രാജൻ ചെറുക്കാട്

Published: 10 may 2026 കവര്‍‌സ്റ്റോറി

ദു:ഖത്തെ മനസിലാക്കുമ്പോൾ

-ബൗദ്ധദർശനത്തിലൂടെ

ലോകം ദുർഘട വഴികളിൽ സഞ്ചരിക്കുന്നു. മനുഷ്യജീവിതം ആഗ്രഹങ്ങളുടെ തീയിൽ കത്തുമ്പോൾ, ബുദ്ധദർശനം ശാന്തിയുടെ നിലാവായി മനുഷ്യഹൃദയത്തിലേക്ക് പടരുന്നു. ”ദു:ഖത്തിന്റെ കാരണത്തെ  തിരിച്ചറിയുക, അതിൽ നിന്നു മോചനം നേടുക” എന്നത് ബുദ്ധദർശനത്തിന്റെ കേന്ദ്രസൂത്രവാക്യമാണ്. ഈ ദർശനം മതത്തിന്റെ ചട്ടക്കൂടുകൾക്കകത്ത് ഒതുങ്ങുന്നതല്ല. അതിനപ്പുറത്തുള്ള മാനസിക വിപ്ലവമാണ്.

ശ്രീബുദ്ധൻ ദു:ഖത്തെ നിരസിക്കുകയല്ല ചെയ്തത്; അതിനെ മനസ്സിലാക്കാൻ പഠിപ്പിച്ചു. ദു:ഖത്തിന്റെ  അടിസ്ഥാനമായി അദ്ദേഹം കാണിച്ചത് തൃഷ്ണയെയാണ്.  ആഗ്രഹങ്ങളുടെ അന്ത്യമില്ലാത്ത പിടച്ചിലുകൾ. ആഗ്രഹങ്ങൾ മനുഷ്യനെ ബന്ധനത്തിലാക്കുന്നു; അവയുടെ വിച്ഛേദമാണ് ബുദ്ധൻ മുന്നോട്ട്‌വെക്കുന്നമോക്ഷം. അതാണ് ബുദ്ധൻ പറഞ്ഞ ”നിരോധം”,- ദു:ഖനിവൃത്തി.

ദർശനത്തിന്റെ പാതയെ അദ്ദേഹം അഷ്ടാംഗ മാർഗം എന്ന് വിളിച്ചു.  സമ്യക് ദർശനം, സമ്യക് സങ്കൽപം, സമ്യക് വാക്യം, സമ്യക് കർമം, സമ്യക് ആജീവനം, സമ്യക് വ്യായാമം, സമ്യക് സ്മൃതി, സമ്യക് സമാധി. ഈ എട്ടു ഘടകങ്ങളിലൂടെയാണ് മനുഷ്യൻ അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്ന് ബോധോദയത്തിന്റെ പ്രകാശത്തിലേക്ക് കയറുന്നത്.

ബുദ്ധദർശനം ദൈവവിശ്വാസത്തെയും ആചാരകൃത്യങ്ങളെയും കൂട്ടുപിടിക്കുന്നില്ല.ആ ദർശനം  മനുഷ്യനെ ആത്മബോധത്തിലേക്ക് നയിക്കുന്നു. ‘ആത്മൻ തന്നെയാണ് ദീപം’ എന്ന വാക്യം ബുദ്ധമതത്തിന്റെ ഹൃദയസ്പന്ദനമാണ്. നീ നിന്റെ വിളക്കാകുക എന്ന് ആനന്ദനോട് പറഞ്ഞത് ഓർക്കുക. അനിത്യത, അനാത്മത്വം, ദു:ഖത്വം  ഈ മൂന്നു തത്ത്വങ്ങൾ ലോകത്തെയും ജീവിതത്തെയും യഥാർത്ഥമായി തിരിച്ചറിയാൻ ബുദ്ധൻ നൽകിയ കണ്ണാടികളാണ്.

