ഡോ.അരുൺ മോഹൻ പി.

Published: 10 February 2026 കവര്‍‌സ്റ്റോറി

അറിവധികാരവും സാമൂതിരിയുടെ രേവതിപട്ടത്താനവും

സാമൂതിരി കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ട് കരുത്ത് കൊണ്ടും നയതന്ത്രജ്ഞതകൊണ്ടും അധികാരം വ്യാപിപ്പിച്ചു. ഈ അധികാരം നിലനിര്‍ത്താന്‍ പടക്കോപ്പുകളും സമ്പത്തും മാത്രം മതിയായിരുന്നില്ല. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബ്രാഹ്മണരെയും തന്റെ കൂടെ കൂട്ടാന്‍ സാമൂതിരിമാര്‍ ശ്രദ്ധിച്ചു. രേവതിപട്ടത്താനം, മാമാങ്കം, തൈപ്പൂയ മഹോത്സവം എന്നിവയിലൂടെയെല്ലാം തന്റെ സാംസ്‌കാരിക ഗരിമ ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ കച്ചവടത്തിനായി വന്ന യൂറോപ്യന്മാര്‍ കേരളത്തിന്റെ രാഷ്ട്രീയാധികാരത്തില്‍ ഇടപെട്ടില്ലായിരുന്നുവങ്കില്‍ സാമൂതിരിമാര്‍ കേരളത്തില്‍ മറ്റൊരു രാഷ്ട്രീയചരിത്രം നിര്‍മ്മിക്കുമായിരുന്നു. പില്‍ക്കാലത്ത് കച്ചവടത്തില്‍ കേരളത്തിലെ മറ്റ് നാട്ടുരാജാക്കന്മാരുടെ കൂട്ടുപിടിച്ച് വൈദേശികശക്തികള്‍ സാമൂതിരിയുടെ രാഷ്ട്രീയാധികാരത്തെ ദുര്‍ബലമാക്കി. ഇതോടെ സാമ്പത്തികമായ ഇടപെടലുകളിലും അവര്‍ക്ക് കടുത്ത പ്രയാസങ്ങളുണ്ടായി. മൈസൂരില്‍ നിന്നും ഹൈദരാലിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ ഇടപെടല്‍ മുതല്‍ക്ക് സാമൂതിരിയെന്ന പദവിയും രാഷ്ട്രീയാധികാരവും ചോദ്യംചെയ്യപ്പെട്ടു. സി.ഇ. പതിനെട്ടാം നൂറ്റാണ്ടില്‍ അഭിമാനക്ഷതമേറ്റ സാമൂതിരിയുടെ ആത്മഹത്യയും, ശേഷിച്ചവരുടെ പലായനവും, അധിനിവേശ ശക്തികള്‍ക്ക് നല്‌കേണ്ടിവന്ന നികുതിഭാരവുമെല്ലാം രാജാവ് എന്ന പദവിയില്‍നിന്നും അടുത്തൂണ്‍പറ്റിയ അധികാരി എന്ന നിലയിലേക്ക് സാമൂതിരിയെ എത്തിച്ചു. ഈ അവസ്ഥകള്‍ക്ക് മുമ്പുള്ള സാമൂതിരിയുടെ കൊട്ടിച്ചെഴുന്നള്ളത്തുകളും അരിയിട്ടുവാഴ്ചയും തിരുവന്തളിയും മാമാങ്കവും തൈപ്പൂയോത്സവവും രേവതിപട്ടത്താനവുമെല്ലാം സാമൂതിരിയെന്ന അധികാരിയുടെ രാഷ്ട്രീയപരവും സാംസ്‌കാരികവുമായ കരുത്തിനേയും വിഭവശേഷിയേയും പ്രതിനിധാനം ചെയ്യുന്നുണ്ട്. 
 
സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ പെരുമാള്‍ വാഴ്ച അവസാനിക്കുകയും നാട്ടുടയവന്മാര്‍ സ്വരൂപികളായിത്തീരുകയയും ചെയ്തു. സി.ഇ. പതിനൊന്നാം നൂറ്റാണ്ടിലെ ജൂതശാസനത്തില്‍ സാക്ഷിയായ എറാളനാടുടൈയ മാനവേപലമാനവീയന്‍ ഈ സ്വരൂപികളുടെ മുന്‍ഗാമിയാണ്. സി.ഇ. പതിമൂന്നാം നൂറ്റാണ്ടിലെ വീരരാഘവപ്പട്ടയത്തില്‍ ചിരവൈരികളായ പന്നിയൂര്‍ – ചോകിരം ഗ്രാമങ്ങളെ സാക്ഷിപ്പട്ടികയില്‍ കാണാനാകും. അപ്പോഴേക്കും പൊര്‍ളാതിരിയില്‍ നിന്നും പോളനാട് സ്വന്തമാക്കി എറാളനാടുടയവരില്‍ നിന്നും സാമൂതിരി എന്ന നിലയിലേക്കുള്ള പരിവര്‍ത്തനം സാമൂതിരിമാര്‍ക്ക് സാധ്യമായിത്തുടങ്ങിയിരുന്നു. സി. ഇ. പതിനാലാം നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ മുസിരിസ് തുറമുഖം കടലെടുത്തപ്പോള്‍ സുപ്രധാന തുറമുഖങ്ങളായ കോഴിക്കോടും പൊന്നാനിയും ആധികാരികമായി സാമൂതിരിപ്പാടിന്റേതായിത്തീര്‍ന്നിരുന്നു. അധികാരശക്തിയാല്‍ തിരുന്നാവായയിലെ മാമാങ്കസ്ഥാനവും സാമൂതിരി വള്ളുവനാടില്‍ നിന്നും കൈക്കലാക്കി. ഈ വിധം രാഷ്ട്രീയാധികാരത്താല്‍ ഭൂവിസ്തൃതിയും, സാംസ്‌കാരികവും മതപരവുമായ അധീശത്വവും തന്ത്രപരമായി വികസിപ്പിക്കാന്‍ സാമൂതിരിക്ക് സാധിക്കുന്നുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട അറേബ്യന്‍ വ്യാപാരികളേയും മുസ്ലീം ജനവിഭാഗത്തേയും തന്റെ കൂടെ നിര്‍ത്താന്‍ അവര്‍ക്കായി. സാംസ്‌കാരികവും മതപരവുമായ ഉന്നതിക്ക് ബ്രാഹ്മണസമൂഹത്തിന്റെ പിന്തുണ അനിവാര്യമായിരുന്ന ഘട്ടത്തില്‍ വിജ്ഞാനികള്‍ക്കായി കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു വിദ്വല്‍സദസ്സ് സംഘടിപ്പിക്കപ്പെട്ടു. വിജയിക്കുന്നവര്‍ക്ക് പണക്കിഴികളായിരുന്നു സമ്മാനം. സര്‍വ്വോപരി ഭട്ടസ്ഥനവും ലഭിച്ചു. വിജ്ഞാനത്തിന്റെ കുത്തക അക്കാലത്ത് കയ്യാളിയിരുന്നവര്‍ ഈ മത്സരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. വ്യക്തമായ ചടങ്ങുകള്‍, കൃത്യമായ മൂല്യനിര്‍ണയം, സുഭിക്ഷമായ അമൃതേത്ത് എന്നിവ രേവതിപട്ടത്താനത്തെ സവിശേഷമാക്കി. 
 
കേരളീയര്‍ സി.ഇ. പതിനാലാം നൂറ്റാണ്ടില്‍ കച്ചവടമേഖലയില്‍ വലിയ വളര്‍ച്ച കൈവരിച്ചിരുന്നു. ഇതിന് കാരണമായ അനുകൂല ഘടകങ്ങളിലൊന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വളര്‍ച്ചക്ക് സ്വാഭാവികമായി സഹായകമാകുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള കാലാവസ്ഥയും പ്രകൃതിയുമാണ്. നാടുവാഴി സ്വരൂപങ്ങള്‍ക്ക് യഥേഷ്ടം ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും ഈ ഭൂഘടന ഉപകരിച്ചു. ഏകീകൃത ഭരണം ഇവിടെ അസ്തമിച്ചിരുന്നു. സമ്പത്തും അധികാരവും വര്‍ദ്ധിച്ചപ്പോള്‍ ഈ ഭൂമേഖലയിലെ കേന്ദ്രീകൃതാധികാരം കയ്യാളുന്ന നിലയിലേക്ക് സാമൂതിരിക്ക് വളര്‍ച്ചയുണ്ടായി. ആരാധനാലയങ്ങളെ കേന്ദ്രീകരിക്കുന്ന സാമ്പത്തികവാഴ്ച ഇക്കാലത്തും പ്രബലമായിത്തുടര്‍ന്നു. ഇതിന്റെ പൂര്‍വമാതൃക പെരുമാള്‍വാഴ്ചക്കാലത്ത് കാണാനാകും. ഇതോടൊപ്പം വിഭിന്നതലങ്ങളിലുള്ള വിദ്യാശാലകളും സംജാതമായി. സി.ഇ. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളില്‍ അധികാരികളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന വിദ്യാശാലകളുണ്ടായിരുന്നു. ആതുരാലയങ്ങളായും ഇവ സേവനമനുഷ്ഠിച്ചു. തുടര്‍ന്നുള്ള കാലങ്ങളില്‍ സഭാമഠങ്ങള്‍ രൂപപ്പെട്ടു. അവ വേദപഠനത്തിനുള്ള സുപ്രധാനകേന്ദ്രങ്ങളായി. ഇവിടെ നിന്നും വേദവിജ്ഞാനികളും സാഹിത്യതത്പരരുമായ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി. അവര്‍ മണിപ്രവാളസാഹിത്യത്തിനും സംഭാവനകള്‍ നല്കിയവരായിരുന്നു. രാജസദസ്സുകളെ അലങ്കരിക്കാനും അവരുടെ ഉപദേശസമിതികളില്‍ അംഗമാകാനും അവര്‍ തത്പരരായിരുന്നു. ഇത്തരമൊരു ഘട്ടത്തെ സാംസ്‌കാരികമായി ഉപയോഗപ്പെടുത്താന്‍ സാമൂതിരിക്കും അദ്ദേഹത്തോടൊപ്പം നിന്നവര്‍ക്കും സാധ്യമായി എന്നതിന്റെ തെളിവായി രേവതിപട്ടത്താനം മാറി.
 
