എഛ്.കെ.സന്തോഷ്

Published: 10 February 2026 ഗവേഷണ പംക്തി

ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകള്‍..

നിഘണ്ടുവിജ്ഞാനീയത്തിന്റെ പുതിയ കാലങ്ങള്‍

സൈറ്റേഷന്‍സ് മൂന്ന്

നമ്മള്‍ മരിക്കുന്നു. അതാവാം ജീവിതത്തിന്റെ അര്‍ത്ഥം. പക്ഷേ നമ്മള്‍ ഭാഷ നിര്‍മ്മിക്കുന്നു. അതായിരിക്കാം നമ്മുടെ ജീവിതത്തിന്റെ ആക്കത്തൂക്കം.

എനിക്കിപ്പോള്‍ ഉള്ള ഒരേയൊരു അറിവ്, എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ്. ഇനി ഭാഷയുടെ ഭാവി നിങ്ങളുടേതാണ്.
= ടോണി മോറിസണ്‍

നാലക്ഷര വാക്ക് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ചരിത്രത്തിലെ ഒരു പ്രധാന വിവാദമായിരുന്നു. ലൈംഗികതയുമായോ വിസര്‍ജ്ജനവുമായോ ബന്ധപ്പെട്ട, അശ്ലീലമെന്നോ നിഷിദ്ധമെന്നോ കരുതപ്പെടുന്ന കുഞ്ഞ് ഇംഗ്ലീഷ് വാക്കുകളെയാണ് ഫോര്‍ ലെറ്റര്‍ വേഡ്‌സ് എന്ന് വിളിച്ചിരുന്നത്. സംസ്‌കാരത്തിന്റെ അധോലോകവിനിമയങ്ങളില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വക വ്യവഹാരങ്ങളൊയൊക്കെ ചെറുതെന്നും ക്ഷുദ്രമെന്നുമാണ് വിളിച്ചുപോന്നത്. നമ്മുടെ മഞ്ഞ പ്രസിദ്ധീകരണങ്ങള്‍ക്ക് കൊച്ചുപുസ്തകങ്ങളെന്നായിരുന്നല്ലോ വിളിപ്പേര്.

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി എഡിറ്ററായ റോബര്‍ട്ട് ബര്‍ച്ച്ഫീല്‍ഡ് ‘ പ്രശസ്തമായ രണ്ട് നാലക്ഷര വാക്കുകള്‍’ (‘two famous four-letter words’) എന്ന് വിശേഷിപ്പിച്ചത് ‘fuck’, ‘cunt’ എന്നിവയെയാണ്. കൂടുതല്‍ വര്‍ണങ്ങളുള്ള Bugger’ തുടങ്ങിയ വാക്കുകളും ഈ ഗണത്തില്‍ത്തന്നെ വരുന്നതാണ്. വിക്‌റ്റോറിയന്‍ സദാചാരത്തിന്റെ ഈറ്റില്ലത്തില്‍ പിറന്ന ഓ. ഇ. ഡിക്ക് മൂത്രപ്പുരവാക്കുകളൊക്കെ ഈ വെണ്മാടത്തില്‍ കൊണ്ടുവെക്കുന്നത് ചിന്തിക്കാന്‍പോലും വയ്യാത്ത കാര്യമായിരുന്നു. 1972-ല്‍ സപ്ലിമെന്റ് എഡിറ്ററായ റോബര്‍ട്ട് ബര്‍ച്ച്ഫീല്‍ഡ് (Robert Burchfield) ആണ് ഈ നയം മാറ്റിയത്. ‘cunt’, ‘fuck’ തുടങ്ങിയ ‘നാലക്ഷര വാക്കുകള്‍’ സപ്ലിമെന്റില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഓക്‌സ്‌ഫോര്‍ഡിന്റെയും ഇംഗ്ലീഷിന്റെയും ചരിത്രത്തിലെ ഒരു സംഭവമായിരുന്നു ഈ ഉള്‍ക്കൊള്ളല്‍. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ സപ്ലിമെന്റില്‍ ‘fuck’ എന്ന വാക്കിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ നല്‍കിയിരിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്ന് 1928-ലെ ലേഡി ചാറ്റര്‍ലീസ് ലവര്‍ പതിപ്പില്‍ നിന്നുള്ളതാണ് എന്നത് ശ്രദ്ധേയമാണ്.

എന്നാലിത് ഓ. ഇ.ഡിയ്ക്കകത്ത് സംഭവിച്ച എന്തെങ്കിലും നയമാറ്റത്തിന്റെയോ നിഘണ്ടുവിനെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടിന്റെയോ ഫലമായിരുന്നില്ല. നിഘണ്ടുവില്‍ വാക്കുകള്‍ കയറിപ്പറ്റുന്നതും വെളിക്കാക്കപ്പെടുന്നതുമൊക്കെ ഭാഷയെ സംബന്ധിച്ചതും അല്ലാത്തതുമായ പല മൂല്യസങ്കല്പങ്ങളുടെയും സാമൂഹിക ബലതന്ത്രങ്ങളുടെയും പ്രതിഫലനമാണ്.

യൂറോപ്യന്‍ സദാചാരത്തെയും അരിസ്റ്റോക്രസിയെയും അടിമുടിയുലച്ച നോവലായിരുന്നു ഡി.എച്ച്. ലോറന്‍സിന്റെ ലേഡി ചാറ്റര്‍ലീസ് ലവര്‍ 1960-ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് (Penguin Books) ലേഡി ചാറ്റര്‍ലീസ് ലവര്‍ (Lady Chatterley’s Lover) എന്ന നോവലിന്റെ പേപ്പര്‍ബാക്ക് പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അതിന്റെ ഹാര്‍ഡ്ബാക്ക് (hardback) പതിപ്പ് നിലവിലുണ്ടായിരുന്നു നോവലിന്റെ ഒറിജിനല്‍ ഹാര്‍ഡ്ബാക്ക് പതിപ്പ് 1928-ല്‍ പുറത്തിറങ്ങിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ സപ്ലിമെന്റില്‍ ചേര്‍ത്തിട്ടുള്ള ഉദാഹരണങ്ങളില്‍ 1928-ലെ പതിപ്പില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണാം എന്നാല്‍ ഇതിന്റെ പേപ്പര്‍ബാക്ക് പതിപ്പ് ഇറക്കിയപ്പോഴാണ് വലിയ നിയമപ്രശ്‌നമായത്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന രീതിയില്‍ ഈ പുസ്തകം ലഭ്യമായതാണ് കാരണം. പുസ്തകം മൂലധനമാക്കിയെ ന്യൂനപക്ഷം പ്രഭുസമൂഹത്തില്‍നിന്ന് ജനസാമാന്യത്തിലേക്ക് ഇത് പരന്നപ്പോള്‍ ഉപരിവര്‍ഗത്തിന്റെ ആഭിജാത്യത്തിനു മുറിവേറ്റു. ലൈംഗികതയുടെയും ‘അശ്ലീല പദങ്ങളുടെയും’ സാന്നിധ്യം ഹേതുവായി നോവല്‍ അശ്ലീലമാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പെന്‍ഗ്വിന്‍ ബുക്‌സിനെതിരെ കേസെടുത്തു. എന്നാല്‍ കോടതി വിധി പ്രസാധകര്‍ക്ക് അനുകൂലമായിരുന്നു. സാഹിത്യ മൂല്യമുള്ള കൃതിയില്‍ അശ്ലീല പദങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന കോടതി വിധി ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

ഈ വിധിയാണ് നിഘണ്ടുവില്‍നിന്നു പുറത്തു നിര്‍ത്തപ്പെട്ട സഭ്യേതര പദങ്ങളെക്കൂടി ശീര്‍ഷകപദവിയിലേക്ക് പുണ്യവാളപ്പെടുത്താന്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു എഡിറ്റോറിയല്‍ ബോര്‍ഡിനു ധൈര്യം പകര്‍ന്നത്. സപ്ലിമെന്റ് എഡിറ്ററായ റോബര്‍ട്ട് ബര്‍ച്ച്ഫീല്‍ഡ് ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്താന്‍ ആദ്യം മടിച്ചു. പരമ്പരാഗതമായി നിഘണ്ടു പാലിച്ചുപോന്ന ‘മാന്യത’ നിലനിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ കൂടിയാലോചനകള്‍ക്കൊടുവില്‍ ഈ പദങ്ങളൊക്കെ സ്വീകരിക്കപ്പെട്ടു. ഉദാഹരണങ്ങളൊക്കെ സാഹിത്യകൃതിയില്‍നിന്നായിരുന്നു താനും. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിന്റെ തുടക്കത്തില്‍നിന്ന് പിന്നെയും കഷ്ടി ഒരു നൂറ്റാണ്ടെടുത്തു മാനകേതരമെന്ന് മാറ്റിനിര്‍ത്തപ്പെട്ട വാക്കുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍.

ആധികാരിക ലിഖിതരൂപങ്ങളെ മാത്രം പ്രമാണമാക്കിയിരുന്ന തെരഞ്ഞെടുത്തതും ഇതേ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവാണ് അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഭാഷയിലും പെടാത്ത എന്നാല്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്ന അച്ചടിമഷി പുരളാത്ത, ആധികാരികരേഖകളിലൊന്നും കാണാത്ത ചിരിച്ചുമരിക്കുന്ന ഒരു ഇമോജിയെ- ‘Face with Tears of Joy’ 2015 ല്‍ ആ വര്‍ഷത്തെ പദമായി തെരഞ്ഞെടുത്തത് എന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം. ഭാഷയെക്കുറിച്ചും നിഘണ്ടുവിനെക്കുറിച്ചുമുള്ള മാറിയ സങ്കല്പനങ്ങള്‍ക്കനുസരിച്ച് നിഘണ്ടുസങ്കല്പവും മാറി എന്നതാണ് കാര്യം. നിഘണ്ടുവിന്റെ അധികാരം ഭാഷണസമൂഹം ഏറ്റെടുത്തു. നിഘണ്ടു ഓരോ ഉപയോക്താബിനുമനുസരിച്ച് സ്വയം വഴങ്ങുന്ന ഒന്നായി. അതിന്റെ ഏകശിലാത്മകമായ അച്ചടിജന്മം അവസാനിച്ചു. വ്യവഹാരങ്ങള്‍ക്ക് പിന്‍ബലമായുള്ള ഒരു ഡാറ്റാസെറ്റായി നിഘണ്ടു മാറി. ഒരു വാക്കിനുമേല്‍ ഒന്നമര്‍ത്തുമ്പോള്‍ അതിന്റെ പദകോശപാഠം പൊങ്ങിവന്നു.

അമ്പതുകൊല്ലം കൊണ്ട് നിഘണ്ടുവിജ്ഞാനീയത്തിനു സംഭവിച്ച മാറ്റത്തിന്റെ വഴിയാടളങ്ങളോരോന്നും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ ചരിത്രത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. 1857-ല്‍ ലണ്ടനിലെ ഫിലോളജിക്കല്‍ സൊസൈറ്റി പാസാക്കിയ ഒരു പ്രമേയത്തില്‍ നിന്നാണ് ഈ നിഘണ്ടുവിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നത്തെ വെസ്റ്റ്മിന്‍സ്റ്റര്‍ ഡീനും പിന്നീട് ഡബ്ലിനിലെ ആര്‍ച്ച് ബിഷപ്പുമായിത്തീര്‍ന്ന ഡോ. റിച്ചാര്‍ഡ് ചെവിനിക്‌സ് ട്രെഞ്ച് (Richard Chenevix Trench) ആണ് ഇതിന് നിര്‍ദ്ദേശം നല്‍കിയത്. നിലവിലുള്ള ഇംഗ്ലീഷ് നിഘണ്ടുക്കള്‍ക്ക് വലിയ പോരായ്മകളുണ്ടെന്നും, ഭാഷയുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്ന പുതിയൊരു നിഘണ്ടു ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ഭാഷയിലെ എല്ലാ വാക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു ‘ഇന്‍വെന്ററി’ ആയിരിക്കണം ഇതെന്നും, നിഘണ്ടു നിര്‍മ്മാതാവ് ഒരു ചരിത്രകാരനെപ്പോലെ ആയിരിക്കണമെന്നും ട്രെഞ്ച് അഭിപ്രായപ്പെട്ടു. പൊതുജനപങ്കാളിത്തത്തോടെയാണ് ദത്തശേഖരണം നടന്നത്. പുസ്തകങ്ങളില്‍ നിന്ന് വാക്കുകളുടെ ഉപയോഗം വ്യക്തമാക്കുന്ന ഉദ്ധരണികള്‍ പകര്‍ത്തിയെഴുതി അയച്ചുതരാന്‍ സൊസൈറ്റി വായനക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ ലഭിച്ച ദശലക്ഷക്കണക്കിന് സൈറ്റേഷന്‍ സ്ലിപ്പുകളില്‍നിന്നാണ് നിഘണ്ടു രൂപപ്പെടുത്തിയത്. ഓരോ വാക്കിന്റെയും അര്‍ത്ഥവും ഉത്ഭവവും ചരിത്രവും ഈ ഉദ്ധരണികളിലൂടെ കണ്ടെത്തുക എന്നതായിരുന്നു രീതി.

