
ഡോ. ദേവി കെ. വർമ്മ
Published: 10 December 2025 കലാപഠനം
അരങ്ങിലെ അഹല്യ :
ശിലയെ ഭേദിച്ച കലയും കരണവും.
സംഗ്രഹം
കേരളത്തിലെ രംഗകലാചരിത്രത്തിൽ സ്ത്രീസത്തയെ ലാവണ്യാത്മകമായും രാഷ്ട്രീയമായും അടയാളപ്പെടുത്തുന്ന കലാകാരിയാണ് ഉഷാ നങ്ങ്യാർ. പുരാണ സ്ത്രീകഥാപാത്രങ്ങളായ ‘പഞ്ചകന്യക’മാരെ അടിസ്ഥാനമാക്കി ഉഷാ നങ്ങ്യാർ ചിട്ടപ്പെടുത്തി അഞ്ച് ദിവസമായി അവതരിപ്പിച്ച പരമ്പരയിൽ ആദ്യ അവതരണം അഹല്യാവിമോചനം ആയിരുന്നു. അഹല്യ എന്ന പുരാണകഥാപാത്രത്തെയും അവതരണപാഠം എന്ന നിലയിൽ അരങ്ങിലെ അഹല്യയെയും വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ.
താക്കോൽവാക്കുകൾ
രംഗപാഠം – അരങ്ങ് – ഉടൽ – കർത്തൃത്വം – പാഠഭേദം – പ്രതിരോധം – ശരീരഭാഷ – ശിലീകരണം – സങ്കേതബദ്ധം – സത്ത – സൗന്ദര്യശാസ്ത്രം.
ആമുഖം
രാമായണത്തിൽ ബാലകാണ്ഡത്തിലെ കഥാപാത്രമാണ് അഹല്യ. രാമായണകഥ പുരോഗമിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ, ഏതോ പൂർവ്വാനുഭവത്തിൻ്റെ തുടർച്ചപോലെ, ഏതോ പൂർവ്വകഥയുടെ അവസാനത്തിൽ പൂർത്തീകരിക്കാതെ അവശേഷിപ്പിച്ചൊരു കഥാതന്തുപോലെ, അഹല്യ പ്രത്യക്ഷപ്പെടുന്നു. ഒരു കഥാപാത്രമായിട്ടാണോ അഹല്യയെ ആദ്യം കാണുന്നത് എന്നാലോചിച്ചാൽ, പ്രത്യക്ഷത്തിൽ അങ്ങനെയല്ല. സചേതനമായ ഒരു സ്ത്രീരൂപമായിട്ടല്ല അഹല്യ കാണപ്പെടുന്നത്. കാലങ്ങളായി ഉറഞ്ഞുകൂടി അനക്കമറ്റ് ആശ്രമഭൂമിയിൽ കിടക്കുന്ന ഒരു കല്ല് . ആ ശിലാരൂപത്തെ ചൂണ്ടിക്കാട്ടിയാണ് കുമാരന്മാരായ രാമലക്ഷ്മണന്മാരോട് ഗുരുവായ വിശ്വാമിത്രൻ പറയുന്നത്, ‘അത് അഹല്യയാണ്’ എന്ന്. മുനിശാപത്താൽ കല്ലായിത്തീർന്ന്, ആശ്രമഭൂമിയിൽ കാലങ്ങൾ കഴിയുന്ന അഹല്യ. രാമന്റെ പാദസ്പർശമേറ്റ് മോക്ഷം കിട്ടുന്നതുവരെ കല്ലിച്ചുകിടക്കാൻ വിധിക്കപ്പെട്ടവൾ. കല്ലായിരിക്കെ പെണ്ണായും പെണ്ണായിരിക്കെ കല്ലായും കാണപ്പെടുന്ന അഹല്യ – നിസ്സഹായതയുടെ ആൾരൂപം. അഹല്യയുടെ പൂർവ്വകഥയിലേയ്ക്കും ആ കഥാപാത്രത്തിന്റെ ജീവിതത്തിലേയ്ക്കും ഒരു കലാകാരി തൻ്റെ ദൃഷ്ടി പായിച്ചതിൻ്റെ സാക്ഷാത്ക്കാരമാണ് അഹല്യാവിമോചനം എന്ന രംഗപാഠം. ഉഷാനങ്ങ്യാർ എന്ന കലാകാരി കൂടിയാട്ടത്തിന്റെ സങ്കേതത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് പുരാണ സന്ദർഭത്തിലെ അഹല്യയുടെ പൗരാണികം മാത്രമല്ലാത്ത പെണ്മയിലേയ്ക്കാണ്. അഹല്യ എന്ന പുരാണപാഠം അരങ്ങിലെ പെൺപൊരുളായി സംവദിക്കുന്നതിന്റെ കാഴ്ചാനുഭവമാണ് അഹല്യയുടെ രംഗപാഠനിർമ്മിതി. ശൈലീകൃതവും സങ്കേതബദ്ധവുമായ കലാരൂപത്തിന്റെ ഘടനയിൽ ഒരു പുരാണപാത്രത്തെ പുനരാവിഷ്ക്കരിക്കുമ്പോഴത്തെ സാധ്യതയെയും വെല്ലുവിളിയെയും ഉഷാനങ്ങ്യാർ അഭിസംബോധന ചെയ്യുന്നു. നിസ്സഹായവും ഭീതിദവും അസ്വസ്ഥവുമായ പെൺതിരോധാനങ്ങളുടെ തുടർക്കഥകൾ നാലുപാടുനിന്നും മുഴങ്ങിക്കേൾക്കുന്ന വർത്തമാനകാലത്തിൽ അരങ്ങും ഉടലും പ്രതിരോധത്തിൻ്റെ സൂക്ഷ്മവാഹകങ്ങളാകുന്നു. കഥാപാത്രവിശകലനത്തിനൊപ്പം, അരങ്ങുപാഠത്തിലൂടെയും കല എങ്ങനെയാണ്, എന്തൊക്കെയാണ് കാലത്തോട് സംവദിക്കുന്നത് എന്ന ആലോചന കൂടിയാണ് ഈ പ്രബന്ധം.
