ജൂലി ഡി എം

Published: 10 January 2026 ട്രോൾ വിമർശനം

പ്രണയത്തിന്റെ ലിപ്സ്റ്റിക് കൊണ്ടെഴുതിയ കഥയും കെ പി അപ്പന്റെ നിരൂപണവും

ടി പത്മനാഭന്റെ കഥകളിൽ വെച്ച് മികച്ച കഥയായാണ് ഗൗരി എന്ന കഥയെ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു പല കഥകളിൽ നിന്ന് വ്യത്യസ്തമായ പ്രണയകഥയാണ് ഗൗരി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മലയാളത്തിലെ മികച്ച കഥയാണെന്ന് പറയാൻ കഴിയാത്ത വിധത്തിലുള്ള പോരായ്മകൾ കഥ എന്ന നിലയ്ക്ക് പ്രസ്തുത കഥയ്ക്കുണ്ട്. എന്നാൽ കഥയെക്കാൾ പ്രസിദ്ധമായ നിരൂപണം കൊണ്ടും നിരൂപണത്തിന്റെ പേരിലെ കാല്പനികത കൊണ്ടും ഗൗരി എന്ന ടി. പത്മനാഭൻ കഥ മലയാള ചെറുകഥയിലെ ഏറ്റവും മികച്ച കഥയായിട്ടാണ് എണ്ണപ്പെടുന്നത്.പ്രസ്തുത കഥയുടെ വിമർശനമല്ല ഇവിടെ ഉദ്ദേശിക്കുന്നത് ; മറിച്ച് പ്രസ്തുത കഥയ്ക്ക്  കെ. പി അപ്പൻ എഴുതിയ ‘പ്രണയത്തിന്റെ അധര സിന്ദൂരം കൊണ്ടെഴുതിയ കഥ’ എന്ന നിരൂപണത്തിന്റെ വിമർശനമാണ്.

ഗൗരി എന്ന പ്രണയകഥ

ചെറുപ്പത്തിലും മധ്യവയസ്സിനും നടുവിലെവിടെയോ പ്രായം ഉണ്ടായിരുന്ന നായികാനായകന്മാരാണ് കഥയിലുള്ളത്. മറ്റെല്ലാ ടി പത്മനാഭൻ കഥയിലുമെന്നപോലെ ഇതിലും നായകന് നായികയെക്കാൾ വയസ് അല്പം കൂടുതലായിരുന്നു. എങ്കിലും അത് മറ്റു കഥകളിലെന്ന പോലെ തന്നെ ഇതിലും തോന്നിച്ചിരുന്നില്ല. നായിക വിവാഹിതയും വിവാഹ ജീവിതത്തിൽ താളപ്പിഴകളുള്ളവളുമാണെന്ന് കഥയിൽ നിന്ന് വായിച്ചെടുക്കാം. അവർ ഡിവോസിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന, ബോർഡിങ്ങിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ അമ്മയും ഒരു കമ്പനി എക്സിക്യൂട്ടീവുമാണെന്ന് വ്യക്തമാവുമ്പോൾ നായകനെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്. നായികയുടെ ധർമ്മസങ്കടത്തെക്കുറിച്ച് ഓർക്കുന്ന കൂട്ടത്തിൽ അയാളുടെ ധർമ്മസങ്കടങ്ങളെ കുറിച്ച് കൂടി അയാൾ ഓർത്തു പോകുന്നത് കൊണ്ട് അയാളും വിവാഹിതനായിരിക്കാം എന്ന് ഊഹിക്കാമെന്നേയുള്ളൂ. ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും സ്നേഹത്തിന്റെ കാണാക്കയങ്ങളിലേക്ക് അയാളെ വലിച്ചുകൊണ്ടുപോയത് അവളാണെന്ന സൂചനയുമുണ്ട്.നേപ്പാളിലെ ഖാട്മണ്ടുവിൽ ഒരാഴ്ച താമസിക്കാനെത്തുന്ന അവരുടെ ഒരാഴ്ചത്തെ ജീവിതമാണ് ഗൗരിയുടെ പ്രമേയം. ഒരാഴ്ചത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ അതുവരെയുള്ള ജീവിത ഭാരവും വിരസതയും നൊമ്പരവും പരസ്പരം പങ്കുവെച്ച് തിരികെ തങ്ങളുടേതായ ലോകത്തിലേക്ക് മടങ്ങുകയാണവർ. ഒരു പ്രണയകഥയിലെ സംഭാഷണങ്ങൾ കൃത്രിമമാകുന്നത്  വായനയിൽ വലിയ കല്ലുകടിയുണ്ടാക്കും.ഭാഷയും സംഭാഷണങ്ങളും കൃത്രിമമാകുന്നത് ആവിഷ്കരിക്കപ്പെടുന്ന ഭാവത്തെയും കൃത്രിമമാക്കി മാറ്റും. ആറുമാസത്തെ ഇടവേളയ്ക്കുശേഷം പരസ്പരം കാണുമ്പോൾ നായകൻ നായികയെ ചേർത്ത് നിർത്തി ആർദ്രമായ സ്വരത്തിൽ ചോദിക്കുന്നു- “എന്തുപറ്റി?”

