ജൂലി ഡി എം

Published: 10 February 2026 ട്രോൾ വിമർശനം

കഥയെഴുത്തിന്റെ രാഷ്ട്രീയം

കഥകൾ എങ്ങനെയായിരിക്കും മനുഷ്യരെ വന്നു തൊടുന്നത്? ഭാഷകൊണ്ട്,

 ഭാവതീവ്രതകൊണ്ട്, വികാരൈക്യം കൊണ്ട്, വായനക്കാരെ മാന്ത്രിക വിദ്യയാലെന്നവണ്ണം കഥയിലേക്കാവാഹിച്ചുകൊണ്ടൊക്കെ ആവാമത്.ഒരു കഥയിലൂടെ കഥാകൃത്ത് പറയാൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ ഉണ്ടാവാം.അത് പറയാൻ ഉദ്ദേശിച്ചാണ് അയാളാ കഥയെഴുതിയതെന്ന് വായനക്കാർക്ക് തോന്നാതിരിക്കുകയും എന്നാൽ അക്കാര്യങ്ങൾ വായനക്കാരിലേക്ക് കൃത്യമായി സംവേദനം ചെയ്യിക്കുകയും ചെയ്യുക എന്നതാണ് പണിക്കുറ്റമില്ലാത്ത കഥാനിർമ്മാണ കൗശലം. ഒന്നോ രണ്ടോ പേജ് മറിക്കുമ്പോൾ തന്നെ എന്തു ഉദ്ദേശത്തിൽ കഥ എഴുതുന്നുവെന്ന് വായനക്കാർക്ക് പിടികിട്ടുന്നുണ്ടെങ്കിൽ അത് വായനക്കാരുടെ ബുദ്ധിയല്ലെന്നും കഥ നിർമ്മാണത്തിലെ പാളിച്ചയാണെന്നും കാണണം.

 

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന പ്രിയ എ. എസിന്റെ പൂമ്പാറ്റയുടെ രാഷ്ട്രീയം എന്ന കഥയെക്കുറിച്ച് എഴുതാനാണ് ഇങ്ങനെ ഒരു മുഖവുര വേണ്ടിവന്നത്. നല്ല ഒഴുക്കിന് കഥ പറഞ്ഞു പോകുന്നതുകൊണ്ട് വായനക്കാർ കഥയ്ക്കൊപ്പം സഞ്ചരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സ്ട്രോക്ക് വന്ന ബോട്ടണി ടീച്ചർ കൂടിയായ മന്ദാരവല്ലി എന്ന വൃദ്ധയായ അമ്മയെ എഴുത്തുകാരി കൂടിയായ മകൾ പദ്മ അക്ഷരങ്ങളിലേക്കും അതുവഴി ഓർമ്മകളിലേക്കും പിച്ചവെയ്പ്പിക്കുന്നതാണ് കഥയുടെ പ്രമേയം. ചെറുമകന്റെ നോട്ട്ബുക്കിൽ വഴങ്ങാൻ മടിക്കുന്ന കൈകൊണ്ട് മന്ദാരവല്ലി എന്ന സ്വന്തം പേര് എഴുതിക്കൊണ്ടാണ് അവർ ദാനം കിട്ടിയ രണ്ടാം ജന്മത്തിൽ എഴുത്താരംഭിക്കുന്നത്. ബോട്ടണി പഠിച്ച സ്കൂൾ ടീച്ചറായിരുന്ന അമ്മയുടെ ഓർമ്മകളെ കൈപിടിച്ചു നടത്തുന്ന കാഴ്ചകളൊക്കെ കഥാകൃത്ത് വർണ്ണിച്ചു പോകുന്നുണ്ട്. ചിതറിപ്പോയ 1960- കൾ മുതലുള്ള കോളേജ് ജീവിതത്തിലെ ഓർമ്മകളെ നോട്ട്ബുക്കിൽ അവർ കോറിയിടുന്നുണ്ട്. എഴുതി ക്ഷീണിച്ചപ്പോൾ  പഴയ ഓർമ്മകൾ മകളോട് പറയുകയാണവർ. കൂട്ടത്തിൽ മലയാള കഥാസാഹിത്യത്തിലെ പല പ്രമുഖ പേരുകളും അമ്മയുടെയും മകളുടെയും സംസാരത്തിൽ കടന്നു വരുന്നുമുണ്ട്. സംസാരത്തിനിടയിൽ വിയർത്തു കുഴഞ്ഞുപോകുന്ന അമ്മയെ പദ്മയും സഹായിയും ചേർന്ന് സി പി ആർ കൊടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു.ആംബുലൻസിൽ

