രവിശങ്കർ എസ്. നായർ

Published: 10 February 2026 സംസ്കാരപഠനം

ഭാഷാപരിവാരത്തിന്റെ പ്രത്യയശാസ്ത്രം

അധികാരിവർഗങ്ങൾ ചരിത്രം തിരുത്തിയെഴുതുന്നതിനും തങ്ങളുടേതായ ചരിത്രം നിർമിക്കുന്നതിനും ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. സ്ഥലപ്പേരുകൾ മാറ്റുക, പാഠപുസ്തകങ്ങളുടെ ഉള്ളടക്കം തങ്ങളുടെ താല്പര്യമനുസരിച്ച് മാറ്റിയെഴുതുക, ചില പുസ്തകങ്ങൾ നിരോധിക്കുകയും മറ്റു ചിലവ നിർദേശിക്കുകയും ചെയ്യുക: തങ്ങൾക്കു സ്വീകാര്യമായ രീതിയിൽ ചരിത്രം ആഖ്യാനം ചെയ്യാനുള്ള അധികാരിവർഗങ്ങളുടെ ഇത്തരം ശ്രമങ്ങൾ എക്കാലത്തും നടന്നുകൊണ്ടിരിക്കുന്നു. തങ്ങൾ വിശ്വസിക്കുന്ന പ്രത്യശാസ്ത്രങ്ങളെയും ആഖ്യാനങ്ങളെയും ചരിത്രത്തിൽ കുടിയിരുത്തുന്നത് അധികാരം നിലനിർത്തുന്നതിന് അത്യാവശ്യമാണ് എന്ന ധാരണയാണ് അവരെ ഇതിലേക്കു നയിക്കുന്നത്. തങ്ങളിൽനിന്നു വ്യത്യസ്തമായത് എന്ന് അധികാരിവർഗങ്ങൾ കരുതുന്ന ഭാഷാപരമായ സ്വത്വങ്ങളെ വലിയ ഭീഷണിയായി അവർ കാണുന്നു; അവയെ നിയന്ത്രിക്കുന്നത് അധികാരിവർഗങ്ങളുടെ മുഖ്യ അജണ്ടയുടെ ഭാഗമായിത്തീർന്നത് ചരിത്രത്തിലേക്കു നോക്കിയാൽ കാണാവുന്നതേയുള്ളൂ. ബഹുഭാഷാ സമൂഹങ്ങൾക്കുമേൽ ഒരു ഭാഷ അടിച്ചേല്പിക്കുക, ഒരു പ്രത്യേക ലിപിശൈലി മാത്രം അംഗീകരിക്കുക എന്നിങ്ങനെയുള്ള ഇടപെടലുകൾ ലോകത്തിന്റെ പല ഭാഗത്തും സംഭവിച്ചിട്ടുണ്ട്. ഭാഷകളും ഭാഷാഭേദങ്ങളും ഒക്കെ പലപല കാരണങ്ങൾകൊണ്ട് അധികാരിവർഗങ്ങളുടെ അപ്രീതിക്കു പാത്രമാവുകയും, പിന്നിലേക്കു തള്ളപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ഭാഷകളുടെയും ബോധന ഭാഷകളുടെയും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ പ്രേരണകൾ പ്രവർത്തിക്കുന്നതും നമ്മുടെ അനുഭവത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഭാരത സർക്കാർ ഇപ്പോൾ നടത്തുന്ന ഒരു ഇടപെടൽ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്തതാണ്. ഇന്ത്യയിലെ ഭാഷകളുടെ ഭാഷാശാസ്ത്രപരമായ വർഗീകരണംതന്നെ തിരുത്തിയെഴുതാനാണ് അവർ ശ്രമിക്കുന്നത്. ഇന്തോ യൂറോപ്യൻ, ദ്രാവിഡം, ടിബറ്റോ ബർമൻ, ആസ്ട്രോ ഏഷ്യാറ്റിക് എന്നീ നാലു ഭാഷാ കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. (ഇതുകൂടാതെ ആൻഡമാൻ ദ്വീപുകളിൽ സംസാരിക്കപ്പെടുന്ന ആൻഡമാനീസ് ഭാഷാകുടുംബവും ഉണ്ട്.) ഈ ഭാഷാകുടുംബ വിഭജനം ഭാരതീയ ഭാഷകളുടെ സമാനതകളെയും സാംസ്കാരിക ഏകതയെയും ഉൾക്കൊള്ളുന്നില്ല എന്നും, ഭാരതീയ ഭാഷകളെ എല്ലാം ഒരു കുടുംബത്തിൽ (ഭാരതീയ ഭാഷാ പരിവാർ) ഉൾപ്പെടുത്തേണ്ടതാണ് എന്നുമുള്ള, ഭാഷാശാസ്ത്രപരമായി യാതൊരു അടിത്തറയുമില്ലാത്ത വാദഗതിയാണ് ഇപ്പോൾ മുന്നോട്ടു വയ്ക്കപ്പെടുന്നത്. ഭാരതീയ ഭാഷകളുടെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ രൂപീകരിച്ച ഭാരതീയ ഭാഷാ സമിതി എന്ന കമ്മിറ്റി തയ്യാറാക്കിയ “ഭാരതീയ ഭാഷാ പരിവാർ” എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകത്തിൽ ഈ വാദഗതി വിശദമായി ചർച്ച ചെയ്യപ്പെടുന്നു. ആവർത്തനപ്പട്ടികയിലെ ഹാലജനുകളെയും ആൽക്കലി മെറ്റലുകളെയും ഒരു വിഭാഗമാക്കി ഒന്നുചേർക്കണം എന്ന് ആവശ്യപ്പെട്ടാൽ രസതന്ത്രജ്ഞർക്ക് അനുഭവപ്പെടുന്ന അതേ അപഹാസ്യതയാണ് ഭാഷാശാസ്ത്രജ്ഞർക്ക് ഈ ആശയത്തോടു തോന്നുക. അങ്ങനെ നോക്കിയാൽ, ഏറ്റവും യുക്തിസഹമായ പ്രതികരണം ഇതിനെ അവഗണിക്കുക എന്നതാണ്. എന്നാൽ ഈ പുസ്തകം സൂക്ഷ്മമായി പരിശോധിച്ചാൽ അപകടകരമായ ചില പ്രത്യയശാസ്ത്ര ലക്ഷ്യങ്ങൾ അതിൽ മറഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയും. അതിനാൽത്തന്നെ ഇതിനെ നിസ്സാരമായി തള്ളിക്കളയാൺ കഴിയില്ല. അക്കാദമിക സമൂഹവും ഭാഷാശാസ്ത്രജ്ഞരും ഇതിനെതിരെ പ്രതികരിക്കേണ്ടതാണ്.

ഭാഷാശാസ്ത്ര പഠനങ്ങൾക്കുള്ള ഒരു പുതിയ ചട്ടക്കൂട് എന്ന വിശേഷണത്തോടെയാണ് ഭാരതീയ ഭാഷാസമിതി തയ്യാറാക്കി നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച രണ്ടു വാല്യങ്ങളുള്ള ഈ പുസ്തകം നമ്മുടെ മുന്നിലെത്തുന്നത്. നിലവിലുള്ള ഭാഷാകുടുംബ വർഗീകരണത്തിനെതിരെ അതിൽ ഉയർത്തുന്ന വാദഗതികളെ ഇങ്ങനെ സംഗ്രഹിക്കാം:

ഇന്തോയൂറോപ്യൻ, ദ്രാവിഡം എന്നിങ്ങനെയുള്ള ഭാഷാകുടുംബ വിഭജനം ജനങ്ങളെയും സമൂഹങ്ങളെയും വിഭജിക്കുന്നതും ഉപരിവർഗഭാഷ-കീഴാള വർഗഭാഷ, പുരാതന ഭാഷ- അധുനിക ഭാഷ, ശുദ്ധഭാഷ – സങ്കരഭാഷ, സ്വദേശഭാഷ- വിദേശ ഭാഷ, ഉത്കൃഷ്ട ഭാഷ-അപകൃഷ്ട ഭാഷ എന്നിങ്ങനെയുള്ള കൃത്രിമമായ തരംതിരിവുകൾ സൃഷ്ടിക്കുന്നതുമാണ്.
