
ഡോ.അരുൺ മോഹൻ പി.
Published: 10 January 2026 കവര്‍സ്റ്റോറി
കേരളത്തിലെ പുരാതന ലിപികള്‍
ലിപികള്‍ അമൂര്‍ത്തമായ ഭാഷയെ രേഖപ്പെടുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നുമാത്രമാണ്. ഭാഷണത്തിലൂടെ അഥവാ ഭാഷ പ്രയോഗിക്കുന്നതിനുള്ള അറിവിലൂടെ മാത്രമേ ഭാഷയെ മൂര്‍ത്തവല്‍ക്കരിക്കാനാകൂ. കേവലമായ ഭാഷാപ്രയോഗം ഭാഷണമാകുന്നില്ല. വക്താവ്, ശ്രോതാവ്, വിവക്ഷ, വിവക്ഷിതം, ആശയം, ആശയഗ്രഹണം ഇവ കൂടാതെ ശബ്ദസംഘാതങ്ങള്‍ക്കകത്ത് വിനിമയം ചെയ്യുന്ന ഘടകങ്ങളുടെ അര്‍ഥം, കാലം, ലിംഗം, വിഭക്തി എന്നിങ്ങനെ അതിന് വിപുലമായ ഘടനയുണ്ട്. ഈ അറിവിലൂടെ മാത്രമേ ലിപി വായനയും സാധ്യമാകുന്നുള്ളൂ. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി ലഭിച്ച ലിഖിതരേഖകളൊന്നും തന്നെ നിസ്തര്‍ക്കം വായിക്കാനാകാത്തതും അത് നിലവിലിരുന്ന കാലത്തെ ഭാഷയെ ലഭ്യമായ പ്രതലങ്ങളില്‍ അടയാളപ്പെട്ട ലിപികള്‍ ഏതുവിധം പ്രതിനിധാനം ചെയ്യുന്നു എന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ചിത്രലിപിയില്‍ നിന്നും വര്‍ണ്ണലിപിയിലേക്കുള്ള മനുഷ്യരുടെ മുന്നേറ്റം ഈ തലത്തില്‍ ചിന്തിക്കുമ്പോള്‍ എത്രമാത്രം പ്രധാനമായിരുന്നു എന്നും സങ്കീര്‍ണ്ണമായിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്.
മനുഷ്യരാശിയുടെ അനുഭവങ്ങളും അനുഭൂതികളും കൈമാറ്റം ചെയ്യപ്പെടാനുപയോഗിച്ച അറിവുമതൃകകളാണ് പ്രാചീനലിഖിതരേഖകള്‍. ഓര്‍മ്മയുടെ ദീര്‍ഘീകരണമായി ലിപികളുപയോഗിച്ചുള്ള രേഖപ്പെടുത്തലുകളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അവ കേവലം വൈജ്ഞാനികമായ ധര്‍മ്മം മാത്രമല്ല നിര്‍വഹിച്ചിരുന്നത് എന്ന് പ്രാചീന ലിപിമാതൃകകള്‍ തന്നെ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടോടെ ഇന്ത്യന്‍ ഭൂമേഖലകളിലും സമ്പര്‍ക്ക പ്രദേശങ്ങളിലും പരക്കെ പ്രചാരം നേടിയ ബ്രാഹ്മി ലിപി രാഷ്ട്രീയം, അധികാരം, മതം എന്നീ സ്ഥാപനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. സി. ഇ. നൂറ്റാണ്ടുകളിലും നമുക്ക് ലഭിച്ച ലിഖിത രേഖകള്‍ ഈ സ്ഥാപനങ്ങള്‍ എങ്ങനെ തങ്ങളുടെ നയങ്ങളും സമീപനങ്ങളും നടപ്പിലാക്കി എന്നതിന്റെ തെളിവു രേഖകള്‍ കൂടിയാണ്. കച്ചവടാവശ്യത്തിന് സാര്‍വലൗകിക തലത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്വീകാര്യത ബ്രാഹ്മി ലിപി നേടിയെടുത്തതിനാല്‍ തന്നെയാണ് നൂറ്റാണ്ടുകളോളം വായനീയമല്ലാതിരുന്ന പ്രസ്തുത ലിപിയുടെ അക്ഷരപ്പൂട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാരുടെയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രയത്നത്തിന്റെ ഫലമായി തുറക്കാനായത്.