പോകുന്ന വഴിക്കും മകളും അമ്മയും തമ്മിൽ സംസാരിക്കുന്നുണ്ട്. സംസാരത്തിനിടെ സസ്യശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെടികളോടും പൂക്കളോടും ആത്മബന്ധം പുലർത്തുകയും ചെയ്ത അവരുടെ കവിളിൽ എവിടെനിന്നോ

പറന്നുവന്ന ഒരു പൂമ്പാറ്റ വന്നിരുന്നുചിറകടിച്ചു.എല്ലാത്തിനോടും രാഷ്ട്രീയമെന്നും കെമിസ്ട്രി എന്നും ചേർത്ത് പറയുന്ന ഇന്നത്തെ ആൾക്കാർ പൂമ്പാറ്റയുടെ രാഷ്ട്രീയം എന്ന് പറയുമോ എന്ന അമ്മയുടെ ചോദ്യത്തിൽ എന്തോ പന്തികേട് തോന്നിയ പദ്മ വേവലാതിയോടെ അമ്മയുടെ കയ്യിൽ മുറുകെപ്പിടിക്കുന്നു.ജീവനറ്റുപോയ അവരുടെ ചുണ്ടിൽ അപ്പോഴും ഒരു നേർത്തൊരു ചിരിയുണ്ടായിരുന്നു.ഇങ്ങനെയാണ് കഥാകൃത്ത് കഥ അവസാനിപ്പിക്കുന്നത്.

എഴുത്തുകാർക്കിടയിലെ പരസ്പര സഹായസഹകരണ സംഘങ്ങൾ

സ്ട്രോക്ക് വന്ന ഒരു അമ്മയെ സംസാരത്തിലൂടെ എഴുത്തിലൂടെയും ഓർമ്മകൾ പങ്കുവയ്ക്കുന്നതിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു മകൾ നടത്തുന്ന ശ്രമമാണ് കഥയുടെ നട്ടെല്ല്. അമ്മയും മകളും തമ്മിലുള്ള സംസാരത്തിനിടയിൽ മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തിലെ പല പ്രമുഖ എഴുത്തുകാരുടെയും പേരുകളും അവരുടെ കഥകളും അതിനെക്കുറിച്ചുള്ള പരാമർശങ്ങളും കഥയുടെ മുഖ്യ ഭാഗമായി കടന്നുവരുന്നു.മുഖ്യധാരയിൽ ഇടം കിട്ടിയ ഒരു എഴുത്തുകാരി എഴുതിയ കഥയിൽ മുഖ്യധാരയിലെ ചില കഥാകൃത്തുക്കളെ പരാമർശിക്കാൻ വേണ്ടി കഥാസന്ദർഭങ്ങൾ ഇണക്കിയൊരുക്കുന്ന അനുഭവം പ്രത്യക്ഷത്തിൽ തന്നെ വായനയിൽ അനുഭവപ്പെടും. സ്ട്രോക്കിന്റെ തളർച്ചയെ മെരുക്കാനുള്ള പരിചരണങ്ങളുടെ ഭാഗമായി അമ്മയുടെ ആവശ്യപ്രകാരം  കൊച്ചി എഫ് എമ്മിൽ പാട്ട് വച്ചുകൊടുക്കുന്നു.റേഡിയോയിൽ നിന്ന് വരുന്നത് കല്യാണി മേനോൻ പാടിയ ലാപ്ടോപ്പ് എന്ന സിനിമയിലെ ശ്രീവത്സൻ ജി മേനോൻ ഈണമിട്ട റഫീഖ് അഹമ്മദ് രചിച്ച ‘ജലശയ്യയിൽ തളിരമ്പിളി…’ എന്ന ഗാനമാണ്. ‘നെടുവീർപ്പ് പോലുമാ സസ്മിതമാം നിദ്രയെ തൊടല്ലേ’ എന്ന തരള കാല്പനിക വരിയെഴുതിയത് കൊണ്ട് “റഫീഖാവും അങ്ങേരുടെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിട്ടുണ്ടാവുക. അല്ലാതെങ്ങനാ ഇത്ര ഉൾക്കൊണ്ട് ഇങ്ങനെ എഴുതുക ?” എന്ന് കഥാകൃത്ത് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ഭീകരമെന്നേ പറയേണ്ടൂ!