1884 ജനുവരിയിലാണ് നിഘണ്ടുവിന്റെ ആദ്യ ഭാഗം -A മുതല്‍ Ant വരെ, പുറത്തിറങ്ങിയത്. പിന്നീട് പല ഭാഗങ്ങളായി പ്രസിദ്ധീകരിച്ച്, 1928-ലാണ് ഇതിന്റെ അവസാന ഭാഗം പുറത്തിറങ്ങിയത് 1933-ല്‍ 12 വാല്യങ്ങളിലായി ഇത് പുനഃപ്രസിദ്ധീകരിച്ചു. അപ്പോഴാണ് ‘ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി’ (OED) എന്ന പേര് ഔദ്യോഗികമായി നല്‍കപ്പെട്ടത്. 1933-ല്‍ ഇതിന് ഒരു സപ്ലിമെന്റ് പുറത്തിറങ്ങിയിരുന്നു. 1972-നും 1986-നും ഇടയില്‍ റോബര്‍ട്ട് ബര്‍ച്ച്ഫീല്‍ഡിന്റെ (Robert Burchfield) നേതൃത്വത്തില്‍ നാല് വാല്യങ്ങളുള്ള പുതിയ സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു. 1980-കളില്‍ ‘ന്യൂ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി പ്രോജക്ട്’ ആരംഭിച്ചു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ പതിപ്പും സപ്ലിമെന്റുകളും സംയോജിപ്പിച്ച് 1989-ല്‍ 20 വാല്യങ്ങളുള്ള രണ്ടാം പതിപ്പ് പുറത്തിറക്കി. 5,000 പുതിയ വാക്കുകള്‍ കൂടി നിഘണ്ടുവില്‍ ഈ ഘട്ടത്തില്‍ കൂട്ടിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

രണ്ടാം പതിപ്പിന് ശേഷം OED ഒരു പുസ്തകം എന്നതിലുപരി ഒരു ഇലക്ട്രോണിക് ഡാറ്റാബേസ് ആയി മാറി. സിഡി-റോം രൂപത്തിലും, ഓണ്‍ലൈന്‍ ഡാറ്റാബേസായും ഒ ഇ ഡീ രൂപം മാറി. വിവരങ്ങള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിപ്പോള്‍ OEDയില്‍ നടക്കുന്നത്. ബ്രിട്ടീഷ് നാഷണല്‍ കോര്‍പ്പസ് (BNC)പോലുള്ള വന്‍കിട കമ്പ്യൂട്ടര്‍ ശൃംഖലകള്‍ ഉപയോഗിച്ച് സംസാരഭാഷയിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലും ഇപ്പോള്‍ നിഘണ്ടു നിര്‍മ്മാണത്തില്‍ കൂട്ടിചേര്‍ക്കപ്പെടുന്നു. പത്ത് കോടിയോളം വാക്കുകളാണ് ഈ ഭീമന്‍ ഡാറ്റാബേസിലുള്ളത്. (https://www.english-corpora.org/bnc/)
ജോണ്‍ വില്ലിന്‍സ്‌കി രചിച്ച ‘Empire of Words: The Reign of the OED’ എന്ന പുസ്തകം ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ചരിത്രവും അതിലെ ഉദ്ധരണികള്‍ (citations) തിരഞ്ഞെടുക്കുന്നതിലെ രാഷ്ട്രീയവും വിശകലനം ചെയ്യുന്ന മികച്ച ഒരു പഠനമാണ്. ( Willinsky, John. Empire of Words: The Reign of the OED. Princeton University Press, 1994.) 1994-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രസ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വിക്ടോറിയന്‍ കാലഘട്ടത്തിലെ സാമ്രാജ്യത്വ മോഹങ്ങളുടെയും മധ്യവര്‍ഗ്ഗത്തിന്റെ ഉദയത്തിന്റെയും പശ്ചാത്തലത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിന്റെ പിറവിയെ അദ്ദേഹം പരിശോധിക്കുന്നത്. OED-യിലെ നിര്‍വചനങ്ങള്‍ക്ക് ആധാരമായി നല്‍കിയിട്ടുള്ള ഉദ്ധരണികള്‍ എങ്ങനെയാണ് തിരഞ്ഞെടുത്തത് എന്നാണ് വില്ലിന്‍സ്‌കി പ്രധാനമായും അന്വേഷിക്കുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തിലെ പ്രബല താല്‍പ്പര്യങ്ങള്‍, സാമ്രാജ്യത്വ മനോഭാവം, സാഹിത്യം എന്നിവ നിഘണ്ടു നിര്‍മ്മാണത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഷേക്‌സ്പിയറിനും , ബൈബിളിനും മറ്റ് സാഹിത്യകൃതികള്‍ക്കും അമിത പ്രാധാന്യം നല്‍കിയപ്പോള്‍, സ്ത്രീകളുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും എഴുത്തുകള്‍ എങ്ങനെ തഴയപ്പെട്ടു എന്ന് പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഭാഷയുടെ ചരിത്രം നിര്‍മ്മിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നിര്‍ണായകമായി എന്ന് വില്ലിന്‍സ്‌കി ചൂണ്ടിക്കാണിക്കുന്നു.

1830-കളില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് വേണ്ടി നിലകൊണ്ടിരുന്ന പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വലിയ പ്രചാരമുണ്ടായിരുന്നു. ദി പുവര്‍ മാന്‍സ് ഗാര്‍ഡിയന്‍), ദി നോര്‍ത്തേണ്‍ സ്റ്റാര്‍) തുടങ്ങിയ പത്രങ്ങള്‍ യാഥാസ്ഥിതിക പത്രങ്ങളേക്കാള്‍ പത്തിരട്ടി കോപ്പികള്‍ വിറ്റഴിച്ചിരുന്നു. എന്നിട്ടും, OED-യുടെ ആദ്യ പതിപ്പില്‍ പുവര്‍ മാന്‍സ് ഗാര്‍ഡിയനില്‍നിന്ന് വെറും ഏഴ് ഉദ്ധരണികള്‍ മാത്രമാണ് നല്‍കിയത്. ബ്ലാക്ക് ഡ്വാര്‍ഫ് എന്ന പ്രസിദ്ധീകരണത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. തൊഴിലാളി വര്‍ഗ്ഗ കവികളുടെ രചനകള്‍ നിഘണ്ടു നിര്‍മ്മാതാക്കള്‍ പരിഗണിച്ചില്ല. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ കമ്മീഷനുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ അവരുടെ ഭാഷയും അനുഭവങ്ങളും രേഖപ്പെടുത്തിയിരുന്നു. പക്ഷെ നിഘണ്ടു നിര്‍മ്മാതാക്കള്‍ ചാള്‍സ് ഡിക്കന്‍സിനെപ്പോലുള്ള മധ്യവര്‍ഗ്ഗ നോവലിസ്റ്റുകള്‍ തൊഴിലാളികളെക്കുറിച്ച് എഴുതിയതാണ് ‘അധികാരിക’ രേഖയായി കണക്കാക്കിയത്. അതുപോലെ നിഘണ്ടുവിന്റെ നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ വായനക്കാരായും വോളന്റിയര്‍മാരായും വലിയ പങ്ക് വഹിച്ചിരുന്നുവെങ്കിലും, ഭാഷയുടെ ‘അധികാരികളായി’ അവരെ പരിഗണിച്ചിരുന്നില്ല. . പതിനെട്ടാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ സാഹിത്യരംഗത്ത് സജീവമായിരുന്നിട്ടും അവരുടെ രചനകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ല എന്നും വില്ലന്‍സ്‌കി പറയുന്നു. Woman എന്ന വാക്കിന് പോലും നല്‍കിയ ഉദ്ധരണികള്‍ പലതും സ്ത്രീവിരുദ്ധമായിരുന്നു. പോപ്പിന്റെ Every Woman is at heart a Rake എന്ന വരിയും, ബൈറന്റെ I hate a dumpy woman എന്ന വരിയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. Home-maker എന്ന പദം വിശദീകരിക്കുമ്പോള്‍ ഗൃഹപരിപാലനം സ്ത്രീയുടെ പ്രഥമമായ കടമയാണെന്ന പരാമര്‍ശവും കാണാം.

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ചരിത്രം കേവലം ഒരു പുസ്തകത്തിന്റെ ചരിത്രം മാത്രമല്ല, മറിച്ച് നിഘണ്ടുവിജ്ഞാനീയം (Lexicography) എന്ന വിജ്ഞാനശാഖയ്ക്ക് വന്ന മാറ്റങ്ങളുടെ ചരിത്രം കൂടിയാണ്. OED-ക്ക് മുമ്പുണ്ടായിരുന്ന നിഘണ്ടുക്കള്‍, പ്രത്യേകിച്ച് സാമുവല്‍ ജോണ്‍സന്റെയും മറ്റും നിഘണ്ടു, ഭാഷയെ നിയന്ത്രിക്കാനും ‘നല്ല വാക്കുകള്‍’ മാത്രം തിരഞ്ഞെടുക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ 1857-ല്‍ റിച്ചാര്‍ഡ് ചെവിനിക്‌സ് ട്രെഞ്ച് ഫിലോളജിക്കല്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ച ആശയം മറ്റൊന്നായിരുന്നു. നിഘണ്ടു നിര്‍മ്മാതാവ് ഭാഷയുടെ ‘വിമര്‍ശകന്‍’ ആകരുത്, മറിച്ച് ‘ചരിത്രകാരന്‍’ ആയിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാഷയിലുള്ള എല്ലാ വാക്കുകളെയും ഉള്‍ക്കൊള്ളുന്ന ഒരു ‘ഇന്‍വെന്ററി’ (inventory) ആയിരിക്കണം നിഘണ്ടു എന്ന് ഉറപ്പിച്ചത് അദ്ദേഹമാണ്.അതോടെയാണ് നിഘണ്ടു ഭാഷയുടെ ഒരു ആര്‍ക്കൈവ് കൂടിയായത്. നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിക്കാതെ വാക്കുകളുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ആധുനിക നിഘണ്ടുവിജ്ഞാനീയത്തിന്റെ അടിസ്ഥാന തത്വം പ്രാബല്യത്തില്‍ വന്നത് ഒ ഇ ഡിയിലൂടെയാണ്. ഓരോ വാക്കിന്റെയും അര്‍ത്ഥം അതിന്റെ ഉത്ഭവം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പ്രയോഗത്തിലൂടെ കണ്ടെത്തുക എന്നതായിരുന്നു OED മുന്നോട്ടുവെച്ച വിപ്ലവകരമായ മാറ്റം. വാക്കുകളുടെ അര്‍ത്ഥം മുന്‍കൂട്ടി നിശ്ചയിക്കുന്നതിന് പകരം, കാലഘട്ടങ്ങളിലൂടെ ആ വാക്ക് എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന് ഉദ്ധരണികളിലൂടെ തെളിയിക്കുന്ന രീതിയാണ് അവര്‍ അവലംബിച്ചത്. ഓരോ വാക്കും ‘സ്വന്തം കഥ പറയണം’ എന്നായിരുന്നു നിശ്ചയിക്കപ്പെട്ടത്. വിക്ടോറിയന്‍ കാലഘട്ടത്തിലെ ശാസ്ത്രീയ ബോധം ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു നിര്‍മ്മാണത്തിലും പ്രതിഫലിച്ചു. ജെയിംസ് മുറെ നിഘണ്ടു നിര്‍മ്മാണത്തെ പ്രകൃതിശാസ്ത്രത്തിന് സമാനമായാണ് കണ്ടത്. വാക്കുകളെയും ഭാഷയെയും വസ്തുനിഷ്ഠമായി പഠിക്കാനും, ദശലക്ഷക്കണക്കിന് ഉദ്ധരണികള്‍ കൊണ്ട് തെളിവുകള്‍ നിര്‍മ്മിച്ച് അര്‍ത്ഥം സ്ഥാപിക്കാനും അദ്ദേഹം ശ്രമിച്ചു. നിഘണ്ടു നിര്‍മ്മാണത്തിലെ ഈ ‘ശാസ്ത്രീയ രീതി’ പില്‍ക്കാല നിഘണ്ടുക്കള്‍ക്ക് മാതൃകയായി. സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കുന്നതിലും മാതൃകയാവാന്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിനായി. കൈകൊണ്ട് എഴുതിയ സ്ലിപ്പുകളില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നിടത്ത് നിന്ന്, 1980-കളോടെ കമ്പ്യൂട്ടര്‍ ഡാറ്റാബേസുകളിലേക്കും ഇലക്ട്രോണിക് എഡിറ്റിംഗിലേക്കും OED മാറി. അസഭ്യപദങ്ങളും കീഴാള വ്യവഹാരങ്ങളും നിഘണ്ടുവിലേക്ക് സന്നിവേശിപ്പിക്കുന്നതിനും തുടക്കമിട്ടത് അവരാണ്.

1755-ല്‍ ആദ്യ പ്രധാന ഇംഗ്ലീഷ് നിഘണ്ടു നിര്‍മ്മിച്ച ജോണ്‍സണ്‍, ഭാഷയുടെ അപചയം തടയാനും അതിനെ ചട്ടക്കൂടില്‍ നിര്‍ത്താനുമാണ് നിഘണ്ടുരചനയിലൂടെ ശ്രമിച്ചത്, പ്രമാണവത്കരണമാണ് നിഘണ്ടുവിന്റെ ലക്ഷ്യം എന്നുവന്നത് അങ്ങനെയാണ്. അതില്‍നിന്ന് തുടങ്ങിയ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഭാഷാ നിയന്ത്രണ ഉപാധി എന്നതിലുപരി, ഭാഷയുടെ ചരിത്രപരമായ വികാസത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന വിജ്ഞാനശാഖയായി നിഘണ്ടു നിര്‍മ്മാണം മാറിയത് എങ്ങനെയെന്ന് സ്വന്തം ചരിത്രത്തിലൂടെ ഇന്നു നമ്മോട് പറയുന്നു. . ഇരുപതാം നൂറ്റാണ്ടിന്റെ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ജീവിതം മാത്രമാണ് ജോണ്‍ വില്ലിന്‍സ്‌കി ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. എങ്കിലും കമ്പ്യൂട്ടറുകള്‍ വഴി ഓണ്‍ലൈനായി നിഘണ്ടു പരിശോധിക്കാന്‍ കഴിയുന്ന ഒരു കാലത്തെക്കുറിച്ച് ഈ പുസ്തകം സൂചന നല്‍കുന്നുണ്ട്. ഭാവിയില്‍ വായനക്കാര്‍ തന്നെ ‘ലെക്‌സിക്കോഗ്രാഫര്‍മാര്‍’ ആയി മാറുന്ന, ഇലക്ട്രോണിക് ഡാറ്റാബേസുകള്‍ പരിശോധിക്കുന്ന രീതി വരുമെന്ന് ജോണ്‍ വില്ലിന്‍സ്‌കി പ്രവചിക്കുന്നുണ്ട്.
നിഘണ്ടു അതിന്റെ ശരീരത്തെ തന്നെ അച്ചടിയില്‍നിന്ന് മോചിപ്പിച്ച് ഒരു ചലനാത്മക ഓണ്‍ലൈന് ഡാറ്റാബേസ് ആക്കിമാറ്റിയതാണ് ഈ നൂറ്റാണ്ടിലെ ഒരു പ്രധാന മാറ്റം. അതോടൊപ്പം സ്രോതസ്സുകളെ അച്ചടി പുസ്തകങ്ങള്‍ മാത്രമാക്കാതെ ഓണ്‍ലൈനടക്കമുള്ള വിവിധ വ്യവഹാരങ്ങളാക്കി മാറ്റി . നിഘണ്ടു ഇന്ന് ബ്രിട്ടീഷ് ഇംഗ്ലീഷിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാത്തരം ഇംഗ്ലീഷും (World Englishes) അത് ഉള്‍ക്കൊള്ളുന്നു 2015 നുശേഷം പുതിയ തലമുറയുടെ (Gen Z- 1996 നും 2014 നും ഇടയ്ക്ക് ജനിച്ചവര്‍ ) സംസാരരീതിയും ചുരുക്കെഴുത്തുകളും നിഘണ്ടുവിലേക്ക് വേഗത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്തുവരുന്നു. 2015-ല്‍ ‘Hangry’ ‘Bants’ തുടങ്ങിയ വാക്കുകള്‍ നിഘണ്ടുവില്‍ ചേര്‍ക്കപ്പെട്ടു. 2019 ആയപ്പോഴേക്കും ‘Whatevs’, ‘Chirpse’ തുടങ്ങിയ വാക്കുകളും ഇടംപിടിച്ചു.Selfie, Hashtag, Unfriend, Emoji, Tweet, YouTuber തുടങ്ങി അനവധി പദങ്ങള്‍ പൊടുന്നനെ നിഘണ്ടുവില്‍ കയറിപ്പറ്റി. Zoomer എന്ന പദം കയറി വന്നത് 2021ലാണ്. 2023-ലെ ഓക്‌സ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍ ആയി Rizz തെരഞ്ഞെടുക്കപ്പെട്ടതോടെ നിഘണ്ടു നിര്‍മ്മാണം ജെന്‍ സി യുടെ കൈകളിലേക്കെത്തി, ചരിത്രത്തിലാദ്യമായി.

