
ധർമ്മജ് മിത്ര
Published: 10 may 2026 കവര്‍സ്റ്റോറി
ഉപനിഷത്തിലെ ബ്രാഹ്മണമതകലർപ്പുകൾ
ചതുർവേദങ്ങൾ എന്ന ഹിമാലയത്തിൽ ഗരിമയോടെ ഉയർന്നു നിൽക്കുന്ന കൊടുമുടികളാണ് ഉപനിഷത്തുക്കൾ എന്ന് വിജ്ഞന്മാർ പറഞ്ഞുവരുന്നു. ഉപനിഷത്തുക്കളെ അതിജീവിച്ചുകൊണ്ടുള്ള ഒരു തത്വജ്ഞാനം ലോകത്തുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം.
ഉപനിഷത്തിൻ്റെ അർത്ഥം ഗുരുവിൻ്റെ അടുത്തിരുന്നു പഠിക്കുന്ന വിദ്യ എന്നാണ് പൊതുവെ കരുതിപ്പോരുന്നത്. ഇത് സായണൻ്റെ വേദാന്ത പ്രകാശത്തിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞുവരുന്നത്. ഇവിടെ ശ്രോതാവും വക്താവും ഉണ്ട്. അതിനാൽ ഇതൊരു നാടകീയ വാക്യാർത്ഥമായിത്തീരുന്നു. കാരണം ഇവിടെ ഉപനിഷത്തിൻ്റെ യഥാർത്ഥ അർഥകൽപനയിൽനിന്നും വിട്ടുനിൽക്കുന്നു.
ഉപാസനയും ( ഉപ+ആസ്) ഉപനിഷത്തും ( ഉപനി+ സദ്) അടുത്ത് ഇരിക്കുക എന്ന അർത്ഥത്തെ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും ഉപനിഷത്തിന് ആപ്തൻ്റെ അറിവിനോട് ഏറ്റവും അടുത്തിരിക്കുന്ന വിദ്യ എന്നാണർത്ഥം. ആരാണീ ആപ്തൻ? ആരാണോ സത്യജ്ഞാനത്തെ കണ്ടെത്തി അവതരിപ്പിച്ചത് , ആ മഹാത്മാവത്രെ ആപ്‌തൻ. ആപ്‌തൻ്റെ അറിവിനെ പകർത്തി പഠിക്കുമ്പോഴും പകർത്തി എഴുതുമ്പോഴും ഭാഷയുടെ പരിമിതിമൂലം ആശയത്തിന് അപനിർമ്മിതി സംഭവിക്കുന്നു. അതായത് ആപ്തൻ അറിഞ്ഞ അറിവ് ഗ്രന്ഥത്തിലേക്കോ മാറ്റൊരാളിലേക്കോ പകർന്നു നൽകാൻ ശ്രമിക്കുമ്പോൾ ഭാഷയുടെ പരിമിതി മൂലവും ഗ്രഹണശേഷിക്കുറവുകൊണ്ടും യഥാർത്ഥ അറിവിനെ പകർന്നു നൽകാനോ, നൽകിയാൽ അതു മനസ്സിലാക്കാനോ ഉള്ള ശേഷി ഇല്ലാത്തതിനാലും ആ അറിവിന് ശോഷണം സംഭവിക്കുന്നു. ഇങ്ങനെ ആപ്തൻെറ അറിവിനെ സത്യം എന്നും ആപ്തൻ പകർന്നു നൽകിയ അറിവിനെ സത്യത്തിനോട് അടുത്ത് മാത്രം നിലനിൽക്കുന്ന അറിവ് എന്നും രണ്ടായി തിരിയുന്നു. ഇങ്ങനെ സത്യത്തിനോടു അടുത്തിരിക്കുന്ന അറിവിനെയാണ് ഉപനിഷത്ത് എന്ന് പറയുന്നത്. ഇവിടെ ഗുരുവിനോ ശിഷ്യനോ ഉപനിഷത്തുമായി യാതൊരുവിധ ബന്ധവുമില്ല.
