ്ങൾക്കും അറിയാം.
ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും: കുടിയേറ്റക്കാർ നിർമ്മിച്ച നഗരം, കുടിയേറ്റക്കാർക്ക് ശക്തി നൽകുന്ന നഗരം, ഇന്ന് രാത്രി മുതൽ, ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം.
അതുകൊണ്ട്, പ്രസിഡന്റ് ട്രംപ്, ഞാൻ ഇത് പറയുമ്പോൾ കേൾക്കുക: ഞങ്ങളിൽ ആരെയെങ്കിലും സമീപിക്കണമെങ്കിൽ, നിങ്ങൾ ഞങ്ങളെല്ലാവരിലൂടെയും കടന്നുപോകേണ്ടിവരും. 58 ദിവസത്തിനുള്ളിൽ നമ്മൾ സിറ്റി ഹാളിൽ പ്രവേശിക്കുമ്പോൾ, പ്രതീക്ഷകൾ ഉയർന്നതായിരിക്കും. നമ്മൾ അവ നിറവേറ്റും. ഒരു മഹാനായ ന്യൂയോർക്കർ ഒരിക്കൽ പറഞ്ഞു, നിങ്ങൾ കവിതയിൽ കാമ്പയിൻ ചെയ്യുമ്പോൾ, നിങ്ങൾ ഗദ്യത്തിൽ ഭരിക്കുന്നു എന്ന്.
അത് സത്യമായിരിക്കണം എന്നുണ്ടെങ്കിൽ, നമ്മൾ എഴുതുന്ന ഗദ്യത്തിന് ഇപ്പോഴും താളമുണ്ടായിരിക്കട്ടെ, എല്ലാവർക്കുമായി ഒരു തിളങ്ങുന്ന നഗരം നമ്മൾ നിർമ്മിക്കട്ടെ. നമ്മൾ ഇതിനകം യാത്ര ചെയ്ത പാതയെപ്പോലെ ധീരമായ ഒരു പുതിയ പാത നമ്മൾ കണ്ടെത്തണം. എല്ലാത്തിനുമുപരി, ഞാൻ പരിപൂർണ്ണനായ സ്ഥാനാർത്ഥിയിൽ നിന്ന് വളരെ അകലെയാണെന്ന് പരമ്പരാഗത ബുദ്ധി നിങ്ങളോട് പറയും.
പ്രായമാകാനുള്ള എന്റെ എല്ലാ ശ്രമങ്ങൾക്കിടയിലും ഞാൻ ചെറുപ്പമാണ്. ഞാൻ മുസ്ലിമാണ്. ഞാൻ ഒരു democratic socialist ആണ്. എല്ലാത്തിനും ഉപരിയായി ഇരുണ്ടതായ കാര്യം, ഇതിനൊന്നും ഞാൻ ക്ഷമ ചോദിക്കാൻ വിസമ്മതിക്കുന്നു എന്നതാണ്.
എന്നിട്ടും, ഇന്ന് രാത്രി നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ, അത് പാരമ്പര്യം നമ്മളെ പിന്നോട്ട് വലിച്ചു എന്നതാണ്. നമ്മൾ അതിശ്രദ്ധയുടെ ബലിപീഠത്തിന് മുന്നിൽ തലകുനിച്ചു, അതിന് വലിയ വില നൽകി. വളരെയധികം അധ്വാനിക്കുന്ന ആളുകൾക്ക് നമ്മുടെ പാർട്ടിയിൽ അവരെത്തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല, നമ്മളിൽ പലരും എന്തിനാണ് തങ്ങളെ ഒറ്റപ്പെടുത്തിയത് എന്നതിനുള്ള ഉത്തരങ്ങൾക്കായി വലത് പക്ഷത്തേക്ക് തിരിഞ്ഞിരിക്കുന്നു.
നമ്മൾ ദൗർബല്യങ്ങൾ (mediocrity) നമ്മുടെ ഭൂതകാലത്തിൽ ഉപേക്ഷിക്കും. ഡെമോക്രാറ്റുകൾക്ക് മഹത്വമുള്ളവരാകാൻ ധൈര്യപ്പെടാൻ കഴിയുമെന്ന് തെളിയിക്കാൻ ഇനി ഒരു ചരിത്രപുസ്തകം തുറക്കേണ്ടിവരില്ല.
