
എസ്.സുധീഷ്
Published: 10 Navomber 2025 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല് മുതലാളിത്തയുക്തികള്
ഭാഗം-7
“കരുതുവതിഹ ചെയ്യവയ്യ “ എന്നത് മനുഷ്യൻ്റെ പരിമിതിയാണ്, പ്രകൃതി നിയമമനുസരിച്ച് അനുവദിച്ചിട്ടുള്ള കഴിവുകളുടെ പരിമിതിയാണ്.ചെയ്യാൻ ,പ്രകൃതിനിയമത്തിന്റെ ‘വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം’ എന്നുള്ളതുകൊണ്ടാണ്, വാമൊഴിയിലും വരമൊഴിയിലും എന്നപോലെ പ്രകൃതി നിയമത്തിൻ്റെ അതിരുകളെ ഭേദിക്കുന്ന സങ്കലിത യാഥാർഥ്യത്തിന്റെ അഥവാ പ്രതിയാഥാർത്ഥ്യൻ്റെ രൂപങ്ങൾ ഉണ്ടായി വന്നത്. ചെയ്യാൻ വരുതിലഭിച്ചതിനുമപ്പുറത്തേക്ക് പോകാനുള്ള ഇച്ഛയ്ക്ക് ഒരു ‘മാധ്യമം’ അല്ലെങ്കിൽ ‘സങ്കേതം’ വേണ്ടിവരുന്നു. ആകാശ സഞ്ചാരം നടത്താൻ വരുതി ലഭിച്ചിട്ടില്ലാത്ത മനുഷ്യശരീരത്തിന് ആകാശസഞ്ചാരം നടത്താൻ താല്പര്യം ഉണ്ടായതുകൊണ്ടാണ് സങ്കൽപ്പത്തിൽ ചിറകുവച്ച് പിടിപ്പിച്ച മാലാഖമാർ ഉണ്ടായി വന്നത്. പിൽക്കാലത്ത് വിമാനം എന്ന സങ്കേതത്തിലൂടെ, പ്രകൃതിക്കും – മനുഷ്യന്റെ ഇച്ഛയ്ക്കും മധ്യേ രൂപപ്പെടുന്ന മാധ്യമത്തിലൂടെ, മനുഷ്യന്റെ ആകാശ സഞ്ചാരം അസംഭവ്യതയിൽ നിന്ന് സംഭവ്യതയിലേക്ക് പരിവർത്തിക്കപ്പെട്ടു. ഇത്തരം പ്രകൃതിനിയമാതീതമായ സംഭവങ്ങളുടെ സൗഭാഗ്യം ഈശ്വരൻ അനുവദിച്ചു നൽകുന്ന അത്ഭുതങ്ങൾ ആണെന്ന തരത്തിൽ ആഖ്യാനം ചെയ്യപ്പെട്ടിരുന്നു എങ്കിൽ ഇന്ന് ഇത് സാങ്കേതികവിദ്യയുടെ സാമർത്ഥ്യമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു.ദൈവം ശരീരത്തിൽ വച്ച് പിടിപ്പിച്ച ചിറകുകളുടെ സ്ഥാനത്താണ് വിമാനം എന്ന യന്ത്ര സങ്കേതം കടന്ന് വരുന്നത് .