ശങ്കരൻ ഉപനിഷത്തിന് നൽകുന്ന അർത്ഥം എന്നത് ശിഷ്യനെ അടുത്തിരുത്തി ഉപദേശിക്കുന്ന ഗൂഢ വിദ്യ എന്നാണ്. ഇവിടെ ശങ്കരൻ്റെ ഗൂഢ ലക്ഷ്യം വ്യക്തമാണ്. ഇവിടെ ഗുരുവാണ് പ്രധാനി. ഗുരു എങ്ങനെയുള്ള ആളായിരിക്കണം? ഉപനയനം സ്വീകരിച്ച ആളായിരിക്കണം. ആരാണ് ഉപനയനം സ്വീകരിച്ചത്? ബ്രാഹ്മണൻ! ബ്രാഹ്മണൻ ആരെയാണ് ഉപനയനം ചെയ്യിക്കുന്നത്? ബ്രാഹ്മണരെ. ആരാണ് ബ്രാഹ്മണർ? ബ്രാഹ്മണ കുലത്തിൽ പിറന്നവർ. ബ്രാഹ്മണ കുലക്കാരുടെ തൊഴിൽ എന്തായിരുന്നു? കാലിവളർത്തൽ! അവരുടെ ദേശം എവിടെയാണ്? വെസ്ററ് ആഫ്രിക്കയിലെ ലെവൻ്റ്. എന്തിന് കാലിവളർത്തലുകാർ ഭാരതത്തിൽ വന്നു? എല്ലാ ഋതുക്കളിലും സുലഭമായി മാംസ ഭക്ഷണം ലഭിക്കുന്ന ദേശം തേടി.
ഭാരതത്തിൽ എത്തിയ കന്നുകാലി മേയ്ക്കലുകാർ ഗുരുകുലുങ്ങളിൽ ചേർന്ന് വിദ്യ അഭ്യസിച്ചിട്ടു അത്തരം ഗുരുകുലുങ്ങളുടെ ആധിപത്യം അവർ ഏറ്റെടുത്തിട്ടു അവർക്കിഷ്ടപ്പെട്ട രീതിയിൽ ഗ്രന്ഥങ്ങളിൽ കലർപ്പു വരുത്തി. അത്തരം അറിവിനെയാണു ഭാരതത്തിലും ലോകത്തിലും വേദമെന്നും ഉപനിഷത്തെന്നും പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഉപനിഷത്തുക്കൾ- 1180
വേദങ്ങൾക്കെല്ലാംകൂടി 1180 ശാഖകളാണുള്ളത് എന്ന് മുക്തികോപനിഷത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ശാഖയ്ക്കും വേദവ്യാഖ്യാനം എന്ന നിലയിൽ ഓരോ ഉപനിഷത്ത് വേണം. ഋഗ്വേദത്തിന് 21, യജിസ്സിന് 109, സാമത്തിന് 1000, അഥർവത്തിനു 50 ശാഖകളാനുള്ളത്. അങ്ങനെ ആകെ 1180 ഉപനിഷത്തുക്കൾ വേണം. പക്ഷേ നിലവിൽ 108 ഉപനിഷത്തുക്കൾ മാത്രമേയുള്ളൂ. ഇതിൽ ക്രിസ്തു ഉപനിഷത്ത്, അള്ളോ പനിഷത്ത്, അക്ബറോപനിഷത്തും ഉണ്ടെന്ന് അറിയുമ്പോഴാണ് എന്തെല്ലാം തിരിമറികളാണ് ഉപനിഷത്തിൽ സംഭവിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയൂ.
