
സുലജ പി. എസ്
Published: 10 January 2026 സംസ്കാരപഠനം
സംഘം തിണയിലെ കുറവര്‍
താക്കോൽവാക്കുകൾ
കുടി–കുടുംബം, മാടം – മാളിക, കോയിൽ – കൊട്ടാരം, കൂത്ത് – നൃത്തം,
പുലപൂ – വേർപാട്, കുന്റ് – കുന്ന് (മല), കൊടിച്ചി – പെൺകുട്ടി,
മന്റം – തറ (വിളക്ക് നാട്ടുന്ന സ്ഥലം)
തെക്കേ ഇന്ത്യയിലെ ഭാഷകളില്‍ ഏറ്റവും പ്രാചീനത അവകാശപ്പെടാവുന്ന ഭാഷ തമിഴാണ്. ദ്രാവിഡ ഭാഷകളായ തെലുങ്ക്, കന്നട തുടങ്ങിയവയുടെ മൂലഭാഷയായും ദ്രാവിഡത്തിന്റെ അടിസ്ഥാനഭാഷയായും തമിഴിനെ നിലവില്‍ അംഗീകരിച്ചുവരുന്നു. കേരളമെന്ന ഭൂഭാഗത്തിന്റെ പഴയ നാമമായിരുന്ന മലനാട്ടിലും തമിഴ് ഭാഷയുടെ സാന്നിധ്യമാണ് പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. കൊടുംതമിഴ്, പഴന്തമിഴ്, ചെന്തമിഴ്, കരിന്തമിഴ് തുടങ്ങിയ വകഭേദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അടിസ്ഥാനപരമായി ഇവയൊക്കെ തമിഴ് ഭാഷ തന്നെ ആയിരുന്നു. ഇന്ത്യയിലെ ‘ക്ലാസ്സിക്ഭാഷ’ എന്ന അംഗീകാരത്തിന് പ്രഥമഗണനീയമായ ഭാഷയും തമിഴ് തന്നെയാണ്. ക്രിസ്തുവർഷം മുന്‍പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലത്ത് നിലനിന്നിരുന്ന സംഘകാലത്തെ തെന്നിന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യതത്ത്വചിന്താപരമായ സാമൂഹ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സംഘസാഹിത്യം ഇന്നും അവശേഷിക്കുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് സംസ്കൃതഭാഷാജനതയുടെ വരവ് പില്‍ക്കാലത്ത് ഈ സാഹിത്യകാലത്തിന്റെ വിരാമത്തിനു കാരണമായി. മലനാട്ടില്‍ തന്നെ പതിനാലാം നൂറ്റാണ്ടോടെ സംസ്കൃതഭാഷയും തമിഴ്ഭാഷയും കൂട്ടിക്കലര്‍ന്ന് ‘മണിപ്രവാള’മെന്ന ഒരു സാഹിത്യരൂപത്തിന് തന്നെ ആരംഭം കുറിക്കുകയുണ്ടായി.
തെന്നിന്ത്യയില്‍ സംഘകാലമെന്ന തമിഴ്ഭാഷാ സംസ്ക്കാരം നിലനിന്നിരുന്ന കാലത്ത് ജീവിച്ചിരുന്ന ഒരു ജനവിഭാഗമായിരുന്നു കുറവര്‍. അവരുടെ ജീവിതത്തിന്‍റേയും സംസ്ക്കാരത്തിന്റെയും തെളിവുകള്‍ സംഘം കൃതികളില്‍ നിന്നും വായിച്ചെടുക്കുവാന്‍ കഴിയും. അവയില്‍ പലതും ഈ ജനത ഇന്നും പിന്‍തുടര്‍ന്നുവരുന്നുണ്ട്. കുറവര്‍ ഒരു തമിഴ് ഭാഷാ വംശമാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ സംഗതിയാണ്. സംഘം ഭാഷാസംസ്കൃതി പ്രകാരം അടിസ്ഥാനപരമായി കുറിഞ്ചി, മുല്ലൈ പാലൈ, മരുതം, നെയ്തല്‍ എന്നീ ഐന്തിണകളില്‍ അധിവസിച്ചിരുന്ന ജനതയെ വ്യത്യസ്ത പേരുകളില്‍ പരാമര്‍ശിക്കുന്നു.
ഈ ജനവിഭാഗങ്ങളുടെ സംസ്ക്കാരം രൂപപ്പെട്ടത് അവര്‍ അധിവസിക്കുന്ന പ്രദേശ ത്തിന്റെ ഭൂമിശാസ്ത്രം, കാലാവസ്ഥ, വിഭവങ്ങള്‍ അടിസ്ഥാനമാക്കി ആയിരുന്നു.
മുല്ലൈ തിണ കാട്ടു പ്രദേശമായിരുന്നു. അവിടുത്തെ നിവാസികളെ കാനവര്‍, മലൈ കൊഴുവന്‍, മലനാടന്‍, കുറകന്‍, കൊടിച്ചിയര്‍, കുറും പൊറൈനാടന്‍ എന്നും ഊഷര ഭൂപ്രദേശമായിരുന്ന പാലൈതിണയിലുള്ള വരെ എയിനര്‍, എയറ്റിയര്‍ എന്നും നാട്ടു പ്രദേശമായിരുന്ന മരുതം തിണയില്‍ ഉള്ളവരെ ഉഴവര്‍, ഉഴത്തിയാര്‍ എന്നും കടല്‍ തീരമായ നെയ്തല്‍ തിണയില്‍ ഉള്ളവരെ നുളൈയര്‍, നുളൈച്ചിയര്‍ എന്നും മലമ്പ്രദേശ മായിരുന്ന കുറിഞ്ചി തിണയിലുള്ളവരെ കുറവന്‍, കുറത്തി, കാനവര്‍ എന്നും അടയാളപ്പെ ടുത്തി. ഇങ്ങനെ വ്യതിരിക്തമായ അഞ്ച് ഭൂപ്രദേശത്തിന്റെ കാലാവസ്ഥയും ജീവിത രീതിയും അടിസ്ഥാനമായികണ്ടുകൊണ്ട് സംഘം കൃതികളുടെ ലാവണ്യശാസ്ത്രം രൂപം കൊണ്ടു. മുല്ലൈ തിണയില്‍ എഴുതിയ അകം കവിതകള്‍ക്ക് കാത്തിരിപ്പ് (ഇരുത്തല്‍) എന്ന സന്ദര്‍ഭവും കുറിഞ്ചിക്ക് ചേര്‍ച്ച (പുണര്‍തല്‍) പാലൈക്ക് വേര്‍പാട് (പീരിതല്‍) മരുതത്തിന് പിണക്കം (ഊടല്‍) നെയ്തലിന് വിലാപം (ഇരങ്കല്‍) എന്നും അവര്‍ നിശ്ചയിച്ചു. അതുപ്രകാരം പഴന്തമിഴ് സംസ്കാരത്തിലെ തിണൈ എന്നത് കേവലമായ ഭൂമിശാസ്ത്ര പ്രത്യേകത എന്നതിലുപരി ഭൂമിശാസ്ത്രപരമായി രൂപപ്പെട്ട സംസ്ക്കാരങ്ങളേയും അവിടങ്ങളിലെ മാനുഷികവികാരങ്ങളേയും അടയാളപ്പെടുത്തുന്നതായി മാറി. മനുഷ്യന്റെ ജീവിതത്തിന് പ്രകൃതിയുമായുള്ള ബന്ധത്തിന്റെ ഒരു വിശാല അര്‍ത്ഥതലത്തെ ‘തിണൈ’ അഥവാ ‘തിണ’ സങ്കല്പം പ്രധാനമായും വ്യക്തമാക്കുന്നു.
