
ഷൂബ. കെ. എസ്.
Published: 10 February 2026 കവര്‍സ്റ്റോറി
മുന്നുര
February 10, 2026
ഗുരു കണ്ടന്റ് പ്രൊവൈഡർ ആയി മാറുമ്പോൾ പ്രണയം വിലയേറിയ കണ്ടൻ്റ് ആയി മാറുമ്പോൾ
(വിദ്യാഭ്യാസത്തെയും ലൈംഗികതയെയും കുറിച്ച്)
സംഗ്രഹം
വിദ്യാഭ്യാസത്തെയും പ്രണയത്തെയും വെറും അറിവ് പകരലായോ വികാരമായോ കാണാതെ, അവയെ സാമൂഹിക പുനര്‍നിര്‍മ്മാണത്തിനുള്ള ‘ഉത്പാദന പ്രക്രിയ’ (Production Process) ആയി ഈ പഠനം വിശകലനം ചെയ്യുന്നു. ഉത്പാദനത്തെ നിര്‍ണ്ണയിക്കുന്ന ഏഴ് ഘടകങ്ങള്‍ ഉപയോഗിച്ചാണ് (ഉത്പാദകന്‍, ഉപകരണം, പ്രക്രിയ, ഉല്‍പ്പന്നം, സംഭരണം, വിതരണം, ഉപയോഗം) ഈ അപഗ്രഥനം നടത്തിയിരിക്കുന്നത്.
1. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയവും ചരിത്രവും
* ഉത്പാദന മാതൃക: വിദ്യാഭ്യാസം എന്നത് സാംസ്‌കാരികഭാവിയിലേക്കുള്ള ഒരു ഗതാഗതസംവിധാനമാണ്. ഇവിടെ അറിവ് നിര്‍മ്മിക്കപ്പെടുന്നത് അധ്യാപകന്റെയും വിദ്യാര്‍ത്ഥിയുടെയും സംവാദത്തിലൂടെയാണ്.
* ചരിത്രപരമായ വായന: ബ്രാഹ്മണമത കാലത്തെ ഗുരുകുലവിദ്യാഭ്യാസം അറിവിനെ ജാതിയുടെ അതിരുകള്‍ക്കുള്ളില്‍ തളച്ചിട്ടു. എന്നാല്‍ ഇതിനെതിരെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ബൗദ്ധവിദ്യാഭ്യാസം സമത്വത്തിലും സംവാദത്തിലും ഊന്നല്‍ നല്‍കി നളന്ദയെയും തക്ഷശിലയെയും പോലുള്ള വിശ്വവിദ്യാലയങ്ങള്‍ സൃഷ്ടിച്ചു.
* ബ്രിട്ടീഷ് സ്വാധീനം: ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഒരു ‘ക്ലറിക്കല്‍’ വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗിച്ചു. മെക്കാളെ മുന്നോട്ടുവെച്ച ‘ഡൗണ്‍വേര്‍ഡ് ഫില്‍ട്ടറേഷന്‍’ തിയറി സാധാരണക്കാര്‍ക്ക് അറിവ് നിഷേധിക്കുന്ന ഒന്നായിരുന്നു.
* നവോത്ഥാനം: അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും ഊരൂട്ടമ്പലം ലഹളയും വിദ്യാഭ്യാസത്തിനായുള്ള അവകാശം ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റി. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ അറിവിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു.
2. ഡിജിറ്റല്‍ മുതലാളിത്തവും വിദ്യാഭ്യാസവും
* കമ്പോളവല്‍ക്കരണം: നവലിബറല്‍ നയങ്ങള്‍ വിദ്യാഭ്യാസത്തെ ഒരു കമ്പോള ചരക്കാക്കി മാറ്റി. മില്‍ട്ടണ്‍ ഫ്രീഡ്മാനെപ്പോലുള്ളവര്‍ മത്സരത്തിലൂടെ മാത്രമേ ഗുണനിലവാരം ഉണ്ടാവൂ എന്ന് വാദിച്ചപ്പോള്‍, ഗാരി ബെക്കര്‍ മനുഷ്യനെ വെറും ‘മൂലധനമായി’ (Human Capital) കണ്ടു.
* പ്ലാറ്റ്ഫോം മുതലാളിത്തം: ഡിജിറ്റല്‍ കാലത്ത് അറിവ് ‘ഡാറ്റാ ഖനന’ത്തിനുള്ള (Data Mining) മാര്‍ഗ്ഗമായി മാറി. അധ്യാപകന്‍ ഒരു ‘കണ്ടന്റ് പ്രൊവൈഡര്‍’ മാത്രമായി ചുരുങ്ങുകയും അല്‍ഗോരിതങ്ങള്‍ പഠനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
3. പ്രണയവും ലൈംഗികതയും
* ജൈവികമായ അടിത്തറ: പ്രണയം എന്നത് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു ‘ബയോളജിക്കല്‍ ഗ്ലൂ’ ആയി മനുഷ്യപരിണാമത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇത് പിന്നീട് സാംസ്‌കാരികവും സാമ്പത്തികവുമായ വിനിമയ പ്രക്രിയയായി വികസിച്ചു.
* വിപണിയുടെ ഇടപെടല്‍: ഡിജിറ്റല്‍ മുതലാളിത്തം പ്രണയത്തെ ഡാറ്റയാക്കി മാറ്റി. ഹെര്‍ബര്‍ട്ട് മര്‍ക്യൂസ് പറയുന്ന ‘റിപ്രസീവ് ഡിസബ്ലിമേഷന്‍’ എന്ന അവസ്ഥയിലൂടെ ലൈംഗിക സ്വാതന്ത്ര്യം എന്ന പേരില്‍ മനുഷ്യന്‍ വിപണിയുടെ അടിമയായി മാറുന്നു. ഡേറ്റിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയും പ്രണയത്തെ ലാഭമുണ്ടാക്കാനുള്ള ഒരു മേഖലയാക്കി മാറ്റി.
4. കാമസൂത്രവും വെന്‍ഡി ഡോണിഗറും – ഒരു വിമര്‍ശനം
* അധികാരവും ആസക്തിയും: വാത്സ്യായനന്റെ കാമസൂത്രം അറിവിനെ ഒരു ‘ലൈഫ് സ്‌റ്റൈല്‍ ഗൈഡ്’ ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമായ ‘നാഗരികന്‍’ പണമുള്ള ഉപരിവര്‍ഗ്ഗപുരുഷനാണ്.
* ചരക്കുവല്‍ക്കരണം: ശരീരത്തെ അളവുകളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിലൂടെ പ്രണയം ഒരു യാന്ത്രികപൊരുത്തമായി മാറുന്നു. വെന്‍ഡി ഡോണിഗറെപ്പോലുള്ളവര്‍ ഇതിനെ സ്ത്രീപക്ഷമെന്ന് വാദിക്കുമ്പോഴും, യഥാര്‍ത്ഥത്തില്‍ ഇത് ലൈംഗികതയെ പണമായും അധികാരമായും മാറ്റുന്ന അര്‍ത്ഥശാസ്ത്ര രീതിയാണ് പിന്തുടരുന്നത്.
ചുരുക്കത്തില്‍, അറിവിനെയും പ്രണയത്തെയും അവയുടെ ജൈവികവും വിമോചനപരവുമായ ഉത്പാദന ചക്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് ബ്രാഹ്മണ്യവും ഡിജിറ്റല്‍ മുതലാളിത്തവും ചെയ്യുന്നത്. ഇവ രണ്ടും അറിവിനെ തടവിലാക്കുന്ന അധിനിവേശ മാതൃകകളാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.]
ആമുഖം
സൂര്യപുത്രിയായ തപതിയുടെയും സൂര്യപത്‌നിയായ സംജ്ഞയുടെയും കഥകളില്‍ ഏറ്റവും കൗതുകകരമായ ഒന്നാണ് വിശ്വകര്‍മ്മാവ് സൂര്യനെ ചെത്തിമിനുക്കിയ സംഭവം. വിഷ്ണുപുരാണത്തിലും മാര്‍ക്കണ്ഡേയപുരാണത്തിലും ഈ കഥ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്ഞയായിരുന്നു സൂര്യദേവന്റെ പത്‌നി. സൂര്യന്റെ അമിതമായ ചൂടു സഹിക്കാന്‍ സംജ്ഞയ്ക്ക് സാധിച്ചില്ല. സൂര്യന്റെ ചൂട് കാരണം അദ്ദേഹത്തെ നോക്കാന്‍ പോലും അവള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇക്കാരണത്താല്‍, തന്റെ നിഴലിനെ (ഛായ) തനിക്ക് പകരമായി സൂര്യന്റെ അടുത്തു നിര്‍ത്തിയിട്ട് സംജ്ഞ വനത്തിലേക്ക് തപസ്സിനായി പോയി. ഒരു പെണ്‍കുതിരയുടെ രൂപം സ്വീകരിച്ചാണ് സംജ്ഞ വനത്തില്‍ കഴിഞ്ഞിരുന്നത്.
കാലക്രമേണ ഛായയാണ് തന്റെ കൂടെയുള്ളതെന്ന് സൂര്യന്‍ മനസ്സിലാക്കുകയും സംജ്ഞയെ തേടി വിശ്വകര്‍മ്മാവിന്റെ അടുത്തെത്തുകയും ചെയ്തു. തന്റെ മകള്‍ സൂര്യന്റെ ചൂട് സഹിക്കാനാവാതെയാണ് പോയതെന്ന് വിശ്വകര്‍മ്മാവ് സൂര്യനെ അറിയിച്ചു. സൂര്യന്റെ സമ്മതത്തോടെ, അദ്ദേഹത്തിന്റെ അമിതമായ ചൂട് കുറയ്ക്കാന്‍ വിശ്വകര്‍മ്മാവ് ഒരു വഴി കണ്ടെത്തി.വിശ്വകര്‍മ്മാവ് സൂര്യനെ ഒരു കടച്ചില്‍ യന്ത്രത്തില്‍ (Lathe) കയറ്റി വെച്ച് അദ്ദേഹത്തിന്റെ തേജസ്സിനെ ചെത്തിമിനുക്കാന്‍ തുടങ്ങി. സൂര്യന്റെ ആകെ ചൂടിന്റെ എട്ടിലൊരു ഭാഗം വിശ്വകര്‍മ്മാവ് ചെത്തിമാറ്റി എന്നാണ് പുരാണങ്ങള്‍ പറയുന്നത്.
ഇത്തരത്തില്‍ സൂര്യനെ കൊത്തിമിനുക്കിയെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ രൂപം കൂടുതല്‍ മനോഹരമാവുകയും ചൂട് സഹിക്കാവുന്ന നിലയിലാവുകയും ചെയ്തു. ഇതിനുശേഷമാണ് സൂര്യന്‍ കുതിരയുടെ രൂപം ധരിച്ച് വനത്തില്‍ പോയി സംജ്ഞയെ തിരികെ കൊണ്ടുവരുന്നത്.സൂര്യനില്‍ നിന്ന് ചെത്തിമാറ്റിയ ആ അമിത തേജസ്സ് ഉപയോഗിച്ച് വിശ്വകര്‍മ്മാവ് അതിശക്തമായ പല ആയുധങ്ങളും നിര്‍മ്മിച്ചു. ഇതാണ് കഥ.
സംജ്ഞ എന്ന വാക്കിനര്‍ത്ഥം ഒരു വ്യക്തിയെയോ വസ്തുവിനെയോ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നാമം എന്നാണ്.അടയാളം അല്ലെങ്കില്‍ ചിഹ്നം (Sign/Symbol) എന്നും പറയാം.ലഭ്യമായ വെളിച്ചങ്ങള്‍ വ്യക്തികളെ നിഴലാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതിവെളിച്ചം നിഴലിനെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ദത്തമായ പ്രകൃതിയില്‍ നാം നിര്‍മ്മിതികള്‍ നടത്തുമ്പോള്‍ മാത്രമേ, സൂര്യനെ മുറിച്ച് പണിയായുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മാത്രമേ നാം വെറും ‘മഹാന്മാരും’ ‘നിഴലുക’ളും അല്ലാതായി മാറുകയുള്ളൂ. അങ്ങനെയല്ലാതാകുമ്പോള്‍ നാം നിഴലായിത്തീരുന്ന സംജ്ഞകളാണ്,ഡേറ്റകളാണ്. വിദ്യാഭ്യാസവും പ്രണയവും ഡേറ്റാ വിനിമയമായി മാറുമ്പോഴാണ് പ്രശ്‌നങ്ങളാണ് ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.വിനിമ ഉപകരണങ്ങളുടെ പ0നം എന്ന നിലയിലാണ് വിദ്യാഭ്യാസത്തെയും ലൈംഗികതയെയും ഇവിടെ പഠിക്കുന്നത്.
ഉത്പാദനപ്രത്യുത്പാദന ഘടകങ്ങള്‍ വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ എങ്ങനെ കാണപ്പെടുന്നു, വിദ്യാഭ്യാസം എങ്ങനെ ഉത്പാദനപ്രവര്‍ത്തനമായി മാറുന്നു, ഗുരുകുല-ബൗദ്ധ-നവോത്ഥാന-ഡിജിറ്റല്‍ മുതലാളിത്തകാലവിദ്യാഭ്യാസ സങ്കല്പങ്ങള്‍, ഉത്പ്പാദനപ്രത്യുത്പാദന ഘടകങ്ങള്‍ ലൈംഗിക-പ്രണയ സങ്കല്പങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു. കാമസൂത്രത്തിനു പിന്നിലുള്ള അര്‍ത്ഥശാസ്ത്രം എന്ത്? ഇന്‍ഡോളജിസ്റ്റായ വെന്‍ഡിഡോണിഗര്‍ എന്തുകൊണ്ട് കാമസൂത്രം ഫെമിനിസ്റ്റ് കൃതിയായി കാണുന്നു? ഇതെല്ലാം ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യുന്നു.
1.
ഉത്പാദനപ്രത്യുത്പാദനതലങ്ങളുടെ പരസ്പരബന്ധവും പരസ്പരനിര്‍ണ്ണായകത്വവും വ്യക്തമാകും വിധം ഏഴു ഘടകങ്ങളെ വിശദീകരിച്ചല്ലോ.1.സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍)2.ശരീരം (ഉത്പാദനോപകരണം )3.ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ)4.കുഞ്ഞുങ്ങള്‍ ( ഉത്പന്നം)5.സംരക്ഷണം (സംഭരണം)6.കൊത്തിപ്പിരിക്കല്‍ (വിതരണം)7.മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ (ഉപയോഗം)
ഇവയായിരുന്നു അവ. ഇവയില്‍ ആറാമതായി വിശദീകരിച്ച,
”കൊത്തിപ്പിരിക്കല്‍ (വ്യക്തിത്വ രൂപീകരണം, റോഡ്, സഞ്ചാര ഉപകരണങ്ങള്‍, വിദ്യാഭ്യാസം) – ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍
[കുട്ടികളുടെ സ്വന്തം ജീവിതം തുടങ്ങുന്ന ഘട്ടം. സര്‍ഗ്ഗാത്മകവും വ്യതിരിക്തവുമായ ലക്ഷ്യത്തിനായി യാത്രാ സംവിധാനങ്ങളും വിദ്യാഭ്യാസവും മറ്റും രൂപപ്പെടുന്നു.വ്യക്തിത്വ രൂപീകരണം (വ്യക്തിത്വ വികസനം) -സ്വതന്ത്രമായി ജീവിക്കാന്‍ വേണ്ട മാനസിക തയ്യാറെടുപ്പ് -റോഡുകള്‍/സഞ്ചാര ഉപകരണങ്ങള്‍ (റോഡുകള്‍/ഗതാഗതം)പുതിയ ഇണകളെ കണ്ടെത്താനും പുതിയ തൊഴിലിടങ്ങളില്‍ എത്തിച്ചേരാനും ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ – ഇവയെല്ലാം രൂപപ്പെടുന്നു.]”
-ഈ വിഭാഗത്തിലാണ് വിദ്യാഭ്യാസത്തെ ഉള്‍പ്പെടുത്തിയത്.അതായത് വിദ്യാഭ്യാസമെന്നത് സാംസ്‌കാരിക ഭാവിചരിത്രത്തിലേക്കുള്ള ഗതാഗത സംവിധാനമാണ്. പുതിയ ഇടങ്ങളുടെ നിര്‍മ്മാണവും പുതിയ ഇടങ്ങളിലേക്കുള്ള സഞ്ചാരവുമാണ്. മനുഷ്യന്‍ നിര്‍മ്മിക്കുന്ന അറിവുകള്‍ മനുഷ്യന്റെ പുനര്‍നിര്‍മ്മാണഉപയോഗത്തിനു വേണ്ടി വിതരണം ചെയ്യുന്ന ലോജിസ്റ്റിക് സംവിധാനമാണ് വിദ്യാഭ്യാസം. അറിവ് പുനര്‍നിര്‍മ്മിക്കപ്പെടാതെ, എല്ലാര്‍ക്കും തുല്യമായി വിതരണം ചെയ്യപ്പെടാതെ കെട്ടിക്കിടക്കുമ്പോള്‍ അമ്മയുടെ ചിറകിനടിയിലോ നിശ്ചിതജാതിസമൂഹങ്ങളിലോ പണമുള്ളവരുടെ ഭണ്ഡാരശാലകളിലോ കെട്ടിക്കിടക്കുമ്പോള്‍ വളര്‍ച്ച മുരടിച്ച മനുഷ്യരുടെ ആതുരാലയങ്ങളായി സമൂഹം മാറുന്നു. സ്വന്തം ചിറകുകള്‍ ഉണ്ടാക്കാനായി കുട്ടികളെ അമ്മയുടെ ചിറകിനടിയില്‍ നിന്നും കൊത്തിപ്പിരിക്കുന്ന പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം.
ഈ വിദ്യാഭ്യാസത്തിനു തന്നെയും മേല്‍ പറഞ്ഞ പ്രത്യുത്പാദന- ഉത്പാദന ഘടകങ്ങള്‍ ഉണ്ട്.
പ്രത്യുത്പാദനം (Biological Reproduction), സാമ്പത്തിക ഉത്പാദനം (Economic Production) എന്നീ രണ്ട് പ്രക്രിയകളെയും സമന്വയിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയെ എഴ് ഘടകങ്ങളിലൂടെ താഴെ പറയും വിധം വിശദീകരിക്കാം:
വിദ്യാഭ്യാസത്തെ കേവലം അറിവ് പകരലായല്ല, മറിച്ച് ഒരു ഉത്പാദന പ്രക്രിയ ആയിട്ടാണ് ഇവിടെ കാണുന്നത്.
1. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം (ഉത്പാദകന്‍ / നിര്‍മ്മാതാവ്)
പ്രത്യുത്പാദനത്തില്‍ സ്ത്രീ-പുരുഷന്മാരും സാമ്പത്തികത്തില്‍ ഉല്‍പ്പാദകരും വഹിക്കുന്ന പങ്കാണ് വിദ്യാഭ്യാസത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും നിര്‍വ്വഹിക്കുന്നത്.
* വിശദീകരണം: അറിവ് എന്ന ഉല്‍പ്പന്നം സൃഷ്ടിക്കുന്നത് അധ്യാപകന്റെയും വിദ്യാര്‍ത്ഥിയുടെയും വിവരങ്ങളും (Resources) പഠിക്കാനുള്ള താല്പര്യവും ഒന്നിക്കുന്നു. ഇവിടെ അധ്യാപകന്‍ അറിവ് കൈമാറുകയല്ല ചെയ്യുന്നത്. രണ്ടു പേരും ചേര്‍ന്നു അറിവു നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.
2. ബൗദ്ധികവും ഭൗതികവുമായ ശേഷികള്‍ (ഉത്പാദനോപകരണം)
ശരീരം എന്ന ജൈവോപകരണവും യന്ത്രങ്ങള്‍ എന്ന സാമ്പത്തിക ഉപകരണവും പോലെ വിദ്യാഭ്യാസത്തില്‍ മസ്തിഷ്‌കവും വിനിമയ ഉപാധികളും പ്രവര്‍ത്തിക്കുന്നു.
* വിശദീകരണം: അധ്യാപകന്റെയും വിദ്യാര്‍ത്ഥിയുടെയും ചിന്താശേഷി, ശ്രദ്ധ, ഓര്‍മ്മശക്തി എന്നിവയാണ് പ്രാഥമിക ഉപകരണങ്ങള്‍. കൂടാതെ ചോക്ക്, ബ്ലാക്ക് ബോര്‍ഡ്, പുസ്തകങ്ങള്‍ മുതല്‍ ആധുനിക കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും വരെ അറിവ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളായി (Tools) മാറുന്നു.
3. ബോധന-പഠന പ്രവര്‍ത്തനങ്ങള്‍ (ഉത്പാദന പ്രക്രിയ)
ലൈംഗിക പ്രവര്‍ത്തനത്തിലൂടെ പുതിയ ജീവന്‍ രൂപപ്പെടുന്നതും അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പ്പന്നമാകുന്നതും പോലെ ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പ്രക്രിയയായി മാറുന്നു.
*വിശദീകരണം: ലക്ചറിംഗ്, ഗ്രൂപ്പ് ചര്‍ച്ചകള്‍, പ്രായോഗിക പരീക്ഷണങ്ങള്‍, പ്രോജക്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിവരങ്ങളെ (Information) വിശകലനം ചെയ്ത് അറിവായി (Knowledge) മാറ്റുന്ന പ്രക്രിയയാണിത്. അധ്യാപകനുള്ള വിവരം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന പ്രവര്‍ത്തനമല്ല അത്. വിദ്യാര്‍ത്ഥികള്‍ മാത്രമായി അറിവുണ്ടാക്കുകയുമല്ല. സ്ത്രീയും പുരുഷനും തുല്യമായി ഇടപെടുന്നതാണ് ലൈംഗിക പ്രക്രിയ എന്നു പറയുപോലെയാണത്.
4. അറിവ്(ഉല്‍പ്പന്നം)
പ്രത്യുത്പാദനത്തിലെ കുഞ്ഞുങ്ങളും വ്യവസായത്തിലെ ഉല്‍പ്പന്നങ്ങളും പോലെ പഠന പ്രക്രിയയുടെ ഫലമാണിത്.
* വിശദീകരണം: പരീക്ഷാഫലങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ ഈ ഉല്‍പ്പന്നത്തിന്റെ ഭൗതിക രൂപങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥ ഉല്‍പ്പന്നം എന്നത് വിദ്യാര്‍ത്ഥിയില്‍ രൂപപ്പെട്ട ആശയ വ്യക്തതയും (Concepts), കഴിവുകളുടെ നിര്‍മ്മാണവും,പ്രശ്‌നപരിഹാര ശേഷിയും, പുതിയ ജീവിതവീക്ഷണവുമാണ്.
5. യൂണിവേഴ്‌സിറ്റികളും പാഠ്യപദ്ധതിയും (സംഭരണം / സംരക്ഷണം)
കുഞ്ഞുങ്ങള്‍ക്കുള്ള സംരക്ഷണവും ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്റ്റോറേജും പോലെ സര്‍വ്വകലാശാലകളും ലൈബ്രറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
* വിശദീകരണം: ആര്‍ജ്ജിച്ച അറിവ് വിസ്മൃതിയിലാകാതെ പുസ്തകങ്ങളായും ഡിജിറ്റല്‍ ഡാറ്റയായും പാഠ്യപദ്ധതിയായും (Curriculum) സൂക്ഷിക്കുന്നു. വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും അറിവിനെ സുരക്ഷിതമായി പരിപാലിക്കുന്ന ‘സംഭരണ ഇടങ്ങള്‍’ (Knowledge Repositories) കൂടിയാണ്. എന്നാല്‍ അറിവ് പുനര്‍നിര്‍മ്മിക്കപ്പെടാതെയും തുല്യമായി വിതരണം ചെയ്യപ്പെടാതെയും ഇരിക്കുമ്പോള്‍, അധ്യാപക നിയമനങ്ങളില്‍ തുല്യതയില്ലാതെ വരുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ അറിവിന്റെ ശവമാടങ്ങളായി മാറുകയും അധ്യാപകര്‍ അതിന്റെ കാവല്‍ക്കാരായി മാറുകയും ചെയ്യും. പാഠ്യപദ്ധതി പുനര്‍നിര്‍മ്മാണരമാകണം. വംശപരവും ലിംഗപരവും ഉപകരണപരവുമായ പാഠ്യപദ്ധതികള്‍ അറിവിനെ സംഭരണ ഇടങ്ങളില്‍ കെട്ടിക്കിടക്കാന്‍ പ്രേരിപ്പിക്കും.
6. ആശയ വിനിമയവും പ്രയോഗവും (വിതരണം / കൊത്തിപ്പിരിക്കല്‍)
കുഞ്ഞുങ്ങള്‍ സ്വതന്ത്രരായി മാറുന്നതും (Fledging) ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതും പോലെയാണിത്.
* വിശദീകരണം: അധ്യാപകന്‍ തന്റെ ഭാവി വിദ്യാര്‍ത്ഥി സ്ഥലകാലങ്ങളുമായി ഇടപ്പെട്ട് രൂപപ്പെടുന്ന ആശയം വിദ്യാര്‍ത്ഥി തന്റെ ഭാവി സ്ഥലകാലങ്ങളിലേക്ക് വിതരണം ചെയ്യുകയാണ്. പഠനം ക്ലാസുമുറിയില്‍ പൂര്‍ത്തിയാകുകയല്ല, നിര്‍മ്മിതി പ്രക്രിയ തുടങ്ങുകയാണ്.തന്റെ അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നു. ആശയവിനിമയ ഭാഷയിലൂടെയും, സെമിനാറുകളിലൂടെയും, തൊഴില്‍പരമായ ഇടപെടലുകളിലൂടെയും അറിവ് വിതരണം ചെയ്യപ്പെടുന്നു. വിദ്യാലയത്തില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് വിദ്യാര്‍ത്ഥി ഇറങ്ങിച്ചെല്ലുന്നത് ‘കൊത്തിപ്പിരിക്കലിന്’ തുല്യമാണ്. വിദ്യാഭ്യാസം ഒരു പ്രവര്‍ത്തനമാണ്. ക്ലാസ് മുറിയില്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന ഒന്നല്ല വിദ്യാഭ്യാസം.
7. സാമൂഹിക പക്വതയും വളര്‍ച്ചയും (ഉപയോഗം )
വ്യക്തികള്‍ മുതിരുന്നതു പോലെയും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നതും പോലെയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇവിടെ പൂര്‍ത്തിയാകുന്നു.
* വിശദീകരണം: വിദ്യാഭ്യാസം നേടിയ വ്യക്തി ഒരു സാമൂഹിക ചിന്തകനായും സാമൂഹിക പ്രവര്‍ത്തകനായും സമൂഹത്തിന് ഉപകാരപ്രദമായ വിഭവമായും മാറുന്നു. ആര്‍ജ്ജിച്ച അറിവ് സമൂഹത്തിന്റെ പുരോഗതിക്കായി (Social Progress) ഉപയോഗിക്കപ്പെടുന്നു. അറിവിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നതിലൂടെ ഒരു വിദ്യാര്‍ത്ഥി തന്നെ ഭാവിയിലെ ‘ഉല്‍പ്പാദകനായി’ പരിണമിക്കുന്നതോടെ ഈ ചക്രം പൂര്‍ത്തിയാകുന്നു.
