
അഞ്ജു ഫ്രാൻസിസ്
Published: 10 March 2026 കവിത
ചിറകുകൾ തുന്നിയ വെളുത്ത കുപ്പായങ്ങൾ
അടുക്കള
ഞങ്ങളുടേതെന്ന തോന്നലിൽ
നിന്ന്
മുക്തയായ പെണ്ണുങ്ങൾ,
കടുംമഞ്ഞ സാരിയുടുത്തു
തെരുവിൽ
പാട്ടുപാടുകയും
പ്രേമത്തെകുറിച്ച്
സദാചാരമില്ലാതെ
കവിതയെഴുതുകയും
ആൾപാർപ്പില്ലാത്ത കൊടും
വനങ്ങളിലേയ്ക്ക്
ഏകാന്തയാത്രയ്ക്ക്
പേര് കൊടുക്കുകയും
ചെയ്യുന്നു
കരിമ്പൻ കുത്തിയ
ഉടുപ്പുകളിൽ
പൂമ്പാറ്റകളെ വരയ്ക്കുകയും
മുറ്റത്തെ ഇലഞ്ഞി മരത്തിൽ
നിന്ന്
പൂവൊടിച്ചു
ചൂടുകയും
ചോരയിൽ വിരൽ മുക്കി
കടങ്കഥകൾ എഴുതുകയും
സ്വാതന്ത്ര്യത്തെകുറിച്ച്
അപകടകരമായി
ചിന്തിക്കുകയും
ചെയ്യുന്നു.
എച്ചിലും
എമ്പക്കവും
വിളമ്പിയ
തീൻമേശയ്ക്ക് ചുറ്റുമിരുന്നു
നിങ്ങളവരെ ഭോഗിക്കുന്നു..
കുലീനമല്ലാത്ത ചിരിയെന്നും
നോട്ടമെന്നും
മുഖത്തിന് ചേരാത്ത വാക്കെന്നും
സഭ്യമായ
തമാശയിൽ
പുതിയ ചായക്കടയുടെ
മുൻപിലിരുന്നു
പൊതിഞ്ഞു പറയുന്നു.
പഞ്ചേന്ദ്രിയങ്ങളിൽ
സ്നേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന
ഒരു ചൂണ്ടകൊളുത്ത്
ഞങ്ങളെ എല്ലായ്പ്പോഴും
അകത്തേയ്ക്ക്
കൊളുത്തി വലിക്കുന്നെന്ന്
അറിയാതിരുന്നതല്ല
നിങ്ങൾ
ചുരുട്ടിപ്പിടിക്കുംതോറും
ചുരുങ്ങിപ്പോകുന്ന
ലോകത്ത്
കോട്ടിയ ചിരികളുടെ
അരികത്തൂടെ
വേണമെങ്കിൽ
ഞങ്ങൾ
ഒരു പൂച്ചനടത്തം
നടക്കാം
നീ
ഇത്ര മതിയെന്ന്
നിനക്ക്
ഇത്ര മതിയെന്ന്
പല മാതിരി പറച്ചിലുകൾ
ഞങ്ങൾ വക വയ്ക്കാറില്ല…
വെളുത്ത കുപ്പായങ്ങളിൽ
ചിറകുകൾ തുന്നിയുള്ള
ഒതുക്കിപിടിത്തങ്ങളിൽ നിന്ന്
ഞങ്ങൾ വരാല് പോലെ
വഴുതാറേയുള്ളൂ..
നിങ്ങളുടേത് പോലെ
ഞങ്ങളുടെ
ഉടുപ്പുകളും
കറപിടിച്ചു കോറത്തുണികളായി
നിങ്ങൾക്ക് പരിചിതമല്ലാത്ത
നിറങ്ങളിൽ ഇപ്പോൾ
ഞങ്ങളവയെ മുക്കി നിവർത്തുന്നു
വെട്ടിയൊതുക്കാത്ത നഖങ്ങളുള്ള
കാലുകളുമായി ഞങ്ങൾ നടന്നു പോകുന്നു.
ഞങ്ങൾക്ക് പറക്കുകയേ വേണ്ട…

