
ഡോ.രാജലക്ഷ്മി എം.
Published: 05 April 2026 കവര്‍സ്റ്റോറി
രാജശേഖരന്റെ ഭാവയിത്രിപ്രതിഭയും വൂൾഫ്ഗാങ്ങ് ഈസറുടെ പാരായണസിദ്ധാന്തവും
സംഗ്രഹം
സാഹിത്യത്തിന്റെ വികാസത്തിനും പ്രസരണത്തിനും വായനക്കാരന്റെ അഥവാ ആസ്വാദകന്റെ പങ്ക് എന്താണ്? ഒരു കൃതി എപ്രകാരമാണ് വായിക്കപ്പെടുന്നത്? വായിക്കുന്തോറും അർത്ഥതലങ്ങൾ രൂപപ്പെടുന്നതെങ്ങിനെ? തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി പാശ്ചാത്യ സാഹിത്യദർശനത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള സിദ്ധാന്തമാണ് റീഡർ റെസ്പോൺസ് ക്രിട്ടിസിസം. (അനുവാചക പ്രതികരണസിദ്ധാന്തം) പ്രസ്തുത സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ വൂൾഫ് ഗാങ്ങ് ഈസറുടെ അഭിപ്രായത്തിൽ കവിയും വായനക്കാരനും പരസ്പര പൂരകങ്ങളായി വർത്തിക്കുമ്പോഴാണ് ഒരു കൃതി പൂർണ്ണത പ്രാപിക്കുന്നത്. വായന സജീവവും ക്രിയാത്മകവുമായ ഒരു പ്രക്രിയയാണെന്നും വായനയാണ് ഒരു കൃതിക്ക് ജീവൻ നല്കുന്നതെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. ഭാരതീയസാഹിത്യദർശനങ്ങളിലെ മുഖ്യസിദ്ധാന്തങ്ങളായ രസം, ധ്വനി, തുടങ്ങിയ തത്ത്വങ്ങളുടെ അടിത്തറ രൂപപ്പെടുന്നത് തന്നെ സഹൃദയനിഷ്ഠമായ ആനന്ദത്തെയും അർത്ഥ പ്രതീതിയെയും മുൻനിർത്തിയാണ് കാവ്യാസ്വാദകനെ അഥവാ അനുവാചകനെ ഭാവകൻ എന്ന് വിശേഷിപ്പിക്കുന്ന രാജശേഖരൻ കവിയ്ക്കെന്ന പോലെ ഭാവകനും പ്രതിഭ അനിവാര്യമാണെന്നും കവിവ്യാപാരമാകുന്ന വൃക്ഷം കായ്ക്കുകയും പൂക്കുകയും ചെയ്യുന്നത് നല്ല ഭാവകന്മാരിലൂടെയാണെന്നും സിദ്ധാന്തിക്കുന്നു. ഭാവകനെ സംബന്ധിച്ചുള്ള രാജശേഖരന്റെ കാഴ്ച്ചപ്പാടുകളും വായനാ പ്രക്രിയയേക്കുറിച്ചുള്ള ഈസറുടെ കാഴ്ച്ചപ്പാടുകളും തമ്മിലുള്ള വിശകലനമാണ് പ്രസ്തുത പ്രബന്ധം ലക്ഷ്യമാക്കുന്നത്.
