
ഭൂമി ജെ.എൻ.
Published: 10 Navomber 2025 കവിത
കോപ്പിംഗ് മെക്കാനിസം
ചിലപ്പോ തോന്നും
ഞാനീവീട്ടിൽ ഒറ്റയ്ക്കാണെന്ന്,
ഞാൻ വെള്ളം തിളപ്പിച്ചില്ലെങ്കിൽ
ഇവിടെ എല്ലാവരും ദാഹിച്ചിരിക്കും
കൂട്ടാൻ വെച്ചില്ലെങ്കിൽ
പട്ടിണി കെടക്കും
തുണി നനച്ചില്ലെങ്കിൽ
അത് കൂന കൂടും
മാറാലയടിച്ചില്ലെങ്കിൽ,
ചവറ് കത്തിച്ചില്ലെങ്കിൽ,
എല്ലാം താറുമാറാകും.
പക്ഷേ,
ചെയ്യാത്ത പണികൾക്ക്
ഏറ്റവും പഴി കേൾക്കുന്നതും
ഞാൻ തന്നെ.
ചിലപ്പോ തോന്നും
ഞാനീവീട്ടിൽ ഒറ്റയ്ക്കാണെന്ന്,
കറന്റ്റ് കട്ടാവാതിരിക്കാനും
റേഷനരി സമയത്തിന് വാങ്ങാനും
പലചരക്ക് കടയിലെ
പറ്റ് കണക്ക് കൂട്ടാനും
എല്ലാം എഴുതി വെക്കുമ്പോ
തോന്നും..
ഒറ്റയ്ക്കാണോ?അല്ലേ?
ചിലപ്പോ തോന്നും
ഞാനീവീട്ടിൽ ഒറ്റയ്ക്കാണെന്ന്,
മറ്റുള്ളവർ എന്റ്റെ
സങ്കല്പങ്ങളാണെന്ന്,
മാന്ത്രിക കാമനകൾ!
ഹൃദയം തുളയ്ക്കുന്ന,
ആത്മാവ് തളർത്തുന്ന,
ഏകാന്തതയോട് ഞാനങ്ങനെയാണ്
യുദ്ധം ചെയ്യുന്നതെന്ന്…
ചിലപ്പോ തോന്നും
ഞാനീവീട്ടിൽ ഒറ്റയ്ക്കാണെന്ന്,
പക്ഷേ…
കുഞ്ഞുങ്ങൾ കാത്തിരിക്കുമ്പോ
പാപ്പങ്ങളുമായി തിരിച്ചുവരാൻ
എന്നെ തിരക്ക്കൂട്ടുന്നത്,
പൂച്ചക്കുഞ്ഞിന് പാലു കൊടുത്തില്ലേ എന്ന് വെപ്രാളപ്പെടുത്തുന്നത്…
പുറത്ത് പോയാൽ
അതിലൊന്നും മുഴുകാനനുവദിക്കാത്ത,
തിരിച്ചു വരാൻ പിടിച്ചു വലിക്കുന്ന,
ഉള്ളിന്റ്റെ ഉള്ളിലെ ആ തീ…!
ഇനി അതെന്റ്റെ
മനോരോഗമാണോ?
ഒരുപക്ഷേ
ഞാനുമൊരു പ്രേതമായിരിക്കാം..
മരിച്ചത് മറന്നുപോയ,
പോകാൻ ഇടമില്ലാത്ത,
കേൾക്കാൻ ആളില്ലാത്ത,
ഒരു പ്രേതം!
ഇതെല്ലാം എന്റ്റെ
“കോപ്പിംഗ് മെക്കാനിസവും”.

