ജൂലി ഡി എം

Published: 05 April 2026 ട്രോൾ വിമർശനം

ഡിജിറ്റൽ മുതലാളിത്തത്തിന്റെ വ്യാജ ആഖ്യാനങ്ങൾ

ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഭീഷണികളെ ലോകം മുഴുവൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്.സ്വയം മാറിനിൽക്കാനോ രക്ഷപ്പെടാനോ  കഴിയാത്ത വിധത്തിൽ   ഡിജിറ്റൽ മുതലാളിത്തത്തിന്റെ വലയിലായ മനുഷ്യരാണ് ഇന്നുള്ളത്. പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് വ്യക്തികളുടെ പ്രവർത്തനങ്ങളും പെരുമാറ്റവും ഡാറ്റയായി ശേഖരിക്കുകയും വിറ്റു കാശാക്കുകയും ചെയ്യുന്ന ഡിജിറ്റൽ മുതലാളിത്ത കാലത്ത് വ്യക്തികളുടെ ജോലി, വിനോദം, സ്വകാര്യത എന്നിവയുടെ അതിർവരമ്പുകൾ ഇല്ലാതാവുകയും അറിഞ്ഞോ അറിയാതെയോ ഉപയോക്താക്കൾ ഇത്തരം പ്രവർത്തനങ്ങളിൽ ഇരയാക്കപ്പെടുകയുമാണ് ചെയ്യുന്നത്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ലാഭം കൊയ്യുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ പുതിയൊരു സാമ്പത്തിക ഘടനയ്ക്കാണ് രൂപം കൊടുത്തിട്ടുള്ളത്. മരിച്ചുപോയ മനുഷ്യരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സജീവമാക്കി നിലനിർത്താനുള്ള സാങ്കേതികവിദ്യക്ക്‌ മെറ്റ പേറ്റന്റ് നേടിയെടുത്തിട്ടുണ്ട് എന്ന വാർത്തകളും വരുന്നു. അങ്ങനെ മരിച്ചുപോയ മനുഷ്യരെ ഉപയോഗിച്ച് പോലും ലാഭം കൊയ്യാമെന്ന് ഡിജിറ്റൽ മുതലാളിത്തം നമുക്ക് കാണിച്ചുതരുകയാണ്. ഇക്കാര്യങ്ങളൊക്കെ അറിയാമെങ്കിലും ഡിജിറ്റൽ ലോകത്ത് ആർക്കും ഇതിൽ നിന്നൊന്നും ഒഴിഞ്ഞു നിൽക്കാനാവില്ല എന്നതാണ് യഥാർത്ഥ പ്രതിസന്ധി. അങ്ങനെ ഒരു കാലത്തെ,  ഒരു മലയാള കഥ എങ്ങനെ ആവിഷ്കരിക്കുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്.2025 ഡിസംബർ മാസത്തിൽ പുറത്തിറങ്ങിയ ഗ്രന്ഥാലോകത്തിൽ വന്ന സോക്രട്ടീസ് കെ വാലത്തിന്റെ ‘വേട്ടക്കാരൻ’ എന്ന കഥ ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഭീഷണിയെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നതായി തോന്നാം. പക്ഷേ, ലോകത്തിലും ഇന്ത്യയിൽ പ്രത്യേകിച്ചും വമ്പൻ കോർപ്പറേറ്റുകൾക്കെതിരെ കാലങ്ങളായി സമരം ചെയ്യുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപ്പിനെ തമസ്കരിക്കാനുള്ള ശ്രമമായി കഥ മാറുന്നുവെന്നാണ് സൂക്ഷ്മ വായനയിൽ തെളിയുന്നത്.