ആമുഖം
ശിലയിൽ പോലും സൗന്ദര്യം കൊണ്ട് വരുന്ന തരത്തിലുള്ള കവിഭാവനയേയും ആവിഷ്കാരഭംഗിയേയും ആസ്വദിക്കുവാനും കവി മുന്നോട്ട് വെയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ ഉൾക്കൊള്ളുവാനും പരിലസിപ്പിക്കുവാനും ഭാവനാസമ്പന്നനായ ആസ്വാദകൻ അനിവാര്യമാണെന്ന് സംസ്കൃതസാഹിത്യവിമർശകർ അഭിപ്രായപ്പെടുന്നു. സഹൃദയനെ അഥവാ ഭാവകനെ ലക്ഷ്യമാക്കിക്കൊണ്ടാണ് കാവ്യം രചിക്കപ്പെടേണ്ടതെന്നും കാവ്യത്തിന്റെ വളർച്ചയിൽ സഹൃദയൻ വഹിക്കുന്ന പങ്കും സംസ്കൃതസാഹിത്യ വിമർശനം ഊന്നിപറയുന്നു. അനുവാചകൻ, ഭാവകൻ, സഹൃദയൻ, പ്രേക്ഷകൻ, എന്നീ പേരുകളിലെല്ലാം ആസ്വാദകൻ അറിയപ്പെടുന്നുണ്ട്. സരസ്വതിയുടെ അഥവാ സാഹിത്യത്തിന്റെ പൊരുൾ കവിയിലും സഹൃദയനിലും തുല്യമായി നിലകൊള്ളുന്നു എന്നാണ് അഭിനവ ഗുപ്തന്റെ പക്ഷം.
‘സരസ്വത്യാസ്തത്വം കവിസഹൃദയാഖ്യം വിജയതേ1
രചനാരൂപത്തിലുള്ള കവിയുടെ വ്യാപാരവും ആസ്വാദനരൂപത്തിലുള്ള സഹൃദയവ്യാപാരവും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഇവ രണ്ടും ഒരിടത്ത് സമന്വയിക്കുമ്പോൾ സാഹിത്യം ശ്രേഷ്ഠമാകുന്നു എന്നും അഭിനവഗുപ്തൻ പ്രസ്തുത സൂക്തിയിലൂടെ വ്യക്തമാക്കുന്നു. അഭിനവഗുപ്തൻ സഹൃദയനെ നിർവചിക്കുന്നുമുണ്ട്.
“നിരന്തരമായ കാവ്യാസ്വാദന ശീലം കൊണ്ട് കണ്ണാടി പോലെ നിർമ്മലമായി തീർന്ന തന്റെ ഹൃദയത്തിൽ താൻ ആസ്വദിക്കുന്ന കൃതിയിൽ പ്രതിപാദിക്കപ്പെടുന്ന വിഷയവുമായി താദാത്മ്യം പ്രാപിക്കുവാൻ കഴിയുന്നത് ആർക്കാണോ അയാളെ സഹൃദയൻ എന്ന് വിളിക്കാം.” 2
ഉത്തമകൃതിയുടെ ആസ്വാദനവേളയിൽ കവിഹൃദയവും ആസ്വാദകഹൃദയവും ഒന്നായി തീരുന്ന അവസ്ഥയെ ഹൃദയസംവാദം എന്നാണ് അഭിനവഗുപ്തൻ നിർവ്വചിക്കുന്നത്. ഹൃദയസംവാദം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് രസസിദ്ധാന്തം മുന്നോട്ടുപോകുന്നത്. സഹൃദയന്റെ ആഹ്ളാദമാണ് കാവ്യത്തിന്റെ മൗലിക സ്വഭാവം എന്ന് ധ്വനികാരനായ ആനന്ദവർദ്ധനൻ വ്യക്തമാക്കുന്നു.3 (സഹൃദയാഹ്ലാദിശബ്ദാർതഥമയത്വം ഏവ കാവ്യലക്ഷണം) ധ്വനിദർശനത്തിന്റെ അടിസ്ഥാനതത്വമായ വ്യംഗ്യാർത്ഥത്തിന്റെ പ്രതീതി ഉളവാകുന്നത് സഹൃദയമനസ്സുകളിലാണ്.
ധ്വനിയെ നിരസിച്ച് അനുമാനത്തെ സ്ഥാപിക്കുന്ന മഹിമഭട്ടന്റെ പക്ഷത്തിലും അനുമാനപ്രതീതി ഉളവാകുന്നത് സഹൃദയനിലാണ്. കവിയും ഭാവകനും ഒന്നു ചേരുമ്പോഴാണ് കാവ്യം പൂർണ്ണമാകുന്നത് എന്ന് കാവ്യമീമാംസാകാരനായ രാജശേഖരൻ അഭിപ്രായപ്പെടുന്നു. ഭാവകനെക്കുറിച്ചും ഭാവയിത്രി പ്രതിഭയെക്കുറിച്ചും ഭാവകരിലെ ഭേദങ്ങളെക്കുറിച്ചും പറയുന്ന രാജശേഖരന്റെ അഭിപ്രായങ്ങൾ ശ്രദ്ധേയങ്ങളാണ്.