ഈ ഏഴ് ഘടകങ്ങളും ഒത്തുചേരുമ്പോഴാണ് വിദ്യാഭ്യാസം എന്നത് ഒരു കേവല ചടങ്ങെന്നതിനപ്പുറം, ഉപരിവര്‍ഗ്ഗ പ്രവര്‍ത്തനമെന്നതിനപ്പുറം സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ആവശ്യമായ ഒരു ‘പുനരുല്‍പ്പാദന പ്രക്രിയ’യായി മാറുന്നത്. എന്നാല്‍ അധീശ സമൂഹങ്ങളിലെ വിദ്യാഭ്യാസ സങ്കല്പം വ്യത്യസ്തമായി മാറുന്നു. ഏതാണ്ട് ബൗദ്ധകാലത്തും ഏതാണ്ട് നവോത്ഥാനകാലത്തും പുനരുത്പാദനവിദ്യാഭ്യാസസങ്കല്പത്തെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് കാണാം.ബ്രാഹ്മണമതത്തിന്റെ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബൗദ്ധ വിദ്യാഭ്യാസം. ബ്രാഹ്മണമതകാലത്തിന്റെ മറ്റൊരു തരം ആവര്‍ത്തനമാണ് മുതലാളിത്തവിദ്യാഭ്യാസ സങ്കല്പത്തില്‍. ഇതു പരിശോധിക്കാവുന്നതാണ്.
2
ഇന്ത്യയുടെ വിദ്യാഭ്യാസചരിത്രത്തെയാണ് ഈ ഭാഗത്ത് പരിശോധിക്കുന്നത്.
ബ്രാഹ്മണമതത്തിന്റെ ഗുരുകുലവിദ്യാഭ്യാസം
പ്രാചീന ഇന്ത്യയിലെ വിദ്യാഭ്യാസ രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്രാഹ്മണമതത്തെ അടിസ്ഥാനമാക്കിയുള്ള ഗുരുകുല വിദ്യാഭ്യാസം. ‘ഗുരുവിന്റെ കുലം’ (കുടുംബം) എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ശിഷ്യര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതിയാണിത്. കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഉപനയനം എന്ന ചടങ്ങോടു കൂടിയാണ്. എട്ട് വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കാലയളവിലാണ് സാധാരണയായി കുട്ടികളെ ഗുരുകുലത്തില്‍ അയച്ചിരുന്നത്. ഉപനയനത്തിന് ശേഷം കുട്ടിയെ ‘ദ്വിജന്‍’ (രണ്ടാമത് ജനിച്ചവന്‍) എന്ന് വിളിക്കുന്നു.ഗുരുകുലത്തില്‍ ശിഷ്യര്‍ കര്‍ശനമായ അച്ചടക്കം പാലിക്കണമായിരുന്നു.വിദ്യാര്‍ത്ഥികള്‍ ബ്രഹ്മചര്യം പാലിക്കണം.ലളിതമായ ജീവിതം നയിക്കുകയും ഇന്ദ്രിയനിഗ്രഹം പാലിക്കുകയും വേണം. ശിഷ്യര്‍ ഗ്രാമങ്ങളില്‍ പോയി ഭിക്ഷാടനം നടത്തി വേണം ഗുരുകുലത്തിലേക്കുള്ള ഭക്ഷണം കണ്ടെത്താന്‍. വിദ്യ അഭ്യസിക്കുന്നതിനൊപ്പം ഗുരുവിന്റെ വീട്ടുജോലികള്‍ ചെയ്യുന്നതും പശുക്കളെ മേയ്ക്കുന്നതും ശിഷ്യരുടെ കടമയായിരുന്നു.ബ്രാഹ്മണമതത്തെ അടിസ്ഥാനമാക്കിയുള്ളതുകൊണ്ട് വൈദിക സാഹിത്യത്തിനായിരുന്നു മുന്‍ഗണന.ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം തുടങ്ങിയവ.ശിക്ഷ (ഉച്ചാരണശാസ്ത്രം), കല്പം (കര്‍മ്മശാസ്ത്രം), വ്യാകരണം, നിരുക്തം (ഭാഷാശാസ്ത്രം), ഛന്ദസ്സ് (കാവ്യശാസ്ത്രം), ജ്യോതിഷം തുടങ്ങിയവയും തര്‍ക്കശാസ്ത്രം, ദര്‍ശനങ്ങള്‍ (Philosophy), ധര്‍മ്മശാസ്ത്രങ്ങള്‍ എന്നിവയും പഠിപ്പിച്ചിരുന്നു.ബോധനരീതി (Teaching Methodology) വാമൊഴിയാണ്.ലിഖിത രൂപത്തേക്കാള്‍ ഉപരിയായി വാമൊഴി (Oral Tradition) വഴിയാണ് വിദ്യ കൈമാറിയിരുന്നത്. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു.ശ്രവണം: ഗുരു മന്ത്രിക്കുന്ന വേദഭാഗങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.മനനം: കേട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയുടെ അര്‍ത്ഥം ഗ്രഹിക്കുകയും ചെയ്യുക.നിദിധ്യാസനം: പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം പിതാവും മകനും തമ്മിലുള്ള ബന്ധത്തിന് സമാനമായിരുന്നു. ശിഷ്യന്റെ ബുദ്ധിപരമായ വളര്‍ച്ചയ്ക്കൊപ്പം സ്വഭാവരൂപീകരണത്തിലും ഗുരു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ ശിഷ്യന്‍ നല്‍കുന്ന ദക്ഷിണയാണ് ഗുരുദക്ഷിണ.പഠനം പൂര്‍ത്തിയാക്കി ശിഷ്യന്‍ തിരികെ വീട്ടിലേക്ക് പോകുന്ന ചടങ്ങാണ് സമാവര്‍ത്തനം. ഇതോടെ ശിഷ്യന്‍ ബ്രഹ്മചര്യത്തില്‍ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നു.ഈ വിദ്യാഭ്യാസ രീതി പ്രധാനമായും ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടിരുന്നു എന്നത് ഇതിന്റെ ഒരു പ്രധാന സാമൂഹികവശമാണ്.
ബൗദ്ധവിദ്യാഭ്യാസ സങ്കല്പം
പ്രാചീന ഇന്ത്യയിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒന്നാണ് ബൗദ്ധവിദ്യാഭ്യാസ സങ്കല്പം (Buddhist System of Education). ജാതി-മത ചിന്തകള്‍ക്ക് അതീതമായി, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.പ്രധാന ലക്ഷ്യം നിര്‍വാണമാണ്.ജീവിതത്തിന്റെ പരമമായ ലക്ഷ്യമായ നിര്‍വാണം പ്രാപിക്കുക. ഇതു ബ്രാഹ്മണമതത്തിന്റെ ഇഹലോകവിമുക്തിയോ മോക്ഷമോ അല്ല. സാമൂഹികമായ സമഭാവനയുടെ, കരുണയുടെ നിര്‍മ്മിതിയാണ്. ആശാന്റെ കരുണയില്‍ കാണും വിധം ജീവിതത്തിന്റെ ശ്മശാനങ്ങളിലേക്കുള്ള സഞ്ചാരമാണ്.അഹിംസ, സത്യം, വിനയം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തുക മറ്റൊരു ലക്ഷ്യമാണ്.സര്‍വ്വതോമുഖമായ വികാസം – ശാരീരികവും മാനസികവും ധാര്‍മ്മികവുമായ വളര്‍ച്ച – ഉറപ്പാക്കുക എന്നതാണ് നിര്‍ദ്ദേശിക്കുന്നത്.സാമൂഹിക സമത്വം പ്രധാന ലക്ഷ്യമാണ്. ജാതിവ്യവസ്ഥയെ എതിര്‍ത്തുകൊണ്ട് എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുക എന്നതാണ് സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.ബൗദ്ധവിദ്യാഭ്യാസം പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് നടന്നിരുന്നത്:പബ്ബജ (Pabbajja) ആണ് ഒന്നാമത്തേത്.ഇത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കമാണ്. എട്ടു വയസ്സിലാണ് കുട്ടി ഈ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. കുട്ടി തന്റെ കുടുംബം വിട്ട് മഠത്തില്‍ ചേരുന്ന ചടങ്ങാണിത്.
ഉപസമ്പദ (Upasampada) ആണ് മറ്റൊന്ന്.ഇത് ഉന്നത വിദ്യാഭ്യാസത്തിന് ശേഷമുള്ള ഘട്ടമാണ്. 20 വയസ്സ് തികയുമ്പോള്‍, ഒരു സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചടങ്ങാണിത്.ബോധന രീതികള്‍ (Methods of Teaching) പ്രധാനപ്പെട്ടതാണ്.വാമൊഴി വഴിയുള്ള വിദ്യാഭ്യാസത്തിനായിരുന്നു മുന്‍ഗണന.പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ ഇവ രണ്ടും ഉണ്ടായിരുന്നു.ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് ക്ലാസുകള്‍ എടുത്തു നല്‍കുന്നു.സംവാദങ്ങള്‍ (Debates)യുക്തിഭദ്രമായി ചിന്തിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി.ധ്യാനം (Meditation)മനസ്സിന്റെ ഏകാഗ്രതയ്ക്കും ശാന്തിക്കുമായി ധ്യാനം ശീലിപ്പിച്ചു.യാത്രകള്‍ ഒരു പ0ന രീതിയായിരുന്നു. അറിവ് സമ്പാദിക്കുന്നതിനായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.പാഠ്യപദ്ധതി (Curriculum) യും ശ്രദ്ധേയമാണ്.ബൗദ്ധമഠങ്ങളില്‍ മതപരമായ കാര്യങ്ങള്‍ മാത്രമല്ല പഠിപ്പിച്ചിരുന്നത്:
* മതഗ്രന്ഥങ്ങള്‍ (ത്രിപിടകങ്ങള്‍).
* തര്‍ക്കശാസ്ത്രം (Logic), തത്ത്വചിന്ത.
* ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം.
* കാവ്യകലകളും ശില്പകലകളും.
എന്നിവ പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നു.
ലോകപ്രശസ്തമായ സര്‍വ്വകലാശാലകള്‍ ബൗദ്ധ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിലവില്‍ വന്നു:
* നളന്ദ (Nalanda)
* തക്ഷശില (Taxila)
* വിക്രമശില (Vikramshila)
* വല്ലഭി (Vallabhi)
ചുരുക്കത്തില്‍,ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദങ്ങളിലൂടെ അറിവു നിര്‍മ്മിക്കുക, സമത്വവും മാനവികതാബോധവും പ്രപഞ്ചബോധവും സൃഷ്ടിക്കുക എന്നതാണ് ബൗദ്ധവിദ്യാഭ്യാസത്തിന്റെ കാതല്‍. ഇന്നത്തെ ആധുനികവിദ്യാഭ്യാസത്തിലെ പല മൂല്യങ്ങളും (ഉദാഹരണത്തിന്: സാര്‍വത്രിക വിദ്യാഭ്യാസം, സംവാദ രീതികള്‍, പഠനയാത്ര) ബൗദ്ധ വിദ്യാഭ്യാസ രീതിയില്‍ നിന്ന് കടമെടുത്തതാണ്.
ബ്രാഹ്മണമതത്തിലെ ഗുരുകുലവിദ്യാഭ്യാസവും ബുദ്ധമതവിദ്യാഭ്യാസവും തമ്മില്‍ ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്.
ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ താഴെ പറയുന്നവയാണ്:
1. വിദ്യാഭ്യാസ കേന്ദ്രം
* ഗുരുകുല രീതി: ഗുരുവിന്റെ ഭവനമാണ് (കുലം) വിദ്യാലയം. ഇതൊരു കുടുംബ അന്തരീക്ഷത്തിലാണ് നടന്നിരുന്നത്.
* ബുദ്ധരീതി: വിദ്യാലയങ്ങള്‍ വിഹാരങ്ങളോ മഠങ്ങളോ ആയിരുന്നു. ഇവിടെ ധാരാളം അധ്യാപകരും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ഒരുമിച്ച് താമസിക്കുന്ന ഒരു വ്യവസ്ഥാപിത രീതിയായിരുന്നു (Institutionalized system). നളന്ദ, തക്ഷശില തുടങ്ങിയവ ഇത്തരം സര്‍വ്വകലാശാലകളായിരുന്നു.
2. പ്രവേശന യോഗ്യത (അധികാരം)
* ഗുരുകുല രീതി: പ്രധാനമായും ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ ഉപരിവര്‍ണ്ണങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ജാതി വ്യവസ്ഥ കൃത്യമായി പാലിക്കപ്പെട്ടിരുന്നു.
* ബുദ്ധ രീതി: ജാതിഭേദമന്യേ ഏവര്‍ക്കും വിദ്യാഭ്യാസം ലഭ്യമായിരുന്നു. ചണ്ഡാലര്‍ മുതല്‍ രാജകുമാരന്മാര്‍ വരെ ഒരുമിച്ച് വിഹാരങ്ങളില്‍ വിദ്യ അഭ്യസിച്ചിരുന്നു. ഇതൊരു ജനാധിപത്യപരമായ വിദ്യാഭ്യാസ രീതിയായിരുന്നു.
3. പ്രവേശന ചടങ്ങുകള്‍
* ഗുരുകുല രീതി: ഉപനയനം എന്ന ചടങ്ങിലൂടെയാണ് വിദ്യാഭ്യാസം തുടങ്ങുന്നത്.
* ബുദ്ധ രീതി: പബ്ബജ്ജ (Pabbajja) എന്ന ചടങ്ങിലൂടെയാണ് വിദ്യാര്‍ത്ഥി വിഹാരത്തില്‍ ചേരുന്നത്. ഇതിനുശേഷം ഉപസമ്പദ എന്ന ചടങ്ങ് നടത്തി ഭിക്ഷുവായി മാറാം.
4. ഭാഷയും ബോധനരീതിയും
* ഗുരുകുല രീതി: പഠനമാധ്യമം പ്രധാനമായും സംസ്‌കൃതം ആയിരുന്നു. മന്ത്രങ്ങളുടെ ഉച്ചാരണശുദ്ധിക്കായിരുന്നു പ്രാധാന്യം.
* ബുദ്ധ രീതി: സാധാരണക്കാരുടെ ഭാഷയായ പാലി (Pali) ആയിരുന്നു പഠനമാധ്യമം. ചര്‍ച്ചകള്‍ക്കും (Discussions) സംവാദങ്ങള്‍ക്കുമാണ് ബുദ്ധമത പഠനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്.
5. പഠനവിഷയങ്ങള്‍
* ഗുരുകുല രീതി: വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, വ്യാകരണം എന്നിവയിലായിരുന്നു ഊന്നല്‍.
* ബുദ്ധ രീതി: ത്രിപിടകങ്ങള്‍, ബുദ്ധമത തത്വങ്ങള്‍ എന്നിവയ്ക്ക് പുറമെ തര്‍ക്കശാസ്ത്രം (Logic), വൈദ്യശാസ്ത്രം (Medicine), ലോകായതം എന്നിവയും പഠിപ്പിച്ചിരുന്നു.
പ്രാചീന കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തില്‍ ഈ രണ്ട് രീതികളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ ശാലകള്‍ പലപ്പോഴും ഗുരുകുല മാതൃകയിലായിരുന്നെങ്കിലും അവയുടെ ഘടനയില്‍ ബുദ്ധമത വിഹാരങ്ങളുടെ സ്വാധീനവും കാണാന്‍ കഴിയും.പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ശാലകളും വിഹാരങ്ങളും തമ്മിലുള്ള ഈ ജൈവികമായ ബന്ധത്തെയും സ്വാധീനത്തെയും കുറിച്ച് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഗുരുകുല രീതിയിലുള്ള ബ്രാഹ്മണ മേധാവിത്വമുള്ള ശാലകള്‍ രൂപപ്പെടുന്നതിന് മുന്‍പേ കേരളത്തില്‍ നിലനിന്നിരുന്ന ബൗദ്ധവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അവയുടെ ഘടനയെ സ്വാധീനിച്ചിരുന്നു എന്നതിന് വ്യക്തമായ റഫറന്‍സുകള്‍ ലഭ്യമാണ്.ഡോ. എം.ജി.എസ്. നാരായണന്‍ അദ്ദേഹത്തിന്റെ ‘Perumals of Kerala’ എന്ന വിഖ്യാത ഗ്രന്ഥത്തിലും ‘Cultural Symbiosis in Kerala’ എന്ന പുസ്തകത്തിലും കേരളത്തിലെ ശാലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.ദക്ഷിണഭാരതത്തിലെ ‘യൂണിവേഴ്‌സിറ്റികള്‍’ എന്ന് വിളിക്കാവുന്ന കാന്തള്ളൂര്‍ ശാല, പാര്‍ത്ഥിവപുരം ശാല എന്നിവയുടെ ഘടനയില്‍ ബുദ്ധമതവിഹാരങ്ങളുടെയും ജൈനപ്പള്ളികളുടെയും സംഘടനാ മാതൃകകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബൗദ്ധ വിഹാരങ്ങളിലെ ചിട്ടയായ ഭരണസംവിധാനവും (Institutionalized education) ഭക്ഷണവും താമസവും പഠനവും ഒത്തുചേരുന്ന രീതിയും ബ്രാഹ്മണ ശാലകള്‍ പകര്‍ത്തിയതാണ് എന്നു അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സംഘടിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ബുദ്ധമതക്കാരുടേതായിരുന്നു (പള്ളിക്കൂടം എന്ന പേര് തന്നെ പള്ളി എന്ന ബൗദ്ധ/ജൈന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതാണ്). പിന്നീട് രൂപംകൊണ്ട ശാലകള്‍ ഈ പള്ളിക്കൂടങ്ങളുടെ വിപുലമായ രൂപമായിരുന്നു. കാന്തള്ളൂര്‍ ശാലയെ ‘ദക്ഷിണ നളന്ദ’ എന്ന് വിളിക്കുന്നത് തന്നെ അത് ബൗദ്ധ കേന്ദ്രമായ നളന്ദയുടെ വിദ്യാഭ്യാസ നിലവാരവുമായും വിപുലമായ ഘടനയുമായും പുലര്‍ത്തിയിരുന്ന സാമ്യം കൊണ്ടാണ്. ഡോ. കെ.എന്‍. പണിക്കര്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പഠനങ്ങളിലും കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിലെ ബൗദ്ധ-ബ്രാഹ്മണ സംഘര്‍ഷങ്ങളെയും സമന്വയങ്ങളെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
ബ്രാഹ്മണശാലകള്‍ രൂപപ്പെടുന്നതിന് മുന്‍പ് തന്നെ കേരളം ബൗദ്ധ-ജൈന ദര്‍ശനങ്ങളുടെ കേന്ദ്രമായിരുന്നു. ശാലകളിലെ പാഠ്യപദ്ധതിയില്‍ വേദങ്ങള്‍ക്കും സ്മൃതികള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നെങ്കിലും, അവയുടെ ‘റസിഡന്‍ഷ്യല്‍’ സ്വഭാവവും (Residential Schools) സംഘാടന രീതിയും ബൗദ്ധവിഹാരങ്ങളുടെ പരിഷ്‌കരിച്ച രൂപമായിരുന്നു.
ശാലാനിയമങ്ങളും വിഹാര നിയമങ്ങളും
ശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ശാസനകള്‍ (ഉദാഹരണത്തിന് മൂഷികവംശ കാവ്യം, പാലിയം ശാസനം) പരിശോധിച്ചാല്‍ അവയിലെ നിയമങ്ങളില്‍ ബൗദ്ധവിഹാരങ്ങളിലെ വിനയപിടകത്തിലെ അച്ചടക്ക നിയമങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം, ആയുധ പരിശീലനം, തര്‍ക്കശാസ്ത്ര പഠനം എന്നിവയില്‍ ശാലകള്‍ പിന്തുടര്‍ന്ന രീതികള്‍ ബൗദ്ധവിദ്യാഭ്യാസകേന്ദ്രങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഗുരുകുലസമ്പ്രദായം ഒരു ചെറിയ വിഭാഗത്തിന് മാത്രമായി അറിവിനെ പരിമിതപ്പെടുത്തിയപ്പോള്‍, വിഹാരങ്ങള്‍ നല്‍കിയ സാര്‍വ്വത്രികവിദ്യാഭ്യാസ മാതൃക കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ പതുക്കെ ഇല്ലാതായി. വൈദേശിക അധിനിവേശകര്‍ അവരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ സംവിധാനം അവതരിപ്പിച്ചത്.
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സങ്കല്പങ്ങള്‍
ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ വിദ്യാഭ്യാസ നയം കേവലം അറിവ് പകരുക എന്നതിലുപരി, ഭരണപരമായ സൗകര്യങ്ങള്‍ക്കും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. ഇതിനെ പ്രധാനമായും രണ്ട് ഘട്ടങ്ങളായി തിരിക്കാം: ആദ്യകാലത്തെ ഓറിയന്റലിസ്റ്റ് (Orientalist) രീതിയും പില്‍ക്കാലത്തെ ആംഗ്ലിസിസ്റ്റ് (Anglicist) രീതിയും.ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ (18-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 1830-കള്‍ വരെ) നിലനിന്നിരുന്ന സമീപനമാണ് ഓറിയന്റലിസ്റ്റ് (Orientalist) രീതി. ഇന്ത്യയിലെ പരമ്പരാഗത അറിവുകളെയും ഭാഷകളെയും നിലനിര്‍ത്തിക്കൊണ്ട് ഭരണം നടത്താനാണ് ഇവര്‍ ശ്രമിച്ചത്.ഇന്ത്യക്കാരെ അവരുടെ സ്വന്തം സംസ്‌കാരത്തിലൂടെയും ഭാഷയിലൂടെയും വിദ്യാഭ്യാസം നല്‍കി സംതൃപ്തരാക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. ഇത് ഭരണത്തോടുള്ള എതിര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവര്‍ വിശ്വസിച്ചു.സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍ എന്നീ പ്രാചീന ഭാഷകള്‍ക്ക് ഇവര്‍ പ്രാധാന്യം നല്‍കി.1781-ല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് സ്ഥാപിച്ച കല്‍ക്കട്ട മദ്രസ, 1791-ല്‍ ജോനാഥന്‍ ഡങ്കന്‍ സ്ഥാപിച്ച ബനാറസ് സംസ്‌കൃത കോളേജ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വില്ല്യം ജോണ്‍സ് (Sir William Jones), ഹെന്റി തോമസ് കോള്‍ബ്രൂക്ക് തുടങ്ങിയവരായുന്നു നേതൃത്വം. ഇവര്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ച് ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ മുന്‍കൈ എടുത്തു.പൗരസ്ത്യ വിദ്യ (Eastern Knowledge) പാശ്ചാത്യ വിദ്യയേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍ പൗരസ്ത്യ ബ്രാഹ്മണമതപാരമ്പര്യത്തെയാണ്, സവര്‍ണ്ണ പാരമ്പര്യത്തെയാണ് പ്രധാനമായും പൗരസ്ത്യ അറിവ് എന്നു വിളിച്ചത്. അതു അധിനിവേശ വിദ്യാഭ്യാസത്തിന്റെ ഒരു വഴിയായിരുന്നു.1830-കളോടെ ബ്രിട്ടീഷ് നയത്തില്‍ വലിയ മാറ്റമുണ്ടായി. ഇന്ത്യന്‍ അറിവുകള്‍ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതാണെന്നും പാശ്ചാത്യ അറിവുകളാണ് ശ്രേഷ്ഠമെന്നും ഇവര്‍ വാദിച്ചു.ആംഗ്ലിസിസ്റ്റ് (Anglicist) രീതി എന്നു പറഞ്ഞത് ഇതിനെയായിരുന്നു.പാശ്ചാത്യശാസ്ത്രവും സാഹിത്യവും ഇന്ത്യക്കാരെ പഠിപ്പിക്കുക. ഇതുവഴി ബ്രിട്ടീഷ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഉദ്യോഗസ്ഥവര്‍ഗ്ഗത്തെ സൃഷ്ടിക്കുക അതായിരുന്നു ലക്ഷ്യം.വിദ്യാഭ്യാസ മാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു.മെക്കാളെ മിനിറ്റ്സ് (1835) പ്രധാന അധ്യായമാണ്. ലോര്‍ഡ് മെക്കാളെ ഈ ചിന്താഗതിയുടെ പ്രധാന വക്താവായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ നിരീക്ഷണം ഇതായിരുന്നു: ‘യൂറോപ്പിലെ ഒരു നല്ല ലൈബ്രറിയിലെ ഒരു ഷെല്‍ഫ് പുസ്തകങ്ങള്‍ ഇന്ത്യയിലെയും അറേബ്യയിലെയും മൊത്തം സാഹിത്യത്തിന് തുല്യമാണ്.’കുറച്ചുപേര്‍ക്ക് മാത്രം ഉന്നത വിദ്യാഭ്യാസം നല്‍കുകയും അവരിലൂടെ അറിവ് താഴെത്തട്ടിലേക്ക് അരിച്ചെത്തുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ തന്ത്രം.ലോര്‍ഡ് മെക്കാളെ, ചാള്‍സ് ട്രെവലിയന്‍ തുടങ്ങിയവര്‍ ആയിരുന്നു നേതാക്കള്‍.
ലോര്‍ഡ് മെക്കാളെയുടെ സങ്കല്പം ഇതായിരുന്നു: ”രക്തത്തിലും നിറത്തിലും ഇന്ത്യക്കാരും എന്നാല്‍ അഭിരുചിയിലും ധാര്‍മ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗത്തെ സൃഷ്ടിക്കുക.”
കീഴ്ജീവനക്കാരായി ജോലി ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു ക്ലറിക്കല്‍ വിഭാഗത്തെ (Babus) വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.ഡൗണ്‍വേര്‍ഡ് ഫില്‍ട്ടറേഷന്‍ സിദ്ധാന്തം (Downward Filtration Theory) ആണ് പരീക്ഷിച്ചത്.
സമൂഹത്തിലെ ഉയര്‍ന്ന വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം നല്‍കുക, അവരിലൂടെ ആ അറിവ് താഴെത്തട്ടിലുള്ളവരിലേക്ക് അരിച്ചെത്തും എന്നതായിരുന്നു ഈ സിദ്ധാന്തം. ഭൂരിഭാഗം വരുന്ന സാധാരണക്കാര്‍ക്ക് നേരിട്ട് വിദ്യാഭ്യാസം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ താല്പര്യപ്പെട്ടില്ല.വുഡ്സ് ഡെസ്പാച്ച് (Wood’s Despatch, 1854), പ്രൈമറി തലം മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള വിദ്യാഭ്യാസത്തിന് ഒരു വ്യക്തമായ ഘടനയുണ്ടാക്കി.ഓരോ പ്രവിശ്യയിലും പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ (DPI) സ്ഥാപിച്ചു.ലണ്ടന്‍ സര്‍വ്വകലാശാലയുടെ മാതൃകയില്‍ ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നിവിടങ്ങളില്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തു.ബ്രിട്ടീഷ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മതനിരപേക്ഷ വിദ്യാഭ്യാസം (Secular Education) ഔദ്യോഗികമായി സ്വീകരിച്ചപ്പോള്‍ തന്നെ, ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് പാശ്ചാത്യ മൂല്യങ്ങളും മതവും പ്രചരിപ്പിക്കാനുള്ള സൗകര്യം അവര്‍ നല്‍കിയിരുന്നു. ഇത് പരമ്പരാഗത ഗുരുകുല രീതികളെ തകര്‍ക്കുന്നതിലേക്ക് നയിച്ചു.ശാസ്ത്രം, ഗണിതം, പാശ്ചാത്യ തത്ത്വചിന്ത, ഇംഗ്ലീഷ് സാഹിത്യം എന്നിവയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കി. ഇത് ഇന്ത്യക്കാരില്‍ യുക്തിചിന്തയും ജനാധിപത്യ ബോധവും വളര്‍ത്താന്‍ കാരണമായി എന്നത് ബ്രിട്ടീഷുകാര്‍ പ്രതീക്ഷിക്കാത്ത ഒരു പാര്‍ശ്വഫലമായിരുന്നു.എന്നാല്‍ നവോത്ഥാന സമരങ്ങളാണ് കേരളീയമായ (ഇന്ത്യന്‍ ) വിദ്യാഭ്യാസ സങ്കല്പത്തെ നിര്‍മ്മിച്ചത്.
നവോത്ഥാനവിദ്യാഭ്യാസസങ്കല്പം
കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തന ചരിത്രത്തില്‍ വിദ്യാഭ്യാസ സമരങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇന്ത്യയില്‍ അംബേദ്ക്കര്‍ പ്രതിനിധാനം ചെയ്യുന്ന ആശയസമരമാണ് സമത്വം എന്ന സങ്കല്പത്തെ ഉന്നയിച്ചത്. കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അറിവ് നേടാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ആദ്യകാല സമരങ്ങളെങ്കില്‍, പിന്നീട് അത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളായി മാറി.
