ഉബൈദ്. പി.ബി.

Published: 05 April 2026 കഥ

ഐരാവതം

പ്രിയപ്പെട്ട വായനക്കാരാ,നിങ്ങൾ കരുതുന്ന പോലെയുള്ള കഥയല്ലയിത്.സോഷ്യൽ മീഡിയയിലെ ചില പേജുകളിലെ പോസ്റ്റുകൾ വായിച്ച് വികാരഭരിതരാവുന്നവർക്ക്
അത്തരമൊരു വികാര തീവ്രത ഈ കഥയിൽ നിന്ന് ലഭിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അങ്ങനെയുള്ളവർ ഈ കഥ വായിക്കരുത്.ഈ കഥ വായിക്കുന്നത് നിർത്തി നിങ്ങൾക്ക് നിങ്ങളുടെ സമയം ലാഭിക്കാവുന്നതാണ്. ഇനി എന്റെ ഈ കഥ കേൾക്കാനായി മാത്രം കൊതിച്ചു വന്നവർക്ക് സ്വാഗതം.
കഥയിലേക്ക്…

ധൃതി പിടിച്ച് പത്രോസ് ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി. താൻ കുറി കൂടി നേടിയ പണവും, അല്ലറ,ചില്ലറ ചേർത്തു വച്ചതുമായ പണവും ചേർത്ത് വെളുത്ത നിറത്തിലുള്ള ഹോണ്ടാ ആക്ടീവ സ്കൂട്ടർ വാങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിനങ്ങളായി. സ്കൂട്ടർ വാങ്ങിയ ദിവസം മുതൽ ഇതുവരെ അയാൾ അതിൽ എങ്ങോട്ടും പോയിരുന്നില്ല.അയൽവാസിയായ ശോശന്ന ചേട്ടത്തി, ഇതിന്റെ കാരണം പത്രോസിന്റെ അമ്മയോട് തിരക്കി.
പത്രോസിന്റെ അമ്മ വിശദീകരിച്ചാണ് അതിന് മറുപടി നൽകിയത്. ചെറുപ്പം മുതലേ പത്രോസ് കടുത്ത മൈക്കൾ ജാക്സൻ ആരാധകനായിരുന്നു. മൈക്കൾ ജാക്ക്സനിന്റെ ഫോട്ടോ എവിടെ കണ്ടാലും അത് എടുത്ത് അവൻ നോട്ട് ബുക്കിൽ ഒട്ടിക്കും. ഏത് നേരവും മൈക്കൾ ജാക്ക്സനെക്കുറിച്ച് ആലോചിച്ച് പത്രോസിന്റെ പഠനം മുടങ്ങുന്നതറിഞ്ഞ് അവന്റെ അപ്പൻ മൈക്കൾ ജാക്സന്റെ ചിത്രങ്ങൾ ഒട്ടിച്ച നോട്ട് ബുക്ക് കത്തുന്ന അടുപ്പിലേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ച്ച അവൻ വീട്ടിലെ ആരോടും സംസാരിച്ചില്ല.
മൈക്കൾ ജാക്സൻ വെളുത്ത് വരുന്നതു കൊണ്ട് അവന് വെളുത്ത നിറത്തോട് കടുത്ത ഇഷ്ടമുണ്ടായി. ഒരിക്കൽ പള്ളിയിലെ ശവമടക്കൽ ചടങ്ങിന്റെയിടയിൽ അവൻ ചോദിച്ചു ഈ ശവപ്പെട്ടിയെല്ലാം വെള്ള നിറത്തിൽ ആയാൽ കൂടുതൽ ഭംഗിയുണ്ടാകും അല്ലേ അമ്മേ? പത്രോസിന്റെ അമ്മയ്ക്ക് അതിന് മറുപടി പറയാൻ കഴിഞ്ഞില്ല.എന്തു വാങ്ങുമ്പോളും വെളുത്ത നിറത്തിലുള്ളതാകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.
അങ്ങനെയാണ് ഈ വെളുത്ത സ്കൂട്ടറും അവൻ വാങ്ങിയത്. അവന്റെ അപ്പൻ പോയതിൽ പിന്നെ ഈ കുടുംബത്തിന് വേണ്ടിയെ അവൻ പണം ചിലവാക്കിയിട്ടുള്ളൂ. അവന്റെ ചേച്ചിയുടെ വിവാഹം ഭംഗിയായി അവൻ നടത്തി.ഈ പഴയ വീടിനെ ഒന്ന് ശരിപ്പെടുത്തി.ആദ്യമായിട്ടാണ് അവന് വേണ്ടി ഒരു കാര്യം ചെയ്യുന്നത്. അമ്മേയോട് അഭിപ്രായം ചോദിച്ചപ്പോൾ അമ്മയ്ക്ക് അതിന് എതിരൊന്നും ഉണ്ടായില്ല.
പക്ഷെ വണ്ടി വാങ്ങിയ ദിനം തന്നെ മൈക്കിൾ ജാക്സന്റെ മരണവാർത്തയറിഞ്ഞപ്പോൾ അവൻ ആകെ തകർന്നു. പിന്നീട് സ്കൂട്ടറിൽ എങ്ങോട്ടും പോയില്ല. അവൻ അന്ന് ജോലിക്ക് പോകാതെ റൂമിന്റെയുള്ളിൽ തന്നെയിരുന്നു. ഇത്രയും പറഞ്ഞത് കേട്ടപ്പോൾ ശോശന്ന ചേച്ചി അത്രയും കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു എന്ന് ബോദ്ധ്യപെടുത്താനായി തലയാട്ടി മുഖത്ത് വിഷമം കഷ്ടപ്പെട്ടു വരുത്തി. അപ്പോഴേക്കും അടുക്കളയിൽ നിന്ന് കുക്കറിന്റെ വിസിൽ മുഴങ്ങിയതിനാൽ അവർ പത്രോസിന്റെ അമ്മയോട് പറഞ്ഞ് തന്റെ ദൗത്യം നിർവഹിക്കാനായി അടുക്കളയിലക്ക് പോയി. പത്രോസിന്റെ അമ്മയും വീട്ടിലേക്ക് കയറി. പത്രോസിന്റെ വീട്ടിൽ വളർത്തുന്ന സമയ നിശ്ചയമില്ലാത്ത പിട കോഴിയും അതിന്റെ കൂട്ടിലേക്ക് കയറി.

