ഡോ.പ്രവീൺ രാജ് ആർ എൽ

Published: 10 may 2026 വിമർശന പ0നം

വിമർശനവും സർഗ്ഗാത്മകതയും

-എം. എൻ. വിജയൻ്റെ വിമർശനത്തിലൂടെ

സംഗ്രഹം

വ്യത്യസ്തങ്ങളായ നിരവധി അഭിപ്രായങ്ങൾ വിമർശനത്തെക്കുറിച്ച് നിലനിൽക്കുന്നുണ്ട്. ആത്യന്തികമായി വിമർശനം അന്വേഷണമാണ്. ആവർത്തിച്ചുള്ള വായനയിലൂടെ കൃതി തങ്ങളിലുളവാക്കിയ അനുഭവങ്ങളുടെ ആവിഷ്കാരമായോ വായനാനുഭവങ്ങളെ മറ്റുപാഠങ്ങളുമായി  താരതമ്യം ചെയ്തോ ഏതെങ്കിലും സിദ്ധാന്തങ്ങളുമായി സംയോജിപ്പിച്ചോ ഉള്ള പ0നങ്ങളായോ കൃതിയുടെ അർത്ഥത്തെ വിശദീകരിക്കുന്നതാണ് വിമർശനം. ഇതിന്റെയെല്ലാം അടിസ്ഥാനം അന്വേഷണമാണ്. അന്വേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന ആശയങ്ങളും സ്വന്തം ആന്തരികാനുഭൂതികളുടെ സാനിധ്യവും കൂട്ടിക്കലർത്തി വായനക്കാരായ വ്യക്തികൾ അവരുടെ സർഗ്ഗാത്മകതയുടെ പ്രവർത്തനഫലമായി രൂപപ്പെടുത്തുന്ന സവിശേഷ സൃഷ്ടിയാണ് വിമർശനം.

ഒരു കൃതി രൂപപ്പെടുന്നത് എഴുത്താളിന്റെയുള്ളിലെ അമൂർത്തമായ ആശയങ്ങൾക്ക് മൂർത്തരൂപം നൽകുമ്പോഴാണ്. എഴുത്തെന്നത് ഒരു ഭാഷാ പ്രകിയയാണ്. എഴുത്താളിന്റെ ഉപകരണം ഭാഷയാണ്. അമൂർത്തമായ ആശയങ്ങൾ രൂപപ്പെടുന്നു, ശേഷം ഭാഷയുപയോഗിച്ച് ആ അമൂർത്താശയത്തിന് മൂർത്തരൂപം നൽകുന്നു. ഇങ്ങനെ കഥ, കവിത, നോവൽ, നാടകം, തിരക്കഥ എന്നീ രൂപങ്ങൾ നിർമ്മിക്കപ്പെടുന്നു. ഈ നിർമ്മിതികളെ സർഗ്ഗാത്മക സൃഷ്ടികൾ എന്നും വിളിക്കുന്നു. അമൂർത്തതയിൽ നിന്ന് മൂർത്തതയിലേക്കുള്ള സഞ്ചാരം എഴുത്തിലെ സർഗ്ഗാത്മകതയുടെ അടിത്തറയാണ്. മൂർത്തരൂപം കൈവരിച്ച കൃതിയുടെ വായനയുടെ ഫലമായി വിമർശകരിൽ അമൂർത്തമായ ആശയങ്ങൾ ജനിക്കുകയും ആ അമൂർത്താശയങ്ങൾക്ക് വിമർശകർ എഴുത്തുപകരണമായ ഭാഷയുപയോഗിച്ച് മൂർത്തരൂപം നൽകുകയും ചെയ്യുമ്പോൾ വിമർശനകൃതി ജനിക്കുന്നു. ചുരുക്കത്തിൽ വിമർശനം സർഗ്ഗാത്മകതയുടെ അടിത്തറയായ അമൂർത്തതയിൽ നിന്നും മൂർത്തതയിലേക്കുള്ള സഞ്ചാരത്തിന്റെ ഫലമായി രൂപപ്പെടുന്നു. ഈ പ്രബന്ധം സർഗ്ഗാത്മകതയെയും സർഗ്ഗാത്മകവിമർശനത്തെയും വിശദീകരിക്കാനുള്ള ശ്രമമാണ്. സർഗ്ഗാത്മകതയുടെ ഘടകങ്ങൾ കണ്ടെത്തി അവയെ വിശദീകരിച്ച് അവ എങ്ങനെ വിമർശനത്തിൽ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. ആധുനികകാല വിമർശകരിൽ പ്രധാനിയായ എം.എൻ.വിജയന്റെ മാമ്പഴം,സഹ്യന്റെ മകൻ എന്നീ പഠനങ്ങളെ ഉദാഹരണങ്ങളായി എടുത്താണ് ഈ പഠനം പൂർത്തിയാക്കിയത്.

താക്കോൽ വാക്കുകൾ:

വിമർശനം ,സർഗാത്മകത, സർഗാത്മകതയുടെ ഉറവിടം, അമൂർത്തത,ഗസ്റ്റാൾട്ട് നോട്ടം, മനസ്സിലാക്കൽ- മറികടക്കൽ, ഭാഷ – ആശയ സംഘർഷം, ശാസ്ത്രീയത,എം എൻ വിജയൻ ,മാമ്പഴം, സഹ്യന്റെ മകൻ.

ആമുഖം

ഒരു കൃതിയെ നിഷ്പക്ഷമായി വിലയിരുത്തുന്നതാണ് വിമർശനമെന്നും അതല്ല കൃതിയുടെ വായനയിൽ നിന്നുളവാകുന്ന ചിന്തകളെ പക്ഷപാതപരമായിത്തന്നെ അവതരിപ്പിക്കുന്നതാണ് വിമർശനമെന്നും അതുമല്ല അത് കൃതിയുടെ ഗുണദോഷ വിചിന്തനമാണെന്നുമൊക്കെയുള്ള നിരവധി അഭിപ്രായങ്ങൾ വിമർശനത്തെക്കുറിച്ച് നിലനിൽക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന ആശയങ്ങളും സ്വന്തം ആന്തരികാനുഭൂതികളുടെ സാനിധ്യവും കൂട്ടിക്കലർത്തി വായനക്കാരായ വ്യക്തികൾ അവരുടെ സർഗ്ഗാത്മകതയുടെ പ്രവർത്തനഫലമായി രൂപപ്പെടുത്തുന്ന സവിശേഷ സൃഷ്ടിയാണ് വിമർശനം.