ഇന്ത്യന്‍ ലിപികള്‍ക്കെല്ലാം ആധാരമായി വര്‍ത്തിക്കുന്നത് ബ്രാഹ്മി ലിപിയാണ്. ഈ ലിപിയില്‍ നിന്നുമാണ് ഏറിയകൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ലിപികള്‍ ഉരുത്തിരിഞ്ഞ് വന്നത്. ദേശം, ഭാഷ എന്നിവയ്ക്കനുസരിച്ചുള്ള പരിണാമങ്ങള്‍ നിമിത്തം ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ പ്രചാരത്തിലിരുന്ന ബ്രാഹ്മി ലിപി ദക്ഷിണേന്ത്യന്‍ ബ്രാഹ്മി എന്നറിയിപ്പെടാന്‍ കാരണമായി. വര്‍ത്സ്യാനുനാസികമായ ന, ള, ഴ എന്നിവയ്ക്ക് ദക്ഷിണ ബ്രാഹ്മിയില്‍ സ്വന്തമായി ലിപി ചിഹ്നങ്ങളുണ്ട്. സി. ഇ. ആദ്യനൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ലഭിച്ച ലിഖിതങ്ങളില്‍ ദക്ഷിണബ്രാഹ്മി ലിപി കാണാനാകും. മാമണ്ടൂര്‍, അരിച്ചല്ലൂര്‍, തിരുനാഥര്‍കുന്റ്, പുകഴിയൂര്‍, മാങ്കുളം, അഴകര്‍മല മുതലായ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ദക്ഷിണബ്രാഹ്മിയിലുള്ള ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. ട്രാവന്‍കന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ എഡിറ്ററായിരുന്ന കെ.വി.സുബ്രഹ്മണ്യ അയ്യര്‍ ദക്ഷിണബ്രാഹ്മി പഠനത്തില്‍ വഴികാട്ടിയും ഐരാവതം മഹാദേവന്‍ ഈ മേഖലയില്‍ ബഹുദൂരം മുന്നേറിയ പഠിതാവുമാണ്. ഈ ദക്ഷിണബ്രാമിയില്‍ നിന്നുള്ള വട്ടെഴുത്തിന്റെ പരിണാമം തമിഴ് പശ്ചാച്ചലത്തില്‍ വി.ആര്‍.പരമേശ്വരന്‍പിള്ള നിരീക്ഷിച്ചിട്ടുണ്ട്: “അരിച്ചല്ലൂര്‍ ലിഖിതവും തിരുനാഥര്‍കുന്റു ലിഖിതവും സൂക്ഷ്മമായി പരിശോധിച്ചാല്‍ തെക്കന്‍ബ്രാഹ്മി ക്രമേണ വട്ടെഴുത്തിലേക്കും തമിഴിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയെന്നു കാണാം. ക്രി.പി.ഒന്നാം ശതകം വരെയുള്ള തമിഴ്ഭാഷാ ലിഖിതങ്ങളെല്ലാം തനി തെക്കന്‍ബ്രാഹ്മി ലിപിയിലും അതിനു ശേഷമുള്ളവ കുറേയൊക്കെ രൂപാന്തരം വന്ന തെക്കന്‍ ബ്രാഹ്മിയിലും എഴുതപ്പെട്ടിരിക്കുന്നു.” (ശിലാലിഖിതവിജ്ഞാനീയം:1978, പുറം-53)
