ഷൂബ. കെ. എസ്.

Published: 10 January 2026 കവര്‍‌സ്റ്റോറി

മുന്നുര

January 10, 2026

ഉറങ്ങുന്ന മീനുകളുടെ തുറന്ന കണ്ണുകളുംഡിജിറ്റൽകാലമാധ്യമങ്ങളും

(ഭാഷാ- മാധ്യമസിദ്ധാന്തങ്ങളെക്കുറിച്ച്)

[ദീര്‍ഘ ലേഖനമായതിനാല്‍ സമയലഭ്യത ഇല്ലാത്തവര്‍ക്കായി സമ്മറി നല്‍ക്കുന്നു:

വിനിമയ (Communication) സിദ്ധാന്തങ്ങളെ ഇന്ത്യന്‍ തത്ത്വചിന്തയുടെയും ആധുനിക മാധ്യമ പഠനങ്ങളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ലേഖനമാണിത്.

1. വിനിമയത്തിന്റെ ഏഴ് ഘടകങ്ങള്‍:
വിനിമയ പ്രക്രിയയെ ഒരു നിര്‍മ്മാണ പ്രക്രിയയായി കണ്ടു കൊണ്ട്, ഉത്പാദന-പ്രത്യുത്പാദന ഘടകങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഏഴ് പ്രധാന ഘടകങ്ങള്‍ വിനിമയത്തിനും നല്‍കുന്നു. ഭാഷ, മീഡിയ എന്നിവയില്‍ ഇവ താഴെ പറയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു:
* ഉത്പാദകര്‍: വിനിമയം ചെയ്യുന്നയാളും സ്വീകരിക്കുന്നയാളും (ഉദാ: വിനിമയം ചെയ്യുന്നയാള്‍, സ്വീകരിക്കുന്നയാള്‍).
* ഉത്പാദനോപകരണം: വിനിമയത്തിനായി ഉപയോഗിക്കുന്ന മാധ്യമം അല്ലെങ്കില്‍ ഉപകരണം (ഉദാ: ഭാഷ, ടി.വി., സൈബര്‍ ഇടം).
* ഉത്പാദന പ്രക്രിയ: സന്ദര്‍ഭം, മാധ്യമം, വ്യക്തികള്‍ എന്നിവരുടെ പ്രതിപ്രവര്‍ത്തനം.
* ഉത്പന്നം: ഈ പ്രക്രിയയിലൂടെ നിര്‍മ്മിക്കപ്പെടുന്ന ആശയം അല്ലെങ്കില്‍ അറിവ്.
* സംഭരണം (Storage): നിര്‍മ്മിത വസ്തുവിന്റെ ശേഖരണം (ഉദാ: ലിപി, പത്രം, ഡിജിറ്റല്‍ സംഭരണം).
* വിതരണം (Distribution): ശേഖരിക്കപ്പെട്ട വിവരം വിനിമയം ചെയ്യപ്പെടുന്നത്.
* ഉപയോഗം (Decoding): വിവരം സ്വീകര്‍ത്താവ് തന്റെ സന്ദര്‍ഭത്തിനനുസരിച്ച് പുനര്‍നിര്‍മ്മിക്കുന്നത്.

2. ഭാഷാ സിദ്ധാന്തങ്ങളും അധികാരവും

ഭാഷ കേവലം ആശയങ്ങള്‍ നിറച്ചുവെച്ച ഒരു കുപ്പിയല്ലെന്നും അത് നിരന്തരമായ മാറ്റങ്ങള്‍ക്കും നിഷേധങ്ങള്‍ക്കും വിധേയമാണെന്നും ലേഖനം വ്യക്തമാക്കുന്നു.

* പാശ്ചാത്യ സിദ്ധാന്തങ്ങള്‍: ഷാനണ്‍-വീവര്‍ മാതൃക വിനിമയത്തെ ഒരു രേഖീയ പ്രക്രിയയായി (Linear Process) മാത്രം കാണുന്നു. സസ്യൂറും ബ്ലൂംഫീല്‍ഡും ചരിത്രത്തെ ഒഴിവാക്കി ഘടനയ്ക്കുള്ളില്‍ അര്‍ത്ഥം തേടിയപ്പോള്‍, നോം ചോംസ്‌കി ഭാഷയെ തലച്ചോറിലെ ഒരു ഗണിത പ്രക്രിയയായി കണ്ടു. ഈ സിദ്ധാന്തങ്ങളെല്ലാം ഉത്പാദകന്റെ അധ്വാനത്തെ അദൃശ്യമാക്കാന്‍ സഹായിക്കുന്നു

* ഇന്ത്യന്‍ പാരമ്പര്യം: ഭര്‍തൃഹരിയുടെ ‘സ്‌ഫോട’ സിദ്ധാന്തം അര്‍ത്ഥത്തെ നിശ്ചലമാക്കുന്നു. എന്നാല്‍ ബൗദ്ധരുടെ അപോഹ വാദം (Apoha Theory) അര്‍ത്ഥം എന്നത് ഒഴിവാക്കലിലൂടെയും (Exclusion) നിഷേധത്തിലൂടെയും (Negation) നിര്‍മ്മിക്കുന്നതാണ് അര്‍ത്ഥമെന്ന് സമര്‍ത്ഥിക്കുന്നു. ഇത് വിനിമയത്തിലെ സര്‍ഗ്ഗാത്മകതയെ ഉയര്‍ത്തിക്കാട്ടുന്നു.

3. മാധ്യമ ചരിത്രവും വിനിമയ സ്തംഭനവും

മാധ്യമങ്ങള്‍ വാര്‍ത്തകളെ പകര്‍ത്തുകയല്ല, മറിച്ച് ആഖ്യാനങ്ങളിലൂടെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.
* പ്രാചീന കാലം: ശിലാശാസനങ്ങളും സ്തംഭങ്ങളും
അധികാരത്തിന്റെ പ്രദര്‍ശനമായിരുന്നു. ഇവ പലപ്പോഴും ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയാത്തവയായിരുന്നുവെങ്കിലും അത്ഭുത ചിഹ്നങ്ങളായി അധികാരം നിലനിര്‍ത്താന്‍ സഹായിച്ചു.

* നവോത്ഥാന കാലം: മിഷണറിമാര്‍ ഡേറ്റാ ശേഖരണത്തിന് അച്ചടി ഉപയോഗിച്ചപ്പോള്‍, നവോത്ഥാനനായകര്‍ അതിനെ സാമൂഹിക മാറ്റത്തിനുള്ള അറിവ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു (ഉദാ: സുജനാനന്ദിനി പത്രം).
* ആധുനിക സിദ്ധാന്തങ്ങള്‍: മാര്‍ഷല്‍ മക് ലൂഹന്‍ ‘മാധ്യമം തന്നെയാണ് സന്ദേശം’ എന്ന് വാദിച്ചു. ഇത് സാങ്കേതിക വിദ്യ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു എന്ന യാന്ത്രികവാദത്തിലേക്ക് നയിച്ചു.

4. ഡിജിറ്റല്‍ മുതലാളിത്തവും ഹൈപ്പര്‍ റിയാലിറ്റിയും
ഡിജിറ്റല്‍ കാലത്ത് വിനിമയം ഉപയോഗത്തിൽ എത്തുന്നതിന് പകരം വിനിമയ ഉപകരണത്തില്‍ തന്നെ സ്തംഭിച്ചുപോകുന്നു.
* സിമുലേഷന്‍: യാഥാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമായി തോന്നിക്കുന്ന മാധ്യമ നിര്‍മ്മിതികളെ ഹൈപ്പര്‍ റിയാലിറ്റി (Hyper-reality) എന്ന് ബോദ്രിലാദ് വിളിച്ചു. മഹാഭാരത യുദ്ധത്തെക്കുറിച്ച് ഭഗവദ് ഗീത പറയുന്നതുപോലുള്ള അഭിപ്രായമാണ് ഗള്‍ഫ് യുദ്ധം നടന്നിട്ടില്ല എന്നു ബോദ്രി ലാദ് പറയുന്നത്.നിഷ്‌കാമ കര്‍മ്മസിദ്ധാന്തത്തെ ഓര്‍ക്കുന്നതാണ് ബോദ്രിലാദ് പറയുന്ന നിഹിലിസം.

* പ്രദര്‍ശന സമൂഹം: ഗൈ ഡെബോര്‍ഡ് നിരീക്ഷിച്ചതുപോലെ, ജീവിതം നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്ന് മാറി കാഴ്ചകളുടെ (Spectacles) ശേഖരമായി മാറി. നാം ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അത് പ്രദര്‍ശിപ്പിക്കാനായി ചിലവഴിക്കുന്നു.
* ഡിജിറ്റല്‍ ലേബര്‍: സോഷ്യല്‍ മീഡിയയില്‍ നാം ചെയ്യുന്ന ഓരോ കാര്യവും കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനമായി മാറുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ‘ഡിജിറ്റല്‍ ലേബര്‍’ ആയി മാറുകയും നമ്മുടെ സ്വകാര്യത വിപണിവത്കരിക്കപ്പെടുകയും ചെയ്യുന്നു.
5. നിഗമനം
വിവരങ്ങളുടെ വെള്ളപ്പൊക്കം (Information flood) സത്യത്തെ നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. എ.ഐ.യും ഡിജിറ്റല്‍ മാധ്യമങ്ങളും അറിവിനെ വെറും ഡേറ്റകളായി ചുരുക്കുമ്പോള്‍ വിനിമയം അസാധ്യമാകുന്നു. എന്നാല്‍, ഈ സാങ്കേതിക വിദ്യകള്‍ അധഃസ്ഥിത ജനതയുടെ കൈകളില്‍ എത്തുകയും സാമൂഹിക മാറ്റത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വിനിമയം സാധ്യമാകൂ.]

എല്ലാം ഡേറ്റകളായി മാറുന്ന,വിവരങ്ങളുടെ വെള്ളപ്പൊക്കത്തില്‍,ഡിജിറ്റല്‍ പ്രളയ ജലത്തില്‍ വെറുതെ ഒഴുകി നടക്കുന്ന മത്സ്യങ്ങളാണ് ഇന്നു ജനങ്ങള്‍. ഒരു ചെറിയ മണ്‍കുടത്തിനകത്താണ് നമ്മള്‍ എന്നു സമ്മതിക്കില്ല. കുടത്തിനകം പൊട്ടി പുറത്തേക്ക് വന്ന്, നദിയേക്കാള്‍ വലുതാകുന്ന, നെറ്റിയില്‍ മുളച്ച ‘കൊമ്പിലെ തോണിയില്‍ ലോകത്തെ രക്ഷിക്കുന്ന, അറിവിനെ വീണ്ടെടുക്കുന്ന മത്സ്യാവതാരമായി നാം സ്വയം കരുതുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാം.

വിനിമയ ഉപകരണങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍സിദ്ധാന്തരൂപീകരണത്തിനുള്ള ശ്രമമാണ് ഈ ലേഖനം. പ്രത്യുത്പാദന- ഉത്പാദനതലങ്ങള്‍ തമ്മിലുള്ള ബന്ധവും പരിണാമവും തത്ത്വചിന്തയും പരിശോധിച്ചപ്പോള്‍ ക്രോഡീകരിച്ച ഘടകങ്ങള്‍ വിനിമയ ഉപകരണ പഠനങ്ങളിലും പ്രസക്തമാണ്.ഇന്ത്യയിലെ പ്രാചീന തത്ത്വചിന്തയായ സാംഖ്യ സിദ്ധാന്തത്തെയും അവ കേവലം ഡേറ്റകളായി മാറുന്ന ഭഗവദ് ഗീതാ സന്ദര്‍ഭങ്ങളെയും ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ ഘടകങ്ങളെ വേര്‍തിരിച്ചത്. ഡിജിറ്റല്‍ മുതലാളിത്ത കാലവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു.

പ്രത്യുത്പാദന- ഉത്പാദന ഘടകങ്ങളുടെ ബന്ധവും പരസ്പര സ്വാധീനവും പരിണാമവും ആവര്‍ത്തനസ്വഭാവവും പരിശോധിച്ചപ്പോള്‍ ലഭിച്ച ഏഴു ഘടകങ്ങള്‍ തന്നെയാണ് വിവരവിനിമയങ്ങള്‍ക്കും ഉള്ളത്.(https://jnanabhasha.com/munnura-shoobaks-drshoobaks-issue17-unnineeliyude-shareeravum/ ) ഭാഷ, മീഡിയ,വിദ്യാഭ്യാസം, പ്രണയലൈംഗികത എന്നീ വിനിമയസംവിധാനങ്ങളാണ് പരിശോധിക്കുന്നത്.(ഭാഷ, മീഡിയ – ഇവയാണ് ഈ ലക്കം വിവരിക്കുന്നത്.)

1.

പ്രത്യുത്പാദ- ഉത്പാദന ബന്ധങ്ങളിലെ ഏഴു ഘടകങ്ങള്‍ വിനിമയ ഉപകരണങ്ങളായ ഭാഷ, മീഡിയ, വിദ്യാഭ്യാസം, പ്രണയ ലൈംഗികത എന്നിവയില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നാണ് മൊത്തത്തില്‍ വിശദീകരിക്കുന്നത്. അതു കൊണ്ട് ഈ ഏഴു ഘടകങ്ങള്‍ ഇവ നാലിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു താഴെ പറയും വിധം വിവരിക്കാം:

1.സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍)

ഭാഷ, മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :വിനിമയം ചെയ്യുന്നയാള്‍

[ഭാഷ: ഭാഷ ഉപയോഗിച്ച് ആശയ വിനിമയത്തിനു ശ്രമിക്കുന്നയാളും അതു സ്വീകരിക്കാന്‍ നില്‍ക്കുന്നയാളും

മീഡിയ:വാര്‍ത്ത വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നയാളും ശ്രോതാക്കളും

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും

ലൈംഗികത: സ്ത്രീയും പുരുഷനും ]

2.ശരീരം (ഉത്പാദനോപകരണം )

ഭാഷ, മീഡിയ, വിദ്യാഭ്യാസം, ലൈംഗിക പ്രണയം :വിനിമയ ഉപകരണം

[ഭാഷ: മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍

മീഡിയ: ഭാഷ, ടി.വി.,സൈബര്‍ സ്ഥലം തുടങ്ങിയ സാങ്കേതിക വിദ്യാസ്ഥലങ്ങള്‍

വിദ്യാഭ്യാസം :ഭാഷ, ക്ലാസ് റൂം, മറ്റ് പഠന ഉപകരണങ്ങള്‍

ലൈംഗികത: ശരീരം, പ്രണയം, പ്രണയചിഹ്നങ്ങള്‍.]

3.ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ)

ഭാഷ,മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :ആശയ നിര്‍മ്മാണ പ്രക്രിയ

[ഭാഷ: സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ.

മീഡിയ:സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും പ0ന ഉപകരണങ്ങളാല്‍ ഉള്ള പ0ന പ്രക്രിയ.

ലൈംഗികത: ശരീരവും പ്രണയചിഹ്നങ്ങളും ചേരുന്ന ലൈംഗിക പ്രക്രിയ അല്ലെങ്കില്‍ പ്രണയവിനിമയ പ്രക്രിയ ]

4.കുഞ്ഞുങ്ങള്‍ ( ഉത്പന്നം)

ഭാഷ,മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :നിര്‍മ്മിത വസ്തു

[ഭാഷ: സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയം

മീഡിയ:സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന വിവരം

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും പ0ന ഉപകരണങ്ങളും ചേര്‍ന്നുള്ള പഠന പ്രക്രിയയുടെ ഫലമായി സംഭവിക്കുന്ന ആശയം

ലൈംഗികത: പ്രണയനിര്‍മ്മിതി, ലൈംഗിക പ്രക്രിയയിലൂടെ പ്രണയവും അടുത്ത തലമുറയും ഉണ്ടാകുന്നു.

5.സംരക്ഷണം ( സംഭരണം )

ഭാഷ,മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :നിര്‍മ്മിത വസ്തു ശേഖരണം

[ഭാഷ: സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയം ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്നു

മീഡിയ:സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന വിവരം ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്നു.

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും പഠന ഉപകരണങ്ങളാല്‍ ഉള്ള പഠന പ്രക്രിയയുടെ ഫലമായി സംഭവിക്കുന്ന ആശയം രേഖപ്പെടുത്തപ്പെടുന്നു.

ലൈംഗികത: പ്രണയചിഹ്നനിര്‍മ്മിതി.ലൈംഗിക പ്രക്രിയയിലൂടെ ഉണ്ടായ പ്രണയചിഹ്ന നിര്‍മ്മിതി, അടുത്ത തലമുറയുടെ ദൃശ്യത.

6.കൊത്തിപ്പിരിക്കല്‍ (വിതരണം )

ഭാഷ,മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :വിനിമയ വസ്തു വിതരണം

[ഭാഷ: സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന, ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്ന, ആശയം വിതരണം ചെയ്യപ്പെടുന്നു.

മീഡിയ:സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന വിവരം വിതരണം ചെയ്യപ്പെടുന്നു.

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും പഠന ഉപകരണങ്ങളും ചേര്‍ന്നുള്ള പഠന പ്രക്രിയയുടെ ഫലമായി സംഭവിക്കുന്ന ആശയം ഭാഷാ രൂപത്തിലും സംരക്ഷണ രൂപത്തിലും വിതരണം ചെയ്യപ്പെടുന്നു.

ലൈംഗികത: വിനിമയം ചെയ്യപ്പെടുന്ന പ്രണയചിഹ്നത്തിന്റെ പുനര്‍നിര്‍മ്മാണം, അടുത്ത തലമുറയുടെ വിതരണം.

7.മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ (ഉപയോഗം)

ഭാഷ,മീഡിയ, വിദ്യാഭ്യാസം, ലൈംഗികത :ഡീകോഡിംഗ് അഥവാ പുനര്‍നിര്‍മ്മാണം

[ഭാഷ: സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന, ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്ന,വിതരണം ചെയ്യപ്പെടുന്ന, ആശയം ഡീകോഡ് ചെയ്യുന്നു, പുനര്‍നിര്‍മ്മാണം ചെയ്യുന്നു.

മീഡിയ:സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന, വിതരണം ചെയ്യപ്പെടുന്ന വിവരം ഡീകോഡ് ചെയ്യുന്നു അഥവാ പുനര്‍നിര്‍മ്മാണം ചെയ്യുന്നു.

വിദ്യാഭ്യാസം :അധ്യാപകരും വിദ്യാര്‍ത്ഥികളും പഠന ഉപകരണങ്ങളും ചേര്‍ന്നുള്ള പഠന പ്രക്രിയയുടെ ഫലമായി സംഭവിക്കുന്ന, ഭാഷാ രൂപത്തിലും മറ്റ് രൂപങ്ങളിലും രൂപത്തിലും വിതരണം ചെയ്യപ്പെടുന്ന ആശയം ഡീകോഡ് ചെയ്യുന്നു അഥവാ പുനര്‍നിര്‍മ്മിക്കപ്പെടുന്നു.

ലൈംഗികത: പ്രണയചിഹ്നത്തിന്റെ ഡീകോഡിംഗ്, പുനര്‍ നിര്‍മ്മാണം.അടുത്ത തലമുറയുടെ നിര്‍മ്മിതി.

മേല്‍പ്പറഞ്ഞ എഴുഘടകങ്ങളും പരസ്പരം പ്രവര്‍ത്തിച്ചാണ് വിനിമയ നിര്‍മ്മാണം നടക്കുന്നത് ഇവ പ്രത്യേകം പരിശോധിക്കാവുന്നവയാണ്.

3

ഭാഷ

ഇന്ത്യയില്‍ ഭാഷാചിന്തകള്‍ക്ക് അതിവിപുലമായ പാരമ്പര്യം ഉണ്ട്. ആയിരക്കണക്കിന് ഭാഷാചിന്തകര്‍ ഉണ്ട്.ഇന്ത്യന്‍ ഭാഷാ ചിന്തകളെയാണ് ആധുനിക ഭാഷാശാസ്ത്രം പ്രധാനമായും അവലംബിക്കുന്നത്. ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥയുടെ മറ്റൊരു തരം ആവര്‍ത്തനമാണ് നോളജി ഇക്കോണമിയുടെ കാലത്തും ഉള്ളത്. പ്രതിരോധങ്ങള്‍ക്കും ഇത്തരം ആവര്‍ത്തന സ്വഭാവമുണ്ട്.ഇന്ത്യന്‍ ഭാഷാചിന്തകളെ തത്തുല്യമായ പാശ്ചാത്യ ചിന്തകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് സിദ്ധാന്ത രൂപീകരണം നടത്തുന്നത്.

ഭാഷാവിനിമയത്തെ ഒരു ഗണിതശാസ്ത്രപ്രവര്‍ത്തനമായി ആധുനിക കാലഘട്ടത്തില്‍ അവതരിപ്പിച്ചത് ക്ലോഡ് ഷാനണും വാറന്‍ വീവറുമാണ്. 1948-ല്‍ ഷാനണ്‍ പ്രസിദ്ധീകരിച്ച ‘ആശയവിനിമയത്തിന്റെ ഗണിതശാസ്ത്ര സിദ്ധാന്തം’ (A Mathematical Theory of Communication) എന്ന പ്രബന്ധം ടെലിഫോണ്‍ ലൈനുകളിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും വിനിമയത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് രൂപകല്‍പ്പന ചെയ്തത്. ടെലിഫോണ്‍ കമ്പനിയിലെ ഗവേഷകനായിരുന്ന ഷാനണ്‍ വികസിപ്പിച്ച ഈ മാതൃക പിന്നീട് വാറന്‍ വീവര്‍ മനുഷ്യര്‍ തമ്മിലുള്ള വിനിമയ പ്രക്രിയയിലേക്ക് വ്യാപിപ്പിച്ചു.
ഈ മാതൃക ആശയവിനിമയത്തെ ഒരു രേഖീയ പ്രക്രിയയായി (Linear Process) കാണുന്നു. ഇതില്‍ പ്രധാനമായും ആറ് ഘടകങ്ങളാണുള്ളത്: വിവര സ്രോതസ്സ് (Sender), എന്‍കോഡര്‍ (Transmitter), മാധ്യമം (Medium), ഡീകോഡര്‍ (Receiver), സ്വീകര്‍ത്താവ് (Destination), ശബ്ദം (Noise).ഷാനണും വീവറും ആശയവിനിമയത്തിലെ പ്രശ്‌നങ്ങളെ മൂന്ന് തലങ്ങളില്‍ തിരിച്ചിട്ടുണ്ട്. സാങ്കേതിക തലം (Technical Level), സന്ദേശത്തിന്റെ കൃത്യതയെയും സിഗ്‌നലുകളുടെ വിശ്വസ്തതയെയും കുറിച്ചുള്ളതാണ്. സെമാന്റിക് തലം (Semantic Level), അയക്കുന്ന സന്ദേശത്തിന്റെ അര്‍ത്ഥം സ്വീകര്‍ത്താവില്‍ അതേപടി എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. ഫലപ്രാപ്തി തലം (Effectiveness Level), വിനിമയം സ്വീകര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ഉദ്ദേശിച്ച മാറ്റം വരുത്തുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ഭാഷാശാസ്ത്രജ്ഞനായ റോമന്‍ യാക്കോബ്‌സണ്‍ ഷാനണ്‍-വീവര്‍ മാതൃകയെ ഭാഷാപരമായ തലത്തിലേക്ക് വികസിപ്പിച്ചു.