പട്ടത്താനവും ചടങ്ങുകളും
 
പട്ടത്താനത്തിന്റെ സാമാന്യമായ ചടങ്ങുകള്‍ മനസ്സിലാക്കാന്‍ കോഴിക്കോടന്‍ ഗ്രന്ഥവരി ഉപകാരപ്രദമാണ്. തുലാമാസത്തിലെ രേവതി നാളില്‍ ആരംഭിക്കുന്ന വിദ്വല്‍ പരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് ഭട്ടസ്ഥാനം നല്കുന്ന ചടങ്ങാണ് രേവതി പട്ടത്താനം. ഇതോടൊപ്പം പണക്കിഴിയും ലഭിക്കുന്നു. കൊല്ലവര്‍ഷം 854 ലെ പട്ടത്താനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കോഴിക്കോടന്‍ ഗ്രന്ഥവരിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് (എന്‍.എം.നമ്പൂതിരി: 1987). ധനുമാസത്തില്‍ പട്ടത്താനം നടത്തിപ്പിന്റെ അറിയിപ്പായി തിരുവെഴുത്തുകള്‍ അയക്കുന്നതാണ് പ്രധാന നടപടികളിലൊന്ന്. കൊല്ലവര്‍ഷം 854 ല്‍ അയച്ച കത്തിനെ സംബന്ധിക്കുന്ന ഗ്രന്ഥവരി രേഖപ്പെടുത്തല്‍ ഇപ്രകാരമാണ്; ”ഹരിശ്രീഗണപതയെനമ അവിഘ്‌നമസ്തു കൊഴിക്കൊട്ട തളിയില്‍ തുലാഞായെറ്റില്‍ ഇരവതി പട്ടത്താനത്തിന വിള്‍കലം ഉണ്ടാകയില്‍ താനം കൊള്ളുവാന്‍ തിരുവിള്ളത്തിലെറി കല്‍പിക്കെയില്‍ ഉണ്ടായെ വര്‍ത്തമാനങ്ങളും പണത്തിന്റെ മുതല്‍ ചിലവും എഴുതിയ കണക്ക കൊല്ലം എണ്ണൂറ്റ അന്‍പത്തി നാലാമത മീനവ്യാഴം മീനഞായെറ്റില്‍ കൊഴിക്കൊട്ട കൊവിലകത്ത ഇരുന്നരുളെ മുന്‍പ നാലു ശാസ്ത്രത്തിലും ഉള്ള സഭ കൊഴിക്കൊട്ടിന്ന എത്തുവാന്‍ എഴുതിയ നെടിയ തിരുവെഴുത്തിലെ വാചകം. തെക്കെദിക്കില്‍ ഉള്ള പട്ടതിരിമാര്‍ക്കു കൊതമംഗലത്ത ഭട്ടകളുടെ യൊഗം കണ്ടുകാരിയമാവത എന്നും വടക്കുദിക്കില്‍ ഉള്ള ഭട്ടതിരിമാര്‍ക്ക ചെവിയന്നൂര ഭട്ടകളുടെ യൊഗം കണ്ടുകാരിയമാവത എന്നും രണ്ട നെടിയ തിരുവെഴുത്ത എഴുതിയതിലെ വാചകം.
 
