
ഡോ. അനീഷ് പോൾ
Published: 10 Navomber 2025 ഇൻന്ത്യനറിവ്
അർത്ഥശാസ്ത്രത്തിലെ നീതിസങ്കല്പങ്ങൾ
സംഗ്രഹം
വൈദികകാലത്തിന്റെ അന്ത്യത്തോടെ പരസ്‌പരം മല്ലടിക്കുന്ന ജനപദങ്ങൾ ഉയർന്നുവരികയും അവയിൽ ഏറ്റവും പ്രബലമായവ രാഷ്ട്രങ്ങളായി മാറുകയും ചെയ്തു. ഇവയുടെമേലെല്ലാം ആധിപത്യം പുലർത്തിക്കൊണ്ട് ഉയർന്നുവന്ന മഗധം പുതിയ ഭരണ സംവിധാനങ്ങളുടെയും നിയമവ്യവസ്ഥകളുടെയും കേന്ദ്രമായി മാറി. മതാനുഷ്‌ഠാനങ്ങളെയും വർണ്ണസമ്പ്രദായങ്ങളെയും നിലനിർത്തികൊണ്ട് നീതിവ്യവസ്ഥയെ പരിഷ്കരിച്ച് രാഷ്ട്രചിന്തയോടടുപ്പിച്ചത് മഗധത്തിന്റെ ഭരണസംവിധാനമാണ്. അതിന്റെ ആധികാരികരേഖ അർത്ഥശാസ്ത്രം ആയിരുന്നു.
സൂചകപദങ്ങൾ: നൈതികത, രാഷ്ട്രം, രാജാവ്, കോശസമ്പാദനം, ഗൂഢപുരുഷൻ, ഗൂഢതന്ത്രം
ഭരണകാര്യങ്ങളിൽ സമർത്ഥനായ ഒരു രാജാവിനെ സൃഷ്‌ടിക്കുക എന്നതാണ് അർത്ഥശാസ്ത്രത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്തിലെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വെല്ലുവിളികളെയും തന്ത്രപരമായി നേരിട്ട് സാമ്പത്തികപുരോഗതിയും വളർച്ചയും ഉണ്ടാക്കുന്നതിനുള്ള ശാസ്ത്രവിധികളാണിത്. “രാജവാഴ്‌ച ആരംഭിച്ചതോടുകൂടി രാജനീതിയെക്കുറിച്ചും രാജശാസ്ത്രങ്ങളെക്കുറിച്ചും അന്നോളമുണ്ടായിരുന്ന വാമൊഴികളും വരമൊഴികളും എല്ലാമെടുത്ത് ഗവേഷണബുദ്ധിയോടെ പഠിച്ച് തന്റെ പ്രാമാണികഗ്രന്ഥമായ അർത്ഥശാസ്ത്രത്തിലൂടെ ക്രോഡീകരിച്ച ലോകത്തിലെ ആദ്യത്തെ പ്രായോഗിക രാഷ്ട്രതന്ത്രജ്ഞനാണ് കൗടില്യൻ” എന്ന് സി.ടി. വില്യം (2005:15) വിലയിരുത്തുന്നു. കീഴടക്കലുകളുടെയും രാഷ്ട്രരൂപീകരണത്തിന്റെയും സാമ്രാജ്യത്വവാഴ്‌ചയുടെയും ഒരു കാലഘട്ടമായിരുന്നതിനാൽ അതിനുചേരുന്ന ഒരു രാഷ്ട്രതന്ത്രം മെനയുക എന്നതായിരുന്നു ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. “ബഹുജനങ്ങളുടെ ആസ്വാദനത്തിനും ബോധവത്ക്കരണത്തിനും ഉദ്ദേശിക്കപ്പെട്ട കാവ്യനാടകാദികളിൽനിന്നും വ്യത്യസ്തമായ അർത്ഥശാസ്ത്രം തികച്ചും മന്ത്രിമാരുടെയും രാജകുമാ രന്മാരുടെയും പ്രയോജനം മാത്രം ലക്ഷ്യമാക്കിയുള്ള ഒരു ഗൂഢതന്ത്രമായിരുന്നു” എന്ന് എം. ജി.എസ്. നാരായണൻ (2016:6) വിലയിരുത്തുന്നു. ഈ ലക്ഷ്യത്തോടെ എഴുതപ്പെട്ട ചാണക്യനീതി പിന്നീട് ആധിപത്യത്തിനുള്ള അടിസ്ഥാന നീതിശാസ്ത്രമായി. ഭരണകൂടത്തെ കുറ്റമറ്റതായി ചിത്രീകരിച്ചുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു അധികാരതന്ത്രമാണ് കൗടില്യശാസ്ത്രമെന്ന് പലരും ഇതിനെ വിമർശിച്ചിട്ടുണ്ട്.