ഇതു ഏതാണ്ട് എല്ലാവരും പിന്‍തുടരുന്നു. ആശയംവിനിമയം ചെയ്യുന്നയാള്‍> ആശയം > വിനിമയഉപകരണം > ആശയ സ്വീകര്‍ത്താവ് ഇങ്ങനെ ഒരു രേഖീയപ്രവര്‍ത്തനമാണ് ഭാഷയില്‍ സംഭവിക്കുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ആശയം നിര്‍മ്മിക്കുന്ന ഒരാള്‍ ഉണ്ട്, അയാള്‍ നിര്‍മ്മിക്കുന്ന ആശയം ചോര്‍ന്നു പോകാതെ വാക്കുകളിലാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നു എന്നാണ് ഇവിടെയൊക്കെ വിവക്ഷ. വെള്ളം കൊണ്ട് പോകുന്ന തുകല്‍ പോലെ ആണ് വാക്കുകള്‍ എന്ന പഴയസങ്കല്പം ഉണ്ട്. എന്നാല്‍ വാസ്തവം ഇതല്ല. ആശയരൂപീകരണത്തില്‍ത്തന്നെ വിനിമയം ചെയ്യുന്നയാളും സ്വീകര്‍ത്താവും (മറ്റ് ഘടകങ്ങളും) പങ്കാളിയാണ്.

മരത്തിലെ മാങ്ങയെ നോക്കി ”വിശക്കുന്നു” എന്നു രമണന്‍ പറയുന്നത് ചന്ദ്രിക കേള്‍ക്കാനും മാങ്ങ തരാനുമാണ്. ചന്ദ്രികയ്ക്ക് ചെവി കേള്‍ക്കാം,മലയാളം അറിയാം, തന്നോട് സ്‌നേഹമുണ്ട് എന്നതുകൊണ്ടെല്ലാമാണ് ആംഗ്യഭാഷ ഉപേക്ഷിച്ച് രമണന്‍ ഭാഷയില്‍ പറയുന്നത്,മലയാള ഭാഷയില്‍ പറയുന്നത്. ചന്ദ്രിക ഇല്ലെങ്കില്‍ രമണന്റെ ഭാഷണം സാധ്യമാകുന്നില്ല എന്നര്‍ത്ഥം. ആത്മഭാഷണങ്ങള്‍ പോലും ഒറ്റയ്ക്കല്ല സംഭവിക്കുന്നത്. ഒരാള്‍ക്കു വേണ്ടി മാത്രമായി ഭാഷയില്ലാത്തതിനാല്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭാഷയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

”വിശക്കുന്നു” എന്ന വാക്ക് നിലവിലുള്ള അര്‍ത്ഥത്തെയും ചക്ക വേണം, ചോറ് വേണം തുടങ്ങിയ അര്‍ത്ഥങ്ങളെയും നിഷേധിച്ച് കൊണ്ട് മാങ്ങവേണം എന്ന അര്‍ത്ഥത്തിലേക്ക് സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്.

എന്നാല്‍ മാങ്ങവേണം എന്നതുമായിരിക്കില്ല അതിനര്‍ത്ഥം. ഇതിന് മുന്‍പ് ചന്ദ്രിക ”വിശക്കുന്നു” എന്നു പറഞ്ഞപ്പോള്‍, രമണന്‍ മാങ്ങ പറിച്ചു കൊണ്ടു കൊടുത്തു, എന്നിട്ട് ചന്ദ്രികയോട് ഇങ്ങനെ ഒരു കുത്തുവാക്ക് പറഞ്ഞു: നീ ഇപ്പോള്‍ വലിയ ഫെമിനിസ്റ്റല്ലേ എന്നിട്ട് നീ എന്തിനാണ് എന്നോട് മാവില്‍ കയറാന്‍ പറയുന്നത് നിനക്ക് കേറിക്കൂടെ? ചന്ദ്രികയും ദേഷ്യപ്പെട്ടു: മാവില്‍ കേറുന്നതല്ല ഫെമിനിസം, എനിക്ക് എന്റെ കാര്യം ചെയ്യാനറിയാം. എനിക്ക് തന്റെ മാങ്ങവേണ്ട.

അങ്ങനെ പിണങ്ങി നടന്ന ചന്ദ്രികയോട് ”വിശക്കുന്നു” എന്നു രമണന്‍ പറയുമ്പോള്‍ ചന്ദ്രിക മാങ്ങ പറിച്ചു കൊടുക്കുന്നു. അവിടെ വിശക്കുന്നു എന്ന വാക്ക് മാങ്ങവേണം എന്നതും കടന്നു പിണക്കം തീര്‍ന്നു എന്നതിലേക്ക് സഞ്ചരിക്കുന്നു. അതിനു കാരണം ആശയ നിര്‍മ്മാണമെന്നത് നിഷേധങ്ങളിലൂടെ പല ഘട്ടങ്ങളിലൂടെ വളരുന്നു എന്നതുകൊണ്ടാണ്.
(രണ്ടു പേരും മാങ്ങ തിന്നുകൊണ്ടിരിക്കുമ്പോള്‍ ”കഴിച്ചിട്ടും വിശക്കുന്നു” എന്നു ചന്ദ്രിക രമണന്റെ ചുംബനം ആഗ്രഹിച്ചു പറഞ്ഞാല്‍ വിശക്കുന്നു എന്ന വാക്ക് വീണ്ടും മറ്റൊരു അര്‍ത്ഥം ഉത്പാദിപ്പിക്കുന്നു.)

ഇവിടെ രമണനും ചന്ദ്രികയും ഭാഷയും സന്ദര്‍ഭവും മാറിമറിയുന്നു. അതായത് ഒരാള്‍ ആശയം ഒരു കുപ്പിയില്‍ നിറച്ച് മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ ആ ‘വെള്ളം എന്ന ആശയം ‘ എടുത്തുപയോഗിക്കുന്നതല്ല ഭാഷാ വിനിമയത്തില്‍ സംഭവിക്കുന്നത്. മേല്‍ സൂചിപ്പിച്ച ഉത്പാദന – പ്രത്യുത്പാദനതലത്തിലെ ഘട്ടങ്ങള്‍ തന്നെയാണ് ഭാഷാ വിനിമയത്തിനുമുള്ളത്.
1.ഉത്പാദകര്‍ –

ഭാഷ ഉപയോഗിച്ച് ആശയ വിനിമയത്തിനു ശ്രമിക്കുന്നയാളും അതു സ്വീകരിക്കാന്‍ നില്‍ക്കുന്നയാളും

( രമണനും ചന്ദ്രികയും )

2.ഉത്പാദനോപകരണം –

മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍
( മലയാള ഭാഷ)

3.ഉത്പാദന പ്രക്രിയ

ചരിത്രസന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ.

(രമണനും ചന്ദ്രികയും നില്‍ക്കുന്ന സ്ഥലം, ചരിത്രം ഇവയോടുള്ള ഭാഷാ പ്രവര്‍ത്തനം)

4. ഉത്പന്നം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയം.
(”വിശക്കുന്നു” എന്ന ആശയം)

5.സംഭരണം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയം ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്നു.

( ‘വിശക്കുന്നു” എന്ന ഭാഷാ രൂപം)

6.വിതരണം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന, ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്ന, ആശയം വിതരണം ചെയ്യപ്പെടുന്നു.

( ആശയവും ശബ്ദവും കേള്‍ക്കുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നു)

7.ഉപയോഗം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന, ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്ന,വിതരണം ചെയ്യപ്പെടുന്ന, ആശയം ഡീകോഡ് ചെയ്യുന്നു, പുനര്‍നിര്‍മ്മാണം ചെയ്യുന്നു.

( സാന്ദര്‍ഭികമായി അത് ‘പിണക്കം തീര്‍ന്നു ‘ എന്ന അര്‍ത്ഥം പുനര്‍നിര്‍മ്മിക്കുന്നു.)

ഇതൊന്നും രേഖീയ സഞ്ചാരത്തിലൂടെയല്ല. നിര്‍മ്മിക്കപ്പെടുന്നത്. എല്ലാം പരസ്പരം ചേര്‍ന്നും എതിരിട്ടും പരിവര്‍ത്തിക്കപ്പെടുകയാണ്.

അധീശസന്ദര്‍ഭങ്ങളില്‍ പക്ഷെ ഭാഷയുടെ ഇത്തരം സൈദ്ധാന്തികനിലപാടുകളല്ല മഹത്വവത്കരിക്കണപ്പെടുന്നത്.അധീശ വ്യവസ്ഥയില്‍ ഉത്പാദന ഉപകരണത്തിന്റെ ഉടമാവകാശം ഒരു കൂട്ടര്‍ പിടിച്ചെടുക്കുമ്പോള്‍ ഉത്പന്നം ഉത്പാദകരില്‍ നിന്നും അന്യവത്കരിക്കപ്പെടുകയും ഉത്പന്നവും ഉപയോഗവും തമ്മില്‍ വിച്ഛേദമുണ്ടാകുകയും ചെയ്യും.അതായത് ”വിശക്കുന്നു” എന്ന ഭാഷാപ്രയോഗത്തില്‍(ഉത്പന്നം) നിന്നും ”പിണക്കം തീര്‍ന്നു” എന്ന അര്‍ത്ഥ നിര്‍മ്മാണ ( ഉപയോഗം) ത്തിന് കാരണമായുള്ള ചന്ദ്രികയുടെയും രമണന്റെയും പ്രണയം,പിണക്കം, പ്രയത്‌നം എല്ലാം നീക്കം ചെയ്യപ്പെടുംവിധമുള്ള സിദ്ധാന്തങ്ങള്‍ രൂപപ്പെടും. ഉത്പാദകന്റെ അധ്വാനത്തെ അപകര്‍ഷപ്പെടുത്തുകയും എന്നാല്‍ അതിനെ ഉപയോഗിച്ച് പണവും അധികാരവും നേടുന്ന ഉപരിവര്‍ഗ്ഗ ഇടനിലക്കാരന്റെ ഉദയംപോലെ ഒന്നാണ് ഭാഷാപ്രവര്‍ത്തനത്തിലും സംഭവിക്കുന്നത്.ഭാഷയും അര്‍ത്ഥവും പറയുന്നവന്റെ ഉള്ളില്‍ത്തന്നെ സ്ഥിരമായുള്ളതാണ് എന്നും മാറിയാലും അതു യഥാര്‍ത്ഥ മാറ്റമല്ലെന്നും പറഞ്ഞു കൊണ്ട് ഉത്പന്നത്തില്‍ നിന്നും അതിനു കാരണമായ അധ്വാന പ്രവര്‍ത്തനത്തെ അന്യവത്കരിക്കുകയാണ് രീതി.

ഇന്ത്യയില്‍ ഭര്‍തൃഹരി വാക്കിനെ നിശ്ചല ബ്രഹ്മമാക്കിയത് ഇത്തരത്തിലുള്ള ഉത്പാദന വ്യവസ്ഥയുടെ മഹത്വവത്കരണമാണ്. സ്‌ഫോടം എന്ന മാറാത്ത അര്‍ത്ഥത്തെയും ധ്വനി എന്ന മാറുന്ന അര്‍ത്ഥത്തെയും ഭര്‍തൃഹരി സങ്കല്പിച്ചു.പച്ച പ്രതലത്തില്‍ വച്ച സ്ഫടികത്തെ എടുത്താല്‍ സ്ഫടികം സ്‌ഫോടവും അതിന്റെ പ്രതിനിധാനപ്പെടല്‍ നടക്കുന്ന പച്ച പ്രതലത്തിലെ സ്ഫടികം ധ്വനിയുമാണ്.ജലത്തിലെ ചന്ദ്രബിംബം പോലെയാണ് സ്‌ഫോടം എന്ന് ഭര്‍തൃഹരി മറ്റൊരു ഉദാഹരണം പറയുന്നു (1.49) ഓളങ്ങള്‍ ഇളകുമ്പോള്‍ ചന്ദ്രന്‍ ഇളകുന്നതായി തോന്നും .പക്ഷെ ചന്ദ്രന്‍ നിശ്ചലമാണ് അത് പോലെ ധ്വനി കൊണ്ട് വാക്കുകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ട് എന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ മാറ്റമില്ല. പെരുമ്പറയുടെ ശബ്ദവും ദീപത്തിന്റെ വെളിച്ചവും ദൂരെയുള്ളവരെ സംബന്ധിച്ച്, പെരുമ്പറയും ദീപവും കാണാത്തവരെ സംബന്ധിച്ച് എന്താണോ അതാണ് ധ്വനി. കാണാന്‍ കഴിയാത്ത പെരുമ്പറയും ദീപവും പോലെയാണ് ധ്വനി എന്നുമൊക്കെ ഭര്‍തൃഹരി ഉദാഹരിക്കുന്നു (1.104). അതായത് വാക്കുകള്‍ മാറുന്നില്ല. മാറുന്നത് താല്കാലിക തോന്നലാണ്.വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നതിന് അഥവാ ധ്വനിയുടെ അവസ്ഥയ്ക്ക് മുന്‍പ് പല ഘട്ടങ്ങള്‍ ഭര്‍തൃഹരി സങ്കല്പിക്കുന്നു. മോക്ഷാവസ്ഥയില്‍ മാത്രം അറിയാന്‍ കഴിയുന്നതും മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്നതും യോഗികള്‍ക്ക് പോലും അറിയാന്‍ കഴിയാത്തതുമായ ‘പരാ’,യോഗികള്‍ക്ക് അറിയാന്‍ കഴിയുന്നതും ശരീരത്തിന്റെ നാഭീ ദേശത്ത് സ്ഥിതി ചെയ്യുന്നതുമായ ‘പശ്യന്തി’, പറയപ്പെടുന്നതിന് തൊട്ടുമുമ്പുള്ളതും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ‘മധ്യമാ’ കണ്ഠം, മൂര്‍ധാവ് തുടങ്ങിയ ഉച്ചാരണസ്ഥാനങ്ങളിലൂടെ വര്‍ണ്ണങ്ങളായി പുറത്ത് വരുന്ന അവസ്ഥ ‘വൈഖരി ‘.
വാക്കും അര്‍ത്ഥവും ജ്ഞാനവും പ്രയോഗത്തില്‍ നിന്നല്ല ചില വ്യക്തികളുടെ ഉള്ളില്‍ നിന്നാണ് വരുന്നത് എന്നു വരുന്നു. അര്‍ത്ഥ മാറ്റങ്ങളെ നിശ്ചിത ഘടനയ്ക്കുള്ളില്‍ (പച്ച പ്രതലം, ജലം തുടങ്ങിയ ഘടനയ്ക്കുള്ളിലെ പച്ച നിറം, ചന്ദ്രബിംബം ആണ് അര്‍ത്ഥവ്യത്യാസം) നിശ്ചലമാക്കുന്നു. ആധുനിക ഭാഷാശാസ്ത്രം ഇതിനെ ( ധ്വനി സങ്കല്പത്തെ) അനുകരിക്കുകയാണ് ചെയ്തത്.ചരിത്രത്തെ ഒഴിവാക്കി (Synchronic Linguistics),നിശ്ചിത ഘടനയ്ക്കുള്ളില്‍ അര്‍ത്ഥം നിര്‍മ്മിക്കപ്പെടുന്നതിനെ കുറിച്ചാണ് സസ്യൂര്‍ (Ferdinand de Saussure) പറഞ്ഞത്.
ബ്ലൂം ഫീള്‍ഡിനെ സ്വാധീനിച്ച പെരുമാറ്റവാദവും (Behaviorism
) ഏതാണ്ട് ഇതു തന്നെയാണ്.ബ്ലൂംഫീല്‍ഡിന്റെ കാലഘട്ടത്തില്‍ മനഃശാസ്ത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സിദ്ധാന്തമായിരുന്നു ബിഹേവിയറിസം. മനുഷ്യന്റെ പ്രവൃത്തികളെ ചോദകവും (Stimulus) പ്രതികരണവും (Response) ആയി തിരിച്ച് പഠിക്കുന്ന രീതിയാണിത്. ഭാഷയെയും ഇതേ രീതിയില്‍ ഒരു ശാരീരിക പ്രവര്‍ത്തനമായി (Physical event) അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ Language’ എന്ന പുസ്തകത്തിലെ രണ്ടാം അധ്യായ (The Use of Language – ഭാഷയുടെ ഉപയോഗം) ത്തില്‍ ആണ് ജാക്ക് &ജില്‍ ഉദാഹരണം കാണുന്നത്.ഭാഷ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിക്കാന്‍ ബ്ലൂംഫീല്‍ഡ് ഒരു ചെറിയ സന്ദര്‍ഭം വിവരിക്കുന്നു:
ജാക്കും ജില്ലും ഒരു വഴിയിലൂടെ നടന്നുപോകുന്നു. ജില്ലിന് നല്ല വിശപ്പുണ്ട്. പെട്ടെന്ന് വേലിക്ക് അപ്പുറത്തുള്ള മരത്തില്‍ അവള്‍ ഒരു ആപ്പിള്‍ കാണുന്നു. അവള്‍ സ്വന്തം കൈകൊണ്ട് ആപ്പിള്‍ പറിക്കുന്നില്ല. പകരം, അവള്‍ തൊണ്ടയിലെയും നാക്കിലെയും പേശികള്‍ ചലിപ്പിച്ച് ഒരു ശബ്ദമുണ്ടാക്കുന്നു. അത് കേള്‍ക്കുന്ന ജാക്ക്, വേലി ചാടിക്കടന്ന് ആപ്പിള്‍ പറിച്ച് ജില്ലിന്റെ കയ്യില്‍ കൊടുക്കുന്നു.
ഈ സംഭവത്തെ ബ്ലൂംഫീല്‍ഡ് മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നു:
1. സാധാരണ മൃഗങ്ങളുടെ പെരുമാറ്റം (Non-linguistic behavior)
ഭാഷയില്ലാത്ത ഒരു മൃഗമായിരുന്നു ജാക്കിന്റെ സ്ഥാനത്തെങ്കില്‍ എന്ത് സംഭവിക്കും?
? S (Stimulus – ചോദകം): വിശപ്പും ആപ്പിളിന്റെ കാഴ്ചയും.
? R (Response – പ്രതികരണം): മൃഗം തന്നെ മരത്തില്‍ കയറി ആപ്പിള്‍ പറിക്കുന്നു.
? ഇവിടെ S ? R എന്ന നേരിട്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
2. മനുഷ്യന്റെ പെരുമാറ്റം (Linguistic behavior)
മനുഷ്യന്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ ഈ പ്രക്രിയയില്‍ മാറ്റം വരുന്നു. ജില്‍ നേരിട്ട് ആപ്പിള്‍ പറിക്കുന്നതിന് (R) പകരം സംസാരിക്കുകയാണ് ചെയ്യുന്നത്.
? S (Real-world Stimulus): ജില്ലിന് വിശക്കുന്നു, ആപ്പിള്‍ കാണുന്നു.
? r (Linguistic Response): ജില്‍ സംസാരിക്കുന്നു (ശബ്ദമുണ്ടാക്കുന്നു).
? s (Linguistic Stimulus): ജാക്ക് ആ ശബ്ദം കേള്‍ക്കുന്നു.
? R (Real-world Response): ജാക്ക് മരത്തില്‍ കയറി ആപ്പിള്‍ പറിക്കുന്നു.
ഇതിനെ ബ്ലൂംഫീല്‍ഡ് ഒരു സൂത്രവാക്യത്തിലൂടെ അവതരിപ്പിച്ചു:
S ? r ……… s ? R

? S ? r: ജില്ലിന്റെ മനസ്സിലുണ്ടായ ആഗ്രഹം ഭാഷയായി (r) മാറുന്നു.
? ………: വായുവിലൂടെ ശബ്ദതരംഗങ്ങള്‍ സഞ്ചരിക്കുന്നു.
? s ? R: ജാക്ക് ആ ശബ്ദം (s) കേട്ട് പ്രായോഗികമായ ഒരു പ്രവൃത്തി (R) ചെയ്യുന്നു.

അതായത്,ഭാഷ ഉള്ളതുകൊണ്ടാണ് മനുഷ്യര്‍ക്ക് ജോലികള്‍ പങ്കുവെക്കാന്‍ കഴിയുന്നത്.
ഒരാളുടെ ശരീരത്തിലുണ്ടാകുന്ന ചോദകം (വിശപ്പ്) മറ്റൊരാളുടെ ശരീരത്തെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഭാഷ സഹായിക്കുന്നു. ഇതാണ് മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറ.ഈ മാതൃക പ്രകാരം, ഒരു വാക്കിന്റെ ‘അര്‍ത്ഥം’ എന്നത് ‘ആ വാക്ക് പറയാന്‍ കാരണമായ സാഹചര്യവും (S), അത് കേട്ടപ്പോള്‍ ഉണ്ടായ പ്രതികരണവും (R)’ ചേര്‍ന്നതാണ്. ഇങ്ങനെയാണ് ബ്ലും ഫീല്‍ഡിന്റെ വിശദീകരണം.