വില്ലുവണ്ടി സമരം (1893) ഉദാഹരണമാണ്. വിദ്യാഭ്യാസം ഗതാഗത പ്രശ്‌നം കൂടിയാണ്.അറിവ് നേടാനുള്ള അവകാശം സഞ്ചാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അയ്യങ്കാളി നടത്തിയ പോരാട്ടമാണിത്. പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശമില്ലാതിരുന്ന കാലത്ത്, വില്ലുവണ്ടിയിലേറി അദ്ദേഹം നടത്തിയ യാത്ര വിദ്യാഭ്യാസ അവകാശത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു.ഊരൂട്ടമ്പലം ലഹള / കല്ലുമാല സമര(1915) വും പ്രസ്താവ്യമാണ്.വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൊന്നാണിത്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പഞ്ചമി എന്ന പുലയ പെണ്‍കുട്ടിയെ ഊരൂട്ടമ്പലം സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സവര്‍ണ്ണര്‍ സ്‌കൂള്‍ തീയിട്ടു. ഇത് വലിയൊരു കലാപമായി മാറുകയും, ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത് വരെ കൃഷിപ്പണി നിര്‍ത്തിവെക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസസമരം അവിടെ തീരുന്നതോ തുടങ്ങുന്നതോ അല്ല എന്നര്‍ത്ഥം.. അതൊരു തൊഴില്‍ സമരവും തൊഴില്‍ പ്രശ്‌നവുമാണ്.വിദ്യാലയ പ്രവേശന വിളംബര (1914-1915) വും അങ്ങനെ ഉണ്ടാകുന്നതാണ്.
ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂറില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയെങ്കിലും അത് നടപ്പിലാക്കാന്‍ പലയിടത്തും വലിയ സമരങ്ങള്‍ വേണ്ടിവന്നു. കുമാരനാശാന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നു. വിദ്യാഭ്യാസത്തിനു മേലുള്ള ബ്രാഹ്മണമതാധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോഴും പുതിയ ധനകാര്യ അധിനിവേശം അതിന്റെ സ്ഥാനത്തു വരുന്നു. അതിനെതിരായ സമരങ്ങള്‍ ആയിരുന്നു സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കെതിരെയുള്ള സമരങ്ങള്‍.വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് നിയന്ത്രണം വേണമെന്നും അധ്യാപകര്‍ക്ക് കൃത്യമായ ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് പല സമരങ്ങളും നടന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 1957-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ ബില്‍ വരുന്നത്. അതിനെതിരെയാണ് ബ്രിട്ടീഷ് – അമേരിക്കന്‍ ചാരസംഘടനകളുടെയും തദ്ദേശീയ മത സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന വിമോചന സമരം (1958-59).വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകളെ അവര്‍ എതിര്‍ത്തു. ഇത് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പിരിച്ചുവിടലിലാണ് കലാശിച്ചത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദിന്റെയും നെഹ്‌റുവിന്റെയും സങ്കല്പങ്ങളില്‍ ജാതിമത – ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ നിന്നും മാര്‍ക്‌സിസ്റ്റ് സങ്കല്പങ്ങളില്‍ നിന്നും രൂപപ്പെട്ട ആശയങ്ങള്‍ ഉണ്ടായിരുന്നു. ആഗോളീകരണ കാലത്ത് വിദ്യാഭ്യാസം വീണ്ടും കച്ചവടപരവും മതപരവും ആകുന്നത് കാണാം.ലോക ബാങ്കു പോലുള്ള കച്ചവട ഏജന്‍സികള്‍ വിദ്യാഭ്യാസത്തില്‍ ഇടപെട്ടു. ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ പുതിയ കാലത്ത് ബ്രാഹ്മണമതകാല വിദ്യാഭ്യാസ സങ്കല്പം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നു.
മുതലാളിത്തകാലവിദ്യാഭ്യാസസങ്കല്പം
മുതലാളിത്തം, പ്രത്യേകിച്ച് അതിന്റെ ആധുനിക രൂപമായ നവലിബറലിസം (Neoliberalism), വിദ്യാഭ്യാസത്തെ ഒരു സാമൂഹിക സേവനമെന്ന നിലയില്‍ നിന്ന് മാറ്റി ഒരു കമ്പോള ചരക്കായി (Commodity) പുനര്‍നിര്‍വ്വചിച്ചു. 1990-കള്‍ക്ക് ശേഷം ലോകബാങ്ക് (World Bank), ഐ.എം.എഫ് (IMF), ഡബ്ല്യു.ടി.ഒ (WTO) തുടങ്ങിയ ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയാണ് ഈ സങ്കല്പം ഇന്ത്യയിലും കേരളത്തിലും ശക്തമായത്.വിദ്യാഭ്യാസത്തിന്റെ ചരക്കുവല്‍ക്കരണ (Marketization)മാണ് മുതലാളിത്ത നവലിബറല്‍ ചിന്തകര്‍ നിര്‍ദ്ദേശിക്കുന്നത്.നവലിബറല്‍ ചിന്തകര്‍ വിദ്യാഭ്യാസത്തെ വ്യക്തിയുടെ ലാഭത്തിനുള്ള ഒരു നിക്ഷേപമായാണ് കാണുന്നത്. നവലിബറലിസത്തിന്റെ മുഖ്യ പ്രയോക്താവായ മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ (Milton Friedman) വാദിച്ചത്, വിദ്യാഭ്യാസം സര്‍ക്കാര്‍ കുത്തകയാക്കി വെക്കാതെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കണമെന്നാണ്. അദ്ദേഹം പറഞ്ഞു: ‘വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം വിദ്യാലയങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാക്കുക എന്നതാണ്.’ (Free to Choose)ഇതിന്റെ ഫലമായാണ് സ്വാശ്രയ കോളേജുകളും പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളും വ്യാപകമായത്.ഹ്യൂമന്‍ ക്യാപിറ്റല്‍ തിയറി (Human Capital Theory) യാണ് മറ്റൊന്ന്.മനുഷ്യനെ ഒരു ‘മൂലധന’മായി കാണുന്ന രീതിയാണിത്. വിദ്യാഭ്യാസം നല്‍കുന്നത് ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കാനല്ല, മറിച്ച് വിപണിക്ക് ആവശ്യമുള്ള ഒരു ‘തൊഴിലാളിയെ’ നിര്‍മ്മിക്കാനാണ്. നോബല്‍ സമ്മാന ജേതാവായ ഗാരി ബെക്ക(Gary Becker) റിന്റെ അഭിപ്രായം ഇതാണ്:’വിദ്യാഭ്യാസവും പരിശീലനവും സാങ്കേതിക വിദ്യയിലുള്ള അറിവും ഒരു വ്യക്തിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന നിക്ഷേപങ്ങളാണ്.’
ലോകബാങ്കിന്റെ വിദ്യാഭ്യാസ റിപ്പോര്‍ട്ടുകളില്‍ ഈ അഭിപ്രായം പലപ്പോഴും പ്രതിഫലിക്കാറുണ്ട്. വിപണിക്ക് ആവശ്യമില്ലാത്ത ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളേക്കാള്‍ പ്രായോഗിക നൈപുണ്യങ്ങള്‍ക്ക് (Skill Development) പ്രാധാന്യം നല്‍കുന്നത് ഇതിന്റെ ഭാഗമാണ്.ലോകബാങ്കിന്റെ ഇടപെടലുകള്‍ (The World Bank Influence) ആണ് ഇതിനെ സാധ്യമാക്കുന്നത്.ലോകബാങ്ക് മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസനയങ്ങള്‍ ‘കാര്യക്ഷമത’ (Efficiency), ‘ഉത്തരവാദിത്തം’ (Accountability) എന്നീ വാക്കുകളിലാണ് പൊതിഞ്ഞിരിക്കുന്നത്.1990-കളിലെ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു: ‘വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ചിലവുകള്‍ കുറയ്ക്കുകയും ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുകയും (User fee) വേണം.’ഇന്ത്യയിലെ DPEP (District Primary Education Programme), കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍ ലോകബാങ്ക് ധനസഹായത്തോടെ എത്തിയ ഇത്തരം ആശയങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
പുതിയ വിദ്യാഭ്യാസനയം ഉള്‍പ്പെടെയുള്ളവയില്‍ മുതലാളിത്തവിദ്യാഭ്യാസത്തിന്റെ സ്വഭാവങ്ങള്‍ കാണാം.വിദ്യാഭ്യാസം ഒരു ലാഭകരമായ വ്യവസായമായി മാറുന്നു.അക്കാദമിക് മികവിനേക്കാള്‍ കോളേജുകളുടെ റാങ്കിംഗിനും മാനേജ്മെന്റ് സ്‌കോറുകള്‍ക്കും പ്രാധാന്യം ലഭിക്കുന്നു.ചിന്തിക്കുന്ന പൗരന്മാരേക്കാള്‍, നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.മുതലാളിത്ത വിദ്യാഭ്യാസ സങ്കല്പത്തെ വിമര്‍ശിച്ചുകൊണ്ട് ഹെന്റി ഗിറൂക്‌സ് (Henry Giroux) പറയുന്നത് ശ്രദ്ധേയമാണ്:’നവലിബറല്‍ കാലഘട്ടത്തില്‍ സര്‍വ്വകലാശാലകള്‍ കേവലം കോര്‍പ്പറേറ്റ് പരിശീലന കേന്ദ്രങ്ങളായി മാറുകയാണ്. അവിടെ ജനാധിപത്യപരമായ മൂല്യങ്ങളേക്കാള്‍ ലാഭത്തിനാണ് മുന്‍ഗണന.’കേരളത്തില്‍ ആദ്യകാലത്ത് വിദ്യാഭ്യാസം ഒരു സാമൂഹിക അവകാശമായാണ് (Social Right) കണ്ടിരുന്നത്. എന്നാല്‍ 2000-ത്തിന് ശേഷം സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയോടെ മുതലാളിത്ത വിദ്യാഭ്യാസ സങ്കല്പം വേരുറപ്പിച്ചു. ‘വിദ്യാഭ്യാസം ആര്‍ക്കും വാങ്ങാവുന്ന ഒരു ഉല്‍പ്പന്നമാണ്’ എന്ന വിപണി യുക്തി ഇവിടത്തെ പൊതുബോധത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഡിജിറ്റല്‍മുതലാളിത്തകാലത്തെ വിദ്യാഭ്യാസം
മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ ഘട്ടമായ ഡിജിറ്റല്‍ മുതലാളിത്ത ഘട്ടം വിദ്യാഭ്യാസം കൂടുതല്‍ വിപണിവത്കരിക്കപ്പെടുന്നു.ഡിജിറ്റല്‍ ക്യാപ്പിറ്റലിസം (Digital Capitalism) വിദ്യാഭ്യാസത്തെ ഒരു ‘ഡാറ്റാ ഖനന’ (Data Mining) കേന്ദ്രമായും, ലാഭമുണ്ടാക്കുന്ന ഒരു സാങ്കേതിക വിപണിയായും പുനര്‍നിര്‍വ്വചിച്ചിരിക്കുന്നു. അല്‍ഗോരിതങ്ങളും പ്ലാറ്റ്ഫോമുകളും വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഈ പുതിയ അവസ്ഥയെ സൈദ്ധാന്തികര്‍ ‘പ്ലാറ്റ്ഫോം ക്യാപ്പിറ്റലിസം’ എന്നും ‘സര്‍വൈലന്‍സ് ക്യാപ്പിറ്റലിസം’ (Surveillance Capitalism) എന്നും വിളിക്കുന്നു.വിദ്യാഭ്യാസത്തെ വിജ്ഞാന വിതരണമായല്ല, മറിച്ച് വിദ്യാര്‍ത്ഥികളുടെ സ്വഭാവം നിരീക്ഷിക്കാനും അത് ഡാറ്റയാക്കി മാറ്റാനുമുള്ള മാര്‍ഗ്ഗമായാണ് ഡിജിറ്റല്‍ ക്യാപ്പിറ്റലിസം കാണുന്നത്.ശോഷന സുബോഫ് (Shoshana Zuboff): തന്റെ The Age of Surveillance Capitalism എന്ന കൃതിയില്‍ അവര്‍ ഇപ്രകാരം പറയുന്നു:’മനുഷ്യാനുഭവത്തെ ഒരു അസംസ്‌കൃത വസ്തുവായി (Raw material) കാണുകയും അതിനെ പ്രവചന ഡാറ്റയാക്കി മാറ്റി വില്‍ക്കുകയും ചെയ്യുന്ന ഒരു പുതിയ സാമ്പത്തിക ക്രമമാണിത്.വിദ്യാഭ്യാസരംഗത്ത് ഗൂഗിള്‍ ക്ലാസ്സ്‌റൂം, സൂം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠനരീതികളും സ്വകാര്യ വിവരങ്ങളും ഇത്തരം കമ്പനികള്‍ക്ക് ലാഭകരമായ ഡാറ്റയായി മാറുന്നു.അധ്യാപകര്‍ക്ക് പകരം അല്‍ഗോരിതങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിദ്യാഭ്യാസത്തെ നയിക്കുന്ന രീതിയാണ് അല്‍ഗോരിതമിക് ഗവേണന്‍സ് (Algorithmic Governance).ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ വിമര്‍ശനാത്മകമായി കാണുന്ന നീല്‍ സെല്‍വിന്‍ (Neil Selwyn)അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്:’വിദ്യാഭ്യാസത്തിലെ ഡിജിറ്റലൈസേഷന്‍ എന്നത് കേവലം സാങ്കേതികമായ മാറ്റമല്ല, മറിച്ച് വിദ്യാഭ്യാസത്തെ ആര്‍ക്ക് നിയന്ത്രിക്കണം എന്നതിനെ സംബന്ധിച്ച അധികാര മാറ്റമാണ്.’വിദ്യാര്‍ത്ഥിയുടെ ക്രിയാത്മകതയേക്കാള്‍ ‘ഡാറ്റ പോയിന്റുകള്‍ക്ക്’ പ്രാധാന്യം നല്‍കുന്ന Ed-Tech കമ്പനികളുടെ വളര്‍ച്ച ഇതിന് ഉദാഹരണമാണ്.വിദ്യാര്‍ത്ഥികളെ ഒരു ‘പൗരന്‍’ എന്ന നിലയില്‍ വളര്‍ത്തുന്നതിന് പകരം ഗിഗ് ഇക്കോണമിയിലെ (Gig Economy) വഴക്കമുള്ള തൊഴിലാളിയായി മാറ്റുകയാണ് ഡിജിറ്റല്‍ മുതലാളിത്തം ചെയ്യുന്നത്.നിക്ക് ശ്രെനിസെക് (Nick Srnicek) Platform Capitalism എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ‘പ്ലാറ്റ്ഫോമുകള്‍ കേവലം ഇന്‍ഫ്രാസ്ട്രക്ചറുകളല്ല, മറിച്ച് അവ ഉപയോക്താക്കളെ ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഡിസൈനുകളാണ്.’ ഇന്നത്തെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പലതും വിപണിയിലെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യങ്ങള്‍ (Skills) നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ ആഴത്തെ ഇല്ലാതാക്കുന്നു. അറിവിന്റെ പുനര്‍നിര്‍മ്മിതി ഇല്ലാതാക്കുന്നു.വിദ്യാഭ്യാസം സ്‌കൂളുകളില്‍ നിന്ന് ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കും മാറുന്ന പ്രക്രിയയാണ് വിദ്യാഭ്യാസത്തിന്റെ പ്ലാറ്റ്ഫോമൈസേഷന്‍ (Platformization).മാത്തലൂസ് എസ്റ്റീവ്‌സ് (Matheus Estevao) നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. ‘വിദ്യാഭ്യാസത്തിന്റെ പ്ലാറ്റ്ഫോമൈസേഷന്‍ അറിവിനെ ഒരു ചരക്കാക്കി മാറ്റുകയും അധ്യാപകനെ ഒരു ‘കണ്ടന്റ് പ്രൊവൈഡര്‍’ (Content Provider) മാത്രമായി ചുരുക്കുകയും ചെയ്യുന്നു.’
അതായത് ഡിജിറ്റല്‍ ക്യാപ്പിറ്റലിസത്തില്‍ വിദ്യാഭ്യാസം എന്നത് ഒരു പൊതുസേവനമല്ലാതായി മാറുകയും കോര്‍പ്പറേറ്റ് നിയന്ത്രിതമായ ഒരു ‘ഇക്കോസിസ്റ്റം’ ആയി മാറുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉപഭോക്താക്കളും (Consumers) അതേസമയം തന്നെ ഡാറ്റ നല്‍കുന്ന ഉല്‍പ്പന്നങ്ങളുമായി (Products) മാറുന്നു.
3.
വിദ്യാഭ്യാസത്തെ ഒരു ഉല്‍പ്പാദന പ്രക്രിയയായി കാണുന്ന ആദ്യം വിശദീകരിച്ച ഏഴു ഘടകങ്ങള്‍ ബൗദ്ധ പാരമ്പര്യത്തിലും കേരള നവോത്ഥാന കാലത്തും (പ്രത്യേകിച്ച് ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍) വ്യത്യാസങ്ങളോടെയെങ്കിലും സമാനമായി പ്രവര്‍ത്തിച്ചിരുന്നു എന്നു കാണാം.അറിവ് എന്നത് നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണെന്നും അത് സമൂഹത്തിന്റെ പൊതുസ്വത്താണെന്നുമുള്ള ബോധ്യമാണ് ഈ രണ്ട് കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്നത്.
1. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം (നിര്‍മ്മാതാക്കള്‍)
അറിവ് ഒരാള്‍ നല്‍കുന്നതും മറ്റൊരാള്‍ വാങ്ങുന്നതുമല്ല, മറിച്ച് രണ്ടുപേരും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ്.
ബൗദ്ധ രീതി: ഗുരുവിനെ ‘കല്യാണമിത്രന്‍’ (Noble Friend) ആയിട്ടാണ് കാണുന്നത്. ‘അത്ത ദീപോ ഭവ’ (നിനക്ക് നീ തന്നെ വെളിച്ചമാവുക) എന്ന ബുദ്ധവചനം വിദ്യാര്‍ത്ഥിയെ അറിവിന്റെ സജീവ നിര്‍മ്മാതാവാക്കുന്നു. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നതുകൊണ്ട് ഗുരു മരിച്ചു പോയി എന്ന ബുദ്ധ മിത്തിലെ സകല്പം ഇത്തരം നിലപാടിന്റെ പ്രതിനിധാനമാണ്.
നവോത്ഥാനം: മുണ്ടശ്ശേരി അധ്യാപകനെ ‘രാഷ്ട്ര ശില്പി’ എന്ന് വിളിച്ചു. അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബൗദ്ധിക സാഹോദര്യത്തിലൂടെ മാത്രമേ അറിവ് ഉല്‍പ്പാദിപ്പിക്കപ്പെടൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
2. ബൗദ്ധികവും ഭൗതികവുമായ ശേഷികള്‍ (ഉത്പാദനോപകരണം)
ബൗദ്ധരീതി: യുക്തി (Logic) ,സംവാദം,ധ്യാനം,പ്രാദേശിക ഭാഷകള്‍, ക്ലാസ് മുറികള്‍ തുടങ്ങിവയാണ് അറിവ് നിര്‍മ്മിക്കാനുള്ള പ്രാഥമിക ഉപകരണങ്ങള്‍.
നവോത്ഥാനം: വിദ്യാലയങ്ങളിലെ ലാബുകളും ലൈബ്രറികളും അറിവ് നിര്‍മ്മിക്കാനുള്ള ഭൗതിക ഉപകരണങ്ങളായി മാറി. ഈ ഉപകരണങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകണമെന്ന് നവോത്ഥാന നായകര്‍ വാദിച്ചു.
3. ബോധന-പഠന പ്രവര്‍ത്തനങ്ങള്‍ (ഉത്പാദന പ്രക്രിയ)
ലൈംഗിക പ്രവര്‍ത്തനത്തിലൂടെ പുതിയ ജീവന്‍ ഉണ്ടാകുന്നതുപോലെ സര്‍ഗ്ഗാത്മകമായ കൂടിച്ചേരലാണിത്.
ബൗദ്ധ രീതി: ‘സംഗീതി’ അഥവാ സംവാദങ്ങളിലൂടെയാണ് അറിവ് രൂപപ്പെടുന്നത്. ചോദ്യം ചെയ്യലുകളും യുക്തിപരമായ വിശകലനവുമാണ് ഇവിടെ പ്രക്രിയ.
നവോത്ഥാനം: മുണ്ടശ്ശേരി വിഭാവനം ചെയ്ത ‘പ്രവൃത്തിയിലൂടെയുള്ള പഠനം’ (Learning by doing) അറിവിനെ അനുഭവമാക്കി മാറ്റുന്ന പ്രക്രിയയായിരുന്നു.
4. അറിവ് (ഉല്‍പ്പന്നം)
അറിവ് ഒരു നിര്‍മ്മാണ പ്രക്രിയയാണ്
ബൗദ്ധ രീതി: ഉല്‍പ്പന്നം എന്നത് സര്‍ട്ടിഫിക്കറ്റല്ല, കേവലമായ തൊഴില്‍ അല്ല മറിച്ച് ‘പ്രജ്ഞ’ (Wisdom) അഥവാ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്.
നവോത്ഥാനം: സാമൂഹിക ബോധമുള്ള പൗരനെ വാര്‍ത്തെടുക്കലായിരുന്നു വിദ്യാഭ്യാസത്തിന്റെ അന്തിമ ഉല്‍പ്പന്നം.
5. യൂണിവേഴ്‌സിറ്റികളും പാഠ്യപദ്ധതിയും (സംഭരണ ഇടങ്ങള്‍)
അറിവ് കെട്ടിക്കിടക്കുന്ന ശവമാടങ്ങളല്ല, മറിച്ച് പുതുക്കപ്പെടുന്ന ഇടങ്ങളാണിവ.
ബൗദ്ധ രീതി: നളന്ദയും തക്ഷശിലയും അറിവിനെ ആഗോളതലത്തില്‍ സംവദിക്കാനായി സൂക്ഷിച്ച കേന്ദ്രങ്ങളായിരുന്നു. പാഠ്യപദ്ധതി നിരന്തരം പരിഷ്‌കരിക്കപ്പെട്ടു.
നവോത്ഥാനം: പാഠ്യപദ്ധതി പുനര്‍നിര്‍മ്മാണപരമാകണമെന്ന് മുണ്ടശ്ശേരി വാദിച്ചു. അറിവ് പാരമ്പര്യത്തിന്റെ ശവമാടങ്ങളില്‍ കെട്ടിക്കിടക്കാതെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
6. ആശയവിനിമയവും പ്രയോഗവും (വിതരണം / കൊത്തിപ്പിരിക്കല്‍)
ബൗദ്ധ രീതി: സന്യാസിമാര്‍ നാടുനീളെ സഞ്ചരിച്ച് അറിവ് വിതരണം ചെയ്തു. പക്ഷിക്കുഞ്ഞുങ്ങള്‍ കൂടുവിട്ടു പറക്കുന്നതുപോലെ അറിവ് വിഹാരങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് പടര്‍ന്നു.
നവോത്ഥാനം: വിദ്യാലയത്തില്‍ നിന്ന് വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് സാമൂഹിക വിപ്ലവത്തിനുള്ള ഉപകരണമായിട്ടാണ്. ഇതിനെ മുണ്ടശ്ശേരി അറിവിന്റെ ജനാധിപത്യപരമായ വിതരണമായി കണ്ടു.
7. സാമൂഹിക പക്വതയും വളര്‍ച്ചയും (ഉപയോഗം)
ബൗദ്ധ രീതി: അറിവ് നേടിയവന്‍ ‘ബോധിസത്വനായി’ മാറുന്നു, അതായത് മറ്റുള്ളവരുടെ ദുഃഖം മാറ്റാന്‍ പ്രവര്‍ത്തിക്കുന്നവന്‍.
നവോത്ഥാനം: വിദ്യാഭ്യാസം നേടിയ വ്യക്തി ഒരു സാമൂഹിക ചിന്തകനായും പ്രവര്‍ത്തകനായും മാറുന്നതോടെ ഈ ഉല്‍പ്പാദന ചക്രം പൂര്‍ത്തിയാകുന്നു.
ചുരുക്കത്തില്‍:
ബൗദ്ധ-നവോത്ഥാന കാലങ്ങളില്‍ വിദ്യാഭ്യാസം എന്നത് ജാതിയുടെയോ അധികാരത്തിന്റെയോ ശവമാടമായിരുന്നില്ല, മറിച്ച് മനുഷ്യനെ സ്വതന്ത്രനാക്കുന്ന സജീവമായ ഒരു ഉല്‍പ്പാദന വിപ്ലവം ആയിരുന്നു. അറിവിന്റെ ഈ വിമോചന സ്വഭാവമാണ് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള നിര്‍മ്മാണ പ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കിയത്.
4.
വിദ്യാഭ്യാസത്തെ ഉല്‍പ്പാദനപ്രക്രിയയായി കാണുമ്പോള്‍, അതില്‍ ഏറ്റവും വിനാശകരമായ ഇടപെടല്‍ നടത്തുന്നത് ‘ഇടനിലക്കാര’ (The Mediator) ന്റെ ഉദയം ആണ്. ബ്രാഹ്മണമതത്തിലെ പുരോഹിതനും ഡിജിറ്റല്‍ മുതലാളിത്തത്തിലെ കോര്‍പ്പറേറ്റ് ഉടമയും അറിവ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുക്കാതെ അതിന്റെ ലാഭവും അധികാരവും കൈവശം വെക്കുന്നു എന്നതില്‍ സമാനത പുലര്‍ത്തുന്നു.മുന്‍പ് വിശദീകരിച്ചിട്ടുള്ള എട്ടു ഘടകങ്ങള്‍ (0 മുതല്‍ 7 വരെ) മുന്‍നിര്‍ത്തി ഈ രണ്ട് വ്യവസ്ഥകളും അറിവിനെ എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്ന് താഴെ വിശദീകരിക്കുന്നു.
(0) ഇടനിലക്കാരന്‍ (The Mediator)
അറിവ് നിര്‍മ്മാണത്തില്‍ പങ്കുചേരാതെ അതിന്റെ ‘ഉടമസ്ഥാവകാശം’ സ്ഥാപിക്കുന്ന ശക്തിയാണിത്.
ബ്രാഹ്മണമതം: പുരോഹിതനും ജന്മിയും. അറിവ് ദൈവത്തില്‍ നിന്നുള്ളതാണെന്നും അത് വ്യാഖ്യാനിക്കാന്‍ തങ്ങള്‍ മധ്യസ്ഥരാകണമെന്നും ഇവര്‍ വാദിച്ചു. ഇത് അറിവിനെ ജാതിയുടെ അതിരുകള്‍ക്കുള്ളില്‍ തളച്ചിട്ടു.
ഡിജിറ്റല്‍ മുതലാളിത്തം: കോര്‍പ്പറേറ്റ് ഉടമകളും പ്ലാറ്റ്ഫോമുകളും (ഉദാ: ഗൂഗിള്‍). ഇവര്‍ അറിവ് നിര്‍മ്മിക്കുന്നില്ല, പകരം അറിവ് വിനിമയം ചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ വഴി വിദ്യാര്‍ത്ഥികളുടെ ‘ഡാറ്റ’യും (Data Ownership) ലാഭവും കൈവശപ്പെടുത്തുന്നു.അവര്‍ മറ്റൊരു തരം ഇടനിലക്കാരാണ്.
1. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം (നിര്‍മ്മാതാക്കള്‍)
നിര്‍മ്മാണപ്രക്രിയയിലെ സജീവപങ്കാളികള്‍ എന്ന നില മാറി ഇവര്‍ കേവലം ഉപകരണങ്ങളായി മാറുന്നു.