പിറ്റേ ദിവസം ചേച്ചിയും കുടുംബവും പത്രോസിന്റെ വീട്ടിൽ വിരുന്ന് വന്നു. ക്രിസ്മസ് അടുത്ത് വരുകയായിരുന്നു.
പത്രോസിന്റെ അളിയന് ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് ഒരു സ്ഥലത്തേക്ക് പോവേണ്ടതിനാൽ വൈകുന്നേരം ചേച്ചിയുടെ മകളെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ടു വരേണ്ടതും പത്രോസിന്റെ ഇന്നത്തെ ചുമതലയാണ്. ആദ്യമായി തന്റെ സ്കൂട്ടർ എടുത്ത് ഇന്ന് അയാൾ ജോലിക്ക് പോയി. സ്കൂൾ വിടുന്ന സമയമായപ്പോൾ അയാൾ കട്ടൻ ചായ ഒറ്റവലിക്ക് കുടിച്ച് സ്കൂളിലേക്ക് പുറപ്പട്ടു.വൈകുന്നേരത്തെ റോഡിലെ തിരക്കുകളെ അതിജീവിച്ച് അയാൾ സ്കൂളിലെത്തി. അളിയൻ പറഞ്ഞ റോഡിലൂടെ വന്നതു കൊണ്ട് കുറച്ച് നേരത്തെ അയാൾക്ക് എത്താൻ കഴിഞ്ഞു. നഗരത്തിലെ വലിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു അത്. നാലു നില കെട്ടിടവും, ഒരു ഓപ്പൺ ഓഡിറ്റോറിയവും, ഒരു വലിയ പ്ലേ ഗ്രൗണ്ടും കൂടിയ വലിയ സ്കൂൾ. സ്കൂളിനു മുന്നിൽ രണ്ടു ഇരുമ്പിന്റെ കൂട് കണ്ടു. ഒരെണ്ണത്തിൽ വിവിധ നിറത്തിലുള്ള പക്ഷികളാണ്. അത് ആ സ്കൂളിന്റെ ഭംഗിയെ തന്നെ കുറയ്ക്കുന്നതായി പത്രോസിന് തോന്നി. ആളുകൾ കൂടിന്റെയടുത്തേക്ക് പോകുമ്പോൾ കിളികൾ പ്രത്യാശയോടെ അവരുടെ കൈകളിലേക്ക് നോക്കി. രണ്ടാമത്തെ ഇരുമ്പു കൂട്ടിൽ മുയലാണ്. അയാൾ അതിനടുത്തേക്ക് പോയി. കൂട്ടിൽ നിറയെ ഇലകളായിരുന്നു. മങ്ങിയ ഒരു നീല പ്ലാസിക് പാത്രത്തിൽ അൽപ്പം വെള്ളമുണ്ട്. വെളുത്ത രോമങ്ങളോടു കൂടി ഒരു മുയലായിരുന്നു അത്. നീണ്ട ഭംഗിയുള്ള ചെവികളിൽ അഴുക്ക് പറ്റിയിരുന്നു. തന്റെ കൂടു തുറന്ന് രക്ഷിക്കാൻ വന്ന മാലാഖയാണ് പുറത്ത് നിൽക്കുന്നത് എന്ന ചിന്തയൊന്നും കിളികളെ പോലെ ഈ മുയലിന് ഉണ്ടായിരുന്നില്ല. അതിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. മുയലിനെ നോക്കിയിരിക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് പത്രോസിന് ഇഷ്ടമായിരുന്ന പെൺകുട്ടിയെ ഓർത്തു. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി മുയലാണ്. മുയലിനെ ഇഷ്ടപ്പെടാൻ ആ പെൺകുട്ടി പറഞ്ഞ രണ്ടു കാരണങ്ങൾ ഓർത്തെടുക്കുന്ന സമയത്ത് സ്കൂൾ വിട്ടു. ഓർമകളെ കെട്ടയച്ച് വിട്ട് അയാൾ ചേച്ചിയുടെ മകൾ വരുന്ന വരെ അവിടെയിരുന്നു. സ്കൂളിന് മുന്നിലുള്ള ചെറിയ ഗാർഡനിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കളെ നോക്കി നിൽക്കുന്നതിന്റെ ഇടയിലേക്ക് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുറുമ്പി ഓടി വന്നു. ചിരിച്ച് സ്കൂളിലെ അന്നത്തെ കാര്യങ്ങൾ പറയാൻ തുടങ്ങി. അതിന്റെയിടയിലാണ് പത്രോസ് അത് ശ്രദ്ധിച്ചത്. മുയലിന്റെ ചെവിക്ക് സമാനമായി അവളുടെ മുടി ഇരു വശത്തും വെളുത്ത റിബ്ബൺ കൊണ്ട്
കെട്ടിയിരുന്നു. അവളെയും കൂട്ടി തിരികെ വരുന്ന സമയത്ത് നോക്കരുത് എന്ന് വിചാരിച്ചിട്ടും അയാൾക്ക് മുയലിന്റെ കൂടിലേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. മുയലിന്റെ കണ്ണിലേക്കാണ് അയാൾ നോക്കിയത്. അയാൾക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി. നടത്തത്തിന് വേഗം കൂട്ടി അയാൾ ചേച്ചിയുടെ മകളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു.