ഒരു കൃതി രൂപപ്പെടുന്നത് എഴുത്താളിന്റെയുള്ളിലെ അമൂർത്തമായ ആശയങ്ങൾക്ക് മൂർത്തരൂപം നൽകുമ്പോഴാണ്. എഴുത്തെന്നത് ഒരു ഭാഷാ പ്രകിയയാണ്. എഴുത്താളിന്റെ ഉപകരണം ഭാഷയാണ്. അമൂർത്തമായ ആശയങ്ങൾ രൂപപ്പെടുന്നു, ശേഷം ഭാഷയുപയോഗിച്ച് ആ അമൂർത്താശയത്തിന് മൂർത്തരൂപം നൽകുന്നു. ഇങ്ങനെ കഥ, കവിത, നോവൽ, നാടകം, തിരക്കഥ എന്നീ രൂപങ്ങൾ നിർമ്മിക്കപ്പെടുന്നു. ഈ നിർമ്മിതികളെ സർഗ്ഗാത്മക സൃഷ്ടികൾ എന്നും വിളിക്കുന്നു. അമൂർത്തതയിൽ നിന്ന് മൂർത്തതയിലേക്കുള്ള സഞ്ചാരം എഴുത്തിലെ സർഗ്ഗാത്മകതയുടെ അടിത്തറയാണ്. മൂർത്തരൂപം കൈവരിച്ച കൃതിയുടെ വായനയുടെ ഫലമായി വിമർശകരിൽ അമൂർത്തമായ ആശയങ്ങൾ ജനിക്കുകയും ആ അമൂർത്താശയങ്ങൾക്ക് വിമർശകർ എഴുത്തുപകരണമായ ഭാഷയുപയോഗിച്ച് മൂർത്തരൂപം നൽകുകയും ചെയ്യുമ്പോൾ വിമർശനകൃതി ജനിക്കുന്നു. ചുരുക്കത്തിൽ വിമർശനം സർഗ്ഗാത്മകതയുടെ അടിത്തറയായ അമൂർത്തതയിൽ നിന്നും മൂർത്തതയിലേക്കുള്ള സഞ്ചാരത്തിന്റെ ഫലമായി രൂപപ്പെടുന്നു. ഈ പ്രബന്ധം സർഗ്ഗാത്മകതയെയും സർഗ്ഗാത്മക വിമർശനത്തെയും വിശദീകരിക്കാനുള്ള ശ്രമമാണ്. സർഗ്ഗാത്മകതയുടെ ഘടകങ്ങൾ കണ്ടെത്തി അവയെ വിശദീകരിച്ച് അവ എങ്ങനെ വിമർശനത്തിൽ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് ചെയ്യുന്നത്. ആധുനികകാല വിമർശകരിൽ പ്രധാനിയായ എം.എൻ.വിജയന്റെ രണ്ടു ലേഖനങ്ങളെ ഉദാഹരണങ്ങളായി എടുത്താണ് ഈ പഠനം പൂർത്തിയാക്കിയത്.

  1. സർഗ്ഗാത്മകത

ചിന്തിക്കുന്തോറും സങ്കീർണ്ണമായ ആശയങ്ങൾ ഉത്പാദിപ്പിക്കുന്ന വാക്കായ സർഗ്ഗാത്മകത വ്യക്തിവൈഭവമെന്ന നിലയിൽ വ്യത്യസ്തതകളുടെ ആകെത്തുകയായി നിലകൊള്ളുന്നു. ഓരോ വ്യക്തിയും സ്വന്തം അനുഭവത്തെ മൂർത്തവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി രൂപപ്പെടുന്ന സൃഷ്ടിയാണ് ആ വ്യക്തിയുടെ സർഗ്ഗാത്മകതയെ നിർണ്ണയിക്കുവാൻ സഹായിക്കുന്നത്. ഒരു സൃഷ്ടി – അത് ഏതെങ്കിലും വസ്തുവാകാം അല്ലെങ്കിൽ കലാരൂപമാകാം – രൂപപ്പെട്ടതിനു പിന്നിലെ രസതന്ത്രം കൂടിയാണ് സർഗ്ഗാത്മകത. സ്വന്തമായ സൃഷ്ടി എന്ന അർത്ഥം സർഗ്ഗാത്മകത എന്ന വാക്ക് നൽകുന്നുണ്ട്.

 

1.1 സർഗ്ഗാത്മകതയും പൗരസ്ത്യ വീക്ഷണവും

സർഗ്ഗാത്മകതയ്ക്കു തുല്യമായി പൗരസ്ത്യർ പ്രയോഗിച്ച പദം ‘പ്രതിഭ’യാണ്. ദണ്ഡി (കാവ്യാദർശം), ആനന്ദവർദ്ധനൻ(ധ്വന്യാലോകം), അഭിനവഗുപ്തൻ(ധ്വന്യാലോക ലോചനം), രാജശേഖരൻ(കാവ്യമീമാംസ) എന്നീ ആലങ്കാരികൻമാർ പ്രതിഭയെ വിശദീകരിച്ചിട്ടുണ്ട്. നിസർഗ സിദ്ധമായ പ്രതിഭ, അതിനിർമ്മലമായ പാണ്ഡിത്യം, നിസ്തന്ദ്രമായ പ്രയത്നം എന്നീ മൂന്നു ഘടകങ്ങൾ ചേർന്നാൽ കാവ്യഹേതുവായെന്ന് ദണ്ഡി അഭിപ്രായപ്പെടുന്നു.(1 )പ്രതിഭാഗുണമുള്ള കാവ്യാർത്ഥം ധ്വനി സംവലിതമായിരിക്കുമെന്നും വ്യുത്പ്പത്തിക്കുറവുമൂലമുണ്ടാകുന്ന ദോഷത്തെ പ്രതിഭകൊണ്ട് മറികടക്കാമെന്നും ആനന്ദവർദ്ധനൻ നിരീക്ഷിക്കുന്നു.(2)സുന്ദരവും വിശദവുമായ കാവ്യനിർമ്മാണത്തിനു സഹായിക്കുന്നത് പ്രതിഭയാണെന്നും വർണ്ണിക്കേണ്ട വസ്തുവിനെ പുതിയ വെളിച്ചത്തിൽ അവതരിപ്പിക്കുന്നതും വിശ്വത്തെ നിർമ്മിക്കുന്ന ശക്തിയും പ്രതിഭയാണെന്ന് അഭിനവഗുപ്തൻ സൂചിപ്പിക്കുന്നു.(3)കവിയ്ക്കു മാത്രമല്ല പ്രതിഭയുള്ളതെന്നും വായനക്കാർക്കും പ്രതിഭയുണ്ടെന്നും വാദിച്ച ആലങ്കാരികനാണ് രാജശേഖരൻ. കവിയുടെ പ്രയത്നം സഫലമാകുന്നത് വിമർശകൻ ആ പ്രയത്നത്തെ തിരിച്ചറിയുമ്പോളാണെന്നും ഭാവയത്രി പ്രതിഭയ്ക്കു മാത്രമേ അതു സാധിക്കുകയുള്ളുവെന്നും രാജശേഖരൻ അഭിപ്രായപ്പെട്ടു.(4)

 

