ഡോ. സുരേഷ് കുമാർ കെ. എ.

Published: 05 April 2026 ശാസ്ത്രമലയാളം

ശാസ്ത്രങ്ങളുടെ ഏകത്വം: ജീവൻ, ദ്രവ്യം, പ്രപഞ്ചത്തിന്റെ ഭാഷ

സംഗ്രഹം

വിജ്ഞാനം മനുഷ്യബുദ്ധിയുടെയും അനുഭവങ്ങളുടെയും സമുച്ചയമായി ജീവിതത്തെ സമ്പന്നമാക്കുന്ന അമൂല്യ ഉപകരണമാണ്. തത്വശാസ്ത്രം ജ്ഞാനത്തിന്റെ മാതൃവൃക്ഷമായി, പുരാതന ലോക ദാർശനികരിലൂടെ വികസിച്ച് കലകളിലേക്കും ശാസ്ത്രത്തിലേക്കും വൈവിധ്യവൽക്കരിക്കപ്പെട്ടു. ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ ശാഖകൾ യാഥാർത്ഥ്യത്തിന്റെ വിവിധ മുഖങ്ങൾ അനാവരണം ചെയ്യുന്നു. എന്നാൽ ഈ നാനാത്വം ഏകത്വത്തിലേക്ക് നയിക്കുന്നു. ജീവശാസ്ത്രത്തിലെ ശ്വസനം, പ്രകാശസംശ്ലേഷണം, ഡിഎൻഎ പകർപ്പ് തുടങ്ങിയവ രസതന്ത്രത്തിന്റെ തന്മാത്രാ നൃത്തത്തിലും ഭൗതികശാസ്ത്രത്തിന്റെ ക്വാണ്ടം നിയമങ്ങളിലും ഊന്നിയിരിക്കുന്നു. രസതന്ത്രം ജീവന്റെ തന്മാത്ര  പാലമായി പ്രവർത്തിക്കുമ്പോൾ, ഭൗതികശാസ്ത്രം ദ്രവ്യ-ഊർജ്ജത്തിന്റെ അടിസ്ഥാന ഫീൽഡുകളെ വെളിപ്പെടുത്തുന്നു. ഗണിതശാസ്ത്രം സാർവത്രിക ഭാഷയിലൂടെ പ്രപഞ്ചത്തെ ഒന്നിപ്പിക്കുന്നു. ഈ ശാസ്ത്രീയ ഐക്യം ജീവനും ദ്രവ്യവും ഊർജവും ഒരു മഹാ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന ദാർശനിക ബോധ്യം നൽകുന്നു. പ്രപഞ്ചം ഒരു വലിയ ചിന്തയും മഹാകാവ്യവുമായി മാറുന്നു.

താക്കോൽ വാക്കുകൾ: ഡിഎൻഎ, എൻസൈമുകൾ, ജനിതക കോഡ്, ക്വാണ്ടം മെക്കാനിക്സ്, ക്വാർക്കുകൾ, ഫീൽഡ് സിദ്ധാന്തം, ഫിബൊനാച്ചി ശ്രേണി, ഫ്രാക്റ്റൽ ജ്യാമിതി.

ആമുഖം

വിജ്ഞാനം എന്നത് മനുഷ്യന്റെ ബുദ്ധി, അനുഭവങ്ങൾ എന്നിവയിലൂടെ സമാഹരിക്കപ്പെടുന്ന വിവരങ്ങളുടെയും സത്യങ്ങളുടെയും സമുച്ചയമാണ്.  മനുഷ്യനെ, മനുഷ്യനെയും മറ്റു ജീവികളെയും ലോകത്തെയും മനസ്സിലാക്കുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതിലൂടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും സഹായിക്കുന്ന അമൂല്യ ഉപകരണം കൂടിയാണ് വിജ്ഞാനം. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം, നിരീക്ഷണം, ചിന്ത, പരിശീലനം, പരീക്ഷണം എന്നിവയിലൂടെയാണ് വിജ്ഞാനം വളരുന്നത്. പുസ്തകങ്ങൾ, ഗുരുക്കന്മാർ, സംസ്കാരം, ശാസ്ത്രം, കല, ചരിത്രം, പ്രകൃതി എന്നിവയെല്ലാം വിജ്ഞാനത്തിന്റെ വറ്റാത്ത ഉറവിടങ്ങളാണ്. വിജ്ഞാനം വെറും വിവരങ്ങളുടെ കൂട്ടമല്ല മറിച്ച് അത് ജ്ഞാനത്തിന്റെ അടിത്തറയാണ്. യുക്തിപൂർവമായ ചിന്തയ്ക്കും ശരിയായ തീരുമാനങ്ങൾ എടുക്കാനും വിജ്ഞാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കും വ്യക്തിയുടെ വളർച്ചയ്ക്കും വിജ്ഞാനം അനിവാര്യമാണ്. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടാനും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും വിജ്ഞാനം മനുഷ്യനെ പ്രേരിപ്പിക്കുന്നു.