‘ഒരു നെടുവീർപ്പ് കൊണ്ടുപോലും നിദ്രയെ ഭംഗപ്പെടുത്താത്ത’ എന്നെഴുതാനുള്ള ശേഷി ഒരു പുരുഷനുണ്ടെങ്കിൽ തീർച്ചയായും ഗർഭം ധരിക്കാനുള്ള ശേഷിയും അയാൾക്കുണ്ടാവുമെന്ന് ! എമ്മാതിരി ഭാവനകളാണ് !! റേഡിയോ വെച്ചപ്പോൾ ഒഴുകിയെത്തിയ  കേൾക്കാൻ ഇമ്പമുള്ളൊരു പാട്ട് കഥാകൃത്ത് പരാമർശിച്ചുവെന്നേ ഇത്രയും ഭാഗം വായിക്കുമ്പോൾ വായനക്കാർക്ക് തോന്നൂ. എന്നാൽ അത് അങ്ങനെയല്ലെന്ന് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാകും. “എനിക്ക് ആ പാട്ടും ശബ്ദവും വരിയും കേൾക്കുമ്പോഴൊക്കെ ആ സുഭാഷ് ചന്ദ്രനോട് ഒടുക്കത്തെ അസൂയ തോന്നും.ആ സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥ ആ രൂപേഷ് പോൾ സിനിമയാക്കിയതല്ലേ ലാപ്ടോപ്പ്. ഓർമ്മയില്ലേ?” എന്ന അമ്മയോടുള്ള പദ്മയുടെ ചോദ്യത്തിൽ അമ്മയുടെ ഓർമ്മ പരിശോധിക്കാനും പറ്റും സുഭാഷ് ചന്ദ്രനെയും ‘പറുദീസ നഷ്ട’ത്തെയും കഥയിൽ പ്രതിഷ്ഠിക്കാനും പറ്റും  !

‘സുഭാഷ്ചന്ദ്രചരിതം’ അവിടെ തീരുന്നുണ്ടോ ? ഇല്ല ! വയ്യാതെ കിടന്ന പദ്മയുടെ അമ്മയെ വിളിച്ച് സുഭാഷ് ചന്ദ്രൻ സംസാരിക്കുന്നതും ആ സംസാരം ഏറെനേരം തുടർന്നതും “അമ്മേ, ഞാനൊരു ദിവസം അമ്മയെ കാണാൻ വരാം ഇനി എറണാകുളത്ത് വരുമ്പോൾ” എന്ന് സുഭാഷ്ചന്ദ്രൻ പറഞ്ഞതും ഈയിടെയായി എഴുതുന്നവരെ ഒന്നും നേരിട്ട് കാണണമെന്നില്ല എന്ന് അമ്മ പറഞ്ഞതും “സുഭാഷിനെ കാണണ്ട എന്ന് പറഞ്ഞ ഒരേ ഒരാൾ ഈ ഞാൻ ആയിരിക്കുമല്ലേ?” എന്നവർ ചോദിച്ചതുമൊക്കെ കഥയിലുണ്ട്.പദ്മയുടെ അമ്മ ഒഴിച്ച് ബാക്കി എല്ലാരും സുഭാഷ്ചന്ദ്രനെ കാണാനായി തിക്കും തിരക്കും തന്നെ !