ജെന്‍ Z എന്നതിനെ ജെന്‍ സെഡ് എന്ന് ബ്രിട്ടീഷ് രീതിയിലും ജെന്‍ സീ എന്ന് അമേരിക്കന്‍ രീതിയിലും വിളിക്കാം. കൂടുതല്‍ പോപ്പുലര്‍ ജെന്‍ സി ആണ്. Z എന്നതിനെ സ ആയി ഉച്ചരിക്കാനേ നമുക്ക് പാങ്ങുള്ളൂ എന്ന പ്രശ്‌നമുള്ളതുകൊണ്ടും ജെന്‍ എക്‌സ് അടക്കമുള്ള ഡിജിറ്റല്‍ നേറ്റീവ് സംസ്‌കാരം സ്വീകരിച്ചുകൊണ്ട് ഇന്റര്‍നെറ്റില്‍ ബിഹേവ് ചെയ്യുന്ന, പ്രായഭേദ സൂചനയില്ലാത്ത മുഴുവന്‍ തലമുറകളെയും പുതുവായി ജനറേഷന്‍ കണക്റ്റഡ് ( ജെന്‍ സി) എന്നു വിളിക്കാറുള്‌ലതുകൊണ്ട് വ്യക്തതയ്ക്ക് ജെന്‍ സെഡ് എന്ന് പറയുന്നതാവും സൗകര്യം.

ഭാഗം രണ്ട്
വനിതാ മാസികയില്‍ വന്ന രസകരമായ ഒരു ആര്‍ട്ടിക്കിളുണ്ട്. വെറും ബൂമറായ അമ്മച്ചിയെ ജെന്‍ സി പിള്ളേര്‍ തങ്ങളുടെ ഭാഷ പഠിപ്പിക്കുന്നതാണ് വിഷയം അതിലെ അമ്മച്ചി അരിശപ്പെടുന്നത് ഇങ്ങനെയാണ്. ”ഭാഷ അറിയാത്തവനെ മുന്നില്‍ നിര്‍ത്തി കളിയാക്കുന്നതുപോലെ ബോറു പരിപാടി വേറെയില്ല. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ചു തന്നാ. നീയൊക്കെ എന്തുവാ പറയുന്നേ എന്നെങ്കിലും അറിയണമല്ലോ?”…” പിള്‌ലേരുടെ മറുപടി:” ഒ കെ ബൂമര്‍ ഏതൊക്കെ വാക്കുകളാ, അമ്മച്ചി ചോദിച്ചോ…”…
(https://www.manoramaonline.com/premium/opinion-and-analysis/2025/11/11/parenting-challenges-how-much-parents-knew-about-gen-z-words-prm.html )
പുതുതലമുറയും ഭാഷയില്‍ പണിയുന്നവരാണ്, എന്നത്തെയും തലമുറകള്‍ പോലെ. പക്ഷെ വ്യത്യാസമൊന്നുണ്ട്. കെ ആന്ര്‍ കെ ഓട്ടോമൊബൈല്‍സ് പ്രൊപ്പറേറ്റര്‍ പറഞ്ഞപോലെ എഞ്ചിന്‍ ഔട്ട് കമ്പ്‌ലീറ്റ്‌ലി!
എന്താണ് ഈ എഞ്ചിന്‍ പണിയിലെ അട്ടിമറി?
ഭാഷാര്‍ജ്ജനത്തില്‍ സംഭവിക്കുന്നത് അനുശീലനമാണെന്നാണ് വെപ്പ്. പരമ്പരാഗതമായി ഭാഷ മുതിര്‍ന്ന തലമുറയില്‍ നിന്നും താഴത്തെ തലമുറയിലേക്ക് ‘ലംബാത്മകയ വിനിമയത്തിലൂടെ കൈമാറുകയാണ് ചെയ്യുന്നത്. അക്കാദമികള്‍, നിഘണ്ടുക്കള്‍, ഭാഷാപണ്ഡിതര്‍, എഴുത്തുകാര്‍ ഇവരൊക്കെ ഭാഷയുടെ അതിരുകള്‍ നിശ്ചയിക്കുന്ന കാവല്‍ക്കാരായി പ്രവര്‍ത്തിക്കുന്നതാണ് നടപ്പുരീതി. മുതിര്‍ന്ന തലമുറയുടെ ഭാഷാധികാരത്തെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ മനുഷ്യ ചരിത്രത്തിലാദ്യമായി ഈ അധികാരം തലകീഴാവുന്നു. ജെന്‍ Z ഭാഷ വന്നതോടെ ഭാഷാപരമായ നവീകരണത്തിന്റെ കേന്ദ്രം മുതിര്‍ന്നവരില്‍ നിന്ന് മാറി യുവാക്കളിലേക്ക് എത്തിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ പുതിയ തലമുറ നിലവിലുള്ള ഭാഷാനിയമങ്ങള്‍ പഠിച്ചെടുക്കുകയാണ് (Adaptation) ചെയ്തിരുന്നതെങ്കില്‍, ഇന്ന് ജെന്‍ സെഡ് പുതിയ പദാവലികള്‍ നിര്‍മ്മിക്കുകയും ലോകം അത് പിന്തുടരുകയും ചെയ്യുന്നു. മില്ലേനിയലുകളും ജെന്‍ എക്‌സ് തലമുറയും ഈ പുതിയ ഭാഷാശൈലികള്‍ മനസ്സിലാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നത് ഇതിന്റെ തെളിവാണ്. ഈ പ്രക്രിയയിലൂടെ യുവാക്കള്‍ ഭാഷയെ തങ്ങളുടെ ‘സാംസ്‌കാരിക മൂലധനമായി’ (Cultural Capital) മാറ്റുകയും ഭാഷാപരമായ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു.

ആഗോളഭാഷയും മിശ്രണസംസ്‌കാരവുമാണ് മറ്റൊരു ജെന്‍ Z സവിശേഷത ഭാഷാപരമായ തനിമയോ ശുദ്ധിവാദങ്ങളോ ജെന്‍ സീ തലമുറ അംഗീകരിക്കുന്നില്ല. വിവിധ ഉപസംസ്‌കാരങ്ങളുടെയും ആഗോള സ്വാധീനങ്ങളുടെയും ഒരു മിശ്രിതമാണ് ഇവരുടെ ഭാഷ. എ.എ.വി.ഇ (AAVE), LGBTQ+ കമ്മ്യൂണിറ്റികളില്‍നിന്നും വിവിധ ഇന്റര്‍നെറ്റ് ഉപസംസ്‌കൃതികളില്‍നിന്നും വാക്കുകള്‍ സ്വതന്ത്രമായി കടമെടുക്കുന്നതിലൂടെ ഭാഷാപരമായ എല്ലാ അതിരുകളെയും ഭേദിക്കുന്നു. അതിവേഗവിനിമയവും ആഗോള സമ്പര്‍ക്കവുമാണ് ഈ ഹൈബ്രിഡിറ്റിക്ക് കരുത്താവുന്നത്.
വികേന്ദ്രീകരണവും ഭാഷാകാവലളന്മാരെ മറികടക്കലുമാണ് മറ്റൊരു സവിശേഷത. ഭാഷയുടെ അധികാരം വരേണ്യ ന്യൂനപക്ഷങ്ങളില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നും മാറി സോഷ്യല്‍ മീഡിയ ഉപയോക്താക്കളിലേക്ക് എത്തുന്ന ജനാധിപത്യവല്‍ക്കരണമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായിക്കാണുന്നത്. നിഘണ്ടു വ്യാകരണങ്ങളോ പണ്ഡിതന്മാരോ പ്രാമാണിക എഴുത്തുകാരോ നിശ്ചയിച്ചിരുന്ന ‘ശരി’കള്‍ക്ക് പകരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ തത്സമയ വിനിമയങ്ങളാണ് ഇന്ന് ഭാഷയുടെ ഗതി നിശ്ചയിക്കുന്നത്. അക്കാദമികളെയും ‘ഗേറ്റ് കീപ്പര്‍മാരെയും’ അവഗണിച്ചുകൊണ്ട്, സര്‍ഗ്ഗാത്മകതയ്ക്കും വേഗതയ്ക്കും പ്രാധാന്യം നല്‍കുന്ന ഒരു പുതിയ ഭാഷാക്രമം ഇവര്‍ നിര്‍മ്മിച്ചെടുക്കുന്നു.

ഇതിന്റെ ഭാഗമായി പാര്‍ശ്വവത്കൃത വ്യവഹാരങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നു എന്നതാണ് പ്രധാനം. വരേണ്യ ഭാഷാവ്യവസ്ഥകള്‍ മുന്‍പ് ‘തെറ്റ്’ അല്ലെങ്കില്‍ ‘അപക്വം’ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ആഫ്രോ-അമേരിക്കന്‍ പദാവലികളും (AAVE), LGBTQ+ വിഭാഗങ്ങളുടെ പ്രയോഗങ്ങളും ഇന്ന് ആഗോള വിനിമയത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ അധികാരക്കൈമാറ്റം പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്ക് ഭാഷയില്‍ വലിയൊരു ഇടവും സ്വീകാര്യതയും നല്‍കുന്നു.

എന്നാലിത് അധികാരവിമുക്തമായ ഭാഷയൊന്നുമല്ല. അല്‍ഗോരിതം എന്ന പുതിയ അധികാരരൂപം നമ്മുടെ എല്ലാ സാമൂഹ്യവ്യവഹാരങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. ഇന്ന് ഭാഷയുടെ പ്രചാരം നിശ്ചയിക്കുന്നത് ‘അല്‍ഗോരിതം’ എന്ന അദൃശ്യ ശക്തിയാണ്. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ‘ഫോര്‍ യൂ പേജ്’ (FYP) ഫീഡുകളാണ് വാക്കുകളുടെയും ശൈലികളുടെയും ‘വൈറാലിറ്റി’ നിശ്ചയിക്കുന്നത്. ഇത്തരം അല്‍ഗോരിതങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ചുരുക്കെഴുത്തുകളും (Brevity) ഹ്യൂമറും ചേര്‍ന്ന പുതിയൊരു വിനിമയ രീതിയാണ് ജെന്‍ സി വികസിപ്പിച്ചിരിക്കുന്നത്. മീമുകളില്‍ നിന്നും ട്രെന്‍ഡുകളില്‍ നിന്നും ഉദയം ചെയ്യുന്ന പദങ്ങള്‍ നിമിഷനേരം കൊണ്ട് ആഗോളതലത്തില്‍ത്തന്നെ പോപ്പുലര്‍ ആവുന്നത് അല്‍ഗോരിതങ്ങള്‍ ഭാഷയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഒരു ഉദാഹരണം മാത്രം.

എവിടെ നിന്നാണ് ജെന്‍ വാക്കുകള്‍ ഉരുവം കൊള്ളുന്നത് എന്ന് അന്വേഷിക്കുന്നതും രസമാണ്. ഇന്റര്‍നെറ്റ് ഭാഷയുടെ പൊതുരീതികളുടെ തുടര്‍ച്ചയില്‍ത്തന്നെയാണ് ജെന്‍ Z ഭാഷയും രൂപപ്പെടുന്നത്. ഇന്റര്‍നെറ്റ് ഭാഷയുടെ സവിശേഷതകളെക്കുറിച്ച് മുമ്പെഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാം.
ഇതില്‍നിന്ന് വ്യത്യസ്തമായി ജെന്‍ Z പദകോശം പ്രധാനമായും ഏഴു സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നതെന്നു കാണാം.

1. കീഴാളശബ്ദങ്ങള്‍

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വിപ്ലവകരമായ രീതിയാണിത്. ആഫ്രോ-അമേരിക്കന്‍ പദാവലികളില്‍ (AAVE) നിന്നും ക്വീര്‍ (LGBTQ+) സമൂഹങ്ങളില്‍ നിന്നുമാണ് ജെന്‍ സെഡ് മിക്കവാറും വാക്കുകള്‍ കടമെടുക്കുന്നത്. വരേണ്യഭാഷ വികൃതം എന്ന് മുദ്രകുത്തിയവയെ ഒരു തലമുറ തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്നു എന്നതാണിതിലെ വിപ്ലവം.