എന്നാല്‍ പെട്ടെന്നുണ്ടായ പ്രതികരണം മാത്രമല്ല ഭാഷയുടെ അര്‍ത്ഥ നിര്‍മ്മാണമെന്ന് രമണനും ചന്ദ്രികയും തമ്മിലുള്ള സംവാദത്തില്‍ നിന്നും വ്യക്തമാണല്ലോ.ചന്ദ്രികയുടെയും രമണന്റെയും പ്രണയ പരിഭവ ചരിത്രം അര്‍ത്ഥത്തെ വീണ്ടും മാറ്റിമറിയ്ക്കുന്നു എന്നത് വിശദീകരിച്ചല്ലോ. കേവലമായ ശാരീരിക പ്രതികരണം മാത്രമല്ല ഭാഷ എന്നര്‍ത്ഥം.ഭര്‍തൃഹരിയുടെ ധ്വനി സങ്കല്പത്തെ സ്വീകരിക്കുകയും സ്‌ഫോടത്തെ ഉപേക്ഷിക്കുകയും ആണ് സസ്യൂറിനെ പോലെ ബ്ലൂം ഫീള്‍ഡും. പാണിനിയുടെ വിവരണാത്മക രീതി അദ്ദേഹം സ്വീകരിച്ചു. ചരിത്രപരത ഇല്ലാതായി.താല്കാലികപ്രതികരണമാക്കി ഭാഷയെ മാറ്റി. ഈ പെരുമാറ്റവാദത്തെ എതിര്‍ക്കാനാണ് ചോംസ്‌കി ഭര്‍തൃഹരിയുടെ സ്‌ഫോടത്തെ സ്വീകരിക്കുന്നത്.നോം ചോംസ്‌കിയുടെ ‘Syntactic Structures’ (1957) എന്ന കൃതി അതിനുദാഹരണമാണ്.ബ്ലൂംഫീല്‍ഡ് ഭാഷയെ ‘പുറമെ കാണുന്ന വിവരങ്ങളുടെ പട്ടികയായി’ (Data collection) കണ്ടപ്പോള്‍, ചോംസ്‌കി ഭാഷയെ ‘തലച്ചോറിലെ ഒരു ഗണിതശാസ്ത്ര പ്രക്രിയയായി’ (Mental process) കണ്ടു. പഴയ ആത്മീയ വാദത്തിലെയും ആശയവാദത്തിലെയും ആത്മീയപക്ഷത്തെ ചോംസ്‌കി കൈകൊള്ളുമ്പോള്‍ ( സേ്‌ഫോട സങ്കല്പം ) അതിന്റെ തന്നെ യാന്ത്രിക ഭൗതിക പക്ഷം ( ധ്വനി സങ്കല്പം ) സസ്യൂറും ബ്ലും ഫീല്‍ഡും സ്വീകരിക്കുന്നു.രണ്ടിടത്തും അര്‍ത്ഥനിര്‍മ്മാണത്തിന്റെ അധ്വാനപ്രക്രിയ ഇല്ലാതാകുന്നു. പ്ലേറ്റോയുടെ ആശയവാദം തന്നെയാണ് ചോംസ്‌കി സ്വീകരിക്കുന്നത്. ( പ്ലേറ്റോയില്‍ മറ്റ് ചില സാധ്യതകള്‍ ഉണ്ട്.)പ്ലേറ്റോയുടെ പ്രസിദ്ധമായ ഉദാഹരണം ചോംസ്‌കി ഉദ്ധരിക്കുന്നുണ്ട്.വിദ്യാഭ്യാസം ലഭിക്കാത്ത ഒരു അടിമപ്പയ്യന്‍, സോക്രട്ടീസിന്റെ ചെറിയ സഹായത്തോടെ ജ്യാമിതിയിലെ സങ്കീര്‍ണ്ണമായ തത്വങ്ങള്‍ മനസ്സിലാക്കുന്നതായി സോക്രട്ടീസ് തെളിയിക്കുന്നു. ചോംസ്‌കി എത്തുന്ന നിഗമനം ഇതാണ്:മനുഷ്യന്റെ തലച്ചോറില്‍ ജന്മസിദ്ധമായ ഒരു ഭാഷാഘടന ഉണ്ടായിരിക്കണം
അതായത്, ആ അറിവ് അവനില്‍ ജന്മനാ ഉണ്ടായിരുന്നു. അടിമയെ അടിമയായും രാജാവിനെ രാജാവായും നിലനിര്‍ത്താനും അടിമയുടെ അധ്വാനത്തെയും സര്‍ഗ്ഗാത്മകതയെയും മറച്ചു പിടിക്കാനും ഈ ജന്മസിദ്ധവാദം ഉപകാരപ്പെടുന്നതുകൊണ്ടാണ് അതിന്റെ വക്താക്കള്‍ വാഴ്ത്തപ്പെട്ടവരായി മാറുന്നത്. ഇങ്ങനെ ഒരു ഉദാഹരണം ചോംസ്‌കി പറയുന്നുണ്ടല്ലോ :Colorless green ideas sleep furiously.(നിറമില്ലാത്ത പച്ച ആശയങ്ങള്‍ രോഷത്തോടെ ഉറങ്ങുന്നു.)ഈ വാക്യം, Subject-Verb-Adverb എന്ന അടിസ്ഥാന നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ വാക്യഘടനപരമായി കൃത്യമാണ് എന്നാല്‍ ശബ്ദാര്‍ത്ഥപരമായി ഇത് അസംബന്ധമാണ് (semantically anomalous) എന്നു ചോംസ്‌കി പറയുന്നു. ഒരു വാക്യം ശരിയായി ജനറേറ്റ് ചെയ്യാന്‍ വാക്യഘടനയ്ക്ക് കഴിയും, അതിന് ബാഹ്യലോകത്തില്‍ അര്‍ത്ഥമുണ്ടാകണമെന്നില്ല എന്നാണ് ഇതിനു വിശദീകരണം. വ്യാകരണപരമായി ശരി, ഉപയോഗപരമായി അസംബന്ധം എന്ന വിഭജനമാണ് നടത്തുന്നത്.ഉപയോഗ സന്ദര്‍ഭത്തെ ഉപേക്ഷിച്ചു കൊണ്ട് ഒരു വ്യാകരണവുമില്ല എന്ന സാമാന്യബോധം ഉപേക്ഷിച്ചു കൊണ്ടാണ് ഈ നിലപാട്. ഉപയോഗത്തില്‍ അസംബന്ധമായി മാറുന്ന ഒരു വാക്യവുമില്ല.”ഹുത്തിനി ഹാലിട്ട ലിത്താപ്പോ… ഫാനത്തലാക്കിടി ജിംബാലോ…’ ഈ ബഷീര്‍ ‘അസംബന്ധ ‘വാക്യത്തിന് ഉപയോഗ സന്ദര്‍ഭത്തില്‍ അര്‍ത്ഥമുണ്ട്.ഉപയോഗമാണ് അര്‍ത്ഥം നല്‍കുന്നത്, ഉപയോഗമാണ് ഭാഷയ്ക്ക് വ്യാകരണവും നല്‍കുന്നത്. എഴുതപ്പെട്ട വ്യാകരണവും ഉപയോഗ ഭാഷയും തമ്മിലുള്ള സംഘര്‍ഷമാണ് ഭാഷ എന്നത്.[ ഭര്‍തൃഹരിയുടെ സേ്‌ഫോടം / ധ്വനി എന്ന ദ്വന്ദ്വത്തിലും സസ്യൂറിന്റെ ലാങ് / പരോള്‍ ദ്വന്ദ്വത്തിലും ഭാഷയുടെ ഉപയോഗസന്ദര്‍ഭപരിണാമത്തെ മാറ്റി നിര്‍ത്തുന്നുണ്ട്.).ഭാഷ നിര്‍മ്മിക്കുന്നവരെ ഒഴിവാക്കി എടുക്കാന്‍ ചോംസ്‌കിയുടെ നിലപാടു സഹായിക്കുന്നു.
ദറിദയും ഇതു തന്നെയാണ് ചെയ്യുന്നത്. സസ്യൂറും ബ്ലും ഫീള്‍ഡും ഭാഷയുടെ ‘ പ്രയോഗ’ത്തെ യാന്ത്രികമായി സ്വീകരിച്ചപ്പോള്‍ ചോംസ്‌കിയും ദറിദയും ”എഴുത്തി ”നെ യാന്ത്രികമായി സ്വീകരിച്ചു. പഴയ വിശ്വാസ സംഹിത ദൈവവചനങ്ങളെ ”തലയിലെഴുത്താ”യാണ് കണ്ടത്.മുന്‍കൂട്ടി തയ്യാറാക്കിയ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമായി, ഡേറ്റകളായി മനുഷ്യനെ കണ്ടു.മുതലാളിത്ത വ്യവസ്ഥയ്ക്ക് അത് ആവശ്യമായതുകൊണ്ടാണ് ദറിദയും ചോംസ്‌കിയും ഭാഷാ ചിന്തകരായി അറിയപ്പെടുന്നത്.ദറിദയുടെ ‘Of Grammatology’ (ഗ്രാമറ്റോളജി) എന്ന പുസ്തകത്തിലെ ഒന്നാം ഭാഗം, ഒന്നാം അധ്യായ(‘The End of the Book and the Beginning of Writing’) ത്തില്‍ സംസാരത്തെക്കാള്‍ എഴുത്തിനുള്ള പ്രാമുഖ്യത്തെക്കുറിച്ച് പറയുന്നുണ്ട്.ജീവശാസ്ത്രത്തിലെ ഡി.എന്‍.എ. കോഡുകള്‍ മുതല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വരെ ഒരുതരം ‘എഴുത്ത്’ ആണെന്ന് ദറിദ നിരീക്ഷിക്കുന്നു. വിപരീതദ്വന്ദ്വങ്ങളെ എതിര്‍ക്കുന്നു എന്നു പറയുമ്പോഴും ജന്മസിദ്ധം / കര്‍മ്മസിദ്ധം, സിദ്ധാന്തം / പ്രയോഗം, ചരിത്രപരം/ വിവരണാത്മകം, സംസാരം/എഴുത്ത് തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ മാറി മാറി ആശ്രയിക്കുക തന്നെയാണ് വാഴ്ത്തപ്പെട്ട പാശ്ചാത്യഭാഷാശാസ്ത്രജ്ഞര്‍ ചെയ്തത്.
ഉത്പാദകരെ ഉത്പന്നത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഭര്‍തൃഹരിയുടേതു പോലെ ആധുനിക ഭാഷാശാസ്ത്രജ്ഞന്മാരുടെ നിലപാടും സഹായിക്കുന്നു, ഇത് അതത് വ്യവസ്ഥയുടെ സ്ഥാപനവത്കരണത്തിന് ഉപയോഗപ്പെടുന്നതു കൊണ്ട് പ്രസ്തുത ആശയങ്ങള്‍ വാഴ്ത്തപ്പെടുന്നു എന്നാണ് വിശദീകരിച്ചത്.
നിശ്ചലമായ ആത്മനിഷ്ഠവാദത്തിലും യാന്ത്രികമായ,കേവലമായ ഭൗതിവാദത്തിലും മാറി മാറി നിലകൊള്ളുകയോ ഒരേ സമയം തന്നെ രണ്ടിനെയും സ്വീകരിക്കുകയോ ചെയ്യുന്നു എന്നതാണ് ഇവിടെയുള്ള പ്രശ്നം.എന്നാല്‍ ബൗദ്ധരുടെ ഭാഷാശാസ്ത്ര സിദ്ധാന്തം ഇതിനെ എതിര്‍ക്കുന്നതായിരുന്നു.
ബൗദ്ധ ദര്‍ശനത്തിലെയും ഭാഷാശാസ്ത്രത്തിലെയും സുപ്രധാനമായ ഒരു സിദ്ധാന്തമാണ് അപോഹവാദം (Apoha Theory). അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബൗദ്ധ പണ്ഡിതനായ ദിങ്‌നാഗന്‍ ആണ് തന്റെ പ്രമാണസമുച്ചയം എന്ന ഗ്രന്ഥത്തിലൂടെ ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.പിന്നീട് ധര്‍മ്മകീര്‍ത്തി ഈ സിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചു.
അപോഹ സിദ്ധാന്തത്തിന്റെ പ്രധാന വശങ്ങള്‍ താഴെ പറയുന്നവയാണ്:
1. ഒഴിവാക്കലിലൂടെയുള്ള അര്‍ത്ഥനിര്‍ണ്ണയം (Exclusion)
‘അപോഹ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ഒഴിവാക്കല്‍’ എന്നാണ്. ഒരു വാക്കിന്റെ അര്‍ത്ഥം എന്നത് ആ വാക്ക് സൂചിപ്പിക്കാത്ത മറ്റ് വസ്തുക്കളെ ഒഴിവാക്കുന്നതിലൂടെയാണ് ഉണ്ടാകുന്നത് എന്ന് ഈ സിദ്ധാന്തം വാദിക്കുന്നു.ഉദാഹരണത്തിന്, ‘പശു’ എന്ന വാക്കിന് അര്‍ത്ഥം ലഭിക്കുന്നത് ‘പശുവല്ലാത്ത’ (കുതിര, ആട് തുടങ്ങിയവ) എല്ലാ വസ്തുക്കളെയും ഒഴിവാക്കുന്നതിലൂടെയാണ്.
2. ഇരട്ട നിഷേധം (Double Negation)
ഈ സിദ്ധാന്തം ഒരുതരം ‘ഇരട്ട നിഷേധത്തെ’ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത്, ഒരു വസ്തുവിനെ അതിന്റെ സ്വഭാവം പറഞ്ഞ് പോസിറ്റീവായി നിര്‍വ്വചിക്കുന്നതിന് പകരം, അതിന്റെ വിപരീതമായതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ബൗദ്ധ വീക്ഷണമനുസരിച്ച്, ‘പശു’ എന്നാല്‍ ‘പശുവല്ലാത്തത് അല്ലാത്തത്’ (Not a non-cow) എന്നാണ് അര്‍ത്ഥം.
3. സാമാന്യതാവാദത്തോടുള്ള എതിര്‍പ്പ് (Against Universals)
ലോകത്ത് ‘സാമാന്യം’ (Universals) എന്നൊരു വിഭാഗം യഥാര്‍ത്ഥമായി നിലനില്‍ക്കുന്നു എന്ന നിലപാടിനെ എതിര്‍ക്കുന്നു. (ഉദാഹരണത്തിന്, എല്ലാ പശുക്കളിലും പൊതുവായുള്ള ‘ഗോത്വം’). എന്നാല്‍ ബൗദ്ധ ദര്‍ശനം ഇത് അംഗീകരിക്കുന്നില്ല. അര്‍ത്ഥം ഉപയോഗപ്രക്രിയയിലൂടെ ഉണ്ടാകുന്നതാണ്.

4. പ്രായോഗികമായ ലക്ഷ്യം (Pragmatic Purpose)
ധര്‍മ്മകീര്‍ത്തിയുടെ അഭിപ്രായത്തില്‍, ഭാഷയുടെ ഉപയോഗം തികച്ചും പ്രായോഗികമാണ്. ഒരേ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കുന്ന വ്യത്യസ്ത വസ്തുക്കളെ ഒരേ പേര് നല്‍കി വിളിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കാനാണ്.വസ്തുക്കള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടെങ്കിലും അവ ഒരേ ഫലം നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നാം അവയെ ഒന്നായി കാണുന്നു.
5. ജ്ഞാനശാസ്ത്രപരമായ പങ്ക് (Epistemological Role)
ബൗദ്ധപ്രമാണവാദമനുസരിച്ച്, ഭാഷയും ചിന്തയും ‘അനുമാനം’ (Inference) വഴിയാണ് പ്രവര്‍ത്തിക്കുന്നത്.അപോഹ സിദ്ധാന്തം ഈ അനുമാനപ്രക്രിയയുടെ ഭാഗമായാണ് ദിങ്‌നാഗന്‍ അവതരിപ്പിച്ചത്.
ചുരുക്കത്തില്‍, അര്‍ത്ഥം എന്നത് വസ്തുക്കളില്‍ അന്തര്‍ലീനമായ ഒന്നല്ലെന്നും, മറിച്ച് മറ്റ് വസ്തുക്കളില്‍ നിന്നുള്ള വ്യത്യാസത്തിലൂടെയും നിഷേധത്തിലൂടെയും (Negation) നമ്മുടെ മനസ്സ് നിര്‍മ്മിക്കുന്നതാണെന്നും അപോഹ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു.

മാമ്പഴം എന്നത് ആപ്പിള്‍ പോലെയുള്ള മറ്റ് പഴങ്ങളല്ലാത്തത് ആണ്. ‘ചന്ദ്രിക’ എന്നു പറഞ്ഞാല്‍ ‘രമണി’ പോലുള്ള സ്ത്രീകള്‍ അല്ലാത്തത് ആണ്. ‘ചന്ദ്രിക മാമ്പഴമാണ്’ എന്നു പറഞ്ഞാല്‍, ആപ്പിളല്ലാത്ത ചന്ദ്രികയുടെയും മാമ്പഴമായ രമണിയും ഒക്കെ അല്ലാത്ത ഒന്നിന്റെ സവിശേഷ നിര്‍മ്മാണമാണ് നടക്കുന്നത്.പ്രയോഗത്തില്‍ പൂര്‍വ്വാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഈ സിദ്ധാന്തത്തെ വിപരീതമായി അനുകരിക്കുകയാണ് സസ്യൂര്‍ ചെയ്തത്.’ഭാഷയില്‍ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ’ (In language there are only differences) എന്നു സസ്യൂര്‍ പറയുന്നത് അപോഹസിദ്ധാന്തത്തെ അനുകരിച്ചാണ്. എന്നാല്‍ സൂചകവും സൂചിതവും തമ്മിലുള്ള ബന്ധം സ്വേച്ഛാപരമാണ് (Arbitrary) എന്ന് പറയുമ്പോള്‍ അര്‍ത്ഥ നിര്‍മ്മാണത്തിനുളളിലെ ഉത്പാദകനെ ഇല്ലാതാക്കുന്നു.ചെസ്സിലെ ഒരു കരുവിന്റെ (ഉദാഹരണത്തിന് ഒരു മന്ത്രിയോ കുതിരയോ) അര്‍ത്ഥം അല്ലെങ്കില്‍ ധര്‍മ്മം തീരുമാനിക്കുന്നത് ആ കരു ഉണ്ടാക്കിയ പദാര്‍ത്ഥമല്ല, മറിച്ച് ബോര്‍ഡിലെ മറ്റ് കരുക്കളുമായുള്ള അതിന്റെ ബന്ധവും വ്യത്യാസവുമാണ്. മന്ത്രി മന്ത്രിയാകുന്നത് അത് കുതിരയോ ആനയോ അല്ലാത്തതുകൊണ്ടാണ്. മരക്കഷണത്തിന് പകരം ഒരു കല്ല് ഉപയോഗിച്ചാലും ആ കരുവിന്റെ ‘മൂല്യം’ മാറുന്നില്ല .എന്നൊക്കെ സസ്യൂര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കുതിരയുടെ രാജകീയചരിത്രമാണ് ചെസ് ബോര്‍ഡിലെ കുതിരയ്ക്ക് അര്‍ത്ഥം നല്‍കുന്നത്. അതിന്റെ തുടര്‍ച്ചയാണ് കുതിരയ്ക്ക് പകരം എത്തുന്ന കല്ലിനുള്ളത്. അല്ലാതെ കല്ല് ആര്‍ബിട്രറിയായി അര്‍ത്ഥം നിര്‍മ്മിക്കില്ല.
അപോഹസിദ്ധാന്തത്തിന്റെ ഉപരിപ്ലവവും ദയനീയവും വികലവുമായ അനുകരണമാണ് ദറിദ നടത്തുന്നത്.ദറിദയുടെ ‘Of Grammatology’ (ഗ്രാമറ്റോളജി) എന്ന പുസ്തകത്തിലെ ഒന്നാം ഭാഗം, രണ്ടാം അധ്യായത്തില്‍ (‘Linguistics and Grammatology’)ട്രേസ് (The Trace) അഥവാ അടയാളം എന്നതിനെക്കുറിച്ച് പറയുന്നുണ്ട്.ഒരു വാക്കിന് അര്‍ത്ഥം ലഭിക്കുന്നത് ആ വാക്കില്‍ ഇല്ലാത്ത മറ്റ് വാക്കുകളുമായുള്ള വ്യത്യാസത്തിലൂടെയാണ്. ഉദാഹരണത്തിന്, ‘ചുവപ്പ്’ എന്ന വാക്കിന് അര്‍ത്ഥം ലഭിക്കുന്നത് അത് ‘നീല’യോ ‘പച്ച’യോ അല്ലാത്തതുകൊണ്ടാണ്. ഇവിടെ ഇല്ലാത്ത വാക്കുകളുടെ ഒരു ‘അടയാളം’ (Trace) ആ വാക്കില്‍ അവശേഷിക്കുന്നു എന്നു ദറിദ പറയുന്നു.ഭാഷയില്‍ ഒരു ചിഹ്നവും സ്വതന്ത്രമല്ല. ഓരോ വാക്കും മുന്‍പ് വന്ന വാക്കുകളുടെയും വരാനിരിക്കുന്ന വാക്കുകളുടെയും അടയാളങ്ങള്‍ പേറുന്നു. അര്‍ത്ഥം എന്നത് ഒരു നിശ്ചലമായ ബിന്ദുവല്ല, മറിച്ച് വാക്കുകളിലൂടെ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ്. ഈ പ്രവാഹത്തില്‍ അവശേഷിക്കുന്ന ചുവടുകളെയാണ് ദറിദ ‘ട്രേസ്’ എന്ന് വിളിക്കുന്നത്. ഇതു അപോഹ സിദ്ധാന്തത്തിന്റെ അനുകരണമാണെന്നു വ്യക്തമാണല്ലോ.എന്നാല്‍ അപോഹത്തില്‍ ഒഴിവാക്കുന്ന പ്രക്രിയയില്‍ ആണ് ഊന്നല്‍. ഇവിടെ ആ പ്രക്രിയയെ വീണ്ടും നിശ്ചലഅടയാളമാക്കുകയാണ്. യാന്ത്രികമായും വ്യവസ്ഥാനുകൂലമായും അനുകരിക്കുമ്പോള്‍ അനുകരണ വസ്തുവിന്റെ അന്ത:സത്ത ഇല്ലാതാകും. അപോഹസിദ്ധാന്തത്തില്‍ നിഷേധങ്ങളുടെ നിര്‍മ്മാണമുണ്ട്.ദറിദയില്‍ നിര്‍മ്മിത വസ്തുവിന്റെ അനന്തമായ ചിതറല്‍ മാത്രമേ ഉള്ളൂ. വ്യത്യാസത്തിലല്ല, ഒഴിവാക്കലിലാണ് അപോഹത്തിന്റെ ഊന്നല്‍.സൂപ്പര്‍ മാര്‍ക്കറ്റിലെ ഒരു സോപ്പിന്റെ അസ്തിത്വം മറ്റ് സോപ്പുകളില്‍ നിന്നുമുള്ള വ്യത്യാസമെന്ന് നിര്‍വ്വചിക്കാം.വാക്കിന്റെ ചരിത്രം ഡേറ്റയായി മാറുന്നു എന്നു പറയാം.ചുവപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം പച്ചയോ നീലയോ അല്ലാത്തത് എന്നു അപോഹസിദ്ധാന്തത്തെ അനുകരിച്ച് ദറിദ പറയുന്നു.എന്നാല്‍ ‘ചുവന്ന സ്വപ്നങ്ങള്‍ ‘ എന്നു പറയുമ്പോള്‍ അവിടത്തെ ‘ചുവപ്പ് ‘ വ്യത്യാസത്തില്‍ നിന്നല്ല ഉണ്ടാകുന്നത്. അവിടെ ചുവപ്പ് നിലവിലുള്ള നീല, പച്ച അല്ലാത്തത് അല്ല. ‘നീലസ്വപ്നങ്ങളി’ലെ ‘നീല’യല്ലാത്തതും ‘പച്ചസ്വപ്ന’ങ്ങളിലെ ‘പച്ച’ അല്ലാത്തതുമാണ്. അതായത് ‘ചുവന്ന സ്വപ്നങ്ങ’ള്‍ എന്നു പ്രയോഗിക്കുമ്പോള്‍ ഇതുവരെ ഇല്ലാത്ത ഒരു ‘നീല’യും (‘നീല സ്വപ്നങ്ങളി’ലെ ‘നീല’) ഇതുവരെയില്ലാത്ത ‘പച്ച’യും (‘പച്ച സ്വപ്നങ്ങളി’ലെ ‘പച്ച’) നിര്‍മ്മിക്കപ്പെടുന്നു.എന്നിട്ട് അതിന്റെ നിഷേധമാണ് ഉണ്ടാകുന്നത്. നിഷേധങ്ങളുടെ നിര്‍മ്മാണം ഉണ്ടാകുന്നു എന്നര്‍ത്ഥം. എന്നാല്‍ ദറിദയുടെയുടെ അപനിര്‍മ്മാണസിദ്ധാന്തത്തില്‍ നിര്‍മ്മാണമില്ലല്ലോ. നിര്‍മ്മാണത്തിന്റെ ഇച്ഛയെ, ഉത്പാദകരെ ഒഴിവാക്കിയെടുക്കുന്നു എന്നതാണ് അപനിര്‍മ്മാണത്തിന്റെ സവിശേഷത.