പഞ്ചകന്യകാ സങ്കല്പം
പഞ്ചകന്യകമാരെന്ന് വിളികൊണ്ട അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ കഥാപാത്രങ്ങളെ കൂടിയാട്ടത്തിൻ്റെ ചിട്ടയിലും അതേസമയം കാലികമായ നവീകരണങ്ങളോടെ, സ്വതന്ത്രവ്യാഖ്യാനത്തിൻ്റെ രീതിയിലും ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതായിരുന്നു പഞ്ചകന്യാ മഹോത്സവം. കഥാസന്ദർഭം പൗരാണികം തന്നെയാകുമ്പോഴും കഥാപാത്രങ്ങൾ സംവദിക്കുന്നത് സമകാല സാമൂഹ്യ-സാംസ്കാരിക ബോധ്യങ്ങളോടാണ്, പുതിയ കാലത്തെ പ്രേക്ഷകരോടാണ്. പഞ്ചകന്യകമാരെ ചിട്ടപ്പെടുത്തിയതും അവതരിപ്പിച്ചതും, കലാശൈലിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കാലത്തിൻ്റെ കാഴ്ചകളെ അരങ്ങിൽ സന്നിവേശിപ്പിക്കാൻ നിരന്തരം ശ്രമിക്കാറുള്ള ഉഷാനങ്ങ്യാർ ഉൾപ്പെടെയുടെ കലാകാരികളാണ്. പുരാണപ്രസിദ്ധരായ പഞ്ചകന്യകമാരിൽ ആദ്യം പറയുന്ന പേര് അഹല്യയുടേതാണ്. ദ്രൗപദി ഒഴികെ മറ്റു നാലുപേരും രാമായണത്തിലെ കഥാപാത്രങ്ങളാണ്. അതിൽത്തന്നെ സീത രാമായണത്തിലെ പ്രധാന കഥാപാത്രവും മറ്റുള്ളവർ കഥാഗതിയുടെ പിൽക്കാല സന്ദർഭങ്ങളിൽ കണ്ടുമുട്ടുന്നവരുമാണ്. സീത രാമായണത്തിൽ ഏതാണ്ട് ഉടനീളമുള്ള കഥാപാത്രമാകുമ്പോഴും, പഞ്ചകന്യകാവതരണത്തിൽ ഒരു സവിശേഷ കാഴ്ചപ്പാടിലാണ് സീതയെ സ്വീകരിച്ചിട്ടുള്ളതെന്നുകാണാം. സീതയുടെ ആശ്രമജീവിതസന്ദർഭമാണ് അവതരണത്തിന് തിരഞ്ഞെടുക്കുന്നത്. ഒരുപക്ഷേ, സീതയുടെ വ്യക്തിത്വവും ചിന്തകളും ഉറയ്ക്കുകയും സ്വയം ആലോചിച്ച് തീരുമാനം എടുക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ഒരു കഥാപാത്രം എന്ന നിലയിൽ സീത പരുവപ്പെടുന്ന ഘട്ടം രാമായണകഥയുടെ ഈ പിൽക്കാലമാണ്. അതുകൊണ്ടാകാം കുമാരനാശാൻ്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യം തിരഞ്ഞെടുക്കുകയും സീതയുടെ ചിന്തകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ശരീരഭാഷ്യത്തിന് രൂപം നല്‍കുകയും ചെയ്തത്. “ഉടൽ മൂടിയിരുന്നു ദേവി/ തന്നുടയാടത്തളിരൊന്നു കൊണ്ടുതാൻ / വിടപങ്ങളൊടൊത്ത കൈകൾ തൻ/ തുടമേൽ വച്ചുമിരുന്നു സുന്ദരി” എന്ന ശ്ലോകത്തെ കേന്ദ്രീകരിച്ചുകൊണ്ട് സ്വഗതാഖ്യാനശൈലിയിൽ വികസിക്കുന്ന കാവ്യത്തിൻ്റെ ശില്പഘടന അഭിനയകലയുടെ സമ്പ്രദായത്തോട് സമരസപ്പെട്ടുനിന്നു. താര, മണ്ഡോദരി എന്നീ കഥാപാത്രങ്ങളെയും കഥാപുരോഗതിയുടെ പിൽക്കാല സന്ദർഭങ്ങളിലാണ് നാം കാണുക. രാവണൻ്റെയും ബാലി-സുഗ്രീവന്മാരുടെയും അനിഷേധ്യമായ സാന്നിധ്യത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ കഥാപാത്രങ്ങൾ വരുന്നത്. അതായത് സീതയും താരയും മണ്ഡോദരിയും രാമായണത്തിൽ സവിശേഷമായ പദവികൾ / റോളുകൾ ഉള്ള കഥാപാത്രങ്ങളാണ്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമാണ് അഹല്യയുടെ സ്ഥിതി. ഒരു കഥാപാത്രത്തിലുപരി ശാപം, സഹനം, അതിജീവനം തുടങ്ങിയ അമൂർത്തസത്തകളുടെ മൂർത്തഭാവത്തിലാണ് അഹല്യ വർത്തിക്കുന്നത്.
ആരാണ് അഹല്യ?