കൊഴിക്കൊട്ട തളിയില്‍ തുലാഞായെറ്റില്‍ ഇരവതി പട്ടത്താനത്തിന വിള്‍കലം ഉണ്ടാകയില്‍ താനം കൊള്ളുവാന്‍ തക്കവണ്ണം നാം കല്‍പിച്ചു അതിന കൊല്ലം എണ്ണൂറ്റ അന്‍പത്തിനാലാമത ധനൂ ഞായെര്‍ 25ന് സഭ കൊഴിക്കൊട്ടിന്ന എത്തുകെയും വേണംയെന്ന വാചകത്തിന രണ്ടു നെടിയ തിരുവെഴുത്ത എഴുതി കൊടുമുണ്ടെ കരുമാട്ട പട്ടതിരി പക്കല്‍ കൊടുത്ത അയെക്കയുഞ്ചെയ്തു” (എന്‍.എം.നമ്പൂതിരി: 1987, പുറം-265,266)   ഇതു പ്രകാരം നാലു വിഭാഗങ്ങളിലായി മത്സരം നടക്കുന്നു. നടക്കുമ്പോള്‍ മുമ്പ് സഭയില്‍ സംബന്ധിച്ചവര്‍ സന്നിഹിതരായിരിക്കും. മുമ്പ് പട്ടത്താനത്തില്‍ പങ്കെടുത്ത് ഭാട്ടസ്ഥാനം നേടിയ ഇവരെ പഴയതാനക്കാര്‍ എന്നാണ് ഗ്രന്ഥവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍വ്വാധികാരികളില്‍ പ്രമാണിയായ മങ്ങാട്ടച്ചനും സഭയിലുണ്ടാകും. ഈ പട്ടത്താനത്തില്‍ മൂന്നാംകൂര്‍ നമ്പ്യാതിരി തിരുമുല്‍പ്പാട് സാമൂതിരി കുടുംബത്തില്‍ നിന്നും സന്നിഹിതനാകുന്നു. മത്സരം നടക്കുന്നത് തളിക്ഷേത്രത്തിലെ വാതില്‍ മാടത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലായാണ്. നമ്പൂതിരിയും അച്ചന്മാരും (ഉദ്യോഗസ്ഥര്‍) വാതില്‍മാടത്തിലേക്ക് എഴുന്നള്ളുന്നു. തളിയിലെ അറതുറന്ന് നാല് നിലവിളക്കുകള്‍ എടുക്കുന്നു. തെക്കേ വാതില്‍ മാടത്തിന്റെ തെക്കേ അറ്റത്ത് വെക്കുന്ന വിളക്ക് പ്രഭാകരത്തിന്. അതിന്റെ വടക്കുഭാഗത്ത് വെക്കുന്ന വിളക്ക് ഭാട്ടത്തിന്. വടക്കേ വാതില്‍മാടത്തിന്റെ തെക്കേ അറ്റത്ത് വെക്കുന്ന വിളക്ക് വ്യാകരണത്തിന്. അതിന്റെ തെക്കേ അറ്റത്ത് വെക്കുന്ന വിളക്ക് വേദാന്തത്തിന്. ഇതിനുശേഷം ആചാരപരമായ ചടങ്ങുകള്‍ അരങ്ങേറും. ഇത്തവണത്തെ സഭയ്ക്കുളള സദ്യ വേറെ തന്നെ കഴിക്കുന്നതിന് രാജകല്പന ഉണ്ട്. പാചകത്തിന് നേതൃത്വം ചേന്നമങ്ങലത്ത് നിന്ന്, അതിനായി 4 ബ്രാഹ്മണര്‍. തേങ്ങ അരക്കുന്നതിനും പപ്പടം കാച്ചുന്നതിനും പരദേശികള്‍, അരിചില്ലാനം കൊള്ളുവാനും കണക്കെഴുതുവാനും അച്ചന്മാര്‍, സദ്യ മികച്ചതാക്കാന്‍ പേരകത്ത് കോവിലേയും, വിളമ്പല്‍ പ്രവൃത്തിക്ക് കൈയിത്തറെ ഈശ്വര വാര്യരേയും ഏര്‍പ്പാടാക്കിയിരിക്കുന്നു. കരുതിയതിലധികം ബ്രാഹ്മണര്‍ തളിയില്‍ കൂടിയതിനാല്‍ സദ്യ വലിയരീതിയില്‍ തന്നെ നടത്താന്‍ രാജകല്പനയുണ്ട്.
 