രാമായണത്തിലെ പുഷ്പകവിമാനം എല്ലാ അർത്ഥത്തിലും യാഥാർത്ഥ്യത്തിന്റെയും അതിയാഥാർത്ഥ്യത്തിന്റെയും സങ്കലനമായിരുന്നു എന്നതുകൊണ്ട് തന്നെ സിമുലാക്രത്തിന്റെ പൂർവരൂപമായിരുന്നു എന്നു പറയാം. പ്രകൃതിപരിമിതികളെ ഭേദിച്ചുകൊണ്ട് ആകാശസഞ്ചാരം നടത്തുക എന്നത്, ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാത്ത വിചാരമാണ്. ആ വിചാരം യാഥാർത്ഥ്യമായി തീരുന്നത് ആവശ്യത്തിൻ്റെ നിയമങ്ങൾ കൊണ്ട് അത് എത്രത്തോളം സാധൂരിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ വരുമ്പോൾ “യാഥാർത്ഥ്യം “ എന്നത് നിർഗുണമായ ഒരു ആഖ്യാന മല്ല,മറിച്ച്, നൈതികവും ഗുണപരവുമായ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ കൂടി നിർവചിക്കപ്പെടുന്നതാണ്. ഉദാഹരണത്തിന്, ശിലാവിഗ്രഹം എന്നത് പൂജനീയമായി തീരുന്നത്, അത് മനുഷ്യൻ്റെ മോഹപൂരണത്തിന് എന്നതിനേക്കാളേറെ മനുഷ്യൻ്റെ അത്യന്താവശ്യങ്ങൾക്കും, ആവശ്യങ്ങൾക്കും അത് എത്രമാത്രം പ്രയോജനപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്. അതിൽ ആരോപിക്കപ്പെടുന്ന പ്രകൃത്യാതീത ശക്തി ആവശ്യത്തിൻ്റെ നിയമങ്ങളോട് എത്രമാത്രം നീതിപുലർത്തുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. ഭൗതികപാദാർത്ഥികതയുടെ പരിവർത്തിത രൂപത്തെ അതിയാഥാർത്ഥ്യമെന്നോ പ്രതിയാഥാർത്ഥ്യമെന്നോ നിങ്ങൾ വിളിക്കുന്നത് സംഭവ്യതയുടെ നിയമങ്ങൾ ഭേദിക്കപ്പെടുന്നു എന്നതുകൊണ്ട് അല്ല, മറിച്ച് ആ ഭേദനം ആവശ്യത്തിൻ്റെ നിയമങ്ങളോട് എന്തുമാത്രം നീതിപുലർത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.ആവശ്യത്തിൻ്റെ നിയമങ്ങൾ ആകട്ടെ, മനുഷ്യർ തമ്മിലുള്ള സാമൂഹ്യമായ ഇടപെടലിന്റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിലും രൂപപ്പെടുന്നതാണ്. കാട്ടിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാരന്റെ ആവശ്യങ്ങളും സാങ്കേതിക വിദ്യാപരിസരത്തിൽ ജീവിക്കുന്ന നാഗരികൻ്റെ ആവശ്യങ്ങളും വ്യത്യസ്തമായിരിക്കുന്നത് സ്ഥലകാലഭേദങ്ങൾ അനുസരിച്ച് ആവശ്യത്തിൻ്റെ നിയമങ്ങൾ വ്യത്യാസപ്പെടുന്നത് കൊണ്ടാണ്.
പുഷ്പകവിമാനം പ്രാചീനകാല ‘നാഗരികൻ്റെ ‘ ഇച്ഛയുടെ ആവിഷ്കാരമാണ്, ആഖ്യാനമാണ്. എന്നാൽ അത്തരമൊരു ആഖ്യാനം യാഥാർത്ഥ്യമായി തീരുന്നത്, ആവശ്യങ്ങളുടെ മണ്ഡലത്തിൽ അതിന് പ്രസക്തി ഉണ്ടാകുമ്പോൾ മാത്രമാണ്. ഒരു പ്രാചീന ദ്രാവിഡ രാജാവ്, ശത്രുവിന്റെ പെണ്ണിനെ പിടിച്ചുകൊണ്ടു പോകുന്നതിനോ, എതിരാളിയുടെ ചിറകരിഞ്ഞു വീഴ്ത്തുന്നതിനോ വിമാനം ഉപയോഗിക്കുമ്പോൾ അയാളുടെ അധികാര പ്രമത്തതയുടെ ആവശ്യം എന്ന നിലയിലാണ്, വിമാനം എന്ന സങ്കേതം, യാഥാർത്ഥ്യമായി തീരുന്നത്. ചിറകുകൾ ഇല്ലാതെ തന്നെ കടൽ ചാടി കടന്ന് ശ്രീലങ്കയ്ക്ക് മുകളിൽ ബോംബിടുന്ന ആൾക്കുരങ്ങൻ എന്ന അതിമാനുഷൻ യാഥാർത്ഥ്യത്തിന്റെയും അതിയാഥാർത്ഥ്യത്തിന്റെയും സങ്കലനം എന്നതുകൊണ്ട് അല്ല ‘യാഥാർത്ഥ്യ’ത്തിന്റെ മാനമായിത്തീരുന്നത്, മറിച്ച് ആര്യഗോത്രത്തലവന്റെ യുദ്ധോപകരണം എന്ന നിലയിൽ അയാളുടെ ആവശ്യത്തിൻ്റെ മണ്ഡലത്തിൽ പ്രവേശിക്കുന്നത് കൊണ്ടാണ്. ഒരു യുദ്ധവും ജനങ്ങളുടെ ആവശ്യമല്ലാതിരിക്കെ അത് അധികാര സ്ഥാപനത്തിൻ്റെയോ അധീശ സാമ്പത്തികവർഗ്ഗത്തിൻ്റെയോ താല്പര്യമായിരിക്കെ, അതിനെ ജനങ്ങളുടെ ആവശ്യമായി ചിത്രീകരിച്ചു കൊണ്ടാണ്, യുദ്ധസാങ്കേതികവിദ്യയുടെ അധീശവർഗ്ഗാനുപ്രയോഗമെന്നും ചരിത്രത്തിൽ സാധൂകരിക്കപ്പെട്ടിട്ടുള്ളത്. ഒരു മഹായുദ്ധം എന്ന കൂട്ടക്കൊല ആവശ്യമായിത്തീരുന്നത് പെണ്ണിൻ്റെ ഉടുപുടവ പൊതുസദസിൽ വച്ച് വലിച്ചിഴച്ചു എന്നതുകൊണ്ടും പെണ്ണിനെ പിടിച്ചു കൊണ്ടുപോയി എന്നതുകൊണ്ടും ഹിരോഷിമയിലും നാഗസാക്കിയിലും ആണവശക്തി സംഹാരക്രിയ നടത്തിയത് പേൾ ഹാർബർ ആക്രമിച്ചു എന്നതുകൊണ്ടുമാണ് എന്നത് പദാർത്ഥിക യാഥാർത്ഥ്യത്തിൻ്റെ ധർമ്മരക്ഷാഖ്യാനമായി തീരുന്നു. ചക്രായുധം അത്ഭുത സംഹാരശക്തിയുള്ള സങ്കേതമാണ്. അതു യാഥാർത്ഥ്യമായി തീരുന്നത് അതു മനുഷ്യകുലത്തിൻ്റെ ആവശ്യനിയമ സംഹിതയിലേക്ക് പ്രവേശിക്കുമ്പോഴാണ്. എന്തിനു ചക്രായുധം പ്രയോഗിച്ചു; അതിൻ്റെ ആവശ്യം എന്തായിരുന്നു എന്നു വിശദീകരിക്കുവാൻ ഒരു ഭഗവദ് ഗീത പറയേണ്ടി വരുന്നത് / എഴുതേണ്ടി വരുന്നത്, ചക്രായുധം അതിൽതന്നെ പൂർണ്ണമായ യാഥാർഥ്യമല്ല, അതു ആവശ്യം കൊണ്ടു സാധൂകരിക്കപ്പെടുന്ന യാഥാർത്ഥ്യമായതുകൊണ്ടാണ്. അത്ഭുത സംഹാരശക്തിയുള്ള ചക്രായുധം സംഭവ്യതയുടെയും അസംഭവ്യതയുടെയും സങ്കലനമായ ഒരു സിമുലാക്രം ആണ് എന്നുപറയാമെങ്കിലും, അതിന്റെ പ്രയോഗം ആവശ്യനിയമങ്ങളുടെ തലത്തിൽ എങ്ങനെ പ്രസക്തമായി തീരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്, എങ്ങനെ സാധൂകരിക്കപ്പെടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്, അതു യാഥാർത്ഥ്യമായി തീരുന്നത്. ആവശ്യ നിയമബദ്ധം അല്ലാത്ത ഒരു സിമുലേഷൻ കേവലം ഒരു പകൽ കിനാവു പോലെ മോഹപൂരണ സമർത്ഥമായ അയഥാർത്ഥതയായി മാറുന്നു.ബോദ്രിലാദും സംഘവും ആധുനികസാങ്കേതികവിദ്യയുടെ പരിസരത്തിൽ ആഘോഷിക്കുന്ന പ്രതിയാഥാർത്ഥ്യരൂപങ്ങൾ (Virtual Reality) പദാർത്ഥികയാഥാർത്ഥ്യത്തെ തമസ്കരിക്കുന്ന അയഥാർത്ഥത കളാണ്. മനുഷ്യസമൂഹത്തിന് ആവശ്യമില്ലാത്ത കൂട്ടക്കൊലകളും മഹായുദ്ധങ്ങളും ധാർമ്മിക ആവശ്യങ്ങളാണെന്ന് സമർത്ഥിക്കുന്ന ആഖ്യാനങ്ങളുടെ മാതൃകയാണ്, പ്രതി യാഥാർത്ഥ്യതത്വം ആവിഷ്കരിക്കുമ്പോൾ ഉത്തരാധുനികർ സ്വീകരിച്ചിട്ടുള്ളത്. ഇത് വളരെ കൃത്യമായ രാഷ്ട്രീയ നിലപാടാണ്.