നായികയുടെ മറുപടി ഇങ്ങനെയാണ് – “ഈയിടെയായി ഒരു ഉത്സാഹക്കുറവ് അനുഭവപ്പെടുന്നു…” ഇവിടെ ‘അനുഭവപ്പെടുന്നു’ എന്ന വാക്ക് ഒരു പ്രണയ സംഭാഷണത്തിൽ കടന്നുവരുന്നത് സംഭാഷണത്തെ അച്ചടിഭാഷയാക്കുകയും അതിനെ കൃത്രിമമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ള മറ്റ് ഉദാഹരണങ്ങളും കഥയിൽ സുലഭമാണ്. “ഈയിടെയായി കാലത്തെക്കുറിച്ച്, വയസ്സിനെക്കുറിച്ച് കൂടുതൽ കൂടുതൽ ബോധവതിയാകുന്നു…” എന്ന നായികയുടെ സംഭാഷണത്തിലെ ‘ബോധവതി’ പ്രയോഗവും ഇത്തവണ ദേവന്റെ മുന്നിലെത്തുമ്പോൾ ഞാൻ സനാഥയായിരിക്കുമല്ലോ…” എന്നതിലെ ‘സനാഥ’ പ്രയോഗവും മറ്റും കൃത്രിമത്വത്തിന് ആക്കം കൂട്ടും.( ഇപ്പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവരും പ്രണയ സംഭാഷണങ്ങളിലെ സ്വാഭാവികത അറിയണമെന്നുള്ളവരും  ബഷീറിന്റെ പ്രണയകഥകൾ വായിക്കുന്നത് സംശയനിവാരണത്തിന് ഉപകരിക്കും.)ഇതൊരു മോശം കഥയാണെന്ന അഭിപ്രായം ഇതെഴുതുന്ന ആൾക്കില്ല.എന്നാൽ ഒരു ശരാശരി പ്രണയകഥയായ ‘ഗൗരി’യെ ഒരു മഹത്തായ പ്രണയകഥയാക്കി മാറ്റാൻ കെ. പി. അപ്പൻ നടത്തുന്ന ശ്രമങ്ങളെ വസ്തുനിഷ്ഠമായി നിരീക്ഷിക്കാനും അത് എത്ര കണ്ടു വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്.

കാല്പനിക നിരൂപണം

ടി പത്മനാഭന്റെ കഥകൾ കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്നു എന്ന നിരീക്ഷണമാണ് കെ.പി. അപ്പന്റേത്. “ടി.പത്മനാഭന്റെ കഥ വായിക്കുമ്പോൾ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തിൽ പെട്ടിട്ടില്ലാത്ത പുതിയൊരു അനുഭവം കൊണ്ടുവരുന്നു.” എന്നിങ്ങനെയാണ് ‘പ്രണയത്തിന്റെ അധര സിന്ദൂരം കൊണ്ടെഴുതിയ കഥ’ എന്ന നിരൂപണം തുടങ്ങുന്നത്. ഉള്ളടക്കം ചെറുതായിരിക്കുമ്പോഴും ആ കഥകൾ കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുകയും ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മ സുഭഗതപ്രകടിപ്പിക്കുകയും ചെയ്യുന്നതായും കെ. പി.അപ്പൻ നിരീക്ഷിക്കുന്നു.”വാക്കുകൾ നദിയിൽ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു.” “പത്മനാഭന്റെ വാക്കുകളും അവയുടെ ജ്യോതിസും സ്നേഹത്തെ അനുഭവിക്കുമ്പോൾ സ്നേഹം അടിസ്ഥാനപരമായി സ്നേഹത്തെക്കുറിച്ചുള്ള സ്നേഹമായിത്തീരുന്നു.”

എന്നിങ്ങനെയുള്ള നിരർഥക കാല്പനിക വാക്യങ്ങളാൽ സമ്പന്നവുമാണ് നിരൂപണം.നദിയിൽ ഒഴുകി വരുന്ന വിളക്കുകൾ കാണാൻ ഭംഗിയാണെങ്കിലും അത് എപ്പോൾ വേണമെങ്കിലും അണഞ്ഞു പോകാം.വാക്കിന്റെ അർഥവും ആശയത്തിന്റെ ഭംഗിയും എപ്പോൾ വേണമെങ്കിലും അണഞ്ഞു പോകുന്ന കഥാന്തരീക്ഷമാണ് ടി പത്മനാഭന്റെ കഥകളിൽ എന്നാവുമോ നിരൂപകൻ ഉദ്ദേശിച്ചിട്ടുണ്ടാവുക ?! എഴുതുന്ന ആൾ തീവ്രമായി  അനുഭവിക്കുന്ന അനുഭവങ്ങങ്ങളെ, വികാരങ്ങളെ വാക്കുകളിലേക്ക് പരുന്ന സർഗാത്മക പ്രക്രിയയാണ്  ഏത് എഴുത്തും.അതങ്ങനെ അല്ലാതാവുമ്പോൾ ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങങ്ങളും ഭാവങ്ങളും കൃത്രിമമായി മാറും. ഇവിടെ നിരൂപകൻ പറയുന്നത് ടി. പത്മനാഭന്റെ വാക്കുകളും അതിന്റെ ജ്യോതിസ്സും (എപ്പോൾ വേണമെങ്കിലും അണഞ്ഞു പോകാവുന്ന) സ്നേഹത്തെ അനുഭവിക്കുകയാണ് എന്നാണ്.അതുകൊണ്ടാണ് ആ കഥകളിൽ ആവിഷ്കരിക്കപ്പെടുന്ന ഭാവങ്ങൾ കൃത്രിമമാകുന്നതെന്ന് കെ. പി.അപ്പൻ പറയാതെ പറയുന്നതാവാം. അല്ലെങ്കിൽ നിരൂപകൻ ആ വാസ്തവം അറിയാതെ പറയുന്നതാവാം ! പ്രസ്തുത വാക്യത്തിൽ സ്നേഹം എന്ന വാക്ക് നാല് തവണ ആവർത്തിച്ചിട്ടുണ്ട്.താള ഭംഗിക്കുവേണ്ടി കവികൾ വാക്കുകൾ ആവർത്തിക്കുന്ന അനുഭവമാണ് പ്രസ്തുത വാക്യം ഉണ്ടാക്കുന്നത്.

 കഥയിലും കവിതയിലുമൊക്കെ കടന്നുവരുന്ന  കാല്പനികത,നിരൂപണത്തിൽ കടന്നു വരുന്നതിന്റെഅനൗചിത്യവും അപകടവും കെ.പി അപ്പന്റെ നിരൂപണത്തിനുണ്ട്.“സംയമനം കൊണ്ട്ആരോഗ്യകരമായിത്തീർന്ന കാല്പനിക സൗന്ദര്യം ഈ കഥക്കുണ്ട്.” എന്ന് നിരൂപകൻ എഴുതുമ്പോൾ‘സംയമനം കൊണ്ട് ആരോഗ്യകരമാകുന്നതിൽ എന്ത് കാല്പനിക സൗന്ദര്യം ?’ എന്നൊരു മറുചോദ്യം വായനക്കാർക്ക് തീർച്ചയായും ഉന്നയിക്കാം.നിരൂപണത്തെ കാല്പനികമാക്കാൻ ശ്രമിക്കുമ്പോൾ അർത്ഥത്തിന് സംഭവിക്കുന്ന ന്യൂനത നിരൂപകൻ കാണുന്നില്ല.