ഭരണം മുഴുവൻ രാജാവിൽ വന്നുചേരുന്ന ശാസ്ത്രവിധികളാണ് കൗടലീയം. ഒരു ഭരണകൂടം രൂപപ്പെടുമ്പോൾ ഏഴു ഘടകങ്ങൾ ഉണ്ടായിരിക്കണമെന്നാണ് അർത്ഥശാസ്ത്രകാരൻ പഠിപ്പിക്കുന്നത്. ഈ ഘടകങ്ങളെയാണ് സപ്‌താംഗസിദ്ധാന്തമെന്ന് കൗടില്യൻ വിളിക്കുന്നത്. സ്വാമി, അമാത്യൻ, ജനപദം, ദുർഗം, കോശം, ദണ്ഡം, മിത്രം എന്നിവയിൽ രാജാവിനും കോശസമ്പാദനത്തിനുമാണ് ഏറ്റവും പ്രാധാന്യം കല്‌പിച്ചിരിക്കുന്നത്. സപ്താംഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജാവാണ്. രാജാവിന്റെ പദവികൾ പരിധികളില്ലാത്തതാണ്. ഭരണസംവിധാനങ്ങൾ മുഴുവൻ രാജകേന്ദ്രിതമായിരുന്നതിനാൽ മന്ത്രിപരിഷത്പോലുള്ള സമിതികൾ പരിമിത ചട്ടക്കൂട്ടിലൊതുങ്ങി. മാത്രമല്ല, രാജാവിന്റെ സമിതികളെയെല്ലാം നിരീക്ഷിക്കാൻ അനവധി ചാരന്മാരും ഗൂഢപുരുഷന്മാരും യഥേഷ്ടം സഞ്ചരിച്ചി രുന്നു. ചാരന്മാർക്കുണ്ടാകുന്ന വെറും ഒരു സംശയത്തെപ്രതി ഏറ്റവും പ്രധാന ഉദ്യോഗസ്ഥനായ അമാത്യനെപ്പോലും ഗൂഢവധം നടത്താൻ ചാണക്യനീതി അനുവദിക്കുന്നു. ജനപ്രീതിയുള്ളവരെ നേരിട്ടു വധിച്ചാൽ രാജാവിനെ ജനങ്ങൾ വെറുക്കുമെന്നതിനാൽ പല തരത്തിലുമുള്ള ഗൂഢവധങ്ങളും ചാരന്മാർ നടത്തിയിരുന്നു.