സോക്രട്ടീസ് കെ വാലത്തിന്റെ ‘വേട്ടക്കാരൻ’

ഓർമ്മകൾ നഷ്ടപ്പെട്ടുപോയ മനുഷ്യർ തങ്ങളുടെ ഓർമ്മകൾക്കായി ഒരു മെമ്മറി ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. വേട്ടക്കാരൻ എന്ന കഥയുടെ ഇതിവൃത്തം. ഊരിൽ നിന്ന് കാടിറങ്ങി തീവണ്ടി പിടിച്ച് നഗരത്തിലെ മെമ്മറി ബാങ്കിലെത്തിയ നഞ്ചൻ എന്ന ആദിവാസിയാണ് കഥയിലെ ആഖ്യാതാവ്.അറുപത്തഞ്ചാം വയസ്സിലും തികച്ചും ആരോഗ്യവാനായ, തന്നെക്കുറിച്ചും തന്റെ വംശത്തെക്കുറിച്ചും അഭിമാനിയായ ആദിവാസിയാണ് നഞ്ചൻ. 50 വർഷം മുമ്പ് അയാളുടെ കുടുംബ ക്ഷേത്രമായ കാളിയൂർക്കാവിൽ നടന്ന അവസാനത്തെ കാവ് തീണ്ടലിന്‍റെ ഓർമ്മകൾ തേടിയാണ് അയാൾ മെമ്മറി ബാങ്കിന് മുന്നിൽ നിൽക്കുന്നത്. അവിടെ ക്യു നിൽക്കുന്നവരിൽ ഒരാൾക്ക് തന്റെ ആറാം വയസ്സിൽ നടന്ന ഒരു കലാപത്തിന്റെ ഓർമ്മയാണ് കിട്ടേണ്ടത്. ടീ സ്റ്റാൾ കലാപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കലാപം ഇപ്പോൾ പത്താംക്ലാസിൽ പഠിപ്പിക്കുന്നത് നിജസ്ഥിതിക്ക് ഒട്ടും നിരക്കാത്ത രീതിയിലാണ്. ആറാം വയസ്സിൽ അതിന് സാക്ഷിയായ, മെമ്മറി ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുന്ന അയാൾ പറയുന്ന സാക്ഷിമൊഴിക്ക്‌  ഇന്ന് നിയമ സാധുത ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ആ ഓർമ്മയുടെ ഡേറ്റ തേടിയാണ് അയാൾ അവിടെ വന്നിരിക്കുന്നത്. തന്നെയും തന്റെ മൂന്ന് കുഞ്ഞുമക്കളെയും വിട്ട് മറ്റൊരുവനുമായി ഇറങ്ങിപ്പോയ ഭാര്യയെ കുറിച്ചുള്ള ഓർമ്മ തേടിയാണ് മറ്റൊരാൾ വന്നിരിക്കുന്നത്. ഇങ്ങനെ അനവധി പേരാണ് ആ മെമ്മറി ബാങ്കിന് മുന്നിൽ ക്യൂ നിന്നിരുന്നത്. മെമ്മറി ബാങ്കിന്റെ ഉടമസ്ഥയെന്ന് തോന്നിപ്പിക്കുന്ന മംഗോളിയൻ വംശജക്കാരിയോട് നഞ്ചൻ തന്റെ ആവശ്യമറിയിക്കുന്നു. 