ഇടനിലക്കാര്‍ക്ക് പ്രാമുഖ്യം വരുമ്പോള്‍ ഭാഷാവിനിമയ ഘട്ടങ്ങള്‍:

0. ഇടനിലക്കാരന്‍

ഭാഷ ഉപയോഗിക്കുന്ന കര്‍തൃത്വത്തിന് പ്രധാന്യമില്ല.

1.ഉത്പാദകര്‍ –

ഭാഷ ഉപയോഗിച്ച് ആശയ വിനിമയത്തിനു ശ്രമിക്കുന്നയാളും അതു സ്വീകരിക്കാന്‍ നില്‍ക്കുന്നയാളും

( സസ്യൂറിലും ദറിദയിലും രമണനും ചന്ദ്രികയ്ക്കും പ്രസക്തിയില്ല, ചോംസ്‌കിക്കും ഭര്‍തൃഹരിക്കും കഴിഞ്ഞ ”ജന്മത്തി”ലേ ഉള്ള രമണനും ചന്ദ്രികയ്ക്കുമാണ് പ്രസക്തി, ഈ ജന്മത്തിലെ അല്ല. ഭാഷ ജന്മസിദ്ധമെന്നാണല്ലോ നിലപാട് )

2.ഉത്പാദനോപകരണം –

മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍
( കേവല ചിഹ്നം)

3.ഉത്പാദന പ്രക്രിയ

ചരിത്രസന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ – ഇതൊന്നുമില്ല

( ഭാഷ ആഖ്യാനപ്പെടുന്ന കേവല സ്ഥലം, ഘടന)

4. ഉത്പന്നം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയം എന്ന സങ്കല്പം ഇല്ല
( മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട അര്‍ത്ഥങ്ങള്‍, അല്ലെങ്കില്‍ അതത് സന്ദര്‍ഭത്തില്‍ ഉണ്ടാവുന്ന വസ്തു. ഭര്‍തൃഹരിയിലും ചോംസ്‌കി യിലും മുന്‍കൂട്ടിയുള്ളത്, ഭര്‍തൃഹരിയുടെ ധ്വനി സങ്കല്പത്തിലും സസ്യൂറിലും ദറിദയിലും ഉത്പാദകരുടെ ഇടപെടല്‍ ഇല്ലാതെ, പ്രതി പ്രവര്‍ത്തനമില്ലാതെ ‘സാന്ദര്‍ഭിക’മായി ഉണ്ടാകുന്നത്.)

5.സംഭരണം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ ഇല്ല.
( ചിഹ്നസാന്നിധ്യം)

6.വിതരണം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന ആശയമല്ല.
(കോഡ് ചെയ്തത് സഞ്ചരിക്കുന്നു.)

7.ഉപയോഗം

സന്ദര്‍ഭം, മാധ്യമം, പറയുന്നയാള്‍,കേള്‍ക്കുന്നയാള്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയില്‍ നിര്‍മ്മിക്കപ്പെടുന്ന, ഭാഷയിലൂടെയും ലിപിയിലൂടെയും ശേഖരിക്കപ്പെടുന്ന,വിതരണം ചെയ്യപ്പെടുന്ന, ആശയം ഡീകോഡ് ചെയ്യുന്നു, പുനര്‍നിര്‍മ്മാണം ചെയ്യുന്നു എന്നതില്ല.

( സാന്ദര്‍ഭികമായി ഡീകോഡ് ചെയ്യുന്നു.)

ഉത്പാദകരെ മറച്ചു പിടിക്കുന്നത് ഇടനിലക്കാര്‍ പ്രധാനമായി വരുന്നത് പൗരോഹിത്യവ്യവസ്ഥയ്ക്ക് മാത്രമല്ല അങ്ങനെ തന്നെയുള്ള മുതലാളിത്തവ്യവസ്ഥയ്ക്കും ആവശ്യമാണ് എന്നതുകൊണ്ടാണ് ഇത്തരം ഭാഷാചിന്തകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത്.

മാധ്യമം

ഭാഷയെക്കുറിച്ചു പറഞ്ഞ പോലെ ഏഴു ഉത്പാദന പ്രത്യുത്പാദന ഘടകങ്ങള്‍ തന്നെയാണ് മാധ്യമത്തിനുമുള്ളത്. ഭാഷയുടെ കാര്യത്തിലെന്ന പോലെ ഒരു നിശ്ചിത സത്യം അഥവാ വാര്‍ത്ത, റിപ്പോര്‍ട്ടര്‍ ഒരു മീഡിയത്തിലൂടെ -ഒരു പത്രത്തിലൂടെയോ, ടി. വി. യിലൂടെയോ – വായനക്കാരനോ കേല്‍വിക്കാരനോ ഒട്ടും ചോര്‍ന്നു പോകാതെ പകര്‍ന്നു കൊടുക്കുന്ന പ്രവര്‍ത്തനമല്ല മാധ്യമ പ്രവര്‍ത്തനം. അങ്ങനെ ഒന്നു സാധ്യമല്ല. ഒരു പത്രസ്ഥാപനമോ പത്രാധിപരോ ഒറ്റയ്ക്ക് ഒരു വാര്‍ത്തയും ഉണ്ടാക്കുന്നില്ല. ഒരു കൊലപാതകം, ഒരു അഴിമതി, ഒരു യുദ്ധം.. ഏതെങ്കിലും നടന്നുവെന്നു ഒരാള്‍ക്ക് മറ്റാരെയോ അറിയികേണ്ടതുണ്ട്. അല്ലെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. ആ അറിയിക്കലിന് പിന്നില്‍ ഒരു ഉപയോഗം ഉണ്ടാകും. അതിനു പറ്റിയ മീഡിയം ഉണ്ടായി വരും. അവ എല്ലാം കൂടി ചേര്‍ന്നാണ് വിനിമയ വസ്തു നിര്‍വ്വചിക്കപ്പെടുന്നത്. ആഖ്യാനം ആണ് അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്നത്. കൊന്നു എന്ന വിവരം അറിയിക്കുന്നതിന് ഒരു ഉപയോഗം ഉണ്ടാകും. ‘രാമന്‍ രാവണനെ കൊന്നു’. എന്നതു ഒരു ഉദ്ദേശവും, മരണത്തിന് അപ്പുറത്ത് ഒരു ഉപയോഗവുമില്ലെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യമില്ല. മരിച്ചു എന്ന വിവരമല്ല, മരണ റിപ്പോര്‍ട്ടിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. മരണവിവരത്തിനപ്പുറത്ത് മറ്റൊന്നും പറയാനില്ലെങ്കില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയില്ല. ലങ്ക പിടിച്ചെടുക്കാന്‍ നില്‍ക്കുന്നവരെ ഏകോപിപ്പിക്കാനാവും ലങ്കയിലെ വിമതപക്ഷപത്രം ‘രാമന്‍ രാവണനെ കൊന്നു’ എന്നു റിപ്പോര്‍ട്ട് ചെയ്താല്‍ ഉദ്ദേശിക്കുക.ഭക്തിപ്രസ്ഥാനപത്രസ്ഥാപനം രാമഭക്തര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രാമന്‍ രാവണന് മോക്ഷം കൊടുത്തു എന്നാവും റിപ്പോര്‍ട്ട് ചെയ്യുക. വിഭീഷണന് സമാന്തര പത്രസ്ഥാപനം ഉണ്ടെങ്കില്‍ അതിനൊപ്പം നില്‍ക്കുന്നവരെ സംബോധന ചെയ്ത് കൊണ്ട് അധികാരം ലഭിക്കാറായി എന്ന കാര്യമാവും രാവണവധ റിപ്പോര്‍ട്ടിലൂടെ ഉദ്ദേശിക്കുക.റിപ്പോര്‍ട്ടറും കേല്‍വിക്കാരും ഒരേ സമയം ചേരുകയും മാറുകയും ചെയ്യുന്നു.ജനങ്ങള്‍ക്ക് ഒരു പത്രമുണ്ടെങ്കില്‍ രാവണന്റെ മരണം മറ്റൊരു രീതിയിലാവും റിപ്പോര്‍ട്ട് ചെയ്യുക. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അധികാര വ്യവസ്ഥ തന്നെ മറ്റൊന്നാകും.അതായത് മീഡിയത്തിന്റെ, ഉത്പാദന ഉപകരണത്തിന്റെ ഉടമാവകാശം വാര്‍ത്തയെ നിര്‍ണയിക്കുന്നു എന്നര്‍ത്ഥം. മീഡിയം വാര്‍ത്തയെ നിര്‍ണ്ണയിക്കുകയും വാര്‍ത്ത മീഡിയത്തെ നിര്‍മ്മിക്കുകയും ചെയ്യുന്നു എന്നര്‍ത്ഥം.

പ്രാചീന കാല മാധ്യമ പ്രവര്‍ത്തനം

രാജവാഴ്ചയുടെ കാലത്ത് ഉത്പാദനോപകരണങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ കയ്യില്‍ ആയതിനാല്‍ വിനിമയ ഉപകരണങ്ങളും അങ്ങനെ തന്നെയായിരുന്നു. പുരാതന ഇന്ത്യയിലെ പ്രധാന വാര്‍ത്താവിനിമയ രീതികള്‍ താഴെ പറയുന്നവയാണ്:
1. ശിലാശാസനങ്ങളും സ്തംഭങ്ങളും (Rock Edicts)
മൗര്യ സാമ്രാജ്യത്തിന്റെ കാലത്താണ് എഴുതപ്പെട്ട വാര്‍ത്താവിനിമയത്തിന്റെ ഏറ്റവും ശക്തമായ തെളിവുകള്‍ ലഭിക്കുന്നത്.
അശോക ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിലെ നിയമങ്ങളും ധര്‍മ്മോപദേശങ്ങളും യുദ്ധവിജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം വലിയ പാറകളിലും തൂണുകളിലും അവ കൊത്തിവെച്ചു. ജനങ്ങള്‍ ഒത്തുകൂടുന്ന കവലകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലുമാണ് ഇവ സ്ഥാപിച്ചിരുന്നത്.
2. ദൂതന്മാരും ചാരന്മാരും (Messengers and Spies)
കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വാര്‍ത്താവിനിമയത്തെക്കുറിച്ച് കൃത്യമായ പരാമര്‍ശങ്ങളുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ രാജാക്കന്മാര്‍ ചാരന്മാരെ (Spies) ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ വേഷപ്രച്ഛന്നരായി നടന്ന് വിവരങ്ങള്‍ ശേഖരിച്ച് കൊട്ടാരത്തിലെത്തിക്കുമായിരുന്നു.അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന ദൂതന്മാര്‍ മുഖേനയാണ് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ഔദ്യോഗിക സന്ദേശങ്ങള്‍ അയച്ചിരുന്നത്.രാജാവിനു അനുകൂലമായി നുണപ്രചരണങ്ങള്‍ നടത്തി ശത്രുവിനെ തകര്‍ക്കാനും വധിക്കാനും നുണ സംഘങ്ങള്‍ ഉണ്ടായിരുന്നു. ചാണക്യന്‍ അത്തരം തന്ത്രങ്ങളിലൂടെയാണ് ചന്ദ്രഗുപ്ത മൗര്യനെ അധികാരത്തിലെത്തിക്കുന്നത്. മാത്രമല്ല രാജാവിന് പണം ലഭിക്കുന്നതിന് വേണ്ടി ദൈവവിശ്വാസം പരത്താനും നുണ പറയുന്ന ചാരസംഘങ്ങളെ നിയോഗിച്ചിരുന്നു എന്നു അര്‍ത്ഥശാസ്ത്രത്തില്‍ കാണാം. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതൊക്കെ.
3. വാമൊഴി വഴിയുള്ള വാര്‍ത്തകള്‍ (Oral Journalism)
അക്ഷരഭ്യാസം കുറവായ അക്കാലത്ത് കേട്ടറിവുകളായിരുന്നു പ്രധാന മാധ്യമം.
? സൂതന്മാരും മാഗധന്മാരും: രാജസദസ്സുകളിലും ഗ്രാമങ്ങളിലും പുരാണങ്ങളും ചരിത്രസംഭവങ്ങളും പാടി നടന്നിരുന്നവരായിരുന്നു ഇവര്‍. ഇവര്‍ ഒരു പ്രദേശത്തെ വിശേഷങ്ങള്‍ മറ്റൊരു പ്രദേശത്ത് എത്തിക്കുന്ന സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരെപ്പോലെ പ്രവര്‍ത്തിച്ചു.
? ചന്തകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും: കച്ചവടക്കാരും സഞ്ചാരികളും ഒത്തുകൂടുന്ന ചന്തകള്‍ വാര്‍ത്തകള്‍ കൈമാറാനുള്ള പ്രധാന ഇടങ്ങളായിരുന്നു.
4. മതാചാര്യന്മാരും പ്രസംഗകരും
ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും കാലഘട്ടത്തില്‍ മതാചാര്യന്മാര്‍ ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന രീതി (Public Speaking) നിലനിന്നിരുന്നു. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന സന്യാസിമാര്‍ വഴി അവിടങ്ങളിലെ ഭരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
5. താളിയോല ഗ്രന്ഥങ്ങള്‍ (Manuscripts)
പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളും ഭരണപരമായ കണക്കുകളും താളിയോലകളില്‍ രേഖപ്പെടുത്തി വെച്ചിരുന്നു. ഇവ പകര്‍ത്തിയെഴുതുന്നതിലൂടെ വിജ്ഞാനവും വിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു.

6.സഭകളും സമിതികളും (Sabhas and Samitis)
വേദകാലഘട്ടം മുതല്‍ തന്നെ നിലനിന്നിരുന്ന ജനകീയ കൂട്ടായ്മകളാണിവ.ഗ്രാമത്തിലെ അല്ലെങ്കില്‍ ഗോത്രത്തിലെ എല്ലാ ജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന ഒരു പൊതുസഭയായിരുന്നു സഭകള്‍. ഭരണപരമായ തീരുമാനങ്ങളില്‍ ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. പ്രായമായവരും ജ്ഞാനികളുമായ വ്യക്തികള്‍ അടങ്ങുന്ന സഭയായിരുന്നു സമിതികള്‍. രാജാവിന്റെ തെറ്റായ തീരുമാനങ്ങളെ തിരുത്താനും ജനപക്ഷത്തുനിന്ന് സംസാരിക്കാനും ഇവര്‍ക്ക് അധികാരമുണ്ടായിരുന്നു.

7. തര്‍ക്കശാസ്ത്രവും വിദ്വല്‍ സദസ്സുകളും
അറിവുള്ളവര്‍ തമ്മില്‍ സംവാദങ്ങള്‍ നടത്തുന്ന രീതി പുരാതന ഭാരതത്തില്‍ വ്യാപകമായിരുന്നു.വിദ്വല്‍ സദസ്സുകളില്‍ സാമൂഹികവും മതപരവുമായ വിഷയങ്ങളില്‍ ജനങ്ങളുടെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംവാദങ്ങളിലെ തീരുമാനങ്ങള്‍ രാജാക്കന്മാര്‍ പലപ്പോഴും അംഗീകരിച്ചിരുന്നു. ഇത് ആധുനിക കാലത്തെ ‘എഡിറ്റോറിയല്‍ ചര്‍ച്ചകള്‍ക്ക്’ സമാനമായിരുന്നു.
8.കലാരൂപങ്ങള്‍
കലാരൂപങ്ങള്‍ ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള മാധ്യമങ്ങളായിരുന്നു. നാടോടി പാട്ടുകളും കലാരൂപങ്ങളും ആയിരുന്നു ഏറ്റവും പ്രധാനം അല്ലാത്തവയും ഉണ്ടായിരുന്നു.
സംസ്‌കൃത നാടകങ്ങളും ഉദാഹരണങ്ങളാണ്.ഭരണകൂടത്തിലെ അഴിമതിയെയും ഉദ്യോഗസ്ഥരുടെ ക്രൂരതയെയും പരിഹസിക്കുന്ന നാടകങ്ങള്‍ അക്കാലത്ത് അവതരിപ്പിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, മൃച്ഛകടികം പോലുള്ള നാടകങ്ങള്‍ ജനകീയ അഭിപ്രായങ്ങളുടെ നാടകരൂപങ്ങളായിരുന്നു

ചുരുക്കത്തില്‍ പ്രാചീന കാല മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം ഭരണാധികാരികളുടെ കല്‍പ്പനകള്‍ അറിയിക്കുക; പൊതുസമാധാനം നിലനിര്‍ത്തുക എന്നീ ഭരണകൂട താല്പര്യ സംരക്ഷണങ്ങളായിരുന്നു.പ്രധാനമാധ്യമം കല്ല്, മണ്ണ്, ലോഹത്തകിടുകള്‍, താളിയോലകള്‍ എന്നിവയായിരുന്നു. പ്രതിരോധ മാധ്യമ പ്രവര്‍ത്തനത്തിനുള്ള വഴി സാഹിത്യവും വാമൊഴിയുമായിരുന്നു.

കേരളീയ നവോത്ഥാന കാല പത്രപ്രവര്‍ത്തനം

എന്നാല്‍ പൂര്‍ണ്ണരൂപത്തില്‍ ഇവ മാധ്യമ പ്രവര്‍ത്തനം എന്നു പറയാനാകില്ല. മരണ റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് പറഞ്ഞ പോലെ ഒരു കലാപം നടക്കുമ്പോള്‍ പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാം. 1905 ല്‍ കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് മണിയംകുളം വിദ്യാലയത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ കയറിയപ്പോള്‍ അവിടെ വലിയ അക്രമം ഉണ്ടായി.ആ സ്‌കൂള്‍ ആരോ കത്തിച്ചു കളഞ്ഞു.’നായരീഴവ ലഹള ‘ എന്നാണ് പലരും അതിനെ വിളിച്ചത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്1847 ല്‍ ആരംഭിച്ച രാജ്യ സമാചാരം, പശ്ചിമോദയം, 1848 ല്‍ ബഞ്ചമിന്‍ ബയ്‌ലി ആരംഭിച്ച ജ്ഞാന നിക്ഷേപം, 1864 ല്‍ തുടങ്ങിയ മലയാളി, 1887-ലെ ദീപിക, 1890 ലെ മലയാള മനോരമ എന്നിവയൊക്കെ അക്കാലത്തെ പത്രങ്ങളാണ്. എന്നാല്‍ ‘സുജനാനന്ദിനി’ എന്ന പത്രത്തിന്റെ പത്രമോഫീസും അതു അച്ചടിച്ച കേരള ഭൂഷണം പ്രസുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തീവച്ചു നശിപ്പിക്കപ്പെട്ടത്. ആ സംഭവത്തെ ഉദ്ദേശിച്ചാണ് ആശാന്‍ ‘ഒരു ഉദ്‌ബോദനം’ എന്ന കൃതിയില്‍ ഇങ്ങനെ എഴുതിയത്:

‘ മുറിവേല്‍പ്പിക്കും ധൂര്‍ത്തര്‍
പത്രം ചുട്ടുകരിക്കിലും
മുഷ്‌കിന് കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിന്‍.”