1960-കള്‍ മുതല്‍ 1980-കള്‍ വരെ ന്യൂയോര്‍ക്ക് നഗരത്തിലെ കറുത്ത വര്‍ഗക്കാരായ LGBTQ+ സമൂഹങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ‘ബോള്‍റൂം’ (Ballroom) സംസ്‌കാരത്തില്‍ നിന്നാണ് ഇതിലെ പല വാക്കുകളും ഉത്ഭവിച്ചത്. ‘Slay’ (മികച്ച രീതിയില്‍ ഒരുകാര്യം ചെയ്യുക), ‘Mother’ (ഐക്കണിക് ആയ വ്യക്തി, ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ അഭയകേന്ദ്രങ്ങളിലെ കെയര്‍ടെയ്ക്കര്‍മാരെ വിളിച്ചിരുന്നത്.), ‘Tea’ (രഹസ്യം പങ്കുവെക്കുക) തുടങ്ങിയ വാക്കുകള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ തങ്ങളുടെ സ്വത്വത്തെ ആഘോഷിക്കാന്‍ ഉപയോഗിച്ചവയാണ്. കൂടാതെ, അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഇംഗ്ലീഷായ AAVE-ല്‍ നിന്നുള്ള ‘Cap/No Cap’ (കള്ളം/സത്യം), ‘Finna’ (ഉടനെ ചെയ്യാന്‍ പോകുന്നു), ‘Periodt’ (നിലപാടില്‍ ഉറച്ചുനില്‍ക്കുക) തുടങ്ങിയ പദങ്ങളും ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. It’s giving എന്ന പ്രയോഗവും ബാള്‍ റൂം സമ്‌സ്‌കരത്തില്‍നിന്ന് കടമെടുത്തതാണ്. മികച്ച രീതിയില്‍ ഒരു കാര്യം ചെയ്യുന്നതിനെ സ്ലേ (Slay) എന്ന് വിളിക്കുമ്പോള്‍, കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതിനെ ഏറ്റ് (Ate) എന്നും പറയാറുണ്ട്

2. കോര്‍പ്പറേറ്റ് ജീവിതശൈലിയോടുള്ള പുച്ഛം

മുതിര്‍ന്നവരുടെ ലോകത്തെ ഉത്തരവാദിത്തങ്ങളെയും തൊഴില്‍ സംസ്‌കാരത്തെയും പരിഹസിക്കാനാണ് ജെന്‍ സെഡ് ഈ പദരൂപങ്ങള്‍ ഉപയോഗിക്കുന്നത്. മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നതിനെ Adulting എന്ന് വിളിക്കുമ്പോള്‍ അതൊരു തമാശമട്ടിലുള്ള പ്രയോഗമായി മാറുന്നു. ഒരു കാര്യത്തില്‍ അസാമാന്യ കഴിവിനെ CEO of… എന്ന് വിശേഷിപ്പിക്കാറുണ്ട് മടിയുടെ കാര്യത്തില്‍ അല്ലെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ഞാന്‍ അതിന്റെ സി ഇ ഒ ആണെന്നാവും പ്രയോഗം എന്നുമാത്രം. . തിരക്കേറിയ ജീവിതത്തെ Booked & Busy എന്നും, സമ്മര്‍ദ്ദകരമായ ജോലിയില്‍ നിന്ന് നിശബ്ദമായി പിന്മാറുന്നതിനെ Quiet Quitting എന്നും അവര്‍ അടയാളപ്പെടുത്തുന്നു. പൊതുവെ സമയോത്സവങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഈ തലമുറയ്ക്ക് നിമിഷങ്ങളെ ജോലിയും പണമുണ്ടാക്കലുമായി ബന്ധിപ്പിക്കുന്ന ജോലിപ്പിരാന്തന്മാരായ മുന്‍തലമുറയൊട് അവജ്ഞയാണുള്ളത്. കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ക്കെതിരായ മനോഭാവമാണ് സ്വസ്ഥതയ്ക്ക് മുന്‍ഗണന നല്‍കുന്ന ജോലിഭാരം കുറഞ്ഞ ലേസി ഗേള്‍ ജോബ് (Lazy Girl Job) തെരഞ്ഞെടുക്കാനും വാങ്ങുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലി മാത്രം ചെയ്യുന്ന ആക്റ്റ് യുവര്‍ വേജ് (Act Your Wage) തത്വം പറയാനും ഇവരെ പ്രേരിപ്പിക്കുന്നത്.

3. മിനിമലിസം

ഡിജിറ്റല്‍ യുഗത്തിലെ ആശയവിനിമയത്തില്‍ വേഗതയും ലാളിത്യവുമാണ് വേണ്ടത്. നീണ്ട വിശദീകരണങ്ങള്‍ക്ക് പകരം ഇമോജികളും ചുരുക്കെഴുത്തുകളും ഉപയോഗിക്കുന്ന രീതി ഇന്റര്‍നെറ്റ് ഭാഷയുടെ തുടക്കം മുതലേ കാണാം. ജെന്‍ സി തിനെ ഒന്നുകൂടി ചുരുക്കിക്കെട്ടുന്നു. fr (for real), ngl (not gonna lie), POV (point of view), iykyk (if you know you know) തുടങ്ങിയവ പോലെ. ഈ ഇമോജികള്‍ക്ക് പോലും അര്‍ത്ഥലോപം സംഭവിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. 2015 ലെ അക്കൊല്ലത്തെ വാക്കായി അംഗീകരിക്കപ്പെട്ട ‘Face with Tears of Joy’ പുതുതലമുറയ്ക്ക് ക്ലീഷെയാണ്. അവര്‍ ഉപയോഗിക്കുന്നത് Iam dead എന്നര്‍ത്ഥം വരുന്ന തലയോട്ടി സ്റ്റിക്കറാണ്. പെട്ടെന്നുതന്നെ ഈ തലമുറയ്ക്ക് ക്രിഞ്ചടിക്കുന്നു.

4. സോഷ്യല്‍ മീഡിയ അല്‍ഗോരിതം

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ന്യൂ ജെന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ പുതിയ പദാവലികളുടെ വലിയൊരു കലവറയാണ് . ഒരാളെ ആകര്‍ഷിക്കാനുള്ള വാക്ചാതുര്യത്തെ Rizz (Charisma) എന്നും, ഒരാളുടെ സ്വാധീനത്തെ Clout എന്നും ഇവര്‍ വിളിക്കുന്നു. Fit Check (വസ്ത്രധാരണ രീതി പ്രദര്‍ശിപ്പിക്കല്‍), Finsta (പെര്‍ഫെക്ഷന്‍ ഒഴിവാക്കി സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമുള്ള രഹസ്യമായ രണ്ടാം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്), Yassify (അതിമനോഹരമായി മാറ്റുക – ഫോട്ടോ എഡിറ്റിംഗിലൂടെ സൗന്ദര്യ സങ്കല്പങ്ങളെ ആഘോഷിക്കുക) തുടങ്ങിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലെ അല്‍ഗോരിതങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും അനുസരിച്ച് രൂപപ്പെട്ടവയാണ്. സിനിമാ ചിത്രീകരണത്തിലെ ‘POV’ (Point of View) എന്ന പദം സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രത്യേക സാഹചര്യത്തെ സങ്കല്പിക്കാന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് അര്‍ത്ഥം മാറിപ്രയോഗിക്കപ്പെട്ടു.

5. ഗെയിം പേച്ചുകള്‍

ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ വെറുമൊരു കളി മാത്രമല്ല, വലിയൊരു ഹാങ്ങ് ഔട്ട് പ്ലേസാണ് ന്യൂ ജെന്ന്. ഗേമേഴ്‌സ് എന്നത് ആഗോളശൃംഖല തന്നെയുള്ള വലിയ സൗഹൃദകൂട്ടായ്മയാണ്. പുതിയൊരു വിനിമയ സംസ്‌കാരം കൂടി അതില്‍നിന്നു രൂപപ്പെടുന്നുണ്ട്. . ‘Among Us’ എന്ന ഗെയിമിലൂടെ വൈറലായ ‘Sus’ (സംശയാസ്പദമായ) എന്ന വാക്ക് ഇന്ന് ട്രസ്റ്റ് ഇഷ്യൂസിനെ സൂചിപ്പിക്കുന്ന പൊതുവാക്കായി തീര്‍ന്നിരിക്കുന്നു. കഠിനമായ സാഹചര്യങ്ങളില്‍ നേടുന്ന വിജയങ്ങളെ ‘Clutch’ എന്നും, ഒരാള്‍ പ്രതികരിക്കാതിരിക്കുന്നതിനെ ‘AFK’ (Away From Keyboard) എന്നുംപറയുന്നതൊക്കെ ഗെയിമിങ്ങില്‍നിന്ന് വന്ന വിനിമയ രൂപങ്ങളാണ്. GG (good game), Taking the L (പരാജയം ഏറ്റുവാങ്ങുക) തുടങ്ങിയ പ്രയോഗങ്ങള്‍ ഗെയിമിനുപുറത്തേക്ക് നിത്യജീവിത വ്യവഹാരമൊഴികളായി മാറിയിരിക്കുന്നു. Ultima Online, WoW തുടങ്ങിയ ഗെയിമുകളില്‍ ആയുധങ്ങളുടെ പവര്‍ ബാലന്‍സ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന Nerf / Buff തുടങ്ങിയ പ്രയോഗങ്ങളും പൊതുപ്രയോഗങ്ങളിലേക്ക് വികസിച്ചവയാണ്.

6. ജനപ്രിയ കല

സിനിമകളും സംഗീതവും സെലിബ്രിറ്റികളും ജെന്‍ സെഡ് ഭാഷയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഒരു സെലിബ്രിറ്റിയോടുള്ള കടുത്ത ആരാധനയെ Stan എന്നാണ് പറയുക. എമിനെമിന്റെ പാട്ടിലൂടെയാണ് ഈ പദം വരുന്നത്. സ്വന്തം ജീവിതം സിനിമയിലെന്നപോലെ നയിക്കുന്നതിനെ Main Character Energy എന്നു വിശേഷിപ്പിക്കുന്നു. ടെയ്ലര്‍ സ്വിഫ്റ്റിലൂടെ പ്രചാരത്തിലായ ‘Era’ എന്ന പദം ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ അടയാളപ്പെടുത്താനാണ് ഇന്ന് ഉപയോഗിക്കുന്നത്. സ്വന്തം ജീവിതത്തില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ ‘Main Character’ എന്നും, അവിസ്മരണീയ നിമിഷങ്ങളെ ‘Iconic’ എന്നും വിളിച്ച് അവര്‍ പഴയ പദങ്ങളുടെ അര്‍ത്ഥഭാരങ്ങളെ ലളിതവല്‍ക്കരിക്കുന്നു. ‘Simpleton’ എന്ന വാക്കില്‍ നിന്നുള്ള ചുരുക്കമാണ് simp. 1980-കളിലെ റാപ്പ് പാട്ടുകളില്‍ ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് മീമുകളിലൂടെയാണ് പ്രണയത്തിലും മറ്റും ഒരാളെ പ്രീതിപ്പെടുത്താന്‍ അമിതമായി ശ്രമിക്കുന്ന വ്യക്തി എന്ന ഇന്നത്തെ കളിയാക്കലിന്റെ അര്‍ത്ഥത്തിലേക്കെത്തിയത്. ശാരീരിക സൗന്ദര്യം കണ്ടു കണ്ണുതള്ളുമ്പോള്‍ ഉപയോഗിക്കുന്ന ഗ്യാറ്റ് (Gyatt) എന്ന പദം കായ് സെനറ്റ് എന്ന സ്ട്രീമറിലൂടെയാണ് വൈറലായത്.

7. തെറാപ്പി സംസ്‌കാരം

മാനസിക സൗഖ്യം പുതുതലമുറയ്ക്ക് ഒരു സീരിയസ് ടോപ്പിക്കാണ്. Self-care’ ഒരു രാഷ്ട്രീയ നിലപാടാണ് അവര്‍ക്ക് ക്ലിനിക്കലായ സംഭാഷണങ്ങളിലെ ഗൗരവമേറിയ അത്തരം സൈക്കോളജി പദങ്ങളെ ജെന്‍ സി ദൈനംദിനഭാഷണങ്ങളിലേക്ക് കൊണ്ടുവന്നു. Gaslighting (മറ്റൊരാളെ മാനസികമായി കബളിപ്പിക്കുക), Healing (മാനസികമായ മുറിവുകള്‍ ഉണക്കുക), Triggered (പഴയ ആഘാതങ്ങള്‍ ഓര്‍മ്മിപ്പിക്കുക) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഉത്കണ്ഠയും (Anxiety) ഗോസിപ്പുകളും (Tea) ചേര്‍ന്ന അവസ്ഥയെ Anxie-tea എന്ന് തമാശയാക്കിമാറ്റുന്നു.
മറ്റുചില പോപ്പുലര്‍ ജെന്‍ സി പദങ്ങളുടെ ആരുവേരുകള്‍ പരതി നോക്കാം. വിനിമയങ്ങളിലെ വൈകാരികാനുഭവങ്ങള്‍ പകരുന്ന പല വാക്കുകള്‍ പുതുതലമുറവ്യ്വവഹാരങ്ങളില്‍ കാണാം. ഒരു വ്യക്തിയോ സ്ഥലമോ നല്‍കുന്ന ഊര്‍ജ്ജത്തെയോ അന്തരീക്ഷത്തെയോ വൈബ് (Vibe) എന്ന ഒറ്റവാക്കുകൊണ്ട് കാണിക്കുക ഇന്ന് മലയാളി പൊതു വ്യവഹാരശീലമായിക്കഴിഞ്ഞു. ‘Vibrations’ എന്ന പദത്തില്‍ നിന്ന് ഉണ്ടായ ഈ വാക്ക് 1960-കളില്‍ ഹിപ്പി സംസ്‌കാരത്തില്‍ നിന്നു വന്നതാണ് . വൈകാരിക അടുപ്പത്തെ ലളിതമായി പ്രകടിപ്പിക്കാന്‍, പ്രിയപ്പെട്ട ഒരാളെ പൂക്കി (Pookie) എന്ന ലവബിളായ വിളിയും കേരളത്തില്‍ പോപ്പുലറാണ്.. 19-ാം നൂറ്റാണ്ടില്‍ ‘Puck’ എന്ന വാക്കില്‍ നിന്ന് തുടങ്ങിയെങ്കിലും ടിക്ടോക്കിലെ മീമുകളിലൂടെയാണ് ഇതു വീണ്ടും ജനപ്രിയമായത്. സുഹൃത്തുക്കള്‍ക്കിടയിലെ കുസൃതികളെ അടയാളപ്പെടുത്തുന്ന ഫാനം ടാക്‌സ് (Fanum Tax) എന്നത് ഒരാളുടെ ഭക്ഷണത്തില്‍ നിന്ന് അനുവാദമില്ലാതെ ഒരു പങ്ക് ചൂണുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്. പുതിയ വൈബിനൊപ്പം സിങ്കാവാത്ത, പഴയ രീതിയില്‍ ചിന്തിക്കുന്ന മുതിര്‍ന്നവരെ പരിഹസിക്കാനാണ് ബൂമര്‍ (Boomer) എന്ന വാക്ക് ഉപയോഗിക്കുന്നത്. ആരെയും കൂസാതെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയെ സിഗ്മ (Sigma) എന്ന് വിളിക്കുമെങ്കിലും, ഇന്ന് ഇതൊരു പരിഹാസപ്രയോഗമായി മാറിയിട്ടുണ്ട്.