തത്വശാസ്ത്രം: ജ്ഞാന ശാഖകളുടെ മാതൃ വൃക്ഷം

പ്രേമം എന്ന അർത്ഥം വരുന്ന ‘ഫിലോസ്’ ജ്ഞാനം എന്ന അർത്ഥം വരുന്ന ‘സോഫിയ’ എന്നീ രണ്ട് ഗ്രീക്ക് പദങ്ങൾ കൂടിച്ചേർന്നാണ് ജ്ഞാനത്തിനോടുള്ള പ്രേമം എന്ന അർത്ഥം വരുന്ന ‘ഫിലോസോഫിയ’ എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഫിലോസഫി (Philosophy) എന്ന ഇംഗ്ലീഷ് പദം ‘ഫിലോസോഫിയ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.  താലോസ്, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ പുരാതന ഗ്രീക്ക് ദാർശനികരും, ശങ്കരാചാര്യർ, രാമാനുജർ, മാധവാചാര്യർ , ഗൗതമ ബുദ്ധൻ, മഹാവീരൻ, കപിലമുനി, പതഞ്ജലി, കണാദൻ തുടങ്ങിയ പൗരസ്ത്യ ദാർശനിക ചിന്തകരും ഈ ജ്ഞാനാന്വേഷണത്തിന്റെ വഴികാട്ടികൾ ആയിരുന്നു. അവർ പ്രകൃതിയുടെ രഹസ്യങ്ങൾ, ജീവിതത്തിന്റെ ഉദ്ദേശ്യം, അറിവിന്റെ സ്വഭാവം എന്നിവയെക്കുറിച്ച് ആഴമായി ചിന്തിച്ചു. ഇന്ത്യയിലെ വേദാന്തം, ചൈനയിലെ കൺഫ്യൂഷ്യനിസം തുടങ്ങിയ ചിന്താധാരകൾ ദാർശനിക ചിന്തയെ സമ്പന്നമാക്കി, മനുഷ്യമനസ്സിന്റെ അനന്തമായ ജിജ്ഞാസയെ പ്രതിഫലിപ്പിച്ചു. ഈ ചിന്താധാരകൾ മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ലോകങ്ങളെ പരിശോധിക്കാൻ  പ്രേരിപ്പിച്ചതിലൂടെ ജ്ഞാനത്തിന്റെ വിശാലവും വൈവിധ്യ പൂർണവുമായ ശാഖകൾക്ക് വഴിയൊരുക്കി.

കാലാന്തരത്തിൽ തത്വശാസ്ത്രം, അറിവിന്റെ മൂലസ്ഥാനമായി നിന്നുകൊണ്ടുതന്നെ, കലകളിലേക്കും ശാസ്ത്രത്തിലേക്കും വൈവിധ്യവൽക്കരിക്കപ്പെട്ടു. പ്രാചീനകാലത്ത് എല്ലാ അറിവിന്റെയും മൂലസ്ഥാനമായിരുന്നു തത്വശാസ്ത്രം. പിന്നീട് സൗന്ദര്യശാസ്ത്രം, സാഹിത്യം, സംഗീതം തുടങ്ങിയ  മേഖലകളിലേക്ക് വികാസം പ്രാപിച്ചു. ഈ കലാശാഖകൾ മനുഷ്യന്റെ സൗന്ദര്യാത്മകതയെ പര്യവേഷണം ചെത്, ഹൃദയത്തിന്റെ ഭാഷയിൽ ജീവിതത്തിന്റെ സൂക്ഷ്മതകളെ വരച്ചുകാട്ടി. അതേസമയം, ശാസ്ത്രം, പ്രത്യേകിച്ച് പ്രകൃതിശാസ്ത്രം സത്യാന്വേഷണത്തിന്റെ  വ്യതിരിക്ത രീതികളുടെ ഉത്ഭവത്തിന് വഴിയൊരുക്കി. ഈ വിജ്ഞാന വൈവിധ്യവൽക്കരണം അറിവിന്റെ സമഗ്രതയെ വിഭജിച്ചെങ്കിലും, മനുഷ്യപുരോഗതിയുടെ വിവിധ മുഖങ്ങൾ പ്രകാശമാനമാക്കി, ജ്ഞാനത്തിന്റെ അനന്തവിസ്തൃതിയെ വെളിപ്പെടുത്തി.