മനുഷ്യചരിത്രത്തിന്റെ ആദിമകാലത്തെ ശിലായുഗമെന്നാണ് നരവംശശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്‍ ഈ കാലം ചിലവഴിച്ചത് പര്‍വ്വതപ്രദേശങ്ങളി ലായിരുന്നു. വ്യത്യസ്ത ശിലകളും ആധിവാസത്തിനുതകുന്ന ഗുഹകളും വള്ളിപ്പടര്‍പ്പുകളും നിബിഡമായ വനങ്ങളും നിറഞ്ഞ മനുഷ്യസാന്നിധ്യം അറിയാത്ത പര്‍വ്വതപ്രദേശങ്ങ ളില്‍ നിന്നുമാണ് പ്രാചീന മനുഷ്യൻ്റെയും അവരുടെ ശിലായുഗങ്ങളുടേയും മറ്റും തെളിവുകള്‍ ആധുനിക കാലത്ത് ലഭ്യമായിട്ടുള്ളത്. തെക്കേ ഇന്ത്യ നിബിഡവനങ്ങളുടേയും പര്‍വ്വതങ്ങളുടേയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു. ആദിമ മനുഷ്യന്റെ സംസ്ക്കാരരൂപീകരണം പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ പര്‍വ്വതസാനുക്കളില്‍ ആയിരുന്നു. പുരാതന, നവീനശിലായുഗ ജീവിതങ്ങള്‍ ഈ ഭൂപ്രദേശത്താണ് കാണപ്പെട്ടിരുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട ജീവിതകാലത്തിനുശേഷം സംഘകാലത്തെത്തുമ്പോഴേയ്ക്കും പര്‍വ്വതപ്രദേശമായ കുറിഞ്ചിതിണയില്‍ തന്നെ ജീവിതം തുടര്‍ന്നു വന്ന ജനതയും മറ്റിതര തിണകളില്‍ എത്തിച്ചേര്‍ന്ന് പുതിയ സംസ്ക്കാരം രൂപപ്പെടുത്തിയ ജനവിഭാഗങ്ങളും ഉണ്ടായിക്കഴിഞ്ഞിരുന്നു. തമിഴ്ഭാഷാസംസ്ക്കാരം അനുസരിച്ച് കുറവരായിരുന്നു തമിഴ കത്തെ ആദിമ ജനതയെന്നും ആദിമ സംസ്ക്കാരം അവരുടേതായിരുന്നു എന്നും വ്യക്തമാകുന്നു. തമിഴ് പണ്ഡിതനായ ശ്രീ പി. ടി. ശ്രീനിവാസ അയ്യങ്കാരുടെ വാക്കുകളില്‍ പറഞ്ഞാല്‍ തെക്കേ ഇന്ത്യയിലെ ആദിമ മനുഷ്യവാസമേഖല ‘കുറിഞ്ചി’ ആയിരുന്നു. പ്രാചീന ശിലായുഗകാലത്തെ മനുഷ്യസംസ്ക്കാരത്തിന്റെ കേന്ദ്രം അവിടെ ആയിരുന്നു. (The history of Tamils for earliest time to 600 AD page 72) ഇങ്ങനെ സംഘം തിണകളില്‍ മനുഷ്യസംസ്ക്കാര രൂപീകരണത്തിന് അടിസ്ഥാനമിട്ട തിണയായിരുന്നു കുറിഞ്ചി.