വേദസംഹിതയിൽ ( മൂലവേദത്തിൽ) കലർപ്പുകൾ ആയ യജ്ഞം, യാഗം, ബലി, ദാനം, ബ്രഹ്മം, ബ്രാഹ്മണ പൂജ എന്നിവ ചേർത്തപ്പോഴാണ് വേദവ്യാഖ്യാനം എന്ന നിലയിൽ ഉപനിഷത്ത് വ്യാഖ്യാനം ആരംഭിച്ചത്. കാലാന്തരത്തിൽ ഈ ഉപനിഷത്തുക്കളിലും വിഷം കലക്കിയതോടെയാണ് ദർശനങ്ങൾ ഉടലെടുത്തത്. ഉപനിഷത്തിലെ കലർപ്പിനെക്കുറിച്ചു മുണ്ഡകോപനിഷത്തിൽ ( 1.2.3) പറയുന്നതിങ്ങനെ:
അഗ്നിഹോത്ര യജ്ഞത്തിൻ്റെ തുടർച്ചയായി അമാവാസിക്കും പൗർണമിക്കും യാഗം നടത്താത്തവൻ, നാല് മാസം യാഗം നടത്താത്തവൻ, കൊയ്ത്തു കാലത്ത് ആചാരവിധികൾ നടത്താത്തവാൻ, അഥിതികൾ ഇല്ലാത്തവൻ, ആചാരകർമ്മങ്ങൾ ചെയ്യാത്തവൻ , എല്ലാ ദൈവങ്ങൾക്കും ഉപചാരമർപ്പിക്കാതവൻ ഇതർത്തിലുള്ളവർ ഏഴാമത്തെ ലോകംവരെ നാശമുണ്ടാക്കുന്നതാണ്. (ഇത്തരം ചടങ്ങുകൾ നടത്തിയതിൻ്റെ പ്രയോജനം ( ധനം) യജ്ഞികർക്ക് ലഭിച്ചില്ലെങ്കിൽ അവരുടെ ഏഴു തലമുറയ്ക്ക് നാശമുണ്ടാകും എന്നാണ് ഇതിൽനിന്നും നാം അറിഞ്ഞിരിക്കേണ്ടത്). വർഷത്തിൽ പന്ത്രണ്ട് മാസവും കുശാലായി ശാപ്പാട് തരപ്പെടുത്താനുള്ള ഗൂഢ വിദ്യയായിരുന്നു ഈ യാഗങ്ങളും യജ്ഞങ്ങളും ബലിയും.
ഉപനിഷത്തുക്കളിൽ ആശയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നു ഭാരതീയരും പാശ്ചാത്യരും ഒരേപോലെ വിശ്വസിക്കുന്നു. ഭാരതീയർ പലപ്പോഴും ഇത്തരം വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാണി ക്കാതെപോയി എന്നതാണ് വസ്തുത. എന്നാൽ പാശ്ചാത്യർ പൊതുവായി ഉപനിഷത്തിനെക്കുറിച്ചു പറഞ്ഞത് ഇത് സത്യവും അസത്യവും ചേർന്ന അവിയൽ എന്നാണ്. ശാസ്ത്രയുക്തമല്ലാത്തത് ഉപനിഷത്തിൽ കയറിക്കൂടി എന്നർത്ഥം. ആധുനികനായ ഫ്രഞ്ച് പണ്ഡിതൻ ആയ ബാർത്ത് ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെ:
” ഈ കൃതികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സിദ്ധാന്തങ്ങൾ ഐക്യരുപ്യമുള്ളവയല്ല. തികച്ചും അഗാധവും അസാധാരണവുമായ ചിന്താബലം പ്രകടിപ്പിക്കുന്നതുമായ അഭിപ്രായങ്ങളോടൊപ്പം അവയിൽ പല ആഖ്യാനങ്ങളും നിഗൂഢങ്ങളായ സ്വപ്നവിഹാരങ്ങളും അടങ്ങുന്നു. പുരാണ കഥകൾ, യജ്ഞം,യാഗം, ബലി എന്നിവയോട് ബന്ധപ്പെട്ട ഇവയിൽ പലതും പരസ്പര വിരുദ്ധങ്ങളായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു. പക്ഷേ ഈ ഇത്തിൽക്കണ്ണികളെയെല്ലാം വെട്ടിക്കളഞ്ഞാലും ശരിക്കും തത്വശാസ്ത്രപരമായ ഭാഗം മാത്രം ഒതുക്കി നിർത്തിയാലും ഇവയെ ഒരു സിദ്ധാന്തമാക്കി മാറ്റുക എളുപ്പമല്ല ( The Religions of India).