ജെന്‍ സെഡിന്റെ തത്വചിന്താപരമായ ചില കാഴ്ചപ്പാടുകള്‍ ഈ പുതുഭാഷയില്‍കാണാം. പൊതുവെ ജീവിതത്തിനു തോന്നുന്ന ലാഘവത്വം, അസംബന്ധത്വം, അലസത, ഉത്തരവാദിത്വങ്ങളില്‍നിന്നു മാറിനടക്കല്‍ ഇവയൊക്കെ വളരെ പ്ലെഫുളായ ഭാഷയിലൂടെയാണ് വിനിമയം ചെയ്യപ്പെടുന്നത്. യാഥാര്‍ത്ഥ്യത്തെ ഭാവന കൊണ്ട് മറികടക്കാനുള്ള മനഃശാസ്ത്രപരമായ തന്ത്രമാണ് ഡെല്യൂലു (Delulu) എന്ന വാക്ക്. ഡെല്യൂലുവാണ് സൊല്യുലൂ എന്നതാണ് ജെന്‍സെഡ് മുദ്രാവാക്യം. പ്രത്യേക അര്‍ത്ഥമൊന്നുമില്ലാത്ത വീഡിയോകളെയും വിനിമയങ്ങളെയും സൂചിപ്പിക്കാന്‍ സ്‌കിബിഡി (Skibidi) എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് ജെന്‍ ആല്‍ഫ തലമുറയാണ്. ‘Skibidi Toilet’ എന്ന യൂട്യൂബ് ആനിമേഷന്‍ സീരീസില്‍ നിന്നാണ് ഈ വാക്ക് വന്നത്.വിചിത്രമായ സാഹചര്യങ്ങളെ വിശേഷിപ്പിക്കാന്‍ ഓണ്‍ലി ഇന്‍ ഓഹിയോ (Only in Ohio) എന്ന മീം സംസ്‌കാരത്തെ ഇവര്‍ കൂട്ടുപിടിക്കുന്നു. കഠിനമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്ലേഫുള്‍ നീക്കമായാണ് ഇത്തരം വാക്കുകള്‍ രൂപപ്പെടുന്നത്.

വൈകാരികബന്ധങ്ങളുടെ സ്വഭാവം കാണിക്കാന്‍ പലതരം വാക്കുകള്‍ നിഘണ്ടുവില്‍കാണാം. ബെസ്റ്റീ, സിറ്റുവേഷന്‍ ഷിപ്പ്, ബെഞ്ചിങ്ങ്, ഗോസ്റ്റിങ്ങ്, ബ്രെഡ്ക്രംബിംഗ്, ടോക്‌സിക്ക്, ഓര്‍ബിറ്റിങ്ങ്, കുഷനിങ്ങ്, ലവ് ബോംബിങ്ങ്, ഹാര്‍ഡ് ലോഞ്ച്, സോഫ്റ്റ് ലോഞ്ച് എന്നിങ്ങനെ.
ജെന്‍ പദകോശത്തിലേക്ക് മലയാളി സംഭാവനയും ചെറുതല്ല. മലങ്കള്‍ട്ട്, കാട്ടവരാതം, കണക്റ്റ് അവുക, ലാഗ് അടിക്കുക, റ്റുകെ ഫുണ്ടാ, കണ്ണാപ്പി, സീനാണ്, ക്രിഞ്ച്, സീന്‍ കോണ്ട്രാ, അലമ്പ്, കിടു, ഉയിര്‍ ശോകം, പവര്‍, പെട, തൂക്കി, പൊളി,കിളിപോയി, ഒരു രക്ഷയുമില്ല, ന്റെ മോനേ, യേ ബ്രോ, യോ യോ, തന്തവൈബ്, മാപ്ര, ഏത് മൂഡ് തുടങ്ങി നിര്ടവധി പ്രയോഗങ്ങള്‍ സൈബര്‍ മലയാളത്തിലൂടെയും തുടര്‍ന്നുണ്ടായ ജെന്‍ സി വ്യവഹാരത്തിലൂടെയും പ്രചരിച്ചവയാണ്.
കേവല വ്യവഹാരലീലകള്‍ എന്ന നിലവിട്ട് ഭാഷയുടെ ഔദ്യോഗിക വ്യവസ്ഥയിലേക്ക് ഈ വാക്കുകളൊക്കെ ഉള്‍ച്ചേര്‍ത്തപ്പെട്ടു എന്നതാണ് നിഘണ്ടുവിജ്ഞാനീയത്തെ സംബന്ധിച്ച് പ്രധാനമായ കാര്യം. ആ രീതിയില്‍ അംഗീകാരം നേടിയ ചിലവാക്കുകള്‍:
Rizz (റിസ്): ഓക്‌സ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍
Goblin Mode (ഗോബ്ലിന്‍ മോഡ്): സാമൂഹികമായ പ്രതീക്ഷകളെ തള്ളിക്കളഞ്ഞ് അലസമായും തന്നിഷ്ടത്തിനും ജീവിക്കുന്ന രീതി. 2022-ലെ ഓക്‌സ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍.
Gaslighting (ഗ്യാസ്ലൈറ്റിംഗ്): മറ്റൊരാളെ മാനസികമായി മാനിപുലേറ്റ് ചെയ്യുകയും അവരുടെ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് . 2022-ലെ മെറിയം-വെബ്സ്റ്റര്‍ വേര്‍ഡ് ഓഫ് ദി ഇയര്‍
Situationship (സിറ്റുവേഷന്‍ഷിപ്പ്): പ്രണയത്തിനും സൗഹൃദത്തിനും ഇടയിലുള്ള അവ്യക്തമായ ബന്ധത്തെ സൂചിപ്പിക്കുന്ന പദം ഓക്‌സ്‌ഫോര്‍ഡിന്റെ വേര്‍ഡ് ഓഫ് ദി ഇയര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു
Stan (സ്റ്റാന്‍): തീവ്രമായ ആരാധനയെ സൂചിപ്പിക്കുന്നു . ഇത് ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ്, മെറിയം-വെബ്സ്റ്റര്‍ നിഘണ്ടുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Slay (സ്ലേ): മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്നത് ഔദ്യോഗിക വിനിമയങ്ങളില്‍ പോലും അംഗീകരിക്കപ്പെട്ടിരിക്കുന്നു .
Ghosting (ഗോസ്റ്റിംഗ്): ഒരാളുമായുള്ള ആശയവിനിമയം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് അവസാനിപ്പിക്കുന്നത്..ഇത് മെറിയം-വെബ്സ്റ്റര്‍ നിഘണ്ടുവില്‍ സ്ഥാനം പിടിച്ച വാക്കാണ്
Flex (ഫ്‌ലെക്‌സ്): നേട്ടങ്ങളെയും വിജയങ്ങളെയും ആത്മവിശ്വാസത്തോടെ പ്രദര്‍ശിപ്പിക്കുന്നതിനെ വിശേഷിപ്പിക്കുന്നു .
Woke (വേക്ക്): സാമൂഹികവും രാഷ്ട്രീയവുമായ അനീതികളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന അവസ്ഥ . ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ സംജ്ഞയായി ഇതുമാറി
GOAT (ഗോട്ട്): ‘Greatest of All Time’ എന്നതിന്റെ ചുരുക്കം.
ജെന്‍ നിഘണ്ടുവിന്റെ രാഷ്ട്രീയത്തോടൊപ്പം അത് മുന്നോട്ടുവെക്കുന്ന ചില വിപല്‍സന്ദേശങ്ങളെയും കാണാതിരുന്നുകൂടാ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ (പ്രത്യേകിച്ച് ആഫ്രോ-അമേരിക്കന്‍, LGBTQ+) ഭാഷാശൈലികള്‍ അവയുടെ ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കാതെ, അതിന്റെ സ്വത്വഭാവമോ രാഷ്ട്രീയമോ ചോര്‍ത്തിക്കളഞ്ഞ് ഉപയോഗിക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. ഇത് സാംസ്‌കാരികമായ ഒരു കയ്യടക്കല്‍കൂടിയാണ്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സംസ്‌കാരം വിപണനം ചെയ്യപ്പെടുമ്പോള്‍, ആ ഭാഷ നിര്‍മ്മിച്ച യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ അദൃശ്യരായിത്തീരുന്നു.. ഇത് ഒരുതരം സാംസ്‌കാരികമായ ചൂഷണമാണ്. ഇതിനെ ഡിജിറ്റല്‍ ബ്ലാക്ക് ഫേസ് (Digital Blackface) എന്നും വിളിക്കാറുണ്ട്.

അര്‍ത്ഥശൂന്യവും യുക്തിരഹിതവുമായ ഉള്ളടക്കങ്ങളുടെ അമിത ഉപഭോഗം ഭാഷയെയും ചിന്തയെയും ബാധിക്കുന്നു. ഒരുതരം മാനസികാപചയത്തിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ ഇതു കാരണമാവുന്നുണ്ട്. വിവര വിജ്ഞാന സമ്പദ്വ്യവസ്ഥയോടുള്ള നിശബ്ദ പ്രതിഷേധമാണിതെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏകാഗ്രത കുറയ്ക്കാനും ഗൗരവസ്വഭാവമുള്ള ധൈഷണികശേഷിയെ തകര്‍ക്കാനും ഇടയാക്കിയേക്കാം. സങ്കീര്‍ണ്ണമായ മനഃശാസ്ത്ര പദങ്ങളെ അവയുടെ യഥാര്‍ത്ഥ തീവ്രത ചോര്‍ത്തിക്കളഞ്ഞ് നിത്യജീവിതത്തില്‍ സാധാരണ പദങ്ങളായി പ്രയോഗിക്കുന്നു എന്നതും മറ്റൊരു പ്രശ്‌നമണ്. ഇത് വ്യക്തിവാദം (Individualism) വര്‍ദ്ധിപ്പിക്കുകയും സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രശ്‌നങ്ങളെ വ്യക്തിപരമായ മാനസിക രോഗങ്ങളായി മാത്രം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്ലിനിക്കല്‍ പദങ്ങളുടെ മൂല്യം കുറയുന്നത് യഥാര്‍ത്ഥ രോഗാവസ്ഥയ്ക്കുണ്ടാവേണ്ട ഗൗരവവും ശ്രദ്ധയും ഇല്ലാതാക്കും. മനുഷ്യര്‍ തമ്മിലുള്ള ജൈവികമായ ആശയവിനിമയത്തേക്കാള്‍ ഉപരിയായി, സോഷ്യല്‍ മീഡിയ മെഷീനുകള്‍ക്ക് (SEO/Algorithms) അനുയോജ്യമായ രീതിയില്‍ ഭാഷ രൂപപ്പെടുന്നു എന്നതും അപകടകരമായ പ്രവണതയാണ്. ആഗോളതലത്തില്‍ യുവജന സംസ്‌കാരം ഏകശിലാത്മകമാകുന്നത് വഴി പ്രാദേശികമായ വൈവിധ്യങ്ങളും തനിമയും സവിശേഷമായ സ്ലാങ്ങുകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സ്വന്തം ജീവിതത്തെ ഒരു സിനിമയിലെന്നപോലെ കാണുന്ന മെയിനാവല്‍ ഞെരിപ്പ് വ്യക്തിത്വവികാസത്തിന് സഹായിക്കുമെങ്കിലും അമിതമായ ആത്മവിശ്വാസം ആത്മാഭിരതിയിലേക്കും മറ്റുള്ളവരെ നോണ്‍ പ്ലെയിങ്ങ് ക്യാരക്ടറുകളാക്കി കാണുന്നതിലേക്കും നയിച്ചേക്കാം എന്ന് സാമൂഹ്യമനശാസ്ത്രകാരന്മാര്‍ ആശങ്കപ്പെടുന്നു. പ്രതിസന്ധികളെ നേരിടാന്‍ ഭാവനയെ കൂട്ടുപിടിക്കുന്നത് ക്ഷണികമായ ആശ്വാസം നല്‍കുമെങ്കിലും അതു തകരുമ്പോള്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ആഘാതം താങ്ങാനാവുന്നില്ല എന്നത് പെരുകുന്ന പുതുതലമുറ ആത്മഹത്യകളുടെ പല പൊരുളുകളില്‍ ഒന്നാണ് എന്ന വസ്തുതയും ഓര്‍ക്കാം.

ഭാഗം മൂന്ന്.