ഗൾഫ് യുദ്ധത്തെ സംബന്ധിച്ച് ബോദ്രിലാദും സിസക്കും സ്വീകരിച്ചിട്ടുള്ള നിലപാട്, അധികാരത്തിന്റെ രക്തപങ്കിലമായ രാഷ്ട്രീയ മനശ്ശാസ്ത്രത്തെ പ്രതിയാഥാർത്ഥ്യതത്വം കൊണ്ട് മറവു ചെയ്യാനുള്ള ശ്രമത്തിൽ നിന്നും ഉൽപ്പന്നമാകുന്ന താർക്കിക വൈകൃതമാണ്.
ഗൾഫ് യുദ്ധം നടക്കുന്നതിനു മുമ്പ്, ഗൾഫ് യുദ്ധം നടക്കുകയില്ല എന്ന നിലപാട് ഒരു താർക്കിക ബുദ്ധിക്കോ ഊഹക്കച്ചവടക്കാരനോ സ്വീകരിക്കാവുന്നതാണ്. എന്നാൽ ഗൾഫ് യുദ്ധം നടന്ന ശേഷം ഗൾഫ് യുദ്ധം സംഭവിച്ചിട്ടില്ല എന്നും, അത് അയഥാർത്ഥമാണ് എന്നും ഗൾഫ് യുദ്ധം എന്ന ടെലിവിഷൻ കൃതിയാണ് യാഥാർത്ഥ്യമെന്നും ബോദ്രിലാദ് വാദിക്കുമ്പോൾ, ഗൾഫ് യുദ്ധത്തിൽ പാർപ്പിടവും ഭക്ഷണവും ശരീരവും ജീവനും വെന്തുപോയ പതിനായിരങ്ങളുടെ ദുരന്തമാണ് തമസ്കരിക്കപ്പെടുന്നത് .
ജീവിച്ച് മരിച്ച എം. ജി. രാമചന്ദ്രൻ എന്ന മനുഷ്യൻ ചലച്ചിത്രവ്യാപാര മേഖലയിലെ എല്ലാ ദൗർബല്യങ്ങളും ഉള്ള ഒരു അഭിനേതാവായിരുന്നു. അദ്ദേഹത്തിൻ്റെ ഭൗതികവും പാദാർഥികവുമായ അസ്തിത്വത്തിൽ നിന്ന് നന്മയുടെ അതിമാനുഷ രൂപം രൂപപ്പെടുത്താൻ ചലച്ചിത്രമാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന “ഏഴൈ തോഴനോ”, ‘’നിനഞ്ഞതൈമുടിപ്പവനോ “ ആയ ബിംബം – പ്രതിയാഥാർത്ഥ്യവും എം.ജി.രാമചന്ദ്രൻ ഭൗതികവും പദാർത്ഥികവുമായ യാഥാർത്ഥ്യവുമാണ്. മാധ്യമബിംബമായ ഏഴൈ തോഴൻ വീരസാഹസിക നായകനെ യാഥാർത്ഥ്യമായി കാണുകയും ,ആ ബിംബത്തിന് വോട്ട് ചെയ്ത് മുഖ്യമന്ത്രി ആക്കിത്തീർക്കുകയും ചെയ്ത ഒരു ജനതയെ സംബന്ധിച്ചിടത്തോളം എം. ജി. രാമചന്ദ്രൻ്റെ ഭൗതിക- പദാർത്ഥിക ജീവിതത്തിന് ഒരു പ്രസക്തിയുമില്ല.എം ജി. രാമചന്ദ്രൻ ഒരു സിമുലാക്രം ആയി മാറുകയും സംഭവ്യതയുടെയും അസംഭവ്യതയുടെയും സങ്കലനമായി തീരുകയും ചെയ്യുമ്പോൾ, അതാണ് യാഥാർത്ഥ്യം എന്ന ബോധ്യത്തിൽ, മാധ്യമനായകനുമായി പ്രതിപ്രവർത്തിക്കുന്ന ജനത്തിന് എം.ജി.രാമചന്ദ്രൻ എന്ന സ്വത്വം (person) എന്തായിരുന്നു എന്നറിയുവാൻ താല്പര്യമില്ല. എം. ജി. രാമചന്ദ്രൻ്റെ തനതു ജീവിതം ( original) എന്തായിരുന്നു എന്നു അറിഞ്ഞാൽ മാധ്യമ നായകൻ എന്ന ബിംബത്തിൻ്റെ ഉടൽ പിളർന്നു വീഴും എന്നതുകൊണ്ട് തനതു ജീവിതം അല്ലെങ്കിൽ ഒറിജിനൽ ഇല്ല എന്നു ഉറപ്പു വരുത്തിയാലേ ഒരു എം.