ബുദ്ധന്റെ ഉപദേശങ്ങളുടെ മധ്യകേന്ദ്രമാണ് അഷ്ടാംഗ മാർഗം.  ദു:ഖനിവൃത്തി നേടാനുള്ള പ്രായോഗിക വഴികാട്ടി. ജീവിതത്തിലെ എല്ലാ മേഖലകളിലും ധാർമികത, ഏകാഗ്രത, ജ്ഞാനം എന്നിവയെ സമന്വയിപ്പിക്കുന്ന സമഗ്ര മാർഗമാണ് ഇത്. ”അഷ്ടാംഗ” എന്നതിന് എട്ട് ഘടകങ്ങൾ എന്നർത്ഥം; ഇവ ചേർന്നതാണ് സമ്യക് മാർഗം, അതായത് ശരിയായ ജീവിതരീതി.

അഷ്ടാംഗമാർഗം ഒരു സിദ്ധാന്തം മാത്രമല്ല; അത് ദിനചര്യയിൽ നടപ്പിലാക്കേണ്ട ഒരു പ്രായോഗിക മാർഗമാണ്. വീടിനകത്തോ തൊഴിൽസ്ഥലത്തോ സമൂഹബന്ധങ്ങളിലോ ഈ പാത അനുസരിക്കുമ്പോൾ മനുഷ്യൻ ആത്മസാന്ത്വനവും ശാന്തിയും അനുഭവിക്കുന്നു. മനസ്സിന്റെ അഴുക്കുകൾ  ലാഭം, ദ്വേഷം, മോഹം  നീക്കംചെയ്യുമ്പോഴാണ് ബുദ്ധൻ പറഞ്ഞ നിർവാണം എന്ന ആത്മവിജയം സാധ്യമാകുന്നത്.അതിനാൽ അഷ്ടാംഗ മാർഗം ബുദ്ധന്റെ മതത്തിന്റെ ഹൃദയഭാഗം മാത്രമല്ല, സമാധാനപരമായ മനുഷ്യജീവിതത്തിനുള്ള സർവ്വകാലിക മാർഗദർശനവുമാണ്.

ദു:ഖത്തിൽ നിന്ന് ലോകത്തെ വിമോചിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യംനേടുന്നതിനുവേണ്ടി

 വിദഗ്ദ്ധനായ ഡോക്ടറെപ്പോലെയാണ് സിദ്ധാർഥൻ പ്രവർത്തിച്ചത്.

ആദ്യം രോഗമുണ്ട് എന്നുകണ്ടെത്തുക, രോഗത്തിന് കാരണമുണ്ട് എന്നു കണ്ടെത്തുക, ആ കാരണം ഇല്ലാതാക്കാൻ കഴിയും എന്നു കണ്ടെത്തുക,അതില്ലാതാക്കിയാൽ രോഗവും ഇല്ലാതാകമല്ലോ? എന്താണ് പരിഹാരം എന്നു കണ്ടെത്തുക. ഒന്നാമത്തെ ശ്രേഷ്ഠസത്യം ദു:ഖമുണ്ട് എന്നതാണ്. രണ്ടാമത്തേത് ദു:ഖത്തിന് കാരണമുണ്ട് എന്നതും. അത് പരിഹരിക്കാൻ കഴിയുമെന്നതാണ് മൂന്നാമത്തേത്.ആ പരിഹാരമാണ് നാലാമത്തെ ശ്രേഷ്ഠസത്യം. അതാണ് അഷ്ടമാർഗങ്ങൾ എന്നറിയപ്പെടുന്നത്.

ഈ മഹത്തായ സത്യങ്ങളാണ് ബുദ്ധപാഠങ്ങളുടെ യഥാർഥസത്ത. ജീവിതത്തിലെമ്പാടും വഴികാട്ടിയാക്കാവുന്ന മധ്യമാർഗം എന്ന സമീപനം ബോധോദയത്തിനുമുമ്പ്തന്നെ ബുദ്ധൻ കണ്ടെത്തിയിരുന്നു. അത് സ്വന്തം അനുഭവത്തിൽ നിന്നു തന്നെയാണ് കണ്ടെത്തിയത്.