ഊരുകാർക്ക് നൂറ്റാണ്ടുകളായി തങ്ങളുടെ കൂട്ടർ വിശ്വസിച്ച് ആരാധിച്ചിരുന്ന കാളിയൂർക്കാവ് തിരികെ കിട്ടണം എന്നതായിരുന്നു അയാളുടെ ആവശ്യം. വിഷ്ണു അഡിഗയും അയാളുടെ പുത്രൻ ശ്രാവൺ അഡിഗയും കൂട്ടരും ചേർന്ന് അവിടം ആദികാലം മുതൽ അവരുടെ കുടുംബ ക്ഷേത്രമായിരുന്നു എന്ന കള്ള തെളിവ് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കാവും പരിസരവുമെല്ലാം കയ്യടക്കിയിരുന്നു.വിഷ്ണു അഡിഗയുടെ അച്ഛൻ ബൽറാം അഡിഗ കള്ള രേഖകളുണ്ടാക്കി ആ പ്രദേശമാകെ വളച്ചെടുത്തതിൽ പിന്നെ അവർക്ക് കാവ് തീണ്ടാനായിട്ടില്ല. പക്ഷേ, 50 വർഷം മുമ്പ് വരെ അവിടെ കാവ് തീണ്ടൽ നടത്തിയിരുന്നു എന്നതിന്റെ ഓർമ്മയുണ്ട് അയാൾക്ക്. ആ ഓർമ്മയുടെ ഡിജിറ്റൽ തെളിവ് തേടിയാണ് അയാൾ അവിടെ വന്നത്. എന്നാൽ നഞ്ചന്റെ ജീവിതത്തിലെ സകല ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും വിചാരങ്ങളും കൂട്ടിച്ചേർത്ത് മൊത്തത്തിൽ തന്നെ ശ്രാവൺ അഡിഗ എന്നയാൾ വാങ്ങിച്ചു പോയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾക്ക് അവിടെ നിന്നും ലഭിച്ചത്.അതിന്റെയൊക്കെ അവകാശം പൂർണമായും കൈമാറുന്നതിന് നഞ്ചൻ ഒപ്പിട്ടു കൊടുത്ത അനുമതിപത്രവും ശ്രാവൺ അഡിഗ അവിടെ സബ്മിറ്റ് ചെയ്തിട്ടുണ്ടത്രെ. ആകെ തകർന്നുപോയ നഞ്ചനെ തിരക്കൊഴിഞ്ഞപ്പോൾ മെമ്മറി ബാങ്കിന്റെ ഉടമസ്ഥ അടുത്ത് വിളിച്ച് എന്തിനും പരിഹാരമുണ്ടെന്ന് സമാശ്വസിപ്പിച്ച ശേഷം ഉടമസ്ഥരില്ലാത്തതും അയാൾക്ക് സ്യൂട്ടാകുന്നതുമായ  മെമ്മറി സിസ്റ്റം കോഡ് ചെയ്ത ഒരു ചിപ്പ് അയാൾക്ക് നൽകുന്നു. അത് മെമ്മറി സിസ്റ്റം വിത്ത് ബ്രെയിൻ ആണെന്നും ഇപ്പോഴത്തെ തീർത്തും വേസ്റ്റായ ബ്രയിനിന്റെ സ്ഥാനത്ത് ഇതായിരിക്കും ഇനി ആക്ടീവ് ആവുക എന്നും അവർ പറഞ്ഞു. പ്രസ്തുത ബ്രെയിൻ, അവസാനമായി ഇന്ത്യ വിട്ടുപോയ വിഷ്ണു അഡിഗയുടെ യഥാർത്ഥ പിതാവായ സർ കോർട്ടൺ പ്രഭുവിന്റെയും ബൽറാം അഡിഗയുടെയും ജീനുകളുടെ ഒരു മിക്സ്‌ ആണെന്നും വെളിപ്പെടുത്തുന്നു. ഉള്ളിൽ നിന്നുയരുന്ന എതിർപ്പ് വകവയ്ക്കാതെ അയാൾ ആ മെമ്മറി സിസ്റ്റം ഫിറ്റ് ചെയ്ത് ഒരു വേട്ടക്കാരനായി പുറത്തിറങ്ങുകയാണ് ; പരിസരമാകെ ഒരു ഇരയെ തിരഞ്ഞുകൊണ്ട്.

പാട്രിയാർക്കിക്ക്‌ പ്രവേശനമില്ലാത്ത

ഏതോ ഭൂഖണ്ഡത്തിലെ കാഴ്ചകൾ !