രാമായണത്തിൽ ബാലകാണ്ഡത്തിലാണ് അഹല്യ എന്ന കഥാപാത്രം കടന്നുവരുന്നത്. എന്നാൽ അവിടെ ഒരു കഥാപാത്രമായിട്ടാണോ അഹല്യയെ നാം കാണുന്നത്? ആശ്രമഭൂമിയിലെ ഒരു ശിലയിലേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് വിശ്വാമിത്രൻ, രാമലക്ഷ്മണന്മാർക്ക് – അത് തപസ്സനുഷ്ഠിക്കുന്ന അഹല്യയാണ് എന്ന് കാണിച്ചുകൊടുക്കുന്നത്. വിധിവശാൽ കഴിഞ്ഞ യുഗത്തിൽ ശിലയായി രൂപാന്തരം പ്രാപിച്ച നാരീരത്നമാണവൾ. രാമായണകഥ നടക്കുന്ന കാലം ത്രേതായുഗം ആണല്ലോ. എന്നാൽ അഹല്യ ത്രേതായുഗത്തിൽ മാത്രം നിലനിൽക്കുന്നതോ ജീവിക്കുന്നതോ ആയ കഥാപാത്രമല്ല, രാമായണത്തിനു പുറത്തും ജീവിതമുള്ള, അലൗകിക മാനങ്ങളുള്ള ഒരു കഥാപാത്രമാണ് അഹല്യ. അഹല്യയുടെ പൂർവ്വകഥ കൃതയുഗത്തിലേയ്ക്കാണ് നീളുന്നത്. അഹല്യ ബ്രഹ്മപുത്രി ആണെന്ന സൂചന രാമായണത്തിൽനിന്ന് ലഭിക്കുന്നു. പുരുവംശത്തിലെ പഞ്ചാശ്വമഹാരാജാവിന്റെ പുത്രിയായിരുന്നു അഹല്യ എന്ന പരാമർശവും കാണുന്നു. മനുഷ്യജന്മം ആയിരിക്കുകയും അമാനുഷികശക്തിയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന പാത്രങ്ങൾ പുരാണത്തിലുണ്ട്. സൂര്യപുത്രൻ, വായുപുത്രൻ തുടങ്ങിയ സങ്കല്പങ്ങൾ പോലെ ബ്രഹ്മപുത്രിയെയും മനസ്സിലാക്കാം. അഹല്യയുടെ കഥയ്ക്ക് പാഠഭേദങ്ങൾ ഉണ്ടെങ്കിലും ഗൗതമമഹർഷിയുടെ ഭാര്യയായി തപോനിഷ്ഠമായ ആശ്രമജീവിതം നയിച്ചിരുന്ന അഹല്യയെ ആണ് ‘അഹല്യാവിമോചനം’ എന്ന അവതരണത്തിന് സ്വീകരിച്ചിട്ടുള്ളത്. വാല്മീകീരാമായണത്തിലും അദ്ധ്യാത്മരാമായണത്തിലും ചെറിയ പാഠഭേദങ്ങളോടെയാണെങ്കിലും ഗൗതമൻ്റെ ശാപവും അഹല്യയുടെ ശിലീകരണവും ഉണ്ട്. വാത്മീകിയുടെ അഹല്യയ്ക്ക് ഇന്ദ്രസാമീപ്യം താല്പര്യമുള്ളതായും ഇത് ഗൗതമാശ്രമമാണ്, ഇവിടെ നില്‍ക്കുന്നത് ആപത്താണ് എന്ന് ദേവേന്ദ്രനെ പോകാനായി പ്രേരിപ്പിക്കുന്നതുമായ ശ്ലോകം കാണാം. എന്നാൽ, ഈ പാഠഭേദമല്ല അഹല്യാവിമോചനം എന്ന അവതരണത്തിന് ആധാരം.
മുനിശ്രേഷ്ഠനായ ഗൗതമൻ്റെ പത്നിയായി ആശ്രമജീവിതം നയിച്ചുവരികയായിരുന്നു അഹല്യ. ഗൗതമന്റെ തപോനിഷ്ഠമായ ദിനചര്യയോട് ഇണങ്ങിച്ചേർന്ന് അദ്ദേഹത്തിൻ്റെ പൂജാദികർമ്മങ്ങൾക്ക് ആവശ്യമായുള്ള സാമഗ്രികളും സൗകര്യങ്ങളും എല്ലാം ചെയ്തുകൊടുത്ത്, ധർമ്മപത്നിയായിത്തന്നെ ജീവിച്ചുവരികയാണ് അവൾ. അതിസുന്ദരിയാണ് അഹല്യയെന്ന് എഴുത്തച്ഛൻ തന്റെ കിളിപ്പാട്ടിൽ ആവർത്തിക്കുന്നുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പൊതുവേ ആധ്യാത്മിക-ഭക്തിരസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടുതന്നെ ശരീരസൗന്ദര്യവർണ്ണനയെ ഒഴിവാക്കുന്ന പതിവാണ് എഴുത്തച്ഛനുള്ളത്. എന്നാൽ ദേവേന്ദ്രനിൽ കാമാസക്തി ജനിപ്പിച്ച അഹല്യാരൂപത്തെ അദ്ദേഹം വിസ്തരിച്ച് വർണ്ണിക്കുന്നു. “വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ”
എന്നാരംഭിക്കുന്ന അഹല്യാവർണ്ണന “സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ” എന്നാണ് അവസാനിപ്പിക്കുന്നത്. മുനിപത്നിയായി ആശ്രമജീവിതം നയിക്കുന്ന അതിസുന്ദരിയായ അഹല്യയെ പൂജാദികർമ്മങ്ങൾക്കാവശ്യമായ പൂക്കളും മറ്റും ശേഖരിക്കുന്നതിനിടയിലാണ് ഇന്ദ്രൻ കാണുന്നത്. ഈ സൗന്ദര്യധാമത്തെ പ്രാപിക്കാൻ എന്താണു മാർഗ്ഗമെന്ന് ഇന്ദ്രൻ കാമപീഡാവിവശനാകുന്നു എന്നതാണ് കഥാസന്ദർഭം.