ഭാഷാകുടുംബ വിഭജനം വ്യത്യസ്തകളെ മാത്രം കണക്കിലെടുക്കുന്നതാണ്; ഭാരതീയ ഭാഷകളെല്ലാം പങ്കുവയ്ക്കുന്ന സാംസ്കാരികവും സാഹിത്യപരവും തത്വചിന്താപരവുമായ അനുഭവമണ്ഡലത്തെ അത് കണക്കിലെടുക്കുന്നില്ല.
യൂറോകേന്ദ്രിതവും ഭാരതത്തിനു ചേരാത്തതുമായ ഭാഷാകുടുംബ വിഭജനം യൂറോപ്യൻമാർ നമ്മുടെ പുറത്ത് അടിച്ചേല്പിക്കുകയായിരുന്നു. വൈദേശികമായ യുക്തിയിലൂടെയാണ് അത് ഭാരതീയ ഭാഷകളെ കണ്ടത്.
പാശ്ചാത്യ ഭാഷാപഠന രീതികൾ സ്വനഘടന, രൂപഘടന, വാക്യഘടന എന്നിവയെ മാത്രം ആധാരമാക്കിയുള്ളതാണ്. ഭാഷാസമൂഹങ്ങളിൽ അന്തർലീനമായ ഭവശാസ്ത്രപരവും (ontological) പ്രപഞ്ചശാസ്ത്രപരവുമായ (cosmological) ഉള്ളടക്കത്തെ അത് കണക്കിലെടുക്കുന്നില്ല.

രേഖീയവും ശാഖാവൃക്ഷ മാതൃകയിലുള്ളതുമായ (family tree model) ഭാഷാകുടുംബ വിഭജനം ഭാഷകൾ തമ്മിലുള്ള സമ്പർക്കത്തെയും പരസ്പരവിനിമയത്തെയും അവഗണിക്കുന്നു.

ഈ വിമർശനങ്ങൾ ഉന്നയിച്ച ശേഷം ഭാരതീയ ഭാഷാപരിവാർ എന്ന പുസ്തകം ഭാരതീയ ഭാഷകൾക്ക് പുതിയൊരു വർഗീകരണം നിർദേശിക്കുന്നുണ്ട്. ഭാരതീയ ഭാഷകളെയെല്ലാംതന്നെ ഭാരതീയ ഭാഷാപരിവാർ എന്ന കുടുംബത്തിലെ ഭാഷകളായി കണക്കാക്കണം എന്ന നിർദേശമാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷാശാസ്ത്രത്തിന്റെ പശ്ചാത്തലമില്ലാത്തവർക്ക് ഒരു പക്ഷേ ഇത് യുക്തിസഹമായ ഒരു നിർദേശമാണ് എന്നു തോന്നിയേക്കാം. ഭാഷാവർഗീകരണം എന്നതിന്റെ അടിസ്ഥാനം എന്താണ്? ഒരു കൂട്ടം ഭാഷകൾക്ക് ഘടനാപരമായ ചില സമാനതകൾ ഉള്ളതുകൊണ്ടാണ് അവയെ ഒരു കുടുംബത്തിൽ ഉൾപ്പെടുത്തുന്നത്. ഒരേ കുടംബത്തിൽ ഉൾപ്പെട്ടിരിക്കുമ്പോൾത്തന്നെ അതേ കുടുംബത്തിലെ മറ്റു ഭാഷകളിൽനിന്ന് ഓരോ ഭാഷയ്ക്കും വ്യത്യാസങ്ങളുമുണ്ട്. അവയാണ് ആ ഭാഷയുടെ തൻമയുടെ അടിസ്ഥാനം. പല ഭാഷകളെ ഒരു കുടുംബത്തിൽ ഉൾപ്പെടുത്തുന്നത് അവയുടെ സമാനതകൾ കാരണവും, ഭാഷാകുടുംബത്തിലെ അംഗഭാഷകളെ ഓരോന്നിനെയും വേർതിരിച്ചുകാണിക്കുന്നത് അവ തമ്മിലുള്ള വ്യത്യാസം കാരണവുമാണ്. ലളിതമായ ഒരു ഉദാഹരണം നോക്കാം. കേരളപാണിനി മലയാളത്തെ തമിഴിൽനിന്നു വേർതിരിക്കുന്ന ആറു വിശേഷതകൾ എടുത്തുകാണിച്ചിരിക്കുന്നു. കേരളപാണിനിയുടെ ആറു നയങ്ങൾ എന്നാണ് ഇവയെ വിളിക്കുന്നത്. തമിഴിലെ -ഐ രൂപങ്ങൾ മലയാളത്തിൽ -അ എന്നാകുന്നു (തലൈ-തല, മലൈ-മല), തമിഴിലെ ങ്ക മലയാളത്തിൽ ങ്ങ എന്നാകുന്നു (തേങ്കായ്- തേങ്ങ, മാങ്കായ്- മാങ്ങ) തമിഴിലെ പുരുഷപ്രത്യയങ്ങൾ മലയാളത്തിൽ ഇല്ലാതാകുന്നു (വന്നാൾ, വന്താൻ- വന്നു) എന്നിങ്ങനെയുള്ള വ്യത്യാസങ്ങളാണ് മലയാളത്തെയും തമിഴിനെയും വേർതിരിക്കുന്നത്. ഈ വ്യത്യാസങ്ങൾ ഇല്ലാതായാൽ മലയാളം എന്ന ഭാഷയ്ക്കു നിലനിൽപ്പില്ല; അത് തമിഴിന്റെ ഒരു ഭാഷാഭേദം മാത്രമായിത്തീരും. മലയാളവും തമിഴും ഘടനാപരമായി നിരവധി വിശേഷതകൾ പങ്കു വയ്ക്കുന്നതുകൊണ്ട് ഒരു കുടുംബത്തിലെ അംഗങ്ങളായിരിക്കുന്നു. അതേ സമയം ചില സുപ്രധാന വിശേഷതകളിൽ വ്യത്യസ്തമായിരിക്കുന്നതിനാൽ അവ രണ്ടു വ്യത്യസ്ത ഭാഷകളായിരിക്കുന്നു. ഇതാണ് ഭാഷാകുടുംബ വർഗീകരണത്തിന്റെ അടിസ്ഥാനം. ഭാരതീയ ഭാഷാപരിവാർ എന്ന രേഖയിൽ അവകാശപ്പെടുന്നതുപോലെ ഭാഷകളുടെ സാംസ്കാരികവും സാമൂഹികവുമായ സമാനതകളോ ഭാഷകൾ തമ്മിലുള്ള സമ്പർക്കങ്ങളോ ഒന്നും കുടുംബവർഗീകരണത്തിൽ പ്രസക്തമല്ല. ഘടനാപരമായ സമാനതകളും വ്യത്യസ്തകളും മാത്രമാണ് അതിന്റെ അടിസ്ഥാനം. ഈ രേഖ അവകാശപ്പെടുന്നതുപോലെ ഉപരിവർഗഭാഷ-കീഴാള വർഗഭാഷ, പുരാതന ഭാഷ- അധുനിക ഭാഷ, ശുദ്ധഭാഷ – സങ്കരഭാഷ, സ്വദേശഭാഷ- വിദേശ ഭാഷ, ഉത്കൃഷ്ട ഭാഷ-അപകൃഷ്ട ഭാഷ എന്നിങ്ങനെയുള്ള വിഭജനങ്ങൾ ഭാഷാവർഗീകരണത്തിന് പ്രസക്തമല്ല. അത്തരം സംജ്ഞകൾ ഭാഷകളോട് ചേർക്കപ്പെടുന്നു എന്നത് നിഷേധിക്കാനാവില്ല; എന്നാൽ അതൊന്നും ഭാഷാവർഗീകരണത്തിന്റെ ഫലമായുണ്ടായതല്ല. ഭാഷാവർഗീകരണം മാറ്റിമറിച്ചാൽ ഇത്തരം സാമൂഹിക സ്വത്വനിർമിതികൾക്കു മാറ്റമുണ്ടാകുന്നുമില്ല. ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഷ ഭാഷാഭേദമാണോ സ്വതന്ത്രഭാഷയാണോ, ഭാഷഭേദമാണെങ്കിൽ ഏതു ഭാഷയുടെ ഭാഷഭേദം തുടങ്ങിയ കാര്യങ്ങൾ വലിയ സാമൂഹിക പ്രശ്നങ്ങളായി പലയിടത്തും മാറിയിട്ടുണ്ട്. എന്നാൽ ഭാഷാകുടുംബ വർഗീകരണം എന്നത് പൊതുവെ ഭാഷാശാസ്ത്രജ്ഞർക്കു മാത്രം താല്പര്യമുള്ള ഒരു