രാജശേഖരൻ – ഭാവയിത്രി പ്രതിഭ
AD ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായിട്ടാണ് രാജശേഖരന്റെ ജീവിതകാലം എന്ന് കണക്കാക്കപ്പെടുന്നു. യായാവരീയൻ എന്ന പേരിൽ സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ കാവ്യശാസ്ത്രഗ്രന്ഥമാണ് കാവ്യമീമാംസ. സാഹിത്യചർച്ചയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെയെല്ലാം ക്രോഡീകരിച്ചു കൊണ്ട് 18 അധികരണങ്ങളോട് കൂടിയ ഗ്രന്ഥമായിട്ടാണ് രാജശേഖരൻ കാവ്യമീമാംസയെ പരിചയപ്പെടുത്തുന്നത്. അതിന്റെ ഒന്നാം അധികരണം മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതിലെ നാലാം അദ്ധ്യായത്തിലാണ് ഭാവകനെകുറിച്ചും ഭാവയിത്രി പ്രതിഭയെക്കുറിച്ചും ഭാവകഭേദങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നത്. കാവ്യമീമാംസ കൂടാതെ കർപ്പൂരമഞ്ജരി, വിദ്ദ്വസാലഭഞ്ജിക, ബാലരാമായണം, ബാലഭാരതം എന്നീ നാടകങ്ങളുടെ രചയിതാവ് കൂടിയാണ്. രാജശേഖരൻ ഹരവിലാസം, ഭുവനകോശം തുടങ്ങിയ ഗ്രന്ഥങ്ങൾ കൂടി രാജശേഖരന്റെതായി പ്രതിപാദിക്കപ്പെടുന്നുണ്ട്.
രാജശേഖരന്റെ അഭിപ്രായത്തിൽ കാവ്യത്തിന്റെ കാരണം പ്രധാനമായും പ്രതിഭയാണ്. പ്രതിഭയാകട്ടെ കാരയിത്രി എന്നും ഭാവയിത്രി എന്നും രണ്ടുതരം. കാവ്യനിർമ്മാണത്തിന് കവിയ്ക്ക് ഉപകാരപ്പെടുന്നത് കാരയിത്രി. കാവ്യസ്വാദനത്തിന് ഭാവകന് ഉപകരിക്കപ്പെടുന്ന പ്രതിഭയാണ് ഭാവയിത്രി. അതാണ് കവിയുടെ ശ്രമത്തെയും അഭിപ്രായത്തേയും മനസ്സിലാക്കാൻ ഭാവകനെ സഹായിക്കുന്നത്. അതൊന്നുകൊണ്ട് മാത്രമാണ് കവിയുടെ വ്യാപാരമാകുന്ന വൃക്ഷം കായ്ക്കുന്നതും പൂക്കുന്നതും. അതില്ലെങ്കിൽ കവിയുടെ പ്രയത്നം വിഫലമായി തീരും. കവിയും ഭാവകനും ഒന്നായി തീരുന്ന അവസ്ഥയാണ് കാവ്യാസ്വദനം. കാരയിത്രിപ്രതിഭ സ്വർണ്ണത്തെ നിർമ്മിക്കുന്നതുപോലെയും ഭാവയിത്രി പ്രതിഭ സ്വർണ്ണം ഉരച്ച് നോക്കുന്ന കല്ലിനെയും പോലെയാകുന്നു. കവി സൃഷ്ടിക്കുന്നു. ഭാവകൻ അതിന്റെ മാറ്റുരച്ച് പരിശോധിക്കുന്നു. കവി സൃഷ്ടിക്കുന്നു, ഭാവകൻ പുന:സൃഷ്ടിക്കുന്നു. ഒരു പക്ഷേ കവി സഹൃദയനും സഹൃദയൻ കവിയുമാകാം എന്നും രാജശേഖരൻ അഭിപ്രായപ്പെടുന്നു.4