രാജാവിന്റെ അധികാരപദവികളും കോശസമ്പാദനത്തിനുവേണ്ടിയുള്ള നിഗൂഢപദ്ധതികളും അർത്ഥശാസ്ത്രത്തെ ഇതര ശാസ്ത്രഗ്രന്ഥങ്ങളിൽനിന്നും വ്യത്യസ്തമാക്കി. വർണ്ണാശ്രമധർമ്മഘടന ഈ കാലഘട്ടത്തിൽ നിലനിന്നിരുന്നുവെങ്കിലും ധർമ്മശാസ്ത്രങ്ങളിലെ മതനിഷ്ഠകളുടെ അമിത കാർക്കശ്യത്തിന് അർത്ഥശാസ്ത്രം പ്രാധാന്യം നല്‌കുന്നില്ല. മാത്രമല്ല ശുദ്രന്റെ പദവികളെ കൂടുതൽ മാന്യമാക്കാൻ അർത്ഥശാസ്ത്രകാരൻ ശ്രമിക്കുന്നു. ഭൂമി നല്കുക, ചില അവകാശങ്ങൾ അവർക്കു നല്‌കുക എന്നതെല്ലാം ഇത്തരത്തിൽപ്പെട്ട പുതിയ ചുവടുവെയ്‌പുകൾ തന്നെയാണ്. എന്നാൽ, ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ തുല്യനീതിക്കുവേണ്ടിയല്ല, മറിച്ച് ധനസമ്പാദനത്തിനുള്ള ഒരു പുത്തൻ മാർഗ്ഗമായിട്ടാണ് കൗടില്യൻ ആവിഷ്‌കരിച്ചിരിക്കുന്നത്.
അർത്ഥശാസ്ത്രത്തിന്റെ ഒന്നാം അധികരണത്തിൽത്തന്നെ ദണ്ഡനീതിയെക്കുറിച്ച് കൗടില്യൻ രാജാവിന് ഉപദേശം നല്‌കുന്നു. രാജാധികാരം നിലനിർത്തുന്നതിനുള്ള ഏക മാർഗ്ഗം ദണ്ഡം മാത്രമാണ്. ദണ്ഡത്തിലൂടെയല്ലാതെ രാജാവിന് മുന്നേറാൻ സാധിക്കുകയില്ല. “അലബ്ധമായ ഐശ്വര്യത്തെ ലഭിക്കുവാനും, ലബ്‌ധമായതിനെ രക്ഷിക്കുവാനും, രക്ഷിതമായതിനെ വർദ്ധിപ്പിക്കാനും വർദ്ധിച്ചതിനെ സൽപാത്രങ്ങളിൽ അർപ്പിക്കാനും ദണ്ഡനീതി പ്രയോജനപ്പെടുന്നു. അതിന്നധീനമായിട്ടാണ് ലോകയാത്ര നടക്കുന്നത്. ആകയാൽ, ലോകയാത്ര നടക്കേണമെന്നിച്ഛിക്കുന്ന രാജാവ് എപ്പോഴും ദണ്ഡത്തെ പ്രയോഗിക്കണം” (കെ.വി. എം. 1993:35). ഈ ദണ്ഡം അർഹതനോക്കി നല്‌കണമെന്നും കൗടില്യൻ പറയുന്നു. അത് എറിയാലും കുറഞ്ഞാലും ജനങ്ങളുടെ വെറുപ്പിനു കാരണമാകും. മൃദുവായ ദണ്ഡമാണ് നല്‌കുന്നതെങ്കിൽ അത് ലഭിക്കുന്ന ജനം ദണ്ഡത്തെ ഗൗനിക്കുകയില്ല. ശിക്ഷാവിധി ഏറിയാൽ ജനങ്ങൾ രാജാവിനെ വെറുക്കുകയും ചെയ്യും. അതിനാൽ കഠിന ശിക്ഷാവിധികൾ ചാരന്മാരെക്കൊണ്ട് നിഗൂഢമായി നടപ്പിലാക്കണം എന്ന് അർത്ഥശാസ്ത്രം അനുശാസിക്കുന്നു. ജനങ്ങളെ ദണ്ഡമുപയോഗിച്ച് അമർച്ചചെയ്യുന്നതും അവരിൽ ഭയം ജനിപ്പിക്കുന്നതും നീതിയായിട്ടാണ് കൗടില്യൻ വിശദീകരിക്കുന്നത്.