നിലവിലെ മാതൃഭൂമി എഡിറ്ററെ സുഖിപ്പിച്ച സ്ഥിതിക്ക് മുൻ എഡിറ്ററും മലയാള സാഹിത്യത്തിലെ വടവൃക്ഷവുമായ എം.ടിയെ പരാമർശിക്കാതിരിക്കുന്നത് വലിയ അപരാധമായിരിക്കുമല്ലോ, എന്നോർത്തിട്ടാവും കഥാകൃത്ത് ‘എം. ടി യെ കണ്ടിട്ടില്ലേ, അമ്മ ?” എന്ന് പദ്മയെക്കൊണ്ട് ചോദിപ്പിക്കുന്നു. എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ക്ക് സമ്മാനം കിട്ടിയതും എം.ടി കോളേജിൽ പ്രസംഗിക്കാൻ വന്നപ്പോഴുള്ള സംഭവങ്ങളുമൊക്കെ പറയുന്ന കൂട്ടത്തിൽ എം.ടിയുടെ ആദ്യ ഭാര്യയായ പ്രമീളാനായർ വിവർത്തനം ചെയ്ത എം.ടി കൃതികൾ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ വായിച്ചതിന്റെ അനുഭവങ്ങളും കടന്നുവരുന്നു. പ്രമീളനായർ എന്ന എഴുത്തുകാരിയും വിവർത്തകയുമായ സ്ത്രീയെ ജീവിതത്തിൽ നിന്ന് ഇറക്കിവിട്ടതുപോരാഞ്ഞ് മലയാള സാഹിത്യത്തിന്റെ പുറമ്പോക്കിൽ പോലും കാലുകുത്താതിരിക്കാനുള്ള ചരടുവലികൾ നടത്തിയ എം.ടി യെക്കുറിച്ചുള്ള നിശിതവിമർശനങ്ങൾ ഉൾക്കൊള്ളുന്ന എച്മുക്കുട്ടിയും ദീദി ദാമോദരനും എഴുതിയ എംറ്റി സ്പേയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന കൃതിയിൽ, മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും പ്രമീളനായരുടെ പേര് പരാമർശിച്ചിട്ടുള്ള ഒരെഴുത്തും പ്രസിദ്ധീകരിക്കാൻ തയ്യാറാവുമായിരുന്നില്ലെന്ന് എഴുതുന്നുണ്ട്. എം.ടി.എഡിറ്ററായിരുന്ന മാതൃഭൂമിയിൽ  തന്നെ അവരെക്കുറിച്ച് പരാമർശമുള്ള ഒരു കഥ അച്ചടിച്ചുവരുന്നതിലൂടെ  മേൽ പരാമർശം തെറ്റാണെന്ന് തെളിയിക്കാനും പറ്റും.

ഈയിടെയായി കഥകളൊന്നും മനസ്സിലാവുന്നില്ലെന്നും അത് തന്റെ കുഴപ്പമാണോ, കഥകളുടെ കുഴപ്പമാണോ എന്നാർക്കറിയാമെന്നും പറയുന്ന അമ്മ മൂന്നു കഥകൾ മാത്രം കൃത്യമായി ഓർത്തു പറയുന്നു. “നിന്റെ സിതാരയുടെ ‘മറ’, നിന്റെ സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’, നിന്റെ മനോജ് വെങ്ങോലയുടെ ‘പെരുമ്പാവൂർ യാത്രിനിവാസ്’. അതൊക്കെ എന്തൊരു കഥകളാണ്. സുഭാഷ് ആ കഥയില് ഗാന്ധിയുടെ കൂടെ ദണ്ഡിയാത്രയ്ക്ക് നടന്നത് പോലുണ്ട്. സിതാരയുടെ കഥയ്ക്ക് എപ്പോഴും ‘സഖി’ എന്നാണ് എനിക്ക് പറയാൻ തോന്നാറ്. അതില് ഏറ്റവും മനസ്സിൽ തങ്ങിനിൽക്കുന്നത് ആ വാക്കാണ്. മനോജിന്റെ, ആ അച്ഛനെ ഞാൻ എപ്പോഴും ഓർക്കും.” ഈ ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ പ്രിയ. എ. എസിന് കഥയിൽ മാത്രമല്ല വാഴ്ത്തുപാട്ട് സാഹിത്യത്തിലും നല്ല ഭാവി ഉണ്ടെന്ന് തന്നെയാണ് മനസ്സിലാവുന്നത്. ഒരു കഥയ്ക്കകത്തു തന്നെ മറ്റു കഥാകൃത്തുക്കളെയും അവരുടെ കൃതികളെയും പരാമർശിക്കുന്നതും വാഴ്ത്തി പാടുന്നതുമൊക്കെ ഒരു മോശം പ്രവണതയാണെന്നൊന്നും പറയാൻ കഴിയില്ല. പി എസ് സി പരീക്ഷയ്ക്ക് പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു അക്ഷയഖനി തന്നെയാണ് ഇത്തരം കഥകളെന്ന കാര്യത്തിൽ സംശയത്തിനിടയില്ല !