ജെന്‍ സി ഭാഷയെയും വ്യവഹാരങ്ങളെയും സംബന്ധിച്ച ചില അക്കാദമിക പഠനങ്ങളിലൂടെക്കൂടി ഒന്ന് ഓടിപ്പോവാം. ഡീജംഗ് നതാലി എഴുതിയ The Use of Language Style in Instagram Captions by Generation Z എന്ന പഠനം ജെന്‍സെഡ് തലമുറ ഇന്‍സ്റ്റാഗ്രാം ക്യാപ്ഷനുകളില്‍ ഉപയോഗിക്കുന്ന ഭാഷാശൈലിയെ കുറിച്ചുള്ളളതാണ്. ഡിജിറ്റല്‍ നേറ്റീവ്‌സ് ആയ ഈ തലമുറ തങ്ങളുടെ സ്വത്വവും തനിമയും വെളിപ്പെടുത്താന്‍ ക്യാപ്ഷനുകളെ ഒരു അരങ്ങായിക്കാണുന്നു എന്ന് നതാലി നിരീക്ഷിക്കുന്നു. കേരളത്തില്‍ത്തന്നെ മീനാക്ഷി എന്ന ആങ്കര്‍ ഈ ക്യാപ്ഷനുകള്‍വഴി വൈറലായിട്ടുണ്ടല്ലോ. ക്യപ്ഷന്‍ റൈറ്റിങ്ങിലുള്ള വിനിമയ ലാളിത്യവും സര്‍ഗ്ഗാത്മകതയും സ്ലാങ്ങുകള്‍, ഇമോജികള്‍, ചുരുക്കെഴുത്തുകള്‍ എന്നിവയുടെ ഉപയോഗവും പരിശോധിക്കപ്പെടുന്നുണ്ട്.
സായ്മ യാസ്മിന്‍ രചിച്ച Language as a tool for defining generations: a study on gen-z lingo എന്ന പ്രബന്ധം ഭാഷാപരമായ ശീലങ്ങള്‍ എങ്ങനെയാണ് ഒരു തലമുറയുടെ സ്വത്വം രൂപപ്പെടുത്തുന്നതെന്ന അന്വേഷണമാന് നടത്തുന്നത്. ജൈവശാസ്ത്രപരമായ വയസ്സിനേക്കാളുപരി ഒരു വ്യക്തിയുടെ ഭാഷാപരമായ പെരുമാറ്റമാണ് അവരുടെ തലമുറയെ അടയാളപ്പെടുത്തുന്നതെന്ന് പ്രബന്ധം വാദിക്കുന്നു. 120 വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവര ശേഖരണം നടത്തി തയ്യാറാക്കിയ ഈ പഠനം, നഗരങ്ങളിലെ യുവാക്കളാണ് ജെന്‍ സെഡ് പദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സംസ്‌കാരത്തിലൂടെയും മീമുകളിലൂടെയും ലഭിച്ച ഈ പുതിയ ഭാഷാശൈലി, യുവാക്കള്‍ക്ക് തങ്ങളുടെ സമപ്രായക്കാരുമായി ഹൃദയൈക്യം സ്ഥാപിക്കാനും ഒരു പ്രത്യേക ഉപസംസ്‌കൃതിയുടെ ഭാഗമാണെന്ന് ഉറപ്പിക്കാനും സഹായിക്കുന്നു എന്നാണ് പ്രബന്ധത്തിന്റെ നിഗമനം.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ബേബി ബൂമര്‍മാര്‍, ജെന്‍ എക്‌സ്, മില്ലേനിയലുകള്‍, ജെന്‍ സെഡ് എന്നീ നാല് തലമുറകളുടെ ആശയവിനിമയ രീതികള്‍ താരതമ്യവിശകലനത്തിനു വിധേയമാക്കുന്ന പ്രബന്ധമാണ് ‘How Do Different Generations Communicate on Social Media? A Comparative Analysis of Language Styles, Emoji Usage, and Visual Elements’. ഇനാമുല്‍ ആസാദ്, സുഗന്ധ ചിബ്ബര്‍, അസ്ര താജിസി എന്നിവരാണ് പ്രബന്ധകര്‍ത്താക്കള്‍. നാലായിരം സോഷ്യല്‍ മീഡിയ പോസ്റ്റുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനത്തില്‍, മുതിര്‍ന്ന തലമുറകള്‍ ഔദ്യോഗിക ഭാഷാ ഘടനകള്‍ ഇഷ്ടപ്പെടുമ്പോള്‍ (score 4.7/5), യുവതലമുറ (score 1.4/5) അതൊഴിവാക്കി സ്ലാങ്ങുകള്‍ക്കും ഇമോജികള്‍ക്കും മീമുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കണ്ടെത്തുന്നു. ജെന്‍ സെഡ് ഒരു പോസ്റ്റില്‍ ശരാശരി 3.3 ഇമോജികള്‍ ഉപയോഗിക്കുമ്പോള്‍ ബൂമര്‍മാര്‍ 0.5 ഇമോജികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ് ദത്തങ്ങള്‍ കാണിക്കുന്നത്.
ജെന്‍ സെഡ് തലമുറ ഇംഗ്ലീഷ് വാക്കുകളുടെ രൂപിമഘടനയില്‍ വരുത്തുന്ന വിപ്ലവാത്മകമായ മാറ്റങ്ങളെക്കുറിച്ചാണ് സയിദ ഷഹബാനോ ജബീന്‍, ഹാഫിസ് ഇമ്രാന്‍ നവാസ് എന്നിവര്‍ എഴുതിയ Morphological Innovations in Gen Z Language and Their Impact on English Language Usage എന്ന പ്രബന്ധം ചര്‍ച്ച ചെയ്യുന്നത്. വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുള്ള പുതിയ രൂപങ്ങള്‍ (Blending – ഉദാ: Stan (Stalker + Fan), Hangry (Hungry + Angry), Finsta (Fake + Instagram), പ്രത്യയങ്ങള്‍ ചേര്‍ത്തുള്ള പ്രയോഗങ്ങള്‍ (Affixation – ഉദാ: -core (ഉദാ: Cottagecore, Normcore, De (ഉദാ: De-influencer), വാക്കര്‍ത്ഥം മാറ്റിമറിക്കല്‍ (Semantic shifts – ഉദാ: ghost, tea) എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. പാകിസ്ഥാനിലെ യുവാക്കളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനത്തില്‍, നിഘണ്ടുക്കളെയും അക്കാദമിക് വ്യാകരണത്തെയും അവഗണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ എങ്ങനെ പുതിയ വാക്കുകള്‍ ആഗോളതലത്തില്‍ പ്രചരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ട്. വിനിമയത്തിലെ വേഗതയ്ക്കും ക്രിയാത്മകതയ്ക്കും പ്രാധാന്യം നല്‍കുന്ന ഈ രീതി ഭാഷയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് ലേഖകര്‍ വാദിക്കുന്നു.

ഭാഗം നാല്
ഭാഷയും അധികാരബന്ധങ്ങളും മാറുന്നതനുസരിച്ച് നിഘണ്ടുവിജ്ഞാനീയവും മാറുന്നുണ്ട്. അച്ചടി കേന്ദ്രിതവും കേന്ദ്രീകൃതവും ആധികാരികഘടനകള്‍ നിയന്ത്രിക്കുന്നതുമായ ഏകശിലാത്മകമായ നിഘണ്ടുക്കള്‍ ഈ നൂറ്റാണ്ടില്‍ അസ്തമിച്ചു. നിഘണ്ടു എന്ന ഭൗതിക വസ്തുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം അതൊരു ചലനാത്മകവും നിങ്ങളുടെ വ്യവഹാരങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അദൃശ്യമായി നിലകൊള്ളുന്ന, ആവശ്യത്തിനുമാത്രം സ്വരൂപം കാണിക്കുന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറായി രൂപാന്തരപ്പെട്ടു. നിഘണ്ടുവിജ്ഞാനീയത്തിന്റെ ദിശയും മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വികസിച്ച നിഘണ്ടു ചിന്തകളെയും രൂപങ്ങളെയും സാമാന്യമായൊന്ന് പരിചയപ്പെടാം.

2023 മാര്‍ച്ച് 6-ന് ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസിലെ (TUFS) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലാംഗ്വേജസ് ആന്‍ഡ് കള്‍ച്ചേഴ്‌സ് ഓഫ് ഏഷ്യ ആന്‍ഡ് ആഫ്രിക്കയില്‍ (ILCAA) ഗില്ലെസ്-മോറിസ് ഡി ഷ്രൈവറും ഡേവിഡ് ജോഫെയും നടത്തിയ ഒരു അവതരണത്തില്‍ അര്‍ത്ഥവിജ്ഞാനീയം (semasiological വാക്കിന്റെ അര്ത്ഥം വികാസം പ്രയോഗം എന്നിവ സംബന്ധിച്ചത്), ആശയവിജ്ഞാനീയം (onomasiological – ഒരുആശയം സൂചകമായിത്തീരുന്നതെങ്ങനെ എന്ന രീതിയില്‍ ), മള്‍ട്ടിമീഡിയ എന്നിവ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന പുതിയൊരു ലക്‌സിക്കോഗ്രാഫിക് മാതൃക അവതരിപ്പിക്കുകയുണ്ടായി. സാധാരണ നിഘണ്ടുക്കള്‍ അക്ഷരമാലാക്രമത്തിലോ (Semasiological) അല്ലെങ്കില്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലോ (Onomasiological) ആയിരിക്കും ഉണ്ടാക്കുക. ഇവ രണ്ടും കൂടാതെ വീഡിയോ, ഓഡിയോ തുടങ്ങിയ മള്‍ട്ടിമീഡിയ സംവിധാനങ്ങളും ഒരേസമയം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിജിറ്റല്‍ സ്‌ക്രീനില്‍ ഒരു ക്ലിക്കിലൂടെ ഈ മൂന്ന് രീതികളിലേക്കും ഉപയോക്താവിന് മാറാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. Gilles-Maurice de Schryver. Alphaconceptual+ Combined with Hub-and-Spoke Lexicography to Produce a New Type of Online Dictionary. 2023. YouTube, https://www.youtube.com/watch?v=NIFys5Ht_-w.)

‘alphaconceptual+’ നിഘണ്ടു എന്നാണ് ഈ പുതിയ മാതൃകയെ അവര്‍ വിളിക്കുന്നത്.. ഇത്തരം എത്ര നിഘണ്ടുക്കളെ വേണമെങ്കിലും പരസ്പരം ബന്ധിപ്പിക്കുന്നതിന് ലക്‌സിക്കോഗ്രാഫിയില്‍ ‘hub-and-spoke’ മാതൃക കൂടി( (ഒരു പ്രധാന എയര്‍പോര്‍ട്ട് ‘Hub’ ആയി വരികയും അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ‘Spoke’ പോലെ വിമാനങ്ങള്‍ പോവുകയും ചെയ്യുന്ന സംവിധാനം പോലെ പല ഭാഷകളിലുള്ള നിഘണ്ടുക്കളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഒരു ‘മധ്യവര്‍ത്തി’ ഭാഷയെ (Hub) ഉപയോഗിക്കുന്ന രീതിയാണിത് )അവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം വിവിധ ഭാഷാ നിഘണ്ടുക്കളുടെ എണ്ണമറ്റ കോമ്പിനേഷനുകള്‍ തല്‍സമയം നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. ലക്‌സിക്കോഗ്രാഫിയില്‍ ‘hub-and-spoke’ മാതൃകയും ‘alphaconceptual+’ മാതൃകയും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ പ്രായോഗിക നിഘണ്ടു രൂപമാണിത്.

ഇത് പുതിയ പ്രതലത്തില്‍ നിഘണ്ടുവിന്റെ ഒരു ജീവിതം മാത്രമാണ്. ഒറ്റക്കിരുന്നൊരു പണ്ഡിതന്‍ ഭാഷയുടെ സനാതനവും നിശ്ചലവുമായ ആധികാരികരേഖകള്‍ തയ്യാറാക്കുന്ന ഒരു മേഖല എന്ന നിലയില്‍നിന്ന് നിഘണ്ടു അപ്പടെ മാറി. ഈപുതിയ മാറ്റം സാങ്കേതികമായിരിക്കെത്തന്നെ സൈദ്ധാന്തികവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ‘നിഘണ്ടു ഒരു ആര്‍ക്കൈവ് ആണ്’ എന്ന പഴയ സങ്കല്പത്തില്‍ വലിയ മാറ്റമുണ്ടായി. ലക്‌സിക്കോഗ്രാഫി എന്നത് അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സില്‍ നിന്നോ ലക്‌സിക്കോളജിയില്‍ നിന്നോ വേറിട്ടുനില്‍ക്കുന്ന ഒരു സ്വതന്ത്ര ശാസ്ത്രശാഖയാണെന്ന തിരിച്ചറിവാണ് ഈ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം. നിഘണ്ടുക്കള്‍ കേവലം വാക്കുകളുടെ അര്‍ത്ഥം നല്‍കുക മാത്രമല്ല, നിശ്ചിത സാമൂഹിക സാഹചര്യങ്ങളിലും വിനിമയ സന്ദര്‍ഭങ്ങളിലും ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലായിരിക്കണം റഫറന്‍സ് ഗ്രന്ഥങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടതെന്ന ഫങ്ങ്ഷണലിസ്റ്റ് സമീപനം പ്രബലമായി. ഹെന്നിംഗ് ബെര്‍ഗന്‍ഹോള്‍ട്ട്‌സ്, സ്വെന്‍ ടാര്‍പ്പ് തുടങ്ങിയ പണ്ഡിതര്‍ ലക്‌സിക്കോഗ്രാഫിക് ഉപകരണങ്ങളുടെ ‘ധര്‍മ്മപരമായ’ (Functional) സ്വഭാവത്തിനാണ് ഊന്നല്‍ നല്‍കുന്നത്.

ഭാഷയെ പൂര്‍ണ്ണമായി വിവരിക്കാന്‍ ശ്രമിക്കുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഫംഗ്ഷണല്‍ ലക്‌സിക്കോഗ്രാഫി ഉപയോക്താവിന്റെ സാഹചര്യത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. വിനിമയപരം( Communicative – ഭാഷാപരമായ വിനിമയവും പാഠനവും സുഗമമാക്കുക), വിജ്ഞാനപരം (Cognitive – ഒരു പ്രത്യേക വിജ്ഞാന മേഖലയിലെ അറിവ് ആധികാരികമായി ലഭ്യമാക്കുക) പ്രവര്‍ത്തനപരം (Operational -ശാരീരികമോ മാനസികമോ ആയ ജോലികള്‍ നിര്‍വ്വഹിക്കാന്‍ സഹായിക്കുക) എന്നിങ്ങനെ സാഹചര്യങ്ങളെ മൂന്നായി ഇനം തിരിച്ചുകൊണ്ടാണ് ഈ സമീപനം മുന്നോട്ടുപോകുന്നത്. ഇതു കൂടാതെ ‘നിഘണ്ടു വിമര്‍ശനം’ (Dictionary criticism) എന്ന പുതിയൊരു ശാഖയും രൂപപ്പെട്ടു.