* ബ്രാഹ്മണമതം: അധ്യാപകന്‍ ജാതിമര്യാദകളുടെ കാവല്‍ക്കാരനായ ‘ഗുരു’വും വിദ്യാര്‍ത്ഥി കേവലം ‘സേവകനുമാണ്’. സ്ത്രീ ഇവിടെ അറിവ് നിര്‍മ്മാണത്തിന് അയോഗ്യമായ ‘ക്ഷേത്രം’ (Field) മാത്രമാണ്.
* ഡിജിറ്റല്‍ മുതലാളിത്തം: അധ്യാപകന്റെ സര്‍ഗ്ഗാത്മകത കമ്പനികള്‍ വിലയ്ക്ക് വാങ്ങുന്നു; അദ്ദേഹം വെറും ‘കണ്ടന്റ് പ്രൊവൈഡര്‍’ ആകുന്നു. ഫെസിലിറ്റേറ്റര്‍ മാത്രമാണ്.വിദ്യാര്‍ത്ഥി പ്ലാറ്റ്ഫോമിലെ ഒരു ‘ഡാറ്റാ പോയിന്റ്’ മാത്രമാണ്. ലോകബാങ്ക് രേഖയില്‍ അധ്യാപകന്‍ അല്ല വിദ്യാര്‍ത്ഥിയാണ് അറിവ് ഉണ്ടാക്കുന്നത് എന്നു കാണാം.എന്നാല്‍ അധ്യാപക വിദ്യാര്‍ത്ഥി സംവാദമാണ് അറിവുണ്ടാക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ക്ക് തുല്യ സ്ഥാനം നല്‍കുകയും അവര്‍ ഒന്നു ചേര്‍ന്നാണ് കുട്ടികള്‍ ഉണ്ടാകുന്നത് എന്നു പറയുകയും ചെയ്യുന്നതിനു പകരം സ്ത്രീക്ക് മാത്രം ഓട്ടോണമി നല്‍കുകയും ചെയ്യും. അതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഓട്ടോണമി നല്‍കുമ്പോള്‍ അവര്‍ ബ്രാഹ്മണമതകാലത്ത് സവര്‍ണ്ണ ഗുരുക്കന്മാരുടെ സേവകരായതു പോലെ ഉത്പാദന ഉപകരണങ്ങളുടെ സേവകരായി മാറുന്നു. അതിന് സഹായിക്കുന്നവരായി അധ്യാപകര്‍ മാറുന്നു.അധ്യാപകരുടെ സ്ഥിരതയും തൊഴില്‍ അവകാശങ്ങളും ഇല്ലാതാകുന്ന ലോകബാങ്ക് വിദ്യാഭ്യാസ രേഖകളില്‍ ‘അധ്യാപകന്‍’ എന്ന വാക്കിന് പകരം ‘അധ്യാപിക ‘ ഉപയോഗിച്ച് ‘ഫെമിനിസം’ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു കാണാം.ലിംഗപരമായ പ്രശ്‌നങ്ങള്‍ മാത്രം ഉപയോഗിച്ചു കൊണ്ട്,തന്നെത്തന്നെ ഇല്ലാതാക്കുന്ന ഉപരിപ്‌ളവ ആക്റ്റിവിസം ഉപദേശിക്കുന്ന ”സ്‌ത്രൈണ” പാഠപുസ്തകളുടെ യഥാര്‍ത്ഥലക്ഷ്യം പക്ഷെ സ്ത്രീ പുരുഷന്മാരായ അധ്യാപകരുടെ, (വിദ്യാര്‍ത്ഥികളുടെയും) ഇല്ലായ്മയാണ്. സ്ത്രീകളും അധ്യാപകരും റീച്ച് നേടാന്‍ സാധ്യതയുള്ള, വൈറല്‍ ആകാന്‍ സാധ്യതയുള്ള കണ്ടന്റ് പ്രൊവൈഡര്‍മാരായി മാറുന്നു. അസ്ഥിര യാന്ത്രികതൊഴിലാളികളായി മാറുന്നു.
2. ബൗദ്ധികവും ഭൗതികവുമായ ശേഷികള്‍ (ഉത്പാദനോപകരണം)
ബ്രാഹ്മണമതം: ജൈവശരീരത്തെ ബുദ്ധിയെന്നും ( ആത്മാവ്) യാന്ത്രികഅധ്വാനമെന്നും ( ശരീരം) ജാതിയുടെ പേരില്‍ വേര്‍തിരിച്ചു. മസ്തിഷ്‌കം ചിലരുടെ കുത്തകയാക്കി മാറ്റി. കായിക ശരീരം മറ്റു ചിലര്‍ക്കും. വിദ്യാഭ്യാസ ഉപകരണം ഉപരിവര്‍ഗ്ഗ ഭാഷ മാത്രമായി.
ഡിജിറ്റല്‍ മുതലാളിത്തം: മസ്തിഷ്‌കത്തെ ‘യാന്ത്രിക അധ്വാനശേഷി’ (Machine-like Labor) ആയി കാണുന്നു. അറിവ് നിര്‍മ്മിക്കാനുള്ള ശേഷിയെ അല്‍ഗോരിതങ്ങള്‍ ഹൈജാക്ക് ചെയ്ത് ‘യന്ത്രവല്‍ക്കരിക്കപ്പെട്ട ചിന്ത’ (Automated Thinking) ആക്കി മാറ്റുന്നു. നിക്കോളാസ് കാര്‍ (Nicholas Carr) തന്റെ ‘The Shallows’ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നത് പോലെ, ഇന്റര്‍നെറ്റും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും നമ്മുടെ മസ്തിഷ്‌കത്തിന്റെ ഘടനയെത്തന്നെ മാറ്റുന്നു. ആഴത്തിലുള്ള ചിന്തയ്ക്ക് (Deep thinking) പകരം വിവരങ്ങള്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ മസ്തിഷ്‌കം പരിണമിക്കുന്നു.അറിവ് നിര്‍മ്മിക്കാനുള്ള നമ്മുടെ സ്വാഭാവിക ശേഷിയെ അല്‍ഗോരിതങ്ങള്‍ ഹൈജാക്ക് ചെയ്യുന്നു. നാം ചിന്തിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അല്‍ഗോരിതങ്ങള്‍ നമുക്ക് മുന്നിലേക്ക് എത്തിക്കുന്ന വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുക മാത്രമാണ് നാം ചെയ്യുന്നത്. ശോഷന സുബോഫ് പറയുന്നതുപോലെ, ഇത് മനുഷ്യന്റെ ‘സ്വയംഭരണാധികാരത്തെ’ (Autonomy) ഇല്ലാതാക്കി മസ്തിഷ്‌കത്തെ മൂലധനത്തിന് ലാഭമുണ്ടാക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റുന്നു.പ്രോജക്ട്, രേഖകള്‍, ഗൈഡുകള്‍,സൈബര്‍ ഉപകരണങ്ങള്‍ തുടങ്ങി ”കാണാവുന്ന ‘ഉപകരണങ്ങളായി ഉത്പാദനോപകരണങ്ങള്‍ മാറി. വിദ്യാഭ്യാസഭാഷ ഉപരിതല വിനിമയഭാഷ മാത്രമായി മാറി.
3. ബോധന-പഠന പ്രവര്‍ത്തനങ്ങള്‍ (ഉത്പാദന പ്രക്രിയ)
സജീവമായ കൂടിച്ചേരലിന് പകരം ഇവിടെ ‘യാന്ത്രികത’ വരുന്നു.
ബ്രാഹ്മണമതം: ഇതൊരു മതപരമായ ചടങ്ങാണ്. ചോദ്യം ചെയ്യാത്ത അനുസരണമാണ് ഇവിടുത്തെ ‘പ്രക്രിയ’.ഗുരു ചൊല്ലിക്കൊടുക്കുന്നത് അതേ സ്വരത്തില്‍ തെറ്റാതെ ഏറ്റുചൊല്ലുക എന്നതാണ് ഇവിടുത്തെ രീതി. ഇവിടെ ‘ചിന്ത’ എന്ന പ്രക്രിയയ്ക്ക് പകരം ‘ആവര്‍ത്തനം’ (Repetition) മാത്രമാണ് നടക്കുന്നത്. ഒരു വലിയ വിഭാഗം ജനത പഠനത്തില്‍ നിന്നു തന്നെ പുറത്തായി.
ഡിജിറ്റല്‍ മുതലാളിത്തം: പഠനത്തിലും സെമിനാറിലും സംവാദങ്ങള്‍ ഇല്ല, പുതിയ ആശയ നിര്‍മ്മാണം ഇല്ല. ആശയങ്ങള്‍ ക്രോഡീകരിച്ചാല്‍ മതി.പഠനം കച്ചവടവല്‍ക്കരിക്കപ്പെട്ട ഒരു പ്രക്രിയയായി മാറുന്നു. പരീക്ഷകള്‍ പാസാകാനുള്ള ‘കണ്ടന്റ് കണ്‍സ്യൂമിംഗ്’ മാത്രമായി ഇത് ചുരുങ്ങുന്നു. ലൈംഗികതയിലെ സ്വാഭാവികത നഷ്ടപ്പെടുന്നത് പോലെ പഠനത്തിലെ ജൈവികതയും നഷ്ടപ്പെടുന്നു.ലൈംഗികതയില്‍ സ്വാഭാവികത നഷ്ടപ്പെട്ട് അതൊരു പോണോഗ്രഫിക് രീതിയിലേക്ക് മാറുന്നതുപോലെ, ഡിജിറ്റല്‍ ക്ലാസുകളില്‍ പഠനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. സ്‌ക്രീനില്‍ നിന്ന് വിവരങ്ങള്‍ തലച്ചോറിലേക്ക് ‘ഡൗണ്‍ലോഡ്’ ചെയ്യുന്ന ഒരു യാന്ത്രിക പ്രക്രിയയായി ഇത് മാറുന്നു. ലോകബാങ്ക് കരിക്കുലത്തില്‍ തീമുകള്‍ വിശദീകരിക്കാനുള്ള യാന്ത്രികഘടനയ്ക്കുള്ളില്‍ ആശയങ്ങള്‍ പിടഞ്ഞു മരിച്ചു. ഫെമിനിസം പേപ്പറില്‍ വരുന്ന കവിതകള്‍ സ്ത്രീപക്ഷമായിരിക്കുമെന്നതിനാല്‍, ദളിതി സംപേപ്പറില്‍ വരുന്ന കവിതകള്‍ ദളിത് പക്ഷമായിരിക്കുമെന്നതിനാല്‍ ഭൂമി കേന്ദ്രിത പരിസ്ഥിതി വാദ പേപ്പറില്‍ വരുന്ന കൃതികള്‍ മനുഷ്യവിരുദ്ധപ്രകൃതിപക്ഷമായിരിക്കുമെന്നതിനാല്‍ കൃതികളില്‍ നിന്നും അധ്യാപക-വിദ്യാര്‍ത്ഥി സംവാദപ്രക്രിയയിലൂടെ പാഠം പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. അങ്ങനെ കവിതകള്‍ ,പാഠങ്ങള്‍ ഡേറ്റകള്‍ ആയി മാറി. ഉത്പാദനപ്രക്രിയ അഥവാ പഠനപ്രക്രിയ ഈ കരിക്കുലരീതിശാസ്ത്രത്തില്‍ അസാധ്യമായി മാറുന്നു. ഇതിനെ ഉപകരണനിഷ്ഠമായ പഠനപ്രക്രിയ എന്നു വിളിക്കാം. കരിക്കുലത്തില്‍ വച്ച് അറിവ് സ്തംഭിച്ചു പോകുന്നു. പരീക്ഷകളും പ്രോജക്ടുകളും സെമിനാറുകളും ഗവേഷണങ്ങളും ഡേറ്റാ ശേഖരണമായി അങ്ങനെ മാറുന്നു. ഗ്രേഡിംഗ് സംബ്രദായം പഴയ ജാതി ശ്രേണീവത്കരണത്തിന്റെ ആവര്‍ത്തനമാണെന്നു എം.എന്‍.വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്.(എം.എന്‍.വിജയന്റെ ലോകങ്ങള്‍ )
4. അറിവ് (ഉല്‍പ്പന്നം)
ബ്രാഹ്മണമതം: അറിവ് ജാതിയുടെ തുടര്‍ച്ചയാണ്. അത് മാറ്റമില്ലാത്ത ‘സനാതന’ സത്യമായി സൂക്ഷിക്കപ്പെടുന്നു. അറിവ് നിര്‍മ്മിക്കപ്പെടുന്ന ഒന്നല്ല.അറിവ് വ്യക്തിയെ സ്വതന്ത്രനാക്കുന്നില്ല, മറിച്ച് അവനെ ജാതിയുടെ കര്‍ത്തവ്യങ്ങള്‍ (Varna Dharma) ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു ‘സംരക്ഷണ കവചം’ മാത്രമായി മാറുന്നു.
* ഡിജിറ്റല്‍ മുതലാളിത്തം: അറിവ് ഒരു ‘വിപണി ഉല്‍പ്പന്നം’ (Market Product) ആണ്. ഭാവിയിലെ ഉപഭോക്താവിനെ സൃഷ്ടിക്കാനുള്ള ഒരു ടൂള്‍ മാത്രമാണിത്. ഡിജിറ്റല്‍ മുതലാളിത്തത്തില്‍ യഥാര്‍ത്ഥ അറിവിനേക്കാള്‍ പ്രാധാന്യം അതിന്റെ ഭൗതിക രൂപങ്ങളായ ഗ്രേഡുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമാണ്. കുഞ്ഞുങ്ങള്‍ ഭാവിയിലെ തൊഴിലാളികളായി മാത്രം കാണപ്പെടുന്നതുപോലെ, അറിവ് ഇവിടെ ഭാവിയിലെ ‘ യാന്ത്രികഉല്‍പ്പാദനക്ഷമതയ്ക്കുള്ള’ ഒരു ടൂള്‍ മാത്രമാണ്.അറിവ് വിപണിക്ക് വില്‍ക്കാനുള്ള ചരക്കാക്കി മാറ്റപ്പെടുന്നു. ഉല്‍പ്പന്നത്തിന്മേല്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് (അധ്യാപകനും വിദ്യാര്‍ത്ഥിക്കും) അധികാരമില്ലാതാകുന്നു.
5. യൂണിവേഴ്‌സിറ്റികളും പാഠ്യപദ്ധതിയും (സംഭരണം)
ബ്രാഹ്മണമതം: അറിവിനെ ജാതിക്കൂട്ടായ്മയ്ക്കുള്ളില്‍ ഒളിച്ചുവെക്കുന്നു. ‘തുറുങ്കുകളി’ല്‍ അടയ്ക്കുന്നു.ബ്രാഹ്മണ്യത്തില്‍ അറിവ് സംരക്ഷിക്കപ്പെടുന്നത് അത് ജനങ്ങളിലേക്ക് പടരാനല്ല, മറിച്ച് പുറത്തുപോകാതിരിക്കാനാണ്.
ഡിജിറ്റല്‍ മുതലാളിത്തം: സര്‍വ്വകലാശാലകള്‍ കോര്‍പ്പറേറ്റ് ‘ഇന്‍വെന്ററി’ പോലെയായി മാറുന്നു. അറിവുകള്‍ കെട്ടിക്കിടക്കുന്ന ശവമാടങ്ങളായി മാറുന്നു.അതിന്റെ കാവല്‍ക്കാരായി അധ്യാപകരെ നിയമിക്കുന്നു. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന, അവര്‍ കരിക്കുലം നിശ്ചയിക്കുന്ന ഓട്ടോണമസ് സ്ഥാപനങ്ങള്‍ ആയി മാറുന്നു. ലോകബാങ്ക്പാഠ്യപദ്ധതി വംശീയവും ലിംഗപരവും ഉപകരണപരവും ആയിരുന്നു. ചരിത്രം ഒഴിവാക്കപ്പെട്ടു.നവോത്ഥാനചരിത്രം വംശീയവും ലിംഗ പരവുമാക്കി. അങ്ങനെ ചരിത്രത്തെ ഡേറ്റകളാക്കി മാറ്റി. മാനവിക വിഷയങ്ങളില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രീയവിഷയങ്ങളില്‍ നിന്നും ശാസ്ത്രീയതയും നഷ്ടപ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ആക്കി മാറ്റുന്നു. വിഷയങ്ങള്‍ മാനവിക മോശാസ്ത്രീയമോ ആകരുത് ,ലിംഗപരത എന്നത് ആണോ പെണ്ണോ ആകരുത് ,രണ്ടും ഡേറ്റയായി മാറണം, എന്നതുകൊണ്ടാണ് ഡിസിപ്ലിന്റെ ഫ്‌ളൂയിഡിറ്റിയും ജന്ററിന്റെ ഫ്‌ലൂയിഡിറ്റിയും പാഠ്യപദ്ധതികള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നത്. സര്‍വ്വകലാശാലകള്‍ എങ്ങനെയാണ് കോര്‍പ്പറേറ്റ്, സൈനിക താല്പര്യങ്ങളുടെ തടവറയിലാകുന്നത് എന്നു The University in Chains: Confronting the Military-Industrial-Academic Complex (2007) ഈ പുസ്തകത്തില്‍
ഹെന്റി ഗിറൂക്‌സ് (Henry Giroux) വിശദീകരിച്ചിട്ടുണ്ട്.
6. ആശയവിനിമയവും പ്രയോഗവും (വിതരണം / കൊത്തിപ്പിരിക്കല്‍)
* ബ്രാഹ്മണമതം: വ്യക്തിയുടെ താല്പര്യമല്ല, ജാതിത്തൊഴിലാണ് വിതരണത്തെ നിശ്ചയിക്കുന്നത്. ഗുരുകുലത്തില്‍ നിന്ന് കുട്ടി ഇറങ്ങുന്നത് അവന് നിശ്ചയിക്കപ്പെട്ട ജാതി അറയിലേക്കാണ്.
* ഡിജിറ്റല്‍ മുതലാളിത്തം: ഇത് വിപണിയുടെ ‘ലേബര്‍ സപ്ലൈ’ ആണ്. കമ്പനികള്‍ക്ക് ആവശ്യമുള്ള സ്‌കില്ലുകള്‍ ഉള്ളവരെ മാത്രം വിതരണം ചെയ്യുന്ന പ്രക്രിയ.ഇവിടെ അറിവ് വിതരണം ചെയ്യപ്പെടുന്നത് കമ്പനികള്‍ക്ക് ആവശ്യമായ ‘സ്‌കില്ലുകള്‍’ (Skills) എന്ന നിലയിലാണ്. വ്യക്തിയുടെ താല്‍പ്പര്യമോ സാമൂഹിക ആവശ്യങ്ങളോ അല്ല, മറിച്ച് ലാഭത്തിന്റെ യുക്തിയാണ് വിതരണത്തെ നിശ്ചയിക്കുന്നത്.വിദ്യാര്‍ത്ഥി തന്റെ അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നത് ഒരു വിമോചന പ്രവര്‍ത്തനമായല്ല, മറിച്ച് തന്റെ ‘അധ്വാനശേഷി’ (Labour Power) വില്‍ക്കാനുള്ള ഒരു ചരക്കായിട്ടാണ്. ഇതിനെയാണ് ഹെന്റി ഗിറൂക്‌സ് (Henry Giroux) ‘വിദ്യാഭ്യാസത്തിന്റെ കോര്‍പ്പറേറ്റ് അധിനിവേശം’ എന്ന് വിളിക്കുന്നത്.പുതിയ ഒന്നിനെ നിര്‍മ്മിക്കുന്ന തൊഴിലു ചെയ്യാതെ, ഡേറ്റാ വിപണനം കൊണ്ട് പണവും അധികാരവും നേടുന്ന, അതാണ് ജീവിതം എന്നു കരുതുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുന്നു.
7. സാമൂഹിക പക്വത (ഉപയോഗം)
ബ്രാഹ്മണമതം: അധികാര ഘടന നിലനിര്‍ത്താന്‍ പാരമ്പര്യത്തെ ഉപയോഗിക്കുന്നു. വിമോചനപരമായ ഒരു ഉപയോഗവും ഇല്ല. നിലനില്‍ക്കുന്ന വര്‍ണ്ണ വ്യവസ്ഥയുടെ മൂല്യങ്ങളെ നിലനിര്‍ത്തുക എന്നതാണ് ഉപയോഗം. അതു ന്യൂനപക്ഷത്തിന്റെ ആവശ്യമാണ്.അറിവ് പുതിയ ചിന്തകള്‍ക്ക് ജന്മം നല്‍കുന്നില്ല, മറിച്ച് മാറ്റങ്ങളെ പ്രതിരോധിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.
ഡിജിറ്റല്‍ മുതലാളിത്തം: ഉല്‍പ്പാദനക്ഷമതയുള്ളപ്പോള്‍ മാത്രം വ്യക്തി ഉപയോഗിക്കപ്പെടുന്നു. അത് കഴിഞ്ഞാല്‍ അവന്‍ വ്യവസ്ഥയ്ക്ക് ‘പാഴ്വസ്തു’ (Human Waste) ആണ്.സൈദ്ധാന്തികനായ സിഗ്മണ്ട് ബൗമാന്‍ (Zygmunt Bauman) തന്റെ ‘Wasted Lives’ എന്ന കൃതിയില്‍ ഇപ്രകാരം പറയുന്നു: ‘ആധുനിക മുതലാളിത്തം ‘മനുഷ്യ പാഴ്വസ്തുക്കളെ’ (Human Waste) ഉല്‍പ്പാദിപ്പിക്കുന്നു. ഉല്‍പ്പാദന പ്രക്രിയയില്‍ നിന്ന് പുറന്തള്ളപ്പെടുന്നവര്‍ക്ക് ഈ വ്യവസ്ഥയില്‍ സ്ഥാനമില്ല.’ പ്രായം ചെന്നവരെയും ഉല്‍പ്പാദനക്ഷമത കുറഞ്ഞവരെയും പരിപാലിക്കുന്നത് പോലും ലാഭലക്ഷ്യമുള്ള ഒരു ബിസിനസ്സായി (Care Industry) മുതലാളിത്തം മാറ്റിയെടുക്കുന്നു.
മേല്‍ പറഞ്ഞ രണ്ട് വ്യവസ്ഥകളും അറിവിനെ അതിന്റെ ജൈവികമായ ഉല്‍പ്പാദന ചക്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റുന്നു. ബ്രാഹ്മണ്യം അറിവിനെ ‘വിശുദ്ധി’ (Purity) എന്ന ലേബലിലും ഡിജിറ്റല്‍ മുതലാളിത്തം ‘ലാഭം’ എന്ന ലേബലിലും തടവിലാക്കുന്നു. രണ്ടിടത്തും യഥാര്‍ത്ഥനിര്‍മ്മാതാക്കളായ അധ്യാപകനും വിദ്യാര്‍ത്ഥിയും അന്യവല്‍ക്കരിക്കപ്പെടുകയും (Alienated), അറിവ് വന്ധ്യംകരിക്കപ്പെട്ട ഒരു ചരക്കായി മാറുകയും ചെയ്യുന്നു. അറിവ് ഡേറ്റയായി മാറുന്നു. അറിവിന്റെ വിതരണം ന്യൂനപക്ഷത്തിനു മാത്രം ലഭ്യമാകുന്നു.യൂണിവേഴ്‌സിറ്റികള്‍ പാതിവെന്ത അറിവുകളും തലയോടുകളുമുള്ള ഉണങ്ങിയ ശവാവശിഷ്ടങ്ങള്‍ മറിച്ചുവില്‍ക്കുന്ന ശവപ്പറമ്പുകള്‍ ആയി മാറുന്നു. ബ്രാഹ്മണമതവും ഡിജിറ്റല്‍ മുതലാളിത്തവും സമാനതകളുള്ള അധിനിവേശമാതൃകകളായി മാറുന്നു.ഇവിടെ വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിന്റെ ഉല്‍പ്പാദന മാതൃക (Production Model of Education) ഇവയുടെ സമാനതകളും വ്യത്യസ്തതകളും അധീശത്വസ്വഭാവങ്ങളും വ്യക്തമാക്കുന്നു.
5.
പ്രണയം, ലൈംഗികത
വെന്‍ഡി ഡോണിഗര്‍ (Wendy Doniger) ലോകപ്രശസ്തയായ ഒരു അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റും (ഇന്ത്യാചരിത്ര ഗവേഷക) മതപണ്ഡിതയുമാണ്.വെന്‍ഡി ഡോണിഗര്‍ (Wendy Doniger) രചിച്ച ‘The Mare’s Trap: Nature and Culture in the Kamasutra’ എന്ന പുസ്തകം കാമസൂത്രത്തെക്കുറിച്ചുള്ള ഒരു ആധുനിക പഠനമാണ്.’പെണ്‍കുതിരയുടെ കെണി’ (The Mare’s Trap) എന്ന പുസ്തകനാമം ഒരു പുരാവൃത്തത്തില്‍ നിന്നും എടുത്തതാണ്.ഹിന്ദു പുരാണങ്ങളില്‍, സമുദ്രത്തിന്റെ അടിത്തട്ടില്‍ ‘വടവാഗ്‌നി’ (Submarine Fire) എന്നൊരു തീ ജ്വലിക്കുന്നുണ്ട്. ഇതിനെ ഒരു പെണ്‍കുതിരയുടെ വായയായോ മുഖമായോ (Mare’s Mouth) ആണ് സങ്കല്‍പ്പിക്കുന്നത്.സമുദ്രം കരകവിഞ്ഞ് ഒഴുകി ലോകത്തെ നശിപ്പിക്കാതിരിക്കാന്‍, ഈ പെണ്‍കുതിര സമുദ്രജലത്തെ നിരന്തരം കുടിച്ച് വറ്റിച്ചുകൊണ്ടിരിക്കുന്നു. വെള്ളവും (Water) തീയും (Fire) തമ്മിലുള്ള സന്തുലിതാവസ്ഥയാണിത്.ഇവിടെ സമുദ്രം എന്നത് ‘അടങ്ങാത്ത കാമം’ (Sexual Desire) ആണ്. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സമൂഹത്തെ നശിപ്പിക്കും. ആ കാമത്തെ വലിച്ചുകുടിച്ച്, നിയന്ത്രിച്ച് നിര്‍ത്തുന്ന ‘പെണ്‍കുതിര’യാണ് കാമസൂത്രം. അതായത്, കാമത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ നിയന്ത്രിച്ച് (Channelize) സമൂഹത്തിന് ദോഷകരമല്ലാത്ത രീതിയില്‍ നിലനിര്‍ത്തുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.ലൈംഗികത എന്ന ‘പ്രകൃതി’യെ, നാഗരികന്റെ ‘സംസ്‌കാര’മാക്കി മാറ്റുക എന്നതാണ് വാത്സ്യായനന്‍ ചെയ്യുന്നത്. ഉദാഹരണത്തിന്, വെറുതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പകരം, കിടപ്പുമുറി എങ്ങനെ അലങ്കരിക്കണം, എന്ത് വര്‍ത്തമാനം പറയണം, എങ്ങനെ നഖങ്ങള്‍ വെട്ടണം എന്ന് വാത്സ്യായനന്‍ പഠിപ്പിക്കുന്നു. ഇത് കാമത്തെ ഒരു ‘കല’ (Art) ആക്കി മാറ്റുന്നു. മാത്രമല്ല സ്ത്രീകള്‍ക്ക് ലൈംഗിക സംതൃപ്തി അവകാശമാണെന്ന് വാത്സ്യായനന്‍ വിശ്വസിക്കുന്നു. സ്ത്രീക്ക് രതിമൂര്‍ച്ഛ (Orgasm) സംഭവിക്കാന്‍ പുരുഷനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത പുരുഷന്‍ പരാജയമാണെന്നും വാത്സ്യായനന്‍ പഠിപ്പിക്കുന്നു. സ്ത്രീയുടെ രതിമൂര്‍ച്ഛയെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്ന മറ്റൊരു പ്രാചീന ഗ്രന്ഥമില്ല. ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ട് വാത്സ്യായനനെ സ്ത്രീപക്ഷ ലൈംഗിക ചിന്തകനായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി എഴുതുന്ന ഈ ഇന്‍ഡോളജിസ്റ്റ് അടയാളപ്പെടുത്തുന്നു.