1.2 സർഗ്ഗാത്മകതയും പാശ്ചാത്യവീക്ഷണവും

സർഗ്ഗാത്മകതയെ ‘ദൈവികമായ വരദാനം’ എന്ന അർത്ഥത്തിൽനിന്നു വിടർത്തി കൂടുതൽ വസ്തുനിഷ്ഠമായ വിശകലനത്തിന് വിധേയമാക്കിയത് പാശ്ചാത്യരാണ്. നവോത്ഥാനവും ജ്ഞാനോദയവും പാശ്ചാത്യ ലോകവീക്ഷണത്തെ, വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളെ അറിയുന്നതിനും മനുഷ്യജീവിതത്തിന് പ്രയോജനകരമാകുന്ന തരത്തിൽ ശാസ്ത്രത്തെ വളർത്തിയെടുക്കുന്നതിനും സഹായിച്ചു. ഇംഗ്ലീഷ് ചിന്തകനായ ഗ്രഹാം വല്ലസ്(Graham Wallas) 1926-ൽ രചിച്ച ദ ആർട്ട് ഓഫ് തോട്ട്, പീറ്റർ മക്കല്ലർ (Peter Mckeller) 1956-ൽ രചിച്ച ഇമാജിനേഷൻ ആന്റ് തിങ്കിങ്, ജോന ലഹ്റർ(Jonah Lehrer) 2012-ൽ രചിച്ച ഇമാജിൻ ഹൗ ക്രിയേറ്റിവിറ്റി വർക്സ് എന്നീ കൃതികൾ സർഗ്ഗാത്മകതയെ സംബന്ധിച്ച നിരവധി നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

നാലുഘട്ടങ്ങളിലൂടെയാണ് ഒരു സർഗ്ഗാത്മക രചന പൂർത്തീകരിക്കപ്പെടുന്നതെന്ന് വല്ലസ് ചൂണ്ടിക്കാട്ടുന്നു. മുന്നൊരുക്കം, അടയിരിക്കൽ, പ്രബോധനം, വിലയിരുത്തൽ എന്നിവയാണ് ആ നാലുഘട്ടങ്ങൾ. പാഴാക്കപ്പെട്ട സമയത്തിന്റെ അവക്ഷിപ്തമാണ് സർഗ്ഗാത്മകതയെന്ന് ഐൻസ്റ്റീനും അവസരങ്ങൾ ഉപകാരപ്പെടുന്നത് മുന്നൊരുക്കമുള്ള മനസ്സുകൾക്കാണെന്ന് ലൂയി പാസ്ചറും അഭിപ്രായപ്പെട്ടു. (Imagine How Creativity Works, pg.16&25). മുന്നൊരുക്ക ഘട്ടത്തിന്റെ പ്രാധാന്യത്തെ ഈ അഭിപ്രായങ്ങൾ ദൃഢമാക്കുന്നു. ഒരെഴുത്താൾ താനാവിഷ്കരിക്കാനാഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അറിവു നേടുന്നത് മുന്നൊരുക്ക ഘട്ടത്തിലാണ്. മുന്നൊരുക്കഘട്ടത്തിന്റെ പൂർത്തീകരണത്തിനുശേഷം ഉണ്ടാകുന്ന ധ്യാനാവസ്ഥയാണ് അടയിരിക്കൽ. ഈ രണ്ടു ഘട്ടത്തിന്റെയും ഫലമായിട്ടാണ് മൂന്നാം ഘട്ടം സംഭവിക്കുന്നത്. ഉൾക്കാഴ്ചയെന്നോ ജ്ഞാനോദയമെന്നോ വിളിക്കാവുന്ന ഘട്ടമാണ് പ്രബോധനം. സൃഷ്ടിയുടെ ആശയാടിത്തറ പൂർത്തിയാകുന്ന ഘട്ടമാണിത്. മേൽപ്പറഞ്ഞ മൂന്നു ഘട്ടങ്ങളും പൂർത്തിയാകുന്നതിന്റെ ഫലമായുണ്ടാകുന്ന സൃഷ്ടിയെ സ്വയം വിലയിരുത്തുകയൊ മറ്റാരുടെയെങ്കിലും സഹായത്തോടെ പരിശോധിക്കുകയോ ചെയ്യുന്ന ഘട്ടമാണ് വിലയിരുത്തൽ ഘട്ടം. ആവശ്യമായ തിരുത്തുകളോടെ കൃതിയുടെ പൂർത്തീകരണം സാധ്യമാകുന്നത് ഈ ഘട്ടത്തോടെയാണ്.പീറ്റർ മക്കല്ലർ തന്റെ കൃതിയിൽ സർഗ്ഗാത്മകതയ്ക്കു പിന്നിലെ മാനസിക തലങ്ങളെ വിശകലനം ചെയ്യുന്നു. വായിച്ചോ കേട്ടോ അനുഭവിച്ചോ എഴുത്താൾ കടന്നുപോയ ചില ജീവിതാനുഭവങ്ങൾ ബോധത്തിലേക്ക് കടന്നുവരികയും ബോധപൂർവ്വം അതാവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഫലമായി രചനകൾ ഉണ്ടാകുകയും ചെയ്യുന്നു. അത്തരം രചനകളുടെ അടിസ്ഥാനമായി മക്കല്ലർ ഗസ്റ്റാൾട്ടിനെ കാണുന്നു. അബോധത്തിലടിഞ്ഞ അനുഭവങ്ങളിലൊന്നിനെ പിന്നീട് ബോധം തിരഞ്ഞെടുക്കുന്ന പ്രക്രിയകൂടിയാണിത്.മക്കല്ലർ പ്രാധാന്യത്തോടെ വിശദീകരിക്കുന്ന മറ്റൊരു ഘടകം മനസ്സിലാക്കൽ, മറികടക്കൽ (Understanding, Challenging) ആണ്. ഒരെഴുത്താൾ പൂർവമാതൃകകളെ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പൂർവമല്ലാത്ത പുതിയതോ പുതുമയുള്ളതോ ആയ ഒന്നിന്റെ സൃഷ്ടിയിലേക്ക് കടക്കുവാൻ കഴിയൂ. സ്വന്തം സർഗ്ഗാത്മകതയെ തിരിച്ചറിയുന്ന എഴുത്താൾ പൂർവ്വമാതൃകകളെ മനസിലാക്കി ആ പാരമ്പര്യത്തെ വിച്ഛേദിക്കുമ്പോഴോ മറികടക്കുമ്പോഴോ ആണ് സൃഷ്ടിപ്രക്രിയ വിജയകരമാകുന്നത്.

ജോന ലഹ്റർ തന്റെ കൃതിയിൽ മൂന്നു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഒന്ന്, ഏതൊരു സൃഷ്ടിയുടെയും അടിസ്ഥാനമായി അദ്ദേഹം കണക്കാക്കുന്ന വെളിപാട് മുഹൂർത്തമാണ്. Swiffer Wet Jet എന്ന ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിനു സഹായകമായ ബോധോദയ നിമിഷത്തെ ലഹ്റർ ഉദാഹരിക്കുന്നുണ്ട്. രണ്ട്, തലച്ചോറിന്റെ വലതുഭാഗത്തിന് മനുഷ്യന്റെ സൃഷ്ടിവൈഭവുമായുള്ള ബന്ധമാണ്. തലച്ചോറിന്റെ വലതുഭാഗത്തിലെ ഒരു പ്രത്യേകബിന്ദുവിന് ഉൾക്കാഴ്ചകൾ സൃഷ്ടിക്കുന്നതിലുള്ള പങ്ക് പ്രധാനമാണ്. aSTG(anterior superior temporal gyrus) എന്ന ആ കേന്ദ്രഭാഗം ഉദ്ദീപിക്കപ്പെടുന്നതിലൂടെയാണ് മനുഷ്യനിൽ ഉൾക്കാഴ്ചകളുണ്ടാകുന്നത്. മൂന്ന്, കല ഒരു ക്രിയയാണെന്ന ആശയമാണ്. അമേരിക്കയിലെ പ്രശസ്തനായ ഗ്രാഫിക് ഡിസൈനറാണ് മിൽട്ടൺ ഗ്ലെയ്സർ. അദ്ദേഹത്തിന്റെ സ്റ്റുഡിയോയുടെ മുഖവാചകം ‘ആർട്ട് ഈസ് വർക്’ എന്നാണ്. കഠിനമായ അധ്വാനത്തിന്റെ ഫലമാണ് കലയെന്ന് സ്വന്തം ഡിസൈനുകൾക്കുവേണ്ടി ചിലവഴിച്ച അധ്വാനത്തെ മുൻനിർത്തി ഗ്ലെയ്സർ അഭിപ്രായപ്പെട്ടു.

 

1.3 ഭാഷ – ആശയ സംഘർഷം

ഒരു കൃതിയെ സൃഷ്ടിയെന്നനിലയിൽ പരിഗണിക്കുമ്പോൾ അതിൽ പ്രധാനമായും രണ്ടു ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. ഒന്ന് ഭാഷ, മറ്റൊന്ന് ആശയം. രചനയ്ക്കു മുൻപും രചനാവേളയിലും ഈ സംഘർഷം സംഭവിക്കാം. എന്തുകൊണ്ട് ഒരെഴുത്താളിന് താനനുഭവിച്ചതെല്ലാം ആവിഷ്കരിക്കാൻ കഴിയുന്നില്ല? എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഭാഷ-ആശയ സംഘർഷം. പല അനുഭവങ്ങളെയും സൃഷ്ടിയാക്കിമാറ്റാൻ കഴിയാത്ത സംഘർഷാവസ്ഥയാണിത്. കുമാരനാശാന്റെ ‘ഇന്നു ഭാഷയിതപൂർണ്ണ മിങ്ങഹോ’ എന്ന വിലാപം ഈ സംഘർഷത്തിൽ നിന്നുണ്ടാകുന്നതാണ്. വേർഡ്സ്വർത്തിന്റെ അവശ്യസത്യം(essential truth) എന്ന ആശയവും ഈ സംഘർഷത്തെ സാധൂകരിക്കുന്നുണ്ട്. നിരവധി കൃതികളിലൂടെ കടന്നുപോകുന്ന വിമർശകന് ആ കൃതികൾക്കെല്ലാം വിമർശനമെഴുതുക സാധ്യമല്ല. ഇതിനു കാരണം ഭാഷ-ആശയ സംഘർഷമാണ്. ഒരേ സമയം സൃഷ്ടിയും സൃഷ്ടിരാഹിത്യവും ഉൾക്കൊള്ളുന്നതാണ് ഭാഷ-ആശയ സംഘർഷം.

1.4 വിമർശനവും ശാസ്ത്രീയതയും

ഒരു കൃതിക്ക് പിന്നിൽ പ്രവർത്തിച്ച സർഗ്ഗാത്മകതയുടെ ഘടകങ്ങളും ആ കൃതിയെ ഉപജീവിച്ച് നിർമ്മിക്കപ്പെട്ട വിമർശനത്തിലെ സർഗ്ഗാത്മകതയുടെ ഘടകങ്ങളും ഒരുപോലെയല്ല. എല്ലാ മനുഷ്യർക്കും അനുഭവങ്ങളുണ്ട്. എന്നാൽ ചില മനുഷ്യർ എഴുത്തുകാരാകുന്നു. അവരിൽ ചിലർ കഥ, കവിത തുടങ്ങിയ പ്രത്യേക രൂപങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ വിമർശകന് അത് ചെയ്യുന്നില്ല. മറ്റൊരു രചനയുടെ സാനിധ്യമില്ലാതെ സ്വന്തം സാഹിത്യരൂപം നിർമ്മിച്ചെടുക്കാൻ അവർ ശ്രമിക്കുന്നില്ല. ഒരു പാഠത്തെ മുൻനിർത്തി തന്റെ അനുഭവങ്ങളെ പരാമർശിക്കുവാനും നൂതനാശയങ്ങൾ അവതരിപ്പിക്കുവാനും ആണ് വിമർശകർ ശ്രമിക്കുന്നത്. അന്വേഷണവും പഠനവും വിമർശനത്തിന്റെ പ്രത്യേകതയാണ്. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഒരു കവിക്ക് അത് നിർബന്ധമല്ല. നീണ്ടകാലത്തെ വായനാനുഭവമാണ് ഒരു വിമർശന രചയിതാവിനെ സൃഷ്ടിക്കുന്നത്. തങ്ങൾ കൃതിയിൽനിന്നും കണ്ടെത്തിയ ആശയങ്ങളെ യുക്തിഭദ്രമായി കാര്യകാരണ ബന്ധത്തോടെ വിശദീകരിക്കേണ്ട ബാധ്യത വിമർശകർക്കുണ്ട്. ഈ ബാധ്യതയാണ് വിമർശനമെന്ന സർഗ്ഗാത്മക പ്രകിയയുടെ അടിസ്ഥാന ഘടകമായി ശാസ്ത്രീയതയെ മാറ്റുന്നത്. സ്വന്തം ഇഷ്ടപ്പെടലിനും ഇഷ്ടക്കേടിനും കാരണങ്ങൾ നിരത്തേണ്ട ബാധ്യത വിമർശകർക്കുണ്ട് എന്ന വിമർശനത്തിന്റെ അടിസ്ഥാന തത്ത്വം പ്രകടമായ ‘ശാസ്ത്രീയത ‘യിലേക്കാണ് വിരൽ ചൂണ്ടുന്നത്.