ഗൂഢപുരുഷന്മാരും ഗൂഢദണ്ഡവും
രാജാവിന്റെ സുരക്ഷയെക്കുറിച്ച് അർത്ഥശാസ്ത്രകാരൻ ഏറെ വ്യഗ്രത പുലർത്തുന്നു. പൊതുതാല്പര്യത്തിനു വേണ്ടിയോ, രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയോ ജീവൻ ത്യജിക്കാൻപോലും രാജാവ് സന്നദ്ധനാകണമെന്ന ദർശനത്തോട് കൗടില്യൻ യോജിക്കുന്നില്ല. പ്രജാഹിതം മാത്രം നടപ്പാക്കാമെന്ന് സ്ഥാനാരോഹണച്ചടങ്ങിൽ പ്രതിജ്ഞ ചെയ്തിരുന്ന ഗോത്രഘടനയിലെ മുഖ്യന്മാരുടെയോ രാജാക്കന്മാരുടെയോ നിയമങ്ങളെ കൗടില്യൻ പിൻതുടരുന്നില്ല. ചാരന്മാരെക്കൊണ്ടും നിഗൂഢ പുരുഷന്മാരെക്കൊണ്ടും രാജാവിന്റെ സുരക്ഷ ഉറപ്പാക്കുന്നതാണ് കൗടില്യനീതി. രാജാവിന്റെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥരെയും വിശ്വസ്തരെയും നിരീക്ഷണവിധേയമാക്കണം. കാപടികൻ, ഉദാസ്ഥിതൻ (സന്യാസത്തിൽ നിന്ന് ഭ്രഷ്ടനായവൻ) ഗൃഹപരിവ്യജ്ഞൻ (ഉപജീവനത്തിനു വകയില്ലാത്ത കർഷകൻ) വൈദേഹവ്യജ്ഞൻ (ഉപജീവനത്തിനു വകയില്ലാത്ത കച്ചവടക്കാരൻ) താപസവ്യജ്ഞൻ (ഉപജീവനത്തിനു വകയില്ലാത്ത താപസൻ), സ്ത്രീകൾ, തീക്ഷ്‌ണന്മാർ, രസദൻമാർ, ഭിക്ഷുകികൾ എന്നിവരാണ് ചാരന്മാരും ഗൂഢപുരുഷന്മാരുമായി പ്രവർത്തിച്ചിരുന്നത്. ഇവരിലൂടെ രാജാവിനെതിരായി നില്ക്കുന്നവരെ കണ്ടെത്തി വധിച്ചു കളയണമെന്നതാണ് ദണ്ഡനീതി. “ആർ തക്കകാരണമുണ്ടായിട്ടും രാജാവിന്റെ നേരെ ക്രുദ്ധരായിരിക്കുന്നവോ അവരെ മന്ത്രി ധനമാനങ്ങൾ നൽകി ഒതുക്കണം. അകാരണമായി ക്രോധിച്ചവരേയും രാജദ്വേഷം ചെയ്യുന്നവരേയും തുഷ്ണീദണ്ഡം (ഗൂഢവധം) കൊണ്ട് ശമിപ്പിക്കുകയും വേണം” (1993:47-48). രാജാവിന്റെ തെറ്റിനെ ചൂണ്ടിക്കാണിക്കാനോ, രാജ്യത്തിന്റെ നന്മയെ കരുതി പ്രതിഷേധനടപടികൾ സ്വീകരിക്കാനോ പ്രജകൾക്ക് ഒരിക്കലും സാധ്യമല്ലായിരുന്നു.
സ്വന്തം പുത്രൻമാരെപ്പോലും രാജാവിൽനിന്നും അകറ്റി പാർപ്പിക്കണമെന്നും വ്യക്തിപരമായ ബന്ധങ്ങൾക്കോ സ്നേഹവികാരങ്ങൾക്കോ ഇടവരരുതെന്നും കൗടില്യൻ നിർദ്ദേശിക്കുന്നു. പ്ലേറ്റോയുടെ ദി റിപ്പബ്ലിക്കിൽ, രാജാവ് വികാരരഹിതനായിരിക്കണമെന്നും കുടുംബമോ മറ്റ് കെട്ടുപാടുകളോ പാടില്ലെന്നുമാണ് വിധിച്ചിരിക്കുന്നത്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും ഇത്തരം ചിന്താഗതികൾ കാണാവുന്നതാണ്. “ജനനം മുതൽ രാജപുത്രന്മാരെ രക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണ്. അവരുടെ പേരിൽ പിതാവിനു സ്നേഹമുറപ്പിയ്ക്കുന്നതിനു മുമ്പേ ഉപാംശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണ് നല്ലതെന്ന് ഭരദ്വാജൻ പറയുന്നു” (1993:62). അർത്ഥശാസ്ത്രത്തിലെ നീതിസങ്കല്പത്തിൽ അധികാരസുരക്ഷയും കോശസമ്പാദനവുമല്ലാതെ മറ്റൊന്നും പ്രധാനമല്ലെന്ന് ഇത്തരം ദർശനങ്ങൾ തെളിയിക്കുന്നു.