ദക്ഷിണേന്ത്യയിൽ രൂപപ്പെട്ട് ക്രമികമായി ആയിരം വർഷത്തോളം നിലവിലിരുന്ന ലിപിയാണ് വട്ടെഴുത്ത്. ഇന്നത്തെ തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി ഈ ലിപി സി.ഇ. എട്ടാം നൂറ്റാണ്ട് മുതൽ വലിയ രീതിയില്‍ ഉപയോഗിക്കപ്പെട്ടു. സി.ഇ. പത്താം നൂറ്റാണ്ടോടു കൂടെ തമിഴ്നാട്ടിൽ വട്ടെഴുത്ത് ലുപ്തപ്രചാരത്തിലായെങ്കിലും കേരളത്തിൽ പിന്നെയും അഞ്ച് നൂറ്റാണ്ടെങ്കിലും സജീവമായി തുടർന്നു. ലിപികളുടെ രൂപപ്പെടലും വികാസപരിണാമങ്ങളും അവ നിലവിലിരിക്കുന്ന ദേശത്തെ അധികാര സ്വരൂപങ്ങളെ കൂടെ ആശ്രയിച്ചിരുന്നു. ഇക്കാര്യത്തിലും വട്ടെഴുത്ത് നമുക്ക് വ്യക്തമായ മാതൃകയാണ്. ചോള ശക്തി സജീവമായപ്പോൾ അവർ തമിഴകത്ത് പൊതുവായിരുന്ന ദ്രാവിഡ ലിപിയായിരുന്ന വട്ടെഴുത്തിന് പകരം തമിഴ് ലിപിയും സംസ്കൃതം രേഖപ്പെടുത്താനുപയോഗിച്ചിരുന്ന ഗ്രന്ഥലിപിക്ക് പകരം പഴയ ദേവനാഗരി ലിപിയും പ്രയോഗത്തിൽ വരുത്തി. പാണ്ഡ്യർക്കുമേൽ ചോള ശക്തി സമ്മർദ്ദശക്തിയായപ്പോൾ പതിയെ അവരും വട്ടെഴുത്തിനെ മാറ്റിനിര്‍ത്തി. പിന്നീട് വട്ടെഴുത്ത് കേരളത്തിൽ മാത്രമായി. ഇവിടെ അത് പ്രയോഗപരമായി മുന്നോട്ടു പോകുകയും കോളോണിയൽ കാലത്തിന്റെ ആരംഭമായപ്പോഴേക്കും കോലെഴുത്തായി പരിവർത്തിക്കപ്പെടുകയും ചെയ്തു. സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ ഇതിന് പ്രേരകമായിത്തീർന്നു.
വട്ടെഴുത്ത് ലിപിയുടെ ഉത്ഭവത്തെ സംബന്ധിച്ച്
വട്ടെഴുത്ത് കൊളോണിയല്‍കാലത്ത് പണ്ഡിത ശ്രദ്ധയിലേക്കുയര്‍ന്ന ഒരു ലിപിയാണ്. അതിനര്‍ഥം വട്ടെഴുത്ത് ലിപി അതുവരെ പഠനവിധേയമായിരുന്നില്ല എന്നോ പ്രസക്തമായിരുന്നില്ലെന്നോ അല്ല. സി.ഇ. പതിനാറാംനൂറ്റാണ്ടു മുതല്‍ക്ക് ലഭിക്കുന്ന കേരളീയ ലിഖിതരേഖകളില്‍ വട്ടെഴുത്തിന്റെ പരിണാമം സംഭവിച്ച കോലെഴുത്ത് പ്രചാരത്തിലുണ്ടായിരുന്നു. പലപ്പോഴും കോലെഴുത്ത് വട്ടെഴുത്ത് എന്ന പേരില്‍ത്തന്നെയാണ് വ്യവഹരിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടില്‍ വില്യംജോണ്‍സിന്റെ കൂടെ ഇടപെടലുകളുടെ ഫലമായി ഇന്ത്യന്‍ വിജ്ഞാനമേഖലകള്‍ പഠിക്കാനും അവയെ ആസ്പദമാക്കിയുള്ള ചരിത്രാന്വേഷണങ്ങള്‍ നടത്താനും യൂറോപ്യന്മാര്‍ക്ക് താത്പര്യമുണ്ടായി. ഇപ്രകാരം പഠനത്തിലേര്‍പ്പെട്ടവര്‍ ഈസ്റ്റിന്ത്യാകമ്പനിയിലെ ഉദ്യോഗസ്ഥന്മാര്‍ കൂടിയായിരുന്നു. തുടര്‍ന്ന് തദ്ദേശീയരും ലിപി പഠനമേഖലയില്‍ സജീവ സാന്നിധ്യമായിത്തീര്‍ന്നു. ‘എലമെന്റ്സ് ഓഫ് സൗത്ത് ഇന്ത്യന്‍ പാലിയോഗ്രഫി’ എന്ന പുസ്തകത്തില്‍ വട്ടെഴുത്ത് ലിപിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ എ. സി. ബേണല്‍ അവതരിപ്പിക്കുന്നുണ്ട്. ഫിനീഷ്യന്‍ ലിപി, അരമൈക് ലിപി എന്നിവയില്‍ നിന്നുത്ഭവിച്ചതാണ് വട്ടെഴുത്തെന്ന് പറയുന്ന അദ്ദേഹം തന്നെ അശോകശാസനങ്ങളിലെ ലിപിയും വട്ടെഴുത്തും സ്വതന്ത്രമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. ജി. ബ്യൂളര്‍ ‘ഇന്ത്യന്‍ പാലിയോഗ്രഫി’ എന്ന തന്റെ പുസ്തകത്തിനകത്ത് വട്ടെഴുത്തിനെ ചെരിച്ചെഴുതുന്ന ലിപിയായി മനസ്സിലാക്കുന്നു. ഈ ലിപിക്ക് തമിഴുമായി ബന്ധമുണ്ടെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ക്ലാര്‍ക്കുമാരും വ്യാപാരികളും അവരെഴുതാനുപയോഗിക്കുന്ന മൂലലിപിയോട് കടപ്പെട്ടിരിക്കുന്നതുപോലെയാണീ ബന്ധമെന്നാണ് ഇവിടത്തെ വിലയിരുത്തല്‍. 1908ല്‍ ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസിന്റെ ഒന്നാം ഭാഗത്തില്‍ വട്ടെഴുത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ടി.എ.ഗോപിനാഥറാവു നിരീക്ഷണമവതരിപ്പിക്കുകയും അക്ഷരങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ച് അശോകശാസനങ്ങളിലെ ലിപിയായ ബ്രാഹ്മിയില്‍ നിന്നും പരിണമിച്ചുണ്ടായതാണ് വട്ടെഴുത്ത്. ഈ നിരീക്ഷണം പില്ക്കാലത്ത് സാധുവായി. എല്ലാ ഇന്ത്യന്‍ ലിപികളുടെയും മാതൃലിപിയായി നാമിന്ന് മനസ്സിലാക്കുന്നത് ബ്രാഹ്മിലിപിയെ ആണ്.
വട്ടെഴുത്ത് എന്ന പേര്
വട്ടം, വെട്ടെഴുത്ത്, വടയെഴുത്ത് എന്നിങ്ങനെ പ്രമുഖമായി മൂന്ന് അഭിപ്രായങ്ങള്‍ വട്ടെഴുത്തിന്റെ പേരിന്റെ നിരുക്തിയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുണ്ട്. സി.ഇ. 1387-ല്‍ തമിഴ്നാട്ടിലെ തിരുകുറ്റാലനാഥ ക്ഷേത്രത്തിലെ ഗർഭഗൃഹം പുതുക്കിപ്പണിയുകയുണ്ടായി. ഈ ഘട്ടത്തില്‍ വട്ടം ഒഴികെയുള്ള ലിപിയിലുള്ള ലിഖിതങ്ങളെല്ലാം വീണ്ടും കൊത്തിവച്ചു. വട്ടം അഥവാ വട്ടെഴുത്ത് വായിക്കാനറിവുള്ളവരാ ദേശത്ത് ഇല്ലാത്ത അവസ്ഥ വന്നു. ഇത് സാധ്യമാണ്, സി.ഇ.പത്താം നൂറ്റാണ്ടോടെ തമിഴ്നാട്ടില്‍ പ്രചാരലുപ്തമായ വട്ടെഴുത്ത് വായിക്കാന്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം ആളുണ്ടാവണം എന്ന് കരുതുക അസ്വാഭാവികമാണ്. പിന്നീട് പുരാലിഖിതവായനയുടെ ആവശ്യകത മനസ്സിലായപ്പോള്‍ വിജ്ഞാനികള്‍ ഈ ലിപി വീണ്ടും പഠിച്ചെടുക്കുകയാണുണ്ടായത്.