1.5 ഗസ്റ്റാൾട്ട് നോട്ടം

അമൂർത്തതയിൽ നിന്ന് മൂർത്തതയിലേക്കുള്ള സഞ്ചാരം, വല്ലസ് ചൂണ്ടിക്കാണിച്ച നാലു ഘട്ടങ്ങൾ, മനസ്സിലാക്കൽ – മറികടക്കൽ, ഭാഷ – ആശയ സംഘർഷം, ശാസ്ത്രീയത എന്നീ ഘടകങ്ങൾ എഴുത്തിലെ സർഗ്ഗാത്മകതയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഘടകങ്ങൾ കൂടാതെ ഇനിയും കൂടുതൽ ഘടകങ്ങളെ കണ്ടെത്താൻ സാധ്യതയുണ്ട്. വിമർശന രചനകളെ സർഗ്ഗാത്മകമാക്കുന്ന ശ്രദ്ധേയമായ ഘടകമായി ‘ഗസ്റ്റാൾട്ട് നോട്ട’ത്തെ പരിഗണിക്കാം. മക്കല്ലർ ഉപയോഗിച്ച ഗസ്റ്റാൾട്ട് എന്ന പദത്തെ വിപുലപ്പെടുത്തിയാണ് ഗസ്റ്റാൾട്ട് നോട്ടം രൂപപ്പെടുത്തിയത്. ഗസ്റ്റാൾട്ട് എന്ന ജർമ്മൻ പദത്തിന്റെ അർത്ഥം സമഗ്രത അഥവാ ആകെത്തുക എന്നാണ്. നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളാണ് വിമർശകർ. വായനാനുഭവങ്ങൾ, സാമൂഹ്യാനുഭവങ്ങൾ, ജീവിത പരിസരങ്ങൾ എന്നിങ്ങനെ ആന്തരികവും ബാഹ്യവുമായ നിരവധി അനുഭവങ്ങളുടെ ആകെത്തുകയായി വിമർശകരിൽ രൂപപ്പെടുന്ന ദർശനബോധണ് ഗസ്റ്റാൾട്ട്. ഈ ദർശനബോധത്തിന്റെ അടിസ്ഥാനത്തിൽ കൃതികളെ വായിക്കുന്ന വിമർശകരുടെ കൃതിയിലേക്കുള്ള നോട്ടത്തെ ഗസ്റ്റാൾട്ട് നോട്ടം എന്നു വിളിക്കാം. കൃതിയിലുൾച്ചേർന്നിരിക്കുന്നതും തങ്ങളുടെ ദർശനവുമായി താദാത്മ്യം പ്രാപിക്കുന്നതുമായ അർത്ഥത്തെ കൃതിയിൽനിന്നും കണ്ടെടുക്കുന്ന നോട്ടമാണിത്. മലയാളത്തിലെ വലിയ വിമർശകരായ കേസരി എ ബാലകൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്, എം.എൻ.വിജയൻ, കെ.പി.അപ്പൻ എന്നിവരുടെ വിമർശനരചനകൾ സർഗ്ഗാത്മകമായതിന്റെ കാരണങ്ങളിലൊന്ന് ഗസ്റ്റാൾട്ട് നോട്ടമാണ്. നവലോക നിർമ്മിതിയിൽ കലകൾക്കും പങ്കുണ്ട് എന്നതായിരുന്നു കേസരിയുടെ ഗസ്റ്റാൾട്ട്. മഹത്തായ കൃതികൾ ശാശ്വതമൂല്യത്തെ സംവഹിക്കുന്നുണ്ടെന്നും യുക്തികൊണ്ടവയെ നിർദ്ധാരണം ചെയ്യാമെന്നുമുള്ള ദർശനമായിരുന്നു മാരാരുടെ ഗസ്റ്റാൾട്ട്. ക്രിസ്റ്റഫർ കോഡ്‌വലിന്റെ ‘തലതിരിക്കപ്പെട്ട സ്വപ്നമാണ് കവിത’ എന്ന വാക്യത്തെ മുൻനിർത്തി രൂപപ്പെടുത്തിയ കവിത ഒരബോധപ്രവർത്തനമാണെന്ന ആശയമായിരുന്നു എം.എൻ. വിജയന്റെ ഗസ്റ്റാൾട്ട്. ജീവിതം നിരർത്ഥകവും ദുരന്തപൂർണ്ണവുമാണെന്നും മനുഷ്യ ഭാഗധേയത്തെ മുൻനിർത്തിയുള്ള ആകുലതകൾക്ക് പരിഹാരം കാണാൻ സംഘടനകൾക്ക് കഴിയുകയില്ലെന്നുമുള്ള ദർശനമായിരുന്നു കെ.പി. അപ്പന്റെ ഗസ്റ്റാൾട്ട്. സർഗ്ഗാത്മകതയുടെ ഈ സവിശേഷഘടകത്തിന്റെ സാന്നിധ്യമാണ് മേൽപ്പറഞ്ഞ വിമർശകരെ തങ്ങളുടെ ദർശനത്തിനെയുൾക്കൊള്ളുന്ന കൃതികളെ വിലയിരുത്താൻ പ്രേരിപ്പിച്ചത്. മേൽപ്പറഞ്ഞ വിമർശകരിൽ പ്രധാനിയായ എം.എൻ.വിജയന്റെ സാഹിത്യവിമർശനരചനാലോകം ഗസ്റ്റാൾട്ട് നോട്ടമെന്ന സർഗ്ഗാതമകതയുടെ ഘടകത്തെ കൃത്യമായി വെളിവാക്കുന്നുണ്ട്.

1.6 മാമ്പഴം

അനുരാഗനീതിയല്ലാത്ത, സാമൂഹ്യമായ സജീവപ്രശ്നങ്ങളില്ലാത്ത, അനുപമമായ ആവിഷ്കരണരീതിയില്ലാത്ത മാമ്പഴംകവിത എന്തുകൊണ്ട് മലയാളികളെ ഏറെ ആകർഷിച്ച വൈലോപ്പിള്ളി കൃതിയായി എന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ പഠനം. യുക്തിവിരുദ്ധവും ജീവിതവിരുദ്ധവും അത്യന്തം ബാലിശവുമായ ഉണ്ണിയുടെ പ്രവർത്തിയെ ശാസിച്ച അമ്മ കുറ്റക്കാരിയാവുകയില്ല. എന്നിട്ടും കുട്ടിയെ രക്തസാക്ഷിയാക്കുകയും അമ്മ യെ കുറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ഈ കവിതയുടെ പ്രചാരണത്തിനടിസ്ഥാനം മനശാസ്ത്രപരമാണെന്ന് എം.എൻ.വിജയൻ നിരീക്ഷിക്കുന്നു. “മാമ്പഴം ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവിയെഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്; അതൊരാദർശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു” (5). ഈ കവിതാപഠനത്തിൽനിന്നു കണ്ടെത്താനാകുന്ന സർഗാത്മകമായ നിരീക്ഷണമാണിത്. ഉൾക്കാഴ്ചയുള്ള വിമർശകന്റെ സാന്നിധ്യമാണ് ഈ പഠനത്തിന്റെ സവിശേഷത. കവിതയുടെ പ്രചാരത്തിനു പിന്നിലെ മനശാസ്ത്രരഹസ്യത്തെ കണ്ടെത്താനാണ് ഈ പഠനം സഹായിക്കുന്നത്.