ഈ സന്ദർഭത്തിൽ ഇന്ദ്രൻ്റെ കണ്ണിലൂടെ കാണുന്ന അഹല്യയാണുള്ളത്. എന്നാൽ അഹല്യാവിമോചനം എന്ന രംഗപാഠത്തിൽ നാം കാണുന്ന അഹല്യ ഭയ- ഭക്തികളോടെ ഗൗതമനുള്ള വസ്തുവകകൾ ഒരുക്കുകയും ശുദ്ധീകരിക്കുകയും വെള്ളം ശേഖരിക്കുകയുമെല്ലാം ചെയ്യുമ്പോഴും ആശ്രമാന്തരീക്ഷത്തിൻ്റെ ഏകാന്തതയും മുനിയുടെ ദിനചര്യകളുടെ ആവർത്തനവിരസതയും അവളെ ബാധിക്കുന്നുണ്ട്. വലിയ താല്പര്യമില്ലാത്ത പ്രവൃത്തികൾ നിത്യവും ആവർത്തിക്കേണ്ടി വരുന്നതിൻ്റെ മടുപ്പും, പ്രായവും ശീലങ്ങളും നല്കുന്ന കാമനാകൗതുകങ്ങളും അവൾക്കുണ്ട്. മഹർഷിയുടെ പരുക്കനും ഗൗരവമേറിയതുമായ പ്രകൃതത്തെയും സമർപ്പിത തപോചര്യയെയും ഭയാദരങ്ങളോടെ മാറിനിന്നു നോക്കുന്ന, അതൊന്നും തനിക്ക് മനസ്സിലാകാത്തതോ അപ്രാപ്യമോ ആയ കാര്യങ്ങളാണെന്ന മട്ടിൽ വീക്ഷിക്കുന്ന അഹല്യയെ ആ സന്ദർഭത്തിൽ നാം കാണുന്നു. പ്രകൃതിയിലെ മനോഹരദൃശ്യങ്ങൾ ആസ്വദിക്കുകയും, ആശ്രമത്തിലെ വളർത്തുമാൻകുട്ടിയെ മടിയിലിരുത്തിയും ഒപ്പം കളിച്ചും ആനന്ദിക്കുകയും ചെയ്യുന്ന അഹല്യ പർണ്ണശാലയുടെ മുറുകിയ ശീലങ്ങളോട് അനായാസം പൊരുത്തപ്പെട്ടിട്ടില്ല. അഹല്യയെ അവതരിപ്പിക്കുമ്പോഴത്തെ ഇത്തരം ആട്ടങ്ങളിലൂടെയും അഭിനയത്തിലൂടെയും ഒരു കലാകാരി സംവദിക്കുന്നത്, അഹല്യയുടെ കർത്തൃത്വത്തെയാണ്. നമ്മുടെ സാമ്പ്രദായിക നോട്ടങ്ങളിൽ തളച്ചിടാൻ പറ്റുന്നതിനപ്പുറം സത്തയും വ്യക്തിത്വവും ഉള്ളവരാകാം പുരാണ സ്ത്രീകഥാപാത്രങ്ങൾ. എന്തുകൊണ്ടാണ് നമ്മുടെ സാഹിത്യ- കലാഖ്യാനങ്ങൾ (വ്യാഖ്യാനങ്ങളും) അത് കാണാതെ പോകുന്നത് എന്ന ചോദ്യം നിശ്ശബ്ദമായി ഇവിടെ ഉന്നയിക്കപ്പെടുന്നു.
സൗന്ദര്യസ്വരൂപമായ അഹല്യയെ പ്രാപിക്കാനെന്തു മാര്‍ഗ്ഗം എന്നാലോചിക്കുന്ന ദേവേന്ദ്രന് അതിനായി ചില കൗടില്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അധികാരവും ദിവ്യത്വവുമൊക്കെയുള്ള ആളുകള്‍ക്ക് കാര്യങ്ങളെ അവരുടെ വരുതിയിലാക്കാന്‍ പ്രയാസമില്ല. തന്റെ ഇംഗിതസാധ്യത്തിനായി ചതിയുടെ മാര്‍ഗ്ഗം സ്വീകരിക്കാനും ഇന്ദ്രന് മടിയുണ്ടായില്ല. ഭൂമിയില്‍ സദ്പ്രവൃത്തി കൊണ്ടോ തപസ്സുകൊണ്ടോ ആരെങ്കിലും തന്നെക്കാള്‍ ശക്തരോ മഹത്തുക്കളോ ആകുന്നത് ഇഷ്ടമില്ലാത്ത, അത്തരം പ്രവൃത്തികള്‍ മുടക്കാന്‍ തന്നാല്‍ കഴിയുന്നതു ചെയ്യുന്ന ദേവേന്ദ്രനെ പല കഥാസന്ദര്‍ഭങ്ങളിലും നാം കണ്ടിട്ടുണ്ട്. അങ്ങനെ എന്തിനെങ്കിലും തടസ്സം സൃഷ്ടിക്കുക എന്നതല്ല, തന്റെ കാമം സാധിക്കുക എന്നതായിരുന്നു ഇന്ദ്രന്റെ ആവശ്യം. ആശ്രമത്തിലെ ദിനചര്യകള്‍ നോക്കി മനസ്സിലാക്കുന്ന ദേവേന്ദ്രന് ഗൗതമ മഹര്‍ഷിയെ പ്രഭാതമായി എന്ന് തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹം പ പ്രഭാതവന്ദനത്തിനായി ഗംഗാതീരത്തേയ്ക്ക് പോയ സമയത്ത് ഗൗതമന്റെ രൂപമെടുത്ത് ആശ്രമത്തിലെത്തി അഹല്യയെ പ്രാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം തനിയ്ക്ക് അബദ്ധം പറ്റിയതു തിരിച്ചറിഞ്ഞ് ഗംഗാതീരത്തുനിന്ന് തിരികെ ആശ്രമത്തില്‍ മടങ്ങിയെത്തുന്ന ഗൗതമന് തന്റെ രൂപത്തില്‍ ഒരാള്‍ അഹല്യയുമായി രമിക്കുന്ന കാഴ്ചകണ്ട് കോപാന്ധനായിത്തീരുകയും ഇരുവരേയും ശപിക്കുകയും ചെയ്യുന്നു. ‘നില്ലു നില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ’ എന്നുപറഞ്ഞുകൊണ്ട്, മഹാപാപിയായ നീ ആരാണെന്നും സത്യം പറഞ്ഞില്ലെങ്കില്‍ ഭസ്മമാക്കുമെന്നും ആക്രോശിക്കുന്നു. കാമപൂരണത്തിനായി ആള്‍മാറാട്ടവും ചതിയും നടത്തിയ ദേവേന്ദ്രന് ഭയന്നുവിറച്ച് ഗൗതമനോട് മാപ്പപേക്ഷിച്ച് താനാരാണെന്ന് വെളിപ്പെടുത്തുന്നതും കഥയില്‍ കാണാം. ”സഹസ്രഭഗനായി ഭവിക്ക ഭവാന്, ഇനി / സഹിച്ചീടുക ചെയ്ത ദുഷ്കര്‍മ്മഫലമെല്ലാം” എന്നാണ് ശാപത്തെ എഴുത്തച്ഛന് എഴുതുന്നത്. തുടര്‍ന്ന്,
”കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ, തവ സാമര്‍ത്ഥ്യം നന്നു പാരം
കാമകിങ്കരേ, ശിലാരൂപവും കൈക്കൊണ്ടു നീ രാമപാദാബ്ജം ഭജിച്ചിവിടെ വസിക്കണം”
എന്നിങ്ങനെ അഹല്യയെ ശപിക്കുന്നു. പ്രച്ഛന്നവേഷനായി വന്ന ഇന്ദ്രനോട് ശപിക്കുന്നതിനുമുന്പ് അയാള്‍ ആരാണെന്നും എന്തിനുവന്നു എന്നും ചോദിക്കുന്ന ഗൗതമന്, എന്നാല്‍ അഹല്യയോട് യാതൊരു വിശദീകരണവും തേടുന്നില്ല. സ്വന്തം ഭര്‍ത്താവിന്റെ രൂപത്തില്‍ സമീപത്തെത്തിയ ഇന്ദ്രനോട് അതറിയാതെ പെരുമാറി എന്ന തെറ്റാണ് അഹല്യ ചെയ്തതെന്ന് ഗൗതമന് വ്യക്തമാണെങ്കില്‍പ്പോലും, അവളെ ഹീനപദങ്ങള്‍ ഉപയോഗിച്ച് സംബോധന ചെയ്യുകയും അതിനിശിതമായി അപഹസിക്കുകയും തുടര്‍ന്ന് ‘ശിലാരൂപം പ്രാപിക്കട്ടെ’ എന്ന് ശപിക്കുകയുമാണ് ചെയ്യുന്നത്.
ഇവിടെ അഹല്യ തെറ്റിദ്ധരിക്കപ്പെട്ടവളും സംശയിക്കപ്പെട്ടവളും ഭര്‍ത്താവിന്റെ അവജ്ഞയ്ക്ക് പാത്രമായി തീര്‍ന്നവളും ആണ്. മറുവശത്ത് മറ്റൊരുവനാല്‍ ചതിക്കപ്പെടുകയും ചെയ്യുന്നു. ദേവനീതിയുടെ തന്ത്രപരമായ കാമനകള്‍ക്കും ആര്ഷനീതിയുടെ ആന്ധ്യം നിറഞ്ഞ ആക്രോശങ്ങള്‍ക്കും ഒരേസമയം വിധേയപ്പെടേണ്ടിവന്ന നിസ്സഹായതയാണ് അഹല്യ. ”ഇത്രനാള്‍ തനിയ്ക്കൊപ്പം തപോനിഷ്ഠമായ ജീവിതം നയിച്ചിട്ട് നിനക്കും ചാഞ്ചല്യമോ” എന്ന് ചോദിച്ചുകൊണ്ടാണ്, വിചാരിച്ചാല്‍പോലും ചലനം സാധ്യമാകാത്ത ശിലയാകട്ടെ എന്ന് അവളെ ശപിക്കുന്നത്. എന്തുകൊണ്ട് ശില? ശില സ്ഥാവരമാണ്, സ്വയം ചലിക്കാത്തത്. ഗൗതമദൃഷ്ടിയില് അഹല്യ ചെയ്ത പാപം, മനശ്ചാഞ്ചല്യമുണ്ടായി എന്നതാണ്. മഞ്ഞും മഴയും വെയിലും – മാറിമാറി വരുന്ന കാലഭേദങ്ങള്‍ സഹിച്ച്, ഭക്ഷണമില്ലാതെ, ജലപാനമില്ലാതെ ഈ ആശ്രമഭൂമിയില്‍ നീ കഴിയുക എന്നതാണ് അഹല്യയ്ക്കേറ്റ ശാപം. ത്രേതായുഗത്തില്‍ ശ്രീരാമന്റെ പാദസ്പര്ശമേല്ക്കുവോളം ശിലാജീവിതം. നിന്നെ ഹിംസ്രജന്തുക്കള്‍ ആക്രമിക്കില്ല എന്നൊരു ഔദാര്യം കൂടി ശാപത്തിനൊപ്പം മുനി നല്കുന്നു.