‘സുജനാനന്ദിനി’ എന്നാല്‍ സജ്ജനങ്ങളുടെ പുത്രി എന്നാണ് അര്‍ത്ഥം. നിലവിലുള്ള സജ്ജങ്ങളെയല്ല പത്രം സംബോധന ചെയ്തത് .എങ്കില്‍ അത് തീവയ്ക്കപ്പെടില്ല.പുതിയ തരം സജ്ജനങ്ങളെയാണ് സംബോധന ചെയ്തത്. ജനങ്ങളുടെ പുത്രിയാണ് പത്രം. പത്രം പുതിയതരം ജനങ്ങളെ സൃഷ്ടിക്കുന്നു. നായരീഴവലഹള എന്നു റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ജാതിവ്യക്തികളെയാണ് അതു സംബോധന ചെയ്യുന്നത്.പരവൂര്‍ കേശവനാശാന്റെ സുജനാനന്ദിനിയില്‍ ഇത് കേവലം ജാതി ലഹളയായല്ല വിദ്യാഭ്യാസ അവകാശ നിഷേധമായാണ്,കൊടിയഅക്രമമായാണ് റിപ്പോര്‍ട്ട് ചെയ്തത്.ബ്രിട്ടീഷ്ഗവണ്‍മെന്റ് ഇടപെടണമെന്നു ആവശ്യപ്പെട്ടുകൊണ്ടും മറ്റ് സ്ഥലങ്ങളിലേക്കോ മതങ്ങളിലേക്കോ മാറിത്താമസിക്കാന്‍ സാധ്യത തേടിക്കൊണ്ടുമാണ് വാര്‍ത്ത നല്കിയത്.ഈഴവവിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കയറിയപ്പോള്‍ സവര്‍ണ്ണരില്‍ നിന്നും ഉണ്ടായ അക്രമമാണ്.നായര്‍ ജാതിവിഭാഗത്തിലെയും മറ്റും വ്യക്തികളും ഈഴവാദി ജാതി വ്യക്തികളും മറ്റുമാണ് അന്നു ആ അക്രമത്തിലിടപെട്ട ആള്‍ക്കാര്‍. അതിനാല്‍ ”നായരീഴവ ലഹള ‘ എന്നു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ല. ”നിഷ്പക്ഷത ‘ ഉണ്ട് അതില്‍.”നായന്മാര്‍ ഈഴവരെ മര്‍ദ്ദിച്ചു. ‘എന്നു റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആകട്ടെ അക്രമം ചെയ്തവരോട് ശത്രുത ഉണ്ട് എന്നു തോന്നിപ്പിക്കുന്നുണ്ട്. എങ്കിലും ഈ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രതീക്ഷിത വായനക്കാര്‍ ജാതിമനുഷ്യര്‍ ആണ്. അതു മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വായനക്കാരാണ്. അത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നവരുടെ പത്രം ചുട്ടെരിക്കില്ല.എന്നാല്‍ സുജനാനന്ദിനിയുടെ സജ്ജനം അതല്ല. അതു ഒരു നിര്‍മ്മിതിയാണ്. അതു ജാതിക്കൂട്ടായ്മയ്ക്കു പുറത്തേക്ക് സഞ്ചരിച്ചു വളരുന്നു. അച്ചടി എന്ന സാങ്കേതിക വിദ്യയാണ് ഇത്തരമൊരു അഭിപ്രായ നിര്‍മ്മിതി സാധ്യമാക്കിയത്. എന്നാല്‍ അതു മാത്രമെന്നു പറയാനാവില്ല. ആ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയ മിഷണറി പത്രങ്ങള്‍ അങ്ങനെ ഒരു വാര്‍ത്ത നിര്‍മ്മിച്ചില്ല. ആ പത്രങ്ങളൊന്നും ചുട്ടെരിക്കപ്പെട്ടില്ല. അതായത് സാങ്കേതിക വിദ്യയുടെ ഉടമാവകാശം, ഉത്പാദനോപകരണങ്ങളുടെ ഉടമാവകാശം ആര് നേടിയെടുക്കുന്നു എന്നതാണ് വിഷയം. മിഷണറിമാര്‍ അവരുടെ അധികാരം സ്ഥാപിക്കാന്‍ ഡേറ്റകള്‍ ശേഖരിക്കാനാണ് അച്ചടി ഉപയോഗപ്പെടുത്തിയത്. എന്നാല്‍ സുജനാനന്ദിനി വിവരങ്ങളില്‍ നിന്നും ഇതുവരെയില്ലാത്ത അറിവ് നിര്‍മ്മിക്കുകയാണ് ചെയ്തത്. അപ്പോള്‍ അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്ക് തന്നെ പുതിയ മാനം വരുന്നു.അതായത് യഥാര്‍ത്ഥത്തില്‍ ഒരു വാര്‍ത്താവിനിമയം സംഭവിക്കുമ്പോള്‍ അതിന്റെ ഉത്പാദകരായ വിനിമയം അയക്കുന്നവര്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ക്കും സന്ദേശത്തിനും സംഭരണവിതരണ രീതികള്‍ക്കും ഉപയോഗത്തിനും മാറ്റങ്ങള്‍ വരുന്നു. താഴെ പറയുന്ന ഘട്ടങ്ങളിലൂടെ അതു കടന്നു പോകുന്നു.

1. ഉത്പാദകര്‍

വാര്‍ത്ത വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നയാളും ശ്രോതാക്കളും

(സുജനാനന്ദിനി എഴുത്തുകാരും അതിന്റെ വായനക്കാരും)

2.ഉത്പാദനോപകരണം

ഭാഷ, ടി.വി.,സൈബര്‍ സ്ഥലം തുടങ്ങിയ സാങ്കേതിക വിദ്യാസ്ഥലങ്ങള്‍

(കേരള ഭൂഷണം പ്രസ്സും സുജനാനന്ദിനി മാസികയും )

3.ഉത്പാദന പ്രക്രിയ

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ

(അക്രമവാര്‍ത്ത രൂപപ്പെടുന്ന പ്രവര്‍ത്തനം)

4. ഉത്പന്നം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന വിവരം

(അക്രമ വാര്‍ത്ത)

5.സംഭരണം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന വിവരം ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്നു.

(സുജനാനന്ദിനി മാസികയില്‍ രേഖപ്പെടുത്തപ്പെടുന്നു.)

6. വിതരണം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന വിവരം വിതരണം ചെയ്യപ്പെടുന്നു.

(സുജനാനന്ദിനിയുടെ സവിശേഷ വായനക്കാരിലെത്തുന്നു.)

7. ഉപയോഗം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന, വിതരണം ചെയ്യപ്പെടുന്ന വിവരം ഡീകോഡ് ചെയ്യുന്നു അഥവാ പുനര്‍നിര്‍മ്മാണം ചെയ്യുന്നു.
( സാമൂഹിക അസമത്വത്തെ ഉന്നയിക്കുന്ന, സാമൂഹിക മാറ്റത്തെ നിര്‍മ്മിക്കുന്ന ഭാഷാ വസ്തുവായി വാര്‍ത്ത ഡീകോഡ് ചെയ്യപ്പെടുന്നു)

എന്നാല്‍ ”നായരീഴവ കലാപം” എന്ന വാര്‍ത്തയില്‍ ഈ വാര്‍ത്താവിനിമയം നടക്കുന്നില്ല. നായരീഴവ കലാപം നടന്നില്ല എന്നു ആരും പറയില്ല.എന്നാല്‍ നിലവിലുള്ള ആ ”നിഷ്പക്ഷ സത്യം” പകര്‍ത്തുന്നതല്ല വാര്‍ത്ത.അഥവാ ഡേറ്റാ ശേഖരണമല്ല വാര്‍ത്ത.ചരിത്രത്തിന്റെ വിപരീതവത്കരണമാണ് ഡേറ്റ അഥവാ കേവല വിവരം എന്നത്.പരവൂരിലെ അക്രമം നിഷ്പക്ഷ ഡേറ്റയാകുമ്പോള്‍, നായരീഴവ ലഹളയാകുമ്പോള്‍ ആക്രമിച്ചവര്‍ക്ക് അനുകൂലമായി അതു മാറുന്നു, ചെറുത്തു നില്‍പും നവോത്ഥാനത്തെ നിര്‍മ്മിച്ച ഇച്ഛയും തമസ്‌കരിക്കപ്പെടുന്നു. ഈഴവ ജാതി സ്വത്വത്തിനേറ്റ ആഘാതമായി റിപ്പോര്‍ട്ടു ചെയ്താലും വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള സമരം മറയ്ക്കപ്പെടുന്നു. അതിലൊക്കെ പ്രതീക്ഷിത വായനക്കാര്‍ മുന്‍പേ ഉള്ള ജാതി മനുഷ്യര്‍ തന്നെയാണ്. വാര്‍ത്താവിനിമയ ശേഷവും അവര്‍ക്ക് മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. അതു കൊണ്ട് അവിടെ ”വാര്‍ത്ത ‘ സംഭവിക്കുന്നില്ല.വിദ്യഭ്യാസ അവകാശ ജനാധിപത്യസമരമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമേ അതു വാര്‍ത്തയായി മാറുന്നുള്ളു എന്നാണ് വിശദീകരിച്ചത്. അല്ലാത്തപ്പോള്‍ ഡേറ്റാ ശേഖരണം മാത്രമേ നടക്കുന്നുള്ളൂ. വിനിമയ പ്രക്രിയയില്ല. അതിനെ മേല്‍ പറഞ്ഞ ഏഴു ഘടകങ്ങളും നിര്‍ണ്ണയിക്കുന്നു. ഈ എഴുഘടകങ്ങളെയും മാറ്റിമറിക്കുന്നതും പരസ്പരം നിര്‍ണ്ണയിക്കുന്നതുമായ പ്രക്രിയയാണ് വാര്‍ത്ത എന്നത്. എന്നാല്‍ വാര്‍ത്തയെയും വിനിമയത്തെയും സാങ്കേതിക വിദ്യയുടെ ഉത്പന്നമായി കാണുന്ന മുതലാളിത്ത ചിന്തകര്‍ ഉണ്ട്. ‘Understanding Media’ എന്ന പുസ്തകം എഴുതിയ മാര്‍ഷല്‍ മക് ലൂഹന്‍ ഉദാഹരണമാണ്. ഒന്നാം അധ്യായത്തിന്റെ പേര് തന്നെ വിഖ്യാതമാണല്ലോ : ‘The Medium is the Message’ (മാധ്യമം തന്നെയാണ് സന്ദേശം).’നമ്മള്‍ ടിവിയില്‍ എന്ത് കാണുന്നു എന്നതിനേക്കാള്‍ പ്രധാനം നമ്മള്‍ ‘ടിവി കാണുന്നു’ എന്നതാണ്. കാരണം ടിവി എന്ന മാധ്യമം നമ്മുടെ കുടുംബ ബന്ധങ്ങളെയും സമയം ചിലവഴിക്കുന്ന രീതിയെയും രാഷ്ട്രീയത്തെയും മാറ്റുന്നു. മാധ്യമം ഒരു പാത്രം പോലെയാണ്; അതിനുള്ളിലെ പദാര്‍ത്ഥത്തേക്കാള്‍ പ്രധാനം ആ പാത്രത്തിന്റെ ആകൃതിയാണ്.’ – ഇതാണ് വാദം. വിനിമയ വസ്തു പാത്രത്തിലെ പദാര്‍ത്ഥം അല്ല എന്നു വിശദീകരിച്ചല്ലോ.സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നു എന്ന കാര്യം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു ട്രയിന്‍ കണ്ടു പിടിക്കപ്പെട്ടാല്‍ ട്രയിന്‍ നമ്മളെ മാറ്റും എന്നറിയാന്‍ വലിയ പ്രയാസമില്ല.’റെയില്‍വേ കൊണ്ടുവന്ന സന്ദേശം അത് കൊണ്ടുപോകുന്ന യാത്രക്കാരോ സാധനങ്ങളോ അല്ല. പകരം, റെയില്‍വേ എന്ന മാധ്യമം നഗരങ്ങളെയും ഗ്രാമങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു, പുതിയ നഗരങ്ങള്‍ സൃഷ്ടിച്ചു, മനുഷ്യന്റെ വേഗതയെക്കുറിച്ചുള്ള സങ്കല്പം മാറ്റി. ഈ ‘സാമൂഹിക മാറ്റമാണ്’ റെയില്‍വേയുടെ സന്ദേശം.’ -എന്നു മക്ലൂഹന്‍ പറയുന്നുണ്ട്. ട്രയിനില്‍ കയറിയാല്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് പോകാം എന്ന അറിവു പോലുള്ളതാണിത്. എന്നാല്‍ അതിനോട് ബന്ധപ്പെട്ട് അറിയേണ്ട കാര്യം ട്രയിനില്‍ ആര് എന്തിനു വേണ്ടി യാത്ര ചെയ്യുന്നു എന്ന കാര്യം മുന്‍നിര്‍ത്തിയും പുതിയ ലോകങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ്. മക്ലൂഹന്റെ യുക്തിയിലാണ്,ബ്രിട്ടീഷുകാര്‍ ട്രയിനും ഇംഗ്ലീഷും കൊണ്ടുവന്നതുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നു പറയുന്ന ഉത്തരാധുനികര്‍ ഉണ്ടായത്. ഒരു കത്തി ഉപയോഗിച്ച് ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ഓടിക്കുമ്പോള്‍ കത്തി തിരിച്ചു വാങ്ങി കൊല്ലാന്‍ വന്ന ശത്രുവിനെ കുത്തി തല്കാലരക്ഷ നേടി എന്നു കരുതുക. കത്തി കൊണ്ട് കുത്താന്‍ വന്നയാള്‍ കത്തികൊണ്ടു വന്നതുകൊണ്ട് ആള്‍ രക്ഷപ്പെട്ടു എന്നു പറയുമ്പോലെയാണ് സാങ്കേതികവിദ്യയാണ് ലോകം നിര്‍മ്മിക്കുന്നത് എന്നു പറയുന്നത്. മിഷണറിമാര്‍ അധികാരത്തിനു വേണ്ടി അവര്‍ക്കുപയോഗിക്കാന്‍കൊണ്ടുവന്ന സാങ്കേതിക വിദ്യ പരവൂര്‍ വി.കേശവനാശാന്‍ ഉപയോഗിക്കുമ്പോഴാണ് വാര്‍ത്താവിനിമയം സംഭവിക്കുന്നത് എന്നു പറഞ്ഞല്ലോ.

ഉത്പാദനോപകരണങ്ങളുടെ ഉടമാവകാശം അധീശവര്‍ഗ്ഗം നേടുന്ന ചരിത്ര ഘട്ടത്തില്‍ ഉത്പാദകര്‍ക്ക് ഉത്പന്നത്തില്‍ നിന്നും അന്യവത്കരണം സംഭവിക്കുകയും അവകാശം ഇടനിലക്കാര്‍ നേടിയെടുക്കുകയും ചെയ്യുമെന്നു വിശദീകരിച്ചല്ലോ. ഇതു മാധ്യമ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നു. ഉത്പാദകര്‍ക്ക് പകരം പൗരോഹിത്യവും മുതലാളിത്ത ഇടനിലക്കാര്‍ക്കും പ്രാമുഖ്യം ലഭിക്കുന്നു. അവിടെ വാര്‍ത്താവിനിമയമല്ല,പ്രദര്‍ശനമാണ് സംഭവിക്കുന്നത്.രാജകീയശാസനഫലകങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയണമെന്നില്ല.എന്നാല്‍ അവ അധികാരത്തിന്റെ പ്രദര്‍ശനമായി മാറുന്നു.വിനിമയ ഉപകരണത്തില്‍ വച്ച് വിനിമയം സ്തംഭിക്കപ്പെടുന്നു.വാര്‍ത്താവിനിമയം ചെയ്യുന്നയാള്‍, സ്വീകര്‍ത്താക്കള്‍ ഇവ ചേരുന്ന ‘ഉത്പാദകരു’ടെ സാന്നിധ്യം ഇവിടെ ഇല്ല, ഉത്പാദന ഉപകരണത്തിനാണ് പ്രാധാന്യം. ഉത്പാദന ഉപകരണം തന്നെ വിനിമയ വസ്തുവായി മാറുന്നു.ഉത്പാദകരില്‍ നിന്നും വിനിമയ വസ്തു (ഉത്പന്നം) അന്യവത്കരിക്കപ്പെടുന്നു. വാര്‍ത്ത അത്ഭുത പ്രവര്‍ത്തനവും മായാപ്രവര്‍ത്തനവുമായി മാറുന്നു. മനുഷ്യന്‍ സൃഷ്ടിച്ച ചിഹ്നം മനുഷ്യനെ ഒഴിവാക്കി സ്വയം പ്രവര്‍ത്തിക്കുന്നു എന്ന രീതിയില്‍ എത്തുന്നതുകൊണ്ടാണ് അത്ഭുതവും മായയും ആയി മാറുന്നത്. രാജശാസനഫലകം സസ്യൂര്‍ പറയും പോലെ സ്വേച്ഛാപരമായി അര്‍ത്ഥം നിര്‍മ്മിക്കുന്നു. യഥാര്‍ത്ഥത്തില്‍ രാജകീയാധികാരമാണ് മനുഷ്യനെ ഒഴിവാക്കി ‘അര്‍ത്ഥം ഉണ്ടാക്കുന്ന ‘ അവസ്ഥയെ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ ഉണ്ടാക്കിയ ദൈവ വിഗ്രഹം മനുഷ്യനെ ഒഴിവാക്കി സ്വയം അര്‍ത്ഥം ഉണ്ടാക്കുന്നു എന്നു പറയും പോലെയാണത്. ഉത്പാദകനെ മറച്ചു പിടിച്ച് അര്‍ത്ഥ പ്രക്രിയയെ സ്തംഭിപ്പിക്കുമ്പോഴാണ് അര്‍ത്ഥ നിര്‍മ്മാണം അത്ഭുതവും മായയുമാണെന്നു തോന്നിക്കുന്നത്. ഭൂമി ഉത്പാദന ഉപകരണമാണെങ്കില്‍, ഭൂമി ഉത്പാദകരില്‍ അന്യവത്കരിക്കപ്പെടുമ്പോള്‍, അര്‍ത്ഥ നിര്‍മ്മാണ പ്രക്രിയയെ സ്തംഭിപ്പിക്കുമ്പോള്‍ ഭൂമി, ഇഹലോകം ”മായ ”യായി മാറുന്നു (പ്രാചീന സാംഖ്യത്തിലെ നിര്‍മ്മാണോപകരണമായ”ഭൂമി” ഭഗവദ് ഗീതയിലെത്തുമ്പോള്‍ ”മായ ”യായി മാറുന്നു). വാര്‍ത്താവിനിമയത്തെ നിര്‍മ്മിക്കുന്ന ഉത്പാദകരെ – ശാസന മെഴുതുന്ന രാജാവിനെയും അതിനെ പുനര്‍ വായിക്കാന്‍ ശേഷിയുള്ള വായനക്കാരെയും – മറച്ചു പിടിക്കുന്നതുകൊണ്ടാണ് രാജ ശാസന ഫലകങ്ങള്‍ വായിക്കാന്‍ കഴിയാത്ത എന്നാല്‍ അത്ഭുതശക്തിയുള്ള വചനങ്ങളായി മാറുന്നത്.നവോത്ഥാന കാലത്ത് വാര്‍ത്താവിനിമയം സാധ്യമാകുന്നുണ്ടെങ്കിലും ഡിജിറ്റല്‍ മുതലാളിത്ത കാലത്ത് ഭഗവദ് ഗീതാകാലത്തെ പോലെ വിനിമയത്തിന്റെ സ്തംഭനമാണ് ഉണ്ടാകുന്നത്. വിനിമയ ഉപകരണത്തില്‍ വിനിമയം സ്തംഭിച്ചു പോകുന്നു. ഭഗവദ് ഗീത അതിന്റെ ഒരു സൂചകമാണ്. ഒഴിവാക്കപ്പെടുന്നവര്‍ മടങ്ങിവരും എന്നതാണ് ആശാസ്യമല്ലാത്തയുദ്ധത്തിന്റെ നിവൃത്തിയില്ലാത്ത അനിവാര്യത. അത്തരമൊരു ആശയത്തിന്റെ വിനിമയത്തെ സ്തംഭിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഭഗവദ് ഗീതയില്‍ സംഭവിക്കുന്നത്. അറിയാത്ത ഭാഷയില്‍ എഴുതപ്പെട്ട രാജകീയ ശാസന ഫലകം പോലെയാണ് അതു പ്രവര്‍ത്തിക്കുന്നത്. ഭൂമി വിനിമയ ഉപകരണത്തെ മുഴുവന്‍ ഡേറ്റയാക്കി അവതരിപ്പിക്കുകയാണ് വിശ്വരൂപഅത്ഭുത പ്രവര്‍ത്തനത്തിലൂടെ.യുദ്ധത്തെയും ജീവിതത്തെയും ”മായ ”യാക്കി മാറ്റുന്നു. യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണല്ലോ മഹാഭാരതം.ജനകീയ റിപ്പോര്‍ട്ടിങ്ങിനെ, യഥാര്‍ത്ഥവാര്‍ത്താ വിനിമയത്തെ അട്ടിമറിക്കുന്ന വാര്‍ത്താ സ്തംഭന ആഖ്യാനമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ട ഭഗവദ് ഗീത. പാണ്ഡവ പൗത്രനായ ജനമേജയ മഹാരാജാവ് നടത്തിയ ‘സര്‍പ്പസത്രം’ കഴിഞ്ഞ് വരികയായിരുന്നു സൂതനായ ഉഗ്രശ്രവസ്സ്. അദ്ദേഹം കുരുക്ഷേത്ര യുദ്ധത്തെക്കുറിച്ചും ഭാരതവംശത്തിന്റെ ചരിത്രത്തെക്കുറിച്ചും താന്‍ അവിടെ വെച്ച് കേട്ട കാര്യങ്ങള്‍ മഹര്‍ഷിമാരോട് പറയുന്ന രീതിയിലാണ് മഹാഭാരതം തുടങ്ങുന്നത്. ജനകീയ വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന്റെ ആദിമരൂപമായ സൂതന്മാരോടുള്ള (സങ്കര ജനതയോടുള്ള ) ഭയമാണ് (അവര്‍ക്ക് അവകാശപ്പെട്ടതാണ്, അവര്‍ നിര്‍മ്മിച്ചതാണ് തങ്ങള്‍ അനുഭവിക്കുന്നത് എന്ന ഭയം ) കര്‍ണ്ണനോട് ധര്‍മ്മപുത്രര്‍ക്കുള്ളത്.(കര്‍ണ്ണനവകാശപ്പെട്ടതാണ് താന്‍ കൈവശം വച്ചിരിക്കുന്നത് എന്ന പ്രത്യയശാസ്ത്ര ഭയമാണ് ധര്‍മ്മപുത്രര്‍ക്ക് കര്‍ണ്ണനോടുള്ളത്.)കര്‍ണ്ണന്‍ വാചകമടിക്കാരനാണ് എന്നു ആക്ഷേപിക്കപ്പെടുന്നത് ജനപക്ഷ വാര്‍ത്താവിനിമയത്തോട് കാട്ടുന്ന അധീശ പക്ഷഅവഹേളനമാണ്. സംവാദത്തില്‍ നിന്നും വാര്‍ത്താവിനിമയ പ്രക്രിയയില്‍ നിന്നും നിശ്ചല അത്ഭുതമായികചിഹ്നങ്ങളിലേക്ക് പൊടുന്നനെ വലിച്ചെറിയപ്പെടുന്ന ജനതയുടെ പ്രതീകമാണ്, വിശ്വരൂപമായി നില്‍ക്കുന്ന കൃഷ്ണനെ അവതരിപ്പിക്കുന്ന ഭഗവദ് ഗീത. ഭഗവദ് ഗീതയില്‍ അതു വരെയുള്ള എല്ലാ ആശയങ്ങളും ഡേറ്റകളായി മാറുന്നു. ഡിജിറ്റല്‍ മുതലാളിത്തവും വാര്‍ത്താ വിനിമയം ഉപയോഗത്തില്‍ ചെന്നെത്താതെ ഉപകരണത്തില്‍ വച്ച് സ്തംഭിക്കുന്ന, സംവാദങ്ങളില്ലാതാകുന്ന, ഉത്പാദകരെ മറച്ചു പിടിച്ചു ഇടനിലക്കാര്‍ക്കും ഉത്പാദന ഉപകരണത്തിനും പ്രാമുഖ്യം നല്‍കുന്ന അവസ്ഥയെ സൃഷ്ടിക്കുന്നു. ഡിജിറ്റല്‍ മുതലാളിത്തം വാതുറന്നു ബിഗ്‌ഡേറ്റയുടെ വിശ്വരൂപമായി നമ്മുടെ മുന്നില്‍ നില്‍കുന്നു.

