
മധു ചെങ്ങന്നൂർ.
Published: 05 April 2026 കവിത
ഭൂപടത്തിലില്ലാത്ത മുറിവുകൾ
ചോരയുടെ മണം വമിക്കുന്ന
ഡിസംബറിലെ മഞ്ഞുതിരുന്ന കൂടാരത്തിൽ ഇരുന്ന്…
എനിക്കാവില്ല നിങ്ങൾക്ക്
ശാന്തിയുടെ ദിനങ്ങൾ ആശംസിക്കുവാൻ.
ശാന്തിയും സമാധാനവും
നഷ്ടപ്പെട്ട കാലത്തിൻ്റെ
ബലിയാടാണ് ഞാൻ.
പ്രതീക്ഷിക്കാത്ത ഒരു സന്ധ്യയിൽ
ആകാശത്തുനിന്നും വർഷിക്കപ്പെട്ട
തീ ഗോളമാണ് എന്നെ അനാഥമാക്കിയത്.
അന്ന് ഞാനെൻ്റെ
ആൻ്റിയുടെ ഭവനത്തിൽ ആയിരുന്നു.
നിലോവ്നയും ഞാനും
അതൊന്നും അറിയാതെ
മഞ്ഞു വണ്ടിയിൽ കളിക്കുകയായിരുന്നു.
മറ്റൊരു ഉച്ചവെയിലിൽ
എനിക്കെന്റെ കാലുകൾ നഷ്ടമായി.
അന്നു ഞാൻ മനസ്സിലാക്കി
യുദ്ധം കഴുകന്മാരെ പോലെയാണെന്ന് ;
എത്ര വേഗത്തിൽ ഓടിയാലും
അവയുടെ നഖങ്ങളിൽ നാം കോർക്കപ്പെടും.
ഗാസയിലും മണിപ്പൂരിലും ഉക്രൈനിലും
ഞാൻ കണ്ട കുഞ്ഞുങ്ങളുടെ
മുഖങ്ങൾ ഒരുപോലെ
ഭയം ഘനീഭവിച്ച് കറുത്തിരിക്കുന്നു.
ശിരസ് പിളർന്നു വീഴുന്നതും
രക്തം വാർന്ന് ഒഴുകുന്നതും
അസ്ഥികൾ ചിതറിത്തെറിക്കുന്നതും
വീടുകൾ,
സ്കൂളുകൾ ,
ആശുപത്രികൾ ….
കാട്ടുതീ എന്നപോലെ
എരിഞ്ഞൊടുങ്ങുന്നതും
എൻ്റെ രക്തം മരവിപ്പിക്കുന്നു.
ഇവിടെ നിന്ന്
ഞാനെങ്ങനെ നിങ്ങൾക്ക്
ശാന്തിയും സമാധാനവും നേരും.
യുദ്ധത്തെ പ്രണയിക്കുന്നവരെ,
യുദ്ധം എന്താണെന്ന് നിങ്ങൾക്കറിയില്ല..
യുദ്ധം ചെയ്യുന്നവരെ പോലെ.
“ലോകത്തിന് ഒരു കാവൽ മാലാഖയുണ്ടായിരുന്നു”
എന്ന് എൻ്റെ ഗ്രാൻഡ്പാ പറയുമായിരുന്നു.
അവരുടെ കുട്ടിക്കാലത്ത് .
അന്നു ശീതയുദ്ധങ്ങളുടെ കാലമായിരുന്നത്രേ.
ഇന്നെൻ്റെ പ്രാർത്ഥനാമുറിയിൽ
ക്രൂശിക്കപ്പെട്ട ക്രിസ്തുവിൻ്റെ രൂപം മാത്രം.
ധൂമത്തൊട്ടിയിൽ
ഉരുകുന്ന പച്ചമാംസത്തിന്റെ ഗന്ധം.
എൻ്റെ ചെവിയിൽ
പോർവിമാനങ്ങളുടെ ഇരമ്പൽ.
ഇനി നിങ്ങൾ പറയൂ
ഞാൻ എങ്ങനെ നിങ്ങൾക്ക്
ശാന്തിയും സമാധാനവും നേരും.

മധു ചെങ്ങന്നൂർ
നൂറ്റവൻപാറ, ആലപ്പുഴ ജില്ല, PIN - 689121 Mob. 9562163035.