അമ്മയ്ക്ക് ഉണ്ണിയെക്കുറിച്ചുള്ള ദുഃഖം എന്ന കാവ്യപ്രമേയത്തെ ഉണ്ണിയ്ക്ക് അമ്മയോടുള്ള പ്രതികാരമെന്ന തലത്തിലേക്ക് മാറ്റാൻ മാമ്പഴംപഠനത്തിന് കഴിഞ്ഞു. നിഷേധിക്കപ്പെട്ട മാങ്കനിയുടെ ദുഃഖത്തിൽ നിന്ന് നിവേദിക്കപ്പെട്ട മാമ്പഴത്തിന്റെ സുഖത്തിലേക്കുള്ള യാത്രയാണ് മാമ്പഴംകാവ്യമെന്ന് സമർത്ഥിക്കുകയാണ് ഈ പഠനത്തിലൂടെ എം.എൻ.വിജയൻ. അമ്മയുടെ തടിയിൽ കായ്ക്കുന്ന കായാണ് മാമ്പഴമെന്നും അത് മകനുമാത്രം നുകരാനുള്ളതാണെന്നുമുള്ള കവിയുടെ ശൈശവഭാവനയുടെ തലതിരിഞ്ഞ ആവിഷ്കാരമായി കവിതയെ കാണാമെന്ന പുതിയ വിമർശനബോധം ഈ പഠനത്തിലൂടെ എം.എൻ. വിജയൻ മുന്നോട്ടുവയ്ക്കുന്നു. വാത്മീകി, ശ്രീഹർഷൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ കവിതകളിൽ മുല ‘കനി’യായിരുന്നുവെന്ന് ഉദാഹരണസഹിതം വിമർശകൻ വിശദീകരിക്കുന്നു. പൂങ്കുല, മാമ്പഴം എന്നിവ ഒരേവസ്തുവിന്റെ(മുലയുടെ) സിംബലാണെന്നും അതുകൊണ്ട് മാമ്പഴംകവിത അമ്മയുടെ കവിതയല്ല കുഞ്ഞിന്റെ കവിതയാണെന്നും എം.എൻ. വിജയൻ നിരീക്ഷിക്കുന്നു. നിഷേധിക്കപ്പെട്ടത് നേടിയെടുത്ത അഥവാ ഭാവനയിൽ വിജയിച്ച കുഞ്ഞാണ് മാമ്പഴംകവിതയുടെ കേന്ദ്രം. കുട്ടികൾ പ്രതീകാത്മകമായ ഭാഷയിലാണ് സംസാരിക്കുന്നത്. ഫ്രാൻസ് അലക്സാണ്ടറടക്കമുള്ള സൈക്കോ അനലിസ്റ്റുകൾ ഉൽപ്പത്തിക്കഥയിലെ വിലക്കപ്പെട്ട കനിയുടെ സിംബോളിക് സ്വഭാവത്തെ വിശദീകരിച്ചിട്ടുണ്ട്. സ്വപ്നങ്ങളിൽ ഇരുണ്ടപഴങ്ങൾ സ്തനത്തിന്റെ പ്രതീകങ്ങളാണ്. മുലയുടെയും മുലപ്പാലിന്റെയും വർണം കലർന്ന മാമ്പഴംകവിത മീശമുളച്ചാലും മുലകുടിമാറാത്ത, അമ്മയുടെ മാറിലെ ഇളംചൂടിൽനിന്ന് മുക്തനാകാത്ത മനുഷ്യരെ ആശ്വസിപ്പിക്കുന്ന കാവ്യമാണെന്നും അത് ആത്മരതിയുടെയും(നാർസിസം) മാതൃരതിയുടെയും(ഈഡിപ്പസ് കോംപ്ലക്സ്) മിശ്രിതമാണെന്നും എം.എൻ.വിജയൻ ചൂണ്ടിക്കാട്ടുന്നു.

1.7 സഹ്യന്റെ മകൻ

‘കവിതയുടെ സ്വപ്നതന്ത്രം’ എന്ന ലേഖനത്തിൽ ക്രിസ്റ്റഫർ കോഡ്വെൽ ‘തലതിരിക്കപ്പെട്ട സ്വപ്നമാണ് കവിത’ (6)എന്ന് പറയുന്നുണ്ട്. ചില പ്രതീകങ്ങളെ മറച്ചും ചിലത് വെളിവാക്കിയുമാണ് കവിത സൃഷ്ടിക്കപ്പെടുന്നത്. ബാഹ്യലോകവുമായുള്ള വൈകാരിക ഇടപെടലിന്റെ ഭാഗമായാണിത് സംഭവിക്കുന്നതെന്നും കോഡ്വെൽ കൂട്ടിച്ചേർക്കുന്നു. എം.എൻ.വിജയൻ തന്റെ മനശാസ്ത്രപഠനങ്ങൾക്കെല്ലാം ആധാരമാക്കിയത് കോഡ്വെലിന്റെ മേൽപ്പറഞ്ഞ വാക്യമാണ്. ഇച്ഛയെ തലകീഴായി നടുന്ന പ്രക്രിയയായിരുന്നു അദ്ദേഹത്തിന് കവിത. അതുകൊണ്ടുതന്നെ കവിതയുടെ നേരിനെ തിരയുവാനുള്ള ശീർഷാസനമാണ് അദ്ദേഹത്തിന്റെ മിക്ക സാഹിത്യവിമർശനങ്ങളും. വൈലോപ്പിള്ളിക്ക് മുമ്പ് പല കവികളിലും ഗന്ധബിംബങ്ങൾ ഉണ്ടെങ്കിലും വൈലോപ്പിള്ളിക്കവിതകളിലെ ഗന്ധബിംബങ്ങളുടെ പെരുപ്പം തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന നിരീക്ഷണത്തോടെയാണ് ഈ പഠനം ആരംഭിക്കുന്നത്. വൈലോപ്പിള്ളിയുടെ കാവ്യപ്രപഞ്ചത്തെ എം.എൻ.വിജയൻ ഇങ്ങനെ നിരീക്ഷിക്കുന്നു, “അതു വർണ്ണശബളമോ അഭൗമമോ മഹാവേഗമോ അല്ലതന്നെ. സാഹിത്യത്തിന്റെ ഇണമുലയായി ആചാര്യൻ വർണിച്ച സംഗീതവും വൈലോപ്പിള്ളിക്ക് അനർഗ്ഗളമായി ചുരത്തിക്കിട്ടുന്നില്ല. തെറ്റാത്ത താളമുണ്ടെങ്കിലും രാഗസൗഭാഗ്യം വൈലോപ്പി ള്ളിക്കവിതയിൽ കുറവുതന്നെ. എങ്കിലും മറ്റെല്ലാ ഇന്ദ്രിയങ്ങളും മയങ്ങുമ്പോഴും ഇമവെട്ടാതെ ഉണർന്നിരിക്കുന്ന ഗന്ധങ്ങളുടെ ഒരു സാമ്രാജ്യം വൈലോപ്പിള്ളിയ്ക്കുണ്ട്”. (7)  എന്തുകൊണ്ടാണ് ഈ ഗന്ധബിംബങ്ങളുടെ പെരുപ്പം എന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ പഠനം. വൈലോപ്പിള്ളിക്കവിതകളിലെ ഗന്ധസാന്നിധ്യത്തെ ഇവിടെ വിശദമായി അപഗ്രഥിക്കുന്നു. ഗന്ധങ്ങൾ, ലില്ലിപ്പൂക്കൾ, നിന്റെ ഹൃദയം, സഹ്യന്റെ മകൻ, മാമ്പഴം, വർക്കത്തുകെട്ട താറാവ്, കുടിയൊഴിക്കൽ എന്നീ കവിതകളിലെ വരികൾ എടുത്തെഴുതി ഗന്ധത്തിന്റെ സാന്നിധ്യം ആകസ്മികമല്ല മറിച്ച് സാർവ്വത്രികമായ മൗലികത്വമാണെന്ന് എം.എൻ.വിജയൻ രേഖപ്പെടുത്തുന്നു.