ഇതു പരിശോധിക്കാവുന്ന കാര്യമാണ്.എന്തുകൊണ്ട് പ്രാചീന ഇന്ത്യന്‍ ലൈംഗികഗ്രന്ഥം ഇന്‍ഡോളജിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നു എന്നതും.
ജന്തുസസ്യസഹജമായ ഒന്നാണ് ലൈംഗികത. അടുത്ത തലമുറയ്ക്കു വേണ്ടിയുള്ള പ്രത്യുത്പാദനത്തെയും അതിന്റെ ഘട്ടങ്ങളെയും അതില്‍ നിന്നും രൂപപ്പെട്ട ഉത്പാദന ഘട്ടങ്ങളെയും വിശദീകരിച്ചിരുന്നു. ഉത്പാദന ഘട്ടങ്ങള്‍ പ്രത്യുത്പാദന ഘട്ടങ്ങളെ സ്വാധീനിക്കുകയും അതിനെ മാറ്റിമറിയ്ക്കയും ചെയ്യുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തതാണ്(https://jnanabhasha.com/munnura-shoobaks-drshoobaks-issue17-unnineeliyude-shareeravum/ )1.സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍),2.ശരീരം (ഉത്പാദനോപകരണം),3.ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ),4.കുഞ്ഞുങ്ങള്‍ ( ഉത്പന്നം),5.സംരക്ഷണം ( സംഭരണം ),6.കൊത്തിപ്പിരിക്കല്‍ (വിതരണം ),7.മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ (ഉപയോഗം) എന്നീ പ്രത്യുത്പാദന- ഉത്പാദന ഘട്ടങ്ങള്‍ ആണ് വിശദീകരിച്ചത്. ആരും ആരുമായും ഉണ്ടായിരുന്ന ലൈംഗികക്രിയയ്ക്ക് വിലക്കുകള്‍ വരുന്ന ഉത്പാദന ചരിത്രവുമായി ബന്ധപ്പെടുത്തിയിരുന്നു. ദത്തമായ പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന സാംസ്‌കാരിസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണ്, പരസ്പര നിര്‍ണ്ണീതമാണ് ദത്തമായ പ്രകൃതിസഹജ ലൈംഗികതയ്ക്ക് മേല്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്ന പ്രണയലൈംഗികത. അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, കാമുകി, കാമുകന്‍ തുടങ്ങിയ ബന്ധങ്ങളും രക്തബന്ധലൈംഗികവിലക്കുകളും രൂപം കൊള്ളുന്നത് മനുഷ്യന്റെ ആരോഗ്യകരമായ സാംസ്‌കാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്.പുറംലോക ബന്ധം (Exogamy) ഉത്പാദ പ്രവര്‍ത്തനത്തിന്റെ വിപുലീകരണത്തിന് ആവശ്യമായിരുന്നു.എന്നാല്‍ ഉത്പാദന ഉപകരണങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കുന്ന അധികാരഘടനകള്‍ ഇടനിലക്കാരനെ ഉയര്‍ത്തിക്കൊണ്ടുവരികയും സ്ത്രീ പുരുഷ പ്രണയത്തെ അധികാരവ്യവസ്ഥ പിടിച്ചെടുക്കുകയും സാമ്പത്തികഅധികാരത്തിനു അനുയോജ്യമാം വിധം വിലക്കുകള്‍ ഉണ്ടാക്കുകയും രക്തബന്ധലൈംഗികതയുടെ രൂപാന്തരങ്ങള്‍ (ഈഡിപ്പല്‍ ബന്ധങ്ങള്‍) ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് വിശദീകരിച്ചത്. മേല്‍ പറഞ്ഞ പ്രത്യുത്പാദന ഘട്ടങ്ങള്‍ പ്രണയലൈംഗികതയില്‍ കുറേക്കൂടി വിപുലീകരിക്കപ്പെടുന്നു.
1.കാമുകര്‍ പുതിയ ഭാഷ സൃഷ്ടിക്കുന്നവര്‍
[സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍) ]
അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക എന്നതാണ് പ്രാഥമികമായി പ്രകൃതിയിലെ ലൈംഗികതയുടെ ഉപയോഗം.എന്നാല്‍ അതിനു മപ്പുറത്തുള്ള ബന്ധം ആവശ്യമായി വരുന്നതിനു പിന്നില്‍ ശാരീരികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഉണ്ട്. നാല്കാലികളായമൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്ത്രീ പുരുഷ ബന്ധം പരിണാമപരമായ അനിവാര്യത (Evolutionary Necessity) കൂടിയാണ്.മനുഷ്യക്കുട്ടികള്‍ ദീര്‍ഘകാലം മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമുള്ളവരാണ്. നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ വൈകാരിക ബന്ധം (Pair-bonding) പരിണമിച്ചുണ്ടായത് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനാണ്.മനുഷ്യന്‍ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങിയതോടെ പെല്‍വിക് ഘടന മാറുകയും കുട്ടികള്‍ നേരത്തെ ജനിക്കേണ്ടി വരികയും ചെയ്തു. ഈ ‘അശരണരായ’ ശിശുക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ഒന്നിച്ചു നില്‍ക്കേണ്ടി വന്നു. ഇതിനായുള്ള ഒരു ‘ബയോളജിക്കല്‍ ഗ്ലൂ’ (Biological Glue) ആയി പ്രണയം പ്രവര്‍ത്തിച്ചു.നരവംശശാസ്ത്രജ്ഞയായ ഹെലന്‍ ഫിഷര്‍ പ്രണയത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട് (Why We Love: The Nature and Chemistry of Romantic Love):
1. കാമം (Lust): വംശവര്‍ദ്ധനവിനായുള്ള പ്രേരണ. (ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വഴി).
2. ആകര്‍ഷണം (Attraction): ഒരു പ്രത്യേക വ്യക്തിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥ. (ഡോപാമിന്‍, നോര്‍പിനെഫ്രിന്‍ എന്നിവയുടെ സ്വാധീനം).
3. അനുരക്തി (Attachment): ദീര്‍ഘകാലം ഒന്നിച്ച് ജീവിക്കാനുള്ള ശാന്തമായ അവസ്ഥ. (ഓക്‌സിടോസിന്‍, വാസോപ്രെസിന്‍ ഹോര്‍മോണുകള്‍ വഴി).
എന്നാല്‍ ദീര്‍ഘകാലം മനുഷ്യന്‍ ഒരുമിച്ചു താമസിക്കേണ്ടി വന്നതിനു പിന്നില്‍ പ്രത്യുത്പാദനസന്ദര്‍ഭം മാത്രമല്ല ഉള്ളത്.ഉത്പാദന സന്ദര്‍ഭം കൂടിയാണ് അത്തരമൊരു ബന്ധം അനിവാര്യമാക്കിയത്. ഒരു നദീതടത്തില്‍ കൃഷി ചെയ്യുന്ന ഒരു ജനക്കൂട്ടം ദീര്‍ഘകാലം ഒരുമിച്ച് താമസിക്കേണ്ടി വരുന്നു. ഉത്പാദന വ്യവസ്ഥയുടെ വിപുലീകരണത്തിനും ഉത്പാദന വസ്തുക്കളുടെ വിനിമയത്തിനും മറ്റൊരു ജനക്കൂട്ടവുമായും ബന്ധപ്പെടേണ്ടി വരുന്നു. ഈ ഇച്ഛയുടെ വികാസം രക്തബന്ധലൈംഗികതയില്‍ നിന്നും പുറംലോക ബന്ധത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. രക്തബന്ധലൈംഗികതയ്ക്ക് തടസ്സം കല്പിച്ചു കൊണ്ടുള്ള ലൈംഗികതയുടെ വികാസം വ്യക്തിയുടെ ഉത്പാദന വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇഷ്ടപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പ് എന്ന പ്രാചീനജനാധിപത്യബോധം ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്ന പ്രണയത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.അതായത് കാമുകനും കാമുകിയും പ്രാചീനമായ ഇച്ഛയുടെ പുനര്‍നിര്‍മ്മാണം സാധ്യമാക്കുന്നവരാണ്. അതൊരു ”മുന്‍ജന്മ”ബന്ധമാണെന്നു പറയാം.എന്നാല്‍ കാമുകീകാമുകന്മാര്‍ തങ്ങളുടേതായ ഒരു ചിഹ്ന വ്യവസ്ഥയുടെ നിര്‍മ്മാതാക്കളുമാണ്. കാമുകീകാമുകന്മാര്‍ പ്രണയം അനുഭവിക്കുന്നവര്‍ മാത്രമല്ല, നിര്‍മ്മാതാക്കളുമാണ്. പ്രണയം ഒരു ഭാഷാവിനിമയമാണ്. ഭാഷ മുന്നേ ഉണ്ടെങ്കിലും വിനിമയം ചെയ്യുന്നയാളും സ്വീകരിക്കുന്നയാളും ചേര്‍ന്നു പുതിയ അനുഭവം സൃഷ്ടിക്കും പോലെ പുതിയതിനെ നിര്‍മ്മിക്കുന്ന ഉത്പാദകരാണ് കാമുകീകാമുകന്മാര്‍. ഇതു വരെ എഴുതപ്പെട്ടിട്ടില്ലാത്ത ഒരു സന്ദേശവും അതിന്റെ സ്വീകരണവും അതിനുള്ള മറുപടിയും ആണ് പ്രണയം. അതു എഴുതുകയും വായിക്കുകയും ചെയ്യുന്നവരാണ് പ്രണയിതാക്കള്‍.
2. അനുരാഗത്തിന്റെ അടയാളങ്ങള്‍
[ശരീരം (ഉത്പാദനോപകരണം) ]
പ്രണയം നിര്‍മ്മാണ പ്രവര്‍ത്തനമായതുകൊണ്ടുതന്നെ, വിനിമയ പ്രവര്‍ത്തനമായതുകൊണ്ടുതന്നെ അതിനു നിര്‍മ്മാണ – വിനിമയ ഉപകരണങ്ങളും ആവശ്യമായി വരുന്നു. ശരീരത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രണയവിനിമയ ഉപകരണങ്ങള്‍ തുടങ്ങുന്നു. പ്രണയം ശാരീരിക പ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനമാണ്. കിടപ്പറയിലെ രണ്ടു പേരുടെ സ്വകാര്യ ശരീരിക പ്രവര്‍ത്തനം മാത്രമല്ല പ്രണയപ്രകടനം എന്നതിനാല്‍ പ്രണയപ്രകടന ഇടം എന്നത് പൊതു വിടത്തില്‍ രണ്ടു പേര്‍ നിര്‍മ്മിക്കുന്ന മറ്റൊരു ഇടം കൂടിയാണ്. എല്ലാരും കുനിഞ്ഞു നിന്നു കൊയ്യുമ്പോള്‍ രണ്ടു പേര്‍ ഇടയില്‍ നിവര്‍ന്നു പ്രണയത്താല്‍ തമ്മില്‍ നോക്കുമ്പോള്‍ തൊഴിലിടമാണ് പ്രണയവിനിമയ സ്ഥലം എന്നാല്‍ തൊഴിലിടത്തില്‍ മറ്റൊരു സ്വകാര്യ – പൊതു വിടം അവര്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. നിര്‍മ്മിക്കപ്പെടുന്നശരീരവും നിര്‍മ്മിക്കപ്പെടുന്നതൊഴിലിടവും പ്രണയ നിര്‍മ്മാണ ഉപകരണമായി മാറുന്നു.ശരീരവും സംസ്‌കാരവും പ്രണയത്തിന്റെ ഉപകരണമായി മാറുന്നു. മാത്രമല്ല ഓരോ പ്രണയവും പുതിയ വിനിമയോപകരണങ്ങളെ നിര്‍മ്മിക്കുന്നു. പുതിയ ഭാഷ, പുതിയ ചിഹ്നങ്ങള്‍, പുതിയ പ്രണയത്തിന്റെ അടയാളങ്ങള്‍, ഉപഹാരങ്ങള്‍ നിര്‍മ്മിക്കുന്നു. ഹോട്ടല്‍ ജീവനക്കാരി എല്ലാര്‍ക്കും പുട്ട് വിളമ്പുമ്പോള്‍ കാമുകന് പുട്ടിനകത്ത് മുട്ട വച്ച് കൊടുക്കുന്നു. പ്രണയം ഭാഷാപ്രവര്‍ത്തനമാണ്. പുതിയ വിനിമയ ഉപകരണങ്ങളുടെ നിര്‍മ്മാണമാണ്.’പ്രണയിക്കുക എന്നത് ഒരു അറിവല്ല, മറിച്ച് ഒരു പ്രവൃത്തിയാണ്’ (Love is an action, not a passive affect) എന്ന് എറിക് ഫ്രോം പറയുന്നത് അതുകൊണ്ടാണ്.(ദ ആര്‍ട്ട് ഓഫ് ലവിങ് (The Art of Loving) എന്ന പുസ്തകം.ഫ്രോം തന്റെ കൃതിയില്‍ പ്രണയത്തെ ഒരു ‘വികാരം’ എന്നതിലുപരി ഒരു ‘കല’ ആയിട്ടാണ് കാണുന്നത്.
3.ലൈംഗികത അറിവാണ്
[ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ) ]
ലൈംഗികപ്രവര്‍ത്തനവും പ്രണയപ്രകടനവും ശാരീരികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനമായി മാറുന്നു.വിനിമയ ഉപകരണങ്ങളും പ്രണയവും പുതിയതായി മാറുന്ന പ്രവര്‍ത്തനമാണ്. പ്രണയം ഒരു പുതിയ സന്ദേശമാണെങ്കില്‍ അതു തുറന്നു വായിക്കുന്ന പ്രവര്‍ത്തനമാണത്. താന്‍ ഈ പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട ജീവബിന്ദുവല്ല, ഒരു സാമൂഹ്യ ജീവിയാണ് എന്നറിയാനുള്ള ഏറ്റവും ആഴമേറിയ പ്രവര്‍ത്തനമാണ്. ”മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന ജീവിയാണ്. ഈ ഒറ്റപ്പെടല്‍ നല്‍കുന്ന ഭയത്തെ അതിജീവിക്കാന്‍ അവന്‍ കണ്ടെത്തുന്ന വഴികളാണ് ലഹരി, ആചാരങ്ങള്‍, കഠിനമായ ജോലി എന്നിവ. എന്നാല്‍ ഇവയൊന്നും ശാശ്വതമല്ല. മനുഷ്യര്‍ തമ്മിലുള്ള ആഴത്തിലുള്ള സ്‌നേഹത്തിലൂടെ (Union) മാത്രമേ ഈ ഏകാന്തതയെ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിയൂ.” എന്നു എറിക് ഫ്രോം പറയുന്നുണ്ട്. ലൈംഗികത ജീവിതത്തെ അറിയലാണ്. താന്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കല്ല എന്ന അറിവാണ്.
4.പ്രണയം ഒരു പിറവിയാണ്
[കുഞ്ഞുങ്ങള്‍ ( ഉത്പന്നം)]
പ്രണയം ഒരു പുതിയ സന്ദേശമാണെങ്കില്‍ അതു തുറന്നു വായിക്കുമ്പോള്‍ ലഭിക്കുന്ന, അറിവാണത്,ആനന്ദമാണത്. ഒപ്പം അത് പുതിയ തലമുറയെ സൃഷ്ടിക്കുകയും ചെയ്യുന്നു.
5.പ്രണയം ആത്മാന്വേഷണമാണ്
[സംരക്ഷണം ( സംഭരണം ) ]
പ്രണയം ഒരു പുതിയ സന്ദേശമാണെങ്കില്‍ അത് വായിക്കപ്പെടുന്നതോടെ ഇല്ലാതാവുകയല്ല, മറുപടിയായി പുനരവതരിപ്പിക്കപ്പെടുകയാണ്. അതൊരു കുഞ്ഞിനെ വളര്‍ത്തലാണ്. കുഞ്ഞായി തീരലാണ്. പ്രണയം തന്നിലേക്ക് തന്നെയുള്ള തിരിഞ്ഞു നോക്കലാണ്. അതൊരു കണ്ണാടി നോക്കലാണ്. പ്രണയിനികള്‍ തന്റെ ആത്മാവിനെ തന്നെ അലങ്കരിക്കുന്നു. ആരുമില്ലാത്തിടത്ത്, പ്രകൃതിയുടെ ഏതെങ്കിലും ഒരു തുരുത്തില്‍ നിറയെ പൂക്കളും പുഴകളും പക്ഷികളും നീയും മാത്രമായി അലിഞ്ഞു ചേരാന്‍ കൊതിക്കുന്നു. അമ്മയുടെ മടിത്തട്ടില്‍ എന്നപോലെ, പ്രകൃതിയുടെ മടിത്തട്ടില്‍ എന്നപോലെ പരസ്പരം ഇഴുകിച്ചേരുന്നു.
6.പ്രണയം അപരനിലേക്കുള്ള യാത്രയാണ്.
[കൊത്തിപ്പിരിക്കല്‍ (വിതരണം )]
പ്രണയം ഒരു പുതിയ സന്ദേശമാണെങ്കില്‍ അതിനൊരു മറുപടി നിര്‍മ്മിക്കപ്പെടുകയാണ്. പ്രണയാനുഭവം പുനര്‍നിര്‍മ്മാപരമാണ്. അതൊരു യാത്രയാണ്. അതൊരു വിപരീത യാത്ര കൂടിയാണ്. കുഞ്ഞായിരിക്കുന്ന വ്യക്തിത്വത്തില്‍ നിന്നുമുള്ള മറികടക്കലാണ്. ആ പുഴയോരത്തെ വീട്ടില്‍ നിന്നും ദൂരെ യാത്ര പോകാന്‍ കൊതിക്കുന്നു. അവളോട് വിയോജിച്ചും യോജിച്ചും അവനോട് വിയോജിച്ചും യോജിച്ചും രണ്ടു പേരും പുതിയ ആള്‍ക്കാരായി മാറുന്നു, വളരുന്നു. അവളിലൂടെ അവനും അവനിലൂടെ അവളും അവരവരെയും അപരരെയും അറിയുന്നു. കുട്ടികള്‍ വീട് വിട്ടു പോകും പോലെ പുതിയ തൊഴിലിടങ്ങള്‍ അന്വേഷിച്ച് വളരുന്ന പോലെ കാമുകീ കാമുകന്മാര്‍ സ്വയം മറ്റൊരാളായി മാറുന്നു.
7.പ്രണയിക്കല്‍ സമരമാണ്.
[മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ (ഉപയോഗം)]
പ്രണയിതാക്കള്‍ മുതിര്‍ന്ന മനഷ്യരെ പോലെ സാമൂഹ്യ മനുഷ്യരായി മാറുന്നു. പ്രണയം അന്തര്‍മുഖ (introvert)രെ ബഹിര്‍മുഖ (Extrovert) രാക്കുന്നു.നേരെ മറിച്ചും മാറ്റുകയും വ്യക്തികള്‍ സ്വയം മാറുകയും സമൂഹത്തെ മാറ്റുകയും ചെയ്യുന്ന നിര്‍മ്മാണ വ്യക്തിത്വങ്ങള്‍ ആയി മാറുന്നു.അങ്ങനെയുള്ള രണ്ടു പേരുടെ ചുംബനമാണ് ലോകത്തെ മാറ്റുമെന്ന് ഒക്ടോ വിയോ പാസ് പറയുന്നത്. ‘സ്‌നേഹമാണഖിലസാരമൂഴിയില്‍ ‘ എന്നു ആശാന്‍ പറയുന്നതും അതിനെത്തന്നെ.ശിവപാര്‍വ്വതീ ബന്ധമാണ് ലോകസൃഷ്ടി എന്നും അതൊരു ഗുണ പരിണാമമാണെന്നും ഉള്ള പ്രാചീന സാംഖ്യത്തിലും ഈ നിലപാട് കാണാം.
6.
പ്രണയം ഇങ്ങനെ പല ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ആഴമേറിയ പ്രവര്‍ത്തനമാണ്.എന്നാല്‍ ഉത്പാദന ഉപകരണങ്ങളുടെ ഉടമാവകാശം ഇടനിലക്കാര്‍ നേടിയെടുക്കുന്ന ചരിത്രസന്ദര്‍ഭങ്ങളില്‍ വിനിമയപ്രക്രിയ സ്തംഭിക്കുന്നു എന്നു പറഞ്ഞ പോലെ പ്രണയവിനിമയവും സ്തംഭിച്ചു പോകുന്നു. പ്രണയം ഒരു പ്രവര്‍ത്തനമല്ലാതെ ഒരു ആശയമായി മാറുന്നു.ഇത് ബ്രാഹ്മണമതത്തിന്റെ കാലത്തും ഡിജിറ്റല്‍ മുതലാളിത്ത കാലത്തും ഒരുപോലെ സംഭവിക്കുന്നു. ഇത്തരം നിലപാട് വാത്സ്യായനന്റെ കാമസൂത്രവും പുലര്‍ത്തുന്നു എന്നതുകൊണ്ടാണ് മുതലാളിത്ത രാജ്യങ്ങളിലെ ഇന്ത്യാ ചരിത്ര പഠിതാക്കള്‍ക്ക് അത് ഇഷ്ടപ്പെടാന്‍ കാരണം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
(0) ഇടനിലക്കാരന്‍
[പുരോഹിതന്‍, രാജാവ്, ജന്മി, മുതലാളി, ഡിജിറ്റല്‍ അല്‍ഗോരിതങ്ങള്‍]
യഥാര്‍ത്ഥത്തില്‍ പ്രണയികള്‍ക്കിടയില്‍ സംഭവിക്കേണ്ട നേരിട്ടുള്ള വിനിമയത്തെ നിയന്ത്രിക്കാന്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇടനിലക്കാര്‍ കടന്നുവരുന്നു.
ബ്രാഹ്മണമത കാലം: ജാതി, മതം, കുലം എന്നിവയിലൂടെ പ്രണയത്തെ നിയന്ത്രിക്കുകയും ലൈംഗികതയെ പവിത്രതയുടെയോ പാപത്തിന്റെയോ തുലാസില്‍ അളക്കുകയും ചെയ്തു.വിവാഹം വര്‍ണ്ണവ്യവസ്ഥയ്ക്ക് അകത്ത് നിര്‍ണ്ണയിക്കുന്നതോടെ പ്രണയം പൂര്‍ണ്ണമായും റദ്ദാക്കപ്പെടുന്നു.വിവാഹം പൗരോഹിത്യത്തിന് പണവും അധികാരവും നേടാനും നിലനിര്‍ത്താനുമുള്ള വഴിയായി മാറുന്നു. രക്തബന്ധ ലൈംഗികതാവിലക്ക് ലൈംഗികതയുടെ വിപുലീകരണത്തിനും ഉത്പാദനവ്യവസ്ഥയ്ക്കും ആവശ്യമായിരുന്നു.എന്നാല്‍ ഇടനിലക്കാര്‍ പ്രണയത്തെ നിരോധിക്കുന്നതോടെ ലൈംഗികത ഈഡിപ്പല്‍ബന്ധമായി മാറുന്നു. (ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം കലക്കികളയുകയാണ് ഫുക്കോയും ഗോത്താരിയുമൊക്കെ ചെയ്യുന്നത്. വൈദ്യശാസ്ത്രപഠനത്തില്‍ അതു വിശദീകരിച്ചിട്ടുണ്ട്.)പെണ്ണ് പിതൃസ്വത്ത് ആയി മാറുന്നു. പെണ്ണിന്റെ അവകാശം അധികാരപിതൃ രൂപങ്ങള്‍ക്കായി മാറുന്നു.ജന്മിക്കും രാജാവിനും സ്വന്തമാകുന്നു. അര്‍ത്ഥശാസ്ത്രവും മനുസ്മൃതിയും ഉപരിവര്‍ഗ്ഗപുരുഷന്റെയും രാജാവിന്റെയും ഇടനില വ്യക്തിത്വം ഊട്ടി ഉറപ്പിക്കുന്നുണ്ട്.
