
എസ് സുധീഷ്
Published: 10 February 2026 സംസ്കാരപഠനം
ഡേറ്റ ദൈവമാണ്
ഉത്തരാധുനികതയുടെ ഡിജിറ്റല്‍ മുതലാളിത്തയുക്തികള്‍
ഭാഗം-10
രണ്ടു നൂറ്റാണ്ടു കാലം മുൻപ് സാങ്കേതികവിദ്യ വളരെ പരിമിതമായിരുന്ന കാലത്ത്, സമ്പത്തിന്റെ ഉടമസ്ഥത കൈയാളിയിരുന്ന ന്യൂനപക്ഷ ജനവിഭാഗം ഭൂരിപക്ഷസമൂഹത്തിന് വിദ്യാഭ്യാസം എന്ന അവകാശം നിഷേധിച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം കേരളത്തിൽ ഉയർന്നു വന്നു. മണ്ണിൽ അന്തിയോളം പണിയെടുക്കേണ്ടുന്ന ജനസമൂഹത്തിന് എന്തിനാണ് വിദ്യാഭ്യാസം എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. വിദ്യാഭ്യാസം തങ്ങളുടെ ആവശ്യം ആണെന്നു തീരുമാനിക്കാനുള്ള അവകാശമാണ് ആ സമരത്തിലൂടെ ഉയർന്നു വന്നത്. ഒരു സമൂഹം അതിന്റെ ആവശ്യമല്ല എന്ന് വിധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസം, തങ്ങളുടെ ആവശ്യമാണെന്ന് സ്വയം തീരുമാനിക്കുന്നു; അതിനുവേണ്ടി സമരം ചെയ്യുന്നു.
പിൽക്കാലത്ത് സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടി നടപ്പിലാക്കണമെന്ന് കോത്താരി കമ്മീഷൻ നിർദ്ദേശിക്കുന്നു.
പിൽക്കാലത്ത് താരതമ്യേന സ്വതന്ത്രവും സാർവത്രികവുമായിത്തീർന്ന വിദ്യാഭ്യാസ രംഗത്ത് ഒരു വിപണി രൂപപ്പെടുന്നു. വൻ തുകകൾ മുടക്കിയാൽ ഉന്നതവിദ്യാഭ്യാസം ലഭിക്കുമെന്നും, താഴെത്തട്ടിലുള്ള വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ലെന്നും, അത് ആരുടെയും ആവശ്യമല്ലെന്നും വരുമ്പോൾ തൊഴിലാളിസമൂഹത്തിലെ കുട്ടികൾ പോലും വില ഈടാക്കാത്ത പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ ഉപേക്ഷിച്ചു പോകുന്നു.
ഇടത്തരക്കാരനും അധ:സ്ഥിതനും വിദ്യാഭ്യാസത്തിന്റെ പരിധി നിർണ്ണയിക്കപ്പെടുകയും, കൂറ്റൻ തുക കൊടുത്ത് വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങുന്ന വിഭാഗത്തിന് വിദ്യാഭ്യാസ രംഗത്ത് മേൽക്കൈ ഉണ്ടാവുകയും, അങ്ങനെ വിദ്യാഭ്യാസരംഗത്ത് ധനകാര്യ കോളനീകരണം സംഭവിക്കുകയും ചെയ്യുന്നു. 200 വർഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന ആഭ്യന്തരകോളനീകരണത്തിന്റെ വിദ്യാഭ്യാസ ഉപരോധം തന്നെയാണ് വിദ്യാഭ്യാസ ചരക്കുവൽക്കരണത്തിലൂടെ ആവർത്തിക്കപ്പെടുന്നത്. ഭഗവാൻ സൃഷ്ടിച്ച ചാതുർവർണ്ണ്യമാണ് വിദ്യാഭ്യാസം വലിയൊരു വിഭാഗം ജനതയുടെ ആവശ്യമല്ല എന്ന് വിധി കൽപ്പിച്ചത്. ദൈവവിധിയെ മറികടന്നു എന്താണ് തങ്ങളുടെ ആവശ്യം എന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ ആവശ്യത്തെ മറികടന്നുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്ന നിലയിൽ പ്രസക്തിയുണ്ടോ എന്ന് സംശയം ജനിപ്പിക്കത്തക്ക തരത്തിൽ വളരെ വലിയ വിലകൊടുത്തു വാങ്ങാവുന്ന ചരക്കാണ് മേൽത്തരം വിദ്യാഭ്യാസം എന്ന് സ്ഥാപിക്കുവാൻ ധനകാര്യ മുതലാളിത്തത്തിന് കഴിഞ്ഞു. അത് വാങ്ങാൻ ശേഷിയില്ലാത്ത ഒരു സമൂഹം അത് തങ്ങളുടെ ആവശ്യമാണ് എന്ന് കൊതിക്കുമ്പോൾ അവരെ വിദ്യാഭ്യാസവായ്പയുടെ ചൂണ്ടയിൽ കൊരുത്ത് വിപണിയുടെ ലാഭസാധ്യത വർദ്ധിപ്പിക്കുവാനും ധനകാര്യ മുതലാളിത്തത്തിന് കഴിയുന്നു.