പ്രാചീനകേരളലിപികള്‍ എന്ന പുസ്തകത്തിന്റെ പ്രവേശികയില്‍ എല്‍. ഏ. രവിവര്‍മ്മ വട്ടെഴുത്തിന്റെ നിരുക്തി പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എഴുത്ത് എന്ന വാക്ക് തന്നെ വെട്ടിയോ ചൂന്നോ അടയാളപ്പെടുത്തുക എന്നുള്ള എഴു അല്ലെങ്കില്‍ അഴു എന്ന ധാതുവില്‍ നിന്നാണ്. വട്ടഴുത്തിനദ്ദേഹം ഈ വിധമുള്ള നിരുക്തി കല്പിക്കുന്നു; “ദക്ഷിണ ഭാരതത്തില്‍ സര്‍വ്വ സാധാരണമായിരുന്ന ലേഖനസമ്പ്രദായം മൂര്‍ച്ചയുള്ള വല്ല കോലു (എഴുത്താണി) കൊണ്ടോ, മൂര്‍ച്ചയുള്ള ഉളിയും ചുറ്റികയും ഉപയോഗിച്ചോ കൊത്തിയുണ്ടാക്കുകയായിരുന്നു. ഉളികൊണ്ടു വരയ്ക്കുന്ന രീതി പാറകളിന്മേലും നല്ല കനമുള്ള ചെമ്പുതകിടുകളിന്മേലും ആയിരുന്നു പ്രയോഗിച്ചിരുന്നത്. ക്രമേണ ഈ രീതിക്കു വെട്ടെഴുത്ത് എന്ന് അതിന്റെ ജന്മരൂപത്തില്‍ നിന്നു പേരും സിദ്ധിച്ചു.” (പ്രാചീന കേരള ലിപികള്‍: 1971, പുറം v) ഈ വിധം വെട്ടെഴുത്ത് വട്ടെഴുത്തായി മാറിയെന്നാണ് എല്‍. ഏ. രവിവര്‍മ്മയുടെ അഭിപ്രായം.
പെരുമാള്‍സ് ഓഫ് കേരള എന്ന പുസ്തകത്തില്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ വട്ടെഴുത്തിന്റെ നിരുക്തിയെ സംബന്ധിക്കുന്ന ഭിന്നാഭിപ്രായം അവതരിപ്പിക്കുന്നുണ്ട് (PERUMALS OF KERALA : 2013, P – 380). അദ്ദേഹം വട്ടെഴുത്തക്ഷരങ്ങളുടെ ആകൃതി വട്ടത്തില്‍ തന്നെയാണോ എന്ന് സംശയിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മറ്റൊരു സാമൂഹികസാഹചര്യത്തെ വട്ടെഴുത്തെന്ന പേരിന് കാരണമായി എം.ജി.എസ് നിര്‍ദ്ദേശിക്കുന്നു. ‘വട’ എഴുത്താണ് വട്ടെഴുത്തായി മാറിയത്. വടക്ക് നിന്നും തെക്കോട്ട് സഞ്ചരിച്ചെത്തിയ ബൗദ്ധരും ജൈനരുമാണ് ഈ ലിപി ഇവിടെ ആദ്യം പരിചയപ്പെടുത്തിയത് എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
പ്രൊഫ. പവിത്രന്‍ തവര വട്ടെഴുത്ത് ലിപികള്‍ കൂടുതലും കാണുന്നത് ക്ഷേത്രങ്ങള്‍ക്കകത്താകയാല്‍ അപ്രകാരത്തില്‍ ഒരു വ്യാഖ്യാനം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അവതരിപ്പിക്കുകയുണ്ടായി. വട്ടം, മുക്കാല്‍വട്ടം എന്നതൊക്കെ ക്ഷേത്രമെന്ന അര്‍ത്ഥത്തില്‍ പ്രചാരത്തിലിരുന്ന സംജ്ഞകളാണ്. അതുകൊണ്ട് വട്ടെഴുത്തിലെ വട്ടത്തിന് ക്ഷേത്രമെന്ന അര്‍ത്ഥം പരിഗണിക്കാമെന്നാണ്. എന്തുതന്നെയാണെങ്കിലും നിരുക്തിപരമായി കുറ്റാലനാഥ ക്ഷേത്രത്തിലെ വട്ടെഴുത്ത് ലിപിക്ക് വട്ടം എന്ന സംബോധനയും എല്‍.എ.രവിവര്‍മ്മയുടെ വെട്ടെഴുത്ത് പരിണമിച്ച് വട്ടെഴുത്തായതും പരിഗണനീയമാണ്.