അക്കാദമിക ചോദ്യമാണ്. പൊതുജനത്തിന് ഇതെക്കുറിച്ച് അറിവോ താല്പര്യമോ സാധാരണ ഉണ്ടാകാറില്ല. ഹിന്ദിയും റഷ്യനും ഒരു കുടുംബത്തിൽ പെടുന്നു എന്ന പ്രസ്താവന സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. ഇതാണ് വാസ്തവമെന്നിരിക്കെ ഭാഷാകുടുംബ വർഗീകരണത്തെ മാറ്റിയെഴുതാൻ ഇന്ത്യയിലെ ഭരണവർഗം ശ്രമിക്കുന്നത് എന്തിനാണ്? ഇവിടെയാണ് ഭാരതീയ ഭാഷാപരിവാർ എന്ന പദ്ധതിയുടെ പ്രത്യയശാസ്ത്രപരമായ ലക്ഷ്യം വെളിവാകുന്നത്.

ഭാരതീയ ഭാഷകളെല്ലാം ഒരു കുടുംബമാണെന്ന് അവകാശപ്പെടുന്നതിന്റെ യഥാർഥകാരണം ഈ പുസ്തകത്തിലെ ചില പരാമർശങ്ങളിൽ മറഞ്ഞിരിക്കുന്നുണ്ട്. “Sanskrit has traditionally held the status of a mother language for most Indians, deeply interwoven with the cultural and linguistic expressions of the so-called Dravidian languages spoken in South India.” (പുറം 27). സംസ്കൃതത്തെ ആധാരമാക്കിയല്ലാതെ ഭാരതീയ ഭാഷകൾക്ക് അസ്തിത്വമില്ല അഥവാ ഉണ്ടാകാൻ പാടില്ല എന്ന സംഘപരിവാർ പ്രത്യയശാസ്ത്രമാണ് ഇവിടെ പ്രകടമാകുന്നത്. ഭാരതീയ ഭാഷകളുടെ പൊതുസംസ്കാരം എന്നും, ഭാഷാസമൂഹങ്ങളുടെ civilisational unity എന്നും ഈ രേഖ ആവർത്തിച്ചു പറയുന്നത് സംസ്കൃതത്തെക്കുറിച്ചാണ്. സംസ്കൃത ഭാഷയും സാഹിത്യവും ആധുനിക ഭാരതീയ ഭാഷകളുടെ വികാസത്തിൽ വലിയ പങ്കു വഹിച്ചുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവില്ല. എന്നാൽ ഏതു ഭാരതീയ ഭാഷയുടെയും അടിത്തറ സംസ്കൃതമാണെന്നു പറയുമ്പോൾ അത് നമ്മുടെ സംസ്കാരത്തിൽ അന്തർലീനമായ വൈവിധ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഭാരതീയ ഭാഷകൾക്ക് പൊതുവായ ശാസത്രസാങ്കേതിക പദാവലി ഉണ്ടായിരിക്കണമെന്നും അത് സംസ്കൃതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കണമെന്നും മറ്റൊരു നയവും ഭാരതീയ ഭാഷാസമിതി പ്രചരിപ്പിക്കുന്നുണ്ട്. ഇവ ചേർത്തു വായിച്ചാൽ, തങ്ങളുടെ പ്രത്യയശാസ്ത്ര നിലപാടുകൾ അടിച്ചേല്പിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ രേഖ എന്നത് വ്യക്തമാകും.