ശാസ്ത്രത്തിന്റെ വൈവിധ്യവും വിജ്ഞാന വിസ്തൃതിയും

തത്വശാസ്ത്രത്തിന്റെ ശാഖകൾ വ്യത്യസ്ത അന്വേഷണാത്മക രീതിശാസ്ത്രവുമായി  വിവിധ മേഖലകളിലേക്ക് വ്യാപിച്ചപ്പോൾ, ജീവശാസ്ത്രവും (Life Science or Biology) ഭൗതികശാസ്ത്രവും (Physical Science) പ്രധാന വഴിത്തിരിവുകളായി. ജീവശാസ്ത്രം, ജീവന്റെ രഹസ്യങ്ങളെ അനാവരണം ചെയ്തുകൊണ്ട്, സസ്യശാസ്ത്രവും (Plant Science or Botany) ജന്തുശാസ്ത്രവും ( Animal Science or Zoology) എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഈ ശാസ്ത്ര ശാഖകൾ സസ്യങ്ങളുടെയും ജന്തുക്കളുടെയും ജീവൽ പ്രവർത്തനങ്ങളിലെ സമാനതകളും അത്ഭുത പ്രതിഭാസങ്ങളും മനുഷ്യന്റെ ചിന്താമണ്ഡലത്തിലേക്ക് തുറന്നു വച്ചു. ഭൗതികശാസ്ത്രമാകട്ടെ, അജീവ പദാർത്ഥങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള അന്വേഷണത്തിന്റെ ഫലമായി, രസതന്ത്രം (Chemistry) ഊർജ്ജതന്ത്രം (Physics) എന്നീ ഉപശാഖകളായി വികസിച്ചു. ഊർജത്തിന്റെ പ്രവാഹവും, പദാർത്ഥത്തിന്റെ സ്വഭാവവും, രാസപ്രതിക്രിയകളുടെ സൂക്ഷ്മതകളും പഠനവിധേയമാക്കി ഈ മേഖലകൾ  പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമങ്ങളെ വെളിപ്പെടുത്തി. ഈ വിഭജനങ്ങൾ ശാസ്ത്ര പുരോഗതിയുടെ അടിത്തറക്കല്ലുകളായി പ്രവർത്തിച്ച്, മനുഷ്യജ്ഞാനത്തിന്റെ അതിരുകളെ വിപുലീകരിച്ചു. തത്വശാസ്ത്രത്തിൽ ആരംഭിച്ച  ഈ ജ്ഞാന നിർമ്മാണ-സമ്പാദന പ്രക്രിയ, തുടർച്ചയായ വൈവിധ്യവൽക്കരണത്തിലൂടെ, വടവൃക്ഷ ശാഖകളെപ്പോലെ വളർന്നു പന്തലിച്ച്,  മനുഷ്യന്റെ ജിജ്ഞാസയ്ക്ക് പുതിയ വഴികൾ തുറന്നു. ശാസ്ത്രവും കലയും ഒരുപോലെ ദാർശനിക ചിന്തയിൽ നിന്ന് ഊർജ്ജ സ്വീകരണം നടത്തി, മനുഷ്യന്റെ സർഗാത്മകതയെയും ബുദ്ധിശക്തിയെയും പ്രതിഫലിപ്പിച്ചു. ഈ  വൈവിധ്യവൽക്കൃത ജ്ഞാനാന്വേഷണമാണ്, മനുഷ്യപുരോഗതിയുടെ അനന്ത സാധ്യതകളിലേക്ക് വെള്ളിവെളിച്ച കിരണങ്ങൾ കടത്തിവിട്ടത്.

നാനാത്വത്തിൽ നിന്ന് ഏകത്വത്തിലേക്ക്

മനുഷ്യ അറിവിന്റെ വിശാലതലങ്ങൾ  ജീവശാസ്ത്രം,  രസതന്ത്രം,  ഭൗതികശാസ്ത്രം  ഗണിതശാസ്ത്രം  എന്നിങ്ങനെ  വിവിധ ശാസ്ത്ര ശാഖകൾ ആയി  വിഭജിക്കപ്പെട്ടിരിക്കുന്നു . ഓരോ ശാഖയും അതിന്റേതായ ചോദ്യങ്ങൾ, ഉപകരണങ്ങൾ, ഭാഷാസങ്കേതങ്ങൾ എന്നിവയാൽ സമ്പന്നമായി, യാഥാർത്ഥ്യത്തിന്റെ വിവിധ മുഖങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ജീവശാസ്ത്രജ്ഞർ ജീവജാലങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, രസതന്ത്രജ്ഞർ തന്മാത്രകളുടെ രഹസ്യലോകവും അവയുടെ പ്രതിപ്രവർത്തനങ്ങളും അനാവരണം ചെയ്യുന്നു. ഭൗതികശാസ്ത്രജ്ഞർ ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും അനന്തമായ നിയമങ്ങളെ അന്വേഷിക്കുമ്പോൾ, ഗണിതശാസ്ത്രജ്ഞർ അമൂർത്തമായ പാറ്റേണുകളിലൂടെ പ്രപഞ്ചത്തിന്റെ ഘടനയെ വ്യക്തമാക്കുന്നു. ഒറ്റനോട്ടത്തിൽ ഈ മേഖലകൾ വേറിട്ട്, ഒറ്റപ്പെട്ട ദ്വീപുകളെപ്പോലെ തോന്നിയേക്കാം. എന്നാൽ, സൂക്ഷ്മനിരീക്ഷണത്തിൽ അവയ്ക്കിടയിലെ അതിർവരമ്പുകൾ അലിഞ്ഞ് ഇല്ലാതായി സമഗ്രമായ ഒരു ചിത്രത്തിന്റെ ഭാഗമായി മാറുന്നു. ഇത് ജീവന്റെ ചിത്രമാണ്. ഇത് ജീവിത ചിത്രമാണ്. ഇത് രാസപ്രവർത്തനങ്ങളുടെ നൃത്തവും  ഭൗതിക നിയമങ്ങളുടെ ശക്തിയും  ഗണിതശാസ്ത്രത്തിന്റെ താളവും ചേർന്ന   ജൈവ ജീവിതത്തിന്റെ ഘടനാ രേഖയാണ്.  ഓരോ ജൈവ സ്പന്ദനവും , നക്ഷത്രത്തിന്റെ തിളക്കവും, ജലതുള്ളിയുടെ ബാഷ്പീകരണവും ഈ ശാസ്ത്രങ്ങളുടെ പരസ്പരബന്ധിതമായ ഒരു ചിത്രകലയിലേക്ക് നമ്മെ നയിക്കുന്ന ചാലക ശക്തികൾ ആണ്.