ഭാവകഭേദങ്ങൾ
അരോചകികൾ, സതൃണാഭ്യവഹാരികൾ, മത്സരികൾ, തത്വാഭിനിവേശികൾ എന്നിങ്ങനെ നാലു തരം ഭാവകരെ രാജശേഖരൻ പരിചയപ്പെടുത്തുന്നു. ഒന്നാമത്തെ വിഭാഗത്തിൽപ്പെട്ടവർ വിവേകശാലികളാണ്. അടയോട് കൂടി ഇലയും ഭക്ഷിക്കുന്ന തരത്തിലുള്ളവരാണ്. സതൃണാഭ്യവഹാരികൾ അവർ വിവേകശൂന്യരാണ്. ഗുണങ്ങൾ കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്നവരാണ് മത്സരികൾ. നാലാമത്തെ വിഭാഗക്കാരായ തത്വാഭിനിവേശികളാകട്ടെ കാവ്യമർമ്മം അറിയാൻ ശ്രമിക്കുന്നവരാണ്. അവരാണ് യഥാർത്ഥത്തിൽ കാവ്യത്തെ വളർത്തുന്നവർ. അത്തരക്കാർ വിരലിൽ എണ്ണാവുന്ന തരത്തിൽ വളരെ കുറവായിരിക്കും.5
തത്വാഭിനിവേശികൾ ശബ്ദങ്ങളെ വിവേചനം ചെയ്ത് മനസ്സിലാക്കുന്നു. സൂക്തികൾ കൊണ്ട് സന്തോഷിക്കുന്നു. കാവ്യരസാമൃതം നുണഞ്ഞനുഭവിക്കുന്നു. താല്പര്യാർത്ഥത്തെ അന്വേഷിക്കുകയും ചെയ്യുന്നു.6
യഥാർത്ഥ ഭാവകൻ കവിയുടെ ഉടമസ്ഥൻ, സുഹൃത്ത്, മന്ത്രി, ശിഷ്യൻ, ആചാര്യൻ, എന്നിങ്ങനെ എല്ലാ തരത്തിലും കവിയെ പ്രോത്സാഹിപ്പിക്കുന്നു. ഭാവകനിലൂടെ നാനാദിശകളിലേക്ക് കാവ്യം വ്യാപരിക്കാൻ ഇടയായില്ലെങ്കിൽ അത് കവിമനസ്സിൽ തന്നെ രൂപം കൊണ്ട് അവസാനിക്കുന്ന ഒന്നായി നിഷ്ഫലമായി തീരും. 7
കാവ്യസൃഷ്ടിയുടെ പൂർണ്ണതയ്ക്ക് അഥവാ വികാസത്തിന് ഭാവകൻ അഥവാ ആസ്വാദകൻ വഹിക്കുന്ന പങ്കിനെയാണ് രാജശേഖരൻ ചൂണ്ടിക്കാണിക്കുന്നത്. നീരസമായ വസ്തുക്കളിൽ പോലും സൗന്ദര്യം കണ്ടെത്തുകയും മനോഹരമായി ആവിഷ്കരിക്കുകയും മനുഷ്യമനസ്സിന്റെ വൈകാരികാനുഭൂതികളെയും സങ്കീർണ്ണതകളെയുമെല്ലാം ഭാവതീവ്രമായി ആവിഷ്കരിക്കുകയും ചെയ്യുന്ന കവിയെ യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ കാവ്യസൌന്ദര്യം അനുഭവിക്കാൻ ഉദാത്താശയങ്ങളെ സ്വാംശീകരിച്ച് പ്രസരിപ്പിക്കാൻ യഥാർത്ഥ ഭാവകനു മാത്രമേ കഴിയൂ. അവരില്ലെങ്കിൽ കാവ്യം നിഷ്ഫലമാകുമെന്ന രാജശേഖരന്റെ അഭിപ്രായങ്ങളോട് സമാനത പുലർത്തുന്നവയാണ് പാശ്ചാത്യസാഹിത്യസിദ്ധാന്തത്തിൽ ഉരുത്തിരിഞ്ഞുവന്ന റീഡർറെസ്പോൺസ് ക്രിട്ടിസിസത്തിന്റെ അടിസ്ഥാനാശയങ്ങൾ.