മഹാനിർവാണ സമയം വരെ ബുദ്ധൻ  ആവർത്തിച്ചത് നാല് ആര്യ സത്യങ്ങളും അഷ്ടമാർഗങ്ങളുമാണ്.മഹാനിർവ്വാണത്തിന് തൊട്ടുമുമ്പ് ബുദ്ധശിഷ്യനാകാൻ എത്തിയ സുഭദ്ധനെ ബുദ്ധൻ ക്ഷീണിതനാണെന്ന് പറഞ്ഞ് ആനന്ദൻ തടഞ്ഞെങ്കിലും ബുദ്ധൻ അടുത്തേക്ക് വിളിച്ച് പറഞ്ഞുകൊടുത്തത് ഇവ തന്നെയായിരുന്നു.

 നമ്മുടെ ദൂരിതങ്ങളിലേക്ക് നാം ആഴത്തിൽ ശ്രദ്ധിക്കുമ്പോൾ അത് വിശുദ്ധങ്ങൾ ആവുന്നു. നാം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത് വിശുദ്ധമാവുന്നില്ല. പ്രയാസങ്ങളുടെ സമുദ്രത്തിലേക്ക് നാം വലിച്ചെറിയപ്പെടുന്നു.

ഒന്നാമത്തെ ആര്യ സത്യം ദുഃഖമുണ്ട് എന്നതാണ്.

ചൈനീസ് ഭാഷയിൽ സഫറിംഗ് എന്നതിന്റെ അർത്ഥം കൈപ്പ് (bitter) എന്നാണ്.

സന്തോഷം മധുരവും ദുഃഖം കൈപ്പേറിയതും ആണ് എന്നാണ് സങ്കൽപ്പം. ഒരു പരിധിവരെ നാമെല്ലാം പ്രയാസപ്പെടുന്നുണ്ട്.

നാം അവയെ തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണം. സ്വയം സാധിക്കുന്നില്ലെങ്കിൽ അതിന് നമുക്ക് ഒരു ഗുരുവിന്റെ സഹായംതേടാം. അല്ലെങ്കിൽ ഒരു സംഘത്തിന്റെ, സുഹൃത്തുക്കളുടെ , സഹായംതേടാം.

രണ്ടാമത്തെ ആര്യ സത്യം ദുഃഖത്തിന്റെ വേരുകൾ പ്രകൃതം സൃഷ്ടി വളർച്ച എന്നിവ മനസ്സിലാക്കലാണ്.

ദൂഃഖകരമായ അനുഭവം നമുക്കുണ്ടാകുമ്പോൾ നാം അതിനെക്കുറിച്ച് ആഴത്തിൽ ശ്രദ്ധിക്കുക. അതെങ്ങനെ ഉണ്ടായി എന്ന് ആലോചിക്കുക. അത് തിരിച്ചറിയുക. അതിന് കാരണമാകുന്ന ആത്മീയവും ഭാതികവുമായ കാരണങ്ങൾ എന്താണ് എന്ന് പരിശോധിക്കുക.

മൂന്നാമത്തെ ആര്യ സത്യം നിരോധം എന്നതാണ്.

അതായത് നമുക്ക് ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക. അവയിൽ നിന്നും മാറി നിൽക്കുക.ദുഃഖത്തിന്റെ നിലനിൽപ്പിനെയോ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിലനിൽപ്പിനെയോ ബുദ്ധൻ നിഷേധിച്ചിട്ടില്ല.

എല്ലാം ദുഃഖമാണെന്നും നമുക്ക് അതിലൊന്നും ചെയ്യാനില്ല എന്നും ബുദ്ധിസം പ്രചരിപ്പിക്കുന്നുണ്ട് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അത് ബുദ്ധന്റെ സന്ദേശങ്ങൾക്കെതിരാണ്.

ബുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ദുഃഖത്തെ എങ്ങനെ തിരിച്ചറിയാം, ദുഃഖത്തിന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം, എങ്ങനെ അതിനെ നിരോധിക്കാം എന്നാണ്.