ഈ ശാസ്ത്രവിഭാഗങ്ങൾ ഒരു തുടർച്ചയായ ഘടനയാണ് – ഒരു സങ്കീർണ്ണമായ ചിത്രപ്പണി. അവിടെ ഓരോ നൂലും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. ജീവശാസ്ത്രം ജീവന്റെ സ്ഥൂലതലത്തിൽ നമുക്ക് ഒരു ചട്ടക്കൂട് നൽകുന്നു. രസതന്ത്രം ഒരു പാലമായി പ്രവർത്തിക്കുന്നു. ഭൗതികശാസ്ത്രം അടിത്തറയായും, ഗണിതശാസ്ത്രം ഇതിനെയെല്ലാം  ഒന്നിപ്പിക്കുന്ന സാർവത്രിക ഭാഷയായും നിലകൊള്ളുന്നു. ജീവശാസ്ത്രം, ജീവന്റെ ശാസ്ത്രമായി കണക്കാക്കപ്പെടുന്നു.  ജൈവ-അജൈവ ഘടകങ്ങളുടെ പരസ്പരാശ്രിതതയെ ഇത് തുറന്നു കാണിക്കുന്നു.

ജീവശാസ്ത്രം, ജീവന്റെ രഹസ്യങ്ങളെ അന്വേഷിക്കുന്ന മഹാസാഹസികതയാണ്. ശ്വസനം, പ്രകാശസംശ്ലേഷണം, പുനരുൽപാദനം, ന്യൂറൽ സിഗ്നലിംഗ് തുടങ്ങിയ പ്രക്രിയകളിലൂടെ അത് ജീവന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ഈ യാത്രയിൽ, രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും അനിവാര്യമായ സഹായമില്ലാതെ പൂർണ്ണതയിലെത്താൻ കഴിയാത്ത ദാർശനിക ചോദ്യങ്ങൾ ഉയർന്നുവരുന്നു. ഉദാഹരണമായി, ശ്വാസോച്ഛ്വാസം എന്നത് ഗ്ലൂക്കോസിന്റെ രാസവിഘടനമാണ്. അതിലൂടെ ഊർജ്ജം മോചിപ്പിക്കപ്പെടുന്നു. ഇലക്ട്രോണുകളുടെ കൈമാറ്റത്തിന്റെ ഭൗതികനിയമങ്ങൾ ഇതിനെ നിയന്ത്രിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ സ്പർശിക്കുന്നു. പ്രകാശസംശ്ലേഷണം, ക്ലോറോഫിൽ തന്മാത്രകളിലെ പ്രകാശക്വാണ്ടങ്ങളാൽ ഉത്തേജിപ്പിക്കപ്പെടുന്ന ഇലക്ട്രോണുകളെ ആശ്രയിച്ച് നടക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ്. ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ അത്ഭുത ലോകത്തിലെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രക്രിയ നടക്കുന്നത്. . പുനരുൽപാദനവും തലമുറകളിലൂടെയുള്ള ജനിതക കൈമാറ്റ പ്രക്രിയയും ഡിഎൻഎയുടെ കൃത്യമായ പകർപ്പ് നിർമ്മാണ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്.  ഡിഎൻഎ ഭൗതികശാസ്ത്രത്തിന്റെ ഘടനാപരമായ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു രാസ  തന്മാത്രയാണ്. ഇങ്ങനെ, ജീവശാസ്ത്രം ജീവന്റെ സൗന്ദര്യത്തെ വർണ്ണിക്കുമ്പോൾ, അതിന്റെ ആന്തരിക പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ രസതന്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വൈജ്ഞാനിക കിളിവാതിലുകൾ  തുറക്കുന്നു.

ആവാസവ്യവസ്ഥകളുടെയും ജീവജാലങ്ങളുടെയും മഹത്തായ ചിത്രങ്ങളിൽ നിന്നാരംഭിക്കുന്ന ജീവശാസ്ത്രം, ക്രമേണ ജീവന്റെ സൂക്ഷ്മരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി, പ്രപഞ്ചത്തിന്റെ അടിസ്ഥാനശിലകളെ തൊടുന്നു. ഈ അന്വേഷണം നമ്മെ തള്ളിവിടുന്നത്, ജീവൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ദാർശനിക ആഴങ്ങളിലേക്കാണ്. രസതന്ത്രത്തിന്റെ മാന്ത്രികതയും ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളും ഇല്ലാതെ അത് അപൂർണ്ണമാകുന്നു. സാഹിത്യത്തിലെ പോലെ, ജീവന്റെ കഥയിൽ ഓരോ അണുവും ഒരു കഥാപാത്രമാണ്. ഓരോ പ്രക്രിയയും ഒരു കവിതയാണ്. അങ്ങനെ, ജീവശാസ്ത്രം നമുക്ക് തുറന്നുതരുന്നത്, പ്രകൃതിയുടെ മഹാഗ്രന്ഥത്തിന്റെ അനന്തമായ താളുകളാണ്. അവിടെ രസതന്ത്രവും ഭൗതികശാസ്ത്രവും ജീവന്റെ സൗന്ദര്യത്തെ വിശദീകരിക്കുന്ന അടിക്കുറിപ്പുകളായി മാറുന്നു.