ഗൂഢപുരുഷന്മാർക്ക് ആരെയെങ്കിലും സംശയം തോന്നിയാൽ യാതൊരു വിചാരണയും കൂടാതെ അവരെ വധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അർത്ഥശാസ്ത്രം വിശദീകരിക്കുന്നു. വ്യക്തിയുടെ പദവിക്കോ അയാൾ ആ രാജ്യത്തിനുവേണ്ടി ചെയ്‌തിട്ടുള്ള സേവനങ്ങൾക്കോ ഒന്നും പ്രാധാന്യം കല്പിക്കുന്നില്ല. ചാരന് ഗ്രാമമുഖ്യനെക്കുറിച്ചോ അധ്യക്ഷനെക്കുറിച്ചോ സംശയം തോന്നിയാൽ അവരുടെ വികാരങ്ങളെ മുതലെടുത്ത് ചതിയിൽപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നത് രാജ്യസുരക്ഷയുടെ ഭാഗമായ നീതിയാണെന്ന് കൗടില്യൻ വ്യാഖ്യാനിക്കുന്നു. ഈ വ്യക്തികളെ സംശയത്തിന്റെ പേരിൽ ശിക്ഷിക്കുന്നതിനു മുമ്പ് വിചാരണ നടത്താനോ, അവരെ ധാർമ്മികമായി അളക്കാനോ അവരുടെ സേവനം വീണ്ടും രാജ്യത്തിനു വേണ്ടി ഉപയോഗിക്കാനോ ഈ നീതിവ്യവസ്ഥ അനുവദിക്കുന്നില്ല. ഓരോ വ്യക്തിയും ഗൂഢ പുരുഷന്മാരാൽ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനാൽ, അവരുടെ സ്വാതന്ത്ര്യത്തിനോ സ്വത്തിനോ ജീവനോ ഒരു സുരക്ഷിതത്വവും കൗടില്യനീതി നല്‌കുന്നില്ല എന്നു മനസ്സിലാക്കാം.
ജനപിന്തുണയുള്ള ഒരു വ്യക്തി രാജ്യത്തിനോ രാജാവിനോ എതിരാണെന്നു തോന്നിയാൽ, ആ വ്യക്തിയെ തടവിൽ പാർപ്പിക്കേണ്ടതിനു പകരം നിഗൂഢമായി വധിക്കാൻ അർത്ഥശാസ്ത്രം അനുവദിക്കുന്നു. ഇത്തരം വ്യക്തികളെ അവരുടെ ചാർച്ചക്കാരെ ഉപയോഗിച്ച് ചതിയിൽ വീഴിക്കണം. ചാർച്ചക്കാരനെ ജനപ്രിയനായ മുഖ്യന്റെ അടുത്തേക്ക് അയയ്ക്കകയും ചാരന്മാരെക്കൊണ്ട് അവിടെവച്ച് കൊലചെയ്യിക്കുകയും വേണം. സഹോദരനെ കൊന്നവനാണെന്ന് ആരോപിച്ച് അങ്ങനെ മുഖ്യനെയും വധിക്കണം. ഇതേപോലെതന്നെ രാജദ്രോഹിയായ മാഹാമാത്രന്റെ പുത്രനെക്കൊണ്ട് മഹാമാത്രനെ വധിക്കുന്ന രീതിയും കൗടില്യനീതിയിൽ വിവരിക്കുന്നുണ്ട്. മഹാമാത്രന്റെ പുത്രനെ അവൻ രാജപുത്രനാണെന്ന് ധരിപ്പിക്കണം. സുരക്ഷയെ പ്രതിയാണ് ജനിച്ചനാൾ മുതൽ അവനെ മഹാമാത്രന്റെ കൂടെ പാർപ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞ് അവനോട് രാജാവ് ആദരവു കാണിക്കണം. അവനെ യുവരാജാവാക്കാത്തത് മഹാമാത്രനെ ഭയന്നിട്ടാണെന്ന് ബോധ്യപ്പെടുത്തി മഹാമാത്രനെ വധിപ്പിക്കണം. ഒടുവിൽ ആ കുറ്റം ചുമത്തി അവനേയും വധിക്കണം.