നമ്മുടെ മഹത്വം അമൂർത്തം ആയിരിക്കില്ല. ഓരോ മാസവും ഒന്നാം തീയതി ഉണരുമ്പോൾ, കഴിഞ്ഞ മാസത്തേക്കാൾ തങ്ങൾ നൽകേണ്ട തുക വർദ്ധിച്ചിട്ടില്ലെന്ന് അറിയുന്ന ഓരോ വാടക നിയന്ത്രിത താമസക്കാരനും അത് അനുഭവിക്കാൻ കഴിയും. അവർ കഠിനാധ്വാനം ചെയ്ത വീട്ടിൽ താമസിക്കാൻ കഴിയുന്ന ഓരോ മുത്തശ്ശനും മുത്തശ്ശിക്കും, ശിശു സംരക്ഷണത്തിന്റെ ചിലവ് കുറഞ്ഞതുകൊണ്ട് ലോംഗ് ഐലൻഡിലേക്ക് അവരുടെ പേര ക്കുട്ടികളെ അയക്കേണ്ടി വരില്ല. അയക്കാത്തതുകൊണ്ട് അവരുടെ പേരക്കുട്ടികൾക്ക് അടുത്ത് താമസിക്കാൻ കഴിയുന്നവർക്കും ഇത് അനുഭവിക്കാൻ കഴിയും.
യാത്ര ചെയ്യുമ്പോൾ സുരക്ഷിതയായിരിക്കുന്ന, സ്കൂളിൽ കുട്ടികളെ വിട്ട ശേഷം വേഗത്തിൽ ജോലിക്ക് എത്താൻ കഴിയുന്നത്ര വേഗത്തിൽ ഓടുന്ന ബസുള്ള ഒറ്റ അമ്മയ്ക്ക് ഇത് അനുഭവിക്കാൻ കഴിയും. വിജയത്തിന്റെ തലക്കെട്ടുകൾ വായിക്കാൻ ന്യൂയോർക്കുകാർ രാവിലെ അവരുടെ പത്രങ്ങൾ തുറക്കുമ്പോൾ ഇത് അനുഭവിക്കാൻ കഴിയും, അല്ലാതെ അഴിമതിയുടേതല്ല.
എല്ലാത്തിനും ഉപരിയായി, അവർ സ്നേഹിക്കുന്ന നഗരം ഒടുവിൽ അവരെ തിരികെ സ്നേഹിക്കുമ്പോൾ ഓരോ ന്യൂയോർക്കുകാരനും ഇത് അനുഭവിക്കാൻ കഴിയും.
ന്യൂയോർക്ക്, നമ്മൾ ഒരുമിച്ച് മരവിപ്പിക്കാൻ പോകുന്നത്… [വാടക!] ന്യൂയോർക്ക്, നമ്മൾ ഒരുമിച്ച് ബസുകൾ വേഗതയുള്ളതും… [സൗജന്യവുമാക്കാൻ!] പോകുന്നു. ന്യൂയോർക്ക്, നമ്മൾ ഒരുമിച്ച് യൂണിവേഴ്സൽ… [ശിശു സംരക്ഷണം!] നൽകാൻ പോകുന്നു.
നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളും ഒരുമിച്ച് സംസാരിച്ച വാക്കുകളും നമ്മൾ ഒരുമിച്ച് നടപ്പിലാക്കാൻ പോകുന്നു.
നന്ദി
സോഹ്രാൻ മംദാനിയുടെ വിജയപ്രസംഗത്തിന്റെ പൂർണ്ണ പരിഭാഷ
Zohran Mamdani (Mayor- elect of New York)
കടപ്പാട്: The New York Times Nov.05 2025

ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

ജ്ഞാന ഭാഷ ഉജ്വലമായ ആ പ്രസംഗത്തിന്റെ രാഷ്ട്രീയം കൃത്യമായി അറിഞ്ഞ് അടയാള പ്പെടുത്തി 👍👍.
സാർ പരിഭാഷയിൽ ‘ turn the volium up’ എന്ന് മോഹസാനി പറയുന്നത് ഒരു ആലങ്കാരിക രാഷ്ട്രീയ പ്രേയോഗത്തെ അല്ലെ സൂചിപ്പിക്കുന്നത്. മൈക്കിന്റെ സൗണ്ട് കൂട്ടാൻ അല്ലല്ലോ?.മോഹസാനി ഉദ്ദേശിച്ചത്. നിങ്ങൾ (ട്രമ്പ്) പറയു കൂടുതൽ ഉച്ചത്തിൽ ഞങ്ങളെ (കുടിയേറ്റ ക്കാർ, ട്രാൻസ്, ഇതര രാഷ്ട്രീയ വംശീ യ സ്വത്വം ഉള്ളവർ) അധിക്ഷേപിക്കു.. എന്നായിരിക്കില്ലേ?