
ഹലീൽ
Published: 10 December 2025 കവിത
ഉറങ്ങാൻ പേടി
ഉറക്കം ചെറുമരണമാകയാൽ
ഉറങ്ങേണ്ടെന്ന് തീരുമാനിച്ചു,
നൈറ്റ് ലൈഫ് മതി !
മഞ്ഞവെളിച്ചം നിറഞ്ഞ
തെരുവിലേക്കിറങ്ങി.
പണ്ടത്തെ പാതിരാപടക്കാരുടെ ആവേശത്തോടെ
കോഫി ഷോപ്പിലേക്ക് വിട്ടു.
നിലാവിനെ വേദനകൾ കൊണ്ട് ചൂടുപിടിപ്പിക്കുന്നവനെ പോലെ അവൻ.
രാത്രിയുടെ തണുപ്പേറുന്തോറും
കാപ്പിച്ചൂടും കൂടി വന്നു.
ഉറക്കത്തെ
പരമാവധി വൈകിപ്പിക്കുന്നത്
മരണത്തെയും വൈകിപ്പിക്കുമോ?
കാപ്പിച്ചൂടുള്ള രാത്രിയിൽ
ഓർമ്മകൾ നിറയെ ജീവിതമായിരുന്നു.
ഉറക്കവും മറവിയും അകന്നുപോയി.
വേദനകളിപ്പോൾ
ചൂടു പ്രസരിപ്പിക്കും നെരിപ്പോട് പോലെ.
കനലുകൾക്കെന്തു മധുരമാണ്. തണുപ്പിനേക്കാൾ മധുരം ചൂടിനുണ്ട്.
നെരിപ്പോടിനരികിലേക്ക്
കൂടുതൽ ചേർന്നിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ഉറങ്ങാനാകും?
ഉറക്കച്ചടവിനെ,
കണ്ണുകളുടെ കനംതൂങ്ങലിനെ,
വേദനകൾ കൊണ്ട് മാച്ചു.
എത്രനേരം ഓർമ്മകൾ
അയവിറക്കിക്കൊണ്ടിരിക്കും?
എത്രത്തോളം കാപ്പി കുടിച്ചുകൊണ്ടിരിക്കും?
പതുക്കെപ്പതുക്കെ
ഉറക്കത്തിലേക്ക് വഴുതുകയായി.
നീണ്ടുനിവർന്ന് കിടന്നു.
ഉയർത്തെഴുന്നേറ്റ
യേശുക്രിസ്തുവായിരുന്നു മനസ്സിൽ.
നാളെ സൂര്യനുണരുമ്പോൾ
കൂടെ നാമും ഉണരില്ലേ?