തുടര്‍ന്ന് മത്സരം തകൃതിയില്‍ നടന്നതിന് ശേഷം രോഹിണി നാളില്‍ നടന്ന ചടങ്ങാണ് ഇനി വിവരിക്കുന്നത്. തൃക്കയ്യില്‍ എടുത്തിരിക്കുന്ന പണം 4078. ഇതുകൂടാതെ 42 കിഴികളില്‍ പണം 109 ½ വീതം കെട്ടിയത്  4578. ഇത് കൂടാതെ നമസ്‌കരിക്കാന്‍ ഒരു കിഴി പണം കൂടെ ഉണ്ട്. കോഴിക്കോടന്‍ കോല്‍(പുടവ)ക്ക് വലംപിടിയില്‍ ആണീ 43 കിഴിയും തയ്യാറാക്കിയിട്ടുള്ളത്. ഇത് കൂടാതെ ചന്ദനം, മുല്ലപ്പൂ, വെറ്റില, ചെത്തിയ പച്ചടക്ക (അടക്ക) എന്നിവയും കിഴികെട്ടി വച്ചിട്ടുണ്ട്. അഗ്രശാലയില്‍ മുറി അടുക്കളയുടെ പടിഞ്ഞാറ് ഭാഗത്ത് നിലവിളക്ക് വെച്ച് പടിഞ്ഞാറ് വെച്ചിട്ടുള്ള രണ്ടു വിളക്കുകള്‍ക്ക് നടുവില്‍ ഒരു പള്ളിപ്പലക വച്ച് അതിനുമേല്‍ ഒരു പരവതാനി മടക്കിവെക്കുന്നു. അതിനു മുകളില്‍ വെള്ളപ്പുടവ വിരിക്കുന്നു. ഇവയ്ക്കടുത്ത് വലതുഭാഗത്ത് വെറ്റില, അടക്ക, ചന്ദനം, മുല്ലപ്പൂ എന്നിവ വെക്കുന്നു. പഴയ സഭയില്‍ നിന്നും പങ്കെടുക്കേണ്ട നാലരയില്‍ നിന്നും തിരുത്തിയാല്‍ പട്ടതിരി, ആരിയം(പെള്ളി)  പട്ടതിരി, പയ്യൂര്‍ പട്ടതിരി എന്നീ മൂന്നുപേര്‍ വിളക്കിനടുത്തിരുന്ന് താനം കൊള്ളുവാന്‍ രാജകല്പന പ്രകാരം വാതില്‍ മാടത്തില്‍ ഇരുന്നതിന്റെ ശേഷം താനം കൊള്ളുവാന്‍ ഉള്ളവരെ പ്രഖ്യാപിക്കേണ്ട സമയമായി പഴയ സഭക്കാര്‍ അഥവാ മൂല്യനിര്‍ണയം നടത്തിയവര്‍ തമ്മില്‍ അഭിപ്രായ സമന്വയം ഇല്ലാത്തിനാല്‍ 7 ദിവസം കൊണ്ട് പൂര്‍ത്തിയാകേണ്ട മത്സരം 12 ദിവസം വരെ നീണ്ടു. മൂല്യനിര്‍ണയം നടത്തിയവര്‍ ഭട്ടസ്ഥാനം നല്‌കേണ്ടുന്നവരുടെ പേര് പറയാത്തതിനാല്‍ മൂന്നാംകൂര്‍ നമ്പ്യാതിരി സഭയില്‍ ഉള്ള ചിലരോട് സംസാരിച്ചിട്ടും ഒരു തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാല്‍ താനത്തില്‍ പങ്കെടുത്ത യോഗ്യതനേടിയവര്‍ക്കും പഴയസഭയായ നാലരയില്‍ നാലുപേര്‍ക്കും കൂടി 46 കിഴി പണം കൊടുക്കാന്‍ കല്പിച്ചത് ഇട്ടിക്കരുണാകരമേനോന്‍ കണക്കോലയില്‍ എഴുതിവെച്ചു. ഓല മങ്ങാട്ടച്ചനായ ഉണ്ണിരാമമേനോന്‍ ആചാരപരമായി പരവതാനിയില്‍ ഇരുന്ന് വായിച്ചു. ഈ സമയം പഴവും തേങ്ങയും നമ്പൂതിരി ഗണപതിക്ക് നിവേദിച്ചു. ആയതിന് ശേഷം മങ്ങാട്ടച്ചന്‍ സാമൂതിരിയേയും സഭയേയും തൊഴുതതിന് ശേഷം ആദ്യം പ്രഭാകരമീമാംസയിലെ സ്ഥാനികളെ ക്രമത്തില്‍ വായിച്ചു. വെറ്റില, അടക്ക, ചന്ദനം, മുല്ലപ്പൂ എന്നിവയോടൊപ്പം തേയാരിയായ നമ്പൂതിരി എടുത്ത് തൃക്കൈയില്‍ കൊടുത്തത് സ്ഥാനിക്ക് ലഭിച്ചു. സ്ഥാനി മേപ്പുടവ വിരിച്ച് ഇവയെല്ലാം വെച്ചതിനുശേഷം തിരുമുടി തൊട്ട് അനുഗ്രഹിക്കുകയും ചെയ്തു.
 