ഇന്ത്യയിലെ ആഭ്യന്തര കൊളോണിയൽ വ്യവസ്ഥ ഒരു വലിയ വിഭാഗത്തിന് വിദ്യാഭ്യാസ വിലക്ക് കൽപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിൽ വിപണി ഇടപെട്ടിരുന്നില്ല. വിപണിയുടെ സ്ഥാനത്ത് ദൈവപ്രമാണമാണ് (Determine of God) അല്ലെങ്കിൽ വിശ്വാസപ്രമാണമാണ് കൊളോണീകരണ സങ്കേതമായി പ്രവർത്തിച്ചത്. എന്നാൽ ധനകാര്യ കൊളോണീകരണത്തിന്റെ യുഗത്തിൽ വിദ്യാഭ്യാസം വിപണിയുടെ ഭാഗമായിത്തീരുകയും ചരക്കു വൽക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വപൂർവ്വ ആഭ്യന്തര കൊളോണീകരണവും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സംഭവിച്ചിരിക്കുന്ന ധനകാര്യ കൊളോണീകരണവും വിദ്യാഭ്യാസത്തെ ഉപരോധിക്കുന്നത് രണ്ടുതരത്തിലാണ്. ആഭ്യന്തര കൊളോണീകരണത്തിൽ വിദ്യാഭ്യാസം ചരക്കു വൽക്കരിക്കപ്പെട്ടിരുന്നില്ല എന്നതാണ് അതിൽ പ്രസക്തമായ വശം.
മരണം ഒരു തുല്യവൽക്കരണപ്രക്രിയയാണ് എന്ന് കവി പറയുന്നുണ്ട്. മന്നവനും യാചകനും മരണശേഷം വില അറിയാത്ത ഒരു തലയോടായി തീരുന്നു എന്നതിനാൽ സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ പ്രസക്തമല്ലാതായിത്തീരുന്നു എന്ന് ജെയിംസ് ഷേർളിയും (James Shirley) ഷേക്സ്പിയറും കുമാരനാശാനും പറയുന്നുണ്ട്. ആഭ്യന്തര കൊളോണിയലിസത്തിന് എതിരായുള്ള ജാതീയവംശീയ വിവേചനത്തിനെതിരെയുള്ള സിദ്ധാന്തമായി നവകേരളം ഈ കല്പനയെ സ്വീകരിച്ചു. ആഭ്യന്തര കൊളോണിയലിസത്തിലെ സവർണ്ണ-അവർണ്ണ ചണ്ഡാല വിവേചനങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടുള്ള തുല്യവൽക്കരണം കമ്പോള മുതലാളിത്തത്തിലും ഉണ്ട്. ജാതി മത വംശ അതീതമായി ഉപഭോക്താവിന് ഏതു കമ്പോള ചരക്കും ലഭിക്കുന്നു എന്നിടത്താണ് തുല്യത ആവിഷ്കരിക്കപ്പെടുന്നത്. വിദ്യാഭ്യാസം