ഐഷു ഹഷ്ന

Published: 10 March 2026 കവിത

പെണ്ണുങ്ങളുടെ പാമ്പും കോണിയും

കുമ്മട്ടിക്കടയിലിരുന്നു കൂട്ടിയിട്ടും കിഴിച്ചിട്ടും ശിഷ്ടമില്ലാത്ത കണക്കുകളെയെല്ലാം അക്കങ്ങളാക്കി
തലയിൽ ചുറ്റിയ തട്ടത്തിലൊളിപ്പിച്ച് മഗ്‌രിബാകുമ്പോഴേക്കും മൂത്തു വീട്ടിലെത്തും.

മുണ്ടിന്റെ കോന്തലയിൽ കെട്ടിയ നാരങ്ങാമുട്ടായി ഓടിയെത്തുന്നയെനിക്ക് വായിലിട്ട് തന്ന് പല്ല് മുയ്യോനും പുയു തിന്നൂന്ന് പറഞ്ഞ് തലയിലെ തട്ടം ഊരി തിണ്ണയിലേക്കെറിയും.

തിണ്ണയിൽ കാലുംനീട്ടിയിരുന്നു മൊഹിയുദ്ദീൻ മാല ഉച്ചത്തിലോതുമ്പോഴേക്കും മൂത്തൂന്റെ മോള് ആട്ടിൻ പാലൊഴിച്ച ചായ കൊടുക്കും.

മഴയത്തും
വെയിലത്തും
മഞ്ഞത്തും
മൂത്തൂന്റെ കളർ കുപ്പായങ്ങൾ നനഞ്ഞിരുന്നു.

ചായകുടിച്ചു കാലും മോറും കഴുകി വീട്ടിലേക്ക് കയറുമ്പോൾ മൂത്തു എന്നെ നോക്കി ചിരിക്കും.

അത്താഴം കഴിഞ്ഞ് മുറ്റത്തേക്ക് നോക്കി ഞങ്ങളിരിക്കുമ്പോൾ
മഹറിന്റെ ചരടിൽ കെട്ടി ആകാശത്തേക്ക് പറത്തിവിട്ട മൂത്തൂന്റെ മോള് ഉമ്മാന്റെ തട്ടം നിവർത്തിയിടും.

കുമ്മട്ടിക്കടയിൽ നിന്നും ഉമ്മാന്റെ തട്ടത്തിലിട്ട് കൊണ്ടുവന്ന
അക്കങ്ങളെ ഒന്ന് മുതൽ നൂറ് വരെ ചിട്ടയായി നിരത്തിയിടും.

അവളുടെ മടക്കി വച്ച ചുവന്ന കല്യാണ സാരിയുടെ ഇടയിൽ നിന്നും പാമ്പുകളെ ഊർത്തിയെടുത്ത്
98 മുതലുള്ള അക്കങ്ങളിൽ തൂക്കിയിടും.

ഞാനെന്റെ പുസ്തകങ്ങൾക്കിടയിൽ നിന്നും പെരുക്കപട്ടിക ഊരിയെടുത്ത് ഏണിയാക്കി 99 മുതലുള്ള അക്കങ്ങളിൽ കൊളുത്തിയിടും.

മൂത്തു കവിളിലെ കാക്കപ്പുള്ളി ടോക്കണാക്കും,
ഓര്ടെ മോള് സൂചികോർത്തുകോർത്ത് കയ്യിൽ വിരിഞ്ഞ തയമ്പ് ടോക്കണാക്കും.
ഞാനോ ടീച്ചർ നുള്ളിയ കരുവാളിപ്പെടുത്ത് ടോക്കണാക്കും.

ഇളകിയിരുന്ന അടുപ്പ് കല്ലിൽ നിന്നൊരു കല്ലെടുത്ത് ഡൈസ് ആക്കി ഞങ്ങൾ പാമ്പും കോണിയും കളിക്കാനിക്കും.

വിജയിച്ചു മുന്നേറിയ മൂത്തൂനെയാദ്യം പാമ്പ് വിഴുങ്ങി,
പാമ്പിന് ഉപ്പൂപ്പാന്റെ മോന്തേന്ന് മൂത്തു

മൂത്തൂന്റെ മോളെയും പാമ്പ് വിഴുങ്ങി,
ഓളെ വിഴുങ്ങിയ പാമ്പിന് ഉസ്താദിന്റെ മോന്തേന്ന് ഓള്.

എന്നെ വിഴുങ്ങാനിഴഞ്ഞ പാമ്പിനെ ഞാൻ ഡൈസ് കൊണ്ടെറിഞ്ഞു കൊന്നു.
ജനിച്ചപ്പോൾ മുതൽ ഉറക്കത്തിൽ ഓടിക്കുന്ന തെളിയാത്ത മുഖങ്ങളെല്ലാം പാമ്പിന്റെ മുഖമായി തെളിഞ്ഞു.