നിലവിലുള്ള ഭാഷാ വർഗീകരണ പദ്ധതിയെ divisive, Eurocentric, missionary classification, racialist historiography, externally derived categories, imported taxonomy, non-native logic എന്നെല്ലാം വിമർശിക്കുന്ന ഈ രേഖ, ഭാരതീയ ഭാഷകൾ ഒരു കുടുംബമാണ് എന്ന വാദത്തിന് ഉപോത്ബലകമായി മുന്നോട്ടു വയ്ക്കുന്നതും പാശ്ചാത്യമായ ഒരു സൈദ്ധാന്തിക ആശയമാണ്. Areal Linguistics ലെ ചില തിരിച്ചറിവുകൾ, അവയുടെ സാംഗത്യം മനസ്സിലാക്കാതെ തങ്ങളുടെ വാദഗതികളെ പറഞ്ഞുറപ്പിക്കാനായി ഈ രേഖയുടെ രചയിതാക്കൾ ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ത ഭാഷാകുടുംബങ്ങൾ നൂറ്റാണ്ടുകളായി ഒരു പ്രത്യേക പ്രദേശത്ത് ഇടപഴകുമ്പോൾ അവയ്ക്ക് പൊതുവായ ഭാഷാവിശേഷതകൾ ഉണ്ടാകുന്നു എന്ന് ഭാഷാശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് . അങ്ങനെ വ്യത്യസ്ത കുടുംബങ്ങൾ ഒരേ ഭാഷാവിശേഷതകൾ പങ്കുവയ്ക്കുന്ന മേഖലകളെ ‘Linguistic area’ (ഭാഷാക്ഷേത്രം) എന്നു വിളിക്കുന്നു. ഇന്ത്യ അത്തരമൊരു ഭാഷാക്ഷേത്രമാണ്. ഭാരതീയ ഭാഷകളുടെ പൊതു വിശേഷതകളെ എം.ബി. എമനോ, കോളിൻ പി. മസിക്ക തുടങ്ങിയ ഭാഷാശാസ്ത്രജ്ഞർ വിവരിക്കുന്നുണ്ട്. ഭാരതീയ ഭാഷകൾ ജനിതകപരമായി ഒരു കുടുംബത്തിൽ ഉൾപ്പെടുന്നു എന്നു സ്ഥാപിക്കാനായി ഈ തെളിവുകളാണ് ഭാരതീയ ഭാഷാസമിതി നിരത്തുന്നത്. അങ്ങേയറ്റം അശാസ്ത്രീയവും, അടിസ്ഥാനരഹിതവുമായ ഈ വാദത്തെ അക്കാദമിക വാദമായി ഉയർത്തിക്കാട്ടുന്നതിനായി ഭാഷാചരിത്ര വിജ്ഞാനീയത്തിന്റെ രീതികളെയും പൂർവഭാഷകളുടെ പുനഃസൃഷ്ടി, താരതമ്യ പദ്ധതി എന്നീ പ്രയോഗപദ്ധതികളെയും കടന്നാക്രമിക്കുകയും ചെയ്യുന്നു ഈ പുസ്തകം. ഇവ എന്താണെന്നും അവയുടെ സാധ്യതകളും പരിമിതികളും എന്താണെന്നും അവ ഉപയോഗിക്കുന്നത് എന്തിനാണെന്നും മനസ്സിലാക്കാതെയാണ് ഭാരതീയ ഭാഷാസമിതിക്കാർ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സാർവദേശീയ ഭാഷാശാസ്ത്ര സമൂഹത്തിനു മുൻപിൽ ഇന്ത്യയെയും ഇന്ത്യയുടെ അക്കാദമിക സമൂഹത്തെയും നാണംകെടുത്തുക എന്നതായിരിക്കും ഈ രേഖ ആത്യന്തികമായി നിർവഹിക്കുന്ന ദൗത്യം.