രസതന്ത്രം: ജീവനും ദ്രവ്യത്തിനും ഇടയിലുള്ള പാലം

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ രസതന്ത്രം ആൽക്കെമിയുടെ നിഗൂഢതയിൽ നിന്ന് മോചിപിതമായി  വ്യവസ്ഥിത ശാസ്ത്രമായി പരിണമിച്ചു. ഈ പരിവർത്തനം രസതന്ത്ര ശാഖയ്ക്ക് മാത്രമല്ല  ജൈവശാസ്ത്ര ശാഖയ്ക്കും  നൽകിയ  സംഭാവനകൾ  വിലമതിക്കാനാവാത്തതാണ്. ജീവന്റെ തന്മാത്ര രഹസ്യങ്ങൾ വെളിപ്പെടുത്തിയതിലൂടെ രസതന്ത്രം ജീവശാസ്ത്രത്തിന്റെ അഭിവാജ ഘടകമായി മാറി.  ജീവന്റെ അടിസ്ഥാന ഘടനയെ രാസവിനിമയങ്ങളുടെ കാവ്യമായി അനാവരണം ചെയ്യുന്നതിന്  ആധുനിക രസതന്ത്രത്തിന് കഴിഞ്ഞു. ജീവൻ, രസതന്ത്രത്തിന്റെ ചലനാത്മക നൃത്തമാണ്; ഓരോ ജീവജാലവും നിരന്തര സഞ്ചാരത്തിലുള്ള രാസവ്യവസ്ഥയാണ്. കോശങ്ങൾ, സ്ഥിരചിത്രങ്ങളല്ല, മറിച്ച് തന്മാത്രാ ഗതാഗതത്തിന്റെ സജീവ മേഖലകളാണ്. പ്രോട്ടീനുകൾ മടക്കുകളിൽ ലയിക്കുകയും വികസിക്കുകയും ചെയ്യുന്നു. എൻസൈമുകൾ ജൈവ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.  ഡിഎൻഎ ജനിതക ലിപിയെ പകർത്തി വിവർത്തനം ചെയ്യുന്നു. കൊഴുപ്പ് തന്മാത്രകൾ  ഹോമിയോസ്റ്റാസിസിന്റെ വഴക്കമുള്ള തടസ്സങ്ങൾ നിർമ്മിക്കുന്നു. ഈ തന്മാത്രാ നൃത്തം ജീവന്റെ താളത്തെ നിർവചിക്കുന്നു. ഓരോ രാസ തന്മാത്ര ചലനവും പ്രകൃതിയുടെ രാഗമാലികയിലെ ഒരു അനശ്വര  നാദ തരംഗമാണ്.

ജീവന്റെ തന്മാത്രാ നൃത്തത്തിൽ എൻസൈമുകൾ പ്രതിപ്രവർത്തനങ്ങളുടെ ഊർജ്ജ പരിധി താഴ്ത്തി, ശരീരോഷ്മാവിൽ ജൈവ പ്രക്രിയകളെ സാധ്യമാക്കുന്നു. അവയില്ലെങ്കിൽ, ജീവന്റെ താളം മന്ദഗതിയിൽ മുങ്ങിപ്പോകും. ഡിഎൻഎയുടെ ഇരട്ട പിരിയൻ ഗോവണി , ഒരു ഘടനാപരമായ വിസ്മയം മാത്രമല്ല, അഡിനൈൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനൈൻ എന്നിവയുടെ ക്രമത്തിൽ എഴുതപ്പെട്ട ജനിതക ലിപിയാണ്. ചിന്തകളും വികാരങ്ങളും ബോധവും ഡോപാമൈൻ, സെറോടോണിൻ, അസറ്റൈൽകോളിൻ തുടങ്ങിയ രാസ സന്ദേശവാഹകർ സിനാപ്റ്റിക് വിടവുകളിലൂടെ സഞ്ചരിച്ച് ഉണർത്തുന്നു. ഇങ്ങനെ, രസതന്ത്രം ജീവനെ തന്മാത്രാ സംനാദങ്ങളുടെ കാവ്യമാക്കി മാറ്റുന്നു.

ഭൂമിയിലെ സകല ജീവജാലങ്ങളും ഒരേ ജൈവരാസ ഉപാധിയിൽ ഒന്നുചേരുന്നു എന്നത് ആധുനിക ശാസ്ത്രത്തിന്റെ അഗാധമായ കണ്ടെത്തലാണ്. സസ്യമോ, ജന്തുവോ, ഫംഗസോ, സൂക്ഷ്മജീവിയോ ആകട്ടെ, ഒരേ ജനിതക കോഡും, സമാന ഉപാപചയ മാർഗങ്ങളും ആണ് ജീവന്റെ അടിസ്ഥാനം. ഈ ജൈവ ഐക്യം, ജീവന്റെ പരിണാമ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ഒരു പൊതു തന്മാത്രാ സ്വരത്തിൽ നിന്നാണ് വൈവിധ്യത്തിന്റെ സൗന്ദര്യം ഉദ്ഭവിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. ആറ്റങ്ങളുടെ ബന്ധനം, തന്മാത്രകളുടെ സ്പന്ദനം, ഊർജ്ജ പ്രവാഹം എന്നിവ നിർദേശിക്കുന്ന ഭൗതികശാസ്ത്ര തത്ത്വങ്ങളാണ് ഇതിന്റെയെല്ലാം അടിത്തറ.