എന്ന ചരക്കിനും ഈ തുല്യതാനിയമം ബാധകമാണ്. എന്നാൽ തുല്യതയെ നിർവചിക്കുന്ന മർമ്മപ്രധാനമായ ഉപാധി പണമാണ്. ‘എല്ലാവരും സമന്മാരാണ്, എന്നാൽ കുറെപ്പേർ കൂടുതൽ സമന്മാരാണ്’ എന്ന വാക്യം സോഷ്യലിസത്തെ പരിഹസിക്കാൻ വേണ്ടി ജോർജ് ഓർവൽ എഴുതിയിട്ടുള്ളതാണെങ്കിലും, അത് പ്രത്യക്ഷത്തിൽ വസ്തുതയായി തീരുന്നത് ധനകാര്യഅടിത്തറയിൽ രൂപപ്പെട്ട കമ്പോള മുതലാളിത്തത്തിലാണ്. എല്ലാവർക്കും എല്ലാം ലഭ്യമാണ് എന്നാൽ എല്ലാം വിലകൊടുത്തു വാങ്ങേണ്ടി വരുമെന്നും അതിനു പണം വേണ്ടി വരുമെന്നുമുള്ളതാണ് ഈ ലഭ്യതാവ്യവസ്ഥയിലെ വൈരുദ്ധ്യം. ലഭ്യതയുടെ കാര്യത്തിൽ തുല്യത ഉണ്ട് എങ്കിലും ലഭ്യമായത് അനുഭവിക്കുവാൻ കയ്യിൽ പണം ഉണ്ടാകണമെന്നും കമ്പോളം നിഷ്കർഷിക്കുന്നു. വിദ്യാഭ്യാസം സ്വദേശിക്കോ പരദേശിക്കോ സ്വജാതിയനോ വിജാതിയനോ മാത്രമായി അവകാശപ്പെട്ടതല്ല; പക്ഷെ അത് അനുഭവിക്കണമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിദ്യാഭ്യാസത്തിന്റെ അർഹത നിശ്ചയിക്കുന്നത് പണമാണെന്നും കമ്പോളം സിദ്ധാന്തിക്കുന്നു.
‘ഹൈ ആർട്ട് (High Art), ലോ ആർട്ട് (Low Art) എന്ന തരത്തിലുള്ള വിവേചനം കലയിൽ ഇല്ലാതായിത്തീരുകയും ഗൾഫ് യുദ്ധത്തെക്കുറിച്ചുള്ള മാധ്യമ ആഖ്യാനവും മഹാഭാരതയുദ്ധവും ബദാം ലേഹ്യത്തിന്റെ പരസ്യവും തുല്യവൽക്കരിക്കപ്പെടുന്ന പശ്ചാത്തലം ഇതാണ്. തുല്യത എന്നത് ധനകാര്യ കൊളോണീകരണത്തിന്റെ കാമ്പോളിക പദ്ധതിയുടെ മർമ്മപ്രധാനമായ തത്വമാണ്. ആർക്കും ആരുമായും തുല്യത നേടുന്നതിന് യാതൊരു തടസ്സവും കുടുംബമഹിമയുടെ പേരിലോ തൊലിയുടെ നിറത്തിന്റെ പേരിലോ ഉന്നയിക്കപ്പെടുന്നില്ല. നിങ്ങൾ മറ്റൊരാളോട് തുല്യത നേടുന്നത് അയാളോടൊപ്പം പണം സമ്പാദിക്കാൻ കഴിയുമ്പോൾ മാത്രമാണ് എന്ന് മാത്രം.