അതായത് അവ നിരോധിക്കാനുള്ള സാധ്യതകൾ ഇല്ലെങ്കിൽ ഇത് പരിശീലിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം? മൂന്നാമത്തെ ആര്യ സത്യം ദുഃഖശമനം സാധ്യമാണ് എന്നതാണ്.നാലാമത്തെ ആര്യസത്യം ദുഃഖത്തിൽ നിന്ന് വഴിമാറി നടക്കാനുള്ള മാർഗങ്ങൾ നമ്മെ കാണിച്ചു തരുന്നതാണ്. അതിനെ ബുദ്ധൻ വിളിക്കുന്നത് മഹത്തായ അഷ്ടമാർഗങ്ങൾ എന്നാണ്.

ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതൊന്നും നിത്യമല്ല;എല്ലാം മാറിക്കൊണ്ടിരിക്കുംഎന്നാണ് ബുദ്ധന പറഞ്ഞത്. അതുകൊണ്ടുതന്നെ ഭൂതകാലത്തെ കുറിച്ച് ഓർത്ത് ദൂഃഖിക്കുന്നത് അനാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

ദുഃഖത്തിലേക്കും അതിന്റെ കാരണത്തിലേക്കും നമ്മുടെ ശ്രദ്ധ കൊണ്ടുപോകുമ്പോൾ സന്തോഷത്തിന്റെ വഴികൾ നാം കണ്ടെത്തുന്നു. ദുഃഖത്തിന്റെ സ്വഭാവവും അതിനുള്ള മോചനത്തിന്റെ മാർഗ്ഗവും നമ്മുടെ മനസ്സിൽ തെളിയുന്നു. അതുകൊണ്ടാണ് ബുദ്ധൻ പറഞ്ഞത് ”ദുഃഖം വിശുദ്ധമായ സത്യമാണ് ”. സഫറിങ് എ ഹോളി ട്രൂത്ത്  എന്ന്.നിങ്ങളുടെ ദുഃഖങ്ങളെ  തള്ളിക്കളയരുത്. അവയെ നേരിടുക. നിങ്ങൾക്കുണ്ടാവുന്ന ആനന്ദം അഗാധമായിരിക്കും. നിങ്ങൾ മനസ്സിലാക്കേണ്ടത് ദുഃഖവും സന്തോഷവും അസ്ഥിരമാണ് എന്നതാണ്. സന്തോഷം വളർത്തിയെടുക്കാനുള്ള കലയാണ് പഠിക്കേണ്ടത്.തിരിച്ചറിയൽ ആണ് പ്രധാനം.തിരിച്ചറിയലിന് തടസ്സം അജ്ഞതയാണ്. അജ്ഞതയാണ് ദുഃഖത്തിനുകാരണം എന്നു ബുദ്ധൻ പറഞ്ഞിട്ടുണ്ട്.ദുഃഖവും സന്തോഷവും രണ്ടല്ല ഒന്നുതന്നെയാണ് എന്ന് തിരിച്ചറിയണം. ആ തലത്തിൽ നിങ്ങൾ എത്തുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ആനന്ദം ചില്ലറയായിരിക്കില്ല. അതാണ് ശരിയായ ആനന്ദം. ഇതൊന്നും അറിയാത്ത അവസ്ഥായ്ക്കാണ് അജ്ഞത എന്ന് ബുദ്ധൻ പറഞ്ഞത്. ശരിയായ ജ്ഞാനമുണ്ടെങ്കിൽ ദു:ഖമുണ്ടാവില്ല.

നാലാമത്തെ ആര്യ സത്യം ദുഃഖത്തിൽനിന്നുള്ള വിമോചനമാണ്.അതിനുള്ള വഴിയാണ് മഹത്തായ അഷ്ടമാർഗങ്ങൾ.(മധ്യമാർഗം എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഭാഗം)

രാജൻ ചെറുക്കാട്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x