ഗൗരി എന്ന കഥ ഒരു കാവ്യാനുഭവം ആണെന്നും അതൊരു ജ്ഞാനം കൂടിയാണെന്നും പറയുന്ന കെ.പി. അപ്പൻ സ്ത്രീ പുരുഷ ബന്ധത്തെ ആവിഷ്കരിക്കുമ്പോൾ പത്മനാഭൻ അതിന് കുലീനവും സൗമ്യവുമായ സ്പർശം നൽകുന്നുവെന്നും ,അങ്ങനെ ചെയ്യുമ്പോൾ പത്മനാഭൻ ആശാന്റെ കാവ്യ സംസ്കാരത്തിലാണ് ജീവിക്കുന്നതെന്നും പറയുന്നുണ്ട്. സ്ത്രീപുരുഷ ബന്ധത്തിലെ ‘കുലീനത’ ആവിഷ്കരിക്കുന്നത് കൊണ്ടായിരിക്കാം നിരൂപകന് ഗൗരി എന്ന കഥ കാവ്യാത്മകമായും ജ്ഞാനമായും തോന്നുന്നത്. കാവ്യവും ജ്ഞാനവുമൊക്കെ കുലീനമാണെന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരം വാക്യങ്ങൾ പിറവിയെടുക്കുന്നത്. ആശാൻ സ്നേഹബന്ധത്തെ കുലീനമാക്കി എന്നൊക്കെ പറയുന്നതിലെ വൈരുദ്ധ്യം ആരും ചൂണ്ടിക്കാണിക്കാതിരുന്നത് അതെഴുതിയത് കെ. പി. അപ്പൻ എന്നമുൻനിര നിരൂപകനായതുകൊണ്ടായിരിക്കാം.സ്ത്രീ പുരുഷ ബന്ധത്തിലെ കുലീനതാ സങ്കല്പങ്ങളെ പൊളിച്ചുകളയുകയായിരുന്നല്ലോ  ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥഎന്നീ കൃതികളിലൂടെ ആശാൻ ചെയ്തത്. ആറുമാസങ്ങൾക്ക് ശേഷം കാണുമ്പോൾ അയാൾ അവരെ ശരീരത്തോട് ചേർത്തു പിടിച്ച് ആർദ്രമായ സ്വരത്തിൽ ചോദിച്ചു “എന്തുപറ്റി?” ഈ ലളിതമായ അന്വേഷണത്തിൽ സ്നേഹത്തിന്റെ അസ്പഷ്ടമായ ഒരു നോവ് നാദധാരയായി നിറയുന്നുവെന്നും പക്വതയുടെ ആവിഷ്കാരമായി മാറുന്ന ഈ അന്വേഷണം രാഗചേഷ്ടകളെയും രതിവിലാസങ്ങളെയും ഒഴിവാക്കുന്ന സ്ത്രീപുരുഷ പ്രേമത്തിന്റെ പ്രൗഢതയെയാണ് വെളിപ്പെടുത്തുന്നതെന്നും നിരൂപകൻ പറയുന്നു.സ്നേഹത്തെ അറിയാൻ കഴിയുന്നത് പരസ്പരം സ്നേഹിക്കുന്നവർ കൈമാറുന്ന വാക്കുകളിലൂടെയാണെന്നും പ്രണയത്തിന്റെ ഇളകുന്ന അധരം കൊണ്ട് ഗൗരി എഴുതിയ പദങ്ങളിൽ സ്നേഹം നിറഞ്ഞുനിൽക്കുന്നുവെന്നും കെ .പി. അപ്പൻ എഴുതുന്നു. ‘പ്രണയത്തിന്റെ ഇളകുന്ന അധരം’ എന്ന പ്രയോഗം വായിച്ചാൽ ആണി അടിച്ചുറപ്പിച്ചു വച്ചിരിക്കുന്ന എന്തോ ഒരു വസ്തു ഇളകുന്ന പോലുള്ള അനുഭവമാണ് വായനക്കാർക്ക് ഉണ്ടാവുക.

ആശാന്റെ പ്രേമ സങ്കല്പമോ, ‘ഗൗരി’യിലുള്ളത് ?

പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ വരികളായി കെ .പി അപ്പന്‍ ഉദ്ധരിക്കുന്ന വരികളാണിവ. ”സ്‌നേഹത്തിന്റെ കാണാക്കയങ്ങളിലേക്ക്
അങ്ങയെ പിടിച്ചുകൊണ്ടുപോയത് ഞാനായിരുന്നുവല്ലോ. എനിക്കറിയാമായിരുന്നു അങ്ങയുടെ ഉള്ളിലും സ്‌നേഹമുണ്ടെന്ന്. എനിക്കാ സ്‌നേഹം വേണമായിരുന്നു. കൂടിയേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഞാന്‍ എല്ലാം മറന്ന്…’
ഭാവനാതന്മയീഭാവത്താല്‍ ടി.പത്മനാഭന്‍ ക്ഷണനേരമനുഭവിച്ച ഗൗരിയുടെ വികാരങ്ങള്‍ നളിനിയിലെ
”എന്റെ ഏകധനമങ്ങു ജീവന
ങ്ങന്റെ ഭോഗമതുമെന്റെ മോക്ഷവും എന്റെയീശ! ദൃഢമീ പദാംബുജ
ത്തിന്റെ സീമ, ഇത് പോകിലില്ല ഞാന്‍.” എന്ന ആത്മസമര്‍പ്പണ ഗാനത്തെയൊ ലീലാകാവ്യത്തിലെ ”വരിക ഹൃദയനാഥാ…’
എന്ന് തുടങ്ങുന്ന അത്യന്തം ഹൃദയഹാരിയായ പ്രണയഗാനത്തെയൊ ഓര്‍മിപ്പിക്കുന്നുവെന്ന് വിമര്‍ശകന്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ആശാന്റെ കാവ്യങ്ങള്‍ പത്മനാഭന്റെ കഥയില്‍ പ്രകടമായ സാന്നിധ്യമല്ലെങ്കിലും ആശാന്റെ പ്രേമ സങ്കല്പം നമ്മുടെ കാവ്യ സംസ്‌കാരത്തിലുണ്ടെന്നും അതിനാല്‍
നളിനിയും ലീലയും നമുക്ക് സ്‌നേഹത്തിന്റെ സ്മൃതിരൂപങ്ങളാണെന്നും പറയുന്നു.
” ആ സ്‌നേഹ സങ്കല്പം മലയാളിക്ക് സനാതനമായ ആശയമാണ്. മനസ്സില്‍ ഈ വിധം ഒരു സ്‌നേഹ സങ്കല്പം ജനിച്ചപ്പോള്‍ ആശാന്റെ കാവ്യ സംസ്‌കാരം ബോധമനസിന്റെ സമ്മതം കൂടാതെ പത്മനാഭന്‍ എന്ന കലാകാരന്റെ ആന്തരികതയിലേക്ക് പ്രവേശിക്കുകയായിരുന്നു. അങ്ങനെ ഗൗരിയിലെ പ്രണയ ഭാവന ആശാന്റെ നളിനിലേക്കും ലീലയിലേക്കും ആന്തരിക യാത്ര നടത്തുന്നു.” കെ.പി.അപ്പന്‍ പറയുന്ന നളിനിയിലെയും ലീലയിലെയും ”സനാതന സ്‌നേഹസങ്കല്പത്തെ” പില്‍ക്കാല കൃതികളില്‍ ആശാന്‍ തന്നെ തകര്‍ത്തു കളയുന്നുണ്ട്. ഗൗരി എന്ന കഥയിലുള്ളത് സ്‌നേഹത്തെ കുറിച്ചുള്ള അന്തര്‍മുഖ ചര്‍ച്ചയാണെന്നും ഈ അന്തര്‍മുഖ ചര്‍ച്ചയില്‍ മരണവും കടന്നു വരുന്നതായും അദ്ദേഹം എഴുതുന്നു. ”മനുഷ്യബുദ്ധി ഉപയോഗിച്ച് പെട്ടെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍ അവയ്ക്ക് (സ്‌നേഹത്തിനും മരണത്തിനും) തമ്മിലുണ്ട്. ബോധമനസിനോ ഉപബോധമനസിനോ താഴെയുള്ള ഒരു തലത്തില്‍ നിന്ന് ഉണരുന്ന അനുഭവമാണിത്. തീക്ഷ്ണമായ രചനകളില്‍ ഈ അനുഭൂതി ആശയമായി തീരുന്നു. അല്ലെങ്കില്‍ ചിത്രകല്പനയായി മാറുന്നു. പത്മനാഭന്റെ ‘ഗൗരി’ ഇത്തരമൊരു തീക്ഷ്ണ രചനയാണ്. കെ. പി.അപ്പന്‍ പറയുന്നതുപോലെ പത്മനാഭന്റെ ‘ഗൗരി’ അങ്ങനെ ഒരു രചനയാണോ എന്ന പരിശോധന അനിവാര്യമാണ്.
”ബാഗ്മതിയുടെ കരയിലെ ചിതകളില്‍ ശവങ്ങള്‍ എരിയുന്നുണ്ടായിരുന്നു. മുക്കാലും കത്തിത്തീരാറായ ശവങ്ങള്‍, കത്തി പാതിയായ ശവങ്ങള്‍, തീപിടിച്ചു തുടങ്ങിയ ശവങ്ങള്‍, തങ്ങളുടെ ഊഴവും കാത്ത് നദിക്കരയില്‍ വിറങ്ങലിച്ചുകിടക്കുന്ന ശവങ്ങള്‍ അതെല്ലാം കണ്ട് അവര്‍ മൂകരായി നിന്നു. ഒരു ഘട്ടത്തില്‍ വാ പോകാം എന്നയാള്‍ പറഞ്ഞപ്പോള്‍ ഗൗരി സമ്മതിച്ചില്ല. ഗൗരിയുടെ കണ്ണുകള്‍ പൂര്‍ണമായും ചിതകളിലായിരുന്നു. ചിതകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ടെരിഞ്ഞു.” എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ചിത്രം ഒരു പ്രണയകഥയിലേക്ക് കഥാകൃത്ത് ആവാഹിച്ചത് എന്ന ഒരു ചോദ്യം നിരൂപകന്‍ ഉയര്‍ത്തുന്നു. ചോദ്യത്തിന് നിരൂപകന്‍ തന്നെ ഉത്തരവും നല്‍കുന്നു.കഥയിലാവിഷ്‌കരിക്കുന്ന ചിതയുടെ ദൃശ്യം സ്‌നേഹം മരണവുമായി നടത്തുന്ന അന്തര്‍മുഖ ചര്‍ച്ചയായി വളരുകയാണ് ചെയ്യുന്നതെന്നും അത് പത്മനാഭന്‍ സൃഷ്ടിക്കുന്ന കാവ്യാത്മകമായ ജ്ഞാനമാണെന്നും നിരൂപകന്‍ പറയുന്നു. ആ ദൃശ്യത്തിന്റെ ദാര്‍ശനികമായ ആകുലത കത്തിയെരിയുന്ന ചിതകളെ
അദ്ധ്യാത്മ വിദ്യാലയമായി കാണാനുള്ള പ്രേരണയായി തീര്‍ന്നുവെന്നും ചിതകള്‍ മരണത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് പവിത്രമായ ഒരു ഭീതി ഗൗരിക്ക് നല്‍കിയിരിക്കണമെന്നും തുടര്‍ന്നെഴുതുന്നു. പ്രസ്തുത ദൃശ്യം ആശാന്‍ കവിതയുടേതായ തത്വജ്ഞാന പാഠശാലയായിതീരുന്നുവെന്നാണ്
കെ.പി.അപ്പന്‍ സമര്‍ഥിക്കുന്നത്.