കുടുംബത്തോടെ രാത്രിയിലെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കുറച്ചു നേരം ബൈബിൾ വായിക്കുന്ന ശീലം അയാൾക്കുണ്ടായിരുന്നു.ദൈവ വിശ്വാസം ഇല്ലെങ്കിലും അയാൾക്ക് ബൈബിൾ വായിക്കുന്നതിലൂടെ സമാധാനം ലഭിച്ചിരുന്നു. പക്ഷെ ഇന്ന് ആ ദിനചര്യ പോലും പൂർത്തിയാക്കാൻ അയാൾക്ക് ആയില്ല. കൂട്ടിലകപ്പെട്ട വെളുത്ത മുയൽ അയാളുടെ മനസ്സിൽ വന്നു കൊണ്ടെയിരുന്നു. ലൈറ്റണച്ച് ഉറങ്ങാനായി കിടന്ന പത്രോസ് അൽപ്പ സമയത്തിനു ശേഷം തന്നെ ഭീകരമായ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.
അത് ഇപ്രകാരമായിരുന്നു. വലിയ ഒരു ജനക്കൂട്ടം അതിന്റെ മുന്നിലായി മൈക്കിൾ ജാക്ക്സൻ നൃത്തം ചെയ്യുന്നു, ജനങ്ങളുടെ ആഹ്ലാദ പ്രകടനങ്ങൾ. വെളളനിറത്തിലുള്ള ഒരു വസ്തമായിരുന്നു മൈക്കിൾ ജാക്സൺ ധരിച്ചിരിക്കുന്നത്. ഇതുവരെ ധരിക്കാത്ത ഒരു കറുത്ത നീണ്ട തൊപ്പിയും മൈക്കിൾ ജാക്സൻ ധരിച്ചിരിക്കുന്നു. നൃത്തം അവസാനിപ്പിച്ച് മൈക്കിൾ ജാക്സൺ കാണികൾക്ക് അടുത്ത് വന്ന് തൊപ്പി ഊരി അതിന്റെ അകം കാണിച്ചു കൊടുത്തു.അകം ശൂന്യമായിരുന്നു. എന്നാൽ രണ്ടു മൂന്ന് വട്ടം തൊപ്പി കറക്കിയതിനു ശേഷം മൈക്കൾ ജാക്സൻ തൊപ്പിയുടെ ഉള്ളിൽ നിന്ന് വെളുത്ത നിറമുള്ള മുയലിനെയെടുത്തു. കാണികൾ കയ്യടിച്ചു. പെട്ടെന്ന് മുയൽ വലുതാവാൻ തുടങ്ങി.മൈക്കിൾ ജാക്സൻ ഭയന്ന് കയ്യിൽ നിന്ന് അതിനെ വിട്ടു. നിലത്ത് വീണ മുയൽ വലുതായി, വലുതായി ഒരു വലിയ കെട്ടിടത്തോളമായി. മൂന്ന് തല അതിന് രൂപ പ്പെട്ടു. ഓരോ തലയിലും നീണ്ട കറുത്ത വലിയ കൊമ്പുകൾ മുളച്ചു പൊന്തി. വലിയ കൂർത്ത പല്ലുകളും അതിനുണ്ടായി. ജനങ്ങൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. പേടിച്ചു നിന്ന മൈക്കൾ ജാക്സനെ അത് തന്റെ ഭീമമായ കൈ കൊണ്ട് പിടിച്ചു. മറ്റു കൈകൾ കൊണ്ട് അത് ആളുകളെ പിടിച്ച് അത് മൂന്ന് വായിലേക്കും ഇട്ട് കൂർത്ത പല്ലുകൾ കൊണ്ട് ചവച്ചരക്കാൻ തുടങ്ങി. ആ ഭീകര സ്വത്വത്തിന്റെ വായിക്ക് ചുറ്റും ചുവപ്പ് നിറം പരന്ന് ഭീകരമായ ദൃശ്യം ഇതുണ്ടാക്കി. അവസാനം ആ ഭീകര ജീവി മൈക്കിൾ ജാക്ക്സനെയും വായിലേക്കിട്ട് ചവചരച്ചതും പത്രോസ് ഞെട്ടിയെണീച്ചതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് രാവിലെ ജോലിക്ക് പോവുമ്പോഴെല്ലാം അയാളെ ഇത് അലട്ടികൊണ്ടിരുന്നു. വണ്ടിയുടെ വെള്ള നിറം കാണുമ്പോളും, വെളുത്ത നിറമുള്ള മറ്റു സാധനങ്ങൾ കാണുമ്പോളും അയാൾക്ക് മുയലിന്റെ കാര്യം ഓർമ്മ വന്നു കൊണ്ടു ഇരുന്നു. ദീർഘകാലമായി ഇല്ലാതിരുന്ന ചെന്നിക്കുത്ത് വീണ്ടും അയാളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി.
ഇന്ന് ജോലി സ്ഥലത്ത് നിന്ന് കുറച്ചു നേരെത്ത അയാൾ ഇറങ്ങി. പതിവു സമയത്തിന് വിപരിതമായി പത്രോസ് വരുന്നത് കണ്ട അമ്മ, ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അയാൾ റൂമിൽ പോയി കിടന്നു. കുറച്ചു നേരം കഴിഞ്ഞ് ഉറങ്ങിയെണീച്ച പത്രോസ് എന്തോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ച പോലെ ടേബിളിന്റെ മുകളിൽ ഇരിക്കുന്ന ബൈബിളിലേക്ക് നോക്കി കൊണ്ടിരുന്നു. കട്ടിലിൽ നിന്ന് എഴുന്നേറ്റ അയാൾ അലമാറയിൽ നിന്ന് തന്റെ വെളുത്ത നിറത്തിലുള്ള പ്രിയപ്പെട്ട ഷർട്ട് ധരിച്ച് കണ്ണാടിയിൽ നോക്കി ചുരുണ്ട മുടി ചീകി ഒതുക്കി വച്ചു.മുറിയിൽ നിന്നിറങ്ങി ചേച്ചിയോട് മകളെ സ്കൂളിൽ വിളിക്കാൻ ഞാൻ പോവാമെന്ന് പറഞ്ഞ് അയാൾ ഇറങ്ങി. ഇറങ്ങുന്നതിനോടൊപ്പം ചെറിയ ഒരു ഇരുമ്പ് കമ്പി അയാൾ സ്കൂട്ടറിൽ വച്ചു. സ്കൂട്ടറിൽ ധൃതിയിൽ അയാൾ സ്കൂളിലേക്ക് പാഞ്ഞു.പത്രോസ് എത്തുന്നതിനു മുൻപ് തന്നെ സ്കൂൾ വിട്ടിരുന്നു. പത്രോസിനെ കണ്ടതും ചേച്ചിയുടെ മകൾ ഓടി അടുത്തു വന്നു. സ്കൂളിലേക്ക് വരുന്ന സമയത്ത്കടയിൽ നിന്ന് വാങ്ങിയ ഒരു മഞ്ച് അവൾക്ക് കഴിക്കാൻ കൊടുത്ത്, വണ്ടിയിലിരുത്തി,ഇപ്പോൾ വരാമെന്ന് പറഞ്ഞ് അയാൾ കമ്പിയുമെടുത്ത് സ്കൂളിനുള്ളിലേക്ക് കയറി. കുട്ടികളുടെ തിരക്കിനെ മറികടന്ന് അയാൾ മുന്നോട്ട് നീങ്ങി, ഇതിനിടയിൽ പത്രോസിന്റെ കയ്യിലുള്ള കമ്പി സെക്യൂരിറ്റി കണ്ടു. സെക്യൂരിറ്റി അയാളോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പത്രോസ് അത് ചെവിക്കൊള്ളാതെ മുന്നോട്ട് നടന്നു. സെക്യൂരിറ്റിക്ക് കുട്ടികൾക്ക് ഇടയിലൂടെ പോയി അയാളെ പിടിക്കാൻ കഴിഞ്ഞില്ല. പത്രോസ് നടന്ന് തന്റെ ലക്ഷ്യ സ്ഥാനമായ മുയൽ കൂട്ടിനടുത്തെത്തി. ഉറക്കത്തിലായിരുന്ന മുയൽ ഞെട്ടിയെണീറ്റു. പത്രോസിന്റെ കണ്ണുകളിലേക്ക് അത് ആകാംക്ഷയോടെ നോക്കി.

