
ഐറിസ്
Published: 05 April 2026 വിവര്‍ത്തനകവിത
പ്രതീക്ഷ (എസ്പെരാൻതാ)
അലെക്സിസ് വാൽഡീസ്
വിവ: ഐറിസ്
ചുഴലിപ്പെരുങ്കാറ്റിൻ പേക്കലിയടങ്ങുന്നു
വഴികൾ പിന്നെയും മുന്നിലിണങ്ങുന്നു
കടലാഴങ്ങളിലൊന്നായൊടുങ്ങും നൗകകൾ വിട്ട്
മിടിപ്പണയാതെ കരയ്ക്കടിഞ്ഞവർ നാം
തേങ്ങലമരാത്ത നെഞ്ചകങ്ങൾ
ഭാഗ്യം തുണച്ച വാഴ് വുകൾ
ഇനിയുമുയിരോടിരിപ്പുണ്ടെന്ന്
ഉള്ളിൽത്തെളിയുന്നു നിലാപ്പുഞ്ചിരി
ആദ്യം കാണുമപരിചിതനെ
മാറോടണച്ച്
ഒരു കൂട്ടുകാരൻ കൈവിട്ടുപോയില്ലെന്ന്
ഭാഗ്യത്തെ വാഴ്ത്തും നാം
പിന്നെയോർത്തെടുക്കും
നഷ്ടമായവയൊക്കെയും
പാഠമെന്ന് നിനയ്ക്കാത്തവ
അറിവായ്പ്പതിയുമുള്ളിൽ
അരുതാത്തൊരസൂയയല്പവുമില്ലിനി
ഞെരുക്കങ്ങളാവോളമേറ്റവർ നാം
ഇനിയില്ലമാന്തവുമാലസ്യവും
കരുണ നിറയ്ക്കേണ്ടവരല്ലോ നാം
കൈവരാത്തവയോർത്തിരിക്കാതെ
ഒത്തുപങ്കിടുവതെത്രയോ കാമ്യം
കൈയയച്ചേകുമിനിയെന്തും
അപരനെന്ന് വകയാതെ തുണയേകും
ഇതളടരാതെ തുടിക്കും വാഴ് വി –
തതിലോലമെന്ന് മധുരമായറിയും
അരികിലും നിനവിലും തുടരുവോരെ
തരളമായ് ചേർത്തുവയ്ക്കുമെക്കാലവും
ചന്തയിൽ കൈനീട്ടി നിന്നൊരാ വൃദ്ധനെ
ഇനിക്കാണില്ലെന്നുള്ളം പിടയുന്നു
അരികിലെത്രനാൾ തങ്ങിയിട്ടും
നാമാരാഞ്ഞതില്ലയെന്തെന്നുമാരെന്നും
നാല് കാശിന് വിലയില്ലാത്തൊരാപ്പാവം
നീ തൊഴും തമ്പുരാനെന്നാകിലോ
പേര് ചോദിച്ചണച്ചിരുത്താനും
നേരമില്ലെന്ന് തിടുക്കപ്പെട്ടകന്നില്ലേ
അതിവിസ്മയമായ്പ്പകരുമെല്ലാം
പെരിയപുരാണമായ്ത്തുടരും
പൊരുതി നാം നേടിയ ജീവനെ
പെരുമയായ്ക്കരുതുമെന്നേക്കും
ചുഴലിപ്പെരുങ്കാറ്റിൻ പേക്കലിയടങ്ങവേ
കനക്കും നോവോടെ ചോദിപ്പൂ ദൈവമേ
മടക്കിത്തരില്ലേ വാഴ് വി,തുടച്ചുവാർക്കട്ടെ ഞങ്ങൾ
കനവിലായങ്ങ് കണ്ടുകൊതിച്ചപോലെ.