റീഡർ റെസ്പോൺസ് ക്രിട്ടിസിസം
വായനക്കാരന്റെ അനുഭവങ്ങൾക്കും പശ്ചാത്തലങ്ങൾക്കും മുൻഗണന നല്കികൊണ്ട് ഒരു കൃതിക്ക് അർത്ഥം നിർമ്മിക്കുന്നത് വായനക്കാരനാണെന്ന് ഈ സിദ്ധാന്തം (Reader Response Criticism)വിലയിരുത്തുന്നു. കൃതിയിലല്ല മറിച്ച് വായനക്കാരന്റെ പ്രതികരണത്തിലാണ് അർത്ഥം സ്ഥിതി ചെയ്യുന്നത്. വായനക്കാരനില്ലെങ്കിൽ കൃതി നിലനിൽക്കുന്നില്ല. ഓരോ വായനക്കാരന്റെയും ക്രിയാത്മകമായ ഇടപെടലുകൾക്ക് അനുസരിച്ച് ഒരു കൃതിയ്ക്ക് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ടായി വരാം. ഓരോ വായനക്കാരനും പ്രധാനിയാണ്. സ്റ്റാൻലി ഫിഷ്, റോളണ്ട് ബാർത്ത് , വൂൾഫ് ഗാങ് ഈസർ , റോസൻ ബ്ലാട്ട്, നോർമ്മൻ ഹോളണ്ട് തുടങ്ങിയവരാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കൾ. വായനക്കാരനെയും വായനപ്രക്രിയയേയും വിശകലനം ചെയ്യുന്ന വോൾഫ് ഗാങ് ഈസറുടെ സിദ്ധാന്തങ്ങൾക്ക് പൌരസ്ത്യസിദ്ധാന്തങ്ങളുമായി വളരെയധികം സാമ്യമുള്ളതായി കാണാം.
വൂൾഫ് ഗാങ് ഈസർ- പാരായണസിദ്ധാന്തം
ജർമ്മൻസാഹിത്യവിചിന്തകനായ വൂൾഫ് ഗാങ് ഈസറുടെ കാലഘട്ടം1926 മുതൽ 2007 വരെയാണ്. The Affective Structure of the Text, The Implied Reader, The Act of reading തുടങ്ങിയവയാണ് പ്രധാനകൃതികൾ.
പാഠവും വായനക്കാരനും തമ്മിലുള്ള അന്യോന്യവൃത്തിയുടെ ഫലമായാണ്, പാഠത്തിന്റെയും പാഠകന്റെയും സംയോജിതമായ ഇടപെടലിലൂടെയാണ് ഒരു കൃതിയുടെ അർത്ഥം പൂർണ്ണമാകുന്നതെന്ന് ഈസർ അഭിപ്രായപ്പെടുന്നു.8
സാഹിത്യത്തിന് കലാത്മകവും സൗന്ദര്യാത്മകവുമായ രണ്ടു അംശങ്ങൾ ഉണ്ടെന്നും അവയിൽ കലാത്മകമായത് എഴുത്തുകാരനേയും സൌന്ദര്യാത്മകമായത് വായനക്കാരനേയും പ്രതിനിധാനം ചെയ്യുന്നു. എന്നുമാണ് ഈസറുടെ പക്ഷം. കലാത്മകതയും സൗന്ദര്യാത്മകതയും ഒന്നു ചേരുമ്പോൾ,എഴുത്തുകാരനും വായനക്കാരനും ഒന്നു ചേരുമ്പോൾ ഒരു സാഹിത്യസൃഷ്ടി പൂർണ്ണതയെ പ്രാപിക്കുന്നു.9