നിങ്ങളുടെ ആവശ്യം എന്താണ് എന്ന് നിങ്ങൾക്ക് തീരുമാനിക്കാനുള്ള കഴിവ് ഉണ്ടാകുന്നിടത്താണ് നിങ്ങൾ സ്വാതന്ത്ര്യത്തിന്റെ ആദ്യ പടി ചവിട്ടുന്നത് എന്ന് പറഞ്ഞു. പക്ഷെ കാമ്പോളിക കൊളോണീകരണത്തിന്റെ കാലത്ത് നിങ്ങളുടെ ആവശ്യം എന്തെന്ന് തീരുമാനിക്കുവാൻ വലിയ കഴിവ് ആവശ്യമായി വരുന്നില്ല. കമ്പോളത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു, അതിന്റെ ഗുണം എന്തായാലും അതാണ് നിങ്ങളുടെ ആവശ്യം എന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങളുടെ ആവശ്യം എന്തെന്ന് വിപണി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. ഏറ്റവും വമ്പിച്ച തോതിൽ ചരക്കു വൽക്കരിക്കപ്പെട്ടിരിക്കുന്ന വിഭവമോ ഉൽപ്പന്നമോ ആണ് നിങ്ങളുടെ ആവശ്യം എന്ന നിലയിൽ ആവശ്യത്തിന്റെ നിയമം തിരുത്തി എഴുതപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ ആവശ്യം എന്ത് എന്നുള്ളത്, എന്ത് തിരഞ്ഞെടുക്കണം എന്നുള്ളത് നിരന്തരമായ പരസ്യവ്യവഹാരങ്ങളിലൂടെ നിങ്ങൾക്ക് ബോധ്യമായിരിക്കുന്നു.തനത് പാദാർത്ഥിക യാഥാർത്ഥ്യത്തെ (Reality) അല്ല പാദാർത്ഥികയാഥാർത്ഥ്യത്തെ ചരക്കുവൽക്കരിക്കുന്ന പ്രതിയാഥാർത്ഥ്യത്തെയാണ് (Hyperreality/Simulacrum), ആഖ്യാനത്തെയാണ്, നിങ്ങൾ നിങ്ങളുടെ ആവശ്യമായി തിരഞ്ഞെടുക്കുന്നത്. നിങ്ങൾ നിങ്ങളുടെ ആവശ്യം എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന ടോയ്ലറ്റ് സോപ്പ് ഒരു പാദാർത്ഥിക വസ്തുവല്ല, മറിച്ച് അതിൽ റാപ്പർ (Wrapper) ആണ്,അല്ലെങ്കിൽ ചിഹ്നം (Sign) ആണ് പാദാർത്ഥിക യാഥാർത്ഥ്യത്തിന്റെ അർത്ഥവും ഉപയോഗവും ആവശ്യവും നിർണ്ണയിക്കുന്നത് (ഘടനാവാദം).
യാഥാർത്ഥ്യം പ്രകൃതി നിയമാധിഷ്ഠിതമാണ് എന്നപോലെ ആവശ്യനിയമാധിഷ്ഠിതവുമാണ്. ഇവിടെ ആവശ്യത്തിന്റെ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു. നിങ്ങൾ ‘പിയേഴ്സ്’ (Pears) എന്ന അടയാളം ചെയ്ത സോപ്പ് കട്ട ഉപയോഗിക്കുന്നത് നിങ്ങളുടെ ദേഹം ശുചീകരിക്കാനല്ല. മറിച്ച് മധ്യവയസ്സിലും നിങ്ങൾ മധുരയൗവനനൃത്തം ചെയ്യാനുള്ള ശേഷി ലഭിക്കുന്നതിന് വേണ്ടിയാണ്. അതാണ് നിങ്ങളുടെ ആവശ്യം എന്ന് നിങ്ങൾക്ക് ബോധ്യമുള്ളതുകൊണ്ടാണ് നിങ്ങൾ പിയേഴ്സ് സോപ്പ് തന്നെ വിലകൊടുത്തു വാങ്ങുന്നത്. ദേഹം ശുചിയാക്കാൻ പിയേഴ്സ് തന്നെ വേണമെന്നില്ല. പക്ഷെ ദേഹം ശുചിയായാലും ഇല്ലെങ്കിലും പത്തു വയസ്സുള്ള കുട്ടിയുടെ മാതാവിന് നിത്യതാരുണ്യ നൃത്ത വൈഭവം സാധ്യമാക്കി കൊടുക്കുന്ന ‘പിയേഴ്സ്’ എന്ന പ്രതിയാഥാർത്ഥ്യ ആഖ്യാനമാണ്, നിങ്ങളുടെ ആവശ്യം. നിങ്ങളുടെ ആവശ്യം അതായതുകൊണ്ട് സോപ്പിന്റെ ആഖ്യാനം പ്രതിയാഥാർത്ഥ്യമായി തീരുന്നത്.