 സിഗ്മണ്ട് ഫ്രോയിഡിന്റെ മനശാസ്ത്രപഠനങ്ങൾ വിശകലനം ചെയ്തുകൊണ്ട് മനുഷ്യ ശരീരത്തിലെ വായ, ജനന വിസ്സർജനേന്ദ്രിയങ്ങൾ എന്നിവയ്ക്ക് ലൈംഗികപ്രാധാന്യമു ണ്ടെന്ന് വ്യക്തമാക്കുന്നു. ലൈംഗികമായ വളർച്ചയുടെ രണ്ട് പ്രധാന ഘട്ടങ്ങളാണ് ഓറലും ഏനലും. അമ്മയുമായി ശിശുവിനെ ബന്ധിപ്പിക്കുന്ന മുലക്കണ്ണുൾപ്പെട്ട വദനതലം(ഓറൽ) ആണ് ഒന്നാമത്തേത്. രണ്ടാമത്തെ ഏനൽഘട്ടം വിസ്സർജ്ജന പ്രക്രിയ സാധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശിശുവിന് ഇവ രണ്ടും സുഖാനുഭവമാണ്. ശിശു തന്റെ ഇച്ഛാശക്തിയും അഭിമാനബോധവും പ്രകടിപ്പിക്കുന്നതിനുവേണ്ടി വേഗം നിരോധിക്കുകയും അതുവഴി ഒരാഭ്യന്തരസുഖം കൂടി അനുഭവിക്കുകയും ചെയ്യുന്നു. “ഇതെത്ര വലിയ ഒരായുധവും സമ്മാനവും ആണെന്ന് അവനും ബുദ്ധിയുള്ള അച്ഛനമ്മമാർക്കും അധ്യാപകർക്കും അറിയാം”. (8)രണ്ടാംഘട്ടത്തിലെ ഈ പുരീഷതാത്പര്യം മുതിരുമ്പോൾ സംസ്കരിക്കപ്പെട്ട് ഗന്ധതാത്പര്യമായി മാറുന്നു. മഞ്ഞ നിറത്തോടും ഗന്ധത്തോടുമുള്ള താത്പര്യത്തിന്റെ കാരണം ഈ രണ്ടാം ഘട്ടമാണ്. ഒന്നാം ഘട്ടത്തിന്റെ സംസ്കരിക്കപ്പെട്ട കാവ്യരൂപമായിരുന്നു മാമ്പഴം. ഫ്രോയിഡിന്റെ കാരക്ടർ ആന്റ് ഏനൽ ഇറോട്ടിസിസം, ത്രീ കോണ്ട്രിബ്യൂഷൻസ് ടു ദ തിയറി ഓഫ് സെക്സ്, പി.സ്പ്രാറ്റിന്റെ ഹിന്ദു കൾച്ചർ ആൻറ് പേഴ്സണാലിറ്റി, ഏനൽ ഇറോട്ടിക് കാരക്ടർ ട്രെയിറ്റ്സ് എന്നീ രചനകളെയാണ് മനോവിശകലനപഠനങ്ങൾക്ക് മുഖ്യമായും എം.എൻ.വിജയൻ അവലംബമാക്കിയത്. ലൈംഗികമായ വളർച്ചയുടെ ഘട്ടങ്ങൾ മറികടന്ന് മുതിരുന്ന മനുഷ്യനിൽ രണ്ടുഘട്ടങ്ങളുടേയും സ്വാധീനഫലമായി ലൈംഗിക മായ സ്വഭാവവിശേഷങ്ങൾ സംസ്കരിക്കപ്പെട്ട് നിറം, ഗന്ധം, പുക, വെളിച്ചം, സ്ഫോടം എന്നിവയോടുള്ള താത്പര്യമായി പരിണമിക്കുന്നു. ഇത്തരം വ്യക്തികളിൽ അമിതമായ ചിട്ട, പിശുക്ക്, കടുംപിടുത്തം എന്നിവ ഉണ്ടായിരിക്കും. മുലകുടി മാറാത്ത, പുരീഷതാത്പര്യം വിട്ടുമാറാത്ത, വേഗം നിരോധിക്കുന്ന മുതിർന്ന വ്യക്തിയായ കവിയിൽ ഈ സവിശേഷതകൾ സംസ്കരിക്കപ്പെട്ട് ഉദാത്തമായ കവിതയായി മാറുന്നു. അതുകൊണ്ട് വൈലോപ്പിള്ളിക്കവിതകളിൽ മഞ്ഞനിറത്തിന്റെയും ഗന്ധത്തിന്റെയും വെളിച്ചം,ശബ്ദം എന്നിവയുടെയും നിരന്തരസാന്നിധ്യമുണ്ടാവും. കൂടാതെ വൈലോപ്പിള്ളിയുടെ സ്വഭാവത്തിലുള്ള അമിതമായ ചിട്ട, കടുംപിടുത്തം, പിശുക്ക് എന്നിവ കവിതകളിലും പ്രകടമാകുന്നുവെന്ന് എം.എൻ.വിജയൻ സമർത്ഥിക്കുന്നു.