വായനക്കാരന്റെ ആത്മനിഷ്ഠമായ അനുഭവത്തിലും ബോധത്തിലും അധിഷ്ഠിതമായ പ്രതിഭാസപരമായ ഒരു സമീപനമാണ് വായന. അത് ചലനാത്മകവും സംവേദനാത്മകവുമായ ഒരു പ്രക്രിയയാണ്. വായനയാണ് കൃതിയ്ക്ക് ജീവൻ നല്കുന്നത്.10
വായനക്കാരൻ തന്റെ ഭാവന,അറിവ് അനുഭവങ്ങൾ എന്നിവ ഉപയോഗിച്ച് പൂരിപ്പിക്കേണ്ടുന്ന വിടവുകളോ ശൂന്യതകളോ ചേർന്നതായിരിക്കും മികച്ച സൃഷ്ടികൾ. ഇത്തരം വിടവുകൾ നികത്തുന്നതിലൂടെ വായനക്കാർ വാചകത്തിന്റെ സഹസ്രഷ്ടാക്കളായി മാറുന്നു. വായനാനുഭവത്തിലൂടെ അവരുടേതായ സവിശേഷമായ കാഴ്ചപ്പാടുകൾ കൊണ്ടുവരുന്നു. വ്യത്യസ്ത വായനക്കാർ വ്യത്യസ്ത രീതികളിൽ അത്തരത്തിലുള്ള വിടവുകളെ നികത്തുന്നു.11 ഒരേ വായനക്കാരൻ തന്നെ വീണ്ടും ഒരു കൃതി വായിക്കുമ്പോൾ ആഖ്യാനത്തിൽ പുതിയ അർത്ഥങ്ങൾ രൂപപ്പെടാം എന്നും ഈസർ അഭിപ്രായപ്പെടുന്നുണ്ട്.
ഈസറിനെ സംബന്ധിച്ചിടത്തോളം അർത്ഥം ഒരു വാചകത്തിനുള്ളിൽ കണ്ടെത്താവുന്ന വസ്തുവല്ല. മറിച്ച് വാചകത്തിനും വായനക്കാരനും ഇടയിൽ സംഭവിക്കുന്ന ഒരു നിർമ്മാണ സംഭവമാണ്. വ്യക്തിയിൽ നിന്നും വ്യക്തിയിലേക്ക് അത് വ്യത്യാസപ്പെടാം. വായനപ്രക്രിയയിൽ ഏർപ്പെടുമ്പോൾ വാചകഘടനകൾ ബന്ധിക്കപ്പെടുകയും ജീവൻ പ്രാപിക്കുകയും ചെയ്യുന്നു. വായനക്കാരന് അവബോധം രൂപപ്പെടുന്നത് അവരുടെ പശ്ചാത്തലം, അനുഭവങ്ങൾ, പ്രതീക്ഷകൾ എന്നിവയിലൂടെയാണ്. ഇത് അവരുടെ വാചകവ്യാഖ്യാനത്തെ സ്വാധീനിക്കുന്നു. സോദ്ദേശ്യവായനക്കാരൻ യഥാർത്ഥ വായനക്കാരൻ (Implied Reader and Actual Reader) എന്നിങ്ങനെ രണ്ടുതരം വായനക്കാരെ കുറിച്ച് ഈസർ പ്രതിപാദിക്കുന്നു. കവിയുടെ ഉദ്ദിഷ്ടാർത്ഥങ്ങളെ കണ്ടെത്തുവാനും കാവ്യസൗന്ദര്യം ആസ്വദിക്കുവാനും കഴിയുന്നവനാണ് സോദ്ദേശ്യവായനക്കാരൻ. യഥാർത്ഥ വായനക്കാരന് കവിയുടെ ഉദ്ദിഷ്ടാർത്ഥങ്ങളെ മനസ്സിലാക്കുവാൻ കഴിയണമെന്നില്ല.