ഡിജിറ്റല്‍ മുതലാളിത്തം: ബ്രാഹ്മണമതത്തിന്റെ കാലത്ത് പെണ്ണിനും ആണിനും ഇടയിലേക്ക് കടന്നു വന്ന് തെരഞ്ഞെടുപ്പിന്റെ ഇച്ഛയെ അട്ടിമറിച്ചത് പുരോഹിതനായിരുന്നെങ്കില്‍ പുതിയ കാലത്തെ ഇവിടെ ഇടനിലക്കാരന്‍ മീഡിയയാണ്, ‘അല്‍ഗോരിത’മാണ്. ക്യാമറയ്ക്ക് വേണ്ടിയാണ് ഇന്നു പ്രണയവും വിവാഹവും എന്നു വന്നിരിക്കുന്നു. വിവാഹത്തിന് പുരോഹിതന്‍ ഉള്‍പ്പെടെ എല്ലാരും ക്യാമറയെ അനുസരിക്കുന്നു. ക്യാമറയ്ക്ക് വേണ്ടി പുതിയ ആചാരങ്ങള്‍ വരുന്നു, പഴയ ആചാരങ്ങള്‍ പുനരുദ്ധരിക്കുന്നു. വൈറലാകുന്ന വിവാഹമാണ് ഏറ്റവും നല്ല വിവാഹം. നമ്മുടെ എല്ലാ തെരഞ്ഞെടുപ്പിനെയും നിയന്ത്രിക്കുന്നത് അല്‍ഗൊരിതങ്ങളാകയാല്‍ നമ്മുടെ ഇച്ഛയും തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ലൈംഗികത ഒരു ഭയമായി പഴയ പൗരോഹിത്യം അവതരിച്ച പോലെ ലൈംഗികതയുടെ ഭയപാതാളങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. ശരിയായതോ വ്യാജമായതോ ആയ, കുഞ്ഞിനെ അച്ഛന്‍ പീഡിപ്പിച്ചു പോലുള്ള ഭീകരലൈംഗിക പീഡന വാര്‍ത്തകള്‍, അതുമായി ബന്ധപ്പെട്ട മരണങ്ങള്‍, ആത്മഹത്യകള്‍ ,പെണ്‍കെണി വാര്‍ത്തകള്‍, പുരുഷ അതിക്രമങ്ങള്‍ തുടങ്ങിയവ സെന്‍സേഷലാക്കുക വഴി പുതിയ ലൈംഗിക പാതാള ഭീഷണികളായി അവ മാറുന്നു. ” സ്ത്രീ പുരുഷ ബന്ധം ഭയം നിറഞ്ഞതാക്കി മാധ്യമങ്ങള്‍ മാറ്റുന്നു. സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കുള്ള രാഷ്ട്രീയ കാരണങ്ങളെ അവ മറച്ചു പിടിക്കുകയും ചെയ്യുന്നു. ശിശു രതിയും പിതൃതിയും സംബന്ധ വിവാഹ കാലത്ത് ഉണ്ടായിരുന്നു. അതിന് അതിന്റേതായ സാമ്പത്തിക അധികാരഘടനകള്‍ കാരണമായിരുന്നു. അത്തരം സമാനഅധികാര സംബന്ധ കാര്യങ്ങള്‍ പുതിയ കാലത്തും ഉണ്ടാകാം.എന്നാല്‍ അവ മാധ്യമങ്ങള്‍ സംബോധന ചെയ്യുന്നില്ല. സ്‌പെഷല്‍ ഇഫക്ടോടെ, എ ഐ ദൃശ്യ മികവോടെ കുറ്റകൃത്യ വാര്‍ത്തകള്‍ വരുന്നു. ക്രൂരമായി വേട്ടയാടി കൊല ചെയ്യാവുന്ന ”വഴിവിട്ട ‘ബന്ധങ്ങളില്‍ സ്വാഭാവികമായി ചെന്നുചാടുന്ന ബുദ്ധിയില്ലാത്തവരായി, പ്രതിരോധമില്ലാത്തവരായി സ്ത്രീളെ കാണുന്ന, – അവര്‍ക്കുള്ള ഗുണപാഠമായി മാറുന്ന ‘കളം കാവല്‍’പോലുള്ളതും പെണ്ണിനെ വീഡിയോയില്‍ പകര്‍ത്തുന്ന കൗമാരപ്രായക്കാരനെ തല്ലി കൊല്ലുന്നവളെ രക്ഷിക്കുന്ന, ലൈംഗികദൃശ്യങ്ങള്‍ വിപണനം ചെയ്യുന്ന നായകനെ അവതരിപ്പിക്കുന്ന ‘ദൃശ്യം’ പോലുള്ള സിനിമകളും സിനിമകളല്ല, വാര്‍ത്തകളുടെ സൂപ്പര്‍ സ്റ്റാര്‍ അവതരണങ്ങള്‍ ആണ്. ചലച്ചിത്രകാരന്‍ ദൃശ്യം സിനിമയുടെ കഥ അപഹരിക്കാന്‍ ആശ്രയിച്ച Suspect – X എന്ന ചിത്രത്തില്‍ ”ലൈംഗികദൃശ്യവിപണി ‘ എന്ന പിതൃ പക്ഷമല്ല നായകന്‍, കളം കാവലിന് കാരണമായ കുറ്റകൃത്യത്തില്‍ ധനാപഹരണമാണ് പ്രധാന ലക്ഷ്യം ,ലൈംഗികതയല്ല.പക്ഷെ സിനിമയിലും വാര്‍ത്തകളിലും ലൈംഗികതയെ വഴിവിട്ട പാതാള ഭീകരതയാക്കി മാറ്റിയിരിക്കുന്നു. ഇഹലോകലൈംഗികത നരകമാണ്, സ്വര്‍ഗ്ഗീയ ലൈംഗികത ആവാം എന്ന പൗരോഹിത്യത്തിന്റെ പരസ്യവാചകത്തിന് തുല്യമാണ് ഇത്.ഇത് സ്വാഭാവികമായ ബന്ധങ്ങളെ ഇല്ലാതാക്കാനും യുവാക്കളുടെ ലൈംഗികാഭയം മീഡിയയുടെ സ്വര്‍ഗ്ഗീയവിപണി സ്ഥലങ്ങളാക്കാനും പ്രേരിപ്പിക്കുന്നു. ‘ദൃശ്യ’മെന്ന സിനിമയില്‍ ഭര്‍ത്താവിനെ എതിര്‍ത്തിരുന്ന ഭാര്യ ഉള്‍പ്പെടെ ‘പിതൃരൂപ’മെന്ന ചിറകിനടിയിലേക്ക് (യഥാര്‍ത്ഥത്തില്‍ അത് ലൈംഗികദൃശ്യ വിപണിയാണ്) ഭയത്തോടെ ഒതുങ്ങിപ്പോകുന്നു.പൊസ്സസീവ്‌നസ് ഇല്ലാത്ത സുഖകരമായ ആത്മീയ പ്രണയം എന്നത് പഴയ പൗരോഹിത്യത്തിന്റെ വാഗ്ദാനമല്ല, സൗഹൃദ ആപ്പുകളുടെ പരസ്യമാണ്.പ്രണയം മീഡിയയ്ക്ക് പണം നേടാനുള്ള സ്ഥലമാകുകയും മീഡിയ എന്ന ഇടനിലക്കാരന്‍ പഴയ പുരോഹിത പിതൃരൂപത്തെപ്പോലെ പ്രണയത്തെ അപഹരിക്കുകയും എല്ലാം വ്യാവസായിക ഈഡിപ്പല്‍ ബന്ധങ്ങളായി മാറുകയും ചെയ്യുന്നു.ഡേറ്റിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയും പ്രണയത്തെ ഡാറ്റയാക്കി പിടിച്ചെടുക്കുന്നു. പ്രണയം ഒരു കമ്പോള വസ്തുവായി മാറുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് പണം നേടാനുള്ള വഴിയായി മാറുന്നു. ലൈംഗികതയില്‍ നിന്നും പ്രത്യുത്പാദനം, ആനന്ദം എന്നിവ വേര്‍തിരിച്ചെടുക്കുന്നു.
1. കാമുകര്‍ ലൈംഗികത്തൊഴിലാളികളായി മാറുമ്പോള്‍
[സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍) ]
നമ്മുടെ ലൈംഗികത നമുക്കോ മറ്റുള്ളവര്‍ക്കോ പണം നേടാനുള്ള ഉപകരണമായി മാറുമ്പോള്‍ കാമുകര്‍ അറിഞ്ഞും അറിയാതെയും ലൈംഗിക തൊഴിലാളികളായി മാറുന്നു. പഴയകാല ‘വേശ്യ ‘ എന്ന പദം സ്ത്രീവിരുദ്ധമാകുകയും ‘ലൈംഗികത്തൊഴിലാളി’ എന്ന പദം സ്ത്രീപക്ഷമാകുകയും ചെയ്യുന്നു എന്ന രീതിയില്‍ ഡിജിറ്റല്‍ മുതലാളിത്തത്തിന്റെ ഒന്നാം ഘട്ടത്തില്‍ അവതരിപ്പിച്ചത് അതുകൊണ്ടാണ്. രണ്ടാം ഘട്ടമെത്തുമ്പോള്‍ എല്ലാം ഡേറ്റയായി മാറുന്നു. സ്ത്രീയും പുരുഷനും ഒരു പോലെ ലാഭം നേടാനുള്ള ഡേറ്റയായി മാറുന്നു.
ബ്രാഹ്മണമതത്തില്‍: പുരുഷന്‍ ഏകപത്‌നീവ്രതനാകുന്നതിന് വ്യക്തിയുടെ ഇച്ഛയുമായി ബന്ധമില്ല. ഏകപത്‌നീവ്രതവും ബഹുഭാര്യാത്വവും സാമ്പത്തിക വ്യവസ്ഥയുടെ ആവശ്യമായി മാറുന്നു.കേരളത്തിലെ വേളി / സംബന്ധം -എന്നീ വിവാഹ സബ്രദായങ്ങള്‍ നോക്കുക. സ്വത്ത് പുറത്തു പോകാതിരിരിക്കാനും കുടുംബത്തുടര്‍ച്ചയ്ക്കും സ്വന്തം ജാതി വിവാഹം, ലൈംഗിക ആനന്ദത്തിന് അനേകം സംബന്ധ വിവാഹം. ലൈംഗിക നിരോധനവും ലൈംഗിക ധാരാളിത്തവും ഉണ്ട്. ലൈംഗികതയിലെ പ്രത്യുത്പാദനമാത്രധര്‍മ്മം പ്രത്യേകമായും ആനന്ദ ധര്‍മ്മം പ്രത്യേകമായും വേര്‍തിരിച്ചെടുക്കുകയും രണ്ടും യാന്ത്രികമാക്കുകയും കാമം (Lust),ആകര്‍ഷണം (Attraction) ഇവ മാത്രമായി ലൈംഗികത മാറുകയും ചെയ്യുന്നു. വര്‍ണ്ണവ്യവസ്ഥയും ജന്മിത്ത സാമ്പത്തിക വ്യവസ്ഥയ്ക്കും അത് ആവശ്യമായി മാറുന്നു.അങ്ങനെ മിത്തുകളിലെ രാമനെ പോലെ ബ്രഹ്മചാരിയായ ഗൃഹസ്ഥാശ്രമിയെയും മിത്തുകളിലെ രാവണനെ പോലെ (സൂര്യനമ്പൂതിരിപ്പാടിനെ പോലെ സ്ത്രീയോട് ഭ്രമം മാത്രമുള്ള സ്‌നേഹം എന്ന വാക്ക് കേട്ടിട്ടില്ലാത്ത) അതികാമിയായ പുരുഷനെയും ലഭിക്കുന്നു. സ്ത്രീയാകട്ടെ സീതയെ പോലെ പതിവ്രതയും ശൂര്‍പ്പണഖയെ പോലെ പ്രലോഭനീയയും (വേശ്യ ) ആയി മാറുന്നു. പ്രണയം സാങ്കല്പികാനുഭവമാകുകയും യക്ഷന്‍, യക്ഷി,ഗന്ധര്‍വ്വന്‍,അപ്‌സരസ് തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.”ഏകഭാര്യത്വം ഉണ്ടായത് പ്രണയം കൊണ്ടല്ല, മറിച്ച് സാമ്പത്തിക കാരണങ്ങളാലാണ്. തന്റെ സ്വത്ത് സ്വന്തം മക്കള്‍ക്ക് തന്നെ കൈമാറണം എന്ന പുരുഷന്റെ ആഗ്രഹമാണ് സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിക്കാന്‍ അവനെ പ്രേരിപ്പിച്ചത്.”,’ഏകഭാര്യത്വത്തിന്റെ ആവിര്‍ഭാവം ചരിത്രത്തിലെ സ്ത്രീലൈംഗികതയുടെ ചരിത്രപരമായ പരാജയമായിരുന്നു. പുരുഷന്‍ വീടിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു; സ്ത്രീ തരംതാഴ്ത്തപ്പെടുകയും അടിമയാക്കപ്പെടുകയും പുരുഷന്റെ കാമപൂര്‍ത്തിക്കുള്ള വെറും ഉപകരണമായി മാറുകയും ചെയ്തു.’ എന്നീ ഏംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്.(The Origin of the Family, Private Property and the State, 1884)
ഡിജിറ്റല്‍ മുതലാളിത്തത്തില്‍: പ്രണയം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഗന്ധര്‍വ്വ ലോകത്ത് ആകുകയും ലൈംഗികത പ്രത്യുത്പാദനത്തില്‍ നിന്നും വേര്‍പെടുകയും രണ്ടും യാന്ത്രികമായി നിര്‍വ്വചിക്കപ്പെടുകയും ചെയ്യുക തന്നെയാണ് ഡിജിറ്റല്‍ മുതലാളിത്തത്തിലും ബ്രാഹ്മണമതത്തിന്റെയും ലൈംഗിക വിലക്കിന്റെയും എതിരിടം എന്ന നിലയിലാണ് ‘സ്വാതന്ത്ര്യ ‘ത്തിന്റെ ക്യാമറാലോകം പ്രചരിക്കപ്പെട്ടത്.ഹെര്‍ബര്‍ട്ട് മര്‍ക്യൂസ് (Herbert Marcuse) തന്റെ ‘One-Dimensional Man’ (1964) എന്ന കൃതിയിലൂടെ അവതരിപ്പിച്ച ഒരു ആശയമാണ് ‘റിപ്രസീവ് ഡിസബ്ലിമേഷന്‍’ (Repressive Desublimation).വ്യവസ്ഥിതി (മുതലാളിത്തം) മനുഷ്യന് കൂടുതല്‍ ലൈംഗികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നതുപോലെ തോന്നിപ്പിക്കുകയും, എന്നാല്‍ ആ സ്വാതന്ത്ര്യത്തിലൂടെത്തന്നെ അവനെ കൂടുതല്‍ അടിമയാക്കി മാറ്റുകയും ചെയ്യുന്ന തന്ത്രമാണിത്.’മുതലാളിത്തം ലൈംഗികതയെ വിമോചിപ്പിച്ചുവെന്ന് തോന്നിപ്പിക്കുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അത് ലൈംഗികതയെ വിപണിയുടെ പുതിയൊരു അച്ചടക്കത്തിന് (Discipline) കീഴിലാക്കുകയാണ് ചെയ്തത്.’ എന്നു ഹെര്‍ബര്‍ട്ട് മര്‍ക്യൂസ് (Herbert Marcuse) പറയുന്നു.ഫ്രോയിഡിയന്‍ മനഃശാസ്ത്രത്തില്‍, മനുഷ്യന്‍ തന്റെ ലൈംഗിക ഊര്‍ജ്ജത്തെ (Libido) കല, സാഹിത്യം, ജോലി തുടങ്ങിയ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെയാണ് ‘സബ്ലിമേഷന്‍’ എന്ന് വിളിക്കുന്നത്. എന്നാല്‍ മര്‍ക്യൂസ് പറയുന്നത്, മുതലാളിത്തം ഈ ഊര്‍ജ്ജത്തെ നേരിട്ട് ലൈംഗികതയിലേക്കും ഉപഭോഗത്തിലേക്കും തന്നെ തിരിച്ചുവിടുന്നു എന്നാണ്. ഇതിനെയാണ് അദ്ദേഹം ‘ഡിസബ്ലിമേഷന്‍’ എന്ന് വിളിച്ചത്.പ്രണയവും ലൈംഗികതയും പണ്ട് വ്യവസ്ഥിതിക്കെതിരെയുള്ള കലഹങ്ങളായിരുന്നു. എന്നാല്‍ മുതലാളിത്തം അവയെ ‘തുറന്ന ചര്‍ച്ചാവിഷയങ്ങള്‍’ ആക്കി മാറ്റുകയും വിപണിയില്‍ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ പ്രണയത്തിന്റെ വിപ്ലവകരമായ മൂര്‍ച്ച (Transgressive power) നഷ്ടപ്പെടുന്നു.പ്രണയം മാസികമോ രാഷ്ട്രീയമോ ആയ പ്രവൃത്തിയല്ലാതെ ഒരു ‘ചരക്ക്’ (Commodity) ആയി മാറുന്നു. മര്‍ക്യൂസ് നിരീക്ഷിക്കുന്നത് പോലെ, ലൈംഗികത എല്ലായിടത്തും ലഭ്യമാകുമ്പോള്‍ (ഉദാഹരണത്തിന് പോണോഗ്രാഫി, ഡേറ്റിംഗ് ആപ്പുകള്‍), അത് മനുഷ്യനെ വൈകാരികമായി തളര്‍ത്തുന്നു. അതായത് ലൈംഗിക സ്വാതന്ത്ര്യം എന്നു തോന്നിപ്പിച്ചു കൊണ്ട്, ലൈംഗിക ഉപഭോക്താവാക്കി മാറ്റുകയും ലൈംഗികതയില്‍ നിന്നും ഉത്പാദനത്തെ നീക്കം ചെയ്യുകയും ചെയ്യുന്നു.പഴയ സംബന്ധ വിവാഹത്തില്‍ ഒരു തരത്തില്‍ കുട്ടി ഒഴിവാക്കപ്പെട്ട പോലെ കുട്ടികളില്ലാത്ത ബന്ധം ഡിജിറ്റല്‍ മുതലാളിത്തം മഹത്വവത്കരിക്കുന്നു. ട്രാന്‍സ് ജന്റര്‍ മഹത്വവത്കരണവും ആ ലക്ഷ്യം സാധിക്കുന്നു.കുട്ടികളുണ്ടാകാത്ത ലൈംഗികബന്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്നത് അവര്‍ക്ക് കൂടുതല്‍ പണം ചിലവാക്കാന്‍ (Discretionary Income) സാധിക്കും എന്നതുകൊണ്ടാണ്. ‘ഡിങ്ക്’ (DINK – Double Income No Kid) ദമ്പതികളായി കണ്ട് വിപണി അവരെ ആഘോഷിക്കുന്നു. മാത്രമല്ല സൈബര്‍ ലൈംഗിക വിപണിയുടെ പോഷണമായും അതു മാറുന്നു. സൈബര്‍ ലൈംഗികത കുട്ടികളെ ഉണ്ടാക്കുന്നില്ലല്ലോ.റെയിന്‍ബോ ക്യാപിറ്റലിസ (Rainbow Capitalism) മാണത്.പ്രണയത്തെയും ലൈംഗിക സ്വത്വത്തെയും ഒരു ‘ചരക്ക്’ (Commodity) ആക്കി മാറ്റുന്ന പ്രക്രിയയാണിത്.
ചുരുക്കത്തില്‍ സ്ത്രീയും പുരുഷനും സൈബര്‍ അപ്‌സരസുകളും ഗന്ധവര്‍ന്മാരും ലൈംഗിക ഉപഭോക്താക്കളുമായി മാറുന്നു.അവര്‍ സ്വന്തമായി ഭാഷയും പ്രണയവും സൃഷ്ടിക്കുന്നവരല്ല. പണമില്ലാത്ത വരെ അതു ലൈംഗിക കുറ്റവാളികളാക്കുന്നു
2. അനുരാഗത്തെ അടയാളങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍
[ശരീരം (ഉത്പാദനോപകരണം) ]
പ്രണയത്തെ വിനിമയഉപകരണങ്ങള്‍ തന്നെ പിടിച്ചെടുക്കുന്നു. പ്രണയം ഒരു ഭാഷയാണെങ്കില്‍ ചോംസ്‌കിയുടെയോ ഭര്‍തൃഹരിയുടെയോ ”മുന്‍ജന്മഭാഷ”യായി അതു മാറുന്നു. ഓര്‍മ്മയുടെ ആഴങ്ങളില്‍ പ്രണയം നഷ്ടപ്പെടുന്നു.പ്രണയം ഒരു ”കാവ്യ വസ്തു”വായി മാറുന്നു. ജീവിതത്തിലില്ലാത്തതും ഉപകരണങ്ങളില്‍ മാത്രം ഉള്ളതുമായ വസ്തു.
ബ്രാഹ്മണമതത്തില്‍: രാധാകൃഷ്ണ പ്രണയം ആഖ്യാനങ്ങളില്‍ കാണാം.വര്‍ണ്ണവ്യവസ്ഥയായതിനാല്‍ ജീവിതത്തില്‍ പ്രണയം നിഷേധിക്കപ്പെടുന്നു.പ്രണയം ഉപകരണ നിഷ്ഠമാകുന്നു. അഭിജ്ഞാനശാകുന്തളത്തില്‍ രാജാവിന്റെ മുദ്രമോതിരം നഷ്ടപ്പെടുമ്പോള്‍ പ്രണയം ഇല്ലാതാകുന്നു എന്ന ആഖ്യാനം പ്രണയത്തിന്റെ ഉപകരണ നിഷ്ഠതയുടെ അവതരണമാണ്. പ്രണയം ഉപകരണശരീരത്തിലേക്ക് മടങ്ങി പോകുന്നു. വേളി വിവാഹത്തില്‍ സ്ത്രീശരീരം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശരീരവും സംബന്ധ വിവാഹത്തില്‍ സ്ത്രീ ശരീരം പുരുഷനേരമ്പോക്കിനുള്ള ഉപകരണവും ആയിത്തീരുന്നു. ഉപരിവര്‍ഗ്ഗത്തിന്റെ പല ഭാര്യമാരുമായുള്ള ഉപകരണനിഷ്ഠ ബഹുലൈംഗികതയുടെ പുരാവൃത്ത സൂചകമാണ് രാസക്രീഡാമിത്ത്.
ഡിജിറ്റല്‍ മുതലാളിത്തത്തില്‍: കാമുകിയുടെ ഫോട്ടോ കാമുകിയെക്കാള്‍ നല്ലതായി തോന്നുകയും ഒടുവില്‍ കാമുകിയെ ഉപേക്ഷിച്ച് ഫോട്ടോയ്ക്ക് പിന്നാലെ പോകുകയും ചെയ്യുന്ന അവസ്ഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രണയം വിനിമയം ചെയ്ത് സന്തോഷിച്ച നമ്മള്‍ ഡിജിറ്റല്‍ ക്യാപ്പിറ്റലിസത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഡേറ്റിംഗ് ആപ്പില്‍ അഭയം തേടുമ്പോള്‍ സംഭവിക്കുന്നത്. വിലയേറിയ ഉത്പന്നങ്ങള്‍, വൈറല്‍ ആകാന്‍ വേണ്ടി ഉണ്ടാക്കുന്ന ചടങ്ങുകള്‍ എല്ലാം പ്രണയത്തെ പണ്ട് വര്‍ണ്ണാശ്രമചടങ്ങുകള്‍ ആദേശം ചെയ്ത പോലെ ഇന്ന് അപഹരിച്ചിരിക്കുന്നു.ഡിജിറ്റല്‍ കാലത്ത് ശരീരം വെറുമൊരു ‘വിഷ്വല്‍ കമ്മോഡിറ്റി’യായും പ്രണയം ഒരു നേരമ്പോക്കായും മാറുന്നു.
3. പ്രണയം അറിവില്ലായ്മയായി മാറുന്നു.
[ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ)]
ലൈംഗിക പ്രവര്‍ത്തനത്തിനു മേലുള്ള ഇച്ഛനഷ്ടപ്പെടുകയും തൊഴിലാളികള്‍ തൊഴിലില്‍ നിന്നെന്ന പോലെ ലൈംഗികതയില്‍ നിന്നും കാമുകീകാമുകന്മാര്‍ അന്യവത്കരിക്കപ്പെടുന്നു. വര്‍ണ്ണ വ്യവസ്ഥയ്ക്ക് പകരം അല്‍ഗൊരിതങ്ങള്‍ നമ്മുടെ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്നു.
ബ്രാഹ്മണമതത്തില്‍: ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ചെയ്യുന്ന യാന്ത്രിക പ്രക്രിയയായി ലൈംഗിക പ്രവര്‍ത്തനം മാറുന്നു. വ്യക്തിയുടെ ഇച്ഛയല്ല, വര്‍ണ്ണ വ്യവസ്ഥയാണ് ഇണയെ നിര്‍ണ്ണയിക്കുന്നത്. അല്ലെങ്കില്‍ വേശ്യാഗൃഹങ്ങള്‍.ലൈംഗികത സാങ്കല്പികമായ യക്ഷഗന്ധര്‍വ്വ ലീലയായി മാറുന്നു. മേഘസന്ദേശം പോലുള്ള കൃതികള്‍ പ്രണയത്തിന്റെ ആ അന്യവത്കരണത്തെയാണ് വിമര്‍ശിക്കുന്നത്. കുമാരസംഭവപ്രക്രിയ അഥവാ ലൈംഗികപ്രക്രിയ ബ്രാഹ്മണ പൗരോഹിത്യത്താല്‍ സ്തംഭിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് കുമാര സംഭവത്തില്‍ കാളിദാസന്‍ അവതരിപ്പിക്കുന്നത്.
ഡിജിറ്റല്‍ ക്യാപ്പിറ്റലിസത്തില്‍: അല്‍ഗൊരിതങ്ങളാണ് അനുഭവങ്ങളെ നിര്‍മ്മിക്കുന്നത്. വൈറലാകുന്ന അനുഭവം, വൈറലാകുന്ന വ്യക്തി ഏറ്റവും മഹത്തായത് ആകുന്നു. പ്രണയിക്കുക എന്നതല്ല അത് പ്രദര്‍ശിപ്പിക്കപ്പെടുക എന്നതാണ് പ്രധാനം.പ്രണയം ഒരു ‘അറിവ്’ അല്ലാതാവുകയും പകരം അത് ഒരു ‘കേവലഅനുഭവം’ (Experience) മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.മുതലാളിത്തം ഈ അനുഭവങ്ങളെ പാക്കേജ് ചെയ്ത് വില്‍ക്കുന്നു (ഉദാഹരണത്തിന് വാലന്റൈന്‍ ഡേ, ഡേറ്റിംഗ് ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍). ഇതോടെ പ്രണയികള്‍ ഉത്പാദകര്‍ അല്ലാതാവുകയും വിപണി നല്‍കുന്ന ആശയങ്ങള്‍ ഉപയോഗിക്കുന്ന വെറും ഉപഭോക്താക്കളാവുകയും ചെയ്യുന്നു. ഇവാ ഇല്ലൂസ്(Eva Illouz) തന്റെ ‘Why Love Hurts: A Sociological Explanation’ എന്ന കൃതിയിലൂടെ ഇക്കാര്യം പറയുന്നുണ്ട്.വിപണിയില്‍ സാധനങ്ങള്‍ തരംതിരിക്കുന്നതുപോലെ (Rating), കാമുകീകാമുകന്മാരും പരസ്പരം തരംതിരിക്കപ്പെടുന്നു. സൗന്ദര്യം, സ്റ്റാറ്റസ്, സാമ്പത്തിക ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ പങ്കാളികള്‍ ‘ചരക്കുകള്‍’ ആയി വിലയിരുത്തപ്പെടുന്നു. ഇതോടെ പ്രണയം എന്ന ‘ഉത്പാദന പ്രക്രിയ’ നിലയ്ക്കുകയും അതൊരു ‘ക്രയവിക്രയമായി’ (Transaction) സ്തംഭിക്കുകയും ചെയ്യുന്നു.ലൈംഗികത എങ്ങനെയായിരിക്കണം എന്ന് നിര്‍ണ്ണയിക്കുന്നത് കമ്പോളമാണ് (ഉദാഹരണത്തിന് പോണോഗ്രാഫി, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍). ഇവിടെ ശരീരം ഒരു ഉത്പാദനോപകരണം എന്ന നിലയില്‍ നിന്ന് മാറി, വിപണിക്ക് വേണ്ടിയുള്ള ഒരു ‘ഷോപീസ്’ ആയി മാറുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട സൈബര്‍ ലൈംഗികതയില്‍ പ്രണയം അറിവല്ല, അറിവില്ലായ്മയായി മാറുന്നു.
4. പ്രണയം ഒരു ചരക്കായി മാറുന്നു
[കുഞ്ഞുങ്ങള്‍ ( ഉത്പന്നം) ]
ബ്രാഹ്മണമതം/ വിപണി പ്രായോജകരായുള്ള ഒരു ചരക്കാണ്, കമ്മോഡിറ്റിയാണ് പ്രണയം എന്നത് എന്നു വരുന്നു.
ബ്രാഹ്മണമതം: വര്‍ണ്ണവ്യവസ്ഥ എന്ന ചിഹ്ന വ്യവസ്ഥയ്ക് അകത്ത് മാത്രം അര്‍ത്ഥം ഉത്പാദിക്കുന്ന ഒന്നായി പ്രണയം മാറുന്നു. കുഞ്ഞുങ്ങളെയല്ല, ജാതി ക്കുഞ്ഞുങ്ങളെയാണ് സൃഷ്ടിക്കുന്നത്. സംബന്ധ വിവാഹത്തിലൊക്കെ കുട്ടികള്‍ തന്നെ അസാന്നിധ്യമായി മാറുന്നു.
ഡിജിറ്റല്‍ മുതലാളിത്തത്തില്‍: ഘടനാ വാദത്തിലെന്ന പോലെ വ്യാവസായിക ചിഹ്ന വ്യവസ്ഥയില്‍ ഉണ്ടാകുന്ന താല്കമായ ഒന്നായി പ്രണയം മാറുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മുന്‍കൂട്ടി വച്ചിരിക്കുന്ന ഒന്നിന്റെ തെരഞ്ഞെടുപ്പാണ് പ്രണയം എന്നു വരുന്നു. സൈബര്‍ ലൈംഗിക ഒന്നും പുതുതായി നിര്‍മ്മിക്കുന്നില്ല. കുഞ്ഞുങ്ങള്‍ തന്നെ ആവശ്യമില്ലാത്തതായി മാറുന്നു. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളല്ല. നാം ഉപഭോക്താക്കളെയാണ് സൃഷ്ടിക്കുന്നത്.
5. പ്രണയം ഒരു മുറിയിലേക്കുള്ള ഒളിച്ചോട്ടമാണ്
[സംരക്ഷണം ( സംഭരണം ) ]
പ്രണയം ദിവ്യമായ ഉപരിവര്‍ഗ്ഗകാല്പനികാനുഭവമാകുന്നത് പ്രണയം നിശ്ചലമാകുമ്പോഴാണ്.