ശിലയായുറയുന്ന പെണ്മ; വിമോചനം എന്ന പ്രതീക്ഷ
ശാപവും ചതിയും രണ്ട് രൂപകങ്ങളാണിവിടെ. രണ്ടും അധികാരത്തിന്റെ രണ്ടു തരം രൂപകങ്ങള്‍, പ്രയോഗങ്ങള്‍. ഒന്ന് തനിക്ക് ആഗ്രഹം തോന്നുന്ന ഒന്നിനെ ഏത് മാര്‍ഗ്ഗത്തിലൂടെയും വശത്താക്കും, അതിന് ആ വ്യക്തിയുടെ പോലും താല്പര്യമോ അനുവാദമോ ആവശ്യമില്ല എന്ന ഗര്‍വ്വ്, അഹന്ത. അതാണ് ദേവേന്ദ്രന് പ്രയോഗിക്കുന്നത്. മറ്റൊന്ന്, ആത്മീയശക്തിയിലും ‘ശ്രേണി’യിലും (ഹൈറാര്‍ക്കി) പദവിയിലും തന്നെക്കാള്‍ താഴെ നില്ക്കുന്ന ഒരാള്‍ തനിക്ക് അനഭിമതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിചാരണ കൂടാതെ തന്നെ നല്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായി ശാപത്തെ പ്രയോഗിക്കുന്നു. അതാണ് ഗൗതമന് ചെയ്തത്. ഭാര്യയാണെങ്കിലും പരിചരണവും പ്രാര്‍ത്ഥനയുമായാണ് രാജകുമാരിയായ അഹല്യ കഴിയുന്നത്. ഉത്തമഭാര്യയായി ഗൗതമനൊപ്പം കഴിഞ്ഞിരുന്ന അഹല്യയെയാണ് ആള്‍മാറാട്ടം നടത്തി ഇന്ദ്രന് സമീപിക്കുന്നത്. അതില്‍ അറിയാതെ പെട്ടുപോയി എന്നതാണ് അഹല്യയുടെ ഭാഗത്തെ തെറ്റ്. ‘ഒരു കൈ പ്രഹരിക്കവേ പിടിച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍’ എന്ന് ചിന്താവിഷ്ടയായ സീതയില്‍ ആശാന് പറയുന്നത് വിധിയെ കുറിച്ചാണെങ്കിലും, ശാപസന്ദര്ഭങ്ങളിലും ഈ തല്ലും തലോടലും കാണാം. ആദ്യം ശിലയായി കഴിയാനുള്ള ശാപം, തുടര്‍ന്ന് രാമന്റെ പാദസ്പര്‍ശം ഏലക്കുമ്പോള് പൂര്‍വ്വരൂപം ലഭിക്കുമെന്ന ശാപമോക്ഷം. ഈ ശാപത്തിന് കാരണമായ സന്ദര്‍ഭം കൃതയുഗത്തിലാണ് നടക്കുന്നതെന്നും, ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി അവതരിക്കുമ്പോള്‍ മോക്ഷം കിട്ടുമെന്നുമാണ് ഗൗതമന് പറയുന്നത്. അങ്ങനെ, യുഗാന്തരങ്ങളില് ശിലീകരിക്കപ്പെട്ട സ്ത്രീരൂപമായി അഹല്യ ആശ്രമഭൂമിയില്‍ കഴിയുന്നു. ശാപം എന്ന നിലയ്ക്കല്ലെങ്കിലും ഒരു വ്യവസ്ഥിതി അതിന് അഭിമതമല്ലാത്ത പ്രവൃത്തികളെ, വിലക്കുകളോ അരുതുകളോ ആയി ചില വിഭാഗങ്ങളുടെ മേല്‍ പ്രയോഗിക്കാറുണ്ട്. പലപ്പോഴും സ്ത്രീകളും കീഴാളരും ഭിന്നലിംഗക്കാരുമെല്ലാം ഇത്തരം അധികാരപ്രക്രിയകള്ക്ക് വിധേയരാകാറായിട്ടുണ്ട്; ആകാറുണ്ട്. അത്തരം അനുശാസനങ്ങളെ കാലം ശരിവയ്ക്കുകയും ചോദ്യം ചെയ്യപ്പെടാതെ അവ തുടര്ന്നുപോരുകപോലും ചെയ്യുന്നു. ഇവിടെ അഹല്യയ്ക്ക് ഏല്ക്കേണ്ടിവരുന്ന ശിലീകരണം എന്ന ശാപം, സ്ത്രീയ്ക്ക് അവളുടെ ചലനസ്വാതന്ത്ര്യത്തിനുള്ള വിലക്കും അറിയാതെ സംഭവിച്ച തെറ്റിന്റെ പേരില്‍ സ്ത്രൈണാഭിമാനത്തിനേല്ക്കുന്ന പ്രഹരവും ആണ്. സ്ത്രീയുടെ ചലനവും ശബ്ദവും പിതുരധികാരത്തിന് അഹിതമായിരുന്നു. നിശ്ശബ്ദയും നിശ്ചലയുമായി അവളെ നിലനിര്‍ത്താനാണ്, ‘രൂപ’വത്ക്കരിക്കാനും ലാവണ്യാത്മകമായി ഉദാത്തീകരിക്കാനുമാണ് പല ചരിത്രഘട്ടങ്ങളും താല്പര്യപ്പെട്ടത്. പ്രതികരണമോ വിശദീകരണമോ അസാധ്യവും അസാധുവും അനാവശ്യവും ആയിത്തീരുന്ന, ചരിത്രം സൃഷ്ടിച്ച നിശ്ശബ്ദതയുടെ പ്രതീകമായിത്തീരുന്നു അഹല്യ.