ഭാവകനെ അഥവാ അനുവാചകനെ സംബന്ധിച്ചുള്ള ഈസറുടെയും രാജശേഖരന്റെയും വീക്ഷണങ്ങൾക്ക് ഒട്ടേറെ സമാനതകൾ ദർശിക്കാവുന്നതാണ്. ഭാവകനില്ലെങ്കിൽ കവിവ്യാപാരം ഫലവത്താവുകയില്ല എന്ന് രാജശേഖരൻ അഭിപ്രായപ്പെടുമ്പോൾ പാരായണപ്രക്രിയക്കകത്ത് വായനക്കാരന്റെ സർഗാത്മകമായ ഇടപെടലിനെ ഈസർ ചൂണ്ടികാണിക്കുന്നു. ഓരോ വായനക്കാരനും തന്റെ ഭാവനയ്ക്കും, ബോധത്തിനുമനുസരിച്ച് പൂരിപ്പിച്ച് നികത്താവുന്ന വിടവുകൾ സൃഷ്ടിച്ചുകൊണ്ടാണ് മഹാന്മാരായ കവികൾ രചന നിർവ്വഹിക്കുന്നതെന്ന് ഈസർ വാദിക്കുന്നു. അത്തരം വിടവുകളെ കണ്ടെത്താനോ കവി ഉദേശിക്കുന്നതോ അതിൽ കൂടുതലോ ആയ അർത്ഥതലങ്ങളെ രൂപപ്പെടുത്താനോ കഴിയുന്നത് ഒരു സർഗാത്മക വായനക്കാരനു മാത്രമാണ്. ഇത്തരത്തിലുള്ള സർഗാത്മകതയേയാണ് രാജശേഖരൻ ഭാവയിത്രി പ്രതിഭ എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് കാണാം. ഒരു കൃതി ഒറ്റ അർത്ഥത്തിൽ തന്നെ ഒതുങ്ങണമെന്നില്ല. മറിച്ച് ഓരോ വായനയിലും അത് വ്യത്യസ്ത അർത്ഥങ്ങൾ പ്രദാനം ചെയ്യാം. ഓരോ വായനക്കാരന്റെയും ഭാവനയ്ക്കനുസരിച്ച് ഒരു കൃതിയുടെ അർത്ഥം വ്യത്യാസപ്പെടാം. ഒരേ വായനക്കാരൻ തന്നെ ഒരു കൃതിയെ രണ്ടാമതു സമീപിക്കുമ്പോൾ അർത്ഥപ്രതീതിയ്ക്ക് വ്യതിയാനമുണ്ടാകാമെന്ന് ഈസർ സിദ്ധാന്തിക്കുന്നുണ്ട്. ഒരു കൃതിയെ എങ്ങനെയും വായിച്ചെടുക്കാമെന്ന് വരുമ്പോൾ ചിലപ്പോൾ എല്ലാ അർത്ഥവും സാധുവാകണമെന്നില്ല. എന്ന് ഈസർ പറയുമ്പോൾ ഭാവകഭേദങ്ങളെക്കുറിച്ചുള്ള രാജശേഖരന്റെ കാഴ്ചപ്പാടും അതിനോട് യോജിക്കുന്നു. തത്വാഭിനിവേശികൾ എന്ന വിഭാഗക്കാരാണ് കാവ്യത്തെ പുഷ്കലമാക്കാൻ സഹായിക്കുന്നതെന്ന് രാജശേഖരൻ ചൂണ്ടിക്കാണിക്കുന്നു.