ബ്രാഹ്മണമതത്തില്‍: ശൈശവവിവാഹവും സംഘരതിയും സ്വവര്‍ഗ്ഗരതിയും പിതൃമാതൃരതിയും ശിശുരതിയുമായി തീരുന്നതാണ് കാല്പനിക പ്രണയം. ആത്മീയസ്‌നേഹമെന്നും അതു വിളിക്കപ്പെട്ടു. പ്രണയരതിയുടെ നരവംശ ചരിത്രത്തിലെ കുട്ടിക്കാലത്ത് വച്ച് അത് സ്ഥിതപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തഉണ്ണികൃഷ്ണനുമായുള്ള സ്ത്രീകളുടെ സംഘരതി അവതരിപ്പിക്കുന്ന രാസക്രീഡാമിത്ത് അത്തരത്തില്‍ ഉണ്ടാകുന്നതാണ്. പ്രണയം അത്യുന്നതങ്ങളില്‍ സംഭരിക്കപ്പെടുന്ന വിശുദ്ധവസ്തുവോ ആശയമോ ആയി മാറുന്നു.ശരീരത്തെ അശ്‌ളീലഅപരമായി കാണുകയും പലപ്പോഴും അതില്‍ത്തന്നെ എത്തിച്ചേരുകയും ചെയ്യുന്ന ഒന്നാണ് ആത്മീയ സ്‌നേഹം. പ്ലേറ്റോണിക് ലവ് എന്നു പാശ്ചാത്യര്‍ വിളിച്ചു. പ്രണയത്തെ അത് ദൈവത്തോട് ഏറ്റവും അടുത്തവരുടെ കുലീനാവസ്ഥയായി നിര്‍വ്വചിച്ചു. പ്രണയാഭാവവും രതിവിരുദ്ധവുമായ സദാചാര നിയമങ്ങളെ അത് നിര്‍മ്മിച്ചു.
ഡിജിറ്റല്‍ ക്യാപ്പിറ്റലിസത്തില്‍: പാരമ്പര്യരതിയെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ എത്തുകയും അതിന്റെ തന്നെ മറ്റൊരു രൂപമായി മാറുകയുമാണ് ഡിജിറ്റല്‍ കാലരതിസങ്കല്പം. പണമാണ് അതിനെ വിശുദ്ധമാക്കുന്നത്. ലൈംഗികവ്യതിയാനങ്ങള്‍ ആത്മീയസ്‌നേഹം എന്ന നിലയില്‍ വിശുദ്ധമാക്കപ്പെട്ട പോലെ പുതിയ കാലത്ത്, ഡിജിറ്റല്‍ സ്ഥലത്ത് അവ കുലീനമായി മാറുന്നു. പെണ്ണിനെ കമന്റടിക്കുക ഒരു ലൈംഗിക കുറ്റമായിരുന്നു മുമ്പ് എങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ അത് പണം ലഭിക്കുന്ന ഒരു കാര്യമായതിനാല്‍ (കമന്റ് ചെയ്യുക എന്നത് അള്‍ഗൊരിതങ്ങള്‍ മികച്ച കാര്യമായി കാണുന്നു.) അവിടെ അത് കുലീനമായി കരുതി. പ്രണയം ലാഭമുണ്ടാക്കില്ല, എന്നാല്‍ രതി വ്യതിയാനങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ രതിവ്യതിയാനങ്ങള്‍ മഹത്തായതായി മാറി. മതത്തെ എതിര്‍ക്കുന്നു എന്ന രൂപത്തില്‍ സൈബര്‍സ്ഥലം ആത്മീയവിശുദ്ധ സ്‌നേഹത്തിന്റെ ഉള്ളിലുള്ള അതിന്റെ അപരസ്ഥലങ്ങളെ വിപ്ലവം എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ലൈംഗികതയുടെ വിലക്കിനെ എതിര്‍ക്കുന്നു എന്ന നിലയിലാണ് ലൈംഗിക ദൃശ്യങ്ങള്‍ സൈബര്‍ സ്ഥലത്ത് എത്തുന്നത് എങ്കിലും അല്‍ഗൊരിതങ്ങള്‍ അത്തരം ദൃശ്യങ്ങളെ മഹത്തായതായാണ് കാണുന്നത് എന്നതിനാല്‍ അവ മഹത്വമുള്ളതായി തീരുന്നു. വൈറല്‍ ആകുന്നതെന്തും പണം ലഭിക്കുമെന്നതിനാല്‍, അങ്ങനെ മഹത്വമുള്ളതായതിനാല്‍ ലൈംഗികത മറ്റെന്തിനേക്കാളും ആഘോഷിക്കുമ്പോള്‍ ത്തന്നെ അത് ലൈംഗികതയുടെ അഭാവമായി മാറുന്നു.ദൃശ്യ ബിംബ ശരീരത്തിന്റെ ആഘോഷം നടക്കുമ്പോഴും യഥാര്‍ത്ഥശരീരമില്ല. ഇത് മറ്റൊരു തരം ആത്മീയ രതിയായി അതു മാറുന്നു. പ്രണയത്തിനും അധ്വാനത്തിനും അതിന്റെ എല്ലാവര്‍ക്കുമുള്ള ലഭ്യതയ്ക്കും പകരം അല്‍ഗൊരിതങ്ങള്‍ മഹത്തായി കാണുന്നത് അതിന്റെ വിപരീതങ്ങളാണ്. പ്രണയം സ്വന്തം മുറിയിലേക്കുള്ള ഒളിച്ചോട്ടമായി മാറുന്നു. പ്രണയം ഡിജിറ്റല്‍ ഉപരിവര്‍ഗ്ഗസംഭരണശാലകളില്‍ ശ്വാസം മുട്ടി നിലവിളിക്കുന്നു.
6. പ്രണയം ടൂറിസ്റ്റ് യാത്രയായി തീരുമ്പോള്‍
[കൊത്തിപ്പിരിക്കല്‍ (വിതരണം ) ]
നഷ്ടപ്പെട്ട പ്രണയത്തിനും രതിക്കും മുകളില്‍ തീര്‍ക്കുന്ന ആത്മീയപ്രണയം ,പ്രണയത്തെ ഒരു ടൂറിസ്റ്റ് തീര്‍ത്ഥാടനമാക്കുന്നു.
ബ്രാഹ്മണമതത്തില്‍: പ്രണയ വിനിമയസ്തംഭനം അതിനെ കുലീനമായ മേഘമാര്‍ഗ്ഗങ്ങളിലേക്ക് നയിക്കുന്നു. ( കാളിദാസന്‍ അതിനെ മണ്ണിലേക്ക് കൊണ്ടുവരുന്നതാണ് മേഘസന്ദേശം)അമ്പലങ്ങളിലെ സ്ത്രീ ശരീരവും കച്ചവടസ്ഥലങ്ങളിലെ സ്ത്രീ ശരീരവും വഴികളായി മാറുമ്പോള്‍ ഉണ്ണുനീലിസന്ദേശത്തിലേത് പോലെ കാമുകസ്വത്വം അപഹരിക്കപ്പെടുകയും അതൊരു രാജാവിന്റെ തീര്‍ത്ഥാടനമായി മാറുകയും ചെയ്യുന്നു. പ്രണയം അപഹരിക്കപ്പെട്ട കാമുക സ്വത്വത്തിന്റെ കുലീനമായ തീര്‍ത്ഥയാത്രയായി മാറുന്നു.
ഡിജിറ്റല്‍ ക്യാപ്പിറ്റലിസത്തില്‍: അപഹരിക്കപ്പെട്ട കാമുകസ്വത്വത്തിന്റെ കുലീനമായ ഡിജിറ്റല്‍തീര്‍ത്ഥയാത്രയായി പുതിയ കാലത്ത് പ്രണയം മാറുന്നു.പണമുള്ളവന് മാത്രം ലഭിക്കുന്നതായി മാറുന്നു ഈ യാത്ര.ഡിജിറ്റല്‍ ഇടം പ്രണയത്തെ അപഹരിക്കുമ്പോള്‍, ഒരു മുറിയിലേക്കുള്ള ഒളിച്ചോട്ടമായി പ്രണയം മാറുമ്പോള്‍ അതിനെ മറികടക്കാന്‍ ടൂറിസ്റ്റ് യാത്രകള്‍ സംഘടിപ്പിക്കുന്നു. പക്ഷെ അതും ആരോ സ്‌പോന്‍സര്‍ ചെയ്യുന്ന മറ്റൊരു ഒളിച്ചോട്ടമായി മാറുന്നു. നമ്മള്‍ പ്രണയിക്കുന്നു എന്നു ബോധ്യപ്പെടുത്താന്‍ യാത്രയുടെ ഫോട്ടോകള്‍ നാം സൈബറിടത്ത് പ്രദര്‍ശിക്കുന്നു. എല്ലാം ദൈവത്തിലേക്കുള്ള യാത്രകള്‍ എന്ന പോലെ എല്ലാം ഡിജിറ്റലിടത്തിനു വേണ്ടിയുള്ള യാത്രകളായി മാറുന്നു. യാത്രയും പ്രണയവും നമ്മെ മറ്റൊന്നാക്കി മാറ്റുന്നില്ല.
7. പ്രണയം പണമായി മാറുമ്പോള്‍
[മുതിര്‍ന്ന സ്ത്രീപുരുഷന്മാര്‍ (ഉപയോഗം) ]
ലൈംഗികതയുടെ ലക്ഷ്യം ലാഭം എന്ന മോക്ഷ പ്രവര്‍ത്തനമായി മാറുന്നു.
ബ്രാഹ്മണ മതത്തില്‍: ലൈംഗികഅഭാവം നിറഞ്ഞ പതിവ്രത ആകുന്നതും സന്യാസിയാകുന്നതും ദേവദാസിയാകുന്നതും ലൈംഗികധാരാളിത്തമുള്ള വാസവദത്തയെ പോലുള്ള കുലീനവേശ്യ ആകുന്നതും പുണ്യവും മോക്ഷവും നേടാനാണ്.അഥവാ ദൈവബന്ധുത്വമുള്ള ലൈംഗിക അഭാവവും ലൈംഗിക ധാരാളിത്തവും സ്വീകാര്യമാണ്.ദൈവവര്‍ണ്ണവ്യവസ്ഥയെ ധിക്കരിക്കുന്ന പ്രണയം, ഒരു അധ:സ്ഥിത യുവാവ് സവര്‍ണ്ണ സ്ത്രീയെ പ്രണയിക്കുന്നത്, അത്തരം ലൈംഗികത പ്രണയം നിഷിദ്ധമാണ്.
ഡിജിറ്റല്‍ മുതലാളിത്തത്തില്‍: ഡിജിറ്റല്‍ ലൈംഗികതയില്‍ ലൈംഗികപ്രദര്‍ശന ധാരാളിത്തമുണ്ട്.അതേസമയം സ്ത്രീപുരുഷബന്ധ നിരാസവും അസ്പൃശ്യതയുമുണ്ട്. പതിവ്രത, വേശ്യ- എന്നീ ബ്രാഹ്മണമതസ്ത്രീയവസ്ഥകള്‍ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്നു. ബ്രാഹ്മണമതപുരുഷാധിപത്യത്തെ എതിര്‍ക്കുന്നു എന്ന രീതിയില്‍ അതിന്റെ തന്നെ മറ്റൊരു രൂപമായ ഡിജിറ്റലിടലൈംഗികസ്വാതന്ത്ര്യസ്ത്രീരൂപം ആനയിക്കപ്പെടുന്നു. അതാകട്ടെ പണം ഉള്ളവര്‍ക്കു മാത്രം നേടാവുന്ന അഭിനയാത്മകമായ ഒന്നാക്കി ലൈംഗികതയെ മാറ്റുന്നു. ലൈംഗികത പ്രണയത്തില്‍ നിന്നും സാമൂഹികതയില്‍ നിന്നും അകന്ന് അതിന്റെ മാതൃപേടകമായ ശരീരത്തിലേക്ക് മടങ്ങുകയും ശരീരം കമ്മോഡിറ്റിയായി മാറുകയും ചെയ്യുന്നു.
7.
പ്രണയസംബന്ധമായ ഇന്ത്യന്‍ അറിവുകളുടെ ബ്രാഹ്മണമതത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡേറ്റാവത്കരണമാണ്, സ്ഥാപനവത്കരണമാണ് വാത്സ്യായനന്റെ ‘കാമസൂത്രം’.എന്നാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രീതിശാസ്ത്രം ഉപയോഗിക്കുന്ന, അമേരിക്കയില്‍ നിന്നും വരുന്ന ഇന്ത്യാചരിത്രപഠിതാവിന് പക്ഷെ മറ്റൊന്നാണ്. ലൈംഗികത എന്ന ‘പ്രകൃതി’യെ, നാഗരികന്റെ ‘സംസ്‌കാര’മാക്കി മാറ്റുക എന്നതാണ് വാത്സ്യായനന്‍ ചെയ്യുന്നത് എന്നു അവര്‍ പറയുന്നു. ഇന്‍ഡോളിസ്റ്റ് ഇങ്ങനെ പറയുമ്പോള്‍, ആര്‍ക്കു വേണ്ടിയുള്ള ”സംസ്‌കാരം” എന്ന കാര്യമാണ് പരിശോധിക്കേണ്ടതാണ്.മേല്‍പറഞ്ഞ ലൈംഗികതയുടെ ഘട്ടങ്ങള്‍ വാത്സ്യായനകൃതിയില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു പരിശോധിക്കുമ്പോള്‍ അതു വ്യക്തമാകും.
(0)ഇടനിലക്കാരന്‍
പ്രണയിക്കുന്നവനല്ല, പെണ്ണിന്റെ അവകാശം. പണമുള്ള നാഗരികനാണ്.കാമസൂത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘നാഗരികന്‍’ (The Citizen) നഗരത്തില്‍ ജീവിക്കുന്ന, വിദ്യാസമ്പന്നനും ധനികനുമായ ഒരു പുരുഷനാണ്. അര്‍ത്ഥശാസ്ത്രം രാജാവിന് നല്‍കുന്ന അതേ പ്രാധാന്യമാണ് കാമസൂത്രം നാഗരികന് നല്‍കുന്നത്. നാഗരികന്റെ ജീവിതം സാധ്യമാകണമെങ്കില്‍ ‘അര്‍ത്ഥം’ അഥവാ സമ്പത്ത് അനിവാര്യമാണ്. സമ്പത്തില്ലാത്തവന് കാമസൂത്രത്തില്‍ സ്ഥാനമില്ല. നാഗരികന്റെ വീട്, വസ്ത്രധാരണം, സുഗന്ധലേപനങ്ങള്‍, വിനോദങ്ങള്‍ എന്നിവയെല്ലാം ഒരു ഉപഭോഗ സംസ്‌കാരത്തെയാണ് (Consumer Culture) സൂചിപ്പിക്കുന്നത്.നാഗരികന്റെ വീടിന്റെ ഘടന പരിശോധിച്ചാല്‍, അതൊരു ചെറിയ കൊട്ടാരത്തിന് സമാനമാണെന്ന് കാണാം. മനുഷ്യ വികാര ചരിത്രത്തില്‍ രൂപം കൊണ്ട പ്രണയം പണമുള്ള ഇടനിലക്കാരന്റെ വിലയേറിയ അനുഭവമായി വാത്സ്യായനന്‍ നിര്‍വ്വചിക്കുന്നു. സ്വത്തിന്റെയും അര്‍ത്ഥത്തിന്റെയും അനുഭവങ്ങളുടെയും കലകളുടെയും അവകാശി രാജാവാണ്, ജന്മിയാണ് ,ധനമുള്ളവനാണ് എന്നതിന്റെ പ്രകടനമാണ് ഈ കാമുക സകല്പം.
1. കാമുകര്‍ ലൈംഗികത്തൊഴിലാളികളായി മാറുമ്പോള്‍ (Lovers turning into Sex Workers)
[സ്ത്രീ പുരുഷന്മാര്‍ (ഉത്പാദകന്‍)]
കാമസൂത്രയുടെ ആറാം ഭാഗമായ ‘വൈശികം’ (Vaisika) അഥവാ വേശ്യാവൃത്തിയുടെ അധ്യായത്തില്‍, പ്രണയവും തൊഴിലും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്നത് കാണാം. ഇവിടെ കാമുകി ഒരു കാമുകിയല്ല, മറിച്ച് ഒരു പ്രൊഫഷണലാണ്.കാമസൂത്ര വ്യക്തമായി പറയുന്നു: ‘ഒരു ഗണിക (Courtesan) ധനത്തിനുവേണ്ടിയല്ലാതെ പുരുഷനെ സമീപിക്കുമ്പോള്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ധനസമ്പാദനത്തിനായി സമീപിക്കുമ്പോള്‍ അത് കൃത്രിമമാണ്’. എന്നാല്‍, ഏറ്റവും വിജയിയായ ഗണിക, ഈ കൃത്രിമത്വത്തെ സ്വാഭാവികമായി അഭിനയിക്കാന്‍ കഴിവുള്ളവളായിരിക്കണം.ഇന്നത്തെ കാലത്ത് ‘ഇമോഷണല്‍ ലേബര്‍’ എന്ന് വിളിക്കുന്ന, വികാരങ്ങളെ വിറ്റഴിക്കുന്ന തൊഴില്‍രീതിയാണത്.കാമുകന്‍ എന്നത് ഇവിടെ സേവനം സ്വീകരിക്കുന്ന ഒരു ഉപഭോക്താവ് (Client) മാത്രമാണ്.കാമുകനെ സന്തോഷിപ്പിക്കാന്‍ വേണ്ടി പ്രണയം അഭിനയിക്കുക എന്നത് ഒരു കലയായി (Art) ഇവിടെ മാറുന്നു. ഇതിനായി അറുപത്തിനാല് കലകളില്‍ നൈപുണ്യം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
2. അനുരാഗത്തെ അടയാളങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ (When Signs Capture Affection)
[ശരീരം (ഉത്പാദനോപകരണം) ]
പ്രണയം എന്നത് അമൂര്‍ത്തമായ (Abstract) ഒരു വികാരമായിട്ടല്ല, മറിച്ച് ശരീരത്തില്‍ പതിക്കുന്ന മൂര്‍ത്തമായ (Concrete) അടയാളങ്ങളായാണ് കാമസൂത്ര വിഭാവനം ചെയ്യുന്നത്.നഖം കൊണ്ടും പല്ലുകൊണ്ടും ശരീരത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ പ്രണയത്തിന്റെ രസീതുകളായി (Receipts) മാറുന്നു. ‘മയില്പാടം’ (Peacock’s foot), ‘പുലിയുടെ നഖം’ (Tiger’s claw), ‘അര്‍ദ്ധചന്ദ്രന്‍’ (Half moon) എന്നിങ്ങനെ വിവിധ തരം അടയാളങ്ങളെക്കുറിച്ച് കാമസൂത്ര വിശദീകരിക്കുന്നു. ഇതൊന്നും പ്രണയത്തിന്റെ അടയാളമല്ല.’അകലെ നിന്ന് ഒരു സ്ത്രീയുടെ മാറിടത്തില്‍ നഖക്ഷതങ്ങള്‍ കാണുമ്പോള്‍, അപരിചിതനായ പുരുഷന് പോലും അവളോട് ബഹുമാനവും പ്രേമവും തോന്നും’ എന്ന് വാത്സ്യായനന്‍ പറയുന്നു.ശരീരത്തിന്റെ വിനിമയമൂല്യം വര്‍ദ്ധിപ്പിക്കുന്നവയായി അവ മാറുന്നു. പ്രണയത്തിന്റെ അടയാളങ്ങള്‍ അനുരാഗത്തെ പണം കൊണ്ട് ആദേശം ചെയ്യുന്നു.ഇവിടെ പ്രണയം എന്ന അനുഭവത്തേക്കാള്‍ പ്രധാനം, ആ അനുഭവത്തിന്റെ ‘അടയാളം’ ആണ്. മറ്റുള്ളവര്‍ കാണുന്നതിന് വേണ്ടിയാണ് ഈ അടയാളങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ‘കപ്പിള്‍ ഫോട്ടോകളും’ (Couple Photos) പ്രണയസ്റ്റാറ്റസുകളും ഇതേ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. അനുരാഗം അടയാളങ്ങളായി (Signs/Pixels) മാറി, പൊതുസമൂഹത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഒടുവില്‍ അത് പ്രണയത്തെ ആദേശം ചെയ്യുന്നു.
3. പ്രണയം അറിവില്ലായ്മയായി മാറുന്നു (Love Becomes Ignorance)
[ലൈംഗിക പ്രവര്‍ത്തനം (ഉത്പാദന പ്രക്രിയ) ]
ലൈംഗികതയും പ്രണയവും പരസ്പരം അറിയിലല്ല.ഇടനിലക്കാരുടെ സാന്നിധ്യം പ്രണയികള്‍ക്കിടയില്‍ ‘അറിവില്ലായ്മ’ (Ignorance) സൃഷ്ടിക്കുന്നു. നേരിട്ടുള്ള ആശയവിനിമയം ഇല്ലാത്തതുകൊണ്ട്, മറുപക്ഷത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കപ്പെടുന്നു.നായകന്‍ നായികയെക്കുറിച്ചും, നായിക നായകനെക്കുറിച്ചും അറിയുന്നത് ദൂതി പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. നായകന്‍ അതീവ ദുഃഖിതനാണെന്നും, ഭക്ഷണം കഴിക്കുന്നില്ലെന്നും ദൂതി നായികയോട് കള്ളം പറയും. ഈ കള്ളമാണ് (Information Asymmetry) അവരുടെ പ്രണയത്തിന്റെ അടിസ്ഥാനം.അല്‍ഗോരിതങ്ങള്‍ ബന്ധങ്ങളെ നിശ്ചയിക്കുന്നതു പോലെയാണത്. ശരീരത്തെക്കുറിച്ചുള്ള മുന്‍കൂട്ടിയുള്ള നിശ്ചിതഅറിവ് ലൈംഗികതയെ മിത്താക്കി മാറ്റുന്നു. സ്ത്രീലൈംഗിക മൂര്‍ച്ഛ അടങ്ങാത്തതും അനന്തമായ സമയം വേണ്ടതുമാണെന്ന മിത്ത് രൂപപ്പെടുത്തുന്നത് ലൈംഗികതയെ പ്രണയത്തില്‍ നിന്നും മാറ്റിയെടുക്കുമ്പോള്‍ സംഭവിക്കുന്ന നിര്‍വ്വികാരതയെ ഉപരകരണ നിഷ്ഠവും പണവുമാക്കി മാറ്റാനുള്ള തന്ത്രമായി അതു മാറുന്നു.അതു മുതലാളിത്ത ലൈംഗിക വിപണിയും ഉപയോഗിക്കുന്നു. പ്രണയമാണ് സ്ത്രീയുടെ ലൈംഗികമൂര്‍ച്ഛാനുഭവത്തെ സമയത്തില്‍ നിന്നും മോചിപ്പിക്കുന്നത്. പ്രണയരഹിത ലൈംഗികതയാണ് സ്ത്രീയുടെ ലൈംഗിക ഊഷരതയ്ക്ക് കാരണം.എന്നാല്‍ ഉപരിവര്‍ഗ്ഗപുരുഷന്‍ സമയത്തിന്റെയും ലൈംഗികാവയവ വലിപ്പത്തിന്റെയും ശരീരയുക്തിയിലേക്ക് ചുരുക്കി അടങ്ങാത്ത ലൈംഗികാസക്തിയുടെ പെണ്‍കുതിരയുടെ മിത്ത് ഉണ്ടാക്കിയെടുക്കുന്നു.ഇത് പുരുഷന്റെ അപകര്‍ഷതയ്ക്കും ലൈംഗിക ഊഷരതയ്ക്കും കാരണമാകുന്നു. ആ ഇടമാണ് ലൈംഗിക വിപണി കരസ്ഥമാക്കുന്നത്. ലൈംഗികാവയവ വലിപ്പത്തിനും സമയവര്‍ദ്ധനവിനും ഉള്ള ഉല്പന്നങ്ങളും ( Sex Toys) ലൈംഗിക വിപണന ഇടങ്ങളും അങ്ങനെ ഉണ്ടാകുന്നതാണ്.ലൈംഗികാവയവങ്ങളുടെ വലിപ്പത്തെ അടിസ്ഥാനമാക്കി പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നും സ്ത്രീകളെ മാന്‍പേട, പെണ്‍കുതിര, പിടിയാന എന്നും കാമസൂത്രം തരംതിരിക്കുന്നു. പ്രണയമല്ല, ശരീര വലിപ്പപ്പൊരുത്തവും സമയവുമാണ് ലൈംഗിക തൃപ്തിക്ക് കാരണമെന്നും ലൈംഗികാഭിനയാണ് ലൈംഗിക സംതൃപ്തിയെന്നും വാത്സ്യായനന്‍ പറഞ്ഞു വയ്ക്കുകയാണ്.
വെന്‍ഡി ഡോണിഗറുടെ The Mare’s Trap എന്ന പുസ്തകത്തിലെ മൂന്നാം അധ്യായം ഒരു താരതമ്യ പഠനമാണ്. ‘ലൈംഗികതയുടെ അര്‍ത്ഥശാസ്ത്രം’ (The Arthashastra of Sex) അല്ലെങ്കില്‍ ‘അധികാരവും ആസക്തിയും’ എന്ന രീതിയിലാണ് ഈ അധ്യായത്തെ ഡോണിഗര്‍ സമീപിക്കുന്നത്.
ഇന്ത്യയിലെ രണ്ട് പ്രാചീനഗ്രന്ഥങ്ങളായ കൗടില്യന്റെ അര്‍ത്ഥശാസ്ത്രവും വാത്സ്യായനന്റെ കാമസൂത്രവും തമ്മിലുള്ള സാമ്യതകളാണ് ഈ അധ്യായത്തിലെ വിഷയം. വാത്സ്യായനന്‍ കാമസൂത്രം എഴുതുമ്പോള്‍ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തെ (രാജനീതി ശാസ്ത്രം) ഒരു മാതൃകയായി സ്വീകരിച്ചിട്ടുണ്ട് എന്ന് ഡോണിഗര്‍ ചൂണ്ടിക്കാണിക്കുന്നു.രണ്ട് ഗ്രന്ഥങ്ങളും ഒരേ ശൈലിയിലാണ് (സൂത്രശൈലി) എഴുതപ്പെട്ടിരിക്കുന്നത്.അര്‍ത്ഥശാസ്ത്രം രാജാവിനെ രാജ്യം ഭരിക്കാന്‍ പഠിപ്പിക്കുന്നത് പോലെ, കാമസൂത്രം പുരുഷനെ സ്ത്രീകളെയും തന്റെ ലൈംഗിക ജീവിതത്തെയും ‘ഭരിക്കാന്‍’ പഠിപ്പിക്കുന്നു.ഈ അധ്യായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം ‘വിജിഗീഷു’ (ജയിക്കാന്‍ ആഗ്രഹിക്കുന്നവന്‍) എന്ന സങ്കല്‍പ്പമാണ്.അര്‍ത്ഥശാസ്ത്രത്തില്‍ ‘വിജിഗീഷു’ എന്നത് അയല്‍രാജ്യങ്ങളെ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന രാജാവാണ്.കാമസൂത്രത്തില്‍ ‘വിജിഗീഷു’ എന്നത് ഇഷ്ടപ്പെട്ട സ്ത്രീയെ സ്വന്തമാക്കാന്‍ (പിടിച്ചടക്കാന്‍) ശ്രമിക്കുന്ന കാമുകനാണ് (നാഗരികന്‍). ലൈംഗികതഎന്നത് ഒരുതരം യുദ്ധമാണെന്ന് വാത്സ്യായനന്‍ കരുതുന്നു. അവിടെ തന്ത്രങ്ങള്‍ (Strategy) ആവശ്യമാണ്.രാഷ്ട്രീയത്തില്‍ ശത്രുവിനെ തോല്‍പ്പിക്കാന്‍ കൗടില്യന്‍ നിര്‍ദ്ദേശിക്കുന്ന സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാല് ഉപായങ്ങള്‍ പ്രണയത്തിലും ഉപയോഗിക്കാം.സാമം (Conciliation): മധുരമായ സംസാരം, പുകഴ്ത്തല്‍ എന്നിവയിലൂടെ സ്ത്രീയെ പാട്ടിലാക്കുക.ദാനം (Gifts): സമ്മാനങ്ങള്‍ നല്‍കി വശീകരിക്കുക. ഭേദം (Dissension): ഇത് തന്ത്രപരമാണ്. ഉദാഹരണത്തിന്, ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവില്‍ നിന്നോ മറ്റ് കാമുകന്മാരില്‍ നിന്നോ അകറ്റാന്‍, അവര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുക.ദണ്ഡം (Force): രാഷ്ട്രീയത്തില്‍ ഇത് യുദ്ധമാണ്. എന്നാല്‍ കാമസൂത്രത്തില്‍ ഇത് ‘Passion’s violence’ (വികാരത്തിന്റെ വന്യത) ആണ്. നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും (കടിക്കുകയും മാന്തുകയും ചെയ്യല്‍) ഇതിന്റെ ഭാഗമായി ഡോണിഗര്‍ വ്യാഖ്യാനിക്കുന്നു.രാജാവിന് ചാരന്മാര്‍ (Spies) എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് കാമുകന് ദൂതികള്‍ (Go-betweens).തോഴിമാര്‍, പൂക്കാരികള്‍, അലക്കുകാര്‍ എന്നിവരെയൊക്കെ ദൂതികളായി ഉപയോഗിക്കാം. ഇവര്‍ സ്ത്രീയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനും, കാമുകന്റെ സന്ദേശങ്ങള്‍ എത്തിക്കാനും സഹായിക്കുന്നു. ഇത് രാഷ്ട്രീയത്തിലെ ചാരപ്രവര്‍ത്തനത്തിന് തുല്യമാണ്.വിവാഹിതരായ സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്ന ഭാഗം അര്‍ത്ഥശാസ്ത്രത്തിലെ ‘അന്യരാജ്യം പിടിച്ചടക്കല്‍’ എന്നതിന് സമാനമാണ്.ഒരു കോട്ട (Fortress) പിടിച്ചടക്കാന്‍ രാജാവ് വളഞ്ഞ വഴി സ്വീകരിക്കുന്നത് പോലെ, ഒരു സ്ത്രീയുടെ മനസ്സ് കീഴടക്കാന്‍ കാമുകന്‍ ക്ഷമയോടെ കാത്തിരിക്കുകയും തക്കസമയത്ത് പ്രവര്‍ത്തിക്കുകയും വേണം. ലൈംഗികതയെ ആക്രമണമായും കാമുകനെ സമ്രാട്ടായും പെണ്ണിനെ കീഴടക്കപ്പെട്ട രാജാവുമായി കാണുന്ന നിലപാടിനെ ഡോണിഗര്‍ സ്ത്രീപക്ഷമായി അംഗീകരിക്കുന്നു. അതിനു കാരണം അര്‍ത്ഥശാസ്ത്രരാഷ്ട്രീയം തന്നെയാണ് ബിസിനസ് മാനേജുമെന്റിന്റെ, മുതലാളിത്തത്തിന്റെ രാഷ്ട്രീയം എന്നതാണ്.(രാഷ്ട്രതന്ത്രത്തെക്കുറിച്ചുള്ള ഭാഗത്ത് അതു വിശദീകരിച്ചിട്ടുണ്ട്.)