‘കുറവര്‍’ എന്ന പദം തന്നെ കുന്റ് അഥവാ മല എന്ന പദത്തില്‍ നിന്നും ഉണ്ടായതാണ്. കുന്റ് എന്ന പദത്തിൽ നിന്നും രൂപം കൊണ്ട കുന്റവര്‍ എന്നതായിരുന്നു കുറവര്‍ എന്ന പദത്തിന്റെ മൂലരൂപം കുറിഞ്ചി തിണയിലെ കുറവരെ സംഘം കവിതകളില്‍ കുറവര്‍, കാനവന്‍, മലൈ കൊഴുവല്‍ മലനാട്ടുകാരന്‍, കുറവകള്‍, കൊടിച്ചി, മേടല്‍ എന്നൊക്കെയുള്ള പര്യായപദങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ജനതയുടെ ആവാസവ്യവസ്ഥ അതീവ സുന്ദരവും വിഭവസമൃദ്ധവുമായിരുന്നു. കാട്ടരുവി കളും മലതടാകങ്ങളും (കുറവര്‍ അതിനെ ചുന എന്നു വിളിക്കുന്നു) പാറകളില്‍ നിന്നുള്ള ഊട്ട് ഉറവകളും കൊണ്ട് ജലസമൃദ്ധമായിരുന്നു. കിഴുക്കാംതുക്കായ മലകളും മലഞ്ചരി വുകളും കൊണ്ട് കുറിഞ്ചിനിലം സുന്ദരമായിരുന്നു. വേങ്ങ, തേക്ക്, ചന്ദനം, കടമ്പ് അകില്‍ സര്‍പ്പഗന്ധി, നാഗമരം, പ്ലാവ്, മാവ്, ആഞ്ഞില്, തുടങ്ങിയ വൃക്ഷങ്ങളും വേങ്ങപ്പൂ, കുറുഞ്ഞിപ്പൂ, കാഞ്ഞാള്‍പ്പൂ (കാര്‍ത്തിക) തുടങ്ങിയ പുഷ്പങ്ങളും മയില്‍ മലമ്പുള്ള് അരയന്നം, പ്രാവ് തുടങ്ങിയ പക്ഷികളും, പുലി, കരടി, ആന, സിംഹം, കുരങ്ങ്, കാട്ടുകുതിര, കാട്ടുപശു തുടങ്ങിയ മൃഗങ്ങളും അനവധി മുളങ്കാടുകയും വിശാലമായ മലഞ്ചരുവുകളിലെ തിനപ്പാട ങ്ങളും വാഴ, കുരുമുളക് തുടങ്ങിയവ കൊണ്ട് സമൃദ്ധമായ ഭൂപ്രദേശമാണ് കുറിഞ്ചിനിലം. പ്രകൃതിയുടെ സുന്ദരമായ ദൃശ്യം കുറിഞ്ചിതിണയില്‍ കാണാനാകും.
കുറവര്‍ കൂട്ടമായി മലകളിലും മലഞ്ചരുവുകളിലുമാണ് താമസിച്ചിരുന്നത്. താമസിച്ചി രുന്നത്. ഇത്തരം വിശാലമായ കൂട്ടങ്ങളെ ‘ഊര്’ എന്ന് വിളിച്ചിരുന്നു. ഊരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവഴികളും നാല് വഴികള്‍ ചേരുന്ന നാലുമുക്കവലകളും അഞ്ചുവരി കള്‍ ചേരുന്ന അഞ്ചുമുക്കവലകളും ഉണ്ടായിരുന്നു. സാധാരണക്കാര്‍ “കുന്റച്ചിറുകുടി’ (മലകളിലെ ചെറുവിടുകള്‍)കളില്‍ താമസിച്ചു. ഊരില്‍ താമസക്കാരായിരുന്ന കുറവര്‍ വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. വേട്ടയാടി മാംസം ശേഖരിക്കുന്നവരും മലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങളിലെ തേന്‍കൂടിളക്കി മുളങ്കുഴലില്‍ തേന്‍ ശേഖരിച്ചിരുന്നവരും ഉണ്ടായിരുന്നു. ഇവര്‍ തേന്‍കൊണ്ടുണ്ടാക്കുന്ന ഒരുതരം കള്ള് മുളകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. മലഞ്ചരിവുകളില്‍ കുറവര്‍ ധാരാളമായി കുരുമുളക് വളര്‍ത്തിയിരുന്നതായി സംഘം കൃതികള്‍ തെളിവ് നല്‍കുന്നുണ്ട്. അവര്‍ ചന്ദനമരത്തിലാണ് കുരുമുളക്ക് വളര്‍ത്തിയിരുന്നത്. മുളനെല്ലും തിനയും ഇവരുടെ പ്രധാന ഭക്ഷണമായിരുന്നു. വിശാലമായ തിനപ്പാടങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. തിനപ്പാടത്ത് കിളികളെ ഓടിക്കാന്‍ കുറവ പെണ്‍കൊടികളെയാണ് നിര്‍ത്തുക. ഈ പെണ്‍കൊടിമാര്‍ തിനപ്പാടത്ത് ഊഞ്ഞാലില്‍ ആടിക്കൊണ്ട് കിളികളെ കല്ലെറിഞ്ഞ് അകറ്റിയിരുന്നു. എന്നാല്‍ ആന മുതലായ വന്യമൃഗത്തില്‍ നിന്നും തിന പാടത്തെ സംരക്ഷിക്കാന്‍ പാടത്തിനരികിലോ മറ്റോ ഉള്ള വന്‍മരങ്ങളില്‍ ഏറുമാടങ്ങള്‍ കെട്ടി ശക്തന്‍മാരായ കുറവര്‍ താമസിച്ചിരുന്നു. പാടത്ത് എത്തുന്ന ആനകളെ അവര്‍ കല്ലെറിഞ്ഞു വിരട്ടി ഓടിച്ചു.
ആന എന്ന മൃഗം അവര്‍ക്ക് സുപരിചിതമായിരുന്നു, മാത്രമല്ല ആന എന്ന കാട്ടുമൃഗത്തോട് വളരെ സ്നേഹത്തോടെ ആയിരുന്നു ഇവര്‍ പെരുമാറിയിരുന്നത്. ‘വാരിക്കുഴി’ തീര്‍ത്ത് ആനയെ പിടിക്കുന്ന കുറവരുടെ ചിത്രം സംഘസാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറവര്‍ മുളനെല്ല് ആഹാരത്തിന് ഉപയോഗിച്ചിരുന്നു. ശേഖരിക്കുന്ന നെല്ല് ഉരലില്‍ ഇട്ട് കുത്തിയെടുക്കും. ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിക്കുന്ന ഉലക്കയാണ് ഇവര്‍ നെല്ല് കുത്താന്‍ ഉപയോഗിച്ചിരുന്നത് എന്ന് സംഘം കൃതികളില്‍ പറയുന്നു. നെല്ലുകുത്തല്‍ വിശേഷാല്‍ ആഘോഷം പോലെയാണ് നടത്തിയിരുന്നത്. നെല്ല് കുത്തുന്ന സമയം ഇവര്‍ നെല്ലുകുത്ത് പാട്ട് എന്ന ‘വളൈപ്പാട്ട്’ പാടിയിരുന്നു. ഇങ്ങനെ കുത്തിയെടുക്കുന്ന നെല്ല് കാട്ട്ചേമ്പില കൊണ്ടുള്ള മുറത്തിലിട്ട് പാറ്റിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈറ കൊണ്ട് ഇവര്‍ വട്ടി, കുട്ട എന്നിവ നിര്‍മ്മിച്ചു.
ശരീരത്തില്‍ പച്ചകുത്തുന്നത് അക്കാലത്തെ ഒരു സാധാരണമായ വഴക്കമായി രുന്നു. അതില്‍ പ്രാവീണ്യം സിദ്ധിച്ചവര്‍ ഊരുകള്‍ തോറും സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് പച്ചകുത്തി കൊടുത്ത് ഉപജീവനം നടത്തി. ഇവര്‍ക്ക് അറിയാമായിരുന്ന മറ്റൊരു വിദ്യയായിരുന്നു ‘നിമിത്തം പറയല്‍’ ഈ വിദ്യയില്‍ അഗാധമായി പ്രാവീണ്യം ഉള്ളവർ ദേശങ്ങള്‍ സഞ്ചരിച്ച് ഭാവി പ്രവചനം നടത്തല്‍ തൊഴിലായി സ്വീകരിച്ചിരുന്നു. ഇങ്ങനെ സഞ്ചരിക്കുന്നതിലൂടെയായിരുന്നു പുറം ദേശങ്ങളിലെ വാര്‍ത്തകള്‍ കുറവര്‍ അറിഞ്ഞി രുന്നത്. കുറിഞ്ചിനില വിഭവങ്ങള്‍ മറ്റ് നിലങ്ങളില്‍ കൊടുക്കുകയും അവിടങ്ങളിലെ വിഭവങ്ങള്‍ കുറിഞ്ചിനിലത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഊരുഭരണത്തിനും കുറവര്‍ വിദഗ്ദ്ധന്‍മാര്‍ ആയിരുന്നു. ‘കോയില്‍’ എന്നറിയപ്പെട്ടിരുന്ന കൊട്ടാരങ്ങളിലായിരുന്നു കുറവരുടെ ഭരണാധികാരികള്‍ താമസിച്ചിരുന്നത്. മാടങ്ങള്‍ എന്നും ഇതിനെ അറിയപ്പെ ട്ടിരുന്നു.’ എഴുനിലമാടങ്ങ’ളിലാണ് അധികാരികളായവര്‍ താമസിച്ചിരുന്നത്. ഊരിന്റെ യോ ഊര് കൂട്ടത്തിന്റെയോ, തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ചിരുന്നത് ഊരധികാരികളുടേയും (ഊരാളി എന്നറിയപ്പെടുന്നു) അദ്ദേഹത്തിന്റെ സഹായികളായ ‘മാടക്കാര്‍’ അഥവാ ‘കുടിക്കാര്‍’ എന്ന് വിളിച്ചിരുന്ന മറ്റ് സഹായികളും കൂടിയായിരുന്നു. എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വിശാലമായ തുറന്ന ഇടം എന്ന ‘പൊതിയില്‍’ എന്നറിയപ്പെട്ടിരുന്നു. ഉയര്‍ന്ന വേദി കെട്ടിപ്പൊക്കി ആരാധനാപര മായ വിളക്കുകളും മറ്റും സ്ഥാപിച്ചിരുന്ന ‘മന്റം’ എന്ന ഇടമായിരുന്നു ഊര് നിവാസികള്‍ ഊരാളിയുടെ നേതൃ ത്വത്തില്‍ ഒത്തുകൂടുവാൻ ഉപയോഗിച്ചിരുന്നത്. വിവിധങ്ങളായ തൊഴിലുകളില്‍ കുറിഞ്ചി നിലനിവാസികള്‍ ഏര്‍പ്പെട്ടിരുന്നത്. ഈ വക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള അകറ്റി നിര്‍ത്തലോ മറ്റോ ഉണ്ടായിരുന്നില്ല.
സാമൂഹ്യജീവിതത്തില്‍ അസമത്വങ്ങള്‍ പാലിക്കാത്ത ജനവിഭാഗമായിരുന്നു സംഘം തിണയിലെ കുറവര്‍. കുടുംബമായിരുന്നു ഏറ്റവും ചെറിയ സാമൂഹ്യവിഭാഗം. മാതാപിതാക്കളും കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ അടങ്ങുന്ന ഒരു വലിയ കുടുംബമാ യിരുന്നു ‘കുടി’ എന്ന് അറിയപ്പെട്ടിരുന്നത്. കുടുംബത്തിന്റെ തലവന്‍ പിതാവായിരുന്നെ ങ്കിലും കുടുംബത്തിൽ പ്രായമുള്ളവര്‍ക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. ഗോത്രപരമായ നിയമങ്ങള്‍ അനുസരിച്ചായിരുന്നു കുടുംബവും കുടുംബബന്ധങ്ങളും മുന്നോട്ട് പോയിരുന്നത്. അതിന് ‘കീഴ്വഴക്കം’ എന്നാണ് പറഞ്ഞിരുന്നത്. കീഴ്വഴക്കങ്ങളെ ലംഘിക്കുന്നത് കുറ്റമായി കണക്കാക്കിയിരുന്നു. അതിന് ഊര് വിലക്ക് വരെയുള്ള ശിക്ഷകള്‍ നല്‍കി യിരുന്നു. കുടുംബത്തിലെ സ്ഥാനങ്ങളും അവകാശങ്ങളും മക്കത്തായ പിൻബലത്തിലാണ് നിലനിന്നിരുന്നത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ഉണ്ടായിരുന്നു. ‘കൊടിച്ചി’ എന്നാണ് കുറത്തി സ്ത്രീകളെ വിളിച്ചിരുന്ന മറ്റൊരു പേര്. കുറത്തികള്‍ അതീവ സുന്ദരിമാരായിരുന്നു. കാന്താള്‍ പൂവിന്റെ മണമുള്ളവരും മുളങ്കണപോലുള്ള മിനുത്ത തോള്‍വളകൾ ഇട്ടവരും കപടനോട്ടം ഇല്ലാത്തവളും ആണെന്നാണ് കുറത്തികളെ വര്‍ണ്ണിച്ചിരിക്കുന്നത്. അവര്‍ ചാരിത്ര്യശുദ്ധി ഉള്ളവരും ഭര്‍ത്താക്കന്മാരെ ആദരിക്കുന്നവരുമായിരുന്നു. വിവാഹിതരായവര്‍ സ്വര്‍ണ്ണം കൊണ്ട് കെട്ടിയ പുലിപ്പല്ല് താലി അണിഞ്ഞിരുന്നു. (പൊന്നൊടു പുലിപ്പന്‍താലി) എന്ന് സംഘ സാഹിത്യത്തില്‍ പറഞ്ഞിരിക്കുന്നു അതിന്റെ മധ്യഭാഗത്ത് രത്നം പതിച്ചിരുന്നു. കിലുങ്ങുന്ന ചിലമ്പ് ആഭരണമായി അവര്‍ ഉപയോഗിച്ചിരുന്നു. കീഴ്വഴക്കങ്ങള്‍ പാലിച്ച് ജീവിച്ച് പോരുന്നവര്‍ക്ക് കമിതാവിനേയും ഭര്‍ത്താവിനേയും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഭര്‍ത്താവിനോട് ആദരം ഉണ്ടായിരുന്നു. ഭര്‍ത്താവും ഭാര്യയുമൊത്തുള്ള ജീവിതത്തിലെ കഷ്ടതകളെ അതിജീവിക്കുവാന്‍ അവര്‍ ഒത്തു ചേര്‍ന്ന് ജീവിതം പങ്കിടണമെന്നതായിരുന്നു അന്നത്തെ കീഴ്വഴക്കം. സഹോദരീസഹോദരന്‍മാരുടെ ബന്ധം ശക്തമായിരുന്നു. ശാലീനതയുള്ള സഹോദരിമാരുണ്ടെങ്കില്‍ ആങ്ങളമാരുടെ അമ്പിന് ലക്ഷ്യം തെറ്റുകയില്ല എന്നതായിരുന്നു അന്നത്തെ തത്ത്വം. പുരുഷന്‍മാരാകട്ടെ അരോഗദൃഢഗാത്രന്‍മാരും ശരീരത്തില്‍ സുഗന്ധം പൂശി മാറില്‍ വനമാല ചാര്‍ത്തിയവരും ലക്ഷ്യം തെറ്റാതെ അമ്പ് എയ്യാന്‍ കഴിവുള്ള വില്ലാളികളും ആയിരുന്നു. ഇവരെ കാനവന്‍, മലൈകൊഴുവന്‍, മലനാട്ടുകാര്‍, കുറവര്‍ എന്നീ പേരുകളിലാണ് സംഘം കവിതകളില്‍ പരാമര്‍ശിക്കുന്നത്. പുരുഷനും തന്റെ ഇണയെ കണ്ടെത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നിരു ന്നാലും ഒരുവൻ, വില്ലാളി കുറവന്റെ പെങ്ങളെ നേരിട്ട് വന്ന് വിവാഹം ചെയ്യുന്നതാണ് ഉത്തമമെന്നുള്ള ധാര്‍മ്മികത നിലനിന്നിരുന്നു. അല്ലാതെ രഹസ്യമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നത് ആപത്താണെന്നുള്ള കീഴ്വഴക്കം ഉണ്ടായിരുന്നു. എന്നാല്‍ പരസ്പരം പ്രേമബന്ധരായി രഹസ്യവേഴ്ചയില്‍ ഏര്‍പ്പെട്ട് വീടുവിട്ടുപോയി ജീവിച്ചിരുന്നവരും അക്കാലത്ത് ഉണ്ടായിരുന്നു.
കുടുംബത്തിനും (കുടി) കുടുംബബന്ധങ്ങളിലും അതീവ പ്രാധാന്യം കൊടുത്തിരുന്ന ഒരു ഗോത്രവര്‍ഗ്ഗമായിരുന്നു കുറവര്‍. സ്വന്തം കുടികളില്‍ എത്തുന്ന അതിഥികള്‍ക്ക് സംതൃപ്തി വരത്തക്കവണ്ണം അവരെ സല്‍ക്കരിക്കുന്ന രീതിയാണ് കുറവര്‍ക്ക് ഉണ്ടായിരുന്നത്. അക്കാലത്തെ വിശിഷ്ടഭോജ്യമായ പഴങ്ങളില്‍ നിന്നും കരിമ്പ്, തേന്‍, പനന്തേങ്ങ എന്നിവയില്‍ നിന്നും വാറ്റിയെടുത്ത ശുദ്ധമായ പാനീയവും വിഭവ സമൃദ്ധമായ ആഹാരവും അവര്‍ക്ക് നല്‍കിയിരുന്നു. കാക്ക വിരുന്ന് വിളിക്കുന്നതില്‍ അതിയായി വിശ്വാസികളായിരുന്നു ഇവര്‍. കാക്ക വിരുന്നു വിളിച്ചാല്‍ ഉടനേ അതിഥികളെ സല്‍ക്കരി ക്കുവാന്‍ കുറവരുടെ വീടുകള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതുപോലെ അതിഥികള്‍ തിരികെ പോകുമ്പോള്‍ അവരോടൊപ്പം ഏഴു ചുവടുകൾ ഒപ്പം നടന്ന് അവരെ യാത്രയാക്കുന്ന രീതിയും കുറവര്‍ പിന്‍തുടര്‍ന്നുവന്നു. ഇവരുടെ വീടുകളില്‍ ഉള്ളവര്‍ എപ്പോഴും സന്തോഷ ത്തിലായിരുന്നു കഴിഞ്ഞു വന്നത്. വാറ്റിയെടുത്ത പാനീയവും ആഹാരവുമായിരുന്നു ഭക്ഷണം. ഊരിലെ നിവാസികള്‍ ചേര്‍ത്ത് സന്തോഷം പങ്കിടുന്നത് കുരവൈകൂത്ത് (നൃത്തം) ചെയ്തുകൊണ്ടാണ്. നിമിത്തത്തില്‍ ഉറച്ചവിശ്വാസമുള്ള ഈ ജനത പല്ലിയുടെ ശബ്ദം കേട്ട് നിമത്തം നിശ്ചയിക്കുന്നതില്‍ അഗ്രഗണ്യരായിരുന്നു. ‘വിരിചി’ എന്നാണ് ഈ രീതിയെ വിളിച്ചിരുന്നത്. വരാന്‍ പോകുന്ന കാര്യങ്ങളെ മുന്‍കൂട്ടി കാണുവാനും അതിന നുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. വേര്‍പാടിനെ ‘പുലപൂ’ എന്ന് വിളിച്ചിരുന്നു. ഈ വേര്‍പാട് മരണവുമായി ബന്ധപ്പെട്ടാണെങ്കില്‍ മരണപ്പെട്ട വ്യക്തിയുമായുള്ള വേര്‍പാടിനെ അനുസ്മരിച്ച് ‘പുലപൂ’ ആചരിക്കുന്നതും ഒരു കീഴ്വഴക്കമാ യിരുന്നു.