ഭൗതികശാസ്ത്രം: ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും അടിസ്ഥാനം

ജീവശാസ്ത്രം ജീവന്റെ രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു വിജ്ഞാനശാഖയാണെങ്കിൽ, രസതന്ത്രം തന്മാത്രകളുടെ നൃത്തത്തെ അന്വേഷിക്കുന്ന ഒരു കലയാണെങ്കിൽ, ഭൗതികശാസ്ത്രം ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും ആഴമേറിയ ഘടനയെ തൊട്ടറിയുന്ന ഒരു ദാർശനിക പ്രയാണമാണ്. ഭൗതികശാസ്ത്രത്തിന്റെ അഭാവത്തിൽ, രസതന്ത്രത്തിന് ആറ്റോമിക ബന്ധനങ്ങളുടെയോ തന്മാത്രാ സ്വഭാവങ്ങളുടെയോ രഹസ്യങ്ങൾ വിശദീകരിക്കാൻ സാധ്യമാകില്ല. അത് ഒരു അപൂർണ്ണമായ ചിത്രമായി മാറും. ഒരുകാലത്ത് അവിഭാജ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ആറ്റങ്ങൾ, പ്രോട്ടോണുകൾ, ന്യൂട്രോണുകൾ, ഇലക്ട്രോണുകൾ എന്നിവയുടെ സമ്മേളനമാണെന്ന് ഭൗതികശാസ്ത്രം വെളിപ്പെടുത്തി. ഈ സൂക്ഷ്മകണികകൾ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന നിയമങ്ങളിലൂടെയാണ് നിലനിൽപ്പ് സാധ്യമാക്കുന്നത്. ക്ലാസിക്കൽ മെക്കാനിക്സിന്റെ പരിധികൾക്കപ്പുറം, ക്വാണ്ടം മെക്കാനിക്സിന്റെ മായാലോകത്തിലാണ് അവ നൃത്തം ചെയ്യുന്നത്. ഇലക്ട്രോണുകൾ ന്യൂക്ലിയസിനെ ചുറ്റി പരിക്രമിക്കുന്നത് ഗ്രഹങ്ങളെപ്പോലെയല്ല, മറിച്ച് ഷ്രോഡിംഗറുടെ തരംഗസമവാക്യങ്ങൾ വിവരിക്കുന്ന സാധ്യതാമേഘങ്ങളായാണ്. പ്രോട്ടോണുകളും ന്യൂട്രോണുകളും അടിസ്ഥാനപരമല്ല.  അവ ശക്തമായ ന്യൂക്ലിയർ ബലത്താൽ ബന്ധിതമായ ക്വാർക്കുകളുടെ സമ്മേളനമാണ്. ഭൗതികശാസ്ത്രം ഇങ്ങനെ ഒരു ആഴമേറിയ ശ്രേണി അനാവരണം ചെയ്യുന്നു. തന്മാത്രകളിൽ നിന്ന് ആറ്റങ്ങളിലേക്ക്, സബാറ്റോമിക് കണികകളിലേക്ക്, ക്വാർക്കുകളിലേക്ക്, അവസാനം ഫീൽഡുകളിലേക്ക്. പ്രപഞ്ചത്തിന്റെ ശില്പികളായി നാല് അടിസ്ഥാനശക്തികളെ ഭൗതികശാസ്ത്രം തിരിച്ചറിയുന്നു. 1. ഗുരുത്വാകർഷണം (Gravitational force) – ഗ്രഹങ്ങളെയും ഗാലക്സികളെയും നിയന്ത്രിക്കുന്ന മഹാശക്തി; 2. വൈദ്യുതകാന്തികം (Electro magnetic force) – രാസബന്ധനങ്ങളെയും പ്രകാശത്തെയും ഉണർത്തുന്ന ജീവന്റെ താളം; 3. ശക്തമായ ന്യൂക്ലിയർ ബലം (Strong nuclear force) – ക്വാർക്കുകളെ ബന്ധിപ്പിക്കുന്ന അദൃശ്യച്ചങ്ങല; 4. ദുർബലമായ ന്യൂക്ലിയർ ബലം (Weaker nuclear force) – റേഡിയോആക്ടീവ് ക്ഷയത്തിനും സൂര്യന്റെ പ്രക്രിയകൾക്കും കാരണമാകുന്ന രഹസ്യശക്തി. രസതന്ത്രവും ജീവശാസ്ത്രവും അവയുടെ പ്രതിഭാസങ്ങളെ നിർമിക്കുന്ന ദ്രവ്യ-ഊർജ തുണിത്തരങ്ങളെ ഈ ശക്തികൾ ഒരുമിച്ച് നെയ്തെടുക്കുന്നു. ആധുനിക ഭൗതികശാസ്ത്രം യാഥാർത്ഥ്യത്തെ കണികകൾക്കപ്പുറമുള്ള ഒരു ഫീൽഡ് വ്യവസ്ഥയായി ചിത്രീകരിക്കുന്നു. ക്വാണ്ടം ഫീൽഡ് സിദ്ധാന്തപ്രകാരം, കണികകൾ സ്വതന്ത്ര വസ്തുക്കളല്ല, മറിച്ച് സാർവത്രിക ഫീൽഡുകളിലെ ആവേശങ്ങൾ – വൈബ്രേഷനുകൾ ആണ്. ഇലക്ട്രോണുകൾ ഇലക്ട്രോൺ ഫീൽഡിലെ തരംഗങ്ങളാണ്. ഫോട്ടോണുകൾ വൈദ്യുതകാന്തിക മണ്ഡലത്തിലെ തരംഗങ്ങളാണ്. ഹിഗ്സ് ഫീൽഡ് കണികകൾക്ക് പിണ്ഡം നൽകുന്ന രഹസ്യം വെളിപ്പെടുത്തുന്നു. ഈ ദർശനത്തിൽ, ദ്രവ്യവും ഊർജവും ഫീൽഡുകളിലെ പ്രവർത്തനരീതികളിലേക്ക് മങ്ങിമാഞ്ഞുപോകുന്നു. ഖരവസ്തുക്കൾ യഥാർത്ഥത്തിൽ ഖരരൂപങ്ങളല്ല, മറിച്ച് അദൃശ്യശക്തികളാൽ ബന്ധിതമായ വൈബ്രേഷനുകളുടെ ഘടനകളാണ്. ഈ ധാരണ നമ്മുടെ അസ്തിത്വത്തെ സമൂലമായി പുനർനിർമിക്കുന്നു. ജീവൻ  എന്നത്  ദ്രവ്യത്തിൽ നിന്നും ഊർജ്ജത്തിൽ നിന്നും വേർപ്പെട്ട ഒരു   അസ്ഥിത്വമല്ല, മറിച്ച് ഫീൽഡ് ഇടപെടലുകളുടെ ഉയർന്ന ക്രമത്തിലുള്ള കൂടിച്ചേരലുകൾ ആണ്. തലച്ചോറിലെ വൈദ്യുത-ക്വാണ്ടം പ്രക്രിയകളിൽ നിന്ന് ഉയർന്നുവരുന്ന ഒരു പ്രതിഭാസമായി ബോധത്തെ   കണക്കാക്കാം.