കൊല്ലവര്‍ഷം 854ല്‍ നടന്ന ഈ പട്ടത്താനത്തില്‍ 46 കിഴികളാണ് നല്കപ്പെട്ടത്. ഇക്കൊല്ലം പ്രഭാകര മീമാംസക്ക് 12 കിഴി, ഭാട്ടമീമാംസക്ക് 12 കിഴി, വ്യാകരണത്തിന് 10 കിഴി, വേദാന്തത്തിന് 11 കിഴി, വെച്ചുനമസ്‌ക്കാരത്തിന് 1 കിഴി. കിഴികള്‍ കൈക്കൊണ്ട 45 പേരുടെയും വിവരങ്ങള്‍ കൊല്ലവര്‍ഷം 854 മീനമാസം 9ന് ചെറിയാംനത്ത ഇളയതും പാറെച്ചേകരനംപിയും ചുനങ്ങാട്ടു തലച്ചെന്നവരും കൂടിയാണ് നിരൂപിച്ചെഴുതിയത്. പ്രഭാകരമീമാംസയില്‍ പങ്കെടുത്ത പന്ത്രണ്ടു പേര്‍, 1. തിരുവല്ലങ്ങാട്ട് ശ്രീകുമാരപട്ടതിരി, 2. തൊട്ടപ്പായ തുപ്പപട്ടതിരി, 3. ചാത്തമംഗലത്ത് നംപാത പട്ടതിരി, 4. അരപ്പനാട്ട് വാസുദേവ പട്ടതിരി, 5. കല്ലുംവെള്ളി നീലകണ്ഠപട്ടതിരി, 6. ചൊറ്റാട്ടൂര് പരത്തിപ്പുറെ നാറാണ പട്ടതിരി, 7. നെടുംപുറത്ത് വാസു പട്ടതിരി, 8. ചെവുര് നാറാണപട്ടതിരി, 9. ത്രചിയില്‍ പരമെശ്വര പട്ടതിരി, 10. പരുത്തിപ്പള്ളി തെനന്‍ പട്ടതിരി, 11. കാരിയൂര് നാറാണ പട്ടതിരി, 12. പെരുംപടപ്പില്‍ നടുവില്‍ ചാതപട്ടതിരി. ഭാട്ടമീമാംസയില്‍ പങ്കെടുത്ത 12 പേര്‍, 1. മെപ്പത്തൂര് ചംകര പട്ടതിരി, 2. കവിയൂര് നീലകണ്ഠ പട്ടതിരി, 3. പള്ളിപ്പാട്ട് പരമേശ്വര പട്ടതിരി, 4. തലവനാട്ടു ചംകര പട്ടതിരി, 5. ചൂളമണ്ണ അഷ്ടമൂര്‍ത്തി പട്ടതിരി, 6. മൂത്താട്ട് നാറാണ പട്ടതിരി, 7. കണ്ണനൂര് തെക്കെടത്ത് ഉണ്ണിരാമ പട്ടതിരി, 8. ആറ്റുപുറത്തെ ഭാസ്‌കര പട്ടതിരി, 9. പെരുംപുലാവില്‍ മുല്ലെപ്പള്ളി അഷ്ടമൂര്‍ത്തി പട്ടതിരി, 10. തിരുത്തിയില്‍ ദാമൊദര പട്ടതിരി, 11. മെലെപ്പെരും പുലാവില്‍ പരമെശ്വര പട്ടതിരി, 12. കണിശ്ശാങ്കെ ശ്രീകുമാര പട്ടതിരി. വ്യാകരണത്തില്‍ പങ്കെടുത്ത 10 പേര്‍, 1. മറയഞ്ചെരി തെക്കെടത്ത് ചംകര പട്ടതിരി, 2. എറ്റിക്കടെ പ്രമത്ത പട്ടതിരി, 3. ആനല്ലൂര് നാരായണ പട്ടതിരി, 4. ചെറുകൊള്ളി തുപ്പ പട്ടതിരി, 5. പള്ളിപ്പുറത്ത് പത്തനാപട്ടതിരി, 6. പൊക്കളത്ത് കുറുവൂര് നാറാണ പട്ടതതിരി, 7. എടെങ്കെര കുറുവൂര് പ്രമത്ത പട്ടതിരി, 8. കല്‍പ്പള്ളി പരമെശ്വര പട്ടതിരി, 9. യളവള്ളി കുപ്പുളിങ്ങാട്ട് വാസുദെവ പട്ടതിരി, 10. ചെലെരി വാസുദെവ പട്ടതിരി. വേദാന്തത്തില്‍ പങ്കെടുത്ത 11 പേര്‍, 1. കുറുവട്ടൂര് നാറാണ പട്ടതിരി, 2. കിരങ്ങാട്ട് നാറാണ പട്ടതിരി, 3. ഉഴത്തുവാല്‍ വാസുദെവ പട്ടതിരി, 4. പാതാക്കരെ പടിഞ്ഞാറെടുത്ത് പരമെശ്വര പട്ടതിരി, 5. മണ്ണിയങ്ങൊട്ട് കഴത്തിന് അകത്ത് ഇരവി പട്ടതിരി, 6. മണ്ണിയങ്ങൊട്ട് മുത്തെറൊങ്ങാട്ട് പൊത്തറത പട്ടതിരി, 7. കരുനാട്ട് പരമെശ്വര പട്ടതിരി, 8. കാണെക്കല്‍ അനാവൃത പട്ടതിരി, 9. കാന്നൂര് ചാത പട്ടതിരി, 10. എടെതാട്ട് പംപത്ത് വാരണാതി ഇരവി പട്ടതിരി, 11. ഇട്ടിയാപ്പറംപത്ത് പൊരുതിയില്‍ നീലകണ്ഠ പട്ടതിരി. 
 