ഓരോ തിണക്കും ഓരോ ആരാധനാമൂര്‍ത്തികള്‍ ഉണ്ടായിരുന്നു. മുല്ലൈ നിലത്ത് മായോനും കുറിഞ്ചി നിലത്ത് ചേയോനും പാലൈ നിലത്ത് കൊറ്റവൈയും മരുതനിലത്ത് വേന്ദനും നെയ്തല്‍ നിലത്ത് കടലോനും ആയിരുന്നു ആരാധനാമൂര്‍ത്തി കള്‍. ചേയോനെ സംഘകവിതകളില്‍ മലൈ മകന്‍, മുരുകന്‍, വേലന്‍ തുടങ്ങിയ പേരുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ചേയ്’ എന്ന വാക്കിന് ചുവപ്പ്, മകന്‍, കുഞ്ഞ്, ഇളമൈ, പെരുമൈ, തലവന്‍ എന്നിങ്ങനെയാണ് അര്‍ത്ഥം കൂടാതെ ചേയോന്‍ എന്ന ആരാധനാ മൂര്‍ത്തിയ്ക്ക് മുരുകന്‍, കുമരന്‍ എന്നീ അര്‍ത്ഥതലങ്ങളും കാണുന്നു. തമിഴ് സംസ്ക്കാര പ്രകാരമുള്ള ‘പരമ്പരൈ’ എന്ന തലമുറകളില്‍ ആറാം തലമുറക്കാരിലെ പുരുഷപൂര്‍വ്വി കനെ ‘ചേയോന്‍’ എന്നും സ്ത്രീ പൂര്‍വ്വികയെ ‘ചേയോള്‍’ എന്നുമാണ് സംബോധന ചെയ്തിരിക്കുന്നത്. അതുപ്രകാരം ഉള്ള തലമുറകളെ പ്രതിനിധീകരിക്കാനാണ് അറുമുഖന്‍ എന്ന സങ്കല്‍പം ഈ ദേവതക്ക് നല്‍കപ്പെട്ടിരിക്കുന്നത്. കുറവരുടെ എല്ലാ വീടുകളി ലെല്ലാം മുരുകന്‍ ആരാധന ഉണ്ടായിരുന്നു. ഈ ദേവതയെ കുറവരിലെ സ്ത്രീകളും പുരുഷന്‍മാരും ശരീരത്തില്‍ ആവാഹിച്ച് ‘വേലന്‍വെറിയ്ട്ട്’ എന്ന അനുഷ്ഠാനം നടത്തിവന്നിരുന്നു. മുരുകനെ പൂജ ചെയ്യുന്ന പൂജാരിയേയും വേലന്‍ എന്ന് വിളിച്ചിരുന്നു. കുറവര്‍ മുരുകനെ ചൂണ്ടിക്കുന്ന തനതായ രീതിയെ സംബന്ധിച്ച് ‘തുരുമുരുകാറ്റുപാടൈ’ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. വെറിയാട് നടത്തുന്ന കളത്തിലും കാടുകളിലും കാവുകളിലും നദീതീരത്തും പുഴകളിലും നാലും കൂടുന്ന മുക്കവലകളിലും അഞ്ചുവഴികള്‍ കൂടുന്ന അഞ്ചുമുക്കവലകളിലും പുഷ്പിച്ച് നില്‍ക്കുന്ന കടമ്പ് മരത്തിലും ഗ്രാമമധ്യത്തിലും ജനങ്ങള്‍ തടിച്ചുകൂടുന്ന സഭാരംഗത്തിലും ഊരമ്പലങ്ങളിലും മുരുകനെ പ്രതിനിധീകരി ക്കുന്ന സ്ഥാനങ്ങളിലും ചെറുതിനയരിയും പൂവും കലര്‍ത്തി വലിയ പാത്രങ്ങളില്‍ നിറച്ചുവച്ച് ആടിനെവെട്ടി കോഴിക്കൊടിക്കുറ പൊക്കികെട്ടി ഊരുകള്‍ തോറും ആഘോഷിക്കുന്ന വിശേഷപ്പെട്ട ഉത്സവത്തില്‍ മുരുകപൂജാരി വെളിവാകുന്നു. മുരുകനായി സങ്കല്പിക്കുന്ന കല്ലുകളിൽ ചന്ദനക്കുഴമ്പും മറ്റും തളിക്കുന്ന കുളിര്‍മയുള്ള മുരുക്കില്‍ പൂവാലയും മറ്റ് പൂമാലകളും ഓരോ അളവില്‍ മുറിച്ച് തോരണം ചാര്‍ത്തി സുഗന്ധധൂപം വ്യാപിപ്പിച്ചശേഷം മലനാടന്‍ പാട്ടുകളെന്ന ആറും കുറിഞ്ചി പാട്ടുകൾ ആലപിക്കുന്നു. ഒപ്പം രക്തപുഷ്പങ്ങള്‍ തൂവിയും തിനയരി വിതറിയും കളമൊരുക്കുന്നു. ഈ സമയം കുറവര്‍ – സ്ത്രീകളില്‍ മുരുകന്‍ ആവേശിക്കുന്നു. ഈ വിധത്തിലുള്ള മുരുകന്‍ ആരാധനയുടെ ആരാധനാ ക്രമങ്ങൾ സംഘം തിണയിലെ കുറവരുടെ പ്രത്യേകതയാണ്.