ഉപസംഹാരം

മാമ്പഴം പഠനം 1957-ലും സഹ്യന്റെ മകൻ പഠനം 1971-ലുമാണ് പ്രസിദ്ധീകരിച്ചത്. 1948 മുതൽക്കുതന്നെ ഫ്രോയിഡിനെക്കുറിച്ചും മനശ്ശാസ്ത്രത്തെക്കുറിച്ചും എം.എൻ.വിജയൻ ആഴത്തിൽ പഠിക്കാൻ തുടങ്ങിയിരുന്നു. 1954-ൽ എഴുതിയ ‘ഭ്രാന്തൻമാർ’ അത്തരം അറിവാർജ്ജനത്തിന്റെ ഉത്തമ ഉദാഹരണമാണ്. മനുഷ്യമനസ്സ് എന്ന സങ്കീർണ്ണത ചെറുപ്പം മുതലേ എം.എൻ.വിജയനെ ആകർഷിച്ചിരുന്നു. ഒരു കവിമനസ്സിനെ മുൻനിർത്തി മനുഷ്യമനസിന്റെ സങ്കീർണ്ണതലങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമം കൂടിയായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. ദാർശനികതയും സാമൂഹികതയും നിറഞ്ഞുനിൽക്കുന്ന ആശാൻ കവിതകളിൽപ്പോലും ഗന്ധത്തിന്റെ സാന്നിധ്യത്തെ കണ്ടെത്താനും അതിന്റെ കാരണങ്ങളിലേക്ക് സഞ്ചരിക്കുവാനുമാണ് അദ്ദേഹം ശ്രമിച്ചത്. 1951-ൽ ഓണപ്പാട്ടുകാർക്കെഴുതിയ അവതാരികയിൽത്തന്നെ കവിയുടെയും കവിതയുടെയും മനശ്ശാസ്ത്രത്തെയും കവിതയിലെ അബോധത്തെയും കുറിച്ചുളള തന്റെ നോട്ടത്തെ എം.എൻ.വിജയൻ അടയാളപ്പെടുത്തുന്നുണ്ട്. “ഒരേ കവി എന്തുകൊണ്ട് രണ്ടു സ്വരത്തിൽ പാടുന്നു? ഈ ചോദ്യം സൂക്ഷ്മങ്ങളായ മനശാസ്ത്രവീഥികളിലേക്ക് അപനയിക്കുന്നവയായതുകൊണ്ട് വിട്ടുകളയുക. ഒന്നു മാത്രം നമുക്ക് മറന്നുകൂടാ. കവികളിൽ ഏറിയകൂറും ഇങ്ങനെ വിഭക്താത്മാക്കളായിരുന്നു” (9). കവിതയുടെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള ആലോചനകൾ തെറ്റായ വഴിയല്ലെന്നും മികച്ച കവികളിൽ കാണുന്ന വൈരുധ്യത്തെ മനോവിശകലനത്തെ മുൻനിർത്തി അപഗ്രഥിക്കാമെന്നും തിരിച്ചറിഞ്ഞ വിമർശകനെയാണ് പിന്നീട് കാണുന്നത്. അത്തരം അപഗ്രഥനങ്ങളാണ് മേൽപ്പറഞ്ഞ പഠനങ്ങളിലേക്ക് എം.എൻ.വിജയനെ എത്തിച്ചത്. എം.എൻവിജയന്റെ നിഗമനങ്ങളിൽ തെറ്റും ശരിയുമുണ്ടാകാം. വിമർശനമെന്നത് എന്തെന്ന് മാരാര് വ്യക്തമാക്കിയിട്ടുണ്ട്. “അങ്ങനെ, തന്റെ സഹൃദയത്വത്തെ അഭ്യാസംകൊണ്ടും പരിചയംകൊണ്ടും വളർത്തിക്കൊണ്ടിരിക്കുന്ന ഒരാൾ തനിക്കു തോന്നിയ അഭിപ്രായത്തിന്, തന്റെ സംസ്കാരമണ്ഡലത്തോടടുത്ത ആളുകളെ കൂടുതൽ അനുനയിപ്പിച്ചടുപ്പിക്കത്തക്കവണ്ണം സോപപത്തികവും സുന്ദരവുമായ രൂപം കൊടുത്തുവെക്കുന്നതാണ്, വാസ്തവത്തിൽ നിരൂപണം നിരൂപണമെന്നു പറയുന്നത്”. (10) കവിതയിൽ താൻ കണ്ടെത്തിയ അർത്ഥത്തെ യുക്തിപൂർവം സമർത്ഥിക്കാൻ കഴിഞ്ഞു എന്നതാണ് എം.എൻ.വിജയന്റെ വിമർശനവിജയം. ആ അർത്ഥത്തിലേക്ക് എം.എൻ. വിജയനെ നയിച്ചത് ഗസ്റ്റാൾട്ട് നോട്ടമാണ്. എം.എൻ.വിജയന്റെ അബോധത്തിൽ അലിഞ്ഞ ആ ദർശനത്തിന്റെ സാന്നിധ്യമാണ് മാമ്പഴം, സഹ്യന്റെ മകൻ എന്നീ പഠനങ്ങളെ സർഗ്ഗാത്മകമാക്കുന്നത്.

കുറിപ്പുകൾ

  1. ഭാരതീയ കാവ്യശാസ്ത്രം, പു. 33
  2. ഭാരതീയ കാവ്യശാസ്ത്രം, പു. 135
  3. ഭാരതീയ കാവ്യശാസ്ത്രം, പു. 134
  4. ഭാരതീയ കാവ്യശാസ്ത്രം, പു. 146
  5. എം.എൻ.വിജയൻ സമ്പൂർണ്ണകൃതികൾ, വാല്യം 1, പു.178
  6. “Poetry is a kind of inverted dream. Where as in dream the real affects are partly suppressed and the blended images rise into the conscious, in poetry the associated images are partly suppressed and it is the blended affects that are present in the consciousness, in the form of affective organisation… Poetry is an adaptation to external reality. It is an emotional attitude towards the world”, https://www.marxists.org/archive/caudwell/1937/illusion-reality/ch10.htm#:~:text=Poetry%20is%20a%20kind%20of,the%20form%20of%20affective%20organisation. [Poetry’s Dream Work, Illution and Reality, Christopher Caudwell, 1937.
  7. എം.എൻ.വിജയൻ സമ്പൂർണ്ണകൃതികൾ, വാല്യം 1, പു.140-141
  8. എം.എൻ.വിജയൻ സമ്പൂർണ്ണകൃതികൾ, വാല്യം 1, പു.144
  9. എം.എൻ.വിജയൻ സമ്പൂർണ്ണകൃതികൾ, വാല്യം 10, പു. 678-679
  10. കല ജീവിതംതന്നെ, പു. 123-124

ഗ്രന്ഥസൂചി

  1. കുട്ടികൃഷ്ണമാരാര്, കല ജീവിതം തന്നെ, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോട്, 2010 ജനുവരി.
  2. വിജയൻ എം.എൻ., എം.എൻ.വിജയൻ സമ്പൂർണ്ണ കൃതികൾ, വാല്യം 1-10, ഇൻസൈറ്റ് പബ്ലിക, 2019, ഒക്ടോബർ.
  3. ഭാസ്കരൻ ടി. ഡോ., ഭാരതീയകാവ്യശാസ്ത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2004 ഏപ്രിൽ.
  4. Wallas Graham, The Art of Thought, kalpaka publication, Delhi, Reprint 2017.
  5. Mackellar peter, Imagination and Thinking, Cohen & West, London, 1957.
  6. Lehrer Jonah, Imagine How Creativity works, Canon gate books ltd, Edinburgh, 2012.

ഡോ.പ്രവീൺ രാജ് ആർ എൽ

എച്ച് എസ് ടി, മലയാളം ജി എച്ച് എസ് കന്യാകുളങ്ങര മൊബൈൽ:9544592979 praviraj123@gmail.com

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x