അറിവധികാരത്തിന്റെ സാമൂതിരി പര്‍വ്വം 
 
സി.ഇ. പതിനേഴാം നൂറ്റാണ്ടില്‍ 1679ല്‍ നടന്ന രേവതി പട്ടത്താനത്തിലെ വിവരങ്ങളാണ് മുകളില്‍ പരാമര്‍ശിച്ച വിവരണത്തിലുള്ളത്. മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും ഭട്ടതിരിമാരാണ്. പട്ടത്താനത്തിന് ക്ഷണിച്ചുകൊണ്ടുള്ള തിരുവെഴുത്ത് കൊണ്ടുപോകുന്നതും ഭട്ടതിരിയാണ്. സാമൂതിരി പക്ഷത്ത് നിന്നും ഏറനാട്ട് മൂന്നാംകൂര്‍ നമ്പ്യാതിരി തിരുമുല്‍പ്പാടാണ് സന്നിഹിതനായത്. അന്നത്തെ മങ്ങാട്ടച്ചന്‍ ഉണ്ണിരാമ മേനോനാണ്. നാല് ബ്രാഹ്മണരാണ് സദ്യക്ക് നേതൃത്വം. സഹായിക്കാന്‍ പരദേശിബ്രാഹ്മണരുണ്ട്. വിളമ്പുന്ന പ്രവൃത്തിക്ക് ഈശ്വരവാര്യരെ കൂട്ടിയിട്ടുണ്ട്. കിഴിനല്കുന്ന ചടങ്ങില്‍ പിഷാരടി പരാമര്‍മശമുണ്ട്. മുഖ്യമായും വേദപണ്ഡിതന്മാരായ ബ്രാഹ്മണര്‍ക്ക് വേണ്ടിയുള്ള ഈ ചടങ്ങില്‍ സംബന്ധിക്കുന്ന മറ്റ് ബ്രാഹ്മണര്‍ക്കുള്ള ബൃഹദ്‌സദ്യയും പ്രധാനമാണ്.
സമ്പത്തും കരുത്തും കൊണ്ട് തന്റെ രാജ്യാതിര്‍ത്തി അഥവാ അപ്രമാദിത്വം കോഴിക്കോടിന് തെക്കോട്ടും വടക്കോട്ടും വ്യാപിപ്പിക്കാനായി. പക്ഷേ, അവരുടെ സാമുദായികനില ഏറാടി എന്നതില്‍ നിന്നും ക്ഷത്രിയത്വത്തിലേക്കുള്ളതാണ്. അതുറപ്പിക്കാന്‍ ബ്രാഹ്മണബന്ധുത്വം സഹായകമാകും. പട്ടത്താനവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ സ്വദേശികളായ കാക്കശ്ശേരി ഭട്ടതിരി, മേല്‍പത്തൂര്‍ ഭട്ടതിരി എന്നിവരെല്ലാം തലയെടുപ്പോടെ നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം തമിഴ് ബ്രാഹ്മണരായ ഉദ്ദണ്ഡശാസ്ത്രികളും ചിദംബരകവിയും ഉണ്ട്. ഉദ്ദണ്ഡന്‍ സകലകലാവല്ലഭനായി അറിയപ്പെട്ടു. ഉദ്ദണ്ഡനെ പരാജയപ്പെടുത്തിയ മലയാളത്തുകാരന്‍ എന്നതാണ് കാക്കശ്ശേരി ഭട്ടതിരിയുടെ പ്രസക്തി. ചിദംബരമാകട്ടെ സാമൂതിരിയെ നായകനാക്കി ലക്ഷ്മീമാനവേദം എന്ന പേരില്‍ ഒരുനാടകം തന്നെ രചിച്ചു. ഈ നാടകത്തില്‍ വീതിഹോത്ര ഗോത്രവാരാകര പാരിജാതസ്യ എന്ന വിശേഷണത്തിലൂടെ സാമൂതിരിമാരെ അഗ്‌നികുലക്ഷത്രിയന്മാരായി ചിത്രീകരിക്കുന്നു (എം.ജി.എസ്.നാരായണന്‍: 2001, പുറം-86).
 