 ഡിജിറ്റൽ മുതലാളിത്തം മനുഷ്യരെ പലതരത്തിൽ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്കാരമെന്ന് തോന്നിപ്പിക്കുന്ന വേട്ടക്കാരൻ എന്ന കഥ പാട്രിയാർക്കിക്ക് കടന്നുചെല്ലാൻ പറ്റാത്ത ഏതോ നാട്ടിലെ ഒരു അനുഭവ കഥയും പങ്കുവയ്ക്കുന്നുണ്ട്! നഞ്ചൻ തന്റെ ഓർമ്മ വീണ്ടെടുക്കാൻ ക്യൂ നിൽക്കുന്ന മെമ്മറി ബാങ്കിന് മുന്നിൽ വച്ച് പരിചയപ്പെടുന്ന മധ്യവയസ്കൻ തനിക്ക് കണ്ടെടുക്കേണ്ട ഓർമ്മയെക്കുറിച്ച് നഞ്ചോട് പറയുന്നു. അയാളെയും മൂന്നു കുഞ്ഞുങ്ങളെയും വിട്ട് ഭാര്യ ഒരുവനുമായി ഇറങ്ങിപ്പോയിട്ട് 10 വർഷം കഴിഞ്ഞു.ഉറ്റ ബന്ധുക്കളും അയൽക്കാരുമൊക്കെ കുട്ടികളോട് പറഞ്ഞുകൊടുത്തിരിക്കുന്നത് അയാൾ സ്വന്തം ഭാര്യയെ കൊന്ന് പുരയിടത്തിൽ കുഴിച്ചു മൂടിയെന്നാണ്. അത് വിശ്വസിച്ച കുട്ടികൾക്ക്‌ അയാളെ കണ്ണെടുത്താൽ കണ്ടൂടത്രേ ! വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് കഥാകൃത്ത് ഇങ്ങനെ വ്യക്തമാക്കുന്നു. “ ആറും ഏഴും വയസുള്ള ആൺ മക്കൾ അടുത്ത മുറിയിലും അയാളും ഇളയകുഞ്ഞും ഭാര്യയും അവരുടെ മുറിയിലും ഉറങ്ങുന്നതിനിടയിൽ ജനാലക്കരികിൽ ഒരു തട്ട് കേട്ടു. ഭാര്യ എഴുന്നേൽക്കുന്നതായി തോന്നി. നിമിഷങ്ങൾക്കുള്ളിൽ സുന്ദരവും മൃദുലവുമായ അവളുടെ വിരലുകൾ അയാളുടെ മൂക്കിൽ എന്തോ മുട്ടിച്ചു. മത്ത് പിടിപ്പിക്കുന്ന ഗന്ധത്തിലൂടെ അയാളുടെ ബോധം മറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും മങ്ങിയ കാഴ്ചയിൽ അയാളുടെ ഭാര്യ വാതിൽ തുറന്ന് കുഞ്ഞിനെ മാത്രം ഒന്ന് നോക്കി പുറത്തേക്ക് പോകുന്നത് അയാൾ കണ്ടതാണ്. അതിന്റേതായ കൃത്യതയോടെയുള്ള വിഷ്വൽ ഡേറ്റ ഇവിടന്ന് കിട്ടിയാൽ ഉറ്റ ബന്ധുക്കൾ കാലങ്ങളായി പറഞ്ഞു പ്രചരിപ്പിക്കുന്ന വലിയൊരു കള്ളം പൊളിക്കാനാവും.” ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സ്ത്രീകൾ വേറൊരുത്തനുമായി ഓടിപ്പോകുന്ന സംഭവങ്ങൾ ഞെട്ടലുളവാക്കുന്ന  വാർത്തകളായും പല കഥകളായും പ്രചരിക്കുകയാണ് പതിവ്. ഇതേ പ്രവൃത്തി ഭർത്താവ് ചെയ്താൽ അത് വാർത്ത പോലുമല്ല, സ്വാഭാവികമായ ഒരു കാര്യമായി കണക്കാക്കപ്പെടും. ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. ഭാര്യയെ കാണാതാകുന്നു. ഭർത്താവിന്റെ തെളിച്ചമില്ലാത്ത ഓർമ്മയിൽ അതൊരു ഒളിച്ചോട്ടമാണ്. പക്ഷേ, ഉറ്റ ബന്ധുക്കളും അയൽക്കാരും പറഞ്ഞു പരത്തിയത് അയാൾ ഭാര്യയെ കൊന്നു പുരയിടത്തിൽ കുഴിച്ചിട്ടു എന്നാണ്. അത് വിശ്വസിച്ച അയാളുടെ സ്വന്തം മക്കൾ അയാളെ വെറുക്കുന്നു. സാധാരണഗതിയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഭാര്യയെ ഭർത്താവ് കൊന്ന് കുഴിച്ചിട്ടാൽ പോലും ബന്ധുക്കളും നാട്ടുകാരുമൊക്കെ പറഞ്ഞു പരത്തുന്നത് അവൾ വല്ലവനും ഒപ്പം ഓടിപ്പോയി എന്നാവും. സ്വന്തം കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടിയെക്കൊണ്ട് മൊഴി കൊടുപ്പിക്കുകയും അമ്മ പോക്സോ കേസിൽ ജയിലിൽ കഴിയുകയും പിന്നീട് മുൻ ഭർത്താവ് കുഞ്ഞിനെക്കൊണ്ട് കള്ളം പറയിപ്പിച്ചതാണെന്ന് തെളിയുകയും ചെയ്ത നാട്ടിലാണ് ഇത്തരത്തിലുള്ള ‘സ്ത്രീസൗഹൃദ’ കഥകൾ കഥാകൃത്തുക്കൾ എഴുതുന്നത്. മെമ്മറി ബാങ്ക് വരെ യാഥാർത്ഥ്യമായ നാട്ടിൽ 10 വർഷമായിട്ടും ഇറങ്ങിപ്പോയ ഭാര്യയെക്കുറിച്ച് ഒരു വിവരവുമില്ലത്രേ! ഈ സംഭവം അയൽ സംസ്ഥാനാതിർത്തിയായി വരുന്ന കേരളത്തിലെ ഒരു ജില്ലയിൽ നടക്കുന്നതാണെണ് മനസ്സിലാവുന്നത്. പക്ഷേ, ഇങ്ങനെയൊരു സംഭവം കേരളത്തിലോ ഇന്ത്യയിലോ നമുക്ക് അറിയാവുന്ന മറ്റേതെങ്കിലും രാജ്യത്തോ നടക്കാൻ ഒരു സാധ്യതയുമില്ല. ഇന്നേവരെ മനുഷ്യർ കണ്ടെത്തിയിട്ടില്ലാത്ത ഏതോ അജ്ഞാത ഭൂഖണ്ഡത്തിലെ പേരറിയാത്ത ഏതോ രാജ്യത്ത് നടന്ന സംഭവമായിരിക്കണം! സ്ത്രീവിരുദ്ധമായ ആശയങ്ങൾ സംസാരിച്ചിരുന്ന കുടുംബവും സമൂഹവും സ്ത്രീക്ക് അനുകൂലമായി സംസാരിക്കുകയും ആഖ്യാനങ്ങൾ തീർക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന സാമൂഹിക സാഹചര്യമാണ് ഇവിടെ തെളിയുന്നത്! ഒരു പുരുഷ കമ്മീഷൻ വേണമെന്ന് ശബ്ദമുയർത്താൻ പോലും ആകാത്ത വിധത്തിൽ സ്ത്രീസൗഹാർദ്ദപരമായ ആ നാട് ഏത് ഭൂഖണ്ഡത്തിൽ ആയിരിക്കും !! അങ്ങനെയൊരു നാട് ഏതെന്ന് കഥാകൃത്ത് വെളിപ്പെടുത്തിയിരുന്നെങ്കിൽ സ്ത്രീകൾക്ക് അത് ഉപകാരപ്രദമായേനെ!