ഗണിതം: സാർവത്രിക ഭാഷ

ജീവശാസ്ത്രവും രസതന്ത്രവും ഭൗതികശാസ്ത്രവും ജ്ഞാനസത്തയ്ക്ക്  സമ്പന്നത നൽകുമ്പോൾ, ഗണിതശാസ്ത്രം അതിനു രൂപവും ഘടനയും  പ്രദാനം ചെയ്തുകൊണ്ട് എല്ലാ ശാസ്ത്രങ്ങളുടെയും സാർവത്രിക ഭാഷയായി വിരാജിക്കുന്നു. പ്രകൃതിയുടെ ഹൃദയത്തിൽ, ജീവന്റെ രഹസ്യങ്ങളിൽ, ഗണിതം സ്വയം പ്രകാശിക്കുന്നു. സൂര്യകാന്തിപ്പൂക്കളുടെ സർപ്പിളാകൃതിയിലും, പൈൻകോണുകളുടെ അന്തരാളങ്ങളിലും, ശംഖുകളുടെ വളവുകളിലും ഫിബൊനാച്ചി ശ്രേണിയുടെ (Fibonacci series)  ദിവ്യസ്പർശം ദൃശ്യമാകുന്നു. മരങ്ങളുടെ ശാഖകളിലും, ശ്വാസകോശങ്ങളുടെ സൂക്ഷ്മജാലങ്ങളിലും, നദീതടങ്ങളുടെ വിശാലവിസ്തൃതിയിലും ഫ്രാക്റ്റൽ ജ്യാമിതിയുടെ (Fractal Geometry) അനന്തവിസ്താരം വിശദീകരിക്കുന്നു, ഒരു മഹാകാവ്യത്തിന്റെ ആവർത്തനരൂപങ്ങൾ പോലെ. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ഗണിതം മറ്റൊരു മാനം കൈവരിക്കുന്നു. ഷ്രോഡിംഗറുടെ തരംഗപ്രവർത്തനമോ ഐൻസ്റ്റീന്റെ E=mc² പോലുള്ള സമവാക്യങ്ങൾ വെറും ചിഹ്നങ്ങളല്ല, മറിച്ച് യാഥാർത്ഥ്യത്തിന്റെ കൃത്യമായ ചിത്രണങ്ങൾ ആണ്.  ഒരു മഹാകവിയുടെ മഹാകാവ്യത്തിലെ  വരികൾ പോലെ പ്രപഞ്ചത്തിന്റെ ആത്മാവിനെ വെളിപ്പെടുത്തുന്ന ഗണിത ശാസ്ത്ര അക്ഷരക്കൂട്ടങ്ങളാണ് അവ. സമമിതിയും ഗ്രൂപ്പ് സിദ്ധാന്തവും (Symmetry and group theory) അടിസ്ഥാനകണങ്ങളുടെ വർഗീകരണത്തിനും, സമതുലിതതയുടെ ലയബന്ധം  രേഖപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നു.  രാസപ്രതിക്രിയകളിലോ ഗ്രഹചലനങ്ങളിലോ മാറ്റത്തിന്റെ നിരക്ക് അന്വേഷിക്കാൻ കാൽക്കുലസ് നമ്മെ പ്രാപ്തരാക്കുന്നു. പ്രശസ്ത ചിന്തകനും ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയുടെ (Galileo Galilei), “ദ അസയർ” (The Assayer) എന്ന കൃതിയിൽ പറഞ്ഞതുപോലെ പ്രപഞ്ചം ഗണിതശാസ്ത്ര ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. (Mathematics is the language with which God has written the universe)