അതോടൊപ്പം വ്യവഹാരസ്രോതസ്സിലും വലിയ മാറ്റമുണ്ടായി.. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ചയോടെ, ബിഗ് ഡാറ്റ (Big Data), കോര്‍പ്പസ് ലിംഗ്വിസ്റ്റിക്‌സ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) എന്നിവയുടെ സംയോജനം ‘ബോണ്‍-ഡിജിറ്റല്‍’ (Born-digital) വിഭവങ്ങള്‍ക്ക് വഴിയൊരുക്കി. ഇവ അച്ചടി യുഗത്തിലെ അക്ഷരമാലാക്രമത്തിലുള്ള പരിമിതികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാണ്. ഡിജിറ്റല്‍ വിപ്ലവം നിഘണ്ടുക്കളുടെ രൂപത്തെയും ഉള്ളടക്കത്തെയും ലഭ്യതയെയും മാറ്റിമറിച്ചിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച തലമുറയെ സംബന്ധിച്ചിടത്തോളം, ‘നിഘണ്ടു’ എന്ന വാക്കിന്റെ അര്‍ത്ഥം ഒരു ഭൗതിക ഗ്രന്ഥം എന്നതില്‍ നിന്ന് ക്ലൗഡില്‍ സൂക്ഷിച്ചിരിക്കുന്നതും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ തല്‍ക്ഷണം വീണ്ടെടുക്കാവുന്നതുമായ ഒരു ഡാറ്റാ ശേഖരം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.
പരമ്പരാഗത അച്ചടി നിഘണ്ടുക്കളില്‍, വിവരങ്ങള്‍ കണ്ടെത്താനുള്ള ഒരേയൊരു വഴി അക്ഷരമാലാക്രമത്തിലുള്ള ക്രമീകരണം മാത്രമായിരുന്നു. ഇത് പലപ്പോഴും പരസ്പരം ബന്ധപ്പെട്ട അര്‍ത്ഥങ്ങളെ നിഘണ്ടുവിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കാനിടയാക്കി. ഇലക്ട്രോണിക് നിഘണ്ടുക്കളാവട്ടെ ഹൈപ്പര്‍ടെക്സ്റ്റ് , എക്‌സ്.എം.എല്‍, ജെസണ്‍ തുടങ്ങിയ നൂതന മാര്‍ക്കപ്പ് ഭാഷകള്‍, മള്‍ട്ടിമീഡിയ എന്നിവ ഉപയോഗിച്ച് അരേഖീമായി വിവരങ്ങള്‍ ലഭ്യമാക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ അവസാനം സി ഡി റോമുകള്‍ വരുന്നുണ്ട്. എന്നാല്‍ അതിലെ ഡാറ്റ നിശ്ചിതമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ഓണ്‍ ലൈന്‍ നിഘണ്ടുക്കള്‍ വരുന്നത്. 2010 നുശേഷം അവ ആപ്പുകളായി രൂപാന്തരരപ്പെട്ടു. വോയ്സ്/ഇമേജ് വിവര്‍ത്തനവും വ്യക്തിനിഷ്ഠ നോട്ട്ബുക്കുകളും പോലുള്ള സൗകര്യങ്ങള്‍കൂടി അതിലേക്കു സംയോജിപ്പിച്ചു.
2019-ല്‍ ആരംഭിച്ച LEXICC എന്ന ഓപ്പണ്‍ സോഴ്‌സ് ടൂള്‍, പ്രിന്റ് നിഘണ്ടുക്കളെ ഇന്ററാക്റ്റീവ് ഓണ്‍ലൈന്‍ പതിപ്പുകളായി മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. വെബ് 2.0-ന്റെ വരവോടെ, ജനകീയമായി നിര്‍മ്മിക്കപ്പെടുന്ന ഭാഷാ ദത്തങ്ങളുടെ ഉദയത്തിന് വഴിയൊരുക്കി. ‘ആള്‍ക്കൂട്ട വിവേകം’ (Wisdom of crowds) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം, പുതിയ വാക്കുകള്‍, സ്ലാംഗ് , അനൗദ്യോഗിക അര്‍ത്ഥങ്ങള്‍ എന്നിവ അതിവേഗം രേഖപ്പെടുത്താന്‍ സഹായകമായി. വിക്കിനിഘണ്ടു (Wiktionary) ഇതിന് ഉദാഹരണമാണ്. ഔദ്യോഗിക നിഘണ്ടുക്കളില്‍ കാണാത്ത പ്രാദേശിക പ്രയോഗങ്ങള്‍, സ്ലാംഗ്, പുതിയ വാക്കുകള്‍ എന്നിവയുടെ ശേഖരമാണ് അര്‍ബന്‍ നിഘണ്ടുവില്‍ കാണാനാവുക.

ഭാഷാശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് കീഴ്‌പ്പെടാതെ തന്നെ ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ടെര്‍മിനോളജി തുടങ്ങി വിവിധ ജ്ഞാനവ്യവസ്ഥകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു അന്തര്‍വൈജ്ഞാനിക മണ്ഡലമായി ലെക്‌സിക്കോഗ്രാഫി പ്രയുക്ത ഭാഷാശാസ്ത്രത്തില്‍നിന്ന് സ്വതന്ത്രപദവി നേടി. ഭാഷകള്‍ക്കു മേലുള്ള അധീശത്വത്തെയും പുതിയ ലെക്‌സിക്കോഗ്രാഫര്‍ അഭിസംബ്ബോധന ചെയ്യുന്നനുണ്ട്. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് ഭാഷാ ആസൂത്രണത്തിനും ദേശീയ സ്വത്വം നിലനിര്‍ത്തുന്നതിനും ഈ ശാസ്ത്രീയ പദവി അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ആഗോളീകൃത കാലത്ത് കുറഞ്ഞ അളവില്‍ മാത്രം സംസാരിക്കപ്പെടുന്ന ഭാഷകളുടെ ഭാവിക്ക് അത്യാധുനിക കോര്‍പ്പസ് വിഭവങ്ങളും ലക്‌സിക്കോഗ്രാഫിക് സംവിധാനങ്ങളും അത്യാവശ്യമാണെന്ന് അവര്‍ വാദിക്കുന്നു. ശക്തമായ സൈദ്ധാന്തിക അടിത്തറയുടെയും സര്‍ക്കാര്‍ നിക്ഷേപത്തിന്റെയും അഭാവത്തില്‍, ഗ്ലോബല്‍ എഐ , സെര്‍ച്ച് എഞ്ചിന്‍ അല്‍ഗോരിതങ്ങള്‍ ഇംഗ്ലീഷ് പോലുള്ള പ്രബല ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഭാഷകള്‍ ‘ഡിജിറ്റല്‍ വംശനാശം’ (Digital extinction) നേരിടാന്‍ സാധ്യതയുണ്ട് എന്ന് അവര്‍ മുന്നറിയിപ്പ് തരുന്നു. യൂറോപ്പിലെ ചിതറിക്കിടക്കുന്ന നിഘണ്ടു വിഭവങ്ങളെ ഏകോപിപ്പിക്കുന്നതിനായാണ് ‘എലെക്‌സിസ്’ (European Lexicographic Infrastructure) പ്രോജക്റ്റ് സ്ഥാപിതമായത്.. ഡിജിറ്റല്‍ വംശനാശ ഭീഷണി നേരിടുന്ന ചെറിയ ഭാഷകളെ സഹായിക്കുക എന്നതാണു ലക്ഷ്യം.
ലക്‌സിക്കോഗ്രാഫിയിലെ ഇത്തരം മാറ്റങ്ങള്‍ക്ക് സമാന്തരമായി, ലക്‌സിക്കോളജിയിലും ‘ധൈഷണിക ദിശാവ്യതിയാനം ‘ (Cognitive Turn) എന്നറിയപ്പെടുന്ന ശ്രദ്ധേയമായ സൈദ്ധാന്തിക പുനഃക്രമീകരണം കൂടി നടന്നുണ്ട്. ഭാഷ മനുഷ്യന്റെ ബോധമണ്ഡലത്തില്‍ആഴത്തില്‍ വേരൂന്നിയ ഒന്നാണ്. അര്‍ത്ഥം രൂപപ്പെടുന്നത് ഉപയോഗത്തിലൂടെയാണ്, വ്യാകരണം സഹജമായ രൂപഘടനകളേക്കാളുപരി ബോധന പ്രക്രിയകളുടെ ഫലമാണ്. മനുഷ്യര്‍ അവരുടെ അനുഭവങ്ങളുടെയും ലോകവുമായുള്ള ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ ഭാഷാപരമായ ഘടകങ്ങളെ എങ്ങനെ തരംതിരിക്കുന്നുവെന്നും വിശകലനം ചെയ്യുന്നുവെന്നുമുള്ള അന്വേഷണത്തിനാണ് ധൈഷണിക നിഘണ്ടുവിജ്ഞാനീയം മുന്‍തൂക്കം നല്‍കുന്നത്. കോഗ്‌നിറ്റീവ് മാതൃകകളും ഫ്രെയിം സെമാന്റിക്‌സും ചേര്‍ത്താണ് പുതിയ സൈദ്ധാന്തികമാതൃക രൂപപ്പെടുത്തുന്നത്. പദകോശ പഠനത്തില്‍ ‘ഫ്രെയിമുകള്‍’ (Frames), ‘സ്‌ക്രിപ്റ്റുകള്‍’ (Scripts) എന്നിവയുടെ പ്രയോഗമാണ് പ്രധാനപ്പെട്ട മാറ്റം. ആശയ ഘടനയുടെയോ ‘ഫ്രെയിമിന്റെയോ’ പശ്ചാത്തലത്തില്‍ മാത്രമേ വാക്കുകളെ മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഫ്രെയിം സെമാന്റിക്‌സ് വാദിക്കുന്നു. കോശിമങ്ങളെ സാംസ്‌കാരിക ചിഹ്നങ്ങളായി കാണുകയും ദേശീയസ്വത്വവും മനോഭാവവും പാരമ്പര്യങ്ങളും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവയായി അവയെ വിഭാവനം ചെയ്യുകയുമാണ് ഇതിന്റെ രീതി. . പദസമുച്ചയങ്ങള്‍ സാംസ്‌കാരിക സ്മൃതിയില്‍ നിന്ന് എങ്ങനെ വീണ്ടെടുക്കപ്പെടുന്നുവെന്നും ആശയവിനിമയത്തില്‍ എങ്ങനെ സജീവമാകുന്നുവെന്നും ഈ സമീപനം വിശകലനം ചെയ്യുന്നു.
ഡിര്‍ക്ക് ഗീരാര്‍ട്സിനെപ്പോലുള്ള ( Quantitative Lexicology and Variational Linguistics -QLVL എന്ന ഗവേഷണ യൂണിറ്റിന്റെ സ്ഥാപകന്‍) ധൈഷണിക സാമൂഹ്യഭാഷാശാസ്ത്രജ്ഞര്‍ വാദിക്കുന്നത്, വാക്കുകളിലെ അര്‍ത്ഥമാറ്റങ്ങള്‍ സാമൂഹിക സ്വത്വവുമായും ശൈലികളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവ കോഗ്‌നിറ്റീവ് രീതികളും സോഷ്യോലിംഗ്വിസ്റ്റിക് രീതികളും ഉപയോഗിച്ച് പഠിക്കണം എന്നാണ്.

നിഘണ്ടു നിര്‍മ്മാണ മേഖല ഇപ്പോള്‍ ജനറേറ്റീവ് എഐയുടെയും (Generative AI) എല്‍എല്‍എമ്മുകളുടെയും (GPT, LLaMA പോലുള്ളവ) പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്.
2025-ല്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാത്തിമ അല്‍മെമാന്‍ നടത്തിയ പഠനത്തില്‍, വേഡ്‌നെറ്റിലെ ഉദാഹരണങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ എല്‍.എല്‍.എമ്മുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് വ്യത്യസ്ത ഇംഗ്ലീഷ് നിഘണ്ടുക്കളില്‍ നിന്നുള്ള നിര്‍വചനങ്ങളും പദങ്ങളും ഉള്‍പ്പെടുത്തി 3D-EX എന്ന ഡാറ്റാസെറ്റും, അര്‍ത്ഥത്തില്‍ നിന്ന് വാക്ക് കണ്ടെത്തുന്നതിനായി (Reverse dictionary) GEAR എന്ന രീതിയും അവര്‍ വികസിപ്പിച്ചു.
എഐ ചാറ്റ്‌ബോട്ടുകള്‍ ഭാഷാ പഠനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ടെങ്കിലും, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ പരമ്പരാഗത നിഘണ്ടുക്കള്‍ അത്യന്താപേക്ഷിതമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കൂടുതല്‍ വേഗതയും ഫലവുമുണ്ടെങ്കിലും തെറ്റായ അറിവുകള്‍ നല്കുന്ന പ്രവണത എ ഐ നിഘണ്ടുക്കള്‍ക്കുണ്ട് എന്നതാണ് പ്രശ്‌നം.
നിഘണ്ടു നിര്‍മ്മാണം കൂടുതല്‍ ഓട്ടോമേറ്റഡ് ആകുമ്പോള്‍, എഐ) മോഡലുകളിലെ പക്ഷപാതങ്ങള്‍ മറ്റൊരു വെല്ലുവിളിയാണ്. ഉദാഹരണത്തിന്, കമ്പ്യൂട്ടര്‍ നിര്‍മ്മിത നിഘണ്ടുക്കളില്‍ ലിംഗവിവേചനം കടന്നുകൂടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ എഐ നല്‍കുന്ന വിവരങ്ങള്‍ ലക്‌സിക്കോഗ്രാഫര്‍മാര്‍ നേരിട്ട് പരിശോധിച്ച് തിരുത്തുന്ന ‘ഹ്യൂമന്‍-ഇന്‍-ദി-ലൂപ്പ്’ (Human-in-the-loop) എന്ന സമീപനം സ്വീകരിക്കേണ്ടതാണെന്ന നിലപാടിലേക്കാണ് കാര്യങ്ങളെത്തുന്നത്.
മനുഷ്യനും ജീവിതവും മാറുന്നതനുസരിച്ച് ഭാഷയും മാറുന്നു, നിഘണ്ടുവും മാറിയേ തീരൂ എന്നതാണ് ഇതിന്റെയൊക്കെ ഫലശ്രുതി.