എല്ലാം പോലെ വാര്‍ത്താവിനിമ ചരിത്രവും സര്‍പ്പിള രീതിയില്‍ ആവര്‍ത്തിക്കുന്നു.ടിം വു (Tim Wu) രചിച്ച ‘The Master Switch’ വിവരവിനിമയ സാങ്കേതികവിദ്യയുടെ ചരിത്രത്തെ ഒരു ചക്രം (Cycle) എന്ന നിലയിലാണ് വിശകലനം ചെയ്യുന്നത്. പുതിയതും സ്വതന്ത്രവുമായ ഒരു സാങ്കേതികവിദ്യ എങ്ങനെ കാലക്രമേണ വന്‍കിട കമ്പനികളുടെ കുത്തകയായി മാറുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ കാതല്‍.ഏതൊരു ആശയവിനിമയ സാങ്കേതികവിദ്യയും (ഉദാഹരണത്തിന് റേഡിയോ, ടെലിഫോണ്‍) ആദ്യം വിപണിയില്‍ വരുന്നത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ‘തുറന്ന’ (Open) ഒന്നായാണ്. എന്നാല്‍ ലാഭക്കൊതിയും നിയന്ത്രണങ്ങളും കാരണം അത് ക്രമേണ ‘അടഞ്ഞ’ (Closed) ഒരു വ്യവസ്ഥയായി മാറുന്നു. ഇതിനെയാണ് അദ്ദേഹം ‘The Cycle’ എന്ന് വിളിക്കുന്നത്.അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണ്‍ കണ്ടുപിടിച്ചെങ്കിലും, തിയോഡോര്‍ വെയ്ല്‍ എന്ന ബിസിനസുകാരനാണ് അതിനെ ലോകത്തിലെ ഏറ്റവും വലിയ കുത്തകയാക്കി മാറ്റിയത്. AT&T എന്ന കമ്പനി എങ്ങനെയാണ് മറ്റു ചെറുകിട കമ്പനികളെ ഇല്ലാതാക്കി അമേരിക്കയിലെ ഏക ടെലിഫോണ്‍ ദാതാവായി മാറിയത് എന്നു വിവരിക്കുന്നു. ഇതിനെ ‘One System, One Policy’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.റേഡിയോ ആദ്യകാലത്ത് താല്പര്യമുള്ള ആര്‍ക്കും സ്റ്റേഷന്‍ തുടങ്ങാവുന്ന ഒരു സ്വതന്ത്ര മാധ്യമമായിരുന്നു. എന്നാല്‍ പിന്നീട് RCA, NBC തുടങ്ങിയ വലിയ ശൃംഖലകള്‍ ഇത് കൈയടക്കി. അതുപോലെ തന്നെ സിനിമയുടെ തുടക്കകാലത്ത് സ്വതന്ത്ര സിനിമകള്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഹോളിവുഡ് സ്റ്റുഡിയോ സിസ്റ്റം ഈ മേഖലയെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ തുടങ്ങി.ടെലിവിഷന്റെ വരവ് വിവരവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചെങ്കിലും അത് അങ്ങേയറ്റം സെന്‍സര്‍ഷിപ്പിനും കോര്‍പ്പറേറ്റ് നിയന്ത്രണങ്ങള്‍ക്കും വിധേയമായിരുന്നു. കുറഞ്ഞ എണ്ണം വലിയ നെറ്റ്വര്‍ക്കുകള്‍ (ABC, CBS, NBC) ജനങ്ങള്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്ന കാലമായിരുന്നു ഇത്.
ഇന്റര്‍നെറ്റ് വന്നതോടെ ‘ദി സൈക്കിള്‍’ അവസാനിച്ചുവെന്നും വിവരം എല്ലാവര്‍ക്കും തുല്യമായി ലഭിക്കുമെന്നും പലരും കരുതി. എന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ പഴയ വിവര സാമ്രാജ്യങ്ങളെപ്പോലെ തന്നെ ഇന്റര്‍നെറ്റിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി എന്ന് ടിം വു വാദിക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യ അഥവാ വാര്‍ത്താവിനിമയ ഉപകരണത്തില്‍ വിനിമയം സ്തംഭിച്ചു നില്‍ക്കുന്നതിനു പിന്നിലെ അധികാരത്തെ മറച്ചു പിടിക്കാന്‍ എല്ലാംമായയാണ് എന്നു ഇന്ത്യന്‍ പൗരോഹിത്യം പറഞ്ഞതുപോലെ മുതലാളിത്ത മാധ്യമ ചിന്തകരും എല്ലാം സിമുലേഷനാണ്, പതിപ്പുകളാണ്,ഹൈപ്പര്‍ റിയാലിറ്റി(Hyper-reality)യാണ് എന്നു പറയുന്നുണ്ട്. ബോദ്രിലാദ് ഉദാഹരണമാണ്.
സിമുലേഷന്‍, സിമുലാക്ര (Simulation and Simulacra) ഇവയൊക്കെ
ബോദ്രിലാദിന്റെ പ്രശസ്തമായ സിദ്ധാന്തങ്ങളാണ്.യാഥാര്‍ത്ഥ്യവും അതിന്റെ പ്രതിരൂപങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്ന അവസ്ഥയെ അദ്ദേഹം സിമുലേഷന്‍ എന്ന് വിളിക്കുന്നു.യാഥാര്‍ത്ഥ്യമില്ലാത്ത വെറും പ്രതിരൂപങ്ങളെയാണ് സിമുലാക്ര സൂചിപ്പിക്കുന്നത്. ഇന്ന് നാം കാണുന്ന പല കാര്യങ്ങളും യഥാര്‍ത്ഥ ജീവിതത്തിന്റേതല്ല, മറിച്ച് മാധ്യമങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന വെറും ദൃശ്യങ്ങള്‍ മാത്രമാണ് എന്നു അദ്ദേഹം പറഞ്ഞു.യാഥാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥമായി തോന്നിപ്പിക്കുന്ന മാധ്യമ നിര്‍മ്മിതികളെയാണ് ബോദ്രിലാദ് ഹൈപ്പര്‍ റിയാലിറ്റി എന്ന് വിളിച്ചത്.ഉദാഹരണത്തിന്, ടിവിയിലോ സോഷ്യല്‍ മീഡിയയിലോ കാണുന്ന മനോഹരമായ ദൃശ്യങ്ങള്‍ കണ്ട് അത് യഥാര്‍ത്ഥ ലോകമാണെന്ന് നാം വിശ്വസിക്കുന്നു. പലപ്പോഴും യഥാര്‍ത്ഥ ലോകത്തേക്കാള്‍ നമുക്ക് താല്പര്യം ഈ മാധ്യമ ലോകത്തോടായിരിക്കും. ഇതിലൂടെ യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകുന്നു. ഒരു മുതലാളിത്ത സമൂഹം ഭഗവദ് ഗീതാകാലത്തെ സമൂഹം പോലെ മായയാണ് എന്നു പറയുന്നതില്‍ തെറ്റില്ല. നേതി, നേതി… ഈ കാണുന്നതൊന്നും സത്യമല്ല എന്നു പഴയ മുനിമാര്‍ പറഞ്ഞു. യുദ്ധം മായയാണ് അതുകൊണ്ട് നിസംഗമായി കര്‍മ്മം ചെയ്യുക എന്നു ഭഗവദ് ഗീതാകാരന്‍ മാത്രമല്ല ബോദ്രി ലാദിനെ പോലുള്ളവരും പറയുന്നു. ഗള്‍ഫ് യുദ്ധം മീഡിയാ നിര്‍മ്മിത യാഥാര്‍ത്ഥ്യമാണെന്നു ‘The Gulf War Did Not Take Place’ (ഗള്‍ഫ് യുദ്ധം നടന്നിട്ടില്ല – 1991) – ഈ പുസ്തകത്തില്‍ ബോദ്രിലാദ് പറഞ്ഞു. വാര്‍ത്താവിനിമയം മീഡിയയില്‍ വച്ചു സ്തംഭിച്ചു പോകുകയും (പഴയ രാജശാസനങ്ങള്‍ പോലെ ) അത്ഭുതപ്രദര്‍ശന വസ്തുവായി എല്ലാം മാറുകയും ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ അതാണ് വാര്‍ത്താവിനിമയ യാഥാര്‍ത്ഥ്യം എന്നു പറയാനാവില്ല. ബോദ്രിലാദ് മാധ്യമങ്ങളെ വിമര്‍ശിക്കുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട്. പക്ഷെ മാധ്യമങ്ങള്‍ ചെയ്യുന്ന കാര്യം തന്നെയാണ് ബോദ്രി ലാദും ചെയ്യുന്നത്.വിമര്‍ശിക്കുന്നു, ആശയം വിനിമയം ചെയ്യുന്നു എന്നു തോന്നിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആശയങ്ങളുടെ സിമുലേഷനാണ് ബോദ്രിലാദ് സൃഷ്ടിക്കുന്നത്.ഉപഭോഗം എന്നത് ഒരു ഭാഷയാണ് എന്നു (Consumption as a Language)’The Consumer Society: Myths and Structures’ (ഉപഭോഗ സമൂഹം: മിത്തുകളും ഘടനകളും – 1970) – ഈ പുസ്തകത്തില്‍ എഴുതുമ്പോള്‍ ഭാഷയെ നിര്‍മ്മാണ പ്രക്രിയയായല്ല പ്രദര്‍ശന വസ്തുവായാണ് അവതരിപ്പിക്കുന്നത്. ഉപഭോഗ മുതലാളിത്ത ജീവിതം ഒരു മിത്താണ് എന്നു പറയുന്നുണ്ട്. എന്നാല്‍ മിത്തായതിനു മുന്‍പുള്ള അധ്വാന പ്രക്രിയയെയും മിത്താകുന്നതിനു പിന്നിലുള്ള അധികാരപ്രവര്‍ത്തനത്തെയും മാധ്യമങ്ങളെ പോലെ ബോദ്രിലാദ് മറച്ചു പിടിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നിരന്തരം പാല്‍ ചുരത്തുന്ന കാമധേനുവിനെ മാത്രമേ കാണുന്നുള്ളു. പശുവിനെ വളര്‍ത്തുകയും പാല്‍ ജന്മിക്ക് നിരന്തരം കൊടുക്കുകയും ചെയ്യുന്ന, അല്ലെങ്കില്‍ പശുവിനെ വളര്‍ത്തുകയും പാല്‍ ആമസോണ്‍ഇടനില വ്യാപാരിക്ക് കൊടുക്കുകയും ആമസോണ്‍ ലോകത്തിലെ വലിയ പണക്കാരനായി നിരന്തരം പാല്‍ ചുരത്തി കൊണ്ടിരിക്കെ ക്ഷീരകര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന അധികാരത്തെ സംബോധന ചെയ്യുന്നില്ല. മിത്തുകളും ഹൈപ്പര്‍ റിയാലിയും ഉണ്ട് അഥവാ അതാണ് എല്ലാം എന്നു പറയുമ്പോള്‍ വാര്‍ത്ത ഒരു സര്‍ഗ്ഗാത്മക നിര്‍മ്മിതിയാണ്,ക്രിയേറ്റീവ് റിയാലിറ്റിയാണ്, എന്ന കാര്യം മറച്ചു പിടിക്കപ്പെടുന്നു. മാത്രമല്ല നിശ്ചലമായ ഏതോ സത്യം ഉണ്ട് എന്ന ഇല്ലാത്തതോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണമായി,ബോദ്രിലാദിന്റെ പുസ്തകത്തിലെ പതിനാലാം അധ്യായം ‘The Animals: Territory and Metamorphoses’ (മൃഗങ്ങള്‍: പ്രദേശം, രൂപാന്തരങ്ങള്‍) എന്നതാണ്.മൃഗങ്ങളുടെ ‘മനുഷ്യവല്‍ക്കരണ’ത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.പഴയകാലത്ത് മൃഗങ്ങളെ ദൈവങ്ങളായോ അല്ലെങ്കില്‍ പ്രകൃതിയുടെ ഭാഗമായോ ആയിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഇന്ന് നാം മൃഗങ്ങളെ ഒന്നുകില്‍ ലബോറട്ടറികളിലെ പരീക്ഷണ വസ്തുക്കളായോ (Lab animals) അല്ലെങ്കില്‍ വീട്ടിനുള്ളിലെ ഓമനമൃഗങ്ങളായോ (Pets) മാറ്റിയിരിക്കുന്നു. ഇതിലൂടെ അവയുടെ സ്വാഭാവികമായ ‘മൃഗീയാവസ്ഥ’ ഇല്ലാതാകുന്നു.മൃഗശാലകളിലെ മൃഗങ്ങളെ ബോദ്രിലാദ് ഉദാഹരണമായി കാട്ടുന്നു. മൃഗശാലയില്‍ നാം കാണുന്നത് കാട്ടിലെ യഥാര്‍ത്ഥ മൃഗത്തെയല്ല, മറിച്ച് മനുഷ്യന്‍ നിര്‍മ്മിച്ച ഒരു കൃത്രിമ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു ‘പ്രതിരൂപത്തെ’ മാത്രമാണ്. കാട് എന്ന യാഥാര്‍ത്ഥ്യം നഷ്ടപ്പെട്ട ഒരു ഹൈപ്പര്‍-റിയല്‍ മൃഗമാണത്. ഇങ്ങനെ പറയുമ്പോള്‍ മനുഷ്യരോട് ഇടപെടാത്ത ശുദ്ധരൂപത്തില്‍ ഭൂമിയും മൃഗങ്ങളും മനുഷ്യസംസ്‌കാരത്തില്‍ എന്നോ ഉണ്ടായിരുന്നു എന്നു തോന്നും. പ്രകൃതിയും മനുഷ്യനും പരസ്പരം എതിരിട്ട് പരിണമിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മനുഷ്യന്റെയും പ്രകൃതിയുടെയും ഗുണ പരിണാമത്തെ ബോദ്രിലാദ് മറച്ചു പിടിക്കുന്നു. അതുകൊണ്ടാണ് പഴയ ആത്മീയവാദത്തിലെ, ഭഗവദ് ഗീതയിലേതുപോലത്തെ നിസംഗതാവാദത്തില്‍ ബോദ്രിലാദ് എത്തിച്ചേരുന്നത്.ബോദ്രിലാദിന്റെ പുസ്തകത്തിലെ അവസാന അധ്യായമായ പതിനെട്ടാം അധ്യായം ‘On Nihilism’ (നിഹിലിസത്തെക്കുറിച്ച് / ശൂന്യതാവാദത്തെക്കുറിച്ച്) എന്നതാണ്.ഈ അധ്യായത്തിന്റെ അവസാനം ബോദ്രിലാദ് ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ നിസ്സംഗതയെയാണ്. മാധ്യമങ്ങളും രാഷ്ട്രീയവും എന്തുതന്നെ കാണിച്ചാലും ജനം അതിനോട് ഒരുതരം തണുത്ത നിസ്സംഗത പുലര്‍ത്തുന്നു. ഈ നിസ്സംഗതയാണ് സിമുലേഷന്‍ വ്യവസ്ഥിതിക്കെതിരെയുള്ള ഏക പ്രതിരോധമെന്ന് അദ്ദേഹം വിശ്വസിച്ചു. ഭഗവദ് ഗീതയിലെ നിഷ്‌കാമ കര്‍മ്മത്തിനു തുല്യമായ ഒരു തരം നിസംഗതയില്‍ അങ്ങനെ ബോദ്രിലാദ് എത്തിച്ചേരുന്നു.
എന്നാല്‍ ഈ ഡിജിറ്റല്‍ കാലം വിനിമയത്തിന്റെ കാലമല്ല വിനിമയം ഉത്പാദകനിലും ഉപയോഗത്തിലും എത്താത്ത കാഴ്ചയുടെ ഉപഭോഗം മാത്രം സൃഷ്ടിക്കുന്നു എന്നതു മറ്റൊരു ഗുരുതരാവസ്ഥ തന്നെയാണ്.അതു പക്ഷെ വളരെ മുന്‍പ് തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളതാണ്.ഗൈ ഡെബോര്‍ഡിന്റെ (Guy Debord) ‘The Society of the Spectacle’ (1967) എന്ന പുസ്തകം ഉദാഹരണമാണ്. ‘ആധുനിക സമൂഹത്തില്‍ ജീവിതം എന്നത് നേരിട്ടുള്ള അനുഭവങ്ങള്‍ എന്നതിലുപരി വെറും കാഴ്ചകളുടെ (Spectacles) ഒരു ശേഖരമായി മാറിയിരിക്കുന്നു. നാം ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മറ്റുള്ളവര്‍ക്ക് മുന്നില്‍ ജീവിതം പ്രദര്‍ശിപ്പിക്കുന്നതിനായി ചിലവഴിക്കുന്നു എന്നു ഇതില്‍ നിരീക്ഷിച്ചിട്ടുണ്ട്.യഥാര്‍ത്ഥ ജീവിതം നമ്മില്‍ നിന്ന് അകന്നുപോകുകയും പകരം ദൃശ്യങ്ങള്‍ (Images) ആ സ്ഥാനം കൈക്കലാക്കുകയും ചെയ്തു എന്ന് ഡെബോര്‍ഡ് പറയുന്നു.പഴയ കാലത്ത് മനുഷ്യന്റെ ലക്ഷ്യം ‘ഉണ്ടായിരിക്കുക’ (To Be) എന്നതായിരുന്നു. പിന്നീട് അത് ‘കൈവശം വെക്കുക’ (To Have) എന്നതായി മാറി. എന്നാല്‍ ഇന്ന് അത് ‘പ്രദര്‍ശിപ്പിക്കുക’ (To Appear) എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു.ഒരു വിനോദയാത്ര പോകുമ്പോള്‍ അത് ആസ്വദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനും മറ്റുള്ളവരെ കാണിക്കുന്നതിനും നാം നല്‍കുന്നു.കമ്മോഡിറ്റി അഥവാ ചരക്ക് ഒരു കാഴ്ചയായി (The Commodity as Spectacle) മാറി.പരസ്യങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് ഉല്‍പ്പന്നങ്ങളെ വെറും വസ്തുക്കളായല്ല, മറിച്ച് വലിയ സ്വപ്നങ്ങളായാണ് നമുക്ക് വില്‍ക്കുന്നത്.ഒരു വസ്തു അതിന്റെ ഉപയോഗത്തേക്കാള്‍ ഉപരി അത് നല്‍കുന്ന ഇമേജിന് (Image) വേണ്ടിയാണ് നാം വാങ്ങുന്നത്. നാം വസ്തുക്കളെ പ്രണയിക്കുന്നു, ദൃശ്യങ്ങളെ വിശ്വസിക്കുന്നു. എന്നെല്ലാം ഈ പുസ്തകത്തില്‍ വളരെ മുന്‍പേ വിശദീകരിച്ചിട്ടുണ്ട്. വസ്തുക്കളെയല്ല പകര്‍പ്പുകളെയും പ്രതീതികളെയുമാണ് നാം പുല്‍കുന്നത്. ഭഗവദ് ഗീതാ കാലത്ത് ജീവിതം മായയാണ്, മിഥ്യയാണ് എന്നു പറഞ്ഞതിന്റെ ആവര്‍ത്തനമാണിത്.