ഉപനിഷത്തുക്കൾ രചിക്കാൻ കാരണം വേദത്തിൽ ചേർക്കപ്പെട്ട കലർപ്പുകൾ തിരുത്താൻവേണ്ടി ആയിരുന്നു. എന്താണ് വേദത്തിലെ കലർപ്പുകൾ? സുകുമാർ അഴീക്കോട് രചിച്ച തത്വമസിയിൽ വേദത്തിലെ ആദ്യ കലർപ്പായി ചൂണ്ടിക്കാണിച്ചത് ബ്രഹ്മണങ്ങളെയാണ്. പ്രസ്തുത ഭാഗം ചുവടെ ചേർക്കുന്നു ( തത്വമസി പേജ് 79).
ഉപനിഷത്തിൻ്റെ സന്ദേശം ഒരു നാദത്രയ മേളമാണെന്നു പറഞ്ഞുവച്ചു. ഒരു പുനരുദ്ധാനത്തിൻ്റെയും ( renaissance) ഒരു പ്രതിക്ഷേധത്തിൻ്റെയും ( rebellion) ഒരപൂർവ ദർശനത്തിൻ്റെയും ( revelation) സമ്മേളനം. ഇതെല്ലാം കൂടിച്ചേർന്ന ഒരു മഹാപ്രസ്ഥാനമായിരുന്നു ഉപനിഷത്ത്. ഗീതവും വാദ്യവും നൃത്തവും ചേർന്നുണ്ടാകുന്ന ചേതോഹരമായ തൗര്യത്രികം എന്ന കലപോലെ. എന്നാൽ വേദമന്ത്രവും ബ്രാഹ്മണവും ചേർന്ന് വേദാന്തം ആയിരിക്കുന്നു എന്ന സ്മൃതികാരൻമാരുടെ വചനം വേറെ കിടക്കുന്നു. രണ്ടും ചേർത്ത് നോക്കുമ്പോൾ വേദവും ബ്രാഹ്മണവും ഉപനിഷത്തും അഭിന്നങ്ങളും ഏകഭാവങ്ങളുമാണെന്നു തോന്നിക്കൂടായ്കയില്ല. ഇങ്ങനെ കരുതുന്ന ഒരു വിഭാഗം വിദ്വാന്മാർ ഇവിടെയുണ്ട്. പക്ഷേ സായണൻ പോലും വേദമന്ത്രത്തിൻ്റെ വ്യാഖ്യാനമാണ് ബ്രാഹ്മണമെന്നു മുൻപേ വിശദീകരിച്ചിട്ടുണ്ട്. ബ്രാഹ്മണങ്ങൾ വേദവ്യാഖ്യാനങ്ങൾ എങ്കിൽ അവ ശ്രുതിയല്ല, സ്മൃതിയാണ് . പഴയ അറിവിനെ ആശ്രയിച്ചുള്ള വിജ്ഞാനത്തെ സ്മൃതിയെന്നു വിളിക്കാമെങ്കിൽ അവ ശ്രുതിയല്ല , സ്മൃതി തന്നെയാണു. വേദത്തിൻ്റെ ഒടുവിൽ ചേർന്ന് കാണുന്നു എന്ന ന്യായംവച്ച് വേദാന്തം എന്ന് വിളിക്കപ്പെടേണ്ടിയിരുന്നത് ബ്രാഹ്മണത്തെയായിരുന്നു. പക്ഷേ ബ്രഹ്മണത്തിന് ആ പേര് ലഭിച്ചില്ല. ബ്രഹ്മണത്തിൻ്റെയോ അതിൻ്റെ ഒടുവിലത്തെ ആരണ്യകത്തിൻ്റെയോ ഏറ്റവും ഒടുവിൽ വരുന്ന ഉപനിഷത്തിനെയാണ് വേദാന്തം എന്ന് പണ്ട് പണ്ടേ പറഞ്ഞുപോരുന്നതു. വേദാന്തമായ ഉപനിഷത്തിൽ ബ്രഹ്മണങ്ങളിലൂടെ വഴിതെറ്റിപ്പോയ വേദ സംസ്കാരത്തിൻ്റെ അവസാനവും യഥാർത്ഥമായ വേദതത്വത്തിൻ്റെ പുനരുദയവും നാം കാണുന്നു.