ഉപസംഹാരം
ഈസർ സിദ്ധാന്തിക്കുന്ന തരത്തിലുള്ള ആഖ്യാന വിടവുകൾ മഹാഭാരതം പോലുള്ള ഗ്രന്ഥങ്ങളിൽ ധാരാളമായി കാണാം.ഉദാഹരണത്തിന് മഹാഭാരതകഥയിൽ പാണ്ഡവർ ദുര്യോധനൻ ഒരുക്കിയ അരക്കില്ലത്തിൽ നിന്നും രക്ഷപ്പെടുന്നത് ഒരു കാട്ടാളസ്ത്രീയേയും അവരുടെ അഞ്ചു മക്കളേയും അഗ്നിയ്ക്കിരയാക്കിക്കൊണ്ടാണ്.സ്വരക്ഷയ്ക്കു വേണ്ടിയാണെങ്കിൽ പോലും ധർമ്മിഷ്ഠനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന യുധിഷ്ഠിരന്റെ നേതൃത്ത്വത്തിൽ ചെയ്യപ്പെട്ട ഈ ക്രൂരതയോ അധാർമ്മികതയോ പിന്നീടെവിടേയും പരാമർശിക്കപ്പെടുന്നതേയില്ല. ഉന്നതർക്കുവേണ്ടി തമസ്കരിക്കപ്പെടുന്ന ഇത്തരം ജീവിതങ്ങളുടെ ആഖ്യാനം ഹിഡിംബയുടെയും ഘടോത്കചന്റെയും കഥയിലും നിഴലിക്കുന്നുണ്ട്. ഭാരതകഥയുടെ മർമ്മപ്രധാനമായ ചൂതാട്ടം ആവിഷ്കരിക്കുന്നതാകട്ടെ നിരവധി വ്യാഖ്യാനസാധ്യതകൾക്ക് ഇടം നല്കുന്ന വിധം ശൂന്യതകളും അനിശ്ചിതത്ത്വങ്ങളും സൃഷ്ടിച്ചുകൊണ്ടാണല്ലോ.അതുകൊണ്ടുതന്നെ മഹാഭാരതത്തിന് വായനകളും പുനർവായനകളും നിരന്തരം ഉണ്ടായികൊണ്ടേയിരിക്കുന്നു. ഓരോ ഭാവകനും സ്വന്തം ഭാവനയ്ക്കും ബുദ്ധിയ്ക്കുമനുസരിച്ച് അവയെ പാരായണം ചെയ്യുന്നതിന്റെ ഫലമായി വ്യത്യസ്ത അർത്ഥങ്ങളും രൂപപ്പെട്ടുവരുന്നുണ്ടല്ലോ. സർഗാത്മകവായനക്കാർ ഇത്തരം ഗ്രന്ഥങ്ങളെ അവലംബിച്ച് പുതിയ രചനകളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ വൂൾഫ് ഗാങ് ഈസറുടെയും രാജശേഖരന്റെയും സിദ്ധാന്തങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം.
സൂചനകൾ
1.ധ്വന്യാലോകലോചനം പ്രഥമകാരിക
- ധ്വന്യാലോകലോചനം p. 25
- ധ്വന്യാലോകം p. 21
- കാവ്യമീമാംസ അദ്ധ്യായം 4 P.48
- കാവ്യമീമാംസ അദ്ധ്യായം 4 P.49,50
- കാവ്യമീമാംസ അദ്ധ്യായം 4 P.50
- കാവ്യമീമാംസ അദ്ധ്യായം 4 P..51
- The Implied Reader p. 275
- The Implied Reader p. 274
- The Implied Reader p. 275
11 The Implied Reader p. 276
സഹായകഗ്രന്ഥങ്ങൾ
Anandavardhana, Dhvanyaloka,(with Lochana commentary) Chaukambha Sanskrit Samsthan, Varanasi
Habib M.A.R., Modern Literary Criticism and Theory, Blackwell Publishing,USA
M N Dutt (Ed) Mahabharatha (Sanskrit Text with English Translation.), Parimal Publication Delhi.
Sadhana Prasar (Ed.) Kavyamimamsa of Rajasekhara Printworld(p)Ltd. 2000
Wolf Gang Iser, The Act of Reading, Baltimore Johns Hopkins University Press, London
Wolf Gang Iser, The Implied Reader, The Johns Hopkins University Press London
Dr.Rajalakshmy M
Associate Professor in
Sanskrit Sahitya
Sree Neelakanta Govt. Sanskrit College,Pattambi
Phone.9446810143
Email rajalakshmykesavan7@gmail.com