ഈവിധമുള്ള അംഗീകാരം തന്നെയാണ് അക്കാലത്തെ അറിവധികാരത്തിനുടമകളായ ബ്രാഹ്മണരെ രേഖാമൂലം ക്ഷണിച്ച് ഉപചാരപൂര്‍വ്വം മത്സരിപ്പിച്ച് പണക്കിഴികളും ഭട്ടസ്ഥാനവും സമ്മാനിക്കുന്നതിലൂടെ സാമൂതിരിത്തലമുറകള്‍ ആഗ്രഹിച്ചത്. ഒരുപക്ഷേ, കയ്യൂക്കിലൂടെ അധികാരം പിടിച്ചടക്കുമ്പോളുണ്ടാകാവുന്നതിനേക്കാള്‍ സംസതൃപ്തി ഇത്തരം അനുഗ്രഹാശിസ്സുകളിലൂടെ സാമൂതിരിമാര്‍ അനുഭവിച്ചിരിക്കണം. മാത്രവുമല്ല ഗ്രാമക്ഷേത്രങ്ങളും സഭായോഗങ്ങളുമൊക്കെയായി സംഘടിതരായി നിന്ന പുരോഹിത വര്‍ഗത്തെ പരസ്പരം മത്സരിപ്പിക്കുക എന്നതിലുപരി അതിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം സാമൂതിരി ഭരണാധിപന്മാര്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കൊല്ലവര്‍ഷം 854ലെ പട്ടത്താനം തെളിയിക്കുന്നുണ്ട്. വിധികര്‍ത്താക്കള്‍ തമ്മില്‍ അഭിപ്രായൈക്യം ഇല്ലാത്തതിനാല്‍ 12 ദിവസമായിട്ടും സ്ഥാനികളെ നിര്‍ണ്ണയിക്കാനാകുന്നില്ല. അതിനാല്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ പണക്കിഴി വീതം നല്കി. നല്കുക എന്നതിലൂടെ അനുഭവിക്കുന്ന രാജകീയ അധികാരത്തിന്റെ ശക്തിപ്പെടുത്തലാണ് സാമൂതിരിക്ക് ആവശ്യമായുള്ളത്. യൂറോപ്യന്‍ മിഷണറിമാര്‍ നടപ്പിലാക്കിയ ആധുനിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പ് കേരളത്തിലെ അറിവു വിതരണം സാമുദായികമായിട്ടായിരുന്നു. അതിന്റെ തുടര്‍ച്ചയ്ക്ക് ആധാരം പാരമ്പര്യവുമായിരുന്നു. അറിവിന്റെ തോതളക്കുന്ന പട്ടത്താനം ബ്രാഹ്മണ പണ്ഡിതന്മാരെ മാത്രം പരിഗണിക്കുന്നു. ഈ പരിഗണനയിലൂടെ ബ്രാഹ്മണരുടെ അറിവിനെ മത്സരം നടത്തി വിധികല്പിച്ച് സ്ഥാനം നല്കുന്ന അധികാരിയാണ് സാമൂതിരി. അറിവധികാരത്തെ രാഷ്ട്രീയാധികാരത്തിന് അനുകൂലമായി ഉപയോഗിച്ചതിന്റെ കേരളചരിത്രത്തിലെ ഒരുത്തമ മാതൃകയെന്ന് ഈ ഘട്ടത്തില്‍ രേവതിപട്ടത്താനത്തെ വിലയിരുത്താം.
 
സഹായകഗ്രന്ഥങ്ങള്‍
1. കോഴിക്കോടിന്റെ കഥ, എം.ജി.എസ്. നാരായണന്‍, ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഫൗണ്ടേഷന്‍, ഒറ്റപ്പാലം, 2001.
2. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, എന്‍.എം.നമ്പൂതിരി, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 1987.
3. സാമൂതിരിപെരുമ, ഡോ.വി.വി.ഹരിദാസ്, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2012.

ഡോ.അരുൺ മോഹൻ പി.

അസിസ്റ്റന്റ് പ്രൊഫസര്‍, മലയാള വിഭാഗം, ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.

4 3 votes
Rating
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x