പുരാണത്തിലെ ഈ അഹല്യയെ, അഹല്യയുടെ അവസ്ഥയെ, അരങ്ങില്‍ തന്റെ ശരീരഭാഷയിലൂടെ അവതരിപ്പിക്കുമ്പോള്‍, ആ കലാകാരിയുടെ ഉടലും ഉണ്മയുമാണ് പ്രേക്ഷകസമക്ഷം അഹല്യ. കൂടിയാട്ടം എന്ന ശൈലീബദ്ധമായ കലാരൂപത്തിന്റെ ഘടനയിലും സാങ്കേതികതയിലും ഊന്നിനിന്നുകൊണ്ട്, ഉഷാനങ്ങ്യാര്‍ തന്റെ സ്ത്രീ കഥാപാത്രങ്ങളിലൂടെ കലയുടെ കാലികമായ സാധ്യതകളെയാണ് തുറന്നിടാന്‍ ശ്രമിക്കുന്നത്. അഹല്യാവിമോചനം എന്ന തലക്കെട്ടു തന്നെ ശ്രദ്ധേയമാണ്. വിമോചനം എന്നത് തളച്ചിടപ്പെട്ടതിന്റെ ചരിത്രവും സ്വതന്ത്രമായതിന്റെ ഭാവിയും പേറുന്ന ഒരു പദമാണ്. പുരാണ സ്ത്രീകഥാപാത്രമായ അഹല്യയുടെ വ്യഥകളും നിസ്സഹായതയും അരങ്ങില്‍ അഭിനയിച്ചുകൊണ്ട്, അഹല്യയില്‍ നിന്ന് കാഴ്ചാനുഭവത്തെ എക്കാലത്തെയും സ്ത്രീ സമസ്യകളിലേയ്ക്ക് കലാകാരി വിമോചിപ്പിക്കുന്നു. ചരിത്രത്തിലും വര്‍ത്തമാനകാലത്തും സ്ത്രീ കടന്നുപോകുന്ന സാമൂഹികമായ അസ്വാതന്ത്ര്യങ്ങളിലേയ്ക്ക്, ഗാര്‍ഹികമോ മാനസികമോ ആയ അരക്ഷിതാവസ്ഥകളിലേയ്ക്ക്, മനസ്സിലാക്കപ്പെടായ്കയിലേയ്ക്ക്, ഒറ്റപ്പെടലിലേയ്ക്ക്, ആസ്വാദകരുടെ കാഴ്ചയെയും ചിന്തയെയും കൂട്ടിക്കൊണ്ടുപോകാന്‍ അഹല്യയുടെ രംഗാവതരണത്തിന് സാധിക്കുന്നു. വികാരങ്ങളും പ്രക്ഷുബ്ധതകളും പ്രതികരണങ്ങള്‍ പോലും ഉള്ളില്‍ കല്ലിച്ചുപോകുന്ന പെണ്ണവസ്ഥയുടെ സാക്ഷ്യമാണ് ഉഷാനങ്ങ്യാര്‍ വിഭാവനം ചെയ്ത അഹല്യ. അവളുടെ നിലവിളി ആരും കേള്‍ക്കുന്നില്ല, അവളുടെ അസഹ്യതകള്‍ ആരും കാണുന്നില്ല. കല്മറയിലാണ്ടുപോകുന്ന എത്രയോ സ്ത്രീജീവിതങ്ങള്‍ അഹല്യയില്‍ പ്രതിഫലിക്കുന്നു.
ശാപവും ശാപമോക്ഷവും നല്‍കുന്നതോടെ പ്രത്യക്ഷത്തില്‍ ആ കഥാസന്ദര്‍ഭം കഴിയുകയാണ്. എന്നാല്‍ അവള്‍ക്ക് അനന്തരമുണ്ടാകുന്ന രൂപാന്തരത്തിലേയ്ക്കാണ് കലാകാരിയുടെ നോട്ടം, ശ്രദ്ധ. സ്ത്രീ ശിലയായി ഉറയ്ക്കുന്നതെങ്ങനെ..? അഭിനയത്തിന്റെ ആദ്യഘട്ടം മുതല്‍ അരങ്ങില്‍ കണ്ടുവന്ന കര്‍മ്മനിരതയും ചലനാത്മകയുമായ അഹല്യയെ നാം ഓര്‍ക്കുന്നു. ആശ്രമജീവിതത്തിന്റെ ചട്ടക്കൂടില്പ്പോലും അവള് സ്വയം കണ്ടെത്തിയിരുന്ന ആനന്ദത്തിന്റെ തുരുത്തുകള്‍ നാം ഓര്‍ക്കുന്നു, മുനിയുടെ നിശ്ചലതപസ്സിന്റെ സമയത്തും അവള് നിറവേറ്റിയിരുന്ന ആത്മസല്ലാപത്തിന്റെ ഹര്‍ഷങ്ങള്‍ നാം ഓര്‍ക്കുന്നു. ഒരുപക്ഷേ, ശിലീകരണത്തിന്റെ വേളയില്‍ ഇതെല്ലാം പ്രേക്ഷകമനസ്സില്‍ തികട്ടിവരുന്നത്, ആ കലാകാരി ബോധപൂര്‍വ്വം അരങ്ങില്‍ അവശേഷിപ്പിച്ച അഹല്യാകര്ത്തൃത്വത്തിന്റെ സാന്നിധ്യം കൊണ്ടാണ്. അവളുടെ ശരീരം ഘനീഭവിച്ച്, കൈകാലുകള്‍ അനക്കമറ്റുറച്ച്, പഞ്ചേന്ദ്രിയങ്ങളും ചലനമറ്റ്, അവള് നിശ്ചലയാകുന്നു. ചലനത്തില്‍ നിന്ന് ശാപശക്തിയാല്‍ നിശ്ചലതയിലേയ്ക്ക് ഉറയുന്ന അഹല്യ. ആട്ടം എന്നാല്‍ ചലനമാണ്, നിശ്ചലതയില്‍ നിന്ന് ചലനത്തിലേയ്ക്കുള്ള ശരീരത്തിന്റെ വികാസവും വിന്യാസവുമാണ് ആട്ടവും നൃത്തവും അഭിനയവുമെല്ലാം. രംഗവേദിയുടെതന്നെ ആത്മാവ് ചലനത്തിലും താളത്തിലുമാണെന്നിരിക്കെ, നിശ്ചലതയെ വൈകാരികമായ ഒരു കാഴ്ചാനുഭവമാക്കുന്ന മികവാണ് അരങ്ങില്‍ പ്രകടമായത്. പുറമേ നിശ്ചലശിലയെങ്കിലും അവള് ഉളളില്‍ പെണ്ണാണ്, അവള്‍ക്ക് ജീവനുണ്ട്, വിശപ്പും ദാഹവുമുണ്ട്, ഋതുഭേദങ്ങള്‍ ഏശുന്നുണ്ട്. ഉള്ളില്‍ അവള്‍ക്ക് അസഹ്യതയും പ്രതികരണവും ഉണ്ട്, വേദനയുണ്ട്. പക്ഷേ അതൊന്നും ആരും അറിയില്ല. കാരണം അവള് പുറമേ ശിലയാണ്. ആത്മാഭിമാനം ഉടഞ്ഞുപോയ പെണ്മയുടെ പദപ്രശ്നമായി അഹല്യ അരങ്ങില്‍ ഉറയുന്നു. ആ അവസ്ഥയും അനുഭവവും തീവ്രമായും തീക്ഷ്ണമായും പകരാന്‍ ഒരു കലയുടെ ഘടനയ്ക്കും അഭിനേത്രിയുടെ ഭാവചേതനയ്ക്കും സാധിക്കുമ്പോഴാണ് കാലത്തിന്റെ സൂക്ഷ്മരാഷ്ട്രീയങ്ങളെ രംഗവേദി സംബോധന ചെയ്യുന്നത്. ഇവിടെ ശരീരമാണ് ശാരീരം; ആഖ്യാനമാണ് വ്യാഖ്യാനം.