നീല്‍ പോസ്റ്റ്മാന്റെ ‘Amusing Ourselves to Death’ (1985) കൃതിയില്‍ അച്ചടി മാധ്യമത്തില്‍ നിന്ന് ദൃശ്യമാധ്യമത്തിലേക്കുള്ള (പ്രത്യേകിച്ച് ടെലിവിഷന്‍) മാറ്റം മനുഷ്യന്റെ ചിന്താശേഷിയെയും ഗൗരവകരമായ ചര്‍ച്ചകളെയും എങ്ങനെ നശിപ്പിച്ചു എന്നു പറയുന്നുണ്ട്.മാധ്യമം ഒരു രൂപകം (The Medium is the Metaphor) ആണ് എന്നു അദ്ദേഹം പറയുന്നു.ഓരോ മാധ്യമവും നമ്മള്‍ ലോകത്തെ കാണുന്ന രീതിയെ സ്വാധീനിക്കുന്നു എന്ന് പോസ്റ്റ്മാന്‍ വാദിക്കുന്നു. ഉദാഹരണത്തിന്, പുക ഉപയോഗിച്ചുള്ള സന്ദേശങ്ങള്‍ കൊണ്ട് തത്വശാസ്ത്രം ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുപോലെ ടെലിവിഷന്‍ എന്ന മാധ്യമം സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ലളിതമാക്കി മാറ്റുന്നു.സത്യം എന്താണെന്ന് നാം തീരുമാനിക്കുന്നത് ആ കാലഘട്ടത്തിലെ മാധ്യമങ്ങളെ അടിസ്ഥാനമാക്കിയാണ്. അച്ചടി നിലനിന്നിരുന്ന കാലത്ത് ഒരു കാര്യം സത്യമാണെന്ന് വിശ്വസിക്കാന്‍ അത് യുക്തിഭദ്രമായി എഴുതപ്പെടണമായിരുന്നു. എന്നാല്‍ ടെലിവിഷന്‍ വന്നതോടെ ഒരു കാര്യം വിശ്വസിക്കാന്‍ അത് ‘കാണാന്‍ ഭംഗിയുള്ളതാകണം’ എന്ന അവസ്ഥ വന്നു.ടെലിവിഷന്റെ ഏക ലക്ഷ്യം വിനോദം (Entertainment) ആണെന്ന് പോസ്റ്റ്മാന്‍ പറയുന്നു. വാര്‍ത്തയായാലും രാഷ്ട്രീയമായാലും മതമായാലും അത് കാണികളെ രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചാലേ ടെലിവിഷനില്‍ നിലനില്‍പ്പുള്ളൂ.മതം, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയെല്ലാം ടെലിവിഷന്‍ എങ്ങനെ വിനോദമാക്കി മാറ്റുന്നു എന്ന് ഇതില്‍ വിവരിക്കുന്നു. രാഷ്ട്രീയക്കാര്‍ ആശയങ്ങള്‍ പറയുന്നതിനേക്കാള്‍ തങ്ങളുടെ രൂപഭംഗിയിലും ‘ഇമേജിലും’ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ജോര്‍ജ്ജ് ഓര്‍വെല്‍ തന്റെ ‘1984’ എന്ന പുസ്തകത്തില്‍ അധികാരികള്‍ വിവരങ്ങള്‍ നിരോധിക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഹക്‌സ്ലി (Brave New World) ഭയപ്പെട്ടത് വിവരങ്ങളുടെ അതിപ്രസരം മൂലം മനുഷ്യന്‍ സത്യം തിരിച്ചറിയാതെ വിനോദങ്ങളില്‍ മുഴുകി സ്വയം നശിക്കുമെന്നാണ്. നാം ഇപ്പോള്‍ ഹക്‌സ്ലിയുടെ ലോകത്താണെന്ന് പോസ്റ്റ്മാന്‍ വാദിക്കുന്നു.’ജനങ്ങള്‍ എന്തിനെയാണോ ഭയപ്പെടുന്നത് അത് അവരെ നശിപ്പിക്കും എന്നല്ല, മറിച്ച് ജനങ്ങള്‍ എന്തിനെയാണോ ഇഷ്ടപ്പെടുന്നത് (വിനോദം) അത് അവരെ നശിപ്പിക്കും.’ എന്നും’ടെലിവിഷന്‍ നമ്മെ ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നില്ല എന്നതല്ല പ്രശ്‌നം, മറിച്ച് എല്ലാ വിവരങ്ങളെയും അത് ‘വിനോദം’ എന്ന നിലയില്‍ മാത്രം അവതരിപ്പിക്കുന്നു എന്നതാണ്. ടെലിവിഷന്റെ മതം വിനോദമാണ്, അതിന്റെ ദൈവം പ്രശസ്തിയും (Showmanship).’ എന്നും അദ്ദേഹം നിരീക്ഷിച്ചു.
സത്യത്തില്‍ വിനോദമാക്കുന്നു എന്നതല്ല മാധ്യമങ്ങളുടെ പ്രശ്‌നം. കലാരൂപങ്ങള്‍ വിനോദത്തിന് സൃഷ്ടിക്കപ്പെടുന്നതാണല്ലോ. അതിനെ ഇന്ന് ആരും പ്ലേറ്റോയെ പോലെ തള്ളിക്കളയുന്നില്ലല്ലോ. വാര്‍ത്തയും ഒരു മീഡിയയിലൂടെത്തന്നെയാണ് കടന്നു പോകുന്നത് എന്നതുകൊണ്ട് ഒരു സൃഷ്ടി തന്നെയാണ്. അല്ലാതെ കലകള്‍ മാത്രം സൃഷ്ടിയും വാര്‍ത്ത കേവലമായ സത്യത്തിന്റെ അവതരണവും എന്നു പറയാനാവില്ല. കലയെ പോലെ, വാര്‍ത്തയും ഒരു നിര്‍മ്മാണ പ്രകിയയാണ് എന്നു വിശദീകരിച്ചല്ലോ. പക്ഷെ വാര്‍ത്ത മേല്‍ പറഞ്ഞ ഏഴു ഘട്ടങ്ങളിലൂടെയും കടന്നു പോകുന്നുണ്ടോ, ഉത്പാദകരുടെ കര്‍തൃത്വമുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതില്ലാതെ പോകുമ്പോഴാണ് ഉപരിപ്ലവമായ വിനോദ കാഴ്ചയായി അതു മാറുന്നത്. സാങ്കേതികവിദ്യയ്ക്ക് അതിന്റെതായ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.പക്ഷെ ഉത്പാദകരുടെ കര്‍തൃത്വമുള്ള ഉത്പാദന പ്രവര്‍ത്തന മുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നം. അതില്ലാതെ വന്നപ്പോള്‍, പ്രിന്റ് മീഡിയയും വ്യവസായമായപ്പോള്‍ ഉപരിപ്ലവവിനോദമായി മാറിയിരുന്നു.പത്രത്തില്‍ വിനിമയം ചെയ്യുന്നതല്ല,”കാണുന്ന ”താണ് സത്യമെന്നു നാം കരുതിയിരുന്നു.അതിന്റെ തുടര്‍ച്ചയാണ് ക്യാമറയില്‍ കാണുന്നതാണ് സത്യം എന്നതില്‍ കൊണ്ട് എത്തിച്ചത്. ഏതു മാധ്യമമായാലും അതിന്റെ ഉടമാവകാശം നേടിയെടുക്കുന്ന അധീശ വര്‍ഗ്ഗം അതിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് അതിനെ പാകപ്പെടുത്തുന്നു എന്നു മാത്രം. പ്രശ്‌നം വാര്‍ത്താവിനിമയം എന്ന പ്രക്രിയ സാധ്യമാകുന്നുണ്ടോ, വിനിമയ ഉപകരണത്തില്‍ വച്ച് വിനിമയ പ്രക്രിയ സ്തംഭിച്ച് പോകുന്നോ, ഉത്പാദകരെ അന്യവത്കരിക്കുന്നുവോ എന്നതാണ് പ്രശ്‌നം.

” പൊമ്പളൈ ഒരുമൈ ”പത്രവാര്‍ത്ത വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.( ‘ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ ഫാസിസ്റ്റ് സ്വഭാവവും ഉപഭോഗം മുതലാളിത്തവും’ എന്ന പുസ്തകം) ‘തര്‍ക്കമന്ദിരം തകര്‍ത്തു ‘, ‘ബാബറി മസ്ജിദ് തകര്‍ത്തു ‘ – ഈ രണ്ടുവാര്‍ത്തകളും എങ്ങനെ ഒരേ വിധമായി മാറുന്നു എന്നു ചെറുകഥ മുന്‍നിര്‍ത്തി നിരീക്ഷിച്ചിട്ടിട്ടുണ്ട്.( ‘എന്‍ എസ് മാധവന്‍ തിരുത്തുന്നതാര്‍ക്കുവേണ്ടി?’, വാസവദത്തയ്ക്കു പാഠങ്ങള്‍ നിര്‍മ്മിക്കുകയാണ് എന്ന പുസ്തകം) ഇവിടെയൊന്നും വാര്‍ത്താ വിനിമയ പ്രക്രിയ നടക്കുന്നില്ല എന്നാണ് വിശദീകരിച്ചത്.’തര്‍ക്കമന്ദിരം തകര്‍ന്നു’, ‘ബാബറി മസ്ജിദ് തകര്‍ത്തു ‘ ഇതു പോലെ ഉണ്ടായ ‘നായരീഴവ ലഹള ‘, ‘നായര്‍ ഈഴവരെ ആക്രമിച്ചു’ – എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടിംഗ് വാര്‍ത്തയല്ല എന്നു നവോത്ഥാന കാലത്തെ മുന്‍നിര്‍ത്തി വിശദീകരിച്ചല്ലോ.മിഷണി കാലം പോലെ ആഗോളീകരണ കാലവും ഡിജിറ്റല്‍ മുതലാളിത്ത കാലവും വംശീയ- ലിംഗ- ഉപകരണസംബന്ധ ഡേറ്റകളെ മാത്രമേ വാര്‍ത്തകളായി കണക്കാക്കിയുള്ളൂ. സൈബര്‍ സ്ഥലം സ്വകാര്യഡേറ്റകളുടെ കോര്‍പ്പറേറ്റ് ശേഖരണ സ്ഥലങ്ങളായിരുന്നു. ഫെയ്‌സ് ബുക്ക് പോലുള്ള മാധ്യമസ്ഥലങ്ങള്‍ ഫോട്ടോകളും സ്വകാര്യ വിവരങ്ങളുമാണ് മുന്നോട്ട് വയ്ക്കാന്‍ പ്രേരിപ്പിച്ചത്. സ്വകാര്യതയുടെ വിപണിവത്കരണമായിരുന്നു അത്.ഒന്നാം ഘട്ടം സ്വകാര്യതയുടെ രാഷ്ട്രീയവത്കരണമെന്നു തോന്നിപ്പിക്കാനാണ് ശ്രമിച്ചത്.സമൂഹിക മാധ്യമങ്ങള്‍ എന്നാണ് വിളിച്ചത്. എന്നാല്‍ എ.ഐ.യ്ക്കുള്ള വിവരണശേഖരണത്തിന്റെ ഒന്നാം ഘട്ടമായിരുന്നു അത്. ഇന്ന് ഇന്ത്യയിലെ, കേരളത്തിലെ,കുട്ടനാട്ടിലെ, ഒരു പെണ്‍കുട്ടിയുടെ സാങ്കല്പിക ചിത്രമുണ്ടാക്കാന്‍ എ.ഐ.യോട് ആവശ്യപ്പെട്ടാല്‍ ലഭിക്കും.ഇതിനാണ് ഇന്ത്യയിലുള്ളവരും കേരളത്തിലുള്ളവരും കുട്ടനാട് ഉള്ളവരും ഫെയ്‌സ് ബുക്കില്‍ ഫോട്ടോ അപ് ലോര്‍ഡ് ചെയ്തതെന്നു ഇന്നു തിരിച്ചറിയുന്നു. സ്ത്രീശരീരം പൊതുമാധ്യമസ്ഥലത്ത് സാനിധ്യപ്പെടുത്തുമ്പോള്‍ സ്ത്രീവിപ്ലവമെന്നാണ് നാം, കവികളും ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും കരുതിയിരുന്നത്. മനുഷ്യന്റെ സര്‍ഗ്ഗാത്മകവ്യക്തിത്വത്തെ ഒഴിവാക്കി ലിംഗ-വംശ- ഉപകരണസംബന്ധ ഡേറ്റയാക്കുന്നതു മാത്രമായിരുന്നു വാര്‍ത്ത. പട്ടി മനുഷ്യനെ കടിക്കുന്നത് വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിക്കുന്നതാണ് വാര്‍ത്ത എന്നതാണ് പത്രപ്രവര്‍ത്തന പാഠം. എല്ലാരും അംഗീകരിക്കുന്ന തിന്മകള്‍ തിന്മകളല്ല, അതു റിപ്പോര്‍ട്ട് ചെയ്യരുത് എന്നല്ല ഉദ്ദേശിക്കുന്നത്.പുതിയത് ഒന്നിലേക്ക് നമ്മെ നയിക്കണം എന്നതാണ് അതിന്റെ ഗുണപരമായ പാഠം.പക്ഷെ കേവലമായ വൈചിത്ര്യം, കൗതുകം ഉണ്ടായാല്‍ മതി എന്നായിട്ടുണ്ട്. അതിന് ലിംഗ-വംശ- യന്ത്രസംബന്ധ രീതിയാണ് ആഗോളീകരണ കാല മാധ്യമങ്ങള്‍ സ്വീകരിച്ചത്.അത് ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു.ഒന്നാമതായി അത് മുതലാളിത്തത്തോടുള്ള എതിര്‍പ്പുകള്‍ ഇല്ലാതാക്കും മറ്റൊന്നു അത്തരം ഡേറ്റകള്‍ ആയിരുന്നു ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ മൂലധനം. ലാഭം ലഭിക്കാത്തതൊന്നും വാര്‍ത്തയല്ലായിരുന്നു.മാധ്യമങ്ങളുടെ രീതി ഇതായിരുന്നു:

”പട്ടി മനുഷ്യനെ കടിച്ചു. ‘ -വാര്‍ത്തയല്ല

”തെരുവുപട്ടി മനുഷ്യനെ കടിച്ചു ‘ -വാര്‍ത്ത

[ തെരുവു എന്ന വിശേഷണമാണ് വാര്‍ത്തയാകുന്നത്. അതായത് ”കടിച്ചു ‘ എന്ന കാര്യമല്ല വാര്‍ത്ത. തെരുവ് അപകടകരമാണ് എന്ന കാര്യമാണ് വിനിമയം ചെയ്യുന്നത്.]

മീന്‍കച്ചവടക്കാരനായ കവി – വാര്‍ത്ത
[തെരുവ് കവി, മുസ്ലീം കവി, കടല്‍ കവി ,ഓട്ടോറിക്ഷകരനായ ചിത്രകാരന്‍… തുടങ്ങിയ വാര്‍ത്തയാകാന്‍ കാരണം സര്‍ഗ്ഗാത്മകത അല്ല. നേരെ മറിച്ചാണ്.മനുഷ്യന്റെ ഐഡന്റിറ്റി തീരുമാനിക്കുന്നത് സ്ഥലം,ജാതി, പദവി എന്നിവയാണ് എന്ന കാര്യമാണ് വിനിമയം ചെയ്യുന്നത്. ഇതിന്റെ ആവര്‍ത്തനം സ്വഭാവികമായും ഫാസിസ്റ്റ് ഭരണകൂടങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരും. ഇതു മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഭൂരിപക്ഷമത പക്ഷം, ന്യൂനപക്ഷ മതപക്ഷം – എന്നീ പ്രച്ഛന്നങ്ങള്‍ നല്‍കാനും അതുവഴി താല്കാലികമുതലാളിത്ത പരിരക്ഷ ലഭിക്കാനും കാരണമാകും. ]

ജിമ്മില്‍ നിന്നും രാത്രി വന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു -വാര്‍ത്ത

[ആക്രമിക്കപ്പെട്ടു എന്ന കാര്യമല്ല സ്ത്രീ ശാക്തീകരണം ജിമ്മില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ വിപണി പരിചരണമാണ് സ്വാതന്ത്ര്യം എന്നതിന്റെ പരസ്യ പ്രദര്‍ശനമാണ് പ്രസ്തുത വാര്‍ത്ത ]

സി സി റ്റി വിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രതിരോധ ദൃശ്യങ്ങള്‍ – വാര്‍ത്ത

[ ജിമ്മില്‍ നിന്നും വന്ന സ്ത്രീ ആക്രമിക്കപ്പെടുകയല്ലായിരുന്നു. സ്ത്രീ അങ്ങോട്ട് ശക്തമായി പ്രതിരോധിച്ചു എന്നു സിസിടിവി ദൃശ്യങ്ങള്‍ വന്നപ്പോള്‍ മനസ്സിലായി എന്നു പത്രങ്ങള്‍ പിറ്റേന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നവര്‍ക്ക് ഇന്നലെ തന്നെ കാര്യം അറിയാം.അവരോട് ചോദിക്കേണ്ട കാര്യം പുതിയ പത്രപ്രവര്‍ത്തനത്തിന് ആവശ്യമില്ല. ഏജന്‍സികളും ഉപകരണങ്ങളുമാണ് വാര്‍ത്താ ഉത്പാദകര്‍, പത്രപ്രവര്‍ത്തകരല്ല.സിസിറ്റി വിയില്‍ കാണുന്നതാണ് വാര്‍ത്ത അഥവാ സത്യം എന്നു കരുതപ്പെടുന്നു. വാര്‍ത്ത എന്നത്, സത്യം എന്നത് റിപ്പോര്‍ട്ടര്‍മാരും ജനങ്ങളും ഉത്പാദന ഉപകരണങ്ങളും ചേര്‍ന്നു ജനങ്ങളുടെ ഉപയോഗത്തിന് നിര്‍മ്മിക്കുന്നതാണ് എന്ന കാര്യം ഇല്ലാതായിരിക്കുന്നു. ഉപകരണമാണ് സത്യം എന്നതിന്റെ പരസ്യപ്രദര്‍ശനമാണ് ഇവിടെയുള്ളത്. വാര്‍ത്ത സംഭവിക്കുന്നില്ല.എല്ലാ വാര്‍ത്തകളും ഇതുപോലെ പരസ്യങ്ങളാണ്. ]

‘യൂണിവേഴ്‌സിറ്റി അധ്യാപികയുടെ ദളിത് വിദ്യാര്‍ത്ഥി പീഡനം”
[ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെടുന്നു എന്ന കാര്യം വിനിമയം ചെയ്യപ്പെടുന്നില്ല. ഏതു കാലത്ത്, എവിടെ എന്നത് മറയ്ക്കപ്പെടുന്നു. എവിടെയും സംഭവിക്കാവുന്ന കാര്യമായി മാറുന്നു. അധ്യാപിക, വിദ്യാര്‍ത്ഥി എന്നിവര്‍ വംശീയശരീരമായി മാറുന്നു. വിദ്യാഭ്യാസഅധികാര പ്രശ്‌നങ്ങള്‍ മായ്ചു കളയാന്‍ സഹായിക്കുന്നു. യൂണിവേഴ്‌സിറ്റികളുടെ കച്ചവടവത്കരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്ന സ്വതന്ത്ര്യവും അവകാശങ്ങളും മറയ്ക്കപ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ മുന്‍വാതില്‍ നിയമനങ്ങളായി മാറുമ്പോള്‍ പഴയ അധ:സ്ഥിതരുള്‍പ്പെടെ പണവും അധികാരവുമില്ലാത്തവര്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ ചിത്രത്തില്‍ ഇല്ലാതാകുന്നു. ]

‘രാഷ്ടീക്കാരനെതിരെ മിടു ആരോപണം ‘-വാര്‍ത്ത

[രാഷ്ട്രീയക്കാരന്‍ ജനങ്ങളോട് കാട്ടുന്ന അക്രമം ഇല്ലാതാകുന്നു.ജനം സ്ത്രീ ശരീരം ആയിമാറുന്നു.രാഷ്ട്രീയം പുരുഷശരീരമായി മാറുന്നു. ഇലക്ഷന്‍ സമയത്തെല്ലാം ഇത് എത്തുമ്പോള്‍ രാഷ്ട്രീയത്തെ ശരീരം കൊണ്ട് മറയ്ക്കാനാകുന്നു. ആശയം ഒന്നും വിനിമയം ചെയ്യുന്നില്ല.]

‘പൊമ്പളൈ ഒരുമൈ ‘ – വാര്‍ത്ത

[ മൂന്നാര്‍ തൊഴിലാളികള്‍ ടാറ്റയ്ക്ക് എതിരെ നടത്തിയ മുതലാളിത്ത വിരുദ്ധസമരം വിനിമയം ചെയ്യപ്പെടുന്നില്ല. തൊഴിലാളികള്‍ സ്ത്രീ ശരീരമായി മാറുന്നു.മുതലാളിത്തം പുരുഷശരീരമായി മാറുന്നു. ശത്രു ഏതോ കാലത്തെ ”പുരുഷന്‍” (ഫെമിനിസ്റ്റ് നിഘണ്ടുവില്‍ പാട്രിയാര്‍ക്കി) ആയി മാറുന്നു.ടാറ്റ രക്ഷപ്പെട്ടു പോകുന്നു. എല്ലാ പത്രത്തിലും ഏജന്‍സികള്‍ കൊടുത്ത ഒരേ വാര്‍ത്ത വരുന്നു. ആ സമരം തന്നെ നിശ്ചലമായി പോകുന്നു. മുതലാളിത്തത്തിനെതിരായി കൈകോര്‍ക്കുമായിരുന്ന മറ്റ് തൊഴിലാളി സമരങ്ങളുമായുള്ള വിച്ഛേദവും സംഭവിക്കുന്നു.]

ഇതുപോലുള്ള കോടിക്കണക്കിന് വാര്‍ത്തകള്‍, അതു സൃഷ്ടിക്കുന്ന അനുബന്ധആഖ്യാനങ്ങള്‍ (കഥ, കവിത, സിനിമ, നിരൂപണം, വിക്കിപ്പീഡിയ കണ്ടന്റ്,ഉപന്യാസങ്ങള്‍…) കൊണ്ട് വിനിയസ്തംഭനം ഉണ്ടാകുന്നു. ഒന്നും ഓര്‍മ്മിക്കുന്നില്ല, ഓര്‍മ്മകള്‍ കൈകോര്‍ക്കുന്നില്ല.ശരീരം, വംശം, മുതലാളിത്ത ഉപകരണങ്ങള്‍ ഇവയുടെ പ്രദര്‍ശനവും അതിന്റെ ആവര്‍ത്തനവുമാണ് വിനിമയത്തിനു പകരം ആഗോളീകരണമാധ്യമങ്ങള്‍ സൃഷ്ടിച്ചത്. പരസ്യങ്ങള്‍ ആവര്‍ത്തനങ്ങളിലൂടെ സത്യമായി തീരുമ്പോലെ ഇവയെ ‘പ്രദര്‍ശനസത്യ’മാക്കി എടുക്കുകയാണ് മീഡിയ ചെയ്ത്.A എന്ന സോപ്പ് സൗന്ദര്യമുണ്ടാക്കും എന്ന പരസ്യത്തിലൂടെ ആ കാര്യമല്ല വിനിമയം ചെയ്യുന്നത്.അങ്ങനെ ഉണ്ടാക്കില്ല എന്നു ഏവര്‍ക്കും അറിയാം.എങ്കിലും A എന്ന സോപ്പ് തന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ടാല്‍ തെരഞ്ഞെടുക്കും.കാരണം ആവര്‍ത്തനത്തിലൂടെ ‘പ്രദര്‍ശന സത്യം’ ഉണ്ടായി വരും.( തെരഞ്ഞെടുപ്പ് വ്യക്തിയുടെത് അല്ലാതാക്കി മാറ്റി ജനാധിപത്യത്തെ അസാധുവാക്കുക എന്ന പ്രക്രിയയാണ് ഇതിലൂടെ മാധ്യമങ്ങള്‍ സാധ്യമാക്കുന്നത്.നല്ലവണ്ണം അഭിനയിക്കുന്നവരെ, ശൂന്യ ബുദ്ധിജീവിതങ്ങളെ നല്ല ഭരണാധികാരികളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായി മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് മറ്റ് വിനിമയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ദൃശ്യമാധ്യമങ്ങളും ഉപരിതലരാഷ്ട്രീയക്കാരും സൈബര്‍ മാധ്യമങ്ങളും ബുദ്ധിജീവികളും ലിംഗവംശ പ്രദര്‍ശന സത്യത്തില്‍ നില്‍ക്കുമ്പോള്‍ ജനങ്ങള്‍ ജീവിതസത്യങ്ങള്‍ നിര്‍മ്മിക്കുകയും ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ വോട്ടു ചെയ്യുകയും ചെയ്യുന്ന അവസ്ഥകള്‍ ചിലപ്പോള്‍ ജനാധിപത്യത്തില്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. )

യഥാര്‍ത്ഥത്തില്‍ സത്യം എന്നത്, സന്ദേശം എന്നത്, വാര്‍ത്ത എന്നത് മേല്‍ വിവരിച്ച ഏഴു ഘടകങ്ങളും ചേര്‍ന്നു നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. രാജാവിന്റെ രാജശാസനഫലകത്തെക്കുറിച്ച് പറഞ്ഞല്ലോ. ജനങ്ങള്‍ക്ക് അറിയാത്ത ഭാഷയില്‍ എഴുതപ്പെട്ട, വായിക്കപ്പെടാത്ത രാജശിലാഫലകത്തിന്റെ നാട്ടിലെങ്ങുമുള്ള ദൃശ്യആവര്‍ത്തനത്തിലൂടെ ഒരു ‘പ്രദര്‍ശന സത്യം’ ഉത്പാദിപ്പിക്കപ്പെടുന്നു.അതു പോലെയാണ് പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രദര്‍ശന സത്യമാണ് ഡിജിറ്റല്‍കാല മാധ്യമങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ശരീരം, വംശം, ഉപകരണങ്ങള്‍ – ഇവയാണ് സത്യം എന്ന പ്രദര്‍ശന സത്യമാണ് എല്ലാ വാര്‍ത്തകളും സൃഷ്ടിക്കുന്നത്. ”വിപ്ലവകരമായ ഒരു കാര്യവും പത്രത്തില്‍ എഴുതാന്‍ കഴിയില്ല. എഴുതാന്‍ കഴിയുമെങ്കില്‍ അത് വിപ്ലവകരമേ അല്ല ‘ എന്നു എം. എന്‍.വിജയന്‍ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്.