സമകാലിക മാധ്യമ റിപ്പോർട്ടിംങ് രീതി കഥയിൽ വരുമ്പോൾ

മാധ്യമങ്ങളെല്ലാം വമ്പൻ കോർപ്പറേറ്റുകളുടെ കയ്യിലായ സമകാലിക ഇന്ത്യയിൽ വാർത്തയും അതിന്റെ റിപ്പോർട്ടിങ്ങുമെല്ലാം ലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന അധമമായ കാഴ്ചയാണ് നിലവിലുള്ളത്. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങൾ തമസ്കരിക്കപ്പെടുകയും കച്ചവട സംബന്ധിയായ രാഷ്ട്രീയ താൽപര്യങ്ങൾ വാർത്തയിലിടം നേടുകയും ചെയ്യുന്നു. വാർത്ത എന്നത് കാഴ്ചക്കാരെ ഉണ്ടാക്കിയെടുക്കാനും അതിലൂടെ ലാഭം കൊയ്യാനുമുള്ള വിപണന ഉൽപ്പന്നമായി മാറിക്കഴിഞ്ഞ സമകാലിക ഇന്ത്യയുടെ വാർത്താറിപ്പോർട്ടിംങ് രീതിയുടെ പ്രതിഫലനങ്ങൾ ‘പൂമ്പാറ്റയുടെ രാഷ്ട്രീയ’ത്തിലും കാണാം.മാധ്യമ റിപ്പോർട്ടിംങ് എന്നത് മാധ്യമ സ്ഥാപനത്തിന്റെ മുതലാളിയുടെയും മുതലാളിയുടെ കച്ചവട സ്ഥാപനങ്ങളുടെയും പരസ്യമായി മാറുന്നതുപോലുള്ള കാഴ്ചകൾ പ്രിയയുടെ കഥയിലുണ്ട്. മുഖ്യധാരാ പ്രസിദ്ധീകരണത്തിലേക്ക് വേണ്ടി എഴുതപ്പെടുന്ന ഒരു കഥയിൽ ആ പ്രസിദ്ധീകരണത്തിന്റെ തന്നെ എഡിറ്ററേയും അദ്ദേഹത്തിന്റെ കഥകളെയും പ്രകീർത്തിക്കാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ ഇതിനുദാഹരണമായി കാണാവുന്നതാണ്.

സി പി ആർ കൊടുത്ത് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ പദ്മയുടെ അമ്മ സംസാരിക്കുന്ന കൂട്ടത്തിൽ പൊടുന്നനെ ഇങ്ങനെ ചോദിക്കുന്നു.” ഈ നിർമ്മലാ സീതാരാമൻ ഒരു നല്ല സ്ത്രീയാണ് അല്ലേ?”  ആംബുലൻസിൽ പോകുമ്പോഴാണോ നിർമ്മലാ സീതാരാമനെന്നും അവരെക്കുറിച്ച് പത്രത്തിൽ വല്ല വാർത്തയും ഉണ്ടായിരുന്നൊ എന്നും ചോദിക്കുന്ന മകളോട് അമ്മയുടെ മറുപടി ഇങ്ങനെയാണ്. “അവര് കേരളത്തിൽ വന്നപ്പോ യാത്ര ചെയ്യാൻ വിമാനം വേണ്ട ട്രെയിൻ മതി എന്നൊക്കെ പറഞ്ഞില്ലേ,അപ്പോ അവര് ഒരു നല്ല ആളാണെന്ന് തോന്നി.”