വ്യാജ ആഖ്യാനങ്ങളിലെ വേട്ടക്കാരൻ

അറുപത്തഞ്ചാം വയസ്സിലെ ആരോഗ്യത്തിലും തൊലിക്കറുപ്പിലും വംശത്തനിമയിലും ആത്മവിശ്വാസമുള്ള ആദിവാസിയാണ് നഞ്ചൻ. അയാളുടെ ശത്രുക്കൾ കുറച്ച് അഡിഗമാരാണ്. (കന്നഡ ബ്രാഹ്മണർ) നിലവിൽ ഭരണത്തിലിരിക്കുന്ന ഉന്നത നേതാവായ ശ്രാവൺ അഡിഗയും നഞ്ചന്റെ മകൾ ദേവയും കോളേജിൽ ഒരുമിച്ചായിരുന്നു. അയാൾ കൃത്രിമം കാണിച്ച് കമ്പ്യൂട്ടർ സയൻസിൽ കൂടുതൽ മാർക്ക് സംഘടിപ്പിച്ചപ്പോൾ നഞ്ചന്റെ മകൾ കേസ് കൊടുത്ത് ഒന്നാം റാങ്ക് തിരിച്ചുപിടിക്കുകയായിരുന്നു. ഈ ശ്രാവൺ അഡിഗയുടെ അപ്പുപ്പൻ ബൽറാം അഡിഗ കോർട്ടൺ സായിപ്പിന്റെ മാനേജർ ആയിരുന്നു. ബൽറാം അഡിഗയുടെ ഭാര്യയെ പറങ്കിമാങ്ങ വാറ്റിനൊപ്പം സായിപ്പിന് സമർപ്പിച്ചപ്പോൾ കിട്ടിയ കുട്ടിയാണ് സായിപ്പിന്റെ പ്രതിരൂപമായ വിഷ്ണു അഡിഗ . വിഷ്ണു അഡിഗയുടെ മകൻ ശ്രാവൺ അഡിഗക്കുമുണ്ട് കോർട്ടൺ സായിപ്പിന്റെ രൂപഭാവങ്ങൾ. സായിപ്പിന്റെയും അഡിഗമാരുടെയും മിക്സഡ് ജീൻ വഹിക്കുന്ന വിഷ്ണു അഡിഗയും ബൽറാം അഡിഗയും കൂട്ടരും ചേർന്നാണ് നഞ്ചന്റെ കുടുംബക്ഷേത്രമായ കാളിയൂർക്കാവ് സ്വന്തമാക്കിയത്. ബൽറാം അഡിഗയും മറ്റും കള്ള രേഖകൾ ഉണ്ടാക്കി ആ പ്രദേശമാകെ വളച്ചെടുത്തതിൽ പിന്നെ നഞ്ചന്റെ ഊരുകാർക്ക് കാവ് തീണ്ടാനായിട്ടില്ല. 50 വർഷം മുൻപ് വരെ കാവ് തീണ്ടിന്റെ ഓർമ്മ അയാൾക്കുണ്ട്. ആ ഓർമയുടെ ഡേറ്റ തേടിയാണ് അയാൾ മെമ്മറി ബാങ്കിൽ എത്തിയിരിക്കുന്നത്. ബൗദ്ധരുടെയും ആദിവാസികളുടെയും ഒക്കെ ക്ഷേത്രങ്ങൾ ബ്രാഹ്മണർ കൈയേറിയതിന്റെ ചരിത്രപരമായ ഓർമ്മകളാണ് കഥാകൃത്ത് ഇവിടെ ആവിഷ്കരിക്കുന്നത്. അയാളുടെ ജീവിതത്തിലെ സകല ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും വിചാരങ്ങളും എല്ലാം കോർപ്പറേറ്റ് സ്ഥാപനത്തിൽ നിന്നും വാങ്ങിപ്പോകുന്ന ശ്രാവൺ അഡിഗയാണ് കഥയിലെ വില്ലൻ. മെമ്മറി ബാങ്ക് എന്ന കോർപ്പറേറ്റ് സ്ഥാപനമാകട്ടെ നഞ്ചനെ അനുതാപത്തോടെ പരിഗണിക്കുന്ന, കാശൊന്നും വാങ്ങാതെ ഫ്രീ സേവനം നൽകുന്ന സ്ഥാപനമാണ്! മെമ്മറി ബാങ്കിന് മുന്നിൽ ക്യൂവിൽ നിൽക്കുന്ന ആരും ബാങ്കിന് ക്യാഷ് പേ ചെയ്യുന്നതായി കഥയിൽ പറയുന്നില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അയാളെ മെമ്മറി ബാങ്കിന്റെ ഉടമസ്ഥയായ സ്ത്രീ തിരക്കിനിടയിലും നോക്കുകയും ഇനിയെന്ത് സഹായമാണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. അയാൾ തന്റെ നിസ്സഹായാവസ്ഥ പറയുമ്പോൾ അവൾ അയാളെ എന്തിനും പരിഹാരമുണ്ടെന്ന് പറഞ്ഞ് സമാശ്വസിപ്പിക്കുന്നു. എന്നിട്ടാണ് കോർട്ടൺ പ്രഭുവിന്റെയും ബൽറാം അഡിഗയുടെയും ജീനുകളുടെ കലർപ്പായ മെമ്മറി സിസ്റ്റം വിത്ത് ബ്രെയിൻ തികച്ചും ഫ്രീയായി നൽകി യാത്രയാക്കുന്നത്! ഉള്ളിൽ നിന്നുയർന്ന എതിർപ്പ് മറികടന്ന് പുതിയ തലച്ചോറുമായി വേട്ടക്കാരനായി പരിണമിച്ച നഞ്ചൻ തന്റെ ഇരയെ തേടി ബൂട്ട്സിട്ട് നടക്കുന്ന സായിപ്പിനെപ്പോലെ നടന്നുപോകുമ്പോൾ കഥ അവസാനിക്കുകയാണ്.