ശരീരം, വംശം, ഉപകരണങ്ങള്‍ എല്ലാം ഉത്പാദന – വിനിമയ ഉപകരണങ്ങള്‍ ആണ്. കോടിക്കണക്കിനു വാര്‍ത്തകളിലൂടെ ഇതു ‘പ്രദര്‍ശന സത്യ’മായി മാറുന്നു എന്നു പറഞ്ഞല്ലോ. ഇവയെല്ലാം വിനിമയ ഉപകരണങ്ങളാണെന്നു പറഞ്ഞല്ലോ.വിനിമയം വിനിമയ ഉപകരണത്തില്‍ വച്ച് സ്തംഭിച്ചു പോകുന്നു എന്നു പൊതുവേ ഈ അവസ്ഥയെക്കുറിച്ച് പറയാം. വിനിമയ വസ്തുവിന് വിനിമയപ്രക്രിയ നഷ്ടപ്പെടുമ്പോള്‍ ആണ് ഡേറ്റകളായി മാറുന്നത്. വാര്‍ത്താവിനിമയമല്ല ഡേറ്റാ വിപണനമാണ് ഡിജിറ്റല്‍ മുതലാളിത്തത്തില്‍ കാണുന്നത്. കുപ്രസിദ്ധി, സുപ്രസിദ്ധി എന്നീ വിപരീത പദങ്ങള്‍ ഇന്ന് ആരും ഉപയോഗിക്കാത്തത് അതുകൊണ്ടാണ്. വിനിമയം ചെയ്യുന്ന വസ്തു ഉള്ളപ്പോള്‍ മാത്രമാണ് അതു നല്ലതാണോ അല്ലയോ എന്ന വിഷയം വരുന്നത്. എല്ലാം ഡേറ്റാ വിപണനമാകുമ്പോള്‍ കൂടുതല്‍ വില്‍ക്കപ്പെടുന്നത് കൂടുതല്‍ നല്ലതായി മാറുന്നു. ജാതി- ലിംഗ-ശരീര- മുതലാളിത്ത ഉപകരണ-സംബന്ധിയായ കൗതുക – വിവാദ ഡേറ്റകള്‍ ( ദളിത്- ഹിന്ദുത്വ – പാചക – സ്ത്രീ ശരീരപക്ഷ- ട്രാന്‍സ് ജന്റര്‍ – പുതിയ തരം ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ളത്) പ്രദര്‍ശിപ്പിക്കുന്ന സൈബര്‍ സ്ഥലം ഇവയുടെ വിപണനത്തിന് ഉതകുന്ന അല്‍ഗൊരിതങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. റീലുകളില്‍ എത്തുമ്പോള്‍ വാര്‍ത്താവിനിമയത്തില്‍ ഉണ്ടെന്നു കരുതിയ എല്ലാ പ്രച്ഛന്നങ്ങളും ഇല്ലാതാകുന്നു. യൂടൂബറായ തന്റെ ഭാര്യക്ക് മൂന്നു മാസമായതും അടുത്ത മാസം നാലു മാസം ആകുന്നതും വലിയ കാഴ്ചക്കാരുള്ള വാര്‍ത്തയായി മാറുന്നു. ഡിജിറ്റല്‍ മുതലാളിത്തത്തില്‍ വാര്‍ത്താവിനിമയം ഉണ്ട് എന്ന് തോന്നിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഉത്പാദന ഉപകരണം ( സൈബര്‍ സ്ഥലം) കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തമായുമ്പോള്‍, ഉത്പാദകരില്‍ (മീഡിയാക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും )ഉത്പന്നം ( വാര്‍ത്ത) അന്യവത്കരിക്കപ്പെടുമ്പോള്‍ വിനിമയ പ്രക്രിയ (വാര്‍ത്താ നിര്‍മ്മാണം) അപകര്‍ഷപ്പെടുമ്പോള്‍ ഉത്പാദന ഉപകരണത്തിന്റെ ഉടമകളില്‍ ,ഇടനിലക്കാരനില്‍ ”സന്ദേശം” എത്തിച്ചേരുന്നു.(ഉണ്ണുനീലിക്കുള്ള കാമുകന്റെ പ്രണയസന്ദേശം ഇടനിലക്കാരനായ രാജാവില്‍ എത്തിച്ചേര്‍ന്ന കഥ ഉണ്ണുനീലിസന്ദേശത്തില്‍ കാണാമല്ലോ.) നമ്മുടെ പ്രണയവാര്‍ഷിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുമ്പോള്‍ എന്റെ പ്രണയം നിന്നിലേക്ക് വിനിമയം ചെയ്യുകയല്ല, ഞങ്ങള്‍ സന്തോഷിക്കുന്നു എന്നു പ്രദര്‍ശിപ്പിക്കുകയും അതു മാധ്യമ ഉടമയ്ക്ക് വരുമാനം ഉണ്ടാക്കുകയും ചിലപ്പോള്‍ തനിക്കു തന്നെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു.വിനിമയം ചെയ്യാനൊരുങ്ങുമ്പോള്‍ വിനിമയം ചെയ്യുന്ന ആള്‍ എന്ന നില ഇല്ലാതാകുകയും വിനിമയ വസ്തു അപ്രസക്തമാക്കുകയും ചെയ്യുന്നു. നമ്മുടെ ”പ്രണയം” മാധ്യമ ഉടമയ്ക്ക് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനമായി മാറുന്നു. നമ്മള്‍ അറിഞ്ഞും അറിയാതെയും ”ഡിജിറ്റല്‍ ലേബര്‍ ‘ ആയി മാറുന്നു.പണമല്ലാതെ വേറൊന്നും ഉത്പാദിപ്പിക്കാത്തതിനാല്‍ ഡിജിറ്റല്‍ ലേബര്‍ പഴയ അടിമത്തൊഴിലാളിയേക്കാള്‍, ലൈംഗികത്തൊഴിലാളിയേക്കാള്‍ ദയനീയമാണ്.
ഡിജിറ്റല്‍ മുതലാളിത്ത വ്യവസ്ഥയില്‍ വിനിമയ ഘടകങ്ങളുടെ അവസ്ഥ:

0. ഇടനിലക്കാരന്‍
ഉത്പാദന വിനിമ ഉപകരണത്തിന്റെ ഉടമ

[വിനിമയ വസ്തു (പ്രദര്‍ശന വസ്തു)വിന്റെ ലാഭം ലഭിക്കുന്ന ഡിജിറ്റല്‍ വിനിമയ ഉടമ.ജനാധിപത്യഭരണകൂടങ്ങള്‍ ഡേറ്റ മറിച്ച് വിറ്റ് പണം നേടുന്ന ഇടനിലക്കാരായി മാറുന്നു. ]

1. ഉത്പാദകര്‍

വാര്‍ത്ത വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നയാളും സ്വീകര്‍ത്താക്കളും

[വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നയാള്‍ പ്രദര്‍ശനം ചെയ്യുന്നയാളായി മാറുന്നു. സ്വീകരിക്കുന്നയാള്‍ മീഡിയാ ഉടമയുടെ ഉപഭോക്താവായി മാറുന്നു.പ്രൊസ്യൂമര്‍ (The Prosumer) എന്ന പദം
ആല്‍വിന്‍ ടോഫ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്.
(Producer + Consumer = Prosumer.)
മാര്‍ട്ടിന്‍ ലിസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രചിച്ച ‘New Media: A Critical Introduction’ എന്ന പുസ്തകത്തില്‍ ഇത് ഉദ്ധരിച്ചു കൊണ്ട് ഇങ്ങനെ പറയുന്നു: ‘സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ ഉള്ളടക്കം (Content) ആസ്വദിക്കുക മാത്രമല്ല, സ്വന്തമായി ഉള്ളടക്കം നിര്‍മ്മിക്കുകയും ചെയ്യുന്നു. അതായത്, നാം ഒരേസമയം ഉപഭോക്താവും സ്രഷ്ടാവുമാണ്. ഇതിലൂടെ കമ്പനികള്‍ക്ക് നമ്മുടെ ഡാറ്റ സൗജന്യമായി ലഭിക്കുന്നു.’ എന്നാല്‍ പ്രെഡ്യൂസര്‍ എന്നു പറയുമ്പോള്‍ എന്തെങ്കിലും ഉത്പാദിപ്പിക്കുന്നവര്‍ എന്ന അര്‍ത്ഥമില്ല. കാരണം വിനിമയം സംഭവിക്കുന്നില്ല. പണം നേടിക്കൊടുക്കുന്ന ഇടനിലക്കാരന്‍ എന്ന അസ്തിത്വത്തിലേക്ക് തൊഴിലാളി വ്യക്തിത്വം മാറുന്നു. ഒന്നും ഭൗതികമോ മാനസികമോ ആയ ഒന്നും ഉത്പാദിക്കാതെ എങ്ങനെ പണം നേടാം എന്ന് ആഗ്രഹിക്കുന്ന തലമുറ ഉണ്ടായി വരുന്നു.

2.ഉത്പാദനോപകരണം

ഭാഷ, ടി.വി.,സൈബര്‍ സ്ഥലം തുടങ്ങിയ സാങ്കേതിക വിദ്യാസ്ഥലങ്ങള്‍

[ ഡിജിറ്റല്‍ മുതലാളിത്തത്തില്‍ ഉത്പാദന ഉപകരണം ഡേറ്റയാണ്. പക്ഷെ ഡേറ്റയില്‍ നിന്നും മറ്റൊന്നും ഉണ്ടാക്കുന്നില്ല.പണമല്ലാതെ. പണം ഒരു ഉത്പന്നമല്ല]

3.ഉത്പാദന പ്രക്രിയ

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയ

[ ഉത്പാദന പ്രക്രിയ ഇല്ല. ഡേറ്റാ കൈമാറ്റം മാത്രമേ ഉള്ളൂ ]

4. ഉത്പന്നം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷിതന്‍, പ്രേക്ഷകന്‍ ഇവയുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന അറിവ്

[ പുതിയ ഒരു അറിവിന്റെ നിര്‍മ്മാണമില്ല. ഡേറ്റകള്‍ തന്നെയാണ് ഉത്പന്നം ]

5.സംഭരണം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന വിവരം ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്നു.

[ വിപുലമായ സംഭരണം ഉണ്ട്, ഉത്പന്നമല്ല, ഡേറ്റ തന്നെയാണ് ഉള്ളത് എന്നതിനാല്‍ മീഡിയ തന്നെ സംഭരണ സ്ഥലമായി മാറുന്നു ]

6. വിതരണം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന വിവരം വിതരണം ചെയ്യപ്പെടുന്നു.

[ പണമുള്ളവര്‍ക്ക് മാത്രം. ഇന്റര്‍നെറ്റ് സൗകര്യവും വില കൂടിയ ഉപകരണങ്ങളും ഉള്ളവര്‍ക്ക് മാത്രം ലഭ്യം.]

7. ഉപയോഗം

സന്ദര്‍ഭം, മീഡിയാ ഉപകരണം, പ്രേഷകന്‍, പ്രേക്ഷകന്‍ ഇവരുടെ പ്രതിപ്രവര്‍ത്തന പ്രക്രിയയാല്‍ നിര്‍മ്മിക്കപ്പെടുന്ന, ടി.വി. ,പത്രം, സൈബര്‍ മാധ്യമം ഇവയില്‍ ശേഖരിക്കപ്പെടുന്ന, വിതരണം ചെയ്യപ്പെടുന്ന വിവരം ഡീകോഡ് ചെയ്യുന്നു അഥവാ പുനര്‍നിര്‍മ്മാണം ചെയ്യുന്നു.

[പണമൊഴിച്ച് മറ്റൊരു സാമൂഹിക-വൈയക്തിക ഉപയോഗവും ഇല്ല.പ്രദര്‍ശനവസ്തുവിന്റെ ഉപഭോഗമല്ലാതെ പുനര്‍നിര്‍മ്മാണമില്ല.]

‘പ്രബന്ധാരംഭത്തില്‍ പറഞ്ഞ പോലെ ഡിജിറ്റല്‍ പ്രളയജലത്തിലെ മത്സ്യങ്ങളാണ് ഇന്നു മാധ്യമങ്ങള്‍. അഥവാ നമ്മള്‍. കണ്ണുകള്‍ തുറന്നിരിക്കുന്നു. പക്ഷെ ഒന്നും കാണുന്നില്ല. ഉറങ്ങുന്ന മത്സ്യത്തിന്റെ തുറന്നിരിക്കുന്ന കണ്ണുകള്‍ പോലെ.മാധ്യമങ്ങള്‍ കരുതുന്നത് ഞങ്ങളാണ് എല്ലാം സൃഷ്ടിക്കുന്ന ദൈവഅവതാരങ്ങള്‍ എന്നാണ്.മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ആദ്യത്തേതാണ് മത്സ്യാവതാരം. ബ്രഹ്മാവ് ഉറങ്ങുന്ന സമയത്ത് നിശ്വാസവായുവില്‍ കൂടി പുറത്തുവന്ന വേദത്തെ ഹയഗ്രീവന്‍ എന്ന ഒരസുരന്‍ കൈക്കലാക്കി സമുദ്രത്തില്‍ ഒളിച്ചു. ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വിണ്ടെടുക്കാനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വേദങ്ങളും ഉപനിഷത്തുകളും വെറും ഡേറ്റയാക്കുകയും അതിനെ വിപരീതമാക്കി ശേഖരിക്കുകയും ന്യൂനപക്ഷത്തിന്റെ, അധികാരത്തിന്റെ ഉപഭോഗവസ്തുവാക്കുകയും ചെയ്യപ്പെട്ടുന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയ്ക്ക് പുറത്തേക്ക് അറിവ് ചാടിപ്പോകും. അറിവുകള്‍ നിര്‍മ്മിച്ച പണിയാളരില്‍ എത്തിച്ചേരും എന്ന ഭീതിയാണ് ഉറങ്ങുന്ന ബ്രഹ്മാവിന്റെ നിശ്വാസത്തിലൂടെ വേദം പുറത്തു വന്നു എന്നത്. ഡേറ്റ ഇടനിലക്കാരില്‍ നിന്നും ശ്വാസം മുട്ടി പുറത്തുചാടുകയും അറിവായി മാറുകയും ചെയ്യും. അതു മണ്ണിലേക്കും കടലിലിന്റെ ആഴങ്ങളിലും എത്തിച്ചേരും. ഉറങ്ങുന്നതായി ഭാവിക്കുന്ന മത്സ്യങ്ങളില്‍ എത്തിച്ചേരാം.എന്നാല്‍ നിങ്ങള്‍ മത്സ്യങ്ങള്‍ അല്ല അവതാരങ്ങള്‍ ആണ് എന്നു പറഞ്ഞ് അറിവുകളെ ഡേറ്റകളായി തിരിച്ചു പിടിക്കാം എന്നതാണ് അധികാരത്തിന്റെ എക്കാലത്തെയും ആഗ്രഹം.കുഴിയാനകളെ കൊമ്പനാനകളാണെന്ന് പറഞ്ഞ് വലുതാക്കി ജനങ്ങള്‍ക്ക് മേല്‍ അധികാരം നേടുമ്പോള്‍ കുഴിയാനകള്‍ ഇല്ലാത്ത കൊമ്പുകളെ മുറിച്ച് കളഞ്ഞ് അസ്തിത്വം നേടുന്നത് ബഷീന്റെ ”റുപ്പുപ്പായ്കക്കാരാനണ്ടാര്‍ന്നു ‘ എന്ന കൃതിയില്‍ കാണാം. മത്സ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച കൊമ്പുകള്‍ മുറിച്ച് കളഞ്ഞ്, അധികാരികള്‍ക്ക് ഡേറ്റകള്‍ കടലില്‍ നിന്നും വീണ്ടെടുത്തു കൊടുക്കുന്ന അവതാരകര്‍മ്മം ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം നിന്ന് അറിവ് നിര്‍മ്മിക്കുമ്പോള്‍ മാത്രമേ വിനിമയം സാധ്യമാകു. നമ്മെ കീഴടക്കാന്‍ കൊണ്ടുവന്ന ഇംഗ്ലീഷും അച്ചടിയും ജനങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ ചരിത്രം മാറിമറിയുന്നു. Alയും ഡിജിറ്റല്‍ മാധ്യമവും സമാനതകളില്ലാത്ത കെടുതികള്‍ ഉണ്ടാക്കും.എന്നാല്‍ എല്ലാ ഭാഷയുമറിയുന്ന അതിവേഗതയുള്ള Al യും ലോകം നിറഞ്ഞു നില്‍ക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങളും, അധ:സ്ഥിത ജനതയ്ക്ക് ലഭിക്കുമ്പോള്‍,വിനിമയ സന്നദ്ധമാകുമ്പോള്‍ സമാനതകളില്ലാത്ത സാമൂഹികമാറ്റങ്ങളെ സൃഷ്ടിക്കും. അഥവാ ഡിജിറ്റല്‍ മുതലാളിത്തത്തിനെതിരായ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ഉപകരണമാകുമ്പോള്‍ മാത്രമേ വിനിമയം സാധ്യമാകൂ.
ഗ്രന്ഥസൂചി

സംസ്‌കൃത / ഭാരതീയ കൃതികള്‍

* കൗടില്യന്‍ (Kautilya): അര്‍ത്ഥശാസ്ത്രം (Arthashastra). ഏകദേശം ബി.സി. 4-ആം നൂറ്റാണ്ട്. പബ്ലിക്കേഷന്‍: ഇതിന്റെ ആദ്യ കൈയെഴുത്തുപ്രതി കണ്ടെത്തിയത് ആര്‍. ശാമാശാസ്ത്രിയാണ് (1905). പ്രിന്റ് എഡിഷന്‍: മൈസൂര്‍ ഗവണ്‍മെന്റ് ഓറിയന്റല്‍ ലൈബ്രറി, 1909. പ്രാചീന ഇന്ത്യയിലെ വാര്‍ത്താവിനിമയ രീതികള്‍, ചാരസംവിധാനം, നുണപ്രചരണ തന്ത്രങ്ങള്‍ എന്നിവ ഇതില്‍ വിവരിക്കുന്നു.

* ദിങ്‌നാഗന്‍ (Dignaga): പ്രമാണസമുച്ചയം (Pramana Samuccaya). ഏകദേശം അഞ്ചാം നൂറ്റാണ്ട്. പബ്ലിക്കേഷന്‍: സംസ്‌കൃത മൂലകൃതി പൂര്‍ണ്ണമായി ലഭ്യമല്ലെങ്കിലും ടിബറ്റന്‍ വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്. പ്രധാന എഡിഷന്‍: Masaaki Hattori, Harvard University Press, 1968. ഭാഷയിലെ അര്‍ത്ഥം ‘ഒഴിവാക്കലിലൂടെ’ (Exclusion) രൂപപ്പെടുന്നു എന്ന ‘അപോഹ വാദം’ ഇതില്‍ അവതരിപ്പിക്കുന്നു.

* ഭര്‍ത്തൃഹരി (Bhartrihari): വാക്യപദീയം (Vakyapadiya). ഏകദേശം അഞ്ചാം നൂറ്റാണ്ട്. പബ്ലിക്കേഷന്‍: കെ.എ. സുബ്രഹ്മണ്യ അയ്യര്‍ എഡിറ്റ് ചെയ്ത പതിപ്പ്, ഡെക്കാന്‍ കോളേജ്, പൂനെ, 1963. ഭാഷയെ നിശ്ചല ബ്രഹ്മമായി കാണുന്ന ‘സ്‌ഫോടം’, അര്‍ത്ഥമാറ്റത്തെ തോന്നലായി കാണുന്ന ‘ധ്വനി’ എന്നീ സിദ്ധാന്തങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.

* വ്യാസന്‍ (Vyasa): മഹാഭാരതം (Mahabharata) (ഭഗവദ് ഗീത ഉള്‍പ്പെടെ). ബി.സി. 400 – എ.ഡി. 400 കാലഘട്ടം. പബ്ലിക്കേഷന്‍: ക്രിട്ടിക്കല്‍ എഡിഷന്‍, ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (BORI), പൂനെ, 1933-1966. യുദ്ധത്തെയും ജീവിതത്തെയും ‘മായ’യായി അവതരിപ്പിക്കുകയും വിനിമയത്തെ ഡേറ്റകളായി സ്തംഭിപ്പിക്കുകയും ചെയ്യുന്ന ആഖ്യാനമാണ് ഭഗവദ് ഗീത.

* ശൂദ്രകന്‍ (Shudraka): മൃച്ഛകടികം (Mricchakatika). ഏകദേശം ബി.സി. 2-ആം നൂറ്റാണ്ടിനും എ.ഡി. 5-ആം നൂറ്റാണ്ടിനും ഇടയില്‍. പബ്ലിക്കേഷന്‍: എം.ആര്‍. കാലെ എഡിറ്റ് ചെയ്ത പതിപ്പ്, മോത്തിലാല്‍ ബനാര്‍സിദാസ് പബ്ലിഷേഴ്‌സ്. ജനകീയ അഭിപ്രായങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും നാടകരൂപമായി പരിചയപ്പെടുത്തുന്നു.

ഇംഗ്ലീഷ് / പാശ്ചാത്യ കൃതികള്‍

* Baudrillard, Jean: The Consumer Society: Myths and Structures. Sage Publications, 1970.

* Baudrillard, Jean: The Gulf War Did Not Take Place. Power Publications, 1991.

* Baudrillard, Jean: Simulacra and Simulation. University of Michigan Press, 1981.

* Bloomfield, Leonard: Language. Henry Holt, 1933.

* Chomsky, Noam: Syntactic Structures. Mouton, 1957.

* Debord, Guy: The Society of the Spectacle. Buchet-Chastel, 1967.

* Derrida, Jacques: Of Grammatology. Johns Hopkins University Press, 1967.

* McLuhan, Marshall: Understanding Media: The Extensions of Man. McGraw-Hill, 1964.

* Postman, Neil: Amusing Ourselves to Death. Viking Penguin, 1985.

* Saussure, Ferdinand de: Course in General Linguistics. Philosophical Library, 1916.

* Shannon, Claude E., and Warren Weaver: The Mathematical Theory of Communication. University of Illinois Press, 1949.

* Wu, Tim: The Master Switch: The Rise and Fall of Information Empires. Alfred A. Knopf, 2010.

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Reena V
Reena V
1 day ago

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേണ്ട ലോക നിലവാരം പുലർത്തുന്ന ലേഖനം… പുസ്തകം ആക്കുമ്പോൾ ഒന്നും കൂടി വായിക്കണം

1
0
Would love your thoughts, please comment.x
()
x