ആദ്യം കണ്ട ഏണി കേറി 99 എത്തിയ ഞാൻ നൂറിലേക്ക് കയറാൻ കാലുയർത്തി നിന്നു.
മൂത്തുവും ഓര്ടെ മോളും പാമ്പിന്റെ വാലിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ എന്നെ എത്തിനോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഐഷു ഹഷ്‌ന

0 0 votes
Rating
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Tajmanzoor Taj
Tajmanzoor Taj
3 hours ago

അതിജീവനത്തിന്റെയും അടിച്ചമർത്തലിന്റെയും പെൺകണക്കുകൾ
സ്ത്രീജീവിതത്തിന്റെ ആകുലതകളെയും സാമൂഹികമായ കെട്ടുപാടുകളെയും അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മനോഹരമായ ഒരു കവിതയാണിത്. പാമ്പും കോണിയും എന്ന ലളിതമായ കളിയെ ജീവിതത്തിന്റെ വലിയൊരു രൂപകമാക്കി മാറ്റിക്കൊണ്ട്, മൂന്ന് തലമുറയിലെ സ്ത്രീകളുടെ പോരാട്ടങ്ങളെയും പരാജയങ്ങളെയും കവി ഇവിടെ അവതരിപ്പിക്കുന്നു. കുമ്മട്ടിക്കടയിലെ അധ്വാനവും തട്ടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ജീവിതത്തിന്റെ ബാക്കിവരാത്ത കണക്കുകളുമാണ് കവിതയുടെ ആമുഖം. മൂത്തു എന്ന കഥാപാത്രം കേവലം ഒരു സ്ത്രീയല്ല, മറിച്ച് കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റുന്ന, എന്നാൽ സ്വന്തം സ്വപ്നങ്ങൾ തട്ടത്തിനുള്ളിൽ ഒളിപ്പിക്കേണ്ടി വരുന്ന ഒരു ജനതയുടെ പ്രതീകമാണ്.
കവിതയിലെ ബിംബങ്ങൾ ഓരോന്നും രാഷ്ട്രീയമായ അർത്ഥതലങ്ങൾ വഹിക്കുന്നവയാണ്. കളിക്കാൻ ഉപയോഗിക്കുന്ന ടോക്കണുകൾ പോലും അവരുടെ ജീവിതത്തിലെ വേദനകളുടെ അടയാളങ്ങളാണ്. മൂത്തുവിന്റെ കവിളിലെ കാക്കപ്പുള്ളിയും മകളുടെ കയ്യിലെ ജോലി ചെയ്ത് തഴമ്പിച്ച പാടുകളും കവിക്ക് ടീച്ചർ നൽകിയ കരുവാളിപ്പും ചേരുമ്പോൾ കളി തുടങ്ങുന്നത് തന്നെ മുറിവേറ്റ ഇടങ്ങളിൽ നിന്നാണെന്ന് വ്യക്തമാകുന്നു. അടുപ്പുകല്ലിൽ നിന്ന് അടർത്തിയെടുത്ത കല്ല് ഡൈസ് ആകുന്നത് ദാരിദ്ര്യത്തിനിടയിലും അവർ കണ്ടെത്തുന്ന അതിജീവനത്തിന്റെ മാർഗ്ഗമാണ്. വിവാഹശേഷം മടക്കിവെച്ച ചുവന്ന സാരിക്കിടയിൽ നിന്ന് പാമ്പുകൾ ഇഴഞ്ഞു വരുന്നത്, കുടുംബം എന്ന വ്യവസ്ഥിതി എങ്ങനെയാണ് സ്ത്രീയുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയുന്നത് എന്നതിന്റെ സൂചനയാണ്.
ഈ കവിതയിലെ ഏറ്റവും വിപ്ലവാത്മകമായ ഭാഗം പാമ്പുകൾക്ക് നൽകിയിട്ടുള്ള മുഖങ്ങളാണ്. സ്ത്രീകളെ വിഴുങ്ങുന്ന പാമ്പുകൾക്ക് ഉപ്പൂപ്പയുടെയും ഉസ്താദിന്റെയും മുഖമാണെന്ന് കവി പറയുമ്പോൾ, അത് കുടുംബത്തിനകത്തും മതപരമായ ചട്ടക്കൂടുകൾക്കുള്ളിലും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയാണ് വിരൽ ചൂണ്ടുന്നത്. മകൾക്ക് മുന്നേറാൻ കഴിയാത്തത് ഈ പാമ്പുകൾ അവളെ വിഴുങ്ങുന്നത് കൊണ്ടാണ്. എന്നാൽ പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന കവി, തന്നെ വിഴുങ്ങാൻ വരുന്ന പാമ്പിനെ ഡൈസ് കൊണ്ട് എറിഞ്ഞു കൊല്ലുന്നു. പാരമ്പര്യമായി ഭയപ്പെടുത്തിയിരുന്ന മുഖങ്ങളെ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുന്നതിലൂടെ കവി ഒരു വിമോചന പ്രഖ്യാപനം നടത്തുന്നു.
ഏണി കയറി 99-ൽ എത്തുമ്പോഴും താഴെ പാമ്പിന്റെ വാലിൽ ശ്വാസം മുട്ടുന്ന മുൻതലമുറയെ നോക്കി ചിരിക്കാൻ കഴിയുന്നത് വരാനിരിക്കുന്ന മാറ്റത്തിന്റെ അടയാളമാണ്. തങ്ങളുടെ ജീവിതം പാഴായിപ്പോയെങ്കിലും അടുത്ത തലമുറയെങ്കിലും നൂറിലെത്തി വിജയിക്കട്ടെ എന്ന മുൻതലമുറയുടെ ആഗ്രഹവും ആ ചിരിയിലുണ്ട്. ചുരുക്കത്തിൽ, അടുക്കളയിലെ പുകയ്ക്കും തട്ടത്തിന്റെ മറവിനും ഇടയിൽ ശ്വാസം മുട്ടിപ്പോകുന്ന പെൺജീവിതങ്ങളെ പാമ്പും കോണിയും എന്ന രൂപകത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കാൻ ഈ കവിതയ്ക്ക് സാധിച്ചിട്ടുണ്ട്.

1
0
Would love your thoughts, please comment.x
()
x