സംസ്കൃതം ഇന്ത്യയിൽ ഉടലെടുത്തതാണ് എന്നും, സംസ്കൃതത്തിന് 5000 ബി.സി യ്ക്കു പുറകിലേക്കുള്ള പഴക്കം ഉണ്ടെന്നും, മറ്റ് യൂറോപ്യൻ ഭാഷകളുമായി സംസ്കൃതത്തിനുള്ള സമാനതകൾ ജനിതകബന്ധമല്ല സൂചിപ്പിക്കുന്നത്, മറിച്ച് സംസ്കൃത സമ്പർക്കംകൊണ്ടുണ്ടായ സമാനതകളാണ് അവ എന്നുമൊക്കെ ഭാരതീയ ഭാഷാസമിതിക്കാർ വാദിക്കുന്നു. ഇന്ത്യയിൽ രൂപമെടുത്ത് യൂറോപ്പിലേക്കു വ്യാപിച്ച ഒരു സമൂഹത്തിന്റെ വിവിധ ശാഖകളിൽ നിന്നാണ് ഇന്തോയൂറോപ്യൻ ഭാഷകൾ ഉണ്ടായത് എന്നു നിരീക്ഷിക്കുന്ന Out of India Theory എന്ന വീക്ഷണത്തിലെ ചില വാദഗതികളാണ് ഇതെല്ലാം. ഭാഷാശാസ്ത്രപരമായി അങ്ങേയറ്റം ദുർബലമായ ഒരു ‘സിദ്ധാന്തം’ ആണ് Out of India Theory. ഇതെല്ലാം ഇപ്പോൾ പുതിയൊരു ഭാഷാനയത്തിന്റെ ഭാഗമായി മാറുന്നത്, ഭാരതീയ സമൂഹത്തിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഒരു കപടദേശീയത സൃഷ്ടിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാലാണ്. ദ്രാവിഡം എന്ന പേരിനോടും, ദ്രാവിഡ ഭാഷാ കുടുംബത്തിന് ഭാഷാശാസ്ത്രപരമായ അസ്തിത്വം നൽകിയ ബിഷപ് കാൾഡ്വെലിനോടും, മിഷനറിമാരോട് പൊതുവെയും ഈ രേഖ പുലർത്തുന്ന ശത്രുതാമനോഭാവം ശ്രദ്ധേയമാണ്. യൂറോപ്യനായതിനാലും മിഷനറിയായതിനാലും ഗൂഢലക്ഷ്യങ്ങളോടെ ഭാരതീയരെ വിഭജിക്കാനും ആര്യൻമാരെക്കാളും അപകൃഷ്ട വിഭാഗമായി തെക്കെ ഇന്ത്യക്കാരെ നിർവചിക്കാനുമായിട്ടാണ് കാൾഡ്വെൽ ദ്രാവിഡം എന്ന ഭാഷാകുടുംബത്തിനു രൂപം നൽകിയത് എന്നാണ് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ തൻമയെ തങ്ങളുടെ കണ്ണിലെ കരടായി ഈ രേഖ തയ്യാറാക്കിയവർ കാണുന്നു എന്നത് നിസ്സംശയമാണ്. നാനാത്വത്തിൽ ഏകത്വമാണ് ഭാരത സംസ്കാരത്തിന്റെ അടിത്തറ എന്നു പറഞ്ഞുകൊണ്ടാണ് ഈ രേഖ ആരംഭിക്കുന്നതെങ്കിലും ഒരു ഭാഷാകുടുംബത്തിൽ ഉൾപ്പെടാത്തവർക്ക് ഏകത്വം സാധ്യമല്ല എന്ന വിചിത്രമായ ആശയമാണ് ഭാരതീയ ഭാഷാ പരിവാർ മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യയിലെ വർണ വ്യവസ്ഥ ജൻമത്തെ ആശ്രിയിച്ചുള്ളതല്ല, തൊഴിലിനെ ആശ്രയിച്ചുള്ളതാണെന്നും, വ്യക്തികൾ ധർമം പാലിക്കുക എന്ന് ഉറപ്പുവരുത്തുന്നത് മാത്രമാണ് അതിന്റെ ലക്ഷ്യമെന്നുമൊക്കെയുള്ള പരാമർശങ്ങൾ ഇതിൽ കാണാം. ഭാഷാനയം ഒരു തുടക്കം മാത്രമാണ്, മറ്റു പലതും മൂശയിലാണ് എന്നുമല്ലേ ഇതിൽനിന്നു മനസ്സിലാക്കേണ്ടത്?

രവിശങ്കർ എസ്. നായർ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x