” പ്രേമത്തിന്റെ തീവ്രമായ അനുഭവങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളിലേക്ക് ജീവിതത്തിന്റെ നേര്‍ക്കുള്ള ഒരു രാഗ ശൂന്യതയുടെ- വൈരാഗ്യത്തിന്റെ- ആശയം ദയാരഹിതമായ ഒരു അനാസക്തിയോടെ പത്മനാഭന്‍ കടത്തിവിടുന്നു.
അങ്ങനെ ചെയ്തു കൊണ്ട് ഏത് വലിയ കലാകാരനെയും പോലെ പത്മനാഭനും ‘ഗൗരി’യിലെ പ്രേമ സങ്കല്പത്തെ തരള കാല്‍പ്പനികതയുടെ തലങ്ങളില്‍നിന്ന് ദാര്‍ശനിക ഗൗരവത്തിന്റെ ഉച്ചസ്ഥാനത്തേക്ക് ഉയര്‍ത്തുന്നു.മൃത്യുദര്‍ശനത്തിന്റെ അഗ്‌നിയിലിട്ട് നീറ്റി പ്രേമത്തെ പരിശുദ്ധമാക്കുന്ന കലയാണിത്.” ഇത്തരത്തില്‍ ഒരു കലാവിദ്യ ‘ഗൗരി’ എന്ന കഥയിലുണ്ടോ എന്ന് പരിശോധിച്ചു നോക്കാം.തന്റെ നിരൂപണത്തില്‍ ഇക്കാര്യം സമര്‍ഥിക്കാനായി കെ.പി. അപ്പന്‍ ഉദ്ധരിക്കുന്നത് പ്രരോദനത്തിലെ
വരികളാണെങ്കിലും അദ്ദേഹം പറയുന്ന പോലെ ”മൃത്യുദര്‍ശനത്തിന്റെ
അഗ്‌നിയിലിട്ട് നീറ്റി പ്രേമത്തെ പരിശുദ്ധമാക്കുന്ന കല” നമുക്ക് കാണാന്‍ കഴിയുന്നത് കരുണയിലാണ്. ഉപഗുപ്തന്‍ എന്ന ബുദ്ധഭിക്ഷുവില്‍ അനുരാഗിണിയായ ”കഞ്ജബാണന്‍ തന്റെ പട്ടം കെട്ടിയ രാജ്ഞി” പോലിരുന്ന വാസവദത്ത കൊത്തി നുറുക്കിയ ശരീരമായി ചൂടുകാട്ടില്‍ കിടക്കുമ്പോള്‍ ബുദ്ധദര്‍ശനങ്ങളുടെ മോക്ഷമാര്‍ഗം ഉപദേശിക്കാനായി ഉപഗുപ്തന്‍ എത്തുന്നു.
”ഉടഞ്ഞ ശംഖു പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തട പോലെയും തിളങ്ങുമസ്ഥി ഖണ്ഡങ്ങള്‍ ,
അവയവശിഷ്ടങ്ങളായടിഞ്ഞു
കിടക്കുന്നുണ്ടൊ-
ട്ടവിടവിടെ മറഞ്ഞും മറയാതെയും, അരയാല്‍ത്തറവരെയും വടക്കുനിന്നെത്തുന്ന
കാല്‍-
പ്പെരുമാറ്റം കുറഞ്ഞ പാഴ്‌നടക്കാവിന്റെ പരിസരങ്ങളില്‍ ഭസ്മപ്പാത്തികള്‍ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി ഉടലെടുത്തനരന്മാര്‍ക്കൊന്നുപോലേവര്‍ക്കും ഭോജ്യം-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം
ഇടമിതിഹ ലോകത്തില്‍ പരമാവധിയാണൊരു ചുടുകാടാണതു ചൊല്ലാതറിയാമല്ലോ”. എന്ന ചുടുകാട് വര്‍ണ്ണന കരുണയിലേതാണ് . കത്തിത്തീരാത്ത ചിതയിലെ പുകയും കൊത്തിനുറുക്കിയിട്ട ശരീരവും ശവശരീരങ്ങള്‍ കൊത്തിവലിക്കുന്ന കഴുകന്മാരും മലങ്കാക്കകളും കത്തിത്തീരാത്ത ചിതയില്‍ നിന്ന് ശവം മാന്തിയെടുക്കാനെത്തുന്ന കൂറ്റന്‍ കുറുനരിയുമൊക്കെയുള്ള ശ്മശാന വര്‍ണ്ണന ഭയാനകമാണ്.
”സാരമില്ലെടോ, നിന്‍ നഷ്ടം സഹജേ, നൊടിയില്‍ ഗുരു
കാരുണിയാല്‍ നിനക്കിന്നു കൈക്കലാമല്ലോ
ചോരനപഹരിക്കാത്ത ശാശ്വതശാന്തി ധനവും
മാരനെയ്താല്‍ മുറിയാത്ത മന:ശോഭയും കരയായ്ക ഭഗിനി, നീ കളക ഭീരുത, ശാന്തി
വരും നിന്റെ വാര്‍ നെറുക ഞാന്‍ തലോടുവന്‍
ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ് ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കയ്യാല്‍” എന്ന് സമാശ്വസിപ്പിച്ചും
”ഭുക്ത ഭോഗയായ് സഹിച്ച
പരിവേദനയാല്‍ പാപ-
മുക്തയായി, സഹജേ, നീ മുക്തി പാത്രമായി,
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രമിക്കുക പവിത്രയായി
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!” എന്ന് മോക്ഷമാര്‍ഗം ഉപദേശിച്ച്, കൊത്തി നുറുക്കിയ ശരീരത്തില്‍ നിന്നും പ്രാണനറ്റു പോകുമ്പോള്‍ കണ്ണുനീരോടെ മടങ്ങുന്ന ഉപഗുപ്തനിലൂടെ കുമാരനാശാന്‍ വായനക്കാരെ ശൃംഗാര ബീഭത്സ കരുണ രസങ്ങളിലൂടെ ശമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