ഭാഗം അഞ്ച്

നിഘണ്ടുവിജ്ഞാനീയമേഖലയില്‍ പ്രസിദ്ധീകരിക്കുന്ന പ്രമുഖ റിസര്‍ച്ച് ജേര്‍ണലാണ് ‘Lexikos’ ലെക്‌സിക്കോസിലും മറ്റ് ജേര്‍ണലുകളിലും ഈ മേഖലയില്‍ വന്ന പഠനങ്ങള്‍ അനുബന്ധമായി വായിക്കാവുന്നതാണ്. ലിങ്കുകള്‍:
Schryver, Gilles-Maurice de. ‘Out-of-the-Box GPTs for Lexicography.’ Lexikos, vol. 35, no. 2, Dec. 2025, pp. 362-96. lexikos.journals.ac.za, https://doi.org/10.5788/35-2-2103.
ഇarapiര, Dragana, and Milica Vukoviര-Stamatoviര. ‘Gender Bias in Computer-Generated Thesauri: The Case of the Serbian Section of Kontekst.Io, a Thesaurus of Synonyms and Semantically Related Terms.’ Lexikos, vol. 35, no. 2, Sept. 2025, pp. 26-45. lexikos.journals.ac.za, https://doi.org/10.5788/35-2-2068.
Mrdak-Miരoviര, Milena, and Nataša Jovoviര. ‘Reconceptualising Contemporary Lexicography: Emotional Intelligence and the Sustainable Lexicographic Modelling of the Modal Verb Moരi.’ Lexikos, vol. 35, no. 2, Sept. 2025, pp. 143-64. lexikos.journals.ac.za, https://doi.org/10.5788/35-2-2070.
Schryver, Gilles-Maurice de. ‘Customised GPTs for Lexicography.’ Lexikos, vol. 35, no. 2, Dec. 2025, pp. 397-422. lexikos.journals.ac.za, https://doi.org/10.5788/35-2-2104.
Yeasmin, Sayma. ‘LANGUAGE AS A TOOL FOR DEFINING GENERATIONS: A STUDY ON GEN-Z LINGO.’ International Journal of Advanced Research, vol. 13, Jan. 2025, pp. 1373-81. ResearchGate, https://doi.org/10.21474/IJAR01/20328.
Lew, Robert. ‘Dictionaries and Lexicography in the AI Era.’ Humanities and Social Sciences Communications, vol. 11, Mar. 2024. ResearchGate, https://doi.org/10.1057/s41599-024-02889-7.

ഇതില്‍ ശ്രദ്ധേയമായ ഒരു പഠനം ലെക്‌സിക്കോസിനെപ്പറ്റിയുള്ളതുതന്നെയാണ്. ജേണലിന്റെ 35 വര്‍ഷത്തെ (1991-2025) ചരിത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിഘണ്ടു ഉപയോഗത്തെക്കുറിച്ചുള്ള (Dictionary use) പ്രായോഗിക പഥനങ്ങളുടെ ക്രമാനുഗത അവലോകനമാണ് (Systematic Literature Review). Fajt, Balázs, et al. ‘A Systematic Literature Review of Over Three Decades of Dictionary Use Research in Lexikos.’ Lexikos, vol. 35, no. 2, 2025, pp. 423-42. SciELO, https://doi.org/10.5788/35-2-2105. PRISMA രീതിശാസ്ത്രം പിന്തുടര്‍ന്നുകൊണ്ട്, പ്രസക്തമെന്ന് കണ്ടെത്തിയ 44 പ്രബന്ധങ്ങളാണ് പഠനത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. നിഘണ്ടു വിമര്‍ശനം കടന്ന് നിഘണ്ടുപഠനവിമര്‍ശനത്തിലേക്കുകൂടി നിഘണ്ടുവിജ്ഞാനീയം വളര്‍ന്നിരിക്കുന്നു എന്ന് സാരം. ഈ വിശകലനത്തില്‍നിന്നുള്ള പ്രധാന കണ്ടെത്തല്‍ 2012-ന് ശേഷം നിഘണ്ടു പഠനങ്ങളില്‍ വലിയ താല്പര്യം പ്രകടമാണ് എന്നതാണ് .പഠനങ്ങളില്‍ മിക്‌സഡ് മെത്തേഡുകള്‍ മുന്നിട്ടുനില്‍ക്കുന്നു, എന്നാല്‍ ദീര്‍ഘകാലയളവുകളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ (Longitudinal research) കുറവാണ് എന്നും ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ നിന്നാണ് കൂടുതല്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ഈ വിശകലനത്തില്‍ തെളിയുന്നു. പ്രൈമറി വിദ്യാഭ്യാസം, ഇംഗ്ലീഷ് ഇതര ഭാഷാ നിഘണ്ടുക്കള്‍ എന്നിവയിലെ ഗവേഷണങ്ങളുടെ കുറവും പഠനം ചൂണ്ടിക്കാണിക്കുന്നു.
പിന്നുര
ഓക്‌സ് ഫോര്‍ഡില്‍നിന്നാണ് തുടങ്ങിയത്. അതിനൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന മറ്റൊരു നിഘണ്ടു പരിശ്രമത്തില്‍ അവസാനിപ്പിക്കാം. നിഘണ്ടു എങ്ങനെ ഒരു രാഷ്ട്രീയ പ്രതിരോധമാവുന്നു എന്നതിന്റെ അസ്സല്‍ തെളിവുകൂടിയാണിത്. പറഞ്ഞു വരുന്നത് മരിയം വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവിനെക്കുറിച്ചാണ്. രാഷ്ട്രീയമായി മാത്രമല്ല, സാംസ്‌കാരികമായും ഭാഷാപരമായും അമേരിക്ക സ്വതന്ത്രവും സ്വയം പര്യാപ്തവുമാകണ മെന്ന വലിയ ലക്ഷ്യമാണ് ഈ നിഘണ്ടുവിലേക്ക് അമേരിക്കന്‍ ഭാഷാസ്‌നേഹികളെ എത്തിച്ചത്. പീറ്റര്‍ മാര്‍ട്ടിന്റെ The Dictionary Wars: The American Fight over the English Language എന്ന പുസ്തകം, അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണഘട്ടത്തിലെ ഈ നിര്‍ണ്ണായക സാംസ്‌കാരിക പോരാട്ടത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ്.
നിഘണ്ടുവിന്റെ ഉപജ്ഞാതാവായ നോഹ വെബ്സ്റ്റര്‍ വളരെ മുമ്പു തന്നെ ഭാഷാദേശീയതയുടെ പ്രശ്‌നമായി ഈ അമേരിക്കകന്‍ നിഘണ്ടു നിര്‍മ്മാണത്തെ വിഭാവനം ചെയ്യുന്നുണ്ട്. അദ്ദേഹം എഴുതി: ”ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍, ഭരണസംവിധാനത്തിലെന്നപോലെ ഭാഷയിലും സ്വന്തമായൊരു ശൈലി ഉണ്ടായിരിക്കുക എന്നത് നമ്മുടെ അന്തസ്സിന് അനിവാര്യമാണ്. നാം ആരുടെ മക്കളാണോ, ആരുടെ ഭാഷയാണോ നാം സംസാരിക്കുന്നത്, ആ ഗ്രേറ്റ് ബ്രിട്ടന്‍ ഇനിമുതല്‍ നമ്മുടെ മാനദണ്ഡമാകരുത്; കാരണം അവരുടെ എഴുത്തുകാരുടെ അഭിരുചികള്‍ ഇതിനകം തന്നെ ദുഷിച്ചു കഴിഞ്ഞു, അവരുടെ ഭാഷ അധഃപതിച്ചുകൊണ്ടിരിക്കുകയുമാണ്. …അമേരിക്കക്കാര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സ്വതന്ത്ര സ്വഭാവത്തെക്കുറിച്ചും എത്രതന്നെ വീരവാദം മുഴക്കിയാലും, അവരുടെ ചിന്താഗതികള്‍ ഇനിയും പൂര്‍ണ്ണമായി സ്വതന്ത്രമായിട്ടില്ല; തങ്ങളുടെ മാതൃരാജ്യത്തിന്റെ കലകളോടും സാഹിത്യത്തോടുമുള്ള വിസ്മയിപ്പിക്കുന്ന ആദരവും, അവരുടെ രീതികളെ അന്ധമായി അനുകരിക്കാനുള്ള പ്രവണതയും ഇപ്പോഴും അമേരിക്കക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. …ഇതാണ് അതിനുള്ള സമയം, ഇതാണ് അതിനു പറ്റിയ രാജ്യം. …അതുകൊണ്ട് നമുക്ക് ഈ നിമിഷം പ്രയോജനപ്പെടുത്താം, ഒരു ദേശീയ സര്‍ക്കാരിനൊപ്പം തന്നെ ഒരു ദേശീയ ഭാഷയും കെട്ടിപ്പടുക്കാം. …ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ വരുത്തുന്ന കാലതാമസം മാരകമായേക്കാം.’

അമേരിക്കന്‍ ഭാഷാപ്രയോഗങ്ങളെ വൈകല്യമായിക്കണ്ട് അതിനെ സ്ഥിരമായി അപഹസിക്കുന്ന ബ്രിട്ടീഷ് സമീപനത്തോടുള്ള എതിര്‍പ്പും ഈ നിഘണ്ടുവിനു പിന്നിലുണ്ടായിരുന്നു. തോമസ് ജെഫേഴ്‌സന്റെ കൃതികളെ വിമര്‍ശിച്ചുകൊണ്ട് ഒരു ലണ്ടന്‍ മാസികയില്‍ വന്ന പരാമര്‍ശം നോക്കുക” ‘ബെലിറ്റില്‍ (Belittle)!-എന്തൊരു പ്രയോഗമാണിത്!-ഇത് വിര്‍ജീനിയയില്‍ ഒരുപക്ഷേ മനോഹരമായ ഒന്നായിരിക്കാം, എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നതുമാകാം; എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ത്ഥം എന്താണെന്ന് ഊഹിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. നാണക്കേട്, മിസ്റ്റര്‍ ജെഫേഴ്‌സണ്‍! ബ്രിട്ടന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും, അതിനെ ഒരു അപരിഷ്‌കൃത നാടിനേക്കാള്‍ അല്പം മാത്രം മെച്ചപ്പെട്ട ഒന്നായി ചിത്രീകരിക്കുകയും ചെയ്ത ശേഷം, നിങ്ങള്‍ എന്തിനാണ് സദാസമയവും നമ്മുടെ ഭാഷയുടെ വ്യാകരണത്തെയും ചവിട്ടിമെതിക്കുന്നത്? … ഭാവിയിലെങ്കിലും, ഞങ്ങളുടെ മാതൃഭാഷയെ ഒന്ന് വെറുതെ വിടൂ-അതിനെ നശിപ്പിക്കരുതെന്ന് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു!’

എന്നാല്‍ നിഘണ്ടു നിര്‍മ്മാണം തുടക്കം തൊട്ടേ വലിയ ആശയകലാപങ്ങള്‍ക്കും കച്ചവടമല്‍സരങ്ങള്‍ക്കുമാണ് വഴിവെച്ചത്. നോഹ വെബ്സ്റ്ററുടെ സമൂലമായ പരിഷ്‌കരണവാദവും ജോസഫ് വോര്‍സെസ്റ്ററുടെ യാഥാസ്ഥിതിക ചെറുത്തുനില്‍പ്പുമായിരുന്നു ആദ്യഘട്ടത്തിലെ സംഘര്‍ഷത്തിനു കാരണമായത്. നോഹ വെബ്സ്റ്റര്‍ 1843-ല്‍ മരിക്കുന്നത് ‘ഒരു നിഘണ്ടു നിര്‍മ്മാതാവെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു എന്ന നിരാശയോടെയാണ് വെബ്സ്റ്ററുടെ മരണത്തോടെ ആ ബ്രാന്ഡിനെ കച്ചവടം ചെയ്യാനുള്ള മല്‍സരമാണ് നടന്നത് മരിയം സഹോദരന്മാരുടെ വിപണിതാത്പര്യങ്ങള്‍ നിഘണ്ടു താത്പര്യങ്ങളെ കുഴിച്ചുമൂടി. മറിയം വെബ്സ്റ്റര്‍ നിഘണ്ടുവായി രൂപം മാറിയതോടെ വെബ്സ്റ്ററുടെ ആശയങ്ങളേക്കാള്‍, അദ്ദേഹത്തിന്റെ എതിരാളിയായ വോര്‍സെസ്റ്ററുടെ പ്രായോഗികവും യാഥാസ്ഥിതികവുമായ സമീപനത്തിനാണ് മുന്‍തൂക്കം ഉണ്ടായത്. വെബ്സ്റ്ററുടെ വിപ്ലവകരമായ പരിഷ്‌കാരങ്ങളൊക്കെ ഒഴിവാക്കപ്പെട്ടു. നിഘണ്ടു വിജയിച്ചു. അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും നിഘണ്ടുകാരനും പരാജയപ്പെട്ടു.
തൊണ്ണൂറുകള്‍ഉടെ അവസാനമുണ്ടായ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കടന്നു കൂടിയ വിചിത്രമായ ഒരു സംഗതിയുണ്ട്. പദപരിചയം എന്നാണ് പേര്. നിഘണ്ടു എന്നാണ് ആദ്യമുണ്ടായിരുന്നത്. പാഠ്യപദ്ധതി കാഴ്ചപ്പാടായ ആശയ കേന്ദ്രിത ബോധനത്തിനു നേര്‍ വിപരീതമായ ഒരു സംഗതി. നിഘണ്ടു നോക്കാനുള്ള പരിചയം നല്‍കുക എന്നതായിരുന്നത്രെ ആദ്യകാല ലക്ഷ്യം. പിന്നീട് ലക്ഷ്യമെന്തെന്ന് അറിയാതെ പാഠാവസാനം കുറേ വാക്കുകളും അര്‍ത്ഥവും നല്‍കലായി. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ഈ നിഘണ്ടുരൂപം തയ്യാറാക്കിയത്. കുഴപ്പം പിടിച്ച പദവ്യാഖ്യാനങ്ങളാണ് പലതിലും കാണാനാവുക. ഈ പദപരിചയത്തെ വിമര്‍ശാത്മക വ്യവഹാരവിശകലനം ചെയ്തുകൊണ്ട് ഭാഷാബോധനവും പദപരിചയവും മലയാളപാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പഠനം എന്ന പ്രബന്ധം ദിവ്യ ടി. എസ് തയ്യാറാക്കിയത് അടുത്ത കാലത്തു വന്ന മികച്ച ഒരു നിഘണ്ടു വിമര്‍ശനമാണ്. അതില്‍കണ്ട ഒരുദാഹരണം കൂര – ചെറിയ വീട് എന്നാണ്. വലിപ്പം മാത്രം സൂചിപ്പിച്ചുകൊണ്ട് കൂര എന്ന വാക്കിന്റെ സാമൂഹിക യാഥാര്‍ത്ഥ്യം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ രാഷ്ട്രീയമാണ് ഉന്നയിക്കപ്പെടേണ്ടത്.

എഛ്.കെ.സന്തോഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x