വട്ടെഴുത്തിന് വട്ടെഴുത്തെന്നല്ലാതെ നാനംമോനം, ചേരപാണ്ഡ്യ എഴുത്ത് എന്നിങ്ങനെയും പേരുകളുണ്ട്. നാനംമോനം എന്നതിന്റെ നിരുക്തിയില്‍ രണ്ടഭിപ്രായമുണ്ട്. ഒന്നാമത്തെ അഭിപ്രായം ഹരിശ്രീ എന്ന മംഗള പദം പോലെ നമോനാരായണായ എന്നും പ്രയോഗിച്ചിരുന്നു. ഇതിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് നാനം മോനം എന്നാക്കുന്നു. ഒരുപക്ഷേ, നമുക്കിന്നത്രയധികം ലഭ്യമല്ലാത്ത കാലഹരണപ്പെട്ട താളിയോലകളില്‍ നാനംമോനം സുലഭമായിരിക്കണം എന്ന് കരുതാവുന്നതാണ്. രണ്ടാമത്തെ അഭിപ്രായം ഉന്നയിച്ചത് ഡോ.എം.ആര്‍.രാഘവവാരിയരാണ്. ജൈനസ്തുതിയായ നമോത്തു ജിനതം എന്നതിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് നാനം മോനം എന്ന സംജ്ഞ ഉളവാക്കുന്നു. രണ്ടഭിപ്രായത്തിലും സമാനമായത് നമോ ആണ് നാനം മോനം ആകുന്നതെന്നാണ്. എന്നാല്‍ ഉത്തരപദങ്ങള്‍ രണ്ട് തലത്തിലും തരത്തിലുമുള്ള മതം, സംസ്കാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
ചേരപാണ്ഡ്യ എഴുത്ത് എന്ന പേരിനു കാരണമായ സാംസ്കാരിക സാഹചര്യം തൊട്ടുമുമ്പ് സൂചിപ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ചേര, ചോള, പാണ്ഡ്യ ദേശങ്ങളില്‍ പ്രചാരത്തിലിരുന്ന വട്ടെഴുത്ത് ചോളശക്തിയുടെ ഉച്ചസ്ഥായിയില്‍ ചേര, പാണ്ഡ്യ ദേശങ്ങളിലേക്ക് ഒതുങ്ങി. ഇക്കാരണത്താല്‍ പില്ക്കാല പണ്ഡിതര്‍ യുക്തിപൂര്‍വം ഈ ലിപിയെ രണ്ട് രാജ്യങ്ങളുടെ പൊതുവായ ഒന്നെന്ന നിലയില്‍ ചേരപാണ്ഡ്യ എഴുത്തെന്ന് വിളിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും വട്ടെഴുത്ത് രേഖകള്‍ ലഭ്യമാണ് സി.ഇ. അഞ്ചാംനൂറ്റാണ്ടോടുകൂടി ദക്ഷിണബ്രാഹ്മിയുടെ വട്ടെഴുത്തിലേക്കുള്ള പരിണാമം ഐരാവതം മഹാദേവന്‍ ‘ഏര്‍ലി തമിഴ് എപ്പിഗ്രഫി’ക്കകത്ത് പഠനവിധേയമാക്കുന്നുണ്ട്. 2003 ല്‍ പരിഷ്കരിച്ച് ഈ പഠനം പ്രസിദ്ധീകരിച്ചപ്പോള്‍ പ്രാചീന തമിഴകദേശത്ത് നിലവിലിരുന്ന ലിപികളെ സംബന്ധിക്കുന്ന ആധികാരിക ഗ്രന്ഥമായി ഇത് മാറി (EARLY TAMIL EPIGRAPHY: 2003). സി.ഇ. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള വട്ടെഴുത്ത് ലിപിയുടെ പരിണാമം ഈ പുസ്തകത്തില്‍ പഠനവിധേയമായി. ഒമ്പതാം നൂറ്റാണ്ടുമുതല്‍ക്കാണ് വട്ടെഴുത്ത് ലിഖിതങ്ങള്‍ കേരളത്തില്‍ നിന്നും ലഭ്യമായിത്തുടങ്ങിയത്. ഒമ്പത് മുതല്‍ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളില്‍ ലഭിച്ച വട്ടെഴുത്ത് ലിഖിതങ്ങള്‍ രണ്ടാംചേരസാമ്രാജ്യമെന്നുകൂടി അറിയപ്പെട്ട മഹോദയപുരകുലശേഖരന്മാരെക്കുറിച്ചും നാടുവാഴിത്തത്തിന്റെ ആരംഭം, ഭൂവിനിമയങ്ങള്‍, കച്ചവടബന്ധങ്ങള്‍, നികുതി വ്യവസ്ഥ, ഭാഷാവിനിമയം തുടങ്ങി അനവധി പഠനമേഖലകളെ അടുത്ത് മനസ്സിലാക്കാന്‍ സഹായകമായിത്തീര്‍ന്നു.