ഇനി നമുക്ക് ടി. പത്മനാഭന്റെ ‘ഗൗരി’യിലേക്ക് വരാം.ഒരാഴ്ച നേപ്പാളില്‍ താമസിക്കാനെത്തുന്ന
നായികാനായകന്മാര്‍ ഒരു വൈകുന്നേരം പശുപതിനാഥ ക്ഷേത്രത്തിലേക്ക് പോകുന്നു. ക്ഷേത്രത്തിന്റെ പിറകിലെ വലിയ കല്‍ക്കെട്ടില്‍ ചരിച്ചു പണിത പടവുകളിലൂടെ ബാഗ്മതീനദിക്കരയിലേക്ക്
ഇറങ്ങിച്ചെല്ലുന്നു. ബാഗ്മതിയുടെ കരയിലെ ചിതകളില്‍ ശവമെരിയുന്ന ദൃശ്യങ്ങള്‍ നായിക നിശ്ചലയായി നോക്കിനില്‍ക്കുന്നു. ശബ്ദമുണ്ടാക്കിക്കൊണ്ട് എരിയുന്ന ചിതകള്‍ നോക്കി സ്തബ്ധയായി നില്‍ക്കുന്ന ഗൗരിയില്‍ കഥ അവസാനിക്കുന്നില്ല.അടുത്ത ദിവസം രാവിലെ അവര്‍ വിമാനത്തില്‍ കയറി ‘പൊഖാറ’ യിലേക്ക് പോകുകയാണ്. നായിക വളരെ ആഹ്ലാദവതിയായി കാണപ്പെടുന്നു.
ശരീരഭാഗങ്ങളരിഞ്ഞ് ദാരുണാവസ്ഥയില്‍
കിടക്കുന്ന വാസവാദത്തക്ക് മോക്ഷമാര്‍ഗ്ഗം ഉപദേശിച്ച ശേഷം
പ്രാണനറ്റ ആ ശരീരം ചിതയിലെരിയുന്നത് കണ്ട് കണ്ണുനീരൊഴുക്കി നിന്ന ഉപഗുപ്തന്‍ കുതിരവണ്ടി വിളിച്ച് എങ്ങോട്ടെങ്കിലും ടൂര്‍ പോയാലെങ്ങനെയിരിക്കും ?! അതുപോലൊരു കാഴ്ചയാണ് പത്മനാഭന്റെ ഗൗരിയിലെ ശ്മശാന ദൃശ്യം സമ്മാനിക്കുന്നത്.


‘മൃത്യുദര്‍ശനമുണ്ടായ മനുഷ്യര്‍ക്ക് ടൂറ് പൊയ്ക്കൂടെ?’ എന്നൊരു ചോദ്യം നിഷ്‌കളങ്കര്‍ക്ക് ചോദിക്കാവുന്നതാണ്.അത്തരക്കാര്‍ക്ക് കുമാരനാശാനേയും ബഷീറിനേയുമൊക്കെ വായിച്ച് നില മെച്ചപ്പെടുത്താവുന്നതാണ്.
പ്രസ്തുത ദൃശ്യം
ഉള്ളുരുക്കുന്ന നൊമ്പരമായോ ജ്ഞാനമായോ തത്വചിന്തയായോ വായനക്കാരെ സ്പര്‍ശിക്കുന്നില്ല എന്ന കാര്യം ബോധമുള്ളവര്‍ക്ക് വേറാരും പറയാതെ തന്നെ മനസിലാവും .