കാവ് ആരാധന സംഘകാലത്തു തന്നെ ഉണ്ടായിരുന്നുവെന്ന് തിരുമുരുകാറ്റ് പടൈയിലെ മൃദകപൂജ നടത്തുന്ന കാവുകളുടെ പരാമര്‍ശം വ്യക്തമാക്കുന്നു. കൂടാതെ ചില പഴയസ്ഥാനങ്ങളില്‍ അനുവാദം കൂടാതെ കടന്നാല്‍ ഉപദ്രവിക്കുന്ന മൂര്‍ത്തികള്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ടായിരുന്നു. വീരന്‍മാരായവരുടെ ആത്മാവിനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ടതാണ് ചാവ് ആരാധന. തമിഴില്‍ ‘ചാവ്’ മരണത്തിന്റെ പ്രതീകമാണ് മരണപ്പെട്ടവരെ ആരാധിക്കുന്നതാണ് ഇത്. മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒരു തറകെട്ടി അവിടെ പൊരിയും ചുവന്ന പുഷ്പങ്ങളും അര്‍പ്പിച്ച് പൂജിക്കുന്നു. മനുഷ്യന്റെ ശിലായുഗകാലത്തെ മഹാശില സംസ്ക്കാരത്തിന്റെ ഭാഗമായ മരണമടഞ്ഞ വരെ അടക്കം ചെയ്തിരുന്ന കുഴിമാടങ്ങള്‍ പഴുതറകള്‍, കല്‍വലയങ്ങള്‍, നന്നങ്ങാടികള്‍ തുടങ്ങിയ ശവസംസ്കാരരീതികളും കുറവര്‍ പിന്‍തുടര്‍ന്നു വന്നിരുന്നു. പ്രകൃതിയെ നിരീക്ഷിക്കുന്നവരും അത് മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നവരുമായ ഒരു ജനതയായിരുന്നു കുറിഞ്ചി തിണവാസികളായ കുറവര്‍. ആകാശത്തിലെ നക്ഷത്രങ്ങളേയും സൂര്യനേയും ചന്ദ്രനേയും നിരീക്ഷിക്കാന്‍ സഹായക മായ വാസസ്ഥലമായിരുന്നൂ പര്‍വ്വതസാനുക്കള്‍ മുറത്തില്‍ നെല്ലിട്ട് അത് എണ്ണിതിട്ടപ്പെ ടുത്തുന്ന ‘കട്ടു’ എന്ന പേരുള്ള ഒരു തരം ജ്യോതിഷം കുറവര്‍ അന്ന് പിന്‍തുടര്‍ന്നു പോന്നിരുന്നു. അത് ഇന്നും ചില പ്രായമായവര്‍ വഴി പിന്‍തുടര്‍ച്ചയായി നിലനിര്‍ത്തു ന്നുണ്ട്.
കലയിലും സാഹിത്യത്തിലും തിണജനത തങ്ങളുടെ അപാരമായ കഴിവ് പ്രകടിപ്പി ച്ചിരുന്നു, കലകളില്‍ പലതും അവരുടെ ജീവതവുമായി ചേര്‍ന്നുള്ള അനുഷ്ഠാനകലകള്‍ ആയിരുന്നു. ഒപ്പം വിനോദത്തിനായുള്ള കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. കുറിഞ്ചി തിണയിലെ ജനങ്ങള്‍ ഒരു ഗോത്രവര്‍ഗ്ഗമായിരുന്നതുകൊണ്ട് ഗോത്രത്തിന്റെ കൂട്ടായ്മയെ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന സമൂഹനൃത്തരൂപം അവര്‍ പിന്‍തുടര്‍ന്നുവന്നിരുന്നു. ‘കൂത്ത്’ എന്നാണ് ‘നൃത്തം’ എന്ന പദത്തിന് അവര്‍ ഉപയോഗിച്ചിരുന്ന പദം. ‘കുരവൈ കൂത്ത്’ എന്നായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട സമൂഹനൃത്തം. ഇത് കൂടാതെ കലിനാടം, കുടക്കൂത്ത് കരണം, തോക്ക്, തോല്‍, പാവ എന്നിങ്ങനെ ആറുതരം കൂത്തുകള്‍ ഉണ്ടായിരുന്നു. സ്ത്രീ-പുരുഷന്മാര്‍ വട്ടത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആടിയും പാടിയും നടത്തുന്ന വട്ടക്കളിയാണ് ‘കുരവൈകൂത്ത്’. കൃഷി ഉത്സവങ്ങള്‍, ആരാധനാപരമായ സന്ദര്‍ഭങ്ങള്‍, സാമുദായികമായ ഒത്തുചേരല്‍ തുടങ്ങിയ സാഹചര്യ ങ്ങളിലായിരുന്നു ‘കുരവൈക്കൂത്ത്’ ആടിയിരുന്നത്. നെല്ല് കുത്തുമ്പോള്‍ പാടിയിരുന്ന ‘വളൈപ്പാട്ട്’, തിനപ്പാടത്ത് കിളികളെ ഓടിക്കുമ്പോള്‍ പാടിയിരുന്ന കിളിയേറ്റു പാട്ട്, വിനോദത്തിനും മത്സരത്തിനുമായ നടത്തിയിരുന്ന കാടകോഴിപ്പോര്’ തുടങ്ങിയവ ‘കുറിഞ്ചിതിണ നിവാസികളുടെ കലാപ്രകടനങ്ങളായിരുന്നു.
ശരീരത്തില്‍ ചിത്രപ്പണി ചെയ്യുവാന്‍ വേണ്ടിയുള്ള ‘പച്ചകുത്ത്’ കുറവര്‍ക്കിടയില്‍ സര്‍വ്വസാധാരണമായിരുന്നു. കൗതുകവും സുന്ദരവുമായ ചിത്രങ്ങള്‍ അവര്‍ വരച്ചു. മലയാളത്തിന് ‘കുറത്തിയാട്ടം’ എന്ന നൃത്തരൂപം സംഭാവന ചെയ്തത് കുറിഞ്ചിതിണ നിവാസികളാണ്. ഇന്നും നിലനില്‍ക്കുന്ന കുറവഞ്ചിനാടകം, കാക്കാരിശ്ശിനാടകം, പൊറാട്ടുനാടകം തുടങ്ങിയവ കുറവരുടെ കുടുംബങ്ങളുടേയും സ്ത്രീപുരുഷബന്ധങ്ങളുടേയും കുടുംബബന്ധങ്ങളുടേയും ജീവിത ശകലങ്ങള്‍ പേറുന്നവയാണ്.