ബ്രാഹ്മണങ്ങൾ വേദചിന്തയ്ക്ക് ഒരുക്കിക്കൊടുത്തു നയിച്ചുകൊണ്ടുപോയ മാർഗ്ഗത്തിൽനിന്നും വിഭിന്നമായി ഒരു വഴിയുണ്ടാക്കി , അതിലൂടെ വേദചൈതന്യത്തെ തിരിച്ചുവിട്ടതാണ് ഭാരതത്തിൻ്റെ സംസ്കാര ചരിത്രത്തിന് ഉപനിഷത്തുക്കൾ നൽകിയ ഏറ്റവും മഹനീയ സംഭാവന. അവ അന്നു പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യ കർമ്മകാണ്ഡത്തിൻ്റെയും പൗരോഹിത്യത്തിൻ്റെയും പിടിയിൽനിന്നും മുക്തമാകാതെ എത്രയോ നൂറ്റാണ്ടുകൾ കൊടുംതമസ്സിൽ അകപ്പെട്ടുപോയേനെ. ഇന്നും ഇവ ഇന്ത്യയുടെ ആകാശത്തിൽ ഇരുട്ട് പരത്തുന്നുണ്ടെന്നു ഓർമ്മിക്കണം. ബുദ്ധൻ്റെ സന്ദേശം ചെവിക്കൊള്ളാൻ അന്നത്തെ ഭാരതത്തിനു മനസ്സുണ്ടായത് പ്രാചീനോപനിഷത്തുക്കളുടെ വിചാരണ തരംഗങ്ങൾ അതിനു മുമ്പുതന്നെ അന്തരീക്ഷത്തിൽ സ്പന്ദനം ചെയ്യാൻ തുടങ്ങിയിരുന്നു എന്നതുകൊണ്ട് മാത്രമാണ്.
ഗാന്ധാരം മുതൽ വിദേഹം വരെ തിങ്ങി നിറഞ്ഞ യാഗ ധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്നു ഏറ്റവും കലുഷിതമായിരുന്നു. ശ്വാസം മുട്ടിക്കുന്ന ഈ അന്തരീക്ഷത്തിൽ വേണം ബ്രാഹ്മണൻ പിറവിതൊട്ടു ചാവോളം കഴിയാൻ. ഒരു ദിവസം അൽപനേരം മാത്രം തൊട്ടു എത്രയോ കൊല്ലം നീണ്ടുനിൽക്കുന്ന മഹാ സത്രങ്ങൾവരെ നാടടക്കി ഭരിച്ച കാലമായിരുന്നു അത്. ഋഗ്വേദത്തിൽ ഭാവനാർദ്രവും കൽപനാമാധുര്യവുമായ മനസ്സ് ബ്രാഹ്മണ ദശയിൽ ശിലപോലെ ജഡവും കടിനവുമായി മാറി.
വേദത്തിലെ യാഗങ്ങൾക്ക് ഇതുപോലെ ചൈതന്യക്ഷതി, കർക്കശമായ കല്ലിപ്പ്, ബ്രാഹ്മണ കാലത്ത് സംഭവിക്കുകയുണ്ടായി. ആശ്വമേധമാണല്ലോ വേദം വിധിച്ച യാഗങ്ങളിൽ വച്ച് ഏറ്റവും മുമ്പിൽ നിൽക്കുന്നത്. സാമ്രാജ്യപുഷ്ടിയും ശക്തിവൃദ്ധിയുമാണ് അശ്വമേധത്തിന് വേദം വിധിക്കുന്ന പ്രയോജനം. അശ്വമേധം നടത്തി രാജ്യവും വീര്യവും മറ്റും വർദ്ധിപ്പിച്ച സാമ്രാട്ടുകളുടെ നാമാവലികൾ ഐതരേയ ബ്രഹ്മണത്തിലും ശതപതത്തിലും നമുക്ക് കാണാം. ഋഗ്വേദത്തിൽ ആശ്വമേധത്തിൻ്റെ സൂക്തങ്ങൾ പരിശോധിച്ചാൽ അവ വിവരിക്കുന്ന കുതിര , കുതിര അല്ലെന്നും അതു പ്രകാശമാനമായ രശ്മി എന്ന പ്രതിരുപത്തെ സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു ആധ്യാത്മിക ദർശനമാണെന്നും ആർക്കും വ്യക്തമാകാതിരിക്കില്ല. യാഗത്തിലെ അശ്വവും അതിൻ്റെ വിശ്വസനവും സാങ്കൽപ്പികം മാത്രമാണ്. പക്ഷേ സങ്കല്പത്തിൻ്റെ മഹിമ കർമ്മാചാരങ്ങളുടെ വിരലുകൾക്കിടയിലൂടെ ചോർന്നു പോയപ്പോൾ യാഗത്തിൽ പശ്വാലംഭനം അക്ഷരാർത്ഥത്തിൽ തന്നെ ബ്രാഹ്മണങ്ങൾ നടപ്പിലാക്കി. ഈ യാഗത്തിൽ കുതിരയ്ക്ക് പുറമേ മുന്നൂറ്റമ്പതോളം വീട്ടു മൃഗങ്ങളും ഇരുന്നൂറ്റമ്പതോളം കാട്ടു മൃഗങ്ങളും പങ്കെടുക്കണം – ആന മുതൽ തേനീച്ചവരെയും പാമ്പ് മുതൽ മത്സ്യം വരെയും ഉള്ള ജീവികൾ എല്ലാം. കുതിരയടക്കം എല്ലാ ജീവികളുടെയും ചോര ഒഴുക്കണം. ഒരു പാശ്ചാത്യ പണ്ഡിതൻ ഈ മേധത്തെ പറഞ്ഞത് ‘ ചുട്ടുകൊല്ലൽ ( holocaust) എന്നാണ് വിളിച്ചത്. വേറെ വൃത്തികേടുകളും അതിൻ്റെ കൂടെ നടക്കുന്നുണ്ട്. യാഗാശ്വത്തിൻ്റെ ലിഗച്ഛേദം നടത്തിയിട്ട് അതു രാജ്ഞിയുടെ വസ്തിയിൽ നിക്ഷേപിക്കണം.
ഭഗവാൻ ബുദ്ധനെ കരയിച്ച ഈ ഹൃദയ ശൂന്യത വളർന്നു യജ്ഞഭ്രാന്ത് മൂത്ത് ഒടുവിൽ യാഗത്തിനുപയോഗിക്കുന്ന മൺപാത്രത്തെയും യജ്ഞ പശുവിനെ കെട്ടിയിടാൻ ഉപയോഗിക്കുന്ന മരക്കുട്ടിയെയും വരെ ആരാധിക്കുന്ന നില ഇവിടെ യാജ്ഞികൻമാർ ഉണ്ടാക്കിയെടുത്തു. ഹൃദയത്തിലും ബുദ്ധിയിലും ബ്രാഹ്മണ പ്രസ്ഥാനക്കാർ വേദത്തിൻ്റെ ശുഭമായ അനുഭൂതിയുടെ ലോകത്തുനിന്നും അത്രമാത്രം അകന്നു പോയിരുന്നു.
അർത്ഥമല്ല, ഓത്താണ് പ്രധാനമെന്ന് വേദാർത്ഥമറിയാത്ത ബ്രാഹ്മണൻ വേദർത്ഥം ആവശ്യമില്ലെന്ന് തർക്കിച്ചു അതു യജ്ഞികരായ പുരോഹിതർക്ക് വിട്ടുകൊടുത്തു. വേദത്തെ ഏതോ ദിവ്യമായ അർഥശൂന്യതയാക്കി മാറ്റിയ കഥയാണ് ഇന്ത്യയുടെ ആത്മക്ഷയത്തിൻ്റെ ദുഃഖ കാവ്യത്തിലെ പ്രഥമസർഗ്ഗം.
വേദ വ്യാകരണ കർത്താവായയസ്കൻ (600 BCE) വേദത്തെ നാലുതരത്തിൽ വ്യാഖ്യാനിക്കാം എന്ന് പറഞ്ഞിരുന്നു.