പ്രിയപ്പെട്ട വായനക്കാരാ, കഥ ഞാൻ ഇവിടെ വച്ച് നിർത്തുകയാണ്. എല്ലാ കാര്യവും വിശദീകരിച്ച് നിങ്ങളെ പോലെയുള്ള ഒരു വായനക്കാരന്റെ ഭാവനാശേഷിയെ തകർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അത് കൊണ്ട് കഥയുടെ അവസാന ഭാഗം നിങ്ങൾക്ക് തന്നെ പൂർത്തിയാക്കാവുന്നതാണ്.
പത്രോസ് കമ്പി കൊണ്ട് പൂട്ട് പൊളിച്ച് മുയലിനെ രക്ഷപ്പെടുത്തിയിരുന്നിരിക്കാം, അതിനു മുമ്പ് ഒരു പക്ഷെ സ്കൂളിലെ സെക്യൂരിറ്റികൾ അയാളെ പിടിച്ച് പുറത്താക്കിയിരിക്കാം.ഇതൊന്നുമില്ലാതെ ചിലപ്പോൾ വീട്ടിൽ വന്ന് കിടന്ന് പത്രോസ് കാണുന്ന സ്വപ്നവും ആവാം ഇതെല്ലാം.
എന്തായാലും കൂട്ടിൽ അകപ്പെട്ട എല്ലാ മൃഗങ്ങൾക്കും സമൂഹം സൃഷ്ടിച്ചു വച്ച മായ കൂട്ടിൽ അഭിനയിച്ചു ജീവിതം നയിക്കുന്ന എല്ലാ മനുഷ്യർക്കും ഈ കഥ സമർപ്പിക്കുന്നു.

ഉബൈദ്. പി.ബി.

7994361034 Ubaidbasheer17@gmail.com

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x