ദൂഷ്യൻമാർ (രാജാവിനെതിരുള്ളവർ) വസിക്കുന്ന ഗ്രാമങ്ങളിലും കുലങ്ങളിലും ആളുകളെ തമ്മിൽ തെറ്റിച്ച് കലഹം സൃഷ്ടിക്കണം. അവർ പാർക്കുന്ന സ്ഥലങ്ങളിലെ കുളങ്ങൾ, വാഹനങ്ങൾ, സസ്യങ്ങൾ എന്നിവയക്ക് നാശം വരുത്തി ആളുകളെ ചേരികളാക്കണം. രാജ്യദ്രോഹികളെന്നു കരുതുന്നവരെ ചാരൻമാർ വധിച്ച് കുറ്റം എതിർചേരിയിലുള്ളവരിൽ ചുമത്തി അവരെയും വധിക്കണം. ഇത്തരം തന്ത്രങ്ങളെ ഗൂഢദണ്ഡം എന്നാണ് ചാണക്യൻ വിളിക്കുന്നത്. ഈ ദണ്ഡനീതിയിലൂടെ, രാജ്യദ്രോഹികൾ മാത്രമല്ല നിരപരാധികളും വധിക്കപ്പെടുന്നു. നിരപരാധികളെ യാതൊരു നീതീകരണവുമില്ലാതെ കൊല ചെയ്യുന്നതിനെ അർത്ഥശാസ്ത്രം ശരിവയ്ക്കുന്നു
അർത്ഥോത്പാദനത്തിലെ അനൈതിക വ്യവസ്ഥകൾ
അർത്ഥോല്പാദനം നടത്തുന്നതിന് തടസ്സമാകുന്ന എല്ലാറ്റിനേയും ഇല്ലായ്‌മ ചെയ്യണമെന്നാണ് അർത്ഥശാസ്ത്രം പഠിപ്പിക്കുന്നത്. പ്ലേറ്റോയുടെ ദി റിപ്പബ്ലിക്കിൽ കലകളും മറ്റ് സാഹിത്യചിന്തകളും നഗരരാഷ്ട്രത്തിൽനിന്നും നിർമ്മാർജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നപോലെ, അർത്ഥസമ്പാദനത്തിനു തടസ്സമാകുന്ന സാഹിത്യത്തെയും കലകളെയും കൗടില്യനീതിയും നിരാകരിക്കുന്നു. “തൊഴിലാളികളെ അവരുടെ തൊഴിലിൽനിന്ന് വ്യതിചലിപ്പിക്കുന്ന, തൊഴിലിനോട് വിമുഖതയും അനാസ്ഥയും ഉണ്ടാക്കുന്നതുമായ വിനോദങ്ങൾപോലും കൗടില്യൻ നിരോധിച്ചിരുന്നു” (2005:36). രാജ്യത്തിലെ എല്ലാ പ്രവൃത്തികളും പണസമ്പാദനത്തിനു മാത്രമുള്ളതാണെന്ന നൈതികബോധം അർത്ഥശാസ്ത്രത്തിൽ പ്രധാനമാണ്. പണം പിഴയായി നല്‌കാനുള്ള ശിക്ഷകളാണ് മിക്കകേസുകളിലും കോടതികൾ വിധിച്ചിരിക്കുന്നത്. ധർമ്മശാസ്ത്രത്തിൽ അനുശാസിക്കുന്ന അംഗച്ഛേദവും വധവും കോടതിവിധികളിൽ ഉണ്ടായിരുന്നുവെങ്കിലും അവ അർത്ഥശാസ്ത്രകാലത്ത് വളരെ കുറവായിരുന്നു. കോടതികളിൽ പോലും ശരിയായ നീതി പുലരുക എന്നതിനപ്പുറം പണസമ്പാദന മായിരുന്നു മുഖ്യലക്ഷ്യമായി നിലനിന്നത്.
ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിച്ച് പണം സമ്പാദിക്കുന്നതിനെയും കൗടില്യൻ നീതീകരിക്കുന്നു. ദേവസ്ഥാനം, ചൈത്യസ്ഥാനം, പുണ്യസ്ഥാനം എന്നിവ രാത്രിയിൽ നിർമ്മിച്ച്, അവയെ ദൈവസൃഷ്ടമെന്ന് പ്രചരിപ്പിച്ച് ഉത്സവങ്ങളും പൂജകളും നടത്തി പണം സമ്പാദിക്കുന്ന മാർഗ്ഗങ്ങൾ അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. “സിദ്ധവ്യജ്ഞന്മാർ ഒരു വൃക്ഷത്തിന്മേൽ മനുഷ്യൻ കരമായിത്തരുവാൻ നിർബന്ധിക്കുന്ന ഒരു രക്ഷസ്സിന്റെ ഭയത്തെ പൗരപദന്മാർക്കു കപടമായി കാട്ടിക്കൊടുത്ത് ധാരാളം ഹിരണ്യം വാങ്ങി അതിനെ നിവാരണം ചെയ്യണം” (1993:330), സർപ്പത്തെ മയക്കുമരുന്ന് നല്കി നാഗപ്രതിമയിലോ, മൺപുറ്റിലോ, ചൈത്യത്തിലോ സ്ഥാപിച്ച് ദേവസാന്നിദ്ധ്യം ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കണം. വിശ്വാസമില്ലാത്തവരുടെമേൽ ദേവതാശാപം ഉണ്ടാകുമെന്ന് പറഞ്ഞു പ്രചരിപ്പിക്കണം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവനെ സർപ്പദംശനം ഏല്പിച്ച് ഇത് സ്ഥിരീകരിക്കുകയും വേണം. കോശസമ്പാദനത്തിനുവേണ്ടി മതപരമായ വിശ്വാസങ്ങളും കപടമായ ആത്മീയമാർഗ്ഗങ്ങളും ഉപയോഗിക്കാൻ പോലും കൗടില്യനീതി അനുവദിക്കുന്നു.
ചുരുക്കത്തിൽ, ഏതു മാർഗ്ഗത്തിലൂടെ ആയാലും രാജാവിന്റെ സംരക്ഷണവും കോശസമ്പാദനവും സാധ്യമാക്കുന്ന ഒരു നീതിസംവിധാനമാണ് കൗടല്യൻ അവതരിപ്പിച്ചിരിക്കുന്നത്
ഗ്രന്ഥസൂചി
കെ.വി.എം., (വിവ.), കൗടില്യന്റെ അർത്ഥശാസ്ത്രം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 1993
നാരായണൻ, എം.ജി.എസ്.,കൗടില്യന്റെ അർത്ഥശാസ്ത്രം: ഭാരതീയ രാഷ്ട്രസങ്കല്പത്തിലെ മൗലികസ്വാധീനം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2016
വില്യം, സി.ടി, മാനവവിഭവ വികസനതത്വചിന്തയും അർത്ഥശാസ്ത്രവും, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ, 2005

ഡോ. അനീഷ് പോൾ
ഭാരതമാതാ കോളേജ്, തൃക്കാക്കര കൊച്ചി - 682 021, 9605555238

Very Good Article