ഉപസംഹാരം
ശിലാത്വത്തില് നിന്നുള്ള സ്ത്രീത്വത്തിന്റെ വിമോചനമാണ് അഹല്യാവിമോചനത്തിന്റെയും പ്രതീക്ഷ. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘അഹല്യാമോക്ഷം’ എന്ന കവിതയില്‍
”രാമ, നീയെന്തിന്നെന്നെ നിര്ദ്ദയമുണര്ത്തിയെന് പ്രേമഭംഗത്തിന് ദിവ്യവേദനകളില് നിന്നും?” എന്നാണ് അഹല്യ രാമനോട് ചോദിക്കുന്നത്. ഇനിയും ആശ്രമത്തിലേയ്ക്ക്, കാട്ടിലേയ്ക്ക് തിരിച്ചയക്കാനാണെങ്കില് എന്നെ ശിലയില്‍നിന്ന് ഉണര്ത്തേണ്ടിയിരുന്നില്ലല്ലോ എന്ന്. എപ്പോഴും ഉണര്‍ച്ചകള്‍, ഉത്ഥാനങ്ങള്‍ പുതുമയെയും സ്വേച്ഛാപൂരണത്തെയും മെച്ചപ്പെട്ട സ്വാതന്ത്ര്യത്തെയുമാണ് പ്രതീക്ഷിക്കുന്നത്. മൗലികതയും ശൈലീബദ്ധതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതുപാഠങ്ങള്‍ ചമയ്ക്കാനുള്ള ഇടവും തുറസ്സും കണ്ടെത്തുമ്പോഴാണ് കല, കാലഘട്ടങ്ങളിലേയ്ക്കുള്ള ഈടുവയ്പ്പാകുന്നത്. ശുദ്ധത (purity) എന്ന സങ്കല്പം കലര്പ്പിന് വിപരീതമാണ് ; മാറുന്ന വിചാരലോകത്തോടുള്ള സത്താപരമായ കലരല്‍ ഒരര്‍ത്ഥത്തില്‍ പുതുകലും. ഘടനയും ഉള്ളടക്കവും ചേരുന്നതാണ് പൊതുവേ സംസ്കാരരൂപങ്ങള്‍. ക്ലാസ്സിക്കല്‍ കലകള്‍ക്ക് ഘടന പ്രധാനവുമാണ്. എന്നാല്‍, അഭിനയക്രമത്തെയും സങ്കേതങ്ങളെയും ബാധിക്കാതെ ആട്ടത്തെ സൗന്ദര്യാത്മകമായി നവീകരിച്ച് അതില്‍ കാലബോധ്യങ്ങളുടെ കാതല്‍ പകരുമ്പോള്‍ അരങ്ങില്‍ ‘അഹല്യാവിമോചന’ങ്ങള് സാധ്യമാകുന്നു. പഞ്ചകന്യാ മഹോത്സവത്തിലെ അവതരണങ്ങളുടെ സത്ത ഇത്തരത്തില്‍ ഇതിഹാസ കഥാപാത്രങ്ങളുടെ കാലികവും നവീനവുമായ വ്യാഖ്യാനങ്ങളിലേയ്ക്കും അതിലൂടെ കലയുടെ അനന്തമായ സൗന്ദര്യശാസ്ത്ര വിമോചനങ്ങളിലേയ്ക്കുമുള്ള തുടര്പ്രയാണമാണ്.
അവലംബം: അഹല്യാവിമോചനം ആട്ടപ്രകാരവും അവതരണവും.
സഹായകഗ്രന്ഥങ്ങൾ:
ഉഷാ നങ്ങ്യാർ, 2003, അഭിനേത്രി, കേളി, മുംബൈ.
തുഞ്ചത്തെഴുത്തച്ഛൻ, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (സംശോധനം – എ.ഡി.ഹരിശർമ്മ), 2021 (1969), സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.
വിഷ്ണുനാരായണൻ നമ്പൂതിരി, 2012, വൈഷ്ണവം, (വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സമ്പൂർണ്ണ കൃതികൾ), മാതൃഭൂമി.

ഡോ. ദേവി കെ. വർമ്മ
അസോസിയേറ്റ് പ്രൊഫസർ മലയാളവിഭാഗം എസ്.ഡി. കോളേജ് ആലപ്പുഴ 9847691261 devikvarma20@gmail.com