4. പ്രണയം ഒരു ചരക്കായി മാറുന്നു (Love Becomes a Commodity)
[കുഞ്ഞുങ്ങള്‍ ( ഉത്പന്നം)]
കാമസൂത്രയില്‍ പ്രണയം പലപ്പോഴും ഒരു വിപണനവസ്തുവായി (Commodity) മാറുന്നു. സ്ത്രീകളെയും പുരുഷന്മാരെയും വര്‍ഗ്ഗീകരിക്കുന്ന രീതി ഇതിന് തെളിവാണ്.സ്ത്രീകളെ പദ്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നിങ്ങനെ നാലായി തരംതിരിക്കുന്നു. അതുപോലെ പുരുഷന്മാരെ ശശന്‍ (Hare), വൃഷഭന്‍ (Bull), അശ്വന്‍ (Horse) എന്നിങ്ങനെയും തിരിക്കുന്നു.ലൈംഗികാവയവങ്ങളുടെ അളവുകള്‍ അടിസ്ഥാനമാക്കി ‘സമം’ (Equal), ‘വിഷമം’ (Unequal) എന്നിങ്ങനെ ബന്ധങ്ങളെ തരംതിരിക്കുന്നു. ഉദാഹരണത്തിന്, ശശന്‍ എന്ന പുരുഷന് മൃഗി (Deer) എന്ന സ്ത്രീയാണ് യോജിച്ചത്. ലൈംഗിക ചേര്‍ച്ച (Matching) ആണ് ഉദ്ദേശിക്കുന്നത്.ഇവിടെ വ്യക്തി എന്നത് ഇല്ലാതാവുകയും, പകരം ചില ശരീരഗുണങ്ങളുടെ (Attributes) സമാഹാരമായി മനുഷ്യന്‍ മാറുകയും ചെയ്യുന്നു. പ്രണയം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചേര്‍ച്ചയല്ല, മറിച്ച് രണ്ട് ‘ഉല്‍പ്പന്നങ്ങള്‍’ തമ്മിലുള്ള യാന്ത്രികപൊരുത്തമായി (Technical Compatibility) മാറുന്നു.പുതിയ അനുഭവങ്ങളുടെ നിര്‍മ്മിതിയല്ല. യാന്ത്രികമായി കുട്ടികളെ നിര്‍മ്മിക്കുന്ന ഗൃഹസ്ഥാശ്രമ ബന്ധവും യാന്ത്രികമായി ആനന്ദം അനുഭവിക്കുന്ന ഗണികാ ബന്ധവും പുതിയതായി ഒന്നും നിര്‍മ്മിക്കുന്നില്ല.
5. പ്രണയം ഒരു മുറിയിലേക്കുള്ള ഒളിച്ചോട്ടമാണ് (Love is an Escape into a Room)
[സംരക്ഷണം ( സംഭരണം ) ]
ബ്രാഹ്മണമത സാമൂഹിക ക്രമത്തില്‍, പ്രണയത്തിന് പരസ്യമായ ഇടം (Public Space) നിഷേധിക്കപ്പെട്ടിരുന്നു. അതിനാല്‍ പ്രണയം എന്നത് അടച്ചിട്ട മുറികളിലേക്കുള്ള ഒളിച്ചോട്ടമായി മാറുന്നു.നാഗരികന്റെ (Nagaraka) ശയനഗൃഹം എങ്ങനെയായിരിക്കണം എന്ന് കാമസൂത്ര കൃത്യമായി വിവരിക്കുന്നുണ്ട്. അതു വളരെ വിലപിടിപ്പുള്ളതാണ്.അതു ഉപരിവര്‍ഗ്ഗ-വര്‍ണ്ണപുരുഷന് മാത്രം പ്രാപ്യമായതാണ്.പൂക്കള്‍, സുഗന്ധലേപനങ്ങള്‍, വീണ, പുസ്തകങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ച മുറിയാണത്. പുറംലോകത്തെ ധര്‍മ്മചിന്തകളില്‍ നിന്നും രക്ഷപ്പെട്ട്, ‘കാമം’ എന്ന ലോകത്തേക്ക് പ്രവേശിക്കാനുള്ള ഇടമാണത്.അന്യസ്ത്രീകളുമായുള്ള ബന്ധം സാധ്യമാകുന്നത് രഹസ്യമായ ഇടങ്ങളിലാണ്. ഭര്‍ത്താവിന്റെയോ രാജാവിന്റെയോ കണ്ണുവെട്ടിച്ച് നടത്തുന്ന ഈ ഒളിച്ചോട്ടമാണ് പ്രണയത്തിന് ത്രില്ല് (Thrill) നല്‍കുന്നത്. മുറി എന്നത് ഇവിടെ ഒരു അഭയസ്ഥാനം മാത്രമല്ല, സാമൂഹിക നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരു ഇടം (Space of Transgression) കൂടിയാണ്. എന്നാല്‍ അത് ഉപരിവര്‍ഗ്ഗ പുരുഷന് അംഗീകരിക്കപ്പെട്ടതുമാണ്.പണമുള്ളവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഡിജില്‍ സ്ഥലം പോലെ. പ്രണയം സ്വയം അറിയലല്ല,വിശുദ്ധ ഇടങ്ങളിലെ സംഭരണമാണ്.
6. പ്രണയം ടൂറിസ്റ്റ് യാത്രയായി തീരുമ്പോള്‍ (Love Becomes a Tourist Journey)
[കൊത്തിപ്പിരിക്കല്‍ (വിതരണം ) ]
പ്രണയം എന്നത് അനുഭവങ്ങളുടെ (Experiences) ഉപഭോഗമായി മാറുന്ന ഘട്ടമാണിത്. കാമസൂത്രയില്‍ ‘ഉദ്യാനയാത്ര’ (Picnics) ഇതിന് ഉദാഹരണമാണ്.നാഗരികന്മാര്‍ തങ്ങളുടെ കാമുകിമാരുമായി നഗരത്തിന് പുറത്തുള്ള ഉദ്യാനങ്ങളിലേക്ക് യാത്ര പോകുന്നു. അവിടെ വെച്ച് മദ്യപാനവും, ചൂതുകളിയും, കോഴിപ്പോരും നടക്കുന്നു.പ്രണയം ആസ്വാദ്യകരമാക്കാന്‍ അറുപത്തിനാല് കലകള്‍ അറിഞ്ഞിരിക്കണം എന്ന് വാത്സ്യായനന്‍ പറയുന്നു. പാട്ട്, നൃത്തം, ചിത്രരചന, മാജിക് തുടങ്ങിയവ ഇതില്‍ പെടുന്നു.ഇവിടെ പ്രണയികള്‍ ‘ടൂറിസ്റ്റുക’ളായി മാറുന്നു. അവര്‍ പരസ്പരം അറിയുന്നതിനേക്കാള്‍ ഉപരി, ആ സന്ദര്‍ഭത്തെയും (Context) സ്ഥലത്തെയും (Location) ആസ്വദിക്കുകയാണ് ചെയ്യുന്നത്. പ്രണയം എന്നത് ഒരു ‘ഇവന്റ്’ (Event) ആയി മാറുന്നു. നൈറ്റ് ക്ലബ്അനുഭവമായി മാറുന്നു.പുതിയ ഇടങ്ങളല്ല, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇടങ്ങളാണ് ഇവിടെ ലക്ഷ്യം.’എവിടേക്ക് പോകുന്നു’, ‘എന്ത് ചെയ്യുന്നു’ എന്നത് ‘ആരോടൊപ്പം’ എന്നതിനേക്കാള്‍ പ്രധാനമാകുന്നു. ‘
7. പ്രണയം പണമായി മാറുമ്പോള്‍ (Love Becomes Money)
[മുതിര്‍ന്ന സ്ത്രീ പുരഷന്മാര്‍ (ഉപയോഗം) ]
പ്രണയം പൂര്‍ണ്ണമായും മൂലധനമായി (Capital) മാറുന്നു. കാമസൂത്രയിലെ ‘വൈശിക’ അധ്യായം ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.ജീവിതലക്ഷ്യങ്ങളില്‍ (പുരുഷാര്‍ത്ഥങ്ങള്‍) അര്‍ത്ഥം (സമ്പത്ത്) കാമത്തിന് (ഇമ്പം) തുല്യമോ അതിനു മുകളിലോ ആണെന്ന് ഗണികകള്‍ കരുതണം.കാമുകന്റെ കൈയ്യിലെ പണം തീരുമ്പോള്‍ അവനെ ഉപേക്ഷിക്കണമെന്ന് കാമസൂത്ര ഉപദേശിക്കുന്നു (‘അവന്റെ സത്ത പിഴിഞ്ഞെടുത്ത ശേഷം, ചണ്ടി പോലെ തുപ്പിക്കളയണം’).കാമുകനില്‍ നിന്ന് പരമാവധി പണം എങ്ങനെ ഊറ്റിയെടുക്കാം എന്നതിന് 30-ഓളം വഴികള്‍ വാത്സ്യായനന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (ഉദാഹരണത്തിന്: അസുഖമാണെന്ന് കള്ളം പറയുക, ആഭരണങ്ങള്‍ മോഷണം പോയെന്ന് പറയുക, വീട് പുതുക്കിപ്പണിയണമെന്ന് പറയുക).കാമുകന്‍ ദരിദ്രനായാല്‍ അവനെ പുറത്താക്കണം. പക്ഷേ അത് തന്ത്രപരമായിരിക്കണം.അവനെ അപമാനിക്കുക, അവന്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, വായ നാറുന്നുണ്ടെന്ന് പറയുക, അവന്‍ വരുമ്പോള്‍ ഉറക്കം നടിക്കുക. അവസാനം, കഴുത്തിന് പിടിച്ച് പുറത്താക്കുക (literally kicking him out) എന്ന് വാത്സ്യായനന്‍ പറയുന്നതിനെ ഡോണിഗര്‍ ‘The Art of the Break-up’ എന്ന് വിളിക്കുന്നു. പണം സമ്പാദിക്കാനുള്ള ഉപരിവര്‍ഗ്ഗകൗശലത്തെയാണ് ഡോണിഗര്‍ കല(Art) എന്നു വിളിക്കുന്നത്.പുറത്താക്കിയ കാമുകന്‍ വീണ്ടും പണക്കാരനായാല്‍ അവനെ എങ്ങനെ തിരിച്ചുവിളിക്കണം എന്നും പറയുന്നുണ്ട്.പഴയ തെറ്റുകള്‍ മറക്കാന്‍ തയ്യാറാണെന്ന് അറിയിക്കുക, ദൂതികളെ അയക്കുക തുടങ്ങിയ തന്ത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഇത് കാണിക്കുന്നത് ബന്ധങ്ങള്‍ തികച്ചും ‘കച്ചവടം’ (Transactional) ആണെന്നാണ്.പണം തട്ടാനുള്ള തന്ത്രങ്ങള്‍ പല തന്ത്രങ്ങളും വാത്സ്യായനന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.ഉത്സവങ്ങള്‍ക്കോ വ്രതങ്ങള്‍ക്കോ വേണ്ടി പണം ചോദിക്കുക, ആഭരണങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെടുക, തുടങ്ങിയ തന്ത്രങ്ങള്‍ (Upayas) ഉപയോഗിച്ച് കാമുകനില്‍ നിന്ന് പണം പിടുങ്ങാന്‍ ദൂതിമാര്‍ സഹായിക്കുന്നു.ഇവിടെ പ്രണയാഭിനയം എന്നത് പണമായി മാറ്റിയെടുക്കാവുന്ന (Convertible) ഒന്നായി മാറുന്നു.. കാമുകന്‍ എന്നത് ഒരു ‘ഖനി’ (Mine) പോലെയാണ്; വിഭവങ്ങള്‍ ഉള്ളിടത്തോളം കാലം ഖനനം ചെയ്യുക, തീര്‍ന്നുപോയാല്‍ അടുത്തത് കണ്ടെത്തുക. ആധുനിക കാലത്തെ ‘ഷുഗര്‍ ഡേറ്റിംഗ്’ (Sugar Dating) ഇതിന്റെ പുതിയ രൂപമാണ്.
രാജാവിന്റെ രാജ്യാതിക്രമം പോലെ, പണവും അധികാരവും നേടാനുള്ള ഒന്നായി ലൈംഗികതയെ കാണുന്ന കാമസൂത്രത്തെ സ്ത്രീ ലൈംഗിക സംതൃപ്തിക്ക് സ്ഥാനം നല്‍കുന്നു എന്ന പേരിലാണ് ഡോണിഗര്‍ വിപ്ലവ കൃതിയായി കാണുന്നത്.
സ്ത്രീക്ക് രതിമൂര്‍ച്ഛ (Orgasm) സംഭവിക്കാന്‍ പുരുഷനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത പുരുഷന്‍ പരാജയമാണെന്നും വാത്സ്യായനന്‍ പഠിപ്പിക്കുന്നു എന്നും സ്ത്രീയുടെ രതിമൂര്‍ച്ഛയെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്ന മറ്റൊരു പ്രാചീന ഗ്രന്ഥമില്ല എന്നും പറയുന്നു.വാത്സ്യായനന്‍ സ്ത്രീകളുടെ ലൈംഗികതയെ അംഗീകരിക്കുന്നു, സ്ത്രീകള്‍ക്കും പുരുഷനെപ്പോലെ തന്നെ വികാരങ്ങളുണ്ടെന്നും, അവര്‍ക്കും ലൈംഗിക സംതൃപ്തിക്ക് (Sexual Satisfaction) അവകാശമുണ്ടെന്നും അദ്ദേഹം വാദിക്കുന്നു എന്ന് അവര്‍ നിരീക്ഷിക്കുന്നു. ഇതൊക്കെയാണ് ഡോണിഗറുടെ വാദങ്ങള്‍:കാമസൂത്രം സ്ത്രീകളുടെ ലൈംഗിക കര്‍ത്തൃത്വത്തെ (Female Sexual Agency) അംഗീകരിക്കുന്നു. സ്ത്രീ വെറുമൊരു ഭോഗവസ്തുവല്ല, മറിച്ച് വികാരങ്ങളും ആഗ്രഹങ്ങളുമുള്ള, തൃപ്തിപ്പെടുത്തേണ്ട പങ്കാളിയാണ്. ഭര്‍ത്താവ് തന്റെ കടമ മറന്നാല്‍ ഭാര്യ അത് പുറത്ത് അന്വേഷിക്കും എന്ന മുന്നറിയിപ്പും ഇതിലുണ്ട്. സ്ത്രീകളുടെ ലൈംഗികതയെ ‘പെണ്‍കുതിരയുടെ വായ’ പോലെ, അപകടകരമെങ്കിലും അനിവാര്യമായ ഒന്നായാണ് വാത്സ്യായനന്‍ കാണുന്നത്.പണം (അര്‍ത്ഥം), അധികാരം, സുഖം എന്നിവ ആഗ്രഹിക്കുന്ന നഗരവാസികള്‍ക്ക് (Urban Elites) വേണ്ടിയുള്ള ഒരു ‘Life Style Guide’ ആണിതെന്നും ഡോണിഗര്‍ സമര്‍ത്ഥിക്കുന്നു.
അതായത് പ്രണയം നിഷേധിക്കപ്പെടുന്ന ഒരു സമൂഹം രൂപപ്പെടുത്തിയ ‘ഒടുങ്ങാത്തലൈംഗിക ആര്‍ത്തിയുടെ പെണ്‍കുതിര’ എന്ന മിത്തിനെ ഡോണിഗറുടെ ‘വ്യാവസായിക ഫെമിനിസം’ അതേപടി അംഗീകരിക്കുന്നു. ഗൃഹസ്ഥയുടെ അഭിനയത്തിലോ ഗണികയുടെ പണത്തിന് വേണ്ടിയുള്ള അഭിനയത്തിലോ എവിടെ വച്ചാണ് സ്ത്രീക്ക് ലൈംഗികസംതൃപ്തി ലഭിക്കുന്നത്. ലൈംഗികസംതൃപ്തി എന്നത് ലൈംഗികധാരാളിത്തമായും ലൈംഗികവിപണനമായും ആണ് ഡോണിഗര്‍ നിര്‍വ്വചിക്കുന്നത്. സമ്പൂര്‍ണ്ണമായ ലൈംഗികസംതൃപ്തി എന്നത് പുരുഷനായാലും സ്ത്രീക്കായാലും വിപണി ഉണ്ടാക്കുന്ന മിത്താണ്. ലൈംഗികതയെ ശരീരത്തില്‍ നിന്നും മുഴുവനായി വിടപറയും വിധം ആത്മീയമോ ഡിജിറ്റലോ ആക്കുന്നതും ശരീരത്തിലേക്ക് തന്നെ മടക്കിക്കൊണ്ട് പോകുന്നതും അതിനെ യാന്ത്രികവും അന്യവത്കരിക്കപ്പെട്ടതും ആക്കുന്നു. അതുപോലെ ലൈംഗികധാരാളിത്തത്തിന്റെയും ലൈംഗിക വിപണിയുടെയും മാര്‍ഗ്ഗങ്ങളും അതിനെ യാന്ത്രികമാക്കുന്നു.മറിച്ച് ചിലതരം ലൈംഗികവിലക്കിലൂടെ മനുഷ്യന്റെ ഉത്പാദനചരിത്രം രൂപപ്പെടുത്തിയ പ്രണയം ആണ് മനുഷ്യന് സംതൃപ്തിയും ആനന്ദവും അടുത്ത തലമുറയുടെ ഉത്പാദനവും സാമൂഹിക മനുഷ്യന്റെ നിര്‍മ്മിതിയും സാധ്യമാക്കുന്നത് എന്നാണ് മേല്‍ വിശദീകരിച്ചത്. മതത്തിന്റെ വ്യാവസായിക തലങ്ങളെയും മുതലാളിത്താനുകൂലമായ സാംസ്‌കാരികാവശിഷ്ടങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് എത്തുന്ന ലൈംഗിക വിപണിയെയും നവലിബറല്‍ – ഡിജിറ്റല്‍ മുതലാളിത്തത്തിന്റെയും അര്‍ത്ഥശാസ്ത്രത്തെ ന്യായീകരിക്കാനാണ് ഡോണിഗറിനെ പോലുള്ളവര്‍ ശ്രമിക്കുന്നത്.
ഉപസംഹാരം
സൂര്യന്‍ എന്ന ഭര്‍ത്താവിനെ സഹിക്കാനാവാതെ ഭര്‍ത്താവിന്റെ അടുത്ത് സ്വന്തംനിഴലിനെ നിര്‍ത്തിയിട്ട് പെണ്‍കുതിരയായി കാട്ടില്‍ പോയ സംജ്ഞ എന്ന യുവതി ബ്രാഹ്മണമതത്തിന്റെ ലൈംഗിക ജീവിതത്തിന്റെ കൂടി പ്രതീകവത്കരണമാണ്. മറ്റൊരു രീതിയില്‍ വെളിച്ചം ( വെളിച്ചം) സൂര്യന്‍ / ഇരുട്ട് ( നിഴല്‍ ) എന്നീ പ്രകൃത്യാ ഉള്ളതി [Innate അല്ലെങ്കില്‍ Natural] നുമേല്‍ അഥവാ ദത്തമായതി [Given അല്ലെങ്കില്‍ Data]-നുമേല്‍ ഉണ്ടാക്കുന്ന നിര്‍മ്മിതിയാണ് സര്‍ഗ്ഗാത്മകത എന്ന കാര്യവും കഥ വിനിമയം ചെയ്യുന്നു. വിദ്യാഭ്യാസവും ലൈംഗികതയും ഡേറ്റാ വിനിമയമല്ല നിര്‍മ്മിതിയാണ് സാധ്യമാക്കേണ്ടത്. വേശ്യാവൃത്തി മകളെ പഠിപ്പിക്കുന്ന അമ്മ ആഖ്യാതാവായി വരുന്ന വൈശികതന്ത്രം ഒരു മധ്യകാല മലയാള കൃതിയാണ്.
??കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലവാനരിയതൊന്റു വൈശികം.? (വൈശികതന്ത്രം)കല്ലിനെ കായലാക്കുന്നതിനെക്കാള്‍, കായലെ കല്ലാക്കുന്നതിനേക്കാള്‍ പ്രയാസമാണ് ലൈംഗിക വൃത്തി. വാര്‍ദ്ധക്യമെന്നൊരുവന്‍ കടലുണ്ട് അതിനു മുന്‍പ് പണം കരസ്ഥമാക്കണമെന്നാണ് ഉപദേശം.ഡിജിറ്റല്‍ മുതലാളിത്ത കാലത്ത് ലൈംഗികത്തൊഴിലാളിആത്മകഥയുടെ പാഠപുസ്തകലക്ഷ്യവും അതു തന്നെ. തന്റെ കഥയല്ല അത് എന്നു ലൈംഗികത്തൊഴിലാളിക്ക് പറയേണ്ടി വരുന്നത് ലൈംഗിക വ്യവസായിയുടെ പരസ്യചിത്രമായി പാഠപുസ്തകം മാറിയതുകൊണ്ടാണ്. അതില്‍ ജീവിതമില്ല ഡേറ്റ മാത്രമേ ഉള്ളൂ. ആണുങ്ങളെ കെണി വച്ചുപിടിക്കുന്നവരാണ് സ്ത്രീകള്‍ അവര്‍ ലൈംഗികാസക്തിയുടെ യക്ഷി രൂപങ്ങളാണ് എന്ന ഉപരിവര്‍ഗ്ഗ പുരുഷ ഭാവനയെ പുനര്‍ നിര്‍മ്മിക്കുന്നവയാണിവയൊക്കെ.ഡോണിഗറുടെ പെണ്‍കുതിര സ്ത്രീയെക്കുറിച്ചുള്ള അധികാരപക്ഷനിര്‍വ്വചനത്തെ അതേപടി സ്വീകരിക്കുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ കഥയിലെ പെണ്‍കുതിര നിഴലായി മാറുന്ന ഗതികേട് കൂടി വിനിമയം ചെയ്യുന്നു. സ്ത്രീയും പുരുഷനും പണിയാളരുടെ (വിശ്വകര്‍മ്മാവിന്റെ ) അസ്തിത്വം നേടുമ്പോഴും സൂര്യന്മാരെ മുറിച്ച് ആയുധമാക്കി, കൊത്തിമിനുക്കി ശില്പമാക്കി എടുക്കുമ്പോഴും മാത്രമേ നാം ഡിജിറ്റല്‍ നിഴലുകളല്ലാതായി മാറുന്നുള്ളൂ.
Works Cited
Altekar A.S.,Education in Ancient India, Nand Kishore & Bros, Varanasi, 1934.
Bauman, Zygmunt: Wasted Lives: Modernity and Its Outcasts. Polity Press, Cambridge, 2004.
Becker, Gary: Human Capital: A Theoretical and Empirical Analysis, with Special Reference to Education. University of Chicago Press, Chicago, 1964.
Carr, Nicholas: The Shallows: What the Internet Is Doing to Our Brains. W. W. Norton & Company, New York, 2010.
Doniger, Wendy: The Mare’s Trap: Nature and Culture in the Kamasutra. Speaking Tiger Publishing, New Delhi, 2015.
Engels, Friedrich: The Origin of the Family, Private Property and the State. Progress Publishers, Moscow (Originally published 1884), 1948.
Fisher, Helen: Why We Love: The Nature and Chemistry of Romantic Love. Henry Holt and Company, New York, 2004.
Friedman, Milton: Free to Choose: A Personal Statement. Harcourt Brace Jovanovich, New York, 1980.
Fromm, Erich: The Art of Loving. Harper & Row, New York, 1956.
Giroux, Henry: The University in Chains: Confronting the Military-Industrial-Academic Complex. Paradigm Publishers, Boulder, 2007.
Illouz, Eva: Why Love Hurts: A Sociological Explanation. Polity Press, Cambridge, 2012.
Kautilya: The Arthashastra. Translated by L.N. Rangarajan, Penguin Books India, New Delhi, 1992.
Marcuse, Herbert: One-Dimensional Man: Studies in the Ideology of Advanced Industrial Society. Beacon Press, Boston, 1964.
Narayanan, M.G.S.: Perumals of Kerala: Brahmin Oligarchy and Ritual Monarchy. CosmoBooks, Thrissur, 1996.
Prakash Chandra Jain, Education in Ancient India, Vanitas Publications, Delhi, 2005.
Radha Kumud Mookerji, Ancient Indian Education: Brahmanical and Buddhist, Motilal Banarsidass, Delhi, 1947.
Radhakrishnan S. , Education, Politics and War, International University Press, New York, 1944.
Srnicek, Nick: Platform Capitalism. Polity Press, Cambridge, 2016.
Syed Nurullah & J.P. Naik, A History of Education in India, Macmillan & Co. Ltd., Mumbai, 1951.
Suresh Chandra Ghosh, The History of Education in Modern India (1757-2007), Orient BlackSwan, New Delhi, 2009.
The Report of the University Education Commission (December 1948 – August 1949) Volume I, Ministry of Education Government of India 1962
Vatsyayana: The Kamasutra. Translated by Wendy Doniger and Sudhir Kakar, Oxford University Press, Oxford, 2002.
Zuboff, Shoshana: The Age of Surveillance Capitalism: The Fight for a Human Future at the New Frontier of Power. PublicAffairs, New York, 2019.

ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