ജി.ആർ പക്ഷപാതിക്ക് തൻ്റെ നിലപാട് സാധൂകരിക്കാനാവുകയുള്ളൂ. അതേ മാതൃകയിലാണ് ബോദ്രിലാദ് തനത് യാഥാർത്ഥ്യം (original) ഇല്ല എന്നും ഗൾഫ് യുദ്ധം നടന്നിട്ടില്ല എന്നും, ഗൾഫ് യുദ്ധത്തിൻ്റെ TV ആഖ്യാനമാണ് ,പ്രതി യാഥാർത്ഥ്യമാണ് ശരിക്കുമുള്ള യാഥാർത്ഥ്യമെന്നും ബോദ്രി ലാദ് വാദിക്കുന്നത്.എം ജി. ആർ. എന്നത് സ്വത്വം എന്തെന്ന് ശരിക്കും അറിയുകയാണ് എങ്കിൽ എം.ജി.ആർ. എന്ന മാധ്യമആഖ്യാനത്തിന്റെ പൊള്ള പൊളിക്കപ്പെടും, അതിന് അതിൻ്റെ രാഷ്ട്രീയലക്ഷ്യം സാക്ഷാത്കരിക്കാൻ ആവില്ല. രാജാവ്,ദൈവത്തിൻ്റെ നിയോഗമാണ് എന്ന് പറയുമ്പോൾ രാജാവ് എന്ന മനുഷ്യൻ്റെ തനത് സ്വത്വം തമസ്കരിക്കപ്പെടുകയും രാജാവിൻ്റെ രാഷ്ട്രീയലക്ഷ്യം ദൈവാനുമതികാരണത്താൽ സാക്ഷാത്കരിക്കാൻ കഴിയുകയും ചെയ്തിരുന്നു. ഇവിടെയൊക്കെ മാധ്യമാനുഗ്രഹം സിദ്ധിച്ച ബിംബത്തോട് ജനങ്ങൾ യാഥാർത്ഥ്യമെന്ന നിലയിൽ പ്രതിപ്രവർത്തിച്ചിരുന്നു.മാധ്യമ ബിംബം മാത്രമാണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് എന്ന് വാദിച്ചുകൊണ്ട് തനത് യാഥാർത്ഥ്യത്തെ (ഒറിജിനൽ) തള്ളിക്കളയുന്നതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണുള്ളത് എന്ന് ഇവിടെ വ്യക്തമാകുന്നു. ഗൾഫ് യുദ്ധം എന്ന തനത് യാഥാർത്ഥ്യത്തെ തള്ളിക്കളഞ്ഞു കൊണ്ട് ഗൾഫ് യുദ്ധം സംഭവിച്ചിട്ടില്ല എന്നു സിദ്ധാന്തിച്ചുകൊണ്ട്,അതിൻ്റെ ടി.വി. ആഖ്യാനം (സിമുലാക്രം)മാത്രമാണ് പ്രതി യാഥാർത്ഥ്യം എന്ന നിലയിൽ പരിഗണിക്കേണ്ടത് എന്നു വാദിക്കുമ്പോൾ ഗൾഫ് യുദ്ധം എന്ന തനത് രാഷ്ട്രീയ അക്രമത്തെ, കൂട്ടക്കൊലയെ, മനുഷ്യാവകാശ ലംഘനത്തിന്റെ കൊടുംപാതകങ്ങളെ മറവ് ചെയ്തുകൊണ്ട് – ആക്രമണകാരിയുടെ രാഷ്ട്രീയ താല്പര്യത്തെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ബോദ്രിലാദ് നിർവഹിക്കുന്നത്. അതോടൊപ്പം തന്നെ ‘ഗൾഫ് യുദ്ധ’ത്തിൻ്റെ ചരക്കു വത്കരണത്തെ പ്രതിയാഥാർത്ഥ്യമെന്ന നിലയിൽ ഉയർത്തി കാണിക്കുകയും അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.യാഥാർത്ഥ്യമെന്ന സങ്കല്പം തന്നെ ഇവിടെ കീഴ്മേൽ പറയുകയാണ്.