ഒരു ഏകീകൃത വീക്ഷണം

ആവാസവ്യവസ്ഥകളുടെ വിശാലതയിൽ നിന്ന് ക്വാർക്കുകളുടെ സൂക്ഷ്മലോകം വരെ, ശാസ്ത്രം ഒറ്റപ്പെട്ട അറിവുകളുടെ കൂട്ടമല്ല, മറിച്ച് ഒരു ശ്രേണിക്രമിതമായ, പാളികളുള്ള ധാരണയുടെ മഹാസമുദ്രമാണ്. ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവ പരസ്പരം മത്സരിക്കുന്ന മേഖലകളല്ല; അവ ഒരേ യാഥാർത്ഥ്യത്തിന്റെ വിവിധ ദർശനകോണുകളാണ്. പ്രപഞ്ചത്തിന്റെ അനന്തരഹസ്യങ്ങളെ ഒരുമിച്ച് അനാവരണം ചെയ്യുന്നവയാണ്  ഈ ശാസ്ത്ര ശാഖകൾ. ജീവശാസ്ത്രം ജീവന്റെ പാരിസ്ഥിതിക സമ്പന്നതയെ, അതിന്റെ വൈവിധ്യമാർന്ന രൂപങ്ങളെയും പരസ്പരബന്ധങ്ങളെയും നമുക്ക് വെളിപ്പെടുത്തുന്നു. പ്രകൃതിയുടെ മഹത്തായ താളലയത്തിൽ ഓരോ ജീവിയും എങ്ങനെ നൃത്തം ചെയ്യുന്നുവെന്ന് കാണിച്ചുതരുന്നു. രസതന്ത്രം ആ ജീവന്റെ തന്മാത്രാ യന്ത്രസംവിധാനങ്ങളെ വിശകലനം ചെയ്യുന്നു. അണുക്കളുടെ രഹസ്യസംഗമങ്ങളിലൂടെ ജീവിതത്തിന്റെ രസായനിക അടിത്തറയെ പ്രകാശിപ്പിക്കുന്നു. ഭൗതികശാസ്ത്രം ദ്രവ്യത്തിന്റെ അടിസ്ഥാനശക്തികളെയും കണികകളെയും അനാവരണം ചെയ്യുന്നു. പ്രപഞ്ചത്തിന്റെ മഹാവിസ്ഫോടനത്തിൽ നിന്നുയരുന്ന ഊർജ്ജപ്രവാഹങ്ങളെ വിവരിക്കുന്നു. ഗണിതശാസ്ത്രം ഇവയെയെല്ലാം ഒരു സാർവലൗകിക വ്യാകരണത്തോട് ബന്ധിപ്പിക്കുന്നു. സമവാക്യങ്ങളുടെ കവിതാത്മകതയിലൂടെ പ്രപഞ്ചത്തിന്റെ ക്രമത്തെ അനുഭവവേദ്യമാക്കുന്നു. ഈ മേഖലകൾ ഒരുമിച്ച് നോക്കുമ്പോൾ, ദ്രവ്യം, ഊർജ്ജം, ജീവൻ എന്നിവയെല്ലാം ഒരേ അടിസ്ഥാനക്രമത്തിന്റെ പ്രകടനങ്ങളായി കാണപ്പെടുന്നു. പ്രപഞ്ചത്തെ ഒരു വിശാലമായ ആവാസവ്യവസ്ഥയായി ചിത്രീകരിക്കുന്നു. ഈ ഐക്യത്തിന്റെ ദാർശനിക തലങ്ങൾ   അഗാധവും  വിശാലവും ആണ്. ജീവനുള്ളതും ജീവനില്ലാത്തവയും തമ്മിലുള്ള വേർതിരിവ്, വിഷയങ്ങൾക്കിടയിലുള്ള അതിർവരമ്പുകൾ,  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിർത്തിരുവുകൾ എന്നിവയുടെ മിഥ്യാധാരണയെ ഉപേക്ഷിക്കാൻ ഇത് നമ്മെ വെല്ലുവിളിക്കുന്നു. പകരം, അസ്തിത്വത്തെ ഒരു തടസ്സമില്ലാത്ത സമഗ്രമായി കാണുവാൻ, ഓരോ കണികയും സസ്യവും ജന്തുവും നക്ഷത്രവും ഗാലക്സിയും പ്രപഞ്ചവും  സമവാക്യവും  അനന്തമായ ഒരു തുടർച്ചയുടെ ഭാഗമായ പ്രപഞ്ചനൃത്തത്തിന്റെ അംഗങ്ങളായി ദർശിക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നു. സാഹിത്യത്തിന്റെ സമ്പന്നമായ ഭാഷയിൽ പറഞ്ഞാൽ, ഈ ശാസ്ത്രീയ ഐക്യം പ്രപഞ്ചത്തിന്റെ മഹാകാവ്യത്തെ ഓർമ്മിപ്പിക്കുന്നു.  അവിടെ ഓരോ അണുവും ഒരു കഥാപാത്രമാണ്, ഓരോ ശക്തിയും ഒരു കവിതാരേഖയാണ്. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ സർ ജെയിംസ് ജീൻസ് പറഞ്ഞതുപോലെ. “പ്രപഞ്ചം ഒരു വലിയ ചിന്തയാണ്”.

Reference

Capra, F. (1975). The Tao of physics: An exploration of the parallels between modern physics and Eastern mysticism. Shambhala.

Galilei, G. (1957). Discoveries and opinions of Galileo (S. Drake, Trans.). Doubleday. (Original work published 1623)

Jeans, J. (1930). The mysterious universe. Cambridge University Press.

Mandelbrot, B. B. (1983). The fractal geometry of nature (Updated and augmented ed.). W. H. Freeman.

Schrödinger, E. (1944). What is life? The physical aspect of the living cell. Cambridge University Press.

Urry, L. A., Cain, M. L., Wasserman, S. A., Minorsky, P. V., & Reece, J. B. (2021). Campbell biology (12th ed.). Pearson.

Wilson, E. O. (1998). Consilience: The unity of knowledge. Alfred A. Knopf.

Young, H. D., Freedman, R. A., & Ford, A. L. (2020). University physics with modern physics (15th ed.). Pearson.

ഡോ. സുരേഷ് കുമാർ കെ. എ.

അസോസിയേറ്റ് പ്രൊഫസർ, സസ്യ ശാസ്ത്ര വിഭാഗം, ഗവൺമെന്റ് കോളേജ് ചിറ്റൂർ, പാലക്കാട്. 678 104.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x