ഗ്രന്ഥം
വട്ടെഴുത്തിനോടൊപ്പം തന്നെ കേരളത്തില്‍ പ്രചാരത്തിലെത്തിയ ലിപിയാണ് ഗ്രന്ഥം. പല്ലവരാജാക്കന്മാര്‍ അവരുടെ പ്രതാപകാലത്ത് സംസ്കൃതം രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ലിപിയാണിത്. ചോളന്മാര്‍ വട്ടെഴുത്തിന് പകരം തമിഴും ഗ്രന്ഥത്തിനുപകരം പഴയ നാഗരിലിപിയും പ്രയോഗിത്തിലാക്കിയെങ്കിലും കേരളത്തില്‍ അന്നും ഇന്നും ഈ ലിപി തുടര്‍ന്നു. ദ്രാവിഡേതരമായ അക്ഷരങ്ങളും പദങ്ങളും രേഖപ്പെടുത്താനാണ് കേരളത്തിലെ പഴയ ലിഖിതരേഖകളില്‍ ഗ്രന്ഥലിപി ഉപയോഗിച്ചുകാണുന്നത്. ക്രമേണ സംസ്കൃതത്തിന് കൂടുതല്‍ സ്വാധീനമുണ്ടായപ്പോള്‍ ഗ്രന്ഥലിപി മാറ്റിനിര്‍ത്താനാകാത്ത ഒന്നായിത്തീര്‍ന്നു. ചതുരവടിവിലുള്ള ഗ്രന്ഥലിപിയില്‍ താളിയോലകളിലും പേപ്പറുകളിയും രാജകീയവും ഭരണപരവും സാഹിതീയവും വൈജ്ഞാനികവുമായ സകല ഇടപെടലുകള്‍ക്കും ഉപയോഗിക്കാവുന്ന ഒന്നായി ഗ്രന്ഥലിപിമാറി. സി.ഇ. 1772 ല്‍ റോമിലെ പോളിഗ്ലോട്ട് പ്രസ്സില്‍നിന്നും ക്ലമന്റ് പിയാനിയൂസിന്റെ സംക്ഷേപവേദാര്‍ത്ഥമെന്ന മലയാളത്തില്‍ പൂര്‍ണ്ണമായും അച്ചടിച്ച പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ മലയാളം രേഖപ്പെടുത്താവുന്ന ഔദ്യോഗിക ലിപിയെന്ന തലത്തിലേക്ക് പ്രസ്തുതലിപി ഉയര്‍ത്തപ്പെട്ടു. സി.ഇ. ഒമ്പതുമുതല്‍ ലഭ്യമായ വട്ടെഴുത്ത് രേഖകളില്‍ മംഗളവാചകത്തിനും ദ്രാവിഡേതര ശബ്ദങ്ങള്‍ക്കുമായി പ്രയോഗിച്ച ലിപി പിന്നീട് പരിപൂര്‍ണ്ണ മലയാള ലിപിയായിത്തീര്‍ന്നതില്‍ ബഞ്ചമിന്‍ ബെയ്ലി, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്നിവര്‍ക്കും അവഗണിക്കപ്പെടാനാകാത്ത പങ്കുണ്ട്.