ചില സത്യങ്ങള്‍

നിരൂപണം വായിക്കുമ്പോള്‍ ഗംഭീര കഥയായി തോന്നുന്ന ഗൗരി എന്ന കഥ,
കഥാവായനയില്‍ അങ്ങനെയൊരു അനുഭവമല്ല തരുന്നത്. നിരൂപണത്തിന്റെ തുടക്കത്തില്‍ കെ.പി. അപ്പന്‍ ഒരു അര്‍ദ്ധസത്യം പറയാന്‍ ശ്രമിക്കുന്നുണ്ട്.”അയാള്‍, ഞാന്‍ എന്നീ രൂപങ്ങള്‍ നിരന്തരം കടന്നുവരുന്നതിനാല്‍ കഥകള്‍ എല്ലാം ഒരുപോലെയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാം.” എന്നാല്‍ തൊട്ടടുത്ത് നിമിഷം താന്‍ ടി.പത്മനാഭന്റെ ഗൗരിയെന്ന കഥയ്ക്ക് ഒരു മണ്ഡന നിരൂപണമാണല്ലോ എഴുതിക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവിലാവാം അദ്ദേഹം എന്നാല്‍ അതങ്ങനെയല്ല എന്ന് തിരുത്തുന്നുണ്ട്. ”അതൊരു നൈരന്തര്യമാണ്. മനുഷ്യനെയും അവന്റെ ലോകത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠമായ ജിജ്ഞാസയാല്‍ പത്മനാഭന്റെ കലാപ്രതിഭ ആയാള്‍,ഞാന്‍ എന്നീ രൂപങ്ങളുടെ സാംസ്‌കാരികമായ സാധ്യത അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.ഇവിടെ കഥകള്‍ അന്തര്‍മുഖ യാത്രകളാവുകയാണ്. ഇതിലൂടെ ഈ ലോകം വളരെയേറെ സങ്കീര്‍ണ്ണമാണ്, വൈരുദ്ധ്യാത്മകമാണ്, കാവ്യാത്മകമായ ജ്ഞാനം നിറഞ്ഞതാണ് എന്നൊക്കെ പത്മനാഭന്‍ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.” എന്ന് പറഞ്ഞ്
പത്മനാഭന്‍ കഥകളെ നിരൂപകന്‍ ഉന്നതമായ ഒരു തലത്തിലേക്കുയര്‍ത്തുന്നു.
ഇവിടെ’അയാള്‍’ , ‘ഞാന്‍’ എന്നീ സര്‍വനാമങ്ങള്‍ ആഖ്യാതാവായി വരുന്നതു കൊണ്ടല്ല പത്മനാഭന്‍ കഥകള്‍ ഒരുപോലെയായി ആളുകള്‍ക്ക് തോന്നുന്നത്. എല്ലാ കഥകളിലും നായികയേക്കാള്‍ പ്രായക്കൂടുതലുള്ള നായകന്‍, ‘കുട്ടി’ആയ നായിക, ഒരേ ടൈപ്പ് പ്രണയം, നായികാനായകന്മാര്‍ സമാന കാരണങ്ങളാല്‍ വേര്‍പിരിയുന്നത് ,
ആവിഷ്‌കരണത്തിലെയും ഭാഷയിലെയും കൃത്രിമത്വം എന്നിങ്ങനെ ആ കഥകളെ ഒരുപോലെയായി തോന്നിപ്പിക്കുന്ന ഒരുപാട് ഘടകങ്ങങ്ങളുണ്ട്. ‘അയാളും’, ‘ഞാനും’ ആഖ്യാതാവായെത്തുന്ന എത്രയോ കഥകളുണ്ട്.വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതാണ്ടെല്ലാ
കഥകളിലെയും ആഖ്യാതാക്കള്‍ ‘ഞാനും’,
‘അയാളു’മായിട്ടും ആ കഥാലോകം എത്ര വൈവിധ്യം നിറഞ്ഞതാണ് ! അങ്ങനെ നോക്കുമ്പോള്‍ ടി പത്മനാഭന്റെ കഥയും കെ.പി.അപ്പന്റെ നിരൂപണവും തമ്മില്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് കാണാം. എത്രയൊക്കെ വാഴ്ത്തിപ്പാടിയാലും സത്യത്തിന്റെ മുഖം എന്നായാലും വെളിപ്പെടുക തന്നെ ചെയ്യും.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x