എഴുത്തുകാർ കഥാരചനക്കായി ഇത്തരം വിഷയങ്ങൾ തെരഞ്ഞെടുക്കുന്നത് നല്ല കാര്യമാണ്. പക്ഷേ, നിങ്ങൾ മുതലാളിത്തത്തെ എങ്ങനെയാണ് അഡ്രസ്സ് ചെയ്യുന്നത് എന്ന കാര്യം വളരെ പ്രധാനമാണ്. ലോകമെമ്പാടുമുള്ള മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിനോടും ഭരണകൂടങ്ങളുടെ ജനദ്രോഹ നിലപാടുകളോടും ഏറ്റവും അധികം പ്രതിരോധിച്ചു നിൽക്കുന്നത് ആദിവാസി വിഭാഗങ്ങളാണെന്ന സത്യത്തെയാണ് ഈ കഥ സമർഥമായി മറച്ചുപിടിക്കുന്നത്.ഛത്തീസ്‌ഗഡിലേയും ഒഡീഷയിലെയും ആസാമിലെയും മഹാരാഷ്ട്രയിലേയും കോർപറേറ്റ് കയ്യേറ്റങ്ങൾക്കെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലെ ആദിവാസി ജനത നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സോക്രട്ടീസ്. കെ. വാലത്തിന്റെ കഥയിലെ നഞ്ചൻ എന്ന ആദിവാസി തങ്ങളുടെ ഭൂമിയിലേയും ആരാധനാലയത്തിലേയും ബ്രാഹ്മണാധിനിവേശത്തിനെതിരെ കോടതിയിൽ പൊരുതാനായി ഒരു കോർപറേറ്റ് സ്ഥാപനത്തിന് മുന്നിൽ ക്യൂ നിൽക്കുകയും കോർപറേറ്റ് സ്ഥാപനത്താൽ സ്വന്തം വ്യക്തിത്വവും ബുദ്ധിയും തലച്ചോറുമൊക്കെ അടിയറ വച്ച് സായിപ്പിന്റെയും അഡിഗയുടെയും മിക്സഡ് ബ്രയിനുമായി വേട്ടക്കാരനായി പരിണമിക്കുകയാണ് ചെയ്യുന്നത്. സ്വന്തം വംശത്തനിമയിലും കറുത്ത നിറത്തിലും പേശീബലത്തിലും അഭിമാനമുള്ള, കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക്കാരിയുടെ പിതാവുമായ നഞ്ചൻ എന്ന ആദിവാസിയെ സ്വന്തം വംശത്തിനെതിരെ തന്നെ തിരിച്ചുവിടുന്ന വേട്ടക്കാരനാക്കുന്നതിലൂടെ ഡിജിറ്റൽ മുതലാളിത്തത്തിന് വിജയഗാഥ പാടുകയാണ് ഒരർത്ഥത്തിൽ കഥാകൃത്ത് ചെയ്യുന്നത്. ഒരു ഭരണകൂടം തങ്ങളുടെ ഫാസിസ്റ്റ് രീതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  എല്ലാ അവകാശാധികാരങ്ങളും ഉള്ളവരായി ജാതി വരേണ്യ വിഭാഗങ്ങളെ അഴിച്ചുവിടുന്നതിന്റെ ചിത്രം കഥയിൽ കടന്നു വരുന്നുണ്ട്.പക്ഷേ, അത്തരം ഭരണകൂടങ്ങളുടെ ജാതി -മത പ്രീണന കോർപറേറ്റ് അനുകൂല നിലപാടുകളെ കുറിച്ചോ ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള ഭരണകൂട  അധിനിവേശങ്ങളെ കുറിച്ചോ കഥ മിണ്ടുന്നില്ല. കോർപറേറ്റ് സ്ഥാപങ്ങൾക്കുവേണ്ടി ഭരണകൂടങ്ങൾ പണിയെടുക്കുന്നതിനെക്കുറിച്ചും കഥ നിശ്ശബ്ദത പാലിക്കുന്നു.