കഥയെഴുത്ത് എന്ന  സർഗാത്മക നിർമ്മാണ പ്രക്രിയയിലൂടെ കഥ ചുമ്മാതങ്ങ് കടലാസിലേക്ക് വാർന്നു വീഴുന്നതൊന്നുമല്ല കഥയിൽ പ്രയോഗിക്കുന്ന വാക്കുകൾ, വർണ്ണനകൾ,കഥാസന്ദർഭങ്ങങ്ങൾ, സംഭാഷണങ്ങൾ ഇങ്ങനെ കഥയുടെ പേരുൾപ്പെടെ നിരന്തരമായ ചിന്തയുടെയും ആലോചനയുടെയും ഫലമായി ഉരുത്തിരിഞ്ഞു വരുന്നതാവും.ഒരു കഥയുടെ ത്രെഡൊ കഥയുടെ പേരൊ ചില സംഭാഷണശകലങ്ങളൊ ചില പ്രയോഗങ്ങളൊ ഒക്കെ ഒരു മിന്നലാട്ടമായി മനസ്സിൽ തെളിഞ്ഞു വരുന്നതാവാമെങ്കിലും ഒരു കഥ മൊത്തത്തിൽ അങ്ങനെ സംഭവിക്കില്ല. ആംബുലൻസിനകത്ത് ജീവിതത്തിനും മരണത്തിനുമിടയിൽ ആടിയുലയുന്ന ഒരു രോഗിയും നിർമ്മലാ സീതാരാമനെ തിരക്കാനിടയില്ല. സഞ്ചരിക്കാൻ വിമാനം വേണ്ടെന്നും ട്രെയിൻ മതിയെന്നും പറഞ്ഞ ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ധനകാര്യ നന്മമരമായി നിർമലാ സീതാരാമനെ അവതരിപ്പിക്കുന്ന രീതിയിലൂടെ കോർപ്പറേറ്റ് മാധ്യമലോകത്തെ മാധ്യമ റിപ്പോർട്ടറായി  പ്രിയ എ.എസ് സ്വയം മാറുകയാണ് ചെയ്യുന്നത്.

കഥാകൃത്ത് കഥയുടെ ലോകത്ത് മാത്രമല്ല ജീവിക്കുന്നത്. നിലവിലെ ഇന്ത്യയുടെ രാഷ്ട്രീയ – സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ച് അവർക്ക് നല്ല ധാരണയുണ്ടാവും. 2025- ൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച അത്യന്തം ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ ഒരു ബഡ്ജറ്റിനെക്കുറിച്ചുള്ള വാർത്തകൾക്കല്ല ഇവിടത്തെ മുൻനിര മാധ്യമങ്ങൾ പ്രാധാന്യം കൊടുത്തത്. മറിച്ച് , മധുബനി ചിത്രകല ആലേഖനം ചെയ്ത അവർ ഉടുത്തിരുന്ന സാരിയെക്കുറിച്ചുള്ള വാർത്തകൾക്കായിരുന്നു.2019 – മുതൽ ബഡ്ജറ്റ് അവതരണത്തിൽ അവർ ധരിച്ച സാരികളുടെ വിവരണവും വാർത്തയുടെ ഭാഗമായി. ദാരിദ്ര്യം, പട്ടിണി, വിലക്കയറ്റം കർഷക ആത്മഹത്യ, അസമത്വത്തിലെ വർദ്ധനവ് എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ രാജ്യം നേരിടുമ്പോൾ ലക്ഷം കോടി രൂപ വമ്പൻ കോർപ്പറേറ്റുകൾക്കായി എഴുതിത്തള്ളുന്ന, പൊതുമേലാ സ്ഥാപനങ്ങളുടെ ഓഹരികൾ മുതലാളിമാരുടെ കടം തീർക്കാനായി ഉദാരമായി സംഭാവന ചെയ്യുന്ന ഒരു സർക്കാരിന്റെ ധനകാര്യ മന്ത്രിയെ ഒരു നല്ല സ്ത്രീയാക്കി  അവതരിപ്പിക്കുന്ന നിഷ്കളങ്കത തിരിച്ചറിയപ്പെടാതെ പോകരുത് ! രാജ്യം മൊത്തത്തിൽ കോർപ്പറേറ്റുകൾക്കായി എഴുതിക്കൊടുത്ത ശേഷം വിമാനത്തിൽ സഞ്ചരിക്കാതെ ട്രെയിനിൽ സഞ്ചരിക്കുന്ന ലാളിത്യത്തിന്റെ മൂർത്തിമദ്ഭാവമായ രാഷ്ട്രീയ നേതാക്കൾ ഒരു കോർപ്പറേറ്റ് മാധ്യമ നിർമ്മിതിയാണ്. ഇത്തരം പി.ആർ വർക്കുകൾ കഥാകൃത്തുക്കൾ കൂടി ഏറ്റെടുത്ത് ചെയ്യുന്നത് അപകടകരമാണ്. സ്ട്രോക്ക് വന്ന ഒരു വൃദ്ധയുടെ  ഓർമ്മകളെക്കുറിച്ച് ഒരു കോർപ്പറേറ്റ് മാധ്യമ സ്ഥാപനം ചെയ്ത സ്റ്റോറി വായിക്കുന്ന പോലുള്ള അനുഭവമാണ് പ്രിയയുടെ കഥയുണ്ടാക്കുന്നത്.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x