1.ശബ്ദവ്യുത്പത്തി. ( നിരുക്തം)
2.അധ്യാത്മം
3.യജ്ഞികം
4 ഐതിഹാസികം
ഇതിൽ സായണൻ (1400 CE) യജ്ഞപ്രധാനമായ വേദാന്ത പ്രകാശ എന്ന വ്യാകരണ ഗ്രന്ഥം എഴുതി പ്രചരിപ്പിച്ചു. ഇതാണ് വേദത്തെ യജ്ഞപ്രധാനമായി വ്യാഖ്യാനിച്ചു ഉപനിഷത്തിൽ ചേർത്തത്. ഇക്കാരണംകൊണ്ടാണ് റേഥ് (1821- 95) എന്ന പാശ്ചാത്യൻ ‘സായണനെ വിടുക ‘ എന്ന് പറയാൻ കാരണമായത് . ഈ വ്യാഖ്യാനത്തിനിടെയാണ് ഉപനിഷത്തുക്കൾ യജ്ഞാതിഷ്ഠിതമായി മാറിയത്.
ചതുർവേദങ്ങളുടെ വ്യാഖ്യാനമാണല്ലോ ഉപനിഷത്തുക്കൾ. ഈ ഉപനിഷത്തുക്കളെ വ്യാഖ്യാനിക്കേണ്ടത് യാസ്‌കൻ്റെ വ്യാകരണ ഗ്രന്ഥമായ നിരുക്തത്തെ അടിസ്ഥാനമാക്കി ആയിരിക്കണം. അവിടെ മന്ത്രശബ്ദത്തിനാണ് പ്രാധാന്യം ഉള്ളത്. എന്നാൽ സായണൻ്റെ വേദാന്തപ്രകാശം വേദമന്ത്രത്തെ യജ്ഞാധിഷ്ഠിതമാക്കി മാറ്റി. അങ്ങനെ ഉപനിഷത്തുക്കളിൽ നിരുക്തം അനുസരിച്ചുള്ള പ്രാചീന ഉപനിഷത്തുക്കളും ശേഷം സായണൻ്റെ വേദാന്ത പ്രകാശം അനുസരിച്ചുള്ള വ്യാഖ്യാനം ആയ നവീനവേദാന്തവും കടന്നുകൂടി. ഇതേക്കൂടാതെ ഈശ്വരൻ മരിച്ച ജഡവസ്തുവാണ് പ്രപഞ്ചം അല്ലെങ്കിൽ ഭൂമി എന്ന ബ്രാഹ്മണത്തിലെ ആശയത്തെയും ഉപനിഷത്തിൽ നിറച്ചു. ‘ ഓം ഖം ബ്രഹ്മം ‘ ( യജുർ 4.7) എന്ന മന്ത്രത്തിൻ്റെ അർത്ഥം ഇക്കാണുന്നതെല്ലാം ബ്രഹ്മം തന്നെ എന്നാണ്. തീയിൽ നിന്നും തീപ്പൊരി ഉണ്ടാകുന്നതു പോലെ ബ്രഹ്മത്തിൽനിന്നും പ്രപഞ്ചങ്ങൾ ഉണ്ടാകുന്നു എന്ന് ചുരുക്കം. ഇങ്ങനെ ഉപനിഷത്തിൽ മൂന്ന് തരം രചനാരീതികൾ നിലനിൽക്കുന്നു. നിരുക്തം അനുസരിച്ചുള്ള വ്യാഖ്യാനം സ്വീകരിക്കുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്യുകയോ അല്ലെങ്കിൽ നിരുക്തം അനുസരിച്ച് പുതിയ വേദവ്യാഖ്യാനം എഴുതപ്പെടുകയോ ചെയ്താൽ ഈ സമസ്യയിൽനിന്നും ഉപനിഷത്തുക്കളെ രക്ഷപെടുത്താവുന്നതാണ്.
ഭാരതീയ വേദത്തിൻ്റെയും ഉപനിഷത്തുക്കളുടെയും അപചയം ഇത്തരത്തിൽ വൈദേശീയരാൽ സംഭവിച്ചതാണ്. അതിനെ വീണ്ടെടുക്കേണ്ട ബാധ്യത നമുക്കുണ്ട്.

Dharmaj Mitra
Writer in philosophy, Astrology, Astronomy and Astrophysics. Seven books published. Ph. 9446226611 www.dharmajmitra.com