ഘടനാവാദത്തിൽ നിന്ന് ഉല്പാദിപ്പിക്കപ്പെട്ട അബദ്ധ സിദ്ധാന്തത്തിന്റെ ആവർത്തനമാണ് ഉത്തരാധുനിക പ്രതിയാഥാർത്ഥ്യ വാദത്തിലുള്ളത്.സൂചകം (Signifier) – സൂചിതം (Signified) എന്നിവ അടങ്ങുന്ന ചിഹ്നമാണ് പാദാർത്ഥിക വസ്തുവിന്റെ അർത്ഥം നിർമ്മിക്കുന്നത് എന്നും, പാദാർത്ഥിക വസ്തുവിന്റെ ആവശ്യമോ ഉപയോഗമോ അല്ല അർത്ഥം നിർമ്മിക്കുന്നത് എന്നുമുള്ള വാദമാണ് ഘടനാവാദികൾ ഉന്നയിക്കുന്നത്.ഒരു ഭൗതിക വസ്തുവായ കെട്ടിടത്തിന് പുറത്ത് ‘ജെന്റ്സ്’ എന്ന് എഴുതിവെക്കുന്നു (ആഖ്യാനം) എന്നുള്ളതുകൊണ്ടാണ് അത് പുരുഷന്മാരുടെ മൂത്രപ്പുരയാകുന്നത് എന്ന് ഘടനാവാദ പണ്ഡിതന്മാർ പറയുന്നു. ‘ലേഡീസ്’ എന്ന് എഴുതുമ്പോൾ അത് സ്ത്രീകളുടെ മൂത്രപ്പുരയാകും. ഇവിടെ കെട്ടിടം എന്ന ഭൗതിക പാദാർത്ഥിക നിർമ്മിതിയും ‘സ്ത്രീകൾ’, ‘പുരുഷന്മാർ’ എന്നിവ ആഖ്യാനങ്ങളുമാണ്. മൂത്രമൊഴിക്കുക എന്ന ആവശ്യത്തെ മുൻനിർത്തിയാണ് രണ്ട് കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആഖ്യാനം ആവശ്യത്തോട് പൊരുത്തപ്പെടുമ്പോൾ മാത്രമാണ്, അത് യാഥാർത്ഥ്യമായി തീരുന്നത്.പുരുഷന്മാർക്ക് വേണ്ടിയുള്ള ക്ലോസറ്റ് സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിന് പുറത്ത് ‘സ്ത്രീകൾ’ എന്ന് എഴുതിവെച്ചാൽ, (ഘടനാവാദ ക്ലാസ് മുറികളിൽ ഭയഭക്തി ബഹുമാനത്തോടെ പണ്ഡിതന്മാർ ഉദ്ധരിക്കുന്ന ഉദാഹരണമാണ് മൂത്രപ്പുര. )അത് സ്ത്രീകളുടെ മൂത്രപ്പുരയാവില്ല; സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മറകൾ ആവശ്യമാണ് എന്ന് വന്നതുകൊണ്ട് മൂത്ര വിസർജ്ജനത്തിനായി വെവ്വേറെ കെട്ടിടങ്ങൾ ഉണ്ടായി. പുരുഷന്മാരുടെ ക്ലോസറ്റ് നിർമ്മിക്കുന്നതിന് മുൻപ് ‘ആഖ്യാനം ‘ കൊണ്ട് മാത്രം സ്ഥലപരമായ വേർതിരിവ് സ്ഥാപിക്കാൻ കഴിയുമായിരുന്നു. ക്ലോസറ്റ് സ്ഥാപിച്ചതിനുശേഷം ഇത് പുരുഷന്മാരുടെ ആവശ്യം നിർവഹിക്കുന്നതിനുള്ള സ്ഥലമാണ് എന്ന് സ്ഥാപിക്കുന്നത് ക്ലോസറ്റാണ്. അതിന്റെ മതിലിനു പുറത്ത് ‘സ്ത്രീകൾ’ എന്ന് ആഖ്യാനം ഉണ്ടായി എന്നത് കൊണ്ട് അത് സ്ത്രീകളുടെ ആവശ്യം നിർവഹിക്കുന്നതിനുള്ള സ്ഥലമായിത്തീരുന്നില്ല. ആഖ്യാനമാണ് യാഥാർത്ഥ്യം, ഒറിജിനൽ ഇല്ല എന്ന് ബോദ്രി