സാഹിത്യമേഖലകളില്‍ കുറവര്‍ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുള്ള തായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അധികാരികളായവര്‍ ‘വന്‍മാടങ്ങള്‍’ എന്ന ‘കോയിലു’ കളിലാണ് വസിച്ചിരുന്നത്. ഇന്നും കേരളത്തിലെ കുറവര്‍, അധിവസിക്കുന്ന പ്രദേശങ്ങ ളില്‍ ‘വന്‍മാടങ്ങള്‍’ അഥവാ ‘വലിയമാടങ്ങള്‍’ എന്ന കൊട്ടാരങ്ങളും അവിടെ വസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭരണപരമായും ആരാധനാപരമായും പ്രത്യേക മുന്‍ഗണന പ്രാധാന്യവും നൽകുന്നതായി കാണുന്നു. ഇന്നത്തെക്കാലത്ത് ഈ അധികാരകേന്ദ്രങ്ങള്‍ മുന്‍കാല അധികാരികളെ ആരാധിക്കുന്ന ആരാധനാകേന്ദ്രമായി മാറിയിട്ടുണ്ട്. അവിടങ്ങളില്‍ പീഠം, പട്ട്, വാള്‍, ശംഖ് തുടങ്ങിയവ വച്ചാരാധിക്കുന്നു. കേരളത്തിലെ പ്രബലമായിരുന്ന ചേരരാജവംശം കുറിഞ്ചിതിണയില്‍ നിന്ന് ആയിരുന്നു ഉദയം കൊണ്ടത്. പെരിയാറിന്റെ ഉത്ഭവസ്ഥലമായ അയിരമലയിലെ ‘കൊറ്റവൈ’ യെ ചേരന്‍മാര്‍ തങ്ങളുടെ കുലദൈവ മായി ആരാധിച്ചു. അതുകൊണ്ടുതന്നെ ചേരന്‍മാര്‍ കുറിഞ്ചിതിണ നിവാസികളായിരുന്ന കുറവര്‍ ആയിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
“ചേരന്മാരുടെ ആദിമ പിതാക്കന്‍മാര്‍ കുറവര്‍ ആയിരുന്നു”വെന്ന് പി. റ്റി. ശ്രീനിവാസ അയ്യങ്കാര്‍ കേരള ചരിത്രത്തില്‍ പറയുന്നു. എന്തെന്നാല്‍ ചേരന്‍മാര്‍ ‘സ്വയം പൊറൈയര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. “മലകളില്‍ താമസിക്കുന്ന കുറവരാണ് പൊറൈയര്‍” ലഭ്യമായ അറിവുകള്‍വച്ച് പെരുഞ്ചേറ്റ് ഉതിയനില്‍ ആരംഭിക്കുന്ന ചേരവംശാവലിയെ പരിശോധിച്ചാല്‍ ഇവരൊക്കെ കുറിഞ്ചിതിണ നിവാസികളാണെന്ന് കണ്ടെത്താന്‍ സാധിക്കും. തുടര്‍ന്നുള്ള രാജാക്കന്മാര്‍ രണ്ട് കൈവഴികളിലാണ് അറിയ പ്പെടുന്നത്. ‘ആതല്‍’ ശാഖയും ‘പൊറൈ’ ശാഖയും. ആതൽ ശാഖയെ പിതാമഹനായ പെരുംഞ്ചേറ്റ് ഉതിയന്‍ ചേരലാതന്റെ പേരിലൂടെ അറിയപ്പെട്ടുവരികയും മറ്റൊരു ശാഖ മലയുടെ പര്യായമായ ‘പൊറൈ’ എന്ന പേരില്‍ അറിയപ്പെട്ടു വരികയും ചെയ്തു. സംഘം കൃതികളില്‍ പത്തുരാജാക്കന്‍മാരെപ്പറ്റി വര്‍ണ്ണിക്കുന്ന പത്തുവീതം കവിതകളുടെ സമാഹാര മായ ‘പതിറ്റുപത്ത്’ പൂര്‍ണ്ണമായും ഒരു കേരള ചരിത്രഗ്രന്ഥമാണ്. അതുപോലെ സംഘകാ ലത്തെ നാഞ്ചിന്‍ നാട്ടിലെനാഞ്ചിന്‍ പൊരുന, പില്‍ക്കാലത്ത് ഭരണം നടത്തിയ കോതാങ്കി കുറവൻ, ബൊമ്മയ്യകുറവന്‍, നാഞ്ചിക്കുറവന്‍ തുടങ്ങിയവരും ഈ കുറവ കുലത്തിന്റെ ഭരണാധിപന്‍മാരായിരുന്നു.
കേരളത്തിന്റെ പഴയകാല ചരിത്രം അന്വേഷിച്ചാല്‍ കുറുഞ്ചിതിണ നിവാസികളായ കുറവരുടെ വ്യത്യസ്തവും വിശാലവുമായ ഒരു സമൂഹജീവിതം കണ്ടെത്താനാകും. സമകാലീന കേരളസമൂഹത്തിലെ ഒരു പിന്നോക്ക ജനവിഭാഗമായ കുറവര്‍ ഇന്നത്തെ ജീവിതാവസ്ഥകളില്‍ ആയിരുന്നില്ലെന്നും അത് പില്‍ക്കാലത്ത് വന്നുചേര്‍ന്ന അവസ്ഥാ വിശേഷങ്ങളാണെന്നും കണ്ടെത്താനാകും.
കുറിപ്പുകള്‍
- History of Tamil – PT Srinivasa Iyangar Asian Education Service 1983.
- തൊല്‍ക്കാപ്പിയം, വ്യാഖ്യാനം, എം. ഇളയപെരുമാള്‍ പുലവര്‍ – എസ്. ജി. സുബ്രഹ്മണ്യപിള്ള, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് (2019)
- അകനാനൂറ്, വിവ. നെന്‍മാറ. പി. വിശ്വനാഥന്‍ നായർ, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം.
- പത്തുപ്പട്ട് മേലങ്ങന്ന് നാരായണന്‍, കേരളസാഹിത്യം അക്കാദമി (2000)
- പതിറ്റുപത്ത്, വിവര്‍ത്തനം. ജി. വൈദ്യനാഥ അയ്യര്‍, കേരള സാഹിത്യ അക്കാദമി (1997)

സുലജ പി. എസ്.
ഗവേഷക, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