കോഫി ഷോപ്പ് കലാപത്തിന് ഇരയായ മനുഷ്യർ, പാഠപുസ്തകത്തിൽ പ്രസ്തുത കലാപം അവതരിപ്പിച്ചിരിക്കുന്നത് നിജസ്ഥിതിയിൽ അല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ തെളിവ് ശേഖരിക്കാനായി വരുന്നത് ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലേക്കാണ്. ദരിദ്രരും നിസ്സഹായരുമായ മനുഷ്യർക്കുമേൽ പണവും അധികാരവും ഭരണകൂട സ്വാധീനവും ഉപയോഗിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങൾ മേൽക്കൈ നേടുമ്പോഴും ഇരയാക്കപ്പെടുന്നവർ ഉയർത്തുന്ന പ്രതിരോധങ്ങളും സമരമുറകളും ചരിത്രമാവുകയും പുതിയ തലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്യുന്നുണ്ട് എന്ന വസ്തുതയാണ് ഇത്തരം കഥകൾ തമസ്കരിക്കുന്നത്. ഭരണകൂടം കലാപം ഉണ്ടാക്കുകയും ആ കലാപങ്ങളെ സത്യവിരുദ്ധമായി പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഭരണകൂട നിയന്ത്രണത്തിലുള്ള കോടതികളെ തന്നെ സമീപിക്കാനായി ഒരു മനുഷ്യൻ ഭരണകൂട വാത്സല്യങ്ങൾ പേറുന്ന ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നതിന്റെ ദുരന്തം കഥ അനാവരണം ചെയ്യുന്നില്ല. ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഭീഷണികൾ ആവിഷ്കരിക്കാൻ പുറപ്പെട്ട വേട്ടക്കാരൻ എന്ന കഥ വമ്പൻ കോർപറേറ്റ് അധിനിവേശങ്ങൾക്കെതിരെ പൊരുതുന്ന ആദിവാസി ജനവിഭാഗങ്ങളുടെ സമരാനുഭവങ്ങളുടെ തമസ്‌കരണമായി മാറുന്ന കാഴ്ചയാണ് സോക്രട്ടീസിന്റെ കഥയിലുള്ളത്.

ജൂലി ഡി എം

അദ്ധ്യാപിക

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x