ഐറിസ്

Published: 10 February 2026 വിവര്‍ത്തനകവിത

ഒരു ബോംബിന്റെ വലിപ്പം

യഹൂദ അമിഖായ്

വിവ: ഐറിസ്

ഒരു ബോംബിന്റെ വലിപ്പം മുപ്പത് സെന്റീമീറ്റർ
തകർത്തുതരിപ്പണമാക്കാവുന്ന അതിന്റെ ഉന്നം ഏഴ് മീറ്റർ , അത് നാല് പേരുടെ ഉയിരെടുത്തു പതിനൊന്നുപേരുടെ ഉടലുകൾ തകർക്കുകയും ചെയ്തു .

അളന്നുകുറിച്ച വളയത്തിനുമപ്പുറം , നോവുകളുടെയും സമയത്തിന്റെയും വലിയൊരു ചുറ്റിനുള്ളിൽ,
രണ്ട് ആശുപത്രികൾ തകർന്നമർന്നു ഒരു ശവപ്പറമ്പും.

എന്നാലും നൂറ് കിലോമീറ്റർ അകലെയുള്ള സ്വന്തം നഗരത്തിൽ മറവുചെയ്യപ്പെട്ട ഒരുവൾ ആ ചുറ്റളവിന്റെ വലിപ്പം വളരെ വലുതാക്കി

കടലുകൾക്കപ്പുറത്തൊരു നാട്ടിൽ കാതങ്ങൾ അകലെയുള്ള ഏതോതീരത്തിരുന്ന് അവളെയോർത്ത് കണ്ണീരൊഴുക്കുന്ന ഒറ്റയ്ക്കായിപ്പോയ ഒരുവൻ
ഈ ലോകത്തെ മുഴുവൻ ആ വളയത്തിലേക്കാഴ്ത്തി.

തോരാതെ കരയുന്ന അനാഥരുടെ ഒച്ച അങ്ങ് ദൈവത്തിന്റെയടുത്തും അതിനപ്പുറവും ഇരച്ചെത്തിയതിന്റെ ദൂരമെത്രയെന്ന് ഞാൻ തിട്ടപ്പെടുത്തിയിട്ടില്ല .
അതുംകൂടി കൂട്ടിയാലുള്ള വട്ടവലിപ്പത്തിന് അതിരുമില്ല ദൈവവുമില്ല

[ഹീബ്രു വാമൊഴി പാരമ്പര്യം ആദ്യമായി കവിതകളിലെത്തിച്ച ആധുനിക കവിയായ യഹൂദ അമിഖായ് (1924-2000) രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഹീബ്രു ഭാഷയും സാഹിത്യവും സവിശേഷമായി പഠിച്ച് അധ്യാപകവൃത്തിയിലേർപ്പെട്ടു . പിറവികൊണ്ട് ജർമൻ യഹൂദ പൗരനായിരുന്ന അമിഖായ് , “ഞാൻ മരിച്ചവർക്കായി ജീവിക്കുന്നു ” എന്ന് സ്വയം വിശേഷിപ്പിച്ചു .
മാനവികതയെ തകർക്കുന്ന യുദ്ധത്തെ അപലപിച്ചുകൊണ്ട് പ്രണയത്തിനും ഏകാന്തതയ്ക്കുമിടയിൽ വിശ്വാസത്തിന്റെ സന്ദിഗ്ധാവസ്ഥയിൽ സ്വത്വപ്രതിസന്ധി നേരിട്ട എഴുത്തുകാരനായി.
ദാവീദ് രാജാവിന്റെ രചനകൾ കഴിഞ്ഞാൽ ലോകത്ത് 40 ഭാഷയിലായി ഏറ്റവുമധികം വിവർത്തിതനായ ജനകീയനായ ഹീബ്രുകവി തന്റെ പേര് തെരഞ്ഞെടുത്തത് “എന്റെ ജനം” എന്ന് അർത്ഥമുള്ള ഹീബ്രു പദത്തിലൂടെയാണ് .

കവിതകൾ , യാഥാർഥ്യങ്ങളോടുള്ള മനുഷ്യപ്രതികരണങ്ങളാണെന്നും അതിനാൽത്തന്നെ, ചരിത്രനിർമിതിയിൽ, കവിതകൾ രാഷ്ട്രീയമായി സജീവമാകുന്നുവെന്നും വിശ്വസിച്ചു .

അദ്ദേഹത്തിന്റെ പ്രശസ്തമായ ‘യുദ്ധത്തിൽ മരിച്ചവർക്കായുള്ള ഓർമദിനം ‘ എന്ന കവിതയിലെ ഒരു ഭാഗം ഇങ്ങനെ മൊഴിമാറ്റി വായിക്കാം :
“നിലാമുല്ല വിരിഞ്ഞുതിരുന്ന മരച്ചോട്ടിൽ
രാവുനീളെ
പെരുമ പേറും വിശ്വസ്തനായ ഒരു കാവൽനായ മരിച്ചുകൊണ്ടിരിക്കുകയാണ്
ഇമചിമ്മാതെ ലോകത്തെ
തുറിച്ചുനോക്കിക്കൊണ്ട് “]

ഐറിസ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x