കോലെഴുത്ത്
കേരളത്തിലും ലക്ഷദ്വീപിലും പ്രചാരത്തിലിരുന്ന ലിപിയാണ് കോലെഴുത്ത്. പലപ്പോഴും വട്ടെഴുത്ത് എന്നു തന്നെ ഈ ലിപിയെ ജനങ്ങള്‍ വിളിക്കുന്നുണ്ട്. വട്ടെഴുത്തും കോലെഴുത്തും തമ്മില്‍ അക്ഷരങ്ങള്‍ക്കു തന്നെ വ്യത്യാസമുണ്ട്. അ എന്ന അക്ഷരം തന്നെ തെക്കന്‍ കേരളത്തിലെ ലിഖിതങ്ങളിലുള്ളതുപോലെയല്ല വടക്കന്‍ കേരളത്തിലെ ലിഖിതങ്ങളില്‍ കാണുന്നത്. സി. ഇ. പതിനാറാം നൂറ്റാണ്ടുമുതല്‍ ശിലാരേഖകള്‍, ചെമ്പോലകള്‍, താളിയോലകള്‍, കെട്ടിടങ്ങളിലെ മരത്താലുള്ള ഉരുപ്പടികളിലുള്ള രേഖപ്പെടുത്തലുകള്‍, കടലാസില്‍ തയ്യാറാക്കിയവ എന്നിങ്ങനെ കോലെഴുത്ത് ലിപി കാണാം. ഭൂരേഖകള്‍, പണയപ്പാട്ടം മുതലയാവയും കോലെഴുത്തില്‍ താളിയോലകളിലും ചെമ്പോലകളിലും താളിയോലകളിലും തയ്യാറാക്കിയത് കാണാനാകും. കാലിക്കറ്റ് സര്‍വകലാശാല തുഞ്ചന്‍ സ്മാരക ഗ്രന്ഥപ്പുരയില്‍ ഇത്തരം രേഖകളുണ്ട്. സാമൂതിരി താളിയോല സഞ്ചയമായ കോഴിക്കോടന്‍ ഗ്രന്ഥവരിയിലെ മാമാങ്കം രേഖകള്‍ കോലെഴുത്തിലാണ്. ക്രിസ്ത്യന്‍ സെമിത്തേരികളില്‍ ശവകുടീരങ്ങളില്‍ നാട്ടുന്ന എപ്പിത്താഫുകളിലും കോലെഴുത്ത് ലിഖിതങ്ങള്‍ കാണാം. ലക്ഷദ്വീപിലും ഈ വിധം ആരാധനാലയങ്ങളില്‍ നിന്നും ശവകുടീരശിലകളില്‍ നിന്നും കോലെഴുത്ത് ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ പുരാതനലിപികള്‍ എന്ന പേരില്‍ വ്യവഹരിക്കുന്ന ലിപികളില്‍ പ്രമുഖസ്ഥാനം വട്ടെഴുത്ത്, ഗ്രന്ഥം, കോലെഴുത്ത് എന്നീ ലിപികള്‍ക്കാണ്. എന്നാല്‍ മുസ്ലീം വിഭാഗം ഉപയോഗിച്ചിരുന്ന അറബിമലയാളം ലിപി, സുറിയാനികള്‍ ഉപയോഗിച്ചിരുന്ന കര്‍സോനി എന്നിവയും കേരളീയ ലിപിമാലകളാണ്. ഇവകൂടാതെ കച്ചവടത്തിനായെത്തിയ ഭിന്ന ജനതകളില്‍നിന്നും നാം ലിപികള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. എഴുത്ത് പ്രതലം, എഴുത്തുപകരണം എന്നീ മേഖലകളിലെല്ലാം ഇതിനിടയില്‍ വലിയ മുന്നേറ്റം ഉണ്ടായി. കനത്ത ശിലകളില്‍ കൂര്‍ത്ത ലോഹത്താലെഴുതുന്നതില്‍ നിന്നുമുള്ള ഇന്നത്തെ മാറ്റം ലിപി പരിണാമം, ഭാഷാ പരിണാമം എന്നിവയുടെക്കൂടി ചരിത്രമാണ് എന്നും ഓര്‍ക്കാവുന്നതാണ്.
സഹായക ഗ്രന്ഥങ്ങള്‍
- പുരാവസ്തു ഗവേഷണം, ആര്‍. വാസുദേവപ്പൊതുവാള്‍, ഗവ. പ്രസ്സ് തിരുവനന്തപുരം, 1948.
- പ്രാചീന കേരള ലിപികള്‍, എല്‍. ഏ. രവിവര്‍മ്മ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1971.
- ശിലാലിഖിത വിജ്ഞാനീയം, വി. ആര്‍. പരമേശ്വരന്‍പിള്ള, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1978.
- Early Tamil Epigraphy, Iravatham Mahadevan, Harvard University, Cambridge, 2003.
- Elements of South – Indian Palaeography, A.C. Burnel, Basel Mission Press, Malgalore, 1878.
- Indian Palaeography, G Buhler, Eastern Book House, Patna, 1959.
- Perumals of Kerala, M.G.S. Narayanan, Cosmo Books, Thrissur, 2013.
- Travancore Archaeological Series, Vol – 1, Editor: T. A. Gopinatha Rao, Department of Cultural Publications, Govt. of Kerala, 1988.

ഡോ.അരുൺ മോഹൻ പി.
അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