ലാർഡ് (Baudrillard) പറയുമ്പോഴും സിഗ്നിഫയറിന്റെ (സൂചകത്തിന്റെ) സൂചിതാർത്ഥത്തെ നിർണ്ണയിക്കുന്നത് ഭൗതിക പദാർത്ഥമല്ല എന്ന് സൊസ്യൂർ (Saussure) പറയുമ്പോഴും ചിതലരിച്ച ആശയവാദത്തെ പൊടിതട്ടിയെടുത്ത് മനുഷ്യബുദ്ധിയെ അവഹേളിക്കുന്നതിനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് നടക്കുന്നത്.വിസർജ്ജനത്തിന് ഒരു മറ എന്നത് മൃഗങ്ങൾക്ക് ആവശ്യമില്ല. എന്നാൽ മനുഷ്യർ തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ നിന്നും ഉണ്ടായി വരുന്ന ആവശ്യമാണ് മറപ്പുര എന്നത്. മനുഷ്യന്റെ ജൈവശാസ്ത്രപരമായ,പ്രകൃതിപരമായ അനിവാര്യതയും സാമൂഹികമായ ആവശ്യവും തമ്മിലുള്ള അനുരഞ്ജനമാണ് മറപ്പുര എന്നത്. അത് തികച്ചും ഭൗതികമായ സ്ഥലമാണ്; മനുഷ്യനിർമ്മിതിയാണ്. സ്ത്രീക്കും പുരുഷനും ശരീരപ്രകൃതം അനുസരിച്ച് ക്ലോസറ്റുകൾ സ്ഥാപിക്കുന്ന ഒരു കാലത്ത് പുരുഷന്റെ മറപ്പുരയ്ക്കുള്ളിൽ ‘സ്ത്രീ’ എന്നെഴുതിയാൽ അത് സ്ത്രീയുടേതായിത്തീരും എന്ന് പറയുന്നതും, പുരുഷന്റെ ഷർട്ടിനു മുകളിൽ ‘സ്ത്രീ’ എന്നെഴുതിവെച്ചാൽ പുരുഷൻ സ്ത്രീയായി കൊള്ളുമെന്നും പുരുഷന്റെ ശരീരം (Original) അപ്രസക്തമാണ് എന്ന് പറയുന്നതും കൃത്യമായ കാമ്പോളിക താൽപ്പര്യ രാഷ്ട്രീയമാണ്.
അതായത് ഭൗതിക ഉൽപ്പന്നത്തിന് മേൽ (നൂലുകൊണ്ട് നെയ്തെടുത്ത സാരിക്ക് മേൽ) അതിമാനുഷ വേഷമിടുന്ന ഒരു ആഖ്യാനം നിർമ്മിക്കുമ്പോൾ ആഖ്യാനവും ഭൗതികയാഥാർത്ഥ്യവും തമ്മിൽ വലിയ വൈരുദ്ധ്യം ഉണ്ടാകുന്നു. കല്യാണ സാരിയുടെ ആഖ്യാനം ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചോദ്യത്തോടെ അവസാനിക്കുമ്പോൾ, അവരുടെ സാരിയേക്കാൾ ഏറെ ചരക്കുവൽക്കരിക്കപ്പെടുന്നത് വിവാഹമാണ്, പിതൃപുത്രീബന്ധമാണ്, വിശ്വാസമാണ് എന്ന് വരുന്നു. ഉല്പാദന ചെലവിന്റെ എത്ര മടങ്ങ് വിലയായി ലഭിക്കുന്നുവോ, അത്ര മടങ്ങ് അകലം ഭൗതിക പദാർത്ഥവും, ആഖ്യാനവും തമ്മിൽ ഉണ്ടാകും. സാരി വാങ്ങുന്നയാൾ വിലകൊടുത്തു വാങ്ങുന്നത്, സാരിയല്ല സാരിയുമായി യുക്തിബന്ധമറ്റു പോയ ‘ആഖ്യാന‘ത്തിനാണ്. ഇവിടെ നിങ്ങൾ പണം മുടക്കുന്നത് വസ്ത്രധാരണം എന്ന ആവശ്യത്തിന്റെ രൂപത്തിന് വേണ്ടിയല്ല എന്നും ആഖ്യാനത്തിന് വേണ്ടിയാണ് എന്നും പറയുമ്പോൾ, പദാർത്ഥം അല്ലെങ്കിൽ ഗൾഫ് യുദ്ധം ഇല്ല എന്നും ‘ആഖ്യാനം ‘ മാത്രമാണ് ഉൺമ എന്നും പറയുന്നത്, നെയ്‌ത്തു സാരി ഉപയോഗിച്ച് പകൽക്കൊള്ള നടത്തേണ്ടി വരുമ്പോഴാണ്. ചിഹ്നം സ്വേച്ഛാപരമായ അർത്ഥങ്ങൾ നിർമ്മിക്കുന്നു എന്നും ഭൗതികപദാർത്ഥത്തിന്റെ ഗുണമോ സ്വഭാവമോ അളവോ അപ്രസക്തമാണ് എന്നു വാദിക്കുന്നിടത്തും ഭൗതിക പദാർത്ഥത്തെ മുൻനിർത്തിയുള്ള അതിശയോക്തിപരമായ ആഖ്യാനം ഉപയോഗിച്ച് ഭൗതികപദാർത്ഥത്തെ തന്നെ മായ്ച്ചു കളയുക; ഭൗതിക പദാർത്ഥം അല്ലെങ്കിൽ ഉൽപ്പന്നം എങ്ങനെ മനുഷ്യന്റെ സാമൂഹികമോ ഭൗതികവുമായ ആവശ്യത്തിന്റെ നിയമവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്ന വസ്തുതയെ അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. ഇത് മാർക്കറ്റ് എക്സ്പാൻഷനിസത്തിന്റെ (Market Expansionism) കാമ്പോള വികസനരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയാണ് എന്ന് വ്യക്തമാണ്.
പദാർത്ഥത്തിന്റെ ചരക്കുവൽക്കരണം എന്ന കാമ്പോളികധർമ്മത്തിന്റെ അതിക്രമമാണ് ആഖ്യാനത്തിന്റെ പരകോടിയിൽ പദാർത്ഥത്തിന്റെ അഭാവം സ്ഥാപിച്ചെടുക്കുന്ന കമ്മോഡിഫിക്കേഷൻ പ്രക്രിയയിൽ സംഭവിക്കുന്നത്.ചരക്കുവൽക്കരണം പദാർത്ഥശരീരത്തെ പിന്തള്ളിക്കൊണ്ട്, പ്രത്യയശാസ്ത്രത്തിന്റെ ചരക്കുവൽക്കരണമായി മാറുന്നു. ഗൾഫ് യുദ്ധത്തിന്റെ ആഖ്യാനമോ, ഒരു സൂര്യനെല്ലിസംഭവമോ, നൂറു വർഷക്കാലം മുൻപ് ആഖ്യാനം ചെയ്യപ്പെടുമ്പോൾ കർശനമായി പാലിക്കേണ്ടിയിരുന്ന വസ്തുനിഷ്ഠത, മാധ്യമസ്ഥാപനത്തിന് നഷ്ടപ്പെടുകയും വസ്തു അല്ലെങ്കിൽ ഒബ്ജക്റ്റ് (വസ്തു എന്നത് പദാർത്ഥശരീരത്തിനെ സ്ഥലകാലങ്ങളുമായി നിബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രക്രിയയാണ്) ഗൾഫ് യുദ്ധം അല്ലെങ്കിൽ സാരി അല്ലെങ്കിൽ വിസർജ്യപ്പുര ഇല്ല എന്നും ചിഹ്നമാണ്, ആഖ്യാനമാണ്, യാഥാർത്ഥ്യമാണ് എന്നും വാദിക്കുന്ന കാമ്പോളികമുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ കാലത്ത് വസ്തുവിനെയും വസ്തുനിഷ്ഠതയെയും കലക്കിക്കളയുന്ന മാധ്യമആഖ്യാനത്തെ പ്രതിയാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി കാണണം എന്ന വാദമാണ് ഉന്നയിക